ഭൂരിപക്ഷത്തിന്റെ മതേതരവല്‍ക്കരണം സാധ്യമാകാതെ, ന്യൂനപക്ഷത്തിന്റെ മതേതരവല്‍ക്കരണം സാധ്യമല്ല

By ഡോ. ടി.കെ. ജാബിര്‍   |   Published: 07th July 2022 04:35 PM  |  

Last Updated: 07th July 2022 04:38 PM  |   A+A-   |  

jabir

 

ര്‍ഗ്ഗീയസാമുദായിക സംഘര്‍ഷ സാധ്യതകള്‍ കേരളത്തില്‍ ഉരുത്തിരിയുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ അവഗണിക്കാന്‍ പാടുള്ളതല്ല. പി.സി. ജോര്‍ജ്, പോപ്പുലര്‍ ഫ്രന്റ്, ഹലാല്‍, നാര്‍ക്കോട്ടിക് ജിഹാദ്, ലവ് ജിഹാദ് വിവാദങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള എല്ലാ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടേയും തുടക്കം, അന്യമതസമുദായത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും തികഞ്ഞ അജ്ഞതയും അവിശ്വാസവും സൃഷ്ടിച്ച ശേഷമായിരുന്നു. 'അവര്‍ നമ്മെ ആക്രമിക്കും നമ്മുടെ സ്വത്തുക്കള്‍ അപഹരിക്കുന്നു, അവര്‍ നീചരാണ്' ഇങ്ങനെ പോകുന്നു വര്‍ഗ്ഗീയ/വംശീയ ലഹളയുടെ അടിസ്ഥാന ആശയങ്ങള്‍. 1945ലെ ഓള്‍ ഇന്ത്യ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷനില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ ഇന്ത്യന്‍ ഭരണഘടനാ ശില്പി ഡോ. ബി.ആര്‍. അംബേദ്കര്‍ പറയുന്നു: 'രാഷ്ട്രീയ ഭൂരിപക്ഷവും വര്‍ഗ്ഗീയ ഭൂരിപക്ഷവും രണ്ടാണ്. രാഷ്ട്രീയ ഭൂരിപക്ഷം എന്നത് ഉറപ്പുള്ളതല്ല. അതു സ്ഥായിയായ ഒരു ഭൂരിപക്ഷവുമല്ല. അത് സദാ നിര്‍മ്മിക്കപ്പെടുന്നു; നിര്‍മ്മിക്കപ്പെടാതെയിരിക്കുന്നു; പുനര്‍നിര്‍മ്മിക്കപ്പെടുന്നു. വര്‍ഗ്ഗീയ ഭൂരിപക്ഷം എന്നത് സ്ഥായിയായ ഒരു ഭൂരിപക്ഷം ആയിരിക്കും. അതിന്റെ മനോഭാവം ഉറപ്പുള്ളതാണ്. അതിനെ നശിപ്പിക്കാന്‍ കഴിയും. പക്ഷേ, പരിവര്‍ത്തിപ്പിക്കാന്‍ കഴിയില്ല.' ഏറെക്കുറെ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തെ തന്നെയാണ് ആ വാക്കുകള്‍കൊണ്ട് അംബേദ്കര്‍ വ്യാഖ്യാനിച്ചത്. ഇന്ത്യയുടെ ആത്മാവിനെ ആദ്യമായി തൊട്ടറിഞ്ഞ ആധുനിക സാമൂഹ്യശാസ്ത്രജ്ഞന്‍ അംബേദ്കറാണ്.

ദേശരാഷ്ട്രങ്ങളും ന്യൂനപക്ഷങ്ങളും 

ഒരു രാഷ്ട്രത്തിന് അതിന്റെ രാഷ്ട്രനിര്‍മ്മിതി (nation building) സാധ്യമാകണമെങ്കില്‍, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടതാണ്. ആധുനിക രാഷ്ട്രീയം എപ്പോഴും രാഷ്ട്രീയ പാഠങ്ങള്‍ക്ക് റഫറന്‍സ് നോക്കുന്നത് യൂറോപ്പിനെയാണ്. അവിടത്തെ രാഷ്ട്രീയ ചരിത്രത്തില്‍നിന്നും ഇന്ത്യയിലെ വെറുപ്പിന്റെ വക്താക്കള്‍ക്ക് ധാരാളം പാഠങ്ങള്‍ പഠിക്കാനുണ്ട്. ആദ്യം സ്‌പെയിനിലേയ്ക്ക് നോക്കുക. ന്യൂനപക്ഷങ്ങളെ മതത്തിന്റെ പേരില്‍ വന്‍തോതില്‍ വിദ്വേഷവും വെറുപ്പും പ്രസരിപ്പിച്ച് കൂട്ടക്കൊല ചെയ്തത് 15ാം നൂറ്റാണ്ടിലാണ്. ഒരുമിച്ച് ജീവിച്ചിരുന്ന മുസ്‌ലിങ്ങളും (മൂറുകള്‍) ജൂതരും അവിടെനിന്നും തുടച്ചു നീക്കപ്പെട്ടു. പിന്നെ സ്‌പെയിന്‍ ഇരുണ്ട യുഗത്തിലേയ്ക്ക് പ്രവേശിക്കുകയായിരുന്നു. ഫ്രാന്‍സില്‍ പ്രൊട്ടസ്റ്റന്റ് ന്യൂനപക്ഷ വിഭാഗം കത്തോലിക്കാ വിഭാഗത്തിന്റെ കടുത്ത പീഡനവും ഉന്മൂലനങ്ങളുമാണ് അനുഭവിച്ചത്. അതിനേത്തുടര്‍ന്ന് 1789 ല്‍ ഫ്രാന്‍സില്‍ വിഖ്യാത സാമൂഹ്യവിപ്ലവം തന്നെ നടന്നു.
 
ജ്ഞാനോദയവും (enlightenment) നവോത്ഥാനവും (renaissance) ആധുനികത(moderntiy)യും രൂപപ്പെടുന്ന സന്ദര്‍ഭത്തില്‍ തന്നെ യൂറോപ്പ് സാഹിത്യത്തിലൂടെയും വാമൊഴിയായും ജൂതരെ അപരവല്‍ക്കരിച്ച് കായികമായി ക്രമേണ ഇല്ലാതാക്കിക്കൊണ്ടിരുന്നു. വിശ്വസാഹിത്യകാരനായ ഷേക്‌സ്പിയറും വോള്‍ട്ടയറും ഇതില്‍ പങ്കാളിത്തം വഹിച്ചിട്ടുള്ളതിനു ചരിത്രം സാക്ഷിയാണ്. പക്ഷേ, അതേ യൂറോപ്പിലാണ് ആഗോള മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ ഉണ്ടായത് എന്നതും വാസ്തവം! അങ്ങനെ നിരവധി വൈരുദ്ധ്യങ്ങളും വിരോധാഭാസങ്ങളും ആധുനികതയില്‍ ദര്‍ശിക്കാവുന്നതാണ്. 

ഐലൻ പപ്പേ

ന്യൂനപക്ഷ വിഭാഗത്തോടുള്ള കടുത്ത മുന്‍ധാരണകളും വെറുപ്പും ചരിത്രത്തില്‍ രക്തപങ്കിലമായ ഏടുകള്‍ തീര്‍ത്ത ഒരു സാമൂഹ്യ സാഹചര്യത്തെ ഐലന്‍ പപ്പേ (Ilan Pappe) എന്ന ഇസ്രയേലി ചരിത്രകാരന്‍ Contemporary Middle East: sIrael (2018) എന്ന ഗ്രന്ഥത്തില്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. 19ാം നൂറ്റാണ്ടിലാണ് ചാള്‍സ് ഡാര്‍വിന്‍ പരിണാമ സിദ്ധാന്തം (evolution theory) പ്രസിദ്ധപ്പെടുത്തിയത്. അധികം താമസിയാതെ സെമിറ്റിക്ജൂത വിരുദ്ധത റഷ്യയില്‍ ഈ സിദ്ധാന്തത്തിന്റെ പേരില്‍ അരങ്ങേറിയിട്ടുണ്ട്. അഥവാ 'അതിജീവന ശേഷിയുള്ളത് അതിജീവിക്കുന്നു' (survival of the fittest) എന്ന ആശയത്തെ റഷ്യയിലെ സാറിസ്റ്റ് ഭരണകൂടം പിന്തുണയ്ക്കുകയുണ്ടായി. 'ജൂതര്‍ യൂറോപ്പിനു കൊള്ളാത്തവരാണ്' എന്നു ഭരണകൂടങ്ങള്‍ തന്നെ പ്രഖ്യാപിക്കുകയുണ്ടായി. ഇതു കൂടുതല്‍ സജീവമായിരുന്നത് ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ ആയിരുന്നു. ജൂതരെ പരമ്പരാഗത ജീവിതം നയിക്കാനോ ആഗോള സോഷ്യലിസ്റ്റ്കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലോ പങ്കാളിയായി സെമിറ്റിക് വിരുദ്ധത ഇല്ലാതാക്കാനുള്ള ഉള്ള അവസരങ്ങള്‍പോലും അവര്‍ക്കു നിഷേധിക്കപ്പെട്ടിരുന്നു. അഥവാ ജൂതരെ ഒരുവിധത്തിലും ജീവിക്കാന്‍ അനുവദിക്കില്ലാ എന്നു മനപ്പൂര്‍വ്വം ഉറപ്പിച്ചപോലെയായിരുന്നു 19ാം നൂറ്റാണ്ടില്‍ തന്നെ യൂറോപ്യന്‍ വംശീയതയുടെ ബോധ്യങ്ങള്‍.

മുസ്‌ലിം സമുദായത്തെ ബലിമൃഗങ്ങളാക്കുന്നു 

റാഡിക്കല്‍ ഇസ്‌ലാമിക ചിന്തകന്‍ അബുല്‍ ആല മൗദൂദി രൂപം കൊടുത്ത ജമാഅത്തെ ഇസ്‌ലാമിയുടെ യുവ വിഭാഗം 'സിമി' നിരോധിക്കപ്പെട്ടപ്പോള്‍ അതിന്റെ അനുയായികള്‍ പോപ്പുലര്‍ ഫ്രന്റായി മാറി. എന്നാല്‍, ജമാഅത്തെ ഇസ്‌ലാമി അതിന്റെ ഉത്തരവാദിത്വത്തില്‍നിന്നും പതിയെ ഒഴിഞ്ഞുമാറുകയായിരുന്നു. ഏഴാം നൂറ്റാണ്ടിലെ ഗോത്രീയ നിയമങ്ങള്‍ ഏകശിലാ രൂപത്തില്‍ സന്ദര്‍ഭങ്ങള്‍(contextual)ക്കനുയോജ്യമല്ലാതെ അടിച്ചേല്പിക്കാനാണ് പലപ്പോഴും ഇവരൊക്കെ ശ്രമിക്കുന്നത്. മതനിയമങ്ങള്‍ മനുഷ്യത്വത്തിനു വേണ്ടിയുള്ളതല്ല എന്ന ഒരുതരം വിജ്ഞാനവിരോധ മനോഭാവം (obscurantism) ഉള്ളതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. വിജ്ഞാനവിരോധം മനുഷ്യചരിത്രത്തില്‍ എന്തൊക്കെ സൃഷ്ടിച്ചു എന്ന് അതിന്റെ വക്താക്കള്‍ വിശദീകരിക്കേണ്ടതാണ്. കേരളത്തിലെ പരമ്പരാഗത മുസ്‌ലിം വിഭാഗങ്ങള്‍ മൗദുദി ആശയങ്ങളെ ഇതുവരേയും സ്വീകരിക്കാന്‍ തയ്യാറാല്ല. പക്ഷേ, ഇവരെ ഇന്നു തന്ത്രപരമായി വരുതിയിലാക്കാന്‍ പോപ്പുലര്‍ ഫ്രന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. തങ്ങള്‍ മാത്രമാണ് സംഘ്പരിവാറിനെതിരെയുള്ള പ്രതിരോധം തീര്‍ക്കുന്നതും സംരക്ഷണം നല്‍കുന്നതും എന്ന നാട്യത്തിലൂടെയാണത്. 

കൊലയ്ക്ക് മറുപടി കൊല എന്ന ആ പദ്ധതിക്ക് മുസ്‌ലിം സമുദായത്തില്‍നിന്നും കുറേ പിന്തുണ നേടിയെടുക്കുന്നതിന് അടുത്തകാലത്ത് സാധിച്ചിട്ടുണ്ട്. കാരണം ഉത്തരേന്ത്യയില്‍ പശുവിന്റെ പേരില്‍ അനന്തമായ കൊലകള്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്നു. അവിടെ ആരും നീതി നിര്‍വ്വഹിക്കാന്‍ ഇല്ലാത്ത അവസ്ഥയാണുള്ളത്. എന്നാല്‍, ഇവിടെ ചോദിക്കാന്‍ ഞങ്ങള്‍ ഉണ്ടെന്ന് മുസ്‌ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ക്കു സാധിച്ചിട്ടുണ്ട്. എന്നാല്‍, ദാരുണമായ ഒരു ബോധ്യമാണ് ഇത്. ഇവിടുത്തെ സാമൂഹ്യനിര്‍മ്മിതി വ്യത്യസ്തമാണ്. കേരളം സാമൂഹ്യഘടനയില്‍ തന്നെ ഉത്തരേന്ത്യയില്‍നിന്നും വലിയ രീതിയില്‍ വിത്യസ്തമാണ്. സാമൂഹ്യ പരിഷ്‌കരണം കേരളത്തില്‍ പിന്നാക്ക സമുദായങ്ങളില്‍നിന്നും ഉണ്ടാവുക എന്ന ഇന്ത്യയിലെ അപൂര്‍വ്വ ചരിത്രം ശ്രീനാരായണഗുരുവും അയ്യന്‍കാളിയും സഹോദരന്‍ അയ്യപ്പനും തുടങ്ങി പരിഷ്‌കര്‍ത്താക്കളുടെ നീണ്ടനിര ഇവിടെയുണ്ട്. ഇവിടെ സാമൂഹ്യബന്ധങ്ങള്‍ ഏറെക്കുറെ തിരശ്ചീനമായ (horizontal) ഒന്നാണ്. ഉത്തരേന്ത്യയില്‍ അത് ലംബമാനപരമാണ് (vertical). സാമൂഹ്യബന്ധങ്ങള്‍ തിരശ്ചീനമായിക്കൊണ്ടിരിക്കുന്ന ഇടത്ത് വളരെയേറെ ജനാധിപത്യം അനുഭവപ്പെടും. അവിടങ്ങളില്‍ ആധുനികവിരുദ്ധ, ഗോത്രരീതിയായ കൊലയ്ക്ക് കൊല, കണ്ണിനു കണ്ണ് എന്ന നയം കൊണ്ടുവരുമ്പോള്‍ ഏഴാം നൂറ്റാണ്ടിലേക്കാണ് പോകുക. കടുത്ത ആധുനിക വിരുദ്ധതയിലുള്ള സംഘ്പരിവാറിനു വേണ്ടതും അതാണ്.

മൗദൂദിയുടെ ആശയങ്ങള്‍ തുറന്നു പറയാതെ രഹസ്യമായും പരസ്യമായും തങ്ങള്‍ ഇരകളാക്കപ്പെടുന്നു എന്നു നിരന്തരമായി പ്രചാരണം നടത്തി, അതിനു പ്രതിവിധി കായികാ പ്രതിരോധം തന്നെയെന്നു നിഷ്‌കളങ്കരായ സാധാരണ മനുഷ്യരെക്കൊണ്ട് സമ്മതിപ്പിച്ചെടുക്കുകയാണ് പോപ്പുലര്‍ ഫ്രന്റ് ഇന്നു ചെയ്യുന്നത്. ഇതാണ് യഥാര്‍ത്ഥ വഞ്ചന. ഈ അപകടത്തെ മുസ്‌ലിം ലീഗ് തള്ളിപ്പറയുന്നുണ്ടെങ്കിലും ആ രാഷ്ട്രീയം തെറ്റെന്ന് അണികളെ പൂര്‍ണ്ണമായി ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അവര്‍ ഉടന്‍ പ്രാക്റ്റീസ് ചെയ്യേണ്ട ഒരു പോളിസിയാണത്.

പ്രതാപ് ഭാനു മേത്ത

മതഹിംസാത്മകത ചെറുക്കാന്‍ ഇവിടെ മതേതര രാഷ്ട്രീയത്തിനു മാത്രമേ സാധിക്കൂ. എല്‍.ഡി.എഫ്‌യു.ഡി.എഫ് കക്ഷിരാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല അത്. കലാ സാംസ്‌കാരിക രംഗത്ത് നിന്നും കൂടിയുള്ള മതേതര രാഷ്ട്രീയ ബോധവല്‍ക്കരണവും ജനാധിപത്യ ഇടങ്ങളുമാണ് വളര്‍ത്തിയെടുക്കേണ്ടത്. അതാണ് നൈതികത. സാധാരണ മനുഷ്യര്‍ക്കു വികാരത്തിന്റെ ഭാഷ്യമെ മനസ്സിലാകൂ. ആ ഭാഷ്യം മനുഷ്യകുലത്തെ ഉന്മൂലനം ചെയ്തുകൊണ്ടായിരിക്കും അവസാനിക്കുക. വിവേകത്തിന്റെ ഭാഷ്യം മനസ്സിലാക്കാന്‍ ഉയര്‍ന്ന ബോധ്യങ്ങള്‍ ഉണ്ടാവണം. അതിനു നിരന്തരമായ സംവാദങ്ങള്‍ വേണം. 

ഓക്‌സ്‌ഫോഡ്പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനായിരുന്ന പ്രതാപ് ഭാനു മേത്തയുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധിക്കുക. 'കേവലമൊരു സംഭവത്തിന്റെ നിമിത്തംപോലും സംഘപരിവാറിന് മുസ്‌ലിങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനു കാരണമാകും. ഗോധ്രയില്‍ 'നിയമ വിധേയമായി' നടന്ന പ്രതികാരം/തിരിച്ചടി എത്ര അപരിഷ്‌കൃതമായിരുന്നാലും അടുത്ത ഒരു സംഭവത്തിനു സജീവമായി കാത്തുനില്‍ക്കുകയാണവര്‍. സംഘ്പരിവാറിന് മുസ്‌ലിം വിരുദ്ധ ഹിംസ ആരംഭിക്കാന്‍ മുസ്‌ലിങ്ങളുടെ ഭാഗത്തുനിന്നുള്ള ഒരു മിലിറ്റന്‍സി (militancy) അല്ലെങ്കില്‍ ഒരു സമാന സംഭവം ആഗ്രഹിക്കുന്നു. അവര്‍ മുസ്‌ലിങ്ങളെ പരമാവധി നിരാശയിലേയ്ക്ക് എത്തിക്കാനും ആഗ്രഹിക്കുന്നു. (അങ്ങനെ നിരാശയിലെത്തുന്നവര്‍ ദാരുണമായ എന്തെങ്കിലും പ്രവൃത്തി ചെയ്യുമെന്നാണ് മനഃശാസ്ത്രം). അത്തരം സാഹചര്യം ആ സമൂഹത്തെ ആത്മ നിയന്ത്രണവും സംയമനം പാലിക്കുന്നവരുമാക്കേണ്ടതാണ്' ('secularism and the identtiyt rap', in Mushir ul Hasan, Will Secular India Survive? 2004, pp.72-92). ഇതൊരു രാഷ്ട്രീയ പരാജയമാണെന്നു കരുതാന്‍ പാടില്ല, സന്ദര്‍ഭോചിതമായ രാഷ്ട്രീയ നിലപാടാണ്. 

മഹാത്മാഗാന്ധിയുടെ ചരിത്രം നോക്കുക. അഹിംസയ്ക്കാണ് ഗാന്ധിജി മുഖ്യ പരിഗണന കൊടുത്തത്. അതില്‍ ബ്രിട്ടീഷ് അധികാരികള്‍ ധാര്‍മ്മികമായി പരാജയപ്പെട്ടു. ഗാന്ധി വിജയം നേടി. അതുകൊണ്ടാണ് ഗാന്ധി ഇന്നും അനുസ്മരിക്കപ്പെടുന്നത്. ഹിംസയുടെ വക്താക്കള്‍ ഇന്നും ഗാന്ധിജിയെ പ്രതീകാത്മകമായി വധിക്കുന്നതും അതുകൊണ്ട് തന്നെ. ഗാന്ധി ഹിംസയുടെ മാര്‍ഗ്ഗം സ്വീകരിച്ചിരുന്നുവെങ്കില്‍ ചരിത്രത്തില്‍ ചെറിയൊരു അപ്രസക്ത രാഷ്ട്രീയക്കാരനായി ഗാന്ധിയെ മാറ്റാന്‍ ബ്രിട്ടീഷുകാര്‍ക്കു കഴിഞ്ഞേനെ. ഹതാശരാക്കാനുള്ള തന്ത്രങ്ങള്‍ക്കു വിധേയരാകാതെ ആത്മവീര്യം നിലനിര്‍ത്തുകയാണ് ഇപ്പോള്‍ വേണ്ടത്. ഇപ്പോഴത്തെ ഈ പ്രതിസന്ധികള്‍ ഒന്നിന്റേയും ആരംഭമോ അവസാനമോ അല്ല. ചരിത്രത്തിലെ ഒരു ദുരവസ്ഥയാണത്. ഇതിനേയും മറികടക്കാന്‍ നിമിത്തങ്ങള്‍ ഉണ്ടാകും. രാഷ്ട്രീയ ബോധവല്‍ക്കരണങ്ങളോ പ്രതിഷേധങ്ങളോ റദ്ദ് ചെയ്യണമെന്ന് അതുകൊണ്ട് അര്‍ത്ഥമില്ല. ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെയുള്ള നീതിയുടെ സംസ്ഥാപനത്തിനായുള്ള മുന്നേറ്റം തുടരുന്നതിന് ഈ ഡിജിറ്റല്‍ യുഗത്തില്‍ ലോകത്തെ ജനാധിപത്യ വിശ്വാസികളുടെ പിന്തുണയുണ്ടാവുമെന്ന് ഉറപ്പാണ്. അതിനു മാതൃകാപരമായ സാമൂഹ്യജീവിതവും ബഹുസ്വരതയെ പരിപോഷിപ്പിക്കുന്ന ഒരു സംസ്‌കാരവുമാണ് വേണ്ടത്.

മുസ്‌ലിങ്ങളെ സെക്കുലര്‍ വ്യവഹാരങ്ങളില്‍ നിലനിര്‍ത്തുന്നതിനു ന്യൂനപക്ഷ സമുദായ കക്ഷിയായിരിക്കെത്തന്നെ കേരളത്തില്‍ മുസ്‌ലിംലീഗ് ഭേദപ്പെട്ട പങ്കുവഹിച്ചിട്ടുണ്ട്. മുസ്‌ലിംലീഗ് കേരളത്തില്‍ മറ്റിടങ്ങളില്‍നിന്നും വ്യത്യസ്തമായി നിലകൊള്ളുന്നത് സാമുദായിക കക്ഷിയായിട്ടാണെങ്കിലും അതിന്റെ സഹിഷ്ണുതമതേതര മനോഭാവങ്ങള്‍ കൊണ്ടാണെന്ന് ചരിത്രകാരന്‍ എം. ഗംഗാധരന്‍ എഴുതിയിട്ടുണ്ട്. ആ ഗുണങ്ങളുടെ തകര്‍ച്ച ലീഗിന്റേയും സാമുദായിക സമാധാന സങ്കല്പങ്ങളുടേയും തകര്‍ച്ച തന്നെയായിരിക്കും. ലീഗിന്റെ സങ്കുചിത സാമുദായിക രാഷ്ട്രീയത്തിലേക്കുള്ള പിന്‍വാങ്ങലിനു മുഖ്യധാരാ രാഷ്ട്രീയം ഒരു പങ്കു വഹിക്കുന്നുണ്ട്. കാരണം ന്യൂനപക്ഷ സമുദായത്തിന്റെ വളരെ കുറഞ്ഞ തോതിലുള്ള സാമൂഹ്യ വികസന പദ്ധതികളെപ്പോലും മുസ്‌ലിം പ്രീണനം എന്ന വ്യവഹാരം ഉയര്‍ത്തി പൈശാചിക വല്‍ക്കരിക്കുന്ന ഒരു പ്രകൃതം വളരെ സ്പഷ്ടമായ രൂപത്തില്‍ ഇവിടുത്തെ പൊതുബോധത്തിലുണ്ട്. (ഉദാ: സംവരണത്തോടുള്ള, സച്ചാര്‍ റിപ്പോര്‍ട്ടുകളോടുള്ള എതിര്‍പ്പുകള്‍). പുറമേനിന്ന് ആക്രമണം ശക്തമാകുമ്പോള്‍ യാഥാസ്ഥിതികത്വത്തിന്റെ സങ്കേതത്തില്‍, അരക്ഷിതാവസ്ഥയില്‍ കൂടുതല്‍ സ്വയം ബന്ധിക്കപ്പെടാനാണ് ന്യൂനപക്ഷ സമൂഹങ്ങള്‍ ശ്രമിക്കൂ. 

ശരീയത്ത് നിയമപരിഷ്‌കരണം എതിര്‍ക്കുന്ന സകല മുസ്‌ലിം വ്യവഹാരങ്ങളും സമുദായത്തിന്റെ സാമൂഹ്യരാഷ്ട്രീയ തകര്‍ച്ചയ്ക്ക് ഉത്തരവാദിത്വം വഹിക്കുന്നുമുണ്ട്. ഷാബാനു കേസിലെ വിധിയെ ഇന്നും തള്ളിപ്പറയുന്നത് അതിന് ഉദാഹരണമാണ്. വിവാഹമോചനം നേടിയ പുനര്‍വിവാഹം സാധ്യമല്ലാത്ത സ്ത്രീകളുടെ സംരക്ഷണം പിന്നെ ആര് നിര്‍വ്വഹിക്കും എന്നുള്ളത് നൈതികമായ ഒരു ചോദ്യമാണ്. ലളിതമായ ബോധ്യത്തില്‍ തിരുത്തേണ്ട ഒന്നാണ് ആ വ്യക്തിനിയമം. പക്ഷേ, അതു മതനിയമമാണ്, തിരുത്താന്‍ ആര്‍ക്കും അവകാശമില്ല എന്നതാണ് വാദം. ഇതൊരു അനീതിയാണ് എന്ന് ഇനിയും മതനേതൃത്വത്തിനു മനസ്സിലായിട്ടില്ലാത്തത് ദയനീയ സാഹചര്യമാണ്.

മതേതരത്വം, മതരാഷ്ട്രീയം: വിമര്‍ശനങ്ങളും മോഹങ്ങളും 

കേരളം പോലുള്ള ഇടങ്ങളില്‍നിന്ന് ജമാഅത്തെ ഇസ്‌ലാമി  യുവജന വിഭാഗങ്ങള്‍ ആധുനികത  സെക്കുലര്‍  ഡെമോക്രസി വിമര്‍ശനങ്ങളും നിലപാടുകളും വിളിച്ചുപറയുകയും എഴുതിക്കൂട്ടുകയും ചെയ്യുമ്പോള്‍ സംഘ്പരിവാറുമായി യോജിക്കുന്ന വിരോധാഭാസമാണ് വെളിവാകുന്നത്. അഥവാ രണ്ടു കൂട്ടരും മതേതര വിമര്‍ശനവും ആധുനികതാ വിമര്‍ശനവും യോജിച്ചു നടത്തുന്നു. ഇതൊരു രാഷ്ട്രീയ അശ്ലീലമാണ്; നൂറ് ശതമാനവും ആത്മഹത്യാ പരവുമാണ്. ഇന്ത്യയിലെ സമകാലിക സാമൂഹ്യപ്രശ്‌നങ്ങള്‍ മതേതരജനാധിപത്യം സ്ഥാപിതമാകാത്തതുകൊണ്ടുള്ള പ്രശ്‌നമാണ്. ശാസ്ത്രീയ വൈജ്ഞാനിക മേഖലയില്‍നിന്നും അന്ധവിശ്വാസങ്ങളുടേയും ഗോത്രീയ പാരമ്പര്യങ്ങളുടെ തടവറകളിലും മനുഷ്യര്‍ കെട്ടിയിടപ്പെട്ടു കൊണ്ടിരിക്കുന്നു. 

പ്രസ്തുത റാഡിക്കല്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ജനാധിപത്യവല്‍ക്കരണത്തിനും ആധുനിക വല്‍ക്കരണത്തിനും വിധേയമായിട്ടുണ്ട് എന്നത് സത്യമാണെങ്കിലും അവര്‍ സ്വയം അംഗീകരിക്കില്ല. കാരണം ആധുനികപൂര്‍വ്വ രാഷ്ട്രീയ വ്യവസ്ഥകളില്‍ ഉള്ള അയുക്തികമായ വായനയാണ് ഇപ്പോഴും അവരുടെ അറിവുല്പാദനത്തിന്റെ മുഖ്യ സ്രോതസ്സ്. ആധുനികതയെന്നത് വ്യക്തികളോ പ്രസ്ഥാനങ്ങളോ എത്രത്തോളം തള്ളിപ്പറഞ്ഞാലും വിമര്‍ശിച്ചാലും അത് നമ്മെ നമ്മള്‍ അറിയാതെ തന്നെ പരിവര്‍ത്തിപ്പിച്ചിട്ടുണ്ടാകും എന്ന് ആധുനികതയെ സൂക്ഷ്മായി പഠിച്ചാല്‍ കണ്ടെത്താം. 

ഇസ്‌ലാമിസ്റ്റ് കാഴ്ചപ്പാടുകള്‍ അറിയുകയേ ഇല്ലാത്ത, സാദാ മുസ്‌ലിങ്ങളെ കുരുക്കാന്‍ മൗദൂദിയന്‍ ആശയങ്ങള്‍ അനേകം തവണ കാരണമായിട്ടുണ്ട്. തടവിലിരിക്കെ കൊല്ലപ്പെട്ട സിമിക്കാര്‍ എത്രയോ ഉണ്ട്. ജയിലില്‍ ജീവിതം ഏറിയ പങ്കും ബലികഴിക്കേണ്ടിവന്ന എത്രയോ പേര്‍ അതില്‍ പെട്ടിട്ടുണ്ട്. പ്രഗത്ഭരായ ചെറുപ്പക്കാരുടെ കരിയറും ജീവിതവും ഇല്ലാതാക്കിയതിന് എന്തു സമാധാനം ആണ് ഇന്നും മൗദൂദിയുടെ ആശയങ്ങള്‍ തലയിലേറ്റിയവര്‍ക്ക് പറയാനുള്ളത്?

തലാല്‍ അസദിനെ ദുര്‍വ്യാഖ്യാനിക്കപ്പെടുന്നു 

ജമാഅത്തെ ഇസ്‌ലാമിയുടെ പ്രസിദ്ധീകരണശാലയായ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പുസ്തകമാണ് 'പോസ്റ്റ്‌സെക്കുലറിസം' (2022). കെ. അഷ്‌റഫ് എന്ന വ്യക്തിയാണ് രചന. 2009  മുതല്‍ ഇദ്ദേഹം 'പോസ്റ്റ്‌സെക്കുലറിസം' എന്ന വിഷയത്തില്‍ ജമാഅത്തിന്റേയും പോപ്പുലര്‍ ഫ്രന്റിന്റേയും വിവിധ പ്രസിദ്ധീകരണങ്ങളില്‍ ആവര്‍ത്തിച്ച് എഴുതുന്നു. 'പോസ്റ്റ് സെക്കുലറിസം സമം മത രാഷ്ട്രീയ' മെന്ന ദുര്‍വ്യാഖ്യാനത്തില്‍ നിന്നാണ് ആദ്യമായിത്തന്നെ ഈ സംവാദം ഇവിടെ കൊണ്ടുവരുന്നത്. ഈ വിഷയത്തിന്റെ മുഖ്യ ബൗദ്ധിക സ്രോതസ്സായി ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപ്പെടുന്നത് സൗദിഅമേരിക്കന്‍ ആന്ത്രോപോളജിസ്റ്റ് തലാല്‍ അസദിനെയാണ്. അദ്ദേഹത്തിന്റെ Formations of the Secular: Christiantiy, Islam, Moderntiy(2003), Secular Translations: Nation-State, Modern Self, and Calculative Reason(2018) എന്നീ പുസ്തകങ്ങളുടെ ഭാഗികമായ വായനയില്‍ നിന്നുമാണ് 'പോസ്റ്റ് സെക്കുലറിസം' എന്ന രാഷ്ട്രീയ വ്യവഹാരത്തെ തങ്ങളുടെ ഏതോ വലിയ രാഷ്ട്രീയ ആദര്‍ശ കണ്ടുപിടുത്തമായി അവതരിപ്പിക്കുന്നത്. എന്നാല്‍, ഇതു സാധൂകരിക്കാന്‍ തങ്ങളുടെ ആചാര്യന്‍ മൗലാന മൗദൂദിയുടെ ആധുനികതാ വിമര്‍ശങ്ങള്‍/മതരാഷ്ട്രീയം പകരം വച്ചാണ് ഇവിടെ അവര്‍ ആ വിമര്‍ശനം ഉയര്‍ത്താന്‍ ശ്രമിക്കുന്നത്.

പാശ്ചാത്യ മതേതര മാതൃകകളില്‍, ഉദാ: ഫ്രെഞ്ച്‌യു.എസ്, ഉള്ള ദൗര്‍ബ്ബല്യങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുകയാണ് തലാല്‍ അസദ് ചെയ്യുന്നത്. അസദ് ഒരിക്കലും മതരാഷ്ട്രത്തേയോ പൗരോഹിത്യ ഭരണത്തേയോ പിന്തുണയ്ക്കുന്നില്ല. ഉത്തരാധുനിക ചിന്തകനായിരുന്ന മിഷേല്‍ ഫൂക്കോയുടെ ധാരയില്‍നിന്നുമാണ് അസദ് തന്റെ വ്യവഹാരങ്ങളെ വികസിപ്പിക്കുന്നത്. അദ്ദേഹം അറബ്മുസ്‌ലിം ലോകത്തെ ജനാധിപത്യവിരുദ്ധതയും അതില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, പ്രധാന വിമര്‍ശനം ആധുനികദേശരാഷ്ട്രങ്ങളില്‍ ഉണ്ടാകുന്ന വ്യവസ്ഥാ വൈരുധ്യങ്ങളാണ്. ആധുനികതയും (moderntiy) പാരമ്പര്യവും (tradition) തമ്മില്‍ ഉണ്ടായ താരതമ്യ വിമര്‍ശനത്തില്‍, അവ തമ്മില്‍ വെള്ളം കടക്കാത്ത അറകള്‍ എന്നുള്ള വര്‍ഗ്ഗീകരണത്തില്‍(classification) ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആണ് അസദിന്റെ അടിസ്ഥാന വാദന്യായം. ആധുനികതയേയോ ജനാധിപത്യത്തേയോ അസദ് തള്ളിപ്പറയുകയോ പാരമ്പര്യ രാഷ്ട്രീയ വ്യവസ്ഥകളില്‍നിന്നും ബദല്‍ മാതൃക നിര്‍ദ്ദേശിക്കുകയോ ചെയ്യുന്നില്ല. മുന്‍വിധികള്‍ കൊണ്ട് അസദിനെ വായിച്ചാല്‍ ആശയക്കുഴപ്പം ഉണ്ടാവുകയും ചെയ്യും. കാരണം അസദിന്റെ ആഖ്യാനങ്ങള്‍ ക്ലിഷ്ടമായ ഭാഷയില്‍ ആണ്. ഇതിനെ തെറ്റിദ്ധരിച്ച ജമാഅത്ത  പോപ്പുലര്‍ ഫ്രന്റ് അനുയായികള്‍ അസദില്‍ പുതിയ രാഷ്ട്രീയ മാതൃക ദര്‍ശിക്കുന്നത് തികഞ്ഞ ദുര്‍വ്യാഖ്യാനമാണ്. തലാല്‍ അസദ് ആധുനികതാ വിമര്‍ശങ്ങള്‍ ഉന്നയിക്കുന്നത് ആധുനികതയുടെ തന്നെ സൃഷ്ടിയായ ന്യൂയോര്‍ക്കിലെ സിറ്റി യൂണിവേഴ്‌സിറ്റിയില്‍ ഇരുന്നുകൊണ്ടാണ്. പാഠവും (text) പരിസരവും (context) ഇത്തരം സംവാദങ്ങളില്‍ തിരിച്ചറിയേണ്ടത് അനിവാര്യമാണ്. അല്ലാത്തിടത്തോളം സാമൂഹ്യവ്യവസ്ഥകളെ ഇത്തരത്തില്‍ തിരിച്ചറിയുവാന്‍ കഴിയാതെ വരും. 

സംഘ്പരിവാര്‍ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ സെക്കുലര്‍ ഡെമോക്രസി(secular democracy)യല്ലാതെ ബദല്‍ സാധ്യമല്ല. മതേതര ജനാധിപത്യം സ്ഥാപിതമാകാത്തതു കൊണ്ടുള്ളതാണ് ഇന്ത്യയിലെ സമകാലിക സാമൂഹ്യപ്രശ്‌നങ്ങള്‍. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ഇന്ത്യയില്‍ മതേതരത്വം ഘടനാപരമായിത്തന്നെ തകര്‍ന്നുകൊണ്ടിരിക്കുന്നു. ഇതുകൊണ്ടു സംഭവിക്കുന്നത് ഒരു രാഷ്ട്രത്തിന്റെ തന്നെ തകര്‍ച്ചയായിരിക്കും, നേട്ടം ആര്‍ക്കും അവകാശപ്പെടാന്‍ ഉണ്ടായിരിക്കുകയുമില്ല എന്നതാണ് വാസ്തവം. 
ഈയടുത്ത് കണ്ട മറ്റൊരു ആപല്‍സൂചനയാണ് ആലപ്പുഴയില്‍ കുട്ടിയെക്കൊണ്ട് വിളിപ്പിച്ച വര്‍ഗ്ഗീയ മുദ്രാവാക്യങ്ങള്‍. സ്വന്തം സമുദായമൊഴികെയെല്ലാവരും വെറുക്കപ്പെടേണ്ടവരും ശത്രുക്കളുമാണെന്ന് കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കുന്നവരാണ് കുട്ടികളെ വര്‍ഗ്ഗീയവാദികള്‍ ആയി രൂപപ്പെടുത്തുന്നത്. ലോകത്ത് വ്യത്യസ്ത സമുദായങ്ങളും മതങ്ങളും ഉണ്ടെന്നു ബോധ്യപ്പെടുത്തുകയും അവരുമായുള്ള സാമൂഹ്യജീവിതത്തില്‍ എങ്ങനെയാണ് ഉദാത്ത മാനവിക മാതൃക പാലിക്കേണ്ടത് എന്നു പഠിപ്പിച്ചുകൊണ്ടാണ് കുടുംബത്തില്‍ കുട്ടികളെ രാഷ്ട്രീയം അഭ്യസിപ്പിക്കേണ്ടത്.
 
യുക്തിവാദികള്‍ വേട്ടക്കാര്‍ക്കൊപ്പമോ? 

ഇക്കാലത്ത് മതാതീത മാനവികത പ്രഖ്യാപിക്കാന്‍ കേരളത്തില്‍ മുന്നിട്ടിറങ്ങിയ യുക്തിവാദികള്‍/നാസ്തികര്‍ എന്ന വിഭാഗത്തില്‍നിന്നും വിദ്വേഷം കൂടുതലായി കാണാം എന്നുള്ളതാണ് ഞെട്ടിപ്പിക്കുന്ന ഒരു രാഷ്ട്രീയ പ്രതിസന്ധി. വേട്ടക്കാര്‍ക്ക് ഇരയെ തയ്യാറാക്കി കൊടുക്കുന്ന വിധത്തില്‍ ആണ് ഇവരുടെ വാക്കുകളും നടപടികളും. മതാതീത രാഷ്ട്രീയം/ മാനവികത പറയുന്നവര്‍ തങ്ങളുടെ ആശയപ്രചാരണത്തിനു വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയെന്നുള്ളത് എന്തു രാഷ്ട്രീയമാണ് വളര്‍ത്തുന്നത് എന്നു ചിന്തിക്കേണ്ടതാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ മനുഷ്യര്‍ ഇഷ്ടപ്പെടുന്ന രാഷ്ട്രീയ സംവിധാനമായ ലിബറല്‍ ജനാധിപത്യത്തിന്റെ (liberal democracy) വ്യാഖ്യാനങ്ങള്‍ എന്തെന്നത് ഇവിടെ മതാതീത രാഷ്ട്രീയം പറയുന്നവര്‍ ആലോചിക്കേണ്ടതാണ്. പാശ്ചാത്യ ലിബറല്‍ ജനാധിപത്യത്തിന് ഒരു സുപ്രധാന ദിശാ നിര്‍ണ്ണയം തന്നെ നല്‍കിയ ജോണ്‍ റോള്‍സിന്റെ A Theory of Justice (1971) എന്ന ഗ്രന്ഥം ഒരുവട്ടമെങ്കിലും ഇവര്‍ വായിക്കേണ്ടതാണ്. കാരണം നീതിയുടെ വിതരണം എപ്രകാരമെന്ന് മനോഹരമായി വ്യാഖ്യാനിക്കുന്നുണ്ട് ഈ ഗ്രന്ഥത്തില്‍. കൂടാതെ ജനാധിപത്യം  ഇന്ത്യന്‍ ജനാധിപത്യം എന്നാലെന്താണ്, അതെങ്ങനെ പ്രാവര്‍ത്തികമാകും? എന്നീ വിഷയങ്ങള്‍ അല്പം ഗൗരവമായി ചര്‍ച്ചയ്‌ക്കെടുത്താല്‍ വേട്ടക്കാരോടൊപ്പം ഓടുവാന്‍ നാസ്തികര്‍ക്ക് കഴിയില്ല. 

അണയാത്ത പ്രതിഷേധാ​ഗ്നി

മതേതര ഇടങ്ങളുടെ നിര്‍മ്മിതി 

കേരളം ഒട്ടേറെ സാമൂഹ്യ പരിണാമങ്ങള്‍ക്കു വിധേയമായിരിക്കുന്നു. സാമൂഹ്യ സുരക്ഷയ്ക്ക് ഇപ്പോഴും വലിയ വിള്ളലുകള്‍ വീണിട്ടില്ല എങ്കിലും ചില ആസന്നമായ പ്രതിസന്ധികള്‍ കാണാതിരിക്കാനാകില്ല. മലയാളികള്‍ വലിയൊരളവില്‍ മതേതര സമൂഹമായി നിലനിന്നു വന്നതിനാല്‍ ആണ് കേരളത്തില്‍ സാമൂഹ്യസുരക്ഷ നിലനിന്നത്. ഗുജറാത്തിലേതുപോലെ മനോഘടന മാറ്റിയെടുക്കാനായി ശ്രമങ്ങള്‍ നടക്കുന്നു. മുസ്‌ലിങ്ങള്‍ വെറുക്കേണ്ടവരെന്ന മനോഭാവത്തിനു കഴിഞ്ഞ ഒരു പത്ത് വര്‍ഷത്തിനിടയില്‍ പൊതുസമ്മതി ലഭിച്ചു കഴിഞ്ഞു. മതേതര ബോധ്യങ്ങളും സഹിഷ്ണുതയും തിരിച്ചറിവുകളും വേഗം നഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. അത് അപ്രതീക്ഷിത പരിണതിയല്ല. സാംസ്‌കാരിക ദേശീയത (cultural nationalism) വ്യവഹാരങ്ങള്‍ ശാക്തീകരിക്കപ്പെട്ടിരിക്കുന്നത് അത്തരം അപര വിദ്വേഷത്തിലാണ്. സാമൂഹ്യ സുരക്ഷയ്ക്ക് ഒന്നാമതായി വേണ്ടതാണ് വിവിധ മതസമൂഹങ്ങള്‍ തമ്മിലുള്ള പരസ്പര വിശ്വാസം. ആ വിശ്വാസം ആത്മബന്ധത്തിന്റേയും ആത്മാര്‍ത്ഥതയുടേയും കൂടിയാണ്. പരസ്പര വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യം ഏതു സമുദായത്തിന്റെ ഭാഗത്തുനിന്നായാലും അതീവ ഗുരുതരമാണ്. പരസ്പര സംശയമെന്ന അവസ്ഥയുണ്ടായാല്‍ പലവിധ കെട്ടുകഥകളിലും മനുഷ്യര്‍ വിശ്വസിക്കാന്‍ തുടങ്ങും. വസ്തുതകള്‍ അറിയുവാന്‍ ആരും ശ്രമിക്കാതെ, അപരവെറുപ്പിലും വൈകാരിക പ്രതികരണങ്ങളിലും ആശ്രയമര്‍പ്പിക്കും. വലിയ ദുരന്തത്തിനു മുന്നോടിയാണ് അത്. മതേതരത്വം എന്നത് ഒരു വിഭാഗത്തിന്റെ മാത്രം ബാധ്യതയായ ഒരു രാഷ്ട്രീയ ആദര്‍ശമല്ല. ഭൂരിപക്ഷന്യൂനപക്ഷ ഭേദമില്ലാതെ മതേതരത്വത്തോട് ബാധ്യതപ്പെട്ടിരിക്കുന്നതാണ് രാഷ്ട്ര സുരക്ഷയ്ക്ക് (national securtiy) ഉത്തമം.

സ്വതന്ത്ര ഇന്ത്യയില്‍ വര്‍ഗ്ഗീയവല്‍ക്കരണ പ്രക്രിയയും യുദ്ധാത്മക ദേശീയതയും(jingoism) പലയിടത്തും നടപ്പിലായത് സര്‍ക്കാറിന്റേയോ ഭരണകക്ഷിയുടേയോ താല്പര്യത്തില്‍ ആയിരുന്നു എന്ന് ഇന്ത്യയിലെ വിഖ്യാത സാമൂഹ്യശാസ്ത്രജ്ഞന്‍ രജനി കോത്താരി State against Democracy: In Search of Human Governance (1989) എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. 'വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ നടക്കുമ്പോള്‍ ദേശീയ ഉദ്ഗ്രഥനവും ഐക്യവും നടക്കുന്നു എന്ന സങ്കല്പം ഇവിടെയുണ്ടായിട്ടുണ്ട്' അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു മതത്തിനെതിരേയോ സമുദായത്തിനെതിരെയോ ഉള്ള ഈ പ്രക്രിയ ദേശീയ ഉദ്ഗ്രഥനത്തിന്റെ (national integration) പേരിലാണ് നടത്തപ്പെടുന്നത്. ഇതൊരു പുതിയതരം പൊളിറ്റിക്‌സ് ആണ്. ഭയപ്പെടുത്തുന്ന, ഭീഷണിപ്പെടുത്തുന്ന, വിയോജിക്കുന്നവരെ നിയമവിരുദ്ധരാക്കുന്ന, മധ്യവര്‍ഗ്ഗ സമൂഹത്തെ ആത്മ നിര്‍വീര്യമാക്കുന്ന ഒന്നാണിത് എന്നും കോത്താരി പറയുന്നു. അദ്ദേഹത്തിന്റെ നിരീക്ഷണത്തില്‍ ഇവിടെ മൂന്നു ദശകങ്ങള്‍ക്കുശേഷമുള്ള മാറ്റം മധ്യവര്‍ഗ്ഗത്തെക്കുറിച്ചുള്ളതില്‍ മാത്രമായിരിക്കും കാരണം, ഇന്നത്തെ മധ്യവര്‍ഗ്ഗം കേരളത്തില്‍ ആ അപരവിദ്വേഷ രാഷ്ട്രീയത്തില്‍ ഭയാനകമായ വിധത്തില്‍ രാജിയായിക്കൊണ്ടിരിക്കുന്നു. 

ജര്‍മന്‍  ജ്യൂയിഷ് പൊളിറ്റിക്കല്‍ ഫിലോസഫര്‍ ആയിരുന്നു ഹന്നാ ആരെന്റ് (Hannah Arendt 1906-1975). ഹിറ്റ്‌ലറിന്റെ കൂട്ടക്കൊലയെ അതിജീവിച്ച, രക്ഷപ്പെട്ട ഏറ്റവും പ്രശസ്തരില്‍ ഒരാളാണ് ആരെന്റ്. പ്രമുഖ ജര്‍മന്‍ ജേര്‍ണലിസ്റ്റ് ആയ ഗുന്തര്‍ ഗൗസുമായുള്ള ദീര്‍ഘമായ അഭിമുഖത്തില്‍ അവര്‍ സ്വത്വപ്രശ്‌നത്തിനു പരിഹാരം നിര്‍ദ്ദേശിക്കുകയുണ്ടായി. ഇവിടെ ഇന്ത്യന്‍/കേരള മുസ്‌ലിം പ്രശ്‌നം ചര്‍ച്ചചെയ്യുമ്പോള്‍ അവര്‍ ഒരു ജ്യൂയിഷ് ആയിരുന്നതിന്റെ സ്വത്വപ്രശ്‌നത്തെ സമീപിച്ചത് എങ്ങനെയെന്ന് വിശദമാക്കുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. 'ഇപ്പോള്‍ ഒരു വ്യക്തി ജൂതന്‍ എന്നുള്ള നിലയില്‍ അക്രമിക്കപ്പെട്ടാല്‍ പ്രതിരോധിക്കേണ്ടത് ജൂതന്‍ എന്ന നിലയില്‍ തന്നെയാണ്. അല്ലാതെ, ജര്‍മ്മന്‍കാരനെന്ന നിലയിലോ ആഗോള പൗരന്‍ എന്ന നിലയിലോ മനുഷ്യാവകാശ സംരക്ഷകന്‍ എന്ന നിലയിലോ വേറെന്തെങ്കിലും രൂപത്തിലോ അല്ല...' ESSAYS UNDERSTANDING (1930-1954) Formation, Exile, and Totalitarianism (1994) എന്ന ഗ്രന്ഥത്തില്‍ ഇത് പറയുന്നുണ്ട്. ഇതു വലിയൊരു രാഷ്ട്രീയ പ്രഖ്യാപനമാണ്. പക്ഷേ, കേവല മതാധിഷ്ഠിത സ്വത്വ രാഷ്ട്രീയ പ്രസ്ഥാനമല്ല ഇതിനു പരിഹാരമായി ആരെന്റ് നിര്‍ദ്ദേശിക്കുന്നത്. കേവല മത സ്വത്വത്തിലധിഷ്ഠിതമായ രാഷ്ട്രീയം പ്രതിലോമകരമായി മാറുകയാണ് ചെയ്യുന്നത്. 

തലാൽ അസദ്

വര്‍ഗ്ഗീയത: ഭൂരിപക്ഷത്തിന്റേയും ന്യൂനപക്ഷത്തിന്റേയും 

ഭൂരിപക്ഷ വര്‍ഗ്ഗീയത ന്യൂനപക്ഷങ്ങളെ അനേകമിരട്ടി നശിപ്പിക്കാന്‍ ശേഷിയുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ ഭൂരിപക്ഷ വര്‍ഗ്ഗീയത ഇല്ലാതാകേണ്ടതുണ്ട്; അതായത് രാഷ്ട്രത്തിന്റെ മതേതരവല്‍ക്കരണം സാധ്യമാകണം. വര്‍ഗ്ഗീയത എല്ലാ സമുദായത്തിലുമുണ്ട്. ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഒരു സാമൂഹ്യസുരക്ഷാ ഭീഷണി തന്നെയാണ്. എന്തായാലും ന്യൂനപക്ഷ വര്‍ഗ്ഗീയത ഇല്ലാതായാല്‍, അഥവാ ന്യൂനപക്ഷങ്ങള്‍ എല്ലാ വിഭാഗങ്ങളും മതേതര ആധുനിക സമൂഹങ്ങള്‍ ആയി പരിവര്‍ത്തനം നടത്തിയാലും ഇവിടെ രാഷ്ട്രത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുന്ന, ഭൂരിപക്ഷ വര്‍ഗ്ഗീയത ഇല്ലാതാകുകയില്ല. ഇന്ത്യന്‍ സോഷ്യോളജിസ്റ്റ് ടി.എന്‍. മദന്‍ ഇതേ വാദം Modern Myths, Locked Minds: Secularism & Fundamentalism in India (2009) എന്ന ഗ്രന്ഥത്തില്‍ ഉന്നയിക്കുന്നുണ്ട്. അതിനു രാഷ്ട്രം തന്നെ, ശക്തമായ നിയമവാഴ്ചാ നടപടികളിലൂടെ ആധുനികമതേതരവല്‍ക്കരണത്തിനു വിധേയമാക്കുകയാണ് വേണ്ടത്. 

ന്യൂനപക്ഷ വര്‍ഗ്ഗീയതകൊണ്ടല്ല ഭൂരിപക്ഷ വര്‍ഗ്ഗീയത ഉണ്ടായത്. ന്യൂനപക്ഷ വര്‍ഗ്ഗീയതയ്ക്ക് ഒരുപക്ഷേ, ഭൂരിപക്ഷ വര്‍ഗ്ഗീയതയെ പെട്ടെന്നു സ്‌ഫോടനാത്മകമായ രൂപത്തില്‍ എത്തിക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ, ഭൂരിപക്ഷ വര്‍ഗ്ഗീയത ഇല്ലാതാകുമ്പോള്‍, അതായത് രാഷ്ട്രത്തിന്റെ മതേതരവല്‍ക്കരണം (secularisation) സാധ്യമാകുമ്പോള്‍, ന്യൂനപക്ഷ വര്‍ഗ്ഗീയത സ്വാഭാവികമായും ഇല്ലാതാകും. ഭൂരിപക്ഷത്തിന്റെ മതേതരവല്‍ക്കരണം സാധ്യമാകാതെ, ന്യൂനപക്ഷത്തിന്റെ മതേതരവല്‍ക്കരണം സാധ്യമല്ല. മതേതരവല്‍ക്കരണത്തിലൂടെ സാമൂഹ്യ പുരോഗതി സാധ്യമാകുമ്പോള്‍ ഈ പ്രക്രിയയില്‍ മറ്റുള്ളവര്‍ക്ക് ആകര്‍ഷണീയത തോന്നുന്നത് സ്വാഭാവികമാണ്. ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇപ്പോള്‍ മതേതരവല്‍ക്കരണത്തിന്റെ പാതയില്‍ സഞ്ചരിക്കുന്നത് അതുകൊണ്ടാണ്. മതേതരവല്‍ക്കരണം സാധ്യമാകാതെ ഒരൊറ്റ രാഷ്ട്രത്തിനും ആധുനികമാകാന്‍ കഴിയില്ല. അതുകൊണ്ടാണ് 2014നുശേഷം യൂറോപ്പിലും അമേരിക്കയിലും കാനഡയിലും ലക്ഷക്കണക്കിനു പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് കുടിയേറിക്കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടുത്തകാലത്ത് വന്നത്. നിരന്തരമായി ഉയര്‍ത്തുന്ന അക്രമാസക്ത ദേശീയതാ കോലാഹലങ്ങള്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ഠവല ഒശിറൗ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇവിടെ വലിയ ചര്‍ച്ച ആയതേ ഇല്ല. 

പ്രവാചകനെതിരെയുള്ള വിവാ​​ദപരാമർശത്തിൽ പ്രതിഷേധിക്കുന്നവർ. പ്രസ്താവന നടത്തിയ നൂപുർ ശർമയെ സസ്പെൻഡ് ചെയ്തിരുന്നു

മതേതര ജനാധിപത്യമെന്ന മോക്ഷമാര്‍ഗ്ഗം 

1958ലെ ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി സമ്മേളനത്തില്‍ നെഹ്‌റു പറഞ്ഞു: 'ഭൂരിപക്ഷ വര്‍ഗ്ഗീയതയാണ് ന്യൂനപക്ഷ വര്‍ഗ്ഗീയതയെക്കാള്‍ അപകടകരം. കാരണം ഭൂരിപക്ഷ വര്‍ഗ്ഗീയത ദേശീയതയോടൊപ്പം പ്രവര്‍ത്തനസജ്ജമാകുന്നു. അങ്ങനെ വര്‍ഗ്ഗീയത നമ്മില്‍ രൂഢമൂലമാണ്. കേവലമായ ഒരു പ്രകോപനത്തിലൂടെ അതു പെട്ടെന്നു പുറത്തുവരും. വളരെ ആദരിക്കപ്പെടുന്ന വ്യക്തികള്‍പോലും അതില്‍ ഉത്തേജിതരായി ബാര്‍ബേറിയന്മാരെപ്പോലെ പെരുമാറും. ഇന്ത്യയ്ക്ക് പ്രതീക്ഷ മതേതര രാഷ്ട്രീയത്തില്‍ മാത്രമാണ്. ഏതൊരു രൂപത്തിലുള്ള മതാധിഷ്ഠിത രാഷ്ട്രീയവും ഒരു സംസ്‌കാരത്തിന്റെ തന്നെ ഉന്മൂലനത്തില്‍ ആയിരിക്കും പര്യവസാനിക്കുക.'

ജനാധിപത്യവല്‍ക്കരണം (democratisation) എന്നത് ലോകത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. മതംആധുനികത, ചര്‍ച്ചകള്‍, സാമൂഹ്യ പരിണാമങ്ങള്‍, സാമൂഹ്യ സഹവര്‍ത്തിത്വം, ബഹുസ്വരത എന്നിവയേയും വിവിധ മതസമുദായങ്ങള്‍ പരസ്പരം സഹിഷ്ണുതയില്‍ കഴിയേണ്ട ആവശ്യകതയേയും നിര്‍ബ്ബന്ധമായും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പിക്കപ്പെടണം. അവിടെ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതമാക്കപ്പെടും. സക്രിയമായ പൗരത്വം അവര്‍ക്കു ലഭിക്കുകയും ചെയ്യും. ഈ വിഷയങ്ങള്‍ പൊതു ഇടങ്ങളില്‍ സംവദിക്കപ്പെടണം. ഇത്തരം സന്ദര്‍ഭോചിതമായ നയപദ്ധതികള്‍ ഭരണകൂടം നടപ്പിലാക്കാതെ വന്നാല്‍ നശിച്ചുപോകുന്നത് ഒരു നാഗരികത(Civilisation) തന്നെയാകും.

ഈ ലേഖനം കൂടി വായിക്കൂ

ബി.ജെ.പിയും ന്യൂനപക്ഷ മോര്‍ച്ചക്കാരും അത് അടുത്ത ചൂണ്ടയായി കരുതിവച്ചിരിക്കുകയാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ