ജയിംസ് മയക്കത്തില്‍ നിന്നുണരുന്നതോടെ കലക്കത്തിലേക്ക് വീഴുന്ന പൂങ്കുഴലി

മലയാളിക്കു നന്‍പകല്‍ നേരത്തെ ഈ മയക്കം ഏതുവിധേനയും ഒരുണര്‍വ്വായി മാറേണ്ടതുണ്ട്
ജയിംസ് മയക്കത്തില്‍ നിന്നുണരുന്നതോടെ കലക്കത്തിലേക്ക് വീഴുന്ന പൂങ്കുഴലി

ഥാര്‍ത്ഥത്തില്‍ ഇത് ജെയിംസിന്റെ മയക്കമോ അതോ സുന്ദരത്തിന്റെ ഭാര്യ പൂങ്കുഴലിയുടെ കലക്കമോ എന്നറിയാതെ കലങ്ങിയ മനസ്സുമായാണ് തിയേറ്റര്‍ വിട്ടത്. ഏകതാനവും യഥാതഥവുമായ ജീവിതത്തില്‍നിന്ന് ആര്‍ക്കാണ് ഒരു വിച്ഛേദം ആവശ്യമില്ലാത്തത്? ഓരോ മനുഷ്യനും അത് ആഗ്രഹിക്കുമ്പോഴും തൊട്ടുനില്‍ക്കുന്ന മറ്റുചിലര്‍ സ്വപ്നങ്ങളെ കെടുത്തി മയക്കങ്ങളില്‍നിന്ന് അവരെ തിരിച്ചുപിടിക്കുന്നു. മയക്കവും കിനാക്കളും അപകടകരമായ വിച്ഛേദങ്ങളും 'എന്റെ' മാത്രം ആനന്ദമാവുകയും അപരന് അത് കലക്കങ്ങള്‍ മാത്രം സമ്മാനിക്കുകയും ചെയ്യുന്നിടത്താണ് സംഘര്‍ഷത്തിന്റെ സങ്കീര്‍ണ്ണതകള്‍ ഉടലെടുക്കുന്നത്. 

'മയക്കമാ
കലക്കമാ
മനമതിലെ കുഴപ്പമാ
വാഴ്കയില്‍ നടുക്കമാ'

എന്ന തമിഴ് പാട്ട് പശ്ചാത്തലത്തില്‍ കേള്‍ക്കുന്നത് വെറുതെയാവില്ല. 

സുന്ദരത്തെ കാണാതായിട്ട് രണ്ടുവര്‍ഷത്തിലധികമായിരിക്കുന്നു. ആ തിരോധാനത്തിന്റെ പൊരുള്‍ ഒരുപക്ഷേ, പൂങ്കുഴലിക്കറിയുമായിരിക്കും. അറിയില്ല എങ്കില്‍ പതിനഞ്ചോ പതിനാറോ വര്‍ഷം ഒന്നിച്ചുകഴിഞ്ഞിട്ടും, അയാളുടെ മകളെ പെറ്റിട്ടും അവളറിയാത്ത ഒരു കലക്കം എന്തായിരിക്കും സുന്ദരത്തെ ബാധിച്ചിട്ടുണ്ടാവുക. അങ്ങനെയെങ്കില്‍ അത് വെറും തിരോധാനമല്ല. അവഗണിച്ച് കടന്നുകളയലാവാം. ഒളിച്ചോട്ടമാവാം. ഇനി എങ്ങനെയാണെങ്കിലും കുഴലിക്കു സുന്ദരത്തെ കാത്തിരിക്കുക എന്ന അസംബന്ധം നിറഞ്ഞ ഏകതാനതയില്‍നിന്ന് ഒരു വിച്ഛേദം ആവശ്യമുണ്ടാവില്ലേ... ആദ്യത്തെ പരിഭ്രമം മാറുമ്പോള്‍ കുഴലി സുന്ദരമായി മാറിയ ജെയിംസിനെ മനസ്സിലാക്കാനും ഉള്ളുകൊണ്ട് അടുക്കാനും തുടങ്ങുന്നത് സൂക്ഷിച്ചുനോക്കിയാല്‍ കാണാനാവും. സാമൂഹിക  സദാചാര വിലക്കുകള്‍കൊണ്ട്, അപരഭയം കൊണ്ട് മാത്രമാണ് അവര്‍ അയാളോട് ശാരീരികമായി അകന്നുനില്‍ക്കുന്നത്. പൂങ്കുഴലിയുടെ ജീവിതത്തിലെ അധികാര ബന്ധങ്ങളാണ് അവളെത്തേടി പുതിയ കൂട്ടുകാരനെത്തുമ്പോള്‍ കൂടുതല്‍ പ്രകോപിതരാകുന്നത്. അതില്‍ ഏറ്റവും പ്രധാനി സുന്ദരത്തിന്റെ സഹോദരന്‍ തന്നെ. പിന്നെ മകളും. മകള്‍ എന്നത് സുന്ദരം എന്ന അധികാരകേന്ദ്രത്തിന്റെ പിന്തുടര്‍ച്ചാവകാശിയാണല്ലോ. വീട്ടിലെ അപരസാന്നിധ്യം അവരെ പ്രകോപിതരാക്കാതെ തരമില്ല. അപരഭയമില്ലാത്ത ജൈവിക സാന്നിധ്യമായ അന്ധയായ അമ്മയ്‌ക്കോ വീട്ടിലെ വളര്‍ത്തുനായയ്‌ക്കോ സുന്ദരമായെത്തുന്ന ജെയിംസിനോട് അകല്‍ച്ച കാണിക്കേണ്ടതില്ല. ജൈവികമായ ബന്ധങ്ങളും അധികാരബന്ധങ്ങളും തമ്മിലുള്ള വ്യത്യാസമാണത്. ജൈവികമായ ഒരു ബന്ധം പൂങ്കുഴലിയും ആഗ്രഹിക്കുന്നുണ്ടാവാം. പറഞ്ഞോ പറയാതെയോ അറിഞ്ഞോ അറിയിക്കാതെയോ തന്നില്‍നിന്ന് അകന്നുകളഞ്ഞ സുന്ദരത്തില്‍നിന്ന് അവരത് അനുഭവിച്ചിട്ടുണ്ടാകാനുമിടയില്ല. സുന്ദരത്തിന്റെ അപ്പനും ഗ്രാമത്തിലെ പെരിയോറും വളരെ ഇരുത്തം വന്ന മനസ്സോടെയാണ് സുന്ദരത്തിന്റെ പരകായ പ്രവേശത്തെ സമീപിക്കുന്നത്. ഗ്രാമം മുഴുവന്‍ ജെയിംസിനു പിന്നാലെ ഓടുന്നത് അയാള്‍ ഒരു ഇരുചക്രവാഹനം മോഷ്ടിച്ചു കടന്നുകഞ്ഞു എന്നതിന്റെ പേരിലാണ്. തങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു സ്വത്ത് ഏതോ വരത്തന്‍ അടിച്ചുകൊണ്ടുപോയതിന്റെ രോഷം. 

നൻപകൽ നേരത്ത് മയക്കം
നൻപകൽ നേരത്ത് മയക്കം

ജെയിംസ് സ്വപ്നത്തിലേക്ക് നടന്ന് അന്ധയായ അമ്മയുടെ മടിയില്‍ തലവച്ചുറങ്ങുന്ന രാത്രിയില്‍ ജനാലയിലൂടെ പുറത്തേക്കു നോക്കുന്ന കുഴലിയും പുറത്തെ അരുത്തിണ്ണയില്‍ കാത്തിരിക്കുന്ന ജെയിംസിന്റെ ഭാര്യ സാലിയും സുന്ദരത്തിന്റെ വീടുമടങ്ങുന്ന നിശ്ചലദൃശ്യം പോലൊരു രംഗമുണ്ട് സിനിമയില്‍. ആ രംഗത്തില്‍ നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നത് ഏകാകിയായി ആരെയോ കാത്തിരിക്കുന്ന പൂങ്കുഴലിയുടെ മുഖമാണ്. തന്നെ തേടിവന്ന എന്തിനേയോ വലിച്ചുപറിച്ചെടുത്തുകൊണ്ടുപോകാന്‍ കാത്തുനില്‍ക്കുന്ന ഒരുകൂട്ടം ആളുകളെ കാണുന്നതിന്റെ വേവലാതിയുമുണ്ട് ആ മുഖത്ത്. ഭര്‍ത്താവിനെ നഷ്ടപ്പെട്ട സാലിയുടെ ദുഃഖത്തേക്കാള്‍ ആഴം പൂങ്കുഴലിയുടെ മുഖത്ത് വായിച്ചെടുക്കാനാവും വിധമാണ് ദൃശ്യം ക്രമീകരിച്ചിരിക്കുന്നത്. ഉറക്കഗുളിക കലക്കിക്കൊടുക്കാന്‍ അവര്‍ മടികാണിക്കുന്നത് നിയമഭയം കൊണ്ടല്ല, മറിച്ച് അയാളെ വഞ്ചിക്കുന്നതിലുള്ള വേദന കൊണ്ടുതന്നെയാണ്. അതുമല്ലെങ്കില്‍ അയാളെ തന്നില്‍നിന്ന് പറിച്ചെടുത്ത് കൊണ്ടുപോകുന്നതിനെതിരായ പ്രതിരോധം തന്നെയാണ്. 

ലിജോ ജോസ് പെല്ലിശ്ശേരി
ലിജോ ജോസ് പെല്ലിശ്ശേരി

സുന്ദരത്തെ ജെയിംസായി വീണ്ടെടുത്ത് ആ നാടകസംഘം കളം വിട്ടുപോകുമ്പോള്‍ വീണ്ടും ഏകാകിയാകുന്നത് പൂങ്കുഴലിയാണ്. പതിനഞ്ചുകാരിയുടെ അമ്മയായിട്ടും കാഴ്ചയില്‍ ചെറുപ്പമായ അവള്‍ക്ക് പൂങ്കുഴലി എന്ന കാല്പനികമായ പേര് നല്‍കിയതുപോലും ബോധപൂര്‍വ്വമാവണം. ജെയിംസ് മയക്കത്തില്‍നിന്നുണരുന്നതോടെ കലക്കത്തിലേക്ക് വീഴുകയാണ് പൂങ്കുഴലി. ജെയിംസിനു സുരക്ഷിതമായ ജീവിതത്തിലേക്ക്, യാഥാര്‍ത്ഥ്യങ്ങളിലേക്ക് എളുപ്പം മടങ്ങാം. കുഴലിക്ക് അതിനു കഴിയണമെന്നില്ല. മയക്കമോ സ്വപ്നമോ എന്നറിയാതെ, സ്വപ്നം ആരുടേതെന്നറിയാതെ, പ്രേക്ഷകനും വല്ലാതെ കലങ്ങിപ്പോകുന്നുണ്ട്. സ്വപ്നങ്ങളേയും ഭാവനയേയും ചേര്‍ത്തുവെച്ച് സിനിമ വായിച്ചെടുക്കാന്‍ പാടുപെടുന്നുണ്ട്. യഥാതഥ്യത്തില്‍ വല്ലാതെ വീണുപോയി വരണ്ടുപോകുന്നതുകൊണ്ടും ജയപരാജയമെന്ന ദ്വന്ദ്വത്തില്‍ കരുത്തിനൊപ്പം മാത്രം നില്‍ക്കാന്‍ ശീലിച്ചുകഴിഞ്ഞതുകൊണ്ടും മലയാളിക്കു നന്‍പകല്‍ നേരത്തെ ഈ മയക്കം ഏതുവിധേനയും ഒരുണര്‍വ്വായി മാറേണ്ടതുണ്ട്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com