കവിത പോലെ, ക്യാമറാ ഫ്രെയ്മുകളിലേക്കുള്ള അനുഭൂതിപരമായ സഞ്ചാരം

പത്തനംതിട്ട ആങ്ങമൂഴിയില്‍ സിവില്‍ പൊലീസ് ഓഫീസറായി ജോലിനോക്കുന്ന കവി വി.ബി. ഷൈജു മനസ്സില്‍ കവിതയും തോളില്‍ ക്യാമറയുമായി പക്ഷികളെ തേടിനടന്ന അനുഭവങ്ങള്‍ 
കവിത പോലെ, ക്യാമറാ ഫ്രെയ്മുകളിലേക്കുള്ള അനുഭൂതിപരമായ സഞ്ചാരം

വിതയായിരുന്നു ഒരുകാലത്ത് വി.ബി. ഷൈജുവിന്റെ ലോകം. ബ്ലോഗിലും സമൂഹമാധ്യമങ്ങളിലുമായി പുതുവഴി തെളിച്ച കവികളില്‍ ഷൈജുവിന്റെ കവിതകള്‍ക്കു വേറിട്ട ഒരു സ്വരമുണ്ടായിരുന്നു. അനുഭവങ്ങളില്‍ നിന്നുരുവം കൊണ്ട ഭാഷയില്‍ ജീവിതത്തിന്റെ മിനുക്കങ്ങളും ഇണക്കങ്ങളും ആ കവിതകളില്‍ കടന്നുവന്നു. കുമിളുകറി, കൃഷ്ണവേണി തന്ന പലഹാരങ്ങള്‍, ഉറുമ്പുതെയ്യം, വീട് മഴ നനഞ്ഞുനില്‍ക്കുന്ന ഒരു പശു എന്നീ കവിതകള്‍ അക്കാലത്തേ ശ്രദ്ധ നേടി. പിന്നീട് കവിതയില്‍നിന്നു ഫോട്ടോഗ്രഫിയിലേക്ക് ഷൈജു വഴിതിരിച്ചു. കവിതയിലെന്ന പോലെതന്നെ ക്യാമറാഫ്രെയ്മുകളിലേക്കുള്ള അനുഭൂതിപരമായ ഒരു സഞ്ചാരം. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി പിന്തുടരുന്ന ഷൈജുവിനു പ്രിയം പക്ഷികളുടെ ലോകം. ഷൈജുവിന്റെ നൂറുകണക്കിനു പക്ഷിച്ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൊട്ടാരക്കര കോട്ടാത്തല സ്വദേശിയായ ഷൈജു പത്തനംതിട്ട ആങ്ങമൂഴിയില്‍ സിവില്‍ പൊലീസ് ഓഫീസറാണ്. ദൈനംദിന ജോലിത്തിരക്കിനിടയിലും പക്ഷികള്‍ക്കു പിറകെ പായാന്‍ സമയവും കണ്ടെത്തുന്നുവെന്നതാണ് ഷൈജുവിനെ കേള്‍ക്കുന്നതിലുള്ള കൗതുകം.

കവിതയില്‍നിന്ന് ക്യാമറയിലേക്കുള്ള മാറ്റം, അല്ലെങ്കില്‍ ഭാഷയില്‍നിന്നു ദൃശ്യത്തിലേക്കുള്ള സഞ്ചാരം. എങ്ങനെയായിരുന്നു? 

കവിതയുടെ സാധ്യത എന്താണെന്നു വെച്ചാല്‍ അവിടെ ഒരു കാഴ്ച നമ്മള്‍ തന്നെ കാണണമെന്നില്ല. ആരെങ്കിലും പറഞ്ഞുകേള്‍പ്പിച്ചാലോ അല്ലെങ്കില്‍ ആ ഒരു അനുഭവ പരിസരത്തിലൂടെ സഞ്ചരിക്കാന്‍ കഴിഞ്ഞാലോ മതി. കണ്ട സ്വപ്നത്തില്‍ നിന്നും വായിച്ചവയില്‍നിന്നും സ!ംഭാഷണത്തിനിടയില്‍നിന്നും ചാല് കീറി അതിനു വരാന്‍ പറ്റും. ചരിത്രത്തില്‍നിന്നോ അവഗണയില്‍നിന്നോ പരിഗണനയില്‍നിന്നോ സങ്കടത്തില്‍നിന്നോ സന്തോഷത്തില്‍നിന്നോ അതിനു വ്യത്യസ്തങ്ങളായ തുടക്കവും ഒടുക്കവുമുണ്ട്. അതു നമ്മള്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയില്‍ നമ്മുടെ ഭാവനയ്ക്ക് പ്രത്യേകിച്ച് റോളൊന്നുമില്ല. ഊഹങ്ങള്‍ക്കുപോലും അവിടെ വലിയ പ്രസക്തിയില്ലാന്നുള്ളതാണ്. നമ്മള്‍ ക്യാമറയുമായി നില്‍ക്കുമ്പോള്‍ നമുക്ക് മുന്നില്‍ സംഭവിക്കുന്നതു പകര്‍ത്താം. ചുരുക്കി പറഞ്ഞാല്‍ ഇവിടെ ഒരു ഫ്രെയിം നേരത്തെ സെറ്റ് ചെയ്യാന്‍ കഴിയില്ല. ക്ഷമയോടെയുള്ള കാത്തിരിപ്പ് വേണം. പക്ഷിയുടേയോ മൃഗത്തിന്റേയോ സ്വഭാവവും പ്രത്യേകതകളും അറിയേണ്ടതായിട്ടുണ്ട്. ശരിക്കു പറഞ്ഞാല്‍ എഴുത്തിലേക്കുള്ള നിരീക്ഷണങ്ങളാണ് എന്നെ ഫോട്ടോഗ്രാഫിയിലേക്ക് എത്തിച്ചത്. മഴയുടെ മഴ എന്ന പേരുപോലെ വേഴാമ്പലിന്റെ വേഴാമ്പല്‍ എന്ന പേരിലും കവിതയുടെ സുഖം കിട്ടും. 'വേടന് മയിലൊരുപിടിപ്പീലി' എന്നു ഞാന്‍ കവിതയില്‍ എഴുതിയിട്ടുണ്ട്. അങ്ങനെ ഒരു സംഗതി ഫോട്ടോയിലൂടെ പറയാന്‍ കഴിയാതെ ഞാന്‍ നിസ്സഹായനാകുന്നുണ്ട്. ആവിഷ്‌കരണത്തിന് കവിതയോളം കെല്‍പ്പ് എന്റെ ഫോട്ടോഗ്രഫിക്കു ലഭിക്കാന്‍ പോകുന്നില്ല. കവി ആയിരിക്കുന്നതാണ് ഏറ്റവും വലിയ ഭാഗ്യം. കായികമായ അധ്വാനവും ചിട്ടയും കാത്തിരിപ്പുമൊക്കെ ശീലിക്കുക വഴി വലിയ കൗതുകമുണ്ടാക്കുന്ന ഒരു സംഗതിയായി എനിക്ക് ഫോട്ടോഗ്രാഫി നിലവില്‍ അനുഭവപ്പെടുന്നു. ആവിഷ്‌കരണത്തിനും തല്‍ക്കാലം അതുതന്നെ മതിയെന്ന തോന്നലുണ്ട്. മേല്‍ പറഞ്ഞതൊക്കെ നില്‍ക്കെ തന്നെ കഥ പറയുന്ന ഒരു ചിത്രം (ഢശൗെമഹ ടീേൃ്യ) എടുക്കാന്‍ കഴിയുമ്പോള്‍ ലഭിക്കുന്ന സന്തോഷം ഒട്ടും ചെറുതായിരിക്കില്ലല്ലോ.

പനങ്കാക്ക/ കരുനാ​ഗപ്പള്ളി പാവുമ്പ/ ചിത്രങ്ങൾ വിബി ഷൈജു
പനങ്കാക്ക/ കരുനാ​ഗപ്പള്ളി പാവുമ്പ/ ചിത്രങ്ങൾ വിബി ഷൈജു

സിവില്‍ പൊലീസ് ഓഫീസറുടെ സമയബന്ധിതവും തിരക്കേറിയയതുമായ തൊഴില്‍. തീര്‍ത്തും വിഭിന്നമായ ഒരു മേഖലയാണ് വൈല്‍!ഡ് ലൈഫ് ഫോട്ടോഗ്രഫി. രണ്ടും രണ്ടുവഴികള്‍? 

വളരെ ശ്രമകരമാണ്. കാത്തിരിപ്പ് ആവശ്യമുള്ളിടത്തൊക്കെ വന്നു ജോലി തോളില്‍ തട്ടി വിളിക്കും. എഴുത്തും വായനയും സിനിമയുമൊക്കെയായി പൊലീസുകാര്‍ കലയില്‍ അവരുടെ സാന്നിദ്ധ്യം മുന്നേക്കാള്‍ സജീവമാക്കിയ കാലഘട്ടത്തിലാണ് നമ്മളുള്ളത്. അതിന്റെ പരിഗണന എനിക്കും ലഭിക്കുന്നുണ്ട്. കുടുംബത്തിനും കൂട്ടുകാര്‍ക്കും സേനയ്ക്കും ഒരു സലാം കൂടി വയ്ക്കുമ്പോഴേ ഈ ചോദ്യത്തിന്റെ മറുപടി പൂര്‍ത്തിയാവൂ.

ഷൈജുവിന്റെ ഫ്രെയിമുകള്‍ക്കു പ്രിയം പക്ഷികളാണല്ലോ?

ക്യാമറയും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളും മറ്റു ചെലവുകളും നോക്കിയാല്‍ തിരക്കേറിയ ഒരു നഗരപ്രദേശത്ത് കുറച്ചു ഭൂമി വാങ്ങി മതിലുകെട്ടിയിടാനുള്ള തുക വരും. കുറച്ചുകാലം കഴി!ഞ്ഞ് അതു വിറ്റാല്‍ ഗ്രാമപ്രദേശത്ത് സ്ഥലം വാങ്ങി വീടും വയ്ക്കാം. ഇങ്ങനത്തെ ആലോചനകളാല്‍ ക്യാമറ വാങ്ങുക എന്ന സ്വപ്നമാണ് ശരിക്കും ആദ്യം കാട് കയറിയത്, പിന്നെ ഞാനും. പക്ഷികളുടെ പടം പിടിക്കാനാണ് കൂടുതല്‍ ഇഷ്ടം. അവയെ നിരീക്ഷിക്കുക വളരെ രസമുള്ള കാര്യമാണ്. പക്ഷികള്‍ക്ക് കുറച്ചുനേരം ഒരിടത്ത് അടങ്ങി ഇരുന്നു കൂടേയെന്നു പക!ര്‍ത്താന്‍ നില്‍ക്കുമ്പോള്‍ നമുക്കു തോന്നും. മിന്നല്‍ വേഗത്തില്‍ താഴ്ന്ന് വന്ന് കൂര്‍ത്ത നഖങ്ങളില്‍ കൊരുത്തു കൊണ്ടുപോകാന്‍ ആകാശത്ത് അപാരമായ കാഴ്ചശക്തിയോടെ മരണം വട്ടമിടുമ്പോഴാണ് നമ്മടെ നേരം കെട്ട തോന്നല്‍. കാട്ടുപൊന്തകളിലും മറവുകളിലും ഈ മറഞ്ഞിരിപ്പുകള്‍ ഉണ്ട് (Cryptic coloration). അതേ മറഞ്ഞിരിപ്പിന് അവിടെ തന്നെ നമ്മുളും ഇടമുണ്ടാക്കുന്നു. അവരുടെ ലോകത്ത് അവരുടെ ശരികളും ഇടപാടുകളും ഉണ്ടെന്ന ജാമ്യത്തില്‍ ഒരു പക്ഷി മറ്റൊരു പക്ഷിയുടേയോ ഒരു മൃഗം മറ്റൊരു മൃഗത്തിന്റേയോ കുടലുകൊത്തി വലിക്കുന്നതും കൂടു തകര്‍ക്കുന്നതും മക്കളെ പിടിച്ചുകൊണ്ടുപോകുന്നതും പകര്‍ത്തി അവിടെ വെച്ച് തന്നെ സൂം ചെയ്ത് നോക്കി നിര്‍വൃതികൊള്ളാനും പറ്റും. വേട്ടക്കാരനേക്കാള്‍ വലിയ കാത്തിരിപ്പിലൂടെയാണ് ഈ കാഴ്ചകള്‍ ഒക്കെ ഇക്കണ്ട ആളുകള്‍ പകര്‍ത്തുന്നതെന്ന ബോധ്യം ഇതിന്റെ ആസ്വാദക!ര്‍ പ്രകടിപ്പിക്കുന്നുണ്ട്.

വിബി ഷൈജു
വിബി ഷൈജു

ക്യാമറയിലൂടെ കാട് കണ്ട അനുഭവങ്ങള്‍? 

കള്ളക്കഥകള്‍ കുത്തിനിറയ്ക്കാവുന്ന ഒരു അവസരമാണ് ഈ ചോദ്യത്തിലുള്ളത്. അത്രത്തോളം വ്യത്യസ്തമായ അനുഭവങ്ങള്‍ ഒന്നും എനിക്കില്ല. ഒരിക്കല്‍ പത്തനംതിട്ടയില്‍നിന്ന് പമ്പയ്ക്ക് പോകുകയാണ്. വെളുത്ത പഴയ ഒരു ആള്‍ട്ടോ കാറാണ് എന്റേത്. എന്നെപ്പോലെ വശങ്ങളിലേക്കൊക്കെ നോക്കിയും നിന്നുമാണ് അതും പോകുന്നത്. ശബരിമല സീസണൊക്കെ കഴിഞ്ഞ് ജീവികള്‍ക്കു കാട് തിരിച്ചുകിട്ടിയതിന്റെ ഒച്ചയും ബഹളവുമൊക്കയായിട്ട് ആകെ ഒരു വൈബ്. ആനത്താരകള്‍ അടയാളപ്പെടുത്തിയിട്ടുള്ളതിനാല്‍ ആനയെ കാണാന്‍ കഴിയുമോ എന്ന മട്ടില്‍ ചിലപ്പോഴൊക്കെ എന്റെ വണ്ടിക്ക് വീണ്ടും വേഗം കുറയുന്നുണ്ട്. കൂടുതല്‍ വിജനമായ ഒരിടത്ത് എത്തിയപ്പേഴേക്കും ചുള്ളിക്കമ്പുകള്‍ ഒടിയുന്ന ശബ്ദം കേട്ടുതുടങ്ങി. ആനയുണ്ട് കണ്ടേച്ചും പോകാമെന്ന് വിചാരിച്ചു. കുറേനേരമായിട്ട് അനക്കമൊന്നുമില്ല. പതിയെ കാറില്‍ നിന്നിറങ്ങി ക്യാമറയൊക്കെ ശരിയാക്കി കയ്യില്‍ വച്ചു. പെട്ടെന്ന് വണ്ടിയില്‍ കയറിപ്പോകാമെന്ന മട്ടില്‍ നിലയുറപ്പിച്ചു. വെളിച്ചം വീണ്ടും കുറഞ്ഞു വരുന്നു. ക്യാമറാ സെറ്റിംങ്ങ്‌സില്‍ ചില മാറ്റങ്ങള്‍ ഒക്കെ വരുത്തുകയാണ്. ഒടിഞ്ഞ ചുള്ളികള്‍ ഒന്നിച്ചു കൂന കൂടി വരുന്നതുപോലെ പെട്ടെന്ന് ആ മൃഗം മുന്നില്‍ വന്നു നിന്നു. മൂക്ക് തുളയ്ക്കുന്ന മണം. ഇത്രയടുത്ത് ഇത്ര വലിപ്പത്തില്‍ വന്നുനിന്ന് ഇങ്ങനെ നോക്കണമായിരുന്നോ എന്നൊന്ന് ചിന്തിക്കാനോ കയ്യിലിരുന്ന ക്യാമറ അതിന്റെ നേര്‍ക്കൊന്ന് ഉയ!ര്‍ത്താനോ എനിക്കായില്ല. കാടിനെ അരുമയോടെ കാണുന്ന കുറേയധികം മനുഷ്യരോടുള്ള സ്‌നേഹമാവാം കാതില്‍ ഹെഡ്‌സെറ്റ് വച്ച് മെല!ഡി കേല്‍ക്കുന്ന കണക്കെ, റോഡ് മുറിച്ച് നടന്നുപോകാന്‍ അതിനെ പ്രേരിപ്പിച്ച കാരണം എന്നു !ഞാന്‍ കരുതുന്നു. പിന്നില്‍ നിന്നുള്ള ഒരു നോട്ടത്തിലാണ് അതിന് കൊമ്പുകള്‍ ഉണ്ടെന്നും അത്ര കറുത്തിട്ടല്ലെന്നും എനിക്ക് അറിയാന്‍ പറ്റിയത്. അതിന്റെ പടമെടുക്കാനുള്ള ശ്വാസം ആ നേരങ്ങളില്‍ എനിക്കു കിട്ടിയതേയില്ല.

പക്ഷികളെ തേടി നടത്തിയ യാത്രകള്‍? 

തിരുനെല്‍വേലിയിലെ കൂന്തങ്കുളം ആണ് ഇവിടെ എടുത്ത് പറയേണ്ട ഒരു സ്ഥലം. വ്‌ലോഗറുമ്മാരും പക്ഷിനിരീക്ഷകരും സഞ്ചാരികളും അവിടം ഒരുപാട് വര്‍ണ്ണിച്ചു കഴിഞ്ഞു. ഞാന്‍ രണ്ടു തവണ പോയിട്ടുണ്ട്. പുതിയ അതിഥികള്‍ പറന്നുവരുമ്പോള്‍ അവിടുന്ന് ബാല്‍പാണ്ട്യന്‍ അറിയിക്കും. കൂന്തങ്കുളത്തെ പക്ഷികളെ കാണാന്‍ ക്ഷണിച്ചുകൊണ്ട് കവിത എഴുതി ഈണത്തില്‍ ചൊല്ലിക്കേള്‍പ്പിക്കുന്ന ബാല്‍ പാണ്ട്യന്‍ . കൂന്തങ്കുളം സന്ദര്‍ശിച്ചു മടങ്ങുന്ന പക്ഷി സ്‌നേഹികള്‍  ബേര്‍ഡ് മാന്‍ ഓഫ് തമിഴ്‌നാട് എന്ന് ആ മനുഷ്യനെ വിളിക്കുന്നതില്‍ അതിശയമില്ല. കൂന്തങ്കുളത്തെ ഒരു സാധാരണ ഗ്രാമവാസിയായ അയാള്‍ തന്റെ പിതാവിനൊപ്പം മീന്‍ പിടിക്കാന്‍ പോകുന്ന കാലത്ത് നീര്‍പക്ഷികളെ നിരീക്ഷിച്ച് ഒടുവില്‍ ഒരു പക്ഷിസ്‌നേഹിയായി മാറുകയാണുണ്ടായത്. കാറ്റിലും മഴയിലും നിലത്തു വീഴുന്ന കിളിക്കുഞ്ഞുങ്ങളെ പരിചരിച്ച് അവയെ ജീവിതത്തിലേക്കു വിടുന്ന ആനന്ദത്തെക്കുറിച്ച് അയാള്‍ പറയുന്നത് കേട്ടിരിക്കുമ്പോള്‍ അവിടുത്തെ വരണ്ടകാറ്റില്‍ നിന്നു മഞ്ഞുണ്ടായി വന്ന് പൊതിയുന്നതു പോലെ കുളിരുണ്ട്. ഒരു ബൈനോക്കുലറുമായി തന്റെ എം.80 യില്‍ പതിയെ പോകുന്ന ആ മനുഷ്യനെ കണ്ട് വണക്കം പറയുന്ന അന്നാട്ടുകാരാണ് അതിലും വലിയ അതിശയം. അങ്ങനെ ഒരു ബഹുമാനം ജന്‍മദേശത്ത് ലഭിക്കുക എന്നത് അങ്ങേര്‍ വാരിക്കൂട്ടിയ ആയിരക്കണക്കിന് പുരസ്‌കാരത്തേക്കാള്‍ വലുതാണ്. വള്ളിത്തായ് എന്ന സ്ത്രീ ആ മനുഷ്യന്റെ ഭാര്യയായി വന്നതിനു ശേഷം അവള്‍ മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങളും വിറ്റ് കൂന്തങ്കുളത്ത് പക്ഷികളെ സ്‌നേഹിക്കാനും പരിചരിക്കാനും ഒരു സ്ത്രീ കൂട്ടായ്മ ഉണ്ടാക്കി എന്നു കൂടി അറിയുമ്പോള്‍ 
ബാല്‍ പാണ്ട്യന്‍ ചൊല്ലുന്ന കവിത നമുക്കും ഏറ്റുചൊല്ലാന്‍ തോന്നും.

തിരുനെല്‍വേലി പക്കത്തിലേ 
കുന്താങ്കുളം ഊരിരുക്ക്
കൂടെവരും പറയ് വകളെ
കണ്ടിടുവേന്‍
ഇങ്കെ ഒട്രുമയായ് ഒണ്‍ട്രുകൂടെ
വന്തിടുവേന്‍

കന്യാസ്ത്രീ കൊക്ക്/ കൊല്ലം ജില്ലയിലെ മാലുമേൽ ബണ്ടിൽ നിന്ന് പകർത്തിയ ചിത്രം
കന്യാസ്ത്രീ കൊക്ക്/ കൊല്ലം ജില്ലയിലെ മാലുമേൽ ബണ്ടിൽ നിന്ന് പകർത്തിയ ചിത്രം

ഇനിയും അവിടെ പോകണമെന്ന് ഞാനും സുഹൃത്തുക്കളായ ആഷിഖും അതുലും തീരുമാനമെടുത്തിട്ടുണ്ട്. ഒരു പക്ഷിഗ്രാമമെന്നു വിളിക്കണം കൂന്തംകുളത്തെ. ണങുണേരി എന്നു കൂടി ആ സ്ഥലത്തിനു പേരുണ്ട്. 2022ല്‍ ഒരു പുലര്‍ച്ചെ ആ ഗ്രാമത്തില്‍ എത്തുമ്പോള്‍ കാണുന്നത് വീടുകളുടെ ഭിത്തികളിലും മേല്‍ക്കൂരകളിലും അവിടുത്തെ ചെടികളിലും തിണ്ണകളിലും ഇരിപ്പിടങ്ങളിലും പാര്‍ക്ക് ചെയ്തിരിക്കുന്ന വണ്ടികളിലും കച്ചിക്കൂനകളിലും കണ്ട വെളുത്ത പാടുകളാണ്. അവിടെ വിരുന്നു വരുന്ന വര്‍ണ്ണക്കൊക്കുകള്‍ (Painted Stork) കാഷ്ഠമിട്ടു വെളുപ്പിച്ചതാണെന്ന് പിന്നീടറിഞ്ഞു. ഈ പക്ഷികളെല്ലാം വിരുന്നുവരുമ്പോള്‍ മഴ വരുമെന്നും അവരുടെ കൃഷി ലാഭകരമാകുമെന്നും അവര്‍ വിശ്വസിക്കുന്നു. അവിടുത്തെ കുട്ടികള്‍ കളിക്കുമ്പോള്‍ പന്തു തട്ടി പക്ഷികളുടെ ചിറകൊടിയാന്‍ സാധ്യതയുണ്ടെങ്കില്‍ അവര്‍ കളിക്കില്ല!

പൂനെ ഭിഗ്‌വാന്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ എയ!ര്‍പോ!ര്‍ട്ടിലേക്ക് ഞങ്ങളെ കൊണ്ടുവിടാന്‍ വന്നത് ഫോട്ടോഗ്രാഫറും പക്ഷി നിരീക്ഷകനുമായ ഗൈഡ് ഉമേഷ് സല്ലെ ആയിരുന്നു. എന്റെ ഹിന്ദി ഇനിയും ശരിയാവാനുള്ളതുകൊണ്ട് യാത്രയില്‍ എന്റെ ചോദ്യങ്ങള്‍ അത്രയും എന്നെ കേട്ട് സുഹൃത്ത് അജയ് ജി.കെ., ഉമേഷ് സല്ലെയോട് ചോദിക്കുകയും മറുപടി അറിഞ്ഞ് പരിഭാഷപ്പെടുത്തുകയുമുണ്ടായി. Sand grouലെ മരുപ്രദേശങ്ങളിലും പുല്‍മേടുകളിലും കാണപ്പെടുന്ന ഒരു പക്ഷി ആണ്. മണല്‍ക്കോഴി എന്ന് മലയാള നാമമുണ്ടെങ്കിലും കോഴിയേക്കാള്‍ പ്രാവുമായാണ് രൂപസാദൃശ്യമെന്ന് ചിലയിടങ്ങളില്‍ വായിച്ചിട്ടുണ്ട്. ജലലഭ്യത വളരെ കുറവുള്ള പ്രദേശങ്ങളില്‍ കഴിയുകയും എന്നാല്‍, അധികനേരം വെള്ളം കുടിക്കാതെ പറ്റില്ലെന്നു വരികയും വെള്ളത്തിനു വേണ്ടി 70 മുതല്‍ 150 കിലോമീറ്റര്‍ ദൂരം വരെ പറക്കേണ്ടുന്ന ദുര്യോഗമുള്ളവയുമാണ് ഈ പക്ഷികള്‍. ഏറെനേരം വെള്ളത്തില്‍ ഇറങ്ങി ഇരിക്കുമ്പോള്‍ പക്ഷിയുടെ നെഞ്ചുഭാഗത്തെ തൂവലുകള്‍ക്കുള്ളിലെ പ്രത്യേക അറകളിലേക്ക് വെള്ളം നിറയും അങ്ങനെ നിറഞ്ഞു കഴിയുമ്പോള്‍ കൂട്ടിലേക്കു പറക്കും. നിലത്താണ് കൂട്. അതിനു വലിയ ഡെക്കറേഷനൊന്നും ഇല്ല. ഓരോ തൂവലിന്റെ വയറ്റിലും നിറഞ്ഞിരിക്കുന്ന വെള്ളം കുഞ്ഞുങ്ങള്‍ക്കുള്ളതാണ്. മണിക്കൂറില്‍ നാല്‍പ്പതു കിലോമീറ്ററോളം മാത്രം വേഗതയില്‍ പറക്കുന്ന പക്ഷി വെള്ളമെടുത്ത് വരുമ്പോള്‍ വേഗം കുറഞ്ഞുപോകുകയും ക്ഷീണിക്കുകയും ചെയ്യും. ഉമേഷ് സല്ലെ ഈ വിവരങ്ങള്‍ പറയുമ്പോള്‍ അമ്മ ദിനങ്ങളില്‍ അമ്മയോടുള്ള സ്‌നേഹം വര്‍ദ്ധിക്കുന്ന മട്ടില്‍ ഞങ്ങള്‍ മാതൃത്വത്തിന്റ മഹനീയതകള്‍ വാഴ്ത്തി. കാരണമുണ്ട്, വെള്ളമെടുത്തു ബദ്ധപ്പെട്ടു പറക്കുന്ന പക്ഷികളെ കാത്തിരുന്നു വേട്ടയാടുന്ന ലഗ്ഗാര്‍ ഫാല്‍ക്കനുകളും പെരീഗ്രീന്‍ ഫാല്‍ക്കണുകളും അവിടെ കുറവല്ല. അവസരം നോക്കി മരണം മറഞ്ഞ് ഇരിപ്പുണ്ടെന്നറിഞ്ഞാലും പക്ഷിക്ക് വെള്ളമെടുത്ത് പറന്നേ പറ്റൂ. ഇവിടെ ട്വിസ്റ്റുള്ളത് ഒരേ ഒരു കാര്യത്തില്‍ മാത്രമാണ്. ദാഹജലവുമായി പക്ഷി മടങ്ങിവന്നില്ലെങ്കില്‍ വേട്ടയാടപ്പെട്ടത് ഒരു അച്ഛനായിരിക്കും. ജീവിതത്തില്‍ ദാഹിച്ചു വലഞ്ഞുപോകുന്ന വിധി അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കുമിരിക്കും.

രാജഹംസങ്ങൾ/ കൂന്തംകുളം
രാജഹംസങ്ങൾ/ കൂന്തംകുളം

സ്വന്തം ചിത്രങ്ങളെ എങ്ങനെ വിലയിരുത്തുന്നു? 

വലിയ ചെലവുള്ള വിനോദമാണിത്. വരവൊന്നുമില്ല. കയ്യിലിരിക്കുന്ന ഉപകരണങ്ങള്‍ പണിമുടക്കിയാല്‍ തീര്‍ന്നുപോകാവുന്നതേയുള്ളൂ മറ്റു പലരേയും പോലെ എന്റെയും ഫോട്ടോഗ്രഫി. വളരെ ചെറുതെങ്കിലും ഒരിടം വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയില്‍ ആഗ്രഹിക്കുന്നു. പ്രകൃതിക്ക് ഇണങ്ങാത്ത, പ്രകൃതിസ്‌നേഹമില്ലാത്ത കുറേ പ്രവണതകള്‍ ചിലരെങ്കിലും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയിലൂടെ പ്രശസ്തിക്കു വേണ്ടി പുറത്തെടുക്കുന്നുണ്ട്. ആ ആളുകളില്‍നിന്നും അവരുടെ ഇടങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ പറ്റുന്ന ഒരിടമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
പന്തളത്തെ കരിങ്ങാലിപ്പുഞ്ചയുടെ പച്ചപ്പില്‍ ഇരുന്നും കിടന്നുമൊക്കെ പടമെടുത്താണ് നമ്മള്‍ പഠിക്കുന്നത്. എവിടെയെങ്കിലും എന്തെങ്കിലും സംസാരിക്കാന്‍ കഴിഞ്ഞാല്‍ അവിടെയെല്ലാം കരിങ്ങാലിപ്പുഞ്ചയെപ്പറ്റി രണ്ട് വാക്ക് ഞാന്‍ പറയും. ആ ചെളി ശരീരത്ത് ഒരലങ്കാരമായി ഇരുന്നോട്ടെ എന്നു വെച്ചിട്ടാണ്. പുഞ്ചയില്‍ പടമെടുത്തുകൊണ്ട് നില്‍ക്കുമ്പോള്‍ ഒരു മഞ്ഞ വാലുകുലുക്കി (western yellow wagtail) അതിന്റ ചിറക് വൃത്തിയാക്കുന്നു. ചെറിയ കാറ്റുണ്ട്. പക്ഷി ഒരു തൂവല്‍ ഊരി എടുക്കുന്നു. തൊട്ടടുത്ത നിമിഷം അത് കാറ്റ് കൊണ്ടുപോകുകയാണ്. ഇത് കണ്ടുകൊണ്ടിരുന്ന മറ്റൊരു വാലുകുലുക്കി നിലത്തു അനങ്ങിക്കൊണ്ടിരുന്ന ആ തൂവല്‍ കൊത്തിയെടുക്കുന്നു. ഒന്നും രണ്ടും പറഞ്ഞ് അവ!ര്‍ രണ്ടും അടിയും ബഹളവുമാകുന്നു. പിന്നെ കുറെ നേരം പ്രണയരംഗങ്ങളും. ഇപ്പറഞ്ഞ രീതിയിലുള്ള അനേകം നിമിഷങ്ങള്‍ ഈ തിരക്കേറിയ ലോകത്ത് സംഭവിക്കുന്നുണ്ട്. ധാരാളം മനുഷ്യര്‍ മറ്റു തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് കാട്ടിലേക്കും വയലിലേക്കും പറമ്പിലേക്കും മറ്റു രാജ്യങ്ങളിലേക്കും ഓടുന്നത് ഇതൊക്കെ കാണാനും പകര്‍ത്താനുമാണ്. ഒന്‍പത് നിറങ്ങള്‍ ഉള്ള ഇന്ത്യന്‍ പിറ്റ എന്ന പക്ഷി ഹിമാലയത്തില്‍നിന്നും മറ്റുമായി തെക്കോട്ട് വര്‍ഷാവര്‍ഷം പറന്നുവരുന്നുണ്ട്. വരാനും കുറേക്കാലം അധികമാരുടെയും കണ്ണില്‍പ്പെടാതെ നിലത്തു ചാടിച്ചാടി നടന്നു കൊത്തിപ്പറക്കാനും തിരിച്ചുപോകാനും അതിനു കഴിയുന്നു. നിറങ്ങളുടെ ഒരു ആഘോഷമായിരുന്നിട്ട് കൂടി തേടിയിറങ്ങിയാലേ കാണാന്‍ പറ്റൂ എന്ന വിശേഷം അതിനുമുണ്ട്. എന്റെ പരിധികളിലും പരിമിതികളിലും നിന്നുകൊണ്ട് ഇങ്ങനെ ചിലതൊക്കെ കാണാനും ചില നിമിഷങ്ങള്‍ പകര്‍ത്താനുമാകുന്നു എന്നുള്ളതു മാത്രമാണ് എന്റെ ചിത്രങ്ങളുടെ സവിശേഷത.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com