നികുതിയിലെ പൊളിച്ചെഴുത്തുകൊണ്ട് ഇടപാടുകാര്‍ക്കും സാധാരണക്കാര്‍ക്കും  എന്തു പ്രയോജനം?

സ്വാതന്ത്ര്യാനന്തരം നികുതിസമ്പ്രദായത്തില്‍ വരുത്തിയ ഏറ്റവും വലുതും വികലവുമായ പരീക്ഷണമായിരുന്നു ജി.എസ്.ടി
നികുതിയിലെ പൊളിച്ചെഴുത്തുകൊണ്ട് ഇടപാടുകാര്‍ക്കും സാധാരണക്കാര്‍ക്കും  എന്തു പ്രയോജനം?

''ഇതിന്റെ നൂലാമാലകള്‍ മനസ്സിലാക്കുന്നതിലും എളുപ്പം ചന്ദ്രനിലേക്കു പോകുന്നതാണ്. മനസ്സിലാക്കാനുള്ള മനുഷ്യന്റെ കഴിവിനുമപ്പുറമാണ് കാര്യങ്ങള്‍.''

ജി.എസ്.ടി. നികുതി പിരിവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഫെബ്രുവരി 11-ന് ഗുജറാത്ത് ഹൈക്കോടതി നടത്തിയ ഒരു നിരീക്ഷണമാണ് ഇത്. വാക്കാലുള്ള പരാമര്‍ശമാണെങ്കില്‍പ്പോലും  യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ചിത്രീകരണമാണ് ഈ പരാമര്‍ശത്തില്‍ പ്രതിഫലിക്കുന്നത്. 

സ്വാതന്ത്ര്യാനന്തരം നികുതിസമ്പ്രദായത്തില്‍ വരുത്തിയ ഏറ്റവും വലുതും വികലവുമായ പരീക്ഷണമായിരുന്നു ജി.എസ്.ടി. മൂല്യവര്‍ദ്ധിത നികുതി എന്ന വാറ്റിനു(VAT) പകരം വന്ന ഏകീകൃത നികുതി സമ്പ്രദായം നടപ്പാക്കി അഞ്ച് വര്‍ഷം പിന്നിടുമ്പോഴും ജനങ്ങള്‍ക്ക് അതിന്റെ നേട്ടം അനുഭവിക്കാനായില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു രാജ്യം, ഒരു നികുതി എന്ന കാഴ്ചപ്പാടോടെ നടപ്പാക്കിയ ഈ പരിഷ്‌കാരം ഇന്ത്യന്‍ ഫെഡറലിസത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുമെന്നാണ് നടപ്പാക്കിയപ്പെട്ടവര്‍ അവകാശപ്പെട്ടത്. എന്നാല്‍, ഫലത്തില്‍ സാമ്പത്തികാധികാര കേന്ദ്രീകരണത്തിനാണ് ജി.എസ്.ടി വഴിതെളിച്ചത്. അപ്രതീക്ഷിത വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമല്ല ഈ സമ്പ്രദായമെന്ന് കൊവിഡ് പ്രതിസന്ധി തെളിയിക്കുകയും ചെയ്തു. 

2017 ജൂലൈ ഒന്നിനാണ് ജി.എസ്.ടി നടപ്പിലായത്. നിര്‍മല സീതാരാമന്റെ മുന്‍ഗാമി അരുണ്‍ ജെയ്റ്റ്‌ലിയായിരുന്നു അന്നത്തെ ധനമന്ത്രി. സഹകരണ ഫെഡറലിസം എന്ന അര്‍ത്ഥം വരുന്ന  കോ-ഓപ്പറേറ്റീവ് ഫെഡറലിസം എന്നാണ് ഇവര്‍ അതിനു നല്‍കിയ വിശേഷണം. യഥാര്‍ത്ഥ ഫെഡറലിസം അതാണെന്നാണ് അവരുടെ അവകാശവാദം. എന്നാല്‍, അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം സംസ്ഥാനങ്ങളും കേന്ദ്രവും തമ്മില്‍ സ്ഥായിയായ തര്‍ക്കങ്ങള്‍ മാത്രമുള്ള സമ്പ്രദായമായി ജി.എസ്.ടി മാറി. സംസ്ഥാനങ്ങളുടെ സ്വന്തമായ വരുമാനം ഇല്ലാതാക്കി അവയുടെ ഫെഡറല്‍ അധികാരങ്ങളെ ദുര്‍ബ്ബലപ്പെടുത്തിയതെന്നാണ് ജി.എസ്.ടിയുടെ ബാക്കിപത്രം. ജി.എസ്.ടി കൗണ്‍സിലില്‍ കേന്ദ്രത്തിനുള്ള വോട്ടിങ് വിഹിതവും വീറ്റോ അധികാരവും അതിനു ഉദാഹരണമാണ്. 

നികുതിയിലെ ഘടനാപരമായ പൊളിച്ചെഴുത്തുകൊണ്ട് ഇടപാടുകാര്‍ക്കും സാധാരണക്കാര്‍ക്കും  എന്തു പ്രയോജനം? ആദ്യം ഇടപാടുകാരുടേത് നോക്കാം. പരോക്ഷ നികുതികളെല്ലാം ഒരു കുടക്കീഴിലായപ്പോള്‍ വാറ്റും എക്സൈസ് നികുതിയും സേവന നികുതിയുമെല്ലാം ജി.എസ്.ടിയില്‍ ലയിച്ചു. സങ്കീര്‍ണ്ണമായ നികുതി വ്യവസ്ഥയില്‍ നിന്നുള്ള മോചനം ആഗ്രഹിച്ച വ്യാപാരികള്‍ അടുക്കമുള്ളവര്‍ ഇന്നും അതിലും വലിയ സങ്കീര്‍ണ്ണതകളില്‍ നട്ടംതിരിയുകയാണെന്നതാണ് യാഥാര്‍ത്ഥ്യം.

ജി.എസ്.ടി രജിസ്ട്രേഷന്‍ എടുത്തിട്ടുള്ളവരില്‍ ഒന്നരക്കോടി രൂപയില്‍ താഴെ വര്‍ഷിക വരുമാനമുള്ള ചെറുകിട വ്യാപാരികളാണ് ഏറ്റവുമധികം പ്രതിസന്ധിയിലായത്. ജി.എസ്.ടിയിലെ വ്യവസ്ഥകള്‍ എന്തെല്ലാമെന്നു ജനങ്ങളെപ്പോലെ വ്യാപാരികളും  അജ്ഞരായിരുന്നു. എം.ആര്‍.പി റേറ്റിനു മുകളില്‍ നികുതി പിരിക്കപ്പെട്ടു. വിലക്കയറ്റം  നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ ഇടപെട്ടതുമില്ല.  ജി.എസ്.ടി അക്കൗണ്ട് നേരിട്ട് കൈകാര്യം ചെയ്യാത്ത വ്യാപാരികള്‍ക്കു പോലും നികുതിയും പലിശയും പിഴയും അടക്കേണ്ടിവന്നു. പുതിയ സംവിധാനത്തിന്റെ ആശയക്കുഴപ്പവും നിര്‍വ്വഹണത്തിലെ അപാകതകളും ഇവരെ ഗുരുതരമായി ബാധിച്ചു. ഒപ്പം കൊവിഡും കൂടിയായപ്പോള്‍ പ്രതിസന്ധി ഗുരുതരമായി. 

വ്യാപാരികള്‍ ഉള്‍പ്പെടുന്ന ഇടപാടുകാരുടെ പരിചയക്കുറവും സാങ്കേതിക പ്രശ്നങ്ങളുമാണ് ജി.എസ്.ടിയിലേക്കുള്ള മാറ്റം ആദ്യം പ്രതികൂലമാക്കിയത്. ബോധവല്‍ക്കരണവും വേണ്ടത്ര ഉണ്ടായിരുന്നില്ല. ഫലത്തില്‍ വില കുറയുമെന്ന് പറഞ്ഞ ഒന്നിനും വില കുറഞ്ഞില്ല. ഉദാഹരണമായി ഒരു സംഭവം പറയാം.  ധനമന്ത്രി തോമസ് ഐസക് 87 രൂപ കോഴിയുടെ വിലയായി പ്രഖ്യാപിച്ചു. അതേസമയം അപ്പോഴും കോഴിഫാമില്‍ സാധാരണക്കാരന്‍ 140 രൂപ കൊടുക്കേണ്ടിവന്നു. നികുതിനിരക്ക് കുറയുമെന്ന് പ്രഖ്യാപിച്ച സോപ്പിനും ടൂത്ത് പേസ്റ്റിനും വില കുറഞ്ഞില്ല. നേരത്തേ വാറ്റ് ഉണ്ടായിരുന്നതും ജിഎസ്.ടിയില്‍നിന്ന് ഒഴിവാക്കിയതുമായ നിത്യോപയോഗ സാധനങ്ങളുടെ പട്ടിക പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍, വിപണിയില്‍ ഭക്ഷ്യഎണ്ണയ്ക്കും പച്ചക്കറികള്‍ക്കുമടക്കം സകല സാധനങ്ങള്‍ക്കും വില കൂടി. സിമന്റിന് ജി.എസ്.ടിയില്‍ നികുതി കുറച്ചപ്പോള്‍ ഇവിടുത്തെ വ്യാപാരികള്‍ വിലകൂട്ടി. 

സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ജി.എസ്.ടിയുടെ മറവില്‍ അമിതവില ഈടാക്കി. ചായ മുതല്‍ ചിക്കന്‍ ബിരിയാണിക്കു വരെ വില കൂടി. ജി.എസ്.ടി നടപ്പാക്കുമ്പോള്‍ അന്യസംസ്ഥാനങ്ങളില്‍നിന്നു ചരക്കു കൊണ്ടുവരുമ്പോള്‍ പരിശോധിക്കാനുള്ള ബില്ലിങ് സോഫ്റ്റ്വെയര്‍ പോലുമില്ലായിരുന്നു. ജി.എസ്.ടി. വന്നാലും വില കുറയില്ല എന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. ആ പ്രസ്താവനയോടെ ഫലത്തില്‍ ആ കുറവ് കച്ചവടക്കാര്‍ മുതലെടുത്തു.  സാധാരണക്കാരന്റെ നികുതിഭാരം കൂടിയെന്നല്ലാതെ ഫലത്തില്‍ ഈ സംവിധാനംകൊണ്ട് പ്രസക്തമായ പ്രയോജനങ്ങളൊന്നുമുണ്ടായില്ല എന്നതാണ് വാസ്തവം.

ജിഎസ്ടിയുടെ പ്രഖ്യാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിലെ സെൻട്രൽ ഹാളിൽ നടത്തിയ പ്രത്യേക ചടങ്ങിലാണ് ജിഎസ്ടിയുടെ പ്രഖ്യാപനം നടന്നത്
ജിഎസ്ടിയുടെ പ്രഖ്യാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിലെ സെൻട്രൽ ഹാളിൽ നടത്തിയ പ്രത്യേക ചടങ്ങിലാണ് ജിഎസ്ടിയുടെ പ്രഖ്യാപനം നടന്നത്

അടിക്കടിയുള്ള നിരക്കുമാറ്റം

ഏറ്റവുമൊടുവില്‍  143 ഇനങ്ങളുടെ നികുതിനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍, സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ്.  ഇതില്‍ 90 ശതമാനം ഇനങ്ങളുടേയും ജി.എസ്.ടി. നിരക്ക് 18-ല്‍നിന്ന് 28 ശതമാനം ആകും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പും 2017-ല്‍ ജി.എസ്.ടി നടപ്പിലാക്കിയപ്പോഴും വില കുറച്ച ഉല്പന്നങ്ങളും ഈ പട്ടികയിലുണ്ട്. അതായത് അന്ന് നികുതി കുറച്ചവയ്‌ക്കെല്ലാം ഇനി വില കൂടും. ഇപ്പോള്‍ തന്നെ വിലക്കയറ്റം രൂക്ഷമായിരിക്കുന്ന വിപണിയില്‍ ഇത് വലിയ പ്രത്യാഘാതമാകും സൃഷ്ടിക്കുക. മുന്‍പ് വര്‍ധിപ്പിക്കാന്‍ നീക്കമുണ്ടായെങ്കിലും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് റസ്റ്റോറന്റുകളുടെ ജി.എസ്.ടി അടക്കം 178 ഇനങ്ങളെ 28 ശതമാനം ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കിയത്.

പട്ടം, പവര്‍ബാങ്ക്, ച്യൂയിങ്ഗം, ഹാന്‍ഡ്ബാഗ്, വാച്ച്, സ്യൂട്ട്കേസ്, 32 ഇഞ്ചില്‍ താഴെയുള്ള ടിവി, ചോക്ലേറ്റ്, വാല്‍നട്ട്, സെറാമിക് സിങ്ക്, വാഷ് ബേസിന്‍, കൂളിങ് ഗ്ലാസ്, കണ്ണട ഫ്രെയിം, വസ്ത്രം, ലെതര്‍ കൊണ്ടുള്ള ആക്സസറീസ്, നോണ്‍ ആല്‍ക്കഹോളിക് പാനീയങ്ങള്‍ എന്നിവയ്ക്ക്  ഇനി 28 ശതമാനം ജി.എസ്.ടി നിരക്കാകും. പപ്പടത്തിനും ശര്‍ക്കരയ്ക്കും 5 ശതമാനം നിരക്ക് ഏര്‍പ്പെടുത്തുമെന്നാണു സൂചന. നിലവില്‍ 18 ശതമാനം നിരക്കുള്ള വാച്ച്, ലെതര്‍ ഉല്പന്നങ്ങള്‍, റേസര്‍, പെര്‍ഫ്യൂം, ലോഷന്‍, കൊക്കോപൗഡര്‍, ചോക്ലേറ്റ്, കോഫി എക്സ്ട്രാക്റ്റ്, പ്ലൈവുഡ്, ജനലുകള്‍, ഇലക്ട്രിക് സ്വിച്ച്, സോക്കറ്റ്, ബാഗുകള്‍ തുടങ്ങിയവയ്ക്ക് 28 ശതമാനമായേക്കും. കസ്റ്റേഡ് പൗഡറിന് 5-ല്‍നിന്ന് 18 ശതമാനവും മരത്തിന്റെ മേശകള്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവയ്ക്ക് 12-ല്‍നിന്ന് 18 ശതമാനവുമാക്കാനാണു നിര്‍ദ്ദേശം. 

അടിക്കടിയുള്ള നിരക്കുമാറ്റവും പ്രശ്നമാണ്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് വിലയുടെ അടിസ്ഥാനത്തിലായിരുന്നു മുന്‍പ് നിരക്കുകള്‍ നിശ്ചയിച്ചത്. 1000 രൂപ വരെയുള്ള തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും 12 ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചത്. എന്നാല്‍ ഗുജറാത്ത്, ബംഗാള്‍, ഡല്‍ഹി, രാജസ്ഥാന്‍, തമിഴ്നാട് സംസ്ഥാനങ്ങള്‍ ശക്തമായ എതിര്‍പ്പറിയിച്ചതോടെ കേന്ദ്രം പിന്‍മാറി. ഏതൊക്കെ ഉല്പന്നത്തിന് എങ്ങനെയൊക്കെ എത്രമാത്രം നികുതി ഏര്‍പ്പെടുത്തണം എന്നതു സംബന്ധിച്ച് ധനമന്ത്രാലയത്തിന് ഇപ്പോഴും നിശ്ചയമില്ലെന്നു വേണം കരുതാന്‍. 

ഉദാഹരണത്തിന്, ബേക്കറികള്‍ക്കും റസ്റ്റോറന്റുകള്‍ക്കും കോഫീഷോപ്പുകള്‍ക്കും വ്യത്യസ്ത നിരക്കിലാണ് നികുതി. ഈ ഘടന ഉദ്യോഗസ്ഥര്‍ക്കു പോലുമറിയില്ല.  ഇതു സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരമെല്ലാം ജി.എസ്.ടി കൗണ്‍സിലിന് ആയതിനാല്‍  ഉടനടി പരിഹാരവുമാകില്ല. പലഹാരങ്ങള്‍ക്കും ഇതേ പ്രശ്നമുണ്ട്. വറുത്ത പലഹാരങ്ങള്‍ 5 ശതമാനമാണ് നിരക്ക്. ബ്രാന്‍ഡാണെങ്കില്‍ 12 ശതമാനം.  5 ശതമാനം നിരക്കില്‍ വിറ്റ പലഹാരങ്ങള്‍ക്ക് കടയുടെ വിറ്റുവരവ് അനുസരിച്ച് അധികനികുതി കണക്കാക്കാന്‍ പറഞ്ഞാല്‍ എന്തു ചെയ്യും? ഐസ്‌ക്രീം, ബ്രെഡ് തുടങ്ങി മിക്ക സാധനങ്ങള്‍ക്കും ഇതേ നിരക്ക് പ്രശ്നമുണ്ട്. േ ബേക്കറിയിലെ ഐസ്‌ക്രീമിന് 5 ശതമാനം, ഐസ്‌ക്രീം പാര്‍ലറില്‍ 18 ശതമാനം. ചുരുക്കിപ്പറഞ്ഞാല്‍ ഈ സാധനങ്ങള്‍ക്കു വിലകൂട്ടിയിടാതെ കച്ചവടക്കാര്‍  സാധരണ ജനങ്ങള്‍ക്ക് കൊടുക്കില്ല.

സംസ്ഥാനങ്ങള്‍ക്കുള്ള ജി.എസ്.ടി നഷ്ടപരിഹാരം ജൂലൈയില്‍ അവസാനിക്കുന്നതോടെ നികുതി സ്ലാബുകളിലും മാറ്റം വരുമെന്നാണ് കരുതുന്നത്. നിലവില്‍ നാലു നികുതി സ്ലാബുകളാണുള്ളത് 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം. ഇതില്‍ അഞ്ച് ശതമാനമെന്ന സ്ലാബിനു പകരം 3 ശതമാനം, 8 ശതമാനം എന്നീ സ്ലാബുകള്‍ കൊണ്ടുവന്നേക്കുമെന്നായിരുന്നു സൂചന. വ്യാപകമായ ഉപയോഗമുള്ള വസ്തുക്കളെ കുറഞ്ഞ നികുതിയായ മൂന്നു ശതമാനത്തിലേക്ക് മാറ്റുകയും ബാക്കിയുള്ളവയ്ക്ക് എട്ടു ശതമാനമായി വര്‍ദ്ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഡൽഹിയിൽ 42മത് ജിഎസ്ടി കൗൺസിൽ യോ​ഗത്തിനു ശേഷം മാധ്യമ പ്രവർത്തകരെ കാണുന്ന ധനമന്ത്രി നിർമല സീതാരാമൻ
ഡൽഹിയിൽ 42മത് ജിഎസ്ടി കൗൺസിൽ യോ​ഗത്തിനു ശേഷം മാധ്യമ പ്രവർത്തകരെ കാണുന്ന ധനമന്ത്രി നിർമല സീതാരാമൻ

കുടിശ്ശികയും തര്‍ക്കങ്ങളും

ലോകത്ത് ഇതാദ്യമല്ല ഏകീകൃത നികുതി സമ്പ്രാദായം നടപ്പാക്കുന്നത്. 1954-ല്‍ ഫ്രാന്‍സില്‍ ഇത്തരത്തിലൊരു നിയമം വന്നിരുന്നു. ഇതിനുശേഷം 164 രാജ്യങ്ങളില്‍ ഈ സവിശേഷതകളോടെയുള്ള നിയമം പ്രാബല്യത്തിലുണ്ട്.  ഒരേ നികുതി നിരക്കോടെ കേന്ദ്രവും സംസ്ഥാനങ്ങളും ഒരേസമയം ചുമത്തുന്ന രണ്ട് തലങ്ങളുള്ള ജി.എസ്.ടി നടപ്പാക്കിയത് മതിയായ തയ്യാറെടുപ്പുകളോടെയല്ലെന്ന ആക്ഷേപം തുടക്കം മുതലുണ്ടായിരുന്നു. കൊവിഡിന്റെ വരവോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമായി. ഇതോടെ ജി.എസ്.ടിയുടെ പേരില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തര്‍ക്കത്തിലായി. നഷ്ടപരിഹാരവിഹിതം സംബന്ധിച്ച തര്‍ക്കം നിയമനടപടികളിലെത്തുമെന്ന രീതിയിലെത്തി. സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. 

സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം പരിഹരിക്കാന്‍ അഞ്ച് വര്‍ഷത്തേയ്ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. 2019 അവസാനത്തോടെ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം വൈകാന്‍ തുടങ്ങി. രണ്ട് മാസം കൂടുമ്പോഴുള്ള വരുമാനവിഹിതം ഇല്ലാതായി. വരുമാനം കുറയുകയും സാമ്പത്തിക വളര്‍ച്ചാനിരക്ക് ഇടിയുകയും ചെയ്തതോടെ നഷ്ടപരിഹാരം നല്‍കാനില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതുണ്ടാക്കിയ ഫെഡറല്‍ പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ ജി.എസ്.ടി കൗണ്‍സിലിന്റെ ഭാഗത്തുനിന്നുണ്ടായില്ല. സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് കടമെടുക്കേണ്ടിവരുമെന്നും സൂചന നല്‍കി. 

കൊവിഡ് മൂലം ലഭിക്കാതെ വന്ന കുടിശ്ശികയോ അല്ലെങ്കില്‍ മുഴുവന്‍  നഷ്ടപരിഹാര കുടിശ്ശികയോ പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ തന്നെ വായ്പയെടുക്കണമെന്നായി കേന്ദ്രസര്‍ക്കാര്‍. ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന, കേരളമടക്കമുള്ള 10 സംസ്ഥാനങ്ങള്‍ ഈ രണ്ട് നിര്‍ദ്ദേശങ്ങളും തള്ളിക്കളഞ്ഞു.  സംസ്ഥാനങ്ങള്‍ക്കുണ്ടായ വരുമാന നഷ്ടം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു ബാധ്യതയുള്ളതായി ജി.എസ്.ടി നിയമത്തില്‍ പറയുന്നില്ല എന്നാണ് അറ്റോര്‍ണി ജനറലിന്റെ നിയമോപദേശപ്രകാരം, കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ അറിയിച്ചത്.

പ്രശ്‌നത്തില്‍ കൗണ്‍സിലില്‍ വോട്ടെടുപ്പ് വേണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. തര്‍ക്കപരിഹാര സംവിധാനമുണ്ടാകണമെന്ന ആവശ്യവും സംസ്ഥാനങ്ങള്‍ ഉന്നയിച്ചു. എന്നാല്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പെട്ടെന്ന് യോഗം അവസാനിപ്പിക്കുകയാണുണ്ടായത്. കേന്ദ്രസര്‍ക്കാര്‍ തന്നെ വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കണമെന്ന നിലപാടില്‍ സംസ്ഥാനങ്ങള്‍ ഉറച്ചുനിന്നതോടെ വായ്പയെടുത്ത് നല്‍കാമെന്ന നിലയിലേയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റി. നഷ്ടപരിഹാരം തന്നില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നതടക്കം സംസ്ഥാനങ്ങള്‍ പറഞ്ഞതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റിയത്. നഷ്ടപരിഹാരം നല്‍കുന്ന കാലപരിധി അഞ്ച് വര്‍ഷം എന്നുള്ളത് നീട്ടണമെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. 

അരുൺ ജെയ്റ്റ്ലി ജിഎസ്ടി ബെല്ലടിക്കുന്നു. 2017ൽ ജിഎസ്ടി നടപ്പാക്കുമ്പോൾ അദ്ദേഹമായിരുന്നു ധനമന്ത്രി
അരുൺ ജെയ്റ്റ്ലി ജിഎസ്ടി ബെല്ലടിക്കുന്നു. 2017ൽ ജിഎസ്ടി നടപ്പാക്കുമ്പോൾ അദ്ദേഹമായിരുന്നു ധനമന്ത്രി

ട്രൈബ്യൂണലിലും അവ്യക്തത

ദേശീയ തലത്തില്‍ ജി.എസ്.ടി ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുന്നു. സംസ്ഥാന, ജില്ലാ തലങ്ങളില്‍ ജി.എസ്.ടി പരാതി പരിഹാര സെല്ലുകള്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും പ്രശ്‌നപരിഹാരത്തിന് അത് അപര്യാപ്തമാണ്. കേന്ദ്ര ജി.എസ്.ടി കൗണ്‍സിലിനു മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ എന്നാണു പരാതി ഉന്നയിക്കുന്നവര്‍ക്കു ലഭിക്കുന്ന മറുപടി. വ്യാപാരികള്‍ക്കു സ്വയം നികുതി അടയ്ക്കാന്‍ കഴിയുന്ന ലളിതമായ സംവിധാനം ഇതുവരെയും നടപ്പായിട്ടില്ല. ചെറുകിട വ്യാപാരികള്‍ മിക്കവരും നികുതിമേഖലയുമായി ബന്ധപ്പെട്ട വിദഗ്ദ്ധരെ ആശ്രയിക്കുകയാണ് പതിവ്. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ വിഷയം തന്നെ ഉദാഹരണം. 

വ്യാപാരികള്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക്, അതായത് ബിടുബി ഇടപാടുകള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുത്തവര്‍ക്ക് വീണ്ടും നികുതിയും പിഴയും പലിശയും ചുമത്തുന്നത് തുടരുന്നു. ജി.എസ്.ടി പോര്‍ട്ടലിന്റെ സാങ്കേതിക പരിമിതികളാണ് ഇതിനു കാരണമെന്നോര്‍ക്കണം.  സാങ്കേതികപ്പിഴവിന്റെ പേരില്‍ വീണ്ടും നികുതി പിരിക്കേണ്ടതില്ലെന്ന മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നത് ആശ്വാസകരം.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com