കാലുഷ്യം നിറഞ്ഞ സാമൂഹിക മനസ്സില്‍ മുസ്ലിമിനോട് അകലാന്‍ ഒരു കാരണം കൂടിയായി

ആ ഘോഷയാത്രകളില്‍ അന്യ മത വിരോധമോ വിദ്വേഷം നിറഞ്ഞ മുദ്രാവാക്യം വിളികളോ ഉണ്ടായിരുന്നില്ല. ഇതര മതക്കാരും ഘോഷയാത്ര പോകുന്ന വഴിയരികില്‍ കാഴ്ചക്കാരായി നില്‍ക്കുമായിരുന്നു
thaha
thaha

ദ്രസയിലെ നബിദിന ഘോഷയാത്രയില്‍ പാട്ടുകളും (നബി കീര്‍ത്തനങ്ങള്‍) അള്ളാഹുവിനെ സ്തുതിച്ചുകൊണ്ടുള്ള തക്ബീര്‍ വിളികളും മധുരപലഹാര വിതരണങ്ങളുമുണ്ടാവാറുണ്ട്. ഈ ലേഖകന്‍ ബാല്യത്തില്‍ നബിദിന ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നു. ആണ്‍കുട്ടികള്‍ മാത്രമല്ല, പെണ്‍കുട്ടികളും അന്നത്തെ ഘോഷയാത്രകളില്‍ പങ്കെടുത്തിരുന്നു. കയ്യില്‍ കൂമ്പാരമായി നിറയുന്ന മിഠായികളും ബിസ്‌കറ്റുകളുമാണ് കുട്ടികളുടെ സന്തോഷത്തിനു പ്രധാന കാരണം.

ആ ഘോഷയാത്രകളില്‍ അന്യ മത വിരോധമോ വിദ്വേഷം നിറഞ്ഞ മുദ്രാവാക്യം വിളികളോ ഉണ്ടായിരുന്നില്ല. ഇതര മതക്കാരും ഘോഷയാത്ര പോകുന്ന വഴിയരികില്‍ കാഴ്ചക്കാരായി നില്‍ക്കുമായിരുന്നു. മൈത്രി ഒരു നാട്ടുവെളിച്ചമായി അന്യോന്യം പകര്‍ന്നിരുന്നു. മുസ്ലിം കുട്ടികള്‍ അന്നു പ്രധാനമായും പങ്കെടുത്തിരുന്നത് നബിദിന ഘോഷയാത്രകളിലാണ്.

എന്നാല്‍, ഇപ്പോള്‍ മുതിര്‍ന്നവര്‍ നടത്തുന്ന രാഷ്ട്രീയ ശക്തിപ്രകടനങ്ങളിലും കുട്ടികളെ കാണാം. അങ്ങനെയൊരു കുട്ടിയെ തലയിലെഴുന്നള്ളിച്ച് വെറുപ്പ് പടര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചത് ഇതിനകം കാലുഷ്യം നിറഞ്ഞ സാമൂഹിക മനസ്സില്‍ മുസ്ലിമിനോട് അകലാന്‍ ഒരു കാരണം കൂടിയായി.
ഇപ്പോള്‍ കാലുഷ്യത്തിന്റെ നാല്‍ക്കവലയിലാണ് മലയാളികള്‍ നില്‍ക്കുന്നത്. വെറുപ്പിന്റെ മുദ്രാവാക്യങ്ങള്‍ ഒരു കുട്ടി വിളിച്ചുപറയുമ്പോള്‍, ആ സംഘടന മാത്രമല്ല, മുസ്ലിം സമുദായവും ഗുരുതരമായ അന്യതയിലേയ്ക്ക് കൂടുതല്‍ വഴിമാറി പോവുകയാണ്. ഏതര്‍ത്ഥത്തിലും ശൈശവം നിര്‍ണ്ണായകമാണ്. സമൂഹത്തില്‍ നടക്കുന്ന ഓരോ ചലനവും അവര്‍ നിരീക്ഷിക്കുന്നുണ്ടാവാം. എന്നാല്‍, മുതിര്‍ന്നവരുടെ റാലിയില്‍ ഒരു കുട്ടി പങ്കെടുത്ത് അത്തരമൊരു കിടിലമായ മുദ്രാവാക്യം വിളിക്കുമ്പോള്‍, 'പ്രായം' എന്ന മാനദണ്ഡത്തെ തന്നെയാണ് റദ്ദാക്കുന്നത്. കുട്ടികളുടെ മേലുള്ള കടുത്ത അധികാര പ്രയോഗമാണത്. രാഷ്ട്രീയ/സാമുദായിക റാലികളില്‍നിന്നു കുട്ടികളെ മാറ്റി നിര്‍ത്തേണ്ടത് സാമൂഹിക കടമയായി എല്ലാവരും കാണേണ്ടതാണ്.

എന്നാല്‍, അത്തരം പ്രതീക്ഷകളെ നിറവേറ്റുന്ന അന്തരീക്ഷമല്ല കേരളത്തിലുള്ളത്. സമുദായങ്ങള്‍ പരസ്പരം വെറുപ്പിന്റെ വസ്ത്രമണിയിക്കുകയാണ്. ബീഫ്, ചായ, ബിസ്‌കറ്റ്, സാമ്പാറ് പൊടി, ഹലാല്‍ ഫുഡ്, കുന്തിരിക്കം... ഭക്ഷണങ്ങളില്‍ മാത്രമല്ല, പല വ്യഞ്ജനങ്ങളിലും വെറുപ്പ് പടരുകയാണ്. കെട്ടുകഥകള്‍ പറഞ്ഞാണ് മുസ്ലിങ്ങള്‍ക്കെതിരെ ഒരു വിഭാഗം വെറുപ്പ് ഉല്പാദിപ്പിക്കുന്നത് എന്നതും ഒരു യാഥാര്‍ത്ഥ്യമായി മുന്നിലുണ്ട്.

കുട്ടികളെയെങ്കിലും വെറുപ്പിന്റെ ഈ ആള്‍ക്കൂട്ട മുദ്രാവാക്യ യുദ്ധങ്ങളില്‍നിന്നു മാറ്റിനിര്‍ത്തൂ എന്ന് ആര്‍ജ്ജവത്തോടെ പറയാന്‍ സമുദായ നേതൃത്വം തയ്യാറാവണം. സ്റ്റേജില്‍ സമ്മാനം വാങ്ങാന്‍ കയറുന്ന പത്തു വയസ്സുകാരിയേയല്ല, വിദ്വേഷം കുത്തിനിറച്ച മുദ്രാവാക്യം വിളിക്കുന്ന ആണ്‍കുട്ടിയെയാണ് നാം അടിയന്തിരമായി തിരുത്തേണ്ടത്.

വൈലോപ്പിള്ളി എഴുതിയ:
''വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍
വയ്യാത്ത കിടാങ്ങളെ
ദീര്‍ഘദര്‍ശനം ചെയ്യും 
ദൈവജ്ഞരല്ലോ 
നിങ്ങള്‍'' - എന്ന വരികള്‍ പുതിയ കാലത്ത് കുട്ടികള്‍ തന്നെ തിരുത്തുകയാണ്. വാക്കുകള്‍ കൂട്ടിച്ചൊല്ലി, കാലുഷ്യത്തിന്റെ കാലം അവര്‍ ദീര്‍ഘദര്‍ശനം ചെയ്യുകയാണോ?

രണ്ട്

ജൂണില്‍ സ്‌കൂള്‍ തുറക്കുന്നത്, കൊവിഡ് എന്ന പകര്‍ച്ചവ്യാധിയാല്‍ ലോകം സ്തംഭിച്ചു നിന്ന നാളുകള്‍ക്കുശേഷമാണ്. എന്നാല്‍, വലിയൊരു നഷ്ടബോധത്തോടെയാവണം, കുട്ടികള്‍ സ്‌കൂളില്‍ പോവുക. ഇത്രയും കാലം ഒരവയവംപോലെ കൂടെ കൊണ്ടുനടന്ന മൊബൈല്‍ ഫോണ്‍ വീട്ടിലേല്പിച്ചാണ് സ്‌കൂളിലേക്കുള്ള മടക്കം. ടീച്ചര്‍മാരെ കണ്‍വെട്ടിച്ചു നടത്തിയ ചാറ്റുകള്‍ ഇനി നടക്കില്ല, മൂര്‍ത്തമായ യാഥാര്‍ത്ഥ്യമായി അവരിനി മുന്നിലുണ്ട്.

ക്ലാസ്സ് മുറിയേക്കാള്‍ കുട്ടികള്‍ ഫ്രീഡം അനുഭവിച്ചത് ഓണ്‍ലൈന്‍ ക്ലാസ്സുകളിലാണ്. സാങ്കേതിക പരിജ്ഞാനവും വര്‍ദ്ധിച്ചു. എന്നാല്‍, വൈകാരികമായി അവരെ അതെങ്ങനെ ബാധിച്ചു എന്നറിയാന്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടതുണ്ട്. എന്തായാലും, ക്ലാസ്സ് മുറികളിലെ അടുപ്പത്തിന്റെ ആരവങ്ങളിലേക്ക് അവര്‍ മടങ്ങുകയാണ്.

ചെറിയ ഭയം തോന്നുന്നുണ്ട്.

അവര്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം കുട്ടികളായി അകമേ എരിയുന്ന നെരിപ്പോടുകളുമായിട്ടായിരിക്കുമോ ബെഞ്ചിലിരിക്കുക? തെരുവിലെ വെറുപ്പുകള്‍ ക്ലാസ്സ് മുറികളില്‍ പടര്‍ന്നു കയറാതിരിക്കാന്‍, അദ്ധ്യാപകരില്‍ ഉജ്വലമായ മത നിരപേക്ഷ ബോധം നിറയണം. സാമൂഹിക ബാധ്യത കുറേക്കൂടി വലുതാണ് ഇനി വരുംകാലം. പാഠപുസ്തകങ്ങളില്‍ മാത്രമല്ല, തെരുവില്‍ കേള്‍ക്കുന്ന മുദ്രാവാക്യങ്ങളിലും ഒരു ശ്രദ്ധ പതിപ്പിക്കലുണ്ടാവണം. 'അങ്ങനെയല്ല ശരി' എന്നു ബോധിപ്പിക്കാന്‍ 'എങ്ങനെയാവണം ശരി' എന്ന ഉദാത്തമായ മത നിരപേക്ഷ കാഴ്ചപ്പാടുകള്‍ ക്ലാസ്സ് മുറികള്‍ നിയന്ത്രിക്കുന്ന അദ്ധ്യാപകരുടെ 'മാനിഫെസ്റ്റോ'യായി മാറാണം. സമൂഹത്തില്‍ വെറുപ്പിന്റെ മുദ്രകളും വാക്യങ്ങളും നിറയുന്ന ഈ കാലത്ത് ഇതൊരു പ്രധാനപ്പെട്ട കാര്യമാണ്.

മൂന്ന്

ഗള്‍ഫിലെ 'കറാമ'യുടെ ചുറ്റുവട്ടം, മലയാളികളുടെ സഞ്ചാരപഥങ്ങളാണ്. ഓരോ ചുവടുവെപ്പിലും ഓരോ ഹോട്ടല്‍ കാണാം. ആ ഹോട്ടലുകള്‍ നിലനില്‍ക്കുന്നത്, ഭക്ഷണപ്രിയരായ മലയാളികളുടെ കുടുംബ സംഗമങ്ങള്‍ കൊണ്ടാണ്. ഒറ്റയ്ക്കിരുന്നല്ല, കുടുംബവും ബന്ധുമിത്രാദികളോടൊപ്പമിരുന്നും മൈത്രി പങ്കിടുന്നു. 

കറാമയിലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് പരിചയപ്പെട്ട മലയാളിയായ മുനീറിനും മറുകര നല്‍കുന്ന സ്‌നേഹത്തെക്കുറിച്ചാണ് പറയാനുണ്ടായിരുന്നത്. ഇരുപതു വര്‍ഷമായി മുനീര്‍ ഗള്‍ഫില്‍ തൊഴില്‍ ജീവിതം നയിക്കുന്നു. ബാര്‍ബറായി നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ സാമൂഹ്യമായ അംഗീകാരം ഗള്‍ഫിലാണെന്ന് മുനീര്‍ പറഞ്ഞു.

''ഞങ്ങളുടെ കുടുംബ തൊഴില്‍ ബാര്‍ബര്‍ പണിയാണ്. ഒസ്സാന്‍ കുടുംബം. ഹെയര്‍ ഡിസൈനര്‍ എന്നല്ല, ഒസ്സാന്‍ എന്നു തന്നെയാണ് നാട്ടില്‍ ഇപ്പോഴും പറയുക. അങ്ങനെ വിളിക്കുന്നതില്‍ പരാതിയില്ല. എന്നാല്‍, അതിലൊരു മാറ്റിനിര്‍ത്തല്‍ നമ്മുടെ നാട്ടിലുണ്ട്. ഗള്‍ഫിലില്ല. വിവാഹം പോലെയുള്ള ആലോചനകളൊക്കെ നടക്കുമ്പോള്‍ ഓ, ഒസ്സാന്‍ കുടുംബത്തില്‍നിന്നാണല്ലേ... എന്ന ചോദ്യം. എല്ലാവരും തുല്യരാവുമ്പോള്‍ അങ്ങനെയൊരു മാറ്റിനിര്‍ത്തലിന്റെ കാര്യമില്ലല്ലോ... പക്ഷേ, നാട്ടിലുണ്ട്. അതുകൊണ്ട് പാരമ്പര്യമായി ബാര്‍ബര്‍ തൊഴില്‍ ചെയ്യുന്ന മുസ്ലിം കുടുംബത്തില്‍നിന്നു പുതിയ തലമുറ ഈ തൊഴില്‍ മേഖലയിലേക്ക് വരില്ല...'' -മുനീര്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഖോര്‍ഫുക്കാനിലെ ഒരു ബാര്‍ബര്‍ ഷോപ്പിലായിരുന്നു മുനീറിനു ജോലി. ഗള്‍ഫില്‍ വന്നയുടനെയായിരുന്നു. ഗള്‍ഫില്‍ മലയാളികള്‍ ആദ്യം കടല്‍ കടന്നെത്തിയ ഖോര്‍ഫുക്കാനിലാണ്. ഇന്നത് മനോഹരമായ ഉദ്യാന നഗരിയാണ്. കുന്നുകള്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്ന മനോഹരമായ പള്ളിയുമുണ്ടവിടെ. സ്വച്ഛമായി കാറ്റു കൊണ്ടിരിക്കാന്‍ മലയാളികള്‍ അവിടെ സന്ദര്‍ശിക്കുന്നു.

ഖോര്‍ഫുക്കാനില്‍, മുനീര്‍ ജോലി ചെയ്തിരുന്ന ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാന്‍ ഒരു അറബി വരുമായിരുന്നു. അവിടെ ആ നേരമുണ്ടായിരുന്നവരുടെയെല്ലാം മുടി വെട്ടിയതിന്റെ പ്രതിഫലം ആ അറബിയായിരുന്നു കൊടുത്തിരുന്നത്. അതു കൂടാതെയും ആ അറബി ദാനം ചെയ്തു...

ഒസ്സാന്‍ എന്ന നിലയില്‍ ഒരു തരത്തിലുള്ള മാറ്റിനിര്‍ത്തലിന്റെ അനുഭവവും ഗള്‍ഫില്‍ നിന്നുണ്ടായിട്ടില്ല. എന്നാല്‍, നാട്ടില്‍വെച്ച് ഒരു കല്യാണ വീട്ടില്‍വെച്ച് കൂട്ടുകാരോടൊപ്പം ഇരിക്കുമ്പോള്‍ ഒസ്സാനല്ലേ എന്നു പറഞ്ഞു മാറ്റിനിര്‍ത്തിയ അനുഭവമുണ്ടായിട്ടുണ്ട്. ഇപ്പോഴല്ല, വര്‍ഷങ്ങള്‍ക്കു മുന്‍പ്. ഇപ്പോള്‍ ആ അവസ്ഥ മാറിയിട്ടുണ്ടോ എന്നറിയില്ല. ഗള്‍ഫില്‍ ബാര്‍ബര്‍ എന്ന നിലയില്‍ എവിടെയും ഒരു മാറ്റി നിര്‍ത്തല്‍ ഉണ്ടായിട്ടില്ല...

ഹെയര്‍ സ്‌റ്റൈലില്‍ പുതിയ മാറ്റങ്ങള്‍ വരുന്നുണ്ട്, ഈ മാറ്റങ്ങള്‍ തൊഴിലില്‍ അപ്ഡേറ്റ് ചെയ്താലേ ഗള്‍ഫില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയൂ... പല രാജ്യങ്ങളില്‍നിന്നുള്ള മനുഷ്യരുടെ തലമുടിയാണ് കട്ട് ചെയ്യേണ്ടത്. പലതരം സ്‌റ്റൈലുകള്‍... ഇങ്ങനെ ബാര്‍ബര്‍ഷാപ്പ് എല്ലാ നാട്ടിലുമുള്ള മനുഷ്യര്‍ വന്നിരിക്കുന്ന ഇടമായി മാറുന്നു. തൊഴില്‍പരമായി നാട്ടിലുള്ളതിനേക്കാള്‍ സമ്പാദ്യമുണ്ടാക്കാന്‍ സാധിച്ചത് ഇവിടെ വന്നതു കൊണ്ടാണ്, അതോടൊപ്പം സാമൂഹ്യമായ അന്തസ്സും കിട്ടി.

യഥാര്‍ത്ഥത്തില്‍, മുനീര്‍ പറഞ്ഞതില്‍, ഒസ്സാന്മാരോട് മുസ്ലിം സമൂഹം കാണിക്കുന്ന അരികുവല്‍ക്കരണത്തിന്റെ സങ്കടമുണ്ട്. ഇന്നും ഒസ്സാന്മാരോട് പ്രമാണിമാരായ മുസ്ലിം തറവാടുകള്‍ പക്ഷപാതിത്വപരമായ വിവേചനം കാണിക്കുന്നതു കാണാം. സവര്‍ണ്ണത, എല്ലാ മതങ്ങളുടേയും മുഖമുദ്രയാണ്. ഇസ്ലാമില്‍ അങ്ങനെയൊന്നുമില്ല എന്നു പറയുമെങ്കിലും വാസ്തവത്തില്‍ മാറ്റിനിര്‍ത്തലുകളുണ്ട്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com