കടം കടലോളം; കേരളം എങ്ങോട്ട്?

ഐസക്കിന് പകരമെത്തിയ പുതിയ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചുമതലയേറ്റ ശേഷം ശമ്പളവും പെന്‍ഷനും വിതരണം നല്‍കാന്‍ 3,500 കോടി രൂപ കടമെടുത്തത് ദിവസങ്ങള്‍ക്ക് മുന്‍പ്
കടം കടലോളം; കേരളം എങ്ങോട്ട്?

വളപത്രമെന്നാല്‍ സമഗ്രരേഖയെന്നാണ്. ഒരു വിഷയത്തെ സമഗ്രമായി എന്നാല്‍ ഹ്രസ്വവും ലളിതവുമായി വിശകലനം ചെയ്യുന്ന രേഖയാണ് ധവളപത്രം. ജനാധിപത്യ സംവിധാനത്തില്‍ 'വൈറ്റ് പേപ്പര്‍' പൗരന്മാരെ സത്യാവസ്ഥ അറിയിക്കാന്‍ വേണ്ടിയാണ്. കേരളത്തിന്റെ കഷ്ടാവസ്ഥയെക്കുറിച്ച് ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തോമസ് ഐസക്ക് ഇങ്ങനെയൊരു പേപ്പര്‍ നിയമസഭയില്‍ വച്ചത്. ഈ രേഖയനുസരിച്ച് അന്നേ ട്രഷറി കാലിയാണ്. ദിനേന ഇടപാടുകള്‍ക്ക് പോലും പണമില്ല. യു.ഡി.എഫ് സര്‍ക്കാരിറങ്ങുമ്പോള്‍ ട്രഷറിയില്‍ 1,643 കോടി രൂപ മിച്ചമുണ്ടെന്നായിരുന്നു അവകാശവാദം. അത് അവകാശവാദം മാത്രമാണെന്നാണ് മാത്രമാണ് ഐസക്ക് വ്യക്തമാക്കിയത്. 2021-ല്‍ ഐസക്ക് ഇറങ്ങിയപ്പോഴും ഇത്തരമൊരു അവകാശവാദം ഉയര്‍ന്നു. ഇത്തവണ അയ്യായിരം കോടി രൂപയുടെ ട്രഷറി മിച്ചമുണ്ടെന്നാണ് അവകാശവാദം. ഇതില്‍ 4000 കോടി കടം വാങ്ങിയതും ഭാവിയില്‍ വാങ്ങാന്‍ കഴിയുന്ന 2000 കോടിയും ചേര്‍ത്താണ് 5000 കോടി മിച്ചം ഐസക്ക് കണക്കുകൂട്ടിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. 

ഐസക്കിന് പകരമെത്തിയ പുതിയ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചുമതലയേറ്റ ശേഷം ശമ്പളവും പെന്‍ഷനും വിതരണം നല്‍കാന്‍ 3,500 കോടി രൂപ കടമെടുത്തത് ദിവസങ്ങള്‍ക്ക് മുന്‍പ്. റിസര്‍വ് ബാങ്ക് വഴി പൊതുവിപണിയില്‍നിന്ന് 7.06 ശതമാനം പലിശയ്ക്കാണ് വായ്പയെടുത്തത്. സാധാരണ ആറു ശതമാനമാണ് പലിശ. 18,500 കോടിയാണ് ഈ വര്‍ഷം ഇതുവരെ കടമെടുത്തത്. ഇതോടെ സംസ്ഥാനത്തിന്റെ മൊത്തം പൊതുകടം നാലു ലക്ഷം കോടിക്ക് മുകളിലായി. ആളോഹരി കടം ഒരു ലക്ഷത്തിന് മുകളില്‍. അതായത് ഒരാള്‍ക്ക് ഒരു ലക്ഷത്തിനു മുകളില്‍ ബാധ്യത. സംസ്ഥാന ആസൂത്രണ കമ്മിഷന്‍ പറയുന്നത് അനുസരിച്ച് 2019-20 കാലയളവിലെ പൊതുകടം 2,60,311 കോടിയാണ്. കടവും ജി.എസ്.ഡി.പിയും (സംസ്ഥാന ആഭ്യന്തര ഉത്പാദനം) തമ്മിലുള്ള അനുപാതം 25 ശതമാനത്തില്‍നിന്ന് 30 ശതമാനമായി ഉയര്‍ന്നു. വ്യക്തിപരമായി ചിന്തിക്കുമ്പോഴാണ് കടം മോശം കാര്യമാണെന്നും സര്‍ക്കാരിന്റെ കടം അങ്ങനെയല്ലെന്നും വാദിക്കുന്ന ചില വിദഗ്ധരുണ്ട്. നാളത്തെ സമ്പദ്വ്യവസ്ഥ ഇന്നത്തെ കടവും പലിശയും തിരിച്ചുകൊടുക്കുമെന്ന് അവര്‍ പ്രതീക്ഷവയ്ക്കുന്നു. അതായത് കടം എടുക്കുന്നത് പ്രധാന കെണിയാണെന്ന് ഇവര്‍ വിശ്വസിക്കുന്നില്ല. 

തിരിച്ചടക്കേണ്ടതും പലിശ നല്‍കേണ്ട തുമടക്കമുള്ള കടത്തെ വായ്പയെന്നാണ് എല്ലാ സംവിധാനങ്ങളും വിശേഷിപ്പിക്കുന്നത്. അത് വ്യക്തിയായലും സ്ഥാപനമോ ഭരണകൂടമോ ആയാലും. വരവ് അനുസരിച്ച് ചെലവ് നടത്തണമെന്ന പഴഞ്ചൊല്ല് നവലിബറല്‍ സാമ്പത്തികശാസ്ത്രത്തിന് ചേരുന്നതല്ല. ഏതായാലും സംസ്ഥാനത്തിന്റെ മൊത്തം വാര്‍ഷിക വരുമാനത്തിന്റെ 18.35% തുക പലിശ മാത്രം നല്‍കാനായാണ് ഉപയോഗിക്കുന്നത്. അതായത് 100 രൂപ കിട്ടിയാല്‍ 18.35 രൂപ വായ്പയെടുത്തതിന് പലിശയടക്കണം. ശമ്പളത്തിനും പെന്‍ഷനും 48.46% നീക്കി വയ്ക്കും. ശേഷിക്കുന്ന 33.19 ശതമാനമാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്കും നിത്യച്ചെലവുകള്‍ക്കും മാറ്റിവയ്ക്കുക. ആകെ മൊത്തം വരുമാനത്തില്‍ 40%  ജിഎസ്.ടിയാണ്. വില്‍പ്പന നികുതിയാണ് 39 ശതമാനം. വാഹനനികുതി ഏഴു ശതമാനവും ഭൂനികുതി 0.66 ശതമാനവുമാണ്. സ്റ്റാംപ്-രജിസ്ട്രേഷന്‍ നികുതി 7.18 ശതമാനവും എക്സൈസ് നികുതി 4.48 ശതമാനവുമാണ്. ലോട്ടറിയാണ് കേരളത്തിന്റെ പ്രധാന നികുതി ഇതര വരുമാനമാര്‍ഗം (81 ശതമാനം). 2019-20 കാലയളവില്‍ 9973 കോടിയാണ് ലോട്ടറിയില്‍നിന്ന് സംസ്ഥാന സര്‍ക്കാരിന് കിട്ടിയത്. എന്നാല്‍, നികുതി വരുമാനത്തില്‍ അടിക്കടിയുണ്ടാകുന്ന ഇടിവും റവന്യൂ ചെലവിലെ വര്‍ദ്ധനയും പ്രതിസന്ധി കൂട്ടി. കൊവിഡ് കൂടി വന്നതോടെ സാമ്പത്തിക നില കൂടുതല്‍ പരുങ്ങലിലായി. 2016-ല്‍ പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കേരളത്തിന്റെ പൊതുകടം ഒന്നരലക്ഷം കോടി രൂപയായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിരുത്തരവാദിത്വത്തെ വിമര്‍ശിച്ച് തുടങ്ങിയ ഇടതു സര്‍ക്കാര്‍ വലിയ വാഗ്ദാനങ്ങളാണ് അന്ന് നല്‍കിയത്. 

കുരുക്കിന്റെ കടക്കെണി

പ്രധാനമായും മൂന്നു കാരണങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറയുന്നു. ഒന്ന്, കൊവിഡും ലോക്ക്ഡൗണും. രണ്ട്, ജി.എസ്.ടി നഷ്ടപരിഹാരം വൈകിയത്. മൂന്ന് ഡിവിസീവ് പൂളില് കുറവുണ്ടായത്. കൊവിഡ് പ്രതിസന്ധിയും ജി.എസ്.ടി നഷ്ടപരിഹാരം നിലച്ചതും ഭാവിയിലും വെല്ലുവിളികളായി തുടരും. പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് കുറുക്കുവഴിയിലൂടെ (അതായത് സെസിലൂടെ) വില വര്‍ദ്ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരാകട്ടെ സാമ്പത്തിക കേന്ദ്രീകരണത്തിനുള്ള നടപടികള്‍ തുടരുന്നു. ഉദാഹരണത്തിന് ബി.എച്ച്. രജിസ്ട്രേഷന്‍ ഭാവിയില്‍ സംസ്ഥാനങ്ങളുടെ മോട്ടോര്‍നികുതി വരുമാനമാകും ലക്ഷ്യമിടുക. പ്രതിസന്ധി മറികടക്കാന്‍ നികുതി വരുമാനം കൂട്ടുകയെന്ന പ്രതിവിധിയാണ് തോമസ് ഐസക് കണ്ടത്. എന്നാല്‍, നികുതി പിരിവ് കൂട്ടാനായില്ല. വരുമാനവര്‍ദ്ധന പത്തു ശതമാനത്തില്‍ താഴെ മാത്രം. പ്രധാന വരുമാനമാര്‍ഗ്ഗമായിരുന്ന വില്‍പ്പന നികുതി ജി.എസ്.ടി വന്നതോടെ ഇല്ലാതാകുകയും ചെയ്തു. അതായത്, വരുമാനം മുഴുവന്‍ കേന്ദ്രത്തിന്റെ കസ്റ്റഡിയിലായെന്നു ചുരുക്കം. സംസ്ഥാനവിഹിതം സമയത്ത് കിട്ടാതേയുമായി. കോടതി കയറുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ വല്ലതും കിട്ടും. അതും തുലോം തുച്ഛം. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കില്‍ വായ്പയെടുത്തോളാനാണ് കേന്ദ്രം പറയുന്നത്. പലിശഭാരം സംസ്ഥാനം വഹിക്കണം. അതായത് തരാനുള്ള പൈസ തരുന്നുമില്ല, വേണമെങ്കില്‍ കടം വാങ്ങിച്ചോ എന്നാണ് നിര്‍മലാ സീതാരാമന്റെ നിലപാട്. ആദ്യം എതിര്‍ത്തെങ്കിലും ജി.എസ്.ടിയുടെ കാര്യത്തിലെന്നപോലെ അധികകടം വാങ്ങാന്‍ കേരളവും തീരുമാനിച്ചു. 

രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം നിലവില്‍ വന്നിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നു. വരുമാനനഷ്ടം നികത്തണമെന്നുള്ള ബാധ്യത ഇനി കേന്ദ്രസര്‍ക്കാരിനില്ല. ജിഎസ്.ടിയില്‍നിന്നുള്ള വരുമാനം, വില്‍പ്പന നികുതിയില്‍നിന്നുള്ള വരുമാനത്തേക്കാള്‍ കുറവാണെങ്കില്‍ അത് അഞ്ച് വര്‍ഷം കേന്ദ്രം നികത്തും എന്നായിരുന്നു കരാര്‍. കേന്ദ്രസര്‍ക്കാര്‍ ജി.എസ്.ടി നടപ്പാക്കിയിട്ട് അഞ്ചാം വര്‍ഷത്തിലേയ്ക്ക് കടക്കുകയാണ്. 2022 ജൂലൈ കഴിഞ്ഞാല്‍ അതും നില്‍ക്കും. അതോടെ ഇപ്പോള്‍ അനുവദിച്ചു കിട്ടുന്ന തുക കൂടി ഇല്ലാതാകും.  ജി.എസ്.ടി നടപ്പാക്കിയ ശേഷം 2017-18ല്‍ സാമ്പത്തിക വര്‍ഷത്തില്‍ 9 മാസത്തെ നഷ്ടപരിഹാരവിഹിതമായി 2,102 കോടി രൂപയും 2018-19ല്‍ 3,532 കോടിയും 2019-20ല്‍ 8,111 കോടിയും 2020-21ല്‍ 914 കോടിയുമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. ഏറ്റവും ഒടുവില്‍ കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ 13,000 കോടി വായ്പയെടുക്കാനും അനുമതി നല്‍കി. ഈ വായ്പയില്‍ ഒരു വിഹിതം കേന്ദ്രം അടയ്ക്കുന്നതാണ് പാക്കേജ്. ഇതിനിടയില്‍  ധനകാര്യ കമ്മിഷന്റെ ഗ്രാന്റ് 15,000 കോടിയോളം കിട്ടി. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി, വായ്പാപരിധി 3 ശതമാനത്തില്‍നിന്നും അഞ്ചാക്കി കേന്ദ്രം  ഉയര്‍ത്തി നല്‍കി അതുകൊണ്ടാണ് ഇപ്പോള്‍ ശമ്പളത്തിനും മറ്റുമായി വായ്പയെടുക്കാന്‍ തടസ്സമൊഴിവായത്. കൊവിഡ് സാഹചര്യത്തില്‍ നഷ്ടപരിഹാര വ്യവസ്ഥ അഞ്ചു വര്‍ഷം കൂടി കൂട്ടണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. ബി.ജെ.പി സംസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിക്കുന്നു. 

കാലാവധി നീട്ടാന്‍ നിയമഭേദഗതി വേണ്ടിവരും. ജി.എസ്.ടി പുനഃസംഘടനയും സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നു. എവിടെയാണോ വിറ്റഴിക്കപ്പെടുന്നത് അവിടെ നികുതി ലഭിക്കുന്ന സംവിധാനമാണ് ജി.എസ്.ടി വിഭാവനം ചെയ്തത്. അതനുസരിച്ച് ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് ജി.എസ്.ടി ഗുണകരമാകുമെന്നായിരുന്നു തോമസ് ഐസക്കിന്റെ കണക്കുകൂട്ടല്‍. അത് പാടേ പിഴച്ചു പോയി. കോഴിയിറച്ചി മുതല്‍ ഹോട്ടല്‍ ഭക്ഷണം വരെയുള്ള മേഖലകളില്‍ നികുതി പിരിവ് ഊര്‍ജ്ജിതമായില്ല.

​ധനമന്ത്രി കെഎൻ ബാല​ഗോപാൽ ബജറ്റ് അവതരണവേളയിൽ
​ധനമന്ത്രി കെഎൻ ബാല​ഗോപാൽ ബജറ്റ് അവതരണവേളയിൽ

സാമൂഹ്യ സുരക്ഷ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണില്‍ സാമ്പത്തികസുരക്ഷിതത്വമില്ലാതെ സാധാരണക്കാര്‍ ആത്മഹത്യയില്‍ അഭയം തേടുമ്പോഴാണ് 5.2 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവര്‍ദ്ധനയും ഉത്സവബത്തയുമടക്കം സര്‍ക്കാര്‍ നല്‍കിയത്. ഏപ്രിലില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ശമ്പളവര്‍ദ്ധന നടപ്പാക്കിയത്. ഇതിന് 4850 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവച്ചത്.  5.2 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു ലക്ഷം പേര്‍ക്ക് ഓണബോണസായി 4000 രൂപ കിട്ടും. 2750 രൂപയാണ് ഉത്സവബത്ത. 5.3 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് 1000 രൂപ വീതവും കിട്ടും. എല്ലാ ജീവനക്കാര്‍ക്കും ഫെസ്റ്റിവല്‍ അഡ്വാന്‍സായി 15000 രൂപയും വാങ്ങാം. അഞ്ച് മാസം കൊണ്ട് ഇത് തിരിച്ചടച്ചാല്‍ മതി. ലോക്ക്ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞ 85 ദിവസങ്ങള്‍ക്കുള്ളില്‍ ആത്മഹത്യചെയ്തത് 41 പേരാണ്. തൊഴില്‍ നഷ്ടവും കടക്കെണിയുമാണ് ഈ ആത്മഹത്യകള്‍ക്ക് പ്രധാന കാരണം. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരും വ്യാപാരികളും അനുഭവിക്കുന്ന സാമ്പത്തികപ്രതിസന്ധി അതിജീവിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടികളും സ്വീകരിച്ചിട്ടുമില്ല. ആസൂത്രണ കമ്മിഷന്റെ കണക്ക് അനുസരിച്ച് 1.27 കോടി തൊഴിലാളികളാണുള്ളത്. ആദ്യ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ 73 ലക്ഷം പേരെ ബാധിച്ചെന്നാണ് ആസൂത്രണ കമ്മിഷന്റെ വിലയിരുത്തല്‍. അതായത് നികുതിയായി സാധാരണക്കാര്‍ നല്‍കുന്ന വരുമാനം നാലു ശതമാനം ജീവനക്കാരുടെ ക്ഷേമത്തിനു വേണ്ടി ചെലവഴിക്കപ്പെട്ടു. ലോക്ക്ഡൗണില്‍ ഒരു ദിവസം പോലും ഇവര്‍ക്ക് ജോലിയോ വേതനമോ നഷ്ടമായിട്ടുമില്ല. തൊഴില്‍മേഖലയിലെ വിവേചനവും അസമത്വവും കൂട്ടുകയാണ് സര്‍ക്കാരെന്ന വാദം ഇതിനകം ജോസ് സെബാസ്റ്റിനെപ്പോലെയുള്ള സാമ്പത്തികവിദഗ്ദ്ധര്‍ ഉന്നയിച്ചിട്ടുണ്ട്. 

പരിഹാരമെന്ത്?

കൊവിഡ് തരംഗങ്ങളുടെ സാമ്പത്തിക ആഘാതം മറികടക്കാന്‍ എന്തൊക്കെ ചെയ്യാനാകും എന്നതിനെക്കുറിച്ച് ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ടാക്സേഷനോട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നാം തരംഗത്തെ തുടര്‍ന്ന് വിവിധ സമിതികള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതുപ്രകാരം മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ വര്‍ദ്ധിപ്പിച്ചും കാര്‍ഷിക, വ്യാവസായിക മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കിയും സ്ഥിതി മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് സര്‍ക്കാര്‍ വാദം. നികുതി കുടിശ്ശിക പിരിച്ചെടുക്കലാണ് വരുമാനം മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗം. 

ക്വാറികളും പാട്ടത്തിന് കൊടുത്തിരിക്കുന്ന തോട്ടങ്ങളും ഏറ്റെടുക്കാമെന്നതാണ് മറ്റൊരു സാധ്യത. ചെലവിന്റെ 60 ശതമാനത്തോളം ശമ്പളവും പെന്‍ഷനും പലിശയും നല്‍കുന്നതിനാല്‍ ഈ ഇനത്തിലെ ചെലവ് കുറയ്ക്കാനാവില്ല. കൂടുതല്‍ ധനസഹായത്തിനായി കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കാമെന്നേയുള്ളൂ. അതിനും ഉറപ്പില്ല. നികുതിയേതര വരുമാനമാണ് മറ്റൊന്ന്. ഭാഗ്യക്കുറിയിലൂടെയുള്ള വരുമാനത്തിന്റെ നൈതികത മാറ്റിവച്ചാല്‍ പോലും അതൊരു സ്ഥിരതയാര്‍ന്ന വരുമാനമായി കണക്കാക്കാനാകില്ല. പിന്നെ പൊതുമേഖലാ സംരംഭങ്ങളാണ്. സംസ്ഥാനത്തിലെ ആകെ ചരക്ക്-സേവന ഉല്പാദനത്തിന്റെ നാലുശതമാനം പൊതുമേഖലയുടേതാണ്. എന്നാല്‍, അതില്‍നിന്ന് സംസ്ഥാനത്തിനു കിട്ടുന്ന ലാഭവിഹിതം വരവിന്റെ ഒരു ശതമാനം പോലുമില്ല. മിക്ക സംരംഭങ്ങള്‍ക്കും ആദായമില്ല. പോരാത്തതിന് അവ സര്‍ക്കാരിനു വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നു.

സര്‍ക്കാര്‍ മൂലധനം നിക്ഷേപിച്ച 130-ലേറെ സംരംഭങ്ങളുണ്ട്. അവയില്‍ ഒന്നേകാല്‍  ലക്ഷം ജോലിക്കാരുണ്ട്. 50 വ്യവസായ സ്ഥാപനങ്ങളുള്ളതില്‍ 15 എണ്ണത്തിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുന്നു. ലാഭകരമായ സര്‍ക്കാര്‍ സംരംഭങ്ങള്‍ ബിവ്‌റേജസ് കോര്‍പ്പറേഷനും കേരളാസ്റ്റേറ്റ് ഫൈനാന്‍ഷ്യല്‍ എന്റര്‍പ്രൈസസുമാണ്. ഇവ രണ്ടിന്റെയും പ്രധാന ഉപഭോക്താക്കള്‍ മധ്യവര്‍ഗ്ഗവും താഴ്ന്ന വരുമാനക്കാരുമാണ്. ഉയര്‍ന്ന വിലയ്ക്ക് മദ്യം നല്‍കി അവരുടെ വരുമാനത്തിലൊരു പങ്ക് സര്‍ക്കാര്‍ നേടുന്നു. ചിട്ടിക്കമ്പനിക്കു സ്വര്‍ണ്ണ വായ്പയുമുണ്ട്. അതിന്റെ പ്രഖ്യാപിതലക്ഷ്യം സ്വകാര്യപണമിടപാടുകാരുടെ പലിശയില്‍നിന്നും കടക്കെണിയില്‍നിന്നും സാധാരണക്കാരെ രക്ഷിക്കുകയാണ്. എന്നാല്‍, സ്വകാര്യ പണമിടപാടുകാര്‍ ഈ സൗകര്യം ഉപയോഗിച്ച് കടമെടുത്തു ഉയര്‍ന്ന പലിശയ്ക്ക് സാധാരണക്കാര്‍ക്ക് കടം കൊടുക്കുന്നു (സി.എ.ജി, 'റിപ്പോര്‍ട്ട് ഓണ്‍ പബ്ലിക് സെക്ടര്‍ അണ്ടര്‍ടേക്കിങ്സ് ഫോര്‍ ദി ഇയര്‍ എന്‍ഡഡ് 31 മാര്‍ച്ച് 2018 കേരള', 2020). നികുതിയേതര വരുമാനത്തിന്റെ മറ്റു ഉറവിടങ്ങളായ ഭൂമിപാട്ടം, ധാതുഖനനഭോഗം എന്നിവ കൂടുതല്‍ പ്രയോജനപ്പെടുത്തും വിധം  നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനോ അനധികൃത പ്രവര്‍ത്തനം തടയാനോ മാറിവന്ന സര്‍ക്കാരുകള്‍ തയ്യാറല്ല. വിദ്യാഭ്യാസ-ആരോഗ്യരക്ഷാ ഫീസ്, ജലസേചനച്ചുങ്കം എന്നിവ കൂട്ടുന്നത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കും. അത് അവഗണിച്ചാലും നിരക്കുകള്‍ വലിയ തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല. നികുതിയേതര വരുമാനവര്‍ദ്ധനയില്‍ ഏറെ പ്രതീക്ഷ വേണ്ടെന്നു ചുരുക്കം. 

കിഫ്ബി പരിഹാരമല്ല; ദുരന്തം

പ്രശ്‌നങ്ങള്‍ക്ക് സര്‍വ്വപരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ട സംരംഭമാണ് കിഫ്ബി. ഇപ്പോഴാ വാദമില്ല. എന്നാല്‍, നിശ്ശബ്ദമായി അതിന്റെ പേരില്‍ പദ്ധതികളും കടമെടുപ്പും തുടരുന്നു. പിണറായി വിജയന്‍ വികസന സ്വപ്നമായി അവതരിപ്പിക്കപ്പെടുന്ന കെ-റെയില്‍ പദ്ധതിക്കു വേണ്ടി മാത്രം 33700 കോടി വിദേശവായ്പ സ്വീകരിക്കാനാണ് തീരുമാനം. 64000 കോടിയാണ് ചെലവ്. അടിസ്ഥാന സൗകര്യ വികസനമെന്ന ലക്ഷ്യം കടമെടുപ്പിനെ കേവലമായി സാധൂകരിക്കില്ലെന്ന് പറയുന്നു സാമ്പത്തിക വിദഗ്ദ്ധനായ കെ.ടി. റാം മോഹന്‍. അടിസ്ഥാന സൗകര്യം ലഭ്യമാകുമ്പോള്‍ വ്യവസായനിക്ഷേപം തനിയെ വരുമെന്ന ധാരണ അസ്ഥാനത്താണ്. അതിനു മുന്നുപാധികള്‍ മറ്റനേകമാണ്. ഗതാഗതം സുഗമമാക്കുന്നതിനും വിനിമയച്ചെലവ് കുറയ്ക്കുന്നതിനും പുറമെ അടിസ്ഥാന സൗകര്യ പദ്ധതിനിര്‍മ്മാണം തൊടുത്തുവിടുന്ന ആദാനപ്രദാനങ്ങളും അവ ഉളവാക്കുന്ന സാമ്പത്തിക ഉത്തേജനവുമാണല്ലോ മറ്റൊരു പ്രതീക്ഷിത നേട്ടം. എന്നാല്‍, വ്യാവസായികമായി കേരളം പിന്നാക്കമായതിനാല്‍ മിക്കവാറും നിര്‍മ്മാണസാമഗ്രികള്‍ക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതുണ്ട്. നിര്‍മ്മാണത്തിന്റെ ഗുണഫലങ്ങള്‍  ദൃശ്യമാവുന്നത് ഏറെയും അവിടെയാവും. കടമെടുക്കുന്നത് തെറ്റല്ല. എന്നാല്‍, ധനക്കമ്മിയുള്ളതിനാല്‍ കടമെടുക്കുകയല്ലാതെ വഴിയില്ല എന്ന ദ്രുതനിഗമനം യുക്തിസഹമല്ലെന്ന് പറയുന്നു അദ്ദേഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com