'ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടി ഉപയോഗിക്കാന്‍ പറ്റുന്നതില്‍ സന്തോഷം' 

പാര്‍ട്ടി ആദ്യമായി അധികാരത്തിലെത്തിയ പഞ്ചായത്ത്, ആദ്യമായി പ്രസിഡന്റായ ഇരുപത്തിയൊന്നുകാരി.. വലിയൊരു കടമ്പയായിരുന്നു രേഷ്മയ്ക്ക് മുന്നിലുണ്ടായിരുന്നത്
'ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടി ഉപയോഗിക്കാന്‍ പറ്റുന്നതില്‍ സന്തോഷം' 

രേഷ്മ മറിയം റോയി
(അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ്)

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാണ് രേഷ്മ മറിയം റോയി. പത്തനംതിട്ട കോന്നി അരുവാപ്പുലം പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിന്റെ കുത്തക തകര്‍ത്താണ് സി.പി.എമ്മിനുവേണ്ടി മത്സരിച്ച രേഷ്മ പഞ്ചായത്ത് പ്രസിഡന്റായത്. മത്സരിച്ച വാര്‍ഡിലും ആദ്യമായി ഒരു ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജയിക്കുന്നത് രേഷ്മയിലൂടെയായിരുന്നു. 21 വയസ്സില്‍ ആദ്യ വോട്ട് തനിക്കുതന്നെ ചെയ്താണ് രേഷ്മ ഈ പദവിയിലേക്ക് എത്തിയത്. 

തദ്ദേശ തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 19 ആയിരുന്നു. നവംബര്‍ 18നാണ് രേഷ്മയ്ക്ക് 21 വയസ്സായത്. കൊവിഡ് കാരണം തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടിവന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കില്‍ ഇങ്ങനെ ആവില്ലായിരുന്നു എന്നും രേഷ്മ തമാശയായി പറയുന്നു.

ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം കൂടിയായിരുന്ന രേഷ്മ നാട്ടില്‍ നടത്തിയ സംഘടനാപ്രവര്‍ത്തനം കൂടി ഈ ഒരു തീരുമാനത്തിലേക്കെത്താന്‍ ഗുണകരമായി. പ്രത്യേകിച്ചും കൊവിഡ് കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍. അതാണ് കോണ്‍ഗ്രസ് കോട്ടയായ വാര്‍ഡില്‍നിന്ന് ആദ്യമായി രേഷ്മയ്ക്ക് ജയിക്കാനായതും.

ജീവിതത്തില്‍ അപ്രതീക്ഷിതമായിരുന്നു ഈ സംഭവങ്ങള്‍ എന്ന് രേഷ്മ പറയുന്നു: 'കൊവിഡിന്റെ സമയത്തെല്ലാം പലതരം സംഘടനാചുമതലകള്‍ ഉണ്ടായിരുന്നതുകൊണ്ട് എല്ലായിടത്തും ആക്ടീവായി നിന്നിരുന്നു. പക്ഷേ, ഇങ്ങനെയുള്ള പ്രതീക്ഷകളൊന്നും ഇല്ലായിരുന്നു. പെട്ടെന്ന് അങ്ങനെയൊരു തീരുമാനത്തിലേക്ക് പാര്‍ട്ടി വന്നു. അതിന്റെ ഭാഗമായി മത്സരിച്ചു. ഇത് നമുക്ക് പരിചയമുള്ളതായിരുന്നില്ല, കാരണം എന്റെ ആദ്യ വോട്ടുകൂടിയായിരുന്നല്ലോ ആ തെരഞ്ഞെടുപ്പിലേത്. കോളേജില്‍ എസ്.എഫ്.ഐയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. സ്വന്തം പ്രദേശത്ത് ഡി.വൈ.എഫ്.ഐയുടെ ഭാഗമായി വര്‍ക്ക് ചെയ്യുന്നതുകൊണ്ട് ആളുകളുമായി ഒക്കെ നല്ല അടുപ്പമാണ്. കൊവിഡ് സമയത്ത് കോന്നി എം.എല്‍.എയുടെ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. വീടുകളില്‍ സാധനം എത്തിച്ചുകൊടുക്കാന്‍. ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത  സാഹചര്യമായിരുന്നല്ലോ. എം.എല്‍.എയുടെ  ഹെല്‍പ് ഡെസ്‌ക് ഉണ്ടായിരുന്നു. ആളുകള്‍ക്കു വേണ്ട മരുന്നുകളും സാധനങ്ങളുമെല്ലാം വീടുകളില്‍ കൊണ്ടുകൊടുക്കാന്‍ വോളണ്ടിയറായി അതില്‍ പ്രവര്‍ത്തിച്ചു. ഡി.വൈ.എഫ്.ഐയുടെ ഹൃദയപൂര്‍വ്വം പൊതിച്ചോര്‍ വിതരണവുമായി ബന്ധപ്പെട്ടും മിക്കവാറും വീടുകളില്‍ കയറുന്നതാണ്. അങ്ങനെ ആളുകളുമായി നേരത്തെ തന്നെ ബന്ധമുണ്ട്. അതെല്ലാം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തിട്ടുണ്ട്' രേഷ്മ പറയുന്നു.

രേഷ്മ മറിയം റോയി
രേഷ്മ മറിയം റോയി

പത്തനംതിട്ട ജില്ലയിലെ രണ്ടാമത്തെ വലിയ പഞ്ചായത്താണ് അരുവാപ്പുലം. തമിഴ്‌നാട് ബോര്‍ഡര്‍ വരെയുണ്ട്. കോന്നി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകൂടിയാണ്. ഇത്ര വലിയ പഞ്ചായത്ത്, പാര്‍ട്ടി ആദ്യമായി അധികാരത്തിലെത്തിയ പഞ്ചായത്ത്, ആദ്യമായി പ്രസിഡന്റായ ഇരുപത്തിയൊന്നുകാരി.. വലിയൊരു കടമ്പയായിരുന്നു രേഷ്മയ്ക്ക് മുന്നിലുണ്ടായിരുന്നത്. പെട്ടെന്ന് കടന്നുവരുന്ന ഒരാളെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ, സംഘടനാരംഗത്തുള്ള പരിചയംകൊണ്ടും പാര്‍ട്ടിയിലെ മുതിര്‍ന്നയാളുകളുടെ പിന്തുണകൊണ്ടും പെട്ടെന്നുതന്നെ കാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കാന്‍ കഴിഞ്ഞു എന്ന് രേഷ്മ പറയുന്നു. 

'നമ്മള്‍ പൊതുവെ കാണുന്ന പഞ്ചായത്ത് പ്രസിഡന്റുമാര്‍ പ്രായം കൂടിയ ആളുകളാണ്. അങ്ങനെയൊരു ടിപ്പിക്കല്‍ കാഴ്ചപ്പാട് നമുക്കുണ്ട്. ഞാന്‍ ആ സ്ഥാനത്തേക്ക് വന്നപ്പോള്‍ ബഹുമാനത്തേക്കാള്‍ സ്‌നേഹമാണ് കിട്ടിയത്. മിക്കവാറും ആളുകള്‍ മോളേ എന്ന് വിളിച്ചാണ് കാര്യം പറയാറുള്ളത്. എന്താവശ്യത്തിന് വരുന്നവര്‍ക്കും അടുപ്പത്തോടെ നമ്മളോട് സംസാരിക്കാന്‍ പറ്റുന്നുണ്ട്. അവരുടെ കാര്യങ്ങള്‍ എന്നോട് തുറന്നുപറയാന്‍ പറ്റുന്നുണ്ട്. എനിക്കും ഇതൊരു പുതിയ മേഖലയാണ്. നമ്മള്‍ ഇതുമായി ഒന്നും പരിശീലിച്ചിട്ടില്ലാത്ത ആളുകളായതുകൊണ്ട് കാര്യങ്ങളെല്ലാം മനസ്സിലാക്കി വരുന്നതിന് ആദ്യം ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. കിലയുടെ ക്ലാസ്സുകളൊക്കെ കിട്ടിയപ്പോള്‍ പെട്ടെന്നുതന്നെ കാര്യങ്ങള്‍ പഠിച്ച് ആളുകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. നമ്മുടെ അടുത്തേക്കു വരുന്ന ആളുകള്‍ നമ്മളോട് ഫ്രീ ആയി ഇടപെടുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അങ്ങനെ സംസാരിച്ച് നമുക്ക് അത് ചെയ്തുകൊടുക്കാന്‍ പറ്റുമ്പോഴാണ് ഭരണാധികാരി എന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തിലേക്കു വരുന്നത്.  എന്നോട് സ്വാതന്ത്ര്യത്തോടേയും അടുപ്പത്തോടേയും സംസാരിക്കാന്‍ കഴിയുന്നു എന്നത് വലിയൊരു കാര്യമാണ്. 

ഇപ്പോള്‍ പ്രതിപക്ഷത്തുള്ളവരില്‍ മുന്‍ പഞ്ചായത്ത് പ്രഡിഡന്റുമാരും ഉണ്ട്. ഇടതുപക്ഷത്തിന് ആദ്യമായി പഞ്ചായത്ത് കിട്ടിയതുകൊണ്ടുതന്നെ കൂടുതല്‍ ഉത്തരവാദിത്വം ഉണ്ട്. നമ്മളില്‍നിന്ന് ആളുകള്‍ കൂടുതല്‍ പ്രതീക്ഷിക്കും. ചെറിയ പ്രായത്തില്‍ ഇങ്ങനെയൊരു പദവിയിലെത്തുക, പരമാവധി ആളുകള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ പറ്റുക എന്നതൊക്കെ ഭാഗ്യം തന്നെയാണ്. എന്റെ പ്രായത്തിലുള്ള മറ്റുള്ളവരെപ്പോലെ എനിക്കും സമയം ചെലവഴിച്ച് പോകാമായിരുന്നു. പക്ഷേ, എന്റെ ജീവിതത്തില്‍ ഉത്തരവാദിത്വങ്ങള്‍ കൂടി. അത് മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി ഉപയോഗിക്കാന്‍ പറ്റുന്നതില്‍ സന്തോഷമുണ്ട്' രേഷ്മ പറയുന്നു.

കോണ്‍ഗ്രസ് പശ്ചാത്തലമുള്ള കുടുംബത്തില്‍നിന്നാണ് എസ്.എഫ്.ഐയിലൂടെ രേഷ്മ ഇടതുപക്ഷത്തേക്ക് എത്തുന്നത്. അച്ഛന്‍ റോയി ടി. മാത്യു തടിയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നു. അമ്മ മിനി പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ക്ലര്‍ക്കാണ്.  കുറേ കടങ്ങളൊക്കെയുള്ള ഒരു സാധാരണ കുടുംബത്തില്‍നിന്ന് വരുന്നതുകൊണ്ട് ആളുകളുടെ പ്രശ്‌നങ്ങള്‍ പെട്ടെന്നു മനസ്സിലാക്കാന്‍ പറ്റുമെന്ന് രേഷ്മ പറയുന്നു:  'ഞാന്‍ ജീവിച്ച സാഹചര്യം, എന്റെ വീട്ടിലെ ജീവിതം ഒക്കെ എനിക്ക് മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പെട്ടെന്നു മനസ്സിലാക്കാന്‍ ഗുണം ചെയ്തിട്ടുണ്ട്. മിക്കവാറും ദിവസം ആരംഭിക്കുന്നത് തന്നെ ഏതെങ്കിലും ഒരു പ്രശ്‌നമുള്ള ഒരു ഫോണ്‍കോളില്‍ നിന്നായിരിക്കും. അവസാനിക്കുന്നതും അങ്ങനെയൊക്കെ തന്നെയായിരിക്കും. മറ്റ് ജോലികള്‍ പോലെയല്ല. ജനപ്രതിനിധികള്‍ക്ക് സമയപരിധി ഇല്ലല്ലോ' കോന്നി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍നിന്ന് പ്ലസ്ടു പൂര്‍ത്തിയാക്കിയ രേഷ്മ കോന്നി വി.എന്‍.എസ്. കോളേജിലാണ് ബി.ബി.എ. പഠിച്ചത്.  ഇഗ്‌നോയിലൂടെ എം.ബി.എ. പഠനവും ഈ തിരക്കുകള്‍ക്കിടയില്‍ രേഷ്മ ചെയ്യുന്നുണ്ട്. ലോകത്ത് തന്നെ സ്ത്രീകള്‍ക്ക് ഉണ്ടാവുന്ന പുരോഗതിയാണ് ആ സമൂഹത്തിന്റെ മാറ്റമായി കാണാന്‍ കഴിയുക എന്ന് രേഷ്മ പറയുന്നു: 'ഒരു കാലത്ത് സ്ത്രീകള്‍ക്ക് സംവരണം ചെയ്ത സീറ്റില്‍ പോലും മത്സരിക്കാന്‍ ആളില്ലാത്ത അവസ്ഥയുണ്ടായിരുന്നു. ആ സാഹചര്യം മാറി. സ്ത്രീകള്‍ തമ്മില്‍ മത്സരിച്ച് അതില്‍നിന്ന് ഒരാള്‍ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി. ആ ഒരു സാമൂഹ്യ മാറ്റത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ട്' രേഷ്മ പറയുന്നു.

(തയ്യാറാക്കിയത് രേഖാചന്ദ്ര)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com