കാഞ്ചന്‍ജംഗയിലെ പൂവന്‍ കോഴി

By ഡോ. മനോജ് സാമുവല്‍   |   Published: 28th January 2022 03:00 PM  |  

Last Updated: 28th January 2022 03:00 PM  |   A+A-   |  

manoj

 

ഫ്‌ലൈറ്റ് ബാഗ്ഡോഗ്രയില്‍ ഇറങ്ങാനായി വട്ടമിട്ടു പറന്നുതുടങ്ങി. അടുത്ത സീറ്റില്‍ സത്പതി സാര്‍ ചെറിയ മയക്കംകഴിഞ്ഞു കണ്ണുതിരുമ്മി ഇരിക്കുന്നു. മുറുക്കാന്‍ കഴിയാത്തതിന്റെ അലോസരം മുഖത്ത് നന്നായുണ്ട്. ഡോ. സത്പതി ബി.ടെക്, എം.ടെക്, പിഎച്ച്.ഡി എന്നിവയൊക്ക ഖരഗ്പുര്‍ ഐ.ഐ.ടിയില്‍നിന്നും കരസ്ഥമാക്കിയതിനുശേഷം വിദേശത്തു പോയി സ്ഥിരതാമസമാക്കാനുള്ള അവസരങ്ങളൊക്കെ വേണ്ടെന്നുവെച്ച് അന്ന് ഏറ്റവും അവികസിതമായ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ഭാരതിയ കാര്‍ഷിക ഗവേഷണ കൗണ്‍സിലില്‍ ചേര്‍ന്ന ആളാണ്. വിജ്ഞാനത്തിന്റെ നിറകുടമാണെങ്കിലും അല്പംപോലും തലക്കനം ഇല്ലാതെ ഏറെ എളിമയോടും സ്‌നേഹത്തോടും കൂടി മാത്രം എല്ലാവരോടും ഇടപെടുന്നയാള്‍. തികഞ്ഞ മതേതരവാദി; ലോകമേ തറവാട് എന്ന കാഴ്ചപ്പാട്. വയസ്സ് അറുപത് ആകാറായെങ്കിലും യാത്ര ചെയ്യാന്‍ ഏറെ ഇഷ്ടം. സാറിന്റെ കൂടെ ത്രിപുരയിലേയും അരുണാചല്‍ പ്രദേശിലേയും വിദൂര ആദിവാസി ഊരുകളില്‍ ചെന്നു രാപാര്‍ത്തിട്ടുണ്ട്. എവിടെയും കിടക്കും, എന്തും കഴിക്കും. ഒരിക്കലും ആരോടും ദേഷ്യപ്പെട്ടു കണ്ടിട്ടേയില്ല. മിക്ക ബംഗാളികളെപ്പോലെയും എപ്പോഴും പാന്‍ ചവച്ചുകൊണ്ടേയിരിക്കും, അല്ലാത്തപ്പോള്‍ ലാല്‍ ചായ (നമ്മുടെ സുലൈമാനി തന്നെ) ഭക്ഷിക്കുന്നുണ്ടാവും (ബംഗാളില്‍ വെള്ളംപോലും ഭക്ഷിക്കുകയാണ്, കുടിക്കുകയല്ല- ഖാബെ).

രാജ്യത്തെ ഏറ്റം അവികസിതമായ ജില്ലകളില്‍ കേന്ദ്ര ആസൂത്രണ കമ്മിഷന്‍ (ഇന്നത്തെ നിതി അയോഗ്) നടത്തുന്ന ജീവിതോപാധി മെച്ചപ്പെടുത്തല്‍ പരിപാടിയുടെ ഭാഗമായാണ് യാത്ര. സിക്കിമിലെ ഏറെ ഉള്‍ഭാഗത്ത് ഹിമാലയന്‍ താഴ്വരയിലെ ഒരു ഗ്രാമം ലക്ഷ്യമാക്കിയാണ് യാത്ര. സിക്കിമില്‍ നേരിട്ടിറങ്ങാന്‍ വിമാനത്താവളം ഇല്ലാതിരുന്നതുകൊണ്ട് ബംഗാളിന്റെ അതിര്‍ത്തിനഗരമായ സിലിഗുരിയിലെ ബാഗ്ഡോഗ്ര വിമാനത്താവളത്തിലെത്തി വീണ്ടും നാല് മണിക്കൂറിലധികം റോഡ് മാര്‍ഗ്ഗം യാത്ര ചെയ്ത് സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോകില്‍ എത്താന്‍. സിലിഗുരി നഗരത്തില്‍ ബംഗാളികളും അസം വംശജരും അതിലേറെ നേപ്പാള്‍ പൈതൃകമുള്ള ഗൂര്‍ഖ വംശജരും ഇടതിങ്ങി പാര്‍ക്കുന്നു. ട്രെയിനില്‍ വരികയാണെങ്കില്‍ ന്യൂ ജെയ്പാല്‍ഗുഡി (NJP) സ്റ്റേഷനില്‍ ആണ് ഇറങ്ങേണ്ടത്; വിമാനം എങ്കില്‍ ബാഗ്ഡോഗ്രയും. ഡാര്‍ജിലിങ് ഒക്കെ പോകുന്നവര്‍ ഇതുവഴിയാണ് പോകുന്നത്. NJPയില്‍നിന്നും പ്രകൃതി സൗന്ദര്യം ആസ്വദിച്ചു പല്‍ച്ചക്രങ്ങളുള്ള ടോയ് ട്രെയിനില്‍ കയറിയുള്ള ഡാര്‍ജിലിങ് യാത്ര അവിസ്മരണീയമാണ്. കൊടുംവളവുകളില്‍ ഗാര്‍ഡ് ഇറങ്ങി വണ്ടിക്ക് സിഗ്നല്‍ കൊടുക്കുന്നത് കാണാം. നമ്മുടെ റൈറ്റ്, റൈറ്റ്, പോട്ടെ, പോട്ടെ മാതിരി.

ബാഗ്ഡോഗ്ര വിമാനത്താവളം ചെറുതാണ്. പ്രധാനമായും ആര്‍മി ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ഉപയോഗപ്പെടുത്തി വന്നിരുന്നത്. സിവിലിയന്മാര്‍ക്കുള്ള വിമാനങ്ങളും ഇവിടെ എത്തുന്നു. 

വിമാനത്താവളത്തിനു പുറത്തുകടന്ന ഉടനെ സത്പതി സാര്‍ അന്വേഷിച്ചത് മുറുക്കാന്‍ കടയാണ്. വെറ്റില കൂട്ടിപ്പിടിച്ചു പാന്‍ വാ തുറന്ന് അകത്തേക്കിട്ട് ചവച്ചു തുടങ്ങിയതോടെ അദ്ദേഹത്തിനു പ്രസരിപ്പും ഉത്സാഹവും കൂടിയപോലെ. ഒരു ടാക്‌സിക്കാരനുമായി നിരക്ക് ഉറപ്പിച്ചു ഗാങ്ടോകിലേക്ക് യാത്ര തുടങ്ങി. ചുറ്റും മഞ്ഞണിഞ്ഞ ഭീമന്‍ കുന്നുകള്‍. ബ്ലാങ്കെറ്റിലെ തുറന്നു കിടന്ന കുടുക്കുകള്‍ എല്ലാം ഇട്ടു, തണുപ്പ് കൂടിവരുന്നു. സമയം വൈകിട്ട് മൂന്നു കഴിയുന്നതേയുള്ളൂ, പക്ഷേ, ഒരു ആറ് മണിയുടെ പ്രതീതി. പുറത്തേയ്ക്ക് നോക്കിയിരിക്കാന്‍ നല്ല രസമാണ്. കുന്നുകള്‍ക്കിടയിലെ നീലത്താഴ്വരകള്‍, ശോണമയമായ ദേവദാരു കാടുകള്‍. നെടുപിരിയന്‍ വളവുകളുള്ള ഈ റോഡുകളിലൂടെയുള്ള യാത്ര ഏറെ അപകടസാധ്യത ഉള്ളതാണ്. പക്ഷേ, താഴ്വാരങ്ങളിലെപ്പോലെ അല്ല, ട്രാഫിക് നിയമങ്ങള്‍ പാലിച്ചു ക്ഷമയോടെ വണ്ടി ഓടിക്കുന്നതില്‍ ഇവിടുത്തെ ഡ്രൈവര്‍മാര്‍ ശ്രദ്ധാലുക്കളാണ്. ഒരുപക്ഷേ, താഴ്വാരങ്ങളിലേക്കെത്തുമ്പോള്‍ ഇവര്‍തന്നെ അക്ഷമയോടെ സ്വന്തം ട്രാഫിക് നിയമങ്ങളുമായി വന്നേക്കുമായിരിക്കും. വിക്രമാദിത്യന്റെ സിംഹാസനത്തിനു മുകളില്‍ ഇരിക്കുമ്പോള്‍ കവല ചട്ടമ്പിയും രാജനീതിയെക്കുറിച്ചു ബോധവാനാകുന്നപോലെ.

ഇന്നു രാത്രി ഗാങ്ടോകില്‍ തങ്ങി അടുത്ത ദിവസം പുലര്‍ച്ചെ അവിടെനിന്നും ഏകദേശം ആറ് മണിക്കൂര്‍ യാത്രയുള്ള കാഞ്ചന്‍ജംഗ മേഖലയിലേയ്ക്ക് പോകാനാണ് പദ്ധതി.

മൂന്നാർ ​ഗ്യാപ്പ് റോഡ്. ദേശീയ പാതയുടെ ഭാ​ഗമായ ഈ റോഡിലെ കാഴ്ചകൾ മനോഹരമാണ്. പരിസ്ഥിതി നിയമങ്ങളെ കാറ്റിൽ പറത്തി ഇവിടെ ഉയരുന്ന അശാസ്ത്രീയ പ്രവർത്തനങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്

നല്ല വൃത്തിയുള്ള പട്ടണമാണ് ഗാങ്ടോക്. നമ്മുടെ മിഠായിത്തെരുവ് പോലെയുള്ള ഒരു ഷോപ്പിംഗ് ഏരിയ ആണ് പ്രധാന ആകര്‍ഷണം. കല്ല് പതിച്ചു മനോഹരമാക്കിയ വീഥികളില്‍ ഒരു കടലാസ് കഷ്ണംപോലും കാണാന്‍ കഴിഞ്ഞില്ല. മുന്‍പേ നടക്കുന്ന കുടുംബത്തിലെ കൊച്ചു പെണ്‍കുട്ടി ഒരു ലോലിപ്പോപ്പ് കയ്യില്‍ പിടിച്ചിരുന്നത് ശ്രദ്ധിച്ചിരുന്നു. കുട്ടി മുട്ടായിക്കടലാസ് അലക്ഷ്യമായി തറയിലിട്ടപ്പോള്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചതേയില്ല. പെട്ടെന്ന് അടുത്ത കടയിലെ ഗൂര്‍ഖാ മുഖമുള്ള സുന്ദരനായ ചെറുപ്പക്കാരന്‍ ഓടിവന്നു അതെടുത്ത് അടുത്തുള്ള മാലിന്യ പെട്ടിയിലെക്കെടുത്തിട്ടു, നിറഞ്ഞ ചിരിയോടെ കുട്ടിയുടെ കവിളില്‍ ഒന്നു തലോടിയശേഷം കടക്കുള്ളിലേയ്ക്ക് അപ്രത്യക്ഷനായി.

കാഞ്ചന്‍ജംഗയിലേയ്ക്ക് അതിരാവിലെതന്നെ യാത്രതിരിച്ചു. ശൈത്യകാലം വന്നെത്താന്‍ ഇനിയും ദിവസങ്ങള്‍ ഉണ്ടെങ്കിലും രാവിലത്തെ തണുപ്പ് അണ്‍സഹിക്കബിള്‍ തന്നെ! സത്പതി സര്‍ നല്ലൊരു കളര്‍ഫുള്‍ ജാക്കറ്റാണ് ഇട്ടിരിക്കുന്നത്. മുറുക്കല്‍ കലാപരിപാടി ആരംഭിക്കാനുള്ള വട്ടം കൂട്ടു തുടങ്ങിക്കഴിഞ്ഞു. നേരം നേരത്തെ വെളുക്കും; കിഴക്കന്‍ മേഖലകളില്‍. അഞ്ചുമണി കഴിഞ്ഞപ്പോഴേ വെളിച്ചമായിത്തുടങ്ങി. ജനസാന്ദ്രത കുറവാണ്; ഇടക്കിടക്കേ തകരംമേഞ്ഞ വീടുകള്‍ കാണാനുള്ളൂ. രാവിലത്തെ തണുപ്പില്‍ ചായകുടിക്കാന്‍ തോന്നി; സാറിനും താല്പര്യം. കുറെ യാത്ര ചെയ്തു കഴിഞ്ഞാണ് ഒരു ചെറുചായക്കട കണ്ടത്. ഡ്രൈവര്‍ ഒരു നേപ്പാളിയാണ്; എന്റെ മലയാളി ഹിന്ദിക്ക് ബദല്‍പോലെ നേപ്പാളി ഹിന്ദി പറയും; സത്പതി സാര്‍ ബംഗാളി ഹിന്ദി നല്ല ഉച്ചാരണത്തോടെ പറഞ്ഞു ഞങ്ങളുടെ ഹിന്ദി തല്ലിപ്പൊളി ഹിന്ദിയാണെന്ന് ഇടയ്ക്കിടയ്ക്ക് ബോധ്യപ്പെടുത്തും.

ഇഞ്ചി ഒക്കെ ഇട്ട നല്ല ചായ. ഇങ്ങോട്ടേയ്ക്കു യാത്ര ചെയ്യും മുന്‍പ് ഒരു സഹപ്രവര്‍ത്തകന്‍ എന്നെയും സാറിനേയും ഉപദേശിച്ചു: ''അവിടുന്ന് പുറത്തുനിന്നും ഒന്നും കഴിച്ചേക്കരുത്. അവര്‍ നിങ്ങളെ മയക്കാനുള്ള ചില കൂടോത്രം ചെയ്ത വസ്തുക്കള്‍ ചേര്‍ത്തായിരിക്കും ചായയും ഭക്ഷണവും ഒക്കെ തരിക. അതു കഴിച്ചാല്‍ പിന്നെ നിങ്ങള്‍ക്കൊരിക്കലും അവിടം വിട്ടു വരാനാകില്ല. അവിടെ തന്നെയുള്ള ഏതെങ്കിലും പെണ്ണുങ്ങളെ കല്യാണം കഴിച്ച് അവിടെത്തന്നെ കൂടേണ്ടിവരും.'' അതു കേട്ട് സത്പതി സാര്‍ പൊട്ടിച്ചിരിച്ചു, ഞാനും കൂടെ ചിരിച്ചു. എങ്കിലും ചായ ഊതിക്കുടിക്കുമ്പോള്‍ ഞാന്‍ സത്പതി സാറിനെ ഇടംകണ്ണിട്ടു നോക്കി. പിന്നെ നല്ല പെണ്‍കുട്ടികള്‍ ആരെങ്കിലും അടുത്തെങ്ങാനും ഉണ്ടോയെന്നും; ഇനിയിപ്പോ കൂടോത്രം എങ്ങാനും ഫലിച്ചെങ്കിലോ!

വഴിയോരത്തെ പുതുമഞ്ഞും ധവള ശോഭയാര്‍ന്ന മലനിരകളും പാറക്കൂട്ടങ്ങളും രാത്രിയിലെ വെള്ളയുടുപ്പ് മാറ്റി പച്ചയുടുപ്പ് ഇടാന്‍ വെമ്പുന്ന മരങ്ങളും യൂണിഫോമിനു മേലെ ജാക്കറ്റൊക്കെ ഇട്ടു കൂട്ടമായി സ്‌കൂളിലേയ്ക്കു പോകുന്ന പെണ്‍കുട്ടികളും ഒക്കെയായി എവിടെയും മനസ്സിനെ കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍. എന്നാലും കുറേക്കഴിഞ്ഞപ്പോള്‍ ബോറടിച്ചു.

കാഞ്ചന്‍ജംഗ താഴ്വാരത്തെ അതിമനോഹരമായ ഒരു ഗ്രാമത്തിലേക്കാണ് ആറ് മണിക്കൂര്‍ നീണ്ട യാത്രയ്ക്കുശേഷമാണ് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്. ബുദ്ധമതത്തില്‍ വിശ്വസിക്കുന്നവരാണ് ഏറെയും എന്നു തോന്നുന്നു. വഴിയിലൊക്കെ പല മനോഹരമായ ബുദ്ധ മൊണാസ്ട്രികള്‍ കണ്ടു. ഈ ഗ്രാമത്തിലുമുണ്ട് അതിമനോഹരമായ ഒരു മൊണാസ്ട്രി കെട്ടിടം. എന്നെ ഏറെ ആകര്‍ഷിച്ചിട്ടുള്ള ജീവിതരീതിയാണ് ബുദ്ധിസം.

മൊണാസ്ട്രി കെട്ടിടംപോലെ ഗ്രാമം മൊത്തമായി വര്‍ണ്ണക്കാഴ്ചകള്‍ നിറഞ്ഞതാണ്. ചെടികളും പൂക്കളും നിറത്തില്‍ ചാലിച്ചുനില്‍ക്കുന്നു. ചുവന്ന റോസാപ്പൂ എങ്കില്‍ നാം ഇതുവരെ കണ്ടതില്‍ ഏറ്റം നല്ല ചുവപ്പ്. വെള്ള ലില്ലിപ്പൂ മഞ്ഞുകട്ടയെ വെല്ലുന്ന വെള്ളനിറത്തില്‍. ഒപ്പം പല നിറങ്ങള്‍ നിറഞ്ഞാടുന്ന നീളന്‍ കുപ്പായങ്ങളും തൊപ്പികളും ധരിച്ചു കുറെ സുന്ദരന്മാരും സുന്ദരികളും.

ഗ്രാമമുഖ്യന്റെ വീടിന്റെ ഔട്ട്ഹൗസ്പോലെ തോന്നുന്ന ഒരു മുറിയിലാണ് ഞാനും സാറും താമസിച്ചത്. വീടിനു ചുറ്റും നല്ല ഒരു പൂന്തോട്ടമുണ്ട്. പല നിറങ്ങളുടെ സമന്വയം. വീടിനോട് ചേര്‍ന്ന് ഒരു ചെറു തൊഴുത്ത്. വലിയൊരു പശുവിനെ കണ്ടു; നല്ല ഒരു സുന്ദരി പശു. ഏറ്റവും അത്ഭുതമായത് കോഴികളെ കണ്ടപ്പോഴാണ്. ഏറെയും മുട്ടന്‍ പിടക്കോഴികള്‍. കൂടെ ഒരു അതി സുന്ദരന്‍ പൂവന്‍ കോഴി. നല്ല വലിപ്പവും മാരിവില്ലിന്റെ നിറവും ചേര്‍ന്നു തലയെടുപ്പുള്ള പക്ഷി രാജന്‍. മഴവില്‍ അഴകുള്ള കോഴി, സുന്ദരന്‍ കോഴി! അവന്‍ തന്റെ പിടകളേയും മേയിച്ചു രാജാവായി വിതാനിക്കുന്നു. ഇതുപോലുള്ള ഒരു കോഴിശ്രേഷ്ഠനെ ജീവിതത്തില്‍ ഇനി ഒരിക്കലും കാണാനാവില്ല എന്നതുറപ്പ്. അഴകും ആരോഗ്യവും ചേര്‍ന്ന അതുല്യന്‍. കോഴി ആണെങ്കിലും ഒരു ബഹുമാനമൊക്കെ തോന്നിപ്പോയി.

നല്ല സ്‌നേഹമുള്ള നാട്ടുകാര്‍. സന്തോഷം നിറഞ്ഞ കുടുംബം. അവര്‍ക്കു ഞങ്ങള്‍ വന്നത് ഒരു ഉത്സവം തന്നെ ആയിരുന്നു. രാത്രി പച്ചിലകള്‍ നിറഞ്ഞ കറി കൂട്ടി റൊട്ടി കഴിച്ചപ്പോള്‍ ഇതുപോലെ രുചിയായി ഭക്ഷണം കഴിച്ചിട്ട് ഏറെ നാളായി എന്നോര്‍ത്തു.

അടുത്ത ദിവസം നല്ല തിരക്കായിരുന്നു. സ്ത്രീകള്‍ക്ക് പ്രാമുഖ്യം കൊടുത്തു ചെറു ഗ്രൂപ്പുകള്‍ ഉണ്ടാക്കി നൂതന കൃഷിരീതികളിലൂടെയും അനുബന്ധ സൂക്ഷ്മ-ചെറുകിട വ്യവസായങ്ങളിലൂടെയും അവരുടെ വരുമാനവും ജീവിതനിലവാരവും വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. കോളിഫ്‌ലവര്‍, ബ്രേക്കോലി, സ്ട്രൗബെറി, ഇഞ്ചി തുടങ്ങിയവയ്ക്ക് പുറമെ ഏലവും ഇവിടെ കൃഷി ചെയ്യുന്നു. ഇവിടുത്തെ ഏലക്ക നമ്മുടെ നാട്ടിലെപ്പോലെ ചെറുതല്ല, ഒരു ഗോലിയോളം വലിപ്പമുള്ള ലാര്‍ജ് കാര്‍ഡമം. അറിയാവുന്ന മുറി ഹിന്ദിയിലും (അവരില്‍ മിക്കവര്‍ക്കും ഹിന്ദി അറിയില്ല എന്നത് വേറെ) ആംഗ്യഭാഷയിലും മറ്റും അവരെ കാര്യങ്ങള്‍ ധരിപ്പിച്ചു. പറയുന്നവനും കേള്‍ക്കുന്നവനും താല്പര്യമുണ്ടെങ്കില്‍ ആശയം കൈമാറാന്‍ ഭാഷ ഒരു പ്രശ്‌നമേയല്ല എന്നതാണ് സത്യം. എന്തായാലും വൈകിട്ടത്തേയ്ക്ക് പത്തോളം ഗ്രൂപ്പുകള്‍ രൂപീകരിച്ചു; പരിശീലന പരിപാടികളുടെ തീയതിയും തീരുമാനിച്ചു. എവിടൊക്കെ മാതൃക തോട്ടങ്ങള്‍ വേണമെന്നതും ഉറപ്പിച്ചു. പുത്തന്‍വിത്തുകളും പണിയായുധങ്ങളും ഉള്‍പ്പെടെ കുറെ ആനുകൂല്യങ്ങളും സാമ്പത്തിക സഹായവും ഉണ്ട്, ആദ്യ ഘട്ടത്തില്‍.

ഗ്രാമ മുഖ്യന്‍ രാവിലെതന്നെ പറഞ്ഞിരുന്നു. ഇന്നു വൈകിട്ട് നിങ്ങള്‍ വന്നതു പ്രമാണിച്ച് ഞങ്ങളുടെ ആഘോഷമാണ്. നിങ്ങള്‍ ഇരുവരും നിര്‍ബ്ബന്ധമായും പങ്കെടുക്കണം.

തിരികെ ഔട്ട്ഹൗസില്‍ എത്തിയപ്പോള്‍ വൈകിട്ടായി. ഇവിടെ നേരത്തെ നേരം വെളുക്കുന്നതുപോലെ പെട്ടെന്നിരുട്ടുകയും ചെയ്യും. പിടകള്‍ കൂട്ടില്‍ കേറാന്‍ തിരക്ക് കൂട്ടുന്നതു കണ്ടു. പക്ഷേ, കുടുംബനാഥന്‍ മഴവില്‍ അഴകുള്ള പൂവന്‍ രാജാവിനെ അവിടെങ്ങും കണ്ടില്ല. മുഖ്യന്‍ പറഞ്ഞത് ഗ്രാമത്തിനുതന്നെ ഏറ്റവും പ്രിയപ്പെട്ടവനാണ് നമ്മുടെ പൂവന്‍ എന്നാണ്. അവന്‍ ആദ്യം തന്നെ കൂടണഞ്ഞുകാണും.

രാത്രിയില്‍ ഗ്രാമം എല്ലാം മുഖ്യന്റെ വീട്ടില്‍ ഒത്തുചേര്‍ന്നപോലെ തോന്നി. ഭാഷ അറിയില്ലെങ്കിലും ഗ്രാമീണ താളം നിറഞ്ഞ പാട്ടുകള്‍, അവിശ്വസനീയമായ ആയോധന കലകള്‍, സംഘതാളത്തിന്റെ നൃത്തച്ചുവടുകള്‍.
അവസാനം കെങ്കേമമായ രാത്രി ഭക്ഷണം. വിവിധ വിഭവങ്ങള്‍ നിരത്തിയിരിക്കുന്നു. അവരുടെ തോട്ടത്തിലെ ഏറ്റവും മെച്ചപ്പെട്ടവയൊക്കെ കൊണ്ടാണത്രെ വിഭവങ്ങള്‍ തയ്യാറാക്കുന്നത്. അതിഥികളെ അവര്‍ എത്രത്തോളം പരിഗണിക്കുന്നു എന്നതനുസരിച്ചു കൂടുതല്‍ പ്രിയപ്പെട്ട വസ്തുക്കള്‍ ഭക്ഷ്യവിഭവങ്ങളായി തീന്‍ മേശയിലെക്കെത്തും. സസ്യാഹാരം മാത്രമല്ല, നോണ്‍വെജ് വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. ബുദ്ധമതക്കാര്‍ സസ്യാഹാരം മാത്രമല്ല കഴിക്കുക എന്നത് പുതിയ അറിവായിരുന്നു. ബുദ്ധമതത്തില്‍പ്പെട്ട ചില പ്രത്യേക വിഭാഗങ്ങളെ നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കൂ; പ്രത്യേകിച്ചും തണുപ്പുള്ള പര്‍വ്വതമേഖലകളില്‍ ഉള്ളവര്‍, സത്പതി സര്‍ സംശയനിവൃത്തി വരുത്തി.

അന്നത്തെ ഏറ്റവും മുഖ്യവിഭവം നേപ്പാളി കൂട്ടുകള്‍ ഇട്ടു തയ്യാറാക്കിയ പല നിറങ്ങളില്‍ തിളങ്ങുന്ന സെപ്ഷ്യല്‍ ചിക്കന്‍ കറി ആയിരുന്നു. സത്പതി സര്‍ വീണ്ടും വീണ്ടും അത് എടുത്ത് ആസ്വദിച്ചു കഴിക്കുന്നതു കണ്ടു.

എന്തോ എനിക്കാ മഴവില്‍ വര്‍ണ്ണങ്ങളുള്ള കോഴിക്കറി രുചിച്ചു നോക്കാനേ തോന്നിയില്ല...

കമ്പം തേനി റോഡിൽ നിന്ന്

ശിവനാണ്ടിയുടെ എ-ടെക് 

1994-ലെ മാര്‍ച്ച്-ഏപ്രില്‍ മാസക്കാലം. തമിഴ്നാട്ടിലെ കമ്പം മേഖലയിലാണ് ജോലി. കാര്‍ഷിക എന്‍ജിനീയറിങ്ങില്‍ ബി-ടെക് കഴിഞ്ഞ് ഇനി എന്ത് എന്നു കരുതി ഇരിക്കുമ്പോഴാണ് മദ്രാസ് ആസ്ഥാനമായ (1996 മുതലാണ് മദ്രാസ് ചെന്നൈ ആയി ഔദ്യോഗികമായി മാറിയത്) പസുമൈ ഇറിഗേഷന്‍ കമ്പനിയില്‍ സെയില്‍സ് എന്‍ജിനീയറായി ജോലി ലഭിച്ചത്. കോറമണ്ടല്‍ ഇന്ടാഗ് എന്ന രാസവള-കീടനാശിനി കമ്പനിയുടെ ഭാഗമാണ്. (ഇപ്പോള്‍ പൂട്ടിപ്പോയെന്നു തോന്നുന്നു). സൂക്ഷ്മജലസേചനമാണ് വിഷയം, പ്രധാനമായും തുള്ളി നന അതായത് ഡ്രിപ് ഇറിഗേഷന്‍. ചെടികള്‍ക്ക് ആവശ്യമായ അളവിലുള്ള ജലം ചെറു പൈപ്പുകളിലൂടെയും കുഞ്ഞന്‍ സുഷിരങ്ങളുള്ള എമിറ്ററുകളിലൂടെയും മറ്റും സൂക്ഷ്മവും കൃത്യവുമായ അളവില്‍ അതിന്റെ വേരുപടലത്തില്‍ നേരിട്ടെത്തിക്കുകയാണ് ചെയ്യുന്നത്. പരമ്പരാഗത വെള്ളമടിയെക്കാള്‍ 70 ശതമാനത്തോളം ജലം ലഭിക്കാമെന്നാണ് കണക്ക്.

കഥയിലേയ്ക്ക് തിരിച്ചുവരാം 

കുമളിയിലാണ് ക്യാമ്പ്. ആഴ്ചയില്‍ മൂന്നു ദിവസം കമ്പം, തേനി, ബോഡിയൊക്കെ ഉള്‍പ്പെടുന്ന ഫലവൃക്ഷ കൃഷി ഏറെയുള്ള പ്രദേശത്താണ് കറക്കം. അന്ന് ഡ്രിപ് ഇറിഗേഷന്‍ ഒക്കെ കര്‍ഷകര്‍ അറിഞ്ഞുവരുന്നേയുള്ളൂ. അതേസമയം ഏറെ ജലക്ഷാമമുള്ള പ്രദേശവുമാണ്.

കുമളിയില്‍നിന്നു ചുരം ഇറങ്ങി വരുമ്പോള്‍ കാണാം അങ്ങ് ദൂരെ കമ്പത്തെ ഇമ്പമുള്ള കാഴ്ചകള്‍. നിരയൊപ്പിച്ചു നട്ട മാതളവും സപ്പോട്ടയും മാവുകളും. ഭംഗിയുള്ള ശാസ്ത്രീയരീതിയിലുള്ള കൃഷി. പക്ഷേ, പശ്ചിമഘട്ടത്തിന്റെ മഴനിഴല്‍ പ്രദേശങ്ങളില്‍പ്പെടുന്ന ഇവിടെ മഴ കുറവാണ്. പെരിയാര്‍ ലോവര്‍ ക്യാമ്പിലെ ജലമാണ് കനാലുകളിലൂടെ തുറന്നുവിടുന്നത്. ആണ്ടിപെട്ടി, ഉസലാംപെട്ടി (നമ്മുടെ പെണ്‍കുട്ടിയുടെ ഊര് തന്നെ) തുടങ്ങിയ തേനി ജില്ലയിലെ കൃഷിയിടങ്ങളിലേക്കെല്ലാം വെള്ളം എത്തിക്കുന്നത് ഇതുവഴിയാണ്. വൈഗ അണക്കെട്ടു വഴിയായും തേനിയിലും സമീപ ജില്ലകളിലും ജലം എത്തിക്കുന്നുണ്ട്.

കമ്പത്തെ പ്രധാന കൃഷിക്കാരെ ഒക്കെ കണ്ടു കണിക ജലസേചനത്തെക്കുറിച്ചു പറഞ്ഞു ബോധവല്‍ക്കരിച്ച് അവരില്‍ അതില്‍ താല്പര്യം ജനിപ്പിച്ചു മെല്ലെ മെല്ലെ അവരുടെ വിശ്വാസം പിടിച്ചുപറ്റി നമ്മുടെ കമ്പനിയുടെ ഡ്രിപ് സിസ്റ്റം എടുപ്പിക്കുക എന്നതാണ് എല്ലാ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവിനേയുംപോലെ എന്നില്‍ നിക്ഷിപ്തമായിരിക്കുന്ന കടമ. ഐഡാസ് (AIDAS) പ്രിന്‍സിപ്പിള്‍ അനുസരിച്ചു ഘട്ടംഘട്ടമായി ശാസ്ത്രീയമായ സൈക്കോളജിക്കല്‍ മൂവാണ് നടത്താറ്. അറ്റെന്‍ഷന്‍ (ശ്രദ്ധ), ഇന്ററെസ്റ്റ് (താല്പര്യം), ഡിസൈര്‍ (ആഗ്രഹം), ആക്ഷന്‍ (പ്രവൃത്തി, കാശിറക്കി നമ്മുടെ കമ്പനിയുടെ പ്രോഡക്റ്റ് വാങ്ങിപ്പിക്കുക എന്നു സാരം), സാറ്റിസ്ഫാക്ഷന്‍ (സംതൃപ്തി, ആഫ്റ്റര്‍ സെയില്‍ സര്‍വ്വീസ് സമയമൊക്കെ കഴിയുമ്പോഴേയ്ക്ക് അത് ആദ്യഭാഗമൊക്കെ ലോപിച്ചു വെറും 'തീ' മാത്രമാകും കേട്ടോ, അപ്പോഴേയ്ക്ക് നമ്മള്‍ വേറെ ഏരിയ പിടിച്ചുകാണും).

ലോക് തക് തടാകക്കരയിലെ വീട്

ഓര്‍ഡര്‍ കിട്ടിയതിനുശേഷം സ്ഥലം അളന്നു പ്ലാന്‍ തയ്യാറാക്കി കണിക ജലസേചന സമ്പ്രദായം രൂപകല്പന ചെയ്യണം. പൈപ്പുകളും ജലം തുള്ളി തുള്ളിയായി വമിപ്പിക്കുന്ന എമിറ്ററുകളും മറ്റും കൃത്യമായും ചെലവ് കുറഞ്ഞ രീതിയിലും ക്രമീകരിച്ച് ഒപ്പം നിശ്ചിത അളവില്‍ വേണ്ട മര്‍ദ്ദത്തില്‍ വെള്ളം ഒഴുകുന്നുണ്ടെന്ന് ഉറപ്പു വരുത്തിവേണം കൃഷിസ്ഥലത്തെ സൂക്ഷ്മ ജലസേചന സിസ്റ്റം ഡിസൈന്‍ ചെയ്യേണ്ടത്. ലഭ്യമായ പമ്പ് സെറ്റിന്റെ ഹെഡ്, ഓവര്‍ഹെഡ് ടാങ്ക് എങ്കില്‍ അതിന്റെ ഉയരം എല്ലാം കണക്കിലെടുത്തുകൊണ്ടാവണം ഇതു ചെയ്യാന്‍. നമുക്കറിയാവുന്നതുപോലെ എത്ര അളവില്‍ എത്ര ഉയരത്തിലേയ്ക്ക് വെള്ളം എത്തിക്കണം എന്നത് അടിസ്ഥാനമാക്കിയാണല്ലോ എത്ര കുതിരശക്തിയുള്ള പമ്പ് വേണമെന്നു നാം തീരുമാനിക്കുന്നത്.

കട്ട തമിഴില്‍ വേണം ഇവിടുത്തെ വ്യവസായികളോട് (തമിഴില്‍ വ്യവസായം എന്നാല്‍ കൃഷി താനെ) സംസാരിക്കാന്‍. നാന്‍ ഒരു തടവ് സൊന്നാല്‍ നൂറു തടവ് സൊന്ന മാതിരി സ്‌റ്റൈലൊന്നും നടക്കില്ല. നൂറുതവണ എന്റെ തമിഴ് കേട്ടാലേ ഒരുതവണ എങ്കിലും അവര്‍ക്ക് മനസ്സിലാകുകയുള്ളൂ എന്നതാണ് സത്യം. അതുകൊണ്ടായിരിക്കണം കമ്പനി ഒരു ലോക്കല്‍ തമിഴ് ട്രാന്‍സ്ലേറ്ററെ തന്നിട്ടുണ്ട്.

എന്റെ സഹായിയുടെ പേര് ശിവനാണ്ടി. പ്രൈമറി സ്‌കൂള്‍ വരെ പഠിച്ചിട്ടുണ്ട്. നല്ല എണ്ണക്കറുപ്പും സെന്തമിഴ് മൊഴിയും ഇദയത്തില്‍ അന്‍പുമായി ഒരു ശുദ്ധ തമിഴന്‍. ഏറെ സ്‌നേഹമുള്ള, ജോലിയോട് ആത്മാര്‍ത്ഥതയുള്ള വ്യക്തി. ഞാന്‍ കുമളിയില്‍നിന്നും വരുന്ന ദിവസം തന്റെ എം. എയ്റ്റിയില്‍ നിറയെ പെട്രോള്‍ (അതോ മണ്ണെണ്ണയോ) ഒഴിച്ച് കമ്പം ബസ് സ്റ്റാന്‍ഡില്‍ കാത്തുനില്‍ക്കും. വിയര്‍പ്പിക്കുന്ന വെയിലിലും ശിവനാണ്ടിയുടെ സ്‌കൂട്ടറിന്റെ പുറകിലിരുന്നു കാതങ്ങള്‍ താണ്ടിയാലും ക്ഷീണം അറിയില്ല. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ 'മിഴിയോരം' ഈണത്തില്‍ പാടും, ഒന്നു രണ്ട് വരിയേ അറിയൂവെങ്കിലും. തമിഴ് പാട്ടുകള്‍ ഒട്ടുമിക്കതും അറിയാം. ചിലപ്പോള്‍ മലയാളം വാക്കുകളുടെ തമിഴ് അര്‍ത്ഥങ്ങള്‍ പറഞ്ഞു വ്യത്യാസം മനസ്സിലാക്കിത്തരും. പനി എന്നു നിങ്ങള്‍ പറഞ്ഞാല്‍ ഫിവര്‍, ഞങ്ങള്‍ പറഞ്ഞാല്‍ മഞ്ഞ്- ശിവനാണ്ടി ചിരിച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം എന്നെ ശാപ്പാടിനു വിളിച്ചു. ഉച്ചയ്ക്കാണ് ശിവനാണ്ടിയുടെ ഗ്രാമത്തിലേയ്ക്ക് കൊണ്ടുപോയത്. ഗ്രാമം മുഴുവന്‍ കാത്തിരിക്കുന്നപോലെ തോന്നി, രാജകീയ സ്വീകരണം. ഒറ്റമുറി വീട്. ഒരു കുഞ്ഞുമോള്‍ ഉണ്ട്, പേര് തമിഴരസി. പഴകി നരച്ച ദാവണിയും ധരിച്ചാണിരിക്കുന്നതെങ്കിലും ഒരു കൊച്ചു രാജകുമാരി തന്നെ. പച്ചരിച്ചോറും സാമ്പാറും രസവും ഒക്കെയായി രുചിയുള്ള ഊണ് തയ്യാറാക്കി ശിവനാണ്ടിയുടെ പൊണ്ടാട്ടി. സ്‌നേഹത്തിന്റെ ഉപ്പും എരിവും കലര്‍ന്ന രുചി.

ഊണിനുശേഷം പാക്കും വെറ്റിലയും മുറുക്കാന്‍. ശീലമില്ലെങ്കിലും എടുത്തു.

യാത്ര പറഞ്ഞു പോകാറായപ്പോള്‍ ശിവനാണ്ടി പരുങ്ങിക്കൊണ്ട് പറഞ്ഞു; ഞാന്‍ സാറിനോട് ഒരു കാര്യം ചോദിക്കെട്ടെ. കുറെ കാലമായി ചോദിക്കണം എന്നു വിചാരിക്കുന്നു. ഇനിയിപ്പോ വല്ല കടവും ചോദിക്കാനാണോ ആവോ? എന്തെങ്കിലും ആകട്ടെ, പാവമല്ലേ എന്റെ കയ്യില്‍ അന്ന് നൂറു രൂപ ഉണ്ടായിരുന്നു; അതു കൊടുത്തേക്കാമെന്നു വിചാരിച്ചു. അന്ന് ആകെ ശമ്പളം 2000 രൂപയാണ്. മാസാവസാനം മദ്രാസില്‍നിന്നും ചെക്കായി വരും. ബാച്ച്‌ലര്‍ ലൈഫിന് അതുതന്നെ ധാരാളം.

മറുപടി പറഞ്ഞു: ''ചോദിച്ചോളൂ ശിവനാണ്ടി, എന്തായാലും.''

ശിവനാണ്ടി സംശയത്തോടെ ചോദിച്ചു തുടങ്ങി:

''സാറിത്ര മിടുക്കനായിട്ടും എന്താ എ-ടെക്കിനു പോകാതെ ബി-ടെക്കിനു പോയത്?''
ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അല്പം ശങ്കിച്ചതിനു ശിവനാണ്ടിയും കൂടെ ചിരിക്കാന്‍ തുടങ്ങി...

ലോക് തക് തടാകത്തിലെ പൊന്തിക്കിടക്കുന്ന ഗ്രാമങ്ങള്‍ 

ഇനിയും ഉണ്ട് കയറാന്‍. കുര്യന്‍ സാര്‍ കിതച്ചുകൊണ്ട് പറഞ്ഞു. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍നിന്നും ഏകദേശം 30 കിലോമീറ്ററോളം തെക്കു പടിഞ്ഞാറാണിപ്പോള്‍. താങ്ജിങ് കുന്നുകള്‍ വനവും പാറയും മരംവെട്ടിയ കാലിസ്ഥലവുമൊക്കെയായി കിഴുക്കാംതൂക്കായ ഭൂ പ്രദേശമാണ്. 1991-ല്‍ വിമാനം ഈ മലയില്‍ ഇടിച്ചാണ് തകര്‍ന്നത്; വഴികാട്ടിയായ ഇബോബി സിംഗ് പറഞ്ഞു. മണിപ്പുരിലെ തനത് മെയ്റ്റെയ് വംശജനാണ് സിംഗ്. ഒരുപക്ഷേ, ട്രൈബല്‍ വിഭാഗത്തില്‍പ്പെടാത്ത വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ ഏക ജനസമൂഹം. പുരുഷന്മാരെ സിംഗ് എന്നും സ്ത്രീകളെ ദേവി എന്നും പേരിനോടൊപ്പം ചേര്‍ക്കുന്നു. 1991 ഓഗസ്റ്റ് 16-നാണ് ഇംഫാല്‍ വിമാനത്താവളത്തിലേക്ക് താഴ്ന്നിറങ്ങിയ എയര്‍ ഇന്ത്യ വിമാനം മലനിരകളില്‍ ഇടിച്ചു തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന 69 പേരും മരിച്ചു. എത്രയോ പേര്‍ കത്തിയമര്‍ന്ന സ്ഥലത്തൂടെ ആണല്ലോ നടക്കുന്നത് എന്നറിഞ്ഞപ്പോള്‍ കാലിനൊരു വിറയല്‍. കുര്യന്‍ സാര്‍ കയറ്റം കിതച്ചുകിതച്ചു കയറുകയാണ്. ഇബോബി സിംഗിന് ഒരു ക്ഷീണവും കാണാനില്ല. നിത്യാഭ്യാസി ആനയെ എടുക്കും എന്നല്ലേ.

2011-ലാണ് ലോക് തക് തടാകത്തെക്കുറിച്ചു പഠിക്കാന്‍ സി.ഡബ്ല്യു.ആര്‍.ഡി.എം മുന്‍ ഡയറക്ടര്‍ ഡോ. ഇ.ജെ. ജെയിംസ് സാറിന്റെ നേതൃത്വത്തില്‍ മണിപ്പൂരില്‍ എത്തിയത്.

ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ആണ് ലോക് തക്. 'നീര്‍ച്ചാല്‍ വരെ' എന്നാണ് ലോക് തക് എന്ന വാക്കിന്റെ അര്‍ത്ഥം. സാധാരണ സമയങ്ങളില്‍ 250 ചതുരശ്ര കിലോമീറ്ററും നീരോഴുക്ക് കൂടിയ മഴക്കാലത്തിനുശേഷം ഉഗ്രരൂപം പൂണ്ട് 500 ചതുരശ്ര കിലോമീറ്റര്‍ വരെയും വിസ്താരം വയ്ക്കാറുള്ള മഹാജല സമുച്ചയം. അതായത് ഒരു മൂന്ന് നാല് കൊച്ചിനഗരം ഉള്‍ക്കൊള്ളാനുള്ള ശേഷി. ഒരു ജലവൈദ്യുത പദ്ധതിയും ഏതാനും ചെറുകിട ജലസേചന പദ്ധതികളും ഈ തടാകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. താഴ്ഭാഗത്തായി ഒരു ബാരേജ് കാണാം.

പക്ഷേ, സവിശേഷമായ ചില പ്രശ്‌നങ്ങള്‍ നേരിടുകയാണ് ഈ ജലാശയം. 'ഫ്യൂംഡി' എന്ന പേരില്‍ അറിയപ്പെടുന്ന മണ്ണും സസ്യങ്ങളും ജൈവവസ്തുക്കളും ഒക്കെ ഉള്‍പ്പെട്ട, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ചെറുതുരുത്തുകളാണ് തടാകത്തിന്റെ മുഖ്യ ആകര്‍ഷണവും ഭീഷണിയും. തടാകത്തിന്റെ വൃഷ്ടിപ്രദേശങ്ങളില്‍നിന്നും ഒഴുകിയിറങ്ങുന്ന ജൈവവസ്തുക്കള്‍ നിറഞ്ഞ മേല്‍മണ്ണും അതോടൊപ്പം വരുന്ന ജൈവവസ്തുക്കളും പുല്ലുകളുടേയും സസ്യങ്ങളുടേയും വിത്തുകളും വേരുകളും ഒക്കെ ചേര്‍ന്നു രൂപംകൊണ്ട ഒരു പ്രത്യേക ഭൗമ പ്രതിഭാസം. 40 ചതുരശ്ര മീറ്റര്‍ വരെ വ്യാപ്തിയുള്ള ഇത്തരം ഒഴുകിക്കളിക്കുന്ന ചെറുദ്വീപുകള്‍ ഉണ്ട് ഈ തടാകത്തില്‍. അതായത് പൊങ്ങിക്കിടക്കുന്ന ഒരു ആലപ്പുഴ പട്ടണം!

നൂറുകണക്കിനു കുടുംബങ്ങളാണ് ഈ ഫുംഡികളില്‍ വസിക്കുന്നത്; ജിപ്സികളെപ്പോലെ. തടാകത്തിലെ ശുദ്ധജല മത്സ്യങ്ങളെ പിടിച്ചു വിറ്റാണ് ഉപജീവനം. ഫ്യൂംഷോങ് എന്നാണിവരെ വിളിക്കുന്നത്. ലോക് തക് തടാകത്തിലെ മീനുകള്‍ക്ക് ഇമ മാര്‍ക്കറ്റില്‍ നല്ല പ്രിയമാണ്. ഇമ എന്നാല്‍, മണിപ്പൂരിയില്‍ അമ്മ എന്നാണര്‍ത്ഥം. അമ്മമാര്‍ മാത്രം നിയന്ത്രിക്കുകയും കച്ചവടം നടത്തുകയും ചെയ്യുന്ന ഇമ ചന്ത ഇംഫാലിന്റെ പ്രത്യേകതയാണ്. സ്ത്രീകള്‍ക്ക് ഏറെ ബഹുമാനം കൊടുക്കുന്നവരാണ് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍; പ്രത്യേകിച്ച് മണിപ്പൂരികള്‍. തീവ്രവാദവും ഒട്ടനേകം ആഭ്യന്തര ഗ്രൂപ്പുകളുടേയും തനത് ഗോത്രവര്‍ഗ്ഗ സമൂഹങ്ങളുടേയും സംഘര്‍ഷങ്ങള്‍ക്കിടയിലും വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ, മൂല്യങ്ങള്‍ എന്നിവ സംരക്ഷിക്കാനും മുന്നോട്ട് പോകാനും മണിപ്പൂരിനു കഴിഞ്ഞിട്ടുണ്ട്. ഫുട്ബോള്‍, ഗുസ്തി തുടങ്ങിയ സ്പോര്‍ട്സ് ഇനങ്ങള്‍ പ്രചുരപ്രചാരത്തിലുണ്ട്. പെട്രോളിയം ഉല്പന്നങ്ങളുടെ ക്ഷാമം ഇവിടെ തുടര്‍ക്കഥയാണ്. പെട്രോള്‍ പമ്പുകളിലും ബാങ്ക് എ.ടി.എമ്മുകളിലും മറ്റും നീണ്ടനിര സാധാരണ കാഴ്ച.

ലോകത്തെവിടേയും കാണാത്ത ഒരു സവിശേഷത കൂടി ഉണ്ട് ഈ തടാകത്തിനും അതിലെ ഫ്യൂംഡികള്‍ക്കും. കെയ്ബുള്‍ ലാംജാ ദേശീയോദ്യാനം ഇതിലാണ് സ്ഥിതിചെയ്യുന്നത്. ലോകത്തെ ഏക പൊങ്ങിക്കിടക്കുന്ന, ഒഴുകുന്ന നാഷണല്‍ പാര്‍ക്ക് സിംഗായ് എന്ന വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന പ്രത്യേകതരം മാനുകളുടെ ആവാസ സ്ഥലമാണിവിടം.

അറുപതിലധികം ഗ്രാമങ്ങളും മറ്റു നഗര ജനവാസ മേഖലകളും ലോക് തക് തടാകവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്നു. ഒന്നൊന്നര ലക്ഷം ജനങ്ങള്‍ ഈ ആവാസവ്യവസ്ഥയുടെ ഭാഗമാണ്. 1990-ല്‍ ഈ ശുദ്ധജല തടാകം രാംസാര്‍ പ്രദേശങ്ങളിലൊന്നായി മാറ്റപ്പെട്ടു. അതോടുകൂടിത്തന്നെ ഈ ശുദ്ധജല തടാകത്തെ നിലനിര്‍ത്തേണ്ടത് പ്രകൃതിയോടും ആഗോളസമൂഹത്തോടും സംസ്ഥാനത്തിനും രാജ്യത്തിനും ഉള്ള ഉത്തരവാദിത്വമായി മാറി.

ഫ്യൂംഡികള്‍ കൂടുതലായി രൂപപ്പെട്ടുവന്നതോടുകൂടി തടാകം സാവധാനം ഇല്ലാതായിക്കൊണ്ടിരുന്നു. ഇംഫാല്‍ എത്താറായപ്പോള്‍ വിമാനത്തിന്റെ ജനലില്‍ക്കൂടി നോക്കിയപ്പോള്‍ ഇത്ര വലിയ തടാകം ഒന്നും കണ്ടില്ലല്ലോ എന്നോര്‍ത്തു. ജലാശയം ഒട്ടുമുക്കാലും ഫ്യൂംഡി തുരുത്തുകളാല്‍ നിറഞ്ഞിരിക്കുന്നു, ജലം പുറമെ കാണുന്നത് ഏതാനും ഇടങ്ങളില്‍ മാത്രം. ഈ സ്ഥിതി ഏറെ ആശങ്കാജനകമാണ്. തടാകം ഒരു സ്വാഭാവിക മരണത്തിലേയ്ക്ക് നടന്നടുക്കുന്നു. അതിലെ മത്സ്യം ഉള്‍പ്പെടെയുള്ള ജലജീവികളും സസ്യങ്ങളും അതിജീവനത്തിനായി പാടുപെടുന്നു. ജലാശയവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന അനേകായിരം പേരുടെ നിലനില്‍പ്പ് തന്നെ ഭാവിയില്‍ ബാധിക്കപ്പെട്ടേക്കാം. തടാകവുമായി ബന്ധപ്പെട്ടിട്ടുള്ള വൈദ്യുത-ജലസേചന പദ്ധതികള്‍ നീരോഴുക്കില്ലാത്തതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കേണ്ടുന്ന സ്ഥിതിയിലാണ്.

പക്ഷേ, മറുവശം തീക്ഷ്ണയഥാര്‍ത്ഥ്യങ്ങള്‍ നിറഞ്ഞത്. ഫ്യൂംഡി ഇല്ലാതായാല്‍ അതുമായി ബന്ധപ്പെട്ടു ജീവിക്കുന്ന മീന്‍പിടുത്തക്കാര്‍, അവരുടെ കുടുംബങ്ങള്‍, ദേശീയോദ്യാനം, അതിലെ വംശനാശ ഭീഷണി നേരിടുന്ന മാന്‍ ഇനം എല്ലാവരുടേയും എല്ലാത്തിന്റേയും നിലനില്‍പ്പ് അവതാളത്തിലാകും. ഏതു തരത്തില്‍ ചിന്തിച്ചാലും പ്രശ്‌നം തന്നെ. ഫ്യൂംഡികളില്‍ താമസിക്കുന്ന മുക്കുവരെ ഇറക്കിവിടാന്‍ (ഈ പൊങ്ങിക്കിടക്കുന്ന സ്ഥലത്തിനു പ്രത്യേകിച്ച് ഭൂരേഖകളോ പട്ടയമോ ഒന്നും ഇല്ല കേട്ടോ) സംസ്ഥാന സര്‍ക്കാര്‍ ഒരു ശ്രമം നടത്തുകയുണ്ടായി. കൊള്ളിവെയ്പിലും കലാപത്തിലുമാണ് അതു കലാശിച്ചത്.

ഈ ദുര്‍ഘടസന്ധിയിലാണ് കേന്ദ്ര ആസൂത്രണബോര്‍ഡിന്റെ (ഇന്നത്തെ നിതി അയോഗ്) സഹായത്തോടെ ലോക് തക് വികസന അതോറിറ്റി രൂപീകൃതമായത്. അതിന്റ തുടര്‍ച്ച എന്നോണമാണ് പഠനത്തിനായി ഞങ്ങളുടെ ടീം മണിപ്പൂരില്‍ എത്തിയത്.

ലോക് തക് തടാകത്തില്‍ ഇനിയും ഫ്യൂംഡികള്‍ രൂപപ്പെടാതേയും ഇപ്പോഴുള്ളവ ഇനിയും വിസ്തൃതി കൂട്ടാതേയും ഇരിക്കുക എന്ന ലക്ഷ്യത്തിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് ആവിഷ്‌കരിച്ചത്. അതിന് ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന വൃഷ്ടിപ്രദേശങ്ങളില്‍ വച്ചുതന്നെ തുടങ്ങണം.

വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ലോക് തക് തടാകം

ഏകദേശം ആലപ്പുഴ ജില്ലയുടെ അത്രതന്നെ വിസ്തീര്‍ണം വരുന്ന കാച്ച്മെന്റ് പ്രദേശം ആകെ നടന്ന് ഓരോ പ്രദേശത്തും ചെയ്യേണ്ട മണ്ണ്-ജല-വന സംരക്ഷണ മാര്‍ഗ്ഗങ്ങളും ഇടപെടല്‍ പ്രവര്‍ത്തനങ്ങളും കണ്ടെത്തി ഒരു നീര്‍ത്തട പരിപാലന സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയാണ് ആദ്യം ചെയ്തത്. കഠിനംതന്നെ, മലകയറ്റവും തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന വിദൂര പ്രദേശങ്ങളില്‍ എത്തി നമ്മുടെ കാഴ്ചപ്പാടില്‍ അപരിഷ്‌കൃതരായ ജനങ്ങളോട് ഇടപെടുന്നതും. അടുത്താണ് റയില്‍വേ സംബന്ധമായ സര്‍വ്വേയ്‌ക്കെതിയ ഒരു എന്‍ജിനീയറെ തടഞ്ഞുവെച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്. കുര്യന്‍ സാര്‍ പറഞ്ഞത് കേട്ടില്ല എന്നു നടിച്ചെങ്കിലും ഉള്ളിലെവിടെയോ ഒരാളല്‍.

പണ്ടിവിടൊക്കെ നിബിഡവനമായിരുന്നു. വനം വെട്ടിത്തെളിച്ചു കുറച്ചുവര്‍ഷം കൃഷി ചെയ്ത് മണ്ണിന്റെ ഫലഭൂയിഷ്ടത കുറയുന്നതിനനുസരിച്ച് അടുത്ത പ്രദേശത്തെ വനം ഒഴിവാക്കി നടത്തുന്ന ഷിഫ്റ്റിംഗ് കൃഷിരീതിയാണ് മേല്‍മണ്ണിനെ ഒട്ടാകെ ആവാഹിച്ചുകൊണ്ടുള്ള നീരോഴുക്കിന് ഇടയാക്കുന്നത്. ചരിവിനു വിപരീതദിശയില്‍ വേണം കൃഷിയെന്ന അടിസ്ഥാന തത്ത്വംപോലും മിക്കയിടങ്ങളിലും പാലിച്ചിട്ടില്ല. ഇന്ധനമായും വനത്തിലെ മരങ്ങള്‍ ഉപയോഗിക്കപ്പെടുന്നു.

വൃഷ്ടിപ്രദേശത്തെ മണ്ണും ജലവും സംരക്ഷിക്കാന്‍ എല്ലായിടത്തും ഒരേ രീതികള്‍ പറ്റില്ല. ചരിവ്, മണ്ണിന്റെ ഘടന, ഭൂ വിനിയോഗം ഇവയൊക്കെ കണക്കിലെടുത്തുവേണം ഏതുതരം ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ വേണമെന്നു തീരുമാനിക്കാന്‍. അതു കോണ്‍ടൂര്‍ കയ്യാലകള്‍ ആകാം, ടെറസുകള്‍ ആകാം, നീരൊഴുക്കിന്റെ വേഗത കുറക്കാനുള്ള കല്ലടുക്ക് ചെക്ക് ഡാമുകള്‍ ആകാം. പുല്‍ തിരണകള്‍ ഉള്‍പ്പെടെയുള്ള എന്തും ആകാം. അതാത് സ്ഥലത്തു ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണത്തിനാണ് പ്രാധാന്യം കൊടുത്തത്. സിമന്റ്, കമ്പി എന്നിവ കൊണ്ടുള്ള നിര്‍മ്മിതികള്‍ അത്യാവശ്യം വേണ്ടിടങ്ങളില്‍ മാത്രം. കഴിയുന്നതും ആഗ്രോണോമിക്കല്‍ (കൃഷി-സസ്യ സംബന്ധമായ ) പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു. തദ്ദേശീയ പങ്കാളിത്തവും തൊഴിലുറപ്പും ഉറപ്പാക്കി. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും ചെയ്ത നിര്‍മ്മിതികളുടേയും പ്രവൃത്തികളുടേയും പരിപാലനത്തിനായും ചുറ്റുവട്ട കമ്മിറ്റികള്‍ക്കു രൂപം കൊടുത്തു.

ഈ പ്രവര്‍ത്തനങ്ങളുടേയും തുടര്‍പ്രവൃത്തികളുടേയും ഫലമെന്നോണം വര്‍ഷങ്ങള്‍കൊണ്ട് ലോക് തക് തടാകത്തിലെ ഫ്യൂംഡികളുടെ വ്യാപ്തിയും വിസ്തൃതിയും കുറഞ്ഞു. വെള്ളം പുറത്തേയ്ക്ക് തലനീട്ടി സൂര്യരശ്മികളുമായി ചേര്‍ന്നു ചിരിച്ചു. പ്രതിഫലിച്ച സൂര്യന്‍ ശീതകാല തണുപ്പില്‍ ആശ്വാസമായി. പരന്നുകിടക്കുന്ന നീലജലാശയം വിമാനത്തില്‍നിന്നു കാണാനായി തുടങ്ങി.

കുര്യന്‍ സാറിനും ഇബോബി സിങ്ങിനും ഒപ്പം കിതച്ചുകയറിയ മലകള്‍ കലങ്ങിയ വെള്ളത്തിനു പകരം തെളിനീര്‍ ചുരത്തിത്തുടങ്ങി. വനങ്ങള്‍ മെല്ലെ മടങ്ങിവന്നു തുടങ്ങി; കൃഷിരീതിയും ഭൂ വിനിയോഗവും കൂടുതല്‍ ശാസ്ത്രീയമായി. പുത്തന്‍ ഉറവകള്‍ തുറന്നുവന്നു, തെളിനീരുമായി. വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളുടെ കണ്ണീരോളം ശുദ്ധവും തെളിഞ്ഞതുമായ തെളിനീര്‍.