ജീവിക്കാന്‍ മനുഷ്യനു കഥകള്‍ വേണം, അതിജീവിക്കാനും

ഈ കഥകള്‍ ഏറ്റവും അപരിചിതമായ വഴികളിലൂടെ സഞ്ചരിക്കുന്നു എന്നുമാത്രം അല്ല, അവ മനുഷ്യാവസ്ഥകളെ കൃത്യമായി വെളിച്ചത്തു കൊണ്ടുവരാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു
ജീവിക്കാന്‍ മനുഷ്യനു കഥകള്‍ വേണം, അതിജീവിക്കാനും

ന്തിനാണ് കഥ എന്ന ചോദ്യം ലോകത്തെങ്ങുമുള്ള കഥാകാരന്മാര്‍ അഭിമുഖീകരിക്കുന്ന ചോദ്യമാണ്.

പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരിയായ  ജോവാന്‍ ഡിഡിയോന്‍ ഇങ്ങനെ നിരീക്ഷിക്കുകയുണ്ടായി

'-We tell ourselves stories in order to live'

നമ്മള്‍ സ്വയം കഥകള്‍ പറയുന്നത് നമുക്ക് ജീവിക്കുന്നതിനുവേണ്ടിയാണ് ജീവിക്കാന്‍ മനുഷ്യനു കഥകള്‍ വേണം. ജീവിക്കാന്‍ മാത്രം അല്ല, അതിജീവിക്കാനും.

മഹാവ്യാധികളുടെ കാലത്ത് ഒറ്റപ്പെട്ടുപോയ കുറച്ചു പേര്‍ ചേര്‍ന്ന്  അവരുടെ ദുരിതത്തേയും ദുരന്തങ്ങളേയും അതിജീവിക്കാന്‍ നൂറ്  കഥകള്‍ പറഞ്ഞു. അങ്ങനെ പതിനാലാം നൂറ്റാണ്ടിലെ  ദുരന്തത്തെ, രോഗത്തെ കഥകള്‍ പറഞ്ഞ് അവര്‍ അതിജീവിക്കുന്നു.

അതേപോലെ കഥകള്‍ പറഞ്ഞ് മരണത്തെ അതിജീവിച്ച മന്ത്രികുമാരിയെ നമുക്ക് എല്ലാവര്‍ക്കും പരിചയം ഉണ്ട്. ലോകം മുഴുവന്‍ ഇന്നും ആരാധനയോടെ ഉറ്റുനോക്കുന്ന ഷെഹ്‌റ സാദ് എന്ന കഥപറച്ചില്‍കാരിയുടെ മക്കളാണ് ലോകത്തെങ്ങും ഉള്ള കഥപറച്ചിലുകാര്‍ എന്ന് ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരന്‍ കാര്‍ലോസ് ഫ്യുന്തസ് അദ്ദേഹത്തിന്റെ സ്‌റ്റോറി ടെല്ലര്‍ എന്ന ലേഖനത്തില്‍ പറയുന്നുണ്ട്.

(Every storyteller is a child of Scheheraza de, in a hurry to tell the tale so that death may be postponed one more time. - Carlos Fuentes)

കഥകള്‍ മനുഷ്യര്‍ക്ക് ആവശ്യമാണ്.

കഥകള്‍കൊണ്ടാണ് മനുഷ്യര്‍ ഭൂമിയുമായി ചേര്‍ന്നുനില്‍ക്കുന്നത്.

നമ്മുടെ മലയാളത്തിലെ ഏറ്റവും വാഴ്ത്തപ്പെട്ട കൃതികളില്‍ ഒന്നായ ഖസാക്കിന്റെ ഇതിഹാസത്തിലെ ബുദ്ധിവികാസം ഇല്ലാത്ത അപ്പുക്കിളി എന്ന കഥാപാത്രം ഒരു സവിശേഷ സന്ദര്‍ഭത്തില്‍ കഥ ചോദിക്കുന്നുണ്ട് 'മാതവേട്ടാ ഒരു കത പത' എന്നാണ് അപ്പുക്കിളി പറയുന്നത്. അപ്പുക്കിളിക്കും കഥ ആവശ്യമാണ്. ലോകത്തിലെ എല്ലാ മനുഷ്യര്‍ക്കും കഥ ആവശ്യമാണ്.

ബുക്കര്‍ പുരസ്‌കാരം ലഭിച്ച ഗീതാഞ്ജലി ശ്രീയുടെ  'tomb of sand' എന്ന നോവല്‍ തുടങ്ങുന്നത് കഥയെക്കുറിച്ച് ഒരു വാചകം പറഞ്ഞുകൊണ്ടാണ്, 'A tale tells itself. It can be complete, but also incomplete, the way all tales are: (Tomb of Sand)' ഈ ബൃഹദ് നോവലില്‍ പല സന്ദര്‍ഭങ്ങളില്‍ tale, കഥ എന്ന വാക്ക് കടന്നുവരുന്നുണ്ട്. എണ്‍പത് വയസ്സ് കഴിഞ്ഞ മായി എന്ന വൃദ്ധയായ സ്ത്രീ അവരുടെ ഉള്ളിലുള്ള കഥകള്‍ നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കുന്നു. അവര്‍ ഭാവനയിലൂടെ കഥകള്‍ ഉണ്ടാക്കുന്നു, അവരുടെ അനുഭവങ്ങളില്‍നിന്നും കഥകള്‍ ഉണ്ടാക്കുന്നു, ഇങ്ങനെ കഥകള്‍ ഉണ്ടാക്കിയും പറഞ്ഞും  മരണത്തെ തോല്‍പ്പിക്കാന്‍, അതിജീവിക്കാന്‍ നോക്കുന്ന ഒരു സ്ത്രീയാണ് നോവലിലെ പ്രധാന കഥാപാത്രം. ഈ കഥാപാത്രം ചോദിക്കുന്ന അതെ ചോദ്യം വേറൊരു രൂപത്തില്‍ മനോഹരമായി വി. സുരേഷ് കുമാറിന്റെ കൈപ്പാട് എന്ന സമാഹാരത്തിലെ ആമുഖത്തില്‍ ഉണ്ട്. 

'രണ്ടുപേര്‍ കൂടിയിരിക്കുമ്പോള്‍ മൂന്നാമതായി ഒരാള്‍ എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് ഒരു കഥയാണ്. കുറെ അധികം നുണകളും ആഗ്രഹങ്ങളും സത്യങ്ങളും കൂടിക്കലര്‍ന്നു ജീവിതത്തെക്കുറിച്ച് കൂടുതല്‍ ആലോചിക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്നാണ് കഥ!' ഇങ്ങനെ കഥയെക്കുറിച്ചുള്ള വളരെ മനോഹരമായ ഒരു നിര്‍വ്വചനം ആമുഖക്കുറിപ്പില്‍ സുരേഷ് രേഖപ്പെടുത്തുന്നു. ഈ കഥ എന്ന സംഭവത്തെക്കുറിച്ചുള്ള ആലോചന ഗീതാഞ്ജലിയുടെ പുസ്തകത്തില്‍ ഉള്ളതുപോലെ സുരേഷിന്റെ കഥകളിലെ പല കഥാപാത്രങ്ങള്‍ക്കും ഉണ്ട്.

വീണ്ടും വീണ്ടും അതിലെ കഥാപാത്രങ്ങള്‍ കഥ പറഞ്ഞുകൊണ്ടേയിരിക്കുന്നു.

വേട്ടക്കാരന്‍ സുബൈര്‍ എന്ന കഥയില്‍ മാഷ് സുബൈര്‍ എന്ന കഥാപാത്രത്തോട് പറയുന്നത്  നീ ഒരു കഥ പറയൂ സുബൈര്‍ എന്നാണ്...

തെയ്യം വീക്‌നെസ് ആയ ഒരു കുട്ടിയാണ് സുബൈര്‍, അതെ വീക്‌നെസ് ആണ് മാഷിനും. അങ്ങനെ മാഷ് സുബൈറിനോട്  വേട്ടയ്‌ക്കൊരുമകന്‍ തെയ്യത്തിന്റെ കഥ പറയാന്‍ ആവശ്യപ്പെടുകയാണ്.

മാഷ് കഥ കേള്‍ക്കാന്‍ തല്പരനാണ്, സുബൈര്‍ കഥ പറയുവാനും.

വി സുരേഷ് കുമാർ
വി സുരേഷ് കുമാർ

അതിലും സവിശേഷമായ ഒരു സന്ദര്‍ഭം ഇതിലെ ദര്‍ശനമാല എന്ന കഥയില്‍ ഉണ്ട്. അതില്‍ ഒരു കഥാപാത്രത്തെക്കൊണ്ട് ഒരു പ്രസ്താവം തന്നെ സുരേഷിന്റേതായി നടത്തുന്നുണ്ട്, അതിങ്ങനെയാണ്: 'ഒരാളും വിശ്വസിക്കാത്ത ഒരുപാട് കഥകളും അനുഭവങ്ങളും ഓര്‍മ്മകളും എനിക്ക് വായനക്കാരോട് പറയുവാനുണ്ട്.' ഈ വാക്യം ഒരു കഥപാത്രത്തെക്കൊണ്ട് സുരേഷ് പറയിക്കുകയാണ്.

അതില്‍ സഞ്ചരിക്കുന്ന ഒരു ഓട്ടോഡ്രൈവര്‍ അയാളുടെ കഥകള്‍ നിര്‍ത്താതെ പറഞ്ഞു തുടങ്ങുന്നു. അയാള്‍ അയാളുടെ ജീവിതത്തില്‍ അനുഭവിച്ചതും അയാളെ അമ്പരപ്പിച്ചതും അത്ഭുതപ്പെടുത്തിയതുമായ കഥകള്‍ ഓട്ടത്തില്‍ പറഞ്ഞുപോവുകയാണ്. എന്നാല്‍, മുഴുവന്‍ പറഞ്ഞുതീരുന്നതിനും മുന്നേ ആ ഓട്ടോറിക്ഷ യാത്രക്കാരന് ഇറങ്ങേണ്ടുന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു.

കഥ പൂര്‍ത്തിയാക്കുന്നതിനു മുന്നേ ഓട്ടോ ഡ്രൈവര്‍ പോവുകയാണ്. 

കഥയില്‍ ഇനിയാണ് ട്വിസ്റ്റ് നടക്കുന്നത്. ഓട്ടോ ഡ്രൈവര്‍ പോയതിനു ശേഷം ഓട്ടോയില്‍ നിന്നും ഇറങ്ങിയ കഥാപാത്രം ആലോചിക്കുന്നത് ഇതിന്റെ ബാക്കി കഥ ഡ്രൈവര്‍ ആരോട് പറയും എന്നാണ്? അയാളുടെ ഉള്ളില്‍ ഇനിയും കഥയുണ്ട്... യാത്രക്കാരന് ആ കഥയുടെ ബാക്കി കേള്‍ക്കാന്‍ ആഗ്രഹവും ഉണ്ട്.
അങ്ങനെ കഥ മുറിഞ്ഞുപോയ വിഷമത്തോടെ യാത്രക്കാരന്‍ നടന്നുപോകുമ്പോഴാണ് കഥയില്‍  ഒരു തിരിവ് ഉണ്ടാകുന്നത്. 

ഇനി എന്റെ സ്വന്തം കഥ ഞാന്‍ വായനക്കാരോട് പറയാന്‍ പോകുന്നു എന്നാണ് യാത്രക്കാരന്‍ നമ്മളോട് പറയുന്നത്. ഓട്ടോഡ്രൈവറുടെ തുടര്‍ച്ചപോലെ  യാത്രക്കാരന്‍ അയാളുടെ കഥകള്‍ പറഞ്ഞുതുടങ്ങുകയും അങ്ങനെ രണ്ടു കഥകളും കൂടി ചേര്‍ന്ന് ഒറ്റ കഥയായി തീരുകയും ചെയ്യുന്നു.

അങ്ങനെ കഥ എന്നു പറയുന്ന വലിയ മാധ്യമം എങ്ങനെ മനുഷ്യരില്‍ പ്രവര്‍ത്തിക്കുന്നു എന്ന വലിയ ആശയം ഈ കഥകളില്‍ മുഴുവന്‍  വ്യാപിച്ചുകിടക്കുന്നു എന്നതാണ് സുരേഷിന്റെ കഥകളിലൂടെയും വായനയിലൂടെയും എനിക്ക് ബോധ്യമായ കാര്യം. ഗീതാഞ്ജലിയുടെ പുസ്തകം വായിക്കുമ്പോള്‍ അതിലും കഥ കഥ എന്ന് വീണ്ടും വീണ്ടും  വന്നുകൊണ്ടിരിക്കുന്നു.

ഓരോ മനുഷ്യരില്‍നിന്നും കഥകള്‍ ജനിച്ചുകൊണ്ടിരിക്കുന്നു. കഥകള്‍ മനുഷ്യരെപ്പോലെ ഭൂമിയില്‍ സഞ്ചരിക്കുന്നു, സ്വപ്നം കാണുന്നു, അവ മനുഷ്യരോടൊപ്പം അറിവുകളും അനുഭവങ്ങളും പങ്കിട്ടുകൊണ്ട് നീങ്ങുന്നു എന്നിങ്ങനെയുള്ള അനേകം കൗതുകങ്ങള്‍ ലോകത്തിലെ പല എഴുത്തുകാരും പലപ്പോഴായി പങ്കുവെച്ചിട്ടുമുണ്ട്.

മാര്‍ക്വസിന്റെ പ്രശസ്തമായ 'ലിവിങ് ടു ദി ടെല്‍ ദി ടെല്‍' എന്ന ശീര്‍ഷകം ഓര്‍മ്മവരുന്നു.
സുരേഷിന്റെ കഥകള്‍ മുഴുവന്‍ വ്യത്യസ്തമാണ്. വിചിത്രമായ വഴികളിലൂടെയും പ്രകൃതിയിലൂടെയുമാണ്  സുരേഷ് കഥകള്‍ കൊണ്ടുപോകുന്നത്.

സുരേഷ് ജനിച്ചു വളര്‍ന്ന പട്ടുവം, ഏഴോത്, വെള്ളിക്കീല്‍, പരണൂല്‍, നരിക്കോട് തുടങ്ങിയ പ്രദേശങ്ങളും അവിടുത്തെ തെയ്യങ്ങളും കൈപ്പാടും കുന്നുകളും കണ്ടലും പുഴയും ഒക്കെ ഉള്‍പ്പെടുന്ന ഒരു ഗ്രാമീണതയും അവിടുത്തെ പ്രകൃതിയുടെ താളവും ശാന്തതയും സങ്കീര്‍ണ്ണതകളും ഈ കഥകളില്‍ വായനക്കാരെ അനുഭവിപ്പിക്കാനും നിലനിര്‍ത്താനും കഴിയുന്നു. ഓരോ കഥയും അതിന്റെ ആ താളം കൊണ്ട് അമ്പരപ്പിക്കുന്നതാണ്.

അത്രതന്നെ വിചിത്രങ്ങളായ അനുഭവങ്ങളും വിചിത്ര സ്വഭാവമുള്ള കഥാപാത്രങ്ങളും ചേര്‍ന്ന് ഓരോ കഥയും വായനക്കാരനേയും കൊണ്ട്  മുന്നോട്ടുപോകുന്നു.

ഇതിന്റെ തുടര്‍ച്ചപോലെ മനസ്സില്‍ വരുന്ന മറ്റൊന്നാണ് ഈ വര്‍ഷം സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ച ആനി ഏര്‍ണോ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യം ണവമ േശ െവേല ുീശി േീള ംൃശശേിഴ ശള ിീ േീേ ൗിലമൃവേ വേശിഴ െ'മറഞ്ഞുകിടക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ കണ്ടെത്താന്‍ അല്ലെങ്കില്‍ പിന്നെ എഴുതുന്നതില്‍ എന്താണ് കാര്യം...'

വളരെ ഉപരിപ്ലവമായ കാര്യങ്ങള്‍ അല്ല ഈ കഥകളില്‍ ഉള്ളത്; മറിച്ച് ജീവിതത്തിന്റെ ആഴങ്ങളെ, അതിലെ സന്ദിഗ്ദ്ധതകളെ... ചരിത്രത്തിന്റെ, വര്‍ത്തമാനകാലത്തിന്റെ നിഗൂഢതകളേയും രഹസ്യങ്ങളേയും  അന്വേഷിക്കുകയും ചിലതൊക്കെ പുറത്തേക്കു കൊണ്ടുവരികയും ചെയ്യുക എന്നുള്ളത് സുരേഷിനു കഥകളില്‍ വളരെ സമര്‍ത്ഥമായി നിര്‍വ്വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒറ്റവാക്കില്‍ ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളെ വളരെ ഭ്രമാത്മകമായ ഒരു ഭാവനയോടെ ഈ കഥകളില്‍ വായിക്കാം.

ആ ഭ്രാന്തന്‍ ഭാവന ചിലപ്പോഴൊക്കെ നമ്മളെ വിസ്മയിപ്പിക്കുകയും ചെയ്യും. ഒരു ഭ്രാന്തമായ, ഉന്മാദിയായ മനസ്സ് ഈ കഥകളില്‍ ഉടനീളം പ്രവര്‍ത്തിക്കുന്നുണ്ട്.

നമ്മളെ അത്ഭുതപ്പെടുത്തുന്ന കഥാരീതികള്‍, ഭ്രാന്തന്‍ കഥാപാത്രങ്ങള്‍, അവരുടെ അതിതീക്ഷ്ണമായ ജീവിത, രതി സങ്കല്പങ്ങള്‍...  ചിലപ്പോഴൊക്കെ കഥാപാത്രങ്ങളുടെ അത്തരം സന്ദര്‍ഭങ്ങളെ കടിഞ്ഞാണിട്ട് പിടിക്കുന്നതിലും എഴുത്തുകാരന്‍ പരിശ്രമിക്കുന്നു.

സമാഹാരത്തിലെ ഒരു കഥയിലെ കഥാസന്ദര്‍ഭത്തില്‍ നായികയുടെ പാവാട ജലത്തില്‍ പൊങ്ങിനില്‍ക്കുന്ന ഒരു മനോഹര വിഷ്വല്‍ വരച്ചുവെച്ചിരുന്നു. പൊങ്ങുന്ന പാവാടകള്‍ക്കിടയിലേക്ക് പല നിറങ്ങളിലുള്ള ആമ്പല്‍പൂവുകള്‍ വന്നുനിറയുന്ന ഒരു മനോഹര ചിത്രം, അവിടെ വളരെ മനോഹരമായി രതിയെ ആവിഷ്‌കരിക്കുന്നു. സുന്ദരിയായ ആ പെണ്‍കുട്ടിയുടെ തുടയില്‍ പുഴയില്‍നിന്നും ഞണ്ട് വന്ന് ഇറുക്കുകയും ആ മുറിവ് കഥാനായകന്‍ വന്നു ചുംബിക്കുകയും മുറിവില്‍നിന്നും രക്തം വലിച്ചു പുറത്തേക്ക് തുപ്പിക്കളയുകയും ചെയ്യുന്ന വിചിത്രമായ ചില കാര്യങ്ങള്‍ അതിലേക്ക് അവതരിപ്പിക്കുന്നു.

ഇത്തരത്തിലുള്ള അനേകം കഥാസന്ദര്‍ഭങ്ങള്‍, അനവധി ദൃശ്യങ്ങള്‍ വായനയിലൂടെ കണ്ടെത്താവുന്നതാണ്. പലതും നമുക്ക് പരിചിതമായ  വഴികളേ അല്ല, അങ്ങേയറ്റം അപരിചിതമായ വഴികളിലൂടെയാണ് സുരേഷിന്റെ കഥകള്‍ പോകുന്നത് വളരെ വിചിത്രവും; വിസ്മയം നിറഞ്ഞതുമായ ഭാവനകളിലൂടെ പല കഥകളും സഞ്ചരിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ ജീവിതത്തിന്റെ അനന്തവൈചിത്ര്യങ്ങളുടെ പ്രദര്‍ശനശാല എന്ന നിലയിലാണ് ഈ കഥകള്‍ നമുക്കു മുന്നിലേക്ക് കടന്നുവരുന്നത്.

ആ പ്രദര്‍ശനശാലയിലൂടെ നമ്മള്‍ കടന്നുപോകുമ്പോള്‍ എന്തുതരം മനുഷ്യര്‍ എന്ന് നമ്മള്‍ അത്ഭുതപ്പെടും. കഥകളില്‍ ഒരിടത്ത്  മനുഷ്യനോളം ദുരൂഹതയുള്ള മറ്റൊരു ജീവിയും ഭൂമിയില്‍ ഇല്ല എന്നൊരു വാക്യം  പറയുന്നുമുണ്ട്.

മനുഷ്യരെക്കുറിച്ചുള്ള ഒരു വിസ്മയം മനുഷ്യരെ നോക്കി എന്തു തരം, എത്ര തരം മനുഷ്യര്‍, മനുഷ്യരെ കൊല്ലുന്ന മനുഷ്യര്‍, മനുഷ്യരെ തിന്നുന്ന മനുഷ്യര്‍, മനുഷ്യരെ സ്‌നേഹിക്കുന്ന മനുഷ്യര്‍... മനുഷ്യപ്രകൃതിയെ നമുക്ക് ഇതുവരെയും കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ദസ്തയേവ്‌സികി  പറഞ്ഞിട്ടുണ്ട്: 'മനുഷ്യന്‍ എന്താണെന്ന് അറിയാന്‍ ഞാന്‍ വളരെ ആഴങ്ങളിലേക്കു പോയി, അങ്ങനെ ചെല്ലുന്തോറും മനുഷ്യന്  എന്തൊരു നിഗൂഢത...' മനുഷ്യരുടെ ഉള്ളിലേക്ക് പോകുന്തോറും എത്രതരം മനുഷ്യപ്രകൃതികള്‍ എന്ന് നാം ദിനേനെ ആശ്ചര്യപ്പെടുന്നു.

ഓരോ ദിവസവും മലയാളികള്‍ കടന്നുപോകുന്നത് ഇത്തരം അതിനിഗൂഢ സ്വഭാവങ്ങളിലുള്ള മനുഷ്യര്‍ ഉണ്ടാക്കുന്ന വാര്‍ത്തകളിലൂടെയും സംഭവങ്ങളിലൂടെയുമാണ്. കേരളത്തില്‍ വിദ്യാഭ്യാസം ഉണ്ട്, സംസ്‌കാരം ഉണ്ട്, ഫെമിനിസം ഉണ്ട്, കഥകളി ഉണ്ട് പക്ഷേ, അത്രതന്നെ അതി നീചങ്ങളായ കുറ്റകൃത്യങ്ങളും നടക്കുന്നുണ്ട്. കേരളം ഞെട്ടി എന്നൊക്കെ വാര്‍ത്തകളില്‍ കാണും എന്നല്ലാതെ ഇവിടുത്തെ മനുഷ്യരുടെ ഞെട്ടല്‍ ഒക്കെ എന്നോ ഇല്ലാതായിക്കഴിഞ്ഞു എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. കാരണം ലോകത്തില്‍ ഒരിടത്തും ഇല്ലാത്ത അത്രയും അധമമായ കുറ്റകൃത്യങ്ങള്‍ കൂടി നമുക്ക് ഉള്ളതാണ്.

അങ്ങനെ വായിക്കുമ്പോള്‍ മനുഷ്യപ്രകൃതിയെക്കുറിച്ചുള്ള ഏറ്റവും വന്യവും തീക്ഷ്ണവുമായ നിരീക്ഷണങ്ങളും അപഗ്രഥനങ്ങളും അടങ്ങിയ കഥകളാണ് സുരേഷ് കുമാറിന്റേത്. ഈ കഥകള്‍ ഏറ്റവും അപരിചിതമായ വഴികളിലൂടെ സഞ്ചരിക്കുന്നു എന്നുമാത്രം അല്ല, അവ മനുഷ്യാവസ്ഥകളെ കൃത്യമായി വെളിച്ചത്തു കൊണ്ടുവരാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു.നമ്മുടെ പുതിയ കാലത്തെ ജീവിതങ്ങളെ, കഥകളെ ഏറ്റവും മികച്ച രീതിയില്‍ നവീകരിക്കാനുള്ള ഒരു ശ്രമം കൈപ്പാട് എന്ന സമാഹാരത്തിലെ കഥകളിലൂടെ നമുക്ക് വായിക്കാം. അങ്ങനെ  പുതിയ കാലത്തെ യുവ എഴുത്തുകാരേയും എഴുത്തിനേയും പ്രതിനിധീകരിക്കുന്നതിലെ മികച്ച കഥകളായി ഈ സമാഹാരം മാറുന്നു.

(കൈപ്പാട് പ്രകാശനം ചെയ്തുകൊണ്ട് സി.വി. ബാലകൃഷ്ണന്‍ നടത്തിയ പ്രസംഗം)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com