ഇരുണ്ടു വ്രണം കെട്ടിയ ചരിത്രത്തിന്റെ നിജസ്ഥിതി

By ഡോ. ഉമര്‍ തറമേല്‍   |   Published: 31st July 2022 05:55 PM  |  

Last Updated: 31st July 2022 05:55 PM  |   A+A-   |  

umar

 

1921-മലബാര്‍ കലാപം/ലഹള/സമരം/കലാപം/യുദ്ധം എന്നീ നാല് പ്രയോഗങ്ങള്‍ കൊണ്ടുതന്നെ ഏറെ സങ്കീര്‍ണ്ണമാണ്. കോളനി വീക്ഷണം പൊതുവെ, ലഹള എന്ന വര്‍ഗ്ഗീയവും ഭിന്നിപ്പിച്ചു ഭരിക്കലിന്റേയും കാഴ്ചപ്പാടില്‍നിന്നും ഉള്ളത്. കലാപം ഒരു മധ്യമപ്രയോഗമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഇന്ത്യയുടെ പല കോണുകളിലും കലാപരീതിയിലുള്ള സമരങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ത്തന്നെ 21-നു മുന്‍പുണ്ടായ നിരവധി കോളനി വിരുദ്ധ പ്രവര്‍ത്തനം അത്തരത്തിലുള്ളതാണ്. പഴശ്ശിസമരം പോലുള്ളവയേയും അങ്ങനെത്തന്നെ വിശേഷിപ്പിക്കാം. പരിഷ്‌കൃതരായ യുദ്ധമുറകള്‍ (warfare) ശീലിച്ച വ്യവസ്ഥാപിതമായ ഒരു ശക്തിക്കെതിരെ കലാപ സ്വഭാവത്തിലൂന്നിയാണ് മിക്ക പ്രതിരോധസമരങ്ങളും ഉണ്ടായിട്ടുള്ളത്. ഒരുപക്ഷേ, ഇന്ത്യയിലെന്നല്ല, 16 മുതല്‍ 20 ശതകം വരെയുള്ള, ലോകത്തെമ്പാടുമുള്ള കോളനിവിരുദ്ധ സമരങ്ങള്‍ ഏറെയും ഉണ്ടായിട്ടുള്ളത് ഇങ്ങനെത്തന്നെ. ലഹളയിലും കലാപത്തിലും വൈകാരികമായ പശ്ചാത്തലം ഏറെ പ്രധാനമാണ്. വേറൊന്ന്, മലബാര്‍ സമരം എന്ന സങ്കല്പമാണ്. അപകോളണീകരണമെന്ന ആശയപരമായ കാഴ്ചപ്പാടിലാണ്, ഈ പ്രയോഗത്തിന്റെ അര്‍ത്ഥസാധുത.

നാലാമത്തേത്, യുദ്ധം എന്ന പ്രയോഗമാണ്. ആംഗ്ലോ-മാപ്പിള യുദ്ധം 1921 എന്നാണ്, ഇവ്വിഷയകമായി വാമൊഴി ചരിത്രത്തിന്റെ മട്ടില്‍ എ.കെ. കോടൂര്‍ രണ്ടു ദശകങ്ങള്‍ക്കു മുന്‍പ് എഴുതിയ കൃതിയുടെ പേര്.

വാരിയം കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ കഥകളും ചരിത്രവും ഏറെ മട്ടില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ മിക്കതും വൈകാരിക പ്രധാനമാണ്. കോളനി അധികാരികള്‍ രൂപപ്പെടുത്തിയ, വിലക്ഷണവും വംശീയവുമായ 'ദേശവിരുദ്ധ'മായ കാഴ്ചപ്പാടിലൂന്നിയുള്ളതാണ്, ഇവയിലധികവും. '20-കളില്‍ ഇവിടെ നടമാടിയിരുന്ന ജന്മിത്ത വ്യവസ്ഥിതി ആഖ്യാനങ്ങളും കോളനിയാഖ്യാനങ്ങളും കൂടിക്കുഴഞ്ഞാണിരിക്കുന്നത്. അക്കാലത്ത്, ജന്മിത്വത്തോടൊപ്പം വികസിച്ചു വന്ന, തീവ്രഹിന്ദു വലതുപക്ഷ ആഖ്യാനങ്ങള്‍, ഒരു പടികൂടി കടന്ന് ഇവയെ കൂടുതല്‍ വൈകാരികമാക്കുന്നുണ്ട്. അതുപോലെ മാപ്പിള വൈകാരികതയിലൂന്നി വളര്‍ന്നുവന്ന ലോറുകളിലും ആഖ്യാനങ്ങളിലും നടേ പറഞ്ഞവയുടെ എതിര്‍ വൈകാരികത പ്രകടമാണ്.

മനു എസ്. പിള്ളയെപ്പോലുള്ള പുതിയ ചരിത്രകാരന്മാര്‍ പറയും പോലെ, ചരിത്രത്തിലെ ഓരോ സംഭവവും അതിസങ്കീര്‍ണ്ണമായ നിരവധി സന്ദര്‍ഭങ്ങളിലൂടെ വളര്‍ന്നു വികസിക്കുന്നവയാണ്. ആയര്‍ത്ഥത്തില്‍, ഏകകഥനാത്മകമായ ആഖ്യാനം ഏതു ചരിത്രത്തെ സംബന്ധിച്ചും സംഭവിച്ചു കൂടാ. എന്നാല്‍, മലബാര്‍ കലാപത്തോളം ഈ പറച്ചിലിനു സാധ്യതയുള്ള മറ്റു കോളനി സമരങ്ങള്‍ അധികമില്ലെന്നു പറയാം.

ഈ തിരിച്ചറിവാണ്, മുഹമ്മദ് റമീസിന്റെ സുല്‍ത്താന്‍ വാരിയം കുന്നന്‍ എന്ന ജീവചരിത്രത്തെ ഒരു പരിധിവരെ നിര്‍ണ്ണയിക്കുന്നത്. തന്റെ (സുഹൃത്തുക്കളുടേയും) 10 വര്‍ഷത്തെ കാര്യമായ പഠനങ്ങളും ഗവേഷണവും ഈ കൃതിയെ വേറിട്ടതാക്കുന്നു. കോളനി അധികാരികളുടെ രേഖകള്‍, ഇന്ത്യയിലേയും വിദേശങ്ങളിലേയും ആര്‍ക്കൈവുകള്‍, അക്കാലത്തെ വിദേശ-തദ്ദേശ മാധ്യമങ്ങള്‍, മലബാര്‍ സമരവുമായി ഇതംപര്യന്തം പ്രസിദ്ധീകരിച്ച മികച്ച പുസ്തകങ്ങള്‍ എന്നിവയൊക്കെ ഈ സംരംഭത്തിനു പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കൊളോണിയല്‍ വീക്ഷണത്തിനെതിരെ ദേശീയവും അപകോളനീകൃതവുമായ കാഴ്ചപ്പാടിനു മുന്‍തൂക്കമുണ്ട്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരേട് എന്ന നിലയ്ക്ക് മലബാര്‍ സമരത്തെ നോക്കിക്കാണുന്ന കാഴ്ചയ്ക്ക് ഇന്നു പ്രാധാന്യമുണ്ട്. അപകോളനീകരണത്തിന്റെ ലോക ചരിത്രത്തിന്റേയും അവയ്ക്ക് സിദ്ധിച്ച ആശയപരമായ പുതിയ സമീപനത്തിന്റെ ഭാഗമാണ് ഒന്ന്. മറ്റൊന്ന്, തുര്‍ക്കി സുല്‍ത്താന്മാരുടെ പതനവുമായി ലോകമാകമാനമുള്ള മുസ്ലിം ജനതയുടെ സമരത്തിന്റെ ഭാഗം എന്ന നിലയ്ക്ക് രാജ്യാന്തരമായ സമരപശ്ചാത്തലത്തില്‍ ഇടപെട്ടൊരു അധ്യായം കൂടിയാണിത്. ഖിലാഫത് സമരവുമായി ഇതിനെ ബന്ധിപ്പിക്കാനുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റേയും ഗാന്ധിജിയുടേയും ആഹ്വാനങ്ങള്‍, മലബാര്‍ സമരത്തിനു ദേശീയ പ്രാധാന്യം നേടിക്കൊടുത്തു. അതുകൊണ്ടുതന്നെ, മുസ്ലിം പണ്ഡിതരുടെ മുന്നൊരുക്കവും പ്രായോഗിക പദ്ധതിയും ഈ കലാപത്തില്‍ ഏറെ ദൃശ്യമാണ്. ബംഗാളില്‍, കോളനിവിരുദ്ധമായ വികാരം റ്റിട്ടു മീര്‍ (Titu Mir) പോലുള്ള പണ്ഡിതരുടെ നേതൃത്വത്തില്‍ കല്‍ക്കട്ടയിലും പ്രാന്തപ്രദേശങ്ങളിലും 1827-'30 കാലഘട്ടത്തില്‍ പടര്‍ന്നുപിടിച്ചതുപോലുള്ള നിരവധി ഉദാഹരണം നമ്മുടെ മുന്‍പിലുണ്ട്.

മുഹമ്മദ് റമീസ്

20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍, ഏഷ്യന്‍-ആഫ്രിക്കന്‍-അമേരിക്കന്‍ ഐക്യനാടുകളില്‍ നടന്ന കോളനിവിരുദ്ധ സമരങ്ങളോടൊപ്പം നിലകൊണ്ട മുഖ്യമായൊരു സമരാധ്യായം എന്ന നിലയ്ക്ക്, സമ്പുഷ്ടമായ രേഖകളുടെ പശ്ചാത്തലത്തില്‍, അപകോളനീകരണ ലോകചരിത്രത്തിന്റെ കാഴ്ചയില്‍നിന്നും മറച്ചുപിടിക്കാന്‍ പറ്റാത്ത ഒരു സമരം എന്ന നിലയ്ക്കാണിപ്പോള്‍ മലബാര്‍ സമരത്തിന്റെ നില്‍പ്പ്.
പ്രാകൃതവും വര്‍ഗ്ഗീയവുമായ ഹിന്ദു-മുസ്ലിം ലഹളയാക്കി ചിത്രീകരിക്കാനാണ് മുഖ്യമായും കോളനി വ്യവഹാരങ്ങള്‍ ശ്രമം നടത്തിയത്.

ഇതിനെതിരെ ഒരു സമരത്തെ/യുദ്ധത്തെ/കലാപത്തെ അതിന്റെ ജീവനാഡിയും കേന്ദ്ര പ്രയോക്താവുമായ സമരനേതാവ് വാരിയം കുന്നന്റെ ജീവിതവും സമര സാഹചര്യവും ലാക്കാക്കി മലബാര്‍ കലാപത്തിന്റെ ശക്തമായ അടരുകളെ അവതരിപ്പിക്കുന്ന ചരിത്രമെന്നോ ജീവചരിത്രമെന്നോ സമരചരിത്രമെന്നോ വിളിക്കാവുന്ന കൃതിയാണ് 'സുല്‍ത്താന്‍ വാരിയം കുന്നന്‍.' 

ചരിത്രംപോലെ സംഘര്‍ഷമുറങ്ങുന്ന വേറെയിടമില്ല. എത്ര ചാരത്തില്‍ മൂടപ്പെട്ടാലും ചില സവിശേഷ മുഹൂര്‍ത്തങ്ങളില്‍ അവ പ്രത്യക്ഷപ്പെടും. 1921 കലാപത്തിന്റെ ശതാബ്ദി ആഘോഷം ഒരുപക്ഷേ അവയ്‌ക്കൊരു നിമിത്തമായിത്തീര്‍ന്നു?

1900-ത്തോടെ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിനകത്തും അന്നത്തെ ഇന്ത്യന്‍ ദേശീയ കോണ്‍ഗ്രസ്സിനകത്തും ബലശക്തിയായി പ്രവര്‍ത്തിച്ചിരുന്ന തീവ്രഹിന്ദു ദേശീയതയുടെ വിത്തുകളും മുകുളങ്ങളും നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് ലിബറലിസത്തിന്റേയും ബഹുലസാരസ്വതങ്ങളില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ ജനാധിപത്യത്തിന്റേയും ശക്തിയോട് ബലാബലം നടത്തിക്കൊണ്ട് ചരിത്രത്തിന്റെ മണ്ണില്‍ത്തന്നെ പുതഞ്ഞുകിടന്നു.

അക്കാലത്തെ ഹിന്ദുപരിവാര ശക്തികളും അവര്‍ മുന്നോട്ട് വച്ച വലതുപക്ഷ സാംസ്‌കാരിക ദേശീയതയും ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വേരുപൊട്ടി പുറത്തുവന്നിരിക്കയാണ്.

ഈ സന്ദര്‍ഭത്തിലാണ്, 1921-ലെ മലബാര്‍ കലാപം/സമരം/ലഹള സംഘര്‍ഷാത്മകമായ സംവാദ-വിവാദങ്ങളാല്‍ വീണ്ടും സജീവമായത്.

ആശാന്റെ ദുരവസ്ഥപോലുള്ള കാവ്യങ്ങള്‍ അക്കാലത്ത് വായിക്കപ്പെട്ടപോലെ ഇന്നും കറുപ്പിലും വെളുപ്പിലും ഏറെ സജീവമായി. സംഘപരിവാര ശക്തികള്‍ അവരുടെ വലതുപക്ഷ വ്യവഹാരങ്ങളെ പൂര്‍വ്വാധികം ശക്തമായി പുനരുജ്ജീവിപ്പിച്ചു. ഇരുഭാഗത്തും വാരിയം കുന്നനെക്കുറിച്ചും അലി മുസ്ലിയാരെക്കുറിച്ചും മലബാര്‍ കലാപത്തെക്കുറിച്ചും മറ്റും നിരവധി പുതിയ ആഖ്യാനങ്ങള്‍ ഉണ്ടായി. കടല്‍യാത്രകളെ (Sea root) ആധാരമാക്കി കേരളത്തിന്റെ ചരിത്ര ദത്തങ്ങള്‍ പുതുക്കി വായിക്കാന്‍ സാധ്യതയേറിയ ഒരുകാലം കൂടിയാണിത്. അപകോളനീകരണ സങ്കല്പനങ്ങളെ നവചരിത്രവാദം ഏറെ ചലനാത്മകമാക്കി. 

റ്റിട്ടു മിർ

മൂന്നു സിനിമകളുടെ പ്രഖ്യാപനം

1921 മലബാര്‍ കലാപം കേന്ദ്രവിഷയമാക്കി മലയാളക്കരയില്‍, മൂന്ന് സിനിമകളുടെ ഒന്നിച്ചുള്ള പ്രഖ്യാപനം എടുത്തു പറയേണ്ടതുണ്ട്. ചരിത്രത്തിലെ സംഘര്‍ഷഭരിതമായ ഏടുകള്‍, എക്കാലത്തും മനുഷ്യരെ ആകര്‍ഷിച്ചുകൊണ്ടിരിക്കും. മാത്രമല്ല, ഒരു മൂലധനകലയായ സിനിമയെ സംബന്ധിച്ചിടത്തോളം ആശയപരമായ കൊള്ളക്കൊടുക്കലും മൂലധന സമ്പാദനവും വേറിട്ടല്ല നില്‍ക്കുന്നത്.

ഇങ്ങനെയൊക്കെയുള്ള ചരിത്ര കോലാഹലങ്ങളുടെ നടുമധ്യത്തിലേക്കാണ് ഒരുപക്ഷേ, റമീസ് മുഹമ്മദിന്റെ ഈ പുസ്തകം വന്നത്.

ഇന്നേവരെ സമരവുമായും അതിന്റെ ലീഡര്‍ഷിപ്പുമായും അതിനുള്ള അന്താരാഷ്ട്രീയ ബന്ധങ്ങളുമായും ബന്ധപ്പെട്ടു നിലനിന്ന പല വസ്തുതകളും കുറേക്കൂടി തെളിയുകയും നവീനമായൊരു കാഴ്ചക്കോണില്‍ ചരിത്രം വായിക്കുകയും ചെയ്യുന്ന കാലമാണിത്. മാത്രമല്ല, ഈ നോട്ടപ്പാടുകളുടെ അടിസ്ഥാനത്തില്‍ വാരിയം കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ വേറിട്ടൊരു ഇമേജ് (ഫോട്ടോ) പോലും പ്രകാശിതമായി.

'വാരിയം കുന്നന്‍' എന്ന വ്യക്തിയുടെ ജീവിതത്തേയും ചിന്തയേയും രൂപത്തേയും വിശകലനം ചെയ്തതില്‍പോലും നമ്മുടെ ചരിത്രകാരന്മാര്‍ക്ക് ചില പിശകുകള്‍ പറ്റിയിട്ടുണ്ട്...'' (പു.21) എന്ന് റമീസ് പുസ്തകത്തിന്റെ മുഖവുരയില്‍ എഴുതുന്നുണ്ട്. ഈ ഫോട്ടോ മൗലികമാണോ അല്ലയോ എന്ന ചില സംശയങ്ങള്‍ ബാക്കിയുണ്ട്. മറ്റൊന്ന്, ഇതിനെതിരെ പ്രത്യക്ഷപ്പെടുമ്പോഴേ ഈ വിവാദവുമായി ബന്ധപ്പെട്ട മറ്റൊരു യാഥാര്‍ത്ഥ്യം സംഭവിക്കൂ. അതുവരെ, ഒരുപക്ഷേ, ചരിത്രത്തില്‍ സജീവമായ ഒരു സംവാദത്തിന്റെ പൊരുള്‍ തന്നെയായിരിക്കും ഈ ഫോട്ടോ.

ഒരുപക്ഷേ, ഇവിടുത്തെ ആലോചനാവിഷയം മറ്റൊന്നുകൂടിയുണ്ട്. പല ചരിത്ര പുരുഷന്മാരുടേയും കാര്യത്തില്‍, അടയാളപ്പെടുത്തലില്‍ വക്രീകരണം സംഭവിക്കാറുണ്ട്. ഇത് ഒരര്‍ത്ഥത്തില്‍ ബോധപൂര്‍വ്വമോ വ്യക്തിപരമോ ആവണമെന്നില്ല. സാങ്കേതിക സൗകര്യങ്ങളുടെ പരിമിതികൊണ്ടും പുതിയ ദത്തങ്ങളുടെ അഭാവംകൊണ്ടും സംഭവിക്കാം. അതല്ലെങ്കില്‍, ഒരു ജനതയെ വിഭാവനം ചെയ്യുന്ന ചരിത്രപരമായ പ്രക്രിയയിലൂടെ സംഭവിക്കുന്നതുമുണ്ട്.

മലബാർ കലാപത്തിൽ തടവിലാക്കപ്പെട്ടവർ

വിഭാവിത സമുദായം (Imagined community) എന്ന നിലയ്ക്ക് ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് /പ്രത്യേകിച്ച് മലബാറിലെ മാപ്പിളമാരുടെമേല്‍ പതിഞ്ഞ വ്യവഹാര മുദ്രകളുണ്ട്. മതഭ്രാന്തര്‍, പൈശാചികര്‍, കെട്ടവര്‍... എന്നിത്യാദി.

കോളനിചരിത്ര വ്യവഹാരങ്ങളിലും കലാപാനന്തരം എഴുതപ്പെട്ട മലയാള ഭാവനാ വ്യവഹാരങ്ങളിലും ഈ വിഭാവിത ഭാഷണങ്ങള്‍ ഏറെയുണ്ട്. കുമാരനാശാന്റെ ദുരവസ്ഥ കാവ്യമടക്കം അജ്ഞാത കര്‍ത്തൃത്വകം എന്ന് അറിയപ്പെടുന്ന ഏറനാട് കലാപം തുള്ളല്‍ (1924) തുടങ്ങി ഇന്ദുലേഖ മുതല്‍ എസ്.കെ. പൊറ്റെക്കാട്ടിന്റേയും ഉറൂബിന്റേയും നോവലുകളില്‍വരെ ഈയാശയം സാംസ്‌കാരികമായ ഒരന്തര്‍വാഹിനിപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഭാഷണങ്ങളുടെ ഊക്ക് ഒരുപക്ഷേ, ഒരു ജനതയെത്തന്നെ ചരിത്രത്തില്‍ ഉടനീളം വക്രീകരിക്കാനും അപരവല്‍ക്കരിക്കാനും അരുനില്‍ക്കുകയുണ്ടായി. മാത്രമല്ല, മലബാര്‍ കലാപം പോലുള്ളൊരു ദേശീയവും പ്രാദേശീയവുമായ സമരമുഖത്തെ മുച്ചൂടും ഇവ മറച്ചുപിടിച്ചു. ജന്മി -കുടിയാന്‍ ചരിത്രത്തിന്റെ സംഘര്‍ഷമുഖത്തെ മൃദുവായി മൂടിയിട്ട് സൂക്ഷിക്കുന്നതിലും ഇവ ജാഗ്രത കാണിക്കുന്നു.

ഗാന്ധിയുടെ ഖിലാഫത്ത് ആഹ്വാനവും ചരിത്രപരമായ അതിന്റെ പില്‍ക്കാല രൂപാന്തരണവും അതോടൊപ്പം കേരളത്തില്‍ അന്നു നടന്ന വ്യത്യസ്ത ജന-ജാതി വിഭാഗങ്ങളിലൂടെ അരങ്ങേറിയ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ മികച്ച ഒരേട്പോലും പാക്ഷികളായി തമസ്‌കരിക്കപ്പെട്ടു.

ഏറനാടന്‍ കലാപം തുള്ളല്‍പോലുള്ളൊരു കാവ്യം വായിക്കുന്ന ഒരാള്‍ക്ക്, മലബാര്‍ കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച (ബഹുല) ചരിത്രഗതി അറിയാന്‍ പറ്റാത്തമട്ടില്‍, ഒരു ജനത /സമുദായത്തെക്കുറിച്ചുള്ള വിഭാവിത ഭാവനയാല്‍ മാത്രം സുസജ്ജമാക്കപ്പെട്ടതാണ്, അത് എന്നു കാണാം. കേവലം വെറുപ്പിന്റേയും സഹതാപത്തിന്റേയും ദ്വന്ദ്വ(Binary)ത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം അവ കേരളീയ ജനതയേയും ജീവിതത്തേയും വര്‍ഗ്ഗീകരിക്കുന്നത് കാണാം.

മാപ്പിള ലഹളയിൽ തടവിലാക്കപ്പെട്ടവർ

ഗാന്ധിപോലും ഇക്കൂട്ടത്തോടൊപ്പം പ്രതിയാക്കപ്പെടുന്ന ഒരു വ്യവഹാരമുഖം ഈ കൃതിയിലുണ്ട്.

'ഗാന്ധിമഹാത്മാവെ'ന്നൊരു വിദ്വാന്‍
മാന്തിക്കുഴിയതില്‍ നിക്ഷേപിച്ചകി-
ലാഫത്തെന്നൊരു വിത്തുമുളച്ചഖി-
ലാപത്തെന്നൊരു തരുവായ്തീര്‍ന്നു.
നാരദമുനി താനെന്നതുപോലെ
വീരനൊരേഷണിയുപദേശിച്ചു
ഫലമില്ലാതെ വലച്ചു ജനങ്ങടെ
തലയുംപോക്കിയ വാര്‍ത്തകള്‍ കഷ്ടം!''

ഗാന്ധിമഹാത്മാവ് എന്നത് ഇന്‍വെര്‍ട്ടഡ് കോമയില്‍ ഇട്ടത് പ്രത്യേകം ശ്രദ്ധേയമാണ്. മാത്രമല്ല, നാരദമുനിയെപ്പോലെ ഒരേഷണിക്കാരന്റെ ഫലിക്കാത്ത തമാശ മാത്രമായി ഗാന്ധിയുടെ ഖിലാഫത്ത് സമരാഹ്വാനം. ഈ തുള്ളല്‍ കാവ്യം ബ്രിട്ടീഷ് അധികാരികളേയും അവരുടെ സില്‍ബന്ധികളേയും ഹിന്ദുക്കളുടെ രക്ഷകരായും രാജ്യരക്ഷകരായും കാണുന്നു. മാപ്പിളമാര്‍ക്കെതിരെയുള്ള അവരുടെ ചെയ്തികളെ നിഗൂഢവല്‍ക്കരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. കാവ്യാരംഭം തന്നെ 'സാര്‍വ്വഭൗമരാ'യ ആംഗലത്തിലെ മേരി രാജ്ഞിയേയും ജോര്‍ജ് ഭൂപതിയേയും വന്ദിച്ചുകൊണ്ടാണ്. രണ്ടു ജനതയെ പരസ്പരം വെറുപ്പിന്റേയും സഹതാപത്തിന്റേയും ബൈനറികളില്‍ തളച്ചിടുന്ന ആഖ്യാനം മുഴുനീളം കാണാം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്ത്, ഇതുപോലൊരു കലാപത്തോടൊപ്പം സംഭവിക്കാവുന്ന മറ്റു ധാരണകളെയൊക്കെ അവ വിഴുങ്ങുന്നു. ചുരുക്കത്തില്‍, ഇത്തരം കലാപങ്ങളോട് അധിനിവേശകര്‍ രൂപപ്പെടുത്തിയ നയതന്ത്രജ്ഞതയോട് (Legecy) ചേര്‍ന്നുനില്‍ക്കുന്നു ഈ കാവ്യം.

ചരിത്രത്തിനു നിരവധി കൈവഴികളുണ്ട്. അവയുടെ വിലാസം ഏകകോടി വീക്ഷണത്തിലധിഷ്ഠിതമല്ല. കൊടിയ ദാരിദ്ര്യവും ജന്മിത്തവും നടമാടിയ ഒരു ചരിത്രഗതി കേരളത്തിനുണ്ട്. സമൂഹത്തില്‍, താഴേക്കിടയില്‍നിന്നും മതം മാറി ഇസ്ലാമിലേക്കു വന്നവര്‍കൂടി ഉള്‍പ്പെട്ട ജനതയാണ് ഇവിടുത്തെ മുസ്ലിങ്ങള്‍. അതുകൊണ്ടാണ്, ഇവിടുത്തെ ജന്മി-കുടിയാന്‍ പോരില്‍ മാപ്പിള സമൂഹത്തിനു മുന്‍പന്തി വന്നത് എന്നുകൂടി ഓര്‍ക്കാവുന്നതാണ്. ഇവിടുത്തെ ഗോത്ര-നിസ്വജാതി മനുഷ്യരുടെ പരുഷവും കാര്‍ഷിക പ്രധാനവുമായ ഒരുതരം 'പ്രാകൃത'ത്വം മലബാറിലെ മാപ്പിളമാരില്‍ കാണാം. ഇവയിലെ, സാത്വിക സ്വഭാവഗുണങ്ങളെ വെട്ടിമാറ്റി, വെറും പരുഷ/ഗോത്രവീര്യത്തെ ദോഷൈക ദൃഷ്ടിയോടെ പര്‍വ്വതീകരിച്ച ഒരു ചരിത്ര വീക്ഷണത്തില്‍നിന്നാണ്, ഒരു നൂറ്റാണ്ടിനപ്പുറം ജീവിച്ച ഒരു ചരിത്രപുരുഷന്റെ (വാരിയം കുന്നന്‍) ഇമേജ്/ഫോട്ടോപോലും പില്‍ക്കാല വ്യവഹാരങ്ങളില്‍ രൂപീകരിച്ചെടുത്തത് എന്നു പറയേണ്ടിവരും.

ഒരാളെ ചരിത്രത്തില്‍നിന്നും മറയ്ക്കാന്‍ എല്ലാ വ്യവഹാരങ്ങളെക്കാളും എളുപ്പം പ്രയോജനപ്പെടുക 'ഇമേജി'ന്റെ തന്നെ തമസ്‌കരണമാണല്ലോ. കാരണം, അതിനു ദൃശ്യത കൂടുതലാണ്. ഒരു എഴുത്തുപാഠം വസ്തുതയെ വ്യാഖ്യാനിക്കുമ്പോലെയല്ല ഒരു ഫോട്ടോഗ്രാഫ്/ഇമേജ് അവയെ വ്യാഖ്യാനിക്കുക (Image illustrate text). വാരിയം കുന്നന്റെ കാര്യത്തില്‍ ഈ കൊളോണിയല്‍ ലഗസി പ്രത്യേകം നിഷ്‌കര്‍ഷിക്കപ്പെട്ടു. മറ്റു പലരില്‍നിന്നും ഭിന്നമായി അദ്ദേഹത്തെ വഞ്ചിച്ചുകൊണ്ട് പിടിക്കുകയും നിഷ്‌കരുണം കൊലപ്പെടുത്തുകയും മൃതദേഹം കത്തിച്ചു കളയുകയാണുണ്ടായത്. സ്മാരകമായി ഒരു ഖബറിടമോ ഫോട്ടോയോ അവശേഷിക്കാനുള്ള സാഹചര്യംപോലും ഒഴിവാക്കപ്പെട്ടു.

എ.കെ. കോടൂര്‍ എഴുതുന്നു: ''ഹാജിയെ പിന്നീട് അധികഠിനമായി പീഡിപ്പിച്ചുവെന്നും ഇല്ലെന്നും രണ്ടുതരത്തിലുള്ള വിവരങ്ങളാണ് കിട്ടുന്നത്. 18-നു വരെയുള്ള വിവരങ്ങള്‍ (1922, ജനുവരി 18) ശരിക്ക് അറിയുന്നില്ല. ഇന്നത്തെ ഓഫീസിലായിരുന്നു അന്നത്തെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോര്‍ട്ടും ഓഫീസും. അവിടെ വെച്ചാണ് സമ്മറി വിചാരണ നടന്നത്. തുര്‍ക്കിത്തൊപ്പിയും കോട്ടും ധരിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തെ മാര്‍ഷല്‍ ലോ കോര്‍ട്ടില്‍ കൊണ്ടുവന്നതെന്ന് കണ്ണന്‍ മേനോന്‍ പറഞ്ഞു. പട്ടാള കമാണ്ടര്‍ കേണല്‍ ഹംഫ്രിയാണ് കേസ് കേട്ടത്. ഹാജി ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞത് ഇംഗ്ലീഷിലായിരുന്നു. അവസാനമായി വല്ല ആഗ്രഹവുമുണ്ടോ എന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി. ''ഞങ്ങള്‍ മരണവും അന്തസ്സോടെ വേണമെന്നാഗ്രഹിക്കുന്നവരാണ്. നിങ്ങള്‍ കണ്ണുകെട്ടി പിറകില്‍നിന്നു വെടിവച്ചു കൊല്ലുകയാണ് പതിവെന്നു കേട്ടു. കണ്ണുകെട്ടാതെ മുന്‍പില്‍നിന്നു നെഞ്ചിലേക്ക് വെടിവെക്കാനുള്ള സന്മനസ്സ് കാണിക്കണമെന്നു മാത്രമാണ് എനിക്ക് അവസാനമായി അപേക്ഷിക്കാനുള്ളത്'' (ആംഗ്ലോ-മാപ്പിള യുദ്ധം 1921, പു. 442-443).

അത് കമാണ്ടന്റ് സ്വീകരിക്കുകയും ജനുവരി 20-ന് രാവിലെ 10 മണിക്ക് കോട്ടക്കുന്നിന്റെ വടക്കേചെരിവില്‍ മലപ്പുറം-മഞ്ചേരി റോഡില്‍നിന്ന് ഒരു വിളിപ്പാടകലെ വെച്ച് വെടിവെച്ചു കൊല്ലുകയും ചെയ്തു. മൃതദേഹത്തോടൊപ്പം വിപ്ലവ ഗവണ്‍മെന്റിന്റെ റെക്കോര്‍ഡുകള്‍ നിറച്ച പെട്ടിയും മറ്റേതാനും രേഖകളും മലപ്പുറം അംശം അധികാരി കളപ്പാടന്‍ അലിയുടെ മേല്‍നോട്ടത്തില്‍ പെട്രോളോഴിച്ചു തീവെച്ചു.

അത്രകണ്ട് 'ഉജ്ജ്വല'മായിരുന്നു, ഒരുപക്ഷേ, തന്റെ പ്രവര്‍ത്തനങ്ങള്‍ എന്നു കോളനി അധികാരികള്‍ക്കുതന്നെ ബോധ്യപ്പെട്ടതുകൊണ്ടാണല്ലോ, വാരിയം കുന്നനെപ്പോലെയൊരു സമരനായകന് ഇങ്ങനെയൊരു അന്ത്യം കല്പിച്ചുകൊടുത്തത്(?) (ആംഗ്ലോ-മാപ്പിള യുദ്ധം, പു.442-443).

അതുകൊണ്ടു തന്നെയായിരിക്കണം, വിഭാവിത ഭാവനയ്ക്കകത്ത് അദ്ദേഹത്തിന്റെ രൂപം എങ്ങനെ വേണമെങ്കിലും മുദ്രണം ചെയ്യാവുന്ന മട്ടില്‍ ചരിത്രം അയാളോടുതന്നെ പകതീര്‍ത്തത്.

ഒരു നൂറ്റാണ്ട് മാത്രം പഴക്കമുള്ള ഒരു സമരത്തിലെ നായകന്റെ ബിംബംപോലും ഇത്രമേല്‍ അവ്യക്തവും മറയ്ക്കപ്പെടുന്നതുമാവാന്‍ മറ്റെന്താണ് കാരണം?

ഇതാണ് വിഭാവിത സമൂഹം (imagined community) എന്ന ആശയത്തിന്റെ നിഴല്‍പ്പാടുള്ള ജനതയെക്കുറിച്ചുള്ള ചരിത്രത്തിന്റെ പൊരുള്‍. 1980-കളില്‍ മലയാളത്തില്‍ ഇറങ്ങിയ, ഐ.വി. ശശി സംവിധാനം ചെയ്ത, 1921 എന്ന സിനിമയിലെ കുഞ്ഞഹമ്മദ് ഹാജിയെ അവതരിപ്പിച്ചത് ശ്രദ്ധിക്കുക.

സൗമ്യേന്ദ്രനാഥ് ടാ​ഗോർ

പ്രായമായ മേക്കപ്പില്‍, ടി.ജി. രവി എന്ന നടനെ വെച്ചുകൊണ്ട് അതില്‍ പ്രദര്‍ശിപ്പിച്ച, പച്ച വൈകാരികത പ്രദര്‍ശിപ്പിക്കുന്ന ഒരു കാട്ടു/ഗോത്രരാജാവിന്റെ ഭാവഹാവാദികളാണ് അതിലെ നായകന്. മലയാളത്തിലും തമിഴ് സിനിമയിലും പലപ്പോഴും കണ്ടുമടുത്ത മുത്തയ്യ കഥാപാത്രങ്ങളെപ്പോലെ ഒരു വികാരജീവിയുടെ ചിത്രം. ടി. ദാമോദരന്‍ തിരക്കഥകള്‍ പൊതുവെ ഇത്തരം വിഭാവിത ഭാവന ഉല്പാദിപ്പിക്കാന്‍ എന്നും മിടുക്കു കാട്ടിയിട്ടുണ്ട്. സിനിമയും ചലച്ചിത്രവും തമ്മില്ലെന്നതിനേക്കാള്‍ സിനിമയും മൂലധനവും തമ്മിലാണ് അതിന് എന്നും വൈകാരിക ബന്ധം.

ഈ സിനിമയില്‍ സ്ഥാനംപിടിച്ച നായകനെ ഇന്നു നാം ചരിത്രത്തില്‍ തിരഞ്ഞാല്‍ കണ്ടുകിട്ടാന്‍ പ്രയാസപ്പെടും.

അല്ലെങ്കില്‍ കോളനി അധികാരികള്‍ നിര്‍മ്മിച്ചുവച്ച അഭാവത്തിന്റെ സ്വഭാവം തിണര്‍ത്തുകിടക്കുന്ന തിരക്കഥ സ്വഭാവത്തിലാണ് ടി. ദാമോദരന്റെ വാരിയം കുന്നന്റെ ഈ ബിംബം/പ്രതിബിംബം.

ചരിത്രത്തില്‍ ചര്‍ച്ചയില്ലാതെ

അലി മുസ്ല്യാരുടെ ഇമേജിനു ഒരു പൂര്‍വ്വരൂപമുണ്ട്. അത് എത്ര വക്രീകരിച്ചാലും ചരിത്രത്തില്‍ എവിടെയോ അല്പസാദൃശ്യം പുലര്‍ത്തിപ്പോരുന്ന ഒരു കാരിക്കേച്ചര്‍ എങ്കിലുമാവും. 1920-കളിലെ രാജ്യാന്തര കോളനി രാഷ്ട്രീയ സമരസന്ദര്‍ഭത്തില്‍, ലോകമാകമാനം ചര്‍ച്ച ചെയ്യപ്പെട്ട ഒരു ജനനായകന്റെ ചിത്രം എത്രമേല്‍ അവ്യക്തവും തെറ്റിദ്ധാരണാജനകമായതുമെന്ത്യേ?

ഒരുപക്ഷേ, മുഹമ്മദ് റമീസിന്റെ 'സുല്‍ത്താന്‍ വാരിയം കുന്നന്‍' എന്ന കൃതിയുടെ ഏറ്റവും വലിയ സംഭാവന അതിന്റെ പുറഞ്ചട്ടയില്‍ ആലേഖനം ചെയ്ത പടമായിരിക്കും. നവ ചരിത്രവാദപരമായ ഒരന്വേഷണം ഇതോടെ മലബാര്‍ ലഹള/കലാപം/സമരത്തിന്റെ കാര്യത്തില്‍ മിഴിതുറന്നു. 

നിലവില്‍ കിട്ടാവുന്ന റഫറന്‍സുകള്‍ ഏറെക്കുറെ അവലംബിച്ചാണ് ഈ കൃതിയുടെ രചന. കൊളോണിയല്‍ ആര്‍ക്കൈവുകളും രേഖകളും ഗ്രന്ഥങ്ങളും ഈ രചനയ്ക്ക് ദത്തങ്ങളാക്കിയിട്ടുണ്ട്. എന്നാല്‍, മലയാളത്തില്‍നിന്നുള്ള രണ്ടു പുസ്തകങ്ങളെ ഇത്തരുണത്തില്‍ എടുത്തുപറയേണ്ടതുണ്ട്. എ.കെ. കോടൂരിന്റെ, 1921-ലെ ആംഗ്ലോ മാപ്പിള യുദ്ധം എന്ന വാമൊഴി ചരിത്ര കഥനങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ച പുസ്തകമാണ് ഒന്ന്. രണ്ടാമത്തേത്, ടി. മുഹമ്മദിന്റെ മാപ്പിള സമുദായം എന്ന പുസ്തകവും. കോടൂരിന്റെ പുസ്തകത്തെ ഈ കൃതി ഏറെ ആശ്രയിച്ചിട്ടുണ്ട്. ഒരുപക്ഷേ, താനുദ്ദേശിച്ച ആശയപരമായ സംപ്രത്യയ പരിസരം ഉണ്ടാക്കാന്‍ ഈ കൃതി ഏറെ പ്രയോജനപ്പെട്ടു എന്നു പറയാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, എന്തുകൊണ്ട് എ.കെ. കോടൂരിന്റെ 1921 ആംഗ്ലോ-മാപ്പിള യുദ്ധം എന്ന വിശേഷ കൃതി നമ്മുടെ ചരിത്രത്തില്‍ ഇതുവരെ കാര്യമായ ചര്‍ച്ചയില്ലാതെ ബധിരമായിക്കിടന്നു എന്നൊരു ചോദ്യവും അവശേഷിക്കുന്നു.

കലാപം ആഗോളകമായി ചര്‍ച്ച ചെയ്യപ്പെട്ട വാര്‍ത്തകള്‍ ഇതോടൊപ്പം വെളിപ്പെട്ടു. 1921- ഒക്ടോബറില്‍ തന്നെ, അബനി മുഖര്‍ജി, മാപ്പിള റൈസിങ് എന്ന പേരില്‍, മലബാര്‍ കലാപത്തിന്റെ റിപ്പോര്‍ട്ട് കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലില്‍ ലെനിനു കൈമാറുന്നുണ്ട്. ഒരുപക്ഷേ, ഈ തരത്തില്‍ കലാപത്തെ സോഷ്യലിസ്റ്റ് ബ്ലോക്കില്‍ എത്തിക്കുന്ന ആദ്യത്തെ രേഖയായിരിക്കും ഇത്. മലബാര്‍ കലാപം കാര്‍ഷിക-വര്‍ഗ്ഗ സമരമായിട്ട് ആദ്യം അംഗീകരിക്കുന്ന രേഖയും ഇതുതന്നെ. ഇതിന്റെ ചുവടുപിടിച്ചാണ് സൗമ്യേന്ദ്രനാഥ ടാഗോറിനെപ്പോലുള്ളവരുടെ മലബാര്‍ കലാപപഠനം ഉണ്ടാവുന്നത്. 1921 മലബാറിലെ കര്‍ഷക ലഹള എന്ന ശീര്‍ഷകത്തില്‍ എം. റഷീദ് അത് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ ഫ്യൂഡല്‍ വ്യവസ്ഥിതിയേയും സാമ്രാജ്യത്വത്തേയും പിടിച്ചുകുലുക്കിയ നൈസര്‍ഗ്ഗികമായൊരു കലാപമായിട്ടാണ്, സൗമ്യേന്ദ്ര ഇതിനെ വിലയിരുത്തിയത്. മാത്രമല്ല, ഹിന്ദുക്കള്‍ക്കെതിരെയുള്ള കലാപമാണ് എന്ന് ഒരു ഘട്ടത്തില്‍ ഗാന്ധിജിയടക്കം ഇതിനെ വിമര്‍ശിച്ചു. കെ.പി. കേശവമേനോന്‍, കെ. മാധവന്‍ നായര്‍ എന്നീ കോണ്‍ഗ്രസ്സ് നേതാക്കള്‍ കലാപത്തെ തള്ളിപ്പറഞ്ഞു. ഇക്കാര്യങ്ങളെയെല്ലാം സൗമ്യേന്ദ്രനാഥ ടാഗോര്‍ നിശിതമായി ഈ നീണ്ട ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. മലബാര്‍ കലാപത്തിലേക്ക് നയിച്ച ജന്മി-കുടിയാന്‍ പ്രശ്‌നങ്ങളുടെ പിന്‍ചരിത്രം സവിശദമായി സൗമ്യേന്ദ്ര പരിശോധിക്കുന്നുണ്ട്. 1946-ല്‍ കോഴിക്കോട്ട് കൂടിയ തിരു-കൊച്ചി സംയുക്ത കമ്മ്യൂണിസ്റ്റ് സമ്മേളനത്തില്‍, ഇ.എം.എസ്. അവതരിപ്പിച്ച മലബാര്‍ കലാപം ആഹ്വാനവും താക്കീതും എന്ന പ്രമേയം അവതരിപ്പിക്കുന്നത്, മേല്‍പ്പറഞ്ഞ കാര്യങ്ങളുടെയൊക്കെ ചുവടുപിടിച്ചാണ്. അതിനെതിരെ ബ്രിട്ടീഷുകാര്‍ കടുത്ത നിലപാട് സ്വീകരിക്കുകയുണ്ടായി. ഏതായാലും, ലോക കമ്യൂണിസ്റ്റ്-മാര്‍ക്‌സിസ്റ്റ് നിലപാടുകളിലൂടെയാണ്, മലബാര്‍ കലാപം അതിന്റെ ചരിത്രപരവും പ്രത്യയശാസ്ത്രപരവുമായ ചര്‍ച്ചകളിലേക്കിറങ്ങിച്ചെന്നത് എന്ന വസ്തുത അടിവരയിടേണ്ടതായുണ്ട്. അതേക്കുറിച്ചുള്ള പില്‍ക്കാല എഴുത്തുകളും വാദപ്രതിവാദവും സജീവമാകുന്നത് അപ്രകാരമാണ്.

അതേസമയം, അവയിലൊന്നും ഒതുങ്ങിനില്‍ക്കുന്നവയല്ല, മലബാര്‍ സമരത്തിന്റെ വ്യാപ്തി. ആ കാലത്തെ രാജ്യാന്തര കോളനി സമരങ്ങള്‍ക്കൊപ്പമോ അതിനേക്കാള്‍ മുന്‍പിലോ ആണ് ഈ കലാപത്തിന്റെ സ്ഥാനം എന്നു പിന്നെപ്പിന്നെ വെളിപ്പെട്ടു.

മാപ്പിള പോരാളികളിൽ
നിന്നു പിടിച്ചെടുത്ത
ആയുധങ്ങളുമായി ഒരു ​ഗൂർഖ

1857-നു ശേഷമുണ്ടായ ഏറ്റവും ഗുരുതരമായ ലഹള എന്ന് ബ്രിട്ടീഷ് ചരിത്രകാരന്‍ ചാള്‍സ് ടൗന്‍ഷന്റിനെപ്പോലുള്ളവര്‍ വിശേഷിപ്പിച്ച, മലബാര്‍ കലാപത്തിലേക്ക് കുഞ്ഞഹമ്മദ് ഹാജി പ്രവേശിച്ചതിന്റെ സന്ദര്‍ഭങ്ങളെ സൂക്ഷ്മമായി ഈ കൃതി വിലയിരുത്തുന്നു. പോര്‍ച്ചുഗീസ് -ടിപ്പു-സാമൂതിരി ചരിത്രത്തിന്റെ നാള്‍വഴികളിലൂടെ കലാപത്തിന്റെ രാഷ്ട്രീയ സാമൂഹിക ഭൂമികയില്‍ നടന്ന മലബാറിലെ ഈ സമരത്തിന്റെ നാള്‍വഴികളല്ല ഈ പുസ്തകം നല്‍കുന്ന മുഖ്യ ഫോക്കസ്. വാരിയം കുന്നന്റെ ഫോട്ടോയടങ്ങുന്ന പുറംചട്ട തന്നെ അക്കാര്യം വ്യക്തമാക്കുന്നുണ്ട്.

''...ഇന്ത്യയിലേയും ബ്രിട്ടനിലേയും ആര്‍ക്കൈവുകളില്‍നിന്നൊന്നും ഈ ഫോട്ടോ ലഭിക്കില്ല എന്നു ഞങ്ങള്‍ വളരെ വേഗം തന്നെ മനസ്സിലാക്കി. അങ്ങനെയിരിക്കെ റിസേര്‍ച്ചില്‍ എന്റെ കൂടെയുണ്ടായിരുന്ന അഷ്‌കര്‍ ഒരു അഭിപ്രായം പറഞ്ഞു, ''നമുക്ക് ബ്രിട്ടന്‍ വിട്ട് അമേരിക്കയിലേയോ ഫ്രാന്‍സിലേയോ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേയോ ആര്‍ക്കൈവുകളിലും മറ്റും ഒന്നു തെരഞ്ഞുനോക്കിയാലോ?...'' (പു.358).

അങ്ങനെയാണ് ഫ്രെഞ്ച് മാഗസിന്‍ ആയ Sceinces et Voyeges-ന്റെ 1922 ഓഗസ്റ്റ് 10-നു പ്രസിദ്ധീകരിച്ച, അലി മുസ്ലിയാരടക്കമുള്ള 'കലാപക്കാരോ'ടൊപ്പം പ്രസ്തുത ഫോട്ടോ കണ്ടെടുക്കുന്നത്. പലതരം ഒത്തുനോക്കലിനൊപ്പം ഉറപ്പുവരുത്തി വാരിയം കുന്നന്റെ ഈ ഫോട്ടോ നവ ചരിത്രത്തോടൊപ്പം സ്ഥാനം പിടിക്കുന്നത് എങ്ങനെയാണെന്ന് ഗ്രന്ഥകാരന്‍ പറയുന്നു.

ഈ ഫോട്ടോ വന്നതോടെ അതുവരെ കലാപത്തെ നോക്കിക്കണ്ട രീതികള്‍ മാറാന്‍ തുടങ്ങി എന്നാണ് എനിക്ക് പറയാനുള്ളത്.

ഒരു ഫോട്ടോയുടെ/ബിംബത്തിന്റെ അഭാവത്തില്‍, നാം നേരത്തെ പറഞ്ഞ 1921 സിനിമയില്‍ കണ്ടപോലെയുള്ള ഗോത്രരൂപങ്ങള്‍ തഴച്ചുപൊങ്ങി.

ജാതി-ജന്മിത്ത ആഖ്യാനങ്ങളുടെമേല്‍ മാത്രമല്ല, അന്നത്തെ ഏതൊരു ഇന്ത്യന്‍ സമരകഥകളെക്കാളും ഗൗരവപ്പെട്ട ഒരു എതിര്‍കലാപമായി അമേരിക്കന്‍-യൂറോപ്യന്‍ മുഖ്യ ധാരാമാധ്യമങ്ങളില്‍നിന്നുമുള്ള വ്യവഹാരങ്ങളെ അടിസ്ഥാനമാക്കി വായന കൊഴുത്തതോടെ വാരിയം കുന്നന്റെ ഫോട്ടോ, നമ്മുടെ ചരിത്രത്തില്‍ത്തന്നെ ഒരു ലക്ഷ്യാര്‍ത്ഥകമായ (connotative) ഫോട്ടോഗ്രാഫ് ആയിത്തീര്‍ന്നു.

1920-കളില്‍, നിരവധി വിദേശമാധ്യമങ്ങള്‍ ഈ കലാപത്തെപ്രതി അച്ചുനിരത്തുകയുണ്ടായി. അമേരിക്കയിലെ കമര്‍ഷ്യല്‍ ബഫാലോ (Commercial buffalo daily, അമേരിക്ക), ദി വില്‍ക്സ് റെക്കോര്‍ഡ് (The wilks record), യോര്‍ക് ഡിസ്പെയ്ച് (York dispatch), പോസ്റ്റണ്‍ ഗ്ലോബ് (Boston globe-Astrelia), ദി സിഡ്നി മോര്‍ണിംഗ് (The sidny morning), വാഷിങ്ടണ്‍ ഹെരാള്‍ഡ്, മിയാമി ഡെയിലി മെട്രോപൊളിസ് അവയില്‍ ചിലതാണ്.

ന്യൂ യോര്‍ക്കിലെ ഉമശഹ്യ ിലം,െ 1922 ജനുവരി 19-നു പ്രസിദ്ധീകരിച്ച മലബാര്‍ കലാപത്തിലെ അലി മുസ്ലിയാര്‍ അടക്കമുള്ളവരുടേയും സംഭവങ്ങളുടേയും ഫോട്ടോകള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. അതുപോലെ, ചിക്കാഗോ ട്രിബൂണും അലി മുസ്ലിയാരുടേയും മറ്റും ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചു.

കൊളമ്പിയയിലെ, ഡാനിമോ ഫ്രീ പ്രസ്സ് അടക്കമുള്ള നിരവധി പത്രങ്ങള്‍ കുഞ്ഞഹമ്മദ് ഹാജിയുടെ വധവാര്‍ത്ത ഏറെ പ്രധാന്യത്തോടെ പുറത്തുവിട്ടു.

ചിക്കാഗോ ട്രിബൂണ്‍ 1921, നവംബര്‍ 22-ന് വാഗണ്‍ കൂട്ടക്കൊലയെക്കുറിച്ചുള്ള വാര്‍ത്ത, അതീവ പ്രാധാന്യത്തോടെ കൊടുക്കുന്നുണ്ട്.

ഇനിയും പേരെടുത്തു പറയാന്‍ നിരവധി രാജ്യാന്തര മാധ്യമങ്ങളുണ്ട്. ഇന്ത്യയിലേയും കേരളത്തിലേയും മാധ്യമങ്ങളെക്കുറിച്ച് തല്‍ക്കാലം പറയുന്നില്ല.

ഇവയുടെയൊക്കെയര്‍ത്ഥം, ലോകമാകമാനം പ്രതിധ്വനിയുണ്ടാക്കിയ ഒരു കോളനിവിരുദ്ധ സമരമായിരുന്നു, മലബാര്‍ കലാപം എന്നതത്രെ. കലാപം (Rebellian), ലഹള (Revolt) എന്നൊക്കെ ഈ മാധ്യമങ്ങള്‍ തലക്കെട്ടുകള്‍ മാറിമാറി ഉപയോഗിച്ചു.

വാരിയം കുന്നന്‍ ഹിന്ദുവിന് എഴുതുന്ന കത്തും സമാന ആഖ്യാനങ്ങളും തങ്ങള്‍ക്കെതിരെ കോളനി-ജാതി ജന്മിത്ത മാധ്യമങ്ങള്‍ എപ്രകാരം നിലയുറപ്പിച്ചു എന്ന കാര്യം ലോകത്തോട് വെളിച്ചപ്പെടുത്തുന്നവയാണ്, എന്നു പ്രത്യേകം പ്രസ്താവിക്കേണ്ടതുണ്ട്.

അതുപോലെ വെറും ലഹളയോ കലാപമോ പോലുമല്ലാത്ത രീതിയില്‍ ആധുനിക യുദ്ധതന്ത്രങ്ങളും യുദ്ധ-പ്രതിരോധ ഉപകരണങ്ങളും സൈനിക സന്നാഹങ്ങളും സംഗമിച്ച ഒന്നായിരുന്നു ഈ സമരം. സൈനിക ഭൂപടങ്ങള്‍, പുതിയ റൈഫിള്‍ സേനകള്‍ പലതരത്തിലുള്ള കവചിത വാഹനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള യുദ്ധ തന്ത്രം എന്നിങ്ങനെ. തുര്‍ക്കി അടക്കമുള്ള ലോകരാഷ്ട്രങ്ങളില്‍നിന്നും കിട്ടിക്കൊണ്ടിരുന്ന യുദ്ധസഹായവും പരസ്പരമുള്ള നയതന്ത്രവും എടുത്തുകാട്ടപ്പെട്ടു. ഇവയുടെയൊക്കെ വിവരണങ്ങളും അവ നടപ്പാക്കുന്നതിന്റെ നയതന്ത്ര സമീപനത്തെക്കുറിച്ചുള്ള അറിവും ഈ കൃതി നന്നായി പരിഗണിക്കുന്നു.

പ്രശസ്ത അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ ആയ സ്റ്റീവ് മെക്യുറിയുടെ, 1985-ല്‍ അഫ്ഗാനില്‍ അഭയാര്‍ത്ഥികള്‍ക്കിടയില്‍നിന്നും പിടിക്കപ്പെട്ട ഷര്‍ബത് ഗുലാ എന്ന പെണ്‍കുട്ടിയുടെ ഫോട്ടോ നാഷണല്‍ ജോഗ്രഫിക്കിന്റെ കവര്‍ഫോട്ടോ ആയി വന്നതോടെ ലോകപ്രശസ്തമായ ഒന്നായിത്തീര്‍ന്നു. ഫോട്ടോയില്‍ പെട്ടപ്പോള്‍ തന്റെ ദുപ്പട്ടകൊണ്ട് മുഖം പാതിമറച്ചു നില്‍ക്കുന്ന അവളുടെ തുളഞ്ഞിറങ്ങുന്ന കണ്ണുകള്‍ ഒരു ജനതയുടെ പതഞ്ഞുപൊങ്ങുന്ന ദുരന്തവും ലോകത്തോടുള്ള ഈര്‍ഷ്യയും പ്രദര്‍ശിപ്പിച്ചു.

''ഇതൊരു മികച്ച ഫോട്ടോഗ്രാഫ് ആയിരിക്കാം, എന്നാല്‍, അതുകൊണ്ടുവന്ന (വിചിത്രമായ) ലാക്ഷണികാര്‍ത്ഥത്തെ എനിക്ക് സ്വപ്നം കാണാന്‍പോലും പറ്റുന്നതല്ലായിരുന്നു''- എന്ന് ഈ ഫോട്ടോകള്‍ വച്ചുകൊണ്ട് തയ്യാറാക്കിയ, Untold Story Behind the Photographs എന്നൊരു പുസ്തകത്തില്‍ മെക്യൂറി പറയുന്നുണ്ട്.

രണ്ടു പതിറ്റാണ്ടുമുന്‍പ് സംഭവിച്ച ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക യഥാര്‍ത്ഥ്യത്തിന്റെ മാറ്റത്തെ ലോകസമക്ഷം പ്രദര്‍ശിപ്പിച്ച ഒരു ഫോട്ടോഗ്രാഫുണ്ട്. ഗുജറാത്ത് കലാപത്തിനിടെ അര്‍ക്കാദത്ത എന്ന പ്രശസ്ത ഫോട്ടോഗ്രാഫറുടെ കുത്ബുദീന്‍ അന്‍സാരി എന്ന യുവാവിന്റെ പ്രശസ്തമായ ചിത്രം.

ഓര്‍മ്മവരുന്ന മറ്റൊരു ചിത്രം 1943-ലെ വിയറ്റ്നാം യുദ്ധത്തില്‍, നാപാം ബോംബ് വര്‍ഷത്തിനിടെ ഭീതിബാധിച്ച് നഗ്‌നയായി ഓടുന്ന ഫാല്‍തൈ കിംപുക് എന്ന കുട്ടിയുടെ, ഫോട്ടോയുണ്ട്; കിം ഉത് എന്ന പ്രശസ്ത ഫോട്ടോഗ്രാഫറുടെ. ഇങ്ങനെ നിരവധി ഫോട്ടോകള്‍ ചരിത്രത്തിന്റെ പല സന്ദര്‍ഭങ്ങളില്‍നിന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതത് കാലത്തെ ലോകസന്ദര്‍ഭത്തെ വ്യാഖ്യനിക്കാന്‍ പോന്നവയാണ് ഈ ഫോട്ടോകള്‍. ചരിത്രപരമായി ഏറെ ഐക്കണിക്ക് ആയ ചിത്രങ്ങളാണ് ഇവയൊക്കെ.

ഒരുപക്ഷേ, ഇതുപോലെയോ ഇവയെക്കാള്‍ പ്രാധാന്യമുള്ളതോ ആയ ഒരു ഫോട്ടോയാണ്, ഫ്രെഞ്ച് പത്രം (Seinces et Voyeges) ചികഞ്ഞു റമീസ് മുഹമ്മദ് പുറത്തുവിട്ട വാരിയം കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ.
നിരവധി കാരണങ്ങളാല്‍ ഇരുണ്ടു വ്രണം കെട്ടിയ ചരിത്രത്തിന്റെ നിജസ്ഥിതി പൊടുന്നനെ വര്‍ത്തമാനത്തിലേയ്ക്ക് പൊള്ളുന്നപോലെ തുറന്നിടുകയായിരുന്നു കുഞ്ഞഹമ്മദ് ഹാജിയുടെ പുതിയ ഫോട്ടോഗ്രാഫ്. ഒരു വിഭാവിത സമൂഹമെന്ന നിലയ്ക്ക് ഒരുകാലത്തെ മലബാര്‍ ചരിത്രത്തിനുമേല്‍ കെട്ടിവച്ച നിരവധി കെട്ടുകഥകളെ ഈ ഫോട്ടോ നിഷ്പ്രഭമാക്കി. പലരും എഴുതിയും തിരക്കഥയിലൂടെ രൂപപ്പെടുത്തിയും ലോറുകളിലൂടെ പ്രചരിച്ചതുമായ ഒരു 'കലികാലനായക ബിംബ'ത്തെയാണ് ഈ ഫോട്ടോ തകര്‍ത്തുകളഞ്ഞത്.

മനുഷ്യര്‍ പലപ്പോഴും കാത്തുസൂക്ഷിച്ച ചരിത്രം സന്ദര്‍ഭത്തേയോ ആഖ്യാനങ്ങളേയോ തകിടംമറിക്കാന്‍ ചിലപ്പോള്‍ ഒരു ഫോട്ടോ മതിയാവും. അത്തരത്തിലുള്ള ഒരു ഡിഫെന്‍സ് മെക്കാനിസം പലപ്പോഴും ചരിത്രത്തിലും സംഭവിക്കാറുണ്ട്.
.................................................................................

സഹായക ഗ്രന്ഥങ്ങള്‍

റമീസ് മുഹമ്മദ്, സുല്‍ത്താന്‍ വാരിയം കുന്നന്‍, ടു ഹോണ്‍ ക്രിയേഷന്‍സ്, കാലിക്കറ്റ്, 2021.

എ.കെ. കോടൂര്‍, ആംഗ്ലോ-മാപ്പിള യുദ്ധം 1921, ഗ്രേസ് ബുക്‌സ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി, 2020.

Image and Representation: Key concept in Media Studies, Nick Lacy, MacMillan press, 1998 'Ideology, Ulema and Mappila revolts of 19th Century' : a Reaporaisal (Dr.K. K Muhamed Abdul Sa-ttar), മാപ്പിള കീഴാള പഠനങ്ങള്‍, വചനം ബുക്‌സ്, കോഴിക്കോട്.

കാവാലം ശശികുമാര്‍ (എഡിറ്റര്‍), ഏറനാട് കലാപം (തുള്ളല്‍), ജന്മഭൂമി ബുക്‌സ്, കൊച്ചി.

ആര്‍.കെ. ബിജുരാജ്, മലബാര്‍ കലാപം-ചരിത്രരേഖകള്‍, ഒലിവ് ബുക്‌സ്, കോഴിക്കോട്.