കെന്റ് കൗണ്ടിയിലെ പ്രശാന്തമായ ഹരിതകേദാരങ്ങള്‍ പിന്നിട്ട് ഗാര്‍ ദി നോര്‍ദിലേക്ക്...

ഒരു വിമാനത്തിനകത്ത് ലഭിക്കുന്ന സൗകര്യങ്ങളാണ് രണ്ടാം ക്ലാസ്സ് ബോഗിയില്‍പോലും ഉള്ളത്. സൗജന്യ വൈഫൈ; എല്ലാ സീറ്റിലും പവര്‍ സോക്കറ്റും യു.എസ്.ബി പോര്‍ട്ടും. ബാഗേജുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക സ്ഥലം
കെന്റ് കൗണ്ടിയിലെ പ്രശാന്തമായ ഹരിതകേദാരങ്ങള്‍ പിന്നിട്ട് ഗാര്‍ ദി നോര്‍ദിലേക്ക്...

ത്സാഹമോടെയാണ് ലണ്ടനിലെ രണ്ടാമത്തെ പുലരിയില്‍ ഉണര്‍ന്നെണീറ്റത്. പാരീസിലേക്കാണ് ഇനി യാത്രയാവുന്നത് എന്നതുതന്നെയാണ് കാരണം. ഇംഗ്ലീഷ് ചാനലിനടിയിലുള്ള തുരങ്കപാതയിലൂടെയാണ് ആ യാത്ര എന്നത് ആവേശം ഇരട്ടിപ്പിച്ചു. ഏഴുമണിക്കു തന്നെ ഹില്‍ട്ടണ്‍ ഹോട്ടലിലെ റസ്റ്റോറന്റിലേക്ക് ഞങ്ങള്‍ കടന്നുചെന്നു. അവിടുത്തെ പ്രാതല്‍ ഒരു 'സംഭവം' തന്നെയാണ്. റോസ്റ്റ് ചെയ്ത ബ്രെഡും ബട്ടറും ജാമും പഴങ്ങളും ചായയും കാപ്പിയും മാത്രമല്ല, ഫ്രെഞ്ച് റോളും പുഴുങ്ങിയ മുട്ടയും ഓംലറ്റും വെജിറ്റബിള്‍ സാലഡും ഡ്രൈ ഫ്രൂട്ട്സും പഴച്ചാറുകളും പാലും കോണ്‍ഫ്‌ലേക്‌സുമെല്ലാമുണ്ട്. ഹോട്ടലില്‍ താമസിക്കുന്ന അതിഥികള്‍ക്ക് തങ്ങള്‍ക്കു വേണ്ടതെന്തും ആവശ്യാനുസരണം തെരഞ്ഞെടുത്ത്, പരിധിയില്ലാതെ കഴിക്കാവുന്ന ഉപചാരപൂര്‍വ്വമായ പ്രഭാതഭക്ഷണം. 

സെന്റ് പാന്‍ക്രാസ് അന്തര്‍ദ്ദേശീയ റെയില്‍വേ ടെര്‍മിനലില്‍നിന്ന് ഒന്‍പതരയ്ക്കാണ് പാരീസിലേക്കുള്ള യൂറോസ്റ്റാര്‍ അതിവേഗ തീവണ്ടി പുറപ്പെടുന്നത്. ഹില്‍ട്ടണില്‍നിന്ന് റോഡുമാര്‍ഗ്ഗം അവിടെയെത്താന്‍ ഒരു മണിക്കൂര്‍ സമയം വേണം. ചാറ്റല്‍ മഴയുണ്ട്. പുലര്‍ക്കാലമാണെന്നാലും റോഡില്‍ വാഹനത്തിരക്ക് കൂടുതലാണ്. സിഗ്‌നലിനായി കാത്തുകിടന്നും നിരത്തുനിറഞ്ഞൊഴുകുന്ന വണ്ടികള്‍ക്കിടയിലൂടെ ഊളിയിട്ടുമെല്ലാം ഒഴുകിനീങ്ങിയ ഞങ്ങളുടെ ലക്ഷ്വറികോച്ച് സെന്റ് പാന്‍ക്രാസ് സ്റ്റേഷനിലെത്തുമ്പോള്‍ ഒന്‍പതുമണി. നേരത്തേ റിസര്‍വ്വ് ചെയ്ത യൂറോസ്റ്റാറില്‍ കയറിപ്പറ്റാനാവുമോയെന്ന ആശങ്കയോടെയായിരുന്നു അകത്തു പ്രവേശിച്ചത്. 

സെന്റ് പാന്‍ക്രാസ് സ്റ്റേഷനില്‍ ഒരു വിമാനത്താവളത്തിലേതുപോലുള്ള നടപടിക്രമങ്ങളെല്ലാം പാലിക്കണം. സ്ട്രീറ്റില്‍നിന്ന് നാം നേരെ പ്രവേശിക്കുന്ന ടെര്‍മിനലിന്റെ താഴത്തെ നിലയിലാണ് ടിക്കറ്റ് ഓഫീസ്. സൗജന്യ വൈഫൈ, ബേബി ചെയ്ഞ്ചിംഗ് ഏരിയ, ഫാമിലി റൂം, കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം എന്നിവയെല്ലാം ഈ ടെര്‍മിനലില്‍ ഉണ്ട്. വണ്ടി പുറപ്പെടുന്നതിനു അരമണിക്കൂര്‍ മുന്നേയെങ്കിലും സ്റ്റേഷനിലെത്തി ചെക്ക്ഇന്‍ ചെയ്യണം. ഓടിക്കിതച്ചാണ് സ്റ്റേഷനിലെത്തിയതെന്നാലും ടൂര്‍ ലീഡര്‍ അനിലിന്റെ അവസരോചിതമായ നീക്കങ്ങള്‍ കാര്യങ്ങള്‍ എളുപ്പമാക്കി. ക്ഷിപ്രവേഗമോടെ ബാഗേജുകളെല്ലാം സ്‌കാനിംഗ് യന്ത്രത്തില്‍ പരിശോധനാവിധേയമാക്കി. പാരീസിലെത്തിയാല്‍ ഇനി വേറെ ചെക്കിങ്ങുകളൊന്നും ആവശ്യമില്ല. ഇന്റര്‍നാഷണല്‍ യൂറോസ്റ്റാര്‍ വണ്ടികള്‍ വന്നെത്തുന്ന ഒന്നാംനിലയിലേക്ക് ലിഫ്റ്റിലോ എസ്‌ക്കലേറ്ററിലോ കടന്നുചെല്ലാം. അഞ്ചു മുതല്‍ പത്തുവരെയുള്ള പ്ലാറ്റ്ഫോമുകളിലാണ് ഈ ഹൈസ്പീഡ് ട്രെയിനുകള്‍ വന്നണയുക.

പ്രൗഢിയും ഗാംഭീര്യവും

പ്രൗഢിയും ഗാംഭീര്യവും നിറഞ്ഞുതുളുമ്പുന്നതാണ് സെന്റ് പാന്‍ക്രാസ് ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ കെട്ടിടത്തിന്റെ അകവും പുറവും. 1868-ലാണ്, ഗോഥിക് ശൈലിയിലുള്ള ഈ മന്ദിരത്തിന്റെ നിര്‍മ്മാണം നടക്കുന്നത്. പഴയകാല പ്രതാപത്തിന് തെല്ലുപോലും മങ്ങലേല്പിക്കാതെയാണ് 2007-ല്‍ ഇവിടം നവീകരിച്ചതെന്ന് ആര്‍ക്കും ബോദ്ധ്യമാവും. സെന്റ് പാന്‍ക്രാസ് വെറുമൊരു ട്രെയിന്‍ ടെര്‍മിനല്‍ മാത്രമല്ല, ഇംഗ്ലണ്ടിലെ ഒന്നാംനിരയില്‍പ്പെടുന്ന പകിട്ടാര്‍ന്ന പ്രോജ്ജ്വല നിര്‍മ്മിതിയാണ്. ഇതിനകത്തെ പകുതിയിലേറെയും ഭാഗത്ത് റിനയ്സന്‍സ് ഹോട്ടലാണ് പ്രവര്‍ത്തിക്കുന്നത്. മറ്റിടങ്ങളില്‍ കടകളും റസ്റ്ററന്റുകളും കഫേകളുമുണ്ട്. ലോകത്തിലെ ഏറ്റവും നീളമേറിയ ഷാംപെയ്ന്‍ ബാര്‍ ഇവിടെയാണ്. ഈ സ്റ്റേഷന്റെ മനോഹാരിത അനുഭവിച്ചറിയാന്‍ ഞങ്ങള്‍ക്കു വേണ്ടത്ര സമയം കിട്ടിയില്ല. ഈ വഴി ഇനിയൊരു യാത്രയുണ്ടെങ്കില്‍ അതിനായി രണ്ടു മണിക്കൂറെങ്കിലും മാറ്റിവെയ്ക്കും, തീര്‍ച്ച. 

1994-ലാണ് ഫാഷന്‍ നഗരിയിലേക്ക് യൂറോസ്റ്റാര്‍ സര്‍വ്വീസ് തുടങ്ങുന്നത്. രാവിലെ ആറിനും രാത്രി എട്ടിനുമിടയില്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് പാരീസിലേക്ക് വണ്ടിയോടുന്നു. 52 പൗണ്ടാണ് സെക്കന്റ് ക്ലാസ്സ് ടിക്കറ്റ് നിരക്ക്. നമ്മുടെ 5200 രൂപയോളം വരും. നാലു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്. നാലിനും പതിനൊന്നിനും ഇടയിലുള്ളവര്‍ക്ക് പ്രത്യേക ഇളവുകളുണ്ട്. പന്ത്രണ്ടിനും പതിനാറിനും മദ്ധ്യേയുള്ളവര്‍ക്ക് യൂത്ത് ഫെയര്‍ നല്‍കിയാല്‍ മതി. പാരീസിനു പുറമേ ബ്രസ്സല്‍സിലേക്കും ആംസ്റ്റര്‍ഡാമിലേക്കും യൂറോസ്റ്റാര്‍ ഓടുന്നുണ്ട്. 

തിക്കും തിരക്കുമേറിയ ആഘോഷതീരങ്ങളുള്ള ലണ്ടന്‍ നഗരത്തില്‍നിന്നു പുറപ്പെട്ട് കെന്റ് കൗണ്ടിയിലെ പ്രശാന്തമായ ഹരിതകേദാരങ്ങള്‍ പിന്നിട്ട് ചാനല്‍ ടണലിലൂടെ കുതിച്ചുപാഞ്ഞ്, രണ്ടു മണിക്കൂറും 20 മിനിട്ടുമെടുത്താണ് ഈ അതിവേഗ ട്രെയിന്‍ പാരീസിലെ ഗാര്‍ ദി നോര്‍ദ് സ്റ്റേഷനിലെത്തുന്നത്. ഇംഗ്ലണ്ടിനും ഫ്രാന്‍സിനുമിടയില്‍ ഇംഗ്ലീഷ് ചാനലിനടിയിലൂടെ കടന്നുപോകുന്ന തുരങ്കപാതയാണ് ചാനല്‍ ടണല്‍ എന്നറിയപ്പെടുന്നത്. 

രണ്ടു വന്‍ശക്തികള്‍ക്കിടയിലുള്ള ഇംഗ്ലീഷ് ചാനല്‍ നൂറ്റാണ്ടുകളായി ലോകത്തിലെ പ്രധാന നാവികസഞ്ചാര മേഖലയാണ്. എന്നാല്‍, പാറകള്‍ നിറഞ്ഞ തീരങ്ങളും പ്രക്ഷുബ്ധമായ കാലാവസ്ഥയും കാരണം ചാനലിലൂടെയുള്ള യാത്രാമാര്‍ഗ്ഗം പ്രയാസമേറിയതും അപകടം നിറഞ്ഞതുമാക്കി. 1800-കളുടെ തുടക്കത്തില്‍ 38 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ഈ ചാനല്‍ വിടവ് നികത്താനുള്ള പലതരം നിര്‍ദ്ദേശങ്ങള്‍ വാസ്തുവിദ്യാ വിശാരദര്‍ സമര്‍പ്പിച്ചിരുന്നു. കൃത്രിമ ദ്വീപുകളുണ്ടാക്കി അവ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ നിര്‍മ്മിക്കാനും വെള്ളത്തിനടിയിലൂടെ ഇടനാഴികള്‍ തീര്‍ക്കാനും ആലോചനകള്‍ നടന്നു. കടലിനടിയിലെ പാത എന്ന ആശയം യൂറോപ്യന്‍ എന്‍ജിനീയര്‍മാരുടെ ഭാവനയില്‍ ഏറെക്കാലം നിറഞ്ഞുനിന്നു. 

ടണല്‍ ബോറിംഗ് യന്ത്രങ്ങളുടെ കണ്ടുപിടുത്തം ആ ചിന്തകള്‍ക്ക് ആവേഗം പകര്‍ന്നു. കടലിനടിത്തട്ടില്‍ കളിമണ്ണിന്റേയും ചുണ്ണാമ്പിന്റേയും പാളികള്‍ കണ്ടെത്തിയതോടെ ടണല്‍ നിര്‍മ്മാണം അസാദ്ധ്യമല്ലെന്ന നിഗമനത്തിലേക്കും തിരിച്ചറിവിലേക്കും അവരെത്തിച്ചേര്‍ന്നു. ബ്രിട്ടന്‍ എന്ന ദ്വീപുരാഷ്ട്രത്തിന്റെ ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും ഫ്രെഞ്ച് അധിനിവേശത്തെക്കുറിച്ചുള്ള ഭീതിയുമെല്ലാം ചേര്‍ന്നപ്പോള്‍ പദ്ധതി വീണ്ടും വൈകി. ഒടുവില്‍, നൂറു വര്‍ഷത്തെ ആലോചനകള്‍ക്ക് അന്ത്യംകുറിച്ചുകൊണ്ട് രണ്ടു രാജ്യങ്ങളും തമ്മില്‍ ഒരു ധാരണയിലെത്തി. സ്വകാര്യ സംരംഭകരുടെ ധനസഹായത്തോടെ തുരങ്കം യാഥാര്‍ത്ഥ്യമാക്കാനുള്ള നീക്കം തുടങ്ങി. 1985-ല്‍, ഇരുനാടുകളിലേയും ഒരുകൂട്ടം കമ്പനികള്‍ 14 ബില്യന്‍ പൗണ്ട് (ഒരു കോടി 82 ലക്ഷം ഡോളര്‍) നിക്ഷേപിച്ച് പ്രാഥമിക നടപടികള്‍ക്ക് തുടക്കം കുറിച്ചു. ചരിത്രത്തില്‍ അന്നേവരെയുള്ളതില്‍വെച്ച് ഏറ്റവും ചെലവേറിയ അടിസ്ഥാനവികസന പദ്ധതിയായി ഇത് രേഖപ്പെടുത്തപ്പെട്ടു.

1988-ലാണ് ടണല്‍ റെയിലിന്റെ പണി തുടങ്ങുന്നത്. യൂറോ ടണല്‍ എന്ന ആംഗ്ലോ-ഫ്രെഞ്ച് കമ്പനിയാണ് ചാനല്‍ ടണലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിയത്. ഒത്തനടുവില്‍വെച്ച് സന്ധിക്കാനുറച്ച് രണ്ടുഭാഗത്തുനിന്നും ഒരേസമയം തുരന്നുതുടങ്ങി. കടലിന്റെ അടിത്തട്ടില്‍നിന്ന് ശരാശരി 50 മീറ്റര്‍ താഴെയാണ് തുരങ്കങ്ങള്‍. കടലിനടിയിലൂടെയുള്ള ടണലിന്റെ നീളം 37.8 കിലോമീറ്ററാണ്. തുരങ്കപാതയുടെ ആകെ നീളം 50.45 കിലോമീറ്ററും. മൂന്നു ടണലുകളില്‍ ഒരെണ്ണം ഫ്രാന്‍സിലേക്കുള്ള ട്രെയിനുകള്‍ക്കുവേണ്ടിയാണ്. മറ്റൊന്ന് ഇംഗ്ലണ്ടിലേക്കുള്ള വണ്ടികള്‍ക്കായും. ഇവ രണ്ടിനുമിടയില്‍ മൂന്നാമത്തേത് സര്‍വ്വീസ് ടണലാണ്. ഒരു അടിയന്തരാവസ്ഥയില്‍ ഈ ടണല്‍ വഴിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

സാറ്റലൈറ്റ് പൊസിഷനിംഗ് സംവിധാനത്തിലൂടെയാണ് സര്‍വ്വേ നടത്തിയത്. 13000 തൊഴിലാളികള്‍ തുരക്കല്‍ ജോലികളില്‍ വ്യാപൃതരായി. 1300 ടണ്‍ ഭാരമുള്ള തുരക്കല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് മണിക്കൂറില്‍ മൂന്നരമീറ്റര്‍ എന്ന കണക്കില്‍ അതിവേഗതയില്‍ പ്രവൃത്തികള്‍ പുരോഗമിച്ചു. ഇക്കാലയളവില്‍ പത്തു ജോലിക്കാര്‍ക്ക് ജീവന്‍ നഷ്ടമായി. 

രണ്ടര വര്‍ഷക്കാലത്തെ കഠിനാദ്ധ്വാനത്തിനുശേഷം, 1990-ല്‍, ഇരുകരകളിലുമുള്ള പണിക്കാര്‍ ഒരൊറ്റ ബിന്ദുവില്‍ സന്ധിച്ചു. ബ്രിട്ടീഷ് പക്ഷത്തുള്ള തൊഴിലാളിയായ ഗ്രഹാം ഫാഗ് ഫ്രെഞ്ചു ഭാഗത്തു നിന്നിരുന്ന ഫിലിപ്പ് കൊസെറ്റിനു കൈകൊടുത്തു. പിന്നെ, ഫ്രെഞ്ച് ഭാഷയില്‍ ഇങ്ങനെ അഭിവാദ്യം ചെയ്തു: 'Bonjour, mon ami'  ഹലോ, കൂട്ടുകാരാ. ഫിലിപ്പ് ഇംഗ്ലീഷില്‍ പ്രത്യഭിവാദ്യം ചെയ്തു: 'Welcome to France.' അവിടെ ഒരു ചരിത്രം രചിക്കപ്പെട്ടു. ലോകത്ത് മറ്റെവിടെയും ഇത്രയും ദൈര്‍ഘ്യമേറിയ ആഴക്കടല്‍ റെയില്‍പ്പാതകളില്ല, ഇന്നും. 

സെന്റ് പാൻ ക്രാസ് അന്തർദേശീയ റെയിൽവേ ടെർമിനൽ
സെന്റ് പാൻ ക്രാസ് അന്തർദേശീയ റെയിൽവേ ടെർമിനൽ

എലിസബത്ത് രാജ്ഞിയും ഫ്രെഞ്ചു പ്രസിഡന്റ് ഫ്രാങ്കോ മിറ്ററാന്റും ചേര്‍ന്ന്, 1994 മേയ് ആറിനാണ് തുരങ്കപാത സഞ്ചാരത്തിനായി തുറന്നുനല്‍കിയത്. ഇംഗ്ലണ്ടിന്റെ തെക്കുകിഴക്കായി കിടക്കുന്ന ഫോക്സ്റ്റോണ്‍ എന്ന തുറമുഖപട്ടണത്തിലെ വിക്ടര്‍ ഹ്യൂഗോ ടെര്‍മിനസില്‍നിന്ന് ഉത്തര ഫ്രാന്‍സിലെ കലൈസിലുള്ള ചാള്‍സ് ഡിക്കന്‍സ് ടെര്‍മിനസിലേക്കാണ് ആദ്യഘട്ടത്തില്‍ വണ്ടിയോടിയത്. വെറും 35 മിനിട്ടിനുള്ളില്‍ യു.കെയില്‍നിന്ന് യൂറോപ്പില്‍ കാലുകുത്താം. ചാനല്‍ ടണലിനെ ലണ്ടനുമായി ബന്ധിപ്പിക്കുന്ന റെയില്‍ ലിങ്ക് ആരംഭിച്ചത് 2007-ലാണ്. ഇതോടെ ഈ വഴിയുള്ള ദേശാന്തര യാത്രികരുടെ പ്രവാഹം വര്‍ദ്ധിച്ചു. വേഗമേറിയതും ചെലവുകുറഞ്ഞതുമായ യാത്രാവഴിയാണ് ചാനല്‍ ടണല്‍.

ചരക്കുകള്‍ കയറ്റിയ ട്രക്കുകളും ലോറികളും കാറുകളുമൊക്കെ കൊണ്ടുപോകാന്‍ ലെ ഷട്ടില്‍ എന്നു പേരുള്ള വണ്ടികളും ഈ വഴിയേ ഓടുന്നുണ്ട്. വാഹനങ്ങള്‍ വേഗത്തില്‍ ഓടിച്ചുകയറ്റാന്‍ കഴിയുംവിധമാണ് രണ്ടിടത്തേയും ടെര്‍മിനലുകള്‍ രൂപകല്പന ചെയ്തിട്ടുള്ളത്. ലെ ഷട്ടില്‍ ബോഗികളിലേക്ക് സ്വന്തം കാര്‍ ഓടിച്ചുകയറ്റാം. അതില്‍ത്തന്നെയിരുന്നു യാത്ര ചെയ്യാം. ഫ്രാന്‍സിലെത്തിയാല്‍ കാറോടിച്ചിറങ്ങാം. പക്ഷേ, ബ്രിട്ടനില്‍ ഇടതുവശം ചേര്‍ന്നും ഫ്രാന്‍സില്‍ വലത്തുവശത്തുകൂടിയും വണ്ടിയോടിക്കണം എന്ന വ്യത്യാസമുണ്ട്.

ചാനല്‍ ടണല്‍ വഴി വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകാന്‍ അനുമതി ലഭിച്ച രണ്ടായിരമാണ്ടിനുശേഷം 25 ലക്ഷത്തിലേറെ പൂച്ചകളും നായ്ക്കളും ഈ തുരങ്കപാതയിലൂടെ യാത്ര നടത്തിയിട്ടുണ്ടത്രേ! പ്രണയദിനത്തില്‍, ഓരോ വര്‍ഷവും കോടിക്കണക്കിനു സുന്ദരപുഷ്പങ്ങള്‍ അതിര്‍ത്തികള്‍ കടന്നുപോകുന്നു. ബ്രിട്ടനും മറ്റു യൂറോപ്യന്‍ നാടുകളും തമ്മിലുള്ള വ്യാപാരത്തിന്റെ നാലിലൊന്നും ഈ ടണല്‍ പാതയിലൂടെയാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ ഒരു ദ്വീപുരാഷ്ട്രമായി അറിയപ്പെടുന്ന പഴയ സാമ്രാജ്യശക്തിയുടെ ചരിത്രം മാറ്റിമറിച്ച ഒന്നാണ് ഇംഗ്ലീഷ് ചാനലിന്റെ അടിത്തട്ടിലൂടെയുള്ള ഈ ടണല്‍ പാത. നാട്ടുകാര്‍ക്ക് പ്രയോജനകരമായ ലളിത സഞ്ചാരമാര്‍ഗ്ഗമെന്ന നിലയില്‍ ഇതിന്റെ പ്രാധാന്യമേറെയാണ്. 

വര്‍ഷത്തില്‍ 20 മില്യണ്‍ (ഒരു കോടി) ആളുകളാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. 12 ലക്ഷം ടണ്‍ ചരക്കുകള്‍, 16 ലക്ഷം ട്രക്കുകള്‍, 26 ലക്ഷം കാറുകള്‍ എന്നിവയും കടന്നുപോകുന്നു. കോച്ചുകള്‍, കാരവനുകള്‍, മോട്ടോര്‍ ബൈക്കുകള്‍, സൈക്കിളുകള്‍ അങ്ങനെ പലയിനം വാഹനങ്ങള്‍ കൊണ്ടുപോകാം.

വിസ്മയിപ്പിക്കുന്ന മറ്റൊരു കാര്യംകൂടി നാമറിയണം. തുരങ്കം തീര്‍ക്കാന്‍ ഇംഗ്ലീഷുകാരുടെ ഭാഗത്തുനിന്ന് പുറത്തെടുത്ത കളിമണ്ണുപയോഗിച്ച് 111 ഏക്കര്‍ വിസ്താരമുള്ള ഒരു പാര്‍ക്കുണ്ടാക്കി, പരിസ്ഥിതിക്കു കോട്ടമുണ്ടാക്കാതെതന്നെ! ഷേക്സ്പിയര്‍ ക്ലിഫിനടുത്തായി 1.7 കിലോമീറ്റര്‍ നീളമുള്ള കടല്‍ഭിത്തി കെട്ടിയശേഷം അഞ്ചു മില്യണ്‍ ക്യുബിക് മീറ്റര്‍ മണ്ണാണ് കടലില്‍ നിക്ഷേപിച്ചത്. തുരക്കല്‍ യന്ത്രങ്ങള്‍ പുറത്തെടുക്കുന്ന മണ്ണ് റെയില്‍ ടിപ്പര്‍ വാഗണുകളില്‍ നിറച്ച് ഒരു കണ്‍വെയര്‍ ബെല്‍റ്റ് വഴിയാണത്രേ നീക്കം ചെയ്തത്. ആഴ്ചയില്‍ ഏഴു ദിവസവും ദിവസം 24 മണിക്കൂറും ജോലിയെടുത്താണ് തൊഴിലാളികള്‍ ഈ സംരംഭം പൂര്‍ത്തീകരിച്ചത്. 31 ഇനത്തില്‍പ്പെട്ട വന്യപുഷ്പങ്ങളാല്‍ അലംകൃതമായ സംഫയര്‍ ഹോ പാര്‍ക്ക്, ചാനല്‍ ടണലിന്റെ വിലപ്പെട്ട ഉപോല്പന്നമാണ്. ഞങ്ങളുടെ ട്രെയിന്‍ യാത്രാസന്നദ്ധമായി പ്ലാറ്റ്ഫോമില്‍ കാത്തുകിടപ്പുണ്ട്. 95 ശതമാനം യൂറോസ്റ്റാര്‍ വണ്ടികളും സമയകൃത്യത പൂര്‍ണ്ണമായും പാലിക്കുന്നവയാണ്. വണ്ടി ടെര്‍മിനല്‍ വിടുംമുന്നേ എത്തിച്ചേരാനായതിന്റെ സമാശ്വാസത്തോടെ അകത്തു കേറിപ്പറ്റി.
 
ഒരു വിമാനത്തിനകത്ത് ലഭിക്കുന്ന സൗകര്യങ്ങളാണ് രണ്ടാം ക്ലാസ്സ് ബോഗിയില്‍പോലും ഉള്ളത്. സൗജന്യ വൈഫൈ; എല്ലാ സീറ്റിലും പവര്‍ സോക്കറ്റും യു.എസ്.ബി പോര്‍ട്ടും. ബാഗേജുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക സ്ഥലം. സുതാര്യമായ ചില്ലുവാതായനങ്ങളിലൂടെ പുറത്തെ കാഴ്ചകളിലേക്ക് മിഴിയോടിക്കുമ്പോഴേക്ക് ലഘുഭക്ഷണവുമായി ട്രെയിന്‍ ഹോസ്റ്റസുമാര്‍ അരികിലെത്തുന്നു. ഒരേ ദിശയിലുള്ളവയാണ് മിക്ക ഇരിപ്പിടങ്ങളും. ഇടയ്ക്ക്, നാലുപേരുള്ള ഒരു കുടുംബത്തിന് ഒന്നിച്ചിരിക്കാവുന്ന റൗണ്ട് ടേബിള്‍ സീറ്റുകളും കാണാം. 18 പാസ്സഞ്ചര്‍ കോച്ചുകളും രണ്ടു പവര്‍ ബോഗികളുമാണ് ഓരോ ട്രെയിനിലുമുണ്ടാവുക. ആകെ 750 സീറ്റുകള്‍. മണിക്കൂറില്‍ 300 കിലോമീറ്ററാണ് കൂടിയ വേഗത. ചാനലിനടിയിലൂടെ സഞ്ചരിക്കുമ്പോള്‍ 180 കിലോമീറ്ററും. നോണ്‍സ്റ്റോപ്പ് വണ്ടികള്‍ക്ക്, 492 കിലോമീറ്റര്‍ പിന്നിട്ട്, പാരീസിലെത്താന്‍ രണ്ടേകാല്‍ മണിക്കൂര്‍ മതി. പരിസ്ഥിതി സൗഹൃദമാണ് യൂറോസ്റ്റാര്‍ വണ്ടികള്‍. ലണ്ടനില്‍നിന്ന് പാരീസിലേക്കുള്ള ഒരു യൂറോസ്റ്റാര്‍ ട്രെയിന്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് ഒരു യാത്രികന് 11 കിലോഗ്രാം എന്ന കണക്കിലാണ്. എന്നാല്‍, ഇതേ റൂട്ടിലുള്ള ഒരു വിമാനം ചൊരിയുന്നത് 112 കിലോഗ്രാം CO2 ആണ്. 

ഈ ചാനല്‍ ടണല്‍ ലോകത്തിനു നല്‍കുന്ന സന്ദേശമെന്താണ് എന്നൊന്നാലോചിച്ചു നോക്കാം. ബ്രിട്ടീഷുകാരും ഫ്രെഞ്ചുകാരും തമ്മില്‍ കാലങ്ങളായുള്ള വൈരം പ്രസിദ്ധമാണല്ലോ. ലോകമാകെ കോളനികള്‍ സ്ഥാപിച്ച് സാമ്രാജ്യ വികസനത്തിനായി പരസ്പരം മത്സരിച്ചവരാണ് ഇരുകൂട്ടരും. തങ്ങളുടെ ധീരനായ പോരാളി നെപ്പോളിയനെ തോല്‍പ്പിച്ചു വിട്ടവരോടുള്ള പക, ഫ്രെഞ്ചിനേക്കാള്‍ ഇംഗ്ലീഷ് ഭാഷയ്ക്ക് പ്രാമുഖ്യം ലഭിച്ചതിലുള്ള കണ്ണുകടി... ഫ്രെഞ്ചുകാരുടെ രോഷത്തിനു പലതുണ്ട് കാരണങ്ങള്‍. എന്നാല്‍, രാഷ്ട്രങ്ങള്‍ക്കിടയിലുള്ള തര്‍ക്കങ്ങളും ശീതയുദ്ധങ്ങളും തങ്ങളുടെ പൗരന്മാരുടെ ക്ഷേമത്തിനോ നാടിന്റെ മേല്‍ഗതിക്കോ തടസ്സമാവരുതെന്ന് അന്നാടുകളിലെ ഭരണകര്‍ത്താക്കള്‍ പ്രകടിപ്പിച്ച ദൃഢചിത്തത മാതൃകാപരമാണ്. ഈ ബൃഹത് പദ്ധതിയുടെ വിജയം വിരല്‍ചൂണ്ടുന്നത് ഈയൊരു വസ്തുതയിലേക്കാണ്. എല്ലാ പ്രതിബന്ധങ്ങളേയും തകര്‍ക്കാനും ഒത്തുചേരാനും മനുഷ്യകുലത്തിനാവും എന്നതിന്റെ ദൃഷ്ടാന്തമാണ് കണ്‍മുന്‍പില്‍ തെളിയുന്നത്. ഇന്ത്യയ്ക്കും കേരളത്തിനും വലിയ പാഠങ്ങള്‍ നല്‍കുന്നതാണ് ഈ മാതൃക എന്നു പറയാതെ വയ്യ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com