വാരിയംകുന്നന്‍: വീരനായകനോ വില്ലനോ?

വാരിയംകുന്നന്‍: വീരനായകനോ വില്ലനോ?

നൂറ് വര്‍ഷം മുന്‍പ്, 1921-ല്‍ ദക്ഷിണ മലബാറില്‍ നടന്ന ലഹളയെ പല പേര് ചൊല്ലി വിളിക്കുന്നവരുണ്ട്. ആ ചരിത്രസംഭവത്തിന് നേര്‍ സാക്ഷിയായ കോണ്‍ഗ്രസ് നേതാവ് കെ. മാധവന്‍ നായര്‍ മലബാര്‍ കലാപം എന്നാണതിനെ വിളിച്ചത്. വേറെ ചിലര്‍ അതിനെ മാപ്പിള ലഹളയെന്നോ മലബാര്‍ ലഹളയെന്നോ വിളിച്ചു. മറ്റൊരു നേര്‍സാക്ഷിയും കോണ്‍ഗ്രസ്സുകാരനുമായിരുന്ന മോഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് തന്റെ 'ഖിലാഫത്ത് സ്മരണകള്‍' എന്ന പുസ്തകത്തില്‍ എഴുതുന്നതിങ്ങനെ: '1921-ല്‍ മലബാറില്‍ നടന്ന സമരത്തെ മാപ്പിള ലഹളയെന്നോ മലബാര്‍ ലഹളയെന്നോ പറയുന്നത് ശരിയല്ല. 'മാപ്പിള വിപ്ലവം' അഥവാ 'ഖിലാഫത്ത് വിപ്ലവം' എന്നു പറഞ്ഞാല്‍ അത് ഏറെക്കുറെ ശരിയായിരിക്കും..'' ഇപ്പോള്‍ ഏറ്റവുമൊടുവില്‍ മറ്റൊരു കൂട്ടര്‍ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ നടന്ന കലാപത്തെ വിശേഷിപ്പിക്കുന്നത് മലബാര്‍ വിപ്ലവം എന്നാണ്. 

നടന്നത് ലഹളയോ കലാപമോ വിപ്ലവമോ എന്താകട്ടെ, ആ സംഭവത്തിനു നേതൃത്വം നല്‍കിയവരില്‍ പ്രധാനികള്‍ ആലി മുസ്ല്യാര്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങള്‍ എന്നിവരായിരുന്നു. ആ മൂന്നു പേരില്‍, സമീപകാലത്തായി ഏറ്റവും കൂടുതല്‍ വിലയിരുത്തലുകള്‍ക്ക് വിധേയനാക്കപ്പെടുന്നത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയത്രേ. അതിനുള്ള ഒരു കാരണം ഹാജിയെ കേന്ദ്രകഥാപാത്രമാക്കി 'വാരിയംകുന്നന്‍' എന്ന പേരില്‍ ചിലര്‍ ചലച്ചിത്രം നിര്‍മ്മിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ വര്‍ഷം വന്നതാണ്. സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍നിന്ന് വാരിയംകുന്നനുള്‍പ്പെടെ 387 പേരെ ഒഴിവാക്കാനുള്ള ഐ.സി.എച്ച്.ആറിന്റെ തീരുമാനമാണ് മറ്റൊരു കാരണം. മുകളില്‍ പറഞ്ഞ മൂന്നു കലാപനേതാക്കളില്‍ കെ. മാധവന്‍ നായരെപ്പോലുള്ളവര്‍ ഏറ്റവും ശക്തനായി വിലയിരുത്തിയത് കുഞ്ഞഹമ്മദ് ഹാജിയെയാണ് എന്നതും ഒരു കാരണമായി എണ്ണാം. '1857-ലെ ഇന്ത്യന്‍ ശിപായി ലഹളയ്ക്കു ശേഷം ബ്രിട്ടീഷ് ഗവണ്‍മെന്റും ഇന്ത്യക്കാരുമായി ഉണ്ടായിട്ടുള്ള സംഘട്ടനങ്ങളില്‍വെച്ച് ഏറ്റവും ഗംഭീരമായ മലബാര്‍ കലാപത്തില്‍ ഗവണ്‍മെന്റിന്റെ എതിരാളികളില്‍ അഗ്രഗണ്യന്‍'' വാരിയംകുന്നനാണെന്ന് മാധവന്‍ നായര്‍ രേഖപ്പെടുത്തിയതു കാണാം.

കുഞ്ഞഹമ്മദ് ഹാജി (1866-1922)യുടെ മുഴുത്ത ആരാധകരായി ഒരു വിഭാഗവും കടുത്ത വിരോധികളായി മറ്റൊരു വിഭാഗവും ഇപ്പോള്‍ രംഗത്തുണ്ട്. ആരാധകരെ സംബന്ധിച്ചിടത്തോളം വാരിയംകുന്നന്‍ നാടിനും പീഡിതരായ നാട്ടാര്‍ക്കുംവേണ്ടി ബ്രിട്ടീഷ് വാഴ്ചയ്ക്കും ക്രൂരജന്മിത്വത്തിനുമെതിരെ സന്ധിയില്ലാ സമരം നടത്തിയ വീരനായകനാണ്. മറുപക്ഷത്തിന്റെ കണ്ണില്‍ ഹിന്ദുക്കളെ കൊള്ളയടിക്കുകയും കൊല്ലുകയും നിര്‍ബന്ധ മതംമാറ്റത്തിന് വിധേയരാക്കുകയും ചെയ്യുന്നതിനു നേതൃത്വം നല്‍കിയ നിഷ്ഠുരനായ വില്ലനാണ് അയാള്‍. രണ്ടു കൂട്ടരും താന്താങ്ങളുടെ നിലപാടുകള്‍ സാധൂകരിക്കുന്നതിനാവശ്യമായ വാദങ്ങളും രേഖകളും അവതരിപ്പിക്കുന്ന യത്‌നത്തില്‍ മുഴുകുന്നുമുണ്ട്. 

ആരാണ് ശരി? തന്റെ അന്‍പത്തിയാറാമത്തെ വയസ്സില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് പട്ടാളക്കോടതി വധശിക്ഷ വിധിച്ചു. 1922 ജനുവരി 20-നോ 21-നോ മലപ്പുറത്തിനടുത്തുള്ള ഒരു കുന്നിന്‍ചരിവില്‍വെച്ച് അധികൃതര്‍ അയാളെ വെടിവെച്ചു കൊല്ലുകയും ചെയ്തു. ഏത് ചരിത്രസംഭവത്തിനുമെന്നപോലെ ഏത് ചരിത്രവ്യക്തിയുടെ ചെയ്തികള്‍ക്കും ഒന്നിലേറെ ആഖ്യാനങ്ങളുണ്ടാവുക സ്വാഭാവികമാണ്. വാരിയംകുന്നന്റെ കാര്യത്തിലും അത് സംഭവിച്ചിട്ടുണ്ട്. ചില ആഖ്യാനങ്ങള്‍ അയാളെ പിശാചുവത്കരിക്കുന്നവയാണ്. മറ്റു ചിലത് അയാളെ മഹത്വവത്കരിക്കുകയും എണ്ണം പറഞ്ഞ സ്വാതന്ത്ര്യപ്പോരാളിയുടെ പരിവേഷം അയാള്‍ക്ക് ചാര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നു. മൂന്നാമതൊരാഖ്യാനം അയാളെ പിശാചുവത്കരിക്കുകയോ മഹത്വവത്കരിക്കുകയോ ചെയ്യുന്നതിനു പകരം അയാളുടെ പ്രവര്‍ത്തനങ്ങളിലെ ശരിതെറ്റുകള്‍ അനാവൃതമാക്കുന്നു. 

മലബാര്‍ കലാപത്തിന്റെ ഭാവപ്പകര്‍ച്ച

ഈ ആഖ്യാന വൈവിധ്യം ഉല്പാദിപ്പിക്കുന്നതില്‍ മലബാര്‍ കലാപവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഖിലാഫത്ത് പ്രക്ഷോഭത്തിനു വലിയ പങ്കുണ്ട്. ഒന്നാം ലോകയുദ്ധത്തില്‍ തുര്‍ക്കി പരാജയപ്പെട്ടതോടെ മുസ്ലിങ്ങളുടെ ഒട്ടോമന്‍ സാമ്രാജ്യം ഛിന്നഭിന്നമായി. ബ്രിട്ടനടക്കമുള്ള ശക്തികളുടെ നേതൃത്വത്തില്‍ തുര്‍ക്കി സാമ്രാജ്യം പകുക്കപ്പെട്ടു. തുര്‍ക്കിയുടെ തോല്‍വിയോടെ, അതുവരെ അവിടെ നിലനിന്ന ഇസ്ലാമിക ഖിലാഫത്ത് ഇല്ലാതായി. തുര്‍ക്കി സുല്‍ത്താന്‍ തുടര്‍ന്നെങ്കിലും അദ്ദേഹത്തിന് ഖലീഫാസ്ഥാനം നഷ്ടപ്പെട്ടു. ഇത് ഇസ്ലാം മതത്തിനേറ്റ വന്‍ ക്ഷതവും അപമാനവുമാണെന്നു വിലയിരുത്തിയവര്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കിടയിലുണ്ടായിരുന്നു. അവര്‍ ഖിലാഫത്ത് പുനഃസ്ഥാപന പ്രക്ഷോഭവുമായി രംഗത്തു വന്നു. മൗലാനാ ഷൗക്കത്തലിയും മൗലാനാ മുഹമ്മദലിയും മൗലാനാ ആസാദുമൊക്കെയായിരുന്നു അതിന്റെ തലപ്പത്തുണ്ടായിരുന്നത്. ഖിലാഫത്ത് പ്രക്ഷോഭത്തിനു ദേശീയമാനം ലഭിക്കുന്നതിന് അവര്‍ ഗാന്ധിജിയെ സമീപിച്ചു. മുസ്ലിങ്ങളെ ദേശീയ സമരധാരയിലേക്ക് കൊണ്ടുവരാനുള്ള എളുപ്പവഴിയായി ഖിലാഫത്ത് പ്രക്ഷോഭത്തെ വിലയിരുത്തിയ ഗാന്ധിജി ആ പ്രക്ഷോഭത്തെ നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധിപ്പിച്ചു.
 
മലബാറിലെ കലാപത്തില്‍ ഈ ഖിലാഫത്ത് പ്രക്ഷോഭ ബന്ധം ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കിയത്. കലാപത്തിനു നേതൃത്വം നല്‍കിയവരിലും അണികളിലും അത് ദേശീയവികാരം എന്നതിലേറെ ഖിലാഫത്ത് വികാരം അഥവാ ഇസ്ലാമിക മതവികാരം ജ്വലിപ്പിക്കുന്നതിനിടവരുത്തി. ജന്മിത്വത്തിനും ബ്രിട്ടീഷ് കോയ്മയ്ക്കുമെതിരെ പൊട്ടിപ്പുറപ്പെട്ട സമരം ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മതഭ്രാന്തിനും വര്‍ഗ്ഗീയോന്മാദത്തിനും വഴിമാറി. ഖിലാഫത്ത് പ്രക്ഷോഭത്തെ ദേശീയസമരവുമായി വിളക്കിച്ചേര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഗാന്ധിജി ഉന്നമിട്ടതെന്തോ അതിനു നേര്‍വിപരീതമായ ദിശയിലേയ്ക്ക് അത് വ്യതിചലിച്ചു. മഹാത്മജിയുടെ സ്വരാജും ദേശീയ രാജും മലബാറില്‍ ഖിലാഫത്ത് രാജ് എന്ന മതാധിഷ്ഠിത ഭരണസങ്കല്പത്തിലേയ്ക്ക് തരംതാണു. 

മലബാര്‍ കലാപത്തിനു വന്നുപെട്ട ഈ ഭാവപ്പകര്‍ച്ച അതിന്റെ നേതാക്കളുടെ വീക്ഷണങ്ങളിലും ചെയ്തികളിലും സ്വാഭാവികമായി സ്വാധീനം ചെലുത്തി. വാരിയംകുന്നനായാലും ആലി മുസ്ല്യാരായാലും മറ്റുള്ളവരായാലും അവരെല്ലാം ഖിലാഫത്ത് രാജ് എന്ന സങ്കുചിതാശയത്തിനു കീഴ്പ്പെട്ടു എന്നത് വസ്തുതയാണ്. 1920-കളില്‍ ഉത്തരേന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടി സര്‍വ്വതും ത്യജിച്ചു പൊരുതിയ ഭഗത്സിംഗോ രാജ്ഗുരുവോ സുഖ്‌ദേവോ തങ്ങളുടെ മതത്തിന്റെ വാഴ്ച എന്ന വിഭാഗീയ ചിന്താഗതിയിലേയ്ക്ക് കടന്നിരുന്നേയില്ല. അവര്‍ രാജ്യത്തിന്റെ വിമോചനവും മതേതര രാജുമാണ് സ്വപ്നം കണ്ടത്. കഴുവേറുമ്പോള്‍ 'ഇങ്ക്വിലാബ് സിന്ദാബാദ്' എന്നുച്ചത്തില്‍ വിളിച്ച് ഭഗത്സിംഗും കൂട്ടുകാരും മതപദാവലികളേയും ചിഹ്നങ്ങളേയും കൂട്ടുപിടിച്ചല്ല പോരാട്ടം നടത്തിയത്. നേരെ തിരിച്ചായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുള്‍പ്പെടെയുള്ള മാപ്പിള കലാപകാരികളുടെ അവസ്ഥ. തക്ബീര്‍ (അല്ലാഹു അക്ബര്‍) മുഴക്കിയാണ് എല്ലാ സമരമുഖങ്ങളിലും അവര്‍ പ്രത്യക്ഷപ്പെട്ടത്. ചന്ദ്രക്കല പതിച്ച തുര്‍ക്കിത്തൊപ്പിയായിരുന്നു അവരുടെ ഔപചാരിക ചിഹ്നം. ഖുര്‍ആനിക വചനങ്ങളെഴുതിയ വെള്ളക്കൊടിയായിരുന്നു അവരുടെ പതാക. 

ഈ മതാത്മകത മലബാര്‍ കലാപകാരികള്‍ ബ്രിട്ടീഷ് വിരുദ്ധ-ജന്മിത്വ വിരുദ്ധ വികാരങ്ങളാല്‍ മാത്രമല്ല, കടുത്ത മതവികാരത്താല്‍ക്കൂടി പ്രചോദിതരായിരുന്നു എന്നതിനുള്ള വ്യക്തമായ തെളിവാണ്. എന്നുവെച്ച് വാരിയംകുന്നനുള്‍പ്പെടെയുള്ള കലാപ നേതാക്കളെല്ലാം മുച്ചൂടും വര്‍ഗ്ഗീയോന്മാദികളും മതാന്ധരുമായി മാറി എന്ന് അതിനര്‍ത്ഥമില്ല. വാരിയംകുന്നന്റെ ചില നീക്കങ്ങളും ചെയ്തികളുമെല്ലാം മതഭ്രാന്തന്മാര്‍ക്കെതിരായിരുന്നു എന്നു പല ഗവേഷകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് കുഞ്ഞഹമ്മദ് ഹാജിയെ വിശേഷിപ്പിച്ചത് ലഹളത്തലവന്മാരില്‍ 'കുറച്ചന്തസ്സുള്ളവന്‍' എന്നാണ്. കലാപത്തെക്കുറിച്ച് ഗവേഷണം നടത്തിയ ഡോ. എം. ഗംഗാധരന്‍ തന്റെ 'മലബാര്‍ കലാപം 1921-22' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയത് ഇപ്രകാരം: ''കുഞ്ഞഹമ്മദ് ഹാജി തന്റെ അധികാരവും ഉദ്ദേശ്യലക്ഷ്യങ്ങളും പ്രയോഗത്തില്‍ വരുത്തിക്കാട്ടിയത് പക്ഷപാതമില്ലാതെ നീതി നടപ്പില്‍ വരുത്തിക്കൊണ്ടാണ്. ഒരു നമ്പൂതിരിയുടെ ഉടമസ്ഥതയില്‍ മഞ്ചേരിയിലുണ്ടായിരുന്ന ബാങ്ക് കൊള്ളചെയ്യാന്‍ ചില മാപ്പിളമാര്‍ പരിപാടിയിടുന്നതറിഞ്ഞ് ഹാജി തന്റെ ആളുകളെ ബാങ്കിനു കാവല്‍ നില്‍ക്കാന്‍ നിയോഗിച്ചു... ഹിന്ദുക്കള്‍ക്ക് സുരക്ഷിതത്വവും കൊള്ളയിലേര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷയും ഉറപ്പുവരുത്തിക്കൊണ്ട്, മഞ്ചേരിയില്‍ കഴിയുന്ന കാലത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു പരസ്യപ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു'' (പു. 275-276).

ഇതേ വാരിയംകുന്നനെ അയാളുടെ രൂക്ഷവിരോധികള്‍ ചിത്രീകരിക്കുന്നത് കൊള്ളക്കാരനും ചോരക്കൊതിയനും കൊലപാതകിയുമായിട്ടാണ്. 1908-ല്‍ മഞ്ചേരിയില്‍ അയാള്‍ നടത്തിയ തപാല്‍ ഉരുപ്പടിക്കൊള്ള, 1909-ല്‍ രണ്ടു തട്ടാന്മാരെ കൊള്ളചെയ്ത് കൊലപ്പെടുത്തിയ സംഭവം എന്നിവയെല്ലാം അത്തരക്കാര്‍ എടുത്തുകാട്ടുന്നു. റിട്ടയേര്‍ഡ് പൊലീസ് ഇന്‍സ്പെക്ടര്‍ ചേക്കുട്ടിയെ കൊന്ന് തലയറുത്ത് കുന്തത്തില്‍ കുത്തി നാടൊട്ടുക്ക് കൊണ്ടുവന്നതുള്‍പ്പെടെയുള്ള കൊടുംക്രൂര കൃത്യങ്ങളും കുഞ്ഞഹമ്മദ് ഹാജി നടത്തിയതായി ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്. 

അപ്പോള്‍ ആരായിരുന്നു വാരിയംകുന്നന്‍? ചിലരാല്‍ പുകഴ്ത്തപ്പെടുന്നതുപോലെ അയാള്‍ നന്മയുടെ നിറകുടമായ വീരനായകനായിരുന്നോ അതോ വേറെ ചിലരാല്‍ ഇകഴ്ത്തപ്പെടുന്നതു പോലെ തിന്മയുടെ മൂര്‍ത്തിമത്ഭാവമായ വില്ലനായിരുന്നോ? ഈ രണ്ടു നിഗമനങ്ങളും ചരിത്രത്തോട് നീതിപുലര്‍ത്തുന്നു എന്നു പറയാവതല്ല. രണ്ടിനും മധ്യേയാണ് വാരിയംകുന്നന്‍ സ്ഥാനപ്പെടുത്തപ്പെടേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com