യാത്രയുടെ ആരംഭത്തിലേ അവളെ പരിചയപ്പെട്ടിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് മനസ്സ് അടക്കം പറഞ്ഞു...

പ്രഭാഷണം നടത്തുന്നതിനായി ആദ്യമായി വിദേശയാത്ര നടത്തിയ അനുഭവം
യാത്രയുടെ ആരംഭത്തിലേ അവളെ പരിചയപ്പെട്ടിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് മനസ്സ് അടക്കം പറഞ്ഞു...

ബിരുദാനന്തര ബിരുദ പഠനത്തിന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ ചേരുമ്പോള്‍ തന്നെ  വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് തീരുമാനിച്ചതാണ്. കോളേജിന്റെ ചെയര്‍മാനാകാന്‍ പാര്‍ട്ടി മാറി എന്ന ചീത്തപ്പേര് ഒഴിവാക്കണമെന്ന നിര്‍ബ്ബന്ധമാണ് അത്തരമൊരു തീരുമാനത്തിനു കാരണം. പി.ജി. ആദ്യ വര്‍ഷം പ്രവേശനം ആരംഭിക്കുന്നതിനു തൊട്ട് മുന്‍പ് ആ അദ്ധ്യയന വര്‍ഷത്തെ യൂണിയന്‍ തെരഞ്ഞെടുപ്പിനുള്ള വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കും. അതിനാല്‍ ഒന്നാം വര്‍ഷ പി.ജി. കുട്ടികള്‍ക്ക് ആ വര്‍ഷം വോട്ട് ചെയ്യാനോ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാകാനോ കഴിയില്ല. എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ അനുഗ്രഹമായി. പഠനത്തില്‍ ശ്രദ്ധിച്ച് മുന്നോട്ടു പോകുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒന്നാം വര്‍ഷ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ നല്ല മാര്‍ക്ക് കിട്ടാന്‍ അതു കാരണമായി. യൂണിവേഴ്‌സിറ്റി  ലൈബ്രറിയിലെ നിത്യസന്ദര്‍ശകരില്‍ ഒരാളായി ഞാന്‍ മാറി. കോളേജിലേയും ഡിപ്പാര്‍ട്ടുമെന്റുകളിലേയും ഗ്രന്ഥശേഖരങ്ങള്‍ കഴിയാവുന്നേടത്തോളം ഉപയോഗപ്പെടുത്തി. സഹപാഠികള്‍ തയ്യാറാക്കുന്ന നോട്ട്‌സുകളുടെ ഫോട്ടോസ്റ്റാറ്റുകളും എടുത്ത് സൂക്ഷിച്ചു. 

പഠനം പരീക്ഷാസമയത്തേക്ക് നീട്ടിവെക്കാതെ അതത് ദിവസങ്ങളില്‍ത്തന്നെ നടത്താന്‍ ജാഗ്രത കാണിച്ചത് അനുഗ്രഹമായി. കോളേജിലെ ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് ലൈബ്രറിയും പരമാവധി പ്രയോജനപ്പെടുത്തി. ഏറ്റവും പുതിയ പുസ്തകങ്ങള്‍ സ്വന്തം പണം കൊടുത്ത് വാങ്ങി വിദ്യാര്‍ത്ഥികള്‍ക്കു വായിക്കാന്‍ കൊടുക്കാന്‍ ഉത്സുകനായ അദ്ധ്യാപകനാണ് നല്ലളം സ്വദേശിയായ ബഷീര്‍ സാര്‍. പരമ്പരാഗത സമ്പന്ന കുടുംബത്തിലെ അംഗമായതിനാല്‍ പണം കൊടുത്ത് പുസ്തകം വാങ്ങി തന്റെ ഗ്രന്ഥപ്പുരയില്‍ സൂക്ഷിക്കാന്‍ അദ്ദേഹത്തിനു യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. അബ്ദുല്‍ അലി സാറും റസാക്ക് സാറും ബഷീര്‍ സാറും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക സഹായം നിര്‍ലോഭം നല്‍കി. മറ്റുള്ളവരും അവര്‍ക്ക് കഴിയും പോലെ സഹായിച്ചു. ലൈബ്രേറിയന്‍മാരും ആത്മാര്‍ത്ഥമായി സഹകരിച്ചു. യൂണിവേഴ്‌സിറ്റിയുടെ ഒന്നാം വര്‍ഷ എം.എ പരീക്ഷ നന്നായി എഴുതാനായത് ആവശ്യമായ പുസ്തകങ്ങളും നോട്ട്‌സുകളും തത്സമയം ലഭ്യമായതുകൊണ്ടാണ്. ഹിസ്റ്ററി, എക്കണോമിക്‌സ് വകുപ്പുകള്‍ മികച്ചതായതുകൊണ്ടാണ് യൂണിവേഴ്‌സിറ്റി റാങ്കുകള്‍ പി.എസ്.എം.ഒയെ തേടിയെത്തിയത്. പണത്തിന്റെ പുളപ്പ് പ്രകടമാകാത്ത ക്യാമ്പസാണ് സൗദാബാദ്. വിദ്യാര്‍ത്ഥി രാഷ്ട്രീയം ശക്തമായതുകൊണ്ട് കുബേരകുമാരന്മാരുടെ ഗ്യാങ്ങുകളോ മതജാതി അടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളോ പി.എസ്.എം.ഒയില്‍ ശക്തമായിരുന്നില്ല. എല്ലാവര്‍ക്കും അവരവരുടേതായ രാഷ്ട്രീയം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചേരിതിരിഞ്ഞ ഗ്യാങ്ങ് വാറുകള്‍ ക്യാമ്പസിന് അന്യമായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയം അന്യമായ കലാലയങ്ങളിലാണ് ഇത്തരം അനഭിലഷണീയ പ്രവണതകള്‍ കാണാറ്. എന്നാല്‍, മണിക്കൂറുകള്‍ മാത്രം നീളുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുള്ള ഉരസലുകള്‍ ഇടയ്ക്കിടെ പതിവാണ്. ഒരു രാവ് കഴിയുന്നതോടെ ആ വാശി പൊയ്മറയും. പിറ്റേ ദിവസം കോളേജിലെത്തുമ്പോള്‍ എല്ലാവരും എല്ലാം മറന്നിട്ടുണ്ടാകും. ഓരോ ദിവസവും പുതിയ പ്രഭാതങ്ങളാണെന്ന് അക്ഷരാര്‍ത്ഥത്തില്‍ തോന്നിയത് അതുകൊണ്ടാണ്. 

രണ്ടാം വര്‍ഷ എം.എ ക്ലാസ്സുകള്‍ തുടങ്ങിയതോടെ ഭയപ്പാട് വര്‍ദ്ധിച്ചു. പുസ്തകപരിചയവും സെമിനാര്‍ പേപ്പറുകളും എഴുതി അവതരിപ്പിച്ചത് ആ ഘട്ടത്തിലാണ്. റഫറന്‍സിനു കുറേയധികം പുസ്തകങ്ങള്‍ വായിച്ചു. ഉദ്ധരണികള്‍ നോട്ടുബുക്കില്‍ കുറിച്ചിട്ടു. പലതും ഹൃദിസ്ഥമാക്കാന്‍ ശ്രമിച്ചു. അവയെല്ലാം പരീക്ഷയ്ക്ക് ഗുണം ചെയ്തു. ക്ലാസ്സിലെ സഹപാഠികള്‍ ഒന്നിനൊന്ന് മെച്ചപ്പെട്ടവരായിരുന്നു. ആരും തമ്മില്‍ തമ്മില്‍ അസൂയ വെച്ച്പുലര്‍ത്തിയില്ല. ശരിക്കും പറഞ്ഞാല്‍ ഒരു കുടുംബം പോലെയാണ് രണ്ടു വര്‍ഷം കടന്നുപോയത്. ദിവസങ്ങള്‍ ശരവേഗത്തില്‍ സഞ്ചരിച്ചു. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വന്നു. എന്റെ ബേജാറ് ഇരട്ടിച്ചു. 

പികെസി അഹ്ദുറഹ്മാൻ
പികെസി അഹ്ദുറഹ്മാൻ

വിമാനയാത്രയിലെ അങ്കലാപ്പുകള്‍

വിദ്യാര്‍ത്ഥി സംഘടനകള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ തുടങ്ങി. മത്സരിക്കാനുള്ള എന്റെ താല്പര്യമില്ലായ്മ ഞാനാദ്യമേ എം.എസ്.എഫ് നേതാക്കളെ അറിയിച്ചിരുന്നു. പി.എസ്.എം.ഒയില്‍ എം.എസ്.എഫ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ജില്ലാകമ്മിറ്റി നിരീക്ഷകനായി നിയമിച്ചത് കൊണ്ടോട്ടിയില്‍നിന്നുള്ള പി.കെ.സി അബ്ദുറഹിമാനെയാണ്. അദ്ദേഹത്തേയും ഞാനെന്റെ പ്രയാസം ധരിപ്പിച്ചു. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള യോഗങ്ങളില്‍നിന്ന് ബോധപൂര്‍വ്വം ഒഴിഞ്ഞുമാറി. പക്ഷേ, എം.എസ്.എഫ് എന്നെ വിട്ടില്ല. കുതറിമാറാന്‍ ഒരുപാട് ശ്രമിച്ചു. അവസാനം പി.കെ.സി. അബ്ദുറഹിമാന്‍ എന്നെ പ്രത്യേകം ചെമ്മാട് ലീഗ് ഓഫീസിലേക്ക് വിളിപ്പിച്ചു. അദ്ദേഹം എം.എസ്.എഫ് യോഗത്തിന്റെ ഏകഖണ്ഡമായ തീരുമാനം അറിയിച്ചു. എന്നെ ഒഴിവാക്കിത്തരണമെന്ന് ഞാനദ്ദേഹത്തോട് കെഞ്ചിപ്പറഞ്ഞു. പാര്‍ട്ടിയുടെ തീരുമാനമാണിതെന്നും ഒരു നിലയ്ക്കും അനുസരിക്കാതെ പറ്റില്ലെന്നും പി.കെ.സി. അബ്ദുറഹിമാന്‍ കടുപ്പിച്ച് പറഞ്ഞു. കോളേജ് യൂണിയന്‍ ചെയര്‍മാനാകാന്‍ പാര്‍ട്ടി മാറി എന്ന ചീത്തപ്പേര് വീഴുന്നതിനെക്കുറിച്ച് ചിന്ത മനസ്സില്‍ പുകഞ്ഞുനിന്നു. കുട്ടികളോട് വോട്ട് ചോദിക്കുന്നതിലെ ജാള്യതയോര്‍ത്ത് ദുഃഖിച്ചു. അപ്പോഴാണ് ദൈവാനുഗ്രഹംപോലെ ഒരു ക്ഷണം കടല്‍ കടന്നെത്തുന്നത്. കാസര്‍ഗോഡ് ജില്ലാ കെ.എം.സി.സി കമ്മിറ്റി യു.എ.യില്‍ ഒരുക്കുന്ന പൊതുയോഗങ്ങളില്‍ പ്രസംഗിക്കാനാണ് ക്ഷണിക്കപ്പെട്ടത്. അബുദാബിയിലേക്ക് പോകുന്നതിന്റെ പേരും പറഞ്ഞ് വീണ്ടും മത്സരത്തില്‍ നിന്നൊഴിയാന്‍ അവസാന ശ്രമം നടത്തി. അപ്പോ അതാ വന്നു പി.കെ.സി. അബ്ദുറഹിമാന്റെ മറുപടി: 'നോമിനേഷന്‍ ഒപ്പിട്ട് കൊടുത്താല്‍ മതി. മല്‍സരത്തില്‍നിന്ന് ഒഴിയാനൊക്കില്ല. ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിക്കാനും പ്രചരണത്തിനും എം.എസ്.എഫ് പ്രത്യേക സ്‌ക്വാഡ് ഉണ്ടാക്കും.' അങ്ങനെ ആ മോഹവും പൊലിഞ്ഞു. പതിനഞ്ച് ദിവസത്തേക്കാണ് യാത്ര പ്ലാന്‍ ചെയ്തത്. എനിക്കു വേണ്ടി വോട്ട് ചോദിച്ച് കുട്ടികളെ സമീപിക്കേണ്ട അപമാനത്തില്‍നിന്ന് രക്ഷപ്പെട്ടതിലെ സന്തോഷം അനല്പമായിരുന്നു. എന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനും എനിക്കുവേണ്ടി വോട്ട് ചോദിക്കാനും എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റി ഏല്പിച്ചത് ബികോം വിദ്യാര്‍ത്ഥി ഒളകര ഇബ്രാഹിംകുട്ടിയേയും ബി.എ വിദ്യാര്‍ത്ഥികളായ വി.പി.ഒ. അഷ്‌കറിനേയും വി.പി.ഒ. മുനീറിനേയുമാണ്. 

അസാന്നിദ്ധ്യം കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ ഞാന്‍ ശ്രദ്ധിക്കപ്പെട്ടത്. പ്രസംഗിക്കാന്‍ ഗള്‍ഫിലേക്ക് ക്ഷണിക്കപ്പെട്ട വിദ്യാര്‍ത്ഥി നേതാവിനെക്കുറിച്ചും പി.എസ്.എം.ഒയ്ക്ക് അഭിമാനമായ പ്രസ്തുത അംഗീകാരം ഏറ്റുവാങ്ങിയാണ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി അറബിക്കടലിനപ്പുറത്തുള്ള ദേശത്തേക്ക് പോയതെന്നും തെരഞ്ഞെടുപ്പ് ദിവസം അദ്ദേഹം തിരിച്ചെത്തുമെന്നും ക്ലാസ്സായ ക്ലാസ്സുകളിലൊക്കെ എം.എസ്.എഫ് നേതാക്കള്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഖം കാട്ടാതെ ഒരു സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആദ്യ സംഭവമാകാം. പൊരിഞ്ഞ പ്രവര്‍ത്തനമാണ് എനിക്കായി ക്യാമ്പസില്‍ നടന്നത്. എന്റെ അഭാവത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രത്യേക സ്‌ക്വാഡ് ഉണ്ടാക്കി ചെയര്‍മാനുവേണ്ടി വോട്ടഭ്യര്‍ത്ഥിച്ചു. പെണ്‍കുട്ടികള്‍ക്കിടയില്‍ ലേഡീസ് ഗ്രൂപ്പുകളുണ്ടാക്കി പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാക്കാന്‍ എം.എസ്.എഫ് നേതൃത്വം തന്ത്രങ്ങള്‍ മെനഞ്ഞു. നോമിനേഷന്‍ പേപ്പര്‍ ഒപ്പിട്ട് എം.എസ്.എഫ് പാനലില്‍ ജനറല്‍ സെക്രട്ടറിയായി മത്സരിച്ച പുല്ലാണി കരീമിനെ ഏല്പിച്ച് ഞാന്‍ അബുദാബിയിലേക്ക് പറന്നു. കോഴിക്കോട് കരിപ്പൂരില്‍നിന്നാണ് യാത്ര തിരിച്ചത്. ജീവിതത്തിലെ പ്രഥമ ആകാശപ്പറക്കലായിരുന്നു അത്. കാണുന്നതൊക്കെയും എന്നില്‍ കൗതുകമുണര്‍ത്തി. എന്റെ പരിഭ്രാന്തി തൊട്ടടുത്തിരുന്ന  സമപ്രായക്കാരി പെണ്‍കുട്ടി ശ്രദ്ധിച്ചു കൊണ്ടിരുന്നത് എന്റെ ഹൃദയമിടിപ്പ് കൂട്ടി.

എപി ഉമ്മർ
എപി ഉമ്മർ

എന്റെ തപ്പിത്തടഞ്ഞ പെരുമാറ്റം കണ്ടപ്പോഴേ തുടക്കക്കാരനായ വിമാന യാത്രികനാണ് ഞാനെന്ന് ആ കുട്ടിക്കു മനസ്സിലായപോലെ തോന്നി. സീറ്റ് ബെല്‍റ്റ് ഇടുന്നത് മുതല്‍ എന്റെ പ്രശ്‌നങ്ങള്‍ തുടങ്ങി. ഞാന്‍ ഇടം കണ്ണിട്ട് തൊട്ടടുത്തിരുന്ന അവള്‍ എങ്ങനെയാണ് ബെല്‍റ്റ് ഇടുന്നതെന്ന് ശ്രദ്ധിച്ചു. ഓരോന്നും നോക്കി സശ്രദ്ധം അനുകരിച്ചു. പാട്ട് കേള്‍ക്കാനും സിനിമ കാണാനും ഹെഡ്‌സെറ്റ് വെക്കുന്നതുള്‍പ്പെടെ അവളില്‍ കണ്ണുംനട്ട്  കാത്തിരുന്നു. ഒരുവിധം കാര്യങ്ങള്‍ തട്ടിയും മുട്ടിയും നീങ്ങവെയാണ് ഭക്ഷണവുമായി എയര്‍ഹോസ്റ്റസ് എത്തുന്നത്. ആ കുട്ടി എന്താണ് പറയുന്നതെന്ന് കണ്ണുചിമ്മിയിരുന്ന് ചെവി കൂര്‍പ്പിച്ച് കേട്ടു. പിന്നെ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നതുപോലെ തോന്നിച്ച് ഞാന്‍ പറഞ്ഞു: 'നോണ്‍ വെജ്.' അവള്‍ക്ക് കൊടുത്തപോലെ ട്രേയില്‍ വിവിധ പൊതികളിലായി ഒരു ഭക്ഷണപ്പാത്രം എന്റെ സീറ്റിന്റെ സൈഡില്‍നിന്ന് ചെറു തീന്‍തട്ട് വലിച്ചെടുത്ത് അതിന്മേല്‍ വെച്ചു. ഫോര്‍ക്കും സ്പൂണും ഉപയോഗിച്ച് മുന്‍പൊരിക്കലും ഞാന്‍ ഭക്ഷണം കഴിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ ചെയ്യുന്നതു നോക്കി പ്രവര്‍ത്തിക്കുകയല്ലാതെ മറ്റു വഴികളൊന്നും ഉണ്ടായിരുന്നില്ല. എന്നെക്കൊണ്ട് എന്തെങ്കിലും ഒരു വിഡ്ഢിത്തം ചെയ്യിച്ച് ഊറിച്ചിരിക്കാന്‍ തക്കം പാര്‍ത്തിരുന്ന സമീപസ്ഥയായ പെണ്‍കുട്ടിയുടെ മുന്നില്‍ മാനംകെടാതെ രക്ഷപ്പെടണേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. അവളെ മാത്രം ആശ്രയിച്ചാല്‍ കുഴിയില്‍ ചാടുമെന്നറിഞ്ഞ ഞാന്‍ തൊട്ടടുത്തായി മുന്നിലും പിന്നിലുമിരിക്കുന്നവരിലേക്കും കണ്ണോടിച്ചു. അതു മനസ്സിലാക്കി ഒരു ചിരപരിചിതനെപ്പോലെ പിശകു വരുത്താതെ ഭക്ഷണം കഴിക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. അതോടെ എന്റെ ആത്മവിശ്വാസം ഉയര്‍ന്നു. ഒരു കൈ നോക്കാനുള്ള ധൈര്യം എവിടെനിന്നൊക്കെയോ പകര്‍ന്നു കിട്ടി. തൊട്ടു മുന്നിലുള്ള സീറ്റിന്റെ പിന്‍ഭാഗത്തെ കവറില്‍ അടുക്കിവെച്ചിരുന്ന പത്രവും മാഗസിനുകളും മറിച്ചുനോക്കി. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അറിയാതെ ഉറക്കത്തിലേക്ക് വഴുതിവീണു. ലാന്റിംഗിനുള്ള അനൗണ്‍സ്‌മെന്റ് വന്നപ്പോഴാണ് ഞെട്ടി ഉണര്‍ന്നത്. ചില്ലിട്ട ജാലകത്തിലൂടെ താഴേക്കു നോക്കിയപ്പോള്‍ സ്വര്‍ണ്ണത്തിളക്കത്തില്‍ വിളങ്ങിമറിഞ്ഞ് നില്‍ക്കുന്ന അബുദാബി കണ്ടു. വിമാനത്തിലിരുന്ന് രാത്രിസമയത്ത് വലിയ പട്ടണങ്ങള്‍ കാണാന്‍ എന്തൊരു ചേലാണെന്നോ. സര്‍വ്വാഭരണ വിഭൂഷിതയായി നില്‍ക്കുന്ന മൊഞ്ചത്തിയുടെ അഴകാവും സൂര്യനുറങ്ങിക്കഴിഞ്ഞാല്‍ ഓരോ നഗരങ്ങള്‍ക്കും. 

എയര്‍ ഹോസ്റ്റസ് വന്ന് സീറ്റ് കുത്തനെയാക്കി ബെല്‍റ്റിടാന്‍ നിര്‍ദ്ദേശിച്ചു. ദൈവകൃപയാല്‍ അബദ്ധം പിണയാതെ എല്ലാം ചെയ്തു. എന്നെക്കാള്‍ രണ്ടോ മൂന്നോ വയസ്സ് ഇളപ്പം തോന്നിക്കുന്ന പെണ്‍കുട്ടിയോട് സംസാരിക്കാന്‍ ആദ്യമൊന്നും ധൈര്യം വന്നില്ല. വിമാനം പതുക്കെപ്പതുക്കെ താഴാന്‍ തുടങ്ങിയപ്പോള്‍ സര്‍വ്വശക്തിയും സംഭരിച്ച് ഞാന്‍ ആ കുട്ടിയോട് പേരും ഊരും ചോദിച്ചു. അബുദാബിയിലുള്ള ഉപ്പാന്റേയും ഉമ്മാന്റേയും അടുത്തേക്ക് പോവുകയാണെന്ന് അവള്‍ പറഞ്ഞു. സംസാരത്തിനിടെ വിമാനത്തിന്റെ ചക്രങ്ങള്‍ ഭൂമിയെ പുണരുന്നത് ചെറിയ കുലുക്കത്തോടെ ഞങ്ങള്‍ അറിഞ്ഞു. ആദ്യമായിട്ടാണോ വിമാനത്തില്‍ കയറുന്നതെന്ന് ചോദിച്ചപ്പോള്‍ ചമ്മല്‍ മറച്ചുവെച്ച് 'അതെ' എന്ന് തലയാട്ടി. അവളുടെ മുഖത്ത് ഒരു ചെറു ചിരി വിടരുന്നത്  കണ്ടു. യാത്രയുടെ ആരംഭത്തിലേ അവളെ പരിചയപ്പെട്ടിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് മനസ്സ് അടക്കം പറഞ്ഞു. അതിവേഗത്തില്‍ ചീറിയിറങ്ങി കാറ്റിന്റെ വേഗതയില്‍ പാഞ്ഞ വിമാനം ഇളം തെന്നലായ് വീതിയേറിയ നിരത്തിലൂടെ മുന്നോട്ടു ഗമിച്ചു. ഞങ്ങളേയും പേറി കരിപ്പൂരില്‍ വിമാനത്താവളത്തില്‍നിന്ന് ചീറിപ്പറന്നുയര്‍ന്ന വിമാനം ഓടിക്കിതച്ച് തളര്‍ന്ന് ക്ഷീണിച്ച് നിശ്ചയിക്കപ്പെട്ട സ്ഥലത്ത് പതുക്കെ വന്നുനിന്നു. അല്പസമയം പിന്നിടേണ്ട താമസം യാത്രക്കാര്‍ നാലു മണിക്കൂര്‍ നേരമുള്ള സീറ്റ് ബെല്‍റ്റിന്റെ ബന്ധനത്തില്‍നിന്ന് മുക്തരായി ചാടിയെണീറ്റ് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത് കണ്ടു. 

എപി അബൂബക്കർ മുസ്ല്യാർ
എപി അബൂബക്കർ മുസ്ല്യാർ

കെ.എം.സി.സിയുടെ ആതിഥേയത്വം

മെല്ലെ എഴുന്നേറ്റ് മുകളിലത്തെ ഹാന്‍ഡ് ബാഗേജ് ബോക്‌സില്‍നിന്ന് പെട്ടിയെടുത്ത് ഇറങ്ങാന്‍ നിന്നു. എന്റെ പിന്നിലായി അവളും നിന്നു. വിശേഷങ്ങള്‍ ഇനിയും ചോദിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും എന്തോ ഒരുള്‍ഭയം തോന്നി. മൂന്ന് നാല് തവണ മുന്‍പ് വിമാനയാത്ര നടത്തിയിട്ടുള്ള അവള്‍ ഓരോ ഘട്ടത്തിലും എനിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. എസ്‌കലേറ്ററിനടുത്തെത്തിയപ്പോള്‍ എന്റെ എല്ലാ ശക്തിയും ചോര്‍ന്നുപോയി. മുന്‍പൊരിക്കലും ഞാന്‍ എസ്‌കലേറ്ററില്‍ കയറിയിട്ടില്ല. കാലെടുത്ത് വെച്ചാല്‍ മുഖം കുത്തി വീഴുമോ എന്ന് ഭയപ്പെട്ടു. എന്റെ ശങ്ക കണ്ട് അവള്‍ അമ്പരന്നു. തൊട്ടടുത്ത് കോണിയിലൂടെ ചിലര്‍ മേല്‍പ്പോട്ട് കയറുന്നത് ശ്രദ്ധയില്‍പ്പെട്ടു. തടിക്ക് കേടില്ലാത്ത വഴി അതാണെന്ന് തിരിച്ചറിഞ്ഞ് അവളെ ഗൗനിക്കാതെ അങ്ങോട്ടുനടന്നു. അവള്‍ എസ്‌കലേറ്ററില്‍ കയറി എന്നെക്കാള്‍ മുന്നേ മുകളിലെത്തി. വിസിറ്റിംഗ് വിസയായതിനാല്‍ അതിന്റെ ഒറിജിനല്‍ സംഘടിപ്പിക്കാനുള്ള കൗണ്ടര്‍ തിരക്കി. അങ്ങോട്ട് എനിക്ക് വഴി കാണിച്ചുതന്നത് അവളാണ്. അവിടെ വെച്ച് ഞങ്ങള്‍ രണ്ടു വഴിക്കായി പിരിഞ്ഞു. നന്ദി പറഞ്ഞ് പിരിയുമ്പോള്‍ പിന്നീടെന്നെങ്കിലും കാണും എന്ന് പ്രതീക്ഷിച്ചിരുന്നു. പിന്നീട് ഇതുവരെ അവളെ  കാണാന്‍ കഴിഞ്ഞിട്ടില്ല. ആ ആകാശയാത്രയില്‍ അവള്‍ക്കെന്നോട് സഹതാപമായിരിക്കും തോന്നിയിട്ടുണ്ടാവുക. എനിക്ക് അവളോടാകട്ടെ, ആദരവും. യാത്രകള്‍ മനുഷ്യനെ ഒരുപാട് പുതിയ പാഠങ്ങള്‍ പഠിപ്പിക്കും. 

വിസ കളക്ഷന്‍ കഴിഞ്ഞ് എമിഗ്രേഷന്‍ ക്യൂവില്‍ അണിനിരന്നു. ഉയര്‍ന്ന ക്ലാസ്സിലെ യാത്രക്കാര്‍ക്ക് പെട്ടെന്ന് പുറത്തുകടക്കാന്‍ സൗകര്യമുണ്ട്. ഇക്കണോമി ക്ലാസ്സില്‍ (ശശി തരൂരിന്റെ ഭാഷയിലെ 'കന്നുകാലി ക്ലാസ്സ്') എത്തുന്നവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ നീണ്ട ക്യൂവില്‍ കുറച്ചു സമയം നില്‍ക്കണം. ആ കടമ്പയും കടന്ന് പുറത്തേക്കു കടക്കാന്‍ വഴിയന്വേഷിക്കാന്‍ നാലുപാടും നോക്കവെ രണ്ടുപേര്‍ എന്നെ ലക്ഷ്യമാക്കി ഓടിവരുന്നത് കണ്ടു. അകലെനിന്നുതന്നെ അവര്‍ മലയാളികളാണെന്നു ബോദ്ധ്യമായി. സലാം പറഞ്ഞ് ഹസ്തദാനം ചെയ്തു. അവരില്‍ ഒരാള്‍ എന്റെ  കയ്യില്‍നിന്ന് പെട്ടി വാങ്ങി. ഞാന്‍ അവരുടെ പിന്നാലെ നടന്നു. കുറേ സഞ്ചരിച്ചാണ് പുറത്തേക്കുള്ള കവാടത്തില്‍ എത്തിയത്. അവിടെ കുറച്ചാളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടു. ഞങ്ങളെ കണ്ടപാടെ  അടുത്തേക്ക് വന്നു. അവരില്‍ സാമാന്യം നീണ്ട് മെലിഞ്ഞയാള്‍ സ്വയം പരിചയപ്പെടുത്തി: 'ഞാനാണ് എ.പി. ഉമ്മര്‍.' യാത്രാസംബന്ധമായ എഴുത്തുകുത്തുകളെല്ലാം നടത്തിയത് എ.പി. ഉമ്മര്‍ സാഹിബാണ്. അദ്ദേഹത്തിന്റെ നല്ല വടിവൊത്ത കയ്യക്ഷരം മനസ്സില്‍ പതിഞ്ഞിരുന്നു. പാറക്കാട് മുഹമ്മദ് സാഹിബും അബ്ദുല്ലാ പടിഞ്ഞാറ് ഉള്‍പ്പെടെ കാസര്‍കോഡ് ജില്ലാ കെ.എം.സി.സി ഭാരവാഹികളും സ്വീകരിക്കാന്‍ എത്തിയവരില്‍ പ്രമുഖരാണ്. എ.പി. ഉമ്മറാണ് എല്ലാവരേയും പരിചയപ്പെടുത്തിയത്. പുറത്ത് കടന്ന് അല്പസമയം പിന്നിട്ടപ്പോള്‍ ഞങ്ങള്‍ക്കുള്ള വാഹനം എത്തി. പാറക്കാടാണ് കാറോടിച്ചത്. എ.പി. ഉമ്മറും മറ്റു രണ്ടു പേരും കൂടെക്കയറി. നേരെ താമസസ്ഥലത്തേക്കാണ് പോയത്. കാസര്‍കോഡുകാര്‍  താമസിക്കുന്ന റൂമിലാണ് താമസമൊരുക്കിയിരുന്നത്. അപരിചിതമായ സ്ഥലത്ത് ഒറ്റയ്ക്ക് ഹോട്ടലില്‍ നില്‍ക്കുന്നതിലും നല്ലത് കൂട്ടത്തില്‍ നില്‍ക്കലാണെന്ന് വൈകാതെ അറിഞ്ഞു. എനിക്കുവേണ്ടി റൂമിലെ ഓരോരുത്തരും സൗകര്യമൊരുക്കാന്‍ മത്സരിച്ചു. സ്‌നേഹം കൊണ്ടവര്‍ ദേഹമാസകലം പൊതിഞ്ഞു. കാസര്‍കോഡുകാരുടെ ആതിഥ്യമര്യാദ ഹൃദ്യവും വശ്യവുമാണ്. പാചകകലയില്‍ അഗ്രകണ്യന്മാരായ അവര്‍ ഭക്ഷണം തന്ന് സല്‍ക്കരിച്ചതിനു കയ്യും കണക്കുമില്ല. 

ഇകെ അബൂബക്കർ
മുസ്ല്യാർ

പറഞ്ഞുകേട്ട അബുദാബിയേക്കാള്‍ ചേലു തോന്നി കണ്‍കുളിര്‍ക്കെ കണ്ട അബുദാബിക്ക്. നാട്ടുകാരും കുടുംബക്കാരുമൊക്കെയായി ഒരുപാടാളുകള്‍ യു.എ.ഇയില്‍ ജോലി ചെയ്തിരുന്നു. യു.എ.ഇയുടെ തലയാണ് അബുദാബി. ഹൃദയമാണ് ദുബൈ. കാല്‍പാദമാണ് റാസല്‍ഖൈമ. വലതുകയ്യറ്റമാണ് അല്‍ഐന്‍. ഇടതുകയ്യറ്റം ഫുജൈറയും. ഊരയുടെ സ്ഥാനത്താണ് ഷാര്‍ജ. യു.എ.ഇയിലെ സമ്പത്തിന്റെ കേന്ദ്രം അബുദാബിയാണ്. കുലീനതയും പക്വതയും വേണ്ടതിലധികമുള്ള തലസ്ഥാനം. ആകാശം മുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങള്‍ ഇല്ലാത്ത നഗരം. എവിടെയും മിതത്വം പ്രകടമാണ്. ഏതുഭാഗത്ത് നോക്കിയാലും മലയാളികളെ കാണാം. നാട്ടില്‍ ഒരു പൊതുയോഗം സംഘടിപ്പിക്കുന്നതിനെക്കാള്‍ ആളുകള്‍ കൂടും ഗള്‍ഫില്‍ ഒരു സമ്മേളനത്തിന്. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെയുള്ള മലയാളി പരിച്ഛേദത്തെ ഒരു സദസ്സില്‍ കിട്ടാന്‍ അബുദാബിയിലോ ദുബായിയിലോ ഒരു സമ്മേളനം നടത്തിയാല്‍ മതി. നാനാജാതി മതസ്ഥരും അക്കൂട്ടത്തില്‍ ഉണ്ടാകും. കേരളം വിട്ട് മലയാളികള്‍ മണലാരണ്യത്തില്‍ ഉണ്ടാക്കിയ മലയാളനാടാണ് യു.എ.ഇ.

ബ്രിട്ടീഷ് നിയന്ത്രണത്തിലായിരുന്ന അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്ത ഭൂപ്രദേശമാണ് 1971 ഡിസംബര്‍ 2ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സായത്. ആറ് എമിറേറ്റ്‌സുകളുടെ അഥവാ നാട്ടുരാജ്യങ്ങളുടെ (അബുദാബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ) ഫെഡറേഷനായിരുന്നു പ്രാരംഭഘട്ടത്തില്‍ യു.എ.ഇ. 1972 ഫെബ്രുവരി 10ന് റാസല്‍ഖൈമ കൂടി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ഭാഗമായതോടെ ഏഴ് ഭരണ പ്രദേശങ്ങളുടെ ഫെഡറേഷനായി യു.എ.ഇ മാറി. തീരദേശ വ്യാപാര കേന്ദ്രങ്ങള്‍ എന്ന നിലയില്‍ പ്രാചീനമധ്യ കാലഘട്ടങ്ങളില്‍ അറിയപ്പെട്ട അറബ് എമിറേറ്റ്‌സ്, പെട്രോളിയം ഖനനം ചെയ്യാന്‍ തുടങ്ങിയതോടെയാണ് തൊഴിലന്വേഷകരുടെ പറുദീസയായി മാറിയത്. മലയാളിയുടെ പൊന്നുവിളയുന്ന നാടായി അവന്റെ ഹൃത്തടത്തില്‍ ഈ ദേശം ഇടം നേടി. ലക്ഷക്കണക്കിന് കുടിയേറ്റക്കാരാണ് വിവിധ രാജ്യങ്ങളില്‍ നിന്നായി ഏഴു എമിറേറ്റ്‌സുകളില്‍ ജോലി ചെയ്യുന്നത്.

ആലികാക്ക
ആലികാക്ക

കാറിലിരുന്ന് ഇരുവശങ്ങളിലേക്കും മാറി മാറി നോക്കി. നിയോണ്‍ ബള്‍ബുകളുടെ വെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുന്ന ഷോപ്പുകളും കെട്ടിടങ്ങളും എന്നെ അമ്പരപ്പിച്ചു. സ്വിച്ചിട്ട യന്ത്രം പോലെ വാഹനങ്ങളും മനുഷ്യരും റോഡിലൂടെയും റോഡിന്റെ ഇരുവശങ്ങളിലൂടെയും നേര്‍രേഖയില്‍ ഉറുമ്പുകളെപ്പോലെ നീങ്ങുന്നത് തീര്‍ത്തും പുതിയ കാഴ്ചയായിരുന്നു. അബുദാബിയുടെ കുലീനത തൊട്ടറിഞ്ഞ പ്രയാണം സാമാന്യം ഭേദപ്പെട്ട ഒരു കെട്ടിടത്തിന്റെ മുന്നില്‍ അവസാനിച്ചു. താമസസ്ഥലമാണെന്ന് സംഘാടകരില്‍ പ്രമുഖനായ എ.പി. ഉമ്മര്‍ പറഞ്ഞു. കാറില്‍നിന്നിറങ്ങിയ ഞങ്ങളെ എതിരേല്‍ക്കാന്‍ കുറച്ചാളുകള്‍ തടിച്ചുകൂടിയിരുന്നു. സലാം ചൊല്ലി അവര്‍ ആശ്ലേഷിച്ചു. ലിഫ്റ്റില്‍ കയറി റൂമിലെത്തി. കാസര്‍കോഡുകാരുടെ ബഹളമായിരുന്നു അവിടെ. അവരുടെ സ്‌നേഹപ്രകടനത്തില്‍ മനം നിറഞ്ഞു. രാത്രി ഭക്ഷണം ഗംഭീരമായി. മുസ്‌ലിംലീഗിന്റെ സുശക്തമായ പോഷകസംഘടനകളില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്ന സംഘടനയാണ് കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ (കെ.എം.സി.സി). നേരത്തെ ഈ പേര് അഖിലേന്ത്യ ലീഗിന്റെ ഗള്‍ഫ് കൂട്ടായ്മയുടേതായിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ പ്രവാസി സംഘടന 'ചന്ദ്രിക റീഡേഴ്‌സ് ഫോറം' എന്ന പേരിലാണ് അറിയപ്പെട്ടത്. അവരാണ് ആള്‍ബലത്തില്‍ മുന്നില്‍ നിന്നത്. ലീഗുകളുടെ ലയനം നടന്ന ശേഷം ഇരു സംഘടനകളും ലയിച്ചു. സംയുക്ത സംഘം കെ.എം.സി.സി എന്ന ലേബലില്‍ പ്രവര്‍ത്തിക്കാന്‍  തീരുമാനിച്ചു. സംഘടനയ്ക്ക് യു.എ.ഇയില്‍ ഒരു ദേശീയ കമ്മിറ്റിയും ഓരോ സ്‌റ്റേറ്റുകളിലും സംസ്ഥാന കമ്മിറ്റികളും പിന്നെ ജില്ലാകമ്മിറ്റികളുമാണ് ഉണ്ടായിരുന്നത്. അപൂര്‍വ്വമായി മണ്ഡലം പഞ്ചായത്ത് കമ്മിറ്റികളും പ്രവര്‍ത്തിച്ചു. നിരവധി പേരെ കൂട്ടിയിണക്കുന്ന പ്ലാറ്റ്‌ഫോം എന്ന നിലയ്ക്കാണ് കെ.എം.സി.സിയെ ജനങ്ങള്‍ കണ്ടത്. വീട് വിട്ട് വിദേശത്ത് എത്തിപ്പെടുന്നത് പുതിയ അനുഭവമായതിനാല്‍ അതിന്റെ  ഒരു വല്ലായ്ക അല്പം അലോസരമുണ്ടാക്കാതിരുന്നില്ല. 

സമസ്ത പിളരുന്നു

രണ്ട് പരിപാടികളാണ് അബുദാബിയില്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. ഒന്ന് പഴയ ഇസ്‌ലാമിക് സെന്ററിന്റെ കോമ്പൗണ്ടില്‍. മറ്റൊന്ന് മലയാളി സമാജത്തില്‍. നാട്ടിലെ ഒരു വലിയ പൊതുസമ്മേളനം കണക്കെയാണ് ആദ്യ പരിപാടിക്ക് ജനം തടിച്ചുകൂടിയത്. 22 വയസ്സുള്ള അവിവാഹിതനായ പൊടിമീശക്കാരന്റെ പ്രസംഗം കേള്‍ക്കാനുള്ള ആളുകളുടെ ആവേശം. സുന്നി വിഭാഗത്തിലെ പിളര്‍പ്പ് വലിയ അകല്‍ച്ച ലീഗിനും ലീഗ് വിരുദ്ധ സുന്നികള്‍ക്കുമിടയില്‍ ഉണ്ടാക്കിയ വാശി. ബാബരി മസ്ജിദ് പ്രശ്‌നം മുസ്‌ലിം സമുദായത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച കാലം. രാഷ്ട്രീയ പ്രതിസന്ധികള്‍ ലീഗിനെ പിന്തുടരാന്‍ തുടങ്ങിയ ഘട്ടം. ഇതുകൊണ്ടെല്ലാമാകണം വന്‍ജനാവലി ഒരു മൈതാനിയിലെന്നപോലെ അബുദാബി ഇസ്ലാമിക് സെന്ററിന്റെ വിശാലമായ കോമ്പൗണ്ടില്‍ സമ്മേളിച്ചത്. 1980 കളിലാണ് കേരളത്തില്‍ ഏറ്റവുമധികം അനുയായികളുള്ള മുസ്ലിം മതസംഘടനയായ സമസ്ത കേരള ജംഇയത്തുല്‍ ഉലമയില്‍ പിളര്‍പ്പുണ്ടായത്. ലീഗ് സമസ്തയെ നിയന്ത്രിക്കുന്നത് ഒരു വിഭാഗം സുന്നി നേതാക്കള്‍ എതിര്‍ത്തു. പണ്ഡിതസഭയെ നയിക്കാന്‍ പണ്ഡിതര്‍ തന്നെ മതി എന്ന വാദം സമസ്തയില്‍ ശക്തിപ്പെട്ടു. പ്രവാചക കുടുംബത്തിന്റെ തുടര്‍ക്കണ്ണികളാണ് സയ്യിദന്‍മാര്‍ അഥവാ തങ്ങന്‍മാര്‍ എന്നാണ് സുന്നി മുസ്‌ലിങ്ങളുടെ വിശ്വാസം. ബാഫഖി തങ്ങള്‍ക്കു ശേഷം പാണക്കാട് തങ്ങള്‍മാരോടാണ് സമസ്തയിലെ നല്ലൊരു ശതമാനത്തിന് ആഭിമുഖ്യം. വലിപ്പ ചെറുപ്പം നോക്കാതെയാണ് തങ്ങള്‍മാര്‍ സുന്നി വിശ്വാസികളാല്‍ ബഹുമാനിക്കപ്പെട്ടത് അതുകൊണ്ടാണ്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും അനുജ സഹോദരന്മാരായ ഹൈദരലി തങ്ങളും ഉമറലി തങ്ങളും ലീഗ് നേതൃത്വത്തിലെന്നപോലെ സമസ്തയുടെ നേതൃനിരയിലും സജീവമായിരുന്നു. സത്യത്തില്‍ സമസ്തയിലെ ഒരു വിഭാഗം പണ്ഡിതര്‍ക്ക് ലീഗിനോടെന്നതിനെക്കാള്‍ പാണക്കാട് കുടുംബത്തോടായിരുന്നു ആത്മബന്ധം.

മേലേതിൽ അലി
മേലേതിൽ അലി

സമസ്തയുടെ പരമോന്നത നേതൃസഭയായ 'മുശാവറ' (കൂടിയാലോചനാ സമിതി) അംഗമായ ശൈഖുനാ എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ ലീഗിന്റെ അപ്രമാദിത്വം ലവലേശം അംഗീകരിച്ചില്ല. മുശാവറയിലെ മുതിര്‍ന്ന അംഗവും പണ്ഡിതശ്രേഷ്ഠനുമായ ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ല്യാര്‍ക്ക് ലീഗിനോട് വലിയ താല്പര്യമില്ലായിരുന്നെങ്കിലും പാണക്കാട് കുടുംബത്തോടുള്ള സ്‌നേഹം കാരണം അര്‍ധമനസ്സോടെ ലീഗനുകൂല ചേരിയുടെ വക്താവാകുകയാണ് ഉണ്ടായത്. സുന്നികള്‍ ലീഗിനെ അവരുടെ രാഷ്ട്രീയ രൂപമായി കണ്ടപ്പോള്‍ ലീഗ് അവരുടെ സ്വന്തം മത സംഘടനയായാണ് സമസ്തയെ കണ്ടത്. സമസ്തയിലെ ലീഗ് അനുകൂലികളും ലീഗ് വിരുദ്ധരും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ കത്തിനില്‍ക്കുമ്പോഴാണ് എറണാകുളത്ത് സമസ്തയുടെ ഒരു മഹാ സമ്മേളനം എ.പി. അബൂബക്കര്‍ മുസ്‌ല്യാരുടെ മുന്‍കയ്യില്‍ സംഘടിപ്പിക്കുന്നത്. പ്രസ്തുത സമ്മേളനത്തിലേക്ക് പോകരുതെന്ന് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ശിഹാബ് തങ്ങള്‍ പ്രസ്താവന ഇറക്കി. സുന്നികളിലെ ലീഗ് വിരുദ്ധരെ ഇത് ചൊടിപ്പിച്ചു. അവര്‍ എറണാങ്കുളം സമ്മേളനം ചരിത്രസംഭവമാക്കാന്‍ വീറോടെ രംഗത്തിറങ്ങി. കോണ്‍ഗ്രസ്ഇടതുപക്ഷ അനുകൂലികളായ സുന്നികള്‍ വര്‍ദ്ധിത ആവേശത്തോടെ എറണാകുളം സമ്മേളനം ഗംഭീരമാക്കാന്‍ രംഗത്തിറങ്ങി. സമ്മേളനം വിജയിച്ചതോടെ സമസ്തയിലെ പിളര്‍പ്പ് യാഥാര്‍ത്ഥ്യമായി. പിന്നെ മലബാറിലെങ്ങും പള്ളികളുടേയും മദ്രസ്സകളുടേയും നിയന്ത്രണത്തിനായി സുന്നികളിലെ ഇ.കെഎ.പി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഭരണസ്വാധീനം ഉപയോഗിച്ച് ലീഗ് ഇ.കെ. സുന്നികളുടെ രക്ഷയ്‌ക്കെത്തി. കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദും ഇടതുപക്ഷവും സ്ഥാപന തര്‍ക്കങ്ങളില്‍ ലീഗ് വിരുദ്ധ സുന്നികളുടെ പക്ഷത്തും നിലയുറപ്പിച്ചു. സംഘര്‍ഷങ്ങള്‍ സംഘട്ടനങ്ങള്‍ക്ക് വഴി മാറി. അടിപിടി കൊലപാതകങ്ങളില്‍ കലാശിച്ചു. എ.പി അനുകൂലികള്‍ ലീഗുകാരാല്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. പള്ളികളും മദ്രസാ കോമ്പൗണ്ടുകളും ഏറ്റുമുട്ടല്‍ വേദികളായി. മതപാഠശാലകളിലെ  കുട്ടികളും അദ്ധ്യാപകരും ഭൂരിഭാഗം മനസ്സുകൊണ്ട് എ.പിയെ വരിച്ചു. സാധാരണ പ്രവര്‍ത്തകരില്‍ നല്ലൊരു ശതമാനം ഇ.കെ പക്ഷത്താണ് അടിയുറച്ചു നിന്നത്. പണ്ഡിതരും പ്രഭാഷകരും പരസ്പരം ചെളിവാരി എറിഞ്ഞു. മുജാഹിദ് പ്രസ്ഥാനവും ജമാഅത്തെ ഇസ്‌ലാമിയും കാന്തപുരത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. പുത്തന്‍ പ്രസ്ഥാനക്കാരോട് എ.പി വിഭാഗം ഉയര്‍ത്തിയ കടുത്ത എതിര്‍പ്പാണ് കാരണം. ലീഗ് പ്രസംഗകര്‍ നാട്ടിലും മറുനാട്ടിലും എ.പി അബൂബക്കര്‍ മുസല്യാര്‍ക്കെതിരെ ആഞ്ഞടിച്ചു. ലീഗിനെതിരെ കാന്തപുരം ഉസ്താദിന്റെ അനുയായികളും അരയും തലയും മുറുക്കി കളത്തിലിറങ്ങി. 

ഇസ്‌ലാമിക് സെന്ററിലെ സമ്മേളനത്തില്‍ തൊണ്ണൂറുകളിലെ ഇന്ത്യയുടെ ചിത്രം സമഗ്രമായി വിശകലനം ചെയ്താണ് പ്രസംഗിച്ചത്. ബാബരി മസ്ജിദിനു മേല്‍ ഫാസിസ്റ്റുകള്‍ കെട്ടിപ്പൊക്കിയ അവകാശവാദങ്ങളുടെ പൊള്ളത്തരം തുറന്നു കാണിച്ചു. കോണ്‍ഗ്രസ്സിന്റെ ഇരട്ട സമീപനത്തേയും രൂക്ഷമായി എതിര്‍ത്തു. സാധാരണ ലീഗ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് വിരുദ്ധ നിലപാട് ഇഷ്ടപ്പെട്ടിരുന്നു. സമസ്തയെ പരിപാലിക്കുന്നത് മറ്റാരെക്കാളും ലീഗാണെന്നും അതുകൊണ്ട് സമസ്തയ്ക്ക് ലീഗ് വിധേയത്വം ഉണ്ടാകുന്നതില്‍ എന്ത് തെറ്റെന്നും ചോദിച്ചു. ലീഗ് വിരുദ്ധരെ  എതിര്‍ത്തുള്ള സംസാരം ഹര്‍ഷാരവങ്ങളോടെയാണ് സദസ്സ് സ്വീകരിച്ചത്. യോഗം കഴിഞ്ഞ് അര്‍ദ്ധരാത്രി റൂമില്‍ തിരിച്ചെത്തിയപ്പോള്‍ രണ്ടുപേര്‍ അവിടെ എന്നെ കാത്തുനിന്നിരുന്നു. അവര്‍ സമ്മേളനത്തില്‍ പങ്കെടുത്തതായി സംഭാഷണത്തില്‍ മനസ്സിലായി. അവര്‍ ഉറച്ച ലീഗുകാരും എ.പി ഉസ്താദിന്റെ അനുയായികളുമാണെന്ന് ബോദ്ധ്യപ്പെട്ടു. ലീഗിലെ കാര്യവിവരമുള്ളവര്‍ എ.പി ഉസ്താദിനെ വിമര്‍ശിക്കുന്നതിലെ മനഃപ്രയാസം അവര്‍ തുറന്നുപറഞ്ഞു. ലീഗിനെ സ്‌നേഹിക്കുന്ന എ.പി സുന്നികളുണ്ടെന്ന് ആദ്യമായി ഞാനറിഞ്ഞത് അന്നാണ്. ഞാനവരോട് ക്ഷമാപണം നടത്തി. മേലില്‍ പണ്ഡിതന്മാരെ വിമര്‍ശിക്കില്ലെന്ന് ഉറപ്പ് കൊടുത്തു. അവര്‍ എന്നെ കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിച്ചു. അതിനുശേഷം സുന്നികളിലെ പിളര്‍പ്പ് പ്രസംഗത്തില്‍ കടന്നുവരാതെ ശ്രദ്ധിച്ചു. ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം എ.പി ഉസ്താദിനെ കണ്ടുമുട്ടിയ സന്ദര്‍ഭത്തില്‍ ഇക്കാര്യം പറഞ്ഞു. അദ്ദേഹം ചിരിച്ച് ചേര്‍ത്തുപിടിച്ചു. തലയില്‍ കൈവെച്ച് സമാശ്വസിപ്പിച്ചു. അതുകഴിഞ്ഞ് എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് കുറ്റിപ്പുറം 'പാലം കടക്കാന്‍' അദ്ദേഹത്തിന്റെ സഹായം തേടി മര്‍ക്കസില്‍ ചെന്നത്. കയ്യും മെയ്യും മറന്ന് ഉസ്താദ് സഹായിച്ചു. 

മഠത്തിൽ മുസ്തഫ
മഠത്തിൽ മുസ്തഫ

എന്റെ രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു അബുദാബി സമ്മേളനങ്ങള്‍. എല്ലാ പ്രസംഗങ്ങളും ഓഡിയോ കാസറ്റുകളായി സര്‍വ്വ സ്ഥലത്തും എത്തി. പരിപാടികളുടെ ഗംഭീര വിജയം അനുകൂലികളെപ്പോലെ അസൂയക്കാരേയും സൃഷ്ടിച്ചു. കാസര്‍കോഡ് കെ.എം.സി.സി സംഘടിപ്പിച്ച സമ്മേളനത്തിന്റെ അഭൂതപൂര്‍വ്വ വിജയം മറ്റു ജില്ലാ കെ.എം.സി.സി കമ്മിറ്റികളില്‍ കുശുമ്പിനു വഴിവെച്ചു. മലപ്പുറം ജില്ലക്കാരനായ ഒരാളെ കൊണ്ടുവന്ന് കാസര്‍ഗോഡ് ജില്ലക്കാര്‍ ലീഗണികളുടെ കയ്യടി വാങ്ങിയത് മലപ്പുറം ജില്ലാ കെ.എം.സി.സി ഭാരവാഹികളെ സംഘടനാപരമായി ചൊടിപ്പിച്ചു. കെ.എം.സി.സിയില്‍ വിവിധ ജില്ലാ കമ്മിറ്റികള്‍ തമ്മില്‍ ആരോഗ്യപരമായ മത്സരം നിലനിന്ന സമയമാണത്. കാസര്‍കോട്ടുകാരാകട്ടെ, കിട്ടിയ അവസരം മലപ്പുറത്തുകാരുടെ മുഖത്ത് തോണ്ടാന്‍ ഉപയോഗിക്കുകയും ചെയ്തു. 

അബുദാബിയിലെ രണ്ടാമത്തെ പരിപാടി മലയാളി സമാജം ഹാളിലാണ് നടന്നത്. ടിയാനെന്‍മെയര്‍ സ്‌ക്വയറില്‍ നടന്ന വിദ്യാര്‍ത്ഥി കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയേയും ലോക കമ്യൂണിസത്തേയും വിശകലനം ചെയ്താണ് സംസാരിച്ചത്. തിങ്ങിനിറഞ്ഞ ഹാളില്‍ സൂചികുത്താന്‍ ഇടമില്ലായിരുന്നു. നന്നായി ഗൃഹപാഠം ചെയ്താണ് പ്രസംഗിച്ചത്. അതുകൊണ്ടുതന്നെ സാധാരണ രാഷ്ട്രീയ പ്രസംഗത്തിനപ്പുറം ആധികാരികത കല്പിക്കപ്പെട്ട പ്രഭാഷണം എന്ന ഖ്യാതി നേടാനായി. രണ്ട് പ്രസംഗങ്ങള്‍ കഴിഞ്ഞതോടെ ലീഗില്‍ അത്യാവശ്യം കാര്യങ്ങള്‍ പറയുന്നവരുടെ ഹ്രസ്വലിസ്റ്റില്‍ എനിക്കും ഇടം നേടാനായി. ജനങ്ങളുടെ ആവശ്യത്തെത്തുടര്‍ന്ന് മൂന്നാമത്തെ ഒരു പരിപാടിയും കൂടി അബുദാബിയില്‍ ഒരുക്കാന്‍ സംഘാടകര്‍ തീരുമാനിച്ചു. അത് സോഷ്യല്‍ സെന്ററിലാണോ മലയാളി സമാജത്തിലാണോ നടന്നതെന്ന് ശരിക്ക് ഓര്‍ക്കുന്നില്ല. ഏതായാലും അതും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പിന്നെ മറ്റു എമിറേറ്റ്‌സുകളില്‍ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ എ.പി ഉമ്മറിനെ പല കെ.എം.സി.സി കമ്മിറ്റികളും ബന്ധപ്പെട്ടു. അദ്ദേഹം കുറച്ച് 'തലക്കന'ത്തില്‍ നിന്നു. കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ മുന്നില്‍ എന്റെ പ്രസംഗ പരിപാടി ഒരുക്കാന്‍ യാചിക്കേണ്ടെന്ന് മലപ്പുറം കമ്മിറ്റികള്‍ തീരുമാനിച്ചതായി പിന്നീട് മനസ്സിലാക്കി. ലീഗിലെ സവര്‍ണര്‍ തങ്ങളാണെന്നാണ് മലപ്പുറത്തുകാരുടെ ധാരണ. ദുബായിലും ഷാര്‍ജയിലും സ്‌റ്റേറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സ്വീകരണ ചടങ്ങുകള്‍ നടന്നത്. ദുബായിയില്‍ തട്ടിക്കൂട്ട് പരിപാടിയായതിനാല്‍ വേണ്ടത്ര ആളുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ഷാര്‍ജയിലെ ചടങ്ങ് ഗംഭീരമായി. സി.എച്ച്. മുഹമ്മദ് കോയാ സാഹിബിന്റെ മരുമകന്‍ ഡോ. അഹമ്മദ് ഷരീഫാണ് സമ്മേളനത്തില്‍ അദ്ധ്യക്ഷനായത്. കാസര്‍കോട്ടുകാരന്‍ ഒരു തങ്ങളായിരുന്നു മുഖ്യ സംഘാടകന്‍. ശരീഫ് സാഹിബിനെ ആദ്യമായി കണ്ടത് ഷാര്‍ജയില്‍ വെച്ചാണ്. അല്‍ഐനില്‍ നാട്ടുകാരും കുടുംബക്കാരും ഒരുക്കിയ ഒരു സൗഹൃദകൂട്ടായ്മയിലും സംബന്ധിച്ചു. മാളു മൂത്തമ്മാന്റെ സഹോദരന്മാരായ ബാവാക്കയും കോയയും ആവു മുത്താപ്പാന്റെ മകന്‍ ബാവാക്കയും വല്ലിമ്മാന്റെ വീടിനടുത്തുള്ള വടക്കീലെ കുഞ്ഞുട്ടിക്കാക്കയും പരപ്പില്‍ അലിയും മോണിക്കയും മേലേതിലെ മയമുട്ടിയും പി.എസ്. കുട്ടിയും എല്ലാം അവിടെ ഒത്തുചേര്‍ന്നിരുന്നു. കാസര്‍കോട്ടുകാരുടെ പൂര്‍ണ്ണ നിയന്ത്രണത്തിലായതിനാല്‍ സ്വതന്ത്ര വിഹാരം നടന്നില്ല. 

ദുബായിയില്‍ അമ്മാവന്‍ അലിക്കാക്കാന്റെ കൂടെ മൂന്ന് നാല് ദിവസം താമസിക്കാനായത് വലിയ കാര്യമായി. അലിക്കാക്ക ദുബായ് ഗലദാരി ഐസ്‌ക്രീം കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. പുതിയങ്ങാടിയിലെ ഹംസുട്ട്യാക്കയും വെളുത്തൂരിലെ റാസാക്കാക്കയും രണ്ടത്താണിയിലെ മുഹമ്മദ്ക്കയുമെല്ലാം അതേ കമ്പനിയിലെ ജീവനക്കാരും അമ്മാവന്റെ അടുത്ത സുഹൃത്തുക്കളുമാണ്. അമ്മാവന്‍ അലിക്കാക്ക  കുടുംബങ്ങളോട് നല്ല സ്‌നേഹവും അനുകമ്പയുമുള്ള ആളാണ്. വല്ലിമ്മ ഏറ്റവുമധികം ആശ്രയിച്ചതും അദ്ദേഹത്തെയാണ്. രണ്ടാമത്തെ അമ്മാവന്‍ അഹമ്മദ് കാക്ക എങ്ങോട്ടോ നാടുവിട്ടു പോയി. എവിടെയെന്ന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. വല്ലിമ്മ എന്നും സന്ധ്യാപ്രാര്‍ത്ഥന കഴിഞ്ഞാല്‍ അഹമ്മദ് കാക്കാന്റെ വരവിനായി കണ്ണീരൊഴുക്കി ഇരുകൈകളും മേല്‍പ്പോട്ടുയര്‍ത്തി പടച്ചവനോട് യാചിക്കുന്നത് പലതവണ കണ്ടിട്ടുണ്ട്. വല്ലിമ്മാന്റെ പറച്ചില്‍ കേട്ടാല്‍ ആരും കരയും, ഞാനും. നല്ല ദൈവഭയമുള്ള കൂട്ടത്തിലാണ് വല്ലിമ്മ. പ്രാര്‍ത്ഥനയ്ക്ക് ഉത്തരം കിട്ടുമെന്ന് മനസ്സ് മന്ത്രിച്ചു. ഒരു ദിവസം എല്ലാവരേയും അമ്പരപ്പിച്ച് അഹമ്മദ്കാക്ക വന്നു. അന്ന് മുഴുവന്‍ വല്ലിമ്മ സന്തോഷം കൊണ്ട് കണ്ണീര്‍ പൊഴിച്ചു. അതിനുശേഷമാണ് അലിക്കാക്ക മുന്‍കയ്യെടുത്ത് അഹമ്മദ്കാക്കാനെ ദുബായിലേക്ക് കൊണ്ടുപോയത്. അവിടെ അല്‍ഐനിലെ തമാം ഹോസ്പിറ്റലിലായിരുന്നു ജോലി. മൂന്നാമത്തെ അമ്മാവന്‍ ശാഫിക്കാക്ക കുവൈറ്റിലായിരുന്നു. എല്ലാവര്‍ക്കും നല്ല ജോലിയും ശമ്പളവും കിട്ടി. വേണ്ടതിനും വേണ്ടാത്തതിനും വാരിക്കോരി ചെലവഴിച്ചത് അഹമ്മദ്കാക്കാനേയും ശാഫിക്കാക്കാനേയും പില്‍ക്കാലത്ത് സാമ്പത്തികമായി ക്ഷീണിപ്പിച്ചു. അലിക്കാക്ക കുറച്ചുകൂടി സൂക്ഷ്മത പുലര്‍ത്തിയാണ് ജീവിച്ചത്. വലിയ ബുദ്ധിമുട്ടില്ലാതെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ അദ്ദേഹത്തിനായത് അതുകൊണ്ടാണ്. 

അധികരത്തിന്റെ 'കോണി'കയറാത്തവര്‍

യു.എ.ഇ സന്ദര്‍ശനത്തിനിടയില്‍ കോളേജിലേക്ക് വിളിച്ച് തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ അറിഞ്ഞു. ജയത്തെക്കുറിച്ച് ഒരാശങ്കയും ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് ദിവസം എത്താനാണ് നേരത്തേ പ്ലാന്‍ ചെയ്തിരുന്നത്. അതനുസരിച്ച് തിരികെ യാത്രയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങി. മൂച്ചിക്കല്‍ മദ്രസ്സയില്‍ എന്റെ സീനിയറായി പഠിച്ചിരുന്ന മേലേതില്‍ അലിയെ ഇസ്‌ലാമിക് സെന്ററിലും മലയാളി സമാജത്തിലും വെച്ച് കണ്ടിരുന്നെങ്കിലും തിരക്കിനിടയില്‍ സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. നാട്ടിലേക്ക് മടങ്ങുന്നതിന്റെ തലേദിവസം അദ്ദേഹം എന്നെ കാണാന്‍ വന്നു. ഒരുപാട് ഓര്‍മ്മകള്‍ അയവിറക്കി. എന്റെ ഉയര്‍ച്ചയില്‍ അലി അത്യധികം സന്തോഷിച്ചിരുന്നതായി സംസാരത്തില്‍ മനസ്സിലായി. രണ്ട് വര്‍ഷം മുന്‍പ് അദ്ദേഹം മരിച്ചു. അശുപത്രിയിലായിരിക്കവെ എന്നോട് സംസാരിക്കണമെന്ന് അലി ആഗ്രഹം പ്രകടിപ്പിച്ചത്രെ. മകന്‍ എന്നെ ഫോണില്‍ വിളിച്ചു. അവശനിലയിലും ഞങ്ങള്‍ സംസാരിച്ചു. കിതപ്പ് കാരണം കുറച്ചേ വര്‍ത്തമാനം പറയാന്‍ കഴിഞ്ഞുള്ളൂ. അതുകഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം മരണപ്പെട്ടു. ഒരു നല്ല സുഹൃത്തിനെ നഷ്ടപ്പെട്ട ദുഃഖം മനസ്സിനെ നോവിച്ചു. പതിനഞ്ച് ദിവസം നീണ്ട യു.എ.ഇ പര്യടനത്തിന് വിരാമമിട്ട് നാട്ടിലേക്ക് പറക്കാന്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടു. കാസര്‍കോഡ് കെ.എം.സി.സി നേതാക്കളും പ്രവര്‍ത്തകരും നല്ല സന്തോഷത്തിലാണെന്ന് അവരുടെ പ്രതികരണത്തില്‍നിന്ന് മനസ്സിലായി. യു.എ.ഇ കെ.എം.സി.സിയുടെ പ്രസിഡന്റ് മഠത്തില്‍ മുസ്തഫ സാഹിബ് ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. അദ്ദേഹം അബുദാബിയിലെ രണ്ട് പരിപാടിയിലും സംബന്ധിച്ചിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ എനിക്ക് ബോധിച്ച നേതാവാണ് മഠത്തില്‍ മുസ്തഫ. അദ്ദേഹത്തെ  മാറ്റിനിര്‍ത്തി കെ.എം.സി.സിയുടെ ഇന്നലകളെക്കുറിച്ച് പറയാനാവില്ല.

യു.എ.ഇയില്‍ മുസ്‌ലിംലീഗിന്റെ പോഷകസംഘടനകളുടെ കാലാകാലങ്ങളിലെ ചരിത്രം പറയുമ്പോള്‍ ആദ്യം പറയേണ്ട പേര് മഠത്തില്‍ മുസ്തഫ സാഹിബിന്റേതാണ്. ഒരു പൊതു പ്രവര്‍ത്തകന് ഉണ്ടായിരിക്കേണ്ട സകല നന്മകളും സമ്മേളിച്ച വൃക്തിയാണ് മഠത്തില്‍. ആകാരം കൊണ്ടെന്നപോലെ നേതൃപാടവം കൊണ്ടും മറ്റാരേക്കാളും അദ്ദേഹം മുന്തിനിന്നു. മഠത്തില്‍ മുസ്തഫയാണ് യു.എ.ഇ കെ.എം.സി.സിയുടെ ചരിത്രത്തിലെ ഏറ്റവും യോഗ്യനും പ്രാപ്തനുമായ പ്രസിഡന്റെന്ന് നിസ്സംശയം പറയാം. പ്രവാസഭൂമിയില്‍ സംഘടനാപ്രവര്‍ത്തനത്തിന് ഇന്നത്തേതുപോലെ ഭൗതിക സൗകര്യങ്ങളോ അനുകൂല ഘടകങ്ങളോ ഇല്ലാത്ത കാലത്താണ് മഠത്തില്‍ കെ.എം.സി.സിയുടെ പ്രസിഡന്റ് പദം വഹിച്ചത്. സംഘടനയുടെ അധ്യക്ഷന്‍ എന്ന പദവിക്ക് അക്ഷരാര്‍ത്ഥത്തില്‍ ഗാംഭീര്യം ചാര്‍ത്തിയ അമരക്കാരനാണ് മുസ്തഫ സാഹിബ്. കന്നിക്കാരനായ എന്നെപ്പോലെ ഒരാളോട് അദ്ദേഹം പ്രകടിപ്പിച്ച സ്‌നേഹവും ഔന്നത്യവും എന്റെ ഓര്‍മ്മച്ചെപ്പില്‍നിന്ന് തിരോഭവിക്കില്ല. 

അസാധാരണമായ ആര്‍ജ്ജവവും ആജ്ഞാശക്തിയും കൊണ്ട് ശ്രദ്ധേയനായ മഠത്തില്‍ കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ കളരിയിലൂടെയാണ് പിച്ചവെച്ചുയര്‍ന്നു വന്നത്. ലീഗ് രാഷ്ട്രീയത്തില്‍ സി.എച്ചിനെപ്പോലെ പരന്ന വായനയുള്ള വിരലിലെണ്ണാവുന്നവരില്‍ ഒരാളാണ് അദ്ദേഹം. ഇംഗ്ലീഷ് പുസ്തകങ്ങള്‍ ധാരാളമായി മഠത്തില്‍ മുസ്തഫയുടെ ശേഖരത്തിലുണ്ടായിരുന്നു എന്നാണ് അന്വേഷണത്തില്‍ മനസ്സിലായത്. പ്രവാസം മതിയാക്കി മടങ്ങുമ്പോള്‍ പലരും മാര്‍ക്കറ്റില്‍ കിട്ടുന്ന മേത്തരം സാധനങ്ങളാണ് പെട്ടികളില്‍ നിറച്ച് കൊണ്ടുവരാറെങ്കില്‍ 1998ല്‍ അദ്ദേഹം പ്രവാസം മതിയാക്കി മടങ്ങുമ്പോള്‍ പെട്ടികള്‍ നിറയെ വായിച്ചതും വായിക്കാന്‍ വെച്ചതുമായ പുസ്തകങ്ങളായിരുന്നത്രെ. യു.എ.ഇയില്‍ വിശേഷിച്ച് അബുദാബിയില്‍ സംഘടനയെ ഏകശിലാപ്രതിമപോലെ നിലനിര്‍ത്തുന്നതില്‍ മഠത്തില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. വി.പി.കെ അബ്ദുല്ല, അബ്ദുല്ല ഫാറൂഖി, മൊയ്തു എടയൂര്‍, എ.പി. ഉമ്മര്‍, അബ്ദുല്ല പടിഞ്ഞാറ്, മുഹമ്മദ് പാറക്കല്‍, ഷാഹുല്‍ ഹമീദ് തങ്ങള്‍, സി.പി. മുഹമ്മദ്, പി.പി. കുഞ്ഞബ്ദുല്ല, അബ്ദുറബ്ബ്, കുഞ്ഞിപ്പ പൊന്മുണ്ടം, ബീരാന്‍കുട്ടി വാണിയണ്ണൂര്‍ തുടങ്ങി പ്രത്യുല്പന്നമതികളും കര്‍മ്മോത്സുകരുമായ വലിയൊരു നിരയെ ചേര്‍ത്തുനിര്‍ത്തി സംഘടനയെ നയിച്ച മഠത്തിലിന്, ആ കെട്ടുറപ്പ് അധികകാലം നിലനിര്‍ത്താനായില്ല. തന്‍പോരിമയുള്‍പ്പെടെയുള്ള ലീഗ് രാഷ്ട്രീയത്തിന്റെ സ്വാഭാവിക ജീര്‍ണ്ണതകള്‍ തിടം വെച്ചപ്പോള്‍ കെ.എം.സി.സി ഗ്രൂപ്പുകളിയുടെ കേളീരംഗമായത് ചരിത്രം. 

യു.എ.യിലെ ഏറ്റവും വലിയ പ്രസ്ഥാനം എന്നവകാശപ്പെടുന്ന ഇപ്പോഴത്തെ കെ.എം.സി.സിക്ക് 'മിഡില്‍ ഈസ്റ്റ് ചന്ദ്രിക' നിലനിര്‍ത്താനാകാതെ പോയത് മഠത്തിലിനു ശേഷം കെ.എം.സി.സിക്ക് സംഭവിച്ച അപചയങ്ങളില്‍ ഒന്നായി കാണണം. ദീര്‍ഘകാല വരിക്കാരെ ചേര്‍ത്ത് കോടികള്‍ പിരിച്ചെടുത്ത സ്‌കീമനുസരിച്ച് ബന്ധപ്പെട്ടവര്‍ക്കു പത്രം കൊടുക്കാനാവാതെ ലീഗ് മുഖപത്രം പൂട്ടിക്കെട്ടിയത് കെ.എം.സി.സിയുടെ നേതൃ ദൗര്‍ബ്ബല്യം വിളിച്ചോതുന്നു. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ചന്ദ്രിക സാമ്പത്തിക പ്രതിസന്ധി മൂലം പൂട്ടേണ്ട അവസ്ഥ വന്ന നാളുകള്‍. സി.എച്ചും സീതി ഹാജിയും  യു.എ.ഇ സന്ദര്‍ശിച്ച് ലീഗണികളോട് കാര്യം പറഞ്ഞു. സി.എച്ച്. തന്റെ തൊപ്പി ജനങ്ങള്‍ക്കു നേരെ നീട്ടി. അറേബ്യന്‍ കറന്‍സിയുടെ പ്രവാഹത്തിനാണ് വേദി സാക്ഷ്യം വഹിച്ചത്.  അന്ന് സി.എച്ച് നീട്ടിയ തൊപ്പിയുടെ ഒരു വക്ക് പിടിച്ചത്  മഠത്തിലായിരുന്നു. പഴയ കെ.എം.സി.സി പ്രവര്‍ത്തകര്‍ വികാരഭരിതരായി ആ രംഗം ഇന്നും സ്മരിക്കുന്നു. സി.എച്ചും ഇ. അഹമ്മദ് സാഹിബും ഉള്‍പ്പെടെയുള്ള നേതാക്കളുമായി ഹൃദയബന്ധമാണ് മഠത്തില്‍ മുസ്തഫയ്ക്ക് ഉണ്ടായിരുന്നത്. അദ്ദേഹം ലീഗിനു നല്‍കിയ സേവനത്തിനും ആത്മാര്‍പ്പണത്തിനും അനുസൃതമായി പാര്‍ട്ടി ആ കര്‍മ്മയോഗിയെ അംഗീകരിച്ചോ എന്ന് ചോദിച്ചാല്‍ 'ഇല്ല' എന്ന് ഉറപ്പിച്ചു പറയാം. 

വൈകിവരുന്ന പതക്കങ്ങള്‍ക്കൊന്നും കാത്തുനില്‍ക്കാതെ തന്റെ ജീവിത ദൗത്യം പൂര്‍ത്തിയാക്കിയാണ് മഠത്തില്‍ മുസ്തഫ സാഹിബ് മണ്ണിലേക്കു മടങ്ങിയത്. നേതാക്കളുടെ തിണ്ണ നിരങ്ങിയ അപൂര്‍വ്വം ചിലരൊഴികെ അര്‍ഹരായ പ്രവാസികളില്‍ പലരും മുസ്‌ലിംലീഗില്‍ അംഗീകാരത്തിന്റെ 'കോണി' കയറിയിട്ടില്ലെന്ന് ആര്‍ക്കാണറിയാത്തത്?

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com