'ഒരു സ്ഥാപനം ഉണ്ടാക്കുന്നതില്‍ എന്താ തെറ്റ്? എന്താ അതില്‍ പ്രശ്‌നമുള്ളത്?'

അസുഖത്തിന്റെ പേരില്‍ പാര്‍ട്ടിയോട് ഒരു മാസത്തെ ലീവ് ചോദിച്ചു, പാര്‍ട്ടി അത് അനുവദിച്ചു. തുടര്‍ന്ന് ആയുര്‍വ്വേദ ചികിത്സയും മറ്റും വേണമെന്നു പറഞ്ഞതുകൊണ്ട് ഒരു മാസത്തേക്കു കൂടി ലീവ് നീട്ടി
'ഒരു സ്ഥാപനം ഉണ്ടാക്കുന്നതില്‍ എന്താ തെറ്റ്? എന്താ അതില്‍ പ്രശ്‌നമുള്ളത്?'

ഇ. പി. ജയരാജന്‍ ഇപ്പോള്‍ പാര്‍ട്ടിയോടു പരിഭവിച്ചു മാറിനില്‍ക്കുകയും അതിന്റെ പേരിലുള്‍പ്പെടെ വിവാദത്തിലാവുകയും ചെയ്യുന്നു. ഇതെന്താണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? 

അത് ഓരോരുത്തരുടെ ഓരോ നിരീക്ഷണങ്ങളാണ്. നേരത്തെ ഒരു അസുഖമുണ്ടായപ്പോള്‍ ആ അസുഖത്തിന്റെ പേരില്‍ പാര്‍ട്ടിയോട് ഒരു മാസത്തെ ലീവ് ചോദിച്ചു, പാര്‍ട്ടി അത് അനുവദിച്ചു. തുടര്‍ന്ന് ആയുര്‍വ്വേദ ചികിത്സയും മറ്റും വേണമെന്നു പറഞ്ഞതുകൊണ്ട് ഒരു മാസത്തേക്കു കൂടി ലീവ് നീട്ടി. അങ്ങനെ രണ്ടു മാസക്കാലം തുടര്‍ച്ചയായി അവധിയായി. അതിനുശേഷവും അസുഖവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍കൊണ്ടുതന്നെ എനിക്ക് തിരുവനന്തപുരത്തു വരാനോ പഴയതുപോലെ സ്ഥിരമായി താമസിക്കാനോ കഴിയാത്ത സ്ഥിതിയുണ്ടായി. അതുകൊണ്ട് ഞാന്‍ തിരുവനന്തപുരത്ത് ഉണ്ടായില്ല എന്നുമാത്രമേയുള്ളൂ. അത് മറ്റേതെങ്കിലും തരത്തില്‍ വ്യാഖ്യാനിക്കുന്നതിന് അടിസ്ഥാനമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. 

ജനകീയ പ്രതിരോധ ജാഥയുടെ ഉദ്ഘാടനത്തില്‍നിന്നും തുടര്‍ന്നും വിട്ടുനിന്നത് രാഷ്ട്രീയ ശത്രുക്കള്‍ക്ക് വടിയായി മാറിയില്ലേ? 

അത് യഥാര്‍ത്ഥത്തില്‍ ഉണ്ടാക്കിയ ഒരു വാര്‍ത്തയാണ്. എല്ലാവരും ഉദ്ഘാടന പരിപാടിയില്‍ ഉണ്ടാകണം എന്നുണ്ടോ?

പക്ഷേ, എല്ലാവരേയും പോലെയാണോ, എല്‍.ഡി.എഫ് കണ്‍വീനറല്ലേ? 

ഇത് എല്‍.ഡി.എഫിന്റെ പരിപാടിയൊന്നുമല്ലല്ലോ, പാര്‍ട്ടിയുടെ പരിപാടിയല്ലേ. പാര്‍ട്ടി പരിപാടി എന്ന നിലയിലാണ് അതിന്റെ പ്രാധാന്യം. എല്‍.ഡി.എഫ് കണ്‍വീനറായതുകൊണ്ട് ഇതില്‍ നിര്‍ബ്ബന്ധമായി പങ്കെടുക്കണമെന്ന് എവിടെയുമില്ല. എല്ലാവര്‍ക്കും സൗകര്യംപോലെ പങ്കെടുക്കാം. നമ്മള്‍ അതിലൂടെ നിശ്ചയിച്ചിട്ടുള്ളത് കേരളത്തിന്റെ ഒരു രാഷ്ട്രീയ ക്യാംപെയ്‌നാണ്. ആ ക്യാംപെയ്‌ന് ലീഡറായി ഗോവിന്ദന്‍ മാഷുണ്ട്. കറന്റ് പൊളിറ്റിക്കല്‍ സിറ്റുവേഷനും മറ്റു കാര്യങ്ങളും ഭംഗിയായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ നല്ല നിലയില്‍ സംസാരിക്കാന്‍ കഴിയുന്ന അഞ്ച് സഖാക്കളേയും അതിനു നല്‍കിയിട്ടുണ്ട്. അവരാണ് ആ പരിപാടി സജീവമാക്കുന്നത്. അതുകൊണ്ട് പ്രത്യേകിച്ച് അതില്‍ പങ്കെടുക്കേണ്ട കാര്യമൊന്നും എന്നെ സംബന്ധിച്ചിടത്തോളം ഇല്ല. ഞാന്‍ ആ ജാഥയില്‍ അംഗമല്ല. മാത്രമല്ല, പ്രത്യേകിച്ച് അന്ന് മറ്റെല്ലാം മാറ്റിവച്ച് അവിടെ പോകേണ്ട കാര്യവുമില്ല. പോകാം, പോകുന്നതുകൊണ്ട് തെറ്റൊന്നുമില്ല; പോകുന്നത് ശരിയുമാണ്. പോകാതിരിക്കുന്നത് കുറ്റമായി കാണാന്‍ പറ്റില്ല എന്നേയുള്ളൂ. 

ഇങ്ങനെയൊക്കെ പറയുമ്പോഴും ചില പരിഭവങ്ങള്‍ താങ്കളെ അങ്ങനെയൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചു എന്ന് പാര്‍ട്ടിക്കാര്‍ പോലും സ്വകാര്യമായി സമ്മതിക്കുന്നുണ്ട്. അതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ? 

അത് എന്താണെന്നു പറഞ്ഞാലല്ലേ എനിക്കു പറയാന്‍ പറ്റൂ.

സംസ്ഥാന സെക്രട്ടറിയാകാന്‍ ആഗ്രഹിച്ചു, നടന്നില്ല. പൊളിറ്റ്ബ്യൂറോ അംഗമാകാന്‍ ആഗ്രഹിച്ചു. അതിന്റെയൊക്കെ പേരില്‍ ഒരു മുതിര്‍ന്ന പാര്‍ട്ടി കേഡര്‍ക്ക് മാറിനില്‍ക്കാന്‍ പറ്റുമോ? 

അങ്ങനെ ചിന്തിക്കാന്‍ തന്നെ പാടുണ്ടോ ഈ പാര്‍ട്ടിയില്‍? കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിന്റെ സംഘടനാ തതേത്വമനുസരിച്ച് ഒരു പാര്‍ട്ടി ഘടകം ഒരാള്‍ക്ക് അയാളുടെ എല്ലാ കാര്യങ്ങളും പരിശോധിച്ച്, അയാളുടെ കഴിവിന് അനുസരിച്ച് ഒരു ചുമതല ഏല്പിക്കുന്നു. ആ ചുമതല ഏല്പിച്ചു കഴിഞ്ഞാല്‍ ഓരോ പാര്‍ട്ടി സഖാവും ചെയ്യേണ്ടത് അത് നിര്‍വ്വഹിക്കുകയാണ്. അത് നിര്‍വ്വഹിക്കാനേ എനിക്കു പ്രാപ്തിയുള്ളു, അതാണ് എന്റെ പാര്‍ട്ടിയുടെ നിഗമനം, അതുകൊണ്ട് ഞാന്‍ അതാണ് നിര്‍വ്വഹിക്കേണ്ടത് എന്ന ബോധത്തില്‍ നില്‍ക്കേണ്ടതാണ്. ആ ബോധത്തില്‍ തന്നെയാണ് ഞാന്‍ നില്‍ക്കുന്നത്. ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത് എനിക്ക് ഇത്രയും ചുമതല നിര്‍വ്വഹിക്കാന്‍ പ്രാപ്തിയുള്ളു, അതിനേ എനിക്ക് അര്‍ഹതയുള്ളു എന്നാണ്. അങ്ങനെ പൂര്‍ണ്ണമായി വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. 

സി.പി.എമ്മിനേയും എല്‍.ഡി.എഫ് സര്‍ക്കാരിനേയും മാധ്യമങ്ങള്‍ തുടര്‍ച്ചയായി വിമര്‍ശിക്കുന്നു എന്നത് ശരിയായിരിക്കുമ്പോഴും താങ്കളെ പ്രത്യേകമായി ഉന്നം വയ്ക്കുന്നു എന്ന തോന്നലുണ്ടോ? 

അതേ, അതുണ്ട്. അക്കാര്യത്തില്‍ എനിക്ക് ഒരു ഉദാഹരണം പറയാനുള്ളത്, മാങ്ങയുള്ള മാവിലല്ലേ എറിയൂ എന്നാണ്. കമ്യൂണിസ്റ്റു പാര്‍ട്ടി മാര്‍ക്‌സിസ്റ്റിന് എന്റെ പ്രവര്‍ത്തനങ്ങള്‍ ഗുണകരമായി വരുന്നുണ്ട് എന്നതുകൊണ്ട് അവരെന്നെ ആക്രമിക്കുന്നു. അത്രയേയുള്ളൂ. 

സര്‍ക്കാരിനെ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ വേണ്ടവിധം പ്രതിരോധിക്കുന്നതിനു മുന്നില്‍ നില്‍ക്കാന്‍ താങ്കള്‍ക്കു കഴിയാത്തത് എന്തുകൊണ്ടാണ്? 

അങ്ങനെ കഴിയാതെ വരുന്നു എന്ന് ജനങ്ങള്‍ക്കിടയില്‍ ഒരു അഭിപ്രായമുണ്ടെങ്കില്‍ ഞാന്‍ അത് പരിശോധിക്കേണ്ട ആളാണ്. പാര്‍ട്ടി സഖാക്കള്‍ക്ക് അങ്ങനെയൊരു അഭിപ്രായം ഉണ്ടെങ്കില്‍ ഞാന്‍ നിശ്ചയമായും സ്വയം വിമര്‍ശനപരമായി പരിശോധിക്കേണ്ട കാര്യമാണ്.

2016ൽ ബന്ധു നിയമനം ചർച്ച ചെയ്ത നിർണായക സെക്രട്ടേറിയറ്റിനു ശേഷം ഇപി ജയരാജൻ എകെജി സെന്ററിൽ നിന്നു പുറത്തേയ്ക്ക് വരുന്നു
2016ൽ ബന്ധു നിയമനം ചർച്ച ചെയ്ത നിർണായക സെക്രട്ടേറിയറ്റിനു ശേഷം ഇപി ജയരാജൻ എകെജി സെന്ററിൽ നിന്നു പുറത്തേയ്ക്ക് വരുന്നു

ഭാര്യയും മകനും ചേര്‍ന്നു തുടങ്ങിയ സ്വകാര്യ റിസോര്‍ട്ടിന്റെ പേരില്‍ ഇപ്പോള്‍ താങ്കള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനങ്ങള്‍ക്കു പിന്നിലെ യാഥാര്‍ത്ഥ്യം എന്താണ്? 

അങ്ങനെയേ അല്ല സംഗതി. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു ആശയം രൂപപ്പെട്ടത് എന്നില്‍ നിന്നാണ്. എന്റെ ഭാര്യ 2021 ഡിസംബറിലാണ് ഇതില്‍ ഷെയര്‍ എടുക്കുന്നത്. റിസോര്‍ട്ടിന്റെ കയ്യില്‍ പൈസയില്ല, അവരുടെ പ്രവൃത്തി നിന്നുപോകും എന്നു വന്നു. റിട്ടയര്‍ ചെയ്തപ്പോള്‍ കിട്ടിയ പൈസ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലുണ്ട്. അവര്‍ വന്നു ചോദിച്ചപ്പോള്‍ വായ്പയായി തരാം എന്നു പറഞ്ഞു കൊടുത്തതാണ്. പിന്നെ, അത് കമ്പനിയില്‍ നില്‍ക്കട്ടെ എന്ന് അവര്‍ പറഞ്ഞു. അങ്ങനെ ആയതാണ്. യഥാര്‍ത്ഥത്തില്‍ ഇതിന്റെയൊരു ഉദ്ഭവം എന്നു പറയുന്നത്, ഞാന്‍ കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി, കോട്ടക്കല്‍ ഇവിടെയൊക്കെ എല്ലാ വര്‍ഷവും ചികിത്സയ്ക്കു പോകുന്ന ആളാണ്. കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിപോലെ ഒരു വലിയ സ്ഥാപനം കണ്ണൂരില്‍ ഉണ്ടാകണം എന്നത് എന്റെ മനസ്സിലുള്ള കാര്യമാണ്. എന്റെ വീടിന്റെ അടുത്തുതന്നെ ഉണ്ടാകണം എന്നാണ് യഥാര്‍ത്ഥത്തില്‍ ആഗ്രഹിച്ചത്. ഞങ്ങളുടെ അവിടെ ഒരു ഗുരിക്കളുണ്ട്, മാവേലി സുധാകര ഗുരിക്കള്‍. എല്ലു പൊട്ടിയാല്‍, ചതവിന്, ഞരമ്പ് തകരാറിന് ഒക്കെ നല്ല ചികിത്സയാണ് അദ്ദേഹത്തിന്റേത്. ഞാന്‍ തന്നെ എന്റെ മസിലുകള്‍ക്ക് വേദനയൊക്കെ വന്നാല്‍ പുള്ളിയെ വിളിക്കും, പുള്ളി വന്നു ശരിയാക്കും. അറിയപ്പെടുന്ന പാരമ്പര്യ വൈദ്യനാണ്. വീട്ടില്‍ വെളുപ്പാന്‍കാലം മുതല്‍ ആളുകളാണ്. വീട്ടില്‍ വച്ചു ചികിത്സിക്കുന്നതൊക്കെ നിര്‍ത്തിയിട്ട് നമുക്ക് നല്ല ഒരു ആശ്രമം പോലെ ഒന്നു തുടങ്ങാം എന്നു ഞാന്‍ അദ്ദേഹത്തോട് പറയുമായിരുന്നു; അങ്ങനെ തുടങ്ങിയിട്ട് അവിടുത്തേക്കു നിങ്ങള്‍ മാറണം, നിങ്ങള്‍ നോക്കുകയും വേണം എന്ന്. അദ്ദേഹം അതനുസരിച്ച് പലപ്പോഴും ആലോചന നടത്തി. പക്ഷേ, ഒത്തുകിട്ടിയില്ല. അങ്ങനെയിരിക്കുമ്പോള്‍, പരിചയമുള്ള ഒരു ചെറുപ്പക്കാരന്‍ ബ്രോക്കര്‍ ഗുരിക്കളുടെ അടുക്കല്‍ ചികിത്സയ്ക്കു വന്നപ്പോള്‍ ഒരു സ്ഥലത്തിന്റെ കാര്യം പറഞ്ഞു. കുന്നാണ്. അയാളേയും കൂട്ടി ഗുരിക്കള്‍ എന്റെയടുത്ത് വന്നു. മൂന്നു പേരും കൂടി അപ്പോള്‍ തന്നെ പോയി നോക്കി. അതിമനോഹരമായ സ്ഥലം. ഒന്നും ആലോചിക്കേണ്ട, ഇതങ്ങെടുക്കാന്‍ ഞാന്‍ ഗുരിക്കളോടു പറഞ്ഞു. പത്ത് ഏക്കറായിരുന്നു. അദ്ദേഹം അവരുമായി സംസാരിച്ച് വിലപേശി ഉറപ്പിച്ചു. ഭൂമി വാങ്ങാനും കെട്ടിടം പണിയാനുമൊക്കെ പണം വേണമല്ലോ. കോപറേറ്റീവ് സൊസൈറ്റിയാക്കാന്‍ ആദ്യം ആലോചിച്ചു. അതിനു യോഗവും വിളിച്ചു. കോപറേറ്റീവ് സൊസൈറ്റിയായാല്‍ പൂര്‍ണ്ണമായും ഗവണ്‍മെന്റ് നിയന്ത്രണത്തിലായിരിക്കും എന്ന് അഭിപ്രായം വന്നപ്പോള്‍ എങ്കില്‍ പിന്നെ കമ്പനി രൂപീകരിക്കാം എന്നു തീരുമാനിച്ചു. അതിനു കുറച്ചുകൂടി വിപുലമായ യോഗം ചേര്‍ന്നു. ഇതിലെല്ലാം ഞാനും പങ്കെടുത്തു. നായനാര്‍ അക്കാദമിയുടെ പണി നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. ഞാനാണ് അതിന്റെ മേല്‍നോട്ടം വഹിക്കുന്നത്. അതിന്റെ കാര്യങ്ങളൊക്കെ നോക്കുന്ന തലശേരിക്കാരന്‍ ഒരു രമേശനുണ്ട്. മൂന്നാമത്തെ യോഗമായപ്പോള്‍ രമേശനേയും വിളിച്ചു. അതു പണം മുടക്കാന്‍ കഴിയുന്നവരുടെ വിപുലമായ യോഗമായിരുന്നു. മറ്റുള്ളവര്‍ക്ക് രമേശനെ പരിചയപ്പെടുത്തി. ഗുരിക്കള്‍ കമ്പനി ചെയര്‍മാനും രമേശന്‍ എം.ഡിയുമാകട്ടെ എന്നു നിര്‍ദ്ദേശം വന്നപ്പോള്‍ ഗുരിക്കള്‍ ഒഴിഞ്ഞുമാറി. എന്നോട് ആകാന്‍ പറഞ്ഞു. എന്നെ നോക്കണ്ട, ഞാനാകില്ല എന്ന് അറിയിച്ചു. നിങ്ങള്‍ക്കുള്ള എല്ലാ സഹായവും ഞാന്‍ ചെയ്തുതരാം. അങ്ങനെ വന്നപ്പോള്‍, എന്നാല്‍ പിന്നെ എന്റെ മകന്‍ ജയ്‌സണെ ആക്കാം എന്ന് ഗുരിക്കള്‍ പറഞ്ഞു. അങ്ങനെ തീരുമാനമായി. ജയ്‌സണ്‍ അവന്റെ എന്‍.ആര്‍.ഐ അക്കൗണ്ടില്‍നിന്ന് 25 ലക്ഷം രൂപ ഇതിലേക്കു കൊടുത്തു. രമേശനും 20 ലക്ഷമോ മറ്റോ കൊടുത്തു. അങ്ങനെ കമ്പനി രൂപീകരിക്കാനുള്ള നടപടികളായി. നൂറാളുകള്‍ ഒരു ലക്ഷം വീതം പണം ഇടുന്ന രീതിയില്‍ ആയിരുന്നു എന്റെ സങ്കല്പം. പക്ഷേ, തങ്ങള്‍ തന്നെ പണം കൊടുക്കാമെന്ന് അവിടെ കൂടിയവര്‍ പറഞ്ഞു. യോഗം ചേര്‍ന്ന വീടിന്റെ ഉടമ നജീബ് തന്നെ ഒരു കോടി രൂപ കൊടുക്കാമെന്നു പറഞ്ഞു. ആ യോഗത്തില്‍ ഷെയര്‍ എടുക്കാമെന്ന് പറഞ്ഞവരുടെയെല്ലാം പേരെഴുതി. പിന്നെ, അവര്‍ക്കു നിര്‍ദ്ദേശിക്കാനുള്ളവര്‍ ഉണ്ടെങ്കില്‍ അവരേയും ചേര്‍ക്കാം എന്നു തീരുമാനിച്ചു പിരിഞ്ഞു. കാര്യങ്ങളൊക്കെ അതിന്റെ വഴിക്കു നീങ്ങി. 
 2014ല്‍ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങി. ഇടയ്ക്ക് എന്തെങ്കിലുമുണ്ടെങ്കില്‍ അവര്‍ എന്റടുക്കല്‍ വന്നു ചോദിക്കും, ഞാന്‍ സഹായിക്കും, വേറെ തടസ്സങ്ങളൊന്നുമില്ല. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തീകരിച്ചു പണി തുടര്‍ന്നു. അങ്ങനെ 2021 ആയപ്പോഴേയ്ക്കും ഏകദേശം പൂര്‍ത്തിയായി. അപ്പോഴാണ് എന്റെ ഭാര്യ ബാങ്കില്‍നിന്നു റിട്ടയര്‍ ചെയ്യുന്നത്. ആ സമയത്ത് ഉണ്ടായിരുന്ന 51 ലക്ഷം രൂപ കണ്ണൂര്‍ ജില്ലാ ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ഇട്ടു. ഒരു ദിവസം രമേശന്‍ വന്നിട്ട്, അവിടെ കൂലി കൊടുക്കാന്‍ കാശില്ലെന്നും കുറച്ചു കാശ് ഓഹരിയായി തരണം എന്നും ഭാര്യയോട് പറഞ്ഞു. ഓഹരിയൊന്നും വേണ്ട, കടമായിട്ടു തരാം എന്ന് അവര്‍ പറഞ്ഞു. അങ്ങനെ ബാങ്കിനു രണ്ടു ശതമാനം പലിശ അങ്ങോട്ടു കൊടുത്ത് വായ്പയായി എടുത്തു കൊടുത്തു. ഇതിനിടെ, 2017 ഫെബ്രുവരിയില്‍ തന്നെ എനിക്കിതു പറ്റില്ല എന്നു പറഞ്ഞ് ജയ്‌സണ്‍ രാജിവെച്ചിരുന്നു. ബോര്‍ഡ് ചേര്‍ന്ന് ഒരു ഷാജിയെ ചെയര്‍മാനാക്കി. അപ്പോള്‍ മുതല്‍ ഇതിന്റെ എല്ലാ കാര്യങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത് ഷാജിയും രമേശനുമാണ്. ആ ഗവണ്‍മെന്റ് പോകാന്‍ മൂന്നു മാസം ബാക്കിയുള്ളപ്പോള്‍, ഇ.പിയെക്കൊണ്ട് തന്നെ ഇത് ഉദ്ഘാടനം ചെയ്യിക്കണം എന്ന് അവര്‍ തീരുമാനിച്ചു. അവര്‍ വന്ന് എന്നെ കണ്ടപ്പോള്‍ ഞാനാദ്യം നിര്‍ദ്ദേശിച്ചത് പി.കെ വാര്യരെ വിളിക്കാനാണ്. പക്ഷേ, ഈ ആശയം കൊണ്ടുവന്ന ആളായതുകൊണ്ടും കൂടെ ഉണ്ടായിരുന്നതുകൊണ്ടും ഞാന്‍ തന്നെ മതി എന്നു പറഞ്ഞു. അങ്ങനെ തീരുമാനിച്ചു. അന്നൊന്നും ഇന്ദിര ഇതിന്റെ പ്രസിഡന്റൊന്നുമല്ല.

നിലവില്‍ ചികിത്സയ്‌ക്കെല്ലാമുള്ള സംവിധാനമൊക്കെ ഉണ്ടാക്കിയതാണ്. ഇതിനിടയില്‍ ഉണ്ടായത് എന്താണെന്നു വച്ചാല്‍, രമേശന്‍ പോയി പാലക്കാട് പുനര്‍നവ ആയുര്‍വ്വേദക്കാരുമായി ആരുമറിയാതെ ഒരു കരാറുണ്ടാക്കി. അതുപ്രകാരം എല്ലാ ജീവനക്കാരേയും പുനര്‍നവക്കാര്‍ കൊടുക്കും. ഡോക്ടര്‍ക്ക് 75000 രൂപ തുടക്കത്തില്‍ ശമ്പളം. ഫിസിയോ തെറാപ്പിസ്റ്റിന് 40000. ക്വാര്‍ട്ടര്‍ലി 40 ലക്ഷം രൂപ പുനര്‍നവക്കാര്‍ക്ക് അങ്ങോട്ടു കൊടുക്കണം. ലാഭമുണ്ടായാല്‍ അതിന്റെ പത്ത് ശമാനവും കൊടുക്കണം. ഇങ്ങനെയൊരു കരാര്‍, ആരുമറിഞ്ഞില്ല. അവിടെനിന്ന് രണ്ടുമൂന്നു ഡോക്ടര്‍മാരൊക്കെ വന്നു. അവരുടെ താമസം, ഭക്ഷണം ഒക്കെ കമ്പനി കൊടുക്കണം. ഞാന്‍ ആ വര്‍ഷം അവിടെയാണ് ചികിത്സയ്ക്കു പോയത്. പരിചയമില്ലാത്ത പലരേയും കണ്ടപ്പോള്‍ ആരാണെന്ന് അന്വേഷിച്ചു. അവരൊക്കെ പുനര്‍നവക്കാരാണ് എന്നു പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞ് ഒരു ദിവസം കമ്പനിയുടെ സി.ഇ.ഒ തോമസ് യാദൃച്ഛികമായി പുനര്‍നവക്കാരുമായുള്ള എഗ്രിമെന്റ് കണ്ടു. അത് അതിനു മുന്‍പ് ഡയറക്ടര്‍ ബോര്‍ഡിനു മുന്‍പില്‍ വച്ചിട്ടൊന്നുമില്ല. വളരെ അപകടകരമായ എഗ്രിമെന്റാണ് എന്ന് തോമസ് വന്നു. ഇതുവച്ച് പോയാല്‍ നമ്മുടെ ഈ സ്ഥാപനം അവര്‍ കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. രോഗികളെ അവര്‍ തരും എന്നാണ് എഗ്രിമെന്റില്‍ പറയുന്നത്. തരാതിരുന്നാല്‍ എന്തുചെയ്യണമെന്നൊന്നും പറയുന്നില്ല. 15 വര്‍ഷത്തേയ്ക്കാണ് എഗ്രിമെന്റ്. ഡയറക്ടര്‍മാര്‍ക്ക് ഇതില്‍നിന്നു മാറണം എന്നാണ്. ഇതു ഞാന്‍ ഇടപെടേണ്ട ഘട്ടമാണെന്ന് തോമസും ഡയറക്ടര്‍മാരും പറഞ്ഞു. നാലു മാസത്തിനിടെ ഒറ്റ പേഷ്യന്റിനെപ്പോലും അവര്‍ തന്നിട്ടില്ല. വന്നവരെത്തന്നെ പാലക്കാടാണ് ഇവിടുത്തേക്കാള്‍ മെച്ചപ്പെട്ട ചികിത്സ എന്നു പറഞ്ഞ് അങ്ങോട്ടേയ്ക്ക് അയച്ചു. കൂടുതല്‍ മനസ്സിലാക്കിയപ്പോഴാണ് അറിയുന്നത്, ഇതൊരു വലിയ പ്ലാനിംഗിന്റെ ഭാഗമായി ഉണ്ടായ കരാറായിരുന്നു. പുനര്‍നവക്കാരുമായി ഒരു കാരണവശാലും അങ്ങനെയൊരു കരാര്‍ പാടില്ലായിരുന്നു. അങ്ങനെ അതങ്ങു പോയി. 

പിന്നെയാണ് മറ്റൊരു വിഷയം: ഇവരുടെ ബാങ്ക് കേരള ബാങ്കും ജില്ലാ സഹകരണ ബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കും കനറാ ബാങ്കുമാണ്. പക്ഷേ, തലശേരിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്ന് വായ്പ വാങ്ങാന്‍ നടപടി സ്വീകരിച്ചു. അതിന്റെ ഭാഗമായി വായ്പാ അപേക്ഷയില്‍ രമേശന്‍ പോയി ഡയറക്ടര്‍മാരുടെ ഒപ്പു വാങ്ങി. തിരിച്ചുവരുന്ന വഴി വീട്ടില്‍ കയറി. ഞാനുണ്ട് അന്ന് അവിടെ. വായ്പ എടുക്കുന്ന കാര്യം പറഞ്ഞപ്പോള്‍ പലിശ എത്ര ശതമാനമാണെന്നു ഞാന്‍ തിരക്കി. ചെറിയ പലിശയേ ഉള്ളൂ എന്നാണ് പറഞ്ഞത്. ഏഴര ശതമാനം പലിശയ്ക്ക് ഐ.സി.ഐ.സി.ഐ ബാങ്കില്‍നിന്നു ഞാന്‍ വായ്പ വാങ്ങിത്തരാം എന്ന് ഇന്ദിര പറഞ്ഞു; അല്ലെങ്കില്‍ ധനലക്ഷ്മി ബാങ്കുണ്ട്. അവരുമായി സംസാരിച്ചാല്‍ ഇനിയും കുറഞ്ഞു കിട്ടും. അതു വേണ്ട, ഇതു വളരെ കുറവാണെന്നു പറഞ്ഞ് പലിശ നിരക്കിന്റെ കോളം ഒഴിവാക്കിയിട്ട് ബാക്കി പൂരിപ്പിച്ചു. അതു ചോദിച്ചപ്പോള്‍ ഇപ്പോഴത്തേതിനേക്കാള്‍ പലിശ നിരക്ക് കുറയും എന്നാണ് പറഞ്ഞത്. അങ്ങനെ വായ്പ വാങ്ങി. അതുള്‍പ്പെടെ സാമ്പത്തിക കാര്യങ്ങളെല്ലാം രമേശനാണ് നടത്തിയത്, വേറാരുമല്ല. അതിലുള്ള മറ്റുള്ളവര്‍ പറയുന്നത്, തങ്ങള്‍ക്ക് ഒരു സ്ഥാപനം ഉണ്ടാകണം എന്ന ആഗ്രഹമേയുള്ളു എന്നാണ്. ലാഭം ഉണ്ടാക്കാനാണെങ്കില്‍ പലിശയ്ക്ക് കൊടുത്തുകൂടെ എന്നും. 

അതുകഴിഞ്ഞ് ഇന്ദിര ഡയറക്ടര്‍ ബോര്‍ഡില്‍ വന്നു, പ്രസിഡന്റായി. ഷാജി എറണാകുളത്താണ്. അതുകൊണ്ട് കമ്പനിയുടെ ദൈനംദിന കാര്യങ്ങളില്‍ ശ്രദ്ധിക്കാനും ഒപ്പിടാനുമൊക്കെ നാട്ടില്‍ത്തന്നെയുള്ള ആള്‍ വേണമെന്നു വന്നു. അങ്ങനെ അവര്‍ തന്നെ ആലോചിച്ചു തീരുമാനിച്ചാണ് ഇന്ദിരയെ കമ്പനിയുടെ ഭാഗമാക്കിയത്. ഇന്ദിര വന്ന് ഒരു മാസം കഴിഞ്ഞപ്പോഴാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇടപെടല്‍. തിരിച്ചടവു മുടങ്ങി, ഒരു കോടി 60 ലക്ഷം രൂപ ഉടനെ അടയ്ക്കണം, അല്ലെങ്കില്‍ അറ്റാച്ച് ചെയ്യാനുള്ള നടപടിയാകും. പതിനൊന്നര ശതമാനം പലിശയും രണ്ടു ശതമാനം പിഴപലിശയും. അങ്ങനെ പതിമൂന്നര ശതമാനം പലിശ. ഇത് ഇന്ദിര ചോദ്യം ചെയ്തു. ഏഴര ശതമാനത്തിനു വേറെ കിട്ടുമെന്നു പറഞ്ഞപ്പോള്‍ തയ്യാറാകാതെ, അതിനേക്കാള്‍ കുറയും എന്നു പറഞ്ഞിട്ട് ഇപ്പോഴെങ്ങനെയാണ് പതിമൂന്നര ആയത്. തിരിച്ചടവ് കുടിശിക തീര്‍ക്കുമ്പോള്‍ അതങ്ങ് കുറയും എന്ന മട്ടിലായിരുന്നു രമേശന്റെ മറുപടി. ഇതു നിങ്ങള്‍ വേറെ ആരോടെങ്കിലും പറഞ്ഞാല്‍ മതി എന്ന് ഇന്ദിര പറഞ്ഞു. 'ഞാന്‍ കുറെ വര്‍ഷം ബാങ്കില്‍ ജോലി ചെയ്ത ആളാണ്. ഇനി ഇത് ആരു തീരുമാനിച്ചാലും കുറയ്ക്കാന്‍ പറ്റില്ല.' രമേശന് ഒന്നും പറയാനുണ്ടായിരുന്നില്ല. കാര്യങ്ങള്‍ അറ്റാച്ച്‌മെന്റിലേക്കു നീങ്ങിയപ്പോള്‍ ബാങ്കിലെത്തന്നെ ഒരു ഉദ്യോഗസ്ഥന്‍ ചില കാര്യങ്ങള്‍ പറഞ്ഞു: ഇത് സര്‍ഫാസി ആക്റ്റ് അനുസരിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഏറ്റെടുക്കും; നടത്താന്‍ രമേശനെത്തന്നെ ഏല്പിക്കും. രമേശന്‍ ആറുമാസംകൊണ്ട് ഇതു പൂട്ടും. ഓഹരി വില അതോടെ കുറയും. കുറച്ചു കഴിഞ്ഞ് വില്‍ക്കുകയും ചെയ്യും. അതുകൊണ്ട് സൂക്ഷിക്കണം. അതു കേട്ടപ്പോള്‍ ഇവരെല്ലാം ചൂടായി. അടിയന്തരമായി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു. യോഗം വിളിച്ചപ്പോള്‍ രമേശന്‍ സ്വന്തം നിലയിലുള്ള കുറേ കടങ്ങളുടെ കണക്കൊക്കെ പറഞ്ഞു. 2014 മുതല്‍ 2022 വരെ ഓരോരുത്തരോടും വാങ്ങിയ ഓഹരിപ്പണം എത്രയാണെന്നും ഇപ്പോള്‍ ഓരോരുത്തരുടേയും ഓഹരി എത്രയാണെന്നും മറ്റുള്ളവര്‍ ചോദിച്ചു. ചെലവ് എത്രയാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. നിങ്ങളൊരു കണക്ക് ഓഡിറ്ററോടു പറയുന്നു, അവര്‍ തയ്യാറാക്കുന്നു. ഞങ്ങളോട് ഇതിന്റെ വസ്തുതാപരമായ കണക്ക് ഇതുവരെ പറഞ്ഞിട്ടുണ്ടോ. അപ്പോള്‍ പുള്ളി ആകെ പൊട്ടിത്തെറിച്ച്, ബഹളം വച്ചു. ഞാന്‍ ത്യാഗം ചെയ്തു, എനിക്കു കിട്ടേണ്ട പണം കിട്ടണം എന്ന് ആവശ്യപ്പെട്ടു. അങ്ങോട്ടുമിങ്ങോട്ടും ബഹളമായി. അതൊന്നും അംഗീകരിക്കാന്‍ പറ്റില്ലെന്ന് മറ്റുള്ളവര്‍ പറഞ്ഞു. യോഗം പിരിഞ്ഞ് രണ്ടു കൂട്ടരും എന്റെ വീട്ടില്‍ വന്നു. നമുക്കു കണക്ക് ശരിയാക്കിയിട്ട് മുന്നോട്ടു പോയാല്‍ മതിയെന്നു ഞാന്‍ പറഞ്ഞു. വരവെത്ര, ചെലവെത്ര എന്നു കണക്കു നിങ്ങള്‍ ഇവര്‍ക്കു കൊടുക്കണം എന്ന് രമേശനോട് പറഞ്ഞു. അവര്‍ നോക്കട്ടെ. ഒരു മാസം സമയമെടുക്കട്ടെ. ഒരു ഒന്നര മാസം കഴിഞ്ഞപ്പോള്‍ രമേശന്‍ എന്നെ കാണാന്‍ വന്നു. ഒന്നരക്കോടി രൂപ ഫര്‍ണിച്ചറിന്റെ കൊടുക്കാനുണ്ട്, പണം കൊടുക്കാന്‍ മറ്റുള്ളവര്‍ സമ്മതിക്കുന്നില്ല. കണക്കെല്ലാം കൊടുത്തോ എന്നു ചോദിച്ചിട്ട് മറുപടിയില്ല. കണക്കു കൊടുക്കാതെ എങ്ങനെ അവര്‍ സമ്മതിക്കും എന്നു ഞാന്‍ ചോദിച്ചു. അന്നു പോയിട്ട് പിന്നെ എന്നെ വിളിച്ചിട്ടില്ല. പിന്നെ കാണാം, 2014 മുതലുള്ള കണക്കുകള്‍ എന്നു പറഞ്ഞ് രണ്ടു പേജില്‍ എഴുതി കൊണ്ടുവന്നു. ഭൂമി വില ഇത്ര, കെട്ടിട നിര്‍മ്മാണം ഇത്ര, ഫര്‍ണിച്ചര്‍ വില എന്നിങ്ങനെ ഒരു കണക്ക്. ഇത് ഡയറക്ടര്‍മാര്‍ക്കോ സി.ഇ.ഒയ്‌ക്കോ കൊടുത്തിട്ടില്ല. അവര്‍ക്കു കൊടുത്തതിന്റെ കോപ്പി എന്നെക്കൂടി അറിയിക്കാന്‍ തന്നതാണെന്നു കരുതി. എനിക്ക് ആ കണക്ക് ആവശ്യമില്ലാത്തതുകൊണ്ട് സി.ഇ.ഒയ്ക്ക് ഞാനതു കൊടുത്തു. ഈ കണക്കു കണ്ടിട്ട് അദ്ദേഹം പറഞ്ഞത്, ഇദ്ദേഹം നമ്മളെ പറ്റിക്കുകയാണ് എന്നാണ്. കള്ളക്കണക്കാണ്. ചെയ്യാത്ത പണിയൊക്കെ ചെയ്തു എന്നു പറഞ്ഞിരിക്കുന്നു. 15 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ് കൂട്ടിയിരിക്കുന്നത്. 70000 സ്‌ക്വയര്‍ ഫീറ്റ് എന്നാണ് കണക്കു പറയുന്നത്. യഥാര്‍ത്ഥത്തില്‍ 55000 സ്‌ക്വയര്‍ഫീറ്റേ ചെയ്തിട്ടുള്ളു. സ്‌ക്വയര്‍ഫീറ്റിന് പരമാവധി 1000 രൂപ വച്ച് കൂട്ടിയാലും അഞ്ചരക്കോടി ആറു കോടിയില്‍ കൂടുതലാകില്ല. എല്ലാംകൂടി നോക്കിയാല്‍ പത്ത്, പന്ത്രണ്ടു കോടിയില്‍ താഴെയേ വരുകയുള്ളൂ. 

അതുകഴിഞ്ഞ്, രമേശന്‍ സഥാപനം കൈവശപ്പെടുത്തിയെന്നു സംശയമുണ്ടെന്നും വീടിനടുത്തുള്ള കുറച്ചാളുകളെയൊക്കെ വിളിച്ചു സല്‍ക്കാരം നടത്തി എന്നും ചിലര്‍ പറഞ്ഞു. അതൊന്നും നടക്കുന്ന കാര്യമല്ലെന്നു ഞങ്ങളും പറഞ്ഞു. രമേശന്റെ മകളെ ഇതിനിടയില്‍ ഡയറക്ടറാക്കിയിരുന്നു. അഷ്‌റഫ് എന്ന ഒരാളേയും ഉള്‍പ്പെടുത്തി. ഇതു മറ്റുള്ളവര്‍ക്ക് അറിയില്ല. 56 ശതമാനം ഓഹരി അവര്‍ക്കു മൂന്നിനും കൂടിയാണെന്ന് സി.എയെ വിളിച്ച് രമേശന്‍ പറഞ്ഞു. ഇത് അറിഞ്ഞയുടന്‍ മറ്റുള്ളവര്‍ പോയി കമ്പനിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടിനെ കണ്ടു. അദ്ദേഹം പറഞ്ഞത്, എല്ലാവരും കൂടി അറിഞ്ഞുള്ള നടപടിയാണ് എന്നായിരുന്നു കരുതിയത് എന്നാണത്രേ. നിങ്ങള്‍ കൂട്ടുനില്‍ക്കരുത് എന്നു പറഞ്ഞിട്ട് അവര്‍ മടങ്ങി. സ്ഥാപനം സ്വന്തമാക്കാനുള്ള പരിപാടിയാണ് രമേശന്റേതെന്ന് എനിക്കു മനസ്സിലായി. ഞങ്ങള്‍ക്ക് രമേശനെ വിശ്വാസമില്ല എന്നു മറ്റുള്ളവര്‍ പറഞ്ഞു. കൂടുതല്‍ മനസ്സിലാക്കിയപ്പോള്‍ ഞാനും പറഞ്ഞു, ബോര്‍ഡ് മീറ്റിംഗ് വിളിച്ച് കാര്യങ്ങള്‍ സംസാരിക്കൂ. പിന്നെ, ഇതൊന്നും കാര്യമായെടുക്കേണ്ട, സ്ഥാപനമാണല്ലോ പ്രധാനം. പക്ഷേ, അവര്‍ക്ക് അയാളിലുള്ള വിശ്വാസം പോയി. അങ്ങനെ യോഗം വിളിച്ച് രമേശനെ എം.ഡി സ്ഥാനത്തുനിന്ന് ഒഴിവാക്കാനും ഡയറക്ടര്‍ മാത്രമായി നിലനിര്‍ത്താനും തീരുമാനിച്ചു. രമേശന്‍ പോയി പരാതി കൊടുത്തു. പരാതികളെല്ലാം അന്വേഷിച്ചു തള്ളി. അതിനുശേഷമാണ്, എന്നെക്കൂടി ഇതില്‍ ലിങ്ക് ചെയ്താല്‍ ഇയാളുടെ താല്പര്യം സംരക്ഷിക്കാന്‍ കഴിയും എന്ന് വിചാരിച്ച് എന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചത്. നിങ്ങളെ വിശ്വാസമില്ലാത്തതുകൊണ്ട് അവര്‍ ഒഴിവാക്കിയെങ്കില്‍ അത് അംഗീകരിച്ചു പോകുന്നതായിരിക്കും നല്ലത് എന്നു ഞാന്‍ ഇടയ്ക്ക് പറഞ്ഞിരുന്നു. നല്ല ഒരു സ്ഥാപനമാണിത്, അതു നശിപ്പിക്കരുത് എന്നും പറഞ്ഞു. രമേശന്‍ ഏറ്റെടുത്തു നടത്തുകയാണെങ്കില്‍ ആ ഇടപാടു സംബന്ധിച്ച ചില വ്യവസ്ഥകള്‍ ഞാന്‍ പറഞ്ഞു. അത് അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറാകാത്തതുകൊണ്ട് മറ്റുള്ളവര്‍ നടത്തട്ടെ എന്ന് പറഞ്ഞു. അവര്‍ പുതിയ ആളുകളെയൊക്കെ ചേര്‍ന്ന് ബാങ്കിന്റെ കടബാധ്യത തീര്‍ത്തു. നാലഞ്ചു മാസമായി ജീവനക്കാര്‍ക്കു ശമ്പളം കൊടുത്തിരുന്നില്ല. അതു കൊടുത്തു. പുതിയ ഡോക്ടര്‍മാരെയൊക്കെ കൊണ്ടുവന്നു. അങ്ങനെയാണ് ഇത് റണ്‍ ചെയ്തു തുടങ്ങിയത്. തട്ടിപ്പിനും കളവിനും കൂട്ടുനില്‍ക്കാന്‍ കഴിയില്ലെന്നും നിങ്ങളെ സഹായിക്കാന്‍ കഴിയില്ലെന്നും ഞാന്‍ തുറന്നു പറഞ്ഞു. അതിനുശേഷമാണ് ഇപ്പോഴത്തെ ഈ പ്രചരണരംഗത്തേക്കു പുള്ളി പോയത്. 

2014നും 2022നും ഇടയിലുള്ള എട്ട് വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും പാര്‍ട്ടിയുടെ അറിവിലേക്ക് ഈ വിഷയം വന്നില്ലേ? 

അല്ല, വന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് ആദ്യം ഇതിനെ മണ്ണെടുക്കുന്നതും മറ്റുമായി ബന്ധപ്പെട്ട് എതിര്‍ത്തു. തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ പരിധിയിലാണ് ഇത്. ഏരിയാ കമ്മിറ്റി പറഞ്ഞത്, ഇതു നല്ല സ്ഥാപനമാണ് എന്നും അതുകൊണ്ട് ഇതിവിടെ ഉണ്ടാകണം എന്നുമാണ്. അതിനുവേണ്ടി മുനിസിപ്പാലിറ്റി എല്ലാ നടപടിക്രമങ്ങളും പാലിച്ച് അനുമതി കൊടുക്കേണ്ടതാണ്. അനുമതി കൊടുക്കണമെന്ന് മുനിസിപ്പാലിറ്റിയോട് അവര്‍ തന്നെ പറഞ്ഞു. അങ്ങനെയാണ് മുനിസിപ്പാലിറ്റി ചര്‍ച്ച ചെയ്ത് അനുമതി കൊടുക്കാന്‍ തീരുമാനിച്ചത്. ജില്ലാ സെക്രട്ടേറിയറ്റില്‍ ഇതു വന്നു. ഞാനുമുണ്ടായിരുന്നു. ഞാനാണ് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. 'ഇതൊരു കമ്പനിയാണ്. കുറേയാളുകള്‍ ചേര്‍ന്നൊരു കമ്പനി തുടങ്ങി. നമുക്ക് അതിനെ പ്രോല്‍സാഹിപ്പിക്കാം. ഇതു നല്ല സ്ഥാപനമാണ് എന്നാണ് എന്റെ അഭിപ്രായം.' അത് എല്ലാവരും അംഗീകരിച്ചു പോയി.

ഡയറക്ടര്‍ ബോര്‍ഡിനെ തെറ്റിദ്ധരിപ്പിച്ച് മറ്റൊരു സ്ഥാപനവുമായി എഗ്രിമെന്റ് ഉണ്ടാക്കുമ്പോള്‍ത്തന്നെ മുന്‍ എം.ഡിക്കെതിരെ നിയമപരമായി നീങ്ങേണ്ടതായിരുന്നില്ലേ? 

എല്ലാവര്‍ക്കും വിശ്വാസമുള്ള ഒരാളെന്ന നിലയ്ക്കാണല്ലോ കണ്ടത്. പിന്നെ, ഇതില്‍ ഇന്‍വെസ്റ്റ് ചെയ്ത പലര്‍ക്കും ലാഭമുണ്ടാക്കുകയായിരുന്നില്ല താല്പര്യം. ഒരു നല്ല സ്ഥാപനം ഉണ്ടാക്കുക എന്നതായിരുന്നു.

പി. ജയരാജന്‍ ഇതു പാര്‍ട്ടിയില്‍ ഉന്നയിക്കാന്‍ ഇടയാക്കിയ സാഹചര്യം എന്താണ്? 

ഇതില്‍ അഴിമതി നടന്നു എന്നൊന്നും ജയരാജന്‍ ഉന്നയിച്ചിട്ടില്ല. ജയരാജന്‍ ഉന്നയിച്ച ഒരു സംശയം, ഒരു സ്വകാര്യ കമ്പനിയെ ഒരു സഹകരണ സ്ഥാപനത്തെപ്പോലെ സഹായിക്കാന്‍ പാടുണ്ടോ, അവര്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തതു ശരിയാണോ എന്നതാണ്. അതാണ് മാതൃഭൂമി പത്രം ട്വിസ്റ്റ് ചെയ്തത്: അഴിമതി ആരോപണം ഉന്നയിച്ചു എന്നൊക്കെ പറഞ്ഞല്ലോ. 

തുടങ്ങിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണെങ്കിലും 2016ല്‍ താങ്കള്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ വന്നു. കുറച്ചുകാലം മാറിനിന്നതൊഴിച്ചാല്‍ 2021 മെയ് വരെ മന്ത്രിയായിരുന്നല്ലോ. അധികാര ദുര്‍വ്വിനിയോഗം സ്വാഭാവികമായും ആരോപിക്കപ്പെടില്ലേ? 

ഇല്ലില്ല, ഞാനൊരു അധികാര ദുര്‍വ്വിനിയോഗവും നടത്തിയിട്ടില്ല. ഇതുമാത്രമല്ല, ഒരുപാടു സ്ഥാപനങ്ങള്‍ ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. മന്ത്രിയായിരുന്നപ്പോള്‍ ഞാനെന്താ ചെയ്തിട്ടുള്ളത്. ഒരുപാടു കമ്പനികള്‍ക്കു സഹായങ്ങള്‍ ചെയ്തുകൊടുത്തല്ലോ. തകര്‍ന്നുപോകുന്ന കമ്പനികളെ സംരക്ഷിക്കാന്‍ ഒരുപാട് ഇടപെടല്‍ നടത്തിയിട്ടുണ്ട്. ഇപ്പോഴും ചില കാര്യങ്ങള്‍ അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഈ സമൂഹത്തിനുവേണ്ടി ഇങ്ങനെ ചെയ്യുന്നതില്‍ എന്താ തെറ്റ്? പറശ്ശിനിക്കടവില്‍ വിസ്മയ പാര്‍ക്ക് ഉണ്ടാക്കിയത് ഞാനാണ്. ആ സൊസൈറ്റിയുടെ ഒന്നാമത്തെ മെമ്പര്‍ ഞാനാണ്, രണ്ടാത്തെ മെമ്പര്‍ ഭാര്യയാണ്; മകനാണ് അതിലൊരു മെമ്പര്‍. കേരളം മുഴുവന്‍ പ്രവര്‍ത്തനപരിധിയുള്ള ഒരു ഒന്നാന്തരം സ്ഥാപനമല്ലേ. ഒന്നും രണ്ടുമൊന്നുമല്ല, ഞാന്‍ ഒരുപാടു സ്ഥാപനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. സഹകരണ മേഖലയിലുണ്ട്, വ്യക്തികള്‍ക്കുണ്ട്. ഇത് കുറച്ചാളുകള്‍ ചേര്‍ന്ന് ഇന്‍വെസ്റ്റ് ചെയ്തിട്ട് ഉണ്ടാക്കിയതാണ്. ഈ വ്യക്തികള്‍ എന്നു പറയുന്നത് വലിയ കുത്തക മുതലാളിമാരൊന്നുമല്ല. ഗള്‍ഫിലൊക്കെ പോയി ജോലിചെയ്തു കുറച്ചു പൈസയുണ്ടാക്കി. പിന്നെ നാട്ടില്‍ അത്യാവശ്യം ചില സാഹചര്യങ്ങളൊക്കെയുള്ളവര്‍. അതുകൊണ്ട് നാട്ടിലൊരു സ്ഥാപനമുണ്ടാക്കുന്നതിനെയാണ് യഥാര്‍ത്ഥത്തില്‍ കളങ്കപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 

പി. ജയരാജന്‍ പാര്‍ട്ടിക്കുള്ളില്‍ ഈ വിഷയം ഉന്നയിക്കുന്നതിനു പിന്നില്‍ ആരുടെയെങ്കിലും പ്രേരണയുണ്ടോ, അങ്ങനെ പ്രേരിപ്പിച്ച് പാര്‍ട്ടിയില്‍ ഉന്നയിപ്പിക്കാന്‍ സാധിക്കുമോ? 

ഈ രമേശന്‍ പോയി പി. ജയരാജനോടു സംസാരിച്ചിട്ടുണ്ട്. അതായത്, നിയമപരമായി ഒരു പിടുത്തവും കിട്ടുന്നില്ല എന്നു വന്നപ്പോഴാണ് എന്റെ പേര് വലിച്ചിഴച്ചത്. അങ്ങനെ ചെയ്താല്‍ പുള്ളിക്ക് വീണ്ടും ആധിപത്യം തിരിച്ചുപിടിക്കാം എന്നു കരുതിയിട്ടുണ്ടാകും. എങ്ങനെയെങ്കിലും ഇതു തിരിച്ചുകിട്ടണം എന്നേയുള്ളൂ. രമേശന് എങ്ങനെയെങ്കിലും ഈ സ്ഥാപനം ലഭിക്കണം എന്ന അത്യാഗ്രഹമുണ്ട്. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നത് അതാണ്. ഞാനിതു മനസ്സിലാക്കിയിട്ടാണ് രണ്ടു കൂട്ടരേയും കൂടി വിളിച്ചു സംസാരിച്ചത്. പക്ഷേ, ഒന്നും കൊടുക്കാതെ തട്ടിയെടുക്കാനാണ് രമേശന്‍ ശ്രമിച്ചത്. അതൊരു കാരണവശാലും അംഗീകരിച്ചു കൊടുക്കാന്‍ പറ്റുന്നതല്ല.

സി.പി.എം പോലൊരു പാര്‍ട്ടിയുടെ  പ്രധാനപ്പെട്ട ഒരു നേതാവ് ഉള്‍പ്പെട്ട, അല്ലെങ്കില്‍ ആ നേതാവിനു താല്പര്യമുള്ള ഒരു കമ്പനിയില്‍ ഒരാള്‍ക്ക് ഇങ്ങനെ ഈസിയായി കയറി കളിക്കാന്‍ പറ്റുമോ? 

ആ ചോദ്യം പ്രസക്തിയുള്ളതാണ്. നമ്മള്‍ വളരെ സൈലന്റായതുകൊണ്ടും ശാന്തനായതുകൊണ്ടും നമുക്ക് ജനകീയ താല്പര്യം മാത്രമേ ഉള്ളു എന്നതുകൊണ്ടും ആണ് ഇങ്ങനെയൊക്കെ പോകുന്നത്. 

പാര്‍ട്ടിക്കുള്ളില്‍ ഈ വിഷയം സംബന്ധിച്ച ചര്‍ച്ചയുടെ നിലവിലെ സ്ഥിതി എന്താണ്? 

ഞാനിതില്‍ സഹായിച്ചു എന്ന ഒരു പ്രശ്‌നമല്ലേയുള്ളൂ, വേറെന്താ ഉള്ളത്. ഇതൊരു പാര്‍ട്ടി സ്ഥാപനമൊന്നുമല്ലല്ലോ. ഇതൊരു െ്രെപവറ്റ് ലിമിറ്റഡ് കമ്പനിയാണ്. അതിന്റെ ആളുകളെ സഹായിക്കുന്നതില്‍ ഒരു തെറ്റുമില്ല. ഇത് ഏതെങ്കിലും വന്‍കിട കുത്തക കമ്പനി, ടാറ്റയോ ബിര്‍ളയോ ആണെങ്കില്‍ പോലും ഒരു സ്ഥാപനം ഉണ്ടാക്കുന്നതില്‍ എന്താ തെറ്റ്? എന്താ അതില്‍ പ്രശ്‌നമുള്ളത്, ഒന്നുമില്ലല്ലോ. പിന്നെ, മാധ്യമങ്ങള്‍ കുറേയാളുകള്‍ അതിന്റെ പിന്നാലെ നടക്കും. ഇല്ലാത്ത വാര്‍ത്തകള്‍ ഉണ്ടാക്കിവിടും.

താനുദ്ദേശിച്ചതല്ല മാധ്യമങ്ങളില്‍ വന്നത് എന്ന ഒരു ക്ലാരിഫിക്കേഷന്‍ ഇനി പി. ജയരാജനില്‍ നിന്ന് സാധ്യമാണോ? 

ജയരാജന്‍ പറഞ്ഞല്ലോ, അഴിമതി നടത്തിയെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല എന്ന്. ഞാന്‍ ഉന്നയിച്ച പ്രശ്‌നം ഇത്രയേ ഉള്ളു എന്നു പറഞ്ഞല്ലോ. 

ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വലിയ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇടതുമുന്നണി 2024ലെ തെരഞ്ഞെടുപ്പില്‍ പ്രത്യേകമായി സ്വീകരിക്കുന്ന രാഷ്ട്രീയ മുന്നൊരുക്കങ്ങള്‍ എന്തൊക്കെയാണ്? 

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും വര്‍ഗ്ഗീയശക്തികളുണ്ടാക്കുന്ന ആപത്തും രാജ്യം നേരിടുന്ന ഗൗരവമേറിയ വര്‍ഗ്ഗീയതയുടെ വിപത്തും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ്. അതോടൊപ്പം കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ജീവല്‍പ്രശ്‌നങ്ങള്‍ പരിഹരിക്കുക. അതു പരിഹരിക്കാന്‍ കേരളത്തിന്റെ വളര്‍ച്ച അനിവാര്യമാണ്. ആ വളര്‍ച്ചയ്ക്കുവേണ്ടി കേരളത്തെ സാമ്പത്തികമായി യൂറോപ്പിലെയൊക്കെ മധ്യ സമ്പന്ന രാജ്യങ്ങളിലെ ജനങ്ങളുടെ നിലയിലേക്ക് ഇവിടുത്തെ ജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയണം. ചുരുക്കത്തില്‍, അതിദരിദ്രര്‍ ഇല്ലാത്ത ഒരു നാടാക്കി കേരളത്തെ മാറ്റണം. തൊഴില്‍ എല്ലാവര്‍ക്കും ലഭ്യമാക്കണം, ആരോഗ്യമേഖലയില്‍ ഇന്ന് ഉള്ളതിനേക്കാള്‍ മെച്ചപ്പെട്ട ചികിത്സാ സജ്ജീകരണങ്ങള്‍ ഉണ്ടാക്കണം, ഉന്നത വിദ്യാഭ്യാസരംഗത്ത് വിദേശങ്ങളില്‍ പോകാതെ ഇവിടെത്തന്നെ പഠിക്കാന്‍ കഴിയണം. ഇവിടെ ഇനിയും ഒരുപാട് വികസന സാധ്യതകള്‍ ഉണ്ട്; അതു പ്രയോജനപ്പെടുത്തണം. പണം ഉള്ളവരുടെ അടുത്തുനിന്നു കടം വാങ്ങുക. നാടു നന്നാക്കിയിട്ട് തിരിച്ചു കൊടുക്കുക. ഈ ലക്ഷ്യത്തോടുകൂടി ഒരു വിശാല കാഴ്ചപ്പാടോടെ മുന്നണി പ്രവര്‍ത്തിക്കുകയാണ്. ഈ നയം ജനങ്ങള്‍ ഏറ്റവുമധികം സ്വാഗതം ചെയ്യുന്നുണ്ട്. എല്ലാ വിഭാഗം ജനങ്ങളും ഇത് ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് കേരളത്തില്‍ ഒരു ധ്രുവീകരണം ഉണ്ടാകും. ഇന്നു പല പാര്‍ട്ടികളിലായി നില്‍ക്കുന്ന ജനങ്ങള്‍ ഇടതുപക്ഷത്തോടൊപ്പം വരും. ആ മാറ്റം കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

സി.പി.എം കേന്ദ്രകമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖ കേരളത്തില്‍ നടപ്പാക്കി തുടങ്ങിയപ്പോള്‍ത്തന്നെ പ്രശ്‌നങ്ങളുടെ കുത്തൊഴുക്കാണ്. അതോടെ തെറ്റുതിരുത്തല്‍ നിര്‍ത്തിവച്ചോ? 

നമ്മള്‍ ഇന്നു ജീവിക്കുന്ന സമൂഹത്തില്‍ ഒട്ടനവധി ജീര്‍ണ്ണതകളുണ്ട്. ആ ജീര്‍ണ്ണതകള്‍ നമ്മെയും പിടികൂടും. ആ ജീര്‍ണ്ണതകളില്‍നിന്നു നമുക്ക്, പ്രത്യേകിച്ച് കമ്യൂണിസ്റ്റു പാര്‍ട്ടി മാര്‍ക്‌സിസ്റ്റിന് ഉയര്‍ന്നുവരാന്‍, ആ ജീര്‍ണ്ണതകള്‍ ബാധിക്കാതെ ഉയരങ്ങളിലേക്ക് ഉയര്‍ന്നുവരാന്‍ കഴിയത്തക്ക നിലയിലുള്ള സാഹചര്യം സൃഷ്ടിച്ചെടുക്കാന്‍ ഓര്‍മ്മപ്പെടുത്തല്‍, ജീര്‍ണ്ണതയെക്കുറിച്ചു ബോധ്യപ്പെടുത്തല്‍, ഇതിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ട സാഹചര്യം വിശദീകരിച്ചുകൊടുക്കാന്‍ വേണ്ടിയുള്ളതാണ് പാര്‍ട്ടിയുടെ തെറ്റുതിരുത്തല്‍ രേഖ. അതിനു വേണ്ടിയുള്ള നടപടികളാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഒരു ദിവസം അവസാനിക്കുന്നതല്ല, ഒരു പ്രക്രിയയാണ്. ഇത്തരത്തില്‍ സമൂഹത്തില്‍ ഉണ്ടാകുന്ന ജീര്‍ണ്ണതകളില്‍നിന്നു വിമുക്തമാകാന്‍ ആലോചനകള്‍, ചിന്തകള്‍, ചര്‍ച്ചകള്‍, പരിശോധനകള്‍, ജാഗ്രതപ്പെടല്‍ പാര്‍ട്ടിക്കകത്ത് ആകെ ഉണ്ടാക്കിയെടുക്കാനുള്ള ഒരു പ്രോസസ്സാണിത്. 

അനുകൂലമായ രാഷ്ട്രീയ സാഹചര്യം വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ സി.പി.എമ്മിനെ ദുര്‍ബ്ബലമാക്കുന്ന തുടര്‍ച്ചയായ വിവാദങ്ങള്‍ കാരണം കഴിയാതെ പോവുകയല്ലേ. പാര്‍ട്ടി മുമ്പില്ലാത്ത പ്രതിരോധത്തിലാണോ? 

അതു ശരിയാണ്. ഈ വിവാദങ്ങള്‍ ഇങ്ങനെ സൃഷ്ടിച്ച് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ ക്ഷീണിപ്പിക്കുക എന്നതാണ് വലതുപക്ഷ ശക്തികളെല്ലാം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനു വേണ്ടി വിവാദങ്ങള്‍ ഉണ്ടാക്കും. ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു അജന്‍ഡയുണ്ട്. അതിനു പിന്നില്‍ ചില സാമ്പത്തിക ശക്തികളുണ്ട്, വലതുപക്ഷ രാഷ്ട്രീയമുണ്ട്. അതെല്ലാം കണ്ടുകൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നത്. അത് തീര്‍ച്ചയായും സക്‌സസ്സാണ്. ഇതിനെയെല്ലാം അതിജീവിച്ചു മുന്നോട്ടു പോകാന്‍ കഴിയും. ഞങ്ങള്‍ക്കു പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അതു പ്രതിഫലിക്കും. കേരളത്തിന്റെ ഇന്നത്തെ സ്ഥിതിവച്ചു നോക്കിയാല്‍ വലിയ മാറ്റം ഉണ്ടാകും. 

ഈ പറയുന്ന വലതുപക്ഷ മാധ്യമങ്ങളുടെ അജന്‍ഡയൊക്കെ ഒരു വസ്തുതയായിരിക്കാമെങ്കിലും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ആള്‍ അഴിമതിക്കേസില്‍ പ്രതിയാകുന്ന സാഹചര്യമൊക്കെ എങ്ങനെ ന്യായീകരിക്കും? 

പ്രതിയാക്കാന്‍ തീരുമാനിക്കുന്നതല്ലേ. നിങ്ങള്‍ നോക്കൂ, രാജ്യത്തിന്റെ തലസ്ഥാനത്ത് ഡല്‍ഹിയിലെ ഉപമുഖ്യമന്ത്രിയെ അറസ്റ്റു ചെയ്തില്ലേ? അതിനു മുമ്പ് അവിടുത്തെ മറ്റൊരു മന്ത്രിയെ അറസ്റ്റു ചെയ്തു ജയിലിലാക്കിയില്ലേ? ഇത് അവിടെ മാത്രമാണോ? കോണ്‍ഗ്രസ്സിന്റെ ഏതെല്ലാം നേതാക്കളെ അറസ്റ്റു ചെയ്തു. അറസ്റ്റു ചെയ്യുന്നത് രാഷ്ട്രീയ താല്പര്യങ്ങള്‍ വച്ചുകൊണ്ടാണ്. അങ്ങനെയുള്ള ഒരു നിലയിലേക്ക് ഇന്ന് രാജ്യം മാറിക്കഴിഞ്ഞിട്ടുണ്ട്. ഇത് മനസ്സിലാക്കി അതീവ ജാഗ്രതയോടുകൂടി ചിന്തിക്കാന്‍ ഇന്ത്യയിലെ പാര്‍ട്ടികള്‍ക്കു കഴിയണം. ഇത്തരം സംഭവങ്ങള്‍ക്ക് അവരുടെ നിരീക്ഷണത്തെ കൂടുതല്‍ ശക്തമാക്കാന്‍ കഴിയും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ, സിസോദിയയുടെ അറസ്റ്റിനെ കോണ്‍ഗ്രസ്സ് ഡല്‍ഹി ഘടകം അധ്യക്ഷന്‍ ന്യായീകരിക്കുകയാണ് ചെയ്തത്. സ്വാഗതം ചെയ്തു. കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ പ്ലീനറി സമ്മേളനം കഴിഞ്ഞു മണിക്കൂറുകള്‍ക്കുള്ളിലാണ് ബി.ജെ.പി സര്‍ക്കാരിന്റെ ഈ നടപടിയെ സ്വാഗതം ചെയ്തത്. ഈ കോണ്‍ഗ്രസ്സിന് എന്തു രാഷ്ട്രീയ ഐക്യമാണ് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുക? അവരുടെ തോല്‍വിക്കു കാരണം ആം ആദ്മി പാര്‍ട്ടിയുടെ ജയമാണെന്ന് അവര്‍ കണക്കാക്കുകയാണ്. 
പഞ്ചാബില്‍ എ.എ.പി ജയിച്ചു. അവിടെയും കോണ്‍ഗ്രസ്സ് എടുത്ത നിലപാട് ഇതാണ്. കേരളത്തില്‍ എല്‍.ഡി.എഫിനോട് കോണ്‍ഗ്രസ്സ് എടുക്കുന്ന നിലപാട് ഇതാണ്. ബി.ജെ.പിയെ സഹായിക്കുക, ഇടതുപക്ഷത്തെ എതിര്‍ക്കുക. ഇതുതന്നെയാണ് ഇന്ന് അവര്‍ക്കുള്ള ആപത്ത്. ആന്ധ്രയിലും തെലങ്കാനയിലുമൊക്കെ ഇതുതന്നെയാണ് അവര്‍ ചെയ്യുന്നത്. ആ കോണ്‍ഗ്രസ്സ് എവിടേക്കു ചെന്നെത്തും? അതുകൊണ്ട്, കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പ്രമേയത്തിന്റെ അന്തസത്തയില്‍ ഊന്നിനിന്നുകൊണ്ടല്ല അവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതിന്റെ നഗ്‌നമായ ലംഘനമാണ് അവര്‍ നടത്തിയിട്ടുള്ളത്. അതുകൊണ്ട് മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ്സിനെ വിശ്വാസത്തിലെടുക്കാന്‍ പറ്റുമോ. അവര്‍ അവസരവാദപരമായ നിലപാടാണ്; അവര്‍ക്കു വേണ്ടി അവര്‍ ഏതു നിലപാടും എടുക്കും. 

ഇടതുമുന്നണി വിപുലീകരണം ഇടയ്ക്കിടെ കേള്‍ക്കുന്ന കാര്യമാണ്. ആര്‍.എസ്.പിയുമായും മുസ്‌ലിം ലീഗുമായുമൊക്കെ ബന്ധപ്പെട്ട് വാര്‍ത്തകളും ചര്‍ച്ചകളും വരാറുണ്ട്. യഥാര്‍ത്ഥത്തില്‍ അത് ഇപ്പോള്‍ എല്‍.ഡി.എഫിന്റെ അജന്‍ഡയിലുണ്ടോ? 

അത് ഏതെങ്കിലുമൊരു പാര്‍ട്ടിയുമായി മാത്രം ബന്ധപ്പെട്ടു തീരുമാനിക്കാവുന്ന കാര്യമല്ല. തീരുമാനിക്കേണ്ടത് മുന്നണിയാണ്. ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ എല്ലാ പാര്‍ട്ടികള്‍ക്കും മുന്നണിക്കുള്ളില്‍ തുല്യ അവകാശമാണുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ കാര്യങ്ങളും എല്ലാ ഘടക പാര്‍ട്ടികളും ചര്‍ച്ച ചെയ്താണു തീരുമാനിക്കുക. ഇടതുമുന്നണിയുടെ വിപുലീകരണം രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ആലോചിക്കേണ്ട വിഷയമാണ്. അത് ഇന്ന് മുന്‍കൂട്ടി പ്രഖ്യാപിക്കാവുന്ന കാര്യമല്ല. രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ അതിനനുസരിച്ച്, ഘടക പാര്‍ട്ടികളെല്ലാം കൂടി ആലോചിച്ച് നിലപാട് സ്വീകരിക്കും. അതുകൊണ്ട്, ഇന്നയാളെ കൂട്ടും, കൂട്ടില്ല എന്ന് ഇപ്പോള്‍ പറയാന്‍ കഴിയുന്ന സാഹചര്യമില്ല. ഒരു കാര്യം വ്യക്തമാണ്. മുന്നണിയുടെ നിലപാടുകളും ഭരണപരമായ നേട്ടങ്ങളും ജനങ്ങളില്‍ അനുകൂലമായ മാറ്റം ഉണ്ടാക്കുന്നുണ്ട്. ഈ മാറ്റം സ്വാഭാവികമായും യു.ഡി.എഫിലെ ഘടക പാര്‍ട്ടികളിലും ഉണ്ടാകും. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സിന്റെ നിലപാടുകളോട് അവരുടെ എല്ലാ ഘടക പാര്‍ട്ടികള്‍ക്കും ഒരേ അഭിപ്രായമല്ല ഉള്ളത്. അത് അവര്‍ ചിലപ്പോള്‍ പ്രകടിപ്പിക്കുന്നുമുണ്ട്. ഇതെല്ലാം ജനകീയ പ്രശ്‌നങ്ങളെ അടിസ്ഥാനപ്പെടുത്തി ആ മുന്നണിക്കകത്ത് വളര്‍ന്നുവരുന്ന രാഷ്ട്രീയ സംഭവങ്ങളാണ്. ആ സംഭവങ്ങളെല്ലാം സസൂക്ഷ്മം നിരീക്ഷിച്ച്, കേരളത്തിന്റെ പൊതുതാല്പര്യങ്ങള്‍, ഇന്നത്തെ ദേശീയ രാഷ്ട്രീയത്തില്‍ നിര്‍വ്വഹിക്കേണ്ട മഹത്തായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ എന്നിവയുടെയൊക്കെ അടിസ്ഥാനത്തില്‍ കാലോചിതമായ തീരുമാനങ്ങള്‍ മുന്നണി ചര്‍ച്ചചെയ്തു തീരുമാനിക്കും.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com