ഇന്ത്യയുടെ ഫുട്‌ബോള്‍ മുന്നേറ്റങ്ങള്‍ക്കു വഴി തുറന്നിടുന്ന നാളുകള്‍ കാത്ത് ഒരു ജനത...

By അഞ്ജലി  |   Published: 01st December 2022 04:29 PM  |  

Last Updated: 01st December 2022 04:29 PM  |   A+A-   |  

indian football

 

1911. ബ്രിട്ടീഷ് കോളനിവാഴ്ച യുടെ കറുത്ത ഏടുകളില്‍ കുടുങ്ങിക്കിടന്ന വര്‍ഷങ്ങളിലൊന്ന്. നൂറ്റാണ്ടുകളായി തുടര്‍ന്നുപോന്ന അടിമത്തത്തിന് എതിരെ വീര്‍പ്പുമുട്ടലുകള്‍ ഇന്ത്യയുടെ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് മോഹന്‍ ബഗാന്‍ അത്‌ലറ്റിക് ക്ലബ്ബിന് ഐ.എഫ്.എ ഷീല്‍ഡ് കളിക്കാന്‍ ക്ഷണം ലഭിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ട് കിടന്നിരുന്ന ഒരു ജനത ആ സംഘത്തിന്റെ കളി കണ്ട് തല ഉയര്‍ത്തി. ഫൈനലിലാണ് കടുത്ത വെല്ലുവിളി കാത്തിരുന്നത്. ഇംഗ്ലീഷ് ക്ലബ്ബായ ഈസ്റ്റ് യോര്‍ക്ക് ഷെയര്‍ റെജിമെന്റിനെ നേരിടാനൊരുങ്ങന്ന മോഹന്‍ ബഗാന്റെ കളി കാണാന്‍ ജനങ്ങളൊഴുകിയെത്തി. റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് ഈ കളിക്കുവേണ്ടി മാത്രം നടത്തിയെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. ഗ്രൗണ്ടിനു ചുറ്റും ആളുകള്‍ തിങ്ങിനിറഞ്ഞു. വീടുകള്‍ക്കും മരങ്ങള്‍ക്കും മുകളില്‍ വരെ അവര്‍ കയറിപ്പറ്റി. ബ്രിട്ടീഷ് ധാര്‍ഷ്ട്യത്തിനുമേല്‍ ആണിയടിച്ച് മോഹന്‍ ബഗാന്‍ ജയിച്ചുകയറി. പേരെടുത്ത യൂറോപ്യന്‍ ക്ലബ്ബുകള്‍ പോലും നാമ്പെടുക്കും മുന്‍പേ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബ് നേടിയ വിജയം. 1948ലെ ലണ്ടന്‍ ഒളിംപിക്‌സിലും 1951ലെ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ ഫുട്‌ബോള്‍ മോശമാക്കിയില്ല. പക്ഷേ, എവിടെയോ വെച്ച് നമ്മള്‍ പിന്നോട്ടാഞ്ഞു. ഇന്നും കരകയറാനാവാതെ നമ്മളവിടെ കുടുങ്ങിക്കിടക്കുന്നു.

മൈതാനങ്ങളില്‍ കാല്‍പ്പന്തിന്റെ വസന്തം ഒരുക്കുന്ന ലോകകപ്പ് ആവേശത്തിനൊപ്പം ചേരാന്‍ സാധിക്കാത്തതിന്റെ ദുഃഖം പേറുന്നവരാണ് നമ്മള്‍. എന്നാല്‍, ഒരിക്കല്‍ ലോകകപ്പില്‍ മത്സരിച്ചിട്ടുണ്ട് എന്ന് വരും തലമുറകള്‍ക്കു പറയാന്‍ പാകത്തില്‍ ഒരവസരം ഇന്ത്യയ്ക്കു മുന്‍പിലെത്തിയിട്ടുണ്ട്, 1950ല്‍. രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികളില്‍നിന്ന് ലോകം വീണ്ടും ഫുട്‌ബോള്‍ ആവേശത്തിലേക്ക് എത്തിയ വര്‍ഷം. ബ്രസീല്‍ ആതിഥേയത്വം വഹിച്ച ലോകകപ്പ്. രാഷ്ട്രീയ സമവാക്യങ്ങളില്‍ തെറ്റി അര്‍ജന്റീന ഉള്‍പ്പെടെ വമ്പന്മാര്‍ പലരും വിശ്വ കിരീട പോരിനെത്താതെ മാറിനിന്നു. ഇതോടെ ലോകകപ്പ് കളിക്കാന്‍ ഇന്ത്യയ്ക്കു മുന്‍പിലും വഴി തെളിഞ്ഞു. പക്ഷേ, ബ്രസീലിലേക്ക് ഇന്ത്യ എത്തിയില്ല. ബൂട്ടണിഞ്ഞ് കളിക്കാനാവില്ല എന്ന ഫിഫയുടെ നിലപാടില്‍ തട്ടിയാണോ ഇന്ത്യ വീണത്? അതോ ബര്‍മയില്‍നിന്ന് ബ്രസീലിലേക്ക് എത്തിപ്പെടാനുള്ള സാമ്പത്തിക ശേഷി ഇല്ലാഞ്ഞിട്ടോ? ടീം തെരഞ്ഞെടുപ്പിലെ പൊരുത്തക്കേടുകളും പരിശീലനത്തിനു സമയമില്ല എന്നുമുള്ള വാദങ്ങളാണ് ലോകകപ്പില്‍നിന്ന് പിന്മാറാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അന്ന് ഉയര്‍ത്തിയത് എന്നും പറയപ്പെടുന്നുണ്ട്. ഇത് സത്യമാണോ? 

ലോകകപ്പില്‍ കളിക്കാനുള്ള ക്ഷണം ലഭിച്ചതിനു പിന്നാലെ ലണ്ടന്‍ ഒളിംപിക്‌സില്‍ തിളങ്ങിയ ഇന്ത്യന്‍ താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഷില്ലോങ്ങില്‍ ഇന്ത്യ പ്രാഥമിക പരിശീലന ക്യാംപ് സംഘടിപ്പിച്ചു. സുനിത് ചാറ്റര്‍ജി, ടി ആവോ, താജ് മുഹമ്മദ്, മഹാവീര്‍ പ്രസാദ്, ശൈലന്‍ മന്ന, എസ്.എ. ബഷീര്‍, മേവലാല്‍, അഹമ്മദ് ഖാന്‍, സത്താര്‍, വെങ്കടേഷ്, സഞ്ജീവ്, ടി. ഷണ്‍മുഖം, വജ്‌റവേലു, എസ്. രാമന്‍, വരദരാജ് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ക്കൊപ്പം ബോംബെയുടെ മലയാളി താരം തിരുവല്ല പാപ്പന്‍, ടാറ്റാസിന്റെ ആന്റണി പഞ്ഞിക്കാരന്‍ എന്നിവര്‍ക്കും ക്യാംപിലേക്ക് വിളിയെത്തി. ആ ക്യാംപില്‍നിന്നും തെരഞ്ഞെടുത്ത ദേശീയ ടീം അഫ്ഗാനിസ്ഥാനിലും സിലോണിലും ബര്‍മയിലും തായ്‌ലന്‍ഡിലും മത്സരങ്ങള്‍ കളിച്ച് മുന്നൊരുക്കം നടത്തി. പങ്കജ് ഗുപ്ത, എം. ദാത്താറെ, ബി.ആര്‍.കെ ഠാണ്ഡാന്‍, ജെ.സി. ഗുഹ, മോയ്‌നുള്‍ ഹഖ് ചൗധരി എന്നിവരാണ് ആ സമയം അഖിലേന്ത്യ ഫുട്‌ബോള്‍ തലപ്പത്തുണ്ടായ പ്രമുഖര്‍. ലോകകപ്പ് യാത്രയ്ക്കുള്ള പണം കണ്ടെത്താനായി സംസ്ഥാന സംഘടനകള്‍ക്ക് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കത്തയച്ചു. മുംബൈയും മൈസൂരും കൊല്‍ക്കത്തയും തിരുവിതാംകൂര്‍ മഹാരാജാവും വലിയ സഹായവുമായി മുന്‍പോട്ടു വന്നു.

1911ൽ മോഹൻ ബ​ഗാൻ ചരിത്രം കുറിച്ചപ്പോൾ

നിരാശപ്പെടുത്തിയ തീരുമാനം

ഡല്‍ഹിയില്‍വെച്ച് ക്യാംപ് സംഘടിപ്പിക്കും എന്നും അവിടെവെച്ച് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കും എന്നുമാണ് ഫെഡറേഷന്‍ അറിയിച്ചത്. എന്നാല്‍, ലോകകപ്പ് മുന്നൊരുക്കങ്ങള്‍ക്കിടയില്‍ ബൂട്ടിട്ട് കളിക്കണം എന്ന ഫിഫയുടെ നിബന്ധന എത്തി.  1948ലെ ലണ്ടന്‍ ഒളിംപികില്‍ ബൂട്ട് ഇടാതെയാണ് ഇന്ത്യന്‍ ടീം കളിച്ചത്. രണ്ട് മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് അന്ന് ബൂട്ടിട്ട് കളിച്ചിരുന്നത്. ഇതോടെ ഷില്ലോങ് ക്യാംപ് പിരിച്ചുവിടുകയാണ് എന്ന് ഫെഡറേഷന്‍ അറിയിച്ചു. ബൂട്ടിട്ട് കളിക്കാനാവുമോ എന്ന് ഇന്ത്യന്‍ ടീം അംഗങ്ങളോട് ഫെഡറേഷന്‍ ആരായാനും നിന്നില്ല. ലോകകപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം ഇന്ത്യന്‍ ടീം അംഗങ്ങളെ നിരാശപ്പെടുത്തിയെങ്കില്‍ മുന്നിലുണ്ടായിരുന്ന ഏഷ്യന്‍ കപ്പിലേക്ക് ശ്രദ്ധ കൊടുത്തുകൊണ്ട് അവര്‍ ഷില്ലോങ് ക്യാംപില്‍നിന്ന് മടങ്ങിപ്പോയി. തൊട്ടടുത്ത വര്‍ഷം ഡല്‍ഹി വേദിയായ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണ്ണം നേടി.  കാല്‍പ്പന്തിന്റെ ലോകത്ത് ഇന്ത്യ ജയങ്ങള്‍ തൊട്ടിരുന്ന ആ സമയം ബ്രസീലിലേക്ക് പ്രതിബന്ധങ്ങളെല്ലാം മറികടന്ന് എത്തിയിരുന്നെങ്കില്‍ അഭിമാനത്തോടെ നമുക്ക് പിന്തിരിഞ്ഞു നോക്കാന്‍ സാധിക്കുന്നൊരു ഏടായി അത് മാറിയാനെ. ബൂട്ടിടാത്ത കളി ലോകകപ്പ് സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയിട്ടും ഇന്ത്യന്‍ ഫുട്‌ബോളില്‍ ബൂട്ടണിഞ്ഞ് കളി നിര്‍ബ്ബന്ധമാക്കിയത് വീണ്ടും നാല് വര്‍ഷം കഴിഞ്ഞാണ്. 72 വര്‍ഷം മുന്‍പ്, 1950ല്‍ ലോകകപ്പ് കളിക്കേണ്ടതില്ലെന്നു തീരുമാനിച്ച് പിന്നോട്ട് വലിഞ്ഞിടത്തുനിന്ന് ഇന്നും കരകയറി പോരാനാവാതെ ഉഴലുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍. 

എന്നാണ് ലോകകപ്പ് ആവേശം നിറഞ്ഞ ഗ്യാലറിയിലിരുന്ന് ഒരു ഇന്ത്യന്‍ താരത്തിന്റെ മുന്നേറ്റം കണ്ട് നമുക്ക് ആര്‍ത്തു വിളിക്കാനാവുക? ഇന്ത്യന്‍ പതാകയും ഉയര്‍ത്തി വീശി വിശ്വകിരീട പോര് കാണാന്‍ എങ്ങനെയാണ് ഇനി നമ്മള്‍ പ്രാപ്തമാവുക?

തെക്കേ അമേരിക്കയിലെ മൂന്ന് വമ്പന്മാരായ അമേരിക്കയും കാനഡയും മെക്‌സിക്കോയും ഒരുമിച്ച് ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പ്. ഇന്ത്യയ്ക്കു മുന്‍പില്‍ തീര്‍ത്തും നേര്‍ത്തതെങ്കിലും ഒരു പ്രതീക്ഷ തുറന്നിടുന്ന ലോകകപ്പ് കൂടിയാണ് ഇത്. 16 നഗരങ്ങളിലായി പടര്‍ന്ന്, ലോകകപ്പ് ഇന്നേവരെ കണ്ടിട്ടില്ലാത്ത അത്രയും മത്സരവേദികളില്‍ ആവേശപ്പോരുകള്‍ നിറയും. ഖത്തറില്‍ 32 ടീമുകളാണ് കിരീടപോരിനിറങ്ങുന്നതെങ്കില്‍ 2026 ലോകകപ്പില്‍ ഇത് 48 ആണ്. ടീമുകളുടെ എണ്ണം 48 ആയതോടെ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനില്‍നിന്ന് ലോകകപ്പ് യോഗ്യത നേടാന്‍ സാധിക്കുന്ന ടീമുകളുടെ എണ്ണം വര്‍ദ്ധിച്ചു. 2023 ലോകകപ്പില്‍ ആതിഥേയരായ ഖത്തര്‍ ഉള്‍പ്പെടെ 6 ടീമുകള്‍ക്കാണ് യോഗ്യത ലഭിച്ചത്. 2026ല്‍ ഏഷ്യയില്‍നിന്ന് 8 ടീമുകള്‍ക്ക് ലോകകപ്പിലേക്ക് ടിക്കറ്റ് ലഭിക്കും. ഇന്റര്‍ കോണ്ടിനെന്റല്‍ യോഗ്യതാ മത്സരം കളിച്ച് മറ്റൊരു ഏഷ്യന്‍ ടീമിനും ലോകകപ്പ് വേദിയിലെത്താന്‍ അവസരമുണ്ട്. ലോകകപ്പ് യോഗ്യത എന്ന സ്വപ്നത്തില്‍ ചെറുതെങ്കിലും ഇന്ത്യയ്ക്കു പ്രതീക്ഷ നല്‍കുന്നതും ഈ 48 എന്ന സംഖ്യ തന്നെയാണ്. എന്നാല്‍, ഏഷ്യന്‍ ഫുട്‌ബോളില്‍ എവിടെയാണ് ഇന്ത്യയുടെ സ്ഥാനം എന്നും നോക്കണം. ഫിഫ റാങ്കിങ്ങില്‍ 106ാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ നില്‍ക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ 18ാം സ്ഥാനത്തും.  

1962ൽ ദക്ഷിണ കൊറിയയെ കീഴടക്കി ഏഷ്യൻ ​ഗെയിംസ് സ്വർണം നേടിയ ഇന്ത്യൻ ടീം

ലോകകപ്പ് യോഗ്യത എത്രയകലെ

ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ, ഖത്തര്‍, സൗദി അറേബ്യ, ഇറാന്‍, യു.എ.ഇ, ഉസ്‌ബെകിസ്ഥാന്‍, ചൈന എന്നിവരുയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടന്ന് 2026 ലോകകപ്പിലേക്ക് എത്താന്‍ ബ്ലൂ ടൈഗേഴ്‌സിന് അത്ഭുതങ്ങള്‍ പുറത്തെടുക്കണം. ഒളിംപിക്‌സ് സെമിഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഏഷ്യന്‍ രാജ്യം എന്ന നേട്ടം തൊട്ട ഇന്ത്യയാണ് ഇപ്പോള്‍ ലോകകപ്പ് യോഗ്യത എന്നത് വിദൂരസ്വപ്നങ്ങളില്‍ മാത്രമായി നോക്കിനില്‍ക്കുന്നത്. 1956ലെ മെല്‍ബണ്‍ ഒളിംപിക്‌സില്‍ ഓസ്‌ട്രേലിയയെ 42ന് വീഴ്ത്തിയാണ് ഇന്ത്യ സെമിയില്‍ കടന്നത്. 1962 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം തൊട്ട ഇന്ത്യ 1970ല്‍ വെങ്കലത്തിലേക്കും എത്തി. എന്നാല്‍, 1980കളില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ ശക്തിയായി ഉയരാന്‍ ജപ്പാന്‍ നടത്തിയ മുന്നേറ്റം പോലെയൊന്ന് ഇന്ത്യയ്ക്ക് ഇപ്പോഴും സാധ്യമായിട്ടില്ല. അമേരിക്കന്‍ മുന്‍ ഫുട്‌ബോള്‍ താരമായ ടോം ബയര്‍ ജപ്പാനീസ് ഫുട്‌ബോള്‍ ടീമിന്റെ യൂത്ത് ഡെവലപ്‌മെന്റ് വിഭാഗത്തിന്റെ ചുമതല ഏറ്റെടുത്തതിനു ശേഷമാണ് ജപ്പാന് ഫുട്‌ബോള്‍ ലോകത്ത് മേല്‍വിലാസം ലഭിക്കുന്നത്. അവിടെനിന്ന് അവര്‍ തുടരെ 6 ലോകകപ്പുകളിലേക്ക് യോഗ്യത നേടി. 2018ലെ റഷ്യന്‍ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിക്കു പുറത്തേക്കു വഴി തുറന്ന് കരുത്ത് കാണിച്ചതും ഒരു ഏഷ്യന്‍ രാജ്യമാണ്, ദക്ഷിണ കൊറിയ. ജനസംഖ്യാ കണക്കില്‍ 12 കോടിയില്‍ നില്‍ക്കുന്ന ജപ്പാനും 5 കോടിയില്‍ നില്‍ക്കുന്ന ദക്ഷിണ കൊറിയയും ഫുട്‌ബോളിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ ശ്രദ്ധയൂന്നി ഫുട്‌ബോള്‍ നിലവാരം ഉയര്‍ത്തിയപ്പോള്‍ പരിഹാരങ്ങളില്ലാതെ പ്രശ്‌നങ്ങള്‍ മാത്രം എണ്ണിയെണ്ണിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍.

ക്രിക്കറ്റിലേതുപോലെ ഫുട്‌ബോളും ഇന്ത്യയിലേക്ക് കൊണ്ടുവന്നത് ബ്രിട്ടീഷുകാരാണ്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലൊന്നിന് ജന്മം നല്‍കിയ നാടാണ് ഇന്ത്യ, 1888ല്‍ ആരംഭിച്ച ഡുറന്റ് കപ്പ്. അതിനും മുന്‍പേ കല്‍ക്കട്ട എഫ്‌സി രൂപംകൊണ്ടു, 1872ല്‍. വര്‍ഷങ്ങളുടെ പാരമ്പര്യം പേറുമ്പോഴും ആഭ്യന്തര ഫുട്‌ബോള്‍ ഘടന ശരിയായ നിലയില്‍ വന്നിട്ടില്ല എന്നതാണ് ഇന്ത്യയെ പ്രധാനമായും പിന്നോട്ടടിക്കുന്നത്. പ്രാദേശിക ടൂര്‍ണ്ണമെന്റുകളിലെ ക്ലബ്ബ് പോരുകള്‍ നിറഞ്ഞെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷമാണ് ദേശീയ കേന്ദ്രീകൃതമായ ഒരു ഫുട്‌ബോള്‍ സമ്പ്രദായം ഇന്ത്യയില്‍ ഉണ്ടാവുന്നത്. 1996ലെ ദേശീയ ഫുട്‌ബോള്‍ ലീഗിലൂടെ. ഇത് പിന്നീട് ഐ ലീഗായി.

ഡ്യുറന്റ് കപ്പും ഡി.സി.എം കപ്പും എഫ്.എ കപ്പും ക്ലബ്ബുകളായ ജെ.സി.ടിയും പ്രീമിയര്‍ ടയേഴ്‌സും മഹീന്ദ്രയുമെല്ലാം ഇന്ത്യന്‍ ടീമിലേക്ക് സംഭാവനകള്‍ നല്‍കിപ്പോന്നിരുന്നു. എന്നാല്‍, നിരവധി ടൂര്‍ണ്ണമെന്റുകള്‍ നിലച്ചതും ക്ലബ്ബുകള്‍ അടച്ചുപൂട്ടലിലേക്ക് പോയതും ഇന്ത്യന്‍ ഫുട്‌ബോളിനെ ഇപ്പോഴത്തെ അവസ്ഥയിലേക്ക് തള്ളിവിട്ടു. 2007ല്‍ എ.എഫ്.സി കപ്പ് സെമിയിലെത്തി ഞെട്ടിച്ച മഹീന്ദ്ര യുണൈറ്റ് പോലെ ചരിത്രം പേറുന്നൊരു ക്ലബ്ബ് നാമാവശേഷമായി കഴിഞ്ഞു. 

1995ലെ ഐ.എം. വിജയന്റെ സിസേഴ്‌സ് കിക്ക് ഗോളിന്റെ ഓര്‍മ്മ പേറുന്നവരിന്നുമുണ്ടാവും നമുക്ക് ചുറ്റും.  മലേഷ്യന്‍ ക്ലബ്ബായ പേളിസ് എഫ്.എയെ സിസേഴ്‌സ് കപ്പില്‍ തോല്‍പ്പിക്കാന്‍ വന്ന ഐ.എം. വിജയന്റെ സിസേഴ്‌സ് കട്ട് ഗോള്‍. ഇന്ത്യന്‍ ഫുട്‌ബോളിലേക്ക് വലിയ സംഭാവനകള്‍ നല്‍കി പോന്ന ജെ.സി.ടിക്കായാണ് ഐ.എം. വിജയന്റെ വിസ്മയിപ്പിക്കുന്ന ആ ഗോള്‍ വന്നത്.  11 വര്‍ഷം മുന്‍പ്, 2011ല്‍ ജെ.സി.ടിക്കും പൂട്ട് വീണു. 2005 മുതല്‍ 2012 വരെയുള്ള കാലയളവില്‍ 5 ദേശീയ ലീഗ് കിരീടങ്ങളാണ് ഡെംപോ എഫ്.സി നേടിയെടുത്തത്. 2016ല്‍ ഐ.എസ്.എല്ലിന് വഴിമരുന്നിട്ട് ഐ ലീഗ് രണ്ടാം ഡിവിഷനാക്കിയതോടെ പ്രതിഷേധച്ചൂടറിയിച്ച് മാറിനിന്നതാണ് ഡെംപോ. രണ്ട് വട്ടം ഐ ലീഗ് കിരീടം ചൂടിയ സാല്‍ ഗോകര്‍ എഫ്‌സിയും മറ്റൊരു ഗോവന്‍ ക്ലബ്ബായ സ്‌പോര്‍ട്ടിങ്ങും കൂടി ഡെംപോയ്‌ക്കൊപ്പം ഇന്ത്യന്‍ ഫുട്‌ബോളിലെ മാറ്റങ്ങളില്‍ പ്രതിഷേധിച്ച് ഐ ലീഗ് വിട്ടു. ഐ.എസ്.എല്ലിലും വ്യത്യസ്തമല്ല കാര്യങ്ങള്‍. 8 ക്ലബ്ബുകളുമായി തുടങ്ങിയ ഐ.എസ്.എല്‍ ഇന്ന് 11 ക്ലബ്ബുകളിലേക്ക് എത്തിനില്‍ക്കുന്നുണ്ടെങ്കിലും എഫ്.സി പുനെ ഇല്ലാതായി കഴിഞ്ഞു. ഡല്‍ഹി ഡൈനാമോസ് ഒഡീഷ എഫ്.സിയായി രൂപം മാറ്റി എത്തിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഉള്‍പ്പെടെയുള്ളവര്‍ സാമ്പത്തിക പ്രയാസങ്ങളില്‍ വലയുന്നു. 131 വര്‍ഷത്തെ കഥ പറയുന്ന മോഹന്‍ ബഗാന്‍ എ.ടി.കെയില്‍ ലയിക്കുമ്പോള്‍ വൈകാരികമായി പ്രതികരിച്ച ആരാധകര്‍ക്ക് രാജ്യാന്തര നിലവാരത്തിലേക്കൊരു ക്ലബ്ബ് എന്ന വാഗ്ദാനമാണ് ഉടമകള്‍ നല്‍കിയത്. അത് സാധ്യമാവുമോ? ഐ.എം. വിജയനും ബൈചുങ് ബൂട്ടിയയും ജോ പോള്‍ അഞ്ചേരിയും ചാപ്മാനും ഒരുമിച്ച് പന്ത് തട്ടാന്‍ ഇറങ്ങിയ ജെ.സി.ടിയുടെ സുവര്‍ണ്ണകാലം പോലൊന്നിലേക്കാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്കു വീണ്ടും എത്താനാവേണ്ടത്.

എക്കാലത്തേയും മികച്ച സ്ട്രൈക്കർ ഐഎം വിജയൻ

സുവര്‍ണകാലം തിരിച്ചുവരുമോ

പി.കെ. ബാനര്‍ജിയും തുളസീദാസ് ബലറാമും ചുനി ഗോസ്വാമിയും ചേര്‍ന്ന മനോഹരമായ കാലഘട്ടം ഉണ്ടായിരുന്നു ഇന്ത്യന്‍ ഫുട്‌ബോളിന്. 1948 മുതല്‍ 1964 വരെ നാല് ഒളിംപിക്‌സുകളാണ് ഇന്ത്യ കളിച്ചത്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണത്തിലേക്ക് എത്തിയത് ഈ കാലയളവില്‍ രണ്ട് വട്ടവും. പ്രതിരോധത്തില്‍ ഉരുക്കുകോട്ട തീര്‍ത്ത് നിന്നിരുന്ന ജര്‍നയില്‍ സിങ്, ഏഷ്യയിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ എന്ന് പേരെടുത്ത പീറ്റര്‍ തങ്കരാജ്... മൈതാനം കീഴടക്കാന്‍ പാകത്തില്‍ താരങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ടീമിലേക്ക് എത്തിയ സമയവുമുണ്ട് ഇന്ത്യക്ക്. എന്നാല്‍, 38കാരനായ സുനില്‍ ഛേത്രിയുടെ തോളിലേറിയാണ് ഇന്ന് ഇന്ത്യയുടെ യാത്ര. 17 വര്‍ഷമായി ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഹൃദയമായി നില്‍ക്കുന്ന താരം. രാജ്യാന്തര ഫുട്‌ബോളിലെ ഗോള്‍ വേട്ടയില്‍ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോയ്ക്കും മെസിക്കുമൊപ്പം ഛേത്രി തന്റെ പേര് കൂട്ടിച്ചേര്‍ത്തുവെയ്ക്കുകയാണ്.  എന്നാല്‍, 2023ലെ ഏഷ്യന്‍ കപ്പോടെ ഛേത്രി ബൂട്ടഴിച്ചേക്കും. ഛേത്രിക്കു ശേഷം ആരെന്ന ചോദ്യത്തിനു മുന്‍പില്‍ ഉത്തരമില്ലാതെ നില്‍ക്കുകയാണ് ഇന്ത്യ ഇപ്പോഴും. കാല്‍പ്പന്തുകളിയോട് അഭിനിവേശം നിറഞ്ഞ നാടായിട്ടും ഇന്ത്യന്‍ ഫുട്‌ബോളിനെ മുന്‍പോട്ട് കൊണ്ടുപോകാന്‍ പാകത്തില്‍ നിലവാരമുള്ള താരങ്ങളെ കണ്ടെത്താന്‍ നമുക്ക് കഴിയുന്നില്ല. കിടയറ്റ സ്‌ട്രൈക്കര്‍ എന്ന നിലയില്‍ ഐ.എം. വിജയനു ശേഷം അത്രയും സാങ്കേതിക തികവുള്ള ഒരു ഫോര്‍വേര്‍ഡിനെ കണ്ടെത്തുന്നതില്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും നമ്മള്‍ പരാജയപ്പെട്ടുതന്നെ നില്‍ക്കുന്നു. ഐ.എം. വിജയന്‍, ബൈചുങ് ബൂട്ടിയ, സുനില്‍ ഛേത്രി എന്നിവര്‍ക്കു ശേഷം വരുന്ന പേരിനായി തിരയുകയാണ് രാജ്യം. മറ്റ് ഏഷ്യന്‍ വമ്പന്മാര്‍ക്കൊപ്പമെത്താന്‍ പാകത്തില്‍ താരങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ റാങ്കിങ്ങില്‍ മുന്‍പില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ക്കെതിരെ കൂടുതല്‍ സൗഹൃദമത്സരങ്ങള്‍ കളിക്കാനാവണം. ലോകോത്തര നിലവാരത്തിലെ പരിശീലന സൗകര്യങ്ങള്‍ ലഭ്യമാക്കണം. ജനസംഖ്യയില്‍ ഇന്ത്യയേക്കാള്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളായിട്ടും കഴിവുള്ള താരങ്ങളെ കണ്ടെത്താനും വളര്‍ത്താനും അവര്‍ക്ക് എങ്ങനെയാവുന്നു എന്നത് കണ്ട് പഠിക്കണം.

ഇന്ത്യന്‍ ഫുട്‌ബോളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരും എന്ന പ്രഖ്യാപനങ്ങളുമായി എത്തിയതാണ് ഐ.എസ്.എല്‍. 9 ഐ.എസ്.എല്‍ സീസണുകള്‍ പിന്നിട്ട് കഴിയുമ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പ്രകടനങ്ങളില്‍ അത് ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ല. 2019ല്‍ ഉണ്ടായിരുന്ന അവസ്ഥയില്‍നിന്ന് ഒരുപടികൂടി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഇപ്പോള്‍ പിന്നോട്ട് പോയിരിക്കുന്നു. 2019ലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫിഫ റാങ്കിങ്ങില്‍ 97ലേക്ക് എത്തിയത്. ഇന്ത്യന്‍ ടീമിന്റെ എക്കാലത്തേയും മികച്ച റാങ്കിങ്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഖത്തറിനെ ഗോള്‍രഹിത സമനിലയില്‍ തളയ്ക്കാന്‍ കഴിഞ്ഞത് 2019ലെ സുവര്‍ണ്ണ നേട്ടമായി. ഐ.എസ്.എല്‍ രാജ്യത്തെ പ്രധാന ലീഗ് എന്ന നിലയിലേക്ക് എത്തിയതോടെ ഇന്ത്യന്‍ ദേശിയ ടീമിലെ പല താരങ്ങളും മറ്റ് ടൂര്‍ണ്ണമെന്റുകള്‍ കളിക്കുന്നില്ല. 20 മത്സരങ്ങളാണ് ഐ.എസ്.എല്‍ സീസണില്‍ ഓരോ ടീമും കളിക്കുന്നത്. ഇത് 30 മുതല്‍ 40 വരെയായി ഉയര്‍ത്തിയാലാവും ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രയോജനപ്പെടുക എന്ന വാദങ്ങള്‍ ശക്തമാണ്. 5 വിദേശ താരങ്ങളെ ഐ.എസ്.എല്ലില്‍ ആദ്യ ഇലവനില്‍ അനുവദിക്കുമ്പോള്‍ ടീമിന്റെ മുന്നേറ്റത്തിനു വിദേശ താരങ്ങളെ കൂടുതലായി ആശ്രയിക്കുന്ന പ്രവണതയാണ് കാണുന്നത്. എന്തുകൊണ്ട് മറ്റൊരു സുനില്‍ ഛേത്രി ഉണ്ടാവുന്നില്ല എന്നതിന് ഉത്തരം കൂടിയാണ് ഇത്. ഓരോ സീസണ്‍ കഴിയുമ്പോഴും ഒരുപിടി കളിക്കാരെ ഇന്ത്യന്‍ ടീമിലേക്ക് സംഭാവന ചെയ്യാന്‍ പാകത്തിലേക്ക് ക്ലബ്ബുകള്‍ക്ക് എത്താനാവണം.

ഐ.എസ്.എല്‍ പുതിയ മാനം നല്‍കുമോ

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ വരവ് കേരളത്തില്‍ ഫുട്‌ബോള്‍ ആവേശത്തിന്റെ അലയൊലികള്‍ സൃഷ്ടിച്ചു. ഐ ലീഗ് കിരീടത്തില്‍ ഗോകുലം കേരള എ.എഫ്.സി മുത്തമിട്ടതോടെയാണ് ഫുട്‌ബോളിനെ ഭ്രാന്തമായി പിന്തുടരുന്ന കേരളം ഇന്ത്യന്‍ ഫുട്‌ബോളില്‍ നമ്മുടെ സാന്നിധ്യം വീണ്ടും ശക്തമായി അറിയിച്ചത്. ഒരു ദശാബ്ദത്തോളം നീണ്ടുനിന്നിരുന്നു ഐ ലീഗില്‍ കേരളത്തിന്റെ അസാന്നിധ്യം. പിന്നിലേക്കു നോക്കുമ്പോള്‍ വിജയതേരോട്ടങ്ങളാല്‍ സമ്പന്നമാണ് നമ്മുടെ ചരിത്രം. രാജ്യത്തെ ആദ്യ പ്രൊഫഷണല്‍ ക്ലബ്ബായി ഉദിച്ചുയര്‍ന്ന് എഫ്.സി. കൊച്ചിന്‍ ഡ്യുറന്റ് കപ്പില്‍ മുത്തമിട്ട് ഇന്ത്യന്‍ ഫുട്‌ബോളിനെയാകെ വിസ്മയിപ്പിച്ചിരുന്നു. 1997ല്‍ ഐ.എം. വിജയന്‍ എഫ്.സി. കൊച്ചിനായി കിരീടം ഉയര്‍ത്തുന്നതിനും മുന്‍പേ മറ്റൊരു മലയാളി താരം ഇന്ത്യന്‍ ഫുട്‌ബോള്‍ പാരമ്പര്യത്തിന്റെ കഥ പറയുന്ന ഡ്യുറന്റ് കപ്പ് ഏറ്റുവാങ്ങിയിരുന്നു. 1955ല്‍ ജേതാക്കളായ എം.ആര്‍.സി വെല്ലിങ്ടണിനായി കിരീടം ഉയര്‍ത്തിയത് മലപ്പുറത്തുകാരനായ ഗോമസ് ഡിക്രൂസ് ആണ്. എഴുപതുകളില്‍ ആലുവ ട്രാവന്‍കൂര്‍ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സും പ്രീമിയര്‍ ടയേഴ്‌സും കൊച്ചിന്‍ സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റംസും അലിന്ദ് ഫുട്‌ബോള്‍ ക്ലബ്ബും കേരള ഫുട്‌ബോളില്‍ തല ഉയര്‍ത്തിനിന്നു. എണ്‍പതുകളിലെ കേരളത്തിന്റെ ഫുട്‌ബോള്‍ ഭൂപടത്തില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്റ്റ്‌സും കേരള പൊലീസും കളിക്കളം ഭരിച്ചു.  9, 10 ഇന്ത്യന്‍ കളിക്കാര്‍ വരെ ഉണ്ടായിരുന്ന കേരള പൊലീസ് കേരളത്തിന്റെ ഫുട്‌ബോള്‍ പൈതൃകത്തിന്റെ പ്രതീകമാണ്. 

ബംഗാള്‍, ഗോവ എന്നിവര്‍ക്കൊപ്പം കേരളവും കരുത്ത് കാണിച്ചു നിന്നിരുന്ന സമയം അഞ്ച് മലയാളി താരങ്ങള്‍ വരെ ഇന്ത്യയുടെ ആദ്യ ഇലവനില്‍ ഒരുമിച്ച് ഇടം നേടിയ സമയമുണ്ടായിരുന്നു. ടി.എ. ജാഫര്‍, ദേവാനന്ദ്, എം.എം. ജേക്കബ്, സേവ്യര്‍ പയസ്, സേതുമാധവന്‍, ഷറഫ് അലി, സി.വി. പാപ്പച്ചന്‍, ഐ.എം. വിജയന്‍, ജോ പോള്‍ അഞ്ചേരി എന്നിവരിലൂടെ നീങ്ങി ഇപ്പോള്‍ സഹലിലും രാഹുലിലും എത്തിനില്‍ക്കുന്നു ഇന്ത്യന്‍ ഫുട്‌ബോളിലേക്കുള്ള കേരളത്തിന്റെ സംഭാവനകള്‍. എന്നാല്‍, 2012നും 2016നും ഇടയില്‍ കേരളത്തില്‍നിന്ന് ഇന്ത്യന്‍ ടീമിലേക്ക് ഒരു താരം പോലും എത്തിയിരുന്നില്ല. ആ പിന്നോട്ട് പോക്കില്‍നിന്ന് കേരളം കരകയറുകയാണ് എന്ന് തോന്നിക്കുന്ന സമയമാണിത്. ഐ ലീഗ് ചാമ്പ്യനും ഐ.എസ്.എല്‍ റണ്ണേഴ്‌സ് അപ്പും കേരളത്തിന്റെ ഫുട്‌ബോള്‍ ക്ലബ്ബുകളാണ്. സന്തോഷ് ട്രോഫി കിരീടം ഇപ്പോള്‍ ഫുട്‌ബോളിനെ നെഞ്ചോട് ചേര്‍ത്ത കേരളത്തിന്റെ കൈകളിലും. 90കളുടെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് കേരള ഫുട്‌ബോളിനു മടങ്ങിയെത്തണം. ഇന്ത്യന്‍ ടീമിലേക്ക് വീണ്ടും ഒരുപിടി  താരങ്ങളെ കൂടി കൊടുക്കാന്‍ കേരളത്തിനാവണം. ഭ്രാന്തമായ ഫുട്‌ബോള്‍ പ്രണയം കേരളത്തിന്റേയും ഇന്ത്യയുടേയും ഫുട്‌ബോള്‍ മുന്നേറ്റങ്ങള്‍ക്കു വഴി തുറന്നിടുന്ന നാളുകളിലേക്കായി കാത്തിരിക്കുകയാണ് ഫുട്‌ബോളിനു ഹൃദയം കൊടുത്ത ജനത...

ഈ ലേഖനം കൂടി വായിക്കൂ‌ 

'ക്രൈഫിനെ പാതിമയക്കത്തില്‍പ്പോലും സ്വപ്നം കണ്ടിരുന്നു ആ രാത്രികളില്‍'

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ