വാക്കുകള്‍ സ്‌നേഹത്തില്‍ നനച്ചെഴുതാനും പ്രണയത്തില്‍ ചാലിക്കാനും ലാവണ്യ സിദ്ധിയുള്ള സന്ന്യാസി

വാക്കുകള്‍ സ്‌നേഹത്തില്‍ നനച്ചെഴുതാനും പ്രണയത്തില്‍ ചാലിക്കാനും ലാവണ്യ സിദ്ധിയുള്ള സന്ന്യാസി

ഹൃദയത്തിന്റെ ഭാഷയും ഭാവുകത്വവും ബോബി ജോസച്ചന്റെ വാക്കുകളിലും ചിന്തകളിലും നിറഞ്ഞുനില്‍ക്കുന്നതിനാല്‍ വായനക്കാരുമായി ഈ എഴുത്തുകാരന്‍ ഊഷ്മളമായൊരു ഹൃദയബന്ധം സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു

ഹൃദയത്തിന്റെ ഭാഷയില്‍ എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു ചിന്തകനാണ് നമുക്കെല്ലാം പ്രിയങ്കരനായ ബോബി ജോസ് കട്ടിക്കാട്. ചാരുതയോടെ സംവദിക്കാനുള്ള ഭാവുകത്വത്തിന്റെ ഉടമയാണ് ഈ എഴുത്തുകാരന്‍. വാക്കുകള്‍ സ്‌നേഹത്തില്‍ നനച്ചെഴുതാനും പ്രണയത്തില്‍ ചാലിക്കാനും ലാവണ്യസിദ്ധിയുള്ള ഈ സന്ന്യാസി, എഴുത്തില്‍ ഒരു ഹൃദയവയല്‍ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു ഗ്രന്ഥത്തിന്റെ ശീര്‍ഷകം തന്നെ 'ഹൃദയവയല്‍' എന്നാണ്. ബോബി ജോസച്ചന്‍ എഴുതിയ പുസ്തകങ്ങള്‍ മാത്രമല്ല, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ഇപ്രകാരം ഹൃദയരഹസ്യങ്ങളുടെ മാസ്മരികതയും ഭാസുരതയും അവതരിപ്പിക്കുന്നവയാണ്.

ഹൃദയത്തിന്റെ ഭാഷയും ഭാവുകത്വവും ബോബി ജോസച്ചന്റെ വാക്കുകളിലും ചിന്തകളിലും നിറഞ്ഞുനില്‍ക്കുന്നതിനാല്‍ വായനക്കാരുമായി ഈ എഴുത്തുകാരന്‍ ഊഷ്മളമായൊരു ഹൃദയബന്ധം സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു. വായനക്കാരുടെ ഹൃദയങ്ങളെ തുറക്കാനുള്ള താക്കോലുമായി ദൈവം ബോബി ജോസച്ചനെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നതായി തോന്നും, അദ്ദേഹത്തിന്റെ വാക്കും വചനവും കേള്‍ക്കുമ്പോള്‍. ബോബിയച്ചന്റെ ആദ്യഗ്രന്ഥമായ 'സഞ്ചാരിയുടെ ദൈവം' മുതല്‍ ഏറ്റവും ഒടുവിലത്തെ 'താക്കോല്‍' വരെയുള്ള ഗ്രന്ഥങ്ങള്‍ നമ്മുടെ ഹൃദയവിചാരങ്ങളെ ശോധന ചെയ്യാനും ഹൃദയസ്പന്ദനങ്ങളെ അനുഭവിക്കാനും ഹൃദയാനുഭൂതികളെ പങ്കുവയ്ക്കാനും നമ്മുടെ ഹൃദയകവാടങ്ങളെ തുറന്നുകൊടുക്കാന്‍ നമ്മുടെ കൈവെള്ളയില്‍ വച്ചുതരുന്ന ദൈവത്തിന്റെ ഒരു താക്കോല്‍ തന്നെയാണ്.

ബൈബിള്‍, പഴയനിയമവും പുതിയനിയമവും ഉള്‍പ്പെടുന്ന ഒരു വിശുദ്ധഗ്രന്ഥമായിട്ടാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളതെങ്കിലും പുതിയനിയമകാലത്തിനു ശേഷം സമകാലത്തും ഒരുപക്ഷേ, ഭാവികാലത്തും ഈ വചനധാരയോട് കൂട്ടിച്ചേര്‍ക്കേണ്ട അനേകം വചനവിചാരങ്ങളുണ്ടാവുമെന്ന് പറയുന്നതില്‍ തെറ്റില്ല. വചനവിചാരങ്ങള്‍ എന്നു പറയുന്നതു ബൈബിളിനെ വര്‍ത്തമാനകാലത്തു വ്യാഖ്യാനിച്ചു കൊടുക്കാനുള്ള ഒരു സുവിശേഷധര്‍മ്മത്തെ മുന്‍നിര്‍ത്തിയാണ്. വര്‍ത്തമാനകാലത്തു വചനശുശ്രൂഷകര്‍ പുതുതലമുറയ്ക്കു ബൈബിള്‍ വായിച്ചുകൊടുക്കുകയല്ല, ബൈബിള്‍ വ്യാഖ്യാനിച്ചു കൊടുക്കുകയാണ് വേണ്ടത്. ഇത്തരം വചനശുശ്രൂഷയും ഒരു സുവിശേഷപ്രവര്‍ത്തനമാണ്. ബോബി ജോസ് കട്ടിക്കാട് ഇത്രയും കാലമായി ചെയ്തുകൊണ്ടിരുന്നതും ഇത്തരമൊരു സുവിശേഷധര്‍മ്മമാണ്. 

ബൈബിളിനെ ഇന്നത്തെ മനുഷ്യന്റെ ഹൃദയവികാരങ്ങളുടേയും വിചാരങ്ങളുടേയും ജീവിതത്തിന്റേയും പശ്ചാത്തലത്തില്‍ ബോബി ജോസച്ചന്‍ വ്യാഖ്യാനിച്ചു പറയുന്നതും എഴുതുന്നതും യഥാര്‍ത്ഥത്തില്‍ ഒരു പുതിയ സുവിശേഷം ചമയ്ക്കലാണ്. അതിനാല്‍ ബോബിയച്ചന്റെ എല്ലാ രചനകളും ബൈബിളിന്റെ ഒപ്പം വച്ചു വായിക്കേണ്ടതാണെന്നു തോന്നുന്നു. 

ബൈബിള്‍ സൗന്ദര്യത്തെ അതിമനോഹരമായി വ്യാഖ്യാനിച്ചിട്ടുള്ള ബോബി ജോസ് കട്ടിക്കാട് യഥാര്‍ത്ഥത്തില്‍ ബൈബിളില്‍ അടങ്ങിയിരിക്കുന്ന സൗന്ദര്യശാസ്ത്രത്തെ സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ അവതരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ബോബി ജോസിന്റെ എഴുത്ത് ബൈബിള്‍ സൗന്ദര്യത്തിന്റെ ഹൃദയവയല്‍ തന്നെയാണ്. 

'സഞ്ചാരിയുടെ ദൈവം' (2001) എന്ന ആദ്യഗ്രന്ഥത്തില്‍ തന്നെ ബോബി ജോസ് കട്ടിക്കാട് തന്റെ രചനാശൈലിയുടെ ഒരു 'പാറ്റേണ്‍' അവതരിപ്പിക്കുന്നുണ്ട്. വലിയ ആശയങ്ങള്‍ ചെറിയ വാചകങ്ങളിലും കുറിപ്പുകളിലും എഴുതിവയ്ക്കുന്ന ഒരു രീതിയാണത്. ''ഈ വാക്കുകള്‍ നമുക്കു വെറുതെ വായിക്കാനുള്ളതല്ല. നമ്മുടെ ഉള്ളില്‍ വളരാനുള്ളതാണ്. നമ്മിലെ കുഞ്ഞിനു പിറവികൊള്ളാനുള്ളതാണ്. സ്വയം തിരിച്ചറിയാനുള്ള ഒരു മാര്‍ഗ്ഗമാണിത്'' -എന്നു പറഞ്ഞുകൊണ്ടാണ് 'സഞ്ചാരിയുടെ ദൈവം' വി.ജി. തമ്പി അവതരിപ്പിക്കുന്നത്. 

അലയുന്നവന്റെ ആത്മീയതയെപ്പറ്റിയാണ് 'സഞ്ചാരിയുടെ ദൈവ'ത്തില്‍ ബോബി ജോസച്ചന്‍ വിവരിക്കുന്നത്. ''അവന്‍ നന്മ ചെയ്തു ചുറ്റിസഞ്ചരിച്ചു'' എന്ന ബൈബിള്‍ പരാമര്‍ശം ധ്യാനിച്ചുകൊണ്ട് അദ്ദേഹം പറയുകയാണ്: ''ആരാധനാ മണികള്‍ മുഴങ്ങുമ്പോള്‍ വെടിപ്പുള്ള വസ്ത്രങ്ങളുമായി നമ്രശിരസ്‌കരായി ദേവാലയപടവുകള്‍ ചവിട്ടി എത്തുന്നവരുടെ കൂട്ടത്തില്‍ 'അവനെ' നിങ്ങള്‍ കണ്ടിട്ടില്ല'' എന്ന്. നമ്മുടെ മനസ്സില്‍ ചിട്ടപ്പെടുത്തിയ മതപാഠങ്ങളുമായി പൊരുത്തപ്പെടാത്ത പാഠങ്ങളാണെങ്കിലും 'സഞ്ചാരിയുടെ ദൈവം' മുതല്‍ 'താക്കോല്‍' വരെയുള്ള പുസ്തകത്തില്‍ ഇതുപോലെ വേറിട്ടുള്ള എത്രയോ ദര്‍ശനങ്ങളാണ് ബോബി ജോസച്ചന്‍ പങ്കുവയ്ക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍: ''ഒരു പൂവുകൊണ്ട് ഒരു തോട്ടമുണ്ടാക്കുക, ഒരു ചിരികൊണ്ട് ഒരു കാര്‍ത്തിക ആഘോഷിക്കുക'' -അത്തരമൊരു രചനാതന്ത്രമാണ് കട്ടിക്കാടിനുള്ളത്.

വായനക്കാരന്റെ മനസ്സില്‍ കിളിര്‍ക്കുകയും തളിര്‍ക്കുകയും വളരുകയും ചെയ്യുന്ന അന്‍പതു കുറിപ്പുകളാണ് 'സഞ്ചാരിയുടെ ദൈവ'ത്തിന്റെ ഉള്ളടക്കം.

''നിനക്കുള്ളതെല്ലാം ഉപേക്ഷിച്ച് എന്നെ അനുഗമിക്കുക'' എന്നു യേശു പറഞ്ഞതിന്റെ പൊരുള്‍ ''നിന്റെ അഹംബോധത്തെ ഉപേക്ഷിച്ച് എന്റെ പിന്നാലെ വരിക'' എന്നാണെന്ന് ബോബിയച്ചന്‍ ഇതില്‍ വ്യാഖ്യാനിക്കുന്നു. മനുഷ്യന്റെ എല്ലാ അഹന്തകളേയും ബൈബിള്‍ സ്‌നേഹപൂര്‍വ്വം പരിഹസിക്കുകയാണ്. സെന്റ് പോള്‍ ചോദിക്കുന്ന ചോദ്യം തന്നെ ബോബിയച്ചനും ചോദിക്കുന്നു: ''ദാനമായി ലഭിച്ചതല്ലാതെ നിന്റെ കൈവശമെന്തുണ്ട്? എല്ലാം ദാനമായിരുന്നിട്ടും ഒന്നും ദാനമല്ലെന്ന മട്ടില്‍ നീ വ്യാപരിക്കുന്നതെന്തിന്?''

മാര്‍ക്കോസിന്റെ സുവിശേഷത്തിലെ അന്ധന്റെ കഥ പറഞ്ഞിട്ട് ബോബിയച്ചന്‍ എഴുതുന്നതു നമ്മുടെ ഉടല്‍ ഒരു ക്ഷേത്രമാണെന്നാണ്. എന്നാല്‍, അതൊരു സത്രമാണെന്നു നമ്മള്‍ കരുതുന്നു! കാഴ്ചയുടെ സമൃദ്ധിയിലേക്കു ക്രിസ്തു അന്ധനെ കൂട്ടിക്കൊണ്ടു വരുന്നതുപോലെ നമ്മില്‍ മറഞ്ഞിരിക്കുന്ന മനുഷ്യരേയും പിന്നെ മനുഷ്യനുള്ളിലെ ദൈവത്തേയും കാണാന്‍ കട്ടിക്കാട് ആഹ്വാനം ചെയ്യുന്നു. 

ഫാ. ബോബി ജോസ് കട്ടിക്കാട്
ഫാ. ബോബി ജോസ് കട്ടിക്കാട്

ദര്‍ശനമുള്ളവന്‍ ഈ മണ്ണിന്റെ ഭാഗമല്ല, ആകാശത്തിന്റെ അവകാശിയാണ് - യേശുവിനോടൊപ്പം ക്രൂശില്‍ കിടന്ന വലതുഭാഗത്തെ കള്ളനെപ്പറ്റിയുള്ള നിരീക്ഷണമാണിത്. കള്ളന്റെ ദര്‍ശനം ''നിന്റെ രാജ്യത്തില്‍ എനിക്കും ഇടം തരണമേ'' എന്നതായിരുന്നു. ഇത്തരം ദര്‍ശനങ്ങള്‍ ജീവിതത്തിലെ നുകങ്ങളുടെ ഭാരം കുറയ്ക്കുമെന്നു കട്ടിക്കാട് ചൂണ്ടിക്കാട്ടുന്നു. ദൈവത്തിന്റെ ആത്മാവ് കാറ്റുപോലെ വീശുന്നുവെന്ന് ക്രിസ്തു നിക്കോദീമോസിനോട് പറഞ്ഞു. ദൈവത്തിന്റെ കനിവിന്റെ വഴികളെപ്പറ്റി പഠിപ്പിക്കാന്‍ ബൈബിള്‍ നല്‍കുന്ന ഒരു മനോഹര അടയാളമാണെന്നും കട്ടിക്കാട് വ്യാഖ്യാനിക്കുന്നു. മറ്റൊരടയാളം കരുതലാണ്. ഓരോ ജീവിതത്തേയും ദൈവത്തിന്റെ ചൈതന്യം സ്പര്‍ശിക്കുന്നു - ഈ വഴിയെല്ലാം ദൈവം നമ്മെ തേടിയെത്തുകയാണ്. 

താബോര്‍ മലയില്‍ പ്രാര്‍ത്ഥിക്കാനെത്തുന്ന ക്രിസ്തുവിനെപ്പറ്റി പറയുമ്പോള്‍ അതു മലമുകളിലെ പ്രാര്‍ത്ഥനയല്ല, ഓരോ മനുഷ്യന്റേയും നെഞ്ചിലെ സാധ്യതയാണെന്നാണ് കട്ടിക്കാട് പറയുന്നത്. താബോറില്‍നിന്നും യെറുശലേമില്‍ കര്‍മ്മത്തിന്റെ വഴികളിലേക്കാണ് ക്രിസ്തു ഇറങ്ങിവന്നത്. കര്‍മ്മത്തിന്റെ വഴികളില്‍ ഒട്ടേറെ സാധ്യതകളുണ്ട്. ക്രിസ്തുവിന്റെ അന്ത്യ അത്താഴമേശയെപ്പറ്റി പറയുന്നത്, അതു സ്‌നേഹത്തിന്റെ ഉത്സവമായിരുന്നു എന്നാണ്. 'ഓര്‍മ്മയ്ക്കായി' എന്തെങ്കിലും പത്രോസ് ആവശ്യപ്പെടുമ്പോള്‍ അവന്റെ കരങ്ങളില്‍ അപ്പം വച്ചുകൊടുത്തു. ആ അപ്പം പത്രോസിന്റെ ഉടലിന്റെ ഭാഗമായി. മനുഷ്യര്‍ക്കു നിഷേധിക്കാന്‍ കഴിയാത്ത 'ഓര്‍മ്മ'യാണിത്. 

ലാസറിനെ ഉയിര്‍പ്പിക്കുന്നതിനു മുന്‍പായി ക്രിസ്തു ആവശ്യപ്പെടുന്നത് കല്ല് എടുത്തുമാറ്റാനാണ് - ജീവന്റെ സമൃദ്ധിക്കു വിഘാതം നില്‍ക്കുന്ന കല്ലുകള്‍ നമ്മള്‍ എടുത്തുമാറ്റണമെന്നു കട്ടിക്കാട് വ്യാഖ്യാനിക്കുന്നു. അമിതമായ ആകുലതകള്‍, ആസക്തികള്‍, ഭയങ്ങള്‍, പരിഭവങ്ങള്‍, വിദ്വേഷങ്ങള്‍ - ഹൃദയത്തിലെ ഇത്തരം കല്ലുകള്‍ എടുത്തുമാറ്റാനാണ് ക്രിസ്തു ആഹ്വാനം ചെയ്യുന്നത്. ഇപ്രകാരം കൊച്ചുകൊച്ചു കാര്യങ്ങളിലൂടെ സംവദിക്കുകയാണ് 'സഞ്ചാരിയുടെ ദൈവം' എന്ന പുസ്തകത്തില്‍. 

'ഹൃദയവയല്‍' (2003) മനുഷ്യനിലേക്ക് ഇറങ്ങിവരുന്ന സ്‌നേഹദര്‍ശനങ്ങളുടെ സമാഹാരമാണ്. നമ്മുടെ ഹൃദയവയലുകളില്‍ ബോബി ജോസച്ചന്‍ വിതച്ചു നട്ടുവളര്‍ത്തുന്ന വചനങ്ങള്‍ കവിതയായി നിറഞ്ഞുനില്‍ക്കുകയാണ്, നന്മയുടെ നാമ്പുകള്‍ മുളപ്പിച്ചുകൊണ്ട് ഈ പുസ്തകത്തില്‍. കര്‍ത്താവിനു വഴിയൊരുക്കാന്‍ താഴ്വരകള്‍ ഉയര്‍ത്തണമെന്നുള്ള സ്‌നാപകയോഹന്നാന്റെ പ്രബോധനത്തെ മുന്‍നിര്‍ത്തി ബോബി ജോസച്ചന്‍ പറയുന്നത്, നമ്മള്‍ ഏതു താഴ്വരകളിലെ ഏതു പടവുകളില്‍ നില്‍ക്കുന്നു എന്നതിനെപ്പറ്റിയാണ്. ബൈബിള്‍ ഉയര്‍ത്തുന്ന ഏറ്റവും ആദ്യത്തെ ചോദ്യം: ''നീ എവിടെയാണ്'' എന്നുള്ളതാണ്. ''എന്റെ സ്വപ്നങ്ങളുടെ ഗിരിശൃംഗങ്ങളില്‍നിന്ന് നീ എന്തേ പടിയിറങ്ങി'' എന്ന വേദന ദൈവത്തിനുണ്ടെന്ന് കട്ടിക്കാട് പറയുന്നു. താഴ്വാരങ്ങളിലേക്കുള്ള പടിയിറങ്ങലാണ് പാപമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ദാരിദ്ര്യമോ വൈരൂപ്യമോ അല്ല ഒരാളെ ചെറുതാക്കുന്നത്. അവിശുദ്ധി നമ്മുടെ ആത്മവിശ്വാസം കവര്‍ന്നെടുക്കുന്നു. അതിനാല്‍ നമ്മുടെ മനസ്സിന്റെ താഴ്വരകളെ ഉയര്‍ത്തണം. 

വെളിപാട് പുസ്തകത്തില്‍ പറയുന്നുണ്ട്: ''കാഴ്ച ലഭിക്കുന്നതിനു കണ്ണിലെഴുതാനുള്ള അഞ്ജനം നീ എന്നോട് വാങ്ങുക'' -ഇതേപ്പറ്റി ബോബി ജോസച്ചന്‍ ഇങ്ങനെ എഴുതുന്നു: ''കാഴ്ച ഒരിക്കലും കണ്ണിന്റെ പ്രശ്‌നമല്ല. അതെപ്പോഴും മനസ്സിന്റേതു തന്നെ.'' ഒരാള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ ആന്തരിക പ്രതിസന്ധി കാഴ്ചയുടെ അപൂര്‍ണ്ണതയാണെന്നും കട്ടിക്കാട് കൂട്ടിച്ചേര്‍ക്കുന്നു.

തെറ്റില്‍ പിടിക്കപ്പെട്ട സ്ത്രീയുമായി എത്തിയ ആള്‍ക്കൂട്ടത്തിനു മുന്‍പില്‍ ക്രിസ്തു കുറേനേരം ഒന്നും പറയാതെ നിലത്തു ശാന്തമായി എഴുതിക്കൊണ്ടിരുന്നതിനെപ്പറ്റി ബോബി ജോസച്ചന്‍ വ്യാഖ്യാനിക്കുന്നത്, മൗനത്തെ ഭയക്കുന്ന മനുഷ്യരാണ് നമുക്കു ചുറ്റുമുള്ളത് എന്നാണ്. മൗനങ്ങളില്‍ നമ്മള്‍ സ്വയം ഒരു കണ്ണാടിയിലെന്നപോലെ കാണുന്നു. മൗനത്തില്‍നിന്നു പൂവിട്ടൊരു വാക്ക് ക്രിസ്തു അരുള്‍ ചെയ്തതു: ''നിങ്ങളില്‍ പാപമില്ലാത്തവര്‍ അവളെ കല്ലെറിയട്ടെ'' എന്നായിരുന്നു. മൗനത്തിന്റെ ഇടവേളകളില്‍ കാര്യങ്ങള്‍ കുറേക്കൂടി സംയമനത്തോടെ കാണാനുള്ള വെളിച്ചം സ്വീകരിച്ച ആള്‍ക്കൂട്ടം നിശ്ശബ്ദമായി പിരിഞ്ഞുപോയി എന്നാണല്ലോ സുവിശേഷത്തില്‍ വായിക്കുന്നത്. സംവേദനത്തിനു വാക്കു കൂടിയേ കഴിയൂ എന്നതു അബദ്ധധാരണയാണെന്നും കട്ടിക്കാട് എഴുതുന്നു.

കാനായിലെ കല്യാണത്തിനു വീഞ്ഞുതീര്‍ന്നപ്പോള്‍ യേശുവിന്റെ അമ്മ, അവര്‍ക്കു വീഞ്ഞില്ലെന്ന് അറിയിച്ചു: ''എന്റെ സമയം ഇനിയും ആയിട്ടില്ല'' എന്നായിരുന്നു മറുപടി. ക്രിസ്തുവിന്റെ ഈ മറുപടി ബൈബിളില്‍ പൊള്ളുന്ന ഒരു വാക്കാണെന്ന് കട്ടിക്കാട് വിശേഷിപ്പിക്കുന്നു. കാനാവിലെ അത്ഭുതം വെള്ളം വീഞ്ഞാക്കിയതാണ്. ''ഞാന്‍ ഇതുവരേയും അത്ഭുതം ചെയ്തിട്ടില്ല'' എന്നതിന്റെ അര്‍ത്ഥം ''ഞാന്‍ ഇന്നോളം 'സമയ'ത്തിലേക്കു കടന്നിട്ടില്ല'' എന്നാണ്, 'സമയം' ഇവിടെ മരണത്തിന്റെ പര്യായമാണ്. അമ്മയുടെ ഇഷ്ടമനുസരിച്ച് അത്ഭുതത്തിലേക്കു വിരല്‍നീട്ടുക എന്നാല്‍ 'മരണ'ത്തിലേക്ക് ഒരു പാദം ചവിട്ടുക എന്നാണര്‍ത്ഥം. കട്ടിക്കാട് ചോദിക്കുന്നത്, സ്വയം 'സമയം' ഏറ്റുവാങ്ങാതെ എങ്ങനെയാണ് വിരുന്നുകള്‍ക്കു ലഹരി പകരാന്‍ കഴിയുന്നത് എന്നാണ്. എവിടെ മനുഷ്യര്‍ ആനന്ദത്തിന്റേയും സ്‌നേഹത്തിന്റേയും ഒക്കെ വിരുന്നു നടത്തുമ്പോള്‍ അവിടെയൊക്കെ ഉണ്ടാകും, 'സമയ'ത്തിന്റെ വേദന നിശ്ശബ്ദമായി സ്വയം ഉള്ളിലേക്കു ഏറ്റുവാങ്ങുന്നവര്‍. അവര്‍ നമ്മുടെ വിരുന്നുമേശകള്‍ക്ക് അപ്പുറത്തു സഹനപൂര്‍വ്വം തിരശ്ശീലയ്ക്കു പിന്നില്‍ മറഞ്ഞുനില്‍ക്കുന്നവരാണ്. അവരെ മറക്കരുതെന്നു കട്ടിക്കാട് ഓര്‍മ്മിപ്പിക്കുന്നു.

ബോബി ജോസച്ചന്‍ പങ്കുവയ്ക്കുന്ന മറ്റൊരു ആശയം നമ്മുടെ 'ബലങ്ങളെ' കുറവായി കാണണമെന്നുള്ളതാണ്. നിത്യജീവന്‍ സ്വന്തമാക്കാന്‍ എന്തുചെയ്യണമെന്നു ചോദിച്ച ഒരാളോട്: ''നിനക്ക് ഒരു കുറവുണ്ട്, നിന്റെ ധനം'' എന്നായിരുന്നു ക്രിസ്തുവിന്റെ മറുപടി. ധനം മാത്രമല്ല, അധികാരം, കഴിവ് എന്നിങ്ങനെ പലതും ബലമായി നമ്മള്‍ കാണുന്നു. ബലങ്ങളെ കുറവായി കാണണമെങ്കില്‍ വലിയ ധ്യാനം ആവശ്യമുണ്ടെന്ന് കട്ടിക്കാട് എഴുതുന്നു. ബലമെന്നു കരുതുന്ന കുറെ കാര്യങ്ങള്‍ ശാപമാണെന്ന മൂര്‍ച്ചയേറിയ വാക്ക് ക്രിസ്തു ഉപയോഗിക്കുന്നുണ്ട്. ആ കാര്യങ്ങള്‍ ഏതെല്ലാം? പങ്കുവയ്ക്കാത്ത ധനം, വിശക്കുന്നവനെ മറന്നുള്ള വിരുന്ന്, അപരന്റെ വീഴ്ച കണ്ടുള്ള ചിരി, പൊള്ളയായ പ്രശംസ - ഇതെല്ലാം ആ ശാപത്തില്‍പ്പെടുന്നു. 

യൂദാസ് ക്രിസ്തുവിനെ ഒറ്റുകൊടുത്തുവെന്ന കാര്യത്തെപ്പറ്റി പറയുമ്പോള്‍, ബോബി ജോസച്ചന്റെ വാക്കുകള്‍ ഇങ്ങനെ: ''യൂദാസ് നമുക്കു പുറത്തുള്ള ഒരാളായി നാം ധരിച്ചിരിക്കുന്നുവെന്നതാണ് വലിയൊരപരാധം. യൂദാസ് നമുക്കുള്ളിലെ ഒരു സാധ്യതയാണ്! ക്രിസ്തുവിന്റെ കൂടാരത്തില്‍ വസിച്ചിട്ടും ക്രിസ്തുവിന്റെ സൗന്ദര്യം കാണാതെ പോയ ഒരാള്‍'' ശിഷ്യത്വത്തിന്റെ വഴികളില്‍ ഒരിടര്‍ച്ചയുടെ സാധ്യത ആര്‍ക്കും സംഭവിക്കാമെന്നതിനാല്‍ ക്രിസ്തുവിന്റെ രുചിയും സൗന്ദര്യവും മഹത്വവും മൂല്യവും മനസ്സിലാക്കാന്‍ കട്ടിക്കാട് ആഹ്വാനം ചെയ്യുകയാണ്. 

വയലില്‍ മറഞ്ഞിരിക്കുന്ന നിധിപോലെയാണ് സ്വര്‍ഗ്ഗരാജ്യമെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. സ്വര്‍ഗ്ഗരാജ്യത്തെ വിശേഷപ്പെട്ട മുത്തുകള്‍ തേടിനടക്കുന്ന ഒരു വ്യാപാരിയോടും ക്രിസ്തു ഉപമിച്ചിട്ടുണ്ട്. ദൈവത്തെ മനുഷ്യനു വെളിപ്പെട്ടു കിട്ടുന്ന വ്യത്യസ്തമായ രണ്ടുവഴികളാണ് വയലിലെ നിധിയും വ്യാപാരി തേടുന്ന രത്‌നവും എന്ന് ബോബി ജോസച്ചന്‍ വ്യാഖ്യാനിക്കുന്നു. ആദ്യത്തേത് ആകസ്മികമായി ലഭിക്കുന്നതാണ്. രണ്ടാമത്തേതു ലഭിക്കുന്നത് അന്വേഷണങ്ങളുടെ ഫലമായിട്ടാണ്. നിധിയും മുത്തും കഥകളിലെ പൊതുവായ ഘടകമെന്താണ്? അവയെപ്പറ്റി അവബോധം ലഭിച്ചവരുടെ നിലപാടുകളിലെ സമാനതയാണത്. അമൂല്യമായ ഒന്നിനുവേണ്ടി എന്തുവില കൊടുത്താലും മതിയാവില്ലായെന്ന് വെളിപാടിന്റെ വെളിച്ചത്തിലാണവര്‍. അമൂല്യമായതിനു നല്‍കേണ്ട ഒരു വിലയുണ്ട് - ബലി. ദൈവദര്‍ശനമെന്ന അമൂല്യ അനുഭവത്തിനു നമ്മള്‍ എന്തു വില നല്‍കിയിട്ടുണ്ടെന്ന് കട്ടിക്കാട് ചോദിക്കുന്നു. ആകസ്മിക അനുഭവങ്ങളിലൂടെ ദൈവം നമ്മെ തേടിയെത്തും. അല്ലെങ്കില്‍ ഒത്തിരി അന്വേഷണങ്ങളിലൂടെ നമ്മള്‍ ദൈവത്തെ കണ്ടെത്തണം. ജീവിതം അപ്പോഴാണ് സഫലമാകുന്നതെന്ന് കട്ടിക്കാട് പറയുന്നു.

'നിലത്തെഴുത്ത്' (2006) ബോബി ജോസച്ചന്റെ മൂന്നാമത്തെ പുസ്തകമാണ്. ഉള്ളടക്കത്തിന്റെ ശീര്‍ഷകങ്ങള്‍ ഓടിച്ചുനോക്കിയാല്‍ മാത്രം മതി, ഈ പുസ്തകത്തിന്റെ ആശയപ്രപഞ്ചത്തിലേക്കു കടന്നു ചെല്ലാന്‍. ഊഴം, ഉടല്‍, കുന്ന്, തീരം, തിര, ഉപ്പ്, ഓരം, നൃത്തം, വര്‍ണ്ണം, വിരുന്ന്, ക്ഷാളനം, അനന്തരം, ക്ഷണികം എന്നിങ്ങനെ ക്രിസ്തുവിന്റെ മനസ്സിലേക്കു തുറക്കുന്ന കിളിവാതിലുകളായ 35 കുറിപ്പുകളാണ് ഇതിലുള്ളത്. മനുഷ്യനെ കേന്ദ്രീകരിച്ചുള്ള ദൈവവിചാരമാണ് ആത്മീയത എന്നു നിര്‍വ്വചിക്കുന്ന ബോബി ജോസച്ചന്‍ ദൈവം മാനവരാശിയെ വേര്‍തിരിക്കുന്നതു സ്‌നേഹിച്ചവരും സ്‌നേഹിക്കാത്തവരും എന്ന മുഴക്കോല്‍ ഉപയോഗിച്ചായിരിക്കുമെന്നു ചൂണ്ടിക്കാട്ടുന്നു. നമ്മുടെ ഹൃദയവും ക്രിസ്തുവിന്റെ ഹൃദയവും തമ്മിലുള്ള വ്യത്യാസം, നമ്മുടെ ഹൃദയം ഉള്ളിലും ക്രിസ്തുവിന്റേതു പുറത്തുമാണെന്നു കട്ടിക്കാട് പറയുന്നു!

''യാത്രയ്ക്കു വടി കരുതണ്ട''യെന്നു ക്രിസ്തു പറയുന്നുണ്ട്. കരങ്ങളില്‍ വടിയില്ലാത്ത ഇടയന്മാരെ സങ്കല്പിക്കാന്‍ കഴിയാത്ത ഒരുകാലത്താണ്, നിന്റെ ദണ്ഡ് ഒടിച്ചുകളയണമെന്ന് ക്രിസ്തു പറയുന്നത്. കണക്കുകൂട്ടലുകള്‍ ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ചാണ് ഇതിലൂടെ ക്രിസ്തു പഠിപ്പിക്കുന്നതെന്നു ബോബി ജോസച്ചന്‍ പറയുന്നു. ജീവിതത്തെ അപഹാസ്യമാക്കുന്ന കണക്കുകൂട്ടലുകള്‍ ഉപേക്ഷിക്കണം. ജീവിതം അതിന്റെ വഴികളില്‍ കരുതിവയ്ക്കുന്ന അവിചാരിതങ്ങളെ സ്വീകരിക്കാന്‍ മനസ്സിനെ സ്വയം ബലപ്പെടുത്തുകയാണ് വേണ്ടതെന്നും കട്ടിക്കാട് ആഹ്വാനം ചെയ്യുന്നു. 

തണല്‍ തേടിയും പൊരുള്‍ തേടിയും അലയുന്നവരെ കാത്തിരിക്കുന്ന അക്ഷരക്കൂട്ടാണ് 'കേളി' (2008). 'കിണര്‍' മുതല്‍ 'കാലം' വരെ അര്‍ത്ഥവും ആഴവും ഉള്ള 27 കുറിപ്പുകളുടെ സമാഹാരം മാത്രമല്ല ഈ പുസ്തകം. കരുത്തും ബലവും അധികാരവും ഇച്ഛാശക്തിയും ഉണ്ടെന്നു കരുതുന്ന മനുഷ്യര്‍ ചില ജീവിതമുഹൂര്‍ത്തങ്ങളില്‍ എത്രമാത്രം തോല്‍പ്പിക്കപ്പെടുന്നു എന്നതിന്റെ പാഠങ്ങളാണ് 'കേളി'യിലുള്ളത്. അതുകൊണ്ട് ക്രിസ്തു ഉള്ള കാലത്തോളം പീലാത്തോസും ഓര്‍മ്മിക്കപ്പെടുമെന്നു ബോബി ജോസച്ചന്‍ സാക്ഷിക്കുന്നു.

ഒരു ശാബത്തുനാളില്‍ വയല്‍വരമ്പിലൂടെ നടക്കുമ്പോള്‍ വിശന്നിട്ട് ശിഷ്യന്മാര്‍ കതിര്‍ പറിച്ചു തിന്നപ്പോള്‍ ക്രിസ്തു അവരെ ശാസിച്ചില്ല. കതിരുകള്‍ പറിച്ചുതിന്നാം, അത് അരിവാള്‍കൊണ്ട് കൊയ്തു സ്വന്തമാക്കരുത് എന്നായിരുന്നു ക്രിസ്തു പറഞ്ഞത്. യായീറോസിന്റെ മകളെ ഉയിര്‍പ്പിച്ചശേഷം അവള്‍ക്കു വല്ലതും കഴിക്കാന്‍ കൊടുക്കണമെന്നാണ് ക്രിസ്തു പറഞ്ഞത്. മനുഷ്യരുടെ വിശപ്പുകളെ ക്രിസ്തു ഗൗരവമായി കണ്ടിരുന്നു എന്നു ബോബി ജോസച്ചന്‍ വീക്ഷിക്കുന്നു. മനുഷ്യനെ കേന്ദ്രമാക്കിയ പുതിയ ആരാധനാക്രമമായിരുന്നു ക്രിസ്തുവിന്റെ ശുശ്രൂഷാശൈലി. അതിനാല്‍ വിശക്കുന്ന മനുഷ്യരുടെ ഇടര്‍ച്ചകളെ കുറേക്കൂടി കരുണയോടെ കാണണമെന്നാണ് കട്ടിക്കാടിന്റെ ആഹ്വാനം. ഭൂമിയുടെ ദിശകളെ മാറ്റിമറിച്ച പ്രഭാഷണങ്ങള്‍ ദരിദ്രരെ വാഴ്ത്തിയാണ് ക്രിസ്തു ആരംഭിച്ചത്-ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ ദൈവരാജ്യം അവരുടേതാണ്. ഭൂമിയിലെ സകല ദരിദ്രര്‍ക്കും വേണ്ടി ക്രിസ്തു കണ്ടെത്തിയ പേരാണ് ലാസര്‍. തന്റെ കഥകളില്‍ ക്രിസ്തു ഈയൊരു ദരിദ്രനു മാത്രമേ പേര് നല്‍കിയുള്ളൂ എന്നും കട്ടിക്കാട് എഴുതുന്നു. 

'വാതില്‍' (2010) എന്ന ഗ്രന്ഥത്തിന്റെ വായന തുറന്നുതരുന്ന അനുഭവങ്ങള്‍ മഴത്തുള്ളി തടാകത്തില്‍ വീണുമറയുന്നതുപോലെയാണ്. കനവ്, ജലം, ജീവന്‍, തിരസ്‌കാരം, കളിക്കളം, ഓര്‍മ്മ, സംഗീതം, ഉണര്‍വ്വ്, ഇടം, നാടോടി എന്നിങ്ങനെ 27 കുറിപ്പുകളിലൂടെ തുറന്നിട്ട 'വാതില്‍' നമ്മുടെ ആത്മീയതയിലേക്കു ഇളവെയിലും മഴയും തുമ്പികളും കടന്നുവരുന്ന അനുഭവമാണ്. താന്‍ വാതിലാണെന്നു പറയുന്ന ക്രിസ്തുവിനു വാതിലുകളോട് ഇത്രയും പ്രിയം താന്‍ തച്ചനായതുകൊണ്ടാണെന്നു കട്ടിക്കാട് പറയുന്നു. പഴയനിയമം നിറയെ കല്‍പ്പണിക്കാരാണെന്നു തോന്നുന്നു! അവര്‍ കൊട്ടിയടച്ചിട്ടതിനൊക്കെയും പുതിയനിയമത്തില്‍ ക്രിസ്തു നിറയെ ജാലകങ്ങളും കിളിവാതിലുകളും തീര്‍ത്തു. വാതിലാണെന്നു പറയുന്നത് ഒന്നാന്തരം മിസ്റ്റിസിസമാണെന്നാണ് ബോബി ജോസച്ചന്‍ പറയുന്നത്. വാതിലിലൂടെ പ്രവേശിക്കുന്ന നിമിഷം മുതല്‍ നിങ്ങള്‍ ഇല്ലാതെയാകുന്നു! എല്ലാം ഏകമാകുന്നു. സ്വയം വാതിലാവുക. വാതില്‍ അടഞ്ഞവരുടെ ജീവിതം കരച്ചിലും പല്ലുകടിയുംകൊണ്ടു നിറഞ്ഞിരിക്കുന്നു. 

''ദാഹിക്കുന്നവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ''യെന്നും തന്നില്‍ ''വിശ്വസിക്കുന്നവന്റെ ഉള്ളില്‍നിന്നു ജീവജലത്തിന്റെ നദികള്‍ ഒഴുകു''മെന്നും യേശു വിളിച്ചുപറയുന്നുണ്ട്. ഈശ്വരാന്വേഷണമെന്ന ദാഹത്തെപ്പറ്റി പഠിപ്പിക്കുന്ന ക്രിസ്തു, മനുഷ്യന്‍ ഇനി സ്വന്തം ഉറവയില്‍നിന്നു കുടിച്ചുതുടങ്ങുമെന്നാണ് പറയുന്നത്. ആരൊക്കെ ആ നദിയോടു ചേര്‍ന്നു നില്‍ക്കുന്നുവോ അവരുടെ ജീവിതം ഒരു നദിയായി മാറുമെന്ന് ബോബി ജോസച്ചന്‍ പറയുന്നു. ഒരു നദിയും ഒരാളുടെ മാത്രമല്ല. അത് ഒരേ അവബോധത്തിലേക്ക് ഉണര്‍ന്ന എല്ലാവരുടേയും സാധ്യതയാണെന്നാണ് കട്ടിക്കാട് വിളിച്ചുപറയുന്നത്. 

ബൈബിളില്‍ ജീവിതത്തിന്റെ ലാവണ്യശാസ്ത്രം കണ്ടെത്താനാണ് ബോബി ജോസച്ചന്‍ ഉദ്യമിക്കുന്നത്. ആ ചന്തം അവിടെ രൂപപ്പെട്ടതു സ്‌നേഹപൂര്‍വ്വം 'തോറ്റ' മനുഷ്യരിലൂടെയാണെന്ന് അദ്ദേഹം പറയുന്നു. യോഗ്യതകളും ബലങ്ങളും കൊണ്ടാടേണ്ട കാര്യമല്ല. സൗന്ദര്യമെന്നു പറയുന്നത് ഒരാളെ വലയം ചെയ്തു നില്‍ക്കുന്ന പ്രകാശമാണ്. സൗഹൃദം, നന്മ, വാത്സല്യം, കരുണ എന്നിവയുടെ ചുരുളുകള്‍ അഴിയുമ്പോള്‍ പ്രകാശം പരക്കും. എല്ലാത്തിലും അഴക് കണ്ടെത്താന്‍ സ്വന്തം പ്രാപഞ്ചിക ബോധത്തെ ബലപ്പെടുത്താന്‍ കട്ടിക്കാട് ആഹ്വാനം ചെയ്യുന്നു. 

'മൂന്നാംപക്കം' (2012) നല്‍കുന്ന സന്ദേശവും പ്രതീക്ഷകളുടേതാണ്. 'അകലെ' മുതല്‍ 'വൈവിധ്യം' വരെ വ്യത്യസ്ത സന്ദേശങ്ങളുടെ 25 കുറിപ്പുകളാണ് ഇതിന്റെ ഉള്ളടക്കം. ചില പ്രതീക്ഷകളുടെ മൂലക്കല്ലിലാണ് ഓരോരുത്തരുടേയും ആന്തരിക നവീകരണം സംഭവിക്കുന്നതെന്നു ബോബി ജോസച്ചന്‍ പറയുന്നു. സര്‍ഗ്ഗാത്മകമായ ജീവിതത്തില്‍ നാം വീണ്ടും പിറക്കേണ്ടതുണ്ട്. 46 സംവത്സരംകൊണ്ടു ഉയര്‍ത്തിയ യെറുശലേം ദേവാലയം മൂന്നുനാള്‍കൊണ്ട് തകര്‍ത്തു വീണ്ടും പണിയുമെന്നല്ല, ശരീരമാകുന്ന ദേവാലയത്തെക്കുറിച്ചാണ് ക്രിസ്തു പറഞ്ഞത്. സ്വന്തം ഉടലിന്റെ നൈര്‍മ്മല്യങ്ങളിലേക്കു മടങ്ങിപ്പോകാന്‍ കട്ടിക്കാട് ആഹ്വാനം ചെയ്യുന്നു. 33-ാം വയസ്സിലെ അന്ത്യമൊഴിയില്‍ ക്രിസ്തു പറയുന്നത്: ''എല്ലാം പൂര്‍ത്തിയായി'' എന്നാണ്. ഈ വാക്യത്തെ ജീവിതപ്രകാശത്തിന്റെ സാക്ഷ്യമെന്നാണ് കട്ടിക്കാട് വ്യാഖ്യാനിക്കുന്നത്. പ്രായത്തിലും ജ്ഞാനത്തിലും ദൈവഭയത്തിലും മനുഷ്യപ്രീതിയിലും ക്രിസ്തു വളര്‍ന്നു. അതുപോലെ പ്രകാശം നിറഞ്ഞ ശരീര അവബോധവും ജ്ഞാനത്തിന്റെ പ്രകാശവും ദൈവാന്വേഷണവും മനുഷ്യപ്രീതിയും ഉള്ള പ്രസാധപൂര്‍ണ്ണവും സര്‍ഗ്ഗാത്മകവുമായ യൗവ്വനം കിനാവു കാണാന്‍ കട്ടിക്കാട് ആഹ്വാനം ചെയ്യുന്നു. 

ഒരാളുടെ അഴകിലേക്കുള്ള യാത്ര ആരംഭിക്കേണ്ടത് ലാളിത്യങ്ങളെ തിരികെ പിടിച്ചുകൊണ്ടുവേണമെന്നാണ് ബോബി ജോസച്ചന്‍ പറയുന്നത്. ലളിതം എന്നാല്‍ സൗന്ദര്യമുള്ളത് എന്നാണര്‍ത്ഥം. ജീവിതത്തിന്റെ മുഴുവന്‍ ഊര്‍ജ്ജവും വിന്യസിക്കപ്പെടുന്നതു ലാളിത്യത്തിലാണ്. ''പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണുമെന്നു'' പുതിയ നിയമത്തില്‍ പറയുന്നതു സരളതയുടെ ഒരു പാഠമാണ്. ഈ ലാളിത്യത്തിലാണ് നമ്മുടെ ദൈവികാന്വേഷണവും ആരംഭിക്കുന്നതെന്ന് കട്ടിക്കാട് എഴുതുന്നു.
ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍ വായിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് അക്ഷരങ്ങള്‍ക്കുമേല്‍ ഇത്രമേല്‍ പ്രകാശിക്കാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞതെന്ന് 'പ്രവാചകന്‍' (2014) എന്ന പേരില്‍ അതു മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയപ്പോള്‍ ബോബി ജോസച്ചന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആ വെളിച്ചം തുടര്‍ന്നു പ്രസിദ്ധീകരിച്ച 'തപസ്സ്' (2014) എന്ന കൃതിയില്‍ ഏറെ നിറഞ്ഞുനില്‍ക്കുന്നുണ്ട്. വ്രതം, സുബോധം, ഗുരു, ദര്‍പ്പണം, ജലരാശി, സ്വത്ത്, അവള്‍, നിലവിളി, ദാഹം, പൂര്‍ണ്ണിമ എന്നിങ്ങനെ 50 കുറിപ്പുകളാണ് ഇതിന്റെ ഉള്ളടക്കം. ജീവിതനിയോഗത്തെപ്പറ്റി എങ്ങനെയാണ് പ്രകാശം ലഭിക്കുക? വഴി, സത്യം, ജീവന്‍ എന്ന ക്രിസ്തു സൂചനയ്ക്ക് ഒരാളുടെ നിയോഗവുമായി ബന്ധമുണ്ടെന്ന് കട്ടിക്കാട് സൂചിപ്പിക്കുന്നു. ബുദ്ധിക്കും ഹൃദയത്തിനും കിട്ടുന്ന ദിശാബോധമാണ് വഴി. വ്യക്തമായ കാഴ്ചയാണ് സത്യം. വഴിയും സത്യവും കൂടിച്ചേരുമ്പോള്‍ ജീവന്‍ സമൃദ്ധമാകുന്നു. സ്വന്തം ജീവന്റെ പൊരുള്‍ തിരയുമ്പോള്‍, സ്വന്തം ഉണ്മയുടെ പൊരുള്‍ അഴിഞ്ഞുകിട്ടുമ്പോള്‍ നിയോഗമായി. 

വിശപ്പിന്റെ പ്രലോഭനത്തെപ്പറ്റി പറയുമ്പോള്‍ ക്രിസ്തുവിനുണ്ടായ സാത്താന്റെ പരീക്ഷണമാണ് എടുത്തു പറയുന്നത്. എല്ലാ വിശപ്പുകളും അപ്പം അര്‍ഹിക്കുന്നില്ലെന്നു ബോബി ജോസച്ചന്‍ എഴുതുന്നു. അപ്പംകൊണ്ടു മാത്രമല്ല, വാക്കുകൊണ്ടു കൂടിയാണ് ഒരാള്‍ ജീവിക്കേണ്ടതെന്ന ഉത്തരമെഴുതിയാണ് ക്രിസ്തു സാത്താന്റെ പരീക്ഷ പാസ്സായത്! ചിന്തയെ പ്രകാശിപ്പിക്കുന്നതെന്തും വാക്കാണ്. ചില വിശപ്പുകള്‍ നിലനിര്‍ത്തേണ്ടതുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് വാക്ക്. വാക്കിനുശേഷം വെളിച്ചമുണ്ടായെന്നു ഉല്പത്തി പുസ്തകത്തില്‍ പറയുന്നു. ഏതൊരു വാക്കാണോ കൂടുതല്‍ പ്രകാശത്തിനു പ്രേരണയാകുന്നത്, അതാണ് വചനം. പുതിയനിയമം വാക്കുകൊണ്ട് ആകാശം കാണിച്ച് പുസ്തകങ്ങള്‍ക്കും അപ്പുറത്തേക്ക് മനുഷ്യനെ നയിക്കുവാന്‍ പ്രേരിപ്പിച്ചു. മനുഷ്യരാണ് വായിക്കേണ്ട നല്ല പുസ്തകങ്ങളെന്നു ക്രിസ്തു വിചാരിച്ചിരുന്നതായി കട്ടിക്കാട് സമര്‍ത്ഥിക്കുന്നു. 

ദൈവവിചാരവും തത്ത്വചിന്തയും നീതിശാസ്ത്രവും ലാവണ്യബോധവും നിറഞ്ഞുനില്‍ക്കുന്ന പുസ്തകമാണ് 'കൂട്ട്' (2015). 'നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുക' എന്ന ക്രിസ്തുവചനത്തിന്റെ സൗന്ദര്യം വാക്കുകളില്‍ക്കൂടി ഈ പുസ്തകത്തില്‍ ബോബി ജോസച്ചന്‍ അവതരിപ്പിക്കുന്നു. കരുതലിന്റെ കാഞ്ചനവലയം എന്ന ചിന്തയിലേക്കു നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു, ഈ പുസ്തകത്തില്‍. ലാസറിനെ ക്രിസ്തുവിന്റെ സ്‌നേഹിതന്‍ എന്നു ബൈബിള്‍ അടയാളപ്പെടുത്തിയിരിക്കുന്നു. ഈ സ്‌നേഹിതനു മരിക്കാന്‍ കഴിയില്ലെന്നാണ് ക്രിസ്തു പറഞ്ഞിട്ടുള്ളത്. സ്‌നേഹിതന്മാരെ കൈപിടിച്ചു ജീവിതത്തിലേക്കു കൊണ്ടുവരാന്‍ നമുക്കും കഴിയണമെന്നാണ് കട്ടിക്കാട് ആഗ്രഹിക്കുന്നത്.

സ്വര്‍ഗ്ഗരാജ്യം മണവാളനെ എതിരേല്‍ക്കാന്‍ വിളക്ക് എടുത്തുകൊണ്ട് പുറപ്പെട്ട പത്തു കന്യകമാരോടു സദൃശ്യമെന്ന ഉപമ കട്ടിക്കാട് വ്യാഖ്യാനിക്കുന്നതു നമ്മുടെ അഗാധങ്ങളിലെ സ്‌നേഹവും വെളിച്ചവും നമുക്ക് എങ്ങനെ മറ്റൊരാള്‍ക്കു കൈമാറാന്‍ കഴിയും എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ്. ഈ ഉപമ മാനവരാശിയുടെ ഒരു ചരിത്രമാണ്. എല്ലാത്തിനും ഒരു നേരമുണ്ട്. ആ നേരത്തു തിരയണം. നമ്മില്‍ ഒരോരുത്തര്‍ക്കും ഓരോ വിളക്ക് നല്‍കപ്പെട്ടിരിക്കുന്നു. ചിലപ്പോള്‍ അതു അഗാധങ്ങളില്‍ എവിടെയോ നമ്മള്‍ മറന്നിട്ടുണ്ടാവും. വെളിച്ചം ഒരു സ്വയാര്‍ജ്ജിത വ്യാപാരമാണ്. സ്വന്തം ജീവനും ജീവിതവുംകൊണ്ടു നേടേണ്ടതാണ് വെളിച്ചം. വിളക്കില്‍ എണ്ണ കരുതിവയ്ക്കാത്തവര്‍ ധൂര്‍ത്തരാണ്. അര്‍ഹിക്കുന്നതേ വ്യയം ചെയ്യാന്‍ പാടുള്ളൂ. 'മണവാളന്‍' നമ്മുടെ കൂടെയുണ്ടോ? കൂടെയുള്ള ക്രിസ്തുവിന്റെ ശയ്യാഗൃഹത്തില്‍ എരിഞ്ഞു നില്‍ക്കാന്‍ നമ്മുടെ ഉള്ളില്‍ വെളിച്ചം വേണമെന്നു കട്ടിക്കാട് ചൂണ്ടിക്കാട്ടുന്നു.

അവനവനിലേക്കു പ്രവേശിക്കാന്‍ വഴിയൊരുക്കുകയാണ് ഏതൊരു ആത്മീയസാധനയും എത്തേണ്ട പക്വതയെന്ന് 'അകം' (2017) എന്ന പുസ്തകത്തിലെ 'അകം' മുതല്‍ 'ഉണ്മ' വരെയുള്ള 18 കുറിപ്പുകളില്‍ ബോബി ജോസച്ചന്‍ ചൂണ്ടിക്കാട്ടുന്നു. ആന്തരിക ജീവിതത്തെ സഹായിക്കാന്‍ ഉതകാത്ത ബാഹ്യ ആചാരങ്ങള്‍ക്ക് എതിരെ ശബ്ദിച്ച യേശു അത്തരക്കാരെ കോപ്പയുടെ പുറം വൃത്തിയാക്കുന്നവര്‍ എന്നാണ് വിശേഷിപ്പിച്ചത്. ദൈവരാജ്യം നിന്നില്‍ത്തന്നെയാണെന്ന് യേശു പറഞ്ഞത് അകത്തേക്കു ഉറ്റുനോക്കാനുള്ള ഒരു ആഹ്വാനമാണെന്ന് കട്ടിക്കാട് ചൂണ്ടിക്കാട്ടുന്നു.

യേശു എന്തിനാണ് ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയത്? ഗുരുപാദത്തില്‍ സദാ ഇരിക്കാന്‍ ആഗ്രഹിച്ച ലാസറിന്റെ സഹോദരി മറിയത്തെപ്പറ്റി പറയുന്നത്, അവള്‍ ജീവിതത്തിന്റെ നല്ലഭാഗം തിരഞ്ഞെടുത്തു എന്നാണ്. യേശുവിന്റെ കാല്‍പ്പാദമല്ല, ഏതൊരാളിന്റേയും കാല്‍പ്പാദങ്ങളെ ഉറ്റുനോക്കുന്നതു ജീവിതത്തിന്റെ 'നല്ല ഭാഗം' തന്നെയാണെന്നു ബോബി ജോസച്ചന്‍ ചൂണ്ടിക്കാട്ടുന്നു. ഏതൊരു മനുഷ്യനും പ്രകാശിക്കുന്ന കാല്‍പ്പാദങ്ങളുമായി സഞ്ചരിക്കണം - യേശുവിന്റെ ജീവിതത്തെ വേദപുസ്തകം സംഗ്രഹിക്കുന്നത് അവന്‍ നന്മ ചെയ്തു ചുറ്റി സഞ്ചരിച്ചു എന്നാണല്ലോ. 

അവനവനിലെ സ്ത്രീയുടെ അംശം വളര്‍ത്തിയെടുക്കാന്‍ ആഹ്വാനം ചെയ്യുന്ന പുസ്തകമാണ് 'അവള്‍' (2017). എല്ലാവരുടേയും ഉള്ളിലുള്ള അവളുടെ കനിവും കരുതലും വാത്സല്യവും സ്‌നേഹവും ദയയും ആര്‍ദ്രതയും വളര്‍ത്തിയെടുക്കാന്‍ ഉദ്ബോധിപ്പിക്കുന്ന ഈ പുസ്തകം അവളെപ്പറ്റിയുള്ള 40 കുറിപ്പുകളുടെ സമാഹാരമാണ്. ആത്മീയത അതില്‍ത്തന്നെ സ്ത്രൈണമായ ഒരനുഭവമാണെന്ന് ബോബി ജോസച്ചന്‍ പറയുന്നു. ''ഞാന്‍ വന്നിരിക്കുന്നതു ജീവന്‍ നല്‍കാനും ജീവന്‍ സമൃദ്ധിയായി നല്‍കാനും വേണ്ടിയാണെന്നുള്ള ക്രിസ്തുമൊഴിയില്‍ ആത്മീയതയുടെ സ്ത്രൈണമായ ആ മൂലക്കല്ല് ഉണ്ടെന്ന് കട്ടിക്കാട് ചൂണ്ടിക്കാട്ടുന്നു. സ്ത്രൈണമെന്നു മാത്രം വിശേഷിപ്പിക്കാന്‍ കഴിയുന്ന ഒരാത്മീയത ക്രിസ്തു രൂപപ്പെടുത്തുക മാത്രമല്ല, ക്രിസ്തുവില്‍ രൂപപ്പെടുകയും ചെയ്തിരുന്നു. ക്രിസ്തു അവതരിപ്പിച്ച പല പാഠങ്ങളും സ്ത്രൈണകല്പനകള്‍കൊണ്ടും ബിംബങ്ങള്‍കൊണ്ടും സമൃദ്ധമായിരുന്നു. സുവിശേഷം അടുക്കളയിറയത്തേയ്ക്ക് എത്തിനോക്കുന്ന പുളിമാവിന്റേയും ദൈവരാജ്യത്തിന്റേയും മണിയറത്തോഴിയുടേയും കളഞ്ഞുപോയ നാണയം വീട് അരിച്ചുപെറുക്കി കണ്ടെത്തിയ സ്ത്രീയുടേയും മറ്റും പാഠങ്ങള്‍ അതിനൊരു ദൃഷ്ടാന്തമാണ്. ''ക്രിസ്തു സ്‌നേഹിച്ച ശിഷ്യന്‍ തന്റെ ശിരസ്സ് അവന്റെ മാറോട് ചേര്‍ത്തു കിടന്നു. പിന്നെ നിര്‍മ്മലസ്‌നേഹത്തിന്റെ സ്തന്യം നുകര്‍ന്നു'' എന്ന വരികള്‍ സുവിശേഷത്തിലെ ഏറ്റവും ലാവണ്യമുള്ള വരികളാണെന്നും കട്ടിക്കാട് സാക്ഷ്യപ്പെടുത്തുന്നു. ക്രിസ്തു തന്റെ സ്ത്രൈണാഭിമുഖ്യങ്ങളുടെ പരകോടിയില്‍ നില്‍ക്കുകയാണ്. തിരുവത്താഴ മേശയിലെ മുഴുവന്‍ ശരീരഭാഷയും സ്ത്രീക്കു നിരക്കുന്നതാണ്. 

''ഈശ്വരന്‍ കരുതിവച്ച ജ്ഞാനത്തിന്റെ ഉപ്പുകലര്‍ത്തിയ വാക്കുകളാ''ണ് 'രമണീയം ഈ ജീവിതം' (2018) എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. 'ഉടല്‍' മുതല്‍ 'കടല്‍' വരെയുള്ള ചിന്തകളിലൂടെ ജീവിതത്തിന്റെ തെളിനീരുറവകളിലേക്ക് ബോബി ജോസച്ചന്‍ വഴി തുറക്കുന്നു. അഹത്തിന്റെ കുന്നുകള്‍ നിരപ്പാക്കി പുതിയ ജീവിതവീഥി ഒരുക്കണമെന്ന് ക്രിസ്തു പരസ്യജീവിതത്തില്‍ ആഹ്വാനം ചെയ്തു. പാരമ്പര്യം, അധികാരം, ധനം, അറിവ്, സംസ്‌കാരം, ബന്ധങ്ങള്‍ എന്നിവയുടെ കുന്നുകള്‍ നിരപ്പാക്കാന്‍ ക്രിസ്തു യഹൂദന്മാരോട് ആവശ്യപ്പെടുകയാണ്.

ഒരു മുളന്തണ്ടില്‍നിന്നു സംഗീതത്തിലേക്കുള്ള ദൂരം ഏഴു മുറിവുകളുടേതാണെന്നു ചൂണ്ടിക്കാട്ടുന്ന ബോബി ജോസച്ചന്‍ നീതിമാന്റെ സഹനം ഒരു ധ്യാനമായി അവതരിപ്പിക്കുകയാണ്. ബൈബിള്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നുണ്ടെങ്കിലും വ്യക്തമായ ഉത്തരം നല്‍കാത്ത ഒരു ചോദ്യം, എന്തുകൊണ്ട് നീതിമാന്‍ സഹിക്കേണ്ടിവരുന്നു എന്നതാണെന്നു പറയുന്നു. പഴയനിയമത്തില്‍ ദുരന്തത്തിനു വിധേയനായ ഇയ്യോബ്, അത് എന്തുകൊണ്ട് എന്ന് ചോദിക്കുന്നുണ്ട്. ''കാട്ടാട് പെറ്റുപെരുകുന്നത് എങ്ങനെയാണെന്ന് അറിയാമോ?'' എന്നൊരു മറുചോദ്യമായിരുന്നു ദൈവത്തിന്റെ മറുപടി: പുതിയ നിയമത്തില്‍ അത്തരമൊരു ചോദ്യം ചോദിക്കുന്നത് ക്രിസ്തുവാണ്: ''എന്റെ ദൈവമേ, എന്റെ ദൈവമേ നീയെന്നെ കൈവിട്ടത് എന്തിന് എന്നായിരുന്നു'' ക്രൂശില്‍ കിടന്ന് ക്രിസ്തു ചോദിച്ചത്. ''എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുള്ള നിന്റെ മനസ്സില്‍ എന്റെ സഹനത്തിനും ഒരു ഉത്തരമുണ്ട് - ഒരുപക്ഷേ, എനിക്കതു വെളിപ്പെട്ടു കിട്ടിയില്ലെങ്കില്‍പോലും'' എന്ന് ക്രിസ്തു അപ്പോള്‍ ചിന്തിച്ചിരുന്നിരിക്കാം. ആ മനസ്സിന്റെ മുന്‍പില്‍ ഞാനെന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു എന്നാണ് ക്രിസ്തു ഒടുവില്‍ പറഞ്ഞത്. ഏതൊരു സഹനാനുഭവങ്ങള്‍ക്കു ശേഷവും ഒരുവന്‍ എത്തിച്ചേരേണ്ട ഒരു സമര്‍പ്പണ ചിന്തയാണ് ഇതെന്ന് ബോബി ജോസച്ചന്‍ ചൂണ്ടിക്കാട്ടുന്നു. എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചില്ല. എന്നാല്‍, നിന്റെ മനസ്സില്‍ ഒരു ഉത്തരമുള്ളതുകൊണ്ട് ആ മനസ്സിന്റെ മുന്‍പില്‍ ഞാന്‍ കീഴടങ്ങാം എന്നാണ് ക്രിസ്തു വ്യക്തമാക്കുന്നത്. നീതിമാന്റെ സഹനത്തെപ്പറ്റി ബൈബിള്‍ നല്‍കുന്ന അനുമാനങ്ങളില്‍ ഒന്ന്, അതു നന്മയിലേക്കുള്ള ഒരു ഇടദൂരമാണ് എന്നുള്ളതാണ്. നിലത്തുവീണ ഗോതമ്പുമണിയില്‍നിന്നു നൂറുമേനിയിലേക്കുള്ള ദൂരം പോലെയാണത്. ചിപ്പിക്കുള്ളില്‍ കയറുന്ന മണല്‍ത്തരി മുത്തായി രൂപാന്തരപ്പെടുന്നപോലെ മനുഷ്യന്റെ നെഞ്ചില്‍ വീഴുന്ന വേദനയുടെ മണല്‍ത്തരി ഒരു നാള്‍ മുത്തായി മാറുമെന്ന് കട്ടിക്കാട് ധ്യാനിക്കുന്നു. സഹനം ആഴത്തിലുള്ള ദൈവദര്‍ശനത്തിലേക്കു നയിക്കുമെന്നും സഹനം കൂടുതല്‍ കരുത്തുണ്ടാക്കുമെന്നും സഹനം നമ്മെ സഹജമനുഷ്യനാക്കുമെന്നും കട്ടിക്കാട് വ്യാഖ്യാനിക്കുന്നു. ക്രിസ്തു നമ്മുടെ ദുഃഖങ്ങള്‍ ചുമന്നുകൊണ്ട് സഹനത്തിനു പുതിയ ഭാഷ്യം നിര്‍മ്മിച്ചു. സഹിക്കുന്നവനോടൊപ്പം ദൈവമുണ്ടെന്ന ദര്‍ശനവും കട്ടിക്കാട് അവതരിപ്പിക്കുന്നു. 

മനുഷ്യരത്രയും പ്രകാശം പരത്താന്‍ പോകുന്ന ഒരു ദിവസം, ഓരോരുത്തരും സൂര്യനാകുന്ന ഒരു പുലരി സ്വപ്നം കാണുന്ന ചിന്തകളുടെ സമാഹാരമാണ് 'പുലര്‍വെട്ടം' (2020). 'വീണ്ടും പിറക്കുക' എന്ന് യേശു പറഞ്ഞത്, ഒരു രൂപാന്തരീകരണത്തിനു നേരമായി എന്നാണെന്നും വാക്ക് കുരിശുമരണത്തിനു വിധിക്കുമ്പോള്‍ വചനം ഉയിര്‍പ്പാകുന്നു എന്നും ചെയ്യാതെ പോയ സുകൃതങ്ങളാണ് പാപമെന്നും മറ്റുമുള്ള ചിന്താശകലങ്ങള്‍ അക്ഷരങ്ങളെ വെളിച്ചത്തിന്റെ വസ്ത്രമണിയിക്കുന്നു. ഒന്നിനേയും ഭയപ്പെടരുത് എന്നാണ് വേദപുസ്തകം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ആനന്ദമുള്ള മനുഷ്യരാകാന്‍ അപരനിലേക്കു കരം നീട്ടണമെന്നും ദൈവരാജ്യം എന്ന പദം കൊണ്ട് യേശു വിശദീകരിക്കുന്നത്, ഹൃദയം ഒരൊറ്റ കാര്യത്തില്‍ മാത്രം ഏകാഗ്രമാക്കേണ്ടതുണ്ട് എന്നാണെന്നും ബോബി ജോസച്ചന്‍ എഴുതുന്നു. 'ഇന്ന്', 'ഇപ്പോള്‍' എന്നീ വാക്കുകള്‍ പിശുക്കന്റെ പൊന്‍നാണയംപോലെ സൂക്ഷിച്ചു ചെലവഴിക്കേണ്ട ഒരു നേരമായി കട്ടിക്കാട് വ്യാഖ്യാനിക്കുന്നു - 'ഇന്ന്' ഈ ഭവനം രക്ഷപ്രാപിച്ചിരിക്കുന്നു; നീ എന്നോടൊപ്പം 'ഇപ്പോള്‍' തന്നെ പറുദീസയിലാണ് എന്നൊക്കെ യേശു പറയുന്നത്, വര്‍ത്തമാനകാലത്തു ജീവിക്കാനുള്ള യേശുവിന്റെ ഒരു ക്ഷണമാണെന്നും കട്ടിക്കാട് വ്യാഖ്യാനിക്കുന്നു. 

ബോബി ജോസച്ചന്റെ ഏറ്റവും പുതിയ പുസ്തകമായ 'താക്കോല്‍' (2021) 25 പ്രഭാഷണങ്ങളുടെ സമാഹാരമാണ്. ബൈബിള്‍ ധ്യാനവിഷയമാക്കി അദ്ദേഹം നടത്തിയ ഈ പ്രഭാഷണങ്ങള്‍ വര്‍ത്തമാനകാല മനുഷ്യന്റെ ജീവിതസംഘര്‍ഷങ്ങളേയും ജീവിതവ്യാപാരങ്ങളേയും മാത്രമല്ല, അവരുടെ ആലോചനകളേയും ആത്മരോദനങ്ങളേയും അവധാനതയോടെ സമീപിക്കുകയും അതിന് ആഴമുള്ള അര്‍ത്ഥവും അര്‍ത്ഥമുള്ള ആഴവും അളന്നുകൊടുക്കുകയും ചെയ്യുന്നു. 

ആഴത്തിലുള്ള ക്രിസ്ത്വാനുഭവത്തെപ്പറ്റിയാണ് ബോബി ജോസച്ചന് ആദ്യന്തം പറയാനുള്ളത്. ഉദാഹരണത്തിന്, പുതിയനിയമത്തില്‍ പത്രോസിന് യേശുവില്‍നിന്നു ലഭിച്ച ആശീര്‍വാദത്തെ ബോബി ജോസച്ചന്‍ ഈ പുസ്തകത്തില്‍ 'താക്കോല്‍' എന്ന ശീര്‍ഷകമുള്ള കുറിപ്പില്‍ മനോഹരമായി വ്യാഖ്യാനിക്കുന്നുണ്ട്. പത്രോസിന് യേശു നല്‍കിയ ആശീര്‍വ്വാദം സാധകരെന്ന നിലയില്‍ നമുക്കും അവകാശപ്പെട്ടതാണെന്ന് അദ്ദേഹം എഴുതുന്നു. ''ഈ പാറമേല്‍ ഞാന്‍ പള്ളി പണിയും'' എന്ന യേശുവിന്റെ വചനത്തെ ബോബി ജോസച്ചന്‍ ആധുനിക മനുഷ്യര്‍ക്കു വ്യാഖ്യാനിച്ചുകൊടുക്കുന്നത്, പള്ളി പണിയാനുള്ള ദൗത്യം പത്രോസിനു മാത്രം ചാര്‍ത്തിക്കൊടുത്തുകൊണ്ടല്ല! ഒരു ബൈബിള്‍ പണ്ഡിതനും വ്യാഖ്യാനിക്കാത്ത ഒരു കാര്യമാണ് ബോബിയച്ചന് ഇവിടെ വ്യാഖ്യാനിക്കാനുള്ളത്. ഗുരുവില്‍ ആഴപ്പെട്ട ഒരു സാധകന്, അതായത് ക്രിസ്ത്വാനുഭവത്തിലൂടെ ജീവിതത്തെ ആഴപ്പെടുത്തുമ്പോള്‍ അതു ജീവിതത്തിന് ഒരു ഉള്‍ക്കരുത്ത് ഉണ്ടാക്കും. അത്തരമൊരു അടിസ്ഥാനശിലയുടെ മീതെ ജീവിക്കാന്‍ തുടങ്ങുമ്പോള്‍ നമ്മള്‍ ഭൂമിയില്‍ ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും ദേവാലയം പോലെയാകും എന്നാണ് ബോബിയച്ചന്‍ വ്യാഖ്യാനിക്കുന്നത്. അതായത് ഈ രീതിയില്‍ നമുക്കു ഭൂമിയെ മുഴുവന്‍ ദേവാലയമാക്കാന്‍ കഴിയുമെന്നാണ് വ്യാഖ്യാനം. നമ്മള്‍ ജീവിക്കുന്ന ഓരോ ഇടവും ദേവാലയസദൃശമാക്കാന്‍ കഴിയുന്നത് എത്ര മനോഹരമായ വിചാരമാണ്!

അതുപോലെ യേശു പത്രോസിനോട് പറഞ്ഞ മറ്റൊരു കുഞ്ഞുകാര്യത്തെപ്പറ്റിയും, ''ഞാന്‍ നിന്റെ കൈവശം സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ ഏല്പിക്കുകയാണ്'' എന്ന ആ പ്രസ്താവനയെപ്പറ്റി ബോബിയച്ചന്‍ ഇതില്‍ വ്യാഖ്യാനിക്കുന്നത് എത്ര മനോഹരമായിട്ടാണെന്നു നോക്കുക. പത്രോസിന്റെ കൈവെള്ളയില്‍ യേശു വച്ചുകൊടുത്ത ആ താക്കോല്‍ സൂക്ഷിച്ചുനോക്കിയാല്‍ നമ്മുടെ കൈവെള്ളയിലും കാണാമെന്നാണ് ബോബിയച്ചന്‍ ചൂണ്ടിക്കാട്ടുന്നത്. അതായത് നമ്മുടെ കൂടെ വസിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗം തുറന്നുകൊടുക്കാനുള്ള താക്കോല്‍ നമ്മുടെ കൈവെള്ളയിലാണ് ഉള്ളതെന്നാണ് ബോബിയച്ചന്റെ ഭാഷ്യം. എത്ര ഭംഗിയുള്ള ബൈബിള്‍ വ്യാഖ്യാനമാണിത്!

ബൈബിള്‍ എന്നു പറയുന്നത് ഒരു ആന്തരിക പരിണാമത്തിന്റെ കഥയാണെന്നാണ് ബോബി ജോസച്ചന്‍ പറയുന്നത്. ശാസ്ത്രം പറയുന്ന പരിണാമമല്ല. ആ പരിണാമത്തിന്റെ കഥകളൊക്കെ അവസാനിച്ചു. എന്നാല്‍, ബൈബിള്‍ പറയുന്ന പരിണാമത്തിന്റെ കഥകള്‍ അവസാനിച്ചിട്ടില്ല. ഇനി എന്തെങ്കിലുമൊരു പരിണാമത്തിനു സാധ്യതയുണ്ടെങ്കില്‍ ദൈവമനുഷ്യനെന്നൊരു പരിണാമത്തിനു സാധ്യതയുണ്ടെന്നാണ് ഈ പുസ്തകത്തില്‍ 'പൊറുതി' എന്ന കുറിപ്പില്‍ ബോബി ജോസച്ചന്‍ ചൂണ്ടിക്കാട്ടുന്നത്. എങ്ങനെ ദൈവമനുഷ്യനാകാന്‍ കഴിയും? എങ്ങനെ ദൈവമകനാകാന്‍ കഴിയും?

ഈ പുസ്തകത്തിലെ ഓരോ കുറിപ്പും അത്തരമൊരു പരിണാമത്തിനു മനുഷ്യരെ പ്രചോദിപ്പിക്കുന്നവയാണ്. അതെ, ആന്തരിക പരിണാമം എന്ന ആശയത്തെ ബോബി ജോസച്ചന്‍ ബൈബിള്‍ ദൃഷ്ടാന്തങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുന്നു. 

ഈ പ്രപഞ്ചത്തില്‍ മനുഷ്യര്‍ ഉപയോഗിക്കുന്ന പദങ്ങളില്‍നിന്ന് ഏതെങ്കിലുമൊരു പദം തെരഞ്ഞെടുക്കാന്‍ ദൈവം ആവശ്യപ്പെടുകയാണെങ്കില്‍ താന്‍ തെരഞ്ഞെടുക്കുന്നതു സ്‌നേഹം എന്ന പദമായിരിക്കുമെന്ന് ബോബി ജോസച്ചന്‍ പറയുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കണ്ടെത്തല്‍ സ്‌നേഹവുമായി ബന്ധപ്പെട്ട കണ്ടെത്തലാണ്. അതുകൊണ്ടാണ് സ്വന്തം സ്‌നേഹത്തെ പുനഃപരിശോധിക്കാന്‍ ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്വന്തം സ്‌നേഹത്തെ പുനഃപരിശോധിക്കാന്‍ നമ്മള്‍ തയ്യാറാവുകയാണെങ്കില്‍ ലോകത്തുള്ള ഏതൊരു കൊമ്പനും വാവിട്ടു കരയുമെന്നാണ് ബോബി ജോസച്ചന്റെ സാക്ഷ്യം. യോഹന്നാന്റെ സുവിശേഷം 21-ാം അധ്യായം 15-ാം വാക്യത്തില്‍ ''ശീമോനേ, നീ ഇവരില്‍ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ'' എന്ന ചോദ്യം, ഈ സ്‌നേഹത്തിനൊക്കെ ഒരു പുനഃപരിശോധന ആവശ്യമില്ലേ എന്ന് ആലോചിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇതിലെ 'സുബോധം' എന്ന കുറിപ്പില്‍ അക്കാര്യം പറയുന്നുണ്ട്. സ്‌നേഹത്തെക്കുറിച്ചുള്ള നമ്മുടെ ഹുങ്കിനെ യേശുദേവന്റെ ഈ ചോദ്യം തകര്‍ക്കുന്നു. മനുഷ്യന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഏറ്റവും പുരാതന നുണയുടെ പേരാണ് സ്‌നേഹമെന്നും നമ്മളെല്ലാം എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് ഈ നുണയാണെന്നും ബോബി ജോസച്ചന്‍ വ്യക്തമാക്കുന്നു. അതിനാല്‍ സ്‌നേഹത്തെക്കുറിച്ച് ഇത്തിരി സന്ദേഹം നമുക്കുണ്ടാകണമെന്നും അല്ലെങ്കില്‍ നമ്മുടെ ജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളൊക്കെ സ്‌നേഹമാണെന്നു തെറ്റുദ്ധരിച്ചുകൊണ്ട് നമ്മള്‍ ജീവിച്ചുപോകുമെന്നും അദ്ദേഹം വ്യാഖ്യാനിക്കുന്നു. ഉപാധികളില്ലാത്ത സ്‌നേഹത്തെക്കുറിച്ച് പ്രകാശം കിട്ടിയ ഒരു മനുഷ്യനു മാത്രമേ ആ കൃത്യമായ സ്‌നേഹത്തിന്റെ തീര്‍ത്ഥയാത്രയിലേക്ക് ഏര്‍പ്പെടാന്‍ കഴിയൂ. സ്‌നേഹത്തിന്റെ വിപരീതപദം വെറുപ്പ്, വിദ്വേഷം എന്നിങ്ങനെയുള്ള വാക്കുകളല്ലെന്നാണ് ബോബിയച്ചന്‍ പറയുന്നത്. പ്രിയം, ഇഷ്ടം എന്നിങ്ങനെയുള്ള വാക്കുകളാണ്. എന്തൊക്കെയാണ് 'സ്‌നേഹം' പറയാന്‍ ശ്രമിക്കുന്നത്? അതൊന്നുമല്ല, 'ഇഷ്ടം' പറയാന്‍ ശ്രമിക്കുന്നത്. അതിനാല്‍ സ്‌നേഹത്തിന്റെ എതിര്‍പദമാണ് ഇഷ്ടം. സ്‌നേഹം ഒരു സ്വഭാവവും ഇഷ്ടം ഒരു വികാരവുമാണ്. ഉപാധിയില്ലാത്ത സ്‌നേഹമാണ് ലോകത്തിനു ക്രിസ്തു നല്‍കിയ പുതുവീഞ്ഞ്. അതേറ്റു വാങ്ങാന്‍ പറ്റിയ അധികം തോല്‍ക്കുടങ്ങളൊന്നും ഭൂമിയില്‍ രൂപപ്പെട്ടിട്ടില്ലെന്നും ബോബി ജോസച്ചന്‍ പറയുന്നു. അതിനാല്‍ ശീമോനോട് ചോദിച്ചപോലെ ''നീ സ്‌നേഹിക്കുന്നുണ്ടോ?'' ''നീ സ്‌നേഹിക്കുന്നുണ്ടോ?'' ''നീ സ്‌നേഹിക്കുന്നുണ്ടോ?'' എന്ന ചോദ്യത്തിനു മുന്നില്‍ വാവിട്ടു കരയാതിരിക്കാന്‍ ചിന്താശക്തിയുള്ള ആര്‍ക്കും കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അഗാധമായ സ്‌നേഹത്തിലേക്ക് ഉണര്‍വ്വു കിട്ടുമ്പോഴാണ് ശരിയായ സുബോധം ഉണ്ടാകുന്നതെന്നും യഥാര്‍ത്ഥ സുബോധത്തിലേക്ക് ഉണര്‍ന്ന മനുഷ്യര്‍ തങ്ങളുടെ ജീവിതത്തിലൂടെ അത്തരം സ്‌നേഹം കൈമാറാന്‍ ഉദ്യമിക്കുമെന്നും ബോബി ജോസച്ചന്‍ വ്യാഖ്യാനിക്കുന്നു.

സ്‌നേഹത്തിന്റെ നാനാര്‍ത്ഥങ്ങളിലൊന്നായി 'നല്‍കലിനെ' പഠിപ്പിച്ചു തുടങ്ങുന്നിടത്താണ് സുവിശേഷകര്‍മ്മത്തിന്റെ പ്രസക്തിയെന്ന് ഈ പുസ്തകത്തിലെ 'ഉദാരം' എന്ന കുറിപ്പില്‍ പറയുന്നുണ്ട്. നല്‍കുക എന്നു പറയുമ്പോള്‍ നമുക്കുള്ള തെറ്റുദ്ധാരണ സ്വന്തം കീശയിലെ പണവുമായി ബന്ധപ്പെട്ടാണ്. നമ്മള്‍ എണ്ണിക്കൊടുക്കും. അല്ലെങ്കില്‍ അളന്നുകൊടുക്കും. എണ്ണവും അളവും വരുന്നതു മനുഷ്യരുടെ ഹൃദയം കഠിനമാകുമ്പോഴാണ്. അളവും എണ്ണവും ഇല്ലാതെ 'നല്‍കുക' എന്നൊരു സങ്കല്പത്തെപ്പറ്റിയാണ് ഇവിടെ ബോബി ജോസച്ചന്‍ വ്യാഖ്യാനിക്കുന്നത്. ആ സങ്കല്പത്തിലേക്ക് ഉണരാന്‍ കഴിയുന്ന മുഹൂര്‍ത്തത്തിലാണ് ക്രിസ്തീയതയുടെ ഭംഗി ആരംഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. നിന്നോട് ഒരു കാതം നടക്കാന്‍ ആവശ്യപ്പെട്ടവനോടൊപ്പം രണ്ടു കാതം നടക്കുക എന്ന തിരുവചനത്തെ ബോബി ജോസച്ചന്‍ വ്യാഖ്യാനിക്കുന്നത്, തങ്ങളുടെ ജീവിതത്തില്‍നിന്നു സമൂഹം അനുശാസിക്കുന്നതിന് അപ്പുറമായിട്ട് ഒരു ചുവട് വയ്ക്കുന്നതിനെ വിളിക്കുന്ന വാക്കാണ് രണ്ടാം കാതം, എന്നാണ്. അത്തരമൊരു ഉദാര മനോഭാവത്തിലേക്കു നമ്മുടെ ചങ്ക് പ്രകാശിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു.
സുവിശേഷത്തെ 'ആക്ടീവ്' ആയി വായിക്കുന്ന ഒരു ശൈലിയാണ് ബോബി ജോസച്ചന്‍ ഈ പുസ്തകത്തില്‍ മാത്രമല്ല, മറ്റെല്ലാ രചനകളിലും അവതരിപ്പിച്ചിട്ടുള്ളത്. മതത്തിന്റെ ആനന്ദതലം എന്നൊരു ആശയം അദ്ദേഹം 'ഓശാന' എന്ന കുറിപ്പില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. മതത്തിന്റെ ആനന്ദവും ആഘോഷവും ക്രിസ്തു വീണ്ടെടുക്കുകയായിരുന്നു. മതം വിരസമായി അനുഭവപ്പെട്ടിരുന്ന അക്കാലത്ത് യേശു വെള്ളത്തെ വീഞ്ഞാക്കി മാറ്റിയത് ഒരു അത്ഭുതകൃത്യമായിട്ടാണല്ലോ വാഴ്ത്തപ്പെടുന്നത്. എന്നാല്‍, ബോബിയച്ചന്‍ ആ അത്ഭുതത്തിനും അപ്പുറം ഒരു അത്ഭുതമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. മതത്തിന്റെ അനുഷ്ഠാനങ്ങള്‍ക്കുവേണ്ടി കരുതിവച്ചിരുന്ന വെള്ളത്തെ വീഞ്ഞാക്കുക വഴി മതപരമായ ശുദ്ധീകരണമാണ് യേശു നിര്‍വ്വഹിച്ചതെന്നാണ് ഗ്രന്ഥകാരന്‍ വ്യാഖ്യാനിക്കുന്നത്. ശുദ്ധീകരണം എന്നാല്‍, വെറും 'റിച്ച്വല്‍ വാഷിങ്' അല്ല. അതു മനുഷ്യനു പൂര്‍ണ്ണപ്രകാശത്തിലേക്കും അവബോധത്തിലേക്കും പക്വതയിലേക്കും സഞ്ചരിക്കാനുള്ള ഒരു ഉപാധിയാണ്. ഇപ്രകാരം മതത്തിന്റെ പ്രതലത്തെ ആഘോഷമുള്ള ഒരു ഇടമാക്കി മാറ്റുകയായിരുന്നു കാനാവില്‍ യേശു ചെയ്ത അത്ഭുതമെന്നാണ് ബോബി ജോസച്ചന്‍ പറയുന്നത്. ശുദ്ധീകരിക്കാന്‍ ഉപയോഗിച്ച വെള്ളത്തെ വീഞ്ഞാക്കുക വഴി പതയുന്ന പുതിയ ആഘോഷങ്ങളാണ് മതത്തില്‍ യേശു അന്നു തുടങ്ങിവച്ചത്. നമുക്കും അത്തരമൊരു പതച്ചില്‍ ആവശ്യമാണ്.

ഓശാനയെ നിലവിളിയെന്നാണ് ബോബി ജോസച്ചന്‍ വ്യാഖ്യാനിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ വാക്കിന്റെ അര്‍ത്ഥം, ഞങ്ങളെ രക്ഷിക്കണമേയെന്നാണ്. എന്തിനാണ് കഴുതപ്പുറത്തു വരുന്ന യേശുവിനെ കണ്ട് ജനങ്ങള്‍ ഇങ്ങനെ നിലവിളിക്കുന്നത്? യുദ്ധകാലങ്ങളില്‍ പണ്ട് കുതിരപ്പുറത്തു സഞ്ചരിക്കുന്ന രാജാവ് സമാധാനത്തിന്റെ ഉടമ്പടിക്കുവേണ്ടി പോകുന്നതു കഴുതപ്പുറത്തായിരുന്നു. ഓശാന നാളില്‍ യേശു യെരുശലേമിലേക്ക് കഴുതപ്പുറത്തു വരുന്നതും അതുപോലെ സമാധാനത്തിന്റെ ഒരു ഉടമ്പടിയുമായിട്ടാണ്. സമാധാനത്തിന്റെ ഉടമ്പടി നമ്മളും തിരിച്ചറിയണമെന്ന് യേശു ആഗ്രഹിക്കുന്നു. കഴുതപ്പുറത്ത് വരുന്ന യേശുവിനെ കണ്ടിട്ട് ജനങ്ങള്‍ തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍പോലും വാരിവിതറി നിലവിളിക്കുന്നത്, ഞങ്ങളെ രക്ഷിക്കണമേയെന്നാണ്. ഈ മേല്‍വസ്ത്രങ്ങള്‍ പാവപ്പെട്ടവര്‍ അക്കാലത്തു പണയംവയ്ക്കാനും ഉപയോഗിച്ചവയാണ്. ഇങ്ങനെ മേല്‍വസ്ത്രം വിതറി നിലവിളിക്കുന്നവരെ കണ്ടിട്ട് അന്നത്തെ പ്രമുഖര്‍ യേശുവിനോട്, അവരെല്ലാം നിശ്ശബ്ദത പാലിക്കണമെന്ന് പറയാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അതിന് യേശു നല്‍കിയ മറുപടി: ''ഇവര്‍ നിശ്ശബ്ദരാവുകയാണെങ്കില്‍ ഈ കല്ലുകള്‍ എനിക്കുവേണ്ടി ഓശാന പാടും'' എന്നാണ്. അതിനാല്‍ രക്ഷ മനുഷ്യനു മാത്രമുള്ളതല്ല, സമസ്ത സൃഷ്ടികളും നിലവിളിക്കുന്നതു രക്ഷയ്ക്കുവേണ്ടിയാണ് എന്ന് ബോബി ജോസച്ചന്‍ പറയുന്നു.

ഓശാനയെ നിലവിളികളുടെ ഉത്സവം മാത്രമായിട്ടല്ല, സ്തുതിയുടേയും കൃതജ്ഞതയുടേയും ഉത്സവമായും ബോബി ജോസച്ചന്‍ ദര്‍ശിക്കുന്നുണ്ട്. ഭൂമിയില്‍ ഏറ്റവും കൃതജ്ഞതാഭരിതമായ ഒരു ഹൃദയത്തില്‍നിന്നു വരുന്ന പ്രാര്‍ത്ഥനാസങ്കീര്‍ത്തനമാണ് ഓശാനയെന്ന് അദ്ദേഹം വ്യാഖ്യാനിക്കുന്നു. വലിയ വിലയ്ക്കു പണയം വയ്ക്കാന്‍ സൂക്ഷിച്ചുവച്ചിരുന്ന മേലങ്കികള്‍ ദരിദ്രര്‍ യേശുവിനു വഴി നടക്കാന്‍ വലിച്ചെറിഞ്ഞതു സ്തുതിയുടേയും കൃതജ്ഞതയുടേയും അടയാളമാണ്. അതിനാല്‍ ഓശാന എന്നാല്‍, നമ്മുടെ ദാരിദ്ര്യം പിടിച്ച ജീവിതത്തിലേക്ക് സമാധാനത്തിന്റെ പ്രഭുവായ യേശുവിനു സഞ്ചരിക്കാനുള്ള മുഹൂര്‍ത്തം സൃഷ്ടിക്കുന്ന കൃതജ്ഞതയുടേയും സ്‌തോത്രത്തിന്റേയും ഉത്സവമാണെന്ന് ബോബി ജോസച്ചന്‍ വ്യാഖ്യാനിക്കുകയാണ്.

ഈ പുസ്തകത്തിലെ ഓരോ കുറിപ്പും ഇപ്രകാരം സുവിശേഷത്തിന്റെ വ്യാഖ്യാനം തന്നെയാണ്. ഓരോ മനുഷ്യനും ചില താക്കോല്‍ പദങ്ങളുണ്ടെന്ന് ബോബി ജോസച്ചന്‍ എഴുതുന്നു. യേശുവിന്റെ താക്കോല്‍ പദങ്ങള്‍ എന്തൊക്കെയാണ്? അതെങ്ങനെയാണ് നമ്മിലൂടെ മുഴങ്ങേണ്ടത്? ക്രൂശിലെ ഏഴുമൊഴികളിലേക്ക് ബോബിയച്ചന്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. യേശുവിന്റെ ജീവിതത്തിന്റേയും 'മൈന്‍ഡ്സെറ്റി'ന്റേയും ഒരു സംക്ഷിപ്തം ആ ഏഴുമൊഴികളില്‍ ഉണ്ടെന്ന് അദ്ദേഹം വ്യാഖ്യാനിക്കുന്നു. ''ഇവര്‍ ചെയ്യുന്നത് എന്തെന്ന് അറിയായ്കയാല്‍ ഇവരോട് ക്ഷമിക്കേണമേ'' എന്നാണ് യേശു പറയുന്നത്. യേശുവിന്റെ താക്കോല്‍ പദം 'മാപ്പ്' നല്‍കലാണ്. ക്ഷമിക്കുക എന്ന ആശയം നമ്മുടെ ജീവിതകാലത്ത് എങ്ങനെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് 'മാപ്പ്' എന്ന കുറിപ്പില്‍ ബോബി ജോസച്ചന്‍ ചോദിക്കുന്നു. നമുക്കു ദൈവമാകാനുള്ള ഒരു 'കുറുക്കുവഴി' കൂടിയാണ് ഈ മാപ്പു നല്‍കല്‍ എന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. എന്നാല്‍, സ്വയം പൊറുത്തതിന്റെ ആനന്ദം അനുഭവിക്കാത്ത ഒരാള്‍ക്കു മറ്റൊരാളോട് പൊറുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം ഇങ്ങനെ എഴുതുന്നു: ''ഒരാള്‍ അയാളുടെ ഭൂതകാലത്തിനു മാപ്പു കൊടുക്കണം. പരിഹാരമില്ലാത്ത, ശമനമില്ലാത്ത ഇന്നലെകള്‍ക്കു നാം മാപ്പു കൊടുക്കണം എന്നിട്ട് കുറേക്കൂടി കുലീനമായി ജീവിക്കണം. ദൈവം മാപ്പു നല്‍കിയ ജീവിതത്തിനു മീതെ നിങ്ങള്‍ ഇനി കപ്പം ചുമത്തരുത്.'' മാപ്പ് എന്ന ആശയം നമ്മുടെ ജീവിതത്തിന്റേയും സംസ്‌കാരത്തിന്റേയും ഭാഗമാക്കണമെന്ന് ബോബി ജോസച്ചന്‍ ഇവിടെ ഉദ്ബോധിപ്പിക്കുകയാണ്. നിരന്തരമായി മാപ്പു നല്‍കി ഓരോരുത്തരിലും ആഴപ്പെടുന്ന ഒരു സവിശേഷതയാണ് സംസ്‌കാരമെന്നും ബോബിയച്ചന്‍ നിര്‍വ്വചിക്കുന്നു.

ഫാ. ബോബി ജോസ് കട്ടിക്കാട്
ഫാ. ബോബി ജോസ് കട്ടിക്കാട്

മൈത്രി എന്ന വിഷയത്തെപ്പറ്റി ബോബി ജോസച്ചന്‍ ഇതില്‍ വര്‍ണ്ണിക്കുന്നുണ്ട്. യേശുവിനു വേണ്ടിയുള്ള ഒരു പര്യായപദമായിട്ടാണ് 'മൈത്രി'യെ അദ്ദേഹം കാണുന്നത്. മിത്രബോധത്തെപ്പറ്റിയാണ് യേശു തന്റെ പരസ്യജീവിതത്തില്‍ അനുസ്മരിപ്പിക്കുന്നത്. ഭൂമിയില്‍ മൈത്രി ഉണര്‍ത്താന്‍ വന്ന ആളെന്ന നിലയില്‍ യേശുവിനെ ഗ്രന്ഥകാരന്‍ 'മൈത്രി' എന്ന കുറിപ്പില്‍ കണ്ടെത്തുകയാണ്. തന്റെ കൂട്ടുകാരനായ ലാസറിന്റെ കുഴിമാടത്തില്‍ വച്ച് യേശു കണ്ണീര്‍വാര്‍ക്കുകയല്ല, അലമുറയിടുകയാണ് ചെയ്തതെന്നു ബോബിയച്ചന്‍ പറയുന്നു. ചങ്ങാതിയുടെ സാന്നിദ്ധ്യത്തിനു മൂല്യം കൊടുക്കുന്ന യേശുവിനെ അദ്ദേഹം വരച്ചുകാട്ടുന്നു. മഹത്വത്തിന്റെ താബോറുകളില്‍ നമ്മോടൊപ്പം ഉണര്‍ന്നിരിക്കാന്‍ ആരെങ്കിലും ഉണ്ടാവും. എന്നാല്‍, പാനപാത്രങ്ങളുടെ ഗദ്‌സമേനകളില്‍, ദുഃഖത്തിന്റെ താഴ്വരകളില്‍ ആയിരിക്കും നമ്മള്‍ യഥാര്‍ത്ഥ ചങ്ങാതിമാരെ തിരിച്ചറിയുന്നത്. ''ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല'' എന്ന വചനം ഭൂമിയുടെ അനാഥത്വത്തെപ്പറ്റി ആലോചിക്കാനുള്ള ഒരു വചനമാണ്. മനുഷ്യന്റെ അനാഥത്വത്തിനു ശമനം കണ്ടെത്തുക എന്നതാണ് ഏറ്റവും കൃത്യമായ സുവിശേഷമെന്നും ബോബിയച്ചന്‍ വ്യാഖ്യാനിക്കുന്നു.

പുതിയനിയമത്തില്‍നിന്ന് ഇപ്രകാരം ചില താക്കോല്‍ പദങ്ങളെടുത്തുകൊണ്ടാണ് ഈ പുസ്തകത്തില്‍ ബോബി ജോസച്ചന്‍ സുവിശേഷത്തെ വ്യാഖ്യാനിക്കുന്നത്. യോഹന്നാന്‍ രേഖപ്പെടുത്തുന്ന അത്തരം ഒരു വാക്കാണ് 'ദാഹം.' ഈ താക്കോല്‍ പദം യോഹന്നാന്‍ ഉപയോഗിക്കുന്നതു ശരീരത്തിന്റെ ഒരു പ്രക്രിയയായിട്ടല്ല. അത് ആത്മാവിന്റേതാണ്. ദാഹമെന്നു പറയുന്നതു പരമചൈതന്യത്തിനുവേണ്ടിയുള്ള നമ്മുടെ അര്‍ത്ഥനയുടേയും അലച്ചിലിന്റേയുമൊക്കെ ഒരു പദമാണെന്നു ബോബി ജോസച്ചന്‍ വ്യാഖ്യാനിക്കുന്നു. ഇപ്രകാരം താക്കോല്‍ പദങ്ങള്‍ കണ്ടെത്തി ബോബിയച്ചന്‍ ബൈബിളിന്റെ ആഴങ്ങളിലേക്കു വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നു, ഈ പുസ്തകത്തില്‍. ഇത് പുതിയൊരു വായനാനുഭവം തന്നെയാണ്.

സുവിശേഷത്തില്‍നിന്ന് ഇത്തരം താക്കോല്‍ പദങ്ങള്‍ കണ്ടെത്താന്‍ ബോബി ജോസ് കട്ടിക്കാട് വായനക്കാരേയും ആഹ്വാനം ചെയ്യുന്നു. 'ഓര്‍ഡിനറി', 'ചില്ല്', 'പുലര്‍വെട്ടത്തി'ന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ എന്നിങ്ങനെ 18 പുസ്തകങ്ങള്‍ രചിക്കുകയല്ല, ബൈബിള്‍ ആശയപ്രപഞ്ചത്തിലൂടെയും ബൈബിള്‍ ജീവിതാനുഭവങ്ങളിലൂടെയും 18,000 അന്വേഷണങ്ങള്‍ നടത്തുകയാണ് ബോബി ജോസ് കട്ടിക്കാട് ചെയ്തിട്ടുള്ളത്. അതിലൂടെയെല്ലാം ബൈബിള്‍ പുനര്‍വായന നടത്തിയും വ്യാഖ്യാനം നടത്തിയും സുവിശേഷത്തിന്റെ പ്രചാരകരാകാനും സുവിശേഷം ജീവിതത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്ന മനുഷ്യരാകാനും ബോബി ജോസ് കട്ടിക്കാട് വായനക്കാരെ പ്രബോധിപ്പിക്കുകയാണ്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com