കലാലയ ജീവിതത്തിന്റെ ബൗദ്ധിക പരിസരം
By കെ.ടി. ജലീല്‍ | Published: 13th October 2022 03:00 PM |
Last Updated: 13th October 2022 03:00 PM | A+A A- |

സാധാരണത്തേതില്‍നിന്ന് ഭിന്നമായി യൂണിയന്റെ ആഭിമുഖ്യത്തില്‍ ചില പ്രോഗ്രാമുകള്‍ ആലോചിച്ചു. അതിലൊന്ന് പ്രശസ്ത ഫോട്ടോഗ്രാഫര്‍ റസാഖ് കോട്ടക്കലിന്റെ ഫോട്ടോഗ്രഫി എക്സിബിഷനാണ്. മറ്റൊന്ന് കോട്ടക്കല്‍ സ്വദേശിയായ കെ.പി. മൊയ്തീന്റെ അമൂല്യമായ സ്റ്റാമ്പ്-നാണയ-പുരാവസ്തു ശേഖരങ്ങളുടെ പ്രദര്‍ശനവും. ക്ലാസ്സിനു മുടക്കം വരാത്ത രീതിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം തുടങ്ങി ശനിയാഴ്ച വൈകുന്നേരം അവസാനിക്കത്തക്ക രീതിയിലാണ് എക്സിബിഷനുകള്‍ വിഭാവനം ചെയ്തത്. പ്രിന്‍സിപ്പലില്‍നിന്ന് അനുമതി വാങ്ങിയെടുക്കാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടിവന്നു. അദ്ദേഹത്തെക്കൊണ്ടാണ് പ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിപ്പിച്ചത്.
കോളേജില്‍ ഒരു ഫോട്ടോ എക്സിബിഷന്‍ വേണമെന്ന് പറഞ്ഞ് കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡിലെ ക്ലിന്റ് സ്റ്റുഡിയോയിലെത്തിയ നിമിഷം ആനന്ദകരമാക്കിയ താടിയും മുടിയും നീട്ടിവളര്‍ത്തി മുഖം നിറച്ച് ചിരിച്ച റസാഖിന്റെ രൂപം മനസ്സിലുണ്ട്. ഒരു മടിയും കൂടാതെ ആവശ്യം അംഗീകരിച്ച അദ്ദേഹം അതിമനോഹര ഫോട്ടോ വിരുന്നാണ് സൗദാബാദില്‍ ഒരുക്കിയത്. റസാഖിന്റെ താടിയും മുടിയും പ്രിന്‍സിപ്പലിന്റെ അനിഷ്ടത്തിനു കാരണമായെങ്കിലും പ്രദര്‍ശനം കണ്ട ശേഷം അദ്ദേഹത്തെ അഭിനന്ദിക്കാന്‍ സാധാരണത്തേതിലും കവിഞ്ഞ വാക്കുകള്‍ അദ്ദേഹം ഉപയോഗിച്ചത് ഞങ്ങളെ വല്ലാതെ സന്തോഷിപ്പിച്ചു.
ഫോട്ടോ പ്രദര്‍ശനത്തോടൊപ്പം കോട്ടക്കല്‍കാരനായ കെ.പി. മൊയ്തീന്റെ നാണയ-സ്റ്റാമ്പ്-പുരാവസ്തു എക്സിബിഷനും അന്നേ ദിവസം മൂന്ന് ക്ലാസ്സ് റൂമുകളിലായി സജ്ജീകരിച്ചു. ലോകത്തിലെ ഏതാണ്ടെല്ലാ രാഷ്ട്രങ്ങളുടെ നാണയങ്ങളും കറന്‍സികളും സ്റ്റാമ്പുകളും മൊയ്തീന്റെ ശേഖരത്തില്‍ ഉണ്ടായിരുന്നു. സ്റ്റാമ്പ് കളക്ഷന്‍ കുട്ടികള്‍ ഹോബിയായി ആഘോഷിക്കുന്ന കാലമായതിനാല്‍ കാഴ്ചക്കാരുടെ എണ്ണം മുന്തിനിന്നു. സുപ്രധാന വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പഴയ പത്രതാളുകള്‍ വിദ്യാര്‍ത്ഥികളെ ഏറെ ആകര്‍ഷിച്ചു. ഞാന്‍ തന്നെയാണ് അദ്ദേഹത്തെ ക്ഷണിക്കാന്‍ വീട്ടില്‍ പോയത്. ഒരു ചെറിയ പഴയ വീട്. തന്റെ ശേഖരങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലം തീരെ അപര്യാപ്തം. മക്കളെപ്പോലെ ഓരോ പുരാവസ്തുവിനേയും പരിപാലിക്കാന്‍ ദാരിദ്ര്യത്തിനിടയിലും മൊയ്തീന്‍ നടത്തുന്ന ആത്മാര്‍ത്ഥമായ പരിശ്രമം ആരിലും മതിപ്പുളവാക്കും. അക്കാദമിക്ക് ഗവേഷണങ്ങളുടെ ചട്ടക്കൂടുകള്‍ക്കു പുറത്തായതുകൊണ്ടാവാം കോട്ടക്കലിനുപോലും ഈ മനുഷ്യന്റെ ചരിത്രാന്വേഷണങ്ങള്‍ അപരിചിതമായത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര ശേഷിപ്പുകള്‍ക്കു കാവലിരിക്കുകയാണ് കിഴക്കേപള്ളിക്കല്‍ മൊയ്തീന്‍ എന്ന സാധാരണക്കാരന്‍. കെ.പി. അലവിയുടേയും പാറാതൊടി ആമിയുടേയും മകനായ മൊയ്തീന് ഏഴാം ക്ലാസ്സ് വിദ്യാഭ്യാസമേയുള്ളൂ. കോട്ടയ്ക്കല്‍ മാപ്പിള യു.പി. സ്‌കൂളില്‍നിന്ന് 1961-ല്‍ പുറത്തിറങ്ങിയ മൊയ്തീന് മറ്റു പലരേയും പോലെ വീട്ടിലെ പട്ടിണി കാരണം പഠനം തുടരാനായില്ല. 1967-ല്‍ പാത്രക്കച്ചവടം തുടങ്ങി. തലച്ചുമടുമായി ഊരുചുറ്റുമ്പോള്‍ കണ്ണില്‍ കാണുന്ന ചരിത്രരേഖകള്‍ വാങ്ങി സൂക്ഷിക്കുന്നതില്‍ അദ്ദേഹം നിര്‍വൃതി പൂണ്ടു. ഇന്നലെയുടെ വിലയറിയാത്തവര്‍ ആക്രിക്കടകളില്‍ തൂക്കിവിറ്റ കടലാസുകഷ്ണങ്ങളുടെ മൂല്യം പക്ഷേ. മൊയ്തീന്‍ തിരിച്ചറിഞ്ഞു. അവയില്‍ രാജവിളംബരം അടങ്ങുന്ന അപൂര്‍വ്വ കയ്യെഴുത്തു ഗ്രന്ഥങ്ങള്‍ വരെയുണ്ടായിരുന്നു. കിട്ടുന്നതെല്ലാം നിധിപോലെ സൂക്ഷിച്ചു. കോട്ടയ്ക്കലങ്ങാടിയിലെ കൊച്ചു കൂരയില്‍ വെക്കാന്‍ ഇടമില്ലാതെ പലതും നശിച്ചു. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ കളക്ഷന്‍ ഏജന്റായി മൊയ്തീന്‍ വര്‍ത്തിക്കവെയാണ് ഞാന്‍ അദ്ദേഹത്തെക്കുറിച്ച് കേട്ടറിഞ്ഞത്. തനിക്കു കിട്ടുന്ന വരുമാനത്തിന്റെ ഏറിയ പങ്കും അദ്ദേഹം ചെലവഴിച്ചത് പഴയ നാണയങ്ങളും കറന്‍സികളും ചരിത്രശേഷിപ്പുകളും സ്വന്തമാക്കാനാണ്. അമൂല്യങ്ങളായ പുസ്തകങ്ങളുടെ വലിയൊരു ശേഖരം തന്നെ മൊയ്തീന്റെ കൊച്ചു വീട്ടിലെ സ്വീകരണമുറിയിലെ അലമാരകളില്‍ കാണാനായി.

മനുസ്മൃതി, മണിമേഖല, ചിലപ്പതികാരം, അകനാനൂറ് തുടങ്ങിയ സംഘകാല കൃതികള്‍ തൊട്ട് കേരളത്തിലെ പക്ഷികളെ സംബന്ധിക്കുന്ന പഴക്കം ചെന്ന കയ്യെഴുത്ത് കൃതികള്‍ വരെ ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ കണ്ടതോര്‍ക്കുന്നു. അഷ്ടാംഗഹൃദയം, ഔഷധ സസ്യങ്ങള്‍, യോഗാമൃത, പഞ്ചകര്‍മ്മ ചികിത്സാ സംഗ്രഹം, യുനാനി ചികിത്സകള്‍, ചികിത്സാമഞ്ജരി, നാട്ടറിവ്, പ്രവാചക വൈദ്യം, അഷ്ടാംഗ ശാരീരം, ഹോമിയോപ്പതി, സര്‍വ്വരോഗ ചികിത്സാസംഗ്രഹം തുടങ്ങി അപൂര്‍വ്വ ഗ്രന്ഥങ്ങളുടെ പട്ടിക നീണ്ടതാണ്. വ്യത്യസ്ത രോഗങ്ങളും അവയുടെ കാരണങ്ങളും ഓരോ വൈദ്യശാഖയിലുള്ള ചികിത്സാരീതികളും ഉള്‍ക്കൊള്ളിച്ച് ഒരു സോഫ്റ്റ്വെയര്‍ തയ്യാറാക്കുന്ന തിരക്കിലാണ് മൊയ്തീനെന്നു കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് സുഹൃത്തും എഴുത്തുകാരനുമായ ബഷീര്‍ രണ്ടത്താണി പറഞ്ഞറിഞ്ഞു. പഴയ ക്യാമറകള്‍, ക്ലോക്കുകള്‍, ഗ്രാമഫോണ്‍, അളവു പാത്രങ്ങള്‍, ഹുക്ക തുടങ്ങി ഒട്ടേറെ പുരാതനവസ്തുക്കളും മൊയ്തീന്റെ ശേഖരത്തിലുണ്ട്. പി.എസ്.എം.ഒയില്‍ പ്രദര്‍ശനത്തിന് അവസരം കിട്ടിയതില്‍ അദ്ദേഹം അളവറ്റ് ആഹ്ലാദിച്ചു. എക്സിബിഷന്‍ വേളയില്‍ പ്രാമാണികനായ ചരിത്രകാരനെപ്പോലെ മൊയ്തീന്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു. പഴയ ഏഴാം ക്ലാസ്സുകാരന്റെ അറിവിന്‍ അക്ഷയഖനി നേരിട്ടനുഭവിച്ചവര്‍ മൂക്കത്ത് കൈവിരല്‍ വെച്ചു.
'ഓര്‍മ്മക്കുറിപ്പുകള്‍' വായിച്ച കാലം തൊട്ട് അജിതയോട് ഒരാരാധന തോന്നിയിരുന്നു. എങ്ങനെയെങ്കിലും അവരെയൊന്ന് ക്യാമ്പസില്‍ കൊണ്ടുവരണമെന്ന് ഉള്ളാലെ ആഗ്രഹിച്ചു. നക്സല്‍ പ്രസ്ഥാനത്തിന്റെ ഭാഗമായി അജിത നടത്തിയ വീരേതിഹാസങ്ങള്‍ വായിക്കുന്ന ചെറുപ്പക്കാരില്‍ ആവേശം ജനിപ്പിച്ചു. കൊടും കാട്ടിലൂടെ ദിവസങ്ങളോളം നടന്നതും പൊലീസ് സ്റ്റേഷന്‍ അക്രമിച്ചതും ഭക്ഷണമില്ലാതെ ദിവസങ്ങളോളം കഴിഞ്ഞതുമെല്ലാം അവരുടെ പേനത്തുമ്പിലൂടെ നിര്‍ഗളിച്ചെത്തിയപ്പോള്‍ ഉതിര്‍ന്ന വിപ്ലവനാമ്പുകള്‍ ക്യാമ്പസുകളെ വികാരം കൊള്ളിച്ചു. അജിതയ്ക്കു പുറമെ പ്രൊഫ. എന്‍.വി. സുആദ, സിസ്റ്റര്‍ എല്‍സി, തിരൂര്‍ ബ്ലോക്ക് ഓഫീസിലെ ഉദ്യോഗസ്ഥ പി. ആശ, റുഖിയ്യ റഹീം എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സ്ത്രീവിമോചനത്തെ സംബന്ധിച്ച സംവാദം സ്റ്റുഡന്‍സ് യൂണിയന്‍ സംഘടിപ്പിച്ചത്. എം.എസ്.എഫിലെ പലര്‍ക്കും അജിതയെ കൊണ്ടുവരുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. എന്റെ നിര്‍ബ്ബന്ധത്തിന് അവസാനം എല്ലാവരും വഴങ്ങി. യൂണിയന്‍ ഒറ്റക്കെട്ടായി എന്റെ കൂടെ അടിയുറച്ചു നിന്നു. പെണ്‍കുട്ടികള്‍ നല്ലതോതില്‍ പരിപാടിയില്‍ പങ്കുകൊണ്ടു. കോളേജിനോട് തൊട്ടുരുമ്മിക്കിടക്കുന്ന യത്തീംഖാനയുടെ എല്‍.പി. സ്‌കൂള്‍ ഓഡിറ്റോറിയമാണ് സ്ത്രീവിമോചന സെമിനാറിനു വേദിയായത്.

സ്ത്രീ വിമോചനം എന്ന മുദ്രാവാക്യം
അങ്ങനെയൊരു 'സ്ത്രീവിമോചന ചര്‍ച്ച' നടത്താന്‍ എന്തായിരുന്നു പ്രചോദനം? ചെറുപ്പത്തില്‍ വായിച്ചതും കണ്ടതും കേട്ടതും മനസ്സിലാക്കിയതും ഓര്‍മ്മകളില്‍ പാവുകെട്ടി നില്‍ക്കുക സ്വാഭാവികം. പുരോഗമനം എത്തിനോക്കാത്ത സാമൂഹ്യപരിസരത്താണ് ഞാന്‍ വളര്‍ന്നത്. പൊതുവെ യാഥാസ്ഥിതിക സമൂഹങ്ങളില്‍ സ്ത്രീ മറക്കപ്പുറത്താണ് നിന്നത്. മലബാറിലെ മുസ്ലിം സ്ത്രീകളുടെ ജീവിതവും ഇരുണ്ട വെളിച്ചത്തില്‍ തപ്പിത്തടഞ്ഞാണ് മുന്നോട്ടുപോയത്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ്, മമ്പാട് എം.ഇ.എസ് കോളേജ്, പൊന്നാനി എം.ഇ.എസ് കോളേജ്, ഫാറൂഖ് കോളേജ്, തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ്, മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജ്, മുക്കം മുഹമ്മദ് അബ്ദുറഹിമാന്‍ കോളേജ്, കായംകുളത്തെ എം.എസ്.എം കോളേജ്, കൊല്ലത്തെ ടി.കെ.എം കോളേജ് എന്നിവയുടെ സ്ഥാപനവും വളര്‍ച്ചയും മുസ്ലിം സമുദായത്തിലെ പെണ്‍തലമുറയിലും മാറ്റത്തിന്റെ കാറ്റ് വീശുന്നതിനു വഴിയൊരുക്കി. 1967-ലെ ഇ.എം.എസ് സര്‍ക്കര്‍ മുസ്ലിം സാന്ദ്രീകൃത പ്രദേശങ്ങളില്‍ നിരവധി സര്‍ക്കാര്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നതിനു മുന്‍കയ്യെടുത്തു. ആ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ സി.എച്ച്. മുഹമ്മദ് കോയ സാഹിബ് അതിന് പ്രത്യേക താല്പര്യമെടുത്തു. ഇ.എം.എസും സി.എച്ചും ഒരുമിച്ചു തീര്‍ത്ത വിജ്ഞാന വിസ്ഫോടനം മുസ്ലിം ജനസാമാന്യത്തെ സ്വപ്നസമാന നേട്ടത്തിലേക്കാണ് വഴിനടത്തിയത്. മലപ്പുറത്തെ ഏലംകുളത്ത് ജനിച്ചു വളര്‍ന്ന ഇ.എം.എസിന് ഏറനാട് വള്ളുവനാട് താലൂക്കുകളുടെ മണ്ണും മനസ്സും ആരും പറഞ്ഞുകൊടുക്കേണ്ടതില്ലായിരുന്നു. സി.എച്ച് ആവട്ടേ, അതെല്ലാം നന്നായറിയാവുന്ന വ്യക്തിയും. ആ മന്ത്രിസഭ കാലാവധി പൂര്‍ത്തീകരിച്ചിരുന്നെങ്കില്‍ മലബാര്‍ തിരുകൊച്ചി ഏറ്റക്കുറച്ചിലുകള്‍ സമ്പൂര്‍ണ്ണമായി പരിഹൃതമായേനെ. അതിനുള്ള ക്ഷമയും വിവേകവും മുസ്ലിംലീഗിലെ ഇടതുപക്ഷ വിരുദ്ധര്‍ കാണിച്ചില്ല. മുസ്ലിം പ്രമാണിമാര്‍ക്ക് കോണ്‍ഗ്രസ്സിന്റെ വലതുപക്ഷ രാഷ്ട്രീയത്തോട് ഒട്ടിനില്‍ക്കാനായിരുന്നു താല്പര്യം. വ്യക്തിഗത സാമ്പത്തിക നേട്ടങ്ങള്‍ക്ക് അതാണ് നല്ലതെന്ന് അവര്‍ കരുതിക്കാണും. സമൂഹത്തിനും സമുദായത്തിനും ലഭിക്കുന്ന പുരോഗതിയേക്കാള്‍ വ്യക്തികള്‍ക്ക് കിട്ടുന്ന സാമ്പത്തിക ലാഭം മുന്നിട്ട് നിന്നതിന്റെ പരിണതി വരുത്തിയ നഷ്ടത്തിന്റെ കണക്കാണ് ഇന്നും മലബാറിന്റെ വിദ്യാഭ്യാസ മണ്ഡലത്തില്‍നിന്ന് മുഴങ്ങിക്കേള്‍ക്കുന്നത്. കേവലം രണ്ടര വര്‍ഷത്തെ ഇ.എം.എസ്-സി.എച്ച് സഖ്യത്തില്‍ അഥവാ കമ്യൂണിസ്റ്റ്-ലീഗ് സഖ്യത്തില്‍ പിറന്നതാണ് മലപ്പുറം ജില്ലയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയും. അവയ്ക്ക് സമാനമായ നേട്ടം പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന കോണ്‍ഗ്രസ് ബന്ധത്തില്‍ മുസ്ലിംലീഗിനു നേടാനായിട്ടില്ല. മുസ്ലിം സമ്പന്നവര്‍ഗ്ഗത്തിനു ലാഭവും സാധാരണക്കാരായ മുസ്ലിങ്ങള്‍ക്ക് തീരാനഷ്ടവുമാണ് ലീഗ്-കമ്യൂണിസ്റ്റ് വേര്‍പിരിയല്‍ ഉണ്ടാക്കിയത്. കോണ്‍ഗ്രസ് അന്നും ഇന്നും തുടരുന്ന മുസ്ലിം വിരുദ്ധ മുസ്ലിംലീഗ് വിരുദ്ധ മനസ്സ് കാണാന്‍ ലീഗ് നേതൃത്വത്തിനു കഴിയാതെ പോയതിന്റെ ദുരന്തമാണ് ഇപ്പോഴും തുടര്‍ക്കഥയായ മലബാറിന്റെ പിന്നാക്കാവസ്ഥ.
മുന്‍ സ്പീക്കര്‍ കെ.എം. സീതി സാഹിബും മുന്‍ വിദ്യാഭ്യാസമന്ത്രി സി.എച്ച്. മുഹമ്മദ് കോയാ സാഹിബും കറകളഞ്ഞ സുന്നിയെന്ന് മുസ്ലിം സമൂഹം സാക്ഷ്യപ്പെടുത്തിയ ബാഫഖി തങ്ങളും എം.ഇ.എസ് സ്ഥാപകന്‍ ഡോ. ഗഫൂര്‍ സാഹിബും കെ.എം. മൗലവിയും എം.കെ. ഹാജിയും അറിവിന്റെ കവാടങ്ങള്‍ മുസ്ലിം സമുദായത്തിനു മുന്നില്‍ മലര്‍ക്കെ തുറന്നിട്ടു. പഠിക്കാന്‍ ബുദ്ധിയുണ്ടായിട്ടും അവസരം നിഷേധിക്കപ്പെട്ട് കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടികളില്‍ അറിവും സ്വാതന്ത്ര്യബോധവും പതുക്കെയെങ്കിലും ആ ജാലകങ്ങളിലൂടെ ഇഴഞ്ഞെത്തി. തൊണ്ണൂറുകളില്‍ ഏറ്റവുമധികം മുസ്ലിം സ്ത്രീ ലക്ചറര്‍മാര്‍ പഠിപ്പിച്ച കലാലയം പി.എസ്.എം.ഒ കോളേജായിരിക്കും. പൊതുസമൂഹത്തില്‍ സ്ത്രീകള്‍ക്കുണ്ടായ പുരോഗതിക്കനുസൃതമായി മുസ്ലിം സമുദായത്തിലും സ്ത്രീ വിദ്യാഭ്യാസം പ്രചാരം നേടി. പൊതുരംഗത്തെ സ്ത്രീ പങ്കാളിത്തം അപ്പോഴും ദരിദ്രമായി തുടര്‍ന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ 33 ശതമാനവും പിന്നീട് അദ്ധ്യക്ഷപദവി ഉള്‍പ്പെടെ കേരളത്തില്‍ പാസ്സാക്കിയ 50 ശതമാനം സ്ത്രീ സംവരണവും കേരളത്തില്‍ പൊതുവിലും മുസ്ലിങ്ങളില്‍ പ്രത്യേകിച്ചും ഉണ്ടാക്കിയ ഉണര്‍വ്വ് നിസ്സാരമല്ല. കുടിയേറ്റം മുസ്ലിം, ഈഴവ വിഭാഗങ്ങളില്‍ സാമ്പത്തിക പുരോഗതിക്കൊപ്പം ലോക കാഴ്ചപ്പാടുകളും സ്വതന്ത്ര വീക്ഷണങ്ങളും വീടുകളുടെ അകത്തളങ്ങളില്‍ എത്തിച്ചു. പ്രവാസത്തിലൂടെ മലയാളി ആര്‍ജ്ജിച്ച ലോകപരിചയം സ്ത്രീ വിദ്യാഭ്യാസത്തിന് കുതിരവേഗത പകര്‍ന്നു. തൊണ്ണൂറുകളില്‍ നാല്‍പ്പത് ശതമാനമാണ് കോളേജുകളിലെ പെണ്‍ പ്രാതിനിധ്യമെങ്കില്‍ ഇന്നത് എഴുപത് ശതമാനത്തിലധികമാണ്. പ്രൊഫഷണല്‍ കോളേജുകളിലും സ്ഥിതി ഭിന്നമല്ല. വിദ്യാഭ്യാസത്തോടൊപ്പം സ്വാതന്ത്ര്യ ബോധവും വളര്‍ന്നുവരുന്ന പെണ്‍കുട്ടികളില്‍ ഉണ്ടാകണമെന്ന ബോദ്ധ്യമാണ് സൗദാബാദിലെ സ്ത്രീ വിമോചന ചര്‍ച്ചയ്ക്ക് കളമൊരുക്കിയത്. എം.എസ്.എഫിന്റെ നേതൃത്വത്തിലെ ഒരു വിദ്യാര്‍ത്ഥി യൂണിയന്‍ അത്തരമൊരു പ്രോഗ്രാം സംഘടിപ്പിച്ചത് അത്യപൂര്‍വ്വ സംഭവങ്ങളില്‍ ഒന്നായാണ് വിലയിരുത്തപ്പെട്ടത്. ഞാന്‍ മനസ്സില്‍ കൊണ്ടുനടന്ന ആശയമാണ് പ്രസ്തുത സെമിനാറിലൂടെ പുലര്‍ന്നത്. എം.എസ്.എഫ് കമ്യൂണിസ്റ്റ് ലൈനിലാണെന്ന് ചില അസൂയക്കാര്‍ അടക്കം പറഞ്ഞത് മറന്നിട്ടില്ല. ചെയര്‍മാന്‍ എന്ന നിലയില്‍ എനിക്കു നല്‍കിയ സ്വാതന്ത്ര്യം ഒരു ഘട്ടത്തിലും എം.എസ്.എഫ് തിരിച്ചുപിടിച്ചില്ല. യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ഇത്രമേല്‍ വര്‍ണ്ണാഭമായതും അതുകൊണ്ടാണ്. പ്രിന്‍സിപ്പല്‍ അഹമ്മദ്കുട്ടി സാഹിബും വകുപ്പു തലവന്‍മാരും സെമിനാറില്‍ കേള്‍വിക്കാരായെത്തിയത് അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെ ആവേശം കൊള്ളിച്ചു. എല്ലാം കഴിഞ്ഞ് അവസാനത്തെ പെണ്‍കുട്ടിയേയും ബസ് കയറ്റി യാത്രയാക്കിയ ശേഷമാണ് ഞങ്ങള്‍ പിരിഞ്ഞത്. പരിപാടി വിജയിച്ചതിലെ ആഹ്ലാദം അന്നത്തെ ഉറക്കത്തിന് അര്‍ദ്ധ രാത്രിയോളം ഭംഗം വരുത്തി.

മുസ്ലിം എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള കൊടുങ്ങല്ലൂര്‍ അസ്മാബി കോളേജില്‍ എയ്ഡഡ് കോളേജുകള്‍ക്കായി ഒരു ആര്‍ട്സ് ഫെസ്റ്റ് എം.ഇ.എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അറിയിപ്പ് കോളേജില്‍ കിട്ടിയ വിവരം അബ്ബാസ് സാറാണ് വിദ്യാര്‍ത്ഥി യൂണിയനെ അറിയിച്ചത്. നിര്‍ബ്ബന്ധമായും പങ്കെടുക്കണമെന്ന് ഞങ്ങളും അഭിപ്രായപ്പെട്ടു. സ്റ്റാഫ് അഡ്വൈസര്‍ എന്ന നിലയില്‍ അദ്ദേഹം ഫെസ്റ്റില്‍ പങ്കെടുക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഞങ്ങള്‍ എല്ലാ പിന്തുണയും നല്‍കി. ഇന്റര്‍സോണിന്റെ ഒരു റിഹേഴ്സലായാണ് യൂണിയന്‍ അതിനെ കണ്ടത്. മലയാളം പ്രസംഗത്തിനു ഞാനാണ് കോളേജിനെ പ്രതിനിധീകരിച്ചത്. ഒരു സ്പെഷല്‍ ബസ് വിളിച്ച് കലാമത്സരങ്ങളില്‍ മാറ്റുരക്കുന്നവര്‍ കൊടുങ്ങല്ലൂരിലേക്ക് പുറപ്പെട്ടു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോയ മത്സരാര്‍ത്ഥികള്‍ക്കെല്ലാം അസ്മാബി കോളേജ് മാനേജ്മെന്റ് താമസ സൗകര്യം ഒരുക്കിയിരുന്നു. ഞാനും ഹഖും താമസിച്ചത് കൊടുങ്ങല്ലൂരിലെ അബ്ബാസ് സാറിന്റെ വീട്ടിലാണ്. എം.ഇ.എസ് കലോത്സവത്തില്‍ ഓവറോള്‍ കിരീടം പി.എസ്.എം.ഒക്കാണ് കിട്ടിയത്. പോയിന്റ് നിലയില്‍ ബഹുദൂരം മറ്റുള്ളവരെ പിന്നിലാക്കിയാണ് ഞങ്ങള്‍ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്. ഫെസ്റ്റിന്റെ രണ്ടാം ദിവസം ഒരു ദുഃഖവാര്‍ത്ത സംഘാടകരെ തേടിയെത്തി. അസ്മാബി കോളേജിലെ ഒരു വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍പെട്ട് മരിച്ച വിവരമാണത്. ക്യാമ്പസ് ശോകമൂകമായി. കലോത്സവത്തിന്റെ മാറ്റ് മങ്ങി. മത്സരങ്ങള്‍ എങ്ങനെയൊക്കെയോ കഷ്ടിച്ച് പൂര്‍ത്തിയാക്കി. സമ്മാനദാന ചടങ്ങ് പേരിലൊതുക്കി. സങ്കടവും സന്തോഷവും സമന്വയിച്ച മനസ്സോടെ കിരീടവുമായി വൈകുന്നേരം തന്നെ തിരൂരങ്ങാടിയിലേക്ക് മടങ്ങി. എം.ഇ.എസ് സ്ഥാപകന്‍ ഡോ. ഗഫൂര്‍ സാഹിബിന്റെ പേരിലായിരുന്നു ഓവറോള്‍ ട്രോഫി.
മുസ്ലിം നവോത്ഥാനത്തിന്റെ ഈറ്റില്ലമെന്നാണ് കൊടുങ്ങല്ലൂരിനെ കാലം അടയാളപ്പെടുത്തിയത്. കേരളത്തിലെ പിന്നാക്ക ന്യൂനപക്ഷ പുരോഗതിയില്‍ ബുദ്ധിപരമായ സംഭാവനകളര്‍പ്പിച്ച നിരവധി പ്രമുഖര്‍ക്ക് ജന്മം നല്‍കിയ നാടാണ് കൊടുങ്ങല്ലൂര്‍. ഇസ്ലാമിക പ്രചരണാര്‍ത്ഥം അറേബ്യയില്‍ നിന്നെത്തിയ മാലിക്ബ്നു ദീനാറും അനുചരന്‍മാരും കപ്പലിറങ്ങിയ സ്ഥലമെന്ന് പെരുമയും ഈ ക്ഷേത്രനഗരത്തിനുണ്ട്. അറേബ്യയില്‍ നിന്നെത്തിയവര്‍ അവിടെ ഒരു പള്ളി പണിതു. ചേരമാന്‍ മസ്ജിദ് എന്നാണ് ഇതറിയപ്പെട്ടത്. കേരളത്തിന്റെ പല സ്ഥലത്തേക്കും പരിഷ്‌കരണത്തിന്റെ പ്രകാശനാളങ്ങളുമായി വമ്പന്‍മാരായ വിദ്യാസമ്പന്നര്‍ കുടിയേറിയത് നവോത്ഥാന പ്രക്രിയയെ ഊര്‍ജ്ജസ്വലമാക്കി. കെ.പി.സി.സി പ്രസിഡണ്ടായ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും മുന്‍ നിയമസഭാ സ്പീക്കര്‍ കെ.എം. സീതി സാഹിബും ഡോ. അബ്ദുല്‍ ഗഫൂറും മലബാറിന്റെ ഹൃദയഭൂമിയിലെത്തി. അവരുടെ ശ്രമഫലമായി കോഴിക്കോട്ടും തലശ്ശേരിയിലും മലപ്പുറത്തും വിജ്ഞാനത്തിന്റെ പ്രകാശം പരന്നു. സ്‌കൂളുകളും കോളേജുകളും സ്ഥാപിതമായി. വീടുകളില്‍ കരിഞ്ഞുതീര്‍ന്ന പെണ്‍ജീവിതങ്ങള്‍ക്കു മോചനത്തിനു വഴിയൊരുങ്ങി. പുരോഗമന മതസംഘടനകളുടെ പ്രവര്‍ത്തനം വൈജ്ഞാനിക മുന്നേറ്റ പ്രക്രിയയെ ത്വരിതപ്പെടുത്തി.

കോളേജ് ഡേ ആഘോഷങ്ങള്‍
കൊടുങ്ങല്ലൂര്‍ അസ്മാബി കോളേജില്‍നിന്ന് കിരീടവുമായി സൗദാബാദിലെത്തിയ ശേഷം ഞങ്ങള്‍ക്ക് വിശ്രമിക്കാന്‍ സമയമില്ലായിരുന്നു. കോളേജ് ഡേ ആഘോഷങ്ങള്‍ ഒരു വിളിപ്പാടകലെ എത്തിയ ഘട്ടം. അവസാന വര്‍ഷ പരീക്ഷയും കൊമ്പുകുലുക്കി അടുത്തുവരുന്നു. എല്ലാം കൂടി ആകെ മൊത്തം ഒരു മനസ്സംഘര്‍ഷം. ഒന്നും കൈവിടാതെ നോക്കണം. ഒരു ഞാണിന്മേല്‍ കളിയാണ് തുടര്‍ന്നു നടന്നത്. പരിക്കുപറ്റാതെ എല്ലാം ശുഭാന്ത്യം പ്രാപിച്ചത് ഭാഗ്യം. ദൈവത്തിന്റെ കടാക്ഷം എപ്പോഴും കൂടെത്തന്നെ നിന്നു. കോളേജ് ദിനം കെങ്കേമമായി കൊണ്ടാടാന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തീരുമാനിച്ചു. രണ്ടു ദിവസത്തെ പരിപാടിയാണ് നിശ്ചയിച്ചത്. പ്രിന്‍സിപ്പല്‍ ആദ്യം ഒന്ന് മുരണ്ടു. ഞങ്ങളുടെ താഴ്മയോടെയുള്ള കെഞ്ചല്‍ ഫലം കണ്ടു. പിന്നെ പണം കണ്ടെത്താനുള്ള നെട്ടോട്ടമായി. ക്യാമ്പസിലെ പൊതുപിരിവല്ലാതെ മറ്റൊരു വഴിയും കണ്ടില്ല. അധികൃതരില്‍നിന്നു സമ്മതം കിട്ടാന്‍ 'യുദ്ധം' തന്നെ നടത്തേണ്ടിവന്നു. അവസാനം പ്രിന്‍സിപ്പല്‍ കടാക്ഷിച്ചു. ആദ്യ ദിസം രാവിലെ കോളേജ് ദിനാഘോഷം. ഉച്ചയ്ക്കു ശേഷം ഇന്റര്‍സോണില്‍ അവതരിപ്പിക്കാനുള്ള ഇനങ്ങളുടെ കലാവിരുന്ന്. രണ്ടാം ദിവസം ആദ്യ സെഷന്‍ 'മതേതരത്വത്തിനെതിരെ ഉയരുന്ന ഭീഷണികള്‍' എന്ന വിഷയത്തെ അധികരിച്ച സിമ്പോസിയം. ഉച്ചയ്ക്കു ശേഷം ഗാനമേള. പ്രോഗ്രാം ചാര്‍ട്ടുമായി അഹമ്മദ് കുട്ടി സാഹിബിനെ കണ്ടു. അദ്ദേഹം തലയാട്ടിയതോടെ സംഗതി സക്സസ്. ധനശേഖരണത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ കൊമ്പനാനയെപ്പോലെ വീണ്ടുമിടഞ്ഞു. കയ്യും കാലും പിടിച്ച് അവസാനം സമ്മതിപ്പിച്ചു. പ്രോഗ്രാമിലേക്ക് യോജ്യരെ ക്ഷണിക്കാന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ എന്നെ ചുമതലപ്പെടുത്തി. എല്ലാ വീക്ഷണകോണില്‍നിന്നും പ്രാതിനിധ്യം ഉറപ്പാക്കി വേണം ആളുകളെ കണ്ടെത്താന്‍. കോളേജ് ഡേ ഉദ്ഘാടകനായി ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് എം.പിയെയാണ് ഏകാഭിപ്രായത്തില്‍ നിശ്ചയിച്ചത്. മുഖ്യാതിഥിയായി തിക്കോടിയനേയും തീര്‍ച്ചപ്പെടുത്തി. വിശിഷ്ട സാന്നിദ്ധ്യമായി കവി പി.കെ. ഗോപിയെ ക്യാമ്പസിലെത്തിക്കാനും തീരുമാനിച്ചു. സേട്ടു സാഹിബ് ദേശീയ രാഷ്ട്രീയത്തില്‍ കത്തിനില്‍ക്കുന്ന കാലമാണ്. മലപ്പുറത്ത് നേരിട്ടു പോയാണ് അദ്ദേഹത്തെ കണ്ടത്. മഹബൂബെ മില്ലത്ത് വരാമെന്നേറ്റു. തിക്കോടിയന്‍ സാറിനെ കോഴിക്കോട്ടെ വീട്ടില്‍ പോയി കണ്ടതും ക്ഷണിച്ചതും ഞാന്‍ തന്നെയാണ്. ഒരുപാട് നേരം സംസാരിച്ചിരുന്നു. വാര്‍ദ്ധക്യം അദ്ദേഹത്തെ തളര്‍ത്തിയതായി തോന്നിയില്ല. സന്തോഷത്തോടെ വരാമെന്നു സമ്മതിച്ചു.
പി.കെ. ഗോപിയെ കാണാന്‍ ചേവായൂരിലെ കുഷ്ഠരോഗാശുപത്രിയില്‍ പോയത് ഒരിക്കലും മറവിയുടെ കയത്തില്‍ ആണ്ടുപോവില്ല. അവിടെ കണ്ട കാഴ്ചകള്‍ ഹൃദയത്തിലേക്ക് തുളച്ചുകയറി. പകര്‍ച്ചപ്പേടിയില്‍ ബന്ധുമിത്രാതികളാല്‍പോലും മാറ്റിനിര്‍ത്തപ്പെട്ടവരുമായുള്ള അവിടുത്തെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ഇടപഴകല്‍ അതിശയിപ്പിക്കുന്നതായിരുന്നു. ഗോപി സാറിനെ ഹോസ്പിറ്റല്‍ കോമ്പൗണ്ടിനകത്തെ ക്വാര്‍ട്ടേഴ്സില്‍ എത്തിയാണ് കണ്ടത്. സ്നേഹപൂര്‍വ്വം എന്റെ അഭ്യര്‍ത്ഥന ഇരുകൈകളും നീട്ടി സ്വീകരിച്ചു.

സെമിനാറിലേക്ക് പ്രധാനമായും നാലാളുകളെയാണ് കണ്ടത്. ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ഒ. അബ്ദുറഹിമാന്‍, അംബുജാക്ഷന്‍. ഇ.ടി. മുഹമ്മദ് ബഷീറിനെ ഫോണിലാണ് വിളിച്ച് ഏല്പിച്ചത്. ''കൃത്യസമയത്ത് ബഷീര്‍ക്ക അവിടെ എത്തും മോനേ.'' സ്നേഹമസൃണമായ അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോള്‍ അമ്പരന്നു.
കെ.ഇ.എന്‍. കുഞ്ഞഹമ്മദിനെ നേരിട്ടു കാണാന്‍ ഒറ്റക്കാണ് പോയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്താണ് അദ്ദേഹം താമസിച്ചിരുന്നത്. ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കെ അകത്തുനിന്ന് ഒരു പരിചിതമുഖം രംഗപ്രവേശം ചെയ്തു. പി.എസ്.എം.ഒയില്‍ ഞാന്‍ ഡിഗ്രിക്കു പഠിക്കവെ പ്രീഡിഗ്രിക്കു പഠിച്ചിരുന്ന കുട്ടി. തിരൂരില്‍നിന്ന് കോളേജിലേക്കുള്ള യാത്രയില്‍ പലപ്പോഴും ബസ്സില്‍ വെച്ച് ഞാനവരെ കണ്ടിട്ടുണ്ട്. അവരെങ്ങനെ ഇവിടെയെത്തി എന്നാണ് ഞാന്‍ ചിന്തിച്ചത്. എന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ട അമ്പരപ്പ് കണ്ടിട്ടാവണം കെ.ഇ.എന്‍ പറഞ്ഞു: ''എന്റെ ഭാര്യയാണ്.'' അപ്പോഴും എനിക്ക് സംശയം തീര്‍ന്നില്ല. പേര് കൊണ്ടെങ്കിലും രണ്ട് മതങ്ങളില്‍ പെടുന്നവര്‍ വിവാഹം കഴിച്ചതില്‍ ഞാന്‍ അത്ഭുതംകൂറി. പിന്നെയാണ് അവരുടെ കോളിളക്കമുണ്ടാക്കിയ വിവാഹത്തെക്കുറിച്ച് അറിഞ്ഞത്. അറിവും പ്രഭാഷണവും എഴുത്തും പ്രണയകാരണമാകാറ് അത്യപൂര്‍വ്വമാണ്. എനിക്കാ കുട്ടിയോട് ബഹുമാനം തോന്നി. ഒപ്പം കെ.ഇ.എന്‍ കുഞ്ഞഹമ്മദിനോടും. എം.എസ്.എഫുകാരനായ എന്നില്‍ കെ.ഇ.എന്‍ അന്ന് കയറിക്കൂടിയതാണ്.
വിദ്യാര്‍ത്ഥി ജീവിതകാലത്തുതന്നെ പ്രസംഗത്തിലും എഴുത്തിലും സജീവമായ കെ.ഇ.എന്‍ എതിര്‍ പ്രത്യയശാസ്ത്രങ്ങളോട് സംവദിച്ചത് അതീവ സഹിഷ്ണുതയോടെയാണ്. മത വിശ്വാസിയല്ലാതിരുന്നിട്ടും മതാഭിമുഖ്യമുള്ളവരുടെ ചടങ്ങുകളിലേക്ക് അദ്ദേഹം പലപ്പോഴും പ്രസംഗകനായി ക്ഷണിക്കപ്പെട്ടു. അവരുടെ പ്രസിദ്ധീകരണങ്ങളില്‍ അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് എഴുതി. ഒരു കമ്യൂണിസ്റ്റ് ബുദ്ധിജീവിക്കും കിട്ടാത്ത അംഗീകാരമാണത്. എം.എന്‍. വിജയന്‍ മാഷും കെ.ഇ.എന്നും പ്രൊഫ. എം.എം. നാരായണനുമൊക്കെ അക്കാലത്തെ എന്റെ ഇഷ്ട പ്രസംഗകരാണ്. ഇപ്പോഴത്തേയും. മാധ്യമം ഓഫീസില്‍ പോയാണ് ഒ. അബ്ദുറഹിമാന്‍ സാഹിബിനെ കണ്ടത്. പ്രീഡിഗ്രിക്കു ഞാന്‍ പഠിച്ചിരുന്ന സ്വകാര്യ കോളേജിന്റെ പ്രിന്‍സിപ്പലായിരുന്നു അദ്ദേഹം. വരാമെന്ന് ഉറപ്പ് പറഞ്ഞ് പിരിഞ്ഞു.

അംബുജാക്ഷനെ എനിക്ക് നേരിട്ട് പരിചയമില്ലായിരുന്നു. ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിലെ വഹാബ് സാര്‍ മുഖേനയാണ് ബന്ധപ്പെട്ടത്. കീഴാളപക്ഷത്തുനിന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ അക്കാലത്തെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു. അംബേദ്ക്കറിസം പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നിന്നു.
അംബുജാക്ഷനും വിദ്യാര്‍ത്ഥി യൂണിയന്‍ ക്യാമ്പസില്‍ സംഘടിപ്പിച്ച സിമ്പോസിയത്തില്‍ പങ്കെടുക്കാമെന്നേറ്റു. ബി.ജെ.പിയെ പ്രതിനിധീകരിച്ച് എത്തിയത് കെ. ജനചന്ദ്രന്‍ മാസ്റ്ററാണ്. താനൂര്‍ സ്വദേശിയായ അദ്ദേഹം സ്‌കൂള്‍ അദ്ധ്യാപകനായിരുന്നു. ഞങ്ങള്‍ പല വേദികകളിലും ആശയപരമായി ഏറ്റുമുട്ടിയിട്ടുണ്ട്. എന്നിട്ടും പരസ്പര സൗഹൃദം ശക്തിപ്പെട്ടു. ജനചന്ദ്രന്‍ മാസ്റ്ററുടെ മകള്‍ പില്‍ക്കാലത്ത് കോളേജില്‍ പഠിച്ചതോര്‍ക്കുന്നു. ബി.ജെ.പിയിലെ മിതവാദി എന്നാണ് അദ്ദേഹം പൊതുവെ അറിയപ്പെടുന്നത്. യൂണിയന്‍ ഉദ്ഘാടനവും കോളേജ് ഡേയും 4 ദിവസങ്ങളിലായി നടത്തിയും ഇത്രയധികം പ്രഗല്‍ഭരെ ക്യാമ്പസില്‍ എത്തിച്ചതും പി.എസ്.എം.ഒയുടെ ചരിത്രത്തിലെ ആദ്യ സംഭവമാണ്. കൂടാതെ സ്ത്രീ വിമോചന സെമിനാറും ഫോട്ടോഗ്രാഫി എക്സിബിഷനും സ്റ്റാമ്പ്-നാണയ-പുരാവസ്തു പ്രദര്‍ശനവും വേറെയും. യൂണിയന്‍ പ്രവര്‍ത്തനത്തില്‍ എല്ലാംകൊണ്ടും റെക്കോര്‍ഡിട്ട വര്‍ഷമാണ് 1989-'90. സൗദാബാദിലെ കോളേജ് യൂണിയനുകളുടെ ചരിത്രത്തില്‍ ഇക്കാലമത്രയും അത് ഭേദിച്ചിട്ടില്ല. കഴിഞ്ഞ 32 വര്‍ഷത്തെ കോളേജ് മാഗസിനുകള്‍ പരിശോധിച്ചാല്‍ അക്കാര്യം ബോദ്ധ്യമാകും.
(തുടരും)
ഈ ലേഖനം കൂടി വായിക്കൂ
അവിസ്മരണീയമായ ദിനങ്ങള്‍, സൗഹൃദങ്ങള്‍
മകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ