മധ്യേയിങ്ങനെ കാണുന്ന നേരത്ത്

By രവിമേനോന്‍   |   Published: 02nd January 2022 04:41 PM  |  

Last Updated: 02nd January 2022 04:41 PM  |   A+A-   |  

p_leela

 

ണ്ണുകള്‍ പൂട്ടി, കൈകൂപ്പി, ധ്യാനനിമഗ്‌നയായി ലീലച്ചേച്ചി. പിന്നെ ഉള്ളിന്റെയുള്ളില്‍നിന്നു ജ്ഞാനപ്പാനയിലെ തനിക്കേറ്റവും പ്രിയപ്പെട്ട വരികള്‍ എനിക്കുവേണ്ടി മൂളി:

''കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും,
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത് 
മത്സരിക്കുന്നതെന്തിനു നാം വൃഥാ?''

പുത്രവിയോഗത്തിന്റെ വേദന മറികടക്കാന്‍ വേണ്ടി ഗുരുവായൂരപ്പന്റെ ഇച്ഛാനുസരണം പൂന്താനം രചിച്ച കാവ്യമാണ് ജ്ഞാനപ്പാന എന്നാണ് ഐതിഹ്യം. ഐഹിക ജീവിതത്തിന്റെ നിരര്‍ത്ഥകത മുഴുവന്‍ പ്രതിഫലിക്കുന്ന ദാര്‍ശനിക രചന. പി. ലീലയുടേതല്ലാതെ മറ്റാരുടെയെങ്കിലും ശബ്ദത്തില്‍ സങ്കല്പിക്കാനാകുമോ ആ വരികള്‍ നമുക്ക്? പരസ്പരം അത്ര കണ്ട് ഇഴുകിച്ചേര്‍ന്നിരിക്കുന്നു ഗായികയും ഗാനവും ആശയവും. ലീലയില്‍നിന്നു ജ്ഞാനപ്പാനയേയും ജ്ഞാനപ്പാനയില്‍നിന്നു ലീലയേയും വേറിട്ടുകാണുക അചിന്ത്യം. 

റെക്കോര്‍ഡിംഗ് വേളയില്‍ത്തന്നെ ജ്ഞാനപ്പാനയുടെ ആത്മാവില്‍ അലിഞ്ഞുകഴിഞ്ഞിരുന്നു ഗായിക എന്നോര്‍ക്കുന്നു 60 വര്‍ഷം മുന്‍പ് ആ ക്ലാസ്സിക്ക് കൃതി സ്വരപ്പെടുത്തി ലീലയെക്കൊണ്ട് പാടിച്ച ജയവിജയന്മാരിലെ ജയന്‍. ''ചെന്നൈ മൗണ്ട് റോഡിലെ എച്ച്.എം.വി സ്റ്റുഡിയോയില്‍ നടന്ന റെക്കോര്‍ഡിംഗ് മറക്കാന്‍ പറ്റില്ല. പാടുന്നതിനിടെ പലപ്പോഴും ലീല വികാരാധീനയായി. ചില വരികള്‍ പാടുമ്പോള്‍ കരച്ചിലടക്കാന്‍ പ്രയാസപ്പെടുന്നുണ്ടായിരുന്നു അവര്‍. ഒന്നുരണ്ടു തവണ ശരിക്കും കരഞ്ഞുപോയി എന്നതാണ് സത്യം. സ്വന്തം ജീവിതാനുഭവങ്ങളുമായി ആ വരികളിലെ ആശയം ചേര്‍ന്നുനിന്നതുകൊണ്ടാവാം. റെക്കോര്‍ഡിംഗ് കഴിഞ്ഞ് ഏറെ നേരം മിണ്ടാനേ കഴിഞ്ഞില്ല അവര്‍ക്ക്.''

നാരായണീയവും ഹരിനാമകീര്‍ത്തനവും അതിനകം ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ഈണത്തില്‍ പാടി റെക്കോഡ് ചെയ്തു കഴിഞ്ഞിരുന്നു ലീല. ''ജ്ഞാനപ്പാന ചിട്ടപ്പെടുത്താന്‍ എച്ച്.എം.വി ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഞങ്ങളുടെ മനസ്സില്‍ തെളിഞ്ഞത് ലീലയുടെ രൂപമാണ്''- ജയന്‍. അതിനു നാളുകള്‍ മാത്രം മുന്‍പാണ് ലീലയുടെ സ്വരത്തില്‍ ആദ്യമായി ഒരു അയ്യപ്പ ഭക്തിഗാനം ഗ്രാമഫോണ്‍ കമ്പനിക്കുവേണ്ടി ജയവിജയന്മാര്‍ റെക്കോര്‍ഡ് ചെയ്തത്. ഇഷ്ടദൈവമേ സ്വാമി. സംഗീത സംവിധായകന്‍ പുകഴേന്തിയുടെ ഗുരു എം.പി. ശിവത്തിന്റേതായിരുന്നു രചന. സ്ത്രീകള്‍ അയ്യപ്പഭക്തിഗാനങ്ങള്‍ പാടുന്ന പതിവില്ല അന്ന്. എന്നാല്‍, ലീലയുടെ ആലാപനം ജനങ്ങള്‍ എളുപ്പം ഉള്‍ക്കൊണ്ടു. പാട്ടിന്റെ റെക്കോര്‍ഡ് നന്നായി വിറ്റുപോകുകയും ചെയ്തു. 

മേല്‍പ്പത്തൂരിന്റെ നാരായണീയത്തെപ്പോലെ സംസ്‌കൃത ബഹുലമല്ല പൂന്താനത്തിന്റെ ജ്ഞാനപ്പാന. ലളിതമായ മലയാളത്തിലാണ് രചന. ഗഹനമായ ആശയങ്ങള്‍പോലും ഇളംതൂവലുകളായി ഭക്തഹൃദയങ്ങളെ തഴുകുന്നു. ''രാഗമാലികയായാണ് ജ്ഞാനപ്പാന ചിട്ടപ്പെടുത്തിയത്. 20 വരികള്‍ക്ക് ഒരു രാഗം എന്ന തോതില്‍. ശാസ്ത്രീയ സംഗീതത്തില്‍ വ്യുല്‍പ്പത്തിയുള്ള ലീല ആലാപനം വെല്ലുവിളിയായിത്തന്നെ കണ്ടു. ഉച്ചാരണസ്ഫുടതയുടെ കാര്യത്തിലും നിര്‍ബ്ബന്ധമുണ്ടായിരുന്നു അവര്‍ക്ക്.''

ജയവിജയൻമാർ

ലാളിത്യമാര്‍ന്ന സംഗീതം  

ജ്ഞാനപ്പാന റെക്കോര്‍ഡ് ചെയ്യുന്ന സമയത്ത് ഡോ. ബാലമുരളീകൃഷ്ണയുടെ കീഴില്‍ സംഗീതാഭ്യസനം നടത്തുകയാണ് ജയവിജയന്മാര്‍. താമസം മൈലാപ്പൂരിലെ ഒരു ലോഡ്ജ് മുറിയില്‍. സിനിമയില്‍ അവസരം ലഭിച്ചു തുടങ്ങിയിട്ടില്ല അന്ന്. ഗുരുവായൂര്‍ ദേവസ്വത്തിനുവേണ്ടി ഒരു ആല്‍ബം ചെയ്യണം എന്ന് ഗ്രാമഫോണ്‍ കമ്പനി ആവശ്യപ്പെട്ടപ്പോള്‍ അതു സ്വീകരിക്കാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടിവന്നില്ല അവര്‍ക്ക്. അങ്ങേയറ്റം ലളിതമാണ് വരികള്‍. ആശയമാകട്ടെ ഗഹനവും. ''ഏതു സാധാരണക്കാരനും പെട്ടെന്നു മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്ന രീതിയില്‍ അവ ചിട്ടപ്പെടുത്തണമെന്നു തുടക്കത്തിലേ തീരുമാനിച്ചിരുന്നു ഞങ്ങള്‍. രാഗങ്ങളുടെ തിരഞ്ഞെടുപ്പിലും ലാളിത്യത്തിനു തന്നെയാണ് മുന്‍തൂക്കം നല്‍കിയത്'' -ജയന്‍. 

എച്ച്.എം.വിയുടെ ജനറല്‍ മാനേജര്‍ ആയിരുന്ന തങ്കയ്യയുടെ പ്രേരണയിലാണ് ജയവിജയന്മാര്‍ ആദ്യമായി ഒരു ഗ്രാമഫോണ്‍ റെക്കോര്‍ഡ് ഈണമിട്ടു പുറത്തിറക്കിയത്. വാണക്കുറ്റി എഴുതിയ കുട്ടികള്‍ക്കായുള്ള ഒരു തമാശപ്പാട്ട് 'ഉറുമ്പുറുമ്പ് തന്നാന' ആയിരുന്നു അത്. ഏറെ കഴിയും മുന്‍പ് പി. ലീലയുടെ ശബ്ദത്തില്‍ ആദ്യ അയ്യപ്പ ഭക്തി ഗാന റെക്കോര്‍ഡും പുറത്തിറങ്ങി. ജയചന്ദ്രന്‍ പാടിയ ശ്രീ ശബരീശ ദീനദയാളാ ആയിരുന്നു അടുത്ത ഗാനം. പാട്ടെഴുതിയതും സംഗീത സംവിധാണം നിര്‍വ്വഹിച്ചതും ജയവിജയന്മാര്‍ തന്നെ. ജയചന്ദ്രന്‍ ഇന്നും തന്റെ ഗാനമേളകള്‍ക്ക് തുടക്കം കുറിക്കുക ഈ ഗാനം പാടിക്കൊണ്ടാണ്. അതുകഴിഞ്ഞായിരുന്നു യേശുദാസിന്റെ ദര്‍ശനം പുണ്യദര്‍ശനം. ''ദാസിനെ നേരത്തെ അറിയാം. അഭിരാമപുരത്തെ വീട്ടില്‍ വച്ച് ദാസിന്റെ ഭാര്യ പ്രഭയേയും സഹോദരി ജയമ്മയേയും മൂന്നു വര്‍ഷത്തോളം സംഗീതം അഭ്യസിപ്പിച്ചിട്ടുണ്ട് ഞങ്ങള്‍. ഒരുപക്ഷേ, ദാസിന്റെ ശബ്ദത്തില്‍ പുറത്തുവന്ന ആദ്യത്തെ അയ്യപ്പ ഭക്തിഗാന റെക്കോര്‍ഡ് ആയിരിക്കും ദര്‍ശനം പുണ്യദര്‍ശനം. എം.പി. ശിവമാണ് ആ പാട്ടും എഴുതിയത്'' -ജയന്‍ ഓര്‍ക്കുന്നു. 

ജയവിജയ സ്വയം ഈണമിട്ടു പാടിയ പില്‍ക്കാല ഗാനങ്ങളും അസാമാന്യ ജനപ്രീതി നേടി. ശ്രീകോവില്‍ നട തുറന്നു, വിഷ്ണുമായയില്‍ പിറന്ന, പതിനെട്ടു പടി കേറി, ശങ്കരനന്ദന, പാഹികൃപാലയ, അയ്യപ്പതിന്തകതോം, കാലം കാര്‍ത്തിക തുടങ്ങി എണ്ണമറ്റ പാട്ടുകള്‍. ഭക്തിഗാന രംഗത്ത് വേറിട്ട ഒരു സരണി തന്നെ സ്വന്തം ഗാനങ്ങളിലൂടെ സൃഷ്ടിച്ചു ജയവിജയ. ''പലരും ചോദിക്കാറുണ്ട് നിങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് എങ്ങനെയാണ് പാട്ടുകള്‍ ചിട്ടപ്പെടുത്തുന്നതെന്ന്. പരസ്പരമുള്ള മനപ്പൊരുത്തത്തില്‍നിന്നാണ് ഞങ്ങളുടെ ഈണങ്ങള്‍ പലതും ജനിച്ചത്. പാട്ടിന്റെ മെലഡി പാര്‍ട്ട് ഒരുമിച്ചു തയ്യാറാക്കിയ ശേഷം ഒരു അറേഞ്ചറുടെ സഹായത്തോടെ വിജയന്‍ വാദ്യവിന്യാസം നിര്‍വ്വഹിക്കും. പലപ്പോഴും ആര്‍.കെ. ശേഖര്‍ ആയിരിക്കും അറേഞ്ചര്‍.''
 
 

കച്ചേരിയിൽ ചെമ്പൈക്ക് അകമ്പടി സേവിക്കുന്ന ജയനും വജയനും

വേദിയില്‍ ഏകനായി  

1985-ലാണ് സഹോദരനായ വിജയന്റെ അപ്രതീക്ഷിത മരണം. ''എന്നെ വളരെയേറെ തളര്‍ത്തിയ വേര്‍പാടായിരുന്നു അനിയന്റേത്. ജീവിതത്തില്‍ വിവരിക്കാനാവാത്ത ശൂന്യത അനുഭവപ്പെട്ട നാളുകള്‍. ഇനി ഒരിക്കലും സംഗീതവേദിയിലേക്ക് ഇല്ലെന്നുവരെ മനസ്സില്‍ ഉറച്ച ഘട്ടം.'' സ്വാഭാവികമായും നാഗമ്പടം ശിവക്ഷേത്രത്തിലെ ആറാട്ടിന്റെ ഭാഗമായി ജയവിജയന്മാര്‍ നേരത്തെ ഏറ്റുപോയ കച്ചേരി ഒറ്റയ്ക്ക് നടത്താന്‍ സംഘാടകര്‍ ക്ഷണിച്ചപ്പോള്‍ ആദ്യം ഒഴിഞ്ഞുമാറാനാണ് ജയന്‍ ശ്രമിച്ചത്. പക്ഷേ, എളുപ്പം പിന്‍വാങ്ങുന്നവരായിരുന്നില്ല സംഘാടകര്‍. ''വല്ലാത്തൊരു പരീക്ഷണ ഘട്ടമായിരുന്നു. ആ ദിവസങ്ങളില്‍ ഞാന്‍ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്, പാടാതിരുന്നാല്‍ മരിച്ചുപോയ അനിയന്റെ ആത്മാവ് എന്നോട് പൊറുക്കുമോ എന്ന്. ആരോ മനസ്സിലിരുന്നു പറയുന്നപോലെ തോന്നി: പോകണം. നീ പോയി പാടണം. സംഗീതത്തിന് ഉണക്കാന്‍ കഴിയാത്ത മുറിവുകളില്ല.''

നീറുന്ന ഹൃദയവുമായി ജയന്‍ വേദിയില്‍ തിരിച്ചെത്തുന്നു. അന്ന് അനുഭവിച്ച ഏകാന്തത പോലൊന്ന് ജീവിതത്തില്‍ അതിനു മുന്‍പോ പിന്‍പോ അനുഭവിച്ചിട്ടില്ലെന്നു പറയും ജയന്‍. സഹോദരനൊപ്പം വര്‍ഷങ്ങളോളം പാടി അനശ്വരമാക്കിയ ഭക്തിഗാനങ്ങള്‍ വീണ്ടും പാടി തുടങ്ങിയപ്പോള്‍, കണ്ണുകള്‍ താനേ നിറഞ്ഞു. ശബ്ദം ഇടറി. പാട്ട് മുഴുമിപ്പിക്കാനാവാതെ വേദിയില്‍ തളര്‍ന്നിരുന്നു ജയന്‍.

പിന്നെയുമുണ്ടായി അത്തരം അനുഭവങ്ങള്‍. എങ്കിലും ഈശ്വരചിന്തയിലും സംഗീതത്തിലും സ്വയം മറന്നു മുഴുകി, പതുക്കെ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുകയായിരുന്നു ജയന്‍. പില്‍ക്കാലത്ത് യേശുദാസിന്റെ സ്‌നേഹപൂര്‍വ്വമായ നിര്‍ബ്ബന്ധത്തിനു വഴങ്ങി മയില്‍പ്പീലി എന്ന ആല്‍ബത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോള്‍ ഒരു കാര്യം ജയന്‍ മനസ്സില്‍ ഉറച്ചിരുന്നു. ഈ പാട്ടുകളുടെ പിതൃത്വം ജയനു മാത്രമായിരിക്കില്ല. ജയവിജയക്കായിരിക്കും. ചെമ്പൈക്ക് നാദം നിലച്ചപ്പോള്‍, രാധ തന്‍ പ്രേമത്തോടാണോ, അണിവാകച്ചാര്‍ത്തില്‍, യമുനയില്‍ ഖരഹരപ്രിയ, നീയെന്നെ ഗായകനാക്കി... എല്ലാം ഒന്നിനൊന്ന് മികച്ച ഗാനങ്ങള്‍. മലയാളത്തിലെ ഭക്തിഗാന സമാഹാരങ്ങളുടെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും വിറ്റുപോയ ആല്‍ബങ്ങളില്‍ ഒന്നായി മാറി രമേശന്‍ നായരും ജയനും (ജയവിജയ) ചേര്‍ന്നൊരുക്കിയ മയില്‍പ്പീലി.

പി ലീല

ആറു പതിറ്റാണ്ടുകള്‍ പിന്നിടുകയാണ് ജയന്‍ മാഷിന്റെ സംഗീത യാത്ര. ചരിത്രനിയോഗം പോലെ ആ യാത്രയുടെ ആരംഭബിന്ദുവില്‍ ജ്ഞാനപ്പാനയുണ്ട്; പി. ലീലയും. ''ഗുരുവായൂര്‍ സന്നിധിയില്‍ പുലര്‍ച്ചെ ചെന്നുനിന്ന് ലീലയുടെ ശബ്ദത്തില്‍ ജ്ഞാനപ്പാന കേള്‍ക്കുമ്പോള്‍ തോന്നുന്ന അനുഭൂതിക്ക് പകരം വെക്കാന്‍ മറ്റൊന്നില്ല. സാക്ഷാല്‍ ഭഗവാന്‍ തന്നെയല്ലേ ലീലയുടെ സ്വരത്തില്‍ പാടുന്നതെന്നു തോന്നും ചിലപ്പോള്‍. അത്രയും താദാത്മ്യം പ്രാപിച്ചിരിക്കുന്നു ഗാനവും ഈണവും ഗായികയുടെ ഹൃദയവും. എല്ലാം ഗുരുവായൂരപ്പന്റെ ലീല...''

ജ്ഞാനപ്പാനയുടെ തുടക്കത്തിലെ പ്രസിദ്ധമായ വരികള്‍ ഓര്‍മ്മയില്‍നിന്നു പതുക്കെ മൂളുന്നു ജയന്‍: ''ഗുരുനാഥന്‍ തുണ ചെയ്ക സന്തതം തിരുനാമങ്ങള്‍ നാവിന്മേലെപ്പോഴും പിരിയാതെയിരിക്കണം നമ്മുടെ നരജന്മം സഫലമാക്കീടുവാന്‍...''