അങ്ങനെ ചായക്കോപ്പയിലെ കൊടുങ്കാറ്റായി ആ 'സമരം' അവസാനിച്ചു

വിജിലന്‍സ് ആസ്ഥാനത്ത് എനിക്ക് ഏറ്റവും സന്തോഷം പകര്‍ന്ന ഒരു കാര്യം ഡയറക്ടറായിരുന്ന കൃഷ്ണന്‍നായര്‍ സാറിന്റെ മുറിയിലെ അനൗദ്യോഗിക ഒത്തുചേരലുകളായിരുന്നു
രമേഷ്ചന്ദ്രഭാനു
രമേഷ്ചന്ദ്രഭാനു



വിജിലന്‍സ് ആസ്ഥാനത്ത് എനിക്ക് ഏറ്റവും സന്തോഷം പകര്‍ന്ന ഒരു കാര്യം ഡയറക്ടറായിരുന്ന കൃഷ്ണന്‍നായര്‍ സാറിന്റെ മുറിയിലെ അനൗദ്യോഗിക ഒത്തുചേരലുകളായിരുന്നു. മിക്കപ്പോഴും അവിടെ  ഡി.ഐ.ജി ആയിരുന്ന രമേഷ്ചന്ദ്രഭാനു സാറും ഉണ്ടാകും. ശ്രദ്ധേയനായ എഴുത്തുകാരനും പ്രാസംഗികനുമായിരുന്ന ഡയറക്ടറുടെ സംഭാഷണം കേട്ടിരിക്കാന്‍ എനിക്കെന്തിഷ്ടമായിരുന്നുവെന്നോ. ഔദ്യോഗിക അനുഭവങ്ങള്‍ക്കു പുറമേ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലുള്ള പല വ്യക്തികളുമായുള്ള അനുഭവങ്ങള്‍ പങ്കിടുമായിരുന്നു. വ്യക്തിപരമായി അതെല്ലാം തന്നെ കൗതുകകരമായിരുന്നു എന്നു മാത്രമല്ല, വിലപ്പെട്ട  അറിവുകളും ഉള്‍ക്കാഴ്ചകളും അതെനിക്കു നല്‍കി. പല സാഹിത്യകൃതികളേയും പ്രസംഗങ്ങളേയും  ഒക്കെ പരാമര്‍ശിച്ചുള്ള സംഭാഷണം വിജ്ഞാനപ്രദവും രസകരവുമായ ക്ലാസ്സ്മുറി പോലെ ആയിരുന്നു. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ഒരു പ്രസംഗം, കോളേജില്‍ പഠിക്കുന്ന കാലത്ത് കേള്‍ക്കുവാനിടയായ സന്തോഷം  ഒരിക്കല്‍ അദ്ദേഹം പങ്കുവെച്ചു.  എസ്. ഗുപ്തന്‍നായര്‍ സാറുമായുള്ള പല അനുഭവങ്ങള്‍ പങ്കിട്ടതും ഓര്‍ക്കുന്നു. ടാഗോറിന്റെ വിശ്വപ്രശസ്തമായ ഗീതാഞ്ജലിയുടെ പരിഭാഷ കെ. ജയകുമാര്‍ നടത്തിയത് വായിച്ച അനുഭവം വലിയ ആവേശത്തോടെയാണ് പറഞ്ഞത്. 

ഇത്തരത്തില്‍  വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വിജിലന്‍സ് ഡയറക്ടറെന്ന നിലയിലുള്ള ചുമതലയെ  അശേഷം ബാധിച്ചിരുന്നില്ല എന്ന് എടുത്തുപറയേണ്ടതുണ്ട്. വ്യക്തിപരമായി അതികഠിനമായി ജോലി ചെയ്യുന്നതിനോടൊപ്പം  അദ്ദേഹം ഞങ്ങളെയെല്ലാം വിശ്വാസത്തിലെടുത്ത ഒരു ടീം ആയിട്ടാണ് മുന്നോട്ടുപോയത്.  ഗവണ്‍മെന്റുമായും ഹൈക്കോടതിയുമായും ബന്ധപ്പെട്ട പല പ്രധാന വിഷയങ്ങളും  അദ്ദേഹം എന്നെ ചുമതലപ്പെടുത്തി. ഞാന്‍ ചാര്‍ജെടുത്ത ദിവസം, അദ്ദേഹം ഓഫീസില്‍ ഉണ്ടോ ഇല്ലയോ എന്ന് നോക്കി എന്റെ ഓഫീസ് സമയം ക്രമീകരിക്കേണ്ടതില്ലെന്നും എപ്പോള്‍ വേണമെങ്കിലും പോകാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടെന്നും പ്രത്യേകം പറഞ്ഞിരുന്നു. ഈ സ്വാതന്ത്ര്യം ഒരിക്കല്‍ പോലും വിനിയോഗിച്ചിട്ടില്ലെന്നാണ് ഓര്‍മ്മ. 

അങ്ങനെ ഇരിക്കെ, പിന്നെയും ഓഫീസില്‍ ചില കോലാഹലങ്ങളൊക്കെയുണ്ടായി. മൂന്ന് ജീവനക്കാരുടെ പ്രൊബേഷന്‍ പ്രശ്‌നം അന്നവിടെ നിലനില്‍ക്കുന്നുണ്ടായിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥനെ ജോലിയില്‍ സ്ഥിരപ്പെടുത്തേണ്ടതുണ്ട്. അതിന് ചില ചട്ടങ്ങളും വ്യവസ്ഥകളുമൊക്കെയുണ്ട്. സ്ഥിരപ്പെടുത്തുന്നതുവരെ ജീവനക്കാരന്‍ നിരീക്ഷണത്തിലാണ് എന്നാണ് സങ്കല്പം. ഒപ്പം അയാള്‍ പരീക്ഷണത്തിലുമാണ്. താല്‍ക്കാലികമായി നിയോഗിക്കപ്പെട്ട തസ്തികയില്‍ സ്ഥിരപ്പെടുത്താന്‍ അയാള്‍ അര്‍ഹനാണോ എന്ന് വിലയിരുത്തേണ്ടതുണ്ട്. സ്ഥിരപ്പെടുത്തുന്നതിന് നിര്‍ബ്ബന്ധമായും ചില ഡിപ്പാര്‍ട്ടുമെന്റല്‍ പരീക്ഷകള്‍ പാസ്സാകണം. കൂടാതെ അച്ചടക്ക പ്രശ്‌നങ്ങളിലൊന്നും പോയി ചാടരുത്. പൊതുവേ ബഹുഭൂരിപക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തിലും ഇതൊന്നും ഒരു പ്രശ്‌നമാകാറില്ല. ജോലിക്കുവേണ്ടി  പി.എസ്.സി പരീക്ഷ പാസ്സാകാന്‍ നടത്തുന്ന അദ്ധ്വാനത്തിന്റെ 10 ശതമാനം പരിശ്രമം നടത്തിയാല്‍ ആര്‍ക്കും ഇതൊക്കെ പാസ്സാകാനാകും. പക്ഷേ, മിനിമം ഉത്തരവാദിത്വ ബോധമെങ്കിലും ഉണ്ടാകണം എന്നേ  ഉള്ളു. ഈ പരീക്ഷ പാസ്സാകാന്‍ പല അവസരങ്ങളുണ്ട്; ചട്ടപ്രകാരം തന്നെ. ഇനി അതെല്ലാം കഴിഞ്ഞാല്‍പ്പോലും യഥാസമയം അപേക്ഷയുമായി സര്‍ക്കാരിനെ സമീപിച്ചാല്‍  സര്‍ക്കാര്‍ വീണ്ടും അവസരം നല്‍കും. 'കാരുണ്യത്തിന്റെ അവസരം' അഥവാ മെര്‍സി ചാന്‍സ് (Mercy Chance) വീണ്ടും കിട്ടും. പരിധിയില്ലാത്ത കാരുണ്യത്തിന്റെ വറ്റാത്ത ഉറവകളാണല്ലോ സര്‍ക്കാരുകള്‍. എന്തിന് വറ്റണം? അതിന്റെ എല്ലാം ഭാരം അവസാനം പൊതുജനം എന്ന കഴുതയുടെ ചുമലിലാണല്ലോ. സത്യത്തില്‍ സര്‍ക്കാര്‍ സംവിധാനത്തിനുള്ളില്‍ ഒരിക്കല്‍ കയറിക്കൂടിയാല്‍ പിന്നെ സുരക്ഷിതമാണ്.  അവസരങ്ങള്‍ ധാരാളമുണ്ടായിട്ടും ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷ പാസ്സാകാതെ  നടക്കുകയായിരുന്നു ക്ലാര്‍ക്കുമാരായ മൂന്നു പേര്‍. അവരുടെ നിയമനാധികാരി എസ്.പി. ഇന്റലിജെന്‍സ് ആയിരുന്നു. ആ നിലയില്‍ ഞാന്‍ നേരിട്ട് അവര്‍ ഓരോരുത്തരോടും സാഹചര്യം പറഞ്ഞു മനസ്സിലാക്കി. വീണ്ടും അപേക്ഷ നല്‍കി സര്‍ക്കാരില്‍നിന്നും അവസരം  തേടി പരീക്ഷ പാസ്സായില്ലെങ്കില്‍ ജോലി നഷ്ടപ്പെടും എന്ന് ശാന്തമായി വിശദീകരിച്ചു കൊടുത്തു. തലകുലുക്കി സമ്മതിച്ചുവെങ്കിലും അവരത് ഉള്‍ക്കൊണ്ടോ എന്നെനിക്ക് അറിയില്ലായിരുന്നു. ഉള്‍ക്കൊണ്ടില്ലെങ്കില്‍ അവരെ കുറ്റം പറയാനാകില്ല. കാരണം, നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തില്‍, ഒരിക്കല്‍ ഉള്ളില്‍ കടന്നാല്‍ പിന്നെ പുറത്തുപോകുന്നത് അപൂര്‍വ്വമാണ്. പെന്‍ഷന്‍ ആകുകയോ സര്‍വ്വീസില്‍ ഇരുന്ന് മരിക്കുകയോ ചെയ്തില്ലെങ്കില്‍, മിക്കവാറും എന്തെല്ലാം കൊള്ളരുതായ്മകള്‍ കാണിച്ചാലും പുറത്തു പോകാന്‍ പ്രയാസമാണ്. ഐ.എ.എസ്, ഐ.പി.എസ് തുടങ്ങിയ ആള്‍ ഇന്ത്യ സര്‍വ്വീസിലും അതുതന്നെ അവസ്ഥ. അതുകൊണ്ടൊക്കെയാകാം  ജോലി നഷ്ടമാകും എന്നൊക്കെ ഞാന്‍ വെറുതേ ഭീഷണി പെടുത്തിയതായിട്ടേ നമ്മുടെ പ്രൊബേഷണര്‍മാര്‍ കരുതിയുള്ളു. എങ്ങനെയെങ്കിലും പരീക്ഷ പാസ്സാക്കി അവരെ സ്ഥിരപ്പെടുത്തേണ്ടത് എന്റെ തലവേദന ആണെന്നവര്‍ കരുതിയോ എന്തോ?   അവരൊന്നും ചെയ്തില്ല. നിശ്ചിത കാലയളവ് കഴിഞ്ഞപ്പോള്‍, നിയമനാധികാരി എന്ന നിലയില്‍, വിജയകരമായി പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ആ മൂന്നു പേരുടേയും സേവനം അവസാനിപ്പിച്ചുകൊണ്ട് ഫയലില്‍ ഉത്തരവിട്ടു. അത് അറിവിലേയ്ക്കായി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു. അന്നേ ദിവസം തന്നെ അദ്ദേഹം ഫയലില്‍ വ്യക്തമായ കുറിപ്പോടെ എന്റെ തീരുമാനം ശരിവച്ചു. എന്നെ നേരിട്ട് വിളിച്ച് ഫയല്‍ കയ്യില്‍ തന്നു. അന്നുച്ച മുതല്‍ ഏതാനും ദിവസം അദ്ദേഹം വ്യക്തിപരമായ കാരണത്താല്‍ ഓഫീസിലുണ്ടാകില്ലെന്നു പറഞ്ഞു.  ഉത്തരവിറങ്ങുമ്പോള്‍  പ്രശ്‌നങ്ങള്‍  പ്രതീക്ഷിക്കണം എന്ന് എന്നെ ഓര്‍മ്മിപ്പിച്ചു. ''കുഴപ്പമില്ല സാര്‍'' എന്നു പറഞ്ഞ് ഫയലുമായി പുറത്തിറങ്ങി. ഉച്ചയ്ക്ക് ലഞ്ചിനു വീട്ടില്‍ പോയി തിരികെ വന്നശേഷം, മൂന്നര മണിയോടെ ആ ഉത്തരവ് പുറപ്പെടുവിച്ചു. 

ഓഫീസില്‍ അസാധാരണമായ ചില ചലനങ്ങളും കൂടിയാലോചനകളും ഒക്കെയുണ്ടായി. ഓഫീസിലെ സംഘടനാ ഭാരവാഹികളെല്ലാം ഈ 'കടുംകൈ'യില്‍ രോഷാകുലരായി എന്ന് അറിഞ്ഞു. അവരെ ആശയക്കുഴപ്പത്തിലാക്കിയത് സംഭവം എസ്.പിയുടെ മാത്രം ക്രൂരതയാണോ അതോ  വിജിലന്‍സ് ഡയറക്ടറുടെ കയ്യും  പിരിച്ചുവിടല്‍ നടപടിക്കു പിന്നിലുണ്ടോ എന്ന സംശയമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഓഫീസിലെ മാനേജര്‍ ലോപ്പസ് മുറിയിലേയ്ക്ക് വന്നു. റിട്ടയര്‍മെന്റിന്റെ വക്കത്തായിരുന്ന ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം. എല്ലായ്‌പ്പോഴും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് മാനേജര്‍ ഓഫീസില്‍  കാണപ്പെട്ടിരുന്നത്. ഏതാണ്ട്  ഒരു പാമ്പിന്‍കൂട്ടില്‍ കഴിയുന്നപോലെ തോന്നും ആളെ കണ്ടാല്‍. അന്നെന്റെ മുറിയില്‍ വരുമ്പോള്‍ സംഘര്‍ഷം ഇരട്ടിച്ചിരുന്നു. ''വലിയ പ്രശ്‌നമാണ് സാര്‍. നാളെത്തൊട്ട് സമരമാണെന്ന് തോന്നുന്നു സാര്‍.'' എന്ന് അദ്ദേഹം പറഞ്ഞു. ''ഒരുമാസം സമരം ചെയ്താലെന്തു സംഭവിക്കും?'' എന്ന് ഞാന്‍ ചോദിച്ചു. ആ ചോദ്യം അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. കുറച്ചുകഴിഞ്ഞ് ഞാന്‍ തന്നെ മറുപടി നല്‍കി. ''ഇപ്പോള്‍ തന്നെ ഫയലുകള്‍ കൃത്യസമയത്ത് വരുന്നുണ്ടോ? വലിയ താമസമല്ലേ? മാസങ്ങളോളം വൈകുന്നില്ലേ? അതുകൊണ്ട് ഇവരുടെ സമരംകൊണ്ട് ഓഫീസില്‍ പുതുതായി ഒന്നും സംഭവിക്കില്ല.'' അങ്ങനെ അദ്ദേഹത്തിനു ധൈര്യം പകരാന്‍ ശ്രമിച്ചുവെങ്കിലും അത് വിജയിച്ചോ എന്നുറപ്പില്ല. അടുത്ത ദിവസം അങ്ങനെ ആയിരുന്നില്ല. നല്ലൊരു വിഭാഗം ജീവനക്കാര്‍ മുദ്രാവാക്യങ്ങളും മുഴക്കി വിജിലന്‍സ് ഓഫീസിനു മുന്നിലുള്ള റോഡിലിറങ്ങി. ക്രൂരനായ എസ്.പിയെ നിലയ്ക്കുനിര്‍ത്തുമെന്നുമൊക്കെ  മുദ്രാവാക്യം വിളിക്കുന്നത് നടപ്പ് രീതി മാത്രമാണല്ലോ. എന്നാല്‍ ഡയറക്ടറെ കേന്ദ്രീകരിച്ച്, ''കണ്ടവരുണ്ടോ, കണ്ടവരുണ്ടോ കൃഷ്ണന്‍ നായരെ കണ്ടവരുണ്ടോ'' എന്ന വിളി അന്യായമായി തോന്നി. സത്യത്തില്‍ അദ്ദേഹം ഇല്ലാതിരുന്നതിനു കാരണം ഉണ്ടായിരുന്നു. മുദ്രാവാക്യം വിളിയില്‍ 'ന്യായം' തേടുന്നതില്‍  യുക്തിയില്ലല്ലോ. ആ ദിവസം കുറെ സ്റ്റാഫ് എന്നെ വന്നു കണ്ടു. അതില്‍ സമരത്തിലുള്ളവരും ഇല്ലാത്തവരും ഉണ്ടായിരുന്നു. പലര്‍ക്കും സമരത്തിനു പോകണമെന്നില്ലെന്നും  സമ്മര്‍ദ്ദംകൊണ്ട് ഇടയ്ക്ക് പോയതാണെന്നും ഒക്കെ പറഞ്ഞു. ''എനിക്ക് സമരങ്ങളോട് ഒരെതിര്‍പ്പുമില്ല, ഗാന്ധിജി സമരം ചെയ്തതുകൊണ്ടാണല്ലോ നമുക്ക് സ്വാതന്ത്ര്യം കിട്ടിയതു തന്നെ. അതുകൊണ്ട് നിങ്ങളുടെ ബോദ്ധ്യം അനുസരിച്ച് പ്രവര്‍ത്തിക്കുക. ഒന്നുകില്‍ സമരം ചെയ്യുക, അല്ലെങ്കില്‍ ജോലി ചെയ്യുക. രണ്ടും കൂടി നടക്കില്ല. ഒന്നുകില്‍ അകത്ത്, അല്ലെങ്കില്‍ പുറത്ത്.''  ഞാന്‍ നയം വ്യക്തമാക്കി. പലപ്പോഴും ഒരാവേശത്തില്‍ വലിയ ആലോചന ഒന്നുമില്ലാതെ മുദ്രാവാക്യം വിളിയുമായി പുറപ്പെട്ടാല്‍ അത് മുന്നോട്ടു നയിക്കാനും അവസാനിപ്പിക്കാനും ബുദ്ധിമുട്ടും. മുദ്രാവാക്യം വിളി രണ്ടുദിവസം തുടര്‍ന്നു. അത് അവസാനിപ്പിക്കാന്‍ എന്റെ ഭാഗത്തുനിന്നൊന്നും ചെയ്തില്ല. 

'എന്തെങ്കിലും' കണ്ടെത്താനുള്ള അമിതാവേശം

ഒന്നും ചെയ്തില്ല എന്ന് പറഞ്ഞുകൂട. മൂന്നാം ദിവസം ഞാന്‍ മാനേജര്‍ക്ക് ഒരു ഔദ്യോഗിക കുറിപ്പു നല്‍കി. തീര്‍ത്തും നിഷ്‌കളങ്കമായ ഒരു ചോദ്യം മാത്രം. നമ്മുടെ ഓഫീസില്‍ പ്രൊബേഷനില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ ആരെല്ലാം? രേഖാമൂലം വിവരം ചോദിച്ചത് മനപ്പൂര്‍വം തന്നെ. അറിയേണ്ടവരെല്ലാം അതറിയും.   മുദ്രാവാക്യം വിളിക്കാരില്‍ കുറേയേറെ സ്ഥിരപ്പെടുത്താത്ത ജീവനക്കാരുണ്ടായിരുന്നു. എന്തായാലും അന്ന് വിവിധ സര്‍വ്വീസ് സംഘടനകളുടെ സംസ്ഥാനതല നേതാക്കള്‍  എന്നെ ഫോണില്‍ ബന്ധപ്പെട്ടു. അടിയന്തരമായി കാണാന്‍ സമയം ചോദിച്ചു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെയാണ് ഈ ആവശ്യം ഉന്നയിച്ചത്. അന്നു വൈകുന്നേരം തന്നെ കാണാം എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ വൈകുന്നേരം എല്ലാ സംഘടനകളുടേയും പ്രധാന നേതാക്കള്‍ ഓഫീസില്‍ വന്നു. അതില്‍ ചിലര്‍ എനിക്ക് മുന്‍പരിചയമുള്ളവരായിരുന്നു. ഭരണാനുകൂല സംഘടനയുടെ പ്രധാന നേതാവാണ് സംഭാഷണം തുടങ്ങിയത്. ''ഇവിടുത്തെ സമരം സംബന്ധിച്ച് സംസാരിക്കാനാണ് ഞങ്ങള്‍ വന്നത്.'' അദ്ദേഹം പറഞ്ഞു. ''എന്ത് സമരം? എന്താണാവശ്യം? ഏതെങ്കിലും സര്‍വ്വീസ്  സംഘടന  നോട്ടീസ് തന്നിട്ടുണ്ടോ?'' ഇങ്ങനെ ചില ചോദ്യങ്ങള്‍  ഞാന്‍ ഉന്നയിച്ചു. അംഗീകൃത ജനാധിപത്യ  സമരരീതികളില്‍നിന്നും വ്യതിചലിച്ചുള്ള പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത് എന്നതിലാണ് ഊന്നല്‍ നല്‍കിയത്. എങ്കിലും  സൗഹാര്‍ദ്ദമായാണ് സംഭാഷണം മുന്നോട്ടുപോയത്. പ്രൊബേഷനിലായിരുന്ന മൂന്ന് പേരെ പിരിച്ചുവിട്ട  സാഹചര്യം ഞാന്‍ വ്യക്തമാക്കി. അതവര്‍ക്കും മനസ്സിലായി. അവസാനം  അവരുന്നയിച്ച ഏക ആവശ്യം, 'സമര'ക്കാരെല്ലാം ഉടന്‍ തന്നെ ജോലിക്കു കയറും; എന്റെ ഭാഗത്തുനിന്ന് പ്രതികാര നടപടി ഉണ്ടാകരുത് എന്നുമാത്രം. എനിക്കെന്ത് പ്രതികാരം? അതവര്‍ക്കും ബോദ്ധ്യമായെന്ന് തോന്നുന്നു. ഏതായാലും അങ്ങനെ ചായക്കോപ്പയിലെ കൊടുങ്കാറ്റായി ആ 'സമരം' അവസാനിച്ചു. 

വിജിലന്‍സ് ആസ്ഥാനത്തിരുന്ന് മുഴുവന്‍ സംവിധാനവും പ്രവര്‍ത്തനവും നന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞു. കേസ് അന്വേഷണത്തിന്റെ കാര്യത്തില്‍ വളരെ ആരോഗ്യകരമായ ചില പ്രവണതകള്‍ പ്രകടമായിരുന്നു. പൊലീസിലായാലും വിജിലന്‍സിലായാലും കേസ് അന്വേഷണത്തിന്റെ അടിസ്ഥാന പ്രമാണം ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡ് തന്നെയാണ്. അതുപോലെ ഇന്ത്യന്‍ എവിഡന്‍സ് ആക്ടും (തെളിവു നിയമം) ഒരുപോലെ ബാധകമാണ്. പൊലീസില്‍ കുറ്റകൃത്യം മിക്കവാറും ഇന്ത്യന്‍ പീനല്‍കോഡിന് അനുസൃതമാകുമ്പോള്‍ വിജിലന്‍സില്‍ അത് നിര്‍വ്വചിക്കുന്നത് അഴിമതി നിരോധന നിയമമാണ്. അന്വേഷണ പ്രക്രിയയ്ക്കും  തെളിവുശേഖരണത്തിനും   എല്ലാം ബാധകമായ  നിയമങ്ങള്‍ ഒന്നായിരുന്നുവെങ്കിലും കേസന്വേഷണത്തില്‍ പൊലീസും വിജിലന്‍സും തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നു. അജഗജാന്തരം എന്നുതന്നെ പറയാം. ഉദാഹരണത്തിന് പൊലീസ് അന്വേഷണത്തില്‍ ഒരു സാക്ഷിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തുമ്പോള്‍, ചോദ്യം ചെയ്യുന്ന സമയം, തീയതി മുതല്‍ മൊഴിയുടെ ഉള്ളടക്കം വരെ വ്യതിയാനം സംഭവിക്കും. പലപ്പോഴും യാന്ത്രികമായി കുറ്റകൃത്യങ്ങള്‍ക്ക് അനുസൃതമായി ഒരുപോലെ എല്ലാ സാക്ഷികളും പറഞ്ഞതായിട്ടായിരിക്കും എഴുതിവയ്ക്കുന്നത്. അതു വായിച്ചാല്‍ സാക്ഷി പീനല്‍കോഡിന്റെ ഭാഷയിലാണ് സംസാരിച്ചതെന്നു തോന്നാം. ഇതൊന്നും തന്നെ സാധാരണയായി ദുരുദ്ദേശ്യത്തില്‍ ചെയ്യുന്നതാവണമെന്നില്ല. പല കാരണങ്ങള്‍കൊണ്ട് സംവിധാനത്തില്‍ ഉണ്ടായ ദുഷിപ്പാണത്.  പക്ഷേ, ഈ ദുഷ്പ്രവണതകള്‍  വിജിലന്‍സിന്റെ കേസ് അന്വേഷണത്തില്‍ ഉണ്ടായിരുന്നില്ല. അതിലുപരി എന്നെ ഏറ്റവും ആകര്‍ഷിച്ചത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെമേല്‍ യാതൊരുവിധ സമ്മര്‍ദ്ദവും അന്നുണ്ടായിരുന്നില്ല എന്നതാണ്. തെളിവുകള്‍ ശേഖരിച്ച് തികച്ചും സ്വതന്ത്രമായി വിശകലനം ചെയ്ത്  തന്റെ നിഗമനത്തിലെത്താനുള്ള സ്വാതന്ത്ര്യം അന്വേഷണ ഉദ്യോഗസ്ഥനുണ്ടായിരുന്നു. അതിന്മേല്‍ പരിശോധന നടത്തുന്ന മേലുദ്യോഗസ്ഥര്‍ കാര്യകാരണ സഹിതം അന്വേഷണ ഉദ്യോഗസ്ഥരോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുമായിരുന്നു. അങ്ങനെ വ്യത്യസ്ത നിഗമനത്തിലെത്തുന്നതിനെ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞിരുന്നു. ഒരേ തെളിവിന്റെ അടിസ്ഥാനത്തില്‍ തന്നെ ഒരു കോടതി, കൊലപാതകമെന്ന നിഗമനത്തില്‍ പ്രതിയെ ശിക്ഷിക്കുമ്പോള്‍, മറ്റൊരു കോടതി ആത്മഹത്യ എന്നു വിലയിരുത്തി പ്രതിയെ കുറ്റവിമുക്തനാക്കിയിട്ടുള്ള എത്രയോ കേസുകളുണ്ട്. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇത്തരം വ്യത്യസ്ത നിലപാട് എടുക്കുന്ന ഉദ്യോഗസ്ഥര്‍ പരസ്പരം സ്ഥാപിത താല്പര്യങ്ങള്‍ ആരോപിച്ച് ആജന്മശത്രുക്കളാകുന്ന അനവധി ഉദാഹരണങ്ങള്‍ കണ്ടിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ തികച്ചും വ്യത്യസ്തമായ, ആരോഗ്യകരമായ ഒരു സംസ്‌കാരമാണ് പൊതുവേ വിജിലന്‍സില്‍ എനിക്ക് അനുഭവപ്പെട്ടത്.
 
എന്നാല്‍, അല്പം അപകടം പിടിച്ചതെന്ന് എനിക്കു തോന്നിയ ഒരു പ്രവണത അക്കാലത്ത് ചില വിജിലന്‍സ് ഉദ്യോ ഗസ്ഥരില്‍ കണ്ടു.  കൂടുതല്‍ അടുത്തിടപഴകുമ്പോള്‍ അത് അവരില്‍നിന്നു തന്നെ പുറത്തുവരും. ചില ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയത് വ്യക്തിയെ കേന്ദ്രീകരിച്ചാണ്. വ്യക്തിയേയും അയാള്‍ക്കെതിരായ ആരോപണവും വേര്‍തിരിച്ചു കാണാന്‍ കഴിയാത്ത അവസ്ഥ. ഒരിക്കല്‍ ഒരു എസ്.പി പറഞ്ഞു. ''ഞാന്‍ അന്വേഷണം നടത്തിയാല്‍ 'എന്തെങ്കിലും' കണ്ടുപിടിക്കും.'' ഇത്തരം 'എന്തെങ്കിലും' കണ്ടുപിടിക്കല്‍ പലപ്പോഴും ബാലിശമായിട്ട് തോന്നി. കോടികളുടെ അനധികൃത സ്വത്ത് അന്വേഷണം എന്നു പറഞ്ഞ് വിലപ്പെട്ട സമയവും വിഭവങ്ങളും ചെലവഴിച്ച് അവസാനം കണ്ടെത്തുന്നത് 10000 രൂപയുടെ ടി.വി വാങ്ങിയപ്പോള്‍ സര്‍ക്കാരിനെ അറിയിച്ചില്ല എന്ന 'ഭയങ്കര' ചട്ടലംഘനമായിരിക്കും.

'എന്തെങ്കിലും' കണ്ടെത്തുവാനുള്ള 'അമിതാവേശം' ഒഴിവാക്കിയാല്‍ ഗൗരവമുള്ള കുറ്റകൃത്യങ്ങള്‍ സമയബന്ധിതമായി പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞേനെ. പക്ഷേ, ഇത്തരം അമിതാവേശം അവിടവിടെ കണ്ടു. അന്ന് വിജിലന്‍സിന്റെ ഡി.ഐ.ജിയായിരുന്ന രമേഷ്ചന്ദ്രഭാനു സാറുമായി എനിക്ക് വലിയ അടുപ്പമുണ്ടായിരുന്നു. തൊട്ടടുത്ത മുറികളിലായിരുന്ന ഞങ്ങള്‍ മിക്ക ദിവസങ്ങളിലും ഒരുമിച്ച് സമയം ചെലവഴിക്കുമായിരുന്നു. ചില അവസരങ്ങളില്‍ സ്വയം വിമര്‍ശനപരമായ അനുഭവങ്ങള്‍ പോലും അദ്ദേഹം എന്നോട് പങ്കുവച്ചിട്ടുണ്ട്. ഒരു ദിവസം എന്നെ കണ്ടപ്പോള്‍ അല്പം തടിച്ച ഒരു ഫയല്‍ എന്റെ കയ്യില്‍ തന്നു. എന്നിട്ട് എന്നോടത് പഠിച്ച് സ്വതന്ത്രമായ അഭിപ്രായം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എനിക്കത് കൗതുകകരമായി തോന്നി. ഫയലുകള്‍ സൂക്ഷ്മതയോടെ എ മുതല്‍ ഇസഡ് വരെ അരിച്ചുപെറുക്കി പരിശോധിക്കുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നുവെന്ന്  എനിക്കറിയാം. കൂടുതലൊന്നും പറഞ്ഞില്ല. ഞാന്‍ ചോദിച്ചുമില്ല. അന്ന് സന്ധ്യയ്ക്ക് ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ ആ ഫയലും ഞാനെടുത്തിരുന്നു. ഡി.ഐ.ജി വിശ്വസിച്ചേല്പിച്ചതല്ലേ, തെറ്റ് പറ്റിക്കൂടല്ലോ. ഏകാഗ്രതയോടെ വീട്ടിലിരുന്ന് ഞാനത് വായിച്ചു; അല്ല പഠിച്ചു. കുറേ ഫോട്ടോകോപ്പിയര്‍  മെഷീനുകള്‍ വാങ്ങിയത്  സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായിരുന്നു അത്. ആ പര്‍ച്ചേസില്‍ അഴിമതി ഉണ്ടോ എന്നതാണ് വിഷയം. അഴിമതി സംബന്ധിച്ച ഒരു പരാതിയോ ആക്ഷേപമോ വരുമ്പോള്‍ അതിന്റെ എറ്റവും പ്രസക്ത വസ്തുതകള്‍ പരിശോധിച്ച് അഴിമതി നിരോധന നിയമം അനുസരിച്ച് ഒരു കുറ്റകൃത്യം വെളിവാകുന്നുണ്ടോ എന്ന് കണ്ടെത്തുകയാണ് പ്രാഥമിക അന്വേഷണത്തിന്റെ മുഖ്യ ഉദ്ദേശ്യം. അതൊരു സമഗ്ര അന്വേഷണമല്ല; വിശദമായ അന്വേഷണം പോലുമല്ല. കിളിവാതിലിലൂടെയുള്ള ഒരു എത്തിനോട്ടം പോലെയാണ്. ആ നോട്ടത്തില്‍, അഴിമതി നിരോധന നിയമമനുസരിച്ചുള്ള കുറ്റകൃത്യം വെളിവായാല്‍ ഉടന്‍ അന്വേഷണം അവസാനിപ്പിച്ച്, കേസെടുക്കാന്‍ അനുമതി തേടുകയാണ് വേണ്ടത്. കേസെടുത്താല്‍ നിയമത്തിന്റെ പിന്‍ബലത്തോടെ സമഗ്രമായ തെളിവു ശേഖരണം നടത്താം. ഇവിടെ കണ്ടത് സാമാന്യം വിശദമായ അന്വേഷണം നടത്തിയതായിട്ടാണ്. എന്നിട്ട് കേസെടുക്കാന്‍ ശുപാര്‍ശ നല്‍കിയിരിക്കുകയാണ്. ഫയല്‍ ഞാന്‍ ആവര്‍ത്തിച്ചു വായിച്ചു. എങ്ങനെയാണ് കുറ്റകൃത്യം വെളിവാകുന്നത് എന്നെനിക്ക് മനസ്സിലായില്ല. അന്വേഷണ ഉദ്യോഗസ്ഥനാകട്ടെ, ക്രിമിനല്‍ ഗൂഢാലോചന മുതല്‍ അഴിമതിവരെ ആരോപിച്ച് കേസെടുക്കാനാണ്  ശുപാര്‍ശ ചെയ്തിരിക്കുന്നത്; അതും സെക്ഷന്‍ അസിസ്റ്റന്റ് മുതല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിവരെയുള്ളവരുടെ പേരില്‍. സാധാരണ ഇത്തരം പര്‍ച്ചേസുകളില്‍ സാമ്പത്തിക ഇടപാടിനു നേരിട്ട് തെളിവ് ലഭിക്കുക പ്രയാസമാണ്. ക്രമരഹിതമായ നടപടികളിലൂടെ അനര്‍ഹമായ സാമ്പത്തിക നേട്ടം സ്വകാര്യ വ്യക്തിക്ക് ഉണ്ടായി എന്നു തെളിഞ്ഞാലും മതി.  പര്‍ച്ചേസ് മാന്വല്‍ പ്രകാരമുള്ള നടപടികള്‍ പാലിച്ചിട്ടുണ്ടോ എന്ന് നോക്കാം. ഏതെങ്കിലും ഒരു കമ്പനിക്ക്  ഓര്‍ഡര്‍ നല്‍കാന്‍ വേണ്ടി ഫോട്ടോകോപ്പിയറിന്റെ സ്പെസിഫിക്കേഷന്‍ അവര്‍ക്കു മാത്രം യോജിക്കുന്ന രീതിയിലാണോ തയ്യാറാക്കിയത്? ടെണ്ടറില്‍ സാങ്കേതിക യോഗ്യതയുള്ള ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടോ? സാങ്കേതിക യോഗ്യത ഇല്ലാത്ത കമ്പനിക്കാണോ ഓര്‍ഡര്‍ നല്‍കിയത്? ഇങ്ങനെ  അഴിമതി സാദ്ധ്യതയിലേയ്ക്ക് വിരല്‍ചൂണ്ടുന്ന  യാതൊന്നും പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ ഞാന്‍ കണ്ടില്ല. കേസെടുക്കുവാനുള്ള ശുപാര്‍ശയ്ക്ക് ഉപോല്‍ബലകമായ വസ്തുതകളൊന്നും അതിലില്ലായിരുന്നു. എന്നെ അത്ഭുതപ്പെടുത്തിയത് അതെഴുതിയ ഉദ്യോഗസ്ഥന്  പൊലീസ് വകുപ്പില്‍ താരതമ്യേന പ്രാപ്തനായ ഉദ്യോഗസ്ഥന്‍ എന്ന  പ്രതിച്ഛായ ഉണ്ടായിരുന്നു  എന്നതാണ്. പ്രാപ്തി പ്രകടമായത് മറ്റൊരു കാര്യത്തിലാണ്. വസ്തുതകള്‍ക്കും യുക്തിക്കും മാത്രം പ്രസക്തിയുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ സ്ഥാനത്തും അസ്ഥാനത്തും  ആലങ്കാരിക പ്രയോഗങ്ങള്‍കൊണ്ട് നിറച്ചിരുന്നു.  അത്  അരോചകമായി തോന്നി. അങ്ങനെ ഒരു ശീലം വിജിലന്‍സിലെ ചില ഉദ്യോഗസ്ഥരില്‍ കണ്ടിരുന്നു. ഇംഗ്ലീഷിലുള്ള റിപ്പോര്‍ട്ടില്‍ ചിലേടത്ത് ലാറ്റിന്‍, ഫ്രെഞ്ച് തുടങ്ങിയവയിലെ ചില പ്രയോഗങ്ങള്‍ കുത്തിത്തിരുകാന്‍ വല്ലാത്ത വ്യഗ്രതയാണ്. സംപ്രീതരായ ചില ഐ.പി.എസ്സുകാര്‍ അതിനെ പ്രോത്സാഹിപ്പിച്ചിരിക്കാം. അതേതായാലും തൊട്ടടുത്ത ദിവസം ഞാന്‍ ഫയലുമായി ഡി.ഐ.ജിയുടെ മുന്നിലെത്തി. ഫയല്‍ മേശപ്പുറത്ത് വച്ചു. ''ഇതിലെവിടെയാണ് സാര്‍, കുറ്റകൃത്യം.'' ഞാന്‍ പറഞ്ഞു. ''ഇങ്ങനെ പോയാല്‍ വിജിലന്‍സിന്റെ കാര്യം കഷ്ടമാണ്'' എന്നും കൂട്ടിച്ചേര്‍ത്തു. അദ്ദേഹം ഒന്നും പറയാതെ ചെറിയൊരു ചിരിയോടെ മേശയുടെ മുകളിലുണ്ടായിരുന്ന ഗ്ലാസ്സ്ഷീറ്റിനടിയില്‍നിന്നും ഒരു തുണ്ട് കടലാസ്സ് എടുത്ത് എന്റെ കയ്യില്‍ തന്നു. അതിലെന്തോ  ഇംഗ്ലീഷില്‍ കുറിച്ചിരുന്നു. അതിന്റെ പരിഭാഷ ഇങ്ങനെയാണ്: ''ഹേമചന്ദ്രനും മറ്റുള്ളവരോട് യോജിച്ച് കേസെടുക്കണമെന്ന് പറയുകയാണെങ്കില്‍ എന്റെ മാനസികനിലയ്ക്ക് കാര്യമായ എന്തോ കുഴപ്പമുണ്ട്.'' താഴെയും മുകളിലും എല്ലാപേരും  കേസെടുക്കണമെന്ന  പക്ഷത്തായിരുന്നപ്പോള്‍ അദ്ദേഹത്തിന്റേത് ഒറ്റപ്പെട്ട നിലപാടായിരുന്നു. സത്യത്തില്‍, ഞാനാ തീരുമാനമെടുക്കുന്ന അധികാരശ്രേണിയില്‍ അംഗമായിരുന്നില്ല. വ്യക്തിപരമായ വിശ്വാസത്തിന്റെ പേരില്‍  അദ്ദേഹത്തിന്റെ ഒറ്റപ്പെട്ട നിലപാട് ഒന്നുകൂടി പരിശോധിക്കുന്നതിനുവേണ്ടി മാത്രമാണ് ആ ഫയല്‍ എനിക്കു നല്‍കിയത്. 

എനിക്കുറപ്പാണ്, ഞാന്‍ മറിച്ചൊരു നിലപാടാണ് എടുത്തതെങ്കിലും അദ്ദേഹം സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുമായിരുന്നു. അതായിരുന്നു രമേഷ്ചന്ദ്രഭാനു എന്ന ഐ.പി.എസ്  ഉദ്യോഗസ്ഥന്‍. സര്‍വ്വീസില്‍ ഉടനീളം, എതിര്‍പ്പുകളുടെ മുന്നില്‍ ഒറ്റപ്പെട്ടതെങ്കിലും സ്വന്തം നിലപാടില്‍ സധൈര്യം ഉറച്ചുനിന്ന് മുന്നേറിയ ഉദ്യോഗസ്ഥന്‍. സര്‍വ്വീസിന്റെ ആരംഭത്തില്‍  ധൈര്യം പ്രദര്‍ശിപ്പിക്കുമെങ്കിലും  ക്രമേണ സമ്മര്‍ദ്ദങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങി സ്വയം നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ശരാശരി ഐ.പി.എസ് ഉദ്യോഗസ്ഥന്റെ പാത അദ്ദേഹം പിന്തുടര്‍ന്നില്ല.  അകാലത്തില്‍ പൊലിഞ്ഞ ആ ജീവിതം  ടാഗോറിന്റെ 'ഏക്ലാ ചലോരേ' എന്ന പ്രസിദ്ധ ബംഗാളി കവിതയെ ഓര്‍മ്മിപ്പിക്കുന്നു. ബോദ്ധ്യമുള്ള വഴിയേ, ഒറ്റയ്ക്ക് നടന്ന് ജീവിതയാത്ര പൂര്‍ത്തിയാക്കിയ  ഐ.പി.എസ്  ഉദ്യോഗസ്ഥന്‍.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com