'2017ല്‍  യൂനിസ് മരിച്ചത് ഞാനറിയുന്നത് ഇപ്പോള്‍ മാത്രമാണ്, അവരെ ഞാന്‍ ഇടയ്ക്കിടെ ഓര്‍ക്കുമായിരുന്നു'

യൂനിസ് ഡിസൂസയുടെ കവിതകള്‍ പില്‍ക്കാലത്ത് ഞാനധികം പിന്തുടരുകയുണ്ടായില്ല. അവര്‍ ഇന്ത്യന്‍ഇംഗ്ലീഷ് കവിതയിലെ ഒരു പ്രധാന ശബ്ദമായി മാറിയതും ഞാനറിഞ്ഞില്ല
'2017ല്‍  യൂനിസ് മരിച്ചത് ഞാനറിയുന്നത് ഇപ്പോള്‍ മാത്രമാണ്, അവരെ ഞാന്‍ ഇടയ്ക്കിടെ ഓര്‍ക്കുമായിരുന്നു'

പുസ്തകത്തിന്റെ പുറംചട്ട എന്നെ പിടിച്ചുനിര്‍ത്തി. അടുക്കളയുടെ സിങ്കിനോടു ചേര്‍ന്നു കയ്യില്‍ എരിയുന്ന സിഗരറ്റും തലയില്‍ ഒരു തത്തയുമായി ചിരിച്ചുനില്‍ക്കുന്ന ഒരു സ്ത്രീ. നെറ്റിട്ട അടുക്കള ജനലിന്റെ താഴ്പ് പാളി തുറന്നുവെച്ചിരിക്കുന്നു. അതിനോടു ചേര്‍ന്ന് അടുക്കള മൂലയില്‍ ഗ്ലാസ്സുകളും കപ്പുകളും ചായ അരിപ്പകളുമുള്ള സ്റ്റാന്‍ഡ്. പുസ്തകത്തില്‍ 74ാം പേജില്‍ ഈ ചിത്രത്തിന്റെ അടിക്കുറിപ്പ് ഇങ്ങനെ: യൂനിസ് ഡിസൂസ, സാന്താ ക്രൂസ്, ബോംബെ, 1998. ജീത് തയ്യില്‍ എഡിറ്റ് ചെയ്ത 'ദ പെന്‍ഗ്വിന്‍ ബുക്ക് ഓഫ് ഇന്ത്യന്‍ പോയറ്റ്‌സ്' എന്ന സമഗ്ര സമാഹാരത്തിലെ കവിതകള്‍ വായിക്കാതെ ഏറെ നേരം ഈ പുറംചട്ടയില്‍ തന്നെ നോക്കിയിരുന്നു. ഇവരുമായി എന്തോ ബന്ധമുള്ളതുപോലെ, കുറച്ചുനാള്‍ എന്നും കാണുകയും സംസാരിക്കുകയും ചെയ്തിരുന്ന പോലെയൊരു ശക്തമായ തോന്നല്‍. എന്നാല്‍, ആദ്യമൊന്നും അത് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. ഒടുവിലാണ് എനിക്കു മനസ്സിലായത്, ഇവര്‍ യൂനിസ് ഡിസൂസ, ക്ലാസ്മുറിയില്‍ ഫ്‌ലാസ്‌കില്‍ വെള്ളം ചേര്‍ത്തു നേര്‍പ്പിച്ച വിസ്‌കിയുമായി വന്ന് ഏറ്റവും പിറകിലെ സീറ്റിലിരുന്ന് ഇടവേളകളില്‍ ഒരു കവിള്‍ കുടിച്ച് എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചിരുന്ന എന്റെ സഹപാഠി. ഒന്നിച്ചു പഠിച്ചിരുന്നതിനു (അത് 32 ദിവസം മാത്രമുള്ള ഒരു ഹ്രസ്വ കോഴ്‌സ്) ശേഷം ഏഴു വര്‍ഷം കഴിഞ്ഞെടുത്ത ഫോട്ടോയാണ് പുസ്തകത്തിന്റെ മുഖചിത്രം.

എനിക്ക് ഈ തോന്നല്‍ ശരിയാണോ എന്നുറപ്പിക്കേണ്ടിയിരുന്നു. അതു ശരിയാണെന്നു സ്ഥാപിക്കുന്ന ഒരു രേഖ പഴയ കടലാസുകള്‍ക്കും പുസ്തകങ്ങള്‍ക്കും ഇടയില്‍നിന്നും തപ്പി കണ്ടെത്തി. 1991ല്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 27 മേയ് മുതല്‍ 29 ജൂണ്‍ വരെ നടന്ന ചലച്ചിത്രാസ്വാദന കോഴ്‌സിലാണ് ഞങ്ങള്‍ സഹപാഠികളായിരുന്നത്. കോഴ്‌സില്‍ പങ്കെടുത്തവരുടെ സ്റ്റാമ്പ് വലുപ്പത്തിലുള്ള ഫോട്ടോകളും വിലാസങ്ങളുമുള്ള മഞ്ഞ പുറംചട്ടയുള്ള അഡ്രസ്സ് ലിസ്റ്റ് ഓഫ് പാര്‍ട്ടിസിപ്പന്‍സില്‍ ആദ്യ താളില്‍ മൂന്നാമത്തെയാള്‍ ഞാനാണ്. രണ്ടാമത്തെ താളില്‍ നാലാമത്തെയാളാണ് (മൊത്തത്തില്‍ 24ാംകാരി) യൂനിസ് ഡിസൂസ. വിലാസം ഇങ്ങനെ: ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇംഗ്ലീഷ്, സെന്റ് സേവ്യേഴ്‌സ് കോളേജ്, ബോംബെ400001. അന്നവര്‍ അവിടെ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു. പിന്നീട് ദീര്‍ഘകാലം ആ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേധാവിയായി. വിരമിക്കുന്നതും അങ്ങനെയാണ്. 

ജീത് തയ്യിൽ എഡിറ്റ് ചെയ്ത ദ പെൻ​ഗ്വിൻ
ബുക്ക് ഓഫ് ഇന്ത്യൻ പോയറ്റ്സ് സമാഹാരം

യൂലിസസിന്റെ കുരുക്കഴിച്ച ഗുരുനാഥ

യൂനിസ് പുകവലിക്കും. അക്കാലത്ത് എന്നെ സംബന്ധിച്ച് പുകവലിക്കുന്ന സ്ത്രീകള്‍ അദ്ഭുത കാഴ്ചയായിരുന്നു. ഞാനവരോട് സിഗരറ്റ് ചോദിക്കും, അവര്‍ മടിയൊന്നുമില്ലാതെ തരും. ഞങ്ങള്‍ ഒന്നിച്ചിരുന്നു പുകവലിക്കും. സിഗരറ്റ് തരാം, പക്ഷേ, ക്ലാസ്സില്‍ ഞാന്‍ ഉപയോഗിക്കുന്ന ദാഹശമിനി ചോദിക്കരുത്, തരില്ല, അതെനിക്കു മാത്രമുള്ളതാണ് എന്നു പറഞ്ഞ് യൂനിസ് കുടുകുടെ ചിരിക്കും. അവര്‍ സംസാരിച്ചു തുടങ്ങിയാല്‍ സാഹിത്യവും സിനിമയും കെട്ടുപിണയുന്ന ഒരു ലോകം പതുക്കെ പതുക്കെ തുറന്നുവരും. എത്രയോ സായാഹ്നങ്ങള്‍ അവരുമായി അതിദീര്‍ഘമായി സംസാരിക്കാന്‍ എനിക്കു കഴിഞ്ഞു. ക്ലാസ്സിലെ ചോദ്യങ്ങള്‍, തര്‍ക്കങ്ങള്‍, മിടുക്കന്‍ വിദ്യാര്‍ത്ഥി രൂപകങ്ങളൊന്നും യൂനിസിനെ ആകര്‍ഷിച്ചില്ല. സുരേഷ് ചാബ്രിയ, സതീഷ് ബഹാദൂര്‍, ഗീതാഞ്ജലി മുഖര്‍ജി, പി.കെ. നായര്‍ തുടങ്ങിയവരുടെ ക്ലാസ്സുകളിലൊന്നും യൂനിസ് ചോദ്യം ചോദിക്കുന്നതോ തര്‍ക്കിക്കുന്നതോ കണ്ടിട്ടില്ല. ക്ലാസ്സ് കഴിഞ്ഞു പുറത്ത് കാന്റീനിലോ മരച്ചുവട്ടിലോ വെച്ച് അവരുമായി കടുകടുത്ത ഭാഷയില്‍ തര്‍ക്കിക്കുകയും ചെയ്യും. എന്തുകൊണ്ടിങ്ങനെ എന്നു ചോദിച്ചാല്‍ എന്റെ മണ്ടത്തരങ്ങള്‍ പൊതു പ്രഖ്യാപനമാക്കാന്‍ താല്പര്യമില്ലാത്തതുകൊണ്ട് എന്നു പറഞ്ഞൊഴിയും. എന്നാല്‍, അവര്‍ ക്ലാസ്സ് മുറിക്ക് പുറത്തു നടത്തുന്ന സംവാദങ്ങള്‍ അദ്ധ്യാപകരെ കുഴക്കുന്നുണ്ടെന്ന് അവരുടെ ശരീരഭാഷ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാന്‍ ഒട്ടും വിഷമമുണ്ടായിരുന്നില്ല.

യൂനിസിന്റെ ഇംഗ്ലീഷ് മനസ്സിലാക്കാന്‍ ഞാന്‍ കഷ്ടപ്പെട്ടു. അതു പറഞ്ഞപ്പോള്‍ എനിക്കുവേണ്ടി സംസാരം പതുക്കെയാക്കി. കവിതയെക്കുറിച്ച് എന്തു സംസാരിക്കും, എങ്ങനെ സംസാരിക്കും, അതിനകത്തേക്ക് എങ്ങനെ കയറിപ്പറ്റും, അതില്‍നിന്നും എങ്ങനെ ഇറങ്ങിപ്പോരും  ഇതാണ് ജീവിതത്തില്‍ ഞാന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ഒരു സായാഹ്നത്തില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിസ്ഡം ട്രീയുടെ തണലിലിരുന്ന് അവര്‍ പറഞ്ഞത് ഇന്നും എന്റെ ഓര്‍മ്മകളിലുണ്ട്. അക്കാലത്ത് യൂനിസ് കവിതകളെഴുതിയിരുന്നുവോ? ഉണ്ടായിരിക്കും, പക്ഷേ, അന്നവര്‍ കവി എന്ന നിലയില്‍ പ്രശസ്തയായിരുന്നില്ല. ആ ദിവസങ്ങളിലൊരിക്കലും അവര്‍ സ്വന്തം കവിതയെക്കുറിച്ചു പറയുകയോ സ്വന്തം വായിക്കുകയോ ഒന്നും ഉണ്ടായിട്ടില്ല. യൂലിസസ് എങ്ങനെ വായിച്ചു മനസ്സിലാക്കാം എന്ന് എന്നെ പഠിപ്പിച്ചത് യൂനിസ് ആണ്. ഞാന്‍ ആ നോവലുമായി കുറേക്കാലമായി കെട്ടിമറിയുകയായിരുന്നു. അവര്‍ ഒരു വായനക്കാരന്റെ പ്രതിസന്ധിയെ കരുണയോടെ പരിചരിച്ചു. ക്ഷമയും കരുണയുമാണ് യൂലിസസിന്റെ താക്കോല്‍, ജീവിതത്തിന്റേയും എന്നവര്‍ പറഞ്ഞുതന്നത് ഖബറിലോളം മറക്കാന്‍ കഴിയില്ല. ഇന്നും ഇടയ്ക്ക് യൂലീസസിന്റെ ചില ഭാഗങ്ങള്‍ വായിക്കുമ്പോള്‍ ഞാന്‍ യൂനിസിനെ ഓര്‍ക്കും. ഇംഗ്ലീഷ് വായനയുടെ കുരുക്കുകള്‍ അഴിച്ചുതന്ന എന്റെ ഗുരുനാഥ കൂടിയായിരുന്നു അവര്‍.

എന്നാല്‍, യൂനിസിന്റെ കവിതകള്‍ പില്‍ക്കാലത്ത് ഞാനധികം പിന്തുടരുകയുണ്ടായില്ല. അവര്‍ ഇന്ത്യന്‍ഇംഗ്ലീഷ് കവിതയിലെ ഒരു പ്രധാന ശബ്ദമായി മാറിയതും ഞാനറിഞ്ഞില്ല. 2017ല്‍ അവര്‍ മരിച്ചത് ഞാനറിയുന്നത് ഇപ്പോള്‍ മാത്രമാണ്. അവരെ ഞാന്‍ ഇടയ്ക്കിടെ ഓര്‍ക്കുമായിരുന്നു, എന്നാല്‍, അവരിലെ കവിയെ തിരിച്ചറിയാനേ കഴിഞ്ഞില്ല. ഇന്ത്യന്‍ഇംഗ്ലീഷ് കവിതയേക്കാള്‍ പ്രധാനപ്പെട്ട കവിത പ്രാദേശിക ഭാഷകളിലാണ് സംഭവിക്കുന്നതെന്ന വിശ്വാസം അന്നും ഇന്നും ഉള്ളതുകൂടി ഇതിനു കാരണമായേക്കാം. വായനയുടെ വഴികളില്‍ അങ്ങനെ ചിലപ്പോള്‍ സംഭവിക്കും; വളരെ അടുത്ത ബന്ധമുണ്ടായിരുന്ന ഒരാള്‍ എഴുത്തുകാരിയായിരുന്നു എന്ന് അറിയാതെ പോകുന്നതുവരെ! അതെ, യൂനിസിന്റെ കാര്യത്തില്‍ ഒരു വായനക്കാരന്‍ എന്ന നിലയില്‍ എനിക്കത് സംഭവിച്ചു. അവര്‍ എനിക്ക് യൂലിസിസ് വായിക്കാന്‍ പഠിപ്പിച്ച ഗുരുനാഥയും നേര്‍പ്പിച്ച വിസ്‌കിയുമായി ക്ലാസ്സില്‍ വന്നിരുന്ന സഹപാഠിയും ആയിരുന്നു. 

കുട്ടിയായിരിക്കുമ്പോള്‍ തന്നെ അച്ഛന്‍ നഷ്ടപ്പെട്ടത് ജീവിതത്തിലെ ഇരുട്ടിലാക്കിയതിനെക്കുറിച്ച് അന്ന് അവര്‍ സൂചിപ്പിച്ചിരുന്നു. ഗോവയില്‍ വേരുകളുള്ള അവരുടെ കുടുംബം പൂനയിലും പിന്നീട് ബോംബെ(അന്ന് മുംബൈ ആയിട്ടില്ല)യിലുമായിരുന്നു. പോര്‍ച്ചുഗീസ് കോളനി മുദ്രകളെ ഭാഷയില്‍ എങ്ങനെ കുടഞ്ഞെറിയണമെന്ന് എന്നും അവര്‍ ആലോചിച്ചു. അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചും പൂനയിലെ സായാഹ്നങ്ങളില്‍ അവര്‍ സംസാരിച്ചു, ഞാനത് നിശ്ശബ്ദനായി അതെല്ലാം കേട്ടിരുന്നു. 

വൈന്‍ ഗ്ലാസ്സിന്റെ സാന്നിധ്യമുള്ള എഴുത്തുമേശക്കരികെ സാരിയണിഞ്ഞ് ഇരുന്നെഴുതുന്ന അവരുടെ ഒരു ഫോട്ടോഗ്രാഫ് ഇന്റര്‍നെറ്റില്‍ ഹിന്ദുവില്‍ കണ്ടു. അവര്‍ പൂനക്കാലത്ത് സാരിയുടുത്ത് കണ്ടിട്ടേയില്ല. മധു കപ്പറത്തിന്റെ ചിത്രത്തില്‍ തറയിലിരിക്കുന്ന അവരുടെ കയ്യില്‍ എരിയുന്ന സിഗരറ്റും തൊട്ടടുത്ത് വളര്‍ത്തു നായയുമുണ്ട്. ആ ചിത്രങ്ങള്‍ ഇന്നു നോക്കുമ്പോള്‍ കാവ്യരൂപകങ്ങള്‍ ആയിത്തന്നെ തോന്നും. യൂനിസിനെ കൂടുതല്‍ മനസ്സിലാക്കാന്‍ അതു സഹായിക്കുന്നു. സ്വന്തം കവിത പ്രസിദ്ധീകരിക്കുന്നതിനൊപ്പം പല കവികളുടേയും കവിതകള്‍ ചേര്‍ത്തുള്ള കാവ്യസമാഹാരങ്ങള്‍ ഇറക്കാനാണ് യൂനിസ് കൂടുതലായി ശ്രമിച്ചതെന്ന് മനസ്സിലാക്കാന്‍ കഴിയും. രണ്ടു നോവലുകളും യൂനിസ് എഴുതിയിട്ടുണ്ട്. യൂനിസ് തന്റെ ജീവിതത്തിന്റെ സിംഹഭാഗം പിന്നിട്ട ബോംബെ/മുംബൈയില്‍ വിമാനത്താവളത്തിലെ ക്രോസ്‌വേര്‍ഡ് പുസ്തകശാലയില്‍ ഈ പുസ്തകം കുറച്ചുദിവസം മുന്‍പ് റാക്കിലിരിക്കുന്നത് കണ്ടപ്പോള്‍ സത്യത്തില്‍ എന്റെ കണ്ണുകള്‍ നനഞ്ഞു. അതിനും കുറച്ചു ദിവസം മുന്‍പ് ആ കവിയെ തിരിച്ചറിഞ്ഞതിനാല്‍ യൂനിസിനോടു സംസാരിച്ചിരുന്ന ആ ദിവസങ്ങളിലെന്നപോലെ ഞാനാ മുഖചിത്രത്തിലേക്ക് ഏറെ നേരം നോക്കിനിന്നു. 

ഈ സമാഹാരത്തിലെ യൂനിസിന്റെ 12 കവിതകള്‍ വായിച്ചപ്പോള്‍ മാത്രമാണ് അവര്‍ കവിതയുടെ വഴികളിലൂടെ ഏറെ ദൂരം നടന്നുവെന്ന് മനസ്സിലായത്. വളരെ ഇഷ്ടം തോന്നിയ എന്റെ ഗുരുനാഥയുടെ/സഹപാഠിയുടെ ചെറിയ/ലളിതമായ ഒരു കവിത വിവര്‍ത്തനം ചെയ്ത് ഞാനവര്‍ക്കുള്ള ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ. 

പശ്ചിമഘട്ടം

എന്റെ ചിതാഭസ്മം
പശ്ചിമഘട്ടത്തില്‍ 
വിതറുക.
അവിടം എപ്പോഴും
വീടായിത്തന്നെയാണ്
തോന്നിയിട്ടുള്ളത്. 
പുള്ളിപ്പുലികള്‍ക്ക്
കവിതാക്കമ്പം 
കൂടിയുണ്ടാകട്ടെ.
കാക്കകളും തത്തകളും
അവരുടെ ശബ്ദം
ക്രമീകരിക്കാനും 
വിന്യസിക്കാനും
പഠിക്കട്ടെ. 
കാലം തെറ്റി
അവിടെ മഞ്ഞും
വെള്ളച്ചാട്ടവും 
പുല്ലും പൂക്കളും
ഉണ്ടാകാനിടയാകട്ടെ.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com