'നിങ്ങളില്‍ ഒരു നല്ല പൊലീസ് ഉദ്യോഗസ്ഥന്‍ ഒളിഞ്ഞിരിക്കുന്നുണ്ട്, അതു കണ്ടെത്താന്‍ ഞങ്ങളെ സഹായിക്കൂ'

ബ്രിട്ടീഷ് സാമ്രാജ്യത്വം പുറത്താകുകയും ഇന്ത്യ സ്വതന്ത്രമാകുകയും ചെയ്തപ്പോള്‍ രാജ്യഭരണത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യന്‍ ഭരണഘടന ജന്മം നല്‍കിയ ഉപകരണങ്ങളിലൊന്നാണ് ഇന്ത്യന്‍ പൊലീസ് സര്‍വ്വീസ്
'നിങ്ങളില്‍ ഒരു നല്ല പൊലീസ് ഉദ്യോഗസ്ഥന്‍ ഒളിഞ്ഞിരിക്കുന്നുണ്ട്, അതു കണ്ടെത്താന്‍ ഞങ്ങളെ സഹായിക്കൂ'

ന്ത്യന്‍ പൊലീസ് സര്‍വ്വീസ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ സൃഷ്ടിയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വം പുറത്താകുകയും ഇന്ത്യ സ്വതന്ത്രമാകുകയും ചെയ്തപ്പോള്‍ രാജ്യഭരണത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യന്‍ ഭരണഘടന ജന്മം നല്‍കിയ ഉപകരണങ്ങളിലൊന്നാണ് ഇന്ത്യന്‍ പൊലീസ് സര്‍വ്വീസ്. പക്ഷേ, എങ്ങനെയാണ് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെ വാര്‍ത്തെടുക്കുക? അതിനായി ഒരു ദേശീയ സ്ഥാപനം കെട്ടിപ്പടുക്കുന്നതിന്റെ ആവശ്യം തിരിച്ചറിഞ്ഞതും ആദ്യത്തെ ആഭ്യന്തരവകുപ്പ് മന്ത്രി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തന്നെ. ആ ഭരണനൈപുണ്യത്തിന്റേയും ദീര്‍ഘവീക്ഷണത്തിന്റേയും മറ്റൊരു ഉദാഹരണമാണ് 1948 സെപ്റ്റംബറില്‍ രാജസ്ഥാനിലെ മൗണ്ട് അബുവില്‍ ആരംഭിച്ച കേന്ദ്ര പൊലീസ് ട്രെയിനിംഗ് കോളേജ്. ആദ്യ ഐ.പി.എസ്സുകാര്‍ അവിടെ  പ്രവേശിക്കുമ്പോള്‍ അത് ഇന്ത്യന്‍ പൊലീസിനെ തകര്‍ക്കും എന്നായിരുന്നു കൊളോണിയല്‍ കാലത്ത് നിയമിതരായ പല പൊലീസ് ഉദ്യോഗസ്ഥരുടേയും ഭവിഷ്യവാണി. ബ്രിട്ടീഷുകാര്‍ പോയാല്‍ ഇന്ത്യ ഛിന്നഭിന്നമാകും എന്ന് പ്രവചിച്ച വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ വാക്കുകളുടെ പ്രതിധ്വനി. 1948-ലെ ആദ്യ ഐ.പി.എസ് ബാച്ചിലെ പ്രഗല്‍ഭനായിരുന്ന സി.വി. നരസിംഹനുമായി ഹൈദ്രബാദ് പൊലീസ് അക്കാദമിയില്‍ വച്ച് ഇത്തരം വിഷയങ്ങള്‍ എത്രയോ മണിക്കൂറുകള്‍ ഞാന്‍ സംസാരിച്ചിട്ടുണ്ട്. മൗണ്ട് അബുവിലെ പരിമിതമായ സൗകര്യങ്ങളെക്കുറിച്ച് അഥവാ ഇല്ലായ്മകളെക്കുറിച്ച് കേട്ടാല്‍ മഹത്തായ ആ സ്ഥാപനം തുടക്കത്തില്‍ ദാരിദ്ര്യരേഖയുടെ താഴെ ആയിരുന്നുവെന്ന് തോന്നും. 2002-ല്‍ ഞാന്‍ അക്കാദമിയില്‍ എത്തുമ്പോള്‍ ചിത്രം പാടേ മാറിയിരുന്നു. 1975-ല്‍ മൗണ്ട് അബുവില്‍നിന്ന് ഹൈദ്രബാദിലേയ്ക്കു് മാറി, ആ പരിശീലന കേന്ദ്രം. പഴയ കോളേജ് ദേശീയ പൊലീസ് അക്കാദമിയായി. പേരിനൊപ്പം സര്‍ദാര്‍ പട്ടേലിന്റെ നാമധേയം വന്നു. പഴയ ദാരിദ്ര്യരേഖ അപ്രത്യക്ഷമായി എന്നതിനപ്പുറം സമ്പന്നതയുടെ അതിപ്രസരം പ്രകടമായിരുന്ന അക്കാദമിയിലാണ് ഞാനെത്തിയത്. 

അക്കാദമിയിലെ എന്റെ രംഗപ്രവേശം അല്പം ഗ്ലാമറോടെയായിരുന്നുവെന്ന് ഒരര്‍ത്ഥത്തില്‍ പറയാം. അതിനു കാരണമായത്, ഞാനെത്തിയ ഉടനെ അവിടെ നടന്ന കായിക മത്സരങ്ങളാണ്. അതിന്റെ ഭാഗമായി ടെന്നീസ് ടൂര്‍ണമെന്റ് നടന്നു. അതില്‍ പ്രൊബേഷണര്‍മാരും ഫാക്കല്‍റ്റിയും എല്ലാം പങ്കെടുത്തു. മുന്‍വര്‍ഷങ്ങളില്‍ ചാമ്പ്യനായിരുന്നത് 1988 ബാച്ചുകാരനായ അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.എന്‍. പ്രധാന്‍ ആയിരുന്നു. ഗായകനും നല്ല പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പ്രധാന്‍ മികച്ച ആള്‍ റൗണ്ടര്‍ ആയിരുന്നു. ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ ഞങ്ങള്‍ തമ്മിലായി. ഒന്നാം സെറ്റ് അദ്ദേഹവും രണ്ടാം സെറ്റ് ഞാനും ജയിച്ചു. മൂന്നാം സെറ്റില്‍ പൊരിഞ്ഞ വെയിലിനു മുന്നില്‍ പ്രധാന്‍ കീഴടങ്ങി. അങ്ങനെ ടെന്നീസില്‍ അവിടെ പുതിയ താരോദയം സംഭവിച്ചു. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്ന ചൊല്ല് എനിക്ക് ശരിക്കും പിടികിട്ടിയത് ആ നിമിഷത്തിലാണ്. അതിലും രസകരമായത് ടെന്നിസ് മിക്സഡ് ഡബിള്‍സ് മത്സരത്തില്‍ ഞാനും ഭാര്യയും ടീമായി ഒരു ഐ.പി.എസ് പ്രൊബേഷണര്‍ ജോഡിയെ തോല്‍പ്പിച്ചതാണ്. മൂന്ന് വര്‍ഷം കഴിഞ്ഞ് കളി അറിയാവുന്ന ഒരു റോയല്‍ ഭൂട്ടാന്‍ പൊലീസ് അംഗം പരിശീലനത്തിനു വന്നതോടെ എന്റെ കിരീടം നഷ്ടപ്പെട്ടു. 

ദാരിദ്ര്യരേഖയില്‍നിന്ന് സമ്പന്നതയിലേക്കുള്ള  വലിയ മാറ്റം അക്കാദമിയില്‍ സംഭവിച്ചത് പടിപടിയായിട്ടാണ്. ഓരോ പുതിയ മേധാവികള്‍ വരുമ്പോഴും പുതിയ സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടായിരുന്നു. ആദ്യ വര്‍ഷങ്ങളില്‍ അത് അങ്ങേയറ്റം അത്യാവശ്യമായിരുന്നു. കാലക്രമേണ ആവശ്യകത ബോധ്യപ്പെടാതെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നു. അക്കാദമിയുടെ നേതൃത്വം വഹിക്കുന്നവര്‍ക്ക് അവിടെ സാധ്യമായതെല്ലാം പൂര്‍ത്തീകരിച്ചു എന്നൊരു തോന്നലുണ്ടാകും. ഈ അലസചിന്തയുടെ കുമിള ഒരിക്കല്‍ കുത്തിപ്പൊട്ടിച്ചു അന്ന് ആഭ്യന്തര വകുപ്പുമന്ത്രിയായിരുന്ന എല്‍.കെ. അദ്വാനി. ഞാനവിടെയുള്ളപ്പോള്‍ തന്നെ അദ്ദേഹം രണ്ടുതവണ ഐ.പി.എസ് പ്രൊബേഷണര്‍മാരുടെ പാസ്സിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കാന്‍ വന്നിരുന്നു. ഒരവസരത്തില്‍ അദ്വാനി അക്കാദമിയിലെ മുഴുവന്‍ സൗകര്യങ്ങളും നോക്കിക്കണ്ട ശേഷം ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു. അക്കാദമി കൈവരിച്ച വലിയ പുരോഗതിയില്‍ ഊന്നി, ഒരു പരിശീലന സ്ഥാപനമെന്ന നിലയില്‍, അക്കാദമി അതിന്റെ ഏറ്റവും ഉയരത്തിലാണ് എന്ന് ഡയറക്ടര്‍ സൂചിപ്പിച്ചു. അദ്വാനി അത് നിഷേധിക്കുന്ന മട്ടില്‍ തന്റെ വലംകൈ ചലിപ്പിച്ച് 'I don't agree' എന്നു  പറഞ്ഞു. രണ്ടു നിമിഷം കഴിഞ്ഞ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ''നിങ്ങള്‍ അക്കാദമി ഗേറ്റിന് പുറത്തുകടന്ന ശേഷം സാധാരണ മനുഷ്യരോട് പൊലീസിനെപ്പറ്റി ചോദിക്കൂ, അപ്പോളറിയാം, എന്തെല്ലാം ചെയ്യാന്‍ ബാക്കിയുണ്ടെന്ന്.'' പൊലീസ് അക്കാദമിയുടെ മികവിന്റെ അളവുകോല്‍ പൊലീസ് സേവനത്തിലുള്ള സാധാരണ പൗരന്റെ സംതൃപ്തിയിലായിരിക്കണം എന്നതിലെ യുക്തി അവഗണിക്കാനാവില്ലല്ലോ. 

സർദാർ വല്ലഭായ് പട്ടേൽ
സർദാർ വല്ലഭായ് പട്ടേൽ

കോടിയേരി ബാലകൃഷ്ണന്‍ അക്കാദമി സന്ദര്‍ശിച്ചപ്പോഴും ഏതാണ്ട് സമാനമായ സംഭാഷണം ഉണ്ടായി. ആഭ്യന്തരമന്ത്രി ആയിരിക്കെ പാര്‍ട്ടി പരിപാടിയുമായി ഹൈദ്രാബാദില്‍ വന്ന അദ്ദേഹം നാഷണല്‍ പൊലീസ് അക്കാദമി സന്ദര്‍ശിച്ചു. പൊലീസിലെ ആധുനിക ശാസ്ത്രീയരീതികള്‍ കാണാനും മനസ്സിലാക്കാനും അതീവ താല്പര്യം അദ്ദേഹം പ്രകടിപ്പിച്ചു. പൊലീസ് പരിശീലനം സംബന്ധിച്ച് വിശദമായ ഒരു അവതരണം ഡയറക്ടര്‍ കമല്‍കുമാര്‍ നടത്തി. അവസാനം അതേക്കുറിച്ച് ഡയറക്ടര്‍ പ്രതികരണം  ആരാഞ്ഞു. വളരെ സാവകാശം കോടിയേരി പറഞ്ഞു: 'Training is all right; What happens when they go out?' അതോടെ ഡയറക്ടറുടെ വാഗ്വിലാസം മന്ദഗതിയിലായി. 

നാഷണല്‍ പൊലീസ് അക്കാദമിയുടെ ദൗത്യം മികച്ച ഐ.പി.എസ് ഉദ്യോഗസ്ഥരെ  സൃഷ്ടിക്കുക എന്നതുതന്നെയാണ്. അത് അങ്ങേയറ്റം ദുഷ്‌കരമാണ് താനും. അക്കാദമിയുടെ ഗേറ്റ് കടന്ന് മുന്നോട്ടു നടന്നാല്‍ ആദ്യ ജംഗ്ഷനില്‍ പരുപരുത്ത ഒരു വലിയ മാര്‍ബിള്‍ കഷണം ഉയര്‍ന്നു നില്‍ക്കുന്നത് കാണാം. അതിനു താഴെയായി ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, ഉറുദു എന്നീ ഭാഷകളില്‍ കൊത്തിവച്ചിരിക്കുന്ന ചില വാക്യങ്ങളുണ്ട്. അതിങ്ങനെ പോകുന്നു; ശില്പിയായ മൈക്കലാഞ്ചലോയോട് ആരോ ചോദിച്ചു: ''ഈ പരുക്കന്‍ കല്ലുകളില്‍നിന്ന് എങ്ങനെയാണ് അങ്ങ് മനോഹരമായ ശില്പങ്ങള്‍ സൃഷ്ടിക്കുന്നത്?'' ''ഈ കല്ലുകളിലെല്ലാം മനോഹരമായ ശില്പങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. അത് പുറത്തെടുക്കുക മാത്രമേ ഞാന്‍ ചെയ്യുന്നുള്ളു'' എന്നായിരുന്നു ശില്പിയുടെ മറുപടി. അതിന്റ തുടര്‍ച്ചയായി, ''നിങ്ങളില്‍ ഒരു നല്ല പൊലീസ് ഉദ്യോഗസ്ഥന്‍ ഒളിഞ്ഞിരിക്കുന്നുണ്ടെ''ന്നും ''അതു കണ്ടെത്താന്‍ ഞങ്ങളെ സാഹായിക്കൂ'' എന്നും പുതുതായി ഐ.പി.എസ് കിട്ടിവരുന്നവര്‍ക്കുള്ള സന്ദേശം രേഖപ്പെടുത്തിയിട്ടുണ്ട്. എന്റെ പരിശീലനകാലത്ത് ഈ വാചകങ്ങള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ ഭിത്തിയുടെ താഴെ ആയിരുന്നു. ഞാനവിടെ ഡെപ്യൂട്ടി ഡയറക്ടറായിരിക്കേ അക്കാദമി സന്ദര്‍ശിച്ച ഒരു ആര്‍ക്കിടെക്റ്റ് ഇത് ശ്രദ്ധിച്ചു. ആ സന്ദേശം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കേണ്ടതാണ് എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എല്ലാപേരും സമ്മതിച്ചു. അങ്ങനെയാണ്, രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം അക്കാദമി സന്ദര്‍ശിച്ച വേളയില്‍ ആ സന്ദേശം അവിടെ അനാവരണം ചെയ്തത്. 

ആലങ്കാരികമായി ഇതൊക്കെ പറയാമെങ്കിലും പരിശീലനത്തിലൂടെ ഐ.പി.എസ് ഉദ്യോഗസ്ഥനായുള്ള പരിവര്‍ത്തനം ദുഷ്‌കരമാണ്. ഭരണഘടന, നിയമങ്ങള്‍, ഫോറന്‍സിക്ക് സയന്‍സ്, ക്രിമിനോളജി തുടങ്ങിയ വിഷയങ്ങള്‍ വേഗത്തില്‍ പഠിക്കാനാകും. സിവില്‍ സര്‍വ്വീസ് പരീക്ഷ പാസ്സായ ആര്‍ക്കും മനസ്സിരുത്തിയാല്‍ അത് എളുപ്പമാണ്. പ്രതിസന്ധികളെ സമചിത്തതയോടെ അഭിമുഖീകരിക്കാനുള്ള ധൈര്യം, സാഹസികത തുടങ്ങിയ ഗുണങ്ങള്‍ വളര്‍ത്തുക എളുപ്പമല്ല. കുതിരസവാരി മുതല്‍ പര്‍വ്വതാരോഹണം വരെയുള്ള പരിശീലനത്തിലൂടെ അതാണ് ലക്ഷ്യമാക്കുന്നത്.  അക്കാദമിയില്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്ന ലക്നൗ സ്വദേശി കലീം ഇംഗ്ലണ്ടില്‍ ഒരു പൊലീസ് പരിശീലന കേന്ദ്രം സന്ദര്‍ശിച്ചു. ഐ.പി.എസ് പരിശീലനം അവിടെ ചര്‍ച്ചയായി. എന്തിന് കുതിരസവാരി എന്നായി സായിപ്പ്. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും എന്ന് മറുപടി. അടുത്ത ചോദ്യം, എന്തിന് പര്‍വ്വതാരോഹണം? ഉത്തരം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ഒരുപാട് ചോദ്യങ്ങള്‍ക്ക് ഒരേ ഉത്തരം ആയപ്പോള്‍ സായിപ്പിന്റെ സംശയം: ''അത്രയ്ക്ക് ആത്മവിശ്വാസമില്ലാത്തവരാണോ ഐ.പി.എസില്‍ ചേരുന്നത്?'' തമാശയ്ക്കപ്പുറം, ഉത്തരം ലളിതമല്ല. 

സിവി നരസിംഹൻ
സിവി നരസിംഹൻ

അക്കാദമിയില്‍ ഞാനെത്തിയ ശേഷം പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ഐ.പി.എസ് ബാച്ചില്‍ ഏറ്റവും മികച്ച ട്രെയിനി മെഡിക്കല്‍ ഗ്രാജ്വേറ്റായിരുന്ന വിപുല്‍ അഗര്‍വാള്‍ ആയിരുന്നു. ഗുജറാത്ത് കാഡര്‍ ലഭിച്ച ആ ഉദ്യോഗസ്ഥനെ മുഖ്യാതിഥി എല്‍.കെ. അദ്വാനി തന്റെ പ്രസംഗത്തില്‍ പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചു. ശാന്തശീലനായ, അച്ചടക്കബോധമുള്ള നല്ല ചെറുപ്പക്കാരന്‍ എന്ന നിലയിലാണ് ഞാനാ ഉദ്യോഗസ്ഥനെ കണ്ടത്. പാസിംഗ് ഔട്ട് പരേഡ് കഴിഞ്ഞ് പ്രൊബേഷണേര്‍സ് വിവിധ സംസ്ഥാനങ്ങളില്‍ ഫീല്‍ഡ് ട്രെയിനിംഗിനു പോകും. അതും കഴിഞ്ഞ് രണ്ടാഴ്ചക്കാലത്തേയ്ക്ക് വീണ്ടും പരിശീലനത്തിനായി അവര്‍ അക്കാദമിയിലേയ്ക്ക് മടങ്ങും. അധികാരത്തിന്റേയും പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടേയും രുചിയറിഞ്ഞ് തിരിച്ചുവരുന്ന ആ ഘട്ടത്തില്‍ പൊലീസിനോടുള്ള കാഴ്ചപ്പാടില്‍ മാറ്റം സംഭവിച്ചിരിക്കും. അതിനു കാരണങ്ങള്‍ പലതാണ്. പല സംസ്ഥാനങ്ങളിലും പൊലീസ് പ്രവര്‍ത്തനങ്ങളില്‍ അവിടെ നിലനില്‍ക്കുന്ന യഥാര്‍ത്ഥ അവസ്ഥയും ഭരണഘടനയും നിയമങ്ങളും വിഭാവന ചെയ്യുന്ന വ്യവസ്ഥയും തമ്മിലുള്ള അന്തരം വളരെ വലുതാണ്. ഈ അന്തരം ഏറ്റവും കുറവുള്ള ഒരു സംസ്ഥാനം കേരളമാണ്. 

അധികാരവും പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളും

നാഷണല്‍ പൊലീസ് അക്കാദമി ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചത് കൗണ്‍സലിംഗ് ഗ്രൂപ്പുകളിലൂടെയാണ്. ഓരോ സംസ്ഥാനത്തേയ്ക്കും പോകുന്ന പ്രൊബേഷണര്‍മാര്‍ക്ക് ആ സംസ്ഥാനത്തെക്കുറിച്ച് അറിവുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ കൗണ്‍സലര്‍മാരാകും. സംസ്ഥാനത്തെ അവസ്ഥയെക്കുറിച്ചും അതിനോട് പൊരുത്തപ്പെടുന്നതിനെക്കുറിച്ചുമൊക്കെ ഗുണകരമായ ആശയവിനിമയം ഈ കൗണ്‍സലിംഗ് സെഷനുകളില്‍ സാദ്ധ്യമാകും. ഇങ്ങനെ എന്തെല്ലാം 'കലാപരിപാടികള്‍' അക്കാദമിയില്‍ നടത്തിയാലും പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടാനാകാതെ ഉദ്യോഗസ്ഥര്‍ക്കു പലപ്പോഴും അടിതെറ്റാം. പൊലീസ് അക്കാദമിയില്‍നിന്ന് ഒന്നാമനായി ജയിച്ച വിപുല്‍ അഗര്‍വാളിന് അങ്ങനെ പറ്റിയോ എന്ന് പിന്നീട് എനിക്കു തോന്നി. അനഭിലഷണീയമായ ഒരു പ്രവണതയും അക്കാദമിയില്‍ വച്ച് അയാളില്‍ ഞാന്‍ കണ്ടില്ല. രണ്ടാം ഘട്ട പരിശീലനത്തിനു വന്നപ്പോള്‍ ക്ലാസ്സ് മുറിയില്‍ അയാളുന്നയിച്ച ഒരു ചോദ്യം മനസ്സില്‍ ഉടക്കിക്കിടന്നു. ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എങ്ങനെയാണ് ഒരു ഉദ്യോഗസ്ഥന്‍ തൊഴില്‍പരമായ പ്രചോദനം നിലനിര്‍ത്തുന്നത് എന്നായിരുന്നു ചോദ്യം. എന്തു മറുപടി പറഞ്ഞുവെന്ന് ഞാന്‍ കൃത്യമായി ഓര്‍ക്കുന്നില്ല. ചുറ്റും ഒരുപാട് നീതിനിഷേധങ്ങള്‍ കാണുമ്പോള്‍, നമ്മുടെ ഊന്നല്‍ ഇന്ത്യന്‍ പൊലീസ് സര്‍വ്വീസ് എന്നതിലെ സര്‍വ്വീസില്‍ ആണെങ്കില്‍ ഒരിക്കലും പ്രചോദനത്തിനു കുറവുണ്ടാകില്ല എന്നായിരുന്നു പറയേണ്ടത്. ഞാന്‍ അക്കാദമിയില്‍നിന്ന് ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങും മുന്‍പേ ഈ ഉദ്യോഗസ്ഥന്റെ പേര് ഗുജറാത്തില്‍ ഒരു വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല. ക്രിമിനല്‍ പ്രവണത പോയിട്ട് അമിതാധികാരത്തിന്റെ കണികപോലും ആ യുവാവില്‍ ഞാന്‍ കണ്ടിട്ടില്ല. ചില യുവ ഐ.പി.എസ്സുകാരില്‍ പരിശീലനകാലത്തുതന്നെ നിയമപരമായ നിയന്ത്രണങ്ങളോടും മനുഷ്യാവാകാശ വിഷയങ്ങളിലും അസഹിഷ്ണുത കണ്ടിട്ടുണ്ട്. അതൊന്നും വിപുല്‍ അഗര്‍വാളില്‍ ഞാന്‍ കണ്ടിട്ടില്ല. പക്ഷേ, വ്യാജ ഏറ്റുമുട്ടല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ആ ഉദ്യോഗസ്ഥനും ജയിലിലായി. ഏതാനും വര്‍ഷത്തിനുശേഷം കോടതി അയാളെ ഡിസ്ചാര്‍ജ്ജ് ചെയ്ത് സര്‍വ്വീസില്‍ തിരികെ എത്തി. 

എൽകെ അദ്വാനി
എൽകെ അദ്വാനി

ഇത്തരം ചില അപകടങ്ങള്‍ പൊലീസ് സര്‍വ്വീസില്‍, പ്രത്യേകിച്ച് ഐ.പി.എസ്സില്‍ ഉണ്ട്. അധികാര ഘടനയ്ക്കുള്ളില്‍ പ്രവേശിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ചില ഘട്ടങ്ങളില്‍ ചില ശക്തികള്‍ക്കു മുന്നില്‍ 'ചീ' എന്ന് ഉറപ്പിച്ചു പറയുന്നതില്‍ മടികാട്ടിയാല്‍ അതിനു വലിയ വില കൊടുക്കേണ്ടിവരും. ഒരു കൗശലവും ധാര്‍മ്മികനിലപാടിനു പകരമാകില്ല എന്ന വിവേകം ഐ.പി.എസ് ഉദ്യോഗസ്ഥനു കൂടിയേ തീരൂ. 
 
അക്കാദമിയില്‍ ഐ.പി.എസ് പ്രൊബേഷണര്‍മാരുടെ പരിശീലനത്തിനു വിലപിടിച്ച ചില കേസ് സ്റ്റഡികള്‍ ഉണ്ടായിരുന്നു. കേരളത്തില്‍ പാലക്കാട് ജില്ലയിലുണ്ടായ ഒരു സംഭവം കേസ് സ്റ്റഡിയില്‍ കണ്ടു. അവിടെ ഒരു യുവ ജില്ലാ എസ്.പി അഭിമുഖീകരിച്ച  ധാര്‍മ്മിക പ്രതിസന്ധിയായിരുന്നു വിഷയം. പുതിയ എസ്.പി ചാര്‍ജ്ജെടുക്കും മുന്‍പ് സംസ്ഥാനത്തെയാകെ ഞെട്ടിച്ച ഒരു നക്സലൈറ്റ് കൊലപാതകം അവിടെ നടന്നിരുന്നു. പ്രമാദമായ ആ കേസിലെ ഒരു പ്രതിയുടെ കാര്യത്തില്‍ 'എന്‍കൗണ്ടര്‍' താല്പര്യവും അതിനുള്ള സമ്മര്‍ദ്ദവും ശക്തമായിരുന്നുവത്രെ. യുവ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സമ്മര്‍ദ്ദത്തിനു കീഴടങ്ങിയില്ല. അതുകൊണ്ട് 'എന്‍കൗണ്ടര്‍' നടന്നില്ല. പ്രതിയെ പിന്നീട് നിയമാനുസരണം കോടതി ശിക്ഷിച്ചു. പില്‍ക്കാലത്ത് ശബരിമലയിലെ പൊലീസ് ക്രമീകരണങ്ങളുടെ പേരില്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ സുബ്ബറാവു സാറായിരുന്നു അന്നത്തെ ആ യുവ എസ്.പി. ഞാന്‍ സര്‍വ്വീസില്‍നിന്ന് വിരമിക്കുന്നതിനു മുന്‍പ് 2019 അവസാനം അദ്ദേഹം എന്റെ ഓഫീസില്‍ വന്നിരുന്നു. 'ഏറ്റുമുട്ടലില്‍' ഹൈദ്രാബാദില്‍ ഒരു ബലാത്സംഗക്കേസിലെ നാലു പ്രതികളെ കൊലചെയ്ത സംഭവം ഞങ്ങളന്നു സംസാരിച്ചു. കൂട്ടത്തില്‍ പഴയ പാലക്കാട് അനുഭവവും സംഭാഷണവിഷയമായി. എന്റെ കാഴ്ചപ്പാടില്‍ പൊലീസിലെ യഥാര്‍ത്ഥ ഹീറോയിസം ഇതാണ്. ഹൈദ്രാബാദ് മോഡല്‍ എന്‍കൗണ്ടര്‍ അല്ല. സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ, ധീരതയ്ക്കുള്ള മെഡല്‍ വാങ്ങിയിട്ടുള്ള പലരേയും എനിക്കറിയാം. ചില പ്രവര്‍ത്തനമേഖലകളില്‍ സ്വജീവന്‍ അപകടപ്പെടുത്തി, അതിന്റെ അംഗീകാരമായി ലഭിക്കുന്ന മെഡലുകളുമുണ്ട്, വ്യാജമായി ലഭിക്കുന്നവയുമുണ്ട്. തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ അധികാരശക്തികളോട് 'ചീ' പറയാനുള്ള ധൈര്യം തന്നെയാണ് യഥാര്‍ത്ഥ ഹീറോയിസം. പക്ഷേ, അതിന് മെഡല്‍ കിട്ടില്ല. 

കോടിയേരി ബാലകൃഷ്ണൻ
കോടിയേരി ബാലകൃഷ്ണൻ

ഉള്ളതു പറഞ്ഞാല്‍ അക്കാലത്ത് ചില മെഡല്‍ ചിന്തകള്‍ എന്നെയും അലട്ടി. ധീരതയുടെ മെഡല്‍ ആയിരുന്നില്ല. അത്ര ധൈര്യം പോരായിരുന്നു. അന്ന് രാഷ്ട്രപതിയുടെ ആദ്യ മെഡല്‍ അക്കാദമിയില്‍ എന്റെ ബാച്ചുകാരന്‍ മഹേന്ദര്‍ റെഡ്ഡിക്കു കിട്ടി. 2003-ലെ റിപ്പബ്ലിക്ക് ദിനത്തിന് എന്റെ പേരും അക്കാദമിയില്‍നിന്ന് മെഡലിനായി ശുപാര്‍ശ ചെയ്യപ്പെട്ടു. പക്ഷേ, മെഡല്‍ കിട്ടിയില്ല. എന്തുകൊണ്ടെന്ന് അധികം ചിന്താവിഷ്ടനാകേണ്ടിവന്നില്ല. എന്റെ അഭ്യുദയകാംക്ഷിയായ ഒരു സുഹൃത്ത് കാരണം  കണ്ടുപിടിച്ച് പറഞ്ഞു: ''സാര്‍, എ.സി.ആര്‍ ഒന്നും കൊടുത്തിട്ടില്ല, അതുകൊണ്ട് സാറിന്റെ കേസ് മെഡല്‍ കമ്മിറ്റി പരിഗണിച്ചില്ല.'' എ.സി.ആര്‍ എന്നാല്‍ എല്ലാ വര്‍ഷവും സമര്‍പ്പിക്കപ്പെടേണ്ട കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്. അതിന്റെ ഒന്നാം ഭാഗം ഞാന്‍ തന്നെ പൂരിപ്പിച്ച് മേലുദ്യോഗസ്ഥനു സമര്‍പ്പിക്കേണ്ടതാണ്. അത്തരം സ്വകാര്യങ്ങള്‍ അക്കാലത്ത് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ഈ വഴിയാണ് രാഷ്ട്രപതിയുടെ മെഡലും മറ്റു പലതും വരുന്നതെന്ന അടിസ്ഥാന വിജ്ഞാനം എനിക്ക് അന്നില്ലായിരുന്നു. പിന്നെ ഞാന്‍ അതെല്ലാം സമര്‍പ്പിച്ചു. അടുത്ത മെഡലിന്റെ സമയം വന്നപ്പോള്‍ എന്നെ സന്തോഷിപ്പിച്ചത് കേരളത്തില്‍നിന്നും ഡി.ജി.പി കെ.ജെ. ജോസഫ് എന്നെ വിളിച്ച് മെഡലിന്റെ കാര്യം അന്വേഷിച്ചതാണ്. അക്കാദമിയില്‍നിന്ന് എന്റെ പേര് ശുപാര്‍ശ ചെയ്യുന്നുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത്. അതെനിക്കറിയില്ലായിരുന്നു. വിവരം പറഞ്ഞപ്പോള്‍ അതെന്തായാലും കേരളത്തില്‍നിന്ന് നിങ്ങളുടെ പേര് ശുപാര്‍ശ ചെയ്യുകയാണെന്ന് അദ്ദേഹം അറിയിച്ചു. പിന്നീട് അക്കാദമിയില്‍നിന്നും എന്റെ പേര് ശുപാര്‍ശ ചെയ്തതായി അറിഞ്ഞു. കേരളത്തിന്റെ ക്വാട്ടയില്‍ എനിക്കത് ലഭിക്കുകയും ചെയ്തു. പലപ്പോഴും കൊച്ചുകാര്യങ്ങളിലാണ് മെഡല്‍ ലഭിക്കുന്നതും ലഭിക്കാതിരിക്കുന്നതും.

അക്കാദമിയില്‍ എന്നെ ഏറ്റവും സന്തോഷിപ്പിച്ച പ്രവര്‍ത്തനം ഐ.പി.എസ് പ്രൊബേഷണര്‍മാര്‍ക്ക് ക്ലാസ്സ് എടുക്കുക എന്നതുതന്നെ. ഞാനവിടെ എത്തി അധികം കഴിയും മുന്‍പേ പൊലീസ് എത്തിക്സ് (Police Ethics) എന്ന പേപ്പറിന്റെ ചുമതല എനിക്കു ലഭിച്ചു. അധികാര ദുര്‍വിനിയോഗം, മനുഷ്യാവകാശ ലംഘനം തുടങ്ങി നിയമപാലനത്തിലെ കുറുക്കുവഴികള്‍ക്കെതിരെ ട്രെയിനികളെ ജാഗ്രതപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പൊലീസിന്റെ ജോലിയുടെ സങ്കീര്‍ണ്ണത വ്യക്തമാക്കുന്നതും അതില്‍ അടിതെറ്റാതിരിക്കാന്‍ അനുഭവപാഠങ്ങള്‍ നവാഗതരുമായി പങ്കിടുന്നതും ഞാനാസ്വദിച്ചു. ഏത് അപ്രിയ സത്യവും ക്ലാസ്സ്മുറിയില്‍ തുറന്നു പറയാന്‍ മടിച്ചിട്ടില്ല എന്നാണെന്റെ വിശ്വാസം. ക്ലാസ്സ്മുറിയിലെ ചര്‍ച്ചകളില്‍ പലപ്പോഴും ഞാന്‍ ചിന്തിക്കാത്ത വ്യത്യസ്ത വീക്ഷണങ്ങള്‍ മുന്നോട്ടുവെയ്ക്കാന്‍ അവര്‍ക്കു കഴിഞ്ഞു. സമ്മര്‍ദ്ദത്തിനോ പ്രലോഭനത്തിനോ വഴങ്ങി ഉദ്യോഗസ്ഥന്‍ സ്വീകരിക്കുന്ന അധാര്‍മ്മിക നിലപാടുകള്‍ക്കും വില നല്‍കേണ്ടിവരും എന്നതിന്റെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട് പൊലീസിനെ സംബന്ധിച്ചിടത്തോളം ധാര്‍മ്മിക നിലപാടുകള്‍ പ്രയോഗികമായും വിവേകപൂര്‍ണ്ണമാണ് എന്നായിരുന്നു എന്റെ വാദം. ക്ലാസ്സ് മുറിയിലും അക്കാദമി പരീക്ഷയിലും എന്റെ കേസ് വമ്പിച്ച വിജയം നേടി. പക്ഷേ, അക്കാദമിക്കു പുറത്ത്  കേസ് വിജയിച്ചുവെന്ന് പറയാനാകില്ല.  

സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ നടന്ന ഐപിഎസുകാരുടെ 60ാം ബാച്ചിന്റെ പരേഡ്
സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ നടന്ന ഐപിഎസുകാരുടെ 60ാം ബാച്ചിന്റെ പരേഡ്

അക്കാദമിക്ക് പുറത്തുകടക്കുന്ന ട്രെയിനി എന്തെല്ലാമാണ് അഭിമുഖീകരിക്കുന്നത്? യുവ ഐ.പി.എസുകാരെ ജില്ലകളില്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന സമ്പ്രദായം അന്നുണ്ടായിരുന്നു. അതിന്റെ ഭാഗമായി പലതവണ ഞാന്‍ സന്ദര്‍ശിച്ച ഒരു സംസ്ഥാനമായിരുന്നു ഛത്തീസ്ഗഡ്. അവിടെ വലിയ വനപ്രദേശങ്ങള്‍ അടങ്ങുന്ന ബസ്തര്‍ പോലുള്ള മേഖലകള്‍ അന്ന് മവോയിസ്റ്റുകളുടെ ശക്തിദുര്‍ഗ്ഗങ്ങള്‍ ആയിരുന്നു. ഞാന്‍ അവിടെ പോകുമ്പോള്‍ സുരക്ഷയ്ക്കു് എന്റെ ബാച്ചുകാരനായ ഐ.ജി. ഡി.എം. അവസ്തി രണ്ട് വഴികള്‍ നല്‍കി. ഒന്നുകില്‍ പൊലീസ് വാഹനത്തില്‍, മുന്നിലും പിന്നിലും എല്ലാം സായുധഭടന്മാര്‍ കയറിയ അനവധി വാഹനങ്ങളുടെ സംരക്ഷണയില്‍ സഞ്ചരിക്കുക. അല്ലെങ്കില്‍ ഒരു സ്വകാര്യ കാര്‍ ഏര്‍പ്പാട് ചെയ്യാം. അതില്‍ സാധാരണ വേഷത്തില്‍ സ്ഥലങ്ങളെക്കുറിച്ച് അറിയാവുന്ന ഒരു ഹെഡ്‌കോണ്‍സ്റ്റബിളിനേയും വിടാം. ഞാന്‍ രണ്ടാമത്തെ വഴി സ്വീകരിച്ചു. അങ്ങനെ റായ്പൂരില്‍നിന്നും ഒരു സ്വകാര്യ കാറില്‍ ഹരിസിംഗ് എന്ന ഹെഡ്‌കോണ്‍സ്റ്റബിളിനോടൊപ്പമായിരുന്നു യാത്ര. ആദിവാസി മേഖലയായ ബസ്തറില്‍, നാരായണ്‍പൂര്‍ ജില്ലാ ആസ്ഥാനമായിരുന്നു ലക്ഷ്യം. റോഡില്‍ കുറേ മുന്നില്‍ ഒരു ലോറി കണ്ടു. ഹരിസിംഗ് ഉടന്‍ കാര്‍ നിര്‍ത്തിച്ചു. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അയാള്‍ പതുക്കെ ലോറിയുടെ അടുത്തേയ്ക്ക് നടന്നു. മടങ്ങിവന്ന് കുഴപ്പമില്ലെന്ന് പറഞ്ഞ് ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഒരു സ്ഫോടനത്തിന്റെ സാധ്യതയാണ് ഹരിസിംഗ് ഭയന്നതെന്ന് എനിക്കു മനസ്സിലായി. ഞങ്ങള്‍ നാരായണ്‍പൂരിലെത്തി ജില്ലയുടെ ചുമതല നല്‍കിയിരുന്ന എ.എസ്.പി സുന്ദര്‍രാജിനെ കണ്ടു. പൊലീസ് ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെന്നെത്താത്ത  അബുജ്മദ് എന്നറിയപ്പെടുന്ന മാവോയിസ്റ്റ് ശക്തികേന്ദ്രം അവിടെ ആയിരുന്നു.  എനിക്ക് അത്ഭുതം തോന്നി. അത്രയ്ക്ക് രൂക്ഷമായ മാവോയിസ്റ്റ് പ്രശ്‌നമുള്ള ജില്ലയുടെ ചുമതലയാണ് തമിഴ്നാട്ടുകാരനായ, യുവ ഐ.പി.എസുകാരനെ സബ്ഡിവിഷന്‍ ജോലി പൂര്‍ത്തിയാക്കും മുന്‍പെ ഏല്പിച്ചിരിക്കുന്നത്. അവിടുത്തെ പൊലീസ് സ്റ്റേഷനുകളില്‍ അന്ന് അംഗസംഖ്യ വളരെ കുറവായിരുന്നു. സുന്ദര്‍രാജന് മുഖ്യമായും ആശ്രയിക്കാനുണ്ടായിരുന്നത് ഒരു കമ്പനി സി.ആര്‍.പി.എഫ് മാത്രമായിരുന്നു. തൊട്ടുമുന്‍പ് ഒരു സ്ഫോടന ശ്രമത്തില്‍നിന്ന് സുന്ദര്‍രാജനും സഹപ്രവര്‍ത്തകരും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടു കൂടിയായിരുന്നു. പല നക്സല്‍ ബാധിത ജില്ലകളുടേയും അന്നത്തെ അവസ്ഥ ഇതായിരുന്നു. അവയുടെ ചുമതല കാര്യമായ പരിചയമില്ലാത്ത യുവ ഐ.പി.എസ്സുകാര്‍ക്ക് നല്‍കി. സംസ്ഥാന സര്‍വ്വീസിലെ പരിചയസമ്പന്നര്‍ മാവോയിസ്റ്റ് പ്രശ്‌നമില്ലാത്ത 'ആകര്‍ഷക' ലാവണങ്ങള്‍ കണ്ടെത്തി. സല്‍വാജൂദും  അന്നവിടെ സജീവമായിരുന്നു. മാവോയിസ്റ്റുകളെ ചെറുക്കുന്ന ജനകീയ സേന എന്നായിരുന്നു ഔദ്യോഗികമായി അതറിയപ്പെട്ടിരുന്നത്. പക്ഷേ, ഫലത്തില്‍ സല്‍വാജൂദൂം  മാവോയിസ്റ്റുകളെപ്പോലെ മറ്റൊരു ക്രിമിനല്‍ സംഘമായി മാറി എന്നാണ് താഴെത്തട്ടിലെ പൊലീസില്‍നിന്ന് ഞാന്‍ അറിഞ്ഞത്. പക്ഷേ, പൊലീസ് ആസ്ഥാനത്ത് സല്‍വാജൂദൂം വലിയ മാവോയിസ്റ്റ് വിരുദ്ധ ജനകീയ പ്രതിരോധമായിരുന്നു. ഈ അവസ്ഥയില്‍ യുവ ഐ.പി.എസ്സുകാരോട് ഞാന്‍ പറഞ്ഞത് അതിസാഹസികത ഒഴിവാക്കി പൊലീസിനു ജനങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കുവാനുള്ള വഴി തേടാനാണ്.

ഇങ്ങനെ സങ്കീര്‍ണ്ണമായ ലോകമാണ് അക്കാദമിക്ക് പുറത്ത് ഐ.പി.എസ് ട്രെയിനിയെ കാത്തിരിക്കുന്നത്. സര്‍വ്വീസില്‍ പ്രവേശിക്കുന്ന വ്യക്തിയുടെ അടിസ്ഥാന സ്വഭാവം, ലഭിക്കുന്ന പരിശീലനം, ജോലി ചെയ്യുന്ന സമൂഹത്തിലെ അനുഭവം എല്ലാം ചേര്‍ന്നാണ് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ വ്യക്തിത്വം രൂപീകൃതമാകുന്നത് എന്നെനിക്കു തോന്നുന്നു.

(തുടരും)

ഈ ലേഖനം കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com