ബി.ജെ.പിയും ന്യൂനപക്ഷ മോര്‍ച്ചക്കാരും അത് അടുത്ത ചൂണ്ടയായി കരുതിവച്ചിരിക്കുകയാണ്

ദേശീയ വിദ്യാഭ്യാസനയത്തില്‍ ഒളിഞ്ഞിരിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയോടുള്ള സഭയുടെ പ്രതികരണമെന്താണ്? 
ബി.ജെ.പിയും ന്യൂനപക്ഷ മോര്‍ച്ചക്കാരും അത് അടുത്ത ചൂണ്ടയായി കരുതിവച്ചിരിക്കുകയാണ്

1842ലാണ് വിഖ്യാത കവി റോബര്‍ട്ട് ബ്രൗണിംഗ് തന്റെ ഏറ്റവും പ്രശസ്തമെന്ന് കരുതപ്പെടുന്ന ഹാംലിനിലെ വിചിത്രവേഷധാരിയായ കുഴലൂത്തുകാരനെക്കുറിച്ച് കവിതയെഴുതിയത്. കുഴല്‍വിളിയില്‍ മയങ്ങിയ എലികള്‍ കണ്ട കൊതിയൂറും കാഴ്ചകള്‍ എന്തൊക്കെയായിരുന്നുവെന്ന് വീസേര്‍ നദിയുടെ ആഴങ്ങളില്‍ മുങ്ങിച്ചാവാതെ രക്ഷപ്പെട്ട ഒരേയൊരു മൂഷികന്‍ വിവരിക്കുന്നുണ്ട്. എലികളുടെ ആകാശമോക്ഷം തന്നെയായിരുന്നു ആ കാഴ്ചകള്‍. അതു ചെന്നവസാനിച്ചതോ, അവയുടെ സര്‍വ്വനാശത്തിലും.

കേരളത്തിലെ കത്തോലിക്കാസഭയെക്കുറിച്ചുള്ള പ്രവചനാത്മകമായ രചനയായിരുന്നില്ലേ അതെന്ന സംശയം ഉയരുന്നതുകൊണ്ടാണ് ഈ കഥ ഇപ്പോള്‍ ഓര്‍മ്മിച്ചത്. ബ്രൗണിംഗ് കവിത 180 വര്‍ഷം പിന്നിടുമ്പേള്‍ കേരളത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി)യാണ് കുഴലൂതുന്നത്. അതിന്റെ ഇമ്പത്തില്‍ മയങ്ങി ഹാംലിനിലെ എലികളെപ്പോലെ മെത്രാന്മാരും അച്ചന്‍മാരും കന്യാസ്ത്രികളും കുറെയേറെ സ്ഥാപനാധികാരികളും അണിചേര്‍ന്നെത്തിയ കാഴ്ചയ്ക്ക് സമമായിരുന്നു കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ കഴിഞ്ഞ മാസം നടന്ന ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ചുള്ള കോണ്‍ക്ലേവ്.

കോണ്‍ക്ലേവെന്ന രഹസ്യ സമ്മേളനം

ഇംഗ്ലീഷില്‍ 'കോണ്‍ക്ലേവ്' എന്ന വാക്ക് പ്രയോഗത്തില്‍ വന്നത് കത്തോലിക്കാസഭയിലെ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കുന്ന പാരമ്പര്യവുമായി ബന്ധപ്പെട്ടാണ്. റോമില്‍ സമ്മേളിക്കുന്ന കര്‍ദ്ദിനാളന്മാര്‍ അതീവ രഹസ്യമായി നടത്തുന്ന സ്വകാര്യ തെരഞ്ഞെടുപ്പു സമ്മേളനമാണ് കോണ്‍ക്ലേവ്. പിന്നീട്, ഏതൊരു രഹസ്യസമ്മേളനത്തേയും വിശേഷിപ്പിക്കാനുള്ള പദമായി 'കോണ്‍ക്ലേവ്' പ്രയോഗത്തില്‍ വന്നു. എന്നാല്‍, ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ച് ബി.ജെ.പിയുടെ ന്യൂനപക്ഷ മോര്‍ച്ച കേരള ഘടകം സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ സമ്മേളനത്തെ എന്തുകൊണ്ടാണ് കോണ്‍ക്ലേവ് എന്നു നാമകരണം ചെയ്തത്? അത്തരം ഒരു നാമനിര്‍ദ്ദേശത്തില്‍ത്തന്നെ തുടങ്ങുന്നു ബി.ജെ.പിയുടെ ഗൂഢമായ രാഷ്ട്രീയ അജണ്ട. വാസ്തവത്തില്‍, പരമരഹസ്യമായി നടത്തിയ ഒരു സമ്മേളനം തന്നെയായിട്ടാണ് സംഘാടകര്‍ അതിനെ വിഭാവനം ചെയ്തത്.

കോണ്‍ക്ലേവിലേക്കുള്ള ക്ഷണപ്പത്രം മുതല്‍ ആരംഭിക്കുന്നു അതിന്റെ ഗൂഢോദ്ദേശ്യങ്ങള്‍. ബി.ജെ.പിയുടെ ന്യൂനപക്ഷ മോര്‍ച്ചയായിരുന്നു കോണ്‍ക്ലേവിന്റെ സംഘാടകരെങ്കിലും അതില്‍ പങ്കെടുക്കാനുള്ള പ്രതിനിധികളെ ക്ഷണിച്ചതും സംഘടിപ്പിച്ചതും കേരള കത്തോലിക്കാ മെത്രാന്‍ സമിതി(കെ.സി.ബി.സി)യായിരുന്നു. കേരളത്തിലെ എല്ലാ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും മേലധികാരികള്‍ക്ക് മെത്രാന്‍ സമിതിയുടെ വിദ്യാഭ്യാസ കമ്മിഷന്‍ സെക്രട്ടറി ഒപ്പുവച്ച് അയച്ച ഔദ്യോഗിക സര്‍ക്കുലര്‍ നിഗൂഹനം ചെയ്തതും തെറ്റിദ്ധരിപ്പിച്ചതുമായ വസ്തുതകള്‍ നിഷ്‌കളങ്കമെന്ന് കരുതാനാവില്ല.

കെസിബിസിയുടെ വി​ദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ജോഷ്വോ മാർ ഇ​ഗ്നാത്തിയോസ് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികൾക്ക് അയച്ച സർക്കുലർ
കെസിബിസിയുടെ വി​ദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ജോഷ്വോ മാർ ഇ​ഗ്നാത്തിയോസ് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികൾക്ക് അയച്ച സർക്കുലർ

കെ.സി.ബി.സിയുടെ വിദ്യാഭ്യാസ കമ്മിഷന്‍ ചെയര്‍മാന്‍ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ചുള്ള അടിയന്തര സന്ദേശമെന്ന മുഖവുരയോടെയാണ് സെക്രട്ടറിയുടെ കത്ത്. എല്ലാ സ്‌കൂളുകളുടേയും കോളേജുകളുടേയും പ്രിന്‍സിപ്പല്‍മാരും മാനേജര്‍മാരും അല്ലെങ്കില്‍ അവരുടെ പ്രതിനിധികളും നിര്‍ബ്ബന്ധമായും കോണ്‍ക്ലേവില്‍ പങ്കെടുക്കണമെന്ന് ആജ്ഞാപിക്കുന്ന കത്തില്‍ ഒരിടത്തും അത് ബി.ജെ.പിയുടെ പരിപാടിയാണെന്ന് സൂചനയില്ലായിരുന്നു. പകരം, സംസ്ഥാന ന്യൂനപക്ഷ മോര്‍ച്ച് (മാര്‍ച്ചയല്ല) ആണ് പരിപാടിയുടെ സംഘാടകരെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി (ധര്‍മ്മേന്ദ്ര പ്രധാനിന്റെ പേരെടുത്തു പറഞ്ഞിട്ടില്ലെങ്കിലും) അതില്‍ പങ്കെടുക്കുമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, കോണ്‍ക്ലേവിന്റെ പ്രധാന ലക്ഷ്യം ദേശീയ വിദ്യാഭ്യാസനയം (NEP) 2020 നടപ്പിലാക്കാനുള്ള മാര്‍ഗ്ഗങ്ങളും നടപടികളും നിര്‍ദ്ദേശിക്കുകയാണെന്നും പ്രസ്താവിച്ചിരുന്നു. കൂടാതെ, വിദ്യാഭ്യാസനയവുമായി ബന്ധപ്പെട്ട് കത്തോലിക്കാസഭയുടേയും പങ്കെടുക്കുന്നവരുടേയും ആശങ്കകളും സംശയങ്ങളും പ്രകടിപ്പിക്കാന്‍ അവസരങ്ങളുണ്ടാകുമെന്ന് കത്തില്‍ പ്രത്യേകം വ്യക്തമാക്കുകയും ചെയ്തിരുന്നു. നിര്‍ബ്ബന്ധമായും കോണ്‍ക്ലേവില്‍ പങ്കെടുക്കാനുള്ള ആഹ്വാനത്തോടെയാണ് ഈ കത്ത് അവസാനിക്കുന്നത്.

കെ.സി.ബി.സിയുടെ ഔദ്യോഗിക മുദ്രയുള്ള ഈ കത്ത് ഗൂഢലക്ഷ്യങ്ങളുള്ളവയായിരുന്നുവെന്ന് സംശയിക്കാന്‍ വ്യക്തമായ കാരണങ്ങളുണ്ട്. ഒന്നാമതായി, ഒരു കത്തോലിക്കാ മെത്രാന്റെ പ്രത്യേക താല്പര്യത്തില്‍ പുറപ്പെടുവിക്കുന്ന അടിയന്തര സന്ദേശം ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രചരണപരിപാടിയിലേക്ക് ആളെ കൂട്ടാനായിരിക്കുമെന്ന് സാമാന്യമായി ആരും ഊഹിക്കാനിടയില്ല. കത്തില്‍ അത്തരം യാതൊരു സൂചനയുമില്ലാതിരിക്കേ, അത്തരം ഒരു സംശയം പോലും അസ്ഥാനത്തായിരിക്കും. അതേസമയം, കത്ത് വ്യക്തമാക്കുന്നതനുസരിച്ച് സംസ്ഥാന ന്യൂനപക്ഷ മോര്‍ച്ച് (?) ദേശീയ വിദ്യാഭ്യാസ മന്ത്രിയെ ഉള്‍പ്പെടുത്തി വിദ്യാഭ്യാസനയം എങ്ങനെ നടപ്പിലാക്കുമെന്ന കൂടിയാലോചന സംസ്ഥാന സര്‍ക്കാരിന്റേയോ കേന്ദ്ര സര്‍ക്കാരിന്റേയോ പരിപാടിയായിട്ടേ മനസ്സിലാക്കാനാവൂ. കത്തിലെ സൂചനയനുസരിച്ച്, അഭിവന്ദ്യമെത്രാന്റെ സ്വാധീനത്തിന്റേയും ഇടപെടലിന്റേയും അടിസ്ഥാനത്തില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പും കേരള ന്യൂനപക്ഷ വകുപ്പും സംയുക്തമായി വിദ്യാഭ്യാസ മന്ത്രിയെ ഉള്‍പ്പെടുത്തി നടത്തുന്ന പ്രത്യേക സമ്മേളനമായി മനസ്സിലാക്കപ്പെടാനാണ് കൂടുതല്‍ സാധ്യത. കോണ്‍ക്ലേവ് കത്തോലിക്കാ സ്ഥാപനാധികാരികളുടെ മാത്രം സമ്മേളനമാണെന്ന് യാതൊരു സൂചനയും കത്ത് നല്‍കുന്നുമില്ല.

രണ്ടാമതായി, കത്ത് വ്യക്തമാക്കുന്നതനുസരിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ കോണ്‍ക്ലേവില്‍ സംബന്ധിക്കും. എന്നാല്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പരിപാടിയില്‍ മെയ് 19ന് കേരളത്തില്‍ ഒരു ചടങ്ങുമുണ്ടായിരുന്നില്ല. പകരം, ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കുന്നതുമായി യാതൊരു ബന്ധവുമില്ലാത്ത ന്യൂനപക്ഷ വകുപ്പുമന്ത്രി ജോണ്‍ ബാര്‍ളയാണ് കോണ്‍ക്ലേവില്‍ സംബന്ധിച്ചത്. സ്വാഭാവികമായും അദ്ദേഹത്തിന് ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ചോ അതു നടപ്പിലാക്കുന്നതിനെക്കുറിച്ചോ ഒന്നുംതന്നെ പറയാനുണ്ടായിരുന്നില്ല.

മൂന്നാമതായി, ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കുന്നതില്‍ ഒരു പങ്കുമില്ലാത്ത ന്യൂനപക്ഷ മോര്‍ച്ച അതു നടപ്പില്‍ വരുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നു എന്ന അസംബന്ധം കത്തില്‍ പറഞ്ഞിരിക്കുന്നത് നിഷ്‌കളങ്കമെന്നു കരുതാനാവുമോ? അതേസമയം, വിദ്യാഭ്യാസനയത്തെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ ആവലാതികള്‍ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് കോണ്‍ക്ലേവെന്ന് പറഞ്ഞിരുന്നെങ്കില്‍ അല്പമെങ്കിലും വിശ്വാസ്യത അതിനുണ്ടാകുമായിരുന്നു. എന്നാല്‍, കോണ്‍ക്ലേവിന്റെ സംഘാടകര്‍ ബി.ജെ.പിയും അതിന്റെ പോഷകസംഘടനയായ ന്യൂനപക്ഷ മോര്‍ച്ചയുടെ കേരള ഘടകവുമായിരുന്നെന്ന വസ്തുത കത്ത് വിദഗ്ദ്ധമായി മറച്ചുവയ്ക്കുകയാണ് ചെയ്തത്.

പുതിയ ദേശീയ വി​ദ്യാഭ്യാസ ന‌യത്തിലെ ആശങ്കകൾ ചൂണ്ടിക്കാട്ടി കെസിബിസിയുടെ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനായ ജോഷ്വാ മാർ ഇ​ഗ്നാത്തിയോസ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ നിരാഹാര സമര‍ത്തിന് ലത്തീൻ കത്തോലിക്കാസഭയുടെ തിരുവനന്തപുരം അതിരൂപതാ ആർച്ച് ബിഷപ്പായിരുന്ന ഡോ. എം സൂസപാക്യം പിന്തുണയർപ്പിച്ച് സമര പന്തലിൽ. ബിഷപ്പി പോൾ ആന്റണി മുല്ലശ്ശേരി സമീപം
പുതിയ ദേശീയ വി​ദ്യാഭ്യാസ ന‌യത്തിലെ ആശങ്കകൾ ചൂണ്ടിക്കാട്ടി കെസിബിസിയുടെ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനായ ജോഷ്വാ മാർ ഇ​ഗ്നാത്തിയോസ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ നിരാഹാര സമര‍ത്തിന് ലത്തീൻ കത്തോലിക്കാസഭയുടെ തിരുവനന്തപുരം അതിരൂപതാ ആർച്ച് ബിഷപ്പായിരുന്ന ഡോ. എം സൂസപാക്യം പിന്തുണയർപ്പിച്ച് സമര പന്തലിൽ. ബിഷപ്പി പോൾ ആന്റണി മുല്ലശ്ശേരി സമീപം

അവസാനമായി, കോണ്‍ക്ലേവില്‍ സംബന്ധിക്കുന്നവര്‍ക്ക് ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകളും സംശയങ്ങളും ഉന്നയിക്കാനുള്ള അവസരം കത്ത് വാഗ്ദാനം ചെയ്തിരുന്നു. സ്വാഭാവികമായും കത്തോലിക്കാ വിദ്യാഭ്യാസ നേതൃത്വത്തിലുള്ളവരെ സംബന്ധിച്ച് ഇതൊരു ചൂണ്ടയും കെണിയുമായിരുന്നു. ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ചോ അത് സഭയുടെ സ്ഥാപനങ്ങളേയും താല്പര്യങ്ങളേയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചോ ഒരു ധാരണയും ഇതുവരെ രൂപപ്പെടുത്തിയിട്ടില്ലാത്ത സഭാനേതൃത്വത്തില്‍നിന്ന് ഇത്തരമൊരു ക്ഷണം മുന്‍വിധികളേതുമില്ലാതെ സ്വീകരിക്കപ്പെടുമെന്ന് കത്തിന്റെ ഉപജ്ഞാതാക്കള്‍ക്ക് വ്യക്തമായിരുന്നു. വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങളും അവ്യക്തതകളും സര്‍വ്വോപരി വിമര്‍ശനാത്മക പഠനത്തിന്റെ അഭാവവും മൂലം ഒന്നുമറിയാതെ നില്‍ക്കുന്ന കത്തോലിക്കാ വിദ്യാഭ്യാസ നേതൃത്വത്തിന് ഇതൊരു സുവര്‍ണ്ണാവസരമായിരിക്കുമെന്ന ധ്വനിയും കത്തിലുണ്ട്. എന്നാല്‍, ഇവയെല്ലാം തന്നെ ബോധപൂര്‍വ്വമുണ്ടാക്കിയ തെറ്റിദ്ധാരണകളായിരുന്നുവെന്ന് യഥാര്‍ത്ഥത്തില്‍ കോണ്‍ക്ലേവില്‍ നടന്ന പരിപാടികള്‍ വ്യക്തമാക്കുന്നുണ്ട്.

കോണ്‍ക്ലേവില്‍ നടന്നത്

ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ കോണ്‍ഫറന്‍സ് ഹാളായിരുന്നു കോണ്‍ക്ലേവിന്റെ വേദി. ആര്‍ഭാടമായൊരുക്കിയ വട്ടമേശകളും അവയ്ക്കു ചുറ്റും വൃത്തിയായി ക്രമീകരിച്ച കസാലകളുമായിരുന്നു മുന്‍നിരകളില്‍. വേദിയുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചയുടെ ആഭിമുഖ്യത്തിലുള്ള പരിപാടിയാണെന്ന് വ്യക്തമാക്കുന്ന ഫ്‌ലെക്‌സ് സ്ഥാപിച്ചിരുന്നു. വാസ്തവത്തില്‍, അതു കണ്ടതോടെയാണ് തങ്ങള്‍ എത്തിയിരിക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയലക്ഷ്യമുള്ള രഹസ്യസമ്മേളനത്തിനാണെന്ന് പ്രതിനിധികളില്‍ ഭൂരിഭാഗവും മനസ്സിലാക്കിയത്.

പേര്, വിലാസം, ഫോണ്‍നമ്പര്‍ സഹിതം വിശദവിവരങ്ങള്‍ ശേഖരിച്ചുകൊണ്ടുള്ള രജിസ്‌ട്രേഷനു ശേഷമാണ് ഓരോ പ്രതിനിധിയേയും ഭവ്യതയോടെ ഹാളിനകത്തെ ഇരിപ്പിടത്തിലേക്ക് സംഘാടകര്‍ ആനയിച്ചത്. കത്തോലിക്കാസഭയിലെ അലിഖിതവും എന്നാല്‍ അലംഘനീയവുമായ പ്രോട്ടോക്കോള്‍ പാലിച്ച് വൈദികരെ മുന്‍നിരകളിലെ മേശയ്ക്കു ചുറ്റുമായും കന്യാസ്ത്രീകളെ പിറകിലെ കസേരകളിലുമായി കൃത്യമായും വിന്യസിച്ചു. കോണ്‍ക്ലേവ് തുടങ്ങുന്ന പത്തുമണിയോടെ ഹാള്‍ നൂറ്റിയന്‍പതോളം പ്രതിനിധികളെക്കൊണ്ട് നിറഞ്ഞിരുന്നു. അപ്പോഴും അവിടെ നടക്കാന്‍ പോകുന്നതെന്ത് എന്നതിനെക്കുറിച്ച് യാതൊരു വിവരവും പ്രതിനിധികള്‍ക്ക് നല്‍കപ്പെട്ടിരുന്നില്ല.

തികച്ചും ഔപചാരികമായാണ് വൈകിയെങ്കിലും കാര്യപരിപാടികള്‍ ആരംഭിച്ചത്. വളരെ പ്രഫഷണലായി അതു കൈകാര്യം ചെയ്യാന്‍ പരിചയസമ്പന്നരായവര്‍ വേദിയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. വൈകിയെത്തുന്ന പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പാക്കാനായിട്ടായിരിക്കണം, ഒരു പാനല്‍ ചര്‍ച്ചയ്ക്കുശേഷമായിരുന്നു ഉദ്ഘാടന സമ്മേളനം. കോണ്‍ക്ലേവില്‍ മൂന്നു പാനല്‍ ചര്‍ച്ചകളാണ് ഉണ്ടായിരുന്നത്. പൊതുവായി തരം തിരിച്ചാല്‍ സ്‌കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, അദ്ധ്യാപക പരിശീലനം എന്നിവയായിരുന്നു ചര്‍ച്ചകളിലെ വിഷയങ്ങള്‍. പാനലിസ്റ്റുകളില്‍ ആരും തന്നെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ രൂപീകരണത്തിലോ അത് പ്രാബല്യത്തില്‍ വരുത്തുന്നതിലോ കാര്യമായ പങ്കുള്ളവരായിരുന്നില്ല. പിന്നെയോ, ചില യൂണിവേഴ്‌സിറ്റി അധികാരികളും സംഘടനാ ഭാരവാഹികളും വിരമിച്ചവരും അല്ലാത്തവരുമായ ചില വൈസ്ചാന്‍സലര്‍മാരും ചില സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരുമായിരുന്നു പാനലിസ്റ്റുകള്‍. അവരുടെ പൊതുഘടകം, ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടുകളോടുള്ള അന്ധമായ വിധേയത്വമായിരുന്നു. ഒരുപക്ഷേ, അതുതന്നെയായിരുന്നു പ്രഭാഷകരായി അവര്‍ തെരഞ്ഞെടുക്കപ്പെടാനുള്ള അടിസ്ഥാന യോഗ്യതയും.

ന്യൂനപക്ഷ വകുപ്പ് മന്ത്രി ജോൺ ബാർള
ന്യൂനപക്ഷ വകുപ്പ് മന്ത്രി ജോൺ ബാർള

പാനലിസ്റ്റുകളും മോഡറേറ്റര്‍മാരും വളരെ കൃത്യമായി അവരുടെ ചുമതലകള്‍ നിര്‍വ്വഹിച്ചു. ദേശീയ വിദ്യാഭ്യാസനയം ഇന്ത്യയെ സമ്പല്‍സമൃദ്ധിയിലേക്കും വിപ്ലവകരമായ വിദ്യാഭ്യാസ ഔന്നത്യത്തിലേക്കും നയിക്കുവാനുള്ള ഏകമാര്‍ഗ്ഗമാണെന്നും സ്വാതന്ത്ര്യാനന്തര ഭാരതം കൈവരിക്കാന്‍ പോകുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ മാര്‍ഗ്ഗരേഖയാണെന്നും പുകഴ്ത്തുന്നതില്‍ അവര്‍ മത്സരിച്ചു. മാത്രമല്ല, ഈ നയം പ്രാബല്യത്തിലായാല്‍ ഇന്ത്യ ലോകത്തിന്റെ നിറുകയില്‍ വിശ്വഗുരുസ്ഥാനത്ത് പുനഃപ്രതിഷ്ഠിക്കപ്പെടുമെന്നും അവര്‍ നിസ്സംശയം വാദിച്ചു. ചുരുക്കത്തില്‍, ദേശീയ വിദ്യാഭ്യാസനയത്തെ വിമര്‍ശനരഹിതമായി ഉള്‍ക്കൊള്ളുകയും അതു നടപ്പിലാക്കാന്‍ സര്‍വ്വാത്മനാ പരിശ്രമിക്കുകയുമാണ് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്ന ഉദ്‌ബോധനമായിരുന്നു പാനലിസ്റ്റുകള്‍ക്ക് നല്‍കാനുണ്ടായിരുന്നത്.

എന്നാല്‍, ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചയെ സംബന്ധിച്ച് കോണ്‍ക്ലേവിലെ ഏറ്റവും പ്രധാന ഇനം അതിന്റെ ഉദ്ഘാടന സമ്മേളനമായിരുന്നു. ഹാളിലെ ഉയര്‍ത്തിയ പ്രതലത്തില്‍ ഒറ്റവരിയില്‍ അടുപ്പിച്ചിട്ട 16 കസേരകളില്‍ സംഘാടക പ്രമുഖരും അതിഥികളും അണിനിരന്നു. നടുവിലെ കസേരയില്‍ ന്യൂനപക്ഷ വകുപ്പുമന്ത്രി ജോണ്‍ ബാര്‍ള ഒതുങ്ങിയിരുന്നു. ന്യൂനപക്ഷ മോര്‍ച്ചയുടെ ദേശീയസംസ്ഥാന നേതാക്കള്‍ (എല്ലാവരും കത്തോലിക്കര്‍), ബി.ജെ.പിയോട് ചേര്‍ന്നുനില്‍ക്കുന്നതില്‍ പ്രത്യക്ഷത്തില്‍ ചില താല്പര്യങ്ങളുണ്ടെന്ന് സംശയമുണര്‍ത്തുന്ന ചില മുന്‍ വൈസ്ചാന്‍സലര്‍മാര്‍, ഒരു പത്മ പുരസ്‌കാര ജേതാവ്, ബി.ജെ.പി നേതാക്കള്‍, ഒരു കത്തോലിക്കാ പുരോഹിതന്‍ തുടങ്ങിയവരായിരുന്നു വേദിയില്‍ നിരന്നിരുന്നവര്‍.

ന്യൂനപക്ഷ മോര്‍ച്ചയുടെ ദേശീയാധ്യക്ഷന്‍ തന്റെ വിശദമായ സ്വാഗതപ്രസംഗത്തിലൂടെ മോര്‍ച്ചയുടെ സംസ്ഥാന ഭാരവാഹികളെ പരിചയപ്പെടുത്തി. കോണ്‍ക്ലേവ് സംഘടിപ്പിക്കാനായി അവരോരോരുത്തരും ചെയ്ത അത്യധ്വാനത്തെ പ്രകീര്‍ത്തിച്ചും അവരുടെ നേതൃപാടവത്തെ പുകഴ്ത്തിയുമാണ് അദ്ദേഹം മുന്നേറിയത്.

കെസിബിസിയുടെ വി​ദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ജോഷ്വോ
മാർ ഇ​ഗ്നാത്തിയോസ്

പ്രതീക്ഷിച്ചതുപോലെ, ഉദ്ഘാടകനായ കേന്ദ്രമന്ത്രിക്ക് ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ച് ഒരു വാക്കും പറയാനുണ്ടായിരുന്നില്ല. പകരം, ന്യൂനപക്ഷങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളെക്കുറിച്ചും അവ ക്രൈസ്തവ വിഭാഗങ്ങള്‍ പ്രയോജനപ്പെടുത്താത്തതിനെക്കുറിച്ചുമാണ് അദ്ദേഹം വാചാലനായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംഭാഷണത്തെ പരാമര്‍ശിച്ചുകൊണ്ട് ക്രൈസ്തവര്‍ ഇന്ത്യയ്ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന മഹത്തായ സേവനങ്ങളെക്കുറിച്ചും വിദ്യാഭ്യാസത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവന്ന വ്യക്തികളെക്കുറിച്ചും ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വവും ഹിന്ദുത്വ വാദമുയര്‍ത്തുന്നവരും അജ്ഞരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാല്‍, ആരോഗ്യപരിപാലനരംഗത്തും വിദ്യാഭ്യാസത്തിലും ക്രൈസ്തവര്‍ ഇന്ത്യക്കു നല്‍കിക്കൊണ്ടിരിക്കുന്ന ചരിത്രപരമായ സംഭാവനകളെക്കുറിച്ചുള്ള വിവരശേഖരണവും അത് വേണ്ടവിധത്തില്‍ പരസ്യപ്പെടുത്തലും അവരുടെ രാഷ്ട്രീയ ബാധ്യതയാണെന്നായിരുന്നു ന്യൂനപക്ഷമന്ത്രി ഉദ്‌ബോധിപ്പിച്ചത്. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി സര്‍ക്കാരില്‍ വാദിക്കാന്‍ ഇപ്പോള്‍ താന്‍ മുന്നിലുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നുണ്ടായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള പദ്ധതികളുടെ വിശദമായ ഒരു പുസ്തകം താന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അതിന്റെ കോപ്പി കോണ്‍ക്ലേവിലെ എല്ലാ പ്രതിനിധികള്‍ക്കും അപ്പോള്‍ത്തന്നെ വിതരണം ചെയ്യുമെന്നും മന്ത്രി പ്രഖ്യാപിച്ചു. എന്നാല്‍, ബി.ജെ.പിയും ന്യൂനപക്ഷ മോര്‍ച്ചക്കാരും അത് അടുത്ത ചൂണ്ടയായി കരുതിവച്ചിരിക്കുകയാണ്. ഓരോ കത്തോലിക്കാ സ്ഥാപനവും സന്ദര്‍ശിച്ച് പ്രാദേശിക നേതാക്കള്‍ അത് നേരിട്ടു വിതരണം ചെയ്യുമെന്നാണ് പുസ്തകം അന്വേഷിച്ചവരെ നേതാക്കള്‍ അറിയിച്ചത്. അടുത്ത ചുവട് കത്തോലിക്കാ സ്ഥാപനങ്ങളുടെ മുറ്റത്താണെന്നു വ്യക്തം.

അതേസമയം, കോണ്‍ക്ലേവിലേക്കുള്ള ക്ഷണപ്പത്രത്തില്‍ സൂചിപ്പിച്ച ന്യൂനപക്ഷങ്ങളുടെ ആശങ്കകളും സംശയങ്ങളും ഉന്നയിക്കാനുള്ള യാതൊരു അവസരവും കോണ്‍ക്ലേവിലുണ്ടായിരുന്നില്ലെന്നു മാത്രമല്ല, ഉദ്ഘാടന സമ്മേളനത്തില്‍ പ്രഭാഷകനായിരുന്ന കത്തോലിക്കാ പുരോഹിതന്‍പോലും അങ്ങനെ ചില ആശങ്കകളും സംശയങ്ങളുമുണ്ടെന്നു ഭാവിച്ചതുപോലുമില്ല. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമെതിരെയുള്ള സംഘടിതമായ ആക്രമണങ്ങളോ നിയമനിര്‍മ്മാണങ്ങളോ സ്ഥാപനങ്ങള്‍ക്കും സമൂഹത്തിനുമെതിരെയുള്ള രാഷ്ട്രീയ പ്രചാരണങ്ങളോ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തവര്‍ക്ക് വിഷയമായിരുന്നില്ല.

നരേന്ദ്ര മോദി
നരേന്ദ്ര മോദി

അതേസമയം, തന്റെ വാക്ചാതുരികൊണ്ടും ഭാഷണ ദീര്‍ഘതകൊണ്ടും കണക്കുകൂട്ടിയെറിഞ്ഞ വാക്കുകള്‍കൊണ്ടും 79കാരനും മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറുമായ ഡോ. സിറിയക് തോമസ് പ്രഭാഷകരില്‍ വേറിട്ടുനിന്നു. നരേന്ദ്ര മോദിയെ ആഗോളതലത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ കഴിഞ്ഞാല്‍ അടുത്ത സ്ഥാനത്തു നില്‍ക്കുന്ന ധാര്‍മ്മിക നേതാവായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ബി.ജെ.പി രാജ്യം മുഴുവന്‍ പ്രചരിപ്പിക്കുന്ന വാചകക്കസര്‍ത്ത് അതേപടി ആവര്‍ത്തിച്ചുകൊണ്ട്, ദേശീയ വിദ്യാഭ്യാസനയം രാജ്യപുരോഗതിയും നീതിയും തുല്യതയും ഉറപ്പുവരുത്തുന്ന നയരേഖയാണെന്നും അതു നടപ്പിലായാല്‍ ലോകരാഷ്ട്രങ്ങള്‍ ഇന്ത്യക്കു മുന്‍പില്‍ കുനിഞ്ഞു നില്‍ക്കുമെന്നും ന്യൂനപക്ഷങ്ങള്‍ക്ക് യാതൊരാശങ്കയും വേണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഉദ്‌ബോധനം. മാത്രമല്ല, ക്രൈസ്തവ വിദ്യാഭ്യാസ ദര്‍ശനവുമായി സംഘര്‍ഷരഹിതമായി ചേര്‍ന്നുപോകുന്നതാണ് വിദ്യാഭ്യാസനയം മുന്നോട്ടുവയ്ക്കുന്ന പരിഷ്‌കാരങ്ങള്‍ എന്നദ്ദേഹം ഊന്നിപ്പറഞ്ഞു. ഏറ്റവും അടുത്തു തന്നെ നരേന്ദ്ര മോദി മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന ആശയും സാധിക്കുമെങ്കില്‍ അത് റിപ്പബ്ലിക് ദിനത്തില്‍ത്തന്നെ സംഭവിക്കട്ടെയെന്ന പ്രതീക്ഷയം പങ്കുവച്ചുകൊണ്ടാണ് ഡോ. സിറിയക് അവസാനിപ്പിച്ചത്.

അതേസമയം, ദേശീയ വിദ്യാഭ്യാസനയം എന്ന കലങ്ങിയ കുളം കത്തോലിക്കാ സ്ഥാപനങ്ങളിലേക്ക് കയറാനുള്ള അനുകൂല സാഹചര്യമാണെന്ന് ബി.ജെ.പി രാഷ്ട്രീയ നേതൃത്വം കണക്കുകൂട്ടുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരോ കോണ്‍ഗ്രസ് എന്ന പ്രതിപക്ഷമോ മറ്റു ന്യൂനപക്ഷ വിഭാഗങ്ങളോ സമുദായങ്ങളോ കാര്യമായ യാതൊരു സംവാദവും ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ച് സംഘടിപ്പിച്ചിട്ടില്ലാതിരിക്കുകയും അതേസമയം ദേശീയ തലത്തിലും പ്രാദേശിക തലത്തിലും നയരേഖയെക്കുറിച്ച് അടിമുടി സംശയങ്ങളും അവ്യക്തതകളും ആശയക്കുഴപ്പങ്ങളും ഭയാശങ്കകളും നിലനില്‍ക്കുകയും ചെയ്യുമ്പോള്‍, അതുതന്നെയാണ് കത്തോലിക്കാസഭയിലെ വിദ്യാഭ്യാസ സ്ഥാപനാധികാരികളെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ ഏറ്റവും പറ്റിയ വഴിയെന്നറിഞ്ഞുകൊണ്ടുള്ള കുഴലൂത്തായിരുന്നു ന്യൂനപക്ഷ മോര്‍ച്ചയെ മുന്നില്‍ നിറുത്തി നടത്തിയ ഈ കോണ്‍ക്ലേവ്.

കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിലെ വിദ്യാഭ്യാസമന്ത്രിയെ പങ്കെടുപ്പിച്ച് സംസ്ഥാന ന്യൂനപക്ഷ മോര്‍ച്ച (അതാരാണെന്നത് അവ്യക്തമാണെങ്കിലും) സംഘടിപ്പിക്കുന്ന വിദ്യാഭ്യാസനയത്തെക്കുറിച്ചുള്ള കോണ്‍ക്ലേവ് (അതൊരു ഗൂഢപദ്ധതിയാണെന്ന് സൂചനയില്ലെങ്കിലും) തങ്ങള്‍ ആശങ്കപ്പെടുന്ന നയരേഖയെക്കുറിച്ച് വ്യക്തതയുണ്ടാകുമെന്നും സംശയങ്ങളും ഉല്‍ക്കണ്ഠകളും ഉന്നയിക്കാന്‍ അവസരമുണ്ടാകുമെന്നും അവയ്ക്ക് വ്യക്തമായ മറുപടി ലഭിക്കുമെന്നും ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടുമെന്നും അവയ്ക്ക് അധികാരമുള്ളവരാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നതെന്നും തെറ്റിദ്ധരിച്ചവരാണ് അതിലേക്ക് ഒഴുകിയെത്തിയത്. മാത്രമല്ല, കോണ്‍ക്ലേവിലേക്കുള്ള ക്ഷണപ്പത്രം കെ.സി.ബി.സിയിലെ വിദ്യാഭ്യാസച്ചുമതലയുള്ള മെത്രാന്‍ സവിശേഷ താല്പര്യമെടുത്ത് നല്‍കിയതുമായിരുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയലക്ഷ്യമുള്ള പരിപാടിയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഇത്രയും പേര്‍ അതില്‍ പങ്കെടുക്കുമായിരുന്നോ എന്നത് വലിയ ഒരു ചോദ്യം തന്നെയാണ്.

അടുത്ത രാഷ്ട്രീയ നീക്കങ്ങള്‍

ഈ വിശകലനം വെളിപ്പെടുത്തുന്നതുപോലെ, ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച കോണ്‍ക്ലേവ് ദേശീയ വിദ്യാഭ്യാസനയം ചര്‍ച്ച ചെയ്യുന്നതിനോ നടപ്പിലാക്കുന്നതിനോ ആയിരുന്നില്ല. പിന്നെയെന്തിനായിരുന്നു? കോണ്‍ക്ലേവില്‍ നടന്നതനുസരിച്ചാണെങ്കില്‍, അത് കത്തോലിക്കരെ, പ്രത്യേകിച്ച് സുറിയാനി കത്തോലിക്കാ വിഭാഗത്തെ തങ്ങളിലേക്കടുപ്പിക്കാനും അവരുടെ രാഷ്ട്രീയ രക്ഷിതാക്കളും രക്ഷകരുമായി തങ്ങളെ അവതരിപ്പിക്കാനുള്ള ബി.ജെ.പി തന്ത്രമായിരുന്നു. അതുകൊണ്ടുതന്നെ കെ.സി.ബി.സിയുടെ നിഗൂഢതകള്‍ നിറഞ്ഞ കത്ത് യാദൃച്ഛികമെന്നോ നിഷ്‌കപടമെന്നോ കരുതാനാവില്ല.

ഇതുയര്‍ത്തുന്ന മറ്റൊരു ചോദ്യം ബി.ജെ.പിയുടെ അടുത്ത ചുവടെന്തായിരിക്കുമെന്നാണ്. അതു മനസ്സിലാക്കാന്‍ കോണ്‍ക്ലേവില്‍ സംഭവിച്ചതും നേതാക്കള്‍ പറഞ്ഞതും നല്‍കുന്ന സൂചനകള്‍ മതി. ന്യൂനപക്ഷ വകുപ്പുമന്ത്രി വാഗ്ദാനം ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമത്തിനായുള്ള പദ്ധതികളെക്കുറിച്ചുള്ള പുസ്തകവുമായി സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും സന്ന്യാസഭവനങ്ങളിലേക്കും ബി.ജെ.പി പ്രാദേശിക പ്രവര്‍ത്തകര്‍ സംഘമായെത്തും. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി, വിശേഷിച്ച് ക്രൈസ്തവര്‍ക്കുവേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയശക്തി അവരാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. വിജയിച്ചാല്‍, അവര്‍ക്കായി കത്തോലിക്കാ സ്ഥാപനങ്ങളുടെ വാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെടുമെന്നും രാഷ്ട്രീയമായി കത്തോലിക്കര്‍ ബി.ജെ.പിയില്‍ അണിചേരുമെന്നും അവര്‍ കരുതുന്നുണ്ടാകും. ഏതായാലും ഹാമിലിനിലെ വിചിത്ര വേഷധാരിയുടെ കയ്യിലെ അതേ കുഴലൂത്തായിരുന്നു കെ.സി.ബി.സിയിലൂടെ ബി.ജെ.പിയും ഊതിയത്. എലികളെപ്പോലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് നിരനിരയായെത്തിയവര്‍ നല്‍കുന്ന സൂചനയതാണ്.

ഡോ. സിറിയക് തോമസ്
ഡോ. സിറിയക് തോമസ്

ഉയരുന്ന ചില ചോദ്യങ്ങള്‍

ബി.ജെ.പിയൊരുക്കിയ കോണ്‍ക്ലേവിലേക്ക് കത്തോലിക്കാ പുരോഹിതരേയും സന്ന്യാസിനികളേയും ആനയിച്ചുചേര്‍ക്കുന്നതില്‍ ന്യൂനപക്ഷ മോര്‍ച്ചയും കൂടെനിന്ന സഭാധികാരികളും വിജയിച്ചുവെങ്കിലും അതുയര്‍ത്തുന്ന ചില നിര്‍ണ്ണായക ചോദ്യങ്ങള്‍ ഉത്തരം തേടുന്നുണ്ട്. ദേശീയ വിദ്യാഭ്യാസനയത്തില്‍ ഒളിഞ്ഞിരിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയോടുള്ള സഭയുടെ പ്രതികരണമെന്താണ്? 

ക്രൈസ്തവ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളേയും സ്ഥാപനങ്ങളേയും ചരിത്രത്തിലും വര്‍ത്തമാനത്തിലും തമസ്‌കരിച്ചിരിക്കുന്ന നയരേഖാ നിലപാടുകളേയും സ്വകാര്യസ്ഥാപനങ്ങള്‍  പൊതുസ്ഥാപനങ്ങള്‍ എന്നിങ്ങനെ രണ്ടായി മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാണുന്ന സമീപനത്തേയും സഭ സ്വീകരിക്കുന്നുണ്ടോ? സുതാര്യതയുടെ മറവില്‍ പ്രാദേശിക സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും സ്ഥാപന നടത്തിപ്പിലും ഭരണത്തിലും ഇടപെടാന്‍ നയരേഖ സൃഷ്ടിച്ചിരിക്കുന്ന കൗശലപൂര്‍വ്വമായ ഇടങ്ങള്‍ സഭ പ്രതിരോധിക്കുമോ?

എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും 3000 പഠിതാക്കളെങ്കിലുമുള്ള സ്വയംഭരണ സ്ഥാപനങ്ങളോ സര്‍വ്വകലാശാലകളോ ആയി രൂപാന്തരപ്പെടണമെന്ന നയരേഖാശാസനത്തോട് സഭയുടെ നിലപാടെന്താണ്? പാവപ്പെട്ടവര്‍ക്കും സമൂഹത്തില്‍ അധഃസ്ഥിതരായവര്‍ക്കും വേണ്ടി ഗ്രാമീണമേഖലകളിലും ഉള്‍പ്രദേശങ്ങളിലുമുള്ള ചെറിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരെ ദേശീയ വിദ്യാഭ്യാസനയം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ സഭ കണ്ടില്ലെന്നാണോ? വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സഭ ആരോടൊപ്പമാണ്? ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവയ്ക്കുന്ന വിഭാഗീയവും ന്യൂനപക്ഷവിരുദ്ധവുമായ നിലപാടുകളോട് സഭയുടെ പ്രതികരണം മൗനമാണോ? ഏതായാലും, സഭാനേതൃത്വത്തിന് ഇമ്പകരമാണ് ന്യൂനപക്ഷ മോര്‍ച്ചയെ മുന്‍നിറുത്തി ബി.ജെ.പി മുഴക്കുന്ന കുഴല്‍വിളിയെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇതുവരെയുള്ള കേരള കത്തോലിക്കാസഭയുടെ പ്രതികരണങ്ങള്‍.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com