ജീവിതത്തില്‍ ഉലകങ്ങള്‍ സൃഷ്ടിച്ച ഉലകംതറ

അടുത്തിടെ അന്തരിച്ച  അദ്ധ്യാപകനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന പ്രൊഫ. മാത്യു ഉലകംതറയുടെ എഴുത്തും ജീവിതവും
ജീവിതത്തില്‍ ഉലകങ്ങള്‍ സൃഷ്ടിച്ച ഉലകംതറ

വെച്ചൂര്‍ കൈതാരത്തു മഠം വക ഉലകംതറ പറമ്പില്‍ പാട്ടക്കൃഷി നടത്താന്‍ കുടിയേറിയ കുനത്തില്‍ പൈലോ വര്‍ക്കിയുടേയും അന്നമ്മയുടേയും മകന്‍ മാത്തുക്കുട്ടി എങ്ങനെയാണ് മലയാളം അറിയുന്ന സാഹിത്യ വിമര്‍ശകനും പ്രഭാഷകനും അദ്ധ്യാപകനും പത്രാധിപരും മതചിന്തകനും ഒക്കെയായി മാത്യു ഉലകംതറ (19312022) ആയിത്തീര്‍ന്നത്? പാടങ്ങളും ചിറകളും കൊണ്ട് ചുറ്റപ്പെട്ട ഉലകന്മാരുടെ നിവാസകേന്ദ്രമായിരുന്ന ഉലകന്‍തറയില്‍നിന്ന് എങ്ങനെയാണ് മാത്തുക്കുട്ടി അക്ഷരകീര്‍ത്തനം നടത്തിയ മഹാകവി മാത്യു ഉലകംതറയായി ഉയര്‍ന്നത്? ദാരിദ്ര്യത്തിന്റേയും ദുരിതങ്ങളുടേയും ഉലയില്‍ കിടന്നു ഉലയാതെ എങ്ങനെയാണ് മാത്തുക്കുട്ടി എഴുത്തിലും ജീവിതത്തിലും പുതിയ ഉലകം സൃഷ്ടിച്ച മാത്യു ഉലകംതറയായിത്തീര്‍ന്നത്? 

ഉലകന്‍തറയില്‍ പാട്ടക്കൃഷി നടത്തിയ അപ്പനും അടച്ചുതൂപ്പൊട്ടുകാരനായിരുന്ന വല്യപ്പന്‍ കുനത്തില്‍ പൈലോ എന്ന പാപ്പി ആശാനും കുടുംബത്തിന്റെ ദാരിദ്ര്യമകറ്റാനുള്ള പോരാട്ടത്തില്‍ ജയിച്ചുകയറാന്‍ കഴിഞ്ഞില്ലെങ്കിലും കുടികിടന്ന മണ്ണിലെ തീക്കുഴിയില്‍നിന്നു മാത്തുക്കുട്ടിയെന്ന മാത്യു അക്ഷരങ്ങളുടെ കനലുകള്‍ വാരിയെടുക്കുന്ന പോരാട്ടത്തില്‍ വിജയിച്ചു. പിന്നെ ആ കനലുകള്‍ക്കു മീതെ സഞ്ചരിച്ചാണ് മാത്യു ഉലകംതറ അക്ഷരങ്ങളുടേയും അനുഭവങ്ങളുടേയും അറിവുകളുടേയും ഉലകങ്ങള്‍ കെട്ടിപ്പടുത്തത് അതിന്റെ വല്ലഭനായിത്തീര്‍ന്നത്.

മാത്യു ഉലകംതറ ആത്മകഥയെഴുതിയിരുന്നെങ്കില്‍ അത് അതിജീവനത്തിന്റെ മഹത്തായ ഒരു കഥയാകുമായിരുന്നു. ദാരിദ്ര്യം മൂലം പത്താംവയസ്സില്‍ പഠനം അവസാനിപ്പിച്ചവനാണ് മാത്യു ഉലകംതറ. കുടുംബത്തിന്റെ പ്രാരബ്ധമകറ്റാന്‍ അദ്ദേഹം അന്ന് കപ്പലണ്ടിക്കച്ചവടക്കാരനായി. 'ഇന്നു രൊക്കം നാളെ കടം' എന്നെഴുതിയ ബോര്‍ഡ് വച്ചു കച്ചവടം തുടങ്ങിയ ഈ കച്ചവടക്കാരന്‍ 'ഇന്നു കടം നാളെ രൊക്കം' എന്ന മട്ടില്‍ കടംകയറി ആ പരിപാടി വൈകാതെ അവസാനിപ്പിച്ചു! യുദ്ധകാലത്തു വീട്ടിലെ പട്ടിണി മാറ്റാന്‍ ഈ ഏഴാംക്ലാസ്സുകാരന്‍ പിന്നെ അപ്പന്റെ കൂടെക്കൂടി. കന്നുകാലികള്‍ക്കു പുല്ലുചെത്തി വില്‍ക്കുന്ന ജോലി ഏറ്റെടുത്തു. നെല്‍പ്പാടത്ത് കാളയെ പൂട്ടി നിലം ഉഴുന്ന ജോലിയും ചെയ്തു. ഇങ്ങനെ എത്ര പലവേലകള്‍!

അപ്പന്റെ കൂടെ പലവേലകള്‍ ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട മാത്തുക്കുട്ടി പ്രൈമറി ക്ലാസ്സില്‍ പലതവണ തോറ്റിട്ടുണ്ട്. നാലാം ക്ലാസ്സില്‍ തോറ്റതോടെ അപ്പന്റെ കൂടെ ചക്കാട്ടാന്‍ പോയി. അപ്പന്‍ പിന്നീട് വീട്ടുമുറ്റത്തു സ്വന്തമായി ഒരു എണ്ണച്ചക്ക് ഇട്ടപ്പോള്‍ ആ ചക്കിലിരുന്നു എത്രയോ ദിനരാത്രങ്ങളില്‍ മാത്തുക്കുട്ടി ഉലകത്തിന്റെ ആഴവും അനന്തതയും കണ്ടിരിക്കുന്നു. ഇങ്ങനെ ഏഴാം ക്ലാസ്സ് വരെ പിടിച്ചുനിന്നപ്പോഴാണ് പഠനം അവസാനിപ്പിച്ചു കപ്പലണ്ടിക്കച്ചവടത്തിനായി ഇറങ്ങിപ്പുറപ്പെട്ടത്. കപ്പലണ്ടിക്കച്ചവടം പൊട്ടിയെങ്കിലും ഇച്ഛാശക്തി മാത്തുക്കുട്ടിയെ വീണ്ടും ഏഴാം ക്ലാസ്സില്‍ എത്തിച്ചു. മാത്തുക്കുട്ടിയുടെ പഠിക്കാനുള്ള മോഹം തിരിച്ചറിഞ്ഞ് അതിനു നിമിത്തമായതു നാട്ടുകാരനായ അഡ്വ. ജോസഫ് പഴേക്കടവില്‍ ആയിരുന്നു. ഏഴാം ക്ലാസ്സ് പാസ്സായാല്‍ ഒരു ഗുമസ്തപ്പണി കിട്ടുമെന്ന മോഹത്തിലാണ് മാത്തുക്കുട്ടി അങ്ങനെ അയ്യര്‍കുളങ്ങര ഗവണ്‍മെന്റ് മിഡില്‍ സ്‌കൂളില്‍ വീണ്ടും എത്തിയത്. അതൊരു വഴിത്തിരിവായിരുന്നു.

ബാല്യത്തില്‍ പട്ടിണി മാറ്റാന്‍ വലിയ  വക ഇല്ലായിരുന്നതിനാല്‍ മാത്തുക്കുട്ടി പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി. ഏറെ കമ്പം കവിതയിലായിരുന്നു. യുദ്ധകാലത്തു പട്ടിണിയേയും പ്രയാസത്തേയും അതിജീവിച്ചത് കവിത ഭക്ഷിച്ചാണെന്ന് മാത്യു ഉലകംതറ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്! കവിത അങ്ങനെ ഉലകംതറയുടെ ജീവിതത്തെ രക്ഷിച്ച മറ്റൊരു വഴിത്തിരിവായി. ഏഴാം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ അപ്പന്‍ മാത്തുക്കുട്ടിയെ വൈക്കം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് സെക്കന്‍ഡ് ഫോമില്‍ ചേര്‍ത്തു. തന്റെ ലോകം മലയാളമാണെന്നു മാത്തുക്കുട്ടി തിരിച്ചറിഞ്ഞത് സെക്കന്‍ഡ് ഫോമില്‍ വച്ചായിരുന്നു. ക്ലാസ്സില്‍ മലയാളം പരീക്ഷയുടെ ഉത്തരക്കടലാസ് പരിശോധിച്ച അദ്ധ്യാപകന്‍ മാത്തുക്കുട്ടിയുടെ എഴുത്തുശൈലിയെ പരസ്യമായി പ്രശംസിച്ചു. അത് 'കേശവീയം' മഹാകാവ്യത്തിലെ ഹതനായ പ്രസേനന്‍ എന്ന കാവ്യഭാഗത്തിന് എഴുതിയ വ്യാഖ്യാനത്തെ മുന്‍നിര്‍ത്തിയായിരുന്നു. സത്രാജിത്ത് തപസ്സു ചെയ്തു സമ്പാദിച്ചതും കൃഷ്ണഭഗവാന്‍ മോഹിച്ചതുമായ സ്യമന്തകരത്‌നം കടിച്ചുപിടിച്ചുകൊണ്ട് ആ കേസരിവീരന്‍ പലായന പരായണമായി എന്ന് മാത്തുക്കുട്ടി എഴുതിയതാണ് അദ്ധ്യാപകന്‍ ക്ലാസ്സില്‍ ഉദ്ധരിച്ചത്. അതോടെ മാത്തുക്കുട്ടി ക്ലാസ്സില്‍ മലയാളത്തിന്റെ 'അതോറിറ്റി' ആകുക മാത്രമല്ല, സ്‌കൂളില്‍ പഠനത്തിനു സ്‌കോളര്‍ഷിപ്പ് കിട്ടുന്ന വിദ്യാര്‍ത്ഥിയായി മാറുകയും ചെയ്തു.

മഹാരാജാസ് കാലം

അയര്‍ക്കുന്നത്തെ മിഡില്‍ സ്‌കൂളില്‍ 1941 വരെയും വൈക്കം ഗവണ്‍മെന്റ് സ്‌കൂളില്‍ 1949 വരെയും പഠിച്ചിട്ടുള്ള മാത്തുക്കുട്ടി ഉച്ചയ്ക്കു ഊണു കഴിച്ചിട്ടുള്ളത് കൂട്ടുകാര്‍ക്കൊപ്പം ഇല പങ്കിട്ടായിരുന്നു. കൂട്ടുകാരുടെ പൊതിച്ചോറിന്റെ മാധുര്യം തന്റെ നാവിന്‍തുമ്പത്തു തങ്ങിനില്‍ക്കുന്നുണ്ടെന്ന് ഉലകംതറ സാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍, ദാരിദ്ര്യത്തേയും ജീവിതത്തിലെ പ്രതികൂല അവസ്ഥകളേയും അദ്ദേഹം അതിജീവിച്ചത് മലയാളത്തിന്റെ മാധുര്യം മനസ്സില്‍ പേറിക്കൊണ്ടായിരുന്നു. ഹൈസ്‌കൂളില്‍ സാഹിത്യ സമാജവും കയ്യെഴുത്തു മാസികയും തുടങ്ങാന്‍ മാത്തുക്കുട്ടി നേതൃത്വം നല്‍കി. തന്റെ പത്രാധിപത്യത്തില്‍ തുടങ്ങിയ 'ബാലശബ്ദം' കയ്യെഴുത്തു മാസികയില്‍ കേക വൃത്തത്തില്‍ കവിതയെഴുതിയാണ് മാത്യു ഉലകംതറ സാഹിത്യ ലോകത്തേയ്ക്കു പിച്ചവച്ചുകേറിയത്. ഫോര്‍ത്തില്‍ പഠിക്കുമ്പോള്‍ എറണാകുളത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന 'കേരള പത്രിക' എന്ന പത്രത്തില്‍ ലേഖനമെഴുതിയത് ഹെഡ്മാസ്റ്റര്‍ കെ. മുഹമ്മദലിയുടെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹമാണ് ഉലകംതറയെ വടക്കുംകൂര്‍ രാജരാജവര്‍മ്മ, ഫാദര്‍ സി.കെ. മറ്റം എന്നിവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. സ്‌കൂളില്‍ വച്ചു കവിതകള്‍ ഈണത്തില്‍ ചൊല്ലാനുള്ള അവസരം ലഭിച്ചത് അക്ഷരശ്ലോക സദസ്സുകളിലേയ്ക്കു കടക്കാന്‍ ഇടയാക്കി. അങ്ങനെ ആശാനും ഉള്ളൂരും വള്ളത്തോളും ആ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ചുണ്ടില്‍ തത്തിക്കളിക്കാന്‍ തുടങ്ങി.

വൈക്കത്തെ മുനിസിപ്പല്‍ ലൈബ്രറിയില്‍നിന്നു പുസ്തകമെടുക്കാന്‍ സഹായിച്ചത് മുന്‍ എം.എല്‍.എ തോമസ് ഉണ്ണിയാടന്റെ പിതാവായിരുന്നു. ഉലകംതറയ്ക്കു പുസ്തകം നല്‍കാന്‍ അദ്ദേഹം ലൈബ്രറിയില്‍ ഡബിള്‍ മെമ്പര്‍ഷിപ്പ് എടുത്തു. അങ്ങനെ വൈക്കം ലൈബ്രറിയിലെ പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്തപ്പോള്‍ തോട്ടകം വിന്‍സെന്‍ഷ്യല്‍ സഭയുടെ വക ലൈബ്രറിയില്‍ ചെന്ന് പുസ്തകങ്ങള്‍ എടുത്തു വായിച്ചു. മതപരമായ പുസ്തകങ്ങള്‍ ബാല്യത്തില്‍ വായിക്കാന്‍ അവസരം ലഭിച്ചത് അങ്ങനെയാണ്. അങ്ങനെ വായനയിലൂടെ ആര്‍ജ്ജിച്ച അറിവും അനുഭവവും മാത്തുക്കുട്ടിയുടെ ജീവിതത്തില്‍ വലിയ മൂലധനമായി. സ്‌കൂള്‍ ഫൈനല്‍ വരെ ന്യൂസ്‌പേപ്പര്‍ ബോയ് എന്ന  നിലയില്‍ ജോലി ചെയ്തു. രാവിലെ വീടുകളില്‍ പത്രം വിതരണം ചെയ്തിട്ടാണ് സ്‌കൂളില്‍ പോയത്. സ്‌കൂള്‍ ഫൈനല്‍ പാസ്സായപ്പോള്‍ വക്കീല്‍ ഗുമസ്തപ്പണിക്കു പോകാന്‍ തുനിഞ്ഞതാണ്. എന്നാല്‍, സത്യദീപം പത്രാധിപര്‍ മോണ്‍. ജേക്കബ് നടുവത്തുശ്ശേരിയാണ് ഉലകംതറയെ പാലാ സെന്റ് തോമസ് കോളേജിലേക്ക് അയച്ചത്. അങ്ങനെ പാലാ കോളേജിന്റെ ആദ്യബാച്ചില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു. വൈക്കത്തു നിന്നു പാലാ വരെ ദിവസവും നടന്നും പണമുള്ളപ്പോള്‍ ഭക്ഷണം മുടക്കി ബസ് കയറിയുമാണ് ഉലകംതറ ഇന്റര്‍മീഡിയറ്റ് പഠിച്ചത്!

പാലാ കോളേജില്‍ പഠിക്കുമ്പോഴാണ് സാഹിത്യപരിഷത്ത് ജൂബിലി സമ്മേളനത്തില്‍ കവിതാ മത്സരത്തിലും കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ കവിതാ മത്സരത്തിലും സ്വര്‍ണ്ണമെഡല്‍ നേടിയത്. സാഹിത്യപരിഷത്തിന്റെ, സമ്മാനം വാങ്ങാന്‍ എറണാകുളത്തു പോയപ്പോള്‍ കണ്ട പ്രൊഫ. സി.എല്‍. ആന്റണി ഉലകംതറയുടെ ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവായി. ഉലകംതറയുടെ വഴി മലയാളത്തിന്റേതാണെന്ന് ആന്റണി മാസ്റ്റര്‍ പറയുക മാത്രമല്ല, മഹാരാജാസ് കോളേജില്‍ മലയാളം ബി.എ കോഴ്‌സില്‍ ചേരാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.

മഹാരാജാസില്‍ ജി. ശങ്കരക്കുറുപ്പിന്റേയും മറ്റും ശിഷ്യനാകാന്‍ കഴിഞ്ഞതും ഒട്ടേറെ എഴുത്തുകാരുമായി പരിചയപ്പെടാന്‍ കഴിഞ്ഞതും ഉലകംതറയെ എഴുത്തിന്റെ ലോകത്തിലേക്കു കടക്കാന്‍ പ്രചോദിപ്പിച്ചു. 'മലബാര്‍ മെയില്‍' പത്രത്തില്‍ പ്രൂഫ്‌റീഡറായി രാത്രി ജോലി ചെയ്തായിരുന്നു പ്രീഡിഗ്രിക്കു പണം സമ്പാദിച്ചത്. പ്രസ്സിന്റെ ഒരു പഴയ ഷെഡ്ഡിലായിരുന്നു താമസം. ഐ.സി. ചാക്കോയുടെ 'പാണിനീയ പ്രദ്യോതം' എന്ന പുസ്തകത്തിന്റെ പ്രൂഫ് വായിക്കാന്‍ അവസരം കിട്ടിയതോടെ പഠനത്തിനുള്ള പണത്തിനു ഞെരുക്കവും ഇല്ലാതായി. ഡബിള്‍ ഫസ്റ്റ് ക്ലാസ്സോടെ ബി.എ പരീക്ഷയ്ക്ക് ഉലകംതറ റാങ്ക് നേടി.

ബിരുദാനന്തര ബിരുദത്തിനു ചേര്‍ന്നു പഠിക്കാന്‍ പണമില്ലാത്തതിനാല്‍ ബി.എ പാസ്സായ ശേഷം തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ ഉലകംതറ ട്യൂട്ടറായി ജോലിയില്‍ പ്രവേശിച്ചു. ജോലിക്കൊപ്പം പ്രൈവറ്റായി പഠിച്ചാണ് മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്നു എം.എ നേടിയത്. 1954 മുതല്‍ 33  വര്‍ഷം തേവരയില്‍ ജോലി ചെയ്ത ഘട്ടത്തിലാണ് പ്രധാനപ്പെട്ട ഗദ്യകൃതികളെല്ലാം. ഉലകംതറ എഴുതിയ 1955ല്‍ പുറത്തിറങ്ങിയ 'സാഹിത്യം എങ്ങോട്ട്' എന്ന വിമര്‍ശന കൃതിയിലൂടെയാണ് ഉലകംതറ സാഹിത്യത്തെ  ശ്രദ്ധേയമായി മാറ്റിയതെങ്കിലും ആദ്യം അദ്ദേഹം പ്രസിദ്ധീകരിച്ചത് 'ആദ്യത്തെ മരണം അഥവാ നഷ്ടപുത്രിയായ ഹവ്വ' (1951) എന്ന ഖണ്ഡകാവ്യമായിരുന്നു. അതിനു അവതാരിക എഴുതിയ വടക്കുംകൂര്‍ രാജരാജവര്‍മ്മ പറഞ്ഞത്  ഉലകംതറ നല്ല മനോധര്‍മ്മം ഉള്ള കവി ആണെന്നാണ്. ബി.എയ്ക്ക് പഠിക്കുമ്പോള്‍ ഉലകംതറ പ്രസിദ്ധീകരിച്ചതും ഒരു കാവ്യസമാഹാരമായിരുന്നു. വെളിച്ചത്തിന്റെ മകള്‍ (1953). ജീവല്‍ പ്രശ്‌നങ്ങളെ, പ്രത്യേകിച്ച് കര്‍ഷകരും തൊഴിലാളികളും അനുഭവിക്കുന്ന ദയനീയ അവശതകളെ ഹൃദയസ്പൃക്കായ വിധം ചിത്രീകരിക്കുന്ന ഉലകംതറയെ ഒരു ജനകീയ കവി എന്നാണ് ഇതിന്റെ അവതാരികയില്‍ എ.ഡി. ഹരിശര്‍മ്മ വിശേഷിപ്പിച്ചിട്ടുള്ളത്. മുറിവുണക്കുന്ന സ്‌നേഹഗീതമാണ് ഈ കൃതിയെന്നാണ് ജി. ശങ്കരക്കുറുപ്പ് ഇതിനെ വിശേഷിപ്പിച്ചത്.

'സാഹിത്യം എങ്ങോട്ട്' എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയ കാലം മുതല്‍ ഉലകംതറ എഴുത്തിന്റെ ലോകത്തില്‍ വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ജനതയുടെ ചിന്തയേയും സംസ്‌കാരത്തേയും രൂപപ്പെടുത്തുന്ന സഹിത്യകാരനും സാഹിത്യത്തിനും സമസ്ത മനുഷ്യരേയും ഉള്‍ക്കൊള്ളുന്ന പ്രതിബദ്ധത വേണമെന്ന ആശയക്കാരനാണ് ഉലകംതറ. എഴുത്തുകാരന്റെ വിശ്വാസം സാഹിത്യത്തില്‍ പ്രതിഫലിക്കുന്നതു സ്വാഭാവികമാണെന്നും ഉലകംതറ വ്യക്തമാക്കി. പുതിയ കാഴ്ചപ്പാടിന്റെ ആലോചനകള്‍ ഉള്‍ക്കൊള്ളുന്ന കൃതിയാണ് 'ആലോചനാമൃതം' എന്ന വിമര്‍ശനഗ്രന്ഥമെന്ന് ജോസഫ് മുണ്ടശ്ശേരി അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്വതന്ത്രമായി ചിന്തിക്കാനും സ്വന്തം അഭിപ്രായത്തെ ധീരമായി അവതരിപ്പിക്കാനും ഉള്ള കഴിവിനേയും മുണ്ടശ്ശേരി ഇതിന്റെ അവതാരികയില്‍ ശ്ലാഘിച്ചിട്ടുണ്ട്. ഉലകംതറയെ നിരൂപകന്‍ എന്നല്ല സാഹിത്യവിമര്‍ശകന്‍ എന്നാണ് വിളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതെന്നു 'വിമര്‍ശന സോപാനം' എന്ന കൃതിയുടെ അവതാരികയില്‍ സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെട്ടിട്ടുണ്ട്. ആധുനിക കൃതികളെ ആസ്വാദകരുടെ മുന്‍പില്‍ ഈ വിമര്‍ശകന്‍ വസ്തുനിഷ്ഠയോടെ അവതരിപ്പിക്കുന്നുവെന്നും അഴീക്കോട് ചൂണ്ടിക്കാട്ടുന്നു. ഭീരുക്കളുടെ സ്വര്‍ഗ്ഗം, സാഹിത്യപീഠിക, അപൂര്‍വ്വ രശ്മികള്‍ എന്നിങ്ങനെ ശ്രദ്ധേയമായ വേറെയും വിമര്‍ശന ഗ്രന്ഥങ്ങളുണ്ട്.

സാഹിത്യവിമര്‍ശനത്തില്‍നിന്നു വീണ്ടും കവിതയില്‍ എത്തിയാണ് ഉലകംതറ തന്റെ കൈരളീ സപര്യ അവസാനിപ്പിച്ചത്. 1992ല്‍ എഴുതിയ 'ക്രിസ്തുഗാഥ'യിലൂടെ ഉലകംതറ അങ്ങനെ മഹാകവിയുമായി. മലയാളത്തിനു കിട്ടിയ മഹാഭാഗ്യമാണ് 'ക്രിസ്തുഗാഥ' എന്ന് ശൂരനാട്ട് കുഞ്ഞന്‍പിള്ള എഴുതിയിട്ടുണ്ട്. വലിയ സത്യങ്ങളേയും വലിയ സങ്കല്പങ്ങളേയും അവതരിപ്പിക്കാനുള്ള പ്രാഗത്ഭ്യമാണ് ഉലകംതറയുടെ 'ക്രിസ്തുഗാഥ'യില്‍ കാണുന്നതെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.

ഐ.സി. ചാക്കോ, അര്‍ണ്ണോസ് പാതിരി, ഇന്ദിരാ ഗാന്ധി, അമ്മ ത്രേസ്യ തുടങ്ങിയ ജീവചരിത്രങ്ങളും ശ്രീനാരായണഗുരു, വിശ്വപ്രകാശം എന്നീ പദ്യനാടകങ്ങളും നാഗമര്‍ദ്ദനം, തോമാശ്ലീഹാ വന്നാല്‍ എന്നീ തുള്ളലുകളും വിവര്‍ത്തനം, ഉപന്യാസം, ബാലസാഹിത്യം എന്നീ ഇനങ്ങളില്‍ ഉള്‍പ്പെടെ അന്‍പതോളം കൃതികളും ഉലകംതറ രചിച്ചിട്ടുണ്ട്. വര്‍ത്തമാനപ്പുസ്തകത്തിനു ഒരു ഭാഷാന്തരം തയ്യാറാക്കിയതും ഉലകംതറയാണ്. ഉലകംതറയുടെ സാഹിത്യജീവിതം വിവാദങ്ങളുടേതാണെങ്കിലും തന്റെ ആശയങ്ങളെ എതിര്‍ത്തവരെ ഒറ്റയ്ക്കു പൊരുതിയാണ് അദ്ദേഹം നേരിട്ടത്. ഉലകംതറയുടെ ജീവിതവും അങ്ങനെ ഒറ്റയ്ക്കുള്ള ഒരു പോരാട്ടമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com