'ശാന്തമായ ഒരു കടന്നുപോക്ക് ആഗ്രഹിക്കുന്നു'- ഒരിക്കല്‍ മരണത്തെക്കുറിച്ച് അപ്പന്‍ പറഞ്ഞു...

അവനവന്റെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വിപ്ലവമെന്ന് മുന്‍പ് പറഞ്ഞ അപ്പന്‍ അവസാനം വരെ അതില്‍ ഉറച്ചുനിന്നു
'ശാന്തമായ ഒരു കടന്നുപോക്ക് ആഗ്രഹിക്കുന്നു'- ഒരിക്കല്‍ മരണത്തെക്കുറിച്ച് അപ്പന്‍ പറഞ്ഞു...

നേരത്തെ പറഞ്ഞതുപോലെ സാഹിത്യകലയും രോഗവും തമ്മിലുള്ള വിചിത്ര ബന്ധത്തെപ്പറ്റിയാണ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. ക്ഷയം, കാന്‍സര്‍ തുടങ്ങിയ രോഗം വന്നു മരിച്ച എഴുത്തുകാരും അവരുടെ കൃതികളും ഇവിടെ ചര്‍ച്ച ചെയ്യുകയാണ്. പുതുമയും മൗലികതയുമുള്ള നിരീക്ഷണങ്ങളും കണ്ടെത്തലുകളും നിറഞ്ഞ വായനക്കാരുടെ ധിഷണയെ ഉണര്‍ത്തുന്ന പുസ്തകമാണിത്. രോഗവും സാഹിത്യപ്രസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ആദ്യം അന്വേഷിക്കുന്നു. കുഷ്ഠരോഗം ക്ലാസ്സിക് സാഹിത്യത്തിലെ പ്രമേയമാണ്. ക്ഷയരോഗം അഗാധവും വ്യാപകവുമായ സ്വാധീനം ചെലുത്തിയത് കാല്പനിക സാഹിത്യത്തിലാണ്. ഷില്ലര്‍, എമിലി ബ്രോണ്ടി, കീറ്റ്‌സ്, ചെക്കൊവ്, ചങ്ങമ്പുഴ തുടങ്ങി നിരവധി കാല്പനികര്‍ ക്ഷയരോഗികളായിരുന്നു. ക്ഷയരോഗാനുഭവങ്ങള്‍ കീറ്റ്‌സിനും ചങ്ങമ്പുഴയ്ക്കും ആത്മീയമായ ഉള്‍ക്കാഴ്ചകള്‍ നല്‍കി. റിയലിസത്തിന് സിഫിലിസിനോടായിരുന്നു താല്പര്യം. കാന്‍സര്‍ ആധുനികതയുടെ രോഗമാണ്. എയ്ഡ്‌സ് ഉത്തരാധുനികതയുടേയും. ഭ്രാന്തിനെപ്പറ്റിയും എഴുതുന്നു. ബഷീറിന്റെ ഭ്രാന്തിനെക്കുറിച്ച് വിശദമായി എഴുതുന്നു. ഇങ്ങനെ രോഗാനുഭവങ്ങളെ സാഹിത്യവുമായും സാഹിത്യ പ്രസ്ഥാനങ്ങളുമായും ബന്ധപ്പെടുത്തി ചിന്തിച്ച അപ്പന്‍ ആധുനികതയുടെ രോഗമെന്ന് വിശേഷിപ്പിച്ച കാന്‍സര്‍ എന്ന മാരകരോഗം മനുഷ്യനു നല്‍കുന്ന അത്യന്തം കഠിനമായ അനുഭവങ്ങള്‍ 'ഞണ്ടും നക്ഷത്രങ്ങളും' എന്ന അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്. കോളറ പോലെയോ പ്ലേഗ് പോലെയോ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന സാംക്രമിക രോഗമല്ല കാന്‍സര്‍. വ്യക്തിയെ ഒറ്റയ്ക്കു പിടിച്ചു തിന്നുന്ന രോഗമാണത്. ജീവിതം മരണത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പ് ആണെന്ന് ആ രോഗം മനുഷ്യനെ പഠിപ്പിക്കുന്നു. ശസ്ത്രക്രിയയുടേയും റേഡിയേഷന്റേയും കീമോ തെറാപ്പിയുടേയും അനുഭവം രോഗത്തെക്കാള്‍ ഭയങ്കരമായ അവസ്ഥ രോഗിക്കു നല്‍കുന്നുവെന്നും അപ്പന്‍ പറയുന്നുണ്ട്. അപ്പന്‍ വീണ്ടും എഴുതി:

'രോഗിയുടെ ജീവിതം ദാരുണമായി മാറുന്നു. രോഗി മരണത്തിനു മുന്‍പില്‍ നിരാലംബനുമാണ്. ചികിത്സയില്‍ പൂര്‍ണ്ണമായ വിശ്വാസം അയാള്‍ക്കില്ല. മരണത്തെ ജയിക്കുവാനുള്ള ആയുധം അയാളുടെ കയ്യില്‍ ഇല്ല. ചികിത്സ ഒരായുധമാണെങ്കില്‍ അത് പ്രയോഗിക്കുന്നത് അയാളല്ല. അയാള്‍ അതു പ്രയോഗിക്കുന്നവരുടെ കാരുണ്യത്തിലാണ്. ഭേദമാകാത്ത മാരകരോഗത്തിനുള്ള ചികിത്സ ഹീനമായ കാരുണ്യമാണ്. ശരീരത്തിനുമേലുള്ള രോഗത്തിന്റെ ധര്‍ഷണം ശരീരത്തെ വെറുപ്പിക്കുന്ന ഒന്നാക്കി മാറ്റുന്നു.'

അറം പറ്റിയ മറ്റൊരു എഴുത്തായിരുന്നു അത്. അതേ രോഗം മൂന്നോ നാലോ വര്‍ഷം കഴിഞ്ഞപ്പോള്‍ അപ്പനേയും പിടികൂടി. അപ്പന്‍ കാന്‍സറിനെപ്പറ്റി പറഞ്ഞതെല്ലാം അദ്ദേഹം ജീവിതത്തില്‍ അനുഭവിച്ചു! വരാന്‍ പോകുന്ന കാര്യങ്ങള്‍ അബോധപരമായി അറിഞ്ഞ് എഴുതിയതുപോലെ തോന്നുന്നു. ഇത്രയും അറം പറ്റിയ എഴുത്ത് വേറെ കാണില്ലെന്നു തന്നെ പറയാം. രോഗത്തെക്കുറിച്ചുള്ള പുസ്തകം എഴുതുമ്പോള്‍ രോഗത്തിന്റെ ക്രൂരവിനോദങ്ങള്‍ ശരീരത്തിന്റെ ഉള്ളില്‍ തുടങ്ങിയിരിക്കണം. പുറത്തറിഞ്ഞത് പിന്നീടാണെന്നു മാത്രം.

2007 മദ്ധ്യത്തോടെയാണ് അപ്പനില്‍ അസുഖത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. കടുത്ത വയറുവേദനയിലാണ് തുടങ്ങിയത്. ആദ്യം കൊല്ലത്തെ വിദഗ്ദ്ധ ഡോക്ടര്‍മാരെ കണ്ടു. വിശദമായ പരിശോധനകളെല്ലാം നടത്തി. വന്‍കുടലിന്റെ അടിഭാഗത്തുണ്ടായ കാന്‍സര്‍ ബാധിതമായ മാംസ വളര്‍ച്ച ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതുണ്ടെന്ന് കണ്ടെത്തി. വന്‍കുടലില്‍ ശസ്ത്രക്രിയ ആവശ്യമായി വന്നു എന്നര്‍ത്ഥം. എറണാകുളത്തെ 'ലേക്‌ഷോര്‍' ആശുപത്രിയില്‍ സര്‍ജറി നടത്തിയത്. കുറച്ചുനാള്‍ ആ ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. ആശുപത്രിയിലെ ഭീകരമായ അനുഭവങ്ങളും രോഗം നല്‍കിയ വന്‍ വേദനകളും പീഡനങ്ങളും അപ്പനെ തളര്‍ത്തിക്കളഞ്ഞു. മരണത്തെപ്പറ്റിയുള്ള ഭീകരമായ ചിന്തകളും പേടിസ്വപ്നങ്ങളും അദ്ദേഹത്തെ നിരന്തരം വേട്ടയാടി. ഓപ്പറേഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയാല്‍  കഴിയുമെങ്കില്‍ വായനയിലേക്കും എഴുത്തിലേക്കും തിരിച്ചുവരാന്‍ കഠിനശ്രമം നടത്തണമെന്ന് അദ്ദേഹം തീവ്രമായി ആഗ്രഹിച്ചു. എറണാകുളത്തെ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്ന അവസരത്തില്‍ മണര്‍ക്കാട് മാത്യുവിനോട് അപ്പന്‍ തന്റെ അവസ്ഥയെക്കുറിച്ച് ഇപ്രകാരം പറഞ്ഞു:

ബഷീർ
ബഷീർ

'മരണത്തെ ഞാന്‍ സ്‌നേഹിച്ചും പേടിച്ചും കാണുന്നു. ഒരു മാസം ഞാന്‍ എറണാകുളത്തെ ആശുപത്രിയിലായിരുന്നു. അപ്പോള്‍ എന്റെ ശരീരം മരണത്തിന്റെ അടയാളങ്ങള്‍ കാണിക്കാന്‍ തുടങ്ങിയിരുന്നു. മരണം എന്റെ ശരീരത്തില്‍ പ്രകാശിക്കുവാന്‍ തുടങ്ങി. അതൊരു സ്വകാര്യ ചുഴലിക്കാറ്റായി എന്റെ ശരീരത്തിനു ചുറ്റും നൃത്തം ചെയ്തു. ആ ദിവസങ്ങളില്‍ മരണത്തെക്കുറിച്ച് ഒരുപാട് ദുഃസ്വപ്നങ്ങള്‍ അല്ലെങ്കില്‍ സൗഹൃദ സ്വപ്നങ്ങള്‍ ഞാന്‍ കണ്ടു. മരണം വായ്പിളര്‍ക്കുന്ന സ്വപ്നങ്ങളായിരുന്നു അവ. ഒരു ഭീകരസ്വപ്നം ഞാന്‍ ഓര്‍ക്കുന്നു. ഭീതിജനകമായൊരു അന്തിമയക്കത്തില്‍ ഒരു ളലൃീരശീൗ െഹീീസശിഴ ഹമറ്യ പ്രത്യക്ഷപ്പെടുന്നു. വേരുകള്‍ പോലെയുള്ള തലമുടി. ദാലി ചിത്രത്തിലെന്നപോലെ വെളുത്ത കൂണുകള്‍ മാതിരിയുള്ള കണ്ണുകള്‍. ആ സ്ത്രീ എന്നെ നോക്കി ചിരിച്ചു. കറുത്ത വൃത്തികെട്ട മോണകള്‍. അതില്‍ നിറയെ വളരെ ചെറിയ പല്ലുകള്‍. ചിരിച്ചപ്പോള്‍ അത് ചുണ്ടുകള്‍ക്കു പുറത്തേക്കു തള്ളിവന്നു. ഞാന്‍ പേടിച്ചുവിറച്ചു. പിന്നെ എനിക്കു ചെറിയ ധൈര്യം കിട്ടി. ഞാന്‍ ജോണ്‍ ഡണ്ണിനെ ഉദ്ധരിച്ചു, 'മരണമേ നീ അഹങ്കരിക്കരുത്' എന്നു പറഞ്ഞു. പറഞ്ഞു തീരുന്നതിനു മുന്‍പ് ആ സത്വം Hold your tongue എന്നു പറഞ്ഞു. പിന്നെ വളരെ മൃദുലമായി സ്വരം താഴ്ത്തി Let me love you എന്നും പറഞ്ഞു. രാഗവിസ്താര ലോലം എന്നുപോലും വിശേഷിപ്പിക്കാവുന്ന ആ മൃദുലസ്വരത്തിലേക്കു പിന്നീട് ഞാന്‍ ചാഞ്ഞ് ഉറങ്ങി.'

കവിതപോലെ സുന്ദരമായ ഈ വര്‍ണ്ണനയുടെ പിന്നില്‍ മരണത്തെ കണ്ടു പേടിക്കുന്ന അപ്പന്റെ മനസ്സുണ്ട്. കെ.പി. അപ്പന് താന്‍ മരണത്തോട് അടുത്തിരിക്കുന്നു എന്നു മനസ്സിലായി. കലാകാരനായ ദാര്‍ശനികന്‍ ഉള്ളിലുണ്ടായിരുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള പേടി സ്വപ്നങ്ങളിലും ദാര്‍ശനിക ഭീതികളിലും വീണുപോകുന്നത്. മരണത്തെപ്പറ്റിയുള്ള ഉല്‍ക്കണ്ഠയും ഭീതിയും അപ്പന് കുട്ടിക്കാലം മുതലുണ്ടായിരുന്നു. പല ലേഖകരും അഭിമുഖങ്ങളുടെ ഒടുവില്‍ മരണത്തെക്കുറിച്ച് ചോദിക്കാറുണ്ട്. 'ചക്രവര്‍ത്തിനി ഇനിയും എത്തിയില്ല' എന്ന് ഒരിക്കല്‍ പറഞ്ഞു. 'ശാന്തമായ ഒരു കടന്നുപോക്ക്' ആഗ്രഹിക്കുന്നു എന്ന് മറ്റൊരിക്കല്‍ പറഞ്ഞു.

'ലേക്‌ഷോറി'ലെ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ അപ്പന്‍ കൂട്ടുകാരും മുന്‍ വിദ്യാര്‍ത്ഥികളും മറ്റും ഫോണ്‍ വിളിച്ചാല്‍ എടുക്കാതെയായി. വീട്ടില്‍ത്തന്നെ കാണാന്‍ വരുന്നവരെ കാണാനും വിസമ്മതിച്ചു. സ്‌നേഹവും സൗഹൃദവും നിറഞ്ഞ സുന്ദരമായ സായാഹ്ന സംഭാഷണങ്ങള്‍ 'അശ്വതി'യില്‍നിന്ന് അകന്നുപോയി. അദ്ദേഹത്തിന്റെ മുഖവും ശരീരവുമെല്ലാം ക്ഷീണിച്ചു. സുന്ദരമായ ആ രൂപം മങ്ങിത്തുടങ്ങി. അദ്ദേഹം ആരെയും കാണുവാന്‍ ഇഷ്ടപ്പെട്ടില്ല. മുന്‍പൊക്കെ ആര് ഫോണ്‍ വിളിച്ചാലും അപ്പന്‍ ഫോണ്‍ എടുക്കും. മുന്‍പരിചയം വേണമെന്നു തന്നെയില്ല. ദീര്‍ഘനേരം സംസാരിക്കും. അപ്പനുമായി ഫോണില്‍ നിരന്തരം സംസാരിക്കുന്നവര്‍ നിരവധിയാണ്. പ്രൊഫ. സുകുമാര്‍ അഴീക്കോട്, ടി. പത്മനാഭന്‍, എം. മുകുന്ദന്‍ ഇങ്ങനെ പ്രശസ്തരും അപ്രശസ്തരുമായ ആളുകളുമായി ദീര്‍ഘമായി ഫോണില്‍ സംസാരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. 'ലേക്‌ഷോറി'ലെ സര്‍ജറി കഴിഞ്ഞതിനു ശേഷം ഫോണ്‍ എടുക്കാന്‍ മടി കാണിച്ചു. അപൂര്‍വ്വം ചിലപ്പോള്‍ ഫോണെടുത്ത് തളര്‍ന്ന ശബ്ദത്തില്‍ തന്റെ ജീവിതത്തിന്റെ അന്ത്യമെത്തിയെന്ന് ചിലരോട് സൂചിപ്പിക്കാനും തയ്യാറായി.  അക്കാലത്തെക്കുറിച്ച് അപ്പന്‍ ഇപ്രകാരം പറഞ്ഞു:

'ഇപ്പോള്‍ എനിക്ക് ജീവിതമില്ല. മരണവുമില്ല. ഞാനൊരു അന്ധരാളഘട്ടത്തിലാണ് .'

പക്ഷേ, അപ്പോഴും എഴുത്തും വായനയും നിര്‍ത്തിയില്ല. ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്നു. 2007, 2008 എന്നീ വര്‍ഷങ്ങളില്‍ അസുഖമായി ആശുപത്രിയിലും ചികിത്സയിലും ആയിരുന്നെങ്കിലും 'മാതൃഭൂമി'യിലും 'കലാകൗമുദി' 'മലയാള'ത്തിലും എഴുതിക്കൊണ്ടിരുന്നു. പുതിയ പുസ്തകങ്ങളെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നു. വലിയ രോഗങ്ങളുമായി അത്യന്തം വേദനാജനകമായ മല്‍പ്പിടുത്തം നടത്തുമ്പോഴും അദ്ദേഹത്തിന്റെ ധിഷണയും ഭാവനയും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞ 2008ല്‍ നിരവധി രചനകള്‍ക്ക് രൂപം കൊടുത്തു. 'വായനയുടെ വിപത്‌സന്ധികളില്‍ വീണുപോകാതെ...' (2008 ഫെബ്രുവരി, മാതൃഭൂമി ആഴ്ചപ്പതിപ്പ്) 'അക്രമത്തിന്റെ രാഷ്ട്രീയ റിയലിസം' (2008 ജൂലൈ മാതൃഭൂമി ആഴ്ചപ്പതിപ്പ്), 'കരകൗശലക്കാരുടെ താത്ത്വിക ഏജന്‍സി' ('2008 മാര്‍ച്ച്  മാതൃഭൂമി ആഴ്ചപ്പതിപ്പ്), 'എം.പി. പോള്‍ ബഷീറിനോട് ചെയ്തത്' (2008 ആഗസ്റ്റ് മാതൃഭൂമി ആഴ്ചപ്പതിപ്പ്) എന്നീ ലേഖനങ്ങള്‍ എഴുതി. എം. മുകുന്ദന്റെ സമ്പൂര്‍ണ്ണ കഥകള്‍ക്ക് ആമുഖമെഴുതുവാനും 'അസുഖ'കാലത്ത് കഴിഞ്ഞു. 'ഇങ്ങനെയാണ് എം. മുകുന്ദന്‍ വലിയ കഥാകാരനായത്' എന്ന ശീര്‍ഷകത്തിലെഴുതിയ ആ പഠനം (2442008) അത്യന്തം ശ്രദ്ധേയമാണ്. 'രോഗശയ്യയില്‍ കിടക്കുമ്പോള്‍ ദുര്‍ബ്ബലമായ കയ്യില്‍ പേനയെടുത്തു കൊണ്ടാണ് എന്റെ അപ്പന്‍ സാര്‍ എനിക്കുവേണ്ടി ഈ കുറിപ്പെഴുതിയത് എന്ന് എം. മുകുന്ദന്‍ പുസ്തകത്തില്‍ എഴുതിച്ചേര്‍ത്ത ലേഖനത്തില്‍ പറയുന്നുമുണ്ട്. ഇതൊക്കെ എഴുതുമ്പോഴും പുറത്തുപോകാന്‍ പോലും കഴിയാതെ വലിയ വേദനകളുമായി മല്ലിടുകയായിരുന്നു. ഏറ്റവും ഒടുവില്‍  എഴുതിയതെന്ന് കരുതപ്പെടുന്ന 'എന്റെ പേനയും പഠനമുറിയും' എന്ന ലേഖനം ഒടുവില്‍ ആശുപത്രിയിലേക്ക് പോകുന്നതിന് തൊട്ട് മുന്‍പ് പൂര്‍ത്തിയാക്കിയതാണ്. ആര്‍ക്കും അതയച്ചു കൊടുത്തില്ല. മരണശേഷം അദ്ദേഹത്തിന്റെ മേശപ്പുറത്ത് കിടന്നിരുന്ന അത് പിന്നീട് 'കലാകൗമുദി'യില്‍ പ്രസിദ്ധീകരിച്ചു. വലിയ വേദനകളില്‍ മുഴുകുമ്പോഴും സാഹിത്യവിമര്‍ശനത്തോടുള്ള അദ്ദേഹത്തിന്റെ ആസക്തി തീര്‍ന്നിരുന്നില്ല. അവസാന ശ്വാസം വരെ സാഹിത്യവിമര്‍ശനത്തിനുവേണ്ടി അദ്ദേഹം ജീവിതം മാറ്റിവച്ചു.

അവസാന കാലത്തും തന്റെ ഉറച്ച നിലപാടുകളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായതുമില്ല. 2008ല്‍ അപ്പന്‍ അസുഖത്തിന്റെ പിടിയിലായിരുന്നപ്പോള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്ന ചില പ്രമുഖര്‍ അദ്ദേഹത്തിന് മലയാളത്തിലെ പ്രശസ്തമായ ഒരു അവാര്‍ഡ് കൊടുക്കുവാന്‍ ആലോചിച്ചു. അപ്പനുമായി സംസാരിക്കുകയും ചെയ്തു. 'അവാര്‍ഡ് ഏതു കോണില്‍നിന്നു വന്നാലും എനിക്കു ഭയമാണ്' എന്ന ആവര്‍ത്തിച്ചു പറഞ്ഞ അപ്പനെ അവാര്‍ഡ് സ്വീകരിക്കുവാന്‍ വേണ്ടപ്പെട്ടവര്‍ പരമാവധി ശ്രമിച്ചു. ജനപ്രീതി നേടിയ ഒരു കവിയുടെ പേരിലുള്ള മലയാളത്തിലെ പ്രസിദ്ധമായ വലിയ അവാര്‍ഡാണത്. മലയാളത്തിലെ എഴുത്തുകാര്‍ ആര്‍ത്തിയോടെ നോക്കുന്ന വമ്പന്‍ അവാര്‍ഡ്. അദ്ദേഹത്തിന്റെ അദ്ധ്യാപകന്‍ കൂടിയായ സാഹിത്യവിമര്‍ശകന്‍ എം.കെ. സാനു ആ അവാര്‍ഡ് വാങ്ങാന്‍ വളരെ നിര്‍ബ്ബന്ധിക്കുകയും ചെയ്തു. അക്കാര്യം സാനുമാഷ് അപ്പന്റെ മരണശേഷം എഴുതിയ 'സ്‌നേഹത്തിന്റെ മൂല്യം' എന്ന ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. ഒക്‌റ്റോവിയോ പാസിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് അവാര്‍ഡ് വാങ്ങാന്‍ അപ്പനെ നിര്‍ബ്ബന്ധിച്ചത്. അവാര്‍ഡില്‍ ആഗ്രഹം വയ്ക്കരുത്, നിസ്സംഗതയോടെ അവാര്‍ഡ് സ്വീകരിക്കണം, അവാര്‍ഡ് നിരസിക്കുന്നത് അഹങ്കാരമാണ് എന്നിങ്ങനെയുള്ള ഉപദേശങ്ങള്‍ കിട്ടിയപ്പോള്‍ ഒക്ടോവിയോ പാസ് അവാര്‍ഡ് സ്വീകരിച്ചു. ഇക്കാര്യമാണ് സാനുമാഷ് ശിഷ്യനോട് പറഞ്ഞത്. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അപ്പന്‍ പറഞ്ഞത് ഇപ്രകാരമാണ്: 'എനിക്ക് വിനയത്തിനു കുറവൊന്നുമില്ല. പക്ഷേ, അവാര്‍ഡ് സ്വീകരിക്കുകയില്ല എന്ന തീരുമാനത്തിനു മാറ്റമില്ല.' അങ്ങനെ പറഞ്ഞിട്ടും സമ്മര്‍ദ്ദം കൂടിക്കൂടി വന്നു. രോഗശയ്യയിലും അവാര്‍ഡ് വാങ്ങണമെന്ന നിര്‍ബ്ബന്ധം ഏറിവന്നപ്പോള്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു:

'...അവാര്‍ഡ് ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷേ, ഞാന്‍ പറയുന്ന ഒരു വരി നിങ്ങള്‍ അവാര്‍ഡ് പ്രഖ്യാപനത്തോടൊപ്പം പറയണം. അത് വാര്‍ത്തകള്‍ക്കൊപ്പം വരുത്തുകയും വേണം.'

എന്താണ് അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്ന ആ 'വരി' എന്ന് ആര്‍ക്കുമറിയില്ല. ആ വരി പറയാതേയും അവാര്‍ഡുകളൊന്നും സ്വീകരിക്കാതേയും അദ്ദേഹം കടന്നുപോയി.

സുകുമാർ അഴീക്കോട്
സുകുമാർ അഴീക്കോട്

അതിനുമുന്‍പ് കേരള സാഹിത്യ അക്കാദമി അപ്പന് അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നു. അത് അപ്പന്‍ അറിഞ്ഞതായി ഭാവിച്ചില്ല. അവാര്‍ഡ് നിഷേധിക്കുവാന്‍ പോലും പ്രസാദിച്ചില്ല!  മരണം വരെ അദ്ദേഹം തന്റെ വിശ്വാസങ്ങളില്‍ ഉറച്ചുനിന്നു. യാതൊരുവിധ പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ ചില മൂല്യങ്ങളെ മുറുക്കിപ്പിടിച്ചു. ആദ്യകാലത്ത് എല്ലാവിധ വ്യവസ്ഥകള്‍ക്കും സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും നേരെ കലഹിച്ച നിഷേധികളായ ആധുനിക എഴുത്തുകാരില്‍ ചിലര്‍ അക്കാദമി അവാര്‍ഡ് മാത്രമല്ല, അക്കാദമിയുടെ അദ്ധ്യക്ഷ പദവി വരെ നേടിയെടുത്തത് നമ്മുടെ മുന്‍പിലുണ്ട്. അവനവന്റെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വിപ്ലവമെന്ന് മുന്‍പ് പറഞ്ഞ അപ്പന്‍ അവസാനം വരെ അതില്‍ ഉറച്ചുനിന്നു. എന്നാല്‍, അപ്പന്റെ മരണശേഷം കേന്ദ്ര സാഹിത്യ അക്കാദമി നല്‍കിയ അവാര്‍ഡ് കുടുംബം സ്വീകരിച്ചു!
 
മരണത്തിന്റെ വരവ്   

 
എറണാകുളത്തെ ആശുപത്രിയിലെ സര്‍ജറി കഴിഞ്ഞു വീട്ടിലെത്തി എഴുത്തിലും വായനയിലും മുഴുകിയിരുന്നപ്പോള്‍  വീണ്ടും വേദനകളും അസ്വസ്ഥതകളും തുടങ്ങി. ചികിത്സ തേടി. ടെസ്റ്റുകള്‍ പലതു നടത്തി. വിദഗ്ദ്ധ ഡോക്ടര്‍മാരെ കണ്ടു.   കാന്‍സര്‍ രോഗത്തിന്റെ ചികിത്സ തുടരണമെന്ന് അറിഞ്ഞു. അത് ശ്വാസകോശത്തിലേക്കും പടര്‍ന്നിരിക്കുന്നു. അതറിഞ്ഞപ്പോള്‍ അടുത്തുണ്ടായിരുന്ന നാസറിന്റെ കയ്യില്‍ പിടിച്ച് അപ്പന്‍ പറഞ്ഞു:

'കേട്ടോ നാസറേ, ഞാന്‍ ആദ്യമെഴുതിയ ലേഖനം തോമസ് ഹാര്‍ഡിയുടെ ടെസ്സിനെക്കുറിച്ചാണെന്ന് അറിയാമല്ലോ. ആ നോവലില്‍ വിശുദ്ധമായ ഒരു വാചകമുണ്ട്. ഒടുവില്‍ ദൈവം ടെസ്സിനെക്കൊണ്ടുള്ള വിനോദം അവസാനിപ്പിച്ചു. എന്നെക്കൊണ്ടുള്ള വിനോദം ദൈവം അവസാനിപ്പിക്കും എന്നത് ഇനി എപ്പോഴാണെന്ന് ആലോചിച്ചിരിക്കുകയായിരുന്നു ഞാന്‍.'

തന്റെ ജീവിതം അന്ത്യത്തോടടുത്ത് എന്ന ക്രൂരമായ സത്യം അറിയുമ്പോഴും അപ്പന്‍ ചിന്തിക്കുന്നത് തന്നെ ആകര്‍ഷിച്ച താന്‍ ആദ്യമായി നിരൂപണമെഴുതിയ ഹാര്‍ഡിയുടെ 'ടെസ്സി'നെപ്പറ്റിയാണ്.  നിരൂപണം അപ്പന്റെ ചിന്തയില്‍ മാത്രമല്ല, രക്തത്തിലും കലര്‍ന്നിരുന്നു എന്നാണ് ഈ വാക്കുകള്‍ തെളിയിക്കുന്നത്. പിന്നീട് ഒരു ദിവസം രോഗം മൂര്‍ച്ഛിച്ചപ്പോള്‍ നാസര്‍ അപ്പന്‍ സാറിന്റെ കരങ്ങള്‍ തടവിക്കൊടുത്തു. അപ്പോള്‍ അദ്ദേഹം കണ്ണു തുറന്ന് പറഞ്ഞു: 'നാസറേ ഷെക്‌സ്പിയറുടെ ഒരു വാചകമുണ്ട്. വികൃതിക്കുട്ടികള്‍ ചിത്രശലഭത്തെക്കൊണ്ട്  കളിക്കുന്നതു പോലെയാണ് ദൈവം ഇപ്പോള്‍  എന്നെയും കളിപ്പിക്കുന്നത്.' കെ.പി. അപ്പന്‍ അവസാന ശ്വാസം വരെ സാഹിത്യനിരൂപകനായിരുന്നു.

തിരുവനന്തപുരം ആര്‍.സി.സിയുടെ രജിസ്റ്ററില്‍ കെ.പി. അപ്പന്‍ 2008 ഏപ്രില്‍ രണ്ടിന് ഇടം പിടിച്ചതായി അപ്പന്റെ ആരാധകനും എഴുത്തുകാരനും ആര്‍.സി.സിയിലെ ഉദ്യോഗസ്ഥനുമായ സുരേന്ദ്രന്‍ ചുനക്കര രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ ചികിത്സ തുടങ്ങി. ആദ്യ ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. 'സാരമില്ല, നമുക്ക് ശരിയാക്കാം' എന്ന് ഗ്യാസ്‌ട്രോ ഓങ്കോളജി വിഭാഗം മേധാവി ഡോ. ജയപ്രകാശ് മാധവന്‍ പറഞ്ഞപ്പോള്‍ അപ്പന്റെ സ്വതവേ തിളക്കമുള്ള കണ്ണുകളില്‍ പുതിയ പ്രകാശം നിറയുന്നത് കണ്ടു എന്ന് ചുനക്കര എഴുതി. പക്ഷേ, സ്‌കാനിങ് റിപ്പോര്‍ട്ട് വന്നപ്പോള്‍ കാര്യങ്ങള്‍ കുഴഞ്ഞു. എല്ലുകളിലേക്കും ശ്വാസകോശത്തിലേക്കും രോഗം പടര്‍ന്നുകഴിഞ്ഞിരുന്നു. കീമോതെറാപ്പിയും... റേഡിയേഷനും...

അപ്പന്റെ ആര്‍.സി.സിയിലെ നാളുകള്‍ തീവ്രമായ വേദനകളുടെ നാളുകളായിരുന്നു. വേദന കൊണ്ട് അദ്ദേഹം പുളഞ്ഞു. നിലവിളിച്ചു. അദ്ദേഹത്തെ കാണുവാന്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളും എഴുത്തുകാരും മുന്‍ വിദ്യാര്‍ത്ഥികളും എത്തിക്കൊണ്ടിരുന്നു. അപ്പന്‍ സാറിനെ ആ അവസ്ഥയില്‍ കാണുവാന്‍ കരുത്തില്ലാതെ പോയവര്‍ നിരവധിയാണ്. സാര്‍ അത് ഇഷ്ടപ്പെടുകയില്ല എന്നറിഞ്ഞുകൊണ്ട് മാറിനിന്നു. അങ്ങനെ മാറിനിന്നവരില്‍ ഒരാള്‍ ഞാന്‍ ആണ് എന്നുകൂടി രേഖപ്പെടുത്തട്ടെ.

അപ്പന്റെ വിദ്യാര്‍ത്ഥി എം.എ. ബേബി അന്ന് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയാണ്. ബേബി ദിവസവും ആര്‍.സി.സിയിലെ അപ്പന്റെ മുറിയില്‍ എത്തുകയും വേണ്ടതെല്ലാം ചെയ്യുകയും ചെയ്തിരുന്നു. ബേബി പറഞ്ഞു:
'അപ്പന്‍ സാറിനെപ്പോലെ മറ്റൊരദ്ധ്യാപകനെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ വ്യക്തിത്വവും ശൈലിയും അപൂര്‍വ്വമാണ്. പുസ്തകത്തിന്റെ താളുകള്‍ മറിക്കുന്നതിനു പോലും അപ്പന്‍ സാറിനു തനതു ശൈലിയുണ്ടായിരുന്നു. ഇത്ര വിശുദ്ധമായ ജീവിതം നയിച്ച അപ്പന്‍ സാറിന് ഈ രോഗം വന്നതില്‍ കടുത്ത ദുഃഖമുണ്ട്.'

അപ്പനെ കാണുവാന്‍ സാഹിത്യവിമര്‍ശനത്തിലെ 'ശത്രു'വും സ്വകാര്യജീവിതത്തിലെ മിത്രവുമായ പ്രൊഫ. സുകുമാര്‍ അഴീക്കോട് ആര്‍.സി.സിയില്‍ എത്തി. അദ്ദേഹം അപ്പന്റ രൂപം കണ്ട് പൊട്ടിക്കരഞ്ഞുപോയി. അദ്ദേഹം പിന്നീട് എഴുതി:
'കഴിഞ്ഞ ആഴ്ച ആര്‍.സി.സിയില്‍ പോയി കണ്ട കാഴ്ച മനസ്സിനെ വേദനിപ്പിക്കുന്നതായിരുന്നു. ഇത്രയൊന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എല്ലും തൊലിയുമായി കഴിയുന്ന അപ്പന്റെ രൂപം മറക്കാനാകുന്നില്ല. വളരെ നിര്‍വ്വികാരമായ നോട്ടമായിരുന്നു അത്.'

'സാരമില്ല മാഷേ, എനിക്കൊന്നുമില്ല. മാഷ് പൊയ്‌ക്കോളൂ' എന്നു മാത്രമാണ് അപ്പന്‍ അഴീക്കോടിനോട് പറഞ്ഞത്. 
എം. മുകുന്ദനും അപ്പനെ ആര്‍.സി.സിയില്‍ വന്ന് കണ്ടിരുന്നു. 'ആ വലിയ കണ്ണുകള്‍ മാത്രമേ ഇപ്പോഴുള്ളൂ' എന്ന് മുകുന്ദന്‍ പറഞ്ഞു. അസുഖത്തിന്റെ വിവരം ഫോണിലൂടെ അന്വേഷിച്ച അക്ബര്‍ കക്കട്ടിലിനോട് ഫോണില്‍ അപ്പന്‍ പറഞ്ഞത് 'ഒന്നു കഴിഞ്ഞുകിട്ടിയാല്‍ മതിയായിരുന്നു അക്ബറേ' എന്നായിരുന്നു.  

ആര്‍.സി.സിയില്‍ അപ്പനെ സന്ദര്‍ശിച്ച പത്രപ്രവര്‍ത്തകനായ എസ്. ഭാസുരചന്ദ്രന്‍ ഇപ്രകാരമെഴുതി:

'ആര്‍.സിസിയിലെ പേവാര്‍ഡിലെ 409  നമ്പര്‍ മുറിയിലെ ശരശയ്യയില്‍ ഞാന്‍ ഉത്തരായനം കാത്തുകിടക്കുന്ന ഗദ്യഭീഷ്മാചര്യനെ കണ്ടു. പല തവണ.'

പിണറായി വിജയന്‍ മുന്നറിയിപ്പില്ലാതെ കടന്നുവന്ന് കിടക്കയ്ക്കരികെയിരുന്ന് സാന്ത്വനമേകി. രോഗക്കിടക്കയിലായതു മുതല്‍ സഹായഹസ്തവുമായി നിന്ന രവി ഡിസിയെ അപ്പന്‍ കൈകൂപ്പി യാത്രയാക്കി.

ചികിത്സ ഫലിക്കാതെ വന്നപ്പോള്‍ അപ്പനെ വീട്ടില്‍   കൊണ്ടുപോകാന്‍ തീരുമാനമായി. അദ്ദേഹത്തെ കൊണ്ടുപോയത് കൊല്ലത്തേക്ക് ആയിരുന്നില്ല. കായങ്കുളത്ത് ഭാര്യയുടെ  വീടിനു സമീപത്തുള്ള ബന്ധുവിന്റെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എപ്പോഴും മെഡിക്കല്‍ സഹായം കിട്ടുമെന്നുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ചില ദിവസങ്ങള്‍ മരുന്നും കഠിന വേദനയുമായി പൊരുതുകയായിരുന്നു അദ്ദേഹം. ഏറ്റവും വേണ്ടപ്പെട്ടവര്‍ അപ്പനെ കാണുവാന്‍ അപ്പോഴും വരുന്നുണ്ട്. അപ്പന്റെ പ്രിയ ശിഷ്യനും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ ആര്‍. ശ്രീകണ്ഠന്‍ നായര്‍ വേദനയുമായി മല്ലിടുന്ന അപ്പനെക്കുറിച്ച് എഴുതിയിട്ടുണ്ട്. അപ്പന്‍ മരിക്കുന്നതിന്റെ തലേദിവസമാണ്. ശ്രീകണ്ഠന്‍ നായര്‍ എഴുതി:
'ശ്വാസം വലിച്ചു വിടാന്‍ ബുദ്ധിമുട്ടുന്ന സാറിനെ കണ്ടപ്പോള്‍ ഞാന്‍ ശരിക്കും തകര്‍ന്നുപോയി. അസഹ്യമായ സാറിന്റെ വേദന കണ്ടുനില്‍ക്കുവാനാവാതെ ഞാന്‍ മുറിക്കു പുറത്തിറങ്ങി.  പെട്ടെന്ന് ആരോ വിളിച്ചു പറഞ്ഞു. 'വിളിക്കുന്നു' ഞാന്‍ വേഗം മുറിയിലേക്കു ചെന്നു. ഏതോ മന്ത്രം ഉരുവിടുന്നതുപോലെ സാര്‍ വിളിക്കുന്നു. 'ശ്രീകണ്ഠാ, ശ്രീകണ്ഠാ, ശ്രീകണ്ഠാ' സാര്‍ എന്തോ പറയുവാന്‍ ശ്രമിക്കുകയാണ്. ഞാന്‍ സാറിന്റെ കൈകള്‍ അമര്‍ത്തിപ്പിടിച്ചു. ജീവന്‍ സാറില്‍ നിന്നു വിട്ടകലാന്‍ ശ്രമിക്കുന്നതുപോലെ എനിക്കു തോന്നി. വെള്ളയും വെള്ളയും കുടയും ചൂടി ഒരു സിനിമാനടനെപ്പോലെ കോളേജിലൂടെ നടന്നുപോകുന്ന അപ്പന്‍ സാറാണ് ഈ ശോഷിച്ച ശരീരക്കാരന്‍ എന്നു വിശ്വസിക്കുവാനായില്ല.'

മരണത്തിന്റെ തലേ ദിവസം ആ തീക്ഷ്ണമായ കണ്ണുകള്‍ തുറക്കുന്നത് കണ്ടുനില്‍ക്കുവാന്‍ ഒരാള്‍ക്കും കഴിയുമായിരുന്നില്ല എന്ന് അടുത്തുണ്ടായിരുന്ന വൈ.എ. റഹിം എഴുതിയിട്ടുണ്ട്. ആ മുറിയില്‍നിന്നും എല്ലാവരും പുറത്തുപോകാന്‍ പല തവണ സാര്‍ പറഞ്ഞു. അത് മരണമുറിയാണെന്ന് അപ്പന്‍ തീര്‍ച്ചപ്പെടുത്തിയതായും റഹിം എഴുതി.

2008 ഡിസംബര്‍ പതിനഞ്ച്. എന്തും സംഭവിക്കാം. എല്ലാവര്‍ക്കും അറിയാം. കെ.പി. അപ്പനും ആ യാഥാര്‍ത്ഥ്യമറിയാം. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ശരീരം കൊല്ലത്തെ പോളേത്തോട്ടിലെ പൊതു ശ്മശാനത്തില്‍ കൊണ്ടുപോകണമെന്ന ആഗ്രഹം അദ്ദേഹം വേണ്ടപ്പെട്ടവരെ അറിയിച്ചിരുന്നു.

രാവിലെ എട്ടര മണിയായപ്പോള്‍ കെ.പി. അപ്പന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു. സമീപത്ത് ഭാര്യ ഓമന ടീച്ചറും മക്കളും ബന്ധുക്കളുമുണ്ടായിരുന്നു. ശവശരീരം കൊല്ലത്തെ വീട്ടിലേക്കു കൊണ്ടുപോയി. വീടിന്റെ മുന്‍വശത്തെ മുറിയില്‍ അപ്പന്‍ എഴുത്തുകാരേയും കൂട്ടുകാരേയും വിദ്യാര്‍ത്ഥികളേയുമെല്ലാം സ്വീകരിച്ചിരുത്തി ആഹ്ലാദത്തോടെ സംസാരിച്ചിരുന്ന മുറിയില്‍ നിശ്ശബ്ദമായി കിടന്നു. അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നവര്‍ നാടിന്റെ പല ഭാഗങ്ങളില്‍നിന്നും എത്തിക്കൊണ്ടിരുന്നു. അടുത്ത ദിവസം രാവിലെ കൊല്ലം എസ്.എന്‍. കോളേജില്‍   അപ്പന്റെ ജീവനില്ലാത്ത ശരീരം കൊണ്ടുവന്നു. പിന്നീട് സമീപത്തുതന്നെയുള്ള പോളേത്തോട്ടിലെ ശ്മശാനത്തിലേക്കു കൊണ്ടുപോയി. ഗ്യാസ് ക്രിമിറ്റെറിയയില്‍ ദഹിപ്പിച്ചു. സംസ്‌കാരച്ചടങ്ങിന് എല്ലാ ഔദ്യോഗിക ബഹുമതികളും വേണമെന്ന വാദമുയര്‍ന്നപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സംശയമുയര്‍ത്തി:

എം മുകുന്ദൻ 
എം മുകുന്ദൻ 

'അവാര്‍ഡുകളൊന്നും സ്വീകരിക്കാത്ത ആളാണ്. എന്തെങ്കിലും വിവാദമുണ്ടാകുമോ?'

അതിന് ഉത്തരം പറഞ്ഞത് അന്നത്തെ വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പ് മന്ത്രി എം.എ. ബേബിയാണ്: 

'ഈ ബഹുമതി നമ്മുടെ ആദരാഞ്ജലിയാണ്. അതില്‍ ഒരു വിവാദവുമില്ല.' 

സമ്പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ചടങ്ങുകള്‍ നടന്നു. അത് കഴിഞ്ഞ് എസ്.എന്‍. കോളേജിന്റെ മുറ്റത്ത് അനുശോചനം. മയ്യഴിയില്‍നിന്നും ഓടിയെത്തിയ എം. മുകുന്ദന്‍ പറഞ്ഞു: 

'അപ്പന്‍ മാഷ് പോയി. എന്റെ മൊബൈലില്‍നിന്നും ഞാന്‍ അദ്ദേഹത്തിന്റെ നമ്പര്‍ ഡിലീറ്റ് ചെയ്യുകയില്ല. മറ്റൊരു ലോകത്തേയ്ക്ക് പോയ അദ്ദേഹത്തെ എനിക്ക് വീണ്ടും വിളിക്കണം.'     
             
എം. മുകുന്ദന്‍ തന്റെ കാലത്തിന്റെ മഹാവേദന സരളമായ വാക്കുകളിലൂടെ പ്രകാശിപ്പിക്കുകയാണ് ചെയ്തത്.

(അവസാനിച്ചു)

ഈ ലേഖനം കൂടി വായിക്കൂ  

വിമര്‍ശനമില്ലാത്ത ഒരു ലോകം അപ്പന്‍ ഇഷ്ടപ്പെട്ടില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com