'ഇന്ന് ആ വരികള്‍ക്ക് കൈവന്നിട്ടുള്ള മാനം... ഭയപ്പെടുത്തുന്നു'
By രവി മേനോന്‍ | Published: 01st June 2023 05:50 PM |
Last Updated: 01st June 2023 05:50 PM | A+A A- |

വര്‍ഗ്ഗീയവിഷം ചീറ്റുന്ന ഒരു യൂട്യൂബ് വീഡിയോ. വീഡിയോയ്ക്ക് ചുവടെ പരസ്പരം ചെളിവാരിയെറിഞ്ഞു രസിക്കുന്ന പ്രേക്ഷകര്‍. അഭിപ്രായങ്ങളല്ല, വ്യക്തിപരമായ അധിക്ഷേപങ്ങളും അസഭ്യങ്ങളുമാണ് കൂടുതലും. താഴേയ്ക്ക് വായിച്ചുപോകുന്തോറും അസഭ്യവര്‍ഷത്തിന്റെ രൂക്ഷത കൂടിക്കൂടിവരുന്നു. കൂട്ടത്തല്ലിന്റെ നിലവാരത്തിലെത്തുന്നു അത്.
ഇടയ്‌ക്കൊരു അപേക്ഷ കണ്ണില്‍പെട്ടത് യാദൃച്ഛികമായാണ്: 'ദയവായി ഇവിടെ വന്ന് ഈ പാട്ടൊന്ന് കേള്‍ക്കണേ. ഇത് നിങ്ങള്‍ക്കുള്ളതാണ്...' ഒപ്പം ഒരു പാട്ടിന്റെ ലിങ്കും.
കൗതുകം തോന്നി. വല്ല തെറിപ്പാട്ടുമാകുമോ? തെല്ലൊരു ആശങ്കയോടെയാണ് ലിങ്ക് ക്ലിക്ക് ചെയ്തത്. പ്രതീക്ഷയുടെ തെളിനീരരുവിപോലെ ഒരു പാട്ടൊഴുകിവന്നു അപ്പോള്‍; യേശുദാസിന്റെ ഗന്ധര്‍വ നാദത്തില്‍:
'കുറിവരച്ചാലും കുരിശു വരച്ചാലും
കുമ്പിട്ടു നിസ്‌കരിച്ചാലും
കാണുന്നതും ഒന്ന് കേള്‍ക്കുന്നതും ഒന്ന്
കരുണാമയനാം ദൈവമൊന്ന്...'
പാട്ടു കേട്ടതിന്റെ സ്വാധീനത്തിലാണോ എന്നറിയില്ല, തെറിയുടെ തോത് കുറഞ്ഞു വന്നു പിന്നീടുള്ള കമന്റുകളില്‍. ഗാനത്തിന്റെ വരികളും ഈണവും യേശുദാസുമൊക്കെയായി ചര്‍ച്ചാവിഷയം. മനസ്സിനെ തൊട്ട ഒരു അഭിപ്രായപ്രകടനം വായിച്ചത് ഇപ്പോഴുമുണ്ട് ഓര്‍മ്മയില്‍: 'വേദപുസ്തകങ്ങള്‍ വായിച്ചു തള്ളുന്നതിനു പകരം ഈ പാട്ടൊന്നു മനസ്സിരുത്തി കേട്ടാല്‍ തീരുന്നതേയുള്ളൂ നമ്മുടെ പ്രശ്‌നങ്ങളെല്ലാം...'

പടത്തില്‍ വരാതെ പോയ പാട്ട്
ഒന്നര പതിറ്റാണ്ടോളം മുന്‍പ് 'മൗനം' എന്ന സിനിമയ്ക്കു വേണ്ടി റെക്കോര്‍ഡ് ചെയ്യപ്പെട്ടതാണ് 'കുറിവരച്ചാലും' എന്ന ഗാനം. 'അന്ന് വര്‍ഗ്ഗീയത ഇത്രത്തോളം തീവ്രവും ഭീതിദവുമല്ല നമ്മുടെ നാട്ടില്‍' പാട്ടെഴുതി ചിട്ടപ്പെടുത്തിയ എം.ഡി. രാജേന്ദ്രന്‍ പറയുന്നു: 'സിനിമയിലെ സന്ദര്‍ഭത്തിന് ഇണങ്ങുന്ന ഒരു പാട്ട്. അത്രയേ ആലോചിച്ചിരുന്നുള്ളൂ. പക്ഷേ, ഇന്ന് ആ വരികള്‍ക്ക് കൈവന്നിട്ടുള്ള മാനം എന്നെപ്പോലും അത്ഭുതപ്പെടുത്തുന്നു; ഭയപ്പെടുത്തുന്നു.'
മതനിരപേക്ഷത എന്ന ആശയം ഉള്‍ക്കൊള്ളുന്ന, ഇത്രയും അര്‍ത്ഥസമ്പുഷ്ടമായ ചലച്ചിത്ര ഗാനങ്ങള്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയ്ക്ക് വേറെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം. സിനിമാഗാനങ്ങളെക്കുറിച്ചുള്ള പഴയ സങ്കല്പങ്ങളൊക്കെ മാറിമറിഞ്ഞിട്ട് കാലമേറെയായല്ലോ. 'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു' (അച്ഛനും ബാപ്പയും), 'ഒരു ജാതി ഒരു മതം ഒരു ദൈവം ഓര്‍മ്മ വേണമീ അദ്വൈതമന്ത്രം' (കൂട്ടുകാര്‍), 'ഈശ്വരന്‍ ഹിന്ദുവല്ല ഇസ്ലാമല്ല ക്രിസ്ത്യാനിയല്ല' (പോസ്റ്റ്മാനെ കാണാനില്ല), 'അദ്വൈതം ജനിച്ച നാട്ടില്‍' (ലൈന്‍ ബസ്) തുടങ്ങി മഹത്തായ ആദര്‍ശങ്ങള്‍ വിളംബരം ചെയ്ത പാട്ടുകള്‍ അത്തരം ഗാനസന്ദര്‍ഭങ്ങളും സമകാലീന സിനിമയില്‍ സങ്കല്പിക്കാനാവില്ല നമുക്ക്. 'സമൂഹത്തിലെ അനീതികള്‍ക്കെതിരെ ഒറ്റയാനെപ്പോലെ പൊരുതുന്ന ഒരു റിബലിന്റെ കഥയായിരുന്നു മൗനം. മാടമ്പ് കുഞ്ഞുക്കുട്ടന്റെ ഏറ്റവും മികച്ച തിരക്കഥ. സിനിമയുടെ ആശയം മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഒരു പാട്ട് വേണം എന്ന് സംവിധായകന്‍ സുരേഷ് മച്ചാട് ആവശ്യപ്പെട്ടപ്പോള്‍ സ്വാഭാവികമായി മനസ്സില്‍ ഒഴുകിയെത്തുകയായിരുന്നു അതിന്റെ വരികള്‍...' എം.ഡി.ആറിന്റെ ഓര്‍മ്മ.
അതിനും പത്തു വര്‍ഷം മുന്‍പ് കെ. മധുവിന്റെ സംവിധാനത്തില്‍ പുറത്തുവന്ന 'ഗോഡ്മാന്‍' (1999) എന്ന സിനിമയ്ക്കുവേണ്ടി എഴുതിയതാണ് 'കുറിവരച്ചാലും' എന്ന് തുടങ്ങുന്ന പല്ലവി. പടത്തിന്റെ ശീര്‍ഷകഗാനമായി മതസൗഹാര്‍ദ്ദം പ്രമേയമായ ഒരു പാട്ട് വേണം എന്നാവശ്യപ്പെട്ടത് സുഹൃത്ത് കരീം. 'തുടക്കം ഇങ്ങനെ തന്നെ ആയിരുന്നെങ്കിലും ചരണത്തിലെ വരികള്‍ വ്യത്യസ്തമായിരുന്നു' എം.ഡി.ആര്‍ ഓര്‍ക്കുന്നു. 'പക്ഷേ, സിനിമയില്‍ ആ ഗാനം ഉപയോഗിക്കേണ്ടിവന്നില്ല. ആക്ഷന്‍ പടം ആയതിനാല്‍ പാട്ടൊന്നും വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു 'ഗോഡ്മാ'ന്റെ ശില്പികള്‍. ഒരു കണക്കിന് അതൊരു ഭാഗ്യമായി. ഇല്ലെങ്കില്‍ ഇത്രയേറെ ശ്രദ്ധിക്കപ്പെടുമായിരുന്നില്ലല്ലോ ഈ പാട്ട്...'
'മൗന'ത്തിനുവേണ്ടി പാട്ട് പുതുക്കിയെഴുതിയ ശേഷം എം.ഡി.ആര്‍ ആദ്യം ചെന്നു കണ്ടത് ദേവരാജന്‍ മാസ്റ്ററെ. മലയാള
സിനിമയില്‍ തന്നെ അടയാളപ്പെടുത്തിയ ഗാനങ്ങളില്‍ ഭൂരിഭാഗവും സ്വരപ്പെടുത്തിയത് മാസ്റ്ററാണല്ലോ 'സുന്ദരീ നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയില്‍', 'ഹിമശൈല സൈകത ഭൂമിയില്‍', 'മായാമാളവ ഗൗള രാഗം...' അങ്ങനെ ഒരു പിടി ക്ലാസ്സിക്കുകള്‍. 'മാഷെക്കൊണ്ട് ഗാനം കംപോസ് ചെയ്യിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. അന്നദ്ദേഹം സിനിമയില്‍ നിന്നൊക്കെ അകലം പാലിച്ചിരിക്കുന്ന സമയമാണ്. എങ്കിലും ഒരു ശ്രമം നടത്തിനോക്കാം എന്നു തോന്നി. ചെന്നൈയിലെ വീട്ടില്‍ ചെന്ന് ആഗ്രഹം ഉണര്‍ത്തിച്ചപ്പോള്‍ വരികളെഴുതിയ കടലാസ് വാങ്ങി ക്ഷമയോടെ വായിച്ചു നോക്കി അദ്ദേഹം. എന്നിട്ട് എന്റെ നേരെ നോക്കി പറഞ്ഞു: ഒന്ന് പാടിക്കേ പരിഹസിക്കുകയാണോ എന്നായിരുന്നു എന്റെ സംശയം. എന്തായാലും സകല ധൈര്യവും സംഭരിച്ച് മനസ്സില്‍ തോന്നിയ ഈണത്തില്‍ ഞാന്‍ അദ്ദേഹത്തെ പാട്ട് പാടിക്കേള്‍പ്പിച്ചു...'
പിന്നീടാണ് കഥയിലെ വഴിത്തിരിവ്. 'പാട്ട് കേട്ട ശേഷം ഒന്നും മിണ്ടാതെ എഴുന്നേറ്റ് അകത്തേക്ക് നടന്നു അദ്ദേഹം. വാതിലിനടുത്തെത്തിയപ്പോള്‍ തിരിഞ്ഞുനോക്കി എന്നോട് പറഞ്ഞു: ഈ പാട്ട് ഞാന്‍ ചെയ്യത്തില്ല. നീ തന്നെ ചെയ്താല്‍ മതി. നിന്റെ ട്യൂണ്‍ കൊള്ളാം' മാസ്റ്ററുടെ വാക്കുകളിലെ ആത്മാര്‍ത്ഥത ആ മുഖഭാവത്തില്‍നിന്ന് വായിച്ചെടുക്കാമായിരുന്നു എന്ന് എം.ഡി.ആര്‍. ആത്മവിശ്വാസം പകര്‍ന്ന വാക്കുകളായിരുന്നു അവ.

'നീ എഴുതിയതല്ല ഈ പാട്ട്'
തൃശൂരിലെ പ്രിയഗീതം സ്റ്റുഡിയോയിലാണ് ട്രാക്കെടുത്തത്. റെക്കോര്‍ഡ് ചെയ്തത് തൃപ്പൂണിത്തുറയിലെ പൂജ സ്റ്റുഡിയോയിലും. പാട്ട് പിറന്നുവീണ ദിനം ഇന്നുമുണ്ട് എം.ഡി. രാജേന്ദ്രന്റെ ഓര്‍മ്മയില്‍ 2009 ഫെബ്രുവരി 19. അന്നുതന്നെ ആയിരുന്നു പടത്തിന്റെ പൂജയും. 'യേശുദാസ് വേണം പാടാന്‍ എന്ന് നേരത്തെ തന്നെ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. വരികളുടെ ആശയം മറ്റാരേക്കാളും നന്നായി, ആഴത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമല്ലോ അദ്ദേഹത്തിന്' സ്റ്റുഡിയോയില്‍ എത്തിയയുടന്‍ പാട്ട് ചോദിച്ചു വാങ്ങി വായന തുടങ്ങി യേശുദാസ്; ഒന്നും രണ്ടുമല്ല പല തവണ. 'നീ എഴുതിയതല്ല ഇത്, നിനക്ക് എഴുതാനാവില്ല ഇങ്ങനെ' ഇടയ്‌ക്കെപ്പോഴോ ഗാനരചയിതാവിനെ അടുത്തു വിളിച്ച് ദാസേട്ടന്‍ പറഞ്ഞു. ആകെ അസ്വസ്ഥനായി എം.ഡി.ആര്‍. എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് മനസ്സിലാകുന്നില്ല. അപ്പോള്‍ അതാ വരുന്നു അടുത്ത വാചകം: 'ഏതോ ഒരു അജ്ഞാതശക്തി നിന്നെക്കൊണ്ട് എഴുതിച്ചതാണ്.' ശ്വാസം നേരെ വീണത് ആ വാക്കുകള്‍ കേട്ടപ്പോഴാണെന്ന് എം.ഡി.ആര്‍.
മൈക്കിനു മുന്നില്‍ ചെന്നുനിന്ന് താപസിയെപ്പോലെ ഏകാഗ്രമായി ഗാനത്തില്‍ അലിഞ്ഞൊഴുകുന്ന യേശുദാസിനെയാണ് പിന്നീട് കണ്ടത്. 'സൗണ്ട് എന്‍ജിനീയര്‍ സുരേഷും സംവിധായകന്‍ സുരേഷും മാന്‍ഡലിന്‍ വായിക്കാന്‍ എത്തിയിരുന്ന ബേണിയും ഉള്‍പ്പെടെ അവിടെ ഉണ്ടായിരുന്ന സകലരും ഭാവഗംഭീരമായ ആ ആലാപനത്തില്‍ മുഴുകി തരിച്ചിരുന്നു. റെക്കോര്‍ഡിംഗ് കഴിഞ്ഞു പുറത്തുവന്ന ശേഷം ദാസേട്ടന്‍ ആദ്യം ചെയ്തത് ഭാര്യ പ്രഭയെ ഫോണില്‍ വിളിച്ച് പാട്ട് കേള്‍പ്പിക്കുകയാണ്. വരികളെക്കുറിച്ചും വാദ്യവിന്യാസത്തെക്കുറിച്ചുമൊക്കെ അദ്ദേഹം മതിപ്പോടെ സംസാരിച്ചുകേട്ടപ്പോള്‍ കണ്ണു നിറഞ്ഞുപോയെന്ന് എം.ഡി.ആര്‍. തൃശൂര്‍ സ്വദേശി പോളി ആണ് 'കുറി വരച്ചാലും' എന്ന പാട്ടിന് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വ്വഹിച്ചത്. ഔചിത്യമാര്‍ന്ന ആ വാദ്യവിന്യാസം കൂടിയുണ്ട് പാട്ടിന്റെ ആകര്‍ഷണീയതയ്ക്കു പിന്നില്‍.
സൈജു കുറുപ്പ്, തിലകന്‍, സലിം കുമാര്‍ തുടങ്ങിയവര്‍ അഭിനയിച്ച 'മൗന'ത്തില്‍ വേറെയുമുണ്ട് എം.ഡി.ആര്‍ എഴുതി സ്വരപ്പെടുത്തിയ പാട്ടുകള്‍. ചിത്ര പാടിയ ഉണ്ണിപ്പൂവേ എന്ന താരാട്ട് ശ്രദ്ധേയമായിരുന്നു. നിര്‍ഭാഗ്യവശാല്‍ പടം തിയേറ്ററുകളില്‍ എത്തിയില്ല. 'തൃശൂര്‍ സ്വപ്നയില്‍ പ്രീമിയര്‍ ഷോ നടത്തിയതാണ്. അന്നത്തെ സാംസ്‌കാരിക വകുപ്പുമന്ത്രി അനില്‍കുമാറും മാടമ്പും തിലകനുമൊക്കെ പ്രേക്ഷകരായി ഉണ്ടായിരുന്നു. സിനിമയെക്കുറിച്ച് എല്ലാവരും നല്ലതു പറഞ്ഞെങ്കിലും പല കാരണങ്ങളാലും അത് തിയേറ്ററുകളില്‍ എത്തിയില്ല' എം.ഡി.ആര്‍.
തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ഒരു അന്ധഗായകന്‍ പാടുന്നതായാണ് പാട്ടിന്റെ ചിത്രീകരണം. ശ്രോതാക്കളിലൊരാളായി നായകന്‍ സൈജു കുറുപ്പിന്റെ കഥാപാത്രവുമുണ്ട്. ഗാനരംഗം യൂട്യൂബിലുണ്ടെങ്കിലും കണ്ടവര്‍ കുറവ്. ഒരു കണക്കിന് അത് പാട്ടിനു ഗുണകരമായി. മനസ്സില്‍ ഇഷ്ടാനുസരണം ഗാനം ചിത്രീകരിച്ചു കാണാമല്ലോ ശ്രോതാവിന്. വെറുമൊരു സിനിമാപാട്ട് എന്നതിനപ്പുറത്ത് സ്വതന്ത്ര ഗാനശില്പമായി കുറിവരച്ചാലും മലയാളി ഏറ്റെടുത്തതും അതുകൊണ്ടാവാം.
'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു' എന്ന വിഖ്യാത ഗാനമാണ് 'മൗന'ത്തിലെ പാട്ടെഴുതാന്‍ പ്രചോദനമായതെന്ന് പറയുന്നു കവി. 'ഒരര്‍ത്ഥത്തില്‍ വയലാറിന്റെ പാട്ടിന്റെ ഒരു എക്സ്റ്റന്‍ഷന്‍ ആണ് എന്റെ രചന.' കുറിവരച്ചാലും വയലാറിന്റെ സൃഷ്ടിയായി പല രാഷ്ട്രീയ നേതാക്കളും പ്രസംഗങ്ങളില്‍ പരാമര്‍ശിച്ചു കേട്ടിട്ടുണ്ട്. പരിഭവമൊന്നുമില്ല എം.ഡി.ആറിന്. 'വയലാറുമായുള്ള താരതമ്യം പോലും അഭിമാനമായി കാണുന്നയാളാണ് ഞാന്‍.'

തിലകന്റെ പാട്ട്; എസ്.പി.ബിയുടേയും
ഇന്നത്തെപ്പോലെ സോംഗ് പ്രൊമോഷനും യൂട്യൂബിലൂടെയുള്ള പ്രചരണവുമൊന്നും സജീവമല്ലാതിരുന്ന കാലത്ത് പിറന്നിട്ടും 'കുറിവരച്ചാലും' എന്ന പാട്ട് വൈറലായി മാറിയതെങ്ങനെ എന്നോര്‍ത്ത് അത്ഭുതപ്പെടാറുണ്ട് എം.ഡി. രാജേന്ദ്രന്‍. അതൊരു സിനിമാഗാനമാണെന്ന് അറിയുന്നവര്‍പോലും അധികമുണ്ടാവില്ല. 'ദാസേട്ടന്‍ പതിവായി ഗാനമേളകളിലും കച്ചേരികളിലും പാടിത്തുടങ്ങിയതോടെ ആവണം ആ പാട്ട് കൂടുതല്‍ ആളുകളില്‍ എത്തിയത്. പതുക്കെ മറ്റു ഗായകരുടെ പരിപാടികളിലും ആ പാട്ടൊരു സ്ഥിരം ഇനമായി. ഇന്ന് യൂട്യൂബ് തുറന്നുനോക്കിയാല്‍ അതിന്റെ കവര്‍ വേര്‍ഷനുകള്‍ നിരവധി കേള്‍ക്കാം. ഇതിനൊക്കെ അപ്പുറത്ത് കടന്നപ്പള്ളി രാമചന്ദ്രനെപ്പോലുള്ളവര്‍ ആ പാട്ട് സ്ഥിരമായി പൊതുചടങ്ങുകളില്‍ പാടിക്കൊണ്ടിരിക്കുന്നു.
ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ പലതുണ്ട് ആ ഗാനവുമായി ചേര്‍ത്തുവെയ്ക്കാന്‍. 'മൗനത്തിന്റെ പ്രീമിയര്‍ ഷോയ്ക്ക് തിലകന്‍ ചേട്ടനെക്കൂടി കൊണ്ടുപോയത് ഞാനാണ്. യാത്രയിലുടനീളം കുറി വരച്ചാലും പാടിക്കൊണ്ടിരിക്കുകയായിരുന്നു ചേട്ടന്‍. ആദ്യ കേള്‍വിയില്‍ തന്നെ മനസ്സിനെ കീഴടക്കിയ പാട്ട് എന്നാണ് അന്നദ്ദേഹം പറഞ്ഞത്.' തൃശൂരില്‍ ഒരു സംഗീത പരിപാടിക്കിടെ ഫാ. പോള്‍ പൂവത്തിങ്കല്‍ ഈ ഗാനം പാടിയപ്പോള്‍ വികാരഭരിതനായി കേട്ടുനിന്ന എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ചിത്രവും മറക്കാനാവില്ല. 'ഗാനത്തിന്റെ വരികളെക്കുറിച്ച് സ്‌റ്റേജില്‍ വന്ന് രണ്ടു വാക്ക് പറയാന്‍ ഭാഗ്യമുണ്ടായി എനിക്ക്. എസ്.പി.ബിയാണ് പിന്നീട് സംസാരിച്ചത്. കാലഘട്ടത്തിന്റെ ആവശ്യമാണ് ഈ പാട്ട്. ഇതൊരു ഭാഷയുടേയോ സംസ്ഥാനത്തിന്റേയോ മാത്രം പാട്ടല്ല; ദേശത്തിന്റെ പാട്ടാണ്. നാഷണല്‍ സോംഗ് അദ്ദേഹം പറഞ്ഞു.'
കുറിവരച്ചാലും എന്ന ഗാനത്തിന്റെ ഹിന്ദി, തമിഴ് പതിപ്പുകളും ഉടന്‍ പുറത്തിറങ്ങുമെന്ന് എം.ഡി. രാജേന്ദ്രന്‍. രണ്ടും യേശുദാസ് പാടണം എന്നാണ് ആഗ്രഹം. രണ്ടു ഭാഷയിലും വരികളെഴുതിയത് എം.ഡി.ആര്‍ തന്നെ എന്ന പ്രത്യേകതയുണ്ട്. ഹിന്ദിയില്‍ തിലക് ലഗാത്തേ എന്നാണ് തുടക്കം. തമിഴില്‍ കുറി വരൈന്താലും എന്നും.

സിനിമയ്ക്കുവേണ്ടി എം.ഡി. രാജേന്ദ്രന്‍ എഴുതിയ പാട്ടുകള്‍ താരതമ്യേന എണ്ണത്തില്‍ കുറവെങ്കിലും സാധാരണക്കാരനായ മലയാളിയുടെ മനം കവര്‍ന്നവയാണ് അവയിലേറെയും: 'ഹിമശൈല സൈകത, സുന്ദരീ' (ശാലിനി എന്റെ കൂട്ടുകാരി), 'ശിശിരകാല മേഘമിഥുന', 'ശശികല ചാര്‍ത്തിയ' (ദേവരാഗം), 'അല്ലിയിളം പൂവോ', 'ഋതുഭേദ കല്‍പ്പന ചാരുത നല്‍കിയ' (മംഗളം നേരുന്നു), 'നന്ദസുതാവര തവ ജനനം, 'കുറുനിരയോ' (പാര്‍വ്വതി), 'വാചാലം എന്‍ മൗനവും' (കൂടും തേടി)... എല്ലാം കാവ്യഭംഗിയാര്‍ന്ന ഗാനങ്ങള്‍.
'എഴുതിയ പാട്ടുകളെല്ലാം എനിക്ക് സ്വന്തം കുട്ടികളെപ്പോലെ. എങ്കിലും അവയെക്കാളൊക്കെ ഞാന്‍ വിലമതിക്കുന്നു കുറി വരച്ചാലും എന്ന ഗാനം. ആയുസ്സിലൊരിക്കല്‍ മാത്രം കൈവരുന്ന ഭാഗ്യമാണത്. ദൈവാനുഗ്രഹം...' എം.ഡി.ആറിന്റെ വാക്കുകള്‍.
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ