പോയ മാലിന്യങ്ങള്‍ വിഷവാതകമായി, കൊടുത്തുവിട്ടവരിലേക്കു തന്നെ തിരിച്ചെത്തുകയാണ്

ബ്രഹ്മപുരം നമുക്കു നല്‍കുന്ന പാഠമെന്താണ്? ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദിവസങ്ങളോളം നിന്നുകത്തിയപ്പോള്‍ ഒരു ദുരന്തത്തിനപ്പുറം നാം മലയാളികള്‍ എന്താണ് പഠിച്ചത്?
പോയ മാലിന്യങ്ങള്‍ വിഷവാതകമായി, കൊടുത്തുവിട്ടവരിലേക്കു തന്നെ തിരിച്ചെത്തുകയാണ്

ബ്രഹ്മപുരം ഒരു ബിംബമായി മാറുകയാണ്. കേരളീയരുടെ ആധുനിക സംസ്‌കാരത്തിന്റെ പ്രതീകം. നാം ഉല്പാദിപ്പിക്കുന്ന മാലിന്യം മറ്റാരുടേയോ ഉത്തരവാദിത്വമാണെന്ന വികലചിന്തയുടെ ബാക്കിപത്രം ഇന്ന് കൊച്ചി ജനത അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. 

ബ്രഹ്മപുരം നല്‍കുന്ന പാഠം 

ബ്രഹ്മപുരം നമുക്കു നല്‍കുന്ന പാഠമെന്താണ്? ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദിവസങ്ങളോളം നിന്നുകത്തിയപ്പോള്‍ ഒരു ദുരന്തത്തിനപ്പുറം നാം മലയാളികള്‍ എന്താണ് പഠിച്ചത്? ഇതെഴുതുമ്പോള്‍ ബ്രഹ്മപുരത്തും പരിസരപ്രദേശങ്ങളിലുമായി മുന്നൂറിലേറെപ്പേര്‍ വിഷപ്പുക ശ്വസിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇനിയും അത് ഉയരാമെന്ന് മാത്രമല്ല, ഇത്തരം പ്രശ്‌നങ്ങളുടെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ നമുക്ക് ഇപ്പോള്‍ കണക്കു കൂട്ടാനാവില്ല. ഈ അവസരത്തില്‍ ബ്രഹ്മപുരത്തെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇപ്പോള്‍ ഉണ്ടായിരിക്കുന്നതുപോലെ ഇനിയൊരു ദുരന്തം അവിടെ ഉണ്ടാകാന്‍ പാടില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിനായി എല്ലാ വിരലുകളും നീളുന്നത് മറ്റാരിലേക്കുമല്ല. നമ്മളിലേക്കുതന്നെയാണ്. മാലിന്യസംസ്‌കരണം ഒരു പ്രവൃത്തി എന്നതിനപ്പുറം ഒരു സംസ്‌കാരമായി കാണുകയും അതു ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക എന്നതില്‍ കുറഞ്ഞ മറ്റൊരു പരിഹാരവും ഈ പ്രശ്‌നങ്ങള്‍ക്കില്ല. അത് സാധ്യമാക്കാന്‍ നമുക്കു കഴിയുമോ എന്നാണ് നാമോരോരുത്തരും സ്വയം ചോദിക്കേണ്ടത്.

2008-ല്‍ മാലിന്യസംസ്‌കരണ കേന്ദ്രമായി ഉദ്ഘാടനം ചെയ്യപ്പെട്ട ബ്രഹ്മപുരം മെല്ലെമെല്ലെ ഒരു സംസ്‌കരണകേന്ദ്രത്തിന്റെ സ്വഭാവത്തില്‍നിന്നും മാലിന്യം കൂട്ടിയിടാനുള്ള ഒരു പ്രദേശം മാത്രമായി മാറുകയായിരുന്നു. സംസ്‌കരണത്തിനായി പലപല കമ്പനികള്‍ കോടികള്‍ വാങ്ങി കടന്നുപോയെങ്കിലും മാലിന്യം മാലിന്യമായിത്തന്നെ അവിടെ അവശേഷിച്ചു. ബ്രഹ്മപുരം സംസ്‌കരണകേന്ദ്രം ഉദ്ഘാടനം ചെയ്യുന്നതിനു മുന്‍പ് നാം ഈ മാലിന്യമൊക്കെ എന്താണ് ചെയ്തിരുന്നത്? ഒരു ജില്ലയുടെ മുഴുവന്‍ മാലിന്യങ്ങള്‍ കൊണ്ടുചെന്നു തള്ളാന്‍ നിയമപരമായി ഒരു സ്ഥലം സര്‍ക്കാര്‍ കണ്ടെടുത്തപ്പോള്‍ അതിന്റെ എല്ലാ ഭവിഷ്യത്തുകളും ഏറ്റെടുക്കാന്‍ ആ ജനത നിര്‍ബ്ബന്ധിതരായി മാറി. ഇന്ന് ആ മാലിന്യങ്ങള്‍ കത്തിപ്പടരുമ്പോളും അതിന്റെ കെടുതികള്‍ കൂടുതല്‍ അനുഭവിക്കുന്നതും ബ്രഹ്മപുരത്തെ ജനങ്ങള്‍ തന്നെ. 

പെട്ടെന്നൊരു സുപ്രഭാതത്തില്‍ മാലിന്യക്കൂമ്പാരമായി മാറിയതല്ല ബ്രഹ്മപുരം. നമ്മുടെയൊക്കെ ഗ്രാമപ്രദേശംപോലെ നന്മയും കുളിര്‍മ്മയുമുള്ള ഒരു ഗ്രാമമായിരുന്നു. ആ ബ്രഹ്മപുരത്തെ ഇന്ന് രാജ്യം ചര്‍ച്ചചെയ്യുന്ന അവസ്ഥയിലേക്ക് മാറ്റിയത് ആരാണ്? നമുക്ക് ഈ അവസ്ഥയില്‍ ആരെയൊക്കെ കുറ്റം പറയാന്‍ കഴിയും? സംസ്ഥാന സര്‍ക്കാരിനെ, കോര്‍പറേഷനെ, എറണാകുളം ജില്ലാ ഭരണകൂടത്തെ പഴിക്കാം, മാലിന്യസംസ്‌കരണത്തില്‍ അഴിമതി നടത്തിയെന്ന് ആരോപണമുള്ള കമ്പനിയെ പഴിക്കാം, പക്ഷേ, ഒരു വിരല്‍ ചൂണ്ടുമ്പോള്‍ ബാക്കി നാലു വിരലുകള്‍ നമുക്കുനേരെ തന്നെ ആണെന്ന സാമാന്യതത്ത്വം ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്. കണക്കില്ലാതെ പ്ലാസ്റ്റിക് ഉപയോഗിച്ചപ്പോളും അത് ആവശ്യം കഴിഞ്ഞു വലിച്ചെറിഞ്ഞപ്പോളും വീണ്ടും വീണ്ടും വാങ്ങി വീട്ടില്‍ കുന്നുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കവറിലാക്കി മുനിസിപ്പാലിറ്റി വണ്ടിയില്‍ ബ്രഹ്മപുരത്തേക്ക് കയറ്റിവിട്ടപ്പോളും അതോടെ നമ്മുടെ മാലിന്യപ്രശ്‌നങ്ങള്‍ തീര്‍ന്നെന്നു കരുതിയെങ്കിലും പോയ മാലിന്യങ്ങള്‍ വിഷവാതകങ്ങളുടെ രൂപത്തില്‍ കൊടുത്തുവിട്ട നമ്മുടെ അടുക്കലേക്കുതന്നെ തിരിച്ചെത്തുകയാണ്. ഇവിടെയാണ് മേല്‍ സൂചിപ്പിച്ച കാരണഭൂതര്‍ക്കൊപ്പം, അല്ലെങ്കില്‍ അവരേക്കാളേറെ നാമോരോരുത്തരുമാണ് പ്രതിസ്ഥാനത്തു നില്‍ക്കുന്നത്. 

ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരങ്ങള്‍ നാമോരോരുത്തരും ഉണ്ടാക്കിയ അവസ്ഥാവിശേഷമാണ്. അവിടെ നമ്മുടെ ഉത്തരവാദിത്വത്തിനേക്കാള്‍ എത്രയോ പിറകിലാണ് സര്‍ക്കാറിന്റേയോ കോര്‍പറേഷന്റേയോ കരാര്‍ ഏറ്റെടുത്ത കമ്പനികളുടേയോ ഉത്തരവാദിത്വം! നാം ഉല്പാദിപ്പിക്കുന്ന മാലിന്യങ്ങളുടെ ഉത്തരവാദിത്വം നമുക്കല്ലെന്നും അത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ആണെന്നും പറയുന്നതുതന്നെ യാതൊരു അടിസ്ഥാനവുമില്ലാത്ത വസ്തുതയാണ്. നാം ഉല്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് വേണ്ടത്.

ഒറ്റപ്പെട്ട ചില മാതൃകകള്‍ 

44 കുടുംബങ്ങള്‍ താമസിക്കുന്ന കൊച്ചി മരടിലുള്ള ഒരു ഫ്‌ലാറ്റ് സമുച്ചയത്തില്‍ കഴിഞ്ഞ കുറെ നാളുകളായി മുനിസിപ്പാലിറ്റിയുടെ മാലിന്യം ശേഖരിക്കുന്ന വണ്ടി എത്തേണ്ട ആവശ്യമില്ല. അവിടെനിന്നും മാലിന്യങ്ങള്‍ക്കു പകരം, സംസ്‌കരിച്ചതിനുശേഷമുള്ള ജൈവവളമാണ് പുറത്തേക്കു കൊണ്ടുപോകുന്നത്. കൊച്ചി മെട്രോയുടെ തൂണുകള്‍ക്കിടയിലെ മീഡിയനുകളില്‍ വളര്‍ത്തുന്ന ചെടികള്‍ക്ക് കുറെ കാലമായി വളം നല്‍കുന്നത് ഈ ഫ്‌ലാറ്റിലെ, അവരുടെ ടെറസ്സിലുള്ള മാലിന്യസംസ്‌കരണ പ്ലാന്റില്‍നിന്നുമാണ്. അപ്പോള്‍ പരിഹാരമില്ലാത്തതല്ല നമ്മുടെ പ്രശ്‌നം. ആ പരിഹാരങ്ങള്‍ നടത്തിയെടുക്കാനുള്ള ക്ഷമയോ ബുദ്ധിമുട്ടോ സഹിക്കാനുള്ള മനസ്സില്ലാത്തതാണ്. മാലിന്യം ശേഖരിക്കാന്‍ വണ്ടി വരുമ്പോള്‍ വേസ്റ്റ് ബക്കറ്റ് വെറുതെ പുറത്തെടുത്തു വെക്കുന്നതിനേക്കാള്‍ അല്പം കൂടി ബുദ്ധിമുട്ടാണ് അതു ടെറസ്സിലേക്ക് കൊണ്ടുവന്നു കൃത്യമായ രീതിയില്‍ കമ്പോസ്റ്റ് ചെയ്യാന്‍. ആ ചെറിയ ബുദ്ധിമുട്ടുപോലും നമുക്കു സഹിക്കാനാകാത്തതിന്റെ പരിണതഫലമാണ് ഇന്നു നാം നമ്മുടെ ശരീരത്തിലേക്കു വലിച്ചുകയറ്റിക്കൊണ്ടിരിക്കുന്ന വിഷപ്പുക. നാം ഒന്നു ശ്രമിച്ചിരുന്നെങ്കില്‍, ഇതു സംഭവിക്കില്ലായിരുന്നു; ബ്രഹ്മപുരം മാലിന്യക്കൂമ്പാരമാകില്ലായിരുന്നു. ഇന്ന് നമുക്കിങ്ങനെ വിഷപ്പുക ശ്വസിക്കേണ്ടിവരില്ലായിരുന്നു. ഇതിന്റെ പ്രത്യാഘാതങ്ങള്‍ നാളെ എങ്ങനെയൊക്കെ ആയിരിക്കുമെന്നും ഇപ്പോള്‍ പറയാനാവില്ല. 

പ്ലാസ്റ്റിക് സംസ്‌കരണത്തില്‍ നാമോരോരുത്തരും സ്വയം മാതൃകയാവുകയാണ് വേണ്ടത്. പ്ലാസ്റ്റിക് ഉപയോഗം തടഞ്ഞുനിര്‍ത്താന്‍ കഴിയാത്തതരത്തില്‍ അവ നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയിട്ടുണ്ട്. പ്ലാസ്റ്റിക് ഇല്ലാത്ത ലോകത്തെക്കുറിച്ച് ഇനി ചിന്തിക്കാനുമാകില്ല. പക്ഷേ, മറുവശത്തു അവയുടെ ഭീകരമുഖം കണ്ടില്ലെന്നു നടിക്കാനാവില്ല. പ്ലാസ്റ്റിക് ഉപയോഗത്തില്‍ പുതിയൊരു സംസ്‌കാരം ഉണ്ടാക്കിയെടുക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. പ്രത്യക്ഷത്തില്‍ ദോഷകരമല്ലെന്നു തോന്നുന്ന പ്ലാസ്റ്റിക് മാലിന്യമായി ഭൂമിയിലും ജലാശയങ്ങളിലും എത്തുമ്പോള്‍ ഉണ്ടാകുന്ന ദോഷങ്ങള്‍ നാം മെല്ലെമെല്ലെ അറിഞ്ഞുവരുന്നതേയുള്ളൂ. അതിന്റെ ദൂഷ്യഫലങ്ങള്‍ ഏറ്റവുമധികം അനുഭവിക്കുന്നത് സമുദ്രജീവികള്‍ ആയതുകൊണ്ടുതന്നെ മനുഷ്യരുടെ ശ്രദ്ധ കൂടുതല്‍ പതിഞ്ഞിട്ടില്ല. നമ്മെ ബാധിക്കുന്ന പ്രശ്‌നങ്ങളെ മാത്രമാണല്ലോ നാം 'പ്രശ്‌നങ്ങള്‍' എന്നു കരുതുന്നത്. 

ബ്രഹ്മപുരം സംഭവത്തോടെ അവ മനുഷ്യനേയും അവന്റെ നിലനില്‍പ്പിനേയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് ഉപയോഗം ഇനി നിയന്ത്രിക്കാതെ നമുക്കു മുന്നോട്ടു പോകാനാവില്ല. സംസ്‌കരണം എന്നതിനേക്കാള്‍ ഉപയോഗം കുറയ്ക്കുകയാണ് വേണ്ടത്. കൊവിഡ് ബാധിക്കുന്നതിനു തൊട്ടുമുന്‍പ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് വിപുലമായ ഒരു ശ്രമം തുടങ്ങിയിരുന്നെങ്കിലും കൊവിഡ് കാലം അതിനെ ദുര്‍ബ്ബലപ്പെടുത്തി. ഇനിയെങ്കിലും പൂര്‍വ്വാധികം ശക്തമായി പ്ലാസ്റ്റിക് നിരോധനം വരേണ്ടതുണ്ട്. പുനരുപയോഗം കര്‍ശനമായി പാലിക്കണം. ഓരോ പുതിയ പ്ലാസ്റ്റിക് ഉല്പന്നവും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോളും ബ്രഹ്മപുരം നമ്മുടെ മനസ്സില്‍ എത്തണം. നാം ഉപയോഗിക്കുന്ന ഓരോ പ്ലാസ്റ്റിക് ഉല്പന്നവും മാലിന്യമായി മാറാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. പ്ലാസ്റ്റിക്കിനു ബദലായി തുണി, പേപ്പര്‍ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. പുതിയ ഒരു പ്ലാസ്റ്റിക് ഏതു രൂപത്തില്‍ നാം വാങ്ങുമ്പോളും അത് മാലിന്യമാവാതെ എത്രകാലം ഉപയോഗിക്കാന്‍ കഴിയുമോ, അത്രനാള്‍ ഉപയോഗിക്കുവാന്‍ നാം ശ്രമിക്കണം. തീരെ ഉപയോഗിക്കാന്‍ കഴിയാത്തവ സംസ്‌കരിക്കാനായി നല്‍കാം. പക്ഷേ, അതും കൃത്യമായി വൃത്തിയാക്കി തരംതിരിച്ചു നല്‍കാന്‍ ശ്രമിക്കണം. ബ്രഹ്മപുരത്തെ ഇപ്പോള്‍ കത്തിയ മാലിന്യങ്ങള്‍ ഏറെയും മറ്റു ജൈവമാലിന്യങ്ങളുമായി കൂടിക്കുഴഞ്ഞു കിടക്കുന്നവയായിരുന്നു. അതു കൊണ്ടുതന്നെ അവയെ സംസ്‌കരിക്കാന്‍ വലിയ പ്രായോഗിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു.

110 ഏക്കറിലാണ് ബ്രഹ്മപുരം. ഒന്നര ദശാബ്ദമായി കൊച്ചി ന​ഗരത്തിന്റെ മാലിന്യം പേറുന്ന ഈ സ്ഥലമാണ്. അങ്കമാലി, ആലുവ, കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, ന​ഗരസഭകളിലെ മാലിന്യവും ഈ പ്ലാന്റിലാണ് എത്തുന്നത്
110 ഏക്കറിലാണ് ബ്രഹ്മപുരം. ഒന്നര ദശാബ്ദമായി കൊച്ചി ന​ഗരത്തിന്റെ മാലിന്യം പേറുന്ന ഈ സ്ഥലമാണ്. അങ്കമാലി, ആലുവ, കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, ന​ഗരസഭകളിലെ മാലിന്യവും ഈ പ്ലാന്റിലാണ് എത്തുന്നത്

മാരകമായ ഡയോക്‌സിന്‍ 

ഇറ്റലിയിലെ മിലാനില്‍നിന്നും പത്തുമൈല്‍ വടക്ക് സ്ഥിതിചെയ്യുന്ന സീവെസോ (Seveso) എന്ന കൊച്ചു നഗരത്തിലെ ഇഗ്മാസ കെമിക്കല്‍ കമ്പനിയില്‍നിന്നും 1976 ജൂലൈ പത്തിന് വലിയ അളവില്‍ കറുത്ത പുക ഉയര്‍ന്ന്, അത് ആ പ്രദേശമാകെ പടര്‍ന്നു. തുടക്കത്തില്‍ അവ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചില്ലായെങ്കിലും ആധുനിക ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന്റെ തുടക്കമായിരുന്നു അതെന്ന് പിന്നീട് ലോകം തിരിച്ചറിഞ്ഞു. അന്തരീക്ഷത്തിലൂടെ മാത്രമല്ല, ആ പുകയുടെ അംശം അവിടെയുള്ള മണ്ണില്‍, കൃഷിയിടങ്ങളില്‍ എന്നിങ്ങനെ എല്ലായിടത്തും എത്തുകയും മണ്ണില്‍ കളിച്ച കുഞ്ഞുങ്ങള്‍, കൃഷിയിടങ്ങളിലെ പച്ചക്കറികളും ധാന്യങ്ങളും ഭക്ഷിച്ചവര്‍ അങ്ങനെ എല്ലാവരിലും പല ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനും തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഓരോരോ മൃഗങ്ങളും പക്ഷികളുമൊക്കെ ചത്തുവീഴാന്‍ തുടങ്ങി. കൃഷിയിടങ്ങളിലെ ഇലകളും കായ്കളും ഉണങ്ങിവീഴാനും മനുഷ്യരില്‍ പല ആരോഗ്യപ്രശ്‌നങ്ങള്‍ കാണാനും തുടങ്ങി. 

ആ പ്രദേശത്തെ 37000 മനുഷ്യരെ ബാധിച്ച ആ ദുരന്തത്തിന്റെ മുഖ്യകാരണക്കാരന്‍ ഡയോക്‌സിന്‍ എന്നു വിളിക്കപ്പെടുന്ന 2,3,7,8 - Tetrachlorodibenzodioxin (TCDD) എന്ന വിഷവാതകമായിരുന്നു. വിയറ്റ്നാം യുദ്ധസമയത്ത് അമേരിക്കന്‍ ആര്‍മി ശത്രുക്കള്‍ക്കെതിരെ ഉപയോഗിച്ചിരുന്ന 'ഏജന്റ് ഓറഞ്ച്' എന്ന വാതകവുമായി ഇതിനു വലിയ സാമ്യമുണ്ടായിരുന്നു. ആ യുദ്ധത്തില്‍ പങ്കുകൊണ്ട വലിയൊരു ശതമാനം ആള്‍ക്കാരും കാന്‍സറിന്റെ പിടിയിലമര്‍ന്നതിനു പിന്നിലും ഈ ഡയോക്‌സിന്‍ തന്നെയായിരുന്നു. ഒരൊറ്റ കിലോഗ്രാം ഉപയോഗിച്ച് 50,000 ആള്‍ക്കാരെവരെ കൊന്നൊടുക്കാന്‍ കഴിയുന്ന വിഷവാതകം.  ഇവിടെ ഈ സംഭവം പരാമര്‍ശിക്കപ്പെടേണ്ടിവന്നത് വായനക്കാരെ പരിഭ്രാന്തരാക്കാന്‍ വേണ്ടിയല്ല. ഇതേ ഡയോക്‌സിനുകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാളികളുടെ ശ്രദ്ധയെ ആകര്‍ഷിക്കുകയാണ്. ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോള്‍ പുറത്തുവരുന്ന ഡയോക്‌സിനുകളടക്കം മാരകമായ വാതകങ്ങള്‍ നമ്മുടെ അന്തരീക്ഷത്തിലും ഭൂമിയിലും തങ്ങിനില്‍ക്കുമ്പോള്‍ ഈ പ്രശ്‌നങ്ങളുടെ ആഴം നാം തിരിച്ചറിയേണ്ടതുണ്ട്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും സീവാസോയിലെ ജനങ്ങള്‍ അന്നത്തെ ദുരന്തത്തിന്റെ പ്രശ്‌നങ്ങള്‍ ഇന്നും പേറുമ്പോള്‍ നാം ജാഗ്രതയോടെ കാര്യങ്ങളെ കണ്ടേ മതിയാകൂ.

കാന്‍സറിനു കാരണമാകുന്ന വസ്തുക്കളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ലോകാരോഗ്യസംഘടന അവരുടെ വെബ്‌സൈറ്റില്‍ പ്രാധാന്യത്തോടെ നല്‍കിയിരിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് കത്തുമ്പോള്‍ ഉണ്ടാകുന്ന വാതകങ്ങള്‍. ഡയോക്‌സിനൊപ്പം ഫുറാന്‍ (Furans), മെര്‍ക്കുറി (Mercury), സള്‍ഫ്യൂരിക് ആസിഡ്, സള്‍ഫര്‍ ഡയോക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ് എന്നിങ്ങനെ സസ്യങ്ങളേയും മൃഗങ്ങളേയും ഒരുപോലെ അപകടത്തിലാക്കുന്ന മാരകമായ വാതകങ്ങളാണ് പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ അന്തരീക്ഷത്തില്‍ എത്തുന്നത്. പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന സ്റ്റൈറിന്‍ (Styrene) ശ്വാസോച്ഛ്വാസത്തിലൂടെ ശ്വാസകോശത്തില്‍ എത്തുകയും അവ ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത് ശ്വാസകോശങ്ങളിലെ കാന്‍സറിനു കാരണമാകുന്നു. പി.വി.സി പോലെയുള്ള ഓര്‍ഗാനിക് ക്ലോറിന്‍ പദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന ഏറ്റവും മാരകമായ ഡയോക്‌സിനുകള്‍ ഗര്‍ഭിണികളില്‍ ശരീരത്തിലെ കൊഴുപ്പുകളില്‍ കെട്ടിക്കിടക്കുകയും അമ്മയുടെ ശരീരത്തുനിന്നും ഗര്‍ഭസ്ഥശിശുവിലേക്കുവരെ എത്തുകയും ചെയ്യുന്നു. കൂടാതെ ചെടികളും ഫലങ്ങളും വഴിയും ഇതു മനുഷ്യശരീരത്തില്‍ എത്തിച്ചേരുന്നുണ്ട്. ബ്രഹ്മപുരം സംഭവത്തിന്റെ ഏറ്റവും വലിയ പ്രാധാന്യം അതു നമുക്കു നല്‍കുന്ന മുന്നറിയിപ്പും അതിലെ തിരിച്ചറിവുമാണ്. പ്രളയമായും വരള്‍ച്ചയായും പ്രകൃതി വീണ്ടും നമുക്കു മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ അതിനേക്കാള്‍ പ്രാധാന്യത്തോടെ നാം ഇതിനെ കാണേണ്ടിയിരിക്കുന്നു. കാരണം, പ്രകൃതിയുടെ ശിക്ഷകള്‍ക്കു പ്രകൃതിയുടെ പക്കല്‍ തന്നെ പ്രതിവിധികളുമുണ്ടാവും. പക്ഷേ, മനുഷ്യന്റെ തെറ്റുകള്‍ക്കു പരിഹാരം കാണാന്‍ നാളെ മനുഷ്യനുപോലും കഴിഞ്ഞെന്നുവരില്ല.

(കൊച്ചി സര്‍വ്വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com