അവശത അനുഭവിച്ചവരുടേയും അവശത അടിച്ചേല്പിച്ചവരുടേയും പ്രതിനിധികള്‍ ഒറ്റക്കെട്ടായി പ്രയത്‌നിച്ചതിന്റെ ഫലം

1924 മാര്‍ച്ച് 30-നാണ് 20 മാസം നീണ്ട വൈക്കം സത്യാഗ്രഹത്തിന്റെ തുടക്കം. അത് വലിയ വിപ്ലവകരമായ ഒരു സമരമായി പി. കൃഷ്ണപിള്ളയെപ്പോലുള്ള നേതാക്കള്‍ വിലയിരുത്തിയിട്ടില്ല
അവശത അനുഭവിച്ചവരുടേയും അവശത അടിച്ചേല്പിച്ചവരുടേയും പ്രതിനിധികള്‍ ഒറ്റക്കെട്ടായി പ്രയത്‌നിച്ചതിന്റെ ഫലം

രിക വരിക സഹജരെ 
പതിതരില്ല മനുജരില്‍
ഒരു പിതാവിലുത്ഭവിച്ച 
തനയരായ നമ്മളില്‍

എന്ന് തുടങ്ങുന്ന പാണാവള്ളി കൃഷ്ണന്‍ വൈദ്യര്‍ എഴുതിയ വരികള്‍ കേരളത്തില്‍ ഉറക്കെ പാടിക്കേട്ടത് വൈക്കം സത്യാഗ്രഹ കാലത്താണ്. ചരിത്രം മാറ്റിയെഴുതിയ ആ സത്യാഗ്രഹം നൂറാം വര്‍ഷത്തിലേക്കു കടക്കുകയാണ്. 1924 മാര്‍ച്ച് 30-നാണ് 20 മാസം നീണ്ട വൈക്കം സത്യാഗ്രഹത്തിന്റെ തുടക്കം. അത് വലിയ വിപ്ലവകരമായ ഒരു സമരമായി പി. കൃഷ്ണപിള്ളയെപ്പോലുള്ള നേതാക്കള്‍ വിലയിരുത്തിയിട്ടില്ല. ''സത്യാഗ്രഹം നരകിച്ചു നരകിച്ചു നീണ്ടുപോയി'' എന്നുള്ള വിമര്‍ശനം അദ്ദേഹം ഉന്നയിച്ചിരുന്നു. എങ്കിലും കേരള ചരിത്രത്തില്‍ ഒരിക്കലും വിസ്മരിക്കാന്‍ സാധ്യമല്ലാത്ത ഒരു പ്രക്രിയയ്ക്ക് തുടക്കമിട്ട സമരമായിരുന്നു അത്. ആ രീതിയില്‍, സത്യാഗ്രഹം 100-ാം  വാര്‍ഷികത്തിലേക്കു കടക്കുന്ന ഈ വേളയില്‍ അതിനെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങള്‍ പ്രകടിപ്പിക്കാനാണ് ഈ ലേഖനം.  ഈഴവര്‍ പോലും തങ്ങളുടെ ക്ഷേത്രസ്ഥാനത്തുനിന്നും ആട്ടിയോടിച്ച പുലയരേയും മറ്റും അണിനിരത്തിയുള്ള ഒരു സമരം 100  വര്‍ഷത്തിനു മുന്‍പ് ഒരു ബ്രാഹ്മണീയ ക്ഷേത്രപരിസരത്തു നടന്നു എന്നതാണ് വൈക്കം സത്യാഗ്രഹത്തെ ശ്രദ്ധേയമാക്കുന്നത്. ബ്രാഹ്മണീയ പരിസരങ്ങളിലെ അയിത്ത ജാതിക്കാരുടെ പ്രവേശമാണ് കേരളത്തിന്റെ പൊതുമണ്ഡലത്തെ വിപുലമാക്കുന്നതും ജനാധിപത്യ മൂല്യങ്ങള്‍ ആളുകളില്‍ എത്തിച്ചതും. നമ്മുടെ നാട്ടിലെ മനുഷ്യാവകാശപോരാട്ടങ്ങളില്‍ വൈക്കത്തെ മറക്കാന്‍ സാധ്യമല്ല. അയിത്തജാതിക്കാരായി അകറ്റിനിര്‍ത്തപ്പെട്ട വലിയൊരു ജനവിഭാഗത്തിന്, പൊതുനിരത്തുകളില്‍ യാത്ര ചെയ്യുന്നതിനുള്ള അവകാശം ചോദിച്ചു വാങ്ങുന്നതിനുള്ള ആദ്യത്തെ പ്രധാന സമരമാണ് 1924-ലെ വൈക്കം സത്യാഗ്രഹം.
 
ഹിന്ദു, പൊതുജനം എന്നീ നിര്‍വ്വചനങ്ങളില്‍ ഈഴവരുള്‍പ്പെടുന്ന തീണ്ടല്‍ ജാതിക്കാര്‍ ഉള്‍പ്പെട്ടിരുന്നില്ല. സാമൂഹ്യമായും മതപരമായും തീണ്ടല്‍ ജാതിക്കാരുടെ സ്ഥാനത്തില്‍ സമൂല മാറ്റം വരുന്നതിന് ഒരുപാട് പേരുടെ ത്യാഗം കാരണമായി. മുന്‍പേ നടന്നുപോയവര്‍ ചെയ്തു കൂട്ടിയതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നവരാണ് നാം എന്ന് തിരിച്ചറിയുന്നത് നല്ലതാണ്. സഹനവും ത്യാഗവും ഇല്ലാതെ ഒരു നേട്ടവും ഉണ്ടാകില്ല എന്നുതന്നെയാണ് ഒരു നൂറ്റാണ്ടിനപ്പുറമുള്ള കേരളത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്നത്. ഒരുപാട് ശക്തികളോട് പോരാടാന്‍ വിധിക്കപ്പെട്ടവരായിരുന്നു നമുക്ക് തൊട്ടു മുന്‍പ് മണ്‍മറഞ്ഞു പോയവര്‍. കേരളത്തിലെ എല്ലാ വിഭാഗം ആളുകളും മാറ്റത്തിനു തയ്യാറെടുത്തുകൊണ്ടിരുന്ന കാലം കൂടിയായിരുന്നു അത്. വൈക്കം സത്യാഗ്രഹം തുടങ്ങുന്നതിനു മുന്‍പേ, ദിവസങ്ങള്‍ നീണ്ട പ്രചാരണ പരിപാടികള്‍ കെ.പി. കേശവമേനോന്‍, എ.കെ. പിള്ള എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. അതിനുവേണ്ടിയുള്ള യോഗങ്ങളില്‍ ജാതിമത വ്യത്യാസമില്ലാതെ ആളുകള്‍ പങ്കെടുത്തിരുന്നുവെന്ന് കെ.പി. കേശവമേനോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
 
 

പാണാവള്ളി കൃഷ്ണൻ വൈദ്യർ
പാണാവള്ളി കൃഷ്ണൻ വൈദ്യർ

സത്യാഗ്രഹത്തിന്റെ തുടക്കം

വൈക്കത്തെ സമരം യാദൃച്ഛികമായി വന്നതാണ് എന്ന് അദ്ദേഹത്തിന്റെ കുറിപ്പുകള്‍ സൂചിപ്പിക്കുന്നു. അയിത്തത്തിനെതിരായുള്ള പ്രചാരണം നടത്തവേ വൈക്കത്തെത്തിയപ്പോഴാണ് താന്‍ ''വൈക്കത്തെ ക്ഷേത്രത്തിനു സമീപമുള്ള പബ്ലിക് റോഡുകളില്‍കൂടി അയിത്തജാതിക്കാര്‍ക്കു സഞ്ചാര സ്വാതന്ത്ര്യമില്ലെന്നറിഞ്ഞത്'' എന്ന വാക്കുകള്‍ ഇത് സൂചിപ്പിക്കുന്നു. അവിടെ നടന്ന യോഗത്തിലാണ് മേനോന്‍ നാട്ടുകാരോട് ചോദിച്ചത്: ''അയിത്ത ജാതിക്കാരോടൊരുമിച്ചു ക്ഷേത്ര റോഡില്‍കൂടി ഒരു ഘോഷയാത്ര പോകുന്നതായാല്‍ ഇവിടെ കൂടിയിരിക്കുന്നവരില്‍ എത്ര ആളുകള്‍ അതില്‍ പങ്കെടുക്കും?'' എന്ന്. അതായിരുന്നു വൈക്കം സത്യാഗ്രഹത്തിലേക്കുള്ള തുടക്കം. വൈക്കം സമരം സവര്‍ണ്ണരായ കോണ്‍ഗ്രസ് നേതാക്കളുടെ മനസ്സില്‍നിന്നും വന്നതാണ് എന്ന് ഇത് സൂചിപ്പിക്കുന്നു. മാറ്റം സുസാധ്യമായിരുന്നില്ല. ക്ഷേത്രാധികാരികള്‍ വഴങ്ങാത്തതുകൊണ്ടാണ് സത്യാഗ്രഹം വേണ്ടിവന്നത്. കെ.പി. കേശവ മേനോന്‍, ടി.കെ. മാധവന്‍, എ.കെ. പിള്ള  തുടങ്ങിയ നേതാക്കള്‍ക്കു പുറമെ സത്യാഗ്രഹത്തിന്റെ തയ്യാറെടുപ്പുകള്‍ക്കായി പ്രവര്‍ത്തിച്ച മുന്‍നിര നേതാക്കള്‍ മന്നത്ത് പദ്മനാഭപിള്ള, ചങ്ങനാശ്ശേരി പരമുപിള്ള, എം.എന്‍. നായര്‍, സി.വി. കുഞ്ഞുരാമന്‍, ആലുംമൂട്ടില്‍ ചാന്നാര്‍ തുടങ്ങിയവര്‍ ആയിരുന്നു.

ഒരേ സമയം വിദേശികളോടും നാട്ടിന്നുള്ളിലെ അധികാരികളോടും അവര്‍ മല്ലിട്ടു. ചിലര്‍ അകാലത്തില്‍ പൊലിഞ്ഞുപോയി. ഒരുപാട് പേര്‍, തങ്ങളുടെ സമരങ്ങളുടെ അനന്തരഫലം എന്തായിരുന്നു എന്ന് ബോധ്യപ്പെട്ട് വിടപറഞ്ഞു. പുതുസമൂഹത്തിന്റെ പിറവിക്കു കാരണക്കാരായവര്‍ ഇന്നില്ല. അവരുടെ കുറിപ്പുകളിലൂടെയും ഔദ്യോഗിക രേഖകളിലൂടെയും ചരിത്രകാരന്മാരുടെ വായനകളിലൂടെയും നാം നമുക്ക് കിട്ടിയ ആധുനിക സമൂഹത്തിന്റെ നാള്‍ വഴികള്‍ തേടേണ്ടിവരുന്നു. പഴയകാലത്ത് ശോഭനമായി നിലകൊണ്ട ഒരു സമൂഹത്തെയല്ല ദേശീയ നേതാക്കളും സാമൂഹ്യ-മത പരിഷ്‌കര്‍ത്താക്കള്‍ തിരിച്ചുകൊണ്ട് വന്നു തന്നത് എന്ന് അപ്പോഴാണ് നമുക്ക് വ്യക്തമാകുന്നത്. അയിത്തജാതിക്കാരന് ഇവിടെ സ്ഥാനമില്ല എന്നു പറയുന്ന ഒരു പരസ്യപലകയും നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങള്‍ക്കു ചുറ്റും ഇന്ന് കാണില്ല.

മനുഷ്യന്‍ എന്നതിനേക്കാള്‍ ഏറ്റവും വലിയ അസ്തിത്വം ജാതിയായിരുന്ന ഒരുകാലമായിരുന്നു അത്. സ്വാഭാവികമായും അന്നത്തെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരായ പൊലീസുകാര്‍ സത്യാഗ്രഹത്തിനായി നിയോഗിക്കപ്പെട്ട മൂന്നു പേരോടുമായി ചോദിച്ചു: ''നിങ്ങള്‍ ഓരോരുത്തരുടേയും ജാതിയെന്താണ്?'' പുലയനായ കുഞ്ഞാപ്പി, ഈഴവനായ ബാഹുലേയന്‍, നായരായ ഗോവിന്ദപണിക്കര്‍ എന്നിവരായിരുന്നു ആ ചോദ്യത്തിനു വിധേയരായത്. തീണ്ടല്‍ ജാതിക്കാര്‍ ക്ഷേത്രത്തില്‍ കയറാനാണ് സത്യാഗ്രഹം എന്നുള്ള കിംവദന്തികള്‍ പരന്നിരുന്നു. സവര്‍ണ്ണര്‍ എന്തുവന്നാലും ക്ഷേത്രറോഡിലൂടെ അവര്‍ണ്ണരെ നടക്കാന്‍ അനുവദിക്കില്ലെന്നുള്ള നിലപാടാണ് എടുത്തത്. സത്യാഗ്രഹം കാണാന്‍ ഒരുപാട് പേര് വന്നിരുന്നു. ഗാന്ധി തന്നെ വൈക്കത്തെ വിവരങ്ങള്‍ അറിയിക്കാന്‍ വേണ്ടി ചുമതലപ്പെടുത്തിയ ശിവരാമയ്യരും വാന്‍ചീശ്വരയ്യരും ക്ഷേത്രാധികാരികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്ന ഏര്‍പ്പാടായി സത്യാഗ്രഹത്തെ ചിത്രീകരിച്ചിരുന്നു. എന്നാല്‍, അബ്രാഹ്മണര്‍ക്കുള്ള ഏതൊരു അവകാശവും തീണ്ടല്‍ ജാതിക്കാര്‍ക്കും ഉണ്ട് എന്ന നിലപാടാണ് ഗാന്ധി കൈക്കൊണ്ടത്. ''നിന്റെ ജാതിയെന്താണ്?'' എന്ന്  ഒരാളും ആരോടും ചോദിക്കുകയുമില്ല. അത്തരം ചോദ്യങ്ങള്‍ വരാത്ത അവസ്ഥ മുന്‍പ് നിലവിലുണ്ടായിരുന്ന ഒന്നല്ല. നേടിയെടുത്തതും പിടിച്ചുവാങ്ങിയതുമാണ്. ആര്‍ക്കാണോ അവകാശം നിഷേധിക്കപ്പെട്ടത്, അവര്‍ ചോദിച്ചു വാങ്ങിയതാണ്. കീഴാള ശരീരത്തെ ഏതു സ്ഥലത്തേയ്ക്കും ഭയരഹിതമായി കൊണ്ടുപോകാനുള്ള അവകാശം അനേകം പേരുടെ സഹനം പണയം വെച്ച് കിട്ടിയതാണ്.  

സത്യാ​ഗ്രഹ സമര ക്യാമ്പിൽ സൗജന്യ ഭോജനശാല നടത്തിയ അകാലി സംഘം ആശ്രമം ഖജാൻജി എകെ ​ഗോവിന്ദ​ ചാന്നാരോടൊപ്പം
സത്യാ​ഗ്രഹ സമര ക്യാമ്പിൽ സൗജന്യ ഭോജനശാല നടത്തിയ അകാലി സംഘം ആശ്രമം ഖജാൻജി എകെ ​ഗോവിന്ദ​ ചാന്നാരോടൊപ്പം

ക്ഷേത്രത്തിലേക്കുള്ള റോഡുകള്‍ സര്‍ക്കാരാണ് പരിപാലിക്കുന്നത് എന്ന അറിവാണ് മേനോന്‍ ഉള്‍പ്പെടെയുള്ള സത്യാഗ്രഹ നേതാക്കളെ വിജയം കണ്ടെത്തുന്നതുവരെ സമരവുമായി മുന്നോട്ടു പോകാനുള്ള തീരുമാനമെടുപ്പിച്ചത്. ആ തീരുമാനത്തിന് ഗാന്ധിയുടെ അംഗീകാരവും നേടി. പൊതുനിരത്തുകളില്‍ അയിത്തജാതിക്കാര്‍ക്ക് നടക്കാനുള്ള സ്വാതന്ത്ര്യം നേടിക്കൊടുക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത് എന്ന് മേനോന്‍ കോടതിയോടും ആവര്‍ത്തിച്ചു. ഏറ്റവും ആദ്യം അറസ്റ്റു ചെയ്യപ്പെട്ടത് കുഞ്ഞാപ്പിയും ബാഹുലേയനും ഗോവിന്ദപ്പണിക്കരുമായിരുന്നു. തുടര്‍ന്ന് കെ.പി. കേശവമേനോനേയും ടി.കെ. മാധവനേയും അറസ്റ്റുചെയ്തു. തൊട്ടുള്ള ദിവസങ്ങളില്‍ എ.കെ. പിള്ള, കെ. കേളപ്പന്‍, വേലായുധമേനോന്‍, ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍ എന്നിവരേയും ജയിലിലടച്ചു. ആറുമാസത്തെ തടവെങ്കിലും അഞ്ചു മാസം  കഴിഞ്ഞപ്പോള്‍ അവരെ സ്വതന്ത്രരാക്കി.

വൈക്കം സത്യാഗ്രഹം 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കാലത്തെ മറിച്ചിട്ട പൂര്‍വ്വസൂരികളെ ഓര്‍ക്കാതിരിക്കാന്‍ വയ്യ.  കോണ്‍ഗ്രസ്സിന്റേയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും പ്രവര്‍ത്തനങ്ങള്‍ വ്യാപകമാവുന്നതിനും എത്രയോ മുന്‍പ്, കേരളത്തിന്റെ അധികാരികളെ ചോദ്യം ചെയ്തും ധിക്കരിച്ചും മുന്നോട്ടു പോയ നേതാക്കളും പരിഷ്‌കര്‍ത്താക്കളും ചരിത്രപരമായ നേട്ടങ്ങളുടെ ആഘോഷത്തിനിടയ്ക്കു വിസ്മരിക്കപ്പെടരുത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളത്തിന്റെ സമൂഹത്തിനു  ഉണര്‍വ്വിന്റേയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റേയും ചരിത്രമാണ്. മാറ്റാന്‍ കഴിയും എന്ന് ഒരു ഘട്ടത്തിലും ആലോചിക്കാന്‍ കഴിയാതിരുന്ന കാര്യങ്ങളാണ് കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളില്‍ സംഭവിച്ചത്. അവശത അനുഭവിച്ചവരുടേയും അവശത അടിച്ചേല്പിച്ചവരുടേയും പ്രതിനിധികള്‍ ഒറ്റക്കെട്ടായി പ്രയത്‌നിച്ചതിന്റെ ഫലമായിരുന്നു കേരള സമൂഹത്തില്‍ മാറ്റത്തിന്റെ കാറ്റു വീശിയത്.

വൈക്കം സത്യാ​ഗ്രഹത്തിൽ പങ്കെടുത്ത സമര സേനാനികൾ
വൈക്കം സത്യാ​ഗ്രഹത്തിൽ പങ്കെടുത്ത സമര സേനാനികൾ

അവകാശങ്ങള്‍ ചോദിച്ചുവാങ്ങേണ്ടതാണ് എന്ന് കേരളീയരെ പുതിയ കാലം പഠിപ്പിച്ചു. സമരങ്ങള്‍ സാമൂഹ്യമാറ്റത്തിന് എത്രമാത്രം പ്രധാനമാണ് എന്നതും വൈക്കം സത്യാഗ്രഹം ഓര്‍മ്മിപ്പിക്കുന്നുണ്ട്. എങ്ങനെ സമരം ചെയ്യണം എന്ന കാര്യത്തില്‍ ഇവിടത്തെ അധ:സ്ഥിതര്‍ക്കു മാര്‍ഗ്ഗം കാണിച്ചത് ഗാന്ധിയന്‍ സമരമാര്‍ഗ്ഗമായിരുന്നു. വൈക്കം സത്യാഗ്രഹം നടക്കുന്ന സമയത്ത് പി. കൃഷ്ണപിള്ളയ്ക്ക് 14-15  വയസ്സേ ആയിട്ടുള്ളൂ. എങ്കിലും, അയല്‍പക്കത്തു നടന്ന സത്യാഗ്രഹത്തെക്കുറിച്ച് അദ്ദേഹം എഴുതിയിരുന്നു. പിള്ളയില്‍ ആഴത്തില്‍ പതിഞ്ഞുപോയ ഒരു ചിത്രം, വെള്ളപ്പൊക്കം വന്നിട്ടും വെള്ളത്തില്‍ നനഞ്ഞൊലിച്ചുനിന്ന സത്യാഗ്രഹികളുടെയാണ്. എതിരാളിക്കുപോലും  അനുകമ്പയുണ്ടാക്കുന്ന വിധമായിരുന്നു ആ സത്യാഗ്രഹികളുടെ സഹനം. യാഥാസ്ഥിതികര്‍ ചുണ്ണാമ്പ് തേച്ചത് മൂലം രക്തവര്‍ണ്ണമായ നാരായണനെളയതിന്റെ കണ്ണുകള്‍ പിള്ളയുടെ ഓര്‍മ്മയില്‍ പതിഞ്ഞ മറ്റൊരു ചിത്രമായിരുന്നു.

തങ്ങളുടെ സഹോദരര്‍ക്ക് മറ്റെല്ലാവരേയും പോലെ അടിസ്ഥാന മൗലികാവകാശങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നുള്ള തിരിച്ചറിവായിരുന്നു സത്യാഗ്രഹികളെ നിരാഹാരം കിടക്കാനും അപമാനം നേരിടാനും മര്‍ദ്ദനവും ജയില്‍വാസവും സഹിക്കാനുമുള്ള കരുത്തുണ്ടാക്കിയത്.  വൈക്കം എന്ന സ്ഥലത്തുനിന്നും എത്രയോ അകലെ കിടക്കുന്ന കേരളത്തിനകത്തും പുറത്തുമുള്ള ആളുകള്‍ സമരവുമായി ഐക്യദാര്‍ഢ്യപ്പെട്ടുകൊണ്ട് സത്യാഗ്രഹികളായി. അവരില്‍ പലരും അയിത്തോച്ചാടനം എന്ന ലക്ഷ്യം ലഘുരേഖകളിലൂടെയും പ്രസംഗങ്ങളിലൂടെയും പാട്ടുകളിലൂടെയും കൂടുതല്‍ കൂടുതല്‍ ആളുകളില്‍ എത്തിച്ചു. സത്യാഗ്രഹം വിജയിപ്പിക്കുന്നതിനു സാധനങ്ങളും ധനവും സമാഹരിക്കാനും അവര്‍ ഉത്സാഹിച്ചു. നായരെന്നോ ഈഴവനെന്നോ വ്യത്യാസമില്ലാതെ, ആളുകള്‍-സ്ത്രീകളും പുരുഷന്മാരും-സത്യാഗ്രഹത്തിന്റെ വിജയത്തിനായി പ്രയത്‌നിച്ചു.

കെ കേളപ്പൻ
കെ കേളപ്പൻ

കോണ്‍ഗ്രസിന്റെ പിന്തുണ

കോണ്‍ഗ്രസ് ആളെക്കൂട്ടാന്‍ വേണ്ടി ഈഴവരേയും പുലയരേയും ബലാല്‍ക്കാരമായി ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്ന് കുന്നത്തു നാരായണപിള്ള മഹാറാണിക്കു പരാതി നല്‍കിയിരുന്നു. യഥാര്‍ത്ഥത്തില്‍, ഗാന്ധിയുടെ അനുഗ്രഹം ഇല്ലാതെത്തന്നെ ക്ഷേത്രപ്രവേശനം എന്ന വിഷയത്തിലേക്ക് ഈഴവര്‍ ഉള്‍പ്പെടെയുള്ളവര്‍ പോകുമായിരുന്നു എന്നും സൂചനകള്‍ ഉണ്ട്. കോണ്‍ഗ്രസ്സിന്റെ പിന്തുണയാണ് സവര്‍ണ്ണരായ നേതാക്കളെ അയിത്തജാതിക്കാര്‍ക്കൊപ്പം അണിനിരത്തുന്നതിനു കാരണമായത് എന്നു മറക്കുന്നില്ല. തങ്ങളുടെ ആരാധന രീതികളിലും വിശ്വാസങ്ങളിലും പ്രശ്നമുണ്ട് എന്ന ധാരണ ഗുരുവിനുണ്ടായിരുന്നു എന്നതുകൊണ്ട് തന്നെയായിരുന്നു നിലവില്‍ ആരാധിച്ചു വന്നിരുന്ന പല ദേവകളേയും അദ്ദേഹം നിറുത്തല്‍ ചെയ്തത്.  ബ്രാഹ്മണരുടെ ക്ഷേത്രമാതൃക ഗുരുവിനുണ്ടായിരുന്നു. അക്കാലത്ത്, പ്രമാദമായ പല കാവുകളും ലളിതമായ ഘടനയുള്ളവയായിരുന്നു. ഈഴവര്‍ക്കും സ്വന്തമായി ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. ആ ക്ഷേത്രങ്ങളില്‍നിന്നും വ്യത്യസ്തമായുള്ള മാതൃക ഗുരു കടമെടുക്കുന്നത് ബ്രാഹ്മണീയ ക്ഷേത്രങ്ങളില്‍ നിന്നാണ്. ഗുരു എസ്.എന്‍.ഡി.പിയില്‍ സജീവമായി പങ്കെടുത്തുകൊണ്ടിരുന്ന കാലത്തുതന്നെ, ക്ഷേത്രപ്രവേശനം ഉന്നയിക്കപ്പെട്ടിരുന്നു. 1903-ല്‍ സംഘടനയുടെ ഒരു പ്രമേയവും ഇക്കാര്യത്തെക്കുറിച്ചുണ്ടായിരുന്നു. 1904-1905 കാലത്ത് ശ്രീമൂലം പ്രജാസഭയില്‍ ക്ഷേത്രപ്രവേശനം ഒരു ആവശ്യമായി ഉന്നയിക്കപ്പെട്ടിരുന്നു.  

വൈക്കത്തും ഗുരുവായൂരും സത്യാഗ്രഹം ഇരിക്കുന്നതിനു മുന്‍പേ അയിത്തജാതിക്കാര്‍ക്ക് കൊടുങ്ങല്ലൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ 'തൊട്ടു തീണ്ടാന്‍' പോകുന്ന പരിപാടിയുണ്ടായിരുന്നുവെന്നത് ഓര്‍ക്കുക. കാവുകളിലെ ഉത്സവങ്ങളില്‍ തീണ്ടലുള്ളവരും തീണ്ടലില്ലാത്ത നായര്‍ വിഭാഗങ്ങളും സഹകരിച്ചിരുന്ന ചരിത്രവും ഉണ്ടായിരുന്നു.  ഗാന്ധിയുടെ കോണ്‍ഗ്രസ് ക്ഷേത്രപ്രവേശന കാര്യത്തില്‍ വലിയ ആവേശം കാണിക്കുന്നതില്‍ പിന്നോട്ട് പോയിട്ടുണ്ട് എന്ന ആക്ഷേപം പണ്ഡിതര്‍ ഉന്നയിച്ചിട്ടുണ്ട്. ദൈവത്തിനു മുന്‍പില്‍  എല്ലാവരും സമരാണ് എന്ന വിശ്വാസം ഉള്ളതുകൊണ്ട് ഗാന്ധി വൈക്കത്തിനു ശേഷവും ക്ഷേത്രപ്രവേശന ശ്രമങ്ങളെ പിന്തുണച്ചിട്ടുണ്ടെങ്കിലും, യാഥാസ്ഥിതികരുടെ എതിര്‍പ്പുകള്‍ കൂടുതല്‍ വാങ്ങാതെയുള്ള സമരങ്ങള്‍ക്കായിരുന്നു അദ്ദേഹം നിലകൊണ്ടത്.

പുറത്തുനിര്‍ത്തേണ്ടവരായി കരുതപ്പെട്ട ആളുകളായിരുന്നു അയിത്തജാതിക്കാര്‍. അവര്‍ പക്ഷേ, ക്ഷേത്രങ്ങളില്‍നിന്നും പ്രസാദങ്ങളും മറ്റും ജാതിനിയമങ്ങള്‍ പാലിച്ചുകൊണ്ട് വാങ്ങുകയും ചെയ്തിരുന്നു. ഉയര്‍ന്ന ജാതിക്കാരുടെ വീടുകള്‍ക്കു പുറത്തും പിന്നിലും നിന്നുകൊണ്ട് അവിടത്തെ ആളുകളോട് എങ്ങനെയാണോ ഇടപഴകിയത്, അതുപോലെ തീണ്ടലുള്ളവര്‍ ക്ഷേത്രങ്ങളുടേയും കാവുകളുടേയും പുറത്തും പിന്നിലും നിന്ന് ദൈവസാന്നിധ്യം അറിയാന്‍ ശ്രമിച്ചിരുന്നു. സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ വരവായിരുന്നു ഈ അവസ്ഥയില്‍ മാറ്റം വേണമെന്ന് അയിത്തജാതിക്കാരില്‍ തോന്നലുളവാക്കിയത്. വൈക്കം സത്യാഗ്രഹം സാമൂഹ്യപരിഷ്‌കരണ പ്രക്രിയയുടെ ഭാഗമായാണ് ഉടലെടുക്കുന്നത്.  

കെപി കേശവ മേനോൻ
കെപി കേശവ മേനോൻ

സ്വരാജിനു മാത്രമല്ല, ഹിന്ദുസമൂഹത്തിലെ അസമത്വത്തിനെതിരായുള്ള സമരങ്ങളും ഒന്നിച്ചു കൊണ്ടുപോകണമെന്ന് വൈക്കം സത്യാഗ്രഹ നായകനായ ടി.കെ. മാധവനെപ്പോലുള്ളവരെ ഗാന്ധി വിശ്വസിപ്പിച്ചു. ആ ഒരു നിലപാട് മാധവന്‍ സ്വീകരിച്ചത് സ്വന്തം സമുദായത്തില്‍പെട്ടവരില്‍ പലരും ആദ്യം അംഗീകരിച്ചതേയില്ല. എങ്കിലും, അദ്ദേഹത്തിന് നാരായണഗുരുവിന്റെ പിന്തുണ കിട്ടി. വൈക്കത്തെ ഗുരുവിന്റെ വെല്ലൂര്‍ മഠം ആയിരുന്നു സത്യഗ്രഹാശ്രമം.  ഈഴവര്‍ക്കു വേണ്ടിയല്ല തങ്ങളുടെ മുന്നേറ്റങ്ങള്‍ എന്ന് ഗുരുവും മാധവനും മനസ്സിലാക്കിയിരുന്നു. ഗുരുവിന്റെ ആശ്രമത്തില്‍ പുലയരിലും പറയരിലും പെട്ട കുട്ടികള്‍ അന്തേവാസികളായി ഉണ്ടായിരുന്നു. തന്റെ ശിഷ്യരില്‍ പലരും ഈഴവര്‍ക്ക് മതപരിവര്‍ത്തനം  വഴിയേ സ്വാതന്ത്ര്യം ഉണ്ടാകൂ എന്ന് വിശ്വസിച്ചപ്പോള്‍ ഹിന്ദുമതത്തില്‍തന്നെ ആത്മീയ സാക്ഷാല്‍ക്കാരം നേടാന്‍ ഒരുവന് സാധ്യമാണ് എന്ന് ഗുരു വിശ്വസിച്ചു. മതപരിവര്‍ത്തനം നടത്തുന്നവരെ തള്ളിക്കളയുകയും ചെയ്തില്ല. വൈക്കം സത്യാഗ്രഹത്തെ ഗുരു പിന്തുണച്ചത് ഇക്കാരണംകൊണ്ടു കൂടിയാണ്.  1918-ല്‍ ദേശാഭിമാനിയില്‍ സി.വി. കുഞ്ഞുരാമന്‍ ഈഴവര്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കേണ്ടതിനെക്കുറിച്ചു മുഖപ്രസംഗം എഴുതുകയും ചെയ്തു. ഒ.എന്‍.വി കുറുപ്പിന്റെ പിതാവ് ഒ.എന്‍. കൃഷ്ണക്കുറുപ്പ് നടത്തിയിരുന്ന സ്വരാജ്യം പ്രസിദ്ധീകരണത്തില്‍ ഈ മുഖപ്രസംഗത്തെ പരിഹസിച്ച് എഴുതിയിരുന്നു എന്ന് സി. കേശവന്‍ ആത്മകഥയില്‍ പറയുന്നുണ്ട്. ''ക്ഷേത്രപ്രവേശനം കൊടുക്കണം, ഉടന്‍ കൊടുക്കണം, ഈഴവന്റെ മുതുകത്തു തന്നെ കൊടുക്കണം'' എന്നും കുറുപ്പ് കുറിച്ചു. 

എങ്കിലും, അന്നത്തെ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ അമരത്തുണ്ടായിരുന്ന ചങ്ങനാശ്ശേരി പരമുപിള്ള ക്ഷേത്രപ്രവേശനം ആവശ്യമാണ് എന്ന് തന്റെ സമുദായത്തില്‍ അഭിപ്രായം രൂപപ്പെടുത്തുന്നതിനായി പ്രയത്‌നിച്ചിരുന്നു. അദ്ദേഹത്തിനു പുറമെ, സി. രാമന്‍ തമ്പി, മന്നത്തു പദ്മനാഭപള്ള, ടി.കെ. വേലുപ്പിള്ള എന്നിവരും ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചു. ''സകല ഹിന്ദുക്കളുടേയും വകയായ ക്ഷേത്രങ്ങളില്‍ പ്രവേശനാവകാശം മാത്രമല്ല, പൂജാധികാരം കൂടി സ്ഥാപിച്ചു അനാചാരങ്ങളുടേയും ദുരാചാരങ്ങളുടേയും കേന്ദ്രവും പാചകശാലയും ഊട്ടുപുരയുമായി ചീഞ്ഞുനാറി ഹിന്ദു സമുദായത്തേയും അതോടുകൂടി സഹോദര സമുദായങ്ങളേയും അധഃപതിപ്പിക്കുന്ന ഹിന്ദുമത സ്ഥാപനങ്ങളെ കാലോചിതമായി പരിഷ്‌കരിക്കാതെ നായര്‍ സമുദായമെന്നല്ല, ധര്‍മ്മബോധമുള്ള ഒരു ഹിന്ദുവും രാജ്യഭക്തരായ ഒരു പൗരനും അടങ്ങുന്നതല്ലെന്നു ഞങ്ങള്‍ ഊട്ടുപുര സംരക്ഷകരായ യാഥാസ്ഥിതികരെ അറിയിച്ചു കൊള്ളുന്നു'' എന്ന് സര്‍വ്വീസില്‍ ലേഖനം പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിരുന്നു.  1923-ല്‍തന്നെ എസ്.എന്‍.ഡി.പി യോഗത്തില്‍വെച്ച് തീണ്ടല്‍പലക മാറ്റണമെന്നുള്ള പ്രമേയം മാധവന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. ആദ്യം മുതല്‍ തന്നെ ക്ഷേത്രപ്രവേശനം എന്ന ലക്ഷ്യം ഉയര്‍ത്തിക്കൊണ്ടുവന്ന ശ്രീ നാരായണ ധര്‍മ്മപരിപാലന യോഗം മാധവനെ തുടക്കത്തില്‍ പിന്തുണച്ചിരുന്നില്ല. സി.വി. കുഞ്ഞുരാമനും സി. കൃഷ്ണനും സഹോദരന്‍ അയ്യപ്പനും സത്യാഗ്രഹം എന്ന പരിപാടിയോട് വിയോജിപ്പുള്ളവര്‍ ആയിരുന്നെങ്കിലും അത് തുടങ്ങിയതിനു ശേഷം പൂര്‍ണ്ണ സഹകരണം നല്‍കിയിരുന്നുവെന്നും സി. കേശവന്‍ എഴുതുന്നു. 1923-ലെ കാക്കിനട സമ്മേളനത്തില്‍ മാധവന്‍ പങ്കെടുക്കുകയും കോണ്‍ഗ്രസ്സില്‍ അംഗത്വമെടുക്കുകയും ചെയ്തു. ആദ്യമായി പങ്കെടുക്കുന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍, തന്റെ നിലപാടുകള്‍ക്കനുകൂലമായി ഒരു നയം സ്വീകരിപ്പിക്കാന്‍ മാധവനു കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ലായിരുന്നു.

കാക്കിനടയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മൗലാനാ മുഹമ്മദ് അലിയുള്‍പ്പെടെയുള്ളവരെ അയിത്തത്തിനെതിരായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കേണ്ടതായ ആവശ്യം ധരിപ്പിക്കുന്നതിനു മുന്‍പേ തന്നെ മാധവന്‍ ഗാന്ധിയുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. പരമ്പരാഗത വിശ്വാസ പ്രകാരം ഒരാള്‍ക്ക് ഉയര്‍ന്ന സാമൂഹ്യപദവി ലഭിക്കണമെങ്കില്‍ അടുത്ത ജന്മത്തിലോ ജന്മങ്ങളിലോ ആണ് സാധ്യമാകുക. ആ വിശ്വാസം 1920-ല്‍പോലും ഗാന്ധിക്കുണ്ടായിരുന്നു. ഗാന്ധിയില്‍ വിപ്ലവകരമായ മാറ്റം അല്ല നടന്നത്. ജാതിവ്യവസ്ഥ അസമത്വത്തെ പ്രതിനിധീകരിക്കുന്നു എന്നുള്ള വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നില്ല. മാധവനെപ്പോലുള്ളവരുടെ ഇടപെടലുകളാണ് ഗാന്ധിയിലെ വിശ്വാസങ്ങളില്‍ ചെറുതായ മാറ്റങ്ങള്‍ ഉണ്ടാക്കിയെടുത്തത്. 1921-ല്‍ തിരുനെല്‍വേലിയില്‍വെച്ച് ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ മാധവന്‍ അറിയിച്ചത് ക്ഷേത്രപ്രവേശനം ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ കൂടി നടത്താന്‍ ആഗ്രഹിക്കുന്നു എന്നാണ്. ഗാന്ധി അത് കേട്ടമാത്ര, മാധവനെ വിലക്കുകയും ചെയ്തു. താനുള്‍പ്പെടുന്ന ഈഴവ സമുദായം മറ്റിടങ്ങളിലെ പഞ്ചമരെപ്പോലുള്ളതല്ല എന്ന് മാധവന്‍ ഗാന്ധിയെ ധരിപ്പിച്ചു. ഈഴവര്‍ക്കിടയില്‍ വിദ്യാസമ്പന്നരും ഉയര്‍ന്ന ഉദ്യോഗമുള്ളവരും ഉണ്ട് എന്ന് അറിയിക്കുകയും ചെയ്തു. അപ്പോള്‍തന്നെ, ഗാന്ധി ഈഴവര്‍ ക്ഷേത്രപ്രവേശനത്തിന് അര്‍ഹരാണ് എന്ന് മാധവനോട് പറയുകയും ചെയ്തു. 1924 ഏപ്രില്‍ 2-ന് യങ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തില്‍ അയിത്തജാതിക്കാര്‍ക്കു ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ എല്ലാ ഹിന്ദുക്കള്‍ക്കുമായി തുറന്നുകൊടുക്കണമെന്ന് ഗാന്ധി പ്രസ്താവിച്ചിരുന്നു. കോണ്‍ഗ്രസ് ഔപചാരികമായി അയിത്തോച്ചാടനം പ്രധാന കര്‍മ്മപരിപാടിയായി അംഗീകരിക്കുന്നതിനു മുന്‍പേ, ഗാന്ധിക്ക് ക്ഷേത്രം ജാതിയുടെ ഒരു കോട്ടമതിലാണ് എന്ന് മനസ്സിലാക്കിയിരുന്നു. ജാതിയുടെ സങ്കീര്‍ണ്ണതകളെ ഗാന്ധി മനസ്സിലാക്കി വരുന്നതേയുണ്ടായിരുന്നുള്ളൂ.  1921-ലെ മലബാര്‍ കലാപത്തിനുശേഷം ഹിന്ദുക്കള്‍ക്കിടയിലെ അകല്‍ച്ചകള്‍ ഇല്ലാതാക്കേണ്ടതുണ്ട് എന്നുള്ള മുറവിളികള്‍ ഹൈന്ദവമായി ചിന്തിച്ചിരുന്ന പലരില്‍നിന്നും വന്നിരുന്നു. ജാതി വ്യവസ്ഥയുടെ അടിസ്ഥാന തത്ത്വമായ ചാതുര്‍വര്‍ണ്ണ സങ്കല്പത്തെ തള്ളിക്കളയാതെ തന്നെ ഹിന്ദു ഐക്യം നേടാനുള്ള ശ്രമമായിരുന്നു നടന്നത്. കുഞ്ഞുരാമനും കൃഷ്ണനും അയ്യപ്പനും ഒക്കെ മത പരിവര്‍ത്തനം എന്ന സ്വപ്നം ഈഴവര്‍ക്കു നല്‍കുകയും ചെയ്യുന്നുണ്ടായിരുന്നു.

മന്നത്ത് പത്മനാഭ പിള്ള
മന്നത്ത് പത്മനാഭ പിള്ള

മന്നത്തു പദ്മനാഭന്‍ വളരെ കര്‍ക്കശമായി ജാതിവ്യവസ്ഥയെ വിമര്‍ശിച്ചിട്ടുണ്ട്. ''ഈഴവന്റെ പട്ടിക്കും പുലയന്റെ പൂച്ചയ്ക്കും ഭക്ഷണകാര്യത്തില്‍ അത്രയൊന്നും ശുദ്ധിവൃത്തിക്കാരനല്ലാത്ത കാക്കയ്ക്കും യഥേഷ്ടം പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള ക്ഷേത്രസന്നിധിയില്‍ മനുഷ്യന് അശുദ്ധി കല്പിക്കുന്ന രീതിശാസ്ത്രം ശരിയല്ല'' എന്ന് അദ്ദേഹം പ്രസംഗിച്ചിരുന്നു. മന്നമായിരുന്നു വൈക്കത്തുനിന്നും തിരുവനന്തപുരത്തേക്ക് 1925-ല്‍  സവര്‍ണ്ണ ജാഥ നയിച്ചത്. ആ ജാഥയെ സ്വീകരിക്കാന്‍ ഈഴവരുള്‍പ്പെടെയുള്ള ജാതികളില്‍പെട്ടവര്‍ ആവേശം കാണിച്ചു. ഈഴവരുടെ കാര്യം മാത്രമല്ല, കോടിക്കണക്കായ അധഃസ്ഥിതരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് സവര്‍ണ്ണ ജാഥയെന്നും പറഞ്ഞ് ആശംസിക്കുന്ന പാട്ടുകള്‍ പാടിയാണ് അവര്‍ മന്നത്തേയും കൂടെയുള്ളവരേയും എതിരേറ്റത്. ഈഴവരുടെയിടയില്‍ പിടിയരി ശേഖരിച്ചു സത്യാഗ്രഹത്തിന് പണം കണ്ടെത്തുന്ന രീതി വലിയ വിജയമായിരുന്നു. ഭൂരിപക്ഷം വരുന്ന അധഃസ്ഥിതര്‍ക്കു സ്വാതന്ത്ര്യം നല്‍കുന്നതിന് ചെറിയ ഒരു കൂട്ടം ആളുകളുടെ എതിര്‍പ്പുകള്‍ സാരമാക്കരുത് എന്നായിരുന്നു സവര്‍ണ്ണ ജാഥയുടെ പ്രതിനിധികള്‍ തിരുവനന്തപുരത്ത് മഹാറാണിയെ അറിയിച്ചത്.  1924  നവമ്പര്‍ 1 മുതല്‍ 11  വരെയാണ് സവര്‍ണ്ണ ജാഥ നടന്നത്.

കനിഞ്ഞു തരേണ്ട അവകാശം

വൈക്കം സത്യാഗ്രഹ കാലത്ത് നിരവധി പേര്‍ കേരളത്തിനു പുറത്തുനിന്നും വന്നിരുന്നു. എന്തിനു നിങ്ങള്‍ വന്നുവെന്ന ചോദ്യം അവരില്‍പലരും അധികാരികളില്‍നിന്നും കേട്ടിരുന്നു. ഐയ്യമുത്തു ഗൗണ്ടറെപ്പോലുള്ളവര്‍ അതിനു മറുപടി പറഞ്ഞത്, ''ഞാന്‍ വിദേശിയല്ല, ഇന്ത്യക്കാരനാണ്'' എന്നാണ്. രാജ്യത്തെവിടേയും ജാതിവ്യവസ്ഥ മൂലം അനുഭവിക്കുന്ന അവശതകള്‍ ഭാഷാപരമായ അതിര്‍ത്തികള്‍ക്കുള്ളില്‍നിന്നും കാണാന്‍ കഴിയില്ല എന്ന ഒരു സന്ദേശം ഈ മറുപടിയില്‍ ഉണ്ടായിരുന്നു. രാമസ്വാമി നായ്ക്കരെപ്പോലുള്ളവര്‍ വളരെ നിശിതമായ വിമര്‍ശനങ്ങളാണ് സര്‍ക്കാരിലേക്ക് തിരിച്ചത്. നായ്ക്കളേക്കാള്‍ പരിതാപകരമാണ് അയിത്തജാതിക്കാരുടെ അവസ്ഥയെന്നും അദ്ദേഹം പ്രസംഗിച്ചു. ഇ.വി. രാമസ്വാമി നായ്ക്കരോട് തിരുവിതാംകൂര്‍ ഭരണകൂടം കൂടുതല്‍ കര്‍ക്കശമായാണ് പെരുമാറിയത്. കെ.പി. കേശവമേനോന്‍ നായ്ക്കരെക്കുറിച്ച് എഴുതിയത് ഇപ്രകാരമാണ്: ''തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും ഈറോഡ് മുനിസിപ്പല്‍ കൗണ്‍സിലിലെ ചെയര്‍മാനായിരുന്ന ആളും ഒരു വലിയ ധനികനും ഒരു ഉത്തമ ദേശാഭിമാനിയുമായ നായ്ക്കര്‍ കാലില്‍ തളയും തടവുകാരുടെ തൊപ്പിയും മുട്ട് വരെയുള്ള മുണ്ടും, കഴുത്തില്‍ മരത്താലിയും ഇട്ടു കൊള്ളക്കാരന്റേയും കൊലപാതകിയുടേയും ഒന്നിച്ചു ജോലിക്കു പോകുന്നത് കണ്ടിട്ട് കേരളത്തിലെ തീണ്ടല്‍ ജാതിക്കാരുടെ സ്വാതന്ത്ര്യത്തിനായി തമിഴ്നാട്ടിലെ ഒരു വലിയ സവര്‍ണ്ണ ഹിന്ദുവിനെ ഈ ത്യാഗത്തിനു പ്രേരിപ്പിച്ച ശ്രേഷ്ഠ പ്രസ്ഥാനത്തിന്റെ മഹിമ ഞങ്ങള്‍ക്ക് പുതിയ ജീവന്‍ തരാതിരുന്നില്ല. കേരളത്തിന്റെ പൊതു മണ്ഡലത്തേക്കു ഈഴവരില്‍പെട്ട പാര്‍വ്വതി അമ്മ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ വരവിനു സാക്ഷ്യം വഹിച്ച സമരങ്ങളില്‍ ഒന്നാണ് വൈക്കം സത്യാഗ്രഹം.''  ഇക്കാലത്ത് ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങിയത് ബ്രാഹ്മണ മതമായിരുന്നു.

വൈക്കം സത്യാ​ഗ്ര​ഹ സ്മാരക മന്ദിരം
വൈക്കം സത്യാ​ഗ്ര​ഹ സ്മാരക മന്ദിരം

1925  മാര്‍ച്ചില്‍  ഗാന്ധി കേരളത്തില്‍ പല ആളുകളേയും നേരിട്ടു കണ്ട് ചര്‍ച്ച നടത്തിയെങ്കിലും സത്യാഗ്രഹം നീണ്ടുപോയി. വൈക്കം സത്യാഗ്രഹത്തെ അടയാളപ്പെടുത്തുന്ന പ്രധാന സംഭവങ്ങളില്‍ ഒന്ന് ഗാന്ധിയും ഇണ്ടന്തുരുത്തില്‍ ദേവന്‍ നീലകണ്ഠന്‍ നമ്പ്യാതിരിയുമായുള്ള സംഭാഷണമാണ്. ഗാന്ധിയുടെ സന്തതസഹചാരികളില്‍പെട്ട സി. രാജഗോപാലാചാരി തുടങ്ങിയവര്‍ കൂടാതെ മറ്റു പ്രമാണികളും ആ യോഗത്തില്‍ ഉണ്ടായിരുന്നു. ആ യോഗത്തില്‍ വെച്ചാണ് നമ്പ്യാതിരി ഗാന്ധിയോട് പറയുന്നത്, കൊള്ളക്കാരേക്കാള്‍ മോശക്കാരാണ് അയിത്ത ജാതിക്കാര്‍ എന്ന്. ഗാന്ധി തന്നെ അധികാരികളെ ആ സന്ദര്‍ഭത്തില്‍ അറിയിച്ചത് യാഥാസ്ഥിതികരെ പിണക്കാനും ഭരണകൂടത്തിന് പ്രശ്നങ്ങള്‍ ഉണ്ടാക്കുവാനും അല്ല സത്യാഗ്രഹികള്‍ ശ്രമിക്കുന്നത് എന്നാണ്. മറിച്ച്, അവരുടെ ലക്ഷ്യം യാഥാസ്ഥിതികരെ സ്വാധീനിക്കാനാണ് എന്നാണ് ഗാന്ധി അറിയിക്കുന്നത്. കാലങ്ങളായി അനുഭവിച്ചുവരുന്ന പ്രത്യേകമായ അവകാശങ്ങളെ പെട്ടെന്ന് നിറുത്തണമെന്നു പറയുന്നത് ശരിയല്ല എന്ന കാഴ്ചപ്പാട് ഗാന്ധിക്കും ഉണ്ടായിരുന്നു. യാഥാസ്ഥിതികര്‍ കനിഞ്ഞുതരേണ്ട അവകാശമായി പൊതു നിരത്തിലൂടെ നടക്കാനുള്ള അവര്‍ണ്ണരുടെ അവകാശത്തെ അദ്ദേഹം കണ്ടിരുന്നു.  ടി.എ. ഗണപതി അയ്യര്‍ 1100  മേടം 13-ന് വൈക്കത്തു നടത്തിയ യോഗത്തില്‍ നടന്ന ചര്‍ച്ചയില്‍, ഗാന്ധി എന്ന അരാജകവാദിയെ കഠിനമായി വിമര്‍ശിക്കുന്നുണ്ട്. അവര്‍ണര്‍ക്ക് ക്ഷേത്ര റോഡുകളിലൂടെ പ്രവേശനം നല്‍കിയാല്‍, ''ക്ഷേത്രാചാരങ്ങള്‍ക്കും മതാചാരങ്ങള്‍ക്കും പൊതുവെ നാടിനും അപരിഹാര്യമായ ദോഷം സംഭവിക്കാന്‍'' ഇടയുണ്ട് എന്നും തിരുവിതാംകൂര്‍ റാണിയെ ഓര്‍മ്മപ്പെടുത്തി. 1865-ലെയും 1884-ലെയും  സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം രാജ്യത്തെ എല്ലാ പുതുനിരത്തുകളിലൂടെയും എല്ലാത്തരം ആളുകള്‍ക്കും സഞ്ചരിക്കാം എന്നുണ്ട് എന്ന് സവര്‍ണ്ണ ജാഥയുടെ ഭാഗമായി സമര്‍പ്പിച്ച നിവേദനത്തില്‍ പ്രസ്താവിച്ചിരുന്നു. റോഡുകള്‍ മാത്രമല്ല, സ്ഥാപനങ്ങളും തുറന്നുകൊടുക്കണമെന്നും ജാഥക്കാര്‍ ആവശ്യപ്പെട്ടു.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com