ചെറുത്തുനില്‍പ്പിന്റെ പുതിയ അദ്ധ്യായമായി യുക്രൈന്‍
By അരവിന്ദ് ഗോപിനാഥ് | Published: 12th March 2023 04:28 PM |
Last Updated: 12th March 2023 04:28 PM | A+A A- |

ഫെബ്രുവരി 24ന് യുക്രൈന്‍ റഷ്യ യുദ്ധം തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. തീര്‍ത്തും അസാധാരണ സാഹചര്യത്തില്‍, അപ്രതീക്ഷിതമായി തുടങ്ങിയ വിനാശകരമായ യുദ്ധം എന്ന് അവസാനിക്കുമെന്നറിയാതെ തുടരുകയാണ്. അപകടകരമായ ഒരു ഘട്ടമാണ് ഇനി വരാന്‍ പോകുന്നതെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലോകശക്തിയായ റഷ്യയ്ക്ക് യുക്രൈന്‍ പോലൊരു രാജ്യത്തെ കീഴടക്കാന്‍ അധികസമയമൊന്നും വേണ്ടിവരില്ലെന്നാണ് ഏവരും കരുതിയത്. പത്തുദിവസത്തിനുള്ളില്‍ യുക്രൈന്‍ റഷ്യ കീഴടക്കുമെന്നാണ് നിരീക്ഷകര്‍ കരുതിയിരുന്നത്. എന്നാല്‍, ചെറുത്തുനില്‍പ്പിന്റെ പുതിയ അദ്ധ്യായമായി യുക്രൈന്‍ മാറി. അതുവരെയുള്ള ചില വിശ്വാസങ്ങള്‍ അടിപതറുന്നതാണ് പിന്നെ കണ്ടത്.
കരുത്തനെന്നു വിശേഷിപ്പിക്കപ്പെട്ട വ്‌ലാഡിമര്‍ പുടിന്റെ വീര്യം ചോരുന്നതാണ് പിന്നെ കണ്ടത്. സൈനികതന്ത്രങ്ങളില്‍ തിരിച്ചടി നേരിട്ട പുടിന്‍ റഷ്യന്‍ സൈന്യം നടത്തിയ മനുഷ്യത്വരഹിതമായ ക്രൂരകൃത്യങ്ങളുടെ ഉത്തരവാദി എന്ന പേരില്‍ കുപ്രസിദ്ധി നേടുകയും ചെയ്തു. അതേസമയം, അവസരങ്ങളിലെ കരുത്തനായി യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി മാറി. റഷ്യന്‍ ആക്രമണം തുടങ്ങും മുന്‍പുവരെ ലോകനേതാക്കളുടെ ഇടയില്‍ ശ്രദ്ധേയമായ പരിവേഷം അദ്ദേഹത്തിനുണ്ടായിരുന്നില്ല. രാജ്യം ഉപേക്ഷിക്കാതെ അസാധാരണ സാഹചര്യം നേരിട്ട് യുക്രൈന്‍ തെരുവുകളില്‍ പട്ടാളക്കാരോടൊപ്പം ആയുധമെടുത്തിറങ്ങിയ സെലന്‍സ്‌കിക്കു ലഭിച്ചത് വീരപരിവേഷമാണ്. ആത്മാഭിമാനത്തിന്റെ പുതിയ ഭാഷയായി സെലന്‍സ്‌കിയുടെ ആഹ്വാനം ഇന്നും വിശേഷിപ്പിക്കപ്പെടുന്നു.
രണ്ടാം ലോകയുദ്ധത്തിനു ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും ഭീകരമായ അധിനിവേശ യുദ്ധമാണ് റഷ്യ നടത്തിയത്. അടുത്തെങ്ങും ഇത് അവസാനിക്കുന്ന ലക്ഷണവുമില്ല. യൂറോപ്പിലെ സമാധാനാന്തരീക്ഷം, ശീതയുദ്ധത്തിനു ശേഷം റഷ്യയുമായുള്ള നയതന്ത്രബന്ധങ്ങള്‍, നാറ്റോയുടെ നിലപാട് എന്നിങ്ങനെ എല്ലാം ഒരു നിമിഷത്തിലാണ് മാറിമറിഞ്ഞത്. ജര്‍മന്‍ പ്രതിരോധ നയം, ഫ്രാന്‍സിന്റെ സ്വയംഭരണം എന്നിവയെയൊക്കെ ഈ യുദ്ധം നിശബ്ദമാക്കി. യു.എസാകട്ടെ, യൂറോപ്യന്‍ യൂണിയനുമായുള്ള ഐക്യം മെച്ചപ്പെടുത്തുന്നതില്‍ പ്രതിബദ്ധത കാണിച്ചു. ഐക്യരാഷ്ട്രസഭ പതിവു നിസ്സഹായത ആവര്‍ത്തിച്ചു. ബ്രെക്‌സിറ്റിനു ശേഷം അന്തരാഷ്ട്രതലത്തില്‍ ബ്രിട്ടണിന്റെ സ്വാധീനം വ്യക്തമാക്കാനുള്ള അവസരം കൂടിയായിരുന്നു ഈ യുദ്ധസമയം. ഈ അതിക്രമത്തിന്റെ സാമ്പത്തികസാമൂഹ്യ പ്രത്യാഘാതങ്ങള്‍ യൂറോപ്പില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല.

പശ്ചിമേഷ്യയിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുമുള്ള കരിങ്കടല്‍ വഴിയുള്ള കയറ്റുമതി തടസ്സപ്പെട്ടു. കൊവിഡിനു ശേഷം പൊതുവേ ദുര്‍ബ്ബലമായിരുന്ന ആഗോള വിതരണ ശൃംഖലകളെ ഇത് പൂര്‍ണ്ണമായും ഇല്ലാതാക്കി. അതില്‍ റഷ്യന്‍ എണ്ണയെ ആശ്രയിച്ചു മാത്രം കഴിഞ്ഞിരുന്ന യൂറോപ്പിന്റെ അവസ്ഥയാണ് കൂടുതല്‍ ഗുരുതരമായത്. സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതോടെ എണ്ണവിലയാണ് റഷ്യ ആയുധമാക്കിയത്. റഷ്യന്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട സാമ്പത്തിക ഉപരോധം ലക്ഷ്യം കണ്ടെത്തിയെന്നും ഇല്ലെന്നുമുള്ള വാദങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് പ്രവചിക്കുന്നത് അനുസരിച്ച് റഷ്യന്‍ ആഭ്യന്തര ഉല്പാദനത്തില്‍ 15 ശതമാനം കുറവുണ്ടാകുമെന്നാണ് കണക്ക്. ജെ.പി. മോര്‍ഗന്‍ പ്രവചിക്കുന്നത് 12 ശതമാനം തകര്‍ച്ചയാണ്. 30 ശതമാനം വരെ ജി.ഡി.പി കുറയാമെന്ന് പുടിനോട് അടുപ്പമുള്ളവര്‍ വിശദീകരിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഒരു വര്‍ഷം പിന്നിട്ടിട്ടും ഏതെങ്കിലുമൊരു പക്ഷം സൈനികവിജയം നേടുമെന്നും തോന്നുന്നില്ല. സമാധാനചര്‍ച്ചകളില്‍ ഏതെങ്കിലും ആശ്വാസകരമായ വഴിത്തിരിവുകളുണ്ടാകാനുള്ള സാധ്യതയും വിരളം. ആള്‍നാശത്തിന്റെ കണക്കുകള്‍ ഇരുപക്ഷവും കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഇതുവരെ ഏകദേശം രണ്ടുലക്ഷം റഷ്യന്‍ സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നു കണക്കാക്കുന്നു. യുക്രൈനില്‍ ഏകദേശം ഒരുലക്ഷം പേര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്, കൂടാതെ 30,000 സാധാരണ പൗരന്‍മാരും. ഒട്ടേറെ നാശനഷ്ടങ്ങള്‍ക്കിടയാക്കിയ ഈ യുദ്ധം അവസാനിപ്പിക്കാന്‍ രാജ്യാന്തരതലത്തില്‍ കാര്യമായ ശ്രമമൊന്നും നടന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വീറ്റോഭീഷണി കാരണം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയും ഒരു നിലപാട് എടുത്തിട്ടില്ല. അന്താരാഷ്ട്ര നിയമങ്ങളുടെ ചട്ടക്കൂടിനും അടിസ്ഥാനങ്ങള്‍ക്കും ഇത് തിരിച്ചടിയാണ്. റഷ്യന്‍ ആക്രമണത്തെ അപലപിക്കുകയും വെടിനിര്‍ത്തലിന് ആവശ്യപ്പെടുന്ന പ്രമേയം പാസ്സാക്കിയതിലുമൊതുങ്ങുന്നു യു.എന്‍. ഇടപെടല്‍.
രാജ്യാന്തരതലത്തില്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്നതും രാജ്യങ്ങള്‍ക്കു പ്രശ്‌നമായി. യുക്രൈനൊപ്പമോ റഷ്യയ്‌ക്കൊപ്പമോ എന്നതില്‍ ഒരു തീര്‍പ്പുകല്പിക്കാന്‍ പല രാജ്യങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. ഇന്ത്യ ഉള്‍പ്പെടെ ഇസ്രയേല്‍, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി എന്നിങ്ങനെ പല രാജ്യങ്ങള്‍ക്കും ധാര്‍മ്മിക അങ്കലാപ്പും ആശയക്കുഴപ്പവുമുണ്ട്. ഇരുപക്ഷവും ക്രൂരമായ ചെയ്തികള്‍ ആരോപിക്കുന്നുണ്ടെങ്കിലും റഷ്യന്‍ വംശഹത്യയും റഷ്യന്‍ സൈനികര്‍ നടത്തിയ കൊലപാതകങ്ങളും ലൈംഗികപീഡനങ്ങളും മനുഷ്യരാശിയെത്തന്നെ ഞെട്ടിക്കുന്നു. റഷ്യന്‍ യുദ്ധക്കുറ്റങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും പുടിനുള്‍പ്പെടെയുള്ള മുഖ്യ ഉത്തരവാദികള്‍ ഏതെങ്കിലും തരത്തില്‍ ശിക്ഷ ഏറ്റുവാങ്ങുമെന്ന പ്രതീക്ഷ ആര്‍ക്കുമില്ല. എങ്കിലും പരമാധികാര ജനാധിപത്യ രാഷ്ട്രമായ യുക്രൈന്‍ തലകുനിക്കാതെ കീഴടങ്ങാതെ പോരാടി അതിജീവിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം.
പാളിപ്പോയ തുടക്കം
യുക്രൈനെ നാസിസത്തില്‍നിന്ന് മോചിപ്പിക്കുമെന്നും ആ രാജ്യത്തിന്റെ സൈന്യത്തെ ഇല്ലാതാക്കുമെന്നും പ്രഖ്യാപിച്ചാണ് പുടിന്‍ യുദ്ധരംഗത്തേക്ക് ഇറങ്ങിയത്. എത്രയും വേഗത്തില്‍ യുക്രൈന്‍ കീഴടക്കുക, തലസ്ഥാന നഗരമായ കീവ് കേന്ദ്രീകരിച്ച് ഒരു അനുകൂല സര്‍ക്കാരിനെ നിയോഗിക്കുക എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങളാണ് റഷ്യയ്ക്കുണ്ടായിരുന്നത്. ആദ്യ ദിവസങ്ങളില്‍ റഷ്യന്‍ സൈന്യം അതിവേഗം മുന്നേറി. രണ്ടാമത്തെ നഗരമായ കര്‍ക്കീവ് വരെ വീണു. പക്ഷേ, തിരിച്ചടിയും പ്രതിരോധവും കനത്തതോടെ റഷ്യന്‍ സൈന്യം പ്രതിരോധത്തിലായി. യുക്രൈന്‍ സൈന്യം വന്‍തോതില്‍ തിരിച്ചടിക്കാനും തുടങ്ങി. അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ആയുധങ്ങളുടേയും മറ്റും രൂപത്തില്‍ നല്‍കിയ സഹായമായിരുന്നു യുക്രൈന്‍ പ്രതിരോധത്തിനു താങ്ങായത്. തലസ്ഥാനത്തേക്കുള്ള പ്രധാന ഹൈവേയിലൂടെ നീങ്ങിയ 40 മൈല്‍ നീളമുള്ള റഷ്യന്‍ വാഹനവ്യൂഹം ക്രെംലിന്‍ സൈനിക പരാജയത്തിന്റെ പ്രതീകമാണ് ഇന്ന്. റഷ്യയുടെ ഈ യൂറോപ്യന്‍ അധിനിവേശത്തെ പ്രത്യേക സൈനിക നടപടിയെന്നാണ് പുടിന്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. 13 ദശലക്ഷത്തിലധികം പേരെ അഭയാര്‍ത്ഥികളാക്കിയ ഈ യുദ്ധത്തെ ഇനിയും യുദ്ധമെന്ന് റഷ്യ പ്രഖ്യാപിക്കാന്‍ തയ്യാറായിട്ടില്ല.

യുദ്ധം തുടങ്ങി ഒരു മാസത്തിനകം പുടിന്‍ ലക്ഷ്യം മാറ്റാന്‍ നിര്‍ബ്ബന്ധിതനായി. കീവും ചേര്‍ണീവും പിടിക്കുന്നതില്‍നിന്ന് നാടകീയമായി പിന്‍മാറിയ പുടിന്‍ ഡോണ്‍ബാസിന്റെ സ്വാതന്ത്ര്യമാണ് പ്രഖ്യാപിച്ചത്. ലുഹാന്‍സ്‌ക്, ഡോണ്‍ഡെസ്‌ക് എന്നീ വ്യവസായ പ്രവിശ്യകള്‍ അടങ്ങിയ മേഖലയാണ് ഇത്. പിന്നീട് വടക്കുകിഴക്കന്‍ മേഖലയായ ഖാര്‍കീവിലേക്കും തെക്ക് ഖേര്‍സണും പിടിക്കാനുള്ള നീക്കത്തില്‍നിന്നും റഷ്യ പിന്‍വാങ്ങി. ഇങ്ങനെ കഴിഞ്ഞ സെപ്റ്റംബറില്‍ നാല് യുക്രൈന്‍ പ്രവിശ്യകള്‍ കൂട്ടിച്ചേര്‍ത്തത് മുഴുവന്‍ അവയിലൊന്നിന്റേയും പൂര്‍ണ്ണ നിയന്ത്രണമില്ലാതെയാണ്. ലുഹാന്‍സ്‌ക്, ഡോണ്‍ടെസ്‌ക്, ഖേര്‍സണ്‍, സാപോരിസഹിയ എന്നിവയിലൊന്നിലും റഷ്യയ്ക്ക് ഇന്നും പൂര്‍ണ്ണ നിയന്ത്രണമില്ല. പുടിന് അവകാശപ്പെടാവുന്ന ഏറ്റവും വലിയ വിജയം റഷ്യയുടെ അതിര്‍ത്തിയില്‍നിന്ന് ക്രിമിയയിലേക്കു കരയിലൂടെ വഴി സ്ഥാപിക്കുക എന്നതാണ്, അത് 2014ല്‍ അനധികൃതമായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. അതിനപ്പുറം പ്രകോപനമില്ലാതെ ഒരു ദുരന്തം വിളിച്ചുവരുത്തിയതിന്റെ ഉത്തരവാദിത്വം പുടിനു തന്നെയായി നിലനില്‍ക്കുന്നു. ഇതിനു പുറമേ മനുഷ്യത്വത്തിനു നേരെയുള്ള ക്രൂരതയും റഷ്യന്‍ സൈന്യത്തിന്റെ കഴിവില്ലായ്മയും ചൂണ്ടിക്കാട്ടുന്നതായി ഈ യുദ്ധം. ബുച്ചയില്‍ നടത്തിയ വംശഹത്യയുടെ ഉത്തരവാദിത്വത്തില്‍നിന്ന് പുടിന് ഒഴിഞ്ഞുമാറാനാകില്ല.
പുടിന്റെ പല സൈനിക നീക്കങ്ങളും പരാജയകാരണങ്ങളായി വിലയിരുത്തുന്നുണ്ട്. അതിലൊന്ന് നവംബറില്‍ കെര്‍സണില്‍നിന്ന് ഡിനിപ്രോ നദിക്കു കുറുകേ 30,000 സൈനികര്‍ പിന്‍വാങ്ങിയത് തന്ത്രപരമായ അബദ്ധമായി കണക്കാക്കുന്നു. 64 കിലോമീറ്റര്‍ നീളുന്ന സൈനികവ്യൂഹത്തെ കീവില്‍ത്തന്നെ നിലനിര്‍ത്താനുള്ള നീക്കവും തെറ്റായിപ്പോയി. മഖിവ്ഖയില്‍ യുക്രൈന്‍ മിസൈല്‍ ആക്രമണത്തില്‍ വലിയൊരു സൈനികവിഭാഗം ഉള്‍പ്പെട്ടത് ഇന്റലിജന്‍സ് പരാജയമായിരുന്നു. റഷ്യന്‍ നാവികസേനയുടെ നട്ടെല്ലെന്നു വിശേഷിപ്പിച്ചിരുന്ന കപ്പല്‍ യുക്രൈന്‍ തകര്‍ത്തത് സൈന്യത്തിന്റെ ആത്മവീര്യം കെടുത്തി. യുക്രൈന്‍ സൈന്യം നെപ്ട്യൂണ്‍ മിസൈലുകള്‍ ഉപയോഗിച്ച് കപ്പല്‍ ആക്രമിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. യുക്രൈന്‍ വികസിപ്പിച്ചെടുത്ത നെപ്ട്യൂണ്‍ മിസൈല്‍ യുദ്ധത്തില്‍ ആദ്യമായിട്ടാണ് ഉപയോഗിക്കുന്നത്. കപ്പലിന്റെ തകര്‍ച്ചയുടെ കാരണം എന്തുതന്നെയായാലും, അത് യുക്രൈന്‍ സൈന്യത്തിന്റെ ശക്തമായ വിജയമായിരുന്നു, റഷ്യയ്ക്ക് നാണക്കേടും. കടലില്‍ വച്ച് റഷ്യന്‍ യുദ്ധക്കപ്പലിനെ തകര്‍ക്കാന്‍ യുക്രൈനു കഴിയുന്നത് ഇതാദ്യവുമായിരുന്നു.
യുദ്ധത്തിലെ അപ്രതീക്ഷിതമായ ഇത്തരം തിരിച്ചടികള്‍ സ്വാഭാവികമായും പുടിനെ അസ്വസ്ഥനാക്കിയിരിക്കണം. തകര്‍ന്ന പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ കൂടുതല്‍ ഭീകരമായ ഒരാക്രമണത്തിനുകൂടി അദ്ദേഹം മുതിര്‍ന്നേക്കും. ഈ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ നിര്‍മ്മിത എഫ് 16 വിമാനം പോലുള്ള കൂടുതല്‍ ശക്തിയുള്ള ആയുധങ്ങള്‍ നല്‍കണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടത്. ഈ ആവശ്യവുമായി ലണ്ടനിലും പാരീസിലും യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനമായ ബ്രസല്‍സിലും സെലന്‍സ്‌കി എത്തി. ഇതിനിടെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ആദ്യമായി തലസ്ഥാനമായ കീവിലെത്തി. നാറ്റോയുടെ ഇടപെടലാണ് ഈ ചര്‍ച്ചയിലെ നിര്‍ണ്ണായക വിഷയം. ടാങ്കുകളും മിസൈലുകളും ബോംബുകളും പോലുള്ള ആയുധങ്ങള്‍ യുക്രൈനു നല്‍കിയും അവരുടെ സൈനികര്‍ക്കു പരിശീലനം ലഭ്യമാക്കിയും ഇപ്പോള്‍തന്നെ യുദ്ധത്തില്‍ നാറ്റോ ഇടപെടുകയാണെന്ന് പുടിന്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. രക്ഷയില്ലാതെ വന്നാല്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന് പുടിന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. അങ്ങനെ വന്നാല്‍ ലോകം വിനാശകരമായ മറ്റൊരവസ്ഥയെ നേരിടേണ്ടിവരും.

സോവിയറ്റ് യൂണിയന്റെ പ്രതാപകാലത്ത് അതിനെതിരെ രൂപംകൊണ്ട പാശ്ചാത്യ സൈനിക സഖ്യമാണ് നാറ്റോ. നാറ്റോയ്ക്ക് പകരം വാഴ്‌സാ സൈനികസഖ്യവുമുണ്ടായിരുന്നു. 1991ല്‍ സോവിയറ്റ് യൂണിയന്‍ തകരുകയും അതിലെ ഘടക രാജ്യങ്ങളും കിഴക്കന്‍ യൂറോപ്പിലെ ആശ്രിത രാജ്യങ്ങളും സ്വതന്ത്രമാവുകയും ചെയ്തതോടെ വാഴ്‌സാ സഖ്യം അപ്രത്യക്ഷമായി. അതായത് നിലവിലെ സാഹചര്യം ഒരു ലോകയുദ്ധത്തിലേക്കു വഴിതെളിക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു. വാഴ്‌സാ സഖ്യത്തില്‍ അംഗമായിരുന്ന രാജ്യങ്ങളില്‍ പലതും നാറ്റോയിലും യൂറോപ്യന്‍ യൂണിയനിലും ചേര്‍ന്നിട്ടുണ്ട്. ഭൗമശാസ്ത്രപരമായി യുക്രൈന് ചില പ്രാധാന്യങ്ങളുണ്ട്. യൂറോപ്പില്‍ റഷ്യ കഴിഞ്ഞാല്‍ ഏറ്റവും വലിയ രാജ്യമാണ് യുക്രൈന്‍. ആ രാജ്യത്തിന് തെക്കുള്ള ക്രിമിയന്‍ ദ്വീപില്‍ റഷ്യന്‍ നാവികസേനാ താവളമുണ്ട്. സോവിയറ്റ് കാലം മുതല്‍ അതാണ് നടപ്പുരീതി. യുക്രൈനില്‍ നാറ്റോയ്ക്ക് സ്വാധീനമേറിയാല്‍ റഷ്യയ്ക്ക് അത് കനത്ത ഭീഷണിയാണ്. സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും തന്ത്രപ്രധാനമായ പ്രദേശത്ത് ശത്രുസാന്നിധ്യവും സ്വാധീനവും അനുവദിക്കാന്‍ പുടിന്‍ ഒരിക്കലും തയ്യാറാകില്ല.
2014ല്‍ യുക്രൈന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനു ശ്രമിച്ചതാണ്. റഷ്യ അത് വിലക്കി. യുക്രെയിനിലെ റഷ്യന്‍ അനുകൂലികളുടെ സഹായത്തോടെ ക്രിമിയ 2014ല്‍ തന്നെ റഷ്യ കൈവശപ്പെടുത്തി. രാജ്യാന്തരതലത്തില്‍ റഷ്യയെ ഒറ്റപ്പെടുത്താനും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനുമാണ് പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമിച്ചത്. വന്‍ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി8ല്‍നിന്നു റഷ്യ പുറത്തായത് അങ്ങനെയാണ്. ഇതിനിടെ യുക്രൈന്‍ നാറ്റോയില്‍ ചേരാനുള്ള ശ്രമങ്ങള്‍ റഷ്യ കൂടുതല്‍ ഗൗരവത്തോടെ ചെറുത്തു. യഥാര്‍ത്ഥത്തില്‍ റഷ്യന്‍ നടപടിക്കു പിന്നിലെ പ്രകോപനം അതായിരുന്നു. ഇതോടെ ശീതയുദ്ധത്തിനു ശേഷമുള്ള രാഷ്ട്രീയ ചേരിതിരിവ് കൂടി വെളിച്ചത്തു കൊണ്ടുവന്നു ഈ യുദ്ധം. ആയുധം, പണം, സാങ്കേതികശേഷി എന്നിങ്ങനെ പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണ കിട്ടിയിരുന്ന യുക്രൈനെ റഷ്യ ഇത്ര പെട്ടെന്ന് ആക്രമിക്കുമെന്ന് ആരും കരുതിയിരുന്നില്ല.
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ