'ബോധവല്‍ക്കരിക്കപ്പെടാത്തവരായി പുരുഷന്മാര്‍ മാറി നില്‍ക്കുകയാണ്'

By പി. സതീദേവി/പി.എസ്. റംഷാദ്   |   Published: 04th November 2022 02:58 PM  |  

Last Updated: 04th November 2022 02:58 PM  |   A+A-   |  

sathi_devi

 

വനിതാകമ്മിഷന്‍ അടക്കമുള്ള സംവിധാനങ്ങളുണ്ടായിട്ടും സ്ത്രീസുരക്ഷ സംബന്ധിച്ച പ്രശ്‌നങ്ങള്‍ കൂടിവരുന്നതാണ് കാണുന്നത്. ഇതിനെ എങ്ങനെ മറികടക്കാനാകും? 

സമൂഹത്തില്‍ സ്ത്രീവിരുദ്ധ ആശയങ്ങള്‍ വളരെയേറെ ആഴ്ന്നിറങ്ങിയിട്ടുണ്ട്. പെട്ടെന്ന് അത് മാറ്റാന്‍ പറ്റാത്ത സാഹചര്യവുമുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹത്തിന്റെ മനസ്സില്‍ സാമൂഹിക അവബോധം പൊതുവേ സ്ത്രീവിരുദ്ധമാണ്. പൊതുവേ പുരുഷ മേധാവിത്തപരമായ ഒരു അന്തരീക്ഷം വീടിന്റെ അകത്തളങ്ങളിലുണ്ട്, വിദ്യാഭ്യാസ മേഖലയിലുണ്ട്, തൊഴിലിടങ്ങളിലുണ്ട്, പൊതു ഇടങ്ങളിലെല്ലാമുണ്ട്. വിദ്യാഭ്യാസപരമായി മുന്നിട്ടു നില്‍ക്കുന്നു എന്നു നമ്മള്‍ അഭിമാനിക്കുമ്പോഴും സാംസ്‌കാരികമായി പ്രബുദ്ധമാണ് എന്നു പറയുമ്പോഴും ഈ വികലമായ ധാരണകള്‍ സമൂഹത്തിലുള്ളതുകൊണ്ടുതന്നെ അതില്‍നിന്നു വ്യത്യസ്തമായ ഒരു സാമൂഹ്യാന്തരീക്ഷം രൂപപ്പെടുത്തിയെടുക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് ഇപ്പോള്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങളും പീഡനങ്ങളുമൊക്കെ വ്യക്തമാക്കുന്നത്. വിദ്യാഭ്യാസപരമായി മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനത്ത് വിദ്യാസമ്പന്നരുടെ ഇടയില്‍പ്പോലും എത്രത്തോളം സ്ത്രീവിരുദ്ധ ആശയങ്ങളാണ് നിലനില്‍ക്കുന്നത് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് സമീപകാലത്തുണ്ടായിട്ടുള്ള സംഭവങ്ങള്‍. പെണ്‍കുട്ടി ജീവിതത്തിലേക്കു കടക്കുമ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയാകണം എന്ന ധാരണപോലും വീടിനുള്ളില്‍ ഇല്ല. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും സമഭാവനയോടെ വളര്‍ത്തിയെടുക്കുന്ന ഇടങ്ങളല്ല നമ്മുടെ വീടുകളുടെ അകങ്ങള്‍. കമ്മിഷന്‍ നടത്തുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ പലപ്പോഴും സ്ത്രീകള്‍ മാത്രമാണ് പങ്കെടുക്കുക. ബോധവല്‍ക്കരിക്കപ്പെടാത്തവരായി പുരുഷന്മാര്‍ മാറി നില്‍ക്കുകയാണ്. പുരുഷന്മാരിലും ബോധവല്‍ക്കരണം ഉണ്ടായിക്കഴിഞ്ഞാല്‍ മാത്രമേ സഹജീവികളായി സ്ത്രീകളെ കാണാന്‍, എല്ലാ ചിന്താശേഷിയും മസ്തിഷ്‌കവും കൈകാലുകളുമൊക്കെയുള്ള സഹജീവികളായി സ്ത്രീകളെ കാണുന്ന മനോഭാവം പൊതുസമൂഹത്തില്‍ വളര്‍ത്തിയെടുത്താല്‍ മാത്രമേ ഇന്നുള്ള ഈ പീഡനങ്ങളും അതിക്രമങ്ങളും ഇല്ലായ്മ ചെയ്യാന്‍ കഴിയൂ. 

നിയമനടപടികളുടെ വേഗക്കുറവ് ദോഷകരമല്ലേ? പ്രതികള്‍ക്ക് വേഗത്തില്‍ ശിക്ഷ ഉറപ്പാക്കാനുള്ള നടപടി, ഇരയുടെ പുനരധിവാസം എന്നീ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഈ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും ഫലപ്രദമാണോ? 

പൊലീസ് സംവിധാനംപോലും പലപ്പോഴും സ്ത്രീവിരുദ്ധ ചിന്താഗതികള്‍ക്ക് അടിപ്പെട്ടുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. പീഡന പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ ചെന്നുകഴിഞ്ഞാല്‍ പലപ്പോഴും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു പകരം രണ്ടുകൂട്ടരേയും വിളിച്ചുവരുത്തി കോംപ്രമൈസ് ആക്കുന്നതിനാണ് ശ്രമിക്കുന്നത്. ഹീനമായ ഒരു കുറ്റകൃത്യം നടന്നു എന്നു പറയുന്ന കേസുകളില്‍പ്പോലും അതാണ് സംഭവിക്കുന്നത്. എന്തിനേറെ, നമ്മുടെ നീതിപീഠത്തെപ്പോലും സ്ത്രീവിരുദ്ധ ആശയങ്ങള്‍ ബാധിച്ചിട്ടുണ്ട് എന്നുള്ളതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങള്‍ അടുത്തകാലത്തുണ്ടായി. ബലാത്സംഗം സംബന്ധിച്ച പരാതിയില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ അവളുടെ വസ്ത്രധാരണത്തിന്റെ കുഴപ്പത്തെക്കുറിച്ച് ജഡ്ജി തന്നെ ചൂണ്ടിക്കാണിക്കുന്ന സ്ഥിതിയുണ്ടായി. ബലാത്സംഗക്കേസില്‍ പ്രതിയായ പുരുഷനെ വിവാഹം ചെയ്തു കഴിഞ്ഞാല്‍ പ്രശ്‌നപരിഹാരമാകില്ലേ എന്നു പറയുന്ന കോടതിവിധികള്‍ കാണാം. നടപടിക്രമങ്ങളുടെ കാലതാമസവും പ്രശ്‌നമാണ്. സ്ത്രീപീഡനക്കേസുകള്‍ മാത്രമായി കൈകാര്യം ചെയ്യാന്‍ കോടതികളില്ല എന്നതും പ്രശ്‌നമാണ്. സ്ത്രീപീഡനക്കേസുകള്‍ മാത്രം കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ ഉണ്ടാവുകയാണ് പരിഹാരം. അതോടൊപ്പം, പെട്ടെന്നുതന്നെ കേസ് രജിസ്റ്റര്‍ ചെയ്യാനും കോടതിയില്‍ എത്തിക്കാനും കഴിയണം. 

പത്തനംതിട്ടയിലെ ഇലന്തൂരിൽ നരബലി നടന്നു എന്നു പറയപ്പെടുന്ന സ്ഥലം സന്ദർശിച്ച ശേഷം പൊലീസുകാരോട് വിവരങ്ങൾ തിരക്കുന്ന വനിതാ കമ്മിഷൻ ചെയർപേഴ്സൻ അഡ്വ. പി സതീദേവിയും ഷാഹിദ കമാലും

വനിതാകമ്മിഷന്റെ പ്രധാന പരിമിതികള്‍ എന്താണ്? അര്‍ധ ജുഡീഷ്യല്‍ അധികാരം മാത്രമുള്ള ഒരു സ്ഥാപനമെന്ന പരിമിതി പരിഹരിക്കാന്‍ എന്താണ് വഴി? 

വനിതാകമ്മിഷന്‍ നിയമം നിലവില്‍ വന്നത് 1990-ലാണ്. പ്രഥമ വനിതാകമ്മിഷന്‍ നിലവില്‍ വന്നത് 1996-ലാണ്. കാല്‍നൂറ്റാണ്ടിനു മുന്‍പുള്ള സാമൂഹികാവസ്ഥയല്ല ഇന്നുള്ളത്. സാമൂഹിക ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്; സ്ത്രീകളുടെ പ്രശ്‌നങ്ങളുടെ സ്വഭാവത്തില്‍ മാറ്റമുണ്ടായിട്ടുണ്ട്. ഇന്നു നമ്മള്‍ ജീവിക്കുന്നത് ഡിജിറ്റല്‍ സംവിധാനങ്ങളുള്ള രാജ്യത്താണ്; സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകള്‍ അധിക്ഷേപിക്കപ്പെടുന്ന സാഹചര്യമുണ്ട്. സ്ത്രീകളുടെ ജീവിതരീതിയില്‍ വന്ന മാറ്റങ്ങള്‍ക്കനുസരിച്ചു പൊതുസമൂഹത്തിന്റെ രീതിയില്‍ വന്ന മാറ്റങ്ങളുണ്ട്. ഇതിന്റെയൊക്കെത്തന്നെ ഭാഗമായി സ്ത്രീകള്‍ക്കെതിരായി നടക്കുന്ന കുറ്റകൃത്യങ്ങളുടേയും വിവേചനങ്ങളുടേയും ചൂഷണങ്ങളുടേയുമൊക്കെ വ്യാപ്തി വല്ലാതെ വര്‍ദ്ധിച്ചിട്ടുണ്ട്. അത് വ്യത്യസ്ത തലങ്ങളിലേക്ക് എത്തിയിട്ടുണ്ട്. 

പത്തുമുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉള്ളതില്‍നിന്നു വ്യത്യസ്തമായി എല്ലാ തൊഴില്‍ മേഖലകളിലേക്കും സ്ത്രീകള്‍ കടന്നുവരാന്‍ സന്നദ്ധരായിട്ടുണ്ട്. തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട നിയമം അപ്പോള്‍ കൂടുതല്‍ പ്രസക്തമായി. രാജ്യത്ത് നിയമങ്ങളുണ്ടാക്കുന്ന രീതികള്‍ നോക്കിക്കഴിഞ്ഞാല്‍, മാറിമാറി വരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമായി വരുമ്പോഴാണ് പുതിയ പുതിയ നിയമങ്ങളുണ്ടാകുന്നത്. സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും ഏറ്റവും വലിയ സാമൂഹിക പദവി കല്പിച്ചിട്ടുള്ള ഒരു രാജ്യമാണ് നമ്മുടേത്; അത്തരം നിയമവ്യവസ്ഥയുള്ള രാജ്യം തന്നെയാണ്. 

വാക്കു കൊണ്ടോ നോട്ടംകൊണ്ടോ ആംഗ്യംകൊണ്ടു പോലുമോ സ്ത്രീയുടെ അന്തസ്സിനു പോറലേല്പിക്കപ്പെട്ടുകൂടാ എന്ന് അനുശാസിക്കുന്ന നിയമങ്ങള്‍ നാട്ടില്‍ ഉണ്ട്. പക്ഷേ, നിയമങ്ങള്‍ തന്നെ പലപ്പോഴും വികലമാക്കപ്പെടുകയാണ്. നിയമങ്ങളുടെ പഴുത് ഉപയോഗിച്ചാണ് കുറ്റകൃത്യങ്ങള്‍ നടത്തുന്നത്. അതുകൊണ്ട് നിയമങ്ങളില്‍ കാലാനുസൃത മാറ്റം വരണം; അത് സര്‍ക്കാര്‍ തന്നെ അംഗീകരിച്ചിട്ടുള്ള കാര്യമാണ്. കേന്ദ്ര ഗവണ്‍മെന്റുകള്‍ തന്നെ ഇത്തരം നിയമങ്ങളുണ്ടാക്കാന്‍ പ്രത്യേക താല്പര്യം കാണിച്ചിട്ടുണ്ട്. 1980-കള്‍ക്കു ശേഷമാണ് ഏറ്റവുമധികം സ്ത്രീസുരക്ഷ ലക്ഷ്യമാക്കിയുള്ള നിയമങ്ങള്‍ രാജ്യത്തുണ്ടായത്. ഗാര്‍ഹികപീഡനം ഗുരുതര കുറ്റമാക്കുന്ന 498 (എ) വകുപ്പ്, സ്ത്രീധനപീഡനമരണവുമായി ബന്ധപ്പെട്ട 304 (ബി) തുടങ്ങിയതൊക്കെ എണ്‍പതുകള്‍ക്കു ശേഷമുണ്ടായതാണ്. അതിനു മുന്‍പുള്ള സാമൂഹിക സാഹചര്യമല്ല ശേഷമുണ്ടായിട്ടുള്ളത്. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം നിരോധിച്ചുകൊണ്ടുള്ള നിയമം 2013-ല്‍ ഉണ്ടായി. വൈശാഖാ കേസിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണ് രാജ്യത്ത് അത്തരമൊരു നിയമമുണ്ടായത്. ഇപ്പോള്‍ നിയമമുണ്ടായിട്ടു പതിറ്റാണ്ടു തികയാന്‍ പോകുന്നു. 

പത്തു വര്‍ഷമായിട്ടും ആ നിയമം അനുശാസിക്കുന്ന തൊഴില്‍മേഖലയിലെ സുരക്ഷിതത്വം സ്ത്രീക്ക് ലഭ്യമാകുന്നില്ല. തൊഴില്‍ സ്ഥാപനങ്ങള്‍ക്കകത്ത് പത്തില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അവിടെ ഇന്റേണല്‍ കംപ്ലെയിന്റ്സ് കമ്മിറ്റി വേണം. പ്രിവന്‍ഷന്‍ ഓഫ് സെക്ഷ്വല്‍ അസാള്‍ട്ട് ഇന്‍ വര്‍ക് പ്ലേസ് (പോഷ്) ആക്റ്റ് പ്രകാരമുള്ള പരാതി കൊടുക്കാനുള്ള സംവിധാനംപോലും രൂപപ്പെടുത്തിയെടുക്കാന്‍ കേരളത്തിലും കഴിഞ്ഞിട്ടില്ല. വനിതാകമ്മിഷനു മുന്‍പാകെ വരുന്ന പരാതികളില്‍ ഏതാണ്ടൊരു 30 ശതമാനത്തോളം തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ്. അത്തരം പ്രശ്‌നങ്ങളുമായി സ്ത്രീകള്‍ നമ്മളെ സമീപിക്കുമ്പോള്‍, അവിടെ പരാതി പരിഹാര സമിതി ഇല്ലേ എന്നു ചോദിക്കുമ്പോള്‍ അവര്‍ മിഴിച്ചുനില്‍ക്കുകയാണ്. തൊഴിലുടമയ്ക്കും അറിയില്ല. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ നിയമമനുശാസിക്കുന്ന സമിതി ഇതുവരെ വന്നിട്ടില്ല. ഒരുപാട് അദ്ധ്യാപികമാരുടെ പരാതി ഞങ്ങളുടെ മുന്‍പാകെ വന്നിട്ടുണ്ട്. അതുപോലെതന്നെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്ന മേഖലയായ ആശുപത്രികളിലും ഈ സമിതികള്‍ ഉണ്ടായിട്ടില്ല. അടുത്തകാലത്താണ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെട്ട ഡബ്ല്യു.സി.സി എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചത്. വനിതാകമ്മിഷന്‍ അതില്‍ കക്ഷി ചേര്‍ന്നു, കമ്മിഷന്റെ നിലപാട് വളരെ ശരിയായ വിധത്തില്‍ വിശദീകരിക്കുന്ന സത്യവാങ്മൂലം ഹൈക്കോടതിക്കു നല്‍കി. അതുകൂടി കണക്കിലെടുത്താണ് എല്ലാ സിനിമാ നിര്‍മ്മാണ യൂണിറ്റുകളിലും പരാതി പരിഹാര സമിതി ഉണ്ടാകണം എന്നു കോടതി നിര്‍ദ്ദേശിച്ചത്. കോടതിവിധി അനുസരിച്ചുള്ള ഐ.സി.സി രൂപീകരിച്ചിരിക്കണമെന്ന് അതിനുശേഷം കേരളത്തിലെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളുടെയും യോഗം വിളിച്ചു ചേര്‍ത്താണ് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട് നല്ല മാറ്റമുണ്ടായിട്ടുണ്ട്. എല്ലാ മേഖലയിലും പരാതി പരിഹാര സമിതി ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ കാര്യം ചൂണ്ടിക്കാണിച്ച് ഞങ്ങള്‍ സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് ഔദ്യോഗികമായിത്തന്നെ അഭിപ്രായം അറിയിച്ചിട്ടുമുണ്ട്. വനിതാ ശിശുവികസന വകുപ്പുതന്നെ മുന്‍കൈയെടുത്ത് എല്ലാ വകുപ്പുകളിലും അല്ലാത്ത തൊഴില്‍ മേഖലകളിലും പരാതി പരിഹാര സമിതി ഉണ്ടെന്ന് ഉറപ്പു വരുത്താന്‍ ശ്രമിച്ചാല്‍ ഒരു തലം വരെ ഇതിനു പരിഹാരമുണ്ടാക്കാന്‍ സാധിക്കും. 

നിയമഭേദഗതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കു നല്‍കിയ ശുപാര്‍ശയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്താണ്?

കമ്മിഷന്റെ മുന്‍പില്‍ വരുന്ന പരാതികള്‍ ചര്‍ച്ച ചെയ്ത് രണ്ടു കക്ഷികളും പരസ്പര ധാരണയായിക്കഴിഞ്ഞാല്‍, ഒത്തുതീര്‍പ്പായിക്കഴിഞ്ഞാല്‍ അതൊരു ഓര്‍ഡറായി വരുത്താം. പക്ഷേ, ആ ഓര്‍ഡര്‍ എക്‌സിക്യൂട്ട് ചെയ്യാനുള്ള അധികാരം കമ്മിഷനില്ല. തീരുമാനം അംഗീകരിച്ചുകൊണ്ട് രണ്ടു കക്ഷികളും മുന്നോട്ടു പോയിക്കഴിഞ്ഞാല്‍ പ്രശ്‌നമില്ല. പക്ഷേ, ഒരു അര്‍ദ്ധ ജുഡീഷ്യല്‍ സംവിധാനമാണ് എന്നതുകൊണ്ടുതന്നെ വനിതാകമ്മിഷന്റെ തീരുമാനങ്ങള്‍ എക്‌സിക്യൂട്ട് ചെയ്യാനുള്ള അധികാരം ഇല്ല. ഹൈക്കോടതിയുടെ ആഭിമുഖ്യത്തിലുള്ള കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി(കെല്‍സ)ക്ക് ജില്ലാ തലത്തിലും താലൂക്ക് തലത്തിലും സംവിധാനമുണ്ട്. കമ്മിഷന്‍ കൈക്കൊള്ളുന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥ പോലുള്ള പ്രത്യേക തീരുമാനങ്ങള്‍ എക്‌സിക്യൂട്ട് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള ഓര്‍ഡറാക്കാന്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി മുഖേന കഴിയും. മുഖ്യമന്ത്രിക്കു കൊടുത്ത ശുപാര്‍ശയില്‍ പ്രധാനമായും അതു ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെല്‍സയ്ക്ക് അധികാരമുണ്ട്, ജുഡീഷ്യല്‍ ഓഫീസേഴ്സ് ആണ് അതിന്റെ ഭാരവാഹികള്‍. കമ്മിഷന്റെ തീരുമാനങ്ങള്‍ അവര്‍ മുഖേന നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ മതി. അതിനു നടപടിക്രമങ്ങളുണ്ട്. ഉദാഹരണത്തിന്, ഭാര്യയേയും മക്കളേയും നോക്കാത്ത ആള്‍ കുടുംബത്തിനു ചെലവിനു കൊടുക്കണം എന്ന് ഒരു ഉത്തരവ് കമ്മിഷന്‍ പുറപ്പെടുവിച്ചാല്‍ അത് കെല്‍സയ്ക്ക് കൈമാറുകയും അവര്‍ മുഖേന അതു നടപ്പാക്കിയെടുക്കുകയും ചെയ്യാന്‍ കഴിയും. വേഗത്തില്‍ നീതി ഉറപ്പാക്കാനും കഴിയും. 

മറ്റൊന്ന്, ഒരു ദുരന്തമുണ്ടായിക്കഴിയുമ്പോഴാണ് പല വിഷയങ്ങളും കമ്മിഷന്റെ മുന്നിലെത്തുന്നത്. ഒരു ദുരന്തവും ഇല്ലാതിരിക്കാനുള്ള ഒരു സാമൂഹിക സാഹചര്യം ഉണ്ടാക്കാനുള്ള അവബോധമാണ് സമൂഹത്തില്‍ അത്യന്താപേക്ഷിതമായിട്ടുള്ളത്. അത് ജാഗ്രതപ്പെടുത്താന്‍ കഴിയുന്ന രീതിയില്‍ ജാഗ്രതാസമിതികള്‍ പ്രവര്‍ത്തനക്ഷമമായിരിക്കണം എന്നുള്ളതാണ്. ജാഗ്രതാസമിതികള്‍ ഇപ്പോള്‍ത്തന്നെ ഉണ്ട്. പക്ഷേ, അവ കൃത്യമായി യോഗം ചേരുന്നില്ല. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും ഭാഗമായി ഈ ജാഗ്രതാസമിതികള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുവേണ്ടി അതിനൊരു സ്റ്റാറ്റിയൂട്ടറി പദവി നല്‍കണം എന്നൊരു ശുപാര്‍ശയാണ് കമ്മിഷന്‍ സര്‍ക്കാരിനു കൊടുത്തിട്ടുള്ളത്. ജാഗ്രതാസമിതി എങ്ങനെ രൂപീകരിക്കണം എന്നതിനെക്കുറിച്ച് ഒരു കൈപ്പുസ്തകം തന്നെ വനിതാകമ്മിഷന്‍ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്. ജാഗ്രതാസമിതികള്‍ യോഗം ചേര്‍ന്നു പരാതികള്‍ കേള്‍ക്കുകയും തീര്‍പ്പുകല്പിക്കുകയും ചെയ്യുമ്പോള്‍ തീര്‍ച്ചയായും പ്രശ്‌നങ്ങള്‍ക്കു വലിയ തോതില്‍ പരിഹാരമുണ്ടാകും. പ്രധാനമായും ഈ ശുപാര്‍ശകളാണ് നല്‍കിയത്. സര്‍ക്കാര്‍ അതു ബന്ധപ്പെട്ട മറ്റു വകുപ്പുകളുമായി ചര്‍ച്ച ചെയ്തു തുടര്‍നടപടികള്‍ സ്വീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

അതിജീവിതരുടെ പുനരധിവാസകാര്യത്തില്‍ വനിതാകമ്മിഷന്റെ നിലപാടെന്താണ്? സൂര്യനെല്ലി മുതല്‍ ഇങ്ങോട്ട് പരിശോധിച്ചാല്‍ സൂര്യനെല്ലിയിലെ കുട്ടി മാത്രമാണ് സര്‍ക്കാരില്‍ നിന്ന് ഒരു തൊഴില്‍ കിട്ടി ജീവിക്കുന്നത്. കേരള സര്‍ക്കാരിന്റെ വനിതാരത്‌നം പുരസ്‌കാരം നേടിയ രഹനാസ് പോലും ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും സ്ഥിരം തൊഴില്‍ കിട്ടാത്ത സ്ഥിതിയിലാണ്?

തീര്‍ച്ചയായും കമ്മിഷന് ഇക്കാര്യത്തില്‍ പ്രതിബദ്ധതയുണ്ട്. അതിജീവിതയ്ക്ക് അഭിമാനത്തോടെ ജീവിക്കാവുന്ന ഒരു തലത്തിലേക്ക് നല്ല മാറ്റങ്ങള്‍ അനിവാര്യമാണ്. അവര്‍ക്ക് ആത്മവിശ്വാസത്തോടുകൂടി ജീവിക്കാന്‍ പറ്റാവുന്നതാകണം പുനരധിവാസം. അതിനു കഴിയുന്ന അന്തരീക്ഷം രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള കരുതലാണ് ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ഹൈക്കോടതിയുടെ ഭാഗമായിട്ടുള്ള പുനരധിവാസ സംവിധാനങ്ങളുണ്ട്. അതൊക്കെത്തന്നെ ഒരുപരിധിവരെ മാത്രമേ സഹായകരമാകുന്നുള്ളൂ. പലപ്പോഴും പീഡനക്കേസുകളില്‍ ഇരകളാകുന്ന സ്ത്രീകള്‍ക്കു മുന്നോട്ടു നന്നായി ജീവിക്കണമെങ്കില്‍ സമൂഹത്തില്‍ നല്ല പരിരക്ഷ അത്യാവശ്യമാണ്. അതിനാവശ്യമായ സംവിധാനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ത്തന്നെ കൊണ്ടുവരേണ്ടതാണ്. ഷോര്‍ട്ട് സ്റ്റേ ഹോമുകളിലൊക്കെ വളരെച്ചുരുങ്ങിയ കാലത്തേക്കു മാത്രമേ അവര്‍ക്കു പരിരക്ഷ കൊടുക്കാന്‍ കഴിയുകയുള്ളൂ. ഓരോ വ്യക്തിയുടേയും സാമൂഹിക സാഹചര്യത്തിനനുസരിച്ച് അവര്‍ക്ക് അതിജീവനം കൊടുക്കേണ്ടതാണ്. കൂട്ടമായി അവരെ താമസിപ്പിക്കുമ്പോള്‍ അതു സാധിക്കാതെ വരും. അവരുടെ പുനരധിവാസമെന്നത് ഒരു സ്ഥിരം സംവിധാനമാക്കി മാറ്റേണ്ടതുണ്ട്. 

കേരളത്തിലെ ആകെ ജനസംഖ്യയുടെ രണ്ട് ശതമാനത്തില്‍ താഴെ മാത്രമുള്ള ആദിവാസികളാണ്, ലൈംഗിക അതിക്രമത്തിന് ഇരകളായ പെണ്‍കുട്ടികളെ താമസിപ്പിച്ചിരിക്കുന്ന ഷോര്‍ട്ട് സ്റ്റേ ഹോമുകളില്‍ 40 ശതമാനം അന്തേവാസികള്‍ എന്നൊരു കണക്ക് പുറത്തുവന്നിരുന്നു. അവരുടെ പെണ്‍കുട്ടികളെ ഈ സ്ഥിതിയില്‍നിന്നു രക്ഷിക്കാന്‍, കൂടുതല്‍ സുരക്ഷിതരാക്കാന്‍ എന്തു ചെയ്യാന്‍ കഴിയും?

അത്തരത്തിലുള്ള പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്കു പ്രത്യേക പരിരക്ഷ നല്‍കാനുള്ള ഒട്ടേറെ സംവിധാനങ്ങള്‍ സര്‍ക്കാര്‍ തന്നെ മുന്നോട്ടുവച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കു സുരക്ഷിതത്വം ഉറപ്പാക്കാന്‍, അവര്‍ക്കു വിദ്യാഭ്യാസം കൊടുക്കാന്‍, തൊഴില്‍ കണ്ടെത്താന്‍. സാമൂഹിക അവബോധത്തിലൂടെ മാത്രമേ അവരെ സത്യസന്ധമായി ചേര്‍ത്തുപിടിക്കുന്ന മനോഭാവം ഉണ്ടാവുകയുള്ളൂ. പിന്നെ, അവരുടെ ഇടയില്‍ത്തന്നെ ആ ഒരു ബോധവല്‍ക്കരണം വളരെ അനിവാര്യമാണ്. വനിതാ കമ്മിഷന്‍ അത്തരത്തിലുള്ള ബോധവല്‍ക്കരണം ഏറ്റെടുത്തു നടത്തുന്നുണ്ട്. 

വനിതാകമ്മിഷനു കൂടുതല്‍ പ്രാദേശിക ഓഫീസുകള്‍ ഉണ്ടെങ്കില്‍ സ്ത്രീകള്‍ക്കത് കൂടുതല്‍ ഉപകാരപ്പെടുമെന്ന് മുന്‍പ് പറയാറുണ്ടല്ലോ. എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകള്‍ മൂലം അര്‍ഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നീതി ലഭിക്കാത്ത സ്ഥിതിയില്ലേ? 

കമ്മിഷന്‍, കൂടുതല്‍ സ്ത്രീകള്‍ക്കു പ്രാപ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രണ്ട് മേഖലാ ഓഫീസുകള്‍ നിലവില്‍ വന്നു. കോഴിക്കോട്ടും എറണാകുളത്തും. താല്‍ക്കാലികമായി എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകളില്‍നിന്നു നിയമിച്ച ജീവനക്കാരാണ് അവിടെയുള്ളത്. രണ്ടും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റൊന്ന്, തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിലേക്കോ മേഖലാ ഓഫീസുകളിലേക്കോ നേരിട്ടെത്തി പരാതി നല്‍കിയേ തീരൂ എന്ന സ്ഥിതിയില്ല. തപാലിലോ ഇ മെയിലില്‍ സാധിക്കുമെങ്കില്‍ അങ്ങനെയോ അയയ്ക്കാം. അങ്ങനെ വരുന്ന പരാതികള്‍ക്കു തുടര്‍നടപടികള്‍ സ്വീകരിക്കാറുണ്ട്. എല്ലാ ജില്ലകളിലും വളരെ കാര്യക്ഷമമായി സിറ്റിംഗ് നടത്തുന്നതാണു വേറൊരു പ്രവര്‍ത്തനം. തിരുവനന്തപുരം, എറണാകുളം, കൊല്ലം ജില്ലകളിലാണ് ഏറ്റവുമധികം പരാതികള്‍. അവിടെ മാസത്തില്‍ രണ്ടുവട്ടം വീതം സിറ്റിംഗ് വയ്ക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ഞാന്‍ ചുമതലയേറ്റ ശേഷം ഒരു വര്‍ഷത്തിനിടയില്‍ ഗണ്യമായ വിധത്തില്‍ കുറവു വന്നിട്ടുണ്ട്; പരാതികളുടെ ബാഹുല്യം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 14460 കേസുകളാണ് ഞാന്‍ വരുമ്പോള്‍ ഉണ്ടായിരുന്നത്. കൊവിഡ് കാലത്ത് കുറേ സിറ്റിംഗ് നടത്താന്‍ പറ്റാതെ വന്നു. അതിനുശേഷം ഞങ്ങള്‍ എല്ലാ ജില്ലകളിലും മാറിമാറി സിറ്റിംഗ് വച്ചു. അതിന്റെ ഫലമായി പരാതികളില്‍ വലിയ കുറവു വന്നിട്ടുണ്ട്. ഇപ്പോള്‍ പന്ത്രണ്ടായിരത്തില്‍ താഴെ പരാതികളാണ് കമ്മിഷനു മുന്നിലുള്ളത്. അതില്‍ ഏറ്റവുമധികം തിരുവനന്തപുരം ജില്ലയും തൊട്ടടുത്ത് കൊല്ലം ജില്ലയും മൂന്നാമത് എറണാകുളവുമാണ്. മറ്റു ജില്ലകളില്‍ പരാതികള്‍ കുറവാണ്. 

എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കെതിരെ സ്ത്രീപീഡന പരാതികളുണ്ടാകുമ്പോള്‍ അവര്‍ നിരപരാധിയാണെന്നു തെളിയുന്നതുവരെ മാറിനില്‍ക്കേണ്ടതല്ലേ?

അത് തീര്‍ച്ചയായും അവരുടെ ധാര്‍മ്മിക മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്യേണ്ടതാണ്. ഒരാള്‍ സ്ത്രീപീഡനക്കേസില്‍ പ്രതിസ്ഥാനത്ത് എത്തുമ്പോള്‍, പ്രത്യേകിച്ചും അയാള്‍ ഒരു ഉത്തരവാദപ്പെട്ട ജനപ്രതിനിധി ആയിരിക്കുമ്പോള്‍ ജനങ്ങളാണ് തെരഞ്ഞെടുക്കുന്നത് എന്ന ഓര്‍മ്മ വേണം. ആ ജനങ്ങള്‍ക്കു മുന്നില്‍ സ്വന്തം ജീവിതം തുറന്ന ഒരു പുസ്തകംപോലെ കാട്ടാന്‍ കഴിയുന്നവിധത്തില്‍ ധാര്‍മ്മികമായ ഉത്തരവാദിത്വമാണ് അദ്ദേഹത്തിനുള്ളത്. കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും പ്രത്യേകിച്ചും ഇത്തരം കേസുകളില്‍ പ്രതിസ്ഥാനത്തു വരികയും ചെയ്യുമ്പോള്‍ ധാര്‍മ്മികമായി ഉത്തരവാദിത്വം ഏറ്റെടുത്തു ജനപ്രതിനിധി സ്ഥാനത്തുനിന്നു മാറി നില്‍ക്കുന്നതാണ് ഉചിതം. കോടതി കുറ്റവിമുക്തനാക്കുന്ന സാഹചര്യമുണ്ടായാല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടാനും കഴിയും. അക്കാര്യത്തില്‍ ജനങ്ങളാണ് തീരുമാനമെടുക്കേണ്ടത്.

എൽദോസ് കുന്നപ്പിള്ളി

എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരെ പരാതി നല്‍കാന്‍ പോയ അദ്ധ്യാപികയെ കോവളം പൊലീസ് നാലു വട്ടം തിരിച്ചയച്ചത് പുറത്തുവന്നു. ഇത്തരം സംഭവങ്ങളില്‍ പൊലീസില്‍നിന്നു നീതി ഉറപ്പാക്കുന്നതില്‍ വനിതാകമ്മിഷന് ഒരുതരത്തിലുള്ള പങ്കും നിര്‍വ്വഹിക്കാന്‍ കഴിയില്ലേ?

പൊലീസ് തന്നെയാണ് അതു പരിശോധിക്കേണ്ടത്. കേസിന്റെ നടപടികളില്‍ എന്തെങ്കിലും വീഴ്ചയുണ്ടായതായി ബന്ധപ്പെട്ട കക്ഷികള്‍ പരാതി തന്നാല്‍ മാത്രമേ കമ്മിഷന് ഇടപെടാന്‍ കഴിയുകയുള്ളു. കേസെടുക്കുന്നുണ്ടോ എന്നും കാര്യക്ഷമമായി കേസ് നടത്തുന്നുണ്ടോ എന്നും പരിശോധിക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണ്; ആഭ്യന്തര വകുപ്പാണ്. കമ്മിഷനു മുന്‍പാകെ അത്തരത്തില്‍ എന്തെങ്കിലും പരാതികള്‍ വന്നാല്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍, ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ മാത്രമേ കമ്മിഷന് അധികാരമുള്ളു. 

സമൂഹത്തിലെ എല്ലാ നിഷേധാത്മക പ്രവണതകളും സ്ത്രീകളെയാണ് ഏറ്റവുമധികം ബാധിക്കുന്നത്. ഇപ്പോഴവര്‍ ആഭിചാരത്തിനും മന്ത്രവാദത്തിനുമൊക്കെ ഇരയായി കൊല്ലപ്പെടുന്ന സാഹചര്യങ്ങളെ എങ്ങനെ കാണുന്നു?

സ്ത്രീവിരുദ്ധമായ ചിന്താഗതികള്‍ സമൂഹത്തില്‍ ശക്തമാണെന്നു ഞാന്‍ പറഞ്ഞത് ഇതുകൂടി മനസ്സില്‍ വെച്ചുകൊണ്ടാണ്. അടുത്തകാലത്തുണ്ടായ ഞെട്ടിക്കുന്ന സംഭവങ്ങള്‍ വളരെ പ്രാകൃതമായ ഒരു അവസ്ഥയിലേക്ക് സമൂഹത്തെ എത്തിക്കാന്‍ ഇടവരുത്തും. വര്‍ഷങ്ങളിലൂടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ നവോത്ഥാനം സാധ്യമായി എന്നും ദുരാചാരങ്ങളില്‍നിന്നു മോചിതരായി എന്നുമൊക്കെ പറയുമ്പോള്‍ വിദ്യാസമ്പന്നരുടെ ഇടയില്‍പ്പോലും ഈ അനാചാരങ്ങള്‍ വലിയ രീതിയില്‍ ഉണ്ടാവുകയാണ്. അന്ധവിശ്വാസത്തിന്റെ വേരോട്ടം വളരെ ശക്തമാണ്. അത് പ്രോത്സാഹിപ്പിക്കാനുതകുന്ന പരസ്യങ്ങളാണ് മാധ്യമങ്ങളില്‍ വരുന്നത്. വീട്ടില്‍ ഐശ്വര്യമുണ്ടാകാന്‍ വലംപിരി ശംഖ് വച്ചാല്‍ മതി, രുദ്രാക്ഷ മാല ധരിച്ചാല്‍ മതി എന്നൊക്കെ പറയുന്ന പ്രചരണങ്ങളുടെ ഇരകളാകുന്നത് ഏറ്റവും എളുപ്പത്തില്‍ സ്ത്രീകളാണ്. എന്തു പറഞ്ഞുകഴിഞ്ഞാലും അവരുടെ മാനസികാവസ്ഥ വച്ചുകൊണ്ട് അതിന്റെ പിന്നാലെ പോകുമെന്നാണ്. ധനം മോഹിച്ചാണ് ഈ സംഭവങ്ങളെല്ലാം ഉണ്ടായിട്ടുള്ളത്. എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ എന്തു വൃത്തികേടും ചെയ്യും, എന്തു ഹീനമായ മാര്‍ഗ്ഗത്തിലൂടെയും പണമുണ്ടാക്കുക മാത്രം ലക്ഷ്യമാകുന്നു. ലാഭേച്ഛയും ദുരാചാരങ്ങളും പരസ്പരം ബന്ധമുള്ള കാര്യങ്ങളാണ്. കുഞ്ഞുങ്ങള്‍ വില്‍ക്കപ്പെടുന്നുണ്ട്, പെണ്‍വാണിഭം വലിയ രൂപത്തില്‍ കേരളത്തില്‍ നടക്കുന്നുണ്ട്, കൗമാരക്കാരായ പെണ്‍കുട്ടികളെ ഉള്‍പ്പെടെ ഇത്തരം തെറ്റായ കാര്യങ്ങളിലേക്കു നയിച്ചുകൊണ്ടുപോകുന്ന സാഹചര്യമുണ്ട്. പുരുഷനും സ്ത്രീയും അതിന്റെ ഇരകളും നടത്തിപ്പുകാരുമായി മാറുന്ന സ്ഥിതിയുണ്ട്. 

വനിതാകമ്മിഷന്‍ തലപ്പത്തെത്തിയ ശേഷമുള്ള ഒരു വര്‍ഷത്തെ അനുഭവങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു? 

25 വര്‍ഷത്തോളം അഭിഭാഷകയായിരുന്നു. അക്കാലത്ത് ഞാന്‍ നടത്തിയിട്ടുള്ള മിക്കവാറും കേസുകളെല്ലാം സ്ത്രീകള്‍ക്കു വേണ്ടിയുള്ളതായിരുന്നു. എം.പി ആയിരിക്കുമ്പോഴും സ്ത്രീകളുടെ വിഷയങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പരിഗണന നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ക്കു നേരിടേണ്ടിവരുന്ന സാമൂഹിക പ്രശ്‌നങ്ങള്‍, നിയമപരമായ മാറ്റങ്ങള്‍ ഇതിലൊക്കെത്തന്നെ ഇടപെടാന്‍ കഴിഞ്ഞിട്ടുണ്ട്. സ്ത്രീസംഘടനയുടെ പ്രവര്‍ത്തക എന്ന നിലയിലും ആ വിധമുള്ള പ്രവര്‍ത്തനങ്ങളാണു നടത്തിയത്. ശരിക്കും ആ പ്രവര്‍ത്തനങ്ങളാണ് എന്റെ കൈമുതല്‍.

ഈ ലേഖനം കൂടി വായിക്കൂ

ബംഗാള്‍ വീണ്ടും ചുവപ്പിലേക്ക് നീങ്ങുമോ..? 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ