നിസ്സഹായരായ നമുക്കും ഭൂമിയിലെ, ഇന്ത്യയടക്കമുള്ള രാഷ്ട്രത്തലവന്മാരോട് പ്രാര്‍ത്ഥിക്കാനുള്ളത് ഇത്രമാത്രം

കൊവിഡ് മഹാമാരിയുടെ വ്യാപനത്തിനിടയില്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ മരിച്ചുവീഴുമ്പോഴും, എവിടെയോ 'വിശ്വമാനവി' എന്ന പ്രതീക്ഷ, സാങ്കേതികതയുടെ മികവിലാണെങ്കില്‍പ്പോലും, നാം പ്രതീക്ഷിച്ചിരുന്നു
നിസ്സഹായരായ നമുക്കും ഭൂമിയിലെ, ഇന്ത്യയടക്കമുള്ള രാഷ്ട്രത്തലവന്മാരോട് പ്രാര്‍ത്ഥിക്കാനുള്ളത് ഇത്രമാത്രം

1938 -ല്‍ പ്രസിദ്ധീകൃതമായ 'പ്രാന്തിക്' (അതിര്‍ത്തി മണ്ഡലം) എന്ന ഗ്രന്ഥത്തിലെ ഒരു കവിതയില്‍ രബീന്ദ്രനാഥ ടാഗോര്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു:

''വിസ്മൃതിയുടെ കറുത്ത കല്‍ത്തുറുങ്കില്‍നിന്ന്
മോചിതനായപ്പോള്‍
അസഹ്യമായൊരാശ്ചര്യത്തിലേക്കാണ് ഞാനുണര്‍ന്നത്
ഞാനിരിക്കുന്നത് നരകത്തിലെ 
തീ തുപ്പി മലയുടെ 
മുഖദ്വാരത്തില്‍
അത് മനുഷ്യരാശിയെ സംഹരിക്കാനുള്ള
നരാഗ്‌നിയുടെ തീപ്പുക ചീറ്റിക്കൊണ്ടിരിക്കുന്നു.
അതിന്റെ ഒരു വശത്ത് പൈശാചികതയുടെ
ധിക്കാരവും നരവംശസംഹാരത്തിന്റെ മുരട്ടലും
മറുവശത്ത് കട്ടുകൂട്ടിയ മുതല്‍ക്കൂമ്പാരങ്ങള്‍ക്ക്
കാവല്‍ നില്‍ക്കുന്നവര്‍ക്ക് ഉളുപ്പില്ലാത്ത
അധികാര പ്രതാപവും.''

രണ്ടാം ലോകയുദ്ധത്തിന്റെ നശീകരണ താണ്ഡവമായ ഹിരോഷിമയുടേയും നാഗസാക്കിയുടേയും മേലുള്ള അണുബോംബുവര്‍ഷത്തെ പ്രവചിക്കുന്ന 1937-ലെ ക്രിസ്തുമസ് ദിനത്തിലെഴുതിയ, 'പ്രാന്തിക്' കവിതയില്‍ കവി കുറിച്ചു.

''വിഷധൂളികള്‍ പറത്തിക്കൊണ്ട് എങ്ങും
വിഷസര്‍പ്പങ്ങള്‍ ചീറ്റുന്നു
രാക്ഷസരോടുള്ള ഏറ്റുമുട്ടലില്‍
മധുരമായ ശാന്തിവചനങ്ങള്‍ അപഹാസ്യം
എന്നാലും വിടപറയുംമുന്‍പ്
രാക്ഷസനോടേറ്റുമുട്ടാന്‍
അകത്തളങ്ങളില്‍ ഒരുക്കം കൂട്ടുന്നവര്‍ക്ക്
വിജയാശംസകള്‍ നേരുന്നു.

(പുറം: 297, ടാഗോര്‍: കൃഷ്ണകൃപലാനി: 
വിവ: സി.പി. ഗംഗാധരന്‍)

വ്ലാദിമിർ പുടിൻ
വ്ലാദിമിർ പുടിൻ

കഴിഞ്ഞ മൂന്നാഴ്ചകളായി മാനവചൈതന്യം വിഷലിപ്തമാക്കിക്കൊണ്ടിരിക്കുന്ന വ്‌ലാഡിമിര്‍ പുടിന്‍ എന്ന ഭീകരവാദിയുടെ യുക്രെയ്ന്‍ അധിനിവേശത്തിനെതിരെ ശാന്തിയുടെ പ്രതിരോധമുയര്‍ത്താന്‍, ലോകം കവി സ്വപ്നം കണ്ടതുപോലെ ഉണരുന്നില്ല എന്നതാണ് നമ്മുടെ കാലത്തിന്റെമഹാദുരന്തം. 1970 മുതലുള്ള ആഗോളവല്‍ക്കരണം എന്ന പ്രക്രിയയിലൂടെ, അതിന്റെ തിന്മകള്‍ എന്തൊക്കെയായാലും, ലോകരാജ്യങ്ങളും മനുഷ്യരും പരസ്പരം ബന്ധിതരാണെന്നും അവരുടെ ജൈവികമായ കൂട്ടായ്മയാണ് ഭാവിയുടെ അതിജീവന മന്ത്രമെന്നും ഒരു തോന്നലുണ്ടായിരുന്നു; പ്രത്യേകിച്ചും ലോകത്തെ യുവാക്കളില്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തുള്ള എറവെന്ന വയലോര ഗ്രാമത്തിലിരുന്നുകൊണ്ട് എനിക്ക് ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലേയും ഗ്രീന്‍ലാന്റിലേയുമെല്ലാം യുവാക്കളുമായി, സ്നേഹസന്ദേശങ്ങള്‍ കൈമാറാന്‍ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകൊണ്ട് സാധ്യമാണ്. അതുകൊണ്ടാവാം യുക്രെയ്‌നിലെ കീവില്‍നിന്ന് പോളണ്ടിലേക്ക് പലായനം ചെയ്യുന്ന പത്തൊമ്പതുകാരിയായ പെണ്‍കുട്ടി തീവണ്ടി കേറുന്നതിനിടയില്‍ ബി.ബി.സി. റിപ്പോര്‍ട്ടറോട് ഇങ്ങനെ ചോദിച്ചത്: 'How can someone be so bad in 2022?' (2022ല്‍ എങ്ങനെയാണ് ഒരാള്‍ക്ക് ഇങ്ങനെ തിന്മയുള്ളവനായിരിക്കാന്‍ കഴിയുന്നു?). ഈ ചോദ്യം ഭൂമിയിലെ മുഴുവന്‍ യുവജനങ്ങളും പുടിനോടും ലോകരാഷ്ട്രങ്ങളിലെ നേതാക്കളോടും ആണ്‍കോയ്മയോടും ചോദിച്ചുകൊണ്ടിരിക്കുകയാണ്. ഇത്രയും നിന്ദ്യമായ ധാര്‍മ്മിക അധഃപതനം, രണ്ടാം ലോകയുദ്ധത്തിനുശേഷം മനുഷ്യന്‍ നേരിട്ടിട്ടില്ല. 

കൊവിഡ് മഹാമാരിയുടെ വ്യാപനത്തിനിടയില്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ മരിച്ചുവീഴുമ്പോഴും, എവിടെയോ 'വിശ്വമാനവി' എന്ന പ്രതീക്ഷ, സാങ്കേതികതയുടെ മികവിലാണെങ്കില്‍പ്പോലും, നാം പ്രതീക്ഷിച്ചിരുന്നു; സ്വപ്നം കണ്ടിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനുശേഷമുണ്ടായ ലീഗ് ഓഫ് നേഷനും തുടര്‍ന്നുണ്ടായ യുണൈറ്റഡ് നേഷന്‍സും നേരിയ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. ഇന്ന് അതെല്ലാം അസ്തമിച്ചിരിക്കുന്നു. അമേരിക്കയും യൂറോപ്പും ഇന്ത്യയുമെല്ലാം ചര്‍ച്ച ചെയ്യുന്നത് റഷ്യയുടെ യുക്രെയ്ന്‍ യുദ്ധം മൂലമുണ്ടാകുന്ന സാമ്പത്തിക തകര്‍ച്ചയെപ്പറ്റിയും എണ്ണവിലയെപ്പറ്റിയുമാണ്. യുദ്ധം എങ്ങനെ നിര്‍ത്താം, ഭൂമിയില്‍ ശാന്തി എങ്ങനെ പുനഃസ്ഥാപിക്കാം, വിശ്വമാനവി എന്ന മഹാസ്വപ്നത്തിലേക്ക് എങ്ങനെ നീങ്ങാം എന്നതിനെക്കുറിച്ചുള്ള സര്‍ഗ്ഗാത്മകവും ക്രിയാത്മകവുമായ ചിന്തകളും നീക്കങ്ങളും യുദ്ധത്തിന്റെ വിഷപുകയ്ക്കിടയില്‍ കാണാനേ ഇല്ല എന്നതാണ് ദുഃഖകരം. 

സമാധാന ദൂതന്‍ എന്ന് കഴിഞ്ഞ എഴുപതുവര്‍ഷമായി അവകാശപ്പെടുന്ന ഇന്ത്യ ധാര്‍മ്മികമായ നിലപാടുപേക്ഷിച്ച് ആയുധക്കച്ചവടത്തിന്റേയും വിപണിയുടേയും താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി നിശ്ശബ്ദരായി. ഇന്ത്യ ഉയര്‍ത്തിപ്പിടിച്ചിരുന്ന 'പഞ്ചശീലം', 'ചേരിചേരാ നയം' എന്നീ ധാര്‍മ്മിക വചനങ്ങളൊന്നും ഇന്ത്യന്‍ പ്രധാനമന്ത്രി മന്ത്രിക്കുന്നുപോലുമില്ല. ഇരുപതു ലക്ഷംപേര്‍ യുക്രെയ്നില്‍നിന്ന് അതിര്‍ത്തിരാജ്യങ്ങളിലേക്ക് പലായനം ചെയ്തതായാണ് പ്രാഥമിക വിവരങ്ങള്‍. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായിട്ടുള്ള ഏറ്റവും ദുരന്താത്മകമായ പലായനം. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും വയോജനങ്ങളുമാണ്. ആതിഥേയ രാജ്യങ്ങളുടെ സാംസ്‌കാരികാവസ്ഥയും രാഷ്ട്രീയ കാലാവസ്ഥയും അഭയാര്‍ത്ഥികളുടെ അനിയന്ത്രിത പ്രവാഹത്തില്‍ കാലക്രമേണ വ്യത്യസ്തമായിത്തീരും. യുക്രെയ്നില്‍ ശേഷിക്കുന്ന പൗരന്മാരുടെ സ്ഥിതി അതിദയനീയമാണെന്ന് മാധ്യമങ്ങളില്‍നിന്ന് മനസ്സിലാക്കാനാവും. വെള്ളവും ഭക്ഷണവും വെളിച്ചവും പാര്‍പ്പിടവും ശുദ്ധവായുവും എല്ലാം അവര്‍ക്കന്യമാണ്. യുദ്ധം ഒരുവിധം അവസാനിച്ചാല്‍ത്തന്നെ, അതുണ്ടാക്കിയ കെടുതികള്‍ ഇല്ലാതാവാന്‍ ആ ജനതയ്ക്ക് പതിറ്റാണ്ടുകള്‍ വേണ്ടിവരും.

ചെർണോബിൽ ആണവ നിലയത്തിന് മുന്നിൽ യുക്രെയ്ൻ ദേശീയ പതാക സ്ഥാപിക്കുന്ന സൈനികൻ. യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ചിത്രം
ചെർണോബിൽ ആണവ നിലയത്തിന് മുന്നിൽ യുക്രെയ്ൻ ദേശീയ പതാക സ്ഥാപിക്കുന്ന സൈനികൻ. യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ചിത്രം

ലോകം റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം മൂലം വലിയ സാംസ്‌കാരിക പ്രതിസന്ധികൂടി നേരിടുന്നുണ്ട്. റഷ്യയില്‍ നിന്നുള്ള അന്തര്‍ദ്ദേശീയ വിമാനസര്‍വ്വീസുകളെല്ലാം നിര്‍ത്തലാക്കി. റഷ്യന്‍ പൗരന്മാര്‍ തീര്‍ത്തും ഒറ്റപ്പെട്ടുകഴിഞ്ഞു. ഇതോടെ സ്വേച്ഛാധിപതിയായ പുടിന്‍ ജനങ്ങളുടെ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. പൗരാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടു. പുടിന്റെ യുദ്ധക്കൊതിക്കുനേരെ പ്രകടനം നടത്തുന്നവരും സ്വാതന്ത്ര്യദാഹികളായ മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും തടവറയിലാണ്. റഷ്യന്‍ ചാനലുകള്‍ യൂറോപ്പില്‍ നിരോധിക്കപ്പെട്ടിരിക്കുകയാണ്. കലയും സംഗീതവും റഷ്യയില്‍ നിരോധിതമാണ്. റഷ്യന്‍ സംഗീത-നൃത്ത പരിപാടികളും കായികവിനോദങ്ങളും യൂറോപ്യന്‍ രാജ്യങ്ങള്‍ അനുവദിക്കുന്നില്ല. ആധുനിക ലോകത്തിന്റെ സാംസ്‌കാരിക വിനിമയങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കപ്പെടുന്നത്, വിശ്വമാനവിയുടെ ബൗദ്ധിക മണ്ഡലത്തെ വിഭാഗീയവല്‍ക്കരിക്കും.

ചെര്‍ണോബില്‍ ശ്വസിക്കുന്ന ശവക്കല്ലറ

ഇതിനേക്കാളൊക്കെ ഭയാനകമായ ഒരു ദുരന്തത്തിന്റെ മുള്‍മുനയിലാണ് ലോകം. യുദ്ധത്തിന്റെ പൈശാചിക താണ്ഡവം യുക്രെയ്നില്‍ അടച്ചുപൂട്ടിക്കിടക്കുന്ന ചെര്‍ണോബില്‍ ആണവ റിയാക്ടറിനെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. 1945-ലെ ഹിരോഷിമ-നാഗസാക്കി ആണവാക്രമണമാണ് 1956-ല്‍ ഇന്റര്‍നാഷണല്‍ ആറ്റമിക് എനര്‍ജി ഏജന്‍സി (IAEA) സ്ഥാപിതമാകാന്‍ കാരണമായത്. ഇന്നത്തെ അവസ്ഥയില്‍ ഈ ഏജന്‍സിക്ക് ചെര്‍ണോബിലില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

സ്വെറ്റ്ലാന
സ്വെറ്റ്ലാന

2015-ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ സ്വെറ്റ്ലാന അലെക്സ്യേവിച്ചിന്റെ 'ചെര്‍ണോബില്‍ പ്രാര്‍ത്ഥന' (വിവ: എബ്രഹാം) ഒരാവര്‍ത്തി വായിച്ചിട്ടുള്ള ഏതൊരാളിനും മനുഷ്യരാശിയെപ്പറ്റിയും ഭൂമിയിലെ ഇതര ജീവജാലങ്ങളെപ്പറ്റിയുമുള്ള വേദനയില്‍നിന്ന് മോചിതമാകാന്‍ കഴിയില്ല. 

1986 ഏപ്രില്‍ 26 പുലര്‍ച്ചെ 1:24-നാണ് യുക്രെയ്നിലെ ചെര്‍ണോബില്‍ ആണവനിലയത്തിന്റെ റിയാക്ടര്‍ നമ്പര്‍ 4-ല്‍ ഒരു ശ്രേണി പൊട്ടിത്തെറി ഉണ്ടാകുന്നത്. ''ചെര്‍ണോബിലിന്റെ അനന്തരഫലമായി രാജ്യത്തിന് 485 ഗ്രാമങ്ങളും പട്ടണങ്ങളും നഷ്ടപ്പെട്ടു. എഴുപതെണ്ണം ഭൂമിക്കടിയില്‍ എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടു.'' രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ പ്രദേശത്തുള്ള നാലിലൊന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. ചെര്‍ണോബില്‍ പൊട്ടിത്തെറിയുടെ ഫലമായി 2.1 ദശലക്ഷം മനുഷ്യര്‍ക്ക് റേഡിയേഷനേറ്റു. അവരില്‍ ഏഴുലക്ഷം പേര്‍ കുട്ടികളായിരുന്നു.

''ഇപ്പോള്‍ 'അഭയവസ്തു' എന്നറിയപ്പെടുന്ന (പൊട്ടിത്തെറിച്ച ചെര്‍ണോബില്‍) റിയാക്ടര്‍ നമ്പര്‍ 4-ന്റെ ഈയംകൊണ്ട് കൂടുതല്‍ ബലപ്പെടുത്തിയ കോണ്‍ക്രീറ്റ് ഉദരത്തില്‍ ഏകദേശം 200 ടണ്‍ ന്യൂക്ലിയര്‍ പദാര്‍ത്ഥങ്ങളുണ്ട്. ഈ ഇന്ധനം ഭാഗികമായി ഗ്രാഫൈറ്റും കോണ്‍ക്രീറ്റും കൂട്ടിക്കലര്‍ത്തിയതാണ്. അതിന്നകത്ത് ഇപ്പോള്‍ നടക്കുന്നത് എന്താണെന്ന് ആരും അറിയുന്നില്ല.'' (പുറം: 15)

ചെര്‍ണോബില്‍ 'ശവക്കല്ലറ' നിര്‍മ്മിച്ചിരിക്കുന്നത് പ്രാകൃതമായ രീതിയിലാണ്. അതിന്റെ ഭാഗങ്ങള്‍ ഒന്നിച്ചുചേര്‍ത്തത് റോബോട്ടുകളും ഹെലിക്കോപ്റ്ററുകളുമാണ്. അതുകൊണ്ടുതന്നെ ധാരാളം വിള്ളലുകളുണ്ടെന്നും സ്വെറ്റ്ലാന ചൂണ്ടിക്കാട്ടുന്നുണ്ട്. പിളര്‍പ്പുകളും വിള്ളലുകളും കൂടി 200 സ്‌ക്വയര്‍ മീറ്ററിനേക്കാള്‍ കൂടുതലുണ്ടത്രെ. അവയിലൂടെ എയെറെഡോള്‍ റേഡിയോ വികിരണം തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്നു (പുറം: 15). ചെര്‍ണോബില്‍ ശവക്കല്ലറ ഇപ്പോഴും ശ്വാസമുള്ള ഒരു മൃതദേഹമാണെന്നര്‍ത്ഥം. അത് ശ്വസിക്കുന്നത് മരണമാണ്. ഈ യുദ്ധകാലത്ത്, ഭൂമിയിലെ ഒരു മനുഷ്യനെന്ന നിലയില്‍ നമുക്കറിയേണ്ടത് ഈ 'അഭയ സങ്കേതം' പരാജയപ്പെടുമോ? 1986-നേക്കാള്‍ നാശോന്‍മുഖമായ അനന്തരഫലങ്ങളെ അത് കെട്ടഴിച്ചുവിടുമോ?

ചെര്‍ണോബിലിനെപ്പറ്റി സ്വെറ്റ്ലാന പറയുന്നത് കേള്‍ക്കുക: ''ചെര്‍ണോബില്‍, എല്ലാ യുദ്ധങ്ങളുടേയും യുദ്ധം പോലെയാണ്. അവിടെ ഒളിക്കാനൊരിടമില്ല. ഭൂമിക്കടിയിലില്ല. വെള്ളത്തിനടിയിലില്ല, വായുവിലില്ല.'' (പുറം: 63)

സ്വെറ്റ്ലാന്റെ നൊബേല്‍ സമ്മാന പ്രസംഗം (തോറ്റ യുദ്ധത്തെക്കുറിച്ച്) രവീന്ദ്രനാഥ ടാഗോര്‍ നൊബേല്‍ സമ്മാനം (1913) സ്വീകരിച്ചതിനുശേഷം ജപ്പാനിലും അമേരിക്കയിലും നടത്തിയ പ്രസംഗവുമായി ചേര്‍ന്നുപോകുന്നതാണ്. സ്വെറ്റ്ലാന പ്രസംഗം ആരംഭിച്ചത് ഇങ്ങനെയാണ്: ''ഈ പ്രസംഗപീഠത്തില്‍ ഞാന്‍ തനിച്ചല്ല നില്‍ക്കുന്നത്... എനിക്ക് ചുറ്റും സ്വരങ്ങളുണ്ട്, നൂറുകണക്കിന് സ്വരങ്ങള്‍...'' (പുറം 283) തുടര്‍ന്ന് അവര്‍ പറഞ്ഞു: യുദ്ധം അവസാനിച്ച് ഉടനെതന്നെയുള്ള ഞെട്ടലില്‍ തിയോഡര്‍ അഡോണ എഴുതി: ''ഓഷ്വിറ്റ്സിനുശേഷം കവിതയെഴുതുകയെന്നത് കിരാതമാണ്.''

തന്റെ പ്രസംഗത്തില്‍ സ്വെറ്റ്ലാന ചെര്‍ണോബിലിന്റെ സ്വരങ്ങളിലെത്തി: ''റേഡിയേഷന്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുകയില്ല. അല്ലെങ്കില്‍ അത് സ്പര്‍ശിക്കാനോ മണക്കാനോ കഴിയില്ല... ചുറ്റുമുള്ള ലോകം പരിചിതവും അജ്ഞാതവുമാണ്. റേഡിയേഷന്‍ മേഖലയിലേക്ക് താന്‍ യാത്ര ചെയ്തപ്പോള്‍ എന്നോട് പറയുകയുണ്ടായി: പൂക്കള്‍ പറിക്കരുത്, പുല്ലില്‍ ഇരിക്കരുത്, കിണറ്റില്‍ നിന്നും വെള്ളം കുടിക്കരുത്... മരണം എല്ലായിടത്തും മറഞ്ഞിരിക്കുന്നു. എന്നാല്‍ ഇപ്പോഴത് വ്യത്യസ്തമായ തരത്തിലുള്ളതായിരുന്നു. ഒരു പുതിയ മുഖംമൂടി ധരിക്കുന്നു. അസാധാരണമായ വേഷത്തില്‍: യുദ്ധത്തിലൂടെ ജീവിച്ച വൃദ്ധജനങ്ങള്‍ വീണ്ടും ഒന്നിച്ചു മാറ്റിപാര്‍പ്പിക്കപ്പെടുകയാണ്. അവര്‍ ആകാശത്തേക്കു നോക്കി. സൂര്യന്‍ ജ്വലിക്കുകയാണ്... പുകയില്ല, വാതകമില്ല, ആരും നിറയൊഴിക്കുന്നില്ല. ഇതെങ്ങനെ യുദ്ധമാകും? എന്നിരിക്കലും നമുക്കഭയാര്‍ത്ഥികളായിത്തീരേണ്ടതുണ്ട്'' (പുറം: 297).

സ്വെറ്റ്ലാന നോബെല്‍ പ്രസംഗം അവസാനിപ്പിക്കുന്നതിങ്ങനെയാണ്: ''എനിക്ക് മൂന്ന് വീടുകളുണ്ട്; എന്റെ ബെലെറൂസ്യന്‍ നാട്, എന്റെ പിതാവിന്റെ മാതൃദേശം. അവിടെയാണ് ഞാന്‍ എന്റെ മുഴുവന്‍ ജീവിതവും ജീവിച്ചത്. യുക്രെയ്നില്‍ എന്റെ അമ്മയുടെ മാതൃദേശം, അവിടെയാണ് ഞാന്‍ ജനിച്ചത്. പിന്നെ റഷ്യയുടെ മഹത്തായ സംസ്‌കാരം, അതുകൂടാതെ എനിക്ക് എന്നെ സങ്കല്പിക്കുവാന്‍ കഴിയുകയില്ല. എല്ലാം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. എന്നാല്‍, ഈ ദിവസത്തിലും ഈ യുഗത്തിലും സ്നേഹത്തെക്കുറിച്ച് സംസാരിക്കുകയെന്നത് ദുഷ്‌കരമാണ്'' (പുറം: 300).

രവീന്ദ്രനാഥ ടാ​ഗോർ
രവീന്ദ്രനാഥ ടാ​ഗോർ

സ്വെറ്റ്ലാനയുടെ യുദ്ധത്തെക്കുറിച്ചുള്ള വാക്കുകള്‍ ടാഗോറില്‍ എത്രയോ കാലം മുന്‍പ് ഉണര്‍ന്ന് കവിതയായിരുന്നു. യൂറോപ്പിലെ മഹായുദ്ധം അദ്ദേഹത്തില്‍ കടുത്ത ആഘാതമേല്പിച്ചു. പിന്നെ അദ്ദേഹം ''സമാധാന സംസ്ഥാപന ശ്രമങ്ങളില്‍ ഏര്‍പ്പെട്ടു. അത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട സന്മനസ്സും വിവേകവും യൂറോപ്പിലെ ക്രിസ്തുമത സംസ്‌കാരത്തില്‍ അവശേഷിച്ചിരിക്കും എന്നാണ് അദ്ദേഹം കരുതിയത്.'' പക്ഷേ, ആ പ്രതീക്ഷ തകര്‍ന്നു. അത് വേദനാജനകമായിരുന്നു. ആ വേദനയില്‍ അദ്ദേഹം വിലപിച്ചു.

''അവരുടെ ഭരണാധികാരികള്‍ക്കുവേണ്ടി
അവനെ പ്രഹരിച്ചവര്‍
നമ്മുടെ കാലത്ത് വീണ്ടും ജനിച്ചിരിക്കുന്നു.
വിശുദ്ധവസ്ത്രങ്ങള്‍ ധരിച്ച അവര്‍
പ്രാര്‍ത്ഥനാലയങ്ങളില്‍ സംഘം ചേരുന്നു,
അവരുടെ സൈനികരോട്

''കൊല്ലുക കൊല്ലുക'' എന്നാക്രോശിക്കുന്നു;
അവരുടെ കൊലവിളികള്‍
സങ്കീര്‍ത്തന സംഗീതത്തില്‍
ഇടകലരുന്നു.
ദുസ്സഹവേദനയോടെ മനുഷ്യപുത്രന്‍ പ്രാര്‍ത്ഥിച്ചു;
''കര്‍ത്താവേ, കൊടിയ വിഷം നിറഞ്ഞ
ഈ പാനപാത്രം
എന്നില്‍ നിന്നകറ്റേണമേ''
(ടാഗോര്‍: പുറം 309).

ദുഃഖവെള്ളിയാഴ്ച അടുത്തെത്തിയ ഈ ദിവസങ്ങളില്‍ യുദ്ധത്തിന്റെ കുരിശില്‍ കിടന്നു പിടയുന്ന വിശ്വമാനവിക്കുവേണ്ടി നമുക്കും മനസ്സുനൊന്ത് പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. ''യുദ്ധമെന്ന വിഷപാത്രം ഭൂമിയില്‍നിന്ന് എന്നെന്നേക്കുമായി കുഴിച്ചുമൂടേണമേ!''

1917-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ടാഗോറിന്റെ 'നാഷണലിസം' (ദേശീയത) എന്ന ചെറുപുസ്തകം ദേശസ്നേഹത്തെപ്പറ്റിയോ ദേശീയവാദത്തെക്കുറിച്ചോ എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍ തുറന്ന് വായിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ അത് ജൈവികവും ആത്മീയവുമായ ഒരു നിഘണ്ടുവാണ്.
ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികളുടേയും ദുരിതങ്ങളുടേയും ശവപ്പറമ്പുകളില്‍നിന്ന് വെടിമരുന്നിന്റേയും കരിഞ്ഞ മനുഷ്യമാംസത്തിന്റേയും ദുര്‍ഗന്ധം ശ്വസിച്ചുകൊണ്ട്, ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടേയും സ്ത്രീകളുടേയും ദയനീയമായ നിലവിളികള്‍ കേട്ടുകൊണ്ട് ടാഗോര്‍ ദേശസ്നേഹത്തേയും ദേശീയതയേയും അതിരൂക്ഷമായി വിമര്‍ശിച്ചു.

ദേശീയവാദം മനുഷ്യവംശത്തിന്റെ, ജീവിവംശത്തിന്റെ ആത്മീയ കൂട്ടായ്മക്കെതിരാണ്. മാനവികതയ്ക്കു വിരുദ്ധമാണ്. രാഷ്ട്രങ്ങള്‍ സമ്പത്തും അധികാരവും ഉല്പാദിപ്പിക്കുന്ന യന്ത്രങ്ങളാണ്. തങ്ങളേക്കാള്‍ കുറഞ്ഞ രാഷ്ട്രങ്ങളെ കുത്തിക്കവര്‍ച്ച ചെയ്യുന്ന കൊള്ളസംഘങ്ങളാണ്. അതിലെ രാഷ്ട്രത്തലവന്മാര്‍ നരബലിയില്‍ ആര്‍ത്തുരസിക്കുന്നവരാണ്. 

കീവിൽ റഷ്യൻ വ്യോമാക്രണത്തിൽ തകർന്ന വാഹ​നം പരിശോധിക്കുന്ന യുക്രെയ്ൻ സൈനികർ
കീവിൽ റഷ്യൻ വ്യോമാക്രണത്തിൽ തകർന്ന വാഹ​നം പരിശോധിക്കുന്ന യുക്രെയ്ൻ സൈനികർ

മാനവികതയും അവകാശവാദങ്ങളും

മനുഷ്യനിലെ അധമവികാരങ്ങളായ ആര്‍ത്തിയും വെറുപ്പുമാണ് അതുല്പാദിപ്പിക്കുന്നത്. ആയുധവല്‍ക്കരണത്തിനും യുദ്ധത്തിനും അത് വെടിമരുന്നിടുന്നു. രാഷ്ട്രീയക്കാരനും പട്ടാളക്കാരനും ഉദ്യോഗസ്ഥനും രാഷ്ട്രീയ വ്യവസായശാലയില്‍ ഉല്പാദിപ്പിക്കപ്പെടുന്ന പാവകളാണ്. രാഷ്ട്രം എന്ന യന്ത്രമൂശയില്‍ വ്യക്തിയുടെ മാനവികത ഭസ്മീകരിച്ചാണ് അധികാരം ഉരുക്കിയെടുക്കുന്നത്. രാഷ്ട്രീയവും കച്ചവടവും ചേര്‍ന്ന സംഘമാണ് രാഷ്ട്രം. അതിനു മനസ്സാക്ഷിയോ കണ്ണോ ധാര്‍മ്മികതയോ ഇല്ല. രാജ്യസ്നേഹം (ഒരു രാജ്യത്തെ മാത്രം സ്നേഹിക്കുകയെന്നത്) രാഷ്ട്രീയമായ അന്ധതയാണ്.

മരിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് എണ്‍പതാം വയസ്സില്‍ എഴുതിയ മരണപത്രികയില്‍ പടിഞ്ഞാറന്‍ നാഗരികതയുടെ മാനവികതയെപ്പറ്റിയുള്ള അവകാശവാദങ്ങളില്‍ ടാഗോര്‍ അവിശ്വാസിയാകുന്നതായി കാണാം. ''പടിഞ്ഞാറിന്റെ മനഃശാസ്ത്രത്തില്‍ ഹിംസയുടെ ആത്മാവ് ഉറങ്ങിക്കിടക്കുന്നുണ്ട്. അത് സ്വയമുണര്‍ന്ന് മനുഷ്യന്റെ ആത്മാവിനെ വഞ്ചിക്കുന്നു. ഞാനൊരു കാലത്ത് വിശ്വസിച്ചിരുന്നത് യൂറോപ്പിന്റെ ഹൃദയത്തില്‍നിന്ന് നാഗരികതയുടെ (വിശ്വമാനവികതയുടെ) അരുവികള്‍ പ്രവഹിക്കുമെന്നാണ്. എന്നാലിന്ന്, ഞാനേതാണ്ട് ഈ ഭൂമിയില്‍നിന്ന് വിടവാങ്ങാനൊരുങ്ങുമ്പോള്‍ ആ പ്രതീക്ഷ പൂര്‍ണ്ണമായും പാപ്പരായിരിക്കുന്നു.''

ഹിംസാത്മകമായ ആധുനിക (പടിഞ്ഞാറന്‍) നാഗരികതയുടെ ബുള്‍ഡോസറുകള്‍ ഭൂമിയിലെ പച്ചപ്പിനേയും മനുഷ്യനേയും ഇതരജീവജാലങ്ങളേയും നിലംപരിശാക്കുന്ന പുതിയ കാലത്ത്, ഇന്ത്യയടക്കമുള്ള ചെറുതും വലുതുമായ എല്ലാ രാഷ്ട്രങ്ങളും വെടിക്കോപ്പുകളുടെ വിപണിയിലാണ്. ഇന്ന് ആധുനികത, അധിനിവേശ നാഗരികത എല്ലാ രാഷ്ട്രങ്ങളേയും പിടിച്ചുമുറുക്കിയിരിക്കുന്നു. അവിടെ കിഴക്കും പടിഞ്ഞാറുമില്ല. തെക്കും വടക്കുമില്ല. 

കുടിവെള്ളത്തിനും ആരോഗ്യത്തിനും ഭക്ഷണത്തിനും ലോകം ചെലവിടുന്നതിനേക്കാള്‍ എത്രയോ ഇരട്ടിയാണ് ഇന്ന് വെടിക്കോപ്പുകള്‍ക്കും അണുവായുധങ്ങള്‍ക്കുമായി ലോകം ചെലവഴിക്കുന്നത്. മനുഷ്യന്‍ മനുഷ്യന്റെ ശത്രുവായിരിക്കുന്നതുപോലെ, ഓരോ രാജ്യവും അയല്‍രാജ്യത്തിന്റെ ശത്രുവാണ്. ഒരു നൂറ്റാണ്ട് മുന്‍പത്തേതിനേക്കാള്‍ സംഘര്‍ഷഭരിതവും അപകടകരവുമായ അവസ്ഥയിലാണ് ഭൂമിയുടെ ഇന്നത്തെ നില. പഴയ കൊളോണിയലിസത്തിന്റെ സാമ്രാജ്യത്വ ആര്‍ത്തികള്‍ പുടിനിലൂടെയും ബൈഡനിലൂടെയും ഷി ജിന്‍പിങ്ങിലൂടെയും ഇതര രാഷ്ട്രത്തലവന്മാരിലൂടെയും തിരിച്ചെത്തിയിരിക്കുകയാണ്. ഹോമോസാപ്പിയന്‍ എന്ന ആധുനിക മനുഷ്യന് മുന്‍പുണ്ടായിരുന്ന നീയാന്തര്‍ത്താല്‍ മനുഷ്യന്റെ ബുദ്ധിയോ വിവേകമോ അധികാരത്തിന്റെ ആര്‍ത്തിപിടിച്ച രാഷ്ട്രത്തലവന്മാര്‍ കാണിക്കുന്നില്ല എന്നതാണ് ജീവിവംശത്തിന്റെ ദുരന്തം. പുടിന്റെ യുക്രെയ്ന്‍ അധിനിവേശത്തിനെതിരെ ഫ്രാന്‍സിസ് പാപ്പയുടേതൊഴിച്ച് വിവേകത്തിന്റേയും ശാന്തിയുടേയും ഒരു ശബ്ദവും ഉയരുന്നില്ല. രാഷ്ട്രങ്ങളിലെ സാധാരണക്കാരനും ദരിദ്രനും യുദ്ധമല്ല ആവശ്യം; ഭക്ഷണവും ശുദ്ധജലവുമാണ്. ആരോഗ്യമുള്ള ഒരു ഭൂമിയാണ്.

മൈനുകളും തോക്കുകളും ബോംബുകളുംകൊണ്ട് ഭൂമിയിലെ ശാന്തി ഛിന്നഭിന്നമായ കാലത്തിന്റെ വിപല്‍സന്ധിയില്‍വെച്ചാണ് ടാഗോര്‍ യൂറോപിലേയും ജപ്പാനിലേയും ഇന്ത്യയിലേയും ജനങ്ങളെ അഭിസംബോധന ചെയ്തത്. ഭൂമിയിലെ വ്യത്യസ്ത മതങ്ങളും ഭാഷകളും വിശ്വാസങ്ങളും ദര്‍ശനങ്ങളും പരസ്പര പൂരകങ്ങളായിത്തീരുന്ന പ്രപഞ്ചമാനവികതയുടെ ഒരു പ്രപഞ്ചറിപ്പബ്ലിക്കിനുവേണ്ടിയുള്ള പ്രപഞ്ച മനുഷ്യന്റെ അടങ്ങാത്ത അന്വേഷണങ്ങളായിരുന്നു അവ. ഗീതാഞ്ജലിയുടെ അവസാനത്തേതിനു തൊട്ടുമുന്‍പുള്ള വരികളില്‍ കവിയുടെ ഈ സ്വപ്നങ്ങളുണ്ട് (പുറം: 68, GITANJALI) :

'എന്റെ അനേകമനേകം ഗാനങ്ങളുടെ
ബ്രഹുശ്രുതികളൊരുമിച്ച്
ഏകശ്രുതിയായ് അവന്
ഏകസ്തുതിയായ്
മൗനത്തിന്റെ അനന്തസാരത്തിലേക്ക്
ഒഴുകട്ടെ- ഏകസ്തുതിയായ് ഒഴുകട്ടെ.''

(വിവ: സി.പി. ഗംഗാധരന്‍)

എന്നാല്‍, തന്റെ സ്വപ്നങ്ങളെല്ലാം തകരുന്നതും തന്റെ പ്രപഞ്ചമാനവി ഭൂമിയുടെ അവശിഷ്ടങ്ങളുടെ കൂമ്പാരത്തിനുമേല്‍ 'തൂവല്‍ തലച്ചോറുള്ള' (feather- brained) ഇരുക്കാലിയായി അരിച്ചുനീങ്ങുന്നതും അദ്ദേഹത്തെ ആഴത്തില്‍ സ്പര്‍ശിച്ചു. 

തന്റെ ആത്മസുഹൃത്തായ ബ്രജേന്ദ്രസീലിന്റെ വാക്കുകളില്‍ ടാഗോറിന്റെ യുദ്ധത്തെപ്പറ്റിയുള്ള ഭീകരമായ കാഴ്ചയുണ്ട്:

''ആര്‍ എന്തൊക്കെ പറഞ്ഞാലും യുദ്ധമെന്നാല്‍ അറുകൊലയാണ്. കുത്തിക്കവര്‍ച്ചയാണ്. ബലാല്‍ക്കാരമാണ്. കൊള്ളിവെപ്പാണ്. എല്ലാ ഭീകരപാതകങ്ങളുടേയും തന്തയാണ്. മറ്റെല്ലാ ക്രൂരതകളും യുദ്ധത്തിലേക്ക് ആവാഹിക്കപ്പെടുന്നു'' (നാഷണലിസം: പുറം 6).

ഡൊസ്റ്റേയെവ്സ്‌കിയുടെ 'ഭൂതാവിഷ്ട'രില്‍ ഷാറ്റോവ്, സ്ട്രാവ്റേജിനോട് അവരുടെ സംഭാഷണത്തിന്റെ ആരംഭത്തില്‍ പറയുന്നു: ''അതിര്‍ത്തിയില്ലാത്ത അനന്തതയില്‍ കണ്ടുമുട്ടിയ ജീവികളാണ് നാം... ലോകത്തിലെ അവസാന കാലത്തിനായി. അതുകൊണ്ട് സ്വരം താഴ്ത്തി ഒരു മനുഷ്യജീവിയെപ്പോലെ സംസാരിക്കൂ. ചുരുങ്ങിയ പക്ഷം, ഒരിക്കലെങ്കിലും ഒരു മനുഷ്യസ്വരത്തോടെ സംസാരിക്കൂ'' (പുറം: 289: സ്വെറ്റ്ലാന).

നിസ്സഹായരായ നമുക്കും ഭൂമിയിലെ ഇന്ത്യയടക്കമുള്ള രാഷ്ട്രത്തലവന്മാരോട് പ്രാര്‍ത്ഥിക്കാനുള്ളത് ഇത്രമാത്രം: ''ഒരിക്കലെങ്കിലും മനുഷ്യസ്വരത്തോടെ സംസാരിക്കൂ.''

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com