ഇടതു സുഹൃത്തേ, രാഹുല്‍ എന്തു പിഴച്ചു?
By താഹ മാടായി | Published: 27th March 2022 05:52 PM |
Last Updated: 27th March 2022 05:52 PM | A+A A- |

ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അവലോകനം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ്സിനെ കയ്യൊഴിയുന്ന ഒരു ഇന്ത്യന്‍ ഭൂപടമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നുറപ്പാണ്. ഇന്ത്യയെ ഇങ്ങനെയും രേഖപ്പെടുത്താം. യുക്തിരഹിതമായ അത്ഭുതകഥകളുടെ ചിത്രകഥപോലെ ഒരു ഇന്ത്യ.
എന്നാല്‍, ഈ പരാജയത്തിന്റെ മുനമ്പില്‍ നില്‍ക്കുമ്പോഴും രാഹുല്‍ ഗാന്ധിയെ ഇഷ്ടപ്പെടാനുള്ള അഞ്ച് കാരണങ്ങള്‍ കണ്ടെത്തുകയാണ്. അഞ്ചിടത്ത് കോണ്‍ഗ്രസ് പൊട്ടിപ്പൊളിഞ്ഞു വീണു. ശരി, അതിന് രാഹുല്‍ എന്തു പിഴച്ചു?
രാഹുലിന്റെ അഞ്ചു വിജയങ്ങള്‍
ഒന്ന്: ഹിന്ദുത്വത്തെ വാരിപ്പുണരുന്ന പ്രിയങ്ക ഒരു പരാജയമാണെന്ന് രാഹുലിന് തെളിയിക്കാനായി. പ്രിയങ്കയെ, ഇന്ദിരയുടെ മുഖച്ഛായയുള്ള പ്രിയങ്കയെ മുന്‍നിര്‍ത്തി ഇന്ത്യ തിരിച്ചുപിടിക്കാം എന്ന അതീവ ലളിതമായ സൂത്രവാക്യത്തിന് പ്രസക്തിയില്ല. 'കൂടുതല്‍ ജനാധിപത്യ'ത്തിന് ആഗ്രഹിക്കുകയും വെമ്പല്‍ കൊള്ളുകയും ചെയ്യുന്ന ഇന്ത്യ 'ഇന്ദിരയുമായി' ബന്ധപ്പെട്ട പ്രതീകങ്ങളെയെല്ലാം വെറുക്കുകയോ ദൂരെ നിര്‍ത്തുകയോ ചെയ്യുന്നു. മധ്യവര്‍ഗ്ഗ ഹിന്ദു സമൂഹം ബി.ജെ.പി. ഭരിക്കുമ്പോള്‍ സര്‍വ്വത്ര സ്വതന്ത്രരാണ്. സ്വാതന്ത്ര്യം ദളിതുകളേയോ മുസ്ലിങ്ങളേയോ പോലെ അവര്‍ക്കു വിലക്കപ്പെട്ട, വിദൂരമായ കനികളല്ല. ബി.ജെ.പിയെ വെറുക്കാന്‍ സവര്‍ണ്ണ ഹിന്ദുവിന് അവരുടേതായ കാരണങ്ങളില്ല.
പ്രിയങ്കയുടെ വഴിയേ പോകാനായിരുന്നു നിര്‍ഭാഗ്യവാനായ ആ ആങ്ങളയുടെ വിധി. രാഷ്ട്രീയത്തില്‍ ആങ്ങള/പെങ്ങള്‍ പ്രകടനങ്ങള്‍ പരാജയം എന്ന യാഥാര്‍ത്ഥ്യത്തെ തൊടുമ്പോഴും, രാഹുല്‍ ഒരു പ്രതീക്ഷയായി നില്‍ക്കുന്നു. ആ മനുഷ്യനെ മാറ്റിനിര്‍ത്തിയാല്‍ പ്രചോദിപ്പിക്കുന്ന ഏതൊരംശമാണ് സുഹൃത്തേ, കോണ്‍ഗ്രസ്സില്‍ ഉള്ളത്? സ്വയം പരാജയപ്പെടുത്താന്‍ തീരുമാനിച്ച ഒരു ജനത/അവരാഗ്രഹിക്കുന്ന ഫാസിസത്തെ സ്വീകരിക്കുന്ന (ഐജാസ് അഹമ്മദിനോട് കടപ്പാട്) ഘട്ടത്തില്‍ അത് രാഹുലിന്റെ പരാജയമാകുന്നത് എങ്ങനെയാണ്? നിങ്ങള്‍ സ്വയം തോറ്റതിന് രാഹുലിനെ കുറ്റം പറയുകയാണോ?
രണ്ട്: ബി.ജെ.പി. വന്നാല്‍ ലോകം ഇടിഞ്ഞുവീഴുമെന്ന് വിലപിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്, ഇന്ത്യയില്‍ ജനവിരുദ്ധമായ എല്ലാ 'കരിനിയമ'ങ്ങളും കൊണ്ടുവന്നത് കോണ്‍ഗ്രസ്സാണ് എന്നാണ്. ആ നിയമങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്, ബി.ജെ.പി. പക്ഷേ, അവയുടെ ആവിര്‍ഭാവം കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ്. ആ കരിനിയമങ്ങളുടെ സൂത്രധാരന്മാര്‍ക്കിടയില്‍ രാഹുല്‍ ഉണ്ടായിരുന്നില്ല. ഓര്‍ക്കുക, രാഹുല്‍ മോശം മാതൃകയാണ് എന്ന് വിലയിരുത്താവുന്നവിധം അധികാരം ഒരിക്കലും കയ്യാളിയിട്ടില്ല. കോണ്‍ഗ്രസ് സ്വയം കളഞ്ഞുകുളിച്ച 'അധികാര നാളു'കളില്‍ രാഹുല്‍ അവിടെയൊന്നുമുണ്ടായിരുന്നില്ല.
മൂന്ന്: കാടാറു മാസം/നാടാറു മാസം എന്ന് ചിലരെങ്കിലും രാഹുലിനെ പരിഹസിക്കാറുണ്ട്. അന്തര്‍മുഖനായ/ഓര്‍മ്മകള്‍ മുഴുവന്‍ ദുഃഖം പേറുന്ന ആ ചെറുപ്പക്കാരന്‍ 'ജനാധിപത്യത്തിനു വേണ്ടി' സംസാരിക്കാന്‍ തയ്യാറാവുന്നു എന്നത് അത്ര നിസ്സാരമായി കാണേണ്ടതല്ല. ചുരുങ്ങിയ പക്ഷം, അയാള്‍ വരുണ്‍ ഗാന്ധിയായില്ല. ഇന്ദിരയേക്കാള്‍ നെഹ്‌റുവിനോടാണ് രാഹുലിന്റെ ചേര്‍ച്ച. നെഹ്റുവിയന്‍ കാഴ്ചപ്പാടിന്റെ പകര്‍പ്പാണ് ആ ജീവിതം. ഒരിടത്ത് സ്തംഭിച്ചുനില്‍ക്കുന്ന ജീവിതത്തേക്കാള്‍ നല്ലതാണ്, സഞ്ചരിക്കുന്ന ജീവിതം. അയാള്‍ അയാളെ തേടുന്നു. നോക്കൂ, ചിരിക്കുന്ന, ബുദ്ധിപരമായി പ്രചോദിപ്പിക്കുന്ന ആ നെഹ്റുവിയന്‍ മുഖം ആ മനുഷ്യനില്‍ കാണുന്നില്ലേ?
നാല്: ഇന്ത്യയില്‍ ഒരു ഫാസിസ്റ്റ് വിരുദ്ധ ഐക്യമുന്നണി രൂപപ്പെടുത്താന്‍ സീതാറാം യെച്ചൂരിക്കോ പ്രകാശ് കാരാട്ടിനോ പോലും സാധിച്ചിട്ടില്ല. തമിഴ്നാട്ടില്‍ സ്റ്റാലിന് ഒറ്റയ്ക്കത് സാധിക്കുന്നുണ്ട്. തോറ്റുപോയെങ്കിലും, ഇന്ത്യയില്‍ അത് സാധിക്കുന്നത് രാഹുലിനു മാത്രമാണ്. ഒറ്റയാള്‍ ശബ്ദമായിരിക്കാം. എന്നിട്ടും, ഇടതുപക്ഷം പോലും ശത്രുതാപരമായി രാഹുലിനെ പരിഹസിക്കുന്നത് എന്തിനാണ്?
അഞ്ച്: കണ്ണാടിയില്‍ നോക്കൂ, പരാജിതനായ ആ രാഹുല്‍, ഇന്ത്യയില്‍ മനോഹരമായ തുല്യതകള്‍ പുലര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരനായ ഏതൊരു ഇന്ത്യന്‍ ചെറുപ്പക്കാരനുമാണ്. ഹിന്ദുവിനെ ചേര്‍ത്തുനിര്‍ത്താതെ ആ ഇന്ത്യ അസാധ്യമാണ്. അയാള്‍ മുസ്ലിങ്ങളെയല്ല, അയാളോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ഹിന്ദു സമൂഹത്തെ തേടുകയാണ്. കാലുഷ്യമില്ലാത്ത ആ ഹിന്ദു സമൂഹത്തിലാണ് ജനാധിപത്യത്തിന്റെ പ്രതീക്ഷ. മുസ്ലിങ്ങളുടേയും. മുസ്ലിമുകള്‍ രാഹുലിനോടൊപ്പമുണ്ട്, പ്രിയങ്കയോടൊപ്പമില്ല.
ചുവന്ന കണ്ണൂരിനെക്കുറിച്ചാവാം, ഇനി.
വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.
സഖാവ് എം.വി.ആറിനെ ഇന്റര്‍വ്യു ചെയ്ത മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ലക്കവുമായി ബര്‍ണ്ണശ്ശേരിയിലെ സഖാവിന്റെ വീട്ടിലേക്ക് പോയി. ആഴ്ചപ്പതിപ്പു വാങ്ങി, ഭാര്യയ്ക്ക് നല്‍കി എം.വി.ആര്‍ പറഞ്ഞു: ''ഓള് വായിക്കട്ടെ. അവരുണ്ടായത് കൊണ്ടാണ് ഞാന് ണ്ടായത്!''
സി.പി.ഐ (എം) ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 6 മുതല്‍ കണ്ണൂരില്‍ നടക്കുകയാണ്. കണ്ണൂരിലിപ്പോള്‍ എവിടെയും ചുകപ്പാണ്. ചുവരുകളിലെല്ലാം ചിത്രങ്ങള്‍. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിന് തൊട്ടുമുന്‍പുള്ള ഈ വനിതാദിനത്തില്‍, ഈ ചുവര്‍ച്ചിത്രങ്ങള്‍ എന്താണ് ജനങ്ങളോട് പറയാന്‍ ശ്രമിക്കുന്നത് എന്നു ചിന്തിച്ചു നോക്കി.
വളരെ ആകര്‍ഷകവും ജീവന്‍ തുടിക്കുന്ന നിറവിന്യാസവുമാണ് പല ചിത്രങ്ങളിലും. ഗ്രാമങ്ങള്‍, തെരുവോരങ്ങള്‍, നഗരവീഥികള്‍ - എവിടെയും മനുഷ്യരുടെ മുഖങ്ങള്‍. ചരിത്രത്തെ മാറ്റിത്തീര്‍ത്തവരാണ് ഈ മനുഷ്യര്‍. ഇതിഹാസ സമാനമായ ജീവിതം നയിച്ച് നമ്മുടെ കാലത്തിലേക്ക് വെളിച്ചത്തിന്റേയും തുല്യതയുടേയും ദീര്‍ഘമായ പാതകള്‍ തുറന്നവര്‍.
എന്നാല്‍, അവരില്‍ സ്ത്രീകളുടെ മുഖമില്ല. മാര്‍ക്സ്, സ്റ്റാലിന്‍, ലെനിന്‍, ഇ.എം.എസ്, എ.കെ.ജി., നായനാര്‍... തുടങ്ങിയവരുടെ ചിത്രമുണ്ട്. അരിവാള്‍ കയ്യിലേന്തിയ സ്ത്രീയെ ചിലയിടത്തു കാണാം. മിക്കവാറും തെരഞ്ഞെടുപ്പു കാലങ്ങളില്‍ നാം കാണാറുള്ള ചിത്രങ്ങള്‍. ഈ ചിത്രങ്ങള്‍ കാലത്തോട് പറയുന്നത്, ഈ പാര്‍ട്ടി ആണുങ്ങളുടെ പാര്‍ട്ടി എന്നുതന്നെയാണ്. മറ്റൊന്ന്, ചെഗുവേരയുടെ മുഖം ചുവരുകളില്‍ അത്രയധികമില്ല.
പാറപ്രത്ത് ആദ്യ പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തവരില്‍ ഒരു സ്ത്രീ പോലുമുണ്ടായിരുന്നില്ല. പുരുഷന്മാര്‍ തന്നെ ഒളിച്ചു പാര്‍ത്തും ഇരട്ടപ്പേരിലും സാഹസികമായ രാഷ്ട്രീയ ജീവിതം നയിച്ച ആ കാലത്ത് സ്ത്രീ ഒരുവിധത്തിലും ശാക്തീകരിക്കപ്പെട്ട കാലവുമായിരുന്നില്ല. എന്നാല്‍, പില്‍ക്കാലത്ത്, വി.പി. ദേവകി, ടി. ജാനകി, പി. യശോദ, വി.സി. കല്യാണിയമ്മ, എടക്കണ്ടി ജാനകി എന്നിവരുടെ പേര് പാറപ്രം/പിണറായി ചരിത്രത്തിന്റെ ഭാഗമായി രേഖപ്പെടുത്തുന്നുണ്ട്. ചുവര്‍ച്ചിത്രങ്ങളില്‍ അവരുടെ മുഖം പാറപ്രം/പിണറായി ചുവരുകളിലുണ്ടോ എന്നറിയില്ല. കണ്ണൂര്‍ നഗരം മുതല്‍ പയ്യന്നൂര്‍ വരെയുള്ള തെരുവോര ചിത്രങ്ങളില്‍ ഇല്ല.
ഇനി മറ്റൊരു രാഷ്ട്രീയ ചോദ്യം
ഇ.എം.എസ്സിനെ വരയ്ക്കുമ്പോള്‍, എന്തുകൊണ്ടാണ് ഇ.എം.എസിന്റെ ഭാര്യയെ വരയ്ക്കാത്തത്? ഇ.എം.എസ്സിന്റെ ഉജ്ജ്വലമായ ജീവിതത്തെ ആര്യ അന്തര്‍ജ്ജനത്തെ മാറ്റിനിര്‍ത്തി നമുക്ക് പ്രകാശിപ്പിക്കാന്‍ കഴിയുമോ? വീട്ടിലിരുന്ന അവരുടെ ഏകാന്തമായ സഹനങ്ങള്‍കൊണ്ടു കൂടിയല്ലേ, ഇ.എം.എസ് എന്ന രാഷ്ട്രീയ/പൊതു മനുഷ്യനെ നമുക്ക് സാധ്യമായത്? അപ്പോള്‍ ഇ.എം.എസിനോടൊപ്പം ചേര്‍ന്നുനില്‍ക്കേണ്ടത് നായനാരോ എ.കെ.ജിയോ സ്റ്റാന്‍ലിനോ അല്ല, ആര്യ അന്തര്‍ജ്ജനമാണ്. രാഷ്ട്രീയം കുടുംബത്തിന്റെ കൂടി പ്രചോദന ബിന്ദുവാണ്. കണ്ണൂരിലെ ചുവര്‍ച്ചിത്രങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം 20 ശതമാനം പോലുമില്ല.
'കിറ്റ്' കിട്ടിയ സ്ത്രീകളുടെ മുഖമാണ് തെരഞ്ഞെടുപ്പിനു മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി കണ്ടത്. അവിടെയും രക്ഷാകര്‍ത്തൃത്വമുള്ള ഒരു സങ്കല്പമാണ് വിതരണം ചെയ്തത്. സ്ത്രീകളെ വീട്ടിലിരുത്തി വീമ്പിളക്കുന്ന ഈ സവര്‍ണ്ണ മലയാളിയെ എല്ലാവര്‍ക്കുമിഷ്ടമാണ്.
'രക്ഷകന്റെ നായക' സങ്കല്പമാണ് പാര്‍ട്ടിയുടേയും മുഖമുദ്ര. കടുകട്ടി പുരുഷന്‍. ചരിത്രത്തിലുമതെ, ചിത്രങ്ങളിലുമതെ. ഇടതുപക്ഷത്തിനുവേണ്ടി പ്രസംഗിക്കുന്നവരെ നോക്കൂ, സുനില്‍ പി. ഇളയിടം, കെ.ഇ.എന്‍, സച്ചിദാനന്ദന്‍, മുരുകന്‍ കാട്ടാക്കട, ടി. ശശിധരന്‍...വാക്കിലും വരയിലും പുരുഷന്മാര്‍.