ബുദ്ധദര്‍ശനത്തിന്റെ ആന്തരദീപ്തി

സ്നേഹിക്കുവാനും പൊറുക്കുവാനും കഴിയുന്ന എല്ലാവരിലും ബുദ്ധന്‍ കുടികൊള്ളുന്നുവെന്ന് ലോകത്തോടു പറഞ്ഞ വിയറ്റ്നാമീസ് സെന്‍ഗുരു തിച് നാത് ഹാന്‍ പോയവാരം ജീവിതത്തില്‍ നിന്ന് മടങ്ങി
ബുദ്ധദര്‍ശനത്തിന്റെ ആന്തരദീപ്തി

1926-ല്‍ വിയറ്റ്നാമില്‍ ജനിച്ച് ലോക ഗുരുവായി മാറിയ തിച് നാത് ഹാന്‍ (Thich Nhat Hanh) തൊണ്ണൂറ്റിയഞ്ചാമത്തെ വയസ്സില്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം ഒരു മഹാകാലവും അവസാനിക്കുകയായിരുന്നു. തത്ത്വചിന്തകന്‍, കവി, പ്രഭാഷകന്‍ എന്നീ നിലകളില്‍ ലോകത്തിന് അമൂല്യമായ സംഭാവന നല്‍കിയ ഈ സെന്‍ ഗുരു ലോകസമാധാനത്തിനുവേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു. നൂറോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള ഈ ബുദ്ധ സംന്യാസിയുടെ പല കൃതികളും നാല്‍പ്പതിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 'Old Path White Clouds-Walking in the Footsteps of Buddha' എന്ന കൃതി ലോകപ്രസിദ്ധമാണ്. ബുദ്ധമതത്തിന്റെ ബൈബിള്‍ എന്നു വിശേഷിപ്പിക്കാമോ ഈകൃതിയെ എന്നറിയില്ല. ആ ഗ്രന്ഥത്തിന്റെ സ്വീകാര്യത കണക്കിലെടുത്ത് അങ്ങനെ വിശേഷിപ്പിക്കാന്‍ തോന്നുന്നു. ഏറ്റവും ഒടുവില്‍ പുറത്തു വന്ന പുസ്തകം 'Zen and the Art of Saving the Planet' എന്നതായിരുന്നു. ഈ ഗ്രന്ഥം വായിച്ചിട്ടില്ല. ബുദ്ധമതം മുന്നോട്ടുവച്ച പാരിസ്ഥിതികാവബോധം തിച് നാത് ഹാനിലൂടെ തുടരുന്നു എന്നതാണല്ലോ ഗ്രന്ഥനാമം സൂചിപ്പിക്കുന്നത്. 

മനോപൂര്‍ണ്ണതാ (Mindfulness) ചിന്താധാരയുടെ പിതാവ് എന്ന് അറിയപ്പെടുന്നു ഇദ്ദേഹം. നിത്യജീവിതത്തിലെ ഏറ്റവും ചെറിയ കാര്യങ്ങളില്‍പ്പോലും സന്തുഷ്ടി കണ്ടെത്തുന്നതിലൂടെ നാമോരോരുത്തര്‍ക്കും ബോധിസത്വനായി മാറാന്‍ കഴിയും എന്നതായിരുന്നു ഈ ചിന്താപദ്ധതിയുടെ കാതല്‍. സ്‌നേഹിക്കാനും പൊറുക്കാനും കഴിയുന്ന എല്ലാവരിലും ബുദ്ധന്‍ കുടികൊള്ളുന്നു എന്ന് ഈ പണ്ഡിത ഗുരു പഠിപ്പിച്ചു. എന്തു ചെയ്യുമ്പോഴും മനസ്സ് പൂര്‍ണ്ണമായി അര്‍പ്പിക്കുക. ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുമ്പോള്‍പോലും അതില്‍ പൂര്‍ണ്ണമായി മുഴുകുക. ഒരു ഓറഞ്ച് തൊലി നീക്കം ചെയ്യുമ്പോള്‍ അതില്‍ നൂറു ശതമാനവും ആമഗ്‌നമാവുക. വര്‍ത്തമാനകാലത്തിന്റെ മുഴുവന്‍ സാന്ദ്രതയും ഓരോ ശ്വാസത്തിലും അനുഭവിക്കുക. ഇതായിരുന്നു തിച് നാത് ഹാന്റെ സന്ദേശം. 

സ്വരാജ്യത്തുനിന്നും ഭ്രഷ്ടനാക്കപ്പെട്ട് പ്രവാസിയായി മൂന്നു ദശകങ്ങളിലേറെ ജീവിച്ചു, സഞ്ചരിച്ചു ഈ പ്രപഞ്ചസ്‌നേഹി. മനുഷ്യസ്‌നേഹി എന്നു വിളിച്ചാല്‍ പൂര്‍ണ്ണമാവില്ല. ഈ സഞ്ചാരത്തിനിടയില്‍ കൊളംബിയ, പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റികളില്‍ അദ്ധ്യാപനം നിര്‍വ്വഹിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനോടു ചേര്‍ന്നുനിന്നുകൊണ്ട് അമേരിക്കന്‍ - വിയറ്റ്നാം യുദ്ധത്തെ അപലപിച്ചു. തന്റെ സ്വന്തം രാജ്യത്തിനുവേണ്ടി മാത്രം ഉയരുന്നതല്ലായിരുന്നു ആ ശബ്ദം. യുദ്ധം എന്ന മനുഷ്യവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ ഏര്‍പ്പാടിനെതിരെ സംസാരിച്ചതിനാണ് സ്വരാജ്യത്തുനിന്നും ബഹിഷ്‌കരിക്കപ്പെട്ടത്. ഫ്രാന്‍സിലായിരിക്കെ പ്ലം വില്ലേജ് (Pum Village) എന്ന ആശ്രമം സ്ഥാപിച്ച് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. പ്രകൃതിയുടെ സ്വച്ഛന്ദതയ്ക്ക് ഊനം തട്ടാത്തവിധം ആ ആശ്രമത്തെ ഒരു ഉപവനമാക്കി മാറ്റി ഈ മഹാഗുരു.

വീണ്ടും വീണ്ടും വായിക്കാനാഗ്രഹിക്കുന്ന ഒരു ഗ്രന്ഥം ഏതെന്നു ചോദിച്ചാല്‍ മറുപടി പറയാന്‍ ഏറെയൊന്നും ആലോചിക്കേണ്ടി വരുന്നില്ല. വിയറ്റ്നാമീസ് ബുദ്ധസന്ന്യാസിയും പണ്ഡിതനുമായ തിച് നാത് ഹാന്‍ (Thich Nhath Hanh) എഴുതിയ ഗൗതമ ബുദ്ധന്റെ ജീവചരിത്രമായ 'പഴയ പാത വെളുത്ത മേഘങ്ങള്‍' (Old Path White Clouds) എന്ന അതീവ ഹൃദ്യമായ ഗ്രന്ഥമാണത്. ഒരു നോവല്‍ പോലെ വായിച്ചുപോകാവുന്ന ഈ കൃതിയെ ഫിക്ഷണലൈസ്ഡ് ബയോഗ്രഫി എന്നു പലരും വിശേഷിപ്പിച്ചിട്ടുണ്ട്. അതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ഫിക്ഷന്റെ പാരായണക്ഷമത. രണ്ട്, ബുദ്ധന്റെ ജീവിതത്തെ ആഖ്യാനപരമായി ഒരു ഫിക്ഷന്റെ തലത്തിലേക്ക് കൊണ്ടുവരികയോ ചരിത്രവസ്തുതകളില്‍ അല്പസ്വല്പം കഥകള്‍ കൂട്ടിക്കലര്‍ത്തുകയോ ചെയ്തിരിക്കാം എന്ന നിഗമനം. എന്തായാലും ആഖ്യാനത്തില്‍ തിച് നാത് ഹാന്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മിഴിവ് അസാധാരണം തന്നെ. ഇതിനു മുന്‍പ് വായിച്ച ഇതര ജീവചരിത്രഗ്രന്ഥങ്ങളൊന്നും വായനയില്‍ ഇത്തരമൊരു അനുഭവത്തെ പ്രദാനം ചെയ്തിട്ടില്ല. അതു ജീവിതത്തെ ആകെ മാറ്റി വരയ്ക്കുന്നതുപോലെയുള്ള ഒരു പ്രതീതിയായിരുന്നു നല്‍കിയത്. പഴയ വരകള്‍ മായുകയും ആത്മവിസ്മൃതിയുടെ മഴവില്‍ വര്‍ണ്ണങ്ങളും വരകളുമായി പുതിയ ആകാശത്തിന്റെ വിസ്തൃത സ്ഥലികളായി ബുദ്ധചൈതന്യം മനസ്സാകെ നിറയുന്നത് അനുഭവിക്കുക തന്നെ വേണം. ബുദ്ധന്‍ കനിവിന്റെ, തീക്ഷ്ണബുദ്ധിയുടെ, അറിവിന്റെ ആന്തരദീപ്തിയായി അറുനൂറോളം പുറങ്ങളില്‍ ഒഴുകിനിറയുന്നതായി വായനയുടെ ധന്യമുഹൂര്‍ത്തങ്ങളില്‍ അളവറ്റ ആനന്ദത്തോടെ നാം അറിയുന്നു. 

തിച് നാത് ഹാന്റെ ബൈബിള്‍ എന്നു വിശേഷിപ്പിക്കാവുന്ന ഈ കൃതി എല്ലാ സന്ദേഹങ്ങള്‍ക്കും സ്‌നേഹനിര്‍ഭരമായ അത്യന്തം വിമലശുഭ്രമായ ഉത്തരങ്ങള്‍ തന്നുകൊണ്ടിരുന്നു. കപിലവസ്തുവിലേക്കും ബുദ്ധവിഹാരങ്ങളിലേക്കും നടത്തുന്ന ഒരു തീര്‍ത്ഥയാത്രയിലേക്ക് തിച് നാത് ഹാന്‍ നമ്മെ അരുമയോടെ ക്ഷണിക്കുകയാണ്. യാത്രയുടെ പര്യവസാനത്തില്‍ ബോധത്തിന്റെ അമൃതധാരയാല്‍ യാത്രികന്‍ ജ്ഞാനസ്‌നാനപ്പെടുന്നു. 

പകയുടേയും ആര്‍ത്തിയുടേയും പടയോട്ടങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആധുനിക മനുഷ്യന്റെ പഴയൊരു പതിപ്പായിരുന്നു അംഗുലിമാല. വല്ലാത്തൊരു പകയോടെ അയാള്‍ നിരവധി പേരെ കൊന്നൊടുക്കി. താന്‍ കൊന്ന ആളുകളുടെ വിരല്‍ മുറിച്ച് കഴുത്തില്‍ അണിഞ്ഞിരുന്നതിനാലാണ് അയാള്‍ക്ക് അംഗുലിമാല എന്ന പേര് കിട്ടിയത്. ആരും അയാളുടെ അരികെ പോവാന്‍ ധൈര്യപ്പെട്ടില്ല. പസേനദി രാജാവ് അയാളെ വകവരുത്താനായി ഒരു സംഘം ഭടന്മാരെ നിയോഗിച്ചു. അയാള്‍ അവരെ കൊന്നൊടുക്കി.
ഈ അംഗുലിമാലയുടെ മുന്‍പില്‍ ബുദ്ധന്‍ ചെന്നുപെടുന്നുണ്ട്. ബുദ്ധന്റെ കൂസലില്ലാത്ത യാത്രകണ്ട് അംഗുലിമാല പറഞ്ഞു : ''അവിടെ നില്‍ക്കുക.'' ബുദ്ധന്‍ നടന്നുകൊണ്ടേയിരുന്നു.

''ഞാന്‍ പണ്ടേ നിറുത്തിയതാണ്. നിങ്ങള്‍ ഇനി നിറുത്തേണ്ടിയിരിക്കുന്നു.'' ബുദ്ധന്‍ ശാന്തനായി പറഞ്ഞു.
ഇത്തവണ അംഗുലിമാല ഞെട്ടി. ബുദ്ധന്‍ അംഗുലിമാലയുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി. ഗൗതമബുദ്ധന്‍ അയാളെ പേരു വിളിച്ചപ്പോള്‍ അംഗുലി വീണ്ടും ഞെട്ടി.

ബുദ്ധന്റെ കാരുണ്യം നിറഞ്ഞ നോട്ടം അയാള്‍ക്ക് അധികനേരം അതിജീവിക്കാനായില്ല. 

''അങ്ങ് ഏറെ മുന്‍പ് നിറുത്തി എന്നു പറഞ്ഞുവല്ലോ. എന്നാല്‍ അവിടുന്ന് ഇപ്പോഴും നടക്കുന്നു. എന്താണിതിന്റെ അര്‍ത്ഥം?'' അയാള്‍ ചോദിച്ചു.

ബുദ്ധന്‍ പറഞ്ഞു: ''അംഗുലിമാല, ഞാന്‍ ജീവികളെ ദ്രോഹിക്കുന്നതു വളരെ മുന്‍പേ നിര്‍ത്തി. നാം ജീവികളെ സ്‌നേഹിക്കണം.''

ഇന്നും മനുഷ്യന്‍ തന്റെ സഹജീവികളെ, പരിസ്ഥിതിയെ വല്ലാത്തൊരു പകയോടെ ദുര നിമിത്തം ഹനിച്ചുകൊണ്ടിരിക്കുന്നു. 

വൈരത്തിനു പകരം കാരുണ്യം, ദുരയ്ക്കു പകരം ദമനം - ഇതായിരുന്നുവല്ലോ ബുദ്ധന്‍ ഉയര്‍ത്തിക്കാട്ടിയത്. ഞണ്ടുകളുടെ കാലും കയ്യും പറിച്ച് വേദനിപ്പിച്ചു രസിക്കുന്ന കുട്ടികളോട് (ഈ കുട്ടികളും അംഗുലിമാലയും പരദ്രോഹബുദ്ധിയായ ആധുനിക മനുഷ്യന്റെ ആദിപ്രരൂപങ്ങളാണ്- prottoype.) ബുദ്ധന്‍ പറയുന്നുണ്ടല്ലോ, ഈ ഭൂമിയില്‍ ഓരോ ജീവിക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന്.

ബുദ്ധകഥകളുടെ പാരിസ്ഥിതിക വിവക്ഷകളെക്കുറിച്ചായിരുന്നു ഈ ഗ്രന്ഥത്തിന്റെ പാരായണവേളയില്‍ എന്റെ ചിന്ത. അത്യഗാധമായൊരു പാരിസ്ഥിതികാവബോധം ബുദ്ധന്‍ സ്വായത്തമാക്കിയിരുന്നു. ബുദ്ധന്‍ വൃക്ഷങ്ങളെ വളരെയേറെ സ്‌നേഹിച്ചിരുന്നു. കഴിഞ്ഞ ജന്മത്തില്‍ താനൊരു പ്ലുമേറിയ വൃക്ഷമായിരുന്നു എന്നു കുട്ടികളോട് പറയുന്ന ഒരു കഥയുണ്ട് ഇതില്‍. കൃത്യമായ അര്‍ത്ഥത്തില്‍ ഹിന്ദു ഫിലോസഫി പറയുന്ന മുജ്ജന്മം എന്ന അര്‍ത്ഥത്തിലല്ല ബുദ്ധന്‍ ഇതു പറയുന്നത് എന്നു കരുതണം. മനുഷ്യരാശി ഇന്നോളം ചെന്നെത്തിയിട്ടുള്ള സഹജീവി സ്‌നേഹത്തിന്റേയും ബൗദ്ധികതയുടേയും ഉണര്‍വ്വ് ബുദ്ധനില്‍ ദര്‍ശിക്കാം.

കനിവിന്റെ ഉറവുകളൊക്കെ വരണ്ടുപൊയ്‌ക്കൊണ്ടിരിക്കുന്ന ഒരു കാലയളവില്‍ ബുദ്ധചിന്തയുടെ ഊറലുകള്‍ മനുഷ്യചിന്തയേയും ഭാവനയേയും സമ്പന്നമാക്കിക്കൊണ്ടിരിക്കും. അധികാരത്തിന്റേയും ആര്‍ഭാടത്തിന്റേയും അഴുക്കുകള്‍ നിറഞ്ഞ കൊട്ടാരത്തളങ്ങളില്‍നിന്നും സ്വച്ഛവും നിര്‍മ്മലവുമായ പ്രകൃതിയുടെ മടിത്തട്ടിലേക്കാണ് ബുദ്ധന്‍ ഇറങ്ങിപ്പോയത്. ആധുനിക മാനവന്‍ ബുദ്ധന്‍ സഞ്ചരിച്ചതിന്റെ നേര്‍വിപരീത ദിശയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ഒരു പക്ഷിയും ഇപ്പോള്‍ പാടുന്നില്ല എന്നു നിശബ്ദവസന്തം (Silent spring) എന്ന വിഖ്യാത കൃതി എഴുതിയ റേച്ചല്‍ കാഴ്സണ്‍ (Rachel Carson) പറയുന്നു. അമേരിക്കയുടെ വലിയൊരു ഭൂവിതാനങ്ങളില്‍ പക്ഷികളുടെ കളകൂജനമില്ലാതെ, അവയുടെ വര്‍ണ്ണപ്പകിട്ടുകളില്ലാതെയാണ് വസന്തം എത്തിച്ചേരുന്നതെന്ന് നിശബ്ദവസന്തം രചിച്ച ആ മഹതി പറയുന്നു. ഇന്നു നമ്മുടെ ആവാസവ്യവസ്ഥയെത്തന്നെ അപകടപ്പെടുത്തുംവിധം പരിസ്ഥിതിയുടെ നേര്‍ക്ക് മനുഷ്യന്റെ വിധ്വംസകത പെരുകിക്കൊണ്ടിരിക്കുകയാണല്ലോ.

ഈ ഗ്രന്ഥത്തില്‍ ബുദ്ധകഥകളുടെ ആന്തരസൗന്ദര്യവും വിശുദ്ധിയും നമ്മെ വിസ്മയിപ്പിക്കുകയും ഉത്തേജിതരാക്കുകയും ചെയ്യുന്നുണ്ട്. ഒരിക്കല്‍ വാരണാസിയില്‍നിന്ന് രാജഗേഹയിലേക്കു നടക്കുകയായിരുന്നു ബുദ്ധന്‍. വഴിമധ്യേ ഒരു വനാന്തരത്തിലേക്കു കടന്ന് ബുദ്ധന്‍ ധ്യാനത്തില്‍ ലയിച്ചു. അവിടേയ്ക്ക് ഒരുപറ്റം യുവാക്കള്‍ നല്ല വേഷമോടിയോടെ സംഗീതോപകരണങ്ങളുമായി വന്നു. അവര്‍ ബുദ്ധനോട് ചോദിച്ചു: ''ഹേ സന്ന്യാസി, താങ്കള്‍ ഇതിലെയെങ്ങാനും ഒരു യുവതി ഓടിപ്പോകുന്നതു കണ്ടോ?''

കൂടെയുണ്ടായിരുന്ന യുവതി അവരുടെ ആഭരണങ്ങളും മറ്റും തട്ടിയെടുത്തു കടന്ന് കളഞ്ഞ കാര്യം അതില്‍ ഒരു യുവാവ് പറഞ്ഞു. ബുദ്ധന്‍ യുവാവിനെ ശാന്തനായി നോക്കി. എന്നിട്ടു ചോദിച്ചു:

''പറയൂ കൂട്ടരേ, ഈ നിമിഷം ആ യുവതിയെ കണ്ടെത്തുന്നതോ അതോ നിങ്ങളെത്തന്നെ ശരിയായി കണ്ടെത്തുന്നതോ നല്ലത്?'' യുവാക്കള്‍ അത്തരമൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല.അവര്‍ അന്ധാളിച്ചു. അതിലൊരാള്‍ പറഞ്ഞു: ഒരുപക്ഷേ, ഞങ്ങളെത്തന്നെ കണ്ടെത്താന്‍ ശ്രമിക്കുന്നതായിരിക്കും നല്ലത്.''
ബുദ്ധന്‍ പറഞ്ഞു. ജീവിതം ഈ നിമിഷത്തില്‍ മാത്രമേയുള്ളു. പക്ഷേ, നമ്മുടെ മനസ്സ് വിരളമായി മാത്രമേ ഈ നിമിഷത്തില്‍ ജീവിക്കുന്നുള്ളൂ. നമ്മള്‍ ഭൂതകാലത്തോ ഭാവിയിലോ ജീവിക്കുന്നു. നമ്മുടെ മനസ്സ് ഇന്നലെയുടെ ഓര്‍മ്മകളെ പ്രത്യാനയിക്കാന്‍ വളരെ തിടുക്കം കാട്ടുന്നു. അല്ലെങ്കില്‍ നാളെയുടെ സ്വപ്നങ്ങളില്‍ അഭിരമിക്കുന്നു. 

യുവാവിന്റെ കയ്യിലിരുന്ന ഓടക്കുഴല്‍ വായിക്കാന്‍ ബുദ്ധന്‍ ആവശ്യപ്പെടുന്നു.

യുവാവ് ഓടക്കുഴല്‍ വായിച്ചു. തുടര്‍ന്ന് ബുദ്ധന്‍ അതിമനോഹരമായി ഓടക്കുഴല്‍ വായിച്ചു. ഒഴുകിനടന്ന മേഘത്തുണ്ടുകള്‍ റോസാദളങ്ങള്‍ അടര്‍ന്നുവീഴുന്നതുപോലെ... ഇത്ര മധുരമായി ഓടക്കുഴല്‍ വായിക്കാന്‍ ആരാണ് അങ്ങയെ പഠിപ്പിച്ചത്? യുവാവ് ചോദിച്ചു. 

''ഓടക്കുഴല്‍ വായിക്കുന്നത് പ്രാക്ടീസ് ചെയ്യുന്നതിനെ മാത്രം ആശ്രയിച്ചല്ലിരിക്കുന്നത്. പണ്ടത്തേതിനേക്കാള്‍ നന്നായി ഞാന്‍ വായിക്കുന്നു. ഇതിന്റെ അര്‍ത്ഥം ഞാന്‍ എന്നെ കൂടുതല്‍ കണ്ടെത്തി എന്നാണ്. നിങ്ങള്‍ ആരാന്നെന്നു ശരിയായി കണ്ടെത്തുന്നില്ലെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും കലയുടെ ഉന്നതങ്ങളിലെത്താന്‍ കഴിയില്ല.'' ബുദ്ധന്‍ പറഞ്ഞു. ആത്മാന്വേഷണത്തിന്റെ പാതയിലൂടെ മാത്രമേ പ്രാപഞ്ചികമായ സത്യസാക്ഷാല്‍ക്കാരം സാധ്യമാവൂ എന്ന കാഴ്ചപ്പാടാണ് ഇവിടെ പ്രബലമാകുന്നത്. ആത്മാന്വേഷണം എന്നാല്‍, ആത്മാവിനെക്കുറിച്ചുള്ള ഒന്നും തന്നെയല്ല. ആത്മാവ് മരണശേഷം എവിടേയ്ക്കു പോവുന്നു എന്ന ചോദ്യത്തിനു മറുപടിയായി കശ്യപമുനിയോട് ബുദ്ധന്‍ പറഞ്ഞു: ''ആത്മാവ് എന്നൊന്നില്ല'' 'there is nothing separate and eternal, there is no self' ആത്മാവ് ഇല്ലെങ്കില്‍ എന്തിന് ഒരുവന്‍ ആത്മീയപാതയിലൂടെ സഞ്ചരിക്കണം? മോക്ഷം (liberation) നേടാന്‍ വേണ്ടി ആത്മീയപാത സ്വീകരിക്കണം?

ബുദ്ധന്‍ പറഞ്ഞു:  കശ്യപാ ഇതിന്റെ ഉത്തരം നീ നിന്റെ ഉള്ളില്‍ത്തന്നെ തേടണം. ബുദ്ധന്‍ തുടര്‍ന്നു വിശദീകരിച്ചു: എല്ലാ വസ്തുക്കളും മറ്റൊന്നിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഉദാഹരണത്തിന് എന്റെ കയ്യിലിരിക്കുന്ന ഈ ഇലയുടെ കാര്യമെടുക്കൂ. മണ്ണ്, ജലം, ചൂട്, വിത്ത്, മരം, മേഘങ്ങള്‍, സൂര്യന്‍, കാലം, സ്ഥലം ഇവയെല്ലാം ഈ ഇലയുടെ അസ്തിത്വത്തിനു കാരണമായിരിക്കുന്നു. ഇതിലേതെങ്കിലും ഒന്നു നഷ്ടമായാല്‍ ഈ ഇലയ്ക്കു നിലനില്‍പ്പില്ല. എല്ലാ വസ്തുക്കളും ജീവനുള്ളതും അല്ലാത്തതും പരസ്പരാശ്രയത്തിലൂടെ ഉത്ഭൂതമാവുന്നു (dependent co-arising). 

സെൻ​ഗുരു തിച് നാത് ഹാന്റെ അന്ത്യയാത്ര/ ഫോട്ടോ: എപി
സെൻ​ഗുരു തിച് നാത് ഹാന്റെ അന്ത്യയാത്ര/ ഫോട്ടോ: എപി

വിശാഖയുടെ ദു:ഖം 

നിത്യജീവിതത്തിലെ പ്രഹേളികളെ തികഞ്ഞ ഉള്‍ക്കാഴ്ചയോടെ വിശകലനം ചെയ്യുന്നതിനും ജീവിത തത്ത്വബോധനം നടത്തുന്നതിനും ബുദ്ധനുണ്ടായിരുന്ന പ്രാഗത്ഭ്യം അസാധാരണമായിരുന്നു. 

ഒരുനാള്‍ വിശാഖ മഴ നനഞ്ഞ് ബുദ്ധന്റെ അടുത്തെത്തി. ''വിശാഖാ നീ എവിടായിരുന്നു? നിന്റെ വസ്ത്രവും മുടിയും നനഞ്ഞിരിക്കുന്നല്ലോ.'' വിശാഖ പറഞ്ഞു. ''പ്രഭോ എന്റെ പേരക്കുട്ടി മരിച്ചുപോയി.''
 
''എത്ര വയസ്സായിരുന്നു? എങ്ങനെ മരിച്ചു?''

''മൂന്നു വയസ്സ്. സന്നിപാതജ്വരം മൂലം.''

''നിനക്ക് എത്ര കുട്ടികള്‍, പേരക്കുട്ടികള്‍?''

''പതിനാറു കുട്ടികള്‍, എട്ടു പേര്‍ വിവാഹിതര്‍. എട്ടു പേരക്കുട്ടികള്‍.''

''വിശാഖ, ഒത്തിരി പേരക്കുട്ടികള്‍ ഉണ്ടാകുന്നത് നിനക്ക് ഇഷ്ടമാണോ?''

''അതെ പ്രഭോ. എത്രയുണ്ടായാലും സന്തോഷം. ശ്രാവസ്തിയിലെ ജനങ്ങളുടെയത്രയും ഉണ്ടായാല്‍ നന്ന്.''

''വിശാഖ, ശ്രാവസ്തിയില്‍ ഒരു ദിവസം എത്ര പേര്‍ മരിക്കുന്നുണ്ടെന്നു നിനക്കറിയാമോ?''

''ഒന്‍പതോ പത്തോ. ഒരാളെങ്കിലും ഒരു ദിവസം മരിക്കുന്നു.''

''നിന്റെ പേരക്കുട്ടികള്‍ ശ്രാവസ്തിയിലെ ജനത്തേക്കാളുമധികമാണെങ്കില്‍ നിന്റെ വസ്ത്രവും മുടിയും എന്നും നനയാനേ നേരമുള്ളൂ.''

''എനിക്കു മനസ്സിലായി പ്രഭോ. എനിക്ക് ഏറെ പേരക്കുട്ടികളെ വേണ്ട.'' എത്രമാത്രം മമത (attachment) ഒരാള്‍ക്കുണ്ടോ അത്രയും ദു:ഖവും ഉണ്ടാവുമെന്ന് വിശാഖ തിരിച്ചറിയുന്നു.
ബുദ്ധന്റെ തത്ത്വബോധനത്തിനു മികച്ച ഉദാഹരണമായി ഇതിനെ കണക്കാക്കാം.

തഥാഗതന്‍ 

ബുദ്ധന്‍ അങ്ങനെ വിളിക്കപ്പെടാന്‍ ആഗ്രഹിച്ചു. 'one who comes from nowhere and one who goes nowhere' എവിടെനിന്നും വരുന്നില്ല; എങ്ങോട്ടും പോകുന്നുമില്ല; തുടക്കവുമില്ല; ഒടുക്കവുമില്ല. 

ജനനവും മരണവും 

ജനനവും മരണവും തിരമാലകളെപ്പോലെയാണ്. തിരമാലകള്‍ വലുതും ചെറുതുമുണ്ട്. തിരമാല ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍, ജലം അങ്ങനെ നിലനില്‍ക്കുന്നു. ജലമില്ലാതെ തിരമാലകളില്ല. നാം ജലമാണെന്നു തിരിച്ചറിഞ്ഞാല്‍ തിരമാല എന്ന പ്രതിഭാസമല്ല യഥാര്‍ത്ഥമെന്നും ബൗദ്ധചിന്ത ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ ജനനവും മരണവും പ്രതിഭാസങ്ങള്‍ മാത്രമാണ്, യഥാര്‍ത്ഥമല്ല എന്നും ബുദ്ധന്‍ പറയുന്നു. വാസ്തവത്തില്‍ ജനനവും മരണവുമില്ല. അവ വിശാലമായ അര്‍ത്ഥത്തില്‍ തോന്നല്‍ മാത്രമാണ് എന്നും ബുദ്ധന്‍ കരുതുന്നു. ബുദ്ധന്റെ ഈ ഫിലോസഫിയെ തള്ളിക്കളയുന്നവര്‍ ധാരാളമുണ്ട്. എങ്കിലും ഉണ്ടായിട്ടുള്ള തത്ത്വശാസ്ത്രങ്ങളില്‍ ബൗദ്ധദര്‍ശനം അഗ്രിമസ്ഥാനത്തുതന്നെ നിലകൊള്ളുന്നു. 

ബുദ്ധന് ദൈവികമായ പരിവേഷം കല്പിച്ചു നല്‍കാന്‍ തിച് നാത് ഹാന്‍ എവിടെയും ശ്രമിക്കുന്നില്ല. ബുദ്ധന്‍ എല്ലാ ഗുരുക്കന്മാരില്‍നിന്നും വ്യതിരിക്തനായിരുന്നു. ആരെയും ഒന്നും അദ്ദേഹം പഠിപ്പിച്ചില്ല. എന്റെ വാക്കുകളെ ആരും ആരാധിക്കരുത്. അത് ഒരുതരത്തിലുമുള്ള മതപരമായ ധര്‍മ്മവും നിര്‍വ്വഹിക്കുന്നില്ല. 

''My teaching is a means of practice not something to hold onto or worship. My teaching is like a raft used to cross the river. Only a fool would carry the raft around after he had already reached the other shore, the shore of liberation.' (page 213)ബുദ്ധന്‍ പറഞ്ഞു. ഒരു കാര്യത്തെക്കുറിച്ച് അറിയണമെന്നുണ്ടെങ്കില്‍ അതിനെക്കുറിച്ച് വായിക്കുകയല്ല വേണ്ടത് എന്നു ബുദ്ധന്‍ കരുതിയിരുന്നു. മറിച്ച് വാക്കുകളേയും വസ്തുക്കളേയും പ്രപഞ്ചത്തെത്തന്നെയും ധ്യാനത്തിലൂടെ അനുഭവിക്കുക, അനുഭവിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അറിവു ലഭിക്കാനായി ശരീരത്തെ പീഡിപ്പിക്കുകയോ ഒന്നുമല്ല ചെയ്യേണ്ടത്. നീ നിന്റെ ശരീരത്തിന്റെ ശക്തി തിരിച്ചറിയുകയാണു വേണ്ടത്. '...know your strength. Don't force your body and mind beyond their limits. Only then can you attain the fruits of practice.' ഒരു മനുഷ്യന് എത്രത്തോളം വലുതാവാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമായിരുന്നു ഗൗതമ ബുദ്ധന്‍. അദ്ദേഹം മഹത്തായ തത്ത്വചിന്തകള്‍ ഒന്നുമല്ല പറഞ്ഞിട്ടുള്ളത്. കോസ്മിക് സത്യങ്ങളെക്കുറിച്ചുമല്ല, മറിച്ച് മനുഷ്യജീവിതത്തില്‍ ദു:ഖ(Suffering)ത്തെ എങ്ങനെ കഴിയുന്നത്ര സഹനീയമാക്കാം എന്നാണ് കപിലവസ്തുവിലെ ആ മഹാമുനി മനുഷ്യകുലത്തിനു ബോധ്യപ്പെടുത്തിയത്. മനുഷ്യനപ്പുറത്തേക്കു ഈ പ്രപഞ്ചത്തെയാകമാനം ആശ്ലേഷിക്കാനുള്ള മഹത്വം ബുദ്ധനു മാത്രം അവകാശപ്പെട്ടതാവുന്നു. ദിവ്യത്വത്തിന്റെ പരിവേഷം എടുത്തുമാറ്റി സാധാരണക്കാര്‍ക്കുകൂടി പ്രാപ്യമായ ഒരു തലത്തിലേക്കു ബുദ്ധന്റെ ജീവിതകഥയെ തിച് നാത് ഹാന്‍ ആവിഷ്‌കരിക്കുന്നു ഈ മഹത്തായ ഗ്രന്ഥത്തില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com