'ഇതൊക്കെ പറയാന്‍ തൊലിക്കട്ടി മാത്രം പോരാ, അനന്യസാധാരണമായ ജ്ഞാനക്കേട് കൂടി വേണം'

എഴുപത്തിയഞ്ചിലെത്തിയ സ്വതന്ത്ര ഭാരതത്തെ ഇപ്പോഴും ഒരു മതേതര ബഹുസ്വര ജനാധിപത്യ രാഷ്ട്രമായി നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചുപോരുന്ന മഹത്തായ രേഖയാണ് ഇന്ത്യന്‍ ഭരണഘടന
'ഇതൊക്കെ പറയാന്‍ തൊലിക്കട്ടി മാത്രം പോരാ, അനന്യസാധാരണമായ ജ്ഞാനക്കേട് കൂടി വേണം'

രൊറ്റ പ്രസംഗംകൊണ്ട് അഖിലേന്ത്യാതലത്തില്‍ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനാകാന്‍ സാധിക്കുകയെന്നത് ചില്ലറ കാര്യമല്ല. ആ സൗഭാഗ്യം കൈവന്നത് നമ്മുടെ സംസ്‌കാര മന്ത്രിയായിരുന്ന, കൊഴുവല്ലൂര്‍ക്കാരന്‍ സജി ചെറിയാനാണ്. എഴുപത്തിയഞ്ചിലെത്തിയ സ്വതന്ത്ര ഭാരതത്തെ ഇപ്പോഴും ഒരു മതേതര ബഹുസ്വര ജനാധിപത്യ രാഷ്ട്രമായി നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചുപോരുന്ന മഹത്തായ രേഖയാണ് ഇന്ത്യന്‍ ഭരണഘടന. അതിന്റെ അലകും പടിയും മാറ്റണമെന്നോ സമ്പൂര്‍ണ്ണമായി പൊളിച്ചെഴുതണമെന്നോ ഉള്ള മുറവിളി ചില വലതുപക്ഷ കേന്ദ്രങ്ങളില്‍നിന്നു മുഴങ്ങാന്‍ തുടങ്ങിയിട്ട് ഒരു വ്യാഴവട്ടത്തിലേറെയായി. തങ്ങളുടെ വിഭാവനയിലുള്ള വംശീയ രാഷ്ട്ര നിര്‍മ്മിതിക്ക്, ഡോ. ബി.ആര്‍. അംബേദ്കര്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ മഹത്തുക്കളുടെ ശ്രമഫലമായി രൂപംകൊണ്ട ഭരണഘടന തടസ്സമാണെന്ന തിരിച്ചറിവില്‍നിന്നാണ് അത്തരക്കാര്‍ ഭരണഘടനാ പൊളിച്ചെഴുത്ത് എന്ന മുറവിളിയിലെത്തിയത്.

തീരെ ആശാസ്യമല്ലാത്ത ഇത്തരമൊരു രാഷ്ട്രീയാന്തരീക്ഷത്തിലൂടെ രാജ്യം കടന്നുപോവുകയും ഭരണഘടന പോറലേല്‍ക്കാതെ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് ചില രാഷ്ട്രീയ പാര്‍ട്ടികളെങ്കിലും ജനശ്രദ്ധ കൊണ്ടുവരാന്‍ ഇടയ്ക്കിടെ പ്രചാരണ പരിപാടികളിലേര്‍പ്പെടുകയും ചെയ്യുമ്പോഴാണ് സി.പി.ഐ.എമ്മുകാരനായ ചെറിയാന്റെ നാവില്‍നിന്നു ഭരണഘടനയെ അവമതിക്കുംവിധമുള്ള പദപ്പെയ്ത്ത് സംഭവിക്കുന്നത്. ബ്രിട്ടീഷുകാര്‍ പറഞ്ഞത് കേട്ടെഴുതുകയായിരുന്നു അംബേദ്കറെപ്പോലുള്ളവര്‍ ചെയ്തത് എന്നു പറയാന്‍ തൊലിക്കട്ടി മാത്രം പോരാ, അനന്യസാധാരണമായ ജ്ഞാനക്കേട് കൂടിവേണം. ഭരണഘടനയില്‍ ഉള്‍ച്ചേര്‍ന്നതും അതിന്റെ ആത്മവത്ത എന്നു ന്യായമായി വിശേഷിപ്പിക്കപ്പെടുന്നതുമായ ജനാധിപത്യം, മതനിരപേക്ഷത എന്നീ പദങ്ങള്‍, പതിമ്മൂന്നു മാസമായി മന്ത്രിമാരില്‍ ആഡംബര സഞ്ചാരം നടത്തിക്കൊണ്ടിരുന്ന മല്ലപ്പള്ളി പ്രസംഗകന് വെറും കുന്തവും കുടച്ചക്രവുമായി മാറുകയും ചെയ്തു! ഇത്തരം ഒരു 'ഓണറബ്ള്‍ മിനിസ്റ്ററെ' കേരളം മുന്‍പ് കണ്ടിട്ടില്ല, തീര്‍ച്ച.

നമ്മുടെ ഭരണഘടനയെ കേട്ടെഴുത്ത് ഭരണഘടന എന്നു അധിക്ഷേപിക്കുന്നവര്‍ ആദ്യം മനസ്സിലാക്കേണ്ടത് ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കുന്നതില്‍ പങ്കുവഹിച്ച ആരും ആ രേഖ മറ്റൊരു ഭരണഘടനയാലും സ്വാധീനിക്കപ്പെടാത്തതാണ് എന്നവകാശപ്പെട്ടിട്ടില്ല എന്ന വസ്തുതയാണ്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധപ്പെടുത്തിയതും ഡോ. എം.വി. പൈലി രചിച്ചതുമായ 'ഇന്ത്യന്‍ ഭരണഘടന' എന്ന പുസ്തകത്തില്‍ ഇങ്ങനെ വായിക്കാം: ' ലോകത്ത് ആദ്യമായി ഒരു ഭരണഘടന എഴുതിയുണ്ടാക്കിയ രാജ്യം അമേരിക്കയാണെന്നു പറയാം... ഇന്ത്യന്‍ ഭരണഘടന എഴുതിയുണ്ടാക്കുന്നതില്‍ തല്‍ക്കര്‍ത്താക്കള്‍ അമേരിക്കന്‍ ഭരണഘടനയില്‍നിന്നു ഒട്ടുവളരെ കാര്യങ്ങള്‍ സ്വീകരിക്കയുണ്ടായി. മാത്രമല്ല, ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ അമേരിക്കന്‍ ഭരണഘടനയ്ക്കു ശേഷം എഴുതിയുണ്ടാക്കപ്പെട്ട ഭരണഘടനകളില്‍നിന്നും വിശിഷ്യ, ബ്രിട്ടീഷുകാര്‍ എഴുതിയുണ്ടാക്കിയ 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്റ്റില്‍നിന്നും അനുയോജ്യമായ ഭാഗങ്ങള്‍ പുതിയ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.'' (ഡോ. എം.വി. പൈലി, ഇന്ത്യന്‍ ഭരണഘടന, 1968, പു. 2)

ഇരിക്കുന്ന കൊമ്പുമുറിക്കുന്നവര്‍

നിയമഗ്രന്ഥങ്ങളോ ഭരണഘടനകളോ തയ്യാറാക്കുമ്പോള്‍ തികച്ചും സ്വാഭാവികമായ ഒരു പ്രക്രിയയാണ് മറ്റിടങ്ങളില്‍ നിലവിലുള്ള നിയമഗ്രന്ഥങ്ങളില്‍നിന്നോ ഭരണഘടനകളില്‍നിന്നോ അതത് രാഷ്ട്രങ്ങള്‍ക്ക് (സമൂഹങ്ങള്‍ക്ക്) അനുയോജ്യമായ ആശയങ്ങള്‍ സ്വീകരിക്കുകയെന്നത്. ഈ വിഷയം സംബന്ധിച്ച് ഇന്ത്യന്‍ ഭരണഘടനയുടെ കരട് തയ്യാറാക്കിയ സമിതിയുടെ അദ്ധ്യക്ഷനായ ഡോ. അംബേദ്കര്‍ നല്‍കിയ വിശദീകരണം ശ്രദ്ധിക്കാവുന്നതാണ്: ''ഭരണഘടനയുടെ കരട് തയ്യാറാക്കിയിട്ടുള്ളത് 1935-ലെ ഇന്ത്യാ ഗവണ്‍മെന്റ് നിയമത്തില്‍നിന്നു പല വകുപ്പുകളും ഉള്‍ക്കൊള്ളിച്ചിട്ടാണെന്ന ആരോപണത്തെ സംബന്ധിച്ച് യാതൊരു ക്ഷമാപണവും ചെയ്യാന്‍ ഞാനുദ്ദേശിക്കുന്നില്ല. ഇങ്ങനെ കടം വാങ്ങുന്നതില്‍ ലവലേശം ലജ്ജിക്കേണ്ടതില്ല. ഒരുതരത്തിലുള്ള വാക്യചോരണവും അതിലുള്‍ക്കൊള്ളുന്നില്ല. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് ആര്‍ക്കും ഒരുതരത്തിലുള്ള പേറ്റന്റവകാശവും ഇല്ല.'' (Ibid, p-5)

സജി ചെറിയാനെപ്പോലുള്ളവര്‍ ഇനിപ്പറയുന്ന വാക്യങ്ങള്‍ കൂടി വായിക്കണം: ''ഒരു ഭരണഘടനയും കുറ്റമറ്റതല്ല. ഇന്ത്യന്‍ ഭരണഘടനയും ഈ സാമാന്യ നിയമത്തിന് ഒരപവാദമല്ല. എങ്കിലും പ്രവര്‍ത്തനക്ഷമമായ ഒരു രേഖയാണതെന്ന കാര്യം സംശയാതീതമാണ്. ആദര്‍ശവാദത്തിന്റേയും യാഥാര്‍ത്ഥ്യബോധത്തിന്റേയും സമ്മേളനമാണത്. അതെഴുതിയുണ്ടാക്കുന്നതില്‍ തല്‍ക്കര്‍ത്താക്കള്‍ ജനാധിപത്യ പ്രക്രിയകളിലൂടെ ആദ്യന്തം സഞ്ചരിക്കുകയും ജനാധിപത്യഘടകങ്ങളുടെ എല്ലാ മേഖലകളിലും വ്യാപരിക്കുകയും ചെയ്തിരുന്നു. സൂക്ഷ്മവിചാരവും വിശദവിശകലനവും വാദപ്രതിവാദങ്ങളുമെല്ലാം അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.'' (Ibid, p.19)

ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ പരിരക്ഷിച്ചുകൊണ്ട് അതത് കാലങ്ങളില്‍ ആവശ്യമായിത്തീര്‍ന്നേക്കാവുന്ന ഭേദഗതികള്‍ക്ക് യഥേഷ്ടം പഴുതുള്ള നമ്മുടെ ഭരണഘടന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമാണ്. അതിനു നേരെ കുന്തവും കുടച്ചക്രവുമെറിഞ്ഞ സഖാവ് സജി ചെറിയാന്റെ ഭാഷണം കേട്ട് ഊറിയൂറിച്ചിരിച്ചത് ആരായിരിക്കുമെന്ന് മുന്‍ സംസ്‌കാര മന്ത്രി ആലോചിച്ചിട്ടുണ്ടോ? അവര്‍ മറ്റാരുമല്ല. സ്വാതന്ത്ര്യപ്രാപ്തിക്കു മുന്‍പ് രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങിയ മതേതരത്വവിരുദ്ധ മൗലിക സംഘടനകളുടെ വര്‍ത്തമാനകാല പ്രതിനിധികളും പ്രവര്‍ത്തകരുമാണവര്‍. ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍, രാഷ്ട്രീയ ഹിന്ദുമതത്തിന്റേയും രാഷ്ട്രീയ ഇസ്ലാമിന്റേയും യോദ്ധാക്കളാണ് ആ വിഭാഗം. ആ രണ്ടു കൂട്ടരുടേയും ഗുരുക്കന്മാരും താത്ത്വികാചാര്യന്മാരും സൈദ്ധാന്തികമായിത്തന്നെ ജനാധിപത്യത്തേയും മതേതരത്വത്തേയും തള്ളിപ്പറഞ്ഞവരാണ്. അവരുടെ നിഷേധാത്മക നിപാടുകളോട് ചേര്‍ന്നുനില്‍ക്കും വിധമുള്ള അഭിപ്രായ പ്രകടനമത്രേ തന്റെ പരിഹാസനിര്‍ഭര ശൈലിയില്‍ ജൂലൈ മൂന്നിന് മല്ലപ്പള്ളിയില്‍ നടന്ന സി.പി.എം ഏരിയ കമ്മിറ്റി യോഗത്തില്‍ സജി ചെറിയാന്‍ നടത്തിയത്.

സഖാവിന് മതേതരത്വവും ജനാധിപത്യവും നമ്മുടെ ഭരണഘടനയുടെ വശങ്ങളിലെങ്ങാണ്ട് കുറിച്ചുവെച്ച വാക്കുകള്‍ മാത്രമാണ്. ഈ മൗലികവാദത്തിന്റേയും ഗുരുക്കന്മാര്‍ പക്ഷേ, ആ വാക്കുകള്‍ക്കു പിന്നിലുള്ള ആശയങ്ങളെ തങ്ങളുടേതായ ന്യായവാദങ്ങള്‍ നിരത്തി തിരസ്‌കൃത ഗണത്തില്‍പ്പെടുത്താനാണ് ശ്രമിച്ചത്. ഹിന്ദുത്വ പ്രത്യയശാസ്ത്രവും അതില്‍നിന്നു ഉദ്ഭൂതമാകുന്ന സാംസ്‌കാരിക ദേശീയത എന്ന പരികല്പനയും ഉള്‍ക്കൊണ്ട അവരില്‍ ഒരു വിഭാഗം യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ പിറവികൊണ്ടതെന്ന നിലയില്‍ ബഹുസ്വര ജനാധിപത്യത്തേയും മതേതരത്വത്തേയും അഭാരതീയം എന്നു ചാപ്പയടിച്ച് തള്ളി. പൗരദേശീയതയുടെ സ്ഥാനം അവര്‍ സാംസ്‌കാരിക ദേശീയതയ്ക്ക് നല്‍കി. തങ്ങള്‍ തികച്ചും ഏകപക്ഷീയമായി വരച്ചിട്ട ഏക സംസ്‌കാരത്തിന്റേതായ അതിരുകള്‍ക്കുള്ളില്‍ ജീവിക്കുന്നവരെ മാത്രം രാഷ്ട്രപൗരന്മാരായി അംഗീകരിക്കുകയെന്ന ജനാധിപത്യവിരുദ്ധതയത്രേ അവര്‍ ഉയര്‍ത്തിപ്പിടിച്ചത്. മത-ജാതി-വംശ-ഭാഷാ-ലിംഗ ഭേദമെന്യേ എല്ലാ ജനവിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്ന സെക്യുലര്‍ രാഷ്ട്രമല്ല, ഹിന്ദുധര്‍മ്മാധിഷ്ഠിത രാഷ്ട്രം മാത്രമേ ഭാരതത്തിന് സ്വീകാര്യമായിക്കൂടൂ എന്ന അത്യന്തം സങ്കുചിതമായ സമീപനത്തിന്റെ വാഹകരാണവര്‍.

പൊളിറ്റിക്കല്‍ ഹിന്ദുയിസത്തിന്റെ ആചാര്യന്മാരെപ്പോലെ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ആചാര്യന്മാരും ആധുനികാശയങ്ങളായ ജനാധിപത്യത്തേയും മതേതരത്വത്തേയും 'പാശ്ചാത്യ സങ്കല്പങ്ങള്‍' എന്ന നിലയില്‍ തള്ളിക്കളയുകയാണ് ചെയ്തത്. പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്തമാക്കുന്ന ജനാധിപത്യം ഇസ്ലാമിന് കടകവിരുദ്ധമാണെന്ന് അവര്‍ വിധിയെഴുതി. അവരുടെ ദൃഷ്ടിയില്‍ അറബ് പശ്ചാത്തലമുള്ള അല്ലാഹു എന്ന ദൈവം മാത്രമാണ് പരമാധികാരത്തിനര്‍ഹന്‍. 

മതത്തേയും രാഷ്ട്രീയത്തേയും വേര്‍തിരിച്ചു നിര്‍ത്തുന്ന സെക്യുലറിസവും മുസ്ലിങ്ങള്‍ക്ക് സ്വീകാര്യമായിക്കൂടാ എന്നവര്‍ സിദ്ധാന്തിച്ചു. മതേതര രാഷ്ട്രത്തിനുവേണ്ടിയല്ല, ഇസ്ലാമിക രാഷ്ട്രത്തിനുവേണ്ടിയാണ് മുസ്ലിങ്ങള്‍ മുന്നിട്ടിറങ്ങേണ്ടതെന്ന് ഇസ്ലാമിസ്റ്റ് ഗുരുക്കന്മാര്‍ ആഹ്വാനം ചെയ്തു. ഇസ്ലാമധിഷ്ഠിതമല്ലാത്ത ഒരു രാഷ്ട്രീയവും മുസ്ലിങ്ങള്‍ അനുവര്‍ത്തിച്ചുകൂടാ എന്നതാണ് അവരുടെ അസന്ദിഗ്ദ്ധ നിലപാട്.

ഒരു കാര്യം ഉറപ്പ്: ഭൂരിപക്ഷ മൗലികവാദികള്‍ക്കും ന്യൂനപക്ഷ മൗലികവാദികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും, ജനാധിപത്യത്തേയും മതേതരത്വത്തേയും സൈഡ്ലൈന്‍ ചെയ്ത സജി ചെറിയാന്റെ മല്ലപ്പള്ളി സ്പീച്ച്.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com