നിറങ്ങള്‍ ഉപയോഗിച്ച് എങ്ങനെ ആധുനിക കവിത രചിക്കാമെന്ന അന്വേഷണമായിരുന്നു ആ പെയിന്റിംഗുകള്‍ 

അടുത്തിടെ വിടപറഞ്ഞ വിഖ്യാത ചിത്രകാരന്‍ അച്ചുതന്‍ കൂടല്ലൂരിനെക്കുറിച്ച്
നിറങ്ങള്‍ ഉപയോഗിച്ച് എങ്ങനെ ആധുനിക കവിത രചിക്കാമെന്ന അന്വേഷണമായിരുന്നു ആ പെയിന്റിംഗുകള്‍ 

1945ല്‍ കൂടല്ലൂര്‍ ഗ്രാമത്തില്‍ ജനിച്ച് ആധുനിക ചിത്രകലയുടെ വളര്‍ച്ചയ്ക്ക് ഒപ്പം സഞ്ചരിക്കാനായ ചിത്രകാരനായിരുന്നു ചെന്നൈയില്‍ അന്തരിച്ച അച്ചുതന്‍ കൂടല്ലൂര്‍. എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ കരസ്ഥമാക്കി ഒമ്പതുമാസം റെയില്‍വേയിലും പിന്നീട് 25 വര്‍ഷം ചെന്നൈയില്‍ പൊതുമരാമത്ത് വകുപ്പിലും ജോലി നോക്കിയ അച്ചുതന്‍ ചിത്രകലയുടെ വഴിയില്‍ സ്വപരിശ്രമത്താല്‍ നടന്നുകയറിയ ആളായിരുന്നു. ആധുനിക ചിത്രകലയില്‍ മദ്രാസ് സ്‌കൂള്‍ നല്‍കിയ സംഭാവനയ്‌ക്കൊപ്പം നടന്നുനീങ്ങാന്‍ അച്ചുതന്‍ കൂടല്ലൂരും ഉണ്ടായി. അതുകൊണ്ടുതന്നെ ലക്ഷ്മഗൗഡ്, ആര്‍.ബി. ഭാസ്‌കര്‍, ടി. വൈകുണ്ഠം, കെ.എം. ആദിമൂലം, പി. ഗോപിനാഥ് തുടങ്ങിയവരുടെ സമശീര്‍ഷ്യനായിരുന്നു അദ്ദേഹം.

യൗവ്വനാരംഭത്തില്‍ കഥകളും ലേഖനങ്ങളും എഴുതിയിരുന്ന അച്ചുതന്‍ അധികം വൈകാതെ നിറലോകത്തേക്ക് ചുവടുമാറ്റം നടത്തുകയായിരുന്നു. ചിത്രപ്രയോഗത്തിന്റെ ആരംഭകാലം മുതല്‍ ആധുനിക ചിത്രവഴിയിലൂടെയുള്ള സഞ്ചാരമായിരുന്നു അദ്ദേഹത്തിനു പ്രിയപ്പെട്ടത്. 'തന്റെ കഥകളില്‍ അങ്ങിങ്ങായി ചേര്‍ത്തുവെയ്ക്കുന്ന സൗന്ദര്യകേന്ദ്രം പോലെ ക്യാന്‍വാസുകളേയും കാണാനാണ് തനിക്ക് ഇഷ്ടം എന്ന് ചെന്നൈയിലെ ചിത്രങ്ങളാല്‍ സമ്പന്നമായ തിരുവാണ്‍മിയൂരിലെ വീട്ടില്‍നിന്നും നാല് വര്‍ഷം മുന്‍പേ നേരില്‍ കണ്ടപ്പോള്‍ സൂചിപ്പിച്ചിരുന്നു. നിറങ്ങള്‍ ഉപയോഗിച്ച് എങ്ങനെ ആധുനിക കവിത രചിക്കാമെന്ന അന്വേഷണമായിരുന്നു അദ്ദേഹത്തിന്റെ പെയിന്റിംഗുകള്‍ എന്ന് എല്ലാ ക്യാന്‍വാസുകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. 1977ല്‍ ചെന്നൈയില്‍ ആദ്യത്തെ ഏകാംഗ പ്രദര്‍ശനം നടത്തിയ അദ്ദേഹത്തിന്റെ ഒടുവിലത്തെ ഏകാംഗ പ്രദര്‍ശനം കഴിഞ്ഞ ജനുവരിയിലായിരുന്നു. കൊവിഡ് കാലം മറ്റ് പലരേയും പോലെ ചിത്രകാരന്മാരേയും പ്രതിസന്ധിയിലാക്കിയപ്പോള്‍ അച്ചുതന്‍ കൂടല്ലൂരിന്റെ ചിത്രങ്ങള്‍ക്കു വലിയ പ്രതിസന്ധിയൊന്നും നേരിടാത്ത വില്‍പ്പന ഉണ്ടായിരുന്നു. വിപണിയുടെ ഗ്രാഫ് വലിയ ഏറ്റക്കുറച്ചില്‍ ഇല്ലാതെ നിലനിര്‍ത്താനായ അദ്ദേഹം ചിത്രവില്‍പ്പന വഴി കൃത്യമായി നികുതി അടയ്ക്കുന്ന ചിത്രകാരന്‍ കൂടിയായിരുന്നു. 

ഇന്ത്യന്‍ ചിത്രകലയുടെ ആധുനിക പെയ്ത്തിനു വലിയൊരളവോളം ക്രിയാത്മകമായ സംഭാവന നല്‍കിയ കലാപരിസരമാണ് ദക്ഷിണേന്ത്യയുടേത്. കെ.സി.എസ് പണിക്കരും അദ്ദേഹത്തിന്റെ കീഴില്‍ കലാപഠനത്തിനെത്തിയ കാനായി കുഞ്ഞിരാമന്‍, ഡഗ്ലസ്, സി.എന്‍. കരുണാകരന്‍, കെ. ദാമോദരന്‍, ടി.കെ. പത്മിനി തുടങ്ങി നീണ്ട ഒരു നിര കെ.സി.എസിന്റെ ഉപദേശനിര്‍ദ്ദേശങ്ങളുടെ പിന്‍ബലത്തില്‍ ക്രാഫ്റ്റും കലയുമായി ജീവിതത്തിന്റെ പുതുവഴി തേടി സക്രിയപ്പെടുന്നുണ്ടായിരുന്നു. ആ കാലത്താണ് ചെന്നൈ ഇഞ്ചബാക്കത്തിനടുത്ത് ചോളമണ്ഡല്‍ ആര്‍ട്ടിസ്റ്റ് വില്ലേജ് എന്ന സങ്കല്പം പോലും പരുവപ്പെടുന്നത്. സാഹിത്യാനുബന്ധ ചിന്തയില്‍നിന്നും അധികം താമസിയാതെ രേഖാചിത്രകലയിലേക്കും  തുടര്‍ന്ന് രൂപരഹിത ചിത്രകലയിലേക്കുമുള്ള അച്ചുതന്‍ കൂടല്ലൂരിന്റെ ചിത്രസഞ്ചാരം അതിവേഗമായിരുന്നു. അമൂര്‍ത്ത കലയുടെ ഭ്രമിപ്പിക്കുന്ന ലോകകാഴ്ചകള്‍ അച്ചുതനെ വേഗത്തില്‍ ആകര്‍ഷിക്കുകയുണ്ടായി. ശുദ്ധ അമൂര്‍ത്തതയുടെ വഴിതന്നെയാണ് തന്റേതെന്നു തിരിച്ചറിഞ്ഞ അദ്ദേഹം ക്യാന്‍വാസുകളെ നിറപ്രയോഗങ്ങളാല്‍ സംഗീതസാന്ദ്രമാക്കുകയായിരുന്നു. സംഗീതത്തിനകത്ത് സ്ഥാപിക്കപ്പെടുന്ന വാക്കുകളുടെ നിമ്‌നോന്നതകള്‍ പോലെ നിറപ്രയോഗത്താല്‍ ക്യാന്‍വാസുകളേയും സംഗീത തുല്യമാക്കാന്‍ അച്ചുതന്‍ കൂടല്ലൂരിനു കഴിഞ്ഞു. 

അച്ചുതന്‍ കൂടല്ലൂരിന്റെ പെയിന്റിം​ഗ്
അച്ചുതന്‍ കൂടല്ലൂരിന്റെ പെയിന്റിം​ഗ്

ആധുനികതയുടെ ചിത്രചിന്ത

അച്ചുതന്‍ കൂടല്ലൂരിന്റെ പത്തോ ഇരുപതോ ചിത്രങ്ങള്‍ എടുത്ത് അതിലൂടെ ചിത്രസഞ്ചാരം നടത്തുന്നവര്‍ക്ക്, അനുകരണങ്ങളുടെ വല്ലാത്ത ആധിക്യമെന്നു പൊടുന്നനെ തോന്നാമെങ്കിലും ഓരോ ചിത്രവും മറ്റൊന്നില്‍നിന്ന് പൂര്‍ണ്ണമായും വേറിട്ടുനില്‍ക്കുന്നതാണെന്നു കാണാം. ഇത് തിരിച്ചറിയാന്‍ സൂക്ഷ്മമായ ചിത്രവായനയിലൂടെ മാത്രമേ സാധ്യമാകുമായിരുന്നുള്ളൂ. വാക്കുകളില്‍നിന്നും വാക്കുകളിലേക്ക് ഒഴുകിപ്പരക്കുന്ന സംഗീതംപോലെ ഒരു ചിത്രത്തെ എങ്ങനെ മാറ്റിയെടുക്കാം എന്നായിരുന്നു അദ്ദേഹം അന്വേഷിച്ചത്. 

അച്ചുതന്‍ കൂടല്ലൂരിന് അദ്ദേഹത്തിന്റെ ചിത്രങ്ങളെക്കുറിച്ച് വ്യക്തമായ നിലപാടുകള്‍ ഉണ്ടായിരുന്നു. 'എന്റെ മനസ്സിന്റെ തുടര്‍ച്ചയാണ് എന്റെ ചിത്രങ്ങള്‍. ഉള്ളില്‍നിന്നുള്ള പ്രകാശത്താല്‍ ശോഭിക്കുന്നില്ലെങ്കില്‍ ഏതൊരു കലാസൃഷ്ടിയും മൃതമായിരിക്കും. ഗാലറിയില്‍നിന്നും നമ്മുടെ ചിത്രം നാം തന്നെ കാണുമ്പോള്‍ ചിത്രം ഏറെ നവീകരിക്കപ്പെടും.' രവിവര്‍മ്മ ഉള്‍പ്പെടെയുള്ളവരുടെ യഥാതഥ ചിത്രശൈലിയെക്കുറിച്ചും അദ്ദേഹത്തിനു വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു.

'റിയലിസത്തിനു ഞാന്‍ എതിരല്ല, രവിവര്‍മ്മയെപ്പോലുള്ളവരുടെ രചനകളെ ഞാന്‍ വിമര്‍ശിക്കുന്നില്ല. ഓരോ ചിത്രത്തിലും രചനയുടെ മൗലികത പ്രകാശിപ്പിക്കാനാവുന്നുണ്ടോ എന്നതാണ് പ്രധാനം.' കടും നിറങ്ങളുടെ ആധിക്യത്താല്‍ സമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ എല്ലാ പെയിന്റിംഗുകളും. ചോളമണ്ഡല്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുപോന്ന പി. ഗോപിനാഥ് ആധുനിക രീതിയിലുള്ള ചിത്രങ്ങള്‍ മാത്രമാണ് കലാലോകത്തിനു സമര്‍പ്പിച്ചത്. എന്നാല്‍, ഇരുവരുടെ ചിത്രങ്ങളേയും വേര്‍തിരിച്ചു നിര്‍ത്തുന്ന പ്രത്യേകതകള്‍ ഏറെയാണ്. ലളിതകലാ അക്കാദമിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ ചെന്നൈയിലെ സ്റ്റുഡിയോവില്‍നിന്നും അച്ചുതന്‍ കൂടല്ലൂരിനെ കാണാനും ചിത്രങ്ങളുമായി ദീര്‍ഘസംസാരത്തിനും അവസരം ഉണ്ടായിരുന്നു. നൂറുകണക്കിനു ചിത്രങ്ങള്‍ക്കിടയിലിരുന്ന് അദ്ദേഹം സംസാരിക്കുമ്പോള്‍ ആധുനിക ചിത്രങ്ങള്‍ക്കിടയിലൂടെയുള്ള സംവാദം തന്നെയാണ് അവിടെ സാധ്യമായത്. ചുവപ്പ് നിറത്തിന്റെ വകഭേദങ്ങളിലൂടെയുള്ള ചിത്രങ്ങളായിരുന്നു കൂടുതലും. പിന്നെ സ്വാധീനിച്ചത് നീലയും പച്ചയും. ഓരോ ക്യാന്‍വാസിനകത്തും സൂക്ഷ്മസഞ്ചാരത്തിനിടയില്‍ നമ്മെ അത് ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നത് നിറങ്ങളുടെ അസാധാരണമായ ലയം സാധ്യമാക്കുന്നതിലെ അനിതരസാധാരണമായ മിടുക്കായിരുന്നു. 

കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ് നല്‍കി ആദരിച്ച അച്ചുതന്‍ കൂടല്ലൂരിന്റെ ചിത്രങ്ങള്‍ ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ ചരിത്രത്തിനൊപ്പം എക്കാലവും ചേര്‍ത്തുവെയ്ക്കാനാവുന്നത് തന്നെയാണ്. 

അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പലതും പഴയകാല രൂപസങ്കല്പങ്ങളെ പൊളിച്ചുകളയുന്നതായിരുന്നു എന്ന ആധുനികതയുടെ ചിത്രചിന്തയിലെ രൂപങ്ങള്‍ അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളിലും കാണാനാവും. ആനയും ഉത്സവവും മനുഷ്യസാന്നിധ്യവും ഒക്കെ അമൂര്‍ത്തരീതിയില്‍ത്തന്നെ ക്യാന്‍വാസുകളില്‍ അദ്ദേഹം ചിത്രപ്പെടുത്തിയതായി കാണാം. എന്നാല്‍, ഒരു ക്യാന്‍വാസിലേയും അമൂര്‍ത്തരൂപങ്ങള്‍ അതിനകത്തെ മറ്റ് നിറങ്ങള്‍ക്കൊപ്പം ചേരാതെ നില്‍ക്കുന്നതായിരുന്നില്ല. അദ്ദേഹത്തിന്റെ ഏത് ക്യാന്‍വാസും പുലര്‍ത്തിയിരുന്ന പ്രത്യേകത എന്നത്, നിറങ്ങളുടെ പാരസ്പര്യം പ്രകടമാക്കുന്ന കാര്യത്തിലാണ്. വലിയ മുന്‍നിര ഘോഷങ്ങളിലൊന്നും അച്ചുതന്‍ കൂടല്ലൂര്‍ എന്ന ചിത്രകാരനെ കണ്ടില്ലെന്നു വരാം. പക്ഷേ, തന്റെ കലാസപര്യയുടെ നൈരന്തര്യം ഇടമുറിയാതെ കൊണ്ടുപോകുന്നതില്‍ അദ്ദേഹം ജാഗ്രത പുലര്‍ത്തിയിരുന്നു. ചായക്കൂട്ടുകളുടെ ചേര്‍ത്തുവെപ്പില്‍നിന്നും അന്യമായ ഒരു ചിന്തയും സൗമ്യത മുഖമുദ്രയായുള്ള അച്ചുതന്‍ കൂടല്ലൂര്‍ എന്ന ചിത്രകാരനു ഉണ്ടായിരുന്നില്ല. അതുതന്നെയാണ് അദ്ദേഹത്തെ കലാലോകത്തിന്റെ സമാദരവിനു അര്‍ഹനാക്കുന്നതും.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com