എഴുതപ്പെട്ടതില്‍ ഏറ്റവും ചെറിയ പ്രേതകഥ ഇതാണോ?

'ഒരു നവോത്ഥാന നായകനാണെങ്കില്‍ പിണറായി വിജയന്റെ മകളെ ഏതെങ്കിലും പട്ടികജാതിക്കാരന് കെട്ടിച്ചയക്കണമായിരുന്നു'' എന്ന കൊടിക്കുന്നില്‍ സുരേഷിന്റെ പരാമര്‍ശം  പിണറായി മറുപടി പറയാതിരുന്നതിനാല്‍ വേഗം കെട്ടടങ്ങി
പിണറായി വിജയന്‍/ഫയല്‍
പിണറായി വിജയന്‍/ഫയല്‍

ജീവിതം അത്രയൊന്നും യുക്തിഭദ്രമല്ല. ഏറ്റവും ചെറിയ നിസ്സാരതകളില്‍ അത് ചിലപ്പോള്‍ ബോധത്തെ വട്ടം കറക്കുന്നു. ''നിങ്ങള്‍ പ്രേതത്തില്‍ വിശ്വസിക്കുന്നുണ്ടോ?'' എന്ന മക്കളുടെ ചോദ്യത്തിന്, ഏതൊരാള്‍ക്കും യുക്തിഭദ്രമായി നല്‍കാവുന്ന മറുപടി ഇതാണ്: ''ഇല്ല!'' എന്നാല്‍, എഴുത്തുകാര്‍ക്ക് ആ മറുപടിയില്‍ ഒരു രസം കണ്ടെത്താന്‍ സാധിച്ചെന്നു വരില്ല. പ്രേതമില്ലെങ്കില്‍ ഭയമില്ല, കഥയില്ല. രാത്രി കിടക്കുമ്പോള്‍ 'ഇടയ്ക്കിടെ ജനാല'യിലേക്കുള്ള നോട്ടമില്ല. ആകാംക്ഷകള്‍ക്ക് ഫുള്‍സ്റ്റോപ്പിട്ടാല്‍ എന്ത് രസം?

വ്യക്തിപരമായി പരിചയമുള്ള ഏറ്റവും ഉജ്ജ്വലമായ ആ കഥാപാത്രം, പുനത്തില്‍ കുഞ്ഞബ്ദുള്ള പ്രേതാത്മാവുകളില്‍ വിശ്വസിച്ചിരുന്നു. അവിശ്വസനീയമാംവിധം അവരില്‍ ചിലരുമായി സംസാരിക്കുകയും ചെയ്തിരുന്നു. 'മരിച്ചവരുടെ പരകായപ്രവേശം' എന്ന നിലയില്‍ പല മനുഷ്യരെക്കുറിച്ചും പുനത്തില്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍, പ്രേതമെന്നത് 'ശുദ്ധ പൊളി' എന്നു പറയുമ്പോഴും ഞങ്ങളുടെ കുട്ടിക്കാലത്ത് ഏറ്റവും അടുത്ത വീട്ടില്‍ നടന്ന ഒരു സംഭവത്തെ എങ്ങനെ വിശദീകരിക്കണമെന്നറിയില്ല. ഏതാണ്ട് എത്രയോ കാലമായി കിടപ്പിലായ ഒരു വൃദ്ധ. മക്കളുടെ സഹായമില്ലാതെ കുടിവെള്ളം പോലുമിറങ്ങില്ല. നടക്കാന്‍ പോയിട്ട് ഒന്നിരിക്കാന്‍ പോലുമാകാത്തവിധം അവശമായ കിടപ്പ്. ഒരു ദിവസം നേരം പുലര്‍ന്നപ്പോള്‍, അവരെ കട്ടിലില്‍ കണ്ടില്ല. മക്കളും നാട്ടുകാരും പരിഭ്രാന്തരായി എല്ലായിടത്തും അന്വേഷിച്ചു. ഒടുവില്‍, അവരുടെ വീട്ടില്‍നിന്ന് ഏറെ ദൂരെയല്ലാത്ത 'മുതലക്കുണ്ട്' എന്ന നിഗൂഢ കഥകളുടെ കുളത്തിനരികില്‍ അവര്‍ ജീവനോടെ കിടക്കുന്നതു കണ്ടു. ആ വല്യമ്മ അര്‍ദ്ധബോധത്തില്‍ പറഞ്ഞ ഒരേയൊരു വാക്ക് ഇതായിരുന്നു: 'മുതലച്ചാമുണ്ഡി!' കുറേ വര്‍ഷങ്ങള്‍ പിന്നെയുമവര്‍ ജീവിച്ചു. കിടന്നുകൊണ്ടുള്ള ജീവിതം...

മുതലച്ചാമുണ്ഡി, ഒറ്റമുലച്ചി എന്നിവ ബാല്യത്തിലെ വിസ്മയ കഥകളാണ്. കടപ്പുറത്ത് ഒറ്റമുലച്ചിയെ കണ്ട് പനി പിടിച്ച എത്രയോ പേര്‍ മാടായിയിലുണ്ടായിരുന്നു.

ഉമ്മാമ പറഞ്ഞ കഥകളിലുമുണ്ട്, വിസ്മയത്തുമ്പുകള്‍. ഉമ്മാമയും ഉപ്പാപ്പയും ഒരിക്കല്‍ രാത്രി പുതിയങ്ങാടിയിലൂടെ നടക്കുകയാണ്. അല്പം വിജനമായ ഒരു വഴിയെത്തിയപ്പോള്‍ കുറേ വെളുത്ത നായകള്‍ കൂട്ടത്തോടെ പിറകെ വരുന്നു. ഉമ്മാമ കാണുന്നുണ്ടെങ്കിലും ഉപ്പാപ്പ ആ നായകളെ കാണുന്നേയുണ്ടായിരുന്നില്ല. ഉമ്മാമ ഭയന്ന് തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. ഉപ്പാപ്പ പറഞ്ഞു: ''തിരിഞ്ഞു നോക്കാണ്ട് നടക്ക് - ശൈത്താന്മാരാണ്!''

തെയ്യം ആചാര്യനായ കുമാരേട്ടന്‍ പറഞ്ഞ അനുഭവങ്ങളില്‍, പല ആത്മാവുകളുടെ 'പോക്കുവരവുകളു'ണ്ട്. ജീവിച്ചിരിക്കുന്നവരുടെ മാത്രമല്ല, മരിച്ചവരുടേയും പോക്കുവരവുകള്‍ ഭൂമിയിലുണ്ട്. പ്രേതങ്ങളെ നേരിട്ടു കണ്ട സ്റ്റീഫേട്ടന്‍  പറഞ്ഞ കഥ: ഒരൂസം രാത്രി ഞാന്‍ കരീംക്കാന്റെ പീടിയയില്‍നിന്ന് ഒരു കുപ്പി നെയ്യും വാങ്ങി മടങ്ങുകയാണ്. നീരൊഴുക്കും ചാലിന്റെ തെങ്ങിന്‍ പാലം കടക്കുമ്പോ ഒരു കരിക്ക് ഉരുണ്ടുരുണ്ട് എന്റെ പെറകിലേ വര്ന്ന്. ഞാന്‍ നടത്തം ഓതാറാക്കി. കരിക്കും നിക്കാണ്ട് ബേക്കിലേ... സംഗതിയെന്താ, ചാമുണ്ഡി. അരയിലുണ്ടായ കത്തിയെടുത്ത് കരിക്കിന് ഞാനൊരു കൊത്ത്. കരിക്ക് രണ്ട് കഷ്ണം. ഉള്ളില് കരിക്കിന്‍ വെള്ളത്തിന് ചോരയുടെ നെറം...''

ദേശ വ്യത്യാസമില്ലാതെ നമ്മുടെ ബാല്യം കേട്ടു ഭയന്ന ഏറ്റവും വിചിത്രമായ പ്രേതം, സംശയമില്ല, കുതിരക്കാലന്റേതാണ്. സന്ധ്യയാവുമ്പോള്‍ ഇടവഴിയില്‍ പ്രത്യക്ഷപ്പെടുന്ന കുതിരക്കാലന്‍. സാധാരാണ മനുഷ്യരെപ്പോലെ ചിരിക്കുന്ന കുതിരക്കാലന്‍, എതിരെ വരുന്ന ആരോടെങ്കിലും 'തീപ്പെട്ടി'യുണ്ടോ എന്നു ചോദിക്കും. തീപ്പെട്ടി കൊടുക്കുമ്പോള്‍ എത്ര ശ്രദ്ധിച്ചാലും അത് താഴെ വീഴും. 'തീപ്പെട്ടി എടുത്ത് താ' എന്ന കുതിരക്കാലന്റെ വാക്ക് കേട്ട് കുനിയുന്നവര്‍ 'കുതിരക്കാല്‍' കണ്ട് അപ്പോള്‍ തന്നെ ബോധം കെട്ടു വീഴും.

എന്നാല്‍, ജീവിതത്തില്‍ കേട്ട ഏറ്റവും മനോഹരമായ പ്രേതകഥയില്‍ ഒറ്റ ഖണ്ഡിക മാത്രമേയുള്ളൂ.

ഒരു തീവണ്ടിയില്‍ വിന്‍ഡോസീറ്റിനരികില്‍ രണ്ടു പേര്‍ മുഖാമുഖം ഇരുന്ന് യാത്രയിലാണ്. ഒരാള്‍ പ്രേതകഥകള്‍ എന്ന പുസ്തകം വായിക്കുന്നുണ്ട്. പുസ്തകം വായിക്കുന്നയാളോട് മുന്നിലിരിക്കുന്ന ആള്‍ ചോദിച്ചു:

''നിങ്ങള്‍ പ്രേതത്തില്‍ വിശ്വസിക്കു ന്നുണ്ടോ?''

വായനക്കാരന്‍ പുസ്തകത്തില്‍നിന്ന് മുഖമൊന്നുയര്‍ത്തി ''ഇല്ല'' എന്നു പറയുമ്പോഴേക്കും മുന്നിലിരിക്കുന്ന ആളെ കാണാനില്ലായിരുന്നു!

സത്യത്തില്‍ ഏറ്റവും മനോഹരമായ ഈ പ്രേതകഥ എഴുതിയത് ആരാണെന്നറിയില്ല. ഒരു തീവണ്ടിയാത്രയ്ക്കിടയില്‍ ഈ കഥ പറഞ്ഞ മുന്‍ സീറ്റിലിരുന്ന അപരിചിതനായ യാത്രികനോട് അത് ചോദിച്ചുമില്ല. ഭയാനകമായ ആ കുഞ്ഞു കഥ പറഞ്ഞയാള്‍ ''ഇപ്പോള്‍ വരാമെന്ന്'' പറഞ്ഞ് വന്നില്ല. അടുത്ത സ്റ്റേഷനില്‍ ഇറങ്ങിയിരിക്കാം. ഇതുതന്നെയാണോ ലോകത്തെ ഏറ്റവും ചെറിയ പ്രേതകഥ?

ഇനി പറയൂ, നിങ്ങള്‍ പ്രേതത്തില്‍ വിശ്വസിക്കുന്നുണ്ടോ?

ഒന്ന്:

പ്രണയിക്കുമ്പോള്‍ പട്ടികജാതിയില്ല, ഇസ്ലാമുമില്ല

''ഒരു നവോത്ഥാന നായകനാണെങ്കില്‍ പിണറായി വിജയന്റെ മകളെ ഏതെങ്കിലും പട്ടികജാതിക്കാരന് കെട്ടിച്ചയക്കണമായിരുന്നു'' എന്ന കൊടിക്കുന്നേല്‍ സുരേഷിന്റെ പരാമര്‍ശം പിണറായി മറുപടി പറയാതിരുന്നതിനാല്‍ വേഗം കെട്ടടങ്ങി. എന്നാല്‍ ആ പരാമര്‍ശം, നമ്മുടെ 'ഉള്ളിലെ' പുരുഷനെയാണ് വെളിച്ചത്ത് നിര്‍ത്തുന്നത്. ആ പരാമര്‍ശത്തില്‍ മാരകമായ ദളിത് വിരുദ്ധത ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഈ പ്രസ്താവനയെ പിരിച്ചെഴുതിയാല്‍ ഇങ്ങനെയൊക്കെ വായിക്കാം:

രണ്ട്: 

കേരളത്തില്‍ നവോത്ഥാനം സംഭവിച്ചു എന്നത് സത്യമാണ്. ശബരിമല വിഷയത്തില്‍ ഇടതുപക്ഷം (മുഖ്യമായും പിണറായി വിജയന്‍) എടുത്ത നിലപാടുകള്‍ക്കൊപ്പമാണ് കേരളത്തിലെ മതേതര ഹിന്ദു സമൂഹം നിലനിന്നത് എന്ന് തുടര്‍ഭരണത്തിന് വോട്ടര്‍മാര്‍ കയ്യൊപ്പ് ചാര്‍ത്തിയതില്‍നിന്ന് മനസ്സിലാക്കാം. വര്‍ഗ്ഗീയ/ആചാര വികാരങ്ങള്‍ ആളിപ്പടര്‍ത്താന്‍ ശ്രമിച്ചവര്‍ ദയനീയമായി പരാജയപ്പെട്ടു. നാം ചരിത്രത്തില്‍ വായിച്ച നവോത്ഥാനത്തേക്കാള്‍ കാലികമായ മിഴിവ് ഈ തെരഞ്ഞെടുപ്പുകള്‍ക്കുണ്ട്. നവോത്ഥാന മതില്‍ കേരളത്തില്‍ ഒരു 'വ്യാജ പരിവേഷ'മായിരുന്നില്ല.

മൂന്ന്:

'മകളെ കെട്ടിച്ചയക്കുക' എന്ന പാരമ്പര്യ പിതൃ അവകാശവാദത്തിന്റെ തുടര്‍ച്ചയാണ് കൊടിക്കുന്നിലിന്റെ പരാമര്‍ശം. ആരെ വിവാഹം ചെയ്യണമെന്നത് പെണ്‍കുട്ടിയുടെ കൂടി തിരഞ്ഞെടുപ്പാണ് എന്ന് തിരിച്ചറിയാത്ത ഒരു മോശം പിതൃ രക്ഷാകര്‍തൃത്വ ചിന്തയാണ് ആ വാക്കില്‍ വെളിപ്പെടുന്നത്. കെട്ടിച്ചയക്കുക എന്നതുതന്നെ ഒരു തരം പുറം തള്ളലിന്റെ ഭാഷയാണ്, 'ഡിസ്പോസ്' ചെയ്യുക എന്ന രീതിയില്‍. 'പെണ്‍കുട്ടികള്‍' ബാധ്യതയാവുന്ന ഒരു സാമുദായിക/കുടുംബ സങ്കല്പത്തിന്റെ ഉള്ളില്‍നിന്നാണ് ആ തിരുവായ് തുറക്കുന്നത്. പെണ്‍കുട്ടി അവളുടെ ജീവിതപങ്കാളിയെ സ്വയം കണ്ടെത്തുന്ന കാലമാണ്. അങ്ങനെ സ്വയം കണ്ടെത്തുന്ന, ജീവിതത്തിന്റെ അര്‍ത്ഥങ്ങള്‍ സ്വയം നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികള്‍ വലിയ വില കൊടുക്കേണ്ടിവരുന്ന കാലം കൂടിയാണ്. പെണ്‍കുട്ടിയോടൊപ്പം നില്‍ക്കുന്ന അച്ഛന്‍ ഒരു കെട്ടുകഥയായി തോന്നുന്ന സാമൂഹികാന്തരീക്ഷത്തിലാണ് കൊടിക്കുന്നേല്‍ സംസാരിക്കുന്നത്.

നാല്:

കേരളത്തില്‍ അടിത്തട്ടനുഭവങ്ങളില്‍നിന്ന് പട്ടികജാതി സമൂഹം വിദ്യാഭ്യാസപരമായ ഉണര്‍വ്വുകള്‍കൊണ്ട് മുഖ്യധാരയുമായി ലയിച്ചുചേരുന്ന ജീവിതമാണ് നയിക്കുന്നത്. തുല്യതയെക്കുറിച്ചുള്ള രാഷ്ട്രീയ ബോധം ഇവിടെ മിക്കവാറുമുണ്ട്. തുല്യതയെക്കുറിച്ചുള്ള ജാഗ്രതയുള്ള സമൂഹത്തില്‍ മുസ്ലിം അനുഭവിക്കുന്ന അപരത്വം പോലും പട്ടികജാതി സമൂഹം അനുഭവിക്കുന്നില്ല. പൗരത്വ സംരക്ഷണ റാലി അവര്‍ക്ക് സംഘടിപ്പിക്കേണ്ടിവന്നിട്ടില്ല. സുപ്രീം കോടതിയില്‍ ആ ഭേദഗതിക്കെതിരെ ഹരജിയുമായി പോകേണ്ടിവന്നിട്ടില്ല. വെടിയേറ്റ് മരിക്കേണ്ടിവന്നിട്ടില്ല. കേരളത്തിലെങ്കിലും പട്ടികജാതി സമൂഹം ഇപ്പോള്‍ മുസ്ലിങ്ങളെപ്പോലെ അപരത്വത്തിന്റെ അടിത്തട്ടനുഭവം പേറുന്നില്ല. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നാം എങ്ങനെയാണ് വായിക്കുന്നത്? ഒരു 'മുസ്ലിം' രാജ്യം സ്ഥാപിക്കാന്‍ ശ്രമിച്ചു എന്ന വാദം അംഗീകരിച്ചാല്‍ തന്നെ, ആ കാലം പല 'സ്വരൂപങ്ങള്‍' നാട്ടുരാജ്യങ്ങളുടെ അധികാരം കയ്യാളിയ കാലമായിരുന്നു എന്നു മറക്കുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ചും ദേശരൂപങ്ങളെക്കുറിച്ചും പല തരത്തില്‍ ഉള്ള സങ്കല്പങ്ങള്‍ നിലവിലുണ്ടായിരുന്ന കാലം. 'ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത' എന്ന വിശാല ഇന്ത്യയിലേയ്ക്കുള്ള ചുവടുവെയ്പുകള്‍ തുടങ്ങിയിരുന്നില്ല. നമ്മുടെ സമീപ ഭൂതകാല ചരിത്രത്തെത്തന്നെ നാം മറ്റൊരു വിധത്തിലാണ് വായിക്കുന്നത്. 'മറ്റൊരു വിധത്തില്‍ നിരന്തരമായി വായിക്കപ്പെടേണ്ടിവരുന്ന' ചരിത്രപരമായ ദുര്‍ഗ്ഗതി ഇന്ത്യന്‍ മുസ്ലിങ്ങളെപ്പോലെ ആരും തന്നെ പേറിക്കൊണ്ടു നടക്കുന്നില്ല.

അഞ്ച്:

കെ.ഇ.എന്‍ ഒരു ബ്രാഹ്മണ സ്ത്രീയെയാണ് വിവാഹം ചെയ്തത് എന്ന് ദളിത് ഷോവനിസം പല്ലില്‍ കുത്തി നടക്കുന്ന ചില ചങ്ങാതിമാര്‍ ഈ ലേഖകനോട് തമാശയായി പറഞ്ഞിട്ടുണ്ട്. മതരഹിത ജീവിതം നയിക്കുന്ന  അവര്‍ എങ്ങനെ ബ്രാഹ്മണരാകും? മുസ്ലിമാകും? കെ.ഇ.എന്‍ ഇപ്പോള്‍ ഒരു മുസ്ലിമാണ് എന്ന് ആരാണ് നിങ്ങളോട് പറഞ്ഞത് എന്ന് അതിലൊരു ചങ്ങാതിയോട് പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി ഇതായിരുന്നു: ''ഒരിക്കല്‍ മുസ്ലിമായിരുന്ന ആള്‍ എപ്പോഴും മുസ്ലിമാണ്.''

ഒരിക്കല്‍ മുസ്ലിമായിരുന്ന 'ആണ്‍' എപ്പോഴും മുസ്ലിമാണ് എന്ന് 'സുന്നത്ത്' എന്ന കര്‍മ്മത്തിലൂടെ കടന്നുപോയ ഒരാളെക്കുറിച്ച് പറയാം. പക്ഷേ, അയാള്‍ക്ക് അതില്‍ പ്രത്യേകിച്ചൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍, ഒരു വ്യക്തി അയാളുടെ ശരീരം മാത്രമല്ല, ബോധം കൂടിയാണ്. 'ചിന്ത'യാണ്, 'ഓര്‍മ്മ'യാണ് വ്യക്തി. കെ.ഇ.എനും ഭാര്യയും  ഒരു മതരഹിത ചിന്തയുടെ ആവിഷ്‌കാരമായി പ്രണയത്തേയും ജീവിതത്തേയും കണ്ടു. അവരെ ആരും എവിടേക്കും 'കെട്ടിച്ചയച്ചില്ല,' ജീവിതത്തില്‍ സ്വയം ചേര്‍ത്തുപിടിച്ചു.

ആറ്:

'ഈ ചേര്‍ത്തുപിടിക്കലിന്റെ' പ്രണയത്താല്‍ അലിഞ്ഞുചേരുന്ന ജീവിതത്തെയാണ് കൊടുക്കുന്നിലിന് അറിയാത്തത്. അവിടെ പട്ടികജാതിയില്ല, ഇസ്ലാമില്ല, ബ്രാഹ്മണ്യമില്ല. പ്രണയം  ഒരു തുറന്ന ലോകമാണ്. അതനുഭവിക്കാത്തവര്‍ക്ക് ഒരിക്കലും അതിന്റെ രാഷ്ട്രീയം മനസ്സിലാകില്ല. അതിലെ ആനന്ദമോ അനുഭൂതിയോ അറിയില്ല. എത്ര വലിയൊരു വെന്തു നീറലാണ് എന്ന് മനസ്സിലാകില്ല. പ്രണയം വരുമ്പോള്‍ നിങ്ങള്‍ എല്ലാം ഉപേക്ഷിക്കും. ശരീരം ശരീരത്തെ ആദരവോടെ നോക്കും, കെട്ടിപ്പിടിക്കും, ഉമ്മവെയ്ക്കും.  പ്രണയിക്കുമ്പോള്‍ നിങ്ങള്‍ റൂമിയെ, ടാഗോറിനെ താഴെ വെയ്ക്കില്ല. പ്രണയിനിയുടെ മുടിച്ചുരുള്‍ എടുത്ത്, അതുമാത്രം നോക്കി എത്രയോ നേരമിരിക്കും. മുഹമ്മദ് റിയാസിനേയും വീണയേയും പോലെ ഒരേ തോണിയില്‍ സ്വയം മറന്ന് അവര്‍ തുഴയും.

അതുകൊണ്ട് മകളെ ആരോടൊപ്പമെങ്കിലും കെട്ടിച്ചയക്കുന്ന ഒരു  മ്യൂസിയം പീസ് പിതാവിന്റെ വായ് വര്‍ത്തമാനവുമായി കൊടിക്കുന്നില്‍ എന്നല്ല ആരും ഇതുവഴി വരരുതേ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com