പാവപ്പെട്ട ആദിവാസികളെ ചെണ്ട കൊട്ടിക്കാന്‍ പോകുന്നതിന്റെ നാന്ദിയായിരുന്നു ആന്റണിയുടെ അന്നത്തെ ആ തിമിര്‍പ്പ്

അന്നത്തെ പട്ടികവകുപ്പ് മന്ത്രിയായിരുന്ന എം.എ. കുട്ടപ്പനും കൃഷിമന്ത്രിയായ ഗൗരിയമ്മയുമൊക്കെ സമരത്തോടനുഭാവം പ്രദര്‍ശിപ്പിച്ചെങ്കിലും ഇടപെടുന്നില്ല
പാവപ്പെട്ട ആദിവാസികളെ ചെണ്ട കൊട്ടിക്കാന്‍ പോകുന്നതിന്റെ നാന്ദിയായിരുന്നു ആന്റണിയുടെ അന്നത്തെ ആ തിമിര്‍പ്പ്

2003 ജനുവരിയില്‍ ആരംഭിച്ച ആ സമരം, 2001-ല്‍  തിരുവനന്തപുരം സെക്രട്ടേറിയേറ്റിന്റെ മുന്‍പില്‍ ജാനുവിന്റെ നേതൃത്വത്തില്‍ തന്നെ നടന്ന മറ്റൊരു കുടില്‍ കെട്ടല്‍ സമരത്തിന്റെ ബാക്കിപത്രമായിരുന്നു. 2001-ല്‍ തിരുവനന്തപുരത്തായതിനാലായിരിക്കും അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി സമരക്കാരുമായി ചര്‍ച്ച നടത്തുകയും ഒരു കരാറുണ്ടാക്കുകയുമൊക്കെ ചെയ്തു. ഒരേക്കര്‍ മുതല്‍ 5 ഏക്കര്‍ വരെ ഭൂമിയും മറ്റു സൗകര്യങ്ങളുമാണ് കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നത്. അന്ന് സമരനേതൃത്വത്തോടൊപ്പം ആഹ്ലാദഭരിതനായി ചെണ്ടകൊട്ടി തിമിര്‍ത്ത ആന്റണിയുടെ ചിത്രം കേരളീയരുടെ സ്മൃതിപഥത്തില്‍ ഇപ്പോഴുമുണ്ടാകാം. തന്റെ ഭരണകാലത്ത് പാവപ്പെട്ട ആദിവാസികളെ ചെണ്ട കൊട്ടിക്കാന്‍ പോകുന്നതിന്റെ നാന്ദിയായിരുന്നു അന്നത്തെ ആ തിമിര്‍പ്പെന്ന് തുടര്‍ന്നു നടന്ന കാര്യങ്ങള്‍ തെളിയിച്ചു. ആദിവാസി ഗോത്രസഭയുടെ നേതൃത്വവും അണികളുമൊക്കെ 'ആദര്‍ശധീര' പരിവേഷമുള്ള മുഖ്യമന്ത്രിയില്‍ വിശ്വാസമര്‍പ്പിച്ചു. ഒരു വര്‍ഷം കാത്തിരുന്നിട്ടും ഒരു തുണ്ട് ഭൂമി പോലും വിതരണം ചെയ്യപ്പെട്ടില്ല. കരാറില്‍ പറഞ്ഞ വാഗ്ദാനങ്ങളൊക്കെ സെക്രട്ടറിയേറ്റ് ഫയലുകളിലിരുന്നുറങ്ങി. മുഖ്യമന്ത്രി ആന്റണിയോ ഭരണ നേതൃത്വമോ ഉദ്യോഗസ്ഥ സംവിധാനമോ അങ്ങനെ ഒരു കരാര്‍ ഉള്ളതായേ ഭാവിച്ചില്ല.

അങ്ങനെയാണ് ഗോത്രസഭ മുത്തങ്ങയിലെ വനഭൂമിയില്‍ കുടില്‍ കെട്ടി സമരം തുടങ്ങിയത്. 2003 ഫെബ്രുവരി 19-ന് സമരഭൂമിയില്‍ വെടിവെപ്പുണ്ടാവുന്നു. വെടിവെപ്പിലേക്കു നയിച്ച സംഭവ വികാസങ്ങള്‍ വിസ്താരഭയത്താല്‍ വിവരിക്കുന്നില്ല. അന്നത്തെ പട്ടികവകുപ്പ് മന്ത്രിയായിരുന്ന എം.എ. കുട്ടപ്പനും കൃഷിമന്ത്രിയായ ഗൗരിയമ്മയുമൊക്കെ സമരത്തോടനുഭാവം പ്രദര്‍ശിപ്പിച്ചെങ്കിലും ഇടപെടുന്നില്ല. ഒരു വര്‍ഷം മുന്‍പ് സെക്രട്ടറിയേറ്റിനു മുന്‍പില്‍ നടന്ന സമരത്തിന്റെ ഫലമായി മുഖ്യമന്ത്രിയുമായി ഉണ്ടാക്കിയ കരാര്‍ നടപ്പാക്കാത്തതിനെതിരായാണ് സമരമെങ്കിലും ഗവണ്‍മെന്റ് തലത്തിലുള്ള ചര്‍ച്ചയോ നടപടികളോ ഉണ്ടായില്ല. പക്ഷഭേദങ്ങളില്ലാതെ ജനകീയ സമരങ്ങളോട് കേരളത്തിലെ എല്ലാ സര്‍ക്കാരുകളും പതിവായെടുക്കുന്ന ജനാധിപത്യവിരുദ്ധ നിസ്സംഗ സമീപനം തന്നെയായിരുന്നു ഇവിടെയും. നിക്ഷിപ്ത വനഭൂമിക്കകത്തായതിനാലായിരിക്കും വനം വകുപ്പ് മാത്രം ഉദ്യോഗസ്ഥ തലത്തില്‍ ഫലവത്താകാത്ത ചര്‍ച്ചകള്‍ നടത്തി.

വനം വകുപ്പിന് പരിഹരിക്കാനാകാത്ത പ്രശ്നമായിരുന്നു അത്. നിക്ഷിപ്ത വനഭൂമി പതിച്ചു കൊടുക്കാന്‍ അവര്‍ക്കാകുമായിരുന്നില്ല. ഗോത്രസഭ ഉയര്‍ത്തിയ രണ്ട് ആവശ്യങ്ങള്‍ ഒന്ന് ഭൂമിയും മറ്റൊന്ന് PESA യുമായിരുന്നു. ആദിവാസി സ്വയം ഭരണമെന്ന ഏറെ തെറ്റിദ്ധരിക്കപ്പെട്ട പട്ടിക പ്രദേശങ്ങളിലേക്കുള്ള പഞ്ചായത്തിരാജ് വിപുലീകരണം അന്ന് നിയമമായിരുന്നു. പണ്ട് ചൈനയില്‍ മാവോ ഉണ്ടാക്കിയ മാതൃകയിലുള്ള ജനകീയ യുദ്ധത്തിലൂടെ ഉണ്ടാക്കുന്ന സ്വയം ഭരണ പ്രദേശങ്ങളാണ് ആദിവാസികള്‍ ആവശ്യപ്പെടുന്നതെന്നാണ് അന്ന് മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും പറഞ്ഞത്. വനാവകാശ നിയമം അന്നുണ്ടായിരുന്നില്ല എന്നതിനാല്‍ നിക്ഷിപ്ത വനഭൂമി പതിച്ചുകൊടുക്കല്‍ സാധ്യമായിരുന്നില്ല. ഒരു സമരം എന്ന നിലയില്‍ അതിനെ കണ്ട് പ്രശ്‌നങ്ങള്‍ ജനാധിപത്യപരമായിപരിഹരിക്കുന്നതിനു പകരം ഗോത്രജനതയെ അവിടെനിന്നും ആട്ടിയോടിക്കാനും വെടിവെപ്പു നടത്താനുമാണ് ആന്റണി നയിച്ച ഗവണ്‍മെന്റ് തയ്യാറായത്. അതിന് ഓശാന പാടുകയായിരുന്നു കുടിയേറ്റക്കാര്‍ക്ക് പ്രാമുഖ്യമുള്ള വയനാട്ടിലെ പരിസ്ഥിതിക്കാരും രാഷ്ട്രീയക്കാരും.

മുത്തങ്ങ വെടിവെപ്പിന് ശേഷം/ ഫോട്ടോ: എപി ജയൻ
മുത്തങ്ങ വെടിവെപ്പിന് ശേഷം/ ഫോട്ടോ: എപി ജയൻ

നരേന്ദ്ര മോദിക്ക് പഠിച്ച എ.കെ.ആന്റണി

2002-ല്‍ ഗുജറാത്ത് കലാപം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഹിന്ദുത്വവാദികള്‍ക്കഴിഞ്ഞാടാന്‍ അവസരം നല്‍കി എന്നതാണല്ലോ പിന്നീട് പ്രധാനമന്ത്രിവരെയായ അദ്ദേഹത്തെ ഇപ്പോഴും വേട്ടയാടുന്ന വസ്തുത. സമാനമായ സ്ഥിതിയാണ് മുത്തങ്ങയുടെ കാര്യത്തില്‍ എ.കെ. ആന്റണിയും നേരിടുന്നത്. പിന്നീട് കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് സമുന്നത നേതാവുമൊക്കെയായി മാറിയ ആന്റണി മുത്തങ്ങ സമരകാലത്ത് എല്ലാം പൊലീസിനു വിട്ടുകൊടുത്ത് മാമുനിയെപ്പോലെ നിസ്സംഗനും നിര്‍വ്വികാരനുമായിരുന്നു എന്നു വേണം കരുതാന്‍. അന്ന് ഡി.ജി.പിയായിരുന്ന; ആന്റണി, ജോസഫ് സാറെന്ന് സംബോധന ചെയ്തിരുന്ന കെ.ജെ. ജോസഫായിരുന്നു കാര്യങ്ങള്‍ പൊതു സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചിരുന്നത്.

സെക്രട്ടേറിയേറ്റിനു മുന്നിലെ സമരം അവസാനിച്ചപ്പോള്‍ ചെണ്ടകൊട്ടി നൃത്തം ചെയ്ത ആന്റണിയുടെ പൊടിപോലും നമുക്ക് മുത്തങ്ങയില്‍ കാണാന്‍ കഴിയില്ല. അന്ന് ഒരുപക്ഷേ, ആന്റണിയുടെ റോള്‍ നിറവേറ്റാന്‍ രംഗത്തിറങ്ങിയത് അന്നത്തെ വനം മന്ത്രിയും ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്റുമായ കെ. സുധാകരനായിരുന്നു. സുധാകരന്‍ ഒരു ജനാധിപത്യ സംസ്ഥാനത്തിലെ മന്ത്രിയായിട്ടല്ല കണ്ണൂരിലെ ഒരു ലോക്കല്‍ ഗുണ്ടാത്തലവനെപ്പോലെയായിരുന്നു മുത്തങ്ങയില്‍ പെരുമാറിയതെന്നു വേണം കരുതാന്‍. മുത്തങ്ങ സമരത്തെ രക്തരൂഷിതമാക്കി തകര്‍ത്തവസാനിപ്പിക്കുന്നതില്‍  അന്ന് വനം വകുപ്പിന്റെ ഐ.ബികളില്‍ കുടിപ്പാര്‍പ്പിച്ചിരുന്ന സുധാകരന്റെ അനുചരവൃന്ദത്തിന്റെ പങ്ക് ചര്‍ച്ചാവിഷയമായിരുന്നു. മുത്തങ്ങ വെടിവെപ്പിനു മുന്‍പും പിന്‍പുമൊക്കെ സുധാകരന്‍ നടത്തിയ പ്രസ്താവനകളും ഭീഷണികളുമൊക്കെ പാവപ്പെട്ട ആദിവാസികള്‍ക്കെതിരെയുള്ള അതിക്രമത്തിനു പൊലീസിനെയും വിരുദ്ധരേയും പ്രേരിപ്പിക്കുന്നതും അവര്‍ക്ക് ധൈര്യം നല്‍കുന്നതുമായിരുന്നു. ആദിവാസികള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ അന്വേഷിക്കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷന്റേയും പട്ടികവര്‍ഗ്ഗ കമ്മിഷന്റേയും ശുപാര്‍ശ കണ്ടില്ലെന്നു നടിക്കുകയും ആദിവാസികള്‍ക്കെതിരായി മാത്രം സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ആന്റണിയുടെ നടപടിയാണ് അദ്ദേഹത്തെ ഹിറ്റ്ലര്‍ക്കു സമാനനായ ഭരണാധികാരിയാക്കി മാറ്റുന്നത്. ആദിവാസി വിരുദ്ധരുടേയും പൊലീസിന്റേയും അതിഭീകരമായ മര്‍ദ്ദനവും പീഡനവും അനുഭവിച്ച സമൂഹത്തിന്റെ ഓരവാസികളായ നിസ്വരോട് നീതി ചെയ്തില്ല എന്നതുതന്നെയാണ് ചരിത്രത്തില്‍ ആന്റണി ചെയ്ത കുറ്റം.

പൊലീസ് കസ്റ്റഡിയിലെടുത്ത എം ​ഗീതാനന്ദനും സികെ ജാനുവും
പൊലീസ് കസ്റ്റഡിയിലെടുത്ത എം ​ഗീതാനന്ദനും സികെ ജാനുവും

2003 ഫെബ്രുവരി 19-ന് 6 മണിക്കു ശേഷം സുരേഷ് രാജ് പുരോഹിതെന്ന ഉത്തരേന്ത്യക്കാരനായ സവര്‍ണ്ണ ഐ.പി.എസ് ഓഫീസര്‍ നടത്തിയ ആദിവാസികള്‍ക്കു നേരെയുള്ള വെടിവെയ്പിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ആന്റണിക്ക് കൈ കഴുകാനാകുമോ? 20 വര്‍ഷം മുന്‍പ് സമരഭൂമിയില്‍ വെച്ച് വെടിവെയ്പില്‍ തല തകര്‍ന്ന് മരിച്ച ആദിവാസി വൃദ്ധന്റെ കൊലപാതകം അന്നും ഇന്നും അന്വേഷിക്കപ്പെടാതെ ദുരൂഹമായി തുടരുന്നതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയായിരുന്ന ആന്റണിക്കല്ലാതെ മറ്റാര്‍ക്കാണ്? ഇതെഴുതുന്ന ആളുള്‍പ്പെടെ സമരത്തില്‍ പങ്കെടുത്തവരും അല്ലാത്തവരുമായ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറു കണക്കിനാളുകള്‍ ക്രൂരമര്‍ദ്ദനത്തിനും ഭേദ്യങ്ങള്‍ക്കും വിധേയരായിട്ടും അതൊന്നും അന്വേഷിക്കപ്പെടാതേയും കുറ്റവാളികള്‍ രക്ഷപ്പെട്ടതിന്റേയും ഉത്തരവാദിത്വത്തില്‍നിന്നും ആന്റണിക്കൊഴിഞ്ഞുമാറാന്‍ പറ്റുമോ? കേരളത്തിലെ മനുഷ്യാവകാശ കമ്മിഷനും പട്ടികവര്‍ഗ്ഗ കമ്മിഷനും സമാനമായ കുറ്റം ചെയ്തവരാണ്. അവര്‍ക്ക് പക്ഷേ, ആന്റണിക്കു പറ്റാത്ത കാര്യം ഇനിയും ചെയ്യാനാവും- ഇക്കാര്യത്തില്‍ ഒരു പുനരന്വേഷണം. അതിനവര്‍ തയ്യാറാകുമോ? 

എകെ ആന്റണി
എകെ ആന്റണി

മുത്തങ്ങ സമരത്തിന്റെ ബുദ്ധികേന്ദ്രമെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ഭീകര മര്‍ദ്ദനത്തിനിരയായി കര്‍ണ്ണപുടം തകര്‍ന്ന ഒരാളാണ് ഞാന്‍. ജയില്‍വാസവും ചികിത്സയുമൊക്കെ കഴിഞ്ഞുവന്ന് പൊലീസ് അതിക്രമത്തിനെതിരെ വിവിധ കോടതികളില്‍ കേസുകള്‍ നടത്തി. അതിലൊന്നില്‍ സുല്‍ത്താന്‍ ബത്തേരി സബ് കോടതി അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. മുത്തങ്ങയില്‍ നടന്ന അതിക്രൂരമായ ആദിവാസി വേട്ടക്കെതിരെ കേരള മനസ്സാക്ഷിയെ ഉണര്‍ത്തിയ ഒരേ ഒരു രാഷ്ട്രീയ നേതാവ് സഖാവ് വി.എസ്. അച്യുതാനന്ദനാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ എനിക്കനുകൂലമായ കോടതി വിധിക്കെതിരെ പൊലീസിനു വേണ്ടി അപ്പീല്‍ പോയിരിക്കുകയാണ്. വി.എസ്. മുഖ്യമന്ത്രിയായിട്ടും ആദിവാസികള്‍ക്കെതിരെയുള്ള കേസുകള്‍ റദ്ദ് ചെയ്യുന്നതിനോ അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവിടുന്നതിനോ അദ്ദേഹത്തിനായില്ല. സരിതാ നായര്‍ക്കെതിരെ നടന്നെന്നു പറയപ്പെടുന്ന ലൈംഗിക പീഡനം പോലും അന്വേഷിക്കാന്‍ ത്വര കാണിച്ച ഇപ്പോഴത്തെ ഗവണ്‍മെന്റ് പക്ഷേ, അതിനു തയ്യാറാകുമോ? എനിക്കനുകൂലമായി കിട്ടിയ വിധിയോട് ഈ ഗവണ്‍മെന്റെടുത്ത സമീപനം നാന്ദിയായെടുത്താല്‍ കലാശം ഊഹിക്കാവുന്നതേയുള്ളു. ആന്റണിക്കു മാത്രമല്ല, പിണറായി വിജയനും ആദിവാസികളോടും അവരുടെ പ്രശ്നങ്ങളോടും ഒരേ വികാരവും സമീപനവും തന്നെയെന്നു പറയാം.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com