'ഡ്രൈവ് മൈ കാര്‍'- ജീവിതത്തിന്റെ സമഗ്രതയിലേക്കുള്ള അന്വേഷണം

പ്രശസ്ത ജാപ്പനീസ് എഴുത്തുകാരന്‍ ഹാറുകി മുറകാമിയുടെ ഡ്രൈവ് മൈ കാര്‍ എന്ന കഥ അവലംബമാക്കി റ്യൂസുകെ ഹമാഗുച്ചി സംവിധാനം ചെയ്ത അതേ പേരിലുള്ള ചലച്ചിത്രത്തെക്കുറിച്ച്
'ഡ്രൈവ് മൈ കാര്‍'- ജീവിതത്തിന്റെ സമഗ്രതയിലേക്കുള്ള അന്വേഷണം

I think that thet ruth, whatever it is, is not as frightening as not knowing thet ruth - Chekhov (Uncle Vanya)

'എല്ലാ പീഡനങ്ങളും അവസാനിച്ച്, നമ്മുടെ ജീവിതം വീണ്ടും ശാന്തമാവും.' ചെക്കോവിന്റെ പ്രസിദ്ധമായ നാടകം 'അങ്കിള്‍ വാന്യ'യുടെ അവതരണത്തോടെയാണ് ജപ്പാനിലെ സ്വതന്ത്ര ചലച്ചിത്രകാരന്‍ ഹമാഗുച്ചി (Hamaguchi) തന്റെ പുതിയ ചിത്രം 'ഡ്രൈവ് മൈ കാര്‍' (Drive my Car) അവസാനിപ്പിക്കുന്നത്. റോക്ക് ബാന്‍ഡായ ബീറ്റില്‍സിന്റെ (Beatles) പ്രസിദ്ധ ആല്‍ബം റബ്ബര്‍, കാമുകിയോടുള്ള അയാളുടെ പ്രേമാഭ്യര്‍ത്ഥനകളും നിറഞ്ഞുനില്‍ക്കുന്നു. പ്രശസ്ത ജാപ്പനീസ് എഴുത്തുകാരന്‍ ഹറുക്കി മുറകാമി (Haruki Murakami) 2014ലെഴുതിയ, നാടകനടന്‍ കേന്ദ്രസ്ഥാനത്തുള്ള കഥയ്ക്ക് 'ഡ്രൈവ് മൈ കാര്‍' എന്ന് അദ്ദേഹം പേരിടുന്നത്, ഒരുകാലത്ത് ലോകം പാടിനടന്ന ഈ ബീറ്റില്‍സ് ഗാനം ഓര്‍മ്മിച്ചുകൊണ്ടാണ്. മുറകാമിയുടെ 'മെന്‍ വിതൗട്ട് വിമന്‍' (Men without Women) എന്ന സമാഹാരത്തിലെ പ്രധാന കഥ 'ഡ്രൈവ് മൈ കാര്‍' അവലംബിച്ചാണ്, കുറോസോവയും മിസോഗുച്ചിയുമൊക്കെ അരങ്ങുതകര്‍ത്ത ജാപ്പനീസ് ചലച്ചിത്രരംഗത്ത് ഇപ്പോള്‍ സജീവസാന്നിദ്ധ്യമായ സംവിധായകന്‍ റ്യൂസുകെ ഹമാഗുച്ചി (Ryusuke Hamaguchi) 2021ലെ തന്റെ രണ്ടാമത്തെ ചിത്രം 'ഡ്രൈവ് മൈ കാര്‍' സംവിധാനം ചെയ്യുന്നത്. ചിത്രത്തെ, മുറകാമിയുടെ കഥയുടെ 'സിനിമാറ്റിക് എക്‌സ്‌റ്റെന്‍ഷന്‍' (cinematic extension) എന്ന് വിശേഷിപ്പിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം. കഥയില്‍നിന്ന് ചിത്രത്തിന്റെ കേന്ദ്രപ്രമേയം സ്വീകരിക്കുന്ന ഹമാഗുച്ചി, തകാമാസ ഓയേ (Takamasa Oe)യുമായിച്ചേര്‍ന്നെഴുതിയ തിരക്കഥയില്‍, ചെക്കോവിന്റെ പ്രശസ്ത നാടകമായ അങ്കിള്‍ വാന്യ (Uncle Vanya)യും ഉപപ്രമേയമായി പരിഗണിക്കുന്നുണ്ട്. മുറകാമിയുടെ കഥയില്‍നിന്ന് ചില വ്യതിയാനങ്ങള്‍ രേഖപ്പെടുത്തുന്ന ഈ തിരക്കഥ, 2021ലെ കാന്‍ ചലച്ചിത്രമേളയില്‍ മികച്ച രചനയ്ക്കുള്ള പുരസ്‌കാരം നേടിയിരുന്നു. തിരക്കഥയുടെ സവിശേഷതകള്‍ ചിത്രത്തെ കഥയ്ക്കപ്പുറത്തുള്ള മറ്റൊരു തലത്തിലേക്കുയര്‍ത്തുകയും സമകാലീന ജീവിതം നേരിടുന്ന അടിസ്ഥാന സമസ്യകളിലേക്ക് പ്രേക്ഷകശ്രദ്ധ എത്തിക്കയും ചെയ്യുന്നു. സാമുവല്‍ ബക്കറ്റിന്റെ പ്രസിദ്ധ നാടകമായ 'ഗോദോയെക്കാത്ത്' പരാമര്‍ശിക്കുന്ന ചിത്രം, വിദേശസിനിമാ വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള 2022 ഓസ്‌കാര്‍ അവാര്‍ഡിനായി ജപ്പാനില്‍നിന്ന് മത്സരിച്ചിരുന്നു. ലോകത്തിലെ മികച്ച സാഹിത്യസൃഷ്ടികളുടെ സമന്വയമായ ചിത്രം, കാലദേശഭാഷകള്‍ക്കപ്പുറത്ത് ജീവിതം നേരിടുന്ന പ്രതിസന്ധികളിലാണ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. 

സംഭാഷണങ്ങളുടെ പശ്ചാത്തലം

മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനു മുന്‍പ് ആത്മപരിശോധന നടത്താനാവശ്യപ്പെടുന്ന ചിത്രം, മദ്ധ്യവയസ്‌കനായ നാടകനടന്‍ കഫൂകുവിന്റെ ജീവിതം നേരിടുന്ന സംഘര്‍ഷങ്ങളിലാണ് കേന്ദ്രീകരിക്കപ്പെടുന്നത്. അയാളുടെ ഭാര്യ ഓത്തോ, ഡ്രൈവര്‍ മിസാക്കി, യുവനടന്‍ തകാസുകി എന്നിവര്‍ പ്രധാന സ്ഥാനങ്ങളിലുള്ള 'ഡ്രൈവ് മൈ കാര്‍', മൂന്ന് മണിക്കൂറില്‍, തുടക്കം മുതല്‍ അവസാനം വരെ 'അങ്കിള്‍ വാന്യ'യിലെ പ്രസിദ്ധങ്ങളായ സംഭാഷണങ്ങള്‍ വളരെ അര്‍ത്ഥപൂര്‍ണ്ണമായി ഉപയോഗിക്കുന്നുണ്ട്.

കഫൂകുവിന്റെ ഭാര്യ ഓത്തോയുടെ മരണം വരെയുള്ള ചിത്രത്തിന്റെ ആദ്യ നാല്‍പ്പത് മിനിറ്റ്, അതിന്റെ ആമുഖമായാണ് സംവിധായകന്‍ ചിത്രീകരിക്കുന്നത്. ഇതില്‍ കഫൂകുവും ഭാര്യ ഓത്തോവും തമ്മിലുള്ള ഗാഢമായ പ്രണയവും ഓത്തോവിന്റെ അന്യപുരുഷ ബന്ധങ്ങളും ഹമാഗുച്ചി ദൃശ്യവല്‍ക്കരിക്കുന്നു. കഫൂകുവും ഓത്തോവും തമ്മിലുള്ള ലൈംഗികബന്ധത്തിന്റെ ദൃശ്യത്തില്‍ ആരംഭിക്കുന്ന ചിത്രത്തില്‍, താന്‍ സ്വപ്നത്തില്‍ കണ്ട, പെണ്‍കുട്ടിയുടെ അസാധാരണമായ സ്‌നേഹത്തിന്റെ കഥ തികഞ്ഞ വൈകാരികതയോടെ പറയുന്ന ഓത്തോവിന്റെ ആദ്യ കാഴ്ചയ്ക്ക് ശേഷം, ആ കഥയുടെ അസാധാരണ പരിസരങ്ങളിലേക്ക് സംവിധായകന്‍ പ്രേക്ഷകരെ  കൊണ്ടുപോകുന്നു. സഹപാഠിയെ അവനറിയാതെ സ്‌നേഹിക്കുന്ന പെണ്‍കുട്ടി, ആരുമറിയാതെ അവന്റെ മുറിയില്‍ കയറി അവിടെ തന്റേതായ ചില അടയാളങ്ങള്‍ അവശേഷിപ്പിച്ച ശേഷം തിരിച്ചുപോകുന്നു. അതോടൊപ്പം, അവന്റെ ഓര്‍മ്മയ്ക്കായി മുറിയില്‍നിന്ന് പേനയോ പെന്‍സിലോ എടുത്ത് മടങ്ങുന്ന പെണ്‍കുട്ടിയുടെ കഥ, അടുത്ത ദിവസം കാറില്‍വെച്ച് കഫൂകുവാണ് പൂര്‍ത്തിയാക്കുന്നത്. വേഗതയോടെ നീങ്ങുന്ന കാറില്‍ കഥ പൂര്‍ത്തിയാക്കുന്ന കഫൂകുവിന്റെ ദൃശ്യത്തില്‍, ചിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള, അതിലെ ഒരു കഥാപാത്രമാവുന്ന ചുവന്ന കാര്‍ ആദ്യമായി സ്‌ക്രീനില്‍ തെളിയുന്നു. കിടപ്പുമുറിയിലും കാറിലുമായി, തികച്ചും അസാധാരണമായ രീതിയില്‍ ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന കഥകള്‍ ടെലിവിഷന്‍ പരമ്പരകളായി ഓത്തോ സംവിധാനം ചെയ്യുന്നു. നാലാം വയസ്സില്‍, രോഗം മൂലം മരിച്ച തങ്ങളുടെ കുട്ടിയുടെ ഓര്‍മ്മകളില്‍ നിന്നുള്ള മോചനവഴിയായി ഇത് തിരഞ്ഞെടുക്കുന്ന ഓത്തോ, സ്വന്തം ജീവിതം പതുക്കെ പതുക്കെ തിരിച്ചുപിടിക്കുന്നു. സബ് ടൈറ്റിലുകളുപയോഗിച്ച്, ഒരേ നാടകം വിവിധ ഭാഷകളിലായി സംവിധാനം ചെയ്ത്, ജപ്പാനിലെ നാടകരംഗത്ത് പുതിയ പരീക്ഷണങ്ങള്‍ നടത്തുകയും അവയില്‍ അഭിനയിക്കുകയും ചെയ്യുന്ന കഫൂകു, ഓത്തോവിന്റെ അന്യപുരുഷ ബന്ധങ്ങള്‍ അറിയുന്നുണ്ടെങ്കിലും അവ തങ്ങളുടെ ജീവിതത്തെ ബാധിക്കുന്നില്ലെന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. ഓത്തോവിന്റെ ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിക്കുന്ന തകാസുകിയും ഓത്തോവും തമ്മിലുള്ള ലൈംഗികബന്ധം ആകസ്മികമായി അയാള്‍ കാണാനിടയാകുന്നു. താനറിയാത്ത ഇരുണ്ട ഒരു ഭാഗം ഓത്തോയുടെ മനസ്സിനകത്തുണ്ടായിരുന്നെന്ന് വളരെക്കാലം കഴിഞ്ഞ് മാത്രമാണ് അയാള്‍ തിരിച്ചറിയുന്നത്. തമ്മില്‍ സംസാരിക്കാനുണ്ടെന്നു പറഞ്ഞ് പിരിയുന്ന ഭാര്യയുടെ അടുത്ത്, കഫൂകു മനപ്പൂര്‍വ്വം വൈകിവരുന്ന ദിവസമാണ് അവര്‍ ഹൃദയാഘാതത്താല്‍ മരിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ ഭാഗത്തിലെ ദൃശ്യങ്ങള്‍ക്ക് പുതിയ അര്‍ത്ഥതലങ്ങളും വിശദീകരണങ്ങളും അടുത്ത ഭാഗത്തിലാണ് സംവിധായകന്‍ നല്‍കുന്നത്. തുടക്കം മുതല്‍, കഫൂകുവിന്റെ ചുവന്ന സാബ് 900 കാര്‍ ചിത്രത്തിന്റെ പ്രധാന ഭാഗമാകുന്നുണ്ട്. കാറിനകത്തിരിക്കുന്നവര്‍ തമ്മില്‍ രൂപപ്പെടുന്ന സവിശേഷമായ ബന്ധം ചിത്രം ആദ്യന്തം ആവിഷ്‌കരിക്കുന്നു. അത്തരം ബന്ധങ്ങള്‍ രൂപപ്പെടുത്തുന്ന ഒരു ജൈവികഘടകമായി, കഫൂകു വര്‍ഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാര്‍ മാറുന്നു. ഇതേക്കുറിച്ചുള്ള സംവിധായകന്റെ പരാമര്‍ശം ചിത്രത്തിന്റെ ടൈറ്റില്‍ അടക്കമുള്ള വസ്തുതകളെ വിശദീകരിക്കുന്നുണ്ട്. 2011ല്‍ ജപ്പാനിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും, വടക്ക്കിഴക്കന്‍ പ്രവിശ്യയായ തൊഹോക്കുയിലുണ്ടായ കെടുതികള്‍ ചിത്രീകരിക്കുന്ന ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാന്‍ ഹമാഗുച്ചിയോട് രാജ്യത്തെ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. തന്റെ സഹസംവിധായകനൊപ്പം കാറില്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഹമാഗുച്ചി, തങ്ങള്‍ കാറില്‍ നടത്തിയ യാത്രയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെടുന്നു: 'പുറത്ത് കാണുമ്പോള്‍ ഞങ്ങള്‍ കാര്യമായൊന്നും ബന്ധപ്പെടാറില്ലെങ്കിലും, കാറിനകത്തുവെച്ച് രണ്ടുപേരും നല്ലതുപോലെ സംസാരിക്കാറുണ്ട്. കാറില്‍ സഞ്ചരിക്കുമ്പോള്‍, അതിന്റെ ജനാലയിലൂടെ കടന്നുപോകുന്ന പുറംകാഴ്ചകള്‍ കാണുമ്പോള്‍ നമുക്ക് ദൃശ്യപരമായ സംതൃപ്തി ലഭിക്കുന്നുണ്ടെങ്കിലും, കാറിനുള്ളിലെ നിശ്ശബ്ദത നമ്മെ അസ്വസ്ഥരാക്കിക്കൊണ്ടേയിരിക്കും. ആ ശൂന്യത ഒഴിവാക്കാനായി നാം തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടേയിരിക്കും.' കാര്‍ യാത്രികരില്‍ രൂപപ്പെടുന്ന ഈ അസാധാരണ അടുപ്പം ഹിമാഗുച്ചി ഈ ചിത്രത്തില്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ചിത്രത്തിന്റെ അവസാന ഭാഗത്ത്, നീണ്ട കാര്‍ യാത്രകള്‍ക്കിടയില്‍ കഫൂകുവും ഡ്രൈവര്‍ മിസാക്കിയും തമ്മില്‍ രൂപപ്പെടുന്ന ഗാഢബന്ധം ചിത്രത്തിന്റെ സവിശേഷതകളില്‍ പ്രധാനപ്പെട്ടതാണ്. അങ്കിള്‍ വാന്യയിലെ, വാന്യ ഒഴിച്ചുള്ളവരുടെ സംഭാഷണങ്ങള്‍ ഓത്തോവിന്റെ ശബ്ദത്തില്‍ ചിത്രത്തിന്റെ തുടക്കം മുതല്‍ അവസാനം കാറിനകത്ത് നാം കേള്‍ക്കുന്നുണ്ട്. കഫൂകു നാടക പരിശീലനത്തിനായി ഉപയോഗിക്കുന്ന ഈ സംഭാഷണങ്ങള്‍ പലപ്പോഴും ചിത്രത്തെ പുതിയ ഒരു തലത്തിലേക്ക് എത്തിക്കുന്നുണ്ട്. ദൃശ്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഈ സംഭാഷണങ്ങള്‍ ചിത്രത്തിന്റെ പ്രധാന ഭാഗമായാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. 

റ്യുസുകെ ഹമാ​ഗുച്ചി
റ്യുസുകെ ഹമാ​ഗുച്ചി

നടനും വ്യക്തിയും തമ്മിലുള്ള വൈരുദ്ധ്യം

ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍, ഓത്തോവിന്റെ മരണം നടന്ന് രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം, ഹിരോഷിമാ തിയേറ്റര്‍ ഫെസ്റ്റിവലില്‍ ചെക്കോവിന്റെ 'അങ്കിള്‍ വാന്യ' സംവിധാനം ചെയ്യാനായി അധികൃതര്‍ കഫൂകുവിനെ ക്ഷണിക്കുന്നു. ഇതിനായി ഹിരോഷിമയിലെത്തുന്ന കഫൂകു, നാടകത്തിനായുള്ള ഓഡിഷനില്‍ പങ്കെടുക്കുന്നവരില്‍ തകാസാകിയെ കാണുമ്പോള്‍ തുടക്കത്തില്‍ അമ്പരക്കുന്നുണ്ടെങ്കിലും അയാള്‍ക്ക് വാന്യയുടെ വേഷം നല്‍കാന്‍ മടിക്കുന്നില്ല. റിഹേഴ്‌സലുകള്‍ക്കിടയില്‍ കണ്ടുമുട്ടുന്ന കഫൂകുവും തകാസാകിയും തമ്മില്‍ നടക്കുന്ന സംഭാഷണങ്ങളില്‍, ഓത്തോവും തകാസാകിയും തമ്മിലുണ്ടായിരുന്ന അടുത്ത ബന്ധം കഫൂകി തിരിച്ചറിയുന്നു. ഓത്തോ വഴി ഒരുമിച്ചു ചേര്‍ക്കപ്പെട്ട അവര്‍ രണ്ടുപേര്‍ക്കുമിടയില്‍, ഓത്തോവിന്റെ തിരക്കഥാരചന പ്രധാന ചര്‍ച്ചാവിഷയമാകുന്നുണ്ട്. കഫൂകുവിനോട് അവസാനിച്ചെന്ന് പറഞ്ഞ കഥയുടെ തുടര്‍ച്ച, തകാസാകിയോട് ഓത്തോ പറഞ്ഞതായി അറിയുന്ന അയാള്‍ അത്ഭുതപ്പെടുന്നു. താന്‍ അറിഞ്ഞ ഓത്തോവില്‍നിന്ന് വിഭിന്നമായൊരു അസ്തിത്വം അവര്‍ക്കുണ്ടായിരുന്നു എന്ന അറിവ് കഫൂകിയെ അസ്വസ്ഥനാക്കുന്നു. ദീര്‍ഘകാലം ഒരുമിച്ചുകഴിഞ്ഞിട്ടും, തനിക്ക് അപ്രാപ്യമായിരുന്ന ഓത്തോവിന്റെ മനസ്സിലെ ഇരുണ്ട ഭാഗം കഫൂകുവിനെ ആത്മപരിശോധനയിലേക്കാണെത്തിക്കുന്നത്.

കഫൂകുവെന്ന നടനും വ്യക്തിയും തമ്മിലുള്ള വൈരുദ്ധ്യവും അതുണ്ടാക്കുന്ന പ്രതിസന്ധികളും ആവിഷ്‌കരിക്കുന്ന ഡ്രൈവ് മൈ കാര്‍, അയാളുമായി ബന്ധപ്പെടുന്ന മിസാക്കിയുടേയും തകാസാകിയുടേയും ജീവിതങ്ങളിലൂടെയും കടന്നുപോകുന്നുണ്ട്. നാടകത്തില്‍ അങ്കിള്‍ വാന്യയുടെ വേഷം ചെയ്യാന്‍ തയ്യാറാവാത്ത കഫൂകുവിനോട് അതിന്റെ കാരണമന്വേഷിക്കുന്ന തകാസാകിക്ക് അയാള്‍ നല്‍കുന്ന മറുപടി ശ്രദ്ധേയമാണ്. കഫൂകുവിനെ പേടിപ്പെടുത്തുന്ന ചെക്കോവിന്റെ നാടകത്തിലെ സംഭാഷണങ്ങള്‍, തന്റെ യഥാര്‍ത്ഥ വ്യക്തിത്വം പുറത്തെടുക്കുമെന്ന് അയാള്‍ ഭയപ്പെടുന്നു. ഒരു നടന്‍ നേരിടുന്ന സ്വത്വപ്രതിസന്ധിയായും അങ്കിള്‍ വാന്യയെന്ന നാടകത്തിന്റെ കരുത്തുമായാണ് ഇത് തിരിച്ചറിയപ്പെടുന്നത്. താന്‍ മനപ്പൂര്‍വം ഓത്തോയെ മരിക്കാന്‍ അനുവദിക്കുകയായിരുന്നുവെന്ന കുറ്റബോധം കഫൂകുവിനെ അലട്ടിക്കൊണ്ടേയിരിക്കുന്നു. സ്വന്തം മനസ്സിനകത്തേക്ക് നോക്കാനോ സത്യസന്ധമായി സ്വയം വിലയിരുത്താനോ താനൊരിക്കലും തയ്യാറായിരുന്നില്ലെന്ന് തിരിച്ചറിയുന്ന അയാള്‍, മാനസികമായി തകര്‍ന്നുപോവുന്നുണ്ട്. ഇത്തരത്തിലുള്ള വിലയിരുത്തലുകളിലേക്ക് കഫൂകുവിനെയെത്തിക്കുന്നത് തകാസാകിയുടെ നിരീക്ഷണങ്ങളാണെന്നത് ശ്രദ്ധേയമാണ്.

ജീവിതത്തില്‍ വൈകിയെത്തിയ തിരിച്ചറിവുകള്‍ കഫൂകുവെന്ന നടനെ ദുര്‍ബ്ബലനാക്കുന്നതായാണ് ചിത്രത്തിന്റെ അവസാനഭാഗത്ത് നാം കാണുന്നത്. 'ജീവിതത്തില്‍ നാം പീഡനങ്ങള്‍ സഹിച്ചേ മതിയാവൂ' എന്ന, ചെക്കോവിന്റെ അങ്കിള്‍ വാന്യയിലെ സോണിയയുടെ ആശ്വാസവാക്കുകളിലെത്തിച്ചേരുന്ന കഫൂകു, തന്റെ മുന്‍പിലുള്ള ജീവിതവുമായി സമരസപ്പെടാന്‍ തയ്യാറാവുന്നു. കഫൂകുവെന്ന നടനും വ്യക്തിയും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ തീവ്രതയോടെ ആവിഷ്‌കരിക്കുന്ന ചിത്രത്തില്‍, കഫൂകുവായി വേഷമിടുന്ന ഹിദേതോഷി നിഷിജിമ(Hidetoshi Nishijima)യുടെ അഭിനയമികവ് ശ്രദ്ധേയമാണ്.

ഓത്തോ എഴുതി സംവിധാനം ചെയ്യുന്ന ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചിരുന്ന തകാസാകിക്ക് അവരുമായുണ്ടായിരുന്ന അടുപ്പമാണ് അയാളെ ഹിരോഷിമ തിയേറ്റര്‍ ഫെസ്റ്റിവലിലെത്തിക്കുന്നത്. ഒരു സംവിധായകന്‍ എന്നതിലുപരി, ഓത്തോവിനൊപ്പം ഇരുപത് വര്‍ഷം ജീവിച്ച ഒരാളെന്ന നിലയിലുള്ള കഫൂകുവിന്റെ സാന്നിദ്ധ്യമാണ് അതിനയാളെ പ്രേരിപ്പിക്കുന്നത്. അങ്കിള്‍ വാന്യയുടെ വേഷം ചെയ്യാന്‍ സങ്കോചത്തോടെയാണ് അയാള്‍ സമ്മതിക്കുന്നത്. പലപ്പോഴും അതില്‍നിന്ന് പിന്മാറാന്‍ അയാള്‍ ശ്രമിക്കുന്നുമുണ്ട്. ഭാര്യയുമായി അകന്നുകഴിയുന്ന, ഏഴു വയസ്സായ മകനെ തനിക്കൊപ്പം താമസിപ്പിക്കാനാഗ്രഹിക്കുന്ന തകാസാകി, അങ്കിള്‍ വാന്യയില്‍ അഭിനയിക്കാന്‍ കഴിയാതെ, ഒടുവില്‍ കൊലപാതകക്കുറ്റത്തില്‍ ജയിലഴികള്‍ക്കുള്ളിലാകുന്നു.

ശാന്തമായിരുന്ന് നാടകം പരിശീലിക്കാന്‍ കഫൂകു ഉപയോഗിക്കുന്ന കാര്‍ യാത്ര, അയാളുടെ ജീവിതം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ടാണ് കണ്ണിന് കാഴ്ച കുറയുന്നുവെന്ന ഡോക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച് അയാള്‍ സ്വയം കാറോടിച്ചു പോകുന്നത്. സ്വയം നവീകരിക്കാനുള്ള ഒരു മാധ്യമമായാണ് അയാള്‍ കാര്‍ യാത്രകള്‍ തെരഞ്ഞെടുക്കുന്നത്. ഹിരോഷിമ ഫെസ്റ്റിവല്‍ കേന്ദ്രത്തില്‍നിന്ന് ഒരു മണിക്കൂര്‍ യാത്രചെയ്ത് പോകേണ്ട സ്ഥലം താമസിക്കാനായി കഫൂകു ആവശ്യപ്പെടുന്നത് ഇതേ കാരണത്താലാണ്. തുടക്കത്തില്‍, തിയേറ്റര്‍ ഫെസ്റ്റിവല്‍ അധികൃതരുടെ നിര്‍ബ്ബന്ധമനുസരിച്ച് മിസാകിയെ ഡ്രൈവറായി സ്വീകരിക്കുന്നതില്‍ കഫൂകു സംശയിക്കുന്നുണ്ടെങ്കിലും, നീണ്ട യാത്രകള്‍ക്കിടെ അവര്‍ തമ്മില്‍ രൂപപ്പെടുന്ന സൗഹൃദത്തില്‍ അയാള്‍ ആശ്വാസം കണ്ടെത്തുന്നു. ആത്മാര്‍ത്ഥമായ ആ ബന്ധം, പരസ്പര സാന്ത്വനങ്ങളായി മാറിക്കൊണ്ട് ജീവിതം മുന്‍പോട്ട് കൊണ്ടുപോകാനുള്ള കരുത്ത് അവര്‍ രണ്ടുപേര്‍ക്കും നല്‍കുന്നു. മണ്ണിടിച്ചിലില്‍ വീട് തകര്‍ന്ന്, അമ്മ മരിക്കുന്നതോടെ അനാഥയായി നഗരത്തിലേക്ക് വരുന്ന മിസാകി, തനിക്ക് അമ്മയെ രക്ഷിക്കാമായിരുന്നുവെന്ന് കുറ്റബോധത്തോടെ ഓര്‍മ്മിക്കുന്നുണ്ട്. കുട്ടിക്കാലത്ത് അമ്മയുടെ പീഡനങ്ങള്‍ സഹിച്ച മിസാകിക്കൊപ്പം കഫൂകി അവിടം സന്ദര്‍ശിക്കുന്നുണ്ട്. തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കടുത്ത്, മാനസികമായി തകര്‍ന്നുനില്‍ക്കുന്ന മിസാകിയെ സ്‌നേഹസംരക്ഷണത്താല്‍ ആലിംഗനം ചെയ്യുന്ന കഫൂകുവിനൊപ്പമാണ് അവള്‍ തുടര്‍ന്ന് ജീവിക്കുന്നത്.

മുറകാമി
മുറകാമി

ജീവിതസമീപനങ്ങളുടെ നേര്‍ച്ചിത്രം

സ്വത്വം നേരിടുന്ന പ്രതിസന്ധികള്‍, സ്ത്രീപുരുഷ ബന്ധങ്ങളിലെ സങ്കീര്‍ണ്ണതകള്‍, വിരുദ്ധദിശകളില്‍ സഞ്ചരിക്കുന്ന സ്‌നേഹവും ലൈംഗികതയും അഭിനേതാവിന്റെ ജീവിതം നേരിടുന്ന സംഘര്‍ഷങ്ങള്‍, ജീവിതത്തിലാവശ്യമായ പശ്ചാത്താപവും കുറ്റസമ്മതങ്ങളും ഇവ സൂക്ഷ്മമായി ആവിഷ്‌കരിക്കുന്ന 'ഡ്രൈവ് മൈ കാര്‍', ജീവിതമാവശ്യപ്പെടുന്ന നന്മയും കരുണയും അടിവരയിട്ടുകൊണ്ടാണ് അവസാനിക്കുന്നത്. സ്വന്തം തെറ്റുകള്‍ തിരിച്ചറിഞ്ഞ്, പീഡനങ്ങളും ജീവിതത്തിന്റെ ഭാഗമാണെന്ന ദാര്‍ശനികമായ ഉള്‍ക്കാഴ്ചയോടെ മുന്‍പോട്ട് പോകാനാവശ്യപ്പെടുന്ന ചിത്രം, ചെക്കോവിന്റെ ജീവിത സമീപനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹമാഗുച്ചിയുടെ 2021ലെ മറ്റൊരു ചിത്രമായ 'വീല്‍ ഓഫ് ഫാന്റസി ഏന്‍ഡ് ഡിസയറും' 2018ലെ 'അസാകോ 1&,2'വും സമാനമായ പ്രമേയങ്ങളാണ് ആവിഷ്‌കരിക്കുന്നത്.

മുറകാമിയുടെ കഥയിലടിസ്ഥാനപ്പെടുത്തുന്ന ചിത്രം, അതില്‍നിന്നുള്ള ചില വ്യതിയാനങ്ങളും ദൃശ്യവല്‍ക്കരിക്കുന്നുണ്ട്. തന്റെ മുന്‍ ചിത്രങ്ങളില്‍, കഥകള്‍ക്കും നോവലുകള്‍ക്കും ചലച്ചിത്രരൂപങ്ങള്‍ നല്‍കിയ ഹമാഗുച്ചി, മറ്റ് ചലച്ചിത്രകാരില്‍നിന്ന് വ്യത്യസ്തമായ സമീപനങ്ങളാണ് അവയില്‍ സ്വീകരിക്കുന്നത്. 'ഡ്രൈവ് മൈ കാറി'ന്റെ സിനിമാവിഷ്‌കാരത്തിനായി അനുമതി ആവശ്യപ്പെട്ടുകൊണ്ട് മുറകാമിക്കയയ്ക്കുന്ന സന്ദേശത്തില്‍ അദ്ദേഹമത് കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. കഥയിലെ സംഭാഷണങ്ങള്‍ സിനിമയില്‍ ഉപയോഗിക്കില്ലെന്ന് പറയുന്ന ഹമാഗുച്ചി, അതിലെ ഒരു വാചകം മാത്രം ചിത്രത്തിലുണ്ടാവുമെന്ന് അറിയിക്കുന്നു. ബാറുകളിലെ കൂടിക്കാഴ്ചകള്‍ക്കിടയില്‍, തകാസാകി കഫൂകുവിന് നല്‍കുന്ന ഉപദേശം, ചിത്രത്തിന്റെ ആത്മാവായി ഹമാഗുച്ചി സ്വീകരിക്കുന്നു: 'മറ്റുള്ളവരില്‍ തെറ്റ് കണ്ടെത്തുന്നതിനു മുന്‍പായി ആത്മപരിശോധന നടത്തണമെന്ന് സ്വയം പറയുന്ന തകാസാകി, വലിയൊരു ജീവിതസത്യമാണ് കഫൂകുവിനും പ്രേക്ഷകര്‍ക്കും മുന്‍പില്‍വെയ്ക്കുന്നത്. 'ഡ്രൈവ് മൈ കാര്‍' കഥയില്‍ ഹമാഗുച്ചി വരുത്തുന്ന മാറ്റങ്ങള്‍, ദൃശ്യപരവും ആഖ്യാനപരവുമായ ഔന്നത്യത്തിലേക്ക് ചിത്രത്തെ എത്തിക്കുന്നുണ്ട്. ഒരു സംവിധായകനെന്ന നിലയിലുള്ള ഹമാഗുച്ചിയുടെ പ്രതിഭയാണിത് തെളിയിക്കുന്നത്. കണ്ണിന് മയോപ്പിയ ബാധിച്ച്, സ്വയം ഡ്രൈവ് ചെയ്യാന്‍ പറ്റാതെ, ഒരു ഡ്രൈവര്‍ക്കായി സുഹൃത്തും വര്‍ക്ക്‌ഷോപ്പ് ഉടമസ്ഥനുമായ ഓബയെ സമീപിക്കുന്ന കഫൂക്കിവില്‍ ആരംഭിക്കുന്ന കഥ, അയാളുടെ പൂര്‍വ്വകാല ജീവിതത്തിലേക്ക് പോകുന്നു. എന്നാല്‍, ചിത്രമാരംഭിക്കുന്നത് ശാരീരികബന്ധത്തിലേര്‍പ്പെടുന്ന കഫൂകുവിലും ഓത്തോവിലും ആ സമയത്ത് ഓത്തോ പറയുന്ന കഥയിലുമാണ്. ഈ കഥപറച്ചില്‍ രീതി മുറകാമിയുടെ മറ്റൊരു കഥയില്‍നിന്നാണ് താന്‍ സ്വീകരിച്ചതെന്ന് ഹമാഗുച്ചി അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. ഓത്തോവിന്റെ ഈ തിരക്കഥാരചനാരീതി ചിത്രത്തിന്റെ ഘടനയാകെ മാറ്റുന്നുണ്ട്. കഫൂകുവിനോട് പറയുന്ന ആദ്യകഥയുടെ ബാക്കിഭാഗം തകാസാകിയോട് തുടരുന്ന ഓത്തോ, കാമുകന്റെ മുറിയിലെത്തുന്ന പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിക്കാനൊരുങ്ങുന്നയാളുടെ കണ്ണുകളില്‍ പേനകൊണ്ട് കുത്തിപരിക്കേല്പിക്കുന്നതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. കഫൂകുവിന്റെ ഇടതുകണ്ണില്‍ മയോപ്പിയ കണ്ടെത്തുന്ന ഡോക്ടറുടെ സമീപം ഓത്തോയുമുണ്ടെന്നത് ഇതുമായി ചേര്‍ത്തുവെയ്ക്കാവുന്നതാണ്. കഥയില്‍, ഡ്രൈവറായി മിസാക്കിയെ വര്‍ക്ക്‌ഷോപ്പ് ഉടമസ്ഥനാണ് ശുപാര്‍ശ ചെയ്യുന്നതാണെങ്കില്‍, ചിത്രത്തില്‍ ഹിരോഷിമാ തിയേറ്റര്‍ ഫെസ്റ്റിവല്‍ നടത്തിപ്പുകാരുടെ നിര്‍ബ്ബന്ധത്തിലാണ് മിസാകി കഫൂകുവിന്റെ ഡ്രൈവറായും തുടര്‍ന്ന് അയാളുടെ ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്യുന്നത്.

കഥയില്‍നിന്ന് മാറി, ചിത്രത്തെ ഉയര്‍ന്നൊരു ദാര്‍ശനിക തലത്തിലേക്കെത്തിക്കുന്നതില്‍ ചെക്കോവിന്റെ നാടകമായ അങ്കിള്‍ വാന്യയുടെ പങ്ക് നിര്‍ണ്ണായകമാണ്. പലപ്പോഴും ദൃശ്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന നാടകത്തിലെ സംഭാഷണങ്ങള്‍ അവയെ പുതിയൊരു അര്‍ത്ഥതലത്തിലേക്കെത്തിക്കുന്നു. 'സത്യങ്ങളേക്കാള്‍ ഭയാനകം, അവ അറിയാതിരിക്കുന്ന അവസ്ഥയാണെന്ന' നാടകത്തിലെ സംഭാഷണം കാറിനകത്തെ കാസറ്റില്‍നിന്ന് കേള്‍ക്കുന്ന നാം, തൊട്ടടുത്തുകൂടെ പോകുന്ന കാറില്‍ തകാസാകിയേയും നാടകത്തിലഭിനയിക്കുന്ന മറ്റൊരു നടിയേയും കാണുന്നു. ചിത്രം അവസാനിപ്പിക്കുന്ന അങ്കിള്‍ വാന്യയിലെ പ്രസിദ്ധമായ സംഭാഷണങ്ങള്‍ സംവിധായകന്റെ ജീവിതസമീപനങ്ങളായാണ് പ്രേക്ഷകര്‍ തിരിച്ചറിയുന്നത്.

കേന്ദ്രകഥാപാത്രങ്ങളുടെ ജീവിതങ്ങള്‍ക്കപ്പുറത്ത്, തിയേറ്റര്‍ ഫെസ്റ്റിവല്‍ സംഘാടകനായ യൂന്‍സു, ഭാര്യ യൂന്‍അ എന്നിവരുടെ ലോകവും അനുബന്ധമായി ഹമാഗുച്ചി ദൃശ്യവല്‍ക്കരിക്കുന്നുണ്ട്. സംസാരശേഷിയില്ലാതെ, ആംഗ്യഭാഷയില്‍ മാത്രം ആശയവിനിമയം നടത്തുന്ന യൂന്‍അയോടൊപ്പം ജീവിക്കാനായി ആംഗ്യഭാഷ പഠിക്കുന്ന യൂന്‍സുവും അങ്കിള്‍ വാന്യയിലെ സോണിയയായി അഭിനയിക്കുന്ന യൂന്‍അയും ചിത്രത്തിലെ സവിശേഷ കഥാപാത്രങ്ങളാണ്. സംഘര്‍ഷം നിറഞ്ഞ കഫൂക്കുവിന്റെ ലോകവുമായി താരതമ്യം ചെയ്യാനായാണ് ശാന്തമായ ഈ ജീവിതം സംവിധായകന്‍ ചിത്രീകരിക്കുന്നത്.

നിരവധി ചലച്ചിത്രപ്രതിഭകള്‍ കടന്നുപോയ ജാപ്പാനീസ് സിനിമയിലെ ശ്രദ്ധേയനായ ചലച്ചിത്രകാരനായ റ്യൂസുകെ ഹമാഗുച്ചി, 1978ല്‍ ജപ്പാനില്‍ ജനിച്ച്, ടോക്യോ സര്‍വ്വകലാശാലയില്‍നിന്ന് ബിരുദം നേടിയശേഷം, ചില ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തുകൊണ്ടാണ് തന്റെ സിനിമാജീവിതത്തിനു തുടക്കമിട്ടത്. 2011ല്‍ ജപ്പാനിലുണ്ടായ സുനാമിയിലും ഭൂകമ്പത്തിലും ജീവന്‍വെടിഞ്ഞവരേയും ആ ദുരന്തം അതിജീവിച്ചവരേയും കുറിച്ച് ഹമാഗുച്ചി നിര്‍മ്മിച്ച ഡോക്യുമെന്ററി 'ദ സൗണ്ട് ഓഫ് ദ വെയ്‌വ്‌സ് (The Sound of the Waves) നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. അതോടെ ലോകസിനിമയില്‍ പ്രശസ്തനായ ഹമാഗുച്ചിയുടെ പ്രധാന ചിത്രങ്ങളില്‍, ഹാപ്പി അവര്‍ (Happy Hour, 2015), അസാക്കൊ 1&2 (Asako 1&2, 2018), വൈഫ് ഓഫ് എ സ്‌പൈ (Wife of a Spy, 2020), വീല്‍ ഓഫ് ഫോര്‍ച്ച്യൂണ്‍ ഏന്‍ഡ് ഫാന്റസി (Wheel of Fortune and Fantsay, 2021) എന്നിവയുള്‍പ്പെടുന്നു.

സമകാലീന ലോകത്തില്‍ അഭിനേതാവിന്റെ ജീവിതം നേരിടുന്ന സ്വത്വപ്രതിസന്ധികളും അവയുണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങളും ആവിഷ്‌കരിക്കുന്ന 'ഡ്രൈവ് മൈ കാര്‍' ജീവിതത്തിന്റെ സമഗ്രതയിലേക്കുള്ള അന്വേഷണമെന്ന നിലയില്‍ ലോകസിനിമയിലെ ശ്രദ്ധേയ രചനയായി സ്വീകരിക്കപ്പെടുന്നു.

അഭിമുഖം

ഫ്‌ലാഷ്ബാക്ക് സിനിമയുടെ ജീവന്‍ നഷ്ടപ്പെടുത്തും: ഹമാഗുച്ചി  

റ്യൂസുകേ ഹിമാഗുച്ചിയുമായി, ഓണ്‍ലൈന്‍ ചലച്ചിത്രപ്രസിദ്ധീകരണം റിവേഴ്‌സ് ഷോട്ടിനു വേണ്ടി,  ലേഖകന്‍ ജോര്‍ഡാന്‍ ക്രോങ്ക് (Jordan Cronk) നടത്തിയ അഭിമുഖം. 

എങ്ങനെയാണ് താങ്കള്‍ മുറകാമിയുടെ കഥയിലെത്തുന്നത്? താങ്കളുടെ 'അസാക 1&2'യുടെ  പ്രമേയമാകുന്ന, ജാപ്പനീസ് എഴുത്തുകാരന്‍  തിമോകൊ ഷിബാസ്‌കി (Tomoka Shibasaki)യുടെ  നോവല്‍  'അസാക 1&2', ദൃശ്യപരമായി സങ്കീര്‍ണ്ണമാണെന്ന് താങ്കള്‍ സൂചിപ്പിച്ചതായി ഓര്‍ക്കുന്നുണ്ട്. അതേ കാരണങ്ങളാലാണോ മുറകാമിയുടെ കഥ (ഡ്രൈവ് മൈ കാര്‍)യിലും താങ്കളെത്തുന്നത്? അല്ലെങ്കില്‍,  കഥയുടെ പ്രമേയപരമായ സവിശേഷതകളായിരുന്നോ താങ്കളെ അതിലേക്ക് ആകര്‍ഷിച്ചത്?  

ഹമാഗുച്ചി: ഈ രണ്ട് വസ്തുതകളും ഞാന്‍ മുറകാമിയുടെ കഥയിലെത്തുന്നതിനു കാരണങ്ങളാവുന്നുണ്ട്. ദൃശ്യപരമായി സമീപിക്കുകയാണെങ്കില്‍, കഥയുടെ  ഭൂരിഭാഗവും  നടക്കുന്നത് കാറില്‍വെച്ചാണെന്ന   സവിശേഷത എന്നെ ആകര്‍ഷിച്ചിരുന്നു. വിം വെന്‍ഡേഴ്‌സിന്റേ(Wim Wenders, ജര്‍മന്‍ സംവിധായകന്‍)യും  അബ്ബാസ് കിയറോസ്തമി (Abbas Kiarostami, ഇറാന്‍ ചലച്ചിത്രകാരന്‍)യുടേയും സിനിമകള്‍ നടക്കുന്നത് കാറുകള്‍ക്കകത്തുവെച്ചാണല്ലോ. അതിനു പുറമെ, യാത്രകള്‍ക്കിടയില്‍ കാറിനു പുറത്ത്  നീങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചകള്‍ എന്നെ  ആകര്‍ഷിക്കാറുണ്ടെന്ന കാര്യവും ഇതിനു പിന്നിലുണ്ട്.  പ്രമേയപരമായി, എന്താണ് വാസ്തവത്തില്‍ അഭിനയമെന്ന കഥയിലെ പ്രധാന ചോദ്യം എന്നെ സ്വാധീനിച്ചു. ദീര്‍ഘകാലമായി എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. അതിനാല്‍, വളരെ എളുപ്പത്തില്‍ കഥയെ സമീപിക്കുവാന്‍ എനിക്ക് കഴിഞ്ഞു. 

ജോര്‍ഡാന്‍ ക്രോങ്ക്: ജപ്പാനിലെ സാഹിത്യരംഗത്ത് മുറകാമിയുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് പറയാമോ? താങ്കള്‍, ഒരു എഴുത്തുകാരനെന്ന നിലയില്‍ എങ്ങനെയാണ് അദ്ദേഹത്തെ വിലയിരുത്തുന്നതെന്ന് അറിയാനും ആഗ്രഹമുണ്ട്. 

ഹമാഗുച്ചി: മുറകാമി  ജപ്പാനിലെ വളരെ പ്രശസ്തനായൊരെഴുത്തുകാരനാണ്.  ലക്ഷക്കണക്കിനു കോപ്പികള്‍ വില്‍ക്കുന്ന ശുദ്ധസാഹിത്യമെഴുതുന്ന അദ്ദേഹവുമായി താരത്യമപ്പെടുത്താന്‍ അവിടെ  മറ്റാരുമില്ല. വളരെ പ്രഗല്‍ഭനായൊരു എഴുത്തുകാരനാണ് അദ്ദേഹം. എന്റെ ഇരുപതുകളില്‍ ഞാനദ്ദേഹത്തെ വായിക്കാന്‍ തുടങ്ങിയിരുന്നു. ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുറകാമിയുടെ 'നോര്‍വീജിയന്‍ വുഡ്‌സ്' (Norwegian Woods) പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. എന്നാല്‍,  പിന്നീടാണ് ഞാനത്  വായിക്കുന്നത്. വായിച്ച് തുടങ്ങിയാല്‍ നിര്‍ത്താനാകാതെ, അവസാനം വരെ എത്തിക്കുന്നൊരു കരുത്ത്  അദ്ദേഹത്തിന്റെ എഴുത്തിനുണ്ട്. Hard-Boiled Wonderland and the End of the World, The Wind-Up Bird Chronicle പോലുള്ള ദീര്‍ഘ നോവലുകള്‍ക്കുപോലും അത്തരമൊരു സവിശേഷതയുണ്ട്. എന്തോ ചില കാരണങ്ങളാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്  ഞാന്‍ മുറകാമി വായന   നിര്‍ത്തിയിരുന്നു. ഈ അടുത്താണ്    എന്റെ ഒരു സുഹൃത്ത് 'ഡ്രൈവ് മൈ കാര്‍' വായിച്ചുനോക്കാന്‍ ആവശ്യപ്പെടുന്നത്. ആദ്യ വായനയില്‍ത്തന്നെ അതൊരു മികച്ച  സിനിമയാക്കി  മാറ്റാമെന്ന്  ഞാന്‍ തിരിച്ചറിഞ്ഞു.  

ജോര്‍ഡാന്‍ ക്രോങ്ക്: ഡ്രൈ മൈ കാറിന്റെ തിരക്കഥാകൃത്ത് തകാമാസ ഓയെ (Takamasa Oe)യുമായി  ഒന്നിച്ച് പ്രവര്‍ത്തിക്കാനെന്താണ് കാരണം? 

ഹമാഗുച്ചി: വര്‍ഷങ്ങളായി എനിക്ക് അദ്ദേഹത്തെ പരിചയമുണ്ട്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ കഴിവ് എനിക്ക് ബോദ്ധ്യപ്പെട്ടിരുന്നു. ജപ്പാനിലെ സ്വതന്ത്ര സിനിമാപ്രസ്ഥാനത്തില്‍ സജീവമായ അദ്ദേഹത്തെക്കുറിച്ച്  സുഹൃത്തുക്കള്‍  എന്നോട് പറയാറുണ്ട്.  ഡ്രൈ മൈ കാറിന്റെ നിര്‍മ്മാതാവിനൊപ്പം ഓയേ നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹമാണ് ഓയേയെ ചിത്രത്തിലേക്ക് കൊണ്ടുവരുന്നത്. തിയേറ്ററിനെക്കുറിച്ച് ഓയേയ്ക്കുള്ള  അറിവ് അപാരമാണ്.  എനിക്ക്  ആ മേഖലയില്‍  കാര്യമായ ധാരണയില്ല. എന്നാല്‍,  ഞങ്ങള്‍ ഒരുമിച്ചു ചേര്‍ന്നപ്പോള്‍  നല്ലൊരു ടീമായി അത് മാറി. എഴുതുവാനുള്ള ഓയേയുടെ കഴിവ് അത്ഭുതകരമാണ്. അവസാന തിരക്കഥയില്‍ ഒരു ശതമാനം മാത്രമേ അദ്ദേഹത്തിന്റേതായുള്ളുവെങ്കിലും, ചിത്രത്തിലെ പ്രധാന ദൃശ്യങ്ങള്‍ ക്രമപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് നിര്‍ണ്ണായകമാണ്. ചിത്രത്തിന്റെ തുടക്കത്തില്‍, ഓയേ  തന്റെ സ്വപ്നത്തെക്കുറിച്ച് പറയുന്ന ആദ്യ ദൃശ്യമടക്കമുള്ള പല ദൃശ്യങ്ങളും കഥയുടെ  ഭാഗമാക്കി മാറ്റുന്നത്  അദ്ദേഹമാണ്. തിരക്കഥ വായിച്ചശേഷം  കൃത്യമായ ഫീഡ്ബാക്ക് നല്‍കുകയെന്ന ജോലി അദ്ദേഹമാണ് ചെയ്തിരുന്നത്. ഇത്  പൊതുവെ നിര്‍മ്മാതാക്കള്‍  ചെയ്യുന്നതാണ്. എന്നാല്‍, അവര്‍ പ്രേക്ഷകരുടെ  ഭാഗത്തുനിന്നു മാത്രമേ സിനിമയെ സമീപിക്കയുള്ളൂവെന്നത് പ്രധാനപ്പെട്ടൊരു പോരായ്മയാണ്. എന്നാല്‍ ഓയേ, കഥയുടെ വീക്ഷണത്തില്‍നിന്നുകൊണ്ട്, ചിത്രത്തിന്റെ വേഗത, അതിന്റെ ഘടന എന്നിവയെപ്പറ്റി വളരെ  ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഇവ  അദ്ദേഹം പതിവായി ചെയ്യാറുണ്ടോ എന്നെനിക്കു സംശയമാണ്. എന്നാല്‍, എന്റെ ചിത്രത്തില്‍ അദ്ദേഹത്തിന്റെ  സംഭാവന നിര്‍ണ്ണായകമായിരുന്നു.  

ജോര്‍ഡാന്‍ ക്രോങ്ക്: ചിത്രത്തിന്റെ ഘടനയുമായി ബന്ധപ്പെട്ട്, കഥയുടെ വികാസത്തെക്കുറിച്ച് പറയാമോ? തുടക്കം മാത്രമല്ല, കഥ കാലക്രമമായി പറയുന്ന രീതിയെക്കുറിച്ചും കഥയില്‍ ഉള്‍പ്പെടാത്ത ചിത്രത്തിലെ ദൃശ്യങ്ങളെക്കുറിച്ചും അറിയാനാഗ്രഹമുണ്ട്? 

ഹമാഗുച്ചി: സിനിമ, കഥയില്‍നിന്നും നോവലില്‍നിന്നും  തികച്ചും വ്യത്യസ്തമാണ്. എഴുത്തുകാരനു ഭൂതകാലത്തില്‍ കഥ പറയാന്‍ ഫ്‌ലാഷ്ബാക്കുകള്‍ പോലുള്ള വഴികളുണ്ട്. എന്നാല്‍, എന്നെ സംബന്ധിച്ചിടത്തോളം നോവലിലെപ്പോലെ സിനിമയിലത് ഫലപ്രദമാകില്ല. ഫ്‌ലാഷ്ബാക്ക്  സിനിമയുടെ ജീവന്‍ നഷ്ടപ്പെടുത്തുമെന്നാണ് ഞാന്‍ വിലയിരുത്തുന്നത്. അതിനാലാണ് ഞാന്‍ ഫ്‌ലാഷ്ബാക്കുകള്‍ ഒഴിവാക്കി, വര്‍ത്തമാനകാലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫ്‌ലാഷ്ബാക്കുകളിലൂടെ സൃഷ്ടിക്കപ്പെടേണ്ട  അന്തരീക്ഷം  ഞാന്‍ മറ്റു വഴികളിലൂടെയാണ്  സിനിമയിലുണ്ടാക്കുന്നത്. കഫൂകു കൂടുതലായി സ്വയം വെളിപ്പെടുത്തുന്നില്ലെങ്കിലും വൈകാരിക സംഘര്‍ഷങ്ങള്‍  കാര്യമായി പ്രകടിപ്പിക്കുന്നില്ലെങ്കിലും  അയാളനുഭവിക്കുന്ന ആഴത്തിലുള്ള മുറിവ് പ്രേക്ഷകരിലെത്തിക്കാന്‍  ഭാര്യയുമായുള്ള അയാളുടെ ബന്ധത്തിന്റെ തീവ്രത എനിക്ക് ആവിഷ്‌കരിക്കണമായിരുന്നു.   അതുകൊണ്ടാണ് ചിത്രത്തിന്റെ ആദ്യഭാഗം നാല്‍പ്പത് മിനിറ്റോളം നീണ്ടുപോകുന്നത്. പ്രേക്ഷകര്‍ നല്ല രീതിയില്‍ അത് അനുഭവിക്കണമെന്ന ഉദ്ദേശ്യത്തിലാണ് അങ്ങനെ ചെയ്തത്. 

കഥയില്‍നിന്ന് ഞാന്‍ ഒഴിവാക്കിയ ഭാഗങ്ങളെക്കുറിച്ച്  പറയുകയാണെങ്കില്‍, മുറകാമിയുടെ വാക്കുകള്‍ക്കനുസൃതമായ രീതിയില്‍ ദൃശ്യങ്ങളുണ്ടാക്കാന്‍ എനിക്ക് സാദ്ധ്യമല്ല, കാരണം അവ അത്ര മഹത്തരമാണ്. കൂടാതെ, അങ്ങനെ ചെയ്താല്‍ ഒരുപക്ഷേ, അതൊരു  മികച്ച ചിത്രമാവണമെന്നില്ല. ഒരു സാഹിത്യരചന സിനിമയാക്കി മാറ്റുമ്പോള്‍, ആദ്യമായി അത് വായിക്കുന്ന സമയത്ത്  നിങ്ങള്‍ക്കുണ്ടാവുന്ന  വികാരങ്ങള്‍ ചിത്രീകരിക്കുകയാണ് വേണ്ടത്. കഥ വായിച്ച ശേഷം, സിനിമ കണ്ട്, അവ തമ്മിലുള്ള വ്യത്യാസം പ്രേക്ഷകര്‍ തിരിച്ചറിയട്ടെ.  മൂലകൃതിയുടെ ആത്മാവുമായി ചേര്‍ന്നുനിന്ന്, അതിന്റെ കേന്ദ്രസ്ഥാനത്തുള്ള വൈകാരിക അവസ്ഥ തിരിച്ചറിഞ്ഞ ശേഷം, അത് വികസിപ്പിക്കുകയാണ് ഞാന്‍  പതിവായി ചെയ്യാറുള്ളത്.  

ജോര്‍ഡാന്‍ ക്രോങ്ക്: ചിത്രത്തിന്റെ  ദൃശ്യപരമായ സവിശേഷതകളെക്കുറിച്ച് എന്താണ് പറയുവാനുള്ളത്, പ്രത്യേകിച്ച് കാറിനകത്തെ ദൃശ്യങ്ങള്‍ ക്യാമറാമാനുമായി ചേര്‍ന്ന് എങ്ങനെയാണ് സൃഷ്ടിക്കുന്നത്? കാര്‍  ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് കിയോറസ്തമിയെക്കുറിച്ച് താങ്കള്‍ പറഞ്ഞു. ചിത്രത്തിന്റെ മറ്റ് ഭാഗങ്ങള്‍ താങ്കളുടെ ഗുരുനാഥന്‍ കൂടിയായ കിയോഷി കുറോസോവ (Kiyoshi Kurosawa)യുടെ ചിത്രങ്ങളാണ് ഓര്‍മ്മിപ്പിക്കുന്നത്. താങ്കളുടെ, 'വീല്‍ ഓഫ് ഫോര്‍ച്ച്യൂണ്‍ ഏന്‍ഡ് ഫാന്റസി'യിലേയും 'ഡ്രൈവ് മൈ  കാറി'ലേയും കാര്‍ ദൃശ്യങ്ങള്‍ തമ്മിലുള്ള സമാനതകള്‍ ശ്രദ്ധേയങ്ങളാണ്. 
    
ഹമാഗുച്ചി: ആ ചോദ്യത്തിന് മറുപടി പറയുന്നതിനു മുന്‍പായി, ഒരു കാര്യം പറയട്ടെ. 'വീല്‍ ഓഫ് ഫോര്‍ച്ച്യൂണ്‍ ഏന്‍ഡ് ഫാന്റസി'യുടെ ക്യാമറ ചെയ്യുന്നത് Yukiko Iiokaയും ഡ്രൈവ് മൈ  കാറിന്റേത് Hidetoshi Shinomiyaയുമാണ്. അവര്‍ രണ്ട് പേരും മികച്ച ഛായാഗ്രാഹകരാണ്. അഭിനേതാക്കള്‍ സ്വതന്ത്രരായി സഞ്ചരിക്കുമ്പോള്‍പ്പോലും, അവരെ ഗംഭീരമായി  ചിത്രീകരിക്കാന്‍ അവര്‍ക്ക്  കഴിവുണ്ട്. ദൃശ്യപരമായി, ഈ രണ്ട് ചിത്രങ്ങള്‍ തമ്മില്‍ സമാനതകള്‍ കാണാന്‍ കഴിയും, കാരണം 'വീല്‍ ഓഫ് ഫോര്‍ച്ച്യൂണ്‍ ഏന്‍ഡ് ഫാന്റസി', 'ഡ്രൈവ് മൈ കാറി'നായുള്ള ഒരു  മുന്നൊരുക്കമായിരുന്നു. 'ഡ്രൈവ് മൈ കാറി'നായി വളരെയധികം കാര്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കേണ്ടിവരുമെന്ന്  എനിക്കുറപ്പുണ്ടായിരുന്നു. അതിനാല്‍, 'വീല്‍ ഓഫ് ഫോര്‍ച്ച്യൂണ്‍ ഏന്‍ഡ് ഫാന്റസി' ചെയ്തപ്പോള്‍ കാറുപയോഗിച്ചുള്ള ചിത്രീകരണങ്ങളില്‍ ഞാന്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ചിത്രത്തിന്റെ  ആദ്യ അദ്ധ്യായത്തില്‍ അത് പ്രേക്ഷകര്‍ക്കു കാണാം. ഈ അനുഭവത്തില്‍നിന്ന്,  എന്തൊക്കെ സാദ്ധ്യമാവുമെന്നും ചെയ്യാന്‍ പറ്റാത്തവയെന്തൊക്കെയാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു. കിയോഷി കുറോസോവയേപ്പറ്റിയാണെങ്കില്‍, അദ്ദേഹം  വളരെയധികം കാര്യങ്ങള്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം, അദ്ദേഹത്തില്‍നിന്ന് ഞാനെങ്ങനെ വ്യത്യാസപ്പെടുന്നുണ്ടെന്നും എനിക്കറിയാം. ഞങ്ങളുടെ  ശൈലികള്‍  തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. ഉദാഹരണമായി, കുറോസോവ കാര്‍ ചിത്രീകരിക്കുമ്പോള്‍ അത് നീങ്ങുന്നതായി നമുക്ക് തോന്നില്ല, എന്നെ സംബന്ധിച്ചിടത്തോളം കാറുകള്‍ ചലിച്ചുകൊണ്ടേയിരിക്കണം, എങ്കില്‍ മാത്രമേ അഭിനേതാക്കള്‍ക്ക് അവ സഹായകരമാവുകയുള്ളൂ. അപ്പോള്‍ അവര്‍ക്കത്  ഭാവനയില്‍ കാണേണ്ടിവരില്ലല്ലോ. 

ഡ്രൈവ് മൈ കാർ
ഡ്രൈവ് മൈ കാർ

ജോര്‍ഡാന്‍ ക്രോങ്ക്:  ചിത്രത്തില്‍   ചെക്കോവിന്റെ സ്വാധീനം വിശദീകരിക്കാമോ? തീര്‍ച്ചയായും 'അങ്കിള്‍ വാന്യ'  ചിത്രത്തിലെ  ഒരു പ്രമേയഘടകമായി വരുന്നുണ്ട്. താങ്കളുടെ കഥപറച്ചിലിനെ ചെക്കോവ് സ്വാധീനിച്ചിരുന്നോ? 

ഹമാഗുച്ചി: ചെക്കോവിന്റെ സ്വാധീനം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതല്ല. ചെക്കോവിന്റെ ടെക്സ്റ്റ് ചിത്രത്തിലെ വസ്തുതകള്‍ പുറത്തേക്കെടുക്കുന്നുണ്ട് എന്നത് വാസ്തവം തന്നെ. അഭിനേതാക്കള്‍ അവ പറയുന്ന ദൃശ്യങ്ങള്‍, അവ അഭിനയിക്കുന്ന ഭാഗങ്ങള്‍ എന്നിവ നല്ല രീതിയില്‍ പ്രേക്ഷകരിലെത്തിക്കാന്‍ ഈ സംഭാഷണങ്ങള്‍ സഹായകരമാകുന്നുണ്ട്. 'അങ്കിള്‍ വാന്യ' വായിച്ചതോടെ,  കൂടുതലായി ചെക്കോവിന്റെ വാക്കുകള്‍ ചിത്രത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ എനിക്ക് താല്പര്യമുണ്ടായി. എങ്ങനെ നമുക്ക്  ജീവിതത്തില്‍ പ്രതീക്ഷ കണ്ടെത്താമെന്ന്,  അദ്ദേഹത്തിന്റെ കഥ എനിക്ക് കാണിച്ചുതന്നു. ചെക്കോവിന്റെ എല്ലാ കഥാപാത്രങ്ങള്‍ക്കും നിരാശയുണ്ട്;  ജീവിക്കുന്ന കാലത്തോളം തങ്ങള്‍ക്ക് അതില്‍നിന്ന് മോചനമുണ്ടാവില്ലെന്നും അവര്‍ തിരിച്ചറിയുന്നുണ്ട്. പ്രായം വളരെക്കുറഞ്ഞ  സോണിയ പോലും ഇത് മനസ്സിലാക്കുന്നുണ്ട്. ഇത് മറികടക്കാനുള്ള ഒരേ ഒരു വഴി മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് ജോലി ചെയ്യുകയാണെന്നും അവര്‍ക്കറിയാം. ചിത്രത്തിലെ കഫൂകുവിന്റെ  ചിന്ത, എങ്ങനെ ഒരു നടനായി തിരിച്ചുവരാമെന്നതാണ്. അങ്ങനെ തന്റെ വേദനകളില്‍നിന്ന് മോചനം നേടുകയാണ് അയാളുടെ ലക്ഷ്യം. അതേപോലെ, മിസാകി തന്റെ ജീവിതചക്രത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ധൈര്യസമേതം തയ്യാറാകുന്നു.  എങ്ങനെയാണവര്‍ തങ്ങളുടെ വേദനകളില്‍നിന്ന് മോചനം നേടുന്നുവെന്നതാണ് ചിത്രമുയര്‍ത്തുന്ന പ്രധാന ചോദ്യം. അവിടെയാണ് ചെക്കോവ്, ചിത്രവുമായി ചേര്‍ന്നുനില്‍ക്കുന്നത്. അതുകൊണ്ടാണ്  ചെക്കോവ് ചിത്രത്തിലെ പ്രധാന സാന്നിദ്ധ്യമാവുന്നത്. 

ജോര്‍ഡാന്‍ ക്രോങ്ക്: നോവലുകള്‍ അടിസ്ഥാനമാക്കിക്കൊണ്ട് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന രീതി താങ്കളുടെ മറ്റ് ചിത്രങ്ങളെ സ്വാധീനിക്കുന്നുണ്ടോ എന്നറിയാന്‍ ആഗ്രഹമുണ്ട്. Happy HourDw Wheel of Fortune and Fantsayയും നോവലുകള്‍ക്ക് സമാനമായി തോന്നാറുണ്ട്. സ്വന്തം ചിത്രങ്ങളെ സാഹിത്യവുമായി ബന്ധപ്പെടുത്താറുണ്ടോ? 

ഹമാഗുച്ചി: എന്റെ ചിത്രങ്ങള്‍ക്ക് സാഹിത്യഗുണമുണ്ടെന്ന് പലരും  പറയാറുണ്ട്. എന്നാല്‍, ഞാനതിനോട് പൂര്‍ണ്ണമായി യോജിക്കുന്നില്ല. ചിലപ്പോള്‍ അവയില്‍ സംഭാഷണങ്ങള്‍ കൂടുതലായതുകൊണ്ടുള്ള അഭിപ്രായമായിരിക്കാമത്, എനിക്കറിയില്ല. അഭിനേതാക്കള്‍ എങ്ങനെ പ്രതികരിക്കുമെന്നറിയാന്‍ അവര്‍ക്ക് കൊടുക്കാവുന്ന ഒരുതരത്തിലുള്ള ഊര്‍ജ്ജം മാത്രമാണ് വാക്കുകള്‍. എന്റെ ചിത്രങ്ങളിലും അവയിലെ സംഭാഷണങ്ങളിലും സാഹിത്യപരമായ ഗുണങ്ങളുണ്ടെന്ന് ഞാനൊരിക്കലും അവകാശപ്പെടില്ല. മുറകാമിയുടെ കഥ ഏത് രീതിയിലാണ് ഞാന്‍ സിനിമയാക്കാന്‍ ആഗ്രഹിക്കുന്നതെന്ന് വിശദമാക്കിക്കൊണ്ട് അദ്ദേഹത്തിന് എഴുതിയപ്പോള്‍, ടെക്സ്റ്റ് മാത്രമായി ഒരിക്കലുമൊരു ചിത്രമാക്കാന്‍ കഴിയില്ലെന്ന് ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍, എന്റെ അഭിനേതാക്കളുമായി ബന്ധപ്പെടുത്തിക്കൊണ്ടായിരിക്കും ഞാനുപയോഗിക്കുകയെന്ന് അതില്‍ പ്രത്യേകം സൂചിപ്പിച്ചിരുന്നു. അഭിനേതാക്കളില്‍ വികാരങ്ങള്‍ക്കും ദൃശ്യങ്ങളില്‍ സന്ദര്‍ഭങ്ങള്‍ക്കും തുടക്കം കുറിക്കുവാന്‍ മാത്രമേ വാക്കുകള്‍ ഉപയോഗപ്പെടുത്തുകയുള്ളൂ എന്ന് ഞാന്‍ അടിവരയിട്ട് പറഞ്ഞു. എന്റെ സൃഷ്ടി,  സാഹിത്യവുമായി ഒന്നിച്ച്  ചേരുമ്പോള്‍, വാക്കുകളും അഭിനേതാക്കളും തമ്മിലുള്ള ബന്ധമാണ്  സൂചിപ്പിക്കുന്നത്. ആത്മാവിന്റെ ഈ പ്രകാശനം ഒരുപക്ഷേ, സാഹിത്യത്തിലേക്ക് നമ്മെ കൊണ്ടുപോകാം. എന്നാല്‍, അതൊഴിവാക്കിയാല്‍, എന്റെ പ്രക്രിയ തികച്ചും  വ്യത്യസ്തമാണെന്നാണ്  ഞാന്‍ കരുതുന്നത്. 

(പരിഭാഷയ്ക്കും പ്രസിദ്ധീകരണത്തിനുമുള്ള അനുമതിയോടെ)  
കടപ്പാട്: Jordan Cronk,  http://www.reverseshot.org/

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com