വെണ്‍മയുടെ ഞൊറിവുകള്‍

By കെ.വി. ലീല  |   Published: 10th January 2022 04:29 PM  |  

Last Updated: 10th January 2022 04:29 PM  |   A+A-   |  

yathra

 

യാറാബുഗ്യാലാണ് അടുത്ത ലക്ഷ്യം. വിസ്മയക്കാഴ്ചകളുടെ സമ്മേളനഭൂമിക. 13500 അടി ഉയരത്തിലുള്ള, മഞ്ഞുമലകളുടെ നെറുകയിലുള്ള വിസ്തൃതമായ പുല്‍പ്പരപ്പ്. ഹിമാലയം എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന പൂര്‍ണ്ണമായും മഞ്ഞുമൂടിയ വിശാലമായ ഹരിതമൈതാനം. ഈ യാത്രയിലെ ആത്യന്തിക ലക്ഷ്യവും ദയാറാബുഗ്യാലാണ്. ഓര്‍ത്തപ്പോള്‍ത്തന്നെ സന്തോഷം തോന്നി, ഉത്സാഹവും. നടപ്പിനു വേഗവും. വളഞ്ഞുപുളഞ്ഞ് കുത്തനെയുള്ള മലഞ്ചെരിവുകളിലൂടെ, മഞ്ഞുവീണ വഴികളിലൂടെ യാത്ര തുടര്‍ന്നു. വഴികള്‍ കൂടുതല്‍ ദുര്‍ഘടമാകുന്നു, മനോഹരവും. നാലഞ്ച് കിലോമീറ്റര്‍ ദൂരമുണ്ട് ദയാറായിലേക്ക്. ചുറ്റും മഞ്ഞ് കവചമിട്ട വെണ്‍മനിറഞ്ഞ കാട്ടുപാതകള്‍. എവിടെ നോക്കിയാലും മഞ്ഞ്, എങ്ങോട്ട് തിരിഞ്ഞാലും മഞ്ഞ്. കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ അവിടവിടെ മഞ്ഞുപുതഞ്ഞ വഴികളല്ല, ചുറ്റും ഹിമസാഗരം തന്നെ. മരങ്ങളും വഴികളും എല്ലാം മഞ്ഞുമൂടിയിരിക്കുന്നു. കടലിന്റെ നടുവിലെന്നപോലെ മഞ്ഞിന്റെ  നടുവില്‍. മഞ്ഞിന്‍പുതപ്പിനുള്ളില്‍നിന്ന് കറുത്ത കരങ്ങളും വിരലുകളും പുറത്തേക്ക് നീട്ടിനില്‍ക്കുന്ന വൃക്ഷങ്ങള്‍, കുറ്റിച്ചെടികള്‍ എത്ര മനോഹരമായ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച. ഇതുവരെ കാണാത്ത, അനുഭവിക്കാത്ത ഒരനുഭൂതി മനസ്സില്‍ നിറഞ്ഞു. തരിമഞ്ഞുകള്‍ ഇലക്കുമ്പിളിലും ശാഖകളിലും നിറഞ്ഞുനില്‍ക്കുന്ന ദേവദാരുക്കളും കാട്ടുപൂവരശും ഗുല്‍ഗുലുവും നിറയേയുള്ള വഴികളിലൂടെയാണ് ഈ സഞ്ചാരം, ശൈത്യത്തിന്റെ പിടിയില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന വൃക്ഷസഞ്ചയത്തിനിടയിലൂടെ, മുന്നില്‍ കുമിഞ്ഞുകൂടിയ മഞ്ഞിന്റെ ഇടയിലൂടെ. മുന്നില്‍ കുമിഞ്ഞുകിടക്കുന്ന മഞ്ഞിന്റെ വെണ്‍മ, കൂളിങ്ങ് ഗ്ലാസ്സ് മാറ്റി ഒരു നിമിഷം കൊതിയോടെ നോക്കിപ്പോയി. ഈശ്വരാ, എന്തൊരു വെണ്‍മ. തരിതരിയായ മഞ്ഞിന്‍കണങ്ങളെ കയ്യില്‍ കോരിയെടുത്തു. പഞ്ചസാരത്തരികളേക്കാള്‍, പൊടിയുപ്പിനേക്കാള്‍ പതിന്മടങ്ങ് വെണ്‍മയുള്ള മഞ്ഞിന്റെ ക്രിസ്റ്റല്‍ രൂപങ്ങള്‍. അതിനു പകരമാകാന്‍ മറ്റൊന്നുമില്ല. ഇടയ്ക്ക് നിന്ന  നോക്കി മഞ്ഞിനെ ആസ്വദിച്ചു. വഴികള്‍ മൂടിപ്പോയ മഞ്ഞിന്‍കൂമ്പാരങ്ങള്‍ക്കിടയിലൂടെയാണ് നടത്തം. മഞ്ഞ് വീഴ്ചയില്ല. മഞ്ഞ് ചുറ്റുമുണ്ട് എന്നുമാത്രം. എങ്കിലും മഞ്ഞില്‍ താണുപോകുമോ എന്ന് പേടിപ്പെടുത്തുന്ന വഴികള്‍. കിടങ്ങുകളോ തോടുകളോ കരിമ്പാറയോ നദിയോ മുന്നില്‍ മഞ്ഞുമൂടിക്കിടക്കുന്നതെന്ന് അറിയില്ല. ട്രെക്‌പോള്‍ കുത്തിനോക്കിയപ്പോള്‍ അതങ്ങനെ തന്നെ താഴോട്ട് പോകുന്നു ചിലയിടങ്ങളില്‍. ചിലപ്പോള്‍ ട്രെക്‌പോള്‍ ഉറയ്ക്കന്നുണ്ട്, രണ്ട് മൂന്നടി താഴ്ചയില്‍. ഈ വഴി നടക്കാമെന്നുറച്ചു. ട്രെക്‌പോള്‍ കുത്തി ഒരു കാല്‍വച്ച് ഉറപ്പിച്ച്, അടുത്ത കാല്‍ കുത്തുന്നതിനു മുന്‍പ് വീണ്ടും ട്രെക്‌പോള്‍ ഉറപ്പിക്കണം. സംഭവം അത്ര പെട്ടെന്നൊന്നും പറ്റില്ല. നടത്തത്തിന്റെ സ്പീഡും കുറയും. വസ്ത്രങ്ങളില്‍ മഞ്ഞ് കയറും. എങ്കിലും ക്ഷമയോടെ ഇതൊക്കെ ചെയ്‌തേ പറ്റൂ. നടന്നു. ഓരോ ചുവടും ശ്രദ്ധയോടെ. മുന്നേ പോയവരുടെ പാദങ്ങള്‍ പതിഞ്ഞയിടങ്ങളില്‍ കാല്‍വച്ച് കൂടാ. വഴുതിയേക്കാം. കാലടികള്‍ പതിക്കാത്തയിടങ്ങളില്‍, പുതിയയിടങ്ങളില്‍ ചവിട്ടണം. അതും അവിടം ഉറപ്പാണ് എന്ന് ട്രെക്‌പോള്‍ കുത്തിയുറപ്പിച്ചിട്ടു മാത്രം. സ്നോ ഷൂസും ഷൂസിനേയും കാലിനെയും ചുറ്റിവരിഞ്ഞ ഗേയ്റ്റേഴ്സുമെല്ലാം മഞ്ഞില്‍ പുതഞ്ഞുപോകുന്നു. ചിലപ്പോള്‍ അതിനും മുകളില്‍. കാലിലും വസ്ത്രങ്ങള്‍ക്കുമിടയില്‍ തിരുകിക്കയറിയ മഞ്ഞിന്‍പൊടികളെ ഇടയ്ക്കിടെ കുടഞ്ഞുകളയണം. ട്രെക്‌പോള്‍ ആഴത്തില്‍ കുത്തിയുറപ്പിച്ച് പാദങ്ങള്‍ മുന്നോട്ടുവച്ച് മറ്റൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് നീങ്ങി. കൂടിക്കൂടി വരുന്ന തണുപ്പ്. വെയിലുണ്ടെങ്കിലും തണുപ്പിനു കുറവൊന്നുമില്ല. മഞ്ഞിനേയും തണുപ്പിനേയും വകവയ്ക്കാതെ ലക്ഷ്യം മാത്രം കണ്ട് മുന്നോട്ട് നീങ്ങി. നടന്ന് നടന്ന് കുറേക്കഴിഞ്ഞപ്പോള്‍ മഞ്ഞ് കുറഞ്ഞ ഒരിടത്തു ചെന്നു. കുറ്റിക്കാടുകളും മരങ്ങളും നിറഞ്ഞ ഒരു പ്രദേശം. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ വഴിയിലൂടെ മുന്നോട്ട് ചെന്നു. ചെരിവുകള്‍ വിട്ട് മുകളിലേക്ക് കുത്തനെയുള്ള ഒരു കയറ്റമെത്തി. കാലൊന്നു തെന്നിയാല്‍ താഴെ കൊക്കയിലേക്ക് പതിക്കാവുന്നത്ര നേര്‍ത്ത വഴി. സൂക്ഷിച്ച് നടന്ന് ഏതാണ്ട് അന്‍പത് അറുപത് മീറ്റര്‍ നടന്നുകാണും. മുന്നിലായി ഒരു ഗര്‍ത്തം. മുന്‍പെങ്ങോ ഒലിച്ചുപോയ മലയുടെ ബാക്കിചിത്രങ്ങള്‍. മറിഞ്ഞുവീണ മരങ്ങളും മുള്‍ച്ചെടികളും ഉരുളന്‍ പാറകളും വഴിമുടക്കികളായി കിടപ്പുണ്ട്. ആകെ അലുക്കുലുത്തായ ഒരു വഴി. അത് കണ്ടപ്പോള്‍ അല്പം ഭയവും തോന്നി. പക്ഷേ, അവയെ മറികടന്നേ പറ്റൂ. തൊട്ടുതൊട്ടിരിക്കുന്ന പാറക്കഷണങ്ങളില്‍ പിടിച്ച് താഴോട്ടിറങ്ങി, വീണുകിടക്കുന്ന മരക്കുറ്റികളില്‍ പിടിച്ച് കയറി മുന്നോട്ടുപോയി. മുന്നില്‍ പോയവര്‍ താഴെനിന്ന് കയ്യില്‍പിടിച്ച് മുകളിലേക്ക് കയറ്റി. ഹോ, ആശ്വാസം. ഇങ്ങനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും വരുമ്പോഴാണ് ഏറെ പ്രയാസം. ആറുനിര വസ്ത്രങ്ങളും ഷൂസും ഗേയ്‌റ്റേഴ്സും കൂടെ ബാഗിന്റെ ഭാരവും. മനുഷ്യന്റെ രൂപം തന്നെ മാറിയ അവസ്ഥ. കൂടെ കൊടും തണുപ്പും മഞ്ഞും. ഇങ്ങനെ നടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി എങ്കിലും മടുപ്പൊന്നുമില്ല. കാരണം, ഒന്നിനൊന്നു വ്യത്യസ്തമായ രാവുകളും പകലുകളും കാഴ്ചവട്ടങ്ങളും അതിലുപരിയായി ദേവഭൂമിയിലെ ശൈത്യകാലത്തിന്റെ കിടിലന്‍ അനുഭവങ്ങളും. അതിലേക്ക് മനസ്സ് ഉറഞ്ഞുപോയിരുന്നു. കയറ്റം കയറി മുകളിലെത്തുമ്പോള്‍ തെളിഞ്ഞ നീലാകാശത്തിനു കീഴില്‍ ഹിന്ദിയിലെഴുതിയ രണ്ട് മൂന്ന് ബോര്‍ഡുകള്‍ കാണാം. അകലെ പുല്‍പ്പരപ്പും. ദയാറായുടെ താഴ്വാരമാണത്. ദയാറാബുഗ്യാലിനെക്കുറിച്ചുള്ള വിവരണങ്ങളടങ്ങിയ ബോര്‍ഡാണത്. ജൈവവൈവിധ്യത്തിന്റെ കലവറയായ ദയാറായുടെ വിശാലമായ ഭൂമികയെ പരിചയപ്പെടുത്തുന്ന, അവിടത്തെ വിശിഷ്ട സസ്യലതാതികളെ പരിചയപ്പെടുത്തുന്ന, അവയുടെ സംരക്ഷണത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന വരികളായിരുന്നു അതില്‍. ഗുല്‍ഗുലുവും അലഞ്ചിയും വനകക്കിടിയും ദേവദാരുക്കളും നിറഞ്ഞ മണ്ണിനെ, പ്രകൃതിയെ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിച്ചുപോയ നിമിഷങ്ങള്‍. 

വീണ്ടും നടന്ന് നടന്ന് മഞ്ഞിന്റെ ഇടയിലെത്തി. ദൂരെ ദയാറാബുഗ്യാലിന്റെ മുകള്‍പ്പരപ്പ് കണ്ടു തുടങ്ങി. മനസ്സില്‍ സന്തോഷത്തിന്റെ മയില്‍പ്പീലികളും വിരിഞ്ഞു. മഞ്ഞില്‍കുളിച്ചു നില്‍ക്കുന്ന ദയാറാബുഗ്യാല്‍. വിരിഞ്ഞുവിശാലമായി വെട്ടിത്തിളങ്ങുന്ന ഹിമസാഗരം. നീളെ നീളെ പരന്ന് പരന്ന് നോക്കെത്താദൂരത്ത്. കണ്ടുതീര്‍ന്ന കാഴ്ചകളേക്കാള്‍ കാണാനിരിക്കുന്നവ എത്ര മനോഹരമെന്ന് പറയുന്നത് എത്ര ശരിയാണെന്നു മനസ്സ് പറഞ്ഞു. പിന്നെ മുന്നോട്ടു നീങ്ങി കൂടുതല്‍ വേഗത്തില്‍. വിശപ്പിനേയും തണുപ്പിനേയും മറ്റൊന്നിനേയും വകവയ്ക്കാതെ. അല്പംകൂടി മുന്നോട്ടു ചെല്ലുമ്പോള്‍ വലതുവശത്തായി വീണ്ടും കണ്ടു ഇടയഗൃഹങ്ങള്‍. അടുക്കുകല്ലുകള്‍കൊണ്ട് പണിതുയര്‍ത്തിയ മഞ്ഞുകാല വസതികള്‍. അവയുടെ അരികിലൂടെ വീണ്ടും മുകളിലേക്കു കയറി. കുത്തനെയുള്ള കയറ്റം കുറച്ചുകൂടിയുണ്ട്. അതുംകൂടി കഴിഞ്ഞാല്‍ ദയാറാബുഗ്യാലിന്റെ മുകളിലെത്തിക്കഴിഞ്ഞു. എല്ലാം മറന്ന് നടന്നു, മുന്നിലേക്ക്. സഹയാത്രികരെല്ലാം ചിന്നിച്ചിതറി തുടങ്ങിയിരുന്നു, മഞ്ഞിനിടയിലേക്ക്. വെള്ളിക്കിരീടമണിഞ്ഞ കൊടുമുടികള്‍ അനേകമനേകം. ഫോട്ടോയെടുത്തും ആരവങ്ങളോടെ തുള്ളിച്ചാടിയും വീണ്ടും മുകളിലേക്കു നീങ്ങി. അപ്പോഴാണ് കണ്ടത് മഞ്ഞിനിടയില്‍ ചതുപ്പുചാലുകള്‍. വഴുക്കലുള്ള വഴി. മാര്‍ഗ്ഗതടസ്സം. ഒന്നും ആലോചിച്ചില്ല. അതിലേക്കിറങ്ങി നടന്ന് ദയാറാബുഗ്യാലിന്റെ നെറുകയിലെത്തി. മനസ്സില്‍ സന്തോഷത്തിരകള്‍ ആര്‍ത്തിരമ്പി. ഹിമാലയന്‍ മലനിരകളുടെ, ഗാര്‍വാര്‍ ഹിമാലയത്തിന്റെ ഭാഗമായ ദയാറാബുഗ്യാല്‍. പ്രകൃതിയുടെ സ്വന്തം പുല്‍പ്പരപ്പ്. 13500 അടി ഉയരത്തിലുള്ള പുല്‍മേടുകളുടെ അത്ഭുതവിന്യാസം. ഹിമവാന്റെ മണ്ണ് സംരക്ഷണ കവചം. ദേവദാരുക്കളും പീറും ഓക്കുമരങ്ങളും അനേകം ഔഷധസസ്യങ്ങളും മുള്‍ച്ചെടികളും നിറഞ്ഞ കൊടുംവനങ്ങളുടെ മധ്യത്തില്‍, അവയുടെ നെറുകയിലാണ് ദയാറാബുഗ്യാല്‍. മഞ്ഞുകാലമൊഴികെ പച്ചപ്പരവതാനി വിരിച്ചുനില്‍ക്കുന്ന ഹിമസാനുക്കളിലെ സുന്ദരി. ഇടയജീവിതങ്ങളുടെ പറുദീസ. 

ദയാറായുടെ നെറുകയാണിത്. ഞങ്ങള്‍ക്കരികിലായി കാട്ടുവഴിയില്‍നിന്ന് കൂട്ടുകൂടി ഒപ്പം നടന്ന ഒരു കറുത്ത നായ, അവന്‍ വിശ്രമത്തിലാണ്, ഗിരിനിരകളെ നോക്കിക്കൊണ്ട്. സിംഹത്തിന്റെ തലയെടുപ്പുള്ള രോമങ്ങള്‍ തിങ്ങിക്കൂടിയ ഒരു തടിയന്‍ നായ. ഹിമവാന്റെ കാവല്‍ക്കാരിലൊരാള്‍, യാത്രികരേയും. അവനെ തൊട്ട് തലോടി സ്‌നേഹം പങ്കിട്ടു. യാതൊരു പരിചയക്കുറവും കാണിക്കാതെ, തെല്ലും കൂസാതെ അവന്‍ ആ കിടന്ന കിടപ്പില്‍ വെയിലിന്റെ ചൂടേറ്റ് മയങ്ങുന്നു. 

ദയാറായുടെ മുകളില്‍നിന്ന് ചുറ്റും കണ്ണോടിച്ചപ്പോള്‍ അത്ഭുതംകൊണ്ട് ഞെട്ടിത്തരിച്ചു. വട്ടായിപ്പോയോ എന്ന് മനസ്സില്‍ വിചാരിച്ചു. ആകാശത്തിന്റെ നീലമേലാപ്പിനു കീഴില്‍ വെള്ളിക്കിരീടമണിഞ്ഞ കൊടുമുടികള്‍ അനേകമനേകം. നീലവിരിപ്പണിഞ്ഞ ഹിമഗിരികള്‍, അതിനുകീഴില്‍ പച്ചപുതച്ച മലകളും താഴ്വരകളും. മഞ്ഞ് പൂത്തിറങ്ങിയ വന്‍വൃക്ഷങ്ങളും ചെറുചെടികളും പുല്‍പ്പരപ്പുമെല്ലാം ചേര്‍ന്ന് പ്രകൃതിയൊരുക്കിയ ശില്പസൗന്ദര്യം. ഇത് ഭൂമിയുടെ സ്വര്‍ഗ്ഗം തന്നെ. നിന്ന നില്‍പ്പില്‍ 360 ഡിഗ്രിയില്‍ എങ്ങോട്ടു തിരിഞ്ഞാലും മതിവരാത്ത കാഴ്ചകള്‍. എണ്ണിയാലൊടുങ്ങാത്ത കൊടുമുടികളും താഴ്വാരങ്ങളും കൈകോര്‍ത്തു നില്‍ക്കുന്ന കാഴ്ച. അവയ്ക്കു ചുറ്റും ആകാശം അകമ്പടിയാകുന്ന കാഴ്ച. ഏതേത് സുന്ദരം എന്ന് തിരിച്ചറിയാനാകാത്തവിധം. എത്ര വിവരിച്ചാലും എത്ര കണ്ടാലും മതിവരാത്ത പ്രപഞ്ചസൃഷ്ടി. ഒരു ക്യാമറയിലുമൊതുക്കാന്‍ പറ്റാതെ, വരച്ചുതീര്‍ക്കാന്‍ പറ്റാത്ത വിസ്മയക്കൂട്ട്. കണ്ണുകളേക്കാള്‍ കൂടിയ ക്യാമറയില്ലെന്നും അനുഭവങ്ങളേക്കാള്‍ കൂടിയ വിവരണങ്ങളില്ലെന്നും തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. പ്രകൃതിയുടെ ഈ അത്ഭുതവിരുന്നിനെ, ദൈവത്തിന്റെ കയ്യൊപ്പു പതിഞ്ഞ ഈ കലാപാടവത്തെ കൊതിതീരാതെ അങ്ങനെ കുറേനേരം നോക്കിനിന്നു. 

റെയ്ത്താൽ ​ഗ്രാമത്തിലെ സൂര്യ ക്ഷേത്രം. ഈ ക്ഷേത്രത്തിന് ആയിരം വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു

മഞ്ഞിന്റെ വിരിമാറില്‍

അമ്പരപ്പിക്കുന്നതാണ് ദയാറയുടെ ഉപരിതല ഭംഗി. പ്രശാന്തസുന്ദരമായ ഭൂമി. ശബ്ദകോലാഹലങ്ങള്‍ ഇല്ലാതെ തണുപ്പില്‍ നിദ്രപൂണ്ട് കിടക്കുന്നു. ദൂരേക്ക് നോക്കുമ്പോള്‍ കാണുന്നത് വിശ്വവിഖ്യാത കൊടുമുടികളും പര്‍വ്വതനിരകളുമാണ്. ബന്ദര്‍പൂഞ്ചും നന്ദാദേവിയും ബ്ലാക്ക് പീക്കുമുള്‍പ്പെടെയുള്ള ഹിമസാനുക്കള്‍. മറ്റൊരു ദിക്കില്‍ ഗംഗോത്രിയുടെ പര്‍വ്വതനിരകളും കാണാം. ഇനിയും പേരറിയാത്ത, തിരിച്ചറിയാനാകാത്ത വെള്ളത്തൊപ്പികളണിഞ്ഞ  കൊടുമുടികള്‍ വേറെയുമുണ്ട്. അതിരില്ലാത്ത കാഴ്ചകള്‍ക്കു നടുവില്‍ അത്ഭുതമായിനിന്ന മഞ്ഞ്. കിലോമീറ്ററുകളോളം മുകളിലേക്കും താഴ്വാരത്തിലേക്കും നിരന്ന് പരന്ന് കൂനയായി കുമിഞ്ഞുകിടക്കുന്നു. മഞ്ഞിന്റെ വിരിമാറില്‍ ഏതോ രാത്രി ജീവികള്‍ കോറിയിട്ട ചിത്രങ്ങള്‍. അവയുടെ കാല്‍പ്പാടുകള്‍, അവയുടെ മദോന്മത്തരാവുകളുടെ നൃത്തച്ചുവടുകള്‍. ഉരുകിയൊലിച്ച മഞ്ഞിന്‍വിടവുകള്‍ തീര്‍ത്ത വെള്ളിശില്പങ്ങള്‍. ഉച്ചവെയിലില്‍ കുളിച്ചുനില്‍ക്കുന്ന ദയാറാബുഗ്യാല്‍ - അഴകിന്റെ റാണി. 

പുതുവര്‍ഷദിനത്തിന്റെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാനായി പിന്നീടുള്ള ഞങ്ങളുടെ ശ്രമം. മഞ്ഞിനെ കൂനകൂട്ടി സാന്താക്ലോസ്സിനെയുണ്ടാക്കി ചുവന്ന തൊപ്പിയണിയിച്ചു. ഡ്രൈ ഫ്രൂട്ട്‌സ് കൊണ്ട് കണ്ണും മൂക്കും വായയും നിര്‍മ്മിച്ച് മനോഹരമാക്കി. പിന്നെ അതിനൊപ്പം ഫോട്ടോയെടുത്തു. ആര്‍ത്തുചിരിച്ച് അര്‍മാദിച്ച് ദയാറായുടെ മടിത്തട്ടില്‍ അങ്ങനെ കുറേനേരം ചെലവഴിച്ചു. മുകള്‍പ്പരപ്പില്‍നിന്ന് മഞ്ഞിലൂടെ ഊര്‍ന്നിറങ്ങിയും ചാടിക്കളിച്ചും മഞ്ഞില്‍പൂണ്ട് നിവര്‍ന്നും മഞ്ഞ് തട്ടിത്തെറിപ്പിച്ചും തുള്ളിച്ചാടിയുമെല്ലാം പുതുവര്‍ഷദിനത്തില്‍ ദയാറാബുഗ്യാലിനെ ഒരു കളിക്കളമാക്കി. 

സമയം വൈകുന്നു. മണിക്കൂറുകള്‍ കഴിഞ്ഞു ദയാറായിലെത്തിയിട്ട്. ഇന്നുതന്നെ ഇനി ബര്‍ണാലയുടെ താഴ്വരയിലെത്തണം. ബര്‍ണാല തടാകവും നാഗക്ഷേത്രവും കണ്ട് അതിനടുത്തുള്ള താഴ്വരയിലാണ് ഇനിയുള്ള വാസം. വിശപ്പിനെ മറന്നെങ്കിലും ഭക്ഷണം കഴിക്കാതിരിക്കാന്‍ പറ്റില്ല. ദയാറായില്‍നിന്നും തിരിച്ചിറങ്ങുന്ന കാര്യം സങ്കല്പിക്കാനും കഴിയുന്നില്ല. ആകെയൊരു കണ്‍ഫ്യൂഷന്‍. പ്രപഞ്ചസൃഷ്ടികളുടെ  ഏറ്റവും സുന്ദരമായ ഒരിടത്തുനിന്ന് അവിടത്തെ സ്വര്‍ഗ്ഗീയ കാഴ്ചകളെ വിട്ട് എങ്ങനെ തിരിച്ചുപോകും. വല്ലാത്ത ഒരാശങ്ക തന്നെ. പറഞ്ഞറിയിക്കാനാകാത്ത ഒരുള്‍പ്പെരുക്കം. ചുറ്റും വീണ്ടും വീണ്ടും നോക്കി. പ്രിയപ്പെട്ട മഞ്ഞുമലകളേ, കൊടുമുടികളേ, പര്‍വ്വതനിരകളേ, ദേവദാരുക്കളേ, പുല്‍പ്പരപ്പുകളേ, ആകാശവിതാനമേ പ്രകൃതിയുടെ സാന്ദ്രസംഗീതമേ നിങ്ങളെ ഞാനെങ്ങനെ വിട്ടുപോകുമെന്ന് മനസ്സില്‍ മന്ത്രിച്ചു. ജീവിതം അര്‍ത്ഥപൂര്‍ണ്ണമെന്നു തോന്നിപ്പിച്ച, ധ്യാനാത്മകമായ ദിനങ്ങളിലൂടെ കടന്നുപോയ രാത്രികളേയും പകലുകളേയും ദേവഭൂമിയുടെ വിസ്മയക്കാഴ്ചകളേയും ഓര്‍ത്തപ്പോള്‍ മനസ്സ് വീണ്ടും ആര്‍ദ്രമായി. കണ്ണുകള്‍ വീണ്ടും നിറഞ്ഞൊഴുകി. അപ്രതീക്ഷിതമായി, ഒരു നിമിത്തമായി, നിയോഗമായി ഈ ഭൂമിയിലെത്തിയ ഒരാള്‍, വെറും ഒരു തന്മാത്രയായി മാറിയ നിമിഷം. വിശ്വസിക്കാനാകാതെ ഞാനെന്റെ മഞ്ഞില്‍ പതിഞ്ഞ നിഴലിനെ നോക്കിനിന്നു. ഏതു നിമിഷവും ഉരുകിത്തീരാവുന്ന മഞ്ഞിന്‍തരികളില്‍ വീണുപതിഞ്ഞ നിഴല്‍. മനുഷ്യജീവിതവും ഇതുപോലെ എത്രയോ നൈമിഷികമാണെന്ന് വീണ്ടും തോന്നിപ്പിച്ച നിമിഷം. പ്രകൃതിയുടെ ഉത്കൃഷ്ട സൃഷ്ടികള്‍ക്കിടയില്‍ മനുഷ്യന്‍ വെറും നിസ്സാരന്‍ മാത്രമാണെന്നു തിരിച്ചറിഞ്ഞ ദിനങ്ങളില്‍ ഒന്നായിരുന്നു അത്. 

അവസാന ഫോട്ടോഷൂട്ടുകള്‍ക്കു ശേഷം ദയാറായുടെ മുകള്‍പ്പരപ്പ് വിട്ടു. മഞ്ഞിനിടയിലൂടെ നടന്ന് താഴെയുള്ള ഇടയഗൃഹത്തിലെത്തി. അവിടെ ചായയുണ്ടാക്കുകയാണ് ഞങ്ങളുടെ സംഘാടകര്‍. ഇടയഗൃഹത്തിനു മുന്നിലുള്ള കരിങ്കല്‍കഷണങ്ങള്‍ ചേര്‍ത്ത് തീര്‍ത്ത തയ്യാലപ്പുറത്ത് ഞങ്ങള്‍ നിരന്നിരുന്നു. സൊറപറഞ്ഞ് ചായയ്ക്കുവേണ്ടി കാത്തിരുന്നു. മുന്നില്‍ ചതുപ്പും ചാണകവും തളംകെട്ടി കിടപ്പുണ്ട്. മുന്‍പ് മേഞ്ഞ കന്നുകാലികളുടേതാകാം, അതല്ലെങ്കില്‍ പോണിയുടേത്. താഴേയ്ക്ക് നോക്കുമ്പോള്‍ മഞ്ഞു മൂടിയ കീഴ്ക്കാംത്തൂക്കായ ചെരിവുകള്‍. ചായ വന്നു. ഒപ്പം ആവശ്യക്കാര്‍ക്ക് ന്യൂഡില്‍സും. അതു കഴിച്ച് വീണ്ടും ഓരോ ചായകൂടി കുടിച്ച് അല്പനേരം കൂടിയിരുന്നു. പിന്നെ മലയിറക്കം തുടങ്ങി. 

ഇനിയുള്ള യാത്ര ഇതുവരെയുള്ളതില്‍നിന്നും വ്യത്യസ്തമാണ്. ദയാറായുടെ ഉച്ചിയില്‍നിന്നും താഴോട്ടുള്ള സഞ്ചാരമാണിത്. വന്നവഴിയല്ല തിരിച്ചുപോകുന്നത്. റയ്ത്താല്‍ താഴ്വരയില്‍നിന്നും ഗൊയയും ചിലപ്പാടയും പിന്നിട്ടാണ് ദയാറാബുഗ്യാലിലെത്തിയത്. ഇനി ബര്‍ണാലവഴി ബര്‍സു താഴ്വരയിലെത്തണം. സാധാരണ പര്‍വ്വതാരോഹണത്തില്‍ ബേസ് ക്യാമ്പ് ഒന്നായിരിക്കും. ഇതങ്ങനെയല്ല. രണ്ട് ബേസ് ക്യാമ്പുകള്‍ ഉണ്ട്. റെയ്ത്താലും ബര്‍സുവും. രണ്ടും ഹിമാലയന്‍ താഴ്വരകള്‍. അതായത് കുത്തനെ മലകയറിയിറങ്ങുകയല്ല. 'റ' വട്ടത്തില്‍ ദയാറാബുഗ്യാലിനെ ചുറ്റിവളഞ്ഞ് മറ്റൊരു വഴിയിലൂടെ താഴെയെത്തുക. അങ്ങനെയൊരു പ്രത്യേകത കൂടി ഈ മലകയറ്റത്തിനുണ്ട്. അതുകൊണ്ടുതന്നെ യാത്ര തീരും വരെ ജാഗ്രതയോടെ പോണം. പരിചിതമല്ലാത്ത വഴികളല്ല എന്നതുകൊണ്ടുതന്നെ. 

ദയാറയില്‍നിന്നും ബര്‍ണാലയിലേക്ക് അഞ്ച് കിലോമീറ്റര്‍ ദൂരമുണ്ട്. കുത്തനെയുള്ള ചെരിവാണത്. ഗര്‍ത്തങ്ങളും വിടവുകളും മഞ്ഞുമൂടിക്കിടക്കുന്ന കീഴ്ക്കാംതൂക്കായ ചെരിവുകള്‍. ഇടുങ്ങിയ വഴികളിലൂടെ താഴോട്ടു നോക്കുമ്പോള്‍ പേടി തോന്നി. നൂറും ഇരുന്നൂറും മീറ്റര്‍ ആഴമുള്ളയിടങ്ങള്‍. അരമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെ ഉയരത്തില്‍ മഞ്ഞുപൊതിഞ്ഞ ഇരുവശവും താഴ്വാരങ്ങള്‍ പേറിയ ഇടുക്കുവഴിയിലൂടെയാണ് യാത്രയുടെ തുടക്കം. മനസ്സില്‍ പേടിയുമുണ്ട്. മുന്നോട്ട് നേരെയല്ല, കാലുകള്‍ ചെരിച്ചുവച്ചാണ് ഇറക്കം ഇറങ്ങേണ്ടത്. സൂക്ഷ്മതയോടെ ട്രെക്‌പോള്‍ കുത്തിയിറക്കി കാലുകള്‍ ചെരിച്ചുവച്ച്, കാലുകള്‍ ഓരോന്നായി ഉറപ്പിച്ച് മുന്നോട്ടിറങ്ങി. ചിലയിടങ്ങളില്‍ സഹയാത്രികരുടെ കൈപിടിച്ച് വീഴാതേയും കുഴികളില്‍ ചാടാതേയും നീങ്ങി. ഇതുവരെ മഞ്ഞിനുമുകളിലായിരുന്നെങ്കില്‍ ഇപ്പോള്‍ മഞ്ഞിനിടയിലാണ് യാത്ര. തലക്കുചുറ്റും, മുകളിലും മഞ്ഞിന്റെ കൂമ്പാരങ്ങള്‍. താഴ്വാരത്തേക്കിറങ്ങുമ്പോള്‍ അന്തരീക്ഷത്തിനും വ്യത്യാസം വന്നു. മരങ്ങളുടെ സാന്നിദ്ധ്യം കൂടിയതുകൊണ്ടാകാം ശ്വാസോച്ഛ്വാസം എളുപ്പമാകുന്നുണ്ട്. ഓക്കുമരങ്ങളും ദേവദാരുക്കളും ചുറ്റും നിറഞ്ഞു നില്‍ക്കുന്നുണ്ട്. മരങ്ങളുടെ പാതിയോളം മഞ്ഞുമൂടിക്കിടക്കുന്ന കാഴ്ച മുന്നിലുണ്ട്. അതിനിടയില്‍ മഞ്ഞുകൊണ്ട് ഉയര്‍ന്നുപൊങ്ങിയ ഇടങ്ങള്‍ നോക്കിയാണ് സഞ്ചാരം. ഒരു മലയിറക്കത്തിന്റെ എല്ലാ ആഹ്ലാദാനുഭവങ്ങളും അതിനൊപ്പം തന്നെ യമണ്ടന്‍ ഭീതിയും. കൗതുകവും ഭയപ്പാടും സന്തോഷവും സാഹസികതയും കൂടിക്കലര്‍ന്ന ഭ്രാന്തമായ ഒരു വികാരം മനസ്സില്‍ നിറയുന്നു. ഈ ഭൂമിയില്‍ മരിച്ചുവീണാലും അതൊരു പുണ്യം തന്നെ എന്ന് മനസ്സിലോര്‍ത്തുകൊണ്ട് കൂടുതല്‍ ധൈര്യത്തോടെ മുന്നോട്ടുപോയി. കൊടും വളവുകളും തിരിവുകളും മരങ്ങള്‍ വീണ് തടസ്സമായിട്ടുണ്ട്. വഴിയേതെന്ന് പലയിടത്തും അറിയാന്‍ കഴിയുന്നില്ല. അത് കണ്ടെത്തുകതന്നെ വേണം. ഉദ്ദേശ്യം വച്ച് മുന്നോട്ട് പോകാനും പറ്റില്ല. വളരെ ക്ഷമയോടെ മഞ്ഞുകൂനകളെ വകഞ്ഞുമാറ്റി ഊര്‍ന്നിറങ്ങിയും ചിലയിടങ്ങളില്‍ നിരങ്ങിയും നീങ്ങി. ഉള്ളില്‍ തീപ്പൊരിപാറിയ ഒരു സാഹസികയാത്രയാണിത്. ഊര്‍ന്നുവീണാല്‍ മുള്‍ച്ചെടികള്‍ക്കിടയിലാകും. അതല്ലെങ്കില്‍ കൊക്കയില്‍ കിടക്കും. ഈ മഞ്ഞിന്റെ കൂറ്റന്‍ കൂമ്പാരങ്ങള്‍ക്കടയില്‍ നദികളോ ഉറങ്ങിക്കിടക്കുന്ന ജലധാരകളോ ആകാം. മഞ്ഞ് കൊട്ടാരങ്ങള്‍ അടര്‍ന്ന് താഴേക്കു പതിക്കുമോ എന്നും തോന്നിപ്പോയി. കൊടുംതണുപ്പില്‍ മരങ്ങള്‍ക്കിടയിലൂടെ താഴോട്ടിറങ്ങുമ്പോള്‍ വീണ്ടും കുത്തനെ ഒരു ഇറക്കം. നടന്നിറങ്ങാന്‍ പ്രയാസമാണ്. ഇരുവശവും പാറക്കല്ലുകളും കുറ്റിച്ചെടികളും. ഒരു കയര്‍കെട്ടി താഴോട്ട് ഇട്ടു. എന്നിട്ട് ഓരോരുത്തരായി അതില്‍പ്പിടിച്ച് താഴോട്ടിറങ്ങി വീണ്ടും താഴേക്കെത്തുമ്പോള്‍ മഞ്ഞിന്റെ സാന്നിദ്ധ്യം കുറഞ്ഞ ഒരിടം. മരങ്ങള്‍ നിറഞ്ഞയിടം. മരങ്ങള്‍ക്കിടയില്‍ മറഞ്ഞിരുന്ന് മൂത്രവിസര്‍ജ്ജനം നടത്തി. വീണ്ടും യാത്ര തുടര്‍ന്നു. താഴോട്ട് പോകുമ്പോള്‍ അവിടവിടെയായി മഞ്ഞുപുതഞ്ഞ് പരന്നുകിടക്കുന്ന ഇടങ്ങളുമുണ്ട്. ഇടയ്ക്കിടെ മലകളും. അതിനിടയില്‍ എവിടെയോ ആണ് ബര്‍ണാലതടാകവും ക്ഷേത്രവും. അതിന്റെ താഴ്വരയിലാണ് ചെന്നെത്തേണ്ടത്. ബര്‍ണാല താഴ്വരയിലാണ് ഇന്നത്തെ താമസം. മഞ്ഞുവാസത്തിന്റേയും ടെന്റുവാസത്തിന്റേയും അവസാന നാള്‍. 

ഇറക്കമിറങ്ങുമ്പോള്‍ കാലിന്റെ പേശികള്‍ക്ക് ചെറുതായൊരു പ്രയാസം. നടപ്പുതുടങ്ങിയിട്ട് മൂന്നുനാലു ദിവസങ്ങളായി. വസ്ത്രങ്ങളുടെ ഭാരവും ഷൂസിന്റെ ഭാരവും ബാഗും. എല്ലാം ചുമന്ന് ചുമന്ന് ശരീരം ക്ഷീണിക്കുന്നുണ്ട്. പക്ഷേ, പ്രകൃതി നല്‍കിയ ഊര്‍ജ്ജം കൂടെയുണ്ട്. അതിനാല്‍ അതൊന്നും കാര്യമാക്കിയില്ല. ഇനി ക്യാമ്പിലെത്തുന്നതുവരെ ഇത്തരം ചിന്തകള്‍ വേണ്ട എന്ന് മനസ്സ് പറഞ്ഞു. വീണ്ടും മുന്നോട്ടു നീങ്ങുമ്പോള്‍ വൃക്ഷസഞ്ചയംവിട്ട് നിരപ്പിലെത്തി. മുന്നില്‍ വീണ്ടും മഞ്ഞുപുതഞ്ഞ പുല്‍മേടുകള്‍. ബര്‍ണാലയുടെ പുല്‍മേടുകളുടെ തുടക്കമാണത്. ഒന്നുരണ്ട് കയറ്റം കയറിയിറങ്ങിയാല്‍ ബര്‍ണാല താഴ്വരയായി. 

റെയ്ത്താലിലെ ഇടത്താവളം

പ്രകൃതിയുടെ പകര്‍പ്പ്

മണിക്കൂറുകള്‍ രണ്ട് മൂന്ന് കഴിഞ്ഞിരുന്നു യാത്ര തുടങ്ങിയിട്ട്. ഉച്ചയ്ക്ക് രണ്ടര-മൂന്ന് മണിയോടെ ദയാറായില്‍നിന്നും യാത്ര തുടങ്ങിയതാണ്. വേഗം നടന്നു. നടപ്പിനിടയില്‍ പുല്‍പ്പരപ്പിനെ മൂടിയ മഞ്ഞു കണ്ടപ്പോള്‍ ഒരു കൗതുകം തോന്നി. മഞ്ഞിനെ ഒരു ക്യാന്‍വാസാക്കി ഒരു കമ്പെടുത്ത് പേരെഴുതി ഒരു ഹൃദയചിത്രവും ഒരു റോസാപ്പൂവും വരച്ചു. എന്നിട്ട് നിധികിട്ടിയ ആഹ്ലാദത്തില്‍ മുകളിലേക്കോടി. മുകളിലെത്തി താഴേക്കു നോക്കുമ്പോള്‍, തെളിഞ്ഞുനിറഞ്ഞ ബര്‍ണാലതടാകവും അതിന്റെ ഓരത്തായി ചുവന്ന പെയിന്റടിച്ച ക്ഷേത്രവും. അതാണ് ബര്‍ണാലക്ഷേത്രം. പുല്‍മേടിനു കീഴില്‍ നിറഞ്ഞുതുളമ്പിയ തടാകവും ക്ഷേത്രവുമെല്ലാം ചേര്‍ന്ന് സുന്ദരമായ ഒരു പ്രകൃതിയാണിത്. 

നാഗദേവതയുടെ ക്ഷേത്രമാണ് ബര്‍ണാലക്ഷേത്രം. ഹിമാലയന്‍ പ്രദേശവാസികളുടെ കുലദൈവമാണ് ഇവിടുത്തെ നാഗദൈവങ്ങള്‍. നപുംസകങ്ങളായ നാഗങ്ങളാണ് ഇവിടുത്തെ ദേവീദേവന്മാര്‍. ക്ഷേത്രത്തില്‍ നിത്യപൂജയോ ആരാധനയോ പതിവില്ല. പകരം ശ്രാവണമാസത്തിലാണ് ഇവിടുത്തെ പൂജയും ഉത്സവങ്ങളും. ക്ഷേത്രത്തിന്റെ കവാടങ്ങളോട് ചേര്‍ന്ന് കരിനാഗങ്ങളുടെ രൂപങ്ങള്‍ കാണാം. ചെറിയൊരു കൊടിമരവുമുണ്ട്. ശ്രാവണമാസത്തിലെ പൂജാദിവസം നാഗത്താന്മാര്‍ ഇവിടെയെത്തുമെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം. ക്ഷേത്രമുറ്റത്തും തടാകക്കരയിലുമിരുന്ന് അല്പസമയം വിശ്രമിച്ചു. വീണ്ടും യാത്ര തുടര്‍ന്നു. പുല്‍മേടുകളിലൂടെ ഒന്നുരണ്ടിറക്കം ഇറങ്ങിയാല്‍ താവളമെത്തും. അതിനാല്‍ വേഗം നടന്നു. മഞ്ഞുപുതഞ്ഞും അല്ലാതെയും കണ്ടു പുല്‍മേടുകള്‍. നടന്നിറങ്ങാന്‍ വലിയ പ്രയാസമില്ലാത്തയിടം. അതിനാല്‍ അവരവരുടെ എളുപ്പത്തിന് പരസ്പരം കാണാവുന്ന ദൂരത്തില്‍ ചിതറി താഴോട്ടിറങ്ങി. 

വീണ്ടുമൊരു ചെരിവിലെത്തിയപ്പോള്‍ മഞ്ഞുവീണുറഞ്ഞവഴി. പൊടിമണ്ണും പാറക്കഷണങ്ങളും അതിനു മുകളില്‍ മഞ്ഞുവീണുറഞ്ഞിട്ടുണ്ട്. അല്പം സൂക്ഷിക്കണം. ഉരുണ്ടുവീണാല്‍ താഴേക്കിടക്കും. സിക് സാഗ് രീതിയില്‍ ശ്രദ്ധിച്ച് താഴോട്ടിറങ്ങി, ഒരു ചതുപ്പായ സ്ഥലത്തെത്തി. നിരപ്പുള്ളയിടം. ഇവിടെയാണ് ഇന്നത്തെ താമസം. സാധനങ്ങള്‍ ഇറക്കിവെച്ച് കുറച്ചുനേരം അവിടെയിരുന്നു. അതിനിടയില്‍ ടെന്റുകളും ശൗചാലയങ്ങളും ഒരുക്കിക്കഴിഞ്ഞു. ഭക്ഷണം പാകംചെയ്യാനുള്ള തയ്യാറെടുപ്പില്‍ അടുപ്പുകള്‍ ഒരുക്കി വഴികാട്ടികളായ രജനീഷും റെജുവും കുറച്ചുമാറി തമ്പടിച്ചു. അവര്‍ പാചകം തുടങ്ങി. ഞങ്ങള്‍ വസ്ത്രങ്ങള്‍ മാറി ബാഗുകള്‍ അടുക്കിവച്ച് കാത്തിരുന്നു. ഇരുട്ട് പരന്നുതുടങ്ങിയിരുന്നു. നിറയെ ചതുപ്പുനിറഞ്ഞ, ചുറ്റും മരങ്ങള്‍ നിറഞ്ഞ ഒരിടമാണിത്. ചതുപ്പിനു മുകളിലാണ് ടെന്റുകള്‍ ഉറപ്പിച്ചിട്ടുള്ളത്. ഇങ്ങനെയൊരു വാസത്തെക്കുറിച്ചോര്‍ത്തപ്പോള്‍ അത്ഭുതം തോന്നി. അകലെ ചന്ദ്രന്‍ ഉദിച്ചുതുടങ്ങിയിരുന്നു. കൂരിരുട്ട് പരന്നും തുടങ്ങിയിരുന്നു. 

ഇന്നും നെരിപ്പോടില്ലാതെ പറ്റില്ല. അത്രയ്ക്ക് തണുപ്പുണ്ട്. എന്നത്തേക്കാളുപരി. ഗൊയയില്‍ മൈനസ് പന്ത്രണ്ട് ഡിഗ്രിയും ചിലപ്പാടയില്‍ മൈനസ് പതിനഞ്ചും ആയിരുന്നെങ്കില്‍ അതിനേക്കാള്‍ തണുപ്പുണ്ട് ബര്‍ണാലയില്‍ എന്നു തോന്നി. സംഗതി ശരിയാണ്, മൈനസ് പതിനാറ് ഡിഗ്രിയില്‍ എത്തിയിരിക്കുന്നു. അസ്ഥികള്‍ കുത്തിത്തുളക്കുന്നു. പല്ലുകള്‍ കിടുകിടുക്കുന്നു. എത്രയും പെട്ടെന്ന് നെരിപ്പോടൊരുക്കുക. അടുത്തുകണ്ട ഉണക്കക്കമ്പുകളും വേരുകളും പെറുക്കിയെടുത്ത് തീയിട്ട് അതിനു ചുറ്റും കൂടി. ഷൂസും സോക്സുകളും ചൂടാക്കി. കൈകാലുകള്‍ ചൂടാക്കി. മനസ്സിനേയും ചൂടാക്കി. ഇതിനിടയില്‍ കൂടുതല്‍ രസത്തോടെ ഓരോരുത്തരും അവരവരുടെ യാത്രാനുഭവങ്ങളും തിരിച്ചറിവുകളും പങ്കിട്ടു. പ്രകൃതിയോടും യാത്രകളോടും കൂടുതല്‍ അടുത്ത അനുഭവക്കുറിപ്പുകളായിരുന്നു അത്. ടെന്റ് വാസത്തിന്റെ അവസാന ദിനമാണല്ലോ എന്നോര്‍ത്തപ്പോള്‍ നേരിയ വിഷമം തോന്നി. ചന്ദ്രബിംബം കൂടുതല്‍ ഉദിച്ചുയര്‍ന്നു. വൃക്ഷങ്ങള്‍ക്കിടയിലൂടെ, മലമുകളിലൂടെ, ഞങ്ങളുടെ താവളത്തിനു മുകളിലുണ്ട് ഒരു കാവലെന്നപോലെ. രണ്ട് മൂന്ന് ദിവസമായി കൂടെത്തന്നെയുണ്ട്. ഈ ദിവ്യവെളിച്ചത്തിന്റെ താഴെ ബര്‍ണാലയുടെ താഴ്വരകള്‍ കൂടുതല്‍ സുന്ദരമായിത്തോന്നി. 

രാത്രി ഒന്‍പത് മണിയോടടുത്തു. ശരീരം തണുപ്പുകൊണ്ട് വിറക്കുന്നു. കമ്പിളിക്കുപ്പായങ്ങള്‍ പോരാത്തപോലെ. വിശപ്പുമുണ്ട്. ചതുപ്പുകള്‍ക്കിടയിലൂടെ ഇരുട്ടില്‍ തപ്പി മുകളിലേക്കു നടന്നു. പാചകപ്പുരയുടെ അടുത്തേക്ക്. ഭക്ഷണം വിളമ്പിത്തുടങ്ങിയിട്ടുണ്ട്. പതിവുപോലെ ആലുപറാത്തയും വെജിറ്റബിള്‍ കറിയും പപ്പടവും സലാഡും പച്ചമുളകും. രാവിലെ പ്രാതലിനുശേഷം ഇടയ്ക്ക് ചായ കുടിച്ചതല്ലാതെ കാര്യമായൊന്നും കഴിച്ചിട്ടില്ല. അതുകൊണ്ട് നല്ലപോലെ കഴിച്ചു. ചെരിവിലെ അടുപ്പില്‍ ഒരു പാട്ടയില്‍ വെള്ളം ചൂടാക്കുന്നു. അതില്‍നിന്ന് കുറച്ചെടുത്ത് വായ കഴുകി. വീണ്ടും തീയുടെയടുത്തെത്തി. ഉറക്കം വരുന്നതുവരെ അവിടെയിരുന്നു. പിന്നെ ടെന്റിനുള്ളില്‍ കയറിക്കിടന്നു. ശബ്ദകോലാഹലങ്ങളില്ലാത്ത ശാന്തമായ മറ്റൊരു രാത്രി. പ്രകൃതിയുടെ സാന്ദ്രസംഗീതം കേട്ടുറങ്ങിയ അവസാന രാത്രി. 

പുലര്‍വെട്ടം വീഴുമ്പോഴേയ്ക്കും എല്ലാവരും ഉണര്‍ന്ന് ടെന്റുകളും വസ്ത്രങ്ങളും ബാഗിലാക്കുന്നു. മൗത്ത് വാഷ് ഉപയോഗിച്ച് വായ വൃത്തിയാക്കി നേരെ ചായ കുടിക്കാന്‍ പോയി. കടുകെണ്ണയില്‍ പാചകം ചെയ്‌തെടുത്ത ഭക്ഷണം കഴിച്ചു. പതിവു വ്യായാമമുറ കഴിഞ്ഞ് യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അമിതാഹാരത്തിന്റെ ദൂഷ്യവശങ്ങളും വ്യായാമത്തിന്റെ അനിവാര്യതയും തിരിച്ചറിഞ്ഞ നാളുകളായിരുന്നു പോയ ദിനങ്ങള്‍. പ്രാണവായുവിന്റെ വിലയും ജീവിതത്തിന്റെ താളവും തിരിച്ചറിഞ്ഞ നാളുകള്‍. പ്രകൃതിയുടെ പകര്‍പ്പ് തന്നെയാണ് ഓരോ ജീവജാലങ്ങളും എന്ന് ബോധ്യപ്പെട്ട നാളുകള്‍. പ്രകൃതിവാസത്തില്‍നിന്നു ലഭിച്ച ഈ തിരിച്ചറിവുകളുമായി ഞങ്ങള്‍ തിരിച്ചിറങ്ങി. 

മഞ്ഞുനിരപ്പിലെ ടെന്റുകൾ

ബര്‍സു

ബര്‍സുവിലേക്കിറങ്ങുമ്പോള്‍ വീണ്ടും കേള്‍ക്കാം വെള്ളമൊഴുകുന്ന ശബ്ദം. ചുറ്റും നോക്കിയെങ്കിലും എങ്ങും കാണാനില്ല. മുകള്‍പ്പരപ്പ് മഞ്ഞുമൂടിപ്പോയ ഏതോ കാട്ടരുവിയുടെ സംഗീതമാണത്. താഴ്വരയെത്തുവോളം ഈ കളകളനാദം പിന്തുടര്‍ന്നു. കുറേ നടന്ന് പിന്നീട് ചെരിവുകളിറങ്ങിച്ചെല്ലുമ്പോള്‍ പാതിയുറഞ്ഞും നീരൊഴുക്കുള്ളതുമായ ചെറിയ ഒരു ഉറവ. വെള്ളം തണുത്തുറഞ്ഞ് നീണ്ട് നീണ്ട് നില്‍ക്കുന്ന സൂചിമുനകള്‍, മഞ്ഞിന്‍വിരലുകള്‍. കുറച്ച് അകലെയായി മുകളില്‍ പാറയിടുക്കുകള്‍ക്കിടയില്‍നിന്ന് താഴോട്ട് പതിക്കുന്ന ഒരു വെള്ളച്ചാട്ടം. അതിന്റെ കനത്ത ഇരമ്പലും കേള്‍ക്കാം. മനോഹരമായ മറ്റൊരു കാഴ്ച. വീണ്ടും താഴോട്ടുള്ള യാത്രയില്‍ തുള്ളിത്തുളുമ്പിയൊഴുകുന്ന ജലധാരയെ ഞങ്ങള്‍ മുറിച്ചുകടന്നു. 

ബര്‍സുവിന്റെ ചെരിവുകള്‍ ജനവാസമേഖലയാണ്. മുകളില്‍നിന്നു നോക്കുമ്പോള്‍ നിറയെ കെട്ടിടങ്ങളും വീടുകളും കാണാം. ഇടയില്‍ ഒരു ക്ഷേത്രഗോപുരവുമുണ്ട്. തട്ടുതട്ടുകളായി തിരിച്ച കൃഷിഭൂമികളുമുണ്ട് യഥേഷ്ടം. ശീതകാല പച്ചക്കറികളും ധാന്യങ്ങളുമടങ്ങുന്ന കൃഷിസ്ഥലങ്ങളാണവ. നെല്ലും ഗോതമ്പും തിനയും ചാമയും പഞ്ഞപ്പുല്ലുമെല്ലാം പരമ്പരാഗതമായി കൃഷിചെയ്തുവരുന്നവരാണ് ഗാര്‍വാള്‍ സമൂഹം. കൃഷിയുടേയും കന്നുകാലിവളര്‍ത്തലിന്റേയും ഉപാസകരാണവര്‍. കുന്നിറങ്ങുമ്പോള്‍ പോണിയുമായി മുകളിലേക്ക് പോകുന്നവരെ കാണാം. പുല്ലും വിറകും ശേഖരിച്ച് താഴേക്കിറങ്ങുന്നവരെ കാണാം. വലിയ കുട്ടകളില്‍ കരിയിലകള്‍ പുറത്തേറ്റി പോകുന്ന ഒരു പെണ്‍കുട്ടിയെ കണ്ട് സംസാരിച്ചു. ജൈവവളമുണ്ടാക്കാനായി കാട്ടില്‍നിന്നും കരിയിലയും ചവറും വാരിയെടുത്ത് പോകുകയാണവള്‍. പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. കൊവിഡ് കാലമായതിനാല്‍ അവധിദിനം ഗൃഹജോലിയില്‍ മുഴുകിയവള്‍. റിംഗാല്‍ ബാംബൂ എന്നറിയപ്പെടുന്ന, ജലാശയങ്ങളിലും താഴ്വരകളിലും വളരുന്ന പ്രത്യേകം മുളയിനം ഉപയോഗിച്ച് തയ്യാറാക്കുന്ന കുട്ടകളിലാണ് ഇവര്‍ ചുമടുകള്‍ കൊണ്ടുപോകുന്നത്. 'ഗില്‍ഡ' എന്ന് പറയുന്ന ഈ കുട്ടകള്‍ ഗ്രാമജീവിതത്തിന്റെ അടയാളമാണ്. ഗില്‍ഡയുമേന്തി പോകുന്ന ഹിമാലയന്‍ സ്ത്രീകള്‍ ഭാരതത്തിന്റെ അഭിമാനപാത്രങ്ങളാണ് - തേജസ്വികളായ ഗാര്‍വാളി വനിതകള്‍.

ബര്‍സു താഴ്വരയിലെത്തുമ്പോള്‍ തെളിഞ്ഞ് ശാന്തമായ ഒരു തടാകം കണ്ടു. മലനിരകളുടെ നിഴല്‍ച്ചിത്രങ്ങള്‍ തെളിവെള്ളത്തില്‍ വീണുകിടക്കുന്ന രസമുള്ള കാഴ്ച. ഇതൊരു മനുഷ്യനിര്‍മ്മിത തടാകമാണ്. ബര്‍സുവിലെ കുടുംബങ്ങളുടേയും കൃഷിയിടങ്ങളുടേയും ജലശ്രോതസ്സാണിത്. തടാകത്തിനു ചുറ്റും മതിലുകള്‍ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. തടാകക്കരയിലൂടെ നടന്ന് ബര്‍സു എന്ന ചെറുപട്ടണത്തിലെത്തി. തടാകക്കരയില്‍ വിശ്രമിക്കുന്ന പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികള്‍. അവരുടെ നിഷ്‌കളങ്ക മുഖങ്ങള്‍. ഒരു സെല്‍ഫിയെടുക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ അവര്‍ സമ്മതിച്ചില്ല, മിടുക്കന്മാര്‍. അവധി ദിവസങ്ങളെ ആഘോഷമാക്കുകയാണവര്‍. 

അടുത്തുകണ്ട ചായപ്പീടികയില്‍നിന്ന് ചായയും ബിസ്‌കറ്റും വാങ്ങി കഴിച്ചു. പിന്നെയും നോക്കുമ്പോള്‍ പലതരം പലഹാരങ്ങള്‍ ചില്ലുകുപ്പിയില്‍ നിരത്തിവച്ചിരിക്കുന്നു. നല്ല മഞ്ഞനിറമുള്ള ശര്‍ക്കരയുരുളകള്‍ നിറച്ച ഒരു ഭരണി. അതിന്റെ വില ചോദിച്ചു. ഒരു പീസിന് പത്തു രൂപ. ഒരെണ്ണം വാങ്ങി പൊട്ടിച്ച് വായിലിട്ടു. നല്ല രുചിയുള്ള, മധുരം കിനിയുന്ന ശര്‍ക്കര വേഗത്തില്‍ അലിഞ്ഞുപോയി. വീണ്ടും കഴിച്ചു. ഉത്തരാഖണ്ഡിന്റെ കരിമ്പിന്‍ പാടങ്ങളില്‍ വിളവെടുത്ത് ഉല്പാദിപ്പിച്ച ഈ ശര്‍ക്കരയ്ക്ക് നമ്മുടെ നാട്ടിലെ കുമ്മായം ചേര്‍ന്ന ശര്‍ക്കരയുടെ രുചിയായിരുന്നില്ല. നല്ല ഒന്നാന്തരം മധുരക്കനി. മലയിറക്കത്തിന്റെ അവസാന ഘട്ടമായിരുന്നു അത്. റെയിന്‍കോട്ടും ജാക്കറ്റും ട്രെക്പോളും മാറ്റി ചെറുതായൊന്ന് റിലാക്സ് ചെയ്തു. ചായക്കടയ്ക്കു മുന്നില്‍ നിരത്തിയ പ്ലാസ്റ്റിക് കസേരകളില്‍ ഇരുന്ന് വര്‍ത്തമാനം പറഞ്ഞു. കപ്പലണ്ടി മിഠായിയും ബിസ്‌കറ്റും കയ്യില്‍ ബാക്കിവന്ന ഡ്രൈ ഫ്രൂട്ട്‌സിന്റെ പൊട്ടും പൊടിയുമെല്ലാം തീര്‍ത്തു. ഇനി ഉത്തരകാശി വഴി ഡെറാഡൂണ്‍ എത്തിയിട്ട് വേണം ഒന്നു വിശ്രമിക്കാന്‍. കുറച്ചെങ്കിലും കിടന്നുറങ്ങണം. പിറ്റേന്ന് അവിടുന്ന് യാത്ര തിരിക്കണം. ഇങ്ങനെ എല്ലാം ആലോചിച്ചിരിക്കുമ്പോള്‍ വണ്ടി പുറപ്പെടാന്‍ തയ്യാറായിക്കഴിഞ്ഞു. സാധനങ്ങളെല്ലാം എടുത്തുവച്ച് വേഗത്തില്‍ വണ്ടിയില്‍ കയറി ബര്‍സു നഗരത്തോട്, അതിന്റെ താഴ്വാരങ്ങളോടും വിടപറഞ്ഞു. 

വെള്ളിക്കൊലുസിട്ട് വിലസുന്ന ഭാഗീരഥി

പട്ടണം വിട്ട് നീങ്ങുമ്പോള്‍ ചെരിവുകളോട് ചേര്‍ത്തു പണിത ഓഫീസ് മന്ദിരങ്ങളും വീടുകളും. റോഡില്‍ പശുക്കളുമായി നീങ്ങുന്ന ഗ്രാമീണ വനിതകള്‍. റോഡരികില്‍ ചിലയിടത്ത് ജൈവവളമുണ്ടാക്കാനായി ചാണകവും കരിയിലയും കൂട്ടിയിട്ടിരിക്കുന്നു. മരങ്ങളില്‍ നിറയെ 'ലുട്ട'കളുമുണ്ട്. ബര്‍സുവില്‍നിന്ന് യാത്രചെയ്ത് വീണ്ടും റെയ്ത്താല്‍ താഴ്വരയുടെ അരികിലൂടെ ഉത്തരകാശി ലക്ഷ്യമാക്കി വാഹനം നീങ്ങി. ഇത്തവണയും ഭാഗീരഥിയുടെ കൂടെയാണ് സഞ്ചാരം. വളഞ്ഞുപുളഞ്ഞ് വെള്ളിക്കൊലുസിട്ട് വിലസുന്ന ഭാഗീരഥി. നല്ല തെളിമയാര്‍ന്ന ജലം. ചോലകള്‍ക്കിടയിലൂടെ, കല്ലുകള്‍ക്കിടയിലൂടെ അവയെ തട്ടിത്തെറിപ്പിച്ച് കുസൃതികാട്ടി ഒഴുകുകയാണവള്‍. നീരൊഴുക്കിന്റെ ഞൊറിവുകള്‍ ജലോപരിതലത്തില്‍ തീര്‍ക്കുന്ന ചിത്രശില്പഭംഗി ഈ യാത്രയില്‍ മുഴുക്കെയുണ്ട്, ധരസുവരെ. താഴോട്ടൊഴുകിച്ചെന്ന് അളകനന്ദയുമായി രുദ്രപ്രയാഗില്‍ വച്ച് ഒരുമിച്ചവള്‍ ഗംഗയായി മാറുന്നു. ഭാരതത്തിന്റെ പുണ്യനദിയായി മാറുന്നു. പുറം കാഴ്ചകള്‍ക്കിടയില്‍ മലമ്പാതകള്‍ക്കിരുവശവും നിറഞ്ഞുനിന്ന പര്‍വ്വതനിരകളുടെ ഭംഗി വീണ്ടും ആസ്വദിച്ചു. ഒരിക്കലും മടുപ്പിക്കാത്ത കാഴ്ചകള്‍. മലകളെ മുത്തമിട്ട് നില്‍ക്കുന്ന മേഘങ്ങളും നീലാകാശവും. താഴെ കണ്ണെത്താത്ത ദൂരത്തോളം ആഴമുള്ള കൊക്കകള്‍, പൈന്‍മരങ്ങള്‍, അവയുടെ പച്ചനിറച്ചാര്‍ത്ത്, റോഡുകളിലേക്ക് ചാഞ്ഞുവീഴാന്‍ പാകത്തില്‍ വേരുകള്‍ അടര്‍ന്ന കൂറ്റന്‍മരങ്ങള്‍, ഉതിര്‍ന്നുവീഴാന്‍ പോന്ന മണ്‍കൂനകള്‍, പാറക്കല്ലുകള്‍ ഇവയെല്ലാമുണ്ട്. റോഡ് നിര്‍മ്മാണത്തിനായി വെട്ടിനുറുക്കിയ കുന്നുകളും താഴ്വരകളും നെഞ്ച് പിളര്‍ന്നുനില്‍ക്കുന്ന ദയനീയ കാഴ്ച. മണ്ണുതീനികളായ ഭീകരന്‍ വണ്ടികള്‍, ഇവയെല്ലാം പിന്നിട്ടാണ് തിരികെ യാത്ര. സമയം നാലുമണിയോടടുത്തു. ഉച്ചഭക്ഷണം കഴിക്കാന്‍ ഒരിടവും കണ്ടില്ല. കയ്യില്‍ കരുതിയവയൊക്കെ തീരുകയും ചെയ്തു. പഴക്കടകളോ ചായക്കടകളോ ഒന്നുമില്ല. 

അന്തരീക്ഷത്തില്‍ തണുപ്പ് കുറയുന്നുണ്ട്. എങ്കിലും കൊടുംതണുപ്പ് തന്നെ. ശ്വാസഗതികള്‍ കൂടുതല്‍ ആയാസമായി വരുന്നു. വണ്ടി ചലിച്ചുകൊണ്ടേയിരുന്നു. ഒരിടത്തും നിര്‍ത്താതെ വിശപ്പും ദാഹവുമൊക്കെ മറന്നുപോയപോലെ. ധരസുവിന്റെ കവലയില്‍ എത്തി വണ്ടി നിറുത്തി. മുന്‍പ് കയറിയ ഹോട്ടലില്‍ ഭക്ഷണമുണ്ടോ എന്ന് തിരക്കി. എല്ലാവര്‍ക്കും കഴിക്കാനുള്ള ഭക്ഷണമില്ല. സമയം കഴിഞ്ഞിരിക്കുന്നു. അതിനാല്‍ വണ്ടി നേരെ വിട്ടു. ഡെറാഡൂണിന്റെ രാജവീഥികളിലേക്ക്. 

റോഡില്‍ നല്ല തിരക്കുണ്ടായിരുന്നു. അതിനാല്‍ യാത്ര ദുര്‍ഘടമാകുകയും ചെയ്തു. എപ്പോഴെത്തുമെന്ന് കണ്ടറിയണം. ബസ് ഇടയ്ക്ക് നിര്‍ത്തി പഴങ്ങളും വെള്ളവും വാങ്ങിച്ചു. വണ്ടി വേഗം വിട്ടു. ഇനി ഭക്ഷണം കഴിക്കാന്‍ വണ്ടി നിറുത്തിയാല്‍ വെളുപ്പിനേതന്നെ നാട്ടില്‍ പോകേണ്ടവരുടെ കാര്യം ഗതികേടുതന്നെ. മുന്‍കൂറായി എയര്‍പോര്‍ട്ടിലെത്തണം, അതിനുള്ള ഒരുക്കങ്ങള്‍ നടത്തണം, പാക്കിങ്ങ്, കുളി, പല്ലുതേപ്പ് എല്ലാം കഴിക്കണം. കഴിഞ്ഞ ദിവസങ്ങളിലായി നടക്കാതിരുന്ന കുളിയും ജപവുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തണം. ഇങ്ങനെയുള്ള കാര്യങ്ങള്‍ ആലോചനയില്‍ കോര്‍ത്തെടുത്ത് സമയം നീക്കി. നഗരം ഇരുട്ടിന്റെ പിടിയിലായി തുടങ്ങി. അതിനിടയിലൂടെ മലമ്പാതകള്‍ വിട്ട് ഡെറാഡൂണിന്റെ ഹൈവേയിലെത്തി. ഋഷികേശിലേയ്ക്കും ഗംഗോത്രിയിലേയ്ക്കും ഹരിദ്വാറിലേയ്ക്കും നൈനിത്താളിലേയ്ക്കുമുള്ള ചൂണ്ടുപലകകള്‍ വഴിയോരങ്ങളില്‍ നിറയെയുണ്ട്. ഇവയെല്ലാം പിന്നിട്ട് രാത്രി വെളിച്ചങ്ങള്‍ക്കിടയിലൂടെ വണ്ടി ഡെറാഡൂണിന്റെ ഹൃദയത്തിലെത്തി. സമയം 12.30 ആകുന്നു. ഡെറാഡൂണ്‍ നഗരത്തിലെ ക്ലോക്ക് ടവറില്‍ കണ്ട സമയമാണിത്. ഈ സമയസൂചിക ഒരു നഗരവിളക്കായി പലനിറങ്ങളില്‍ തെളിഞ്ഞുനിന്നു. ക്ലോക്ക് ടവറിനു മുന്നില്‍ വണ്ടി നിറുത്തി. ഞങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങി. പിന്നെ സാധനങ്ങളെടുത്ത് താമസസ്ഥലത്തേക്കു നടന്നു. അന്ന് വെളുപ്പിനും പിറ്റേന്നും അതിന്റെ പിറ്റേന്നുമായി ഓരോരുത്തരായി ഡെറാഡൂണിനോട് വിടപറഞ്ഞു. 

അക്ഷരാര്‍ത്ഥത്തില്‍ അതിസന്തോഷകരമായ ഒരു യാത്രാനുഭവമായിരുന്നു ദയാറാബുഗ്യാല്‍ സമ്മാനിച്ചത്. ആനന്ദത്തിന്റെ ആവേശം സിരകളെ കൂടുതല്‍ ഉണര്‍ത്തിയ യാത്ര. മഞ്ഞിനേയും തണുപ്പിനേയുമറിഞ്ഞ് ഹിമവാന്റെ മടിത്തട്ടിലൂടെ, ദേവഭൂമിയിലൂടെ സ്വര്‍ഗ്ഗീയാനുഭൂതിയില്‍ കഴിഞ്ഞ നാളുകള്‍. മഞ്ഞുപുതഞ്ഞ ഹിമഗിരികളുടെ സാന്ദ്രമായ താളവും സൗന്ദര്യവും മനസ്സില്‍ ഇപ്പോഴും അലതല്ലിക്കൊണ്ടിരിക്കുന്നു.

(അവസാനിച്ചു)