'യാത്രയിലെ ഉള്‍ക്കാഴ്ചകളാണ് എഴുതാന്‍ ശ്രമിക്കാറ്, അത് കവിതയുമായി ചേര്‍ന്നുനില്‍ക്കുന്നു, ഉള്ളിലൂടെ ഒരു ഗംഗ'

കവിത, യാത്രകള്‍, വിവര്‍ത്തനം, നിരൂപണവഴികള്‍... കെ.ബി. പ്രസന്നകുമാര്‍ സംസാരിക്കുന്നു
'യാത്രയിലെ ഉള്‍ക്കാഴ്ചകളാണ് എഴുതാന്‍ ശ്രമിക്കാറ്, അത് കവിതയുമായി ചേര്‍ന്നുനില്‍ക്കുന്നു, ഉള്ളിലൂടെ ഒരു ഗംഗ'

ഴുത്തും വായനയും വിദൂര ഹിമമേരുക്കളിലേയ്ക്കുള്ള നിതാന്തമായ സഞ്ചാരവുംകൊണ്ട് ജീവിതത്തിന്റെ അനുഭവരാശികളെ സൗമ്യമായി പൊലിപ്പിച്ചെടുക്കുന്ന സാഹിത്യ നിരൂപകനും പരിഭാഷകനും കവിയുമാണ് കെ.ബി. പ്രസന്നകുമാര്‍.

ഗാവോ സിങ്ജിയാനിന്റെ ആത്മശൈലം, ഓര്‍ഹാന്‍ പാമുക്കിന്റെ നിഷ്‌കളങ്കതയുടെ ചിത്രശാല, ഡോ. സാലിം അലിയുടെ ആത്മകഥയായ ഒരു കുരുവിയുടെ പതനം, മിംലു സെന്നിന്റെ ബവുല്‍  ജീവിതവും സംഗീതവും തുടങ്ങിയ മികച്ച പരിഭാഷകള്‍, അതിജീവിക്കുന്ന വാക്ക്, ശിവം പഞ്ചകേദാരം, ഹിമവഴിയിലെ ബുദ്ധസഞ്ചാരങ്ങള്‍, മലകളിലെ കാറ്റ് പറയുന്നത്, ജലക്കണ്ണാടി, എല്ലോറ എന്നിങ്ങനെ ഏറെ ശ്രദ്ധേയമായ ഇരുപതോളം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.

എഴുത്തിലെ തന്റെ ഏകാന്തമായ ദേശാടനങ്ങളെപ്പറ്റി കെ.ബി. പ്രസന്നകുമാര്‍ സംസാരിക്കുന്നു.

കവി ആയിരുന്നുവോ കെ.ബി. പ്രസന്നകുമാര്‍ മുന്‍പും, എഴുത്തിന്റെ ആദ്യകാലത്തൊക്കെ? 

കവിത ഒരു മനോഭാവമാണ് എന്നാണ് ഞാന്‍ കരുതുന്നത്. കവിത എന്ന മനോജാലകത്തിലൂടെ നമുക്ക് എന്തിനേയും വ്യത്യസ്തമായി കാണാം, കേള്‍ക്കാം, മണക്കാം, രുചിക്കാം, തൊടാം. അനുഭവങ്ങളുടെ സൂക്ഷ്മതയോ വ്യതിരിക്തതയോ നിശ്ശബ്ദതയോ ഒക്കെ കവിതയാവാം. ഒപ്പം തന്നെ അത് കാരുണ്യവും സഹനവും ത്യാഗവും ഒക്കെയായി മാറും. എന്നാല്‍, ഒരു മാറിനില്‍പ്പും അതിലുണ്ട്. യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ടുകൊണ്ടു തന്നെ അതില്‍ നിന്നൊരു അകന്നുമാറലും. യാഥാര്‍ത്ഥ്യത്തിന്റെ ആവിഷ്‌കാരം ഒരിക്കലും കവിതയാവില്ല. യാഥാര്‍ത്ഥ്യത്തിലേക്ക് പ്രദീപ്തമാകുന്ന നോട്ടത്തിലൂടെ അതിന്നതീതമായ കാഴ്ച കവിതയില്‍ ആവശ്യമാണ്. അങ്ങനെ വരുമ്പോള്‍ കവിത ദര്‍ശനമാണ് എന്നു പറയാം. ലാവണ്യഭാസുരമായ ദര്‍ശനം. അത് നമ്മുടെ ജീവിതവ്യാപാരങ്ങളെ സര്‍ഗ്ഗാത്മകമാക്കാം. സാഹിത്യരൂപത്തിനപ്പുറം കവിത ജീവിതദര്‍ശനമാകുന്ന അവസ്ഥ. കവി എപ്പോഴും മറ്റൊരു വഴിയിലൂടെ നടക്കുന്നു. മുന്നില്‍ ഒരു വഴിയേ കാണാനുള്ളൂ എങ്കിലും. ആ 'മറ്റൊരു വഴി'യിലൂടെ നടക്കാന്‍ എനിക്കും തോന്നാറുണ്ട്.
  

മാർക്വേസ്
മാർക്വേസ്

യാത്രയുടേയും പ്രകൃതിയുടേയും മനോഹരമായ എഴുത്തുകള്‍ കൊണ്ടാണ് കെ.ബി. ഏറെ ശ്രദ്ധേയനായത്. യാത്രകള്‍ എന്നാണ് തുടങ്ങിയത്? വായനയുടെ മഹാദുര്‍ഗ്ഗങ്ങളും യാത്രയും തമ്മില്‍ എങ്ങനെയാണ് താങ്കളില്‍ ചേര്‍ന്നുനില്‍ക്കുന്നത്?
 
ആ വിധം ഏറിയ ശ്രദ്ധ ലഭിച്ചിട്ടുള്ള ആളൊന്നുമല്ലെന്ന് ഞാന്‍ പറയുന്നത് വിനയം നടിക്കുവാനല്ല. കുറച്ചുപേര്‍ ശ്രദ്ധിക്കുന്നുണ്ടാവാം. ഈയിടെ സുഹൃത്ത് എസ്. ഗോപാലകൃഷ്ണന്‍ ഒരു സ്വകാര്യഭാഷണത്തില്‍ പറഞ്ഞ കാര്യമുണ്ട്. സാഹിത്യത്തില്‍ ഇതൊരു പ്രളയകാലമാണ്. ശരിയാണ്. ഭാഷ പ്രതിസന്ധികള്‍ നേരിടുന്നുവെന്നു പറയുമ്പോഴും സാഹിത്യനിര്‍മ്മിതി നമ്മുടെ ഭാഷയില്‍ കൂടുകതന്നെയാണ്. ഒരുപക്ഷേ, ഒരു ഭാഷാസമൂഹം അര്‍ഹിക്കുന്നതിലുപരി സാഹിത്യം നിര്‍മ്മിക്കപ്പെടുന്ന സ്ഥലം. അങ്ങനെയൊരിടത്ത് ശ്രദ്ധ കിട്ടുക എന്നത് വലിയ വിഷമമാണ്. അതിനാലാണ് മുതിര്‍ന്ന എഴുത്തുകാര്‍ വരെ ഒരു കവിത എഴുതിയാല്‍ അത് സ്വയം ഫേസ്ബുക്കില്‍ അറിയിക്കുകയോ എടുത്തു ചേര്‍ക്കുകയോ ചെയ്യുന്നത്. ഒന്നു ശ്രദ്ധിക്കൂ എന്ന യാചനപോലെ. ആവശ്യമുള്ള കാര്യമല്ല അത്. അങ്ങനെ ശ്രദ്ധിപ്പിച്ചിട്ട് കാര്യമില്ലല്ലോ. 

ജീവിതത്തിന്റെ സര്‍ഗ്ഗാത്മകമായ ഒരു മുഖം എന്ന നിലയില്‍ യാത്രകളെ കാണാം. ഒരുപാട് പരിമിതികളിലൂടെയാണ് യാത്ര ചെയ്തു തുടങ്ങിയത്. ആ അലച്ചില്‍ നാലു പതിറ്റാണ്ടിലേക്കെത്തുന്നു. വിഭിന്നങ്ങളായ പ്രകൃതി പരിതോവസ്ഥകളിലൂടെ. കാട്, മലകള്‍, ആഴി മരുഭൂമി, നഗരങ്ങള്‍, ഗ്രാമങ്ങള്‍... ഇന്ന് ഇവയുടെ നേര്‍ചിത്രങ്ങള്‍ എഴുതേണ്ടതില്ല. ഉള്ളനുഭവങ്ങളും പാര്‍ശ്വദൃശ്യങ്ങളും സംസ്‌കാരാനുശീലനങ്ങളും മാത്രം പ്രസക്തമാകുന്നു. ബാക്കിയെല്ലാം സൈബറിടങ്ങളിലുണ്ട്. താര്‍ മരുഭൂമിയിലെ മഹാവിജനതയില്‍, ഒരിടത്ത് തന്റെ കുടില്‍ എന്നു പോലും പറയാനാവാത്ത ചെറിയ താവളത്തിന്റെ ശിഥിലമായ ചുവരില്‍ വിവിധ നിറങ്ങളിലുള്ള കല്ലുകള്‍കൊണ്ട് ചിത്രം വരയ്ക്കുന്ന ഒരു മരുവാസിയെ കണ്ടു. സര്‍ഗ്ഗാത്മകതയുടെ വലിയ വെളിപാട് പോലെ തോന്നി അത്. കാണാനോ കേള്‍ക്കാനോ ആരുമില്ലെങ്കിലും ഉള്‍മനസ്സിന്റെ ശാദ്വലതയില്‍നിന്ന് സ്വയംഭൂവാകുന്ന കല. വനാന്തരനിഗൂഢതയിലെ പാറക്കെട്ടില്‍, പ്രാചീനമായ ഒരു കാലത്ത്, മുകളില്‍നിന്നും പാറ കൊത്തിയടര്‍ത്തി എല്ലോറയിലെ കൈലാസ ക്ഷേത്രം രൂപപ്പെട്ടത് നിതാന്തമായ ഒരത്ഭുതമായിട്ടാണ് എനിക്കനുഭവപ്പെട്ടത്. സര്‍ഗ്ഗാത്മകതയുടെ അതിര്‍വരമ്പുപോലെ. ആ മഹാനുഭവത്തിനു മുന്നില്‍ സമര്‍പ്പിക്കുന്ന ചെറിയ പൂവാണ് 'എല്ലോറ' എന്ന പുതിയ കവിതാസമാഹാരം. ചിട്ടപ്പെടുത്തിയ വായനാ വഴിയില്ല. എന്നാല്‍, എങ്ങനെയൊക്കെയോ ശ്രേഷ്ഠമായ പുസ്തകങ്ങള്‍ ഇടയ്ക്കിടെ മുന്നിലെത്താറുണ്ട്. അന്‍പതു ദിവസം ഹിമധ്രുവപ്പരപ്പില്‍, കടുത്ത ഏകാന്തതയില്‍, അവനവനെ പ്രകൃതിയിലേക്ക് ധ്യാനഭരിതമാക്കി എര്‍ലിങ്ങ് കാഗ്ഗേ നടത്തിയ ഏകാന്തയാത്രയില്‍നിന്നാണ് walking, Silence എന്നീ പുസ്തകങ്ങള്‍ പിറവികൊണ്ടത്. ആ വിധം പുസ്തകങ്ങള്‍ മുന്നിലെത്തുന്നത് ഒരു ഭാഗ്യം തന്നെ. ചിലപ്പോഴെങ്കിലും 'മടിയിലെ പുസ്തകം വലിച്ചെറിഞ്ഞ് പരുന്ത് വട്ടംചുറ്റുന്നത് നോക്കുക' എന്ന് വിനയചന്ദ്രന്‍ മാഷ്. എങ്കിലേ കവിത മനസ്സിലാകൂ. 'രാവിന്റെ ഹൃദയമേ, അപ്പുരാതന ശോകരാഗമാലിക നിനക്കെങ്ങനെ വശമായി' എന്ന് രാത്രിയോട് ചോദിക്കാന്‍ മാഷ്‌ക്ക് കഴിഞ്ഞത് അതുകൊണ്ടാണ്.

ഗംഭീരമായ നിരവധി ലോക ക്ലാസ്സിക്കുകളെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തല്ലോ. ഇവയില്‍ ഏറ്റവും പ്രിയതരമായവ ഏതാണ്? 

ഞാനൊരു പ്രൊഫഷണല്‍ വിവര്‍ത്തകനല്ല. അതിനുള്ള ക്ഷമ എനിക്കില്ല. ഇഷ്ടപ്പെട്ട ചില പുസ്തകങ്ങള്‍ മാത്രമാണ് വിവര്‍ത്തനം ചെയ്തിട്ടുള്ളത്. അവയില്‍നിന്ന് ഒരു തെരഞ്ഞെടുപ്പ് വിഷമകരമാണ്.

ഓരോന്നും അതാതിന്റെ പ്രസക്തി ഉള്‍ക്കൊള്ളുന്നു. വ്യത്യസ്തമായ ഭാഷാരീതികളും ആഖ്യാനവഴികളുമാണ് ഓരോന്നിലുമുള്ളത്. വിവര്‍ത്തനം സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തനമാണെന്നാണ് എന്റെ വിശ്വാസം. ആ നിലയില്‍ വിവര്‍ത്തനത്തെ മലയാളം ഇനിയും കാണേണ്ടതുണ്ട് എങ്കിലും. 'ഇന്റിമേറ്റ് ആക്ട് ഓഫ് റീഡിംഗ്' എന്ന് ഗായത്രി ചക്രവര്‍ത്തി സ്പിവാക്. സൂക്ഷ്മമായ വായനയും സൂക്ഷ്മവും കലാപരവുമായ ഭാഷാവിനിമയവും ഇവിടെ ആവശ്യമാണ്. മൂലകൃതിയുടെ സാംസ്‌കാരിക സാമൂഹിക ഭൂമിക നന്നായി ഉള്‍ക്കൊണ്ടാലേ മികച്ച പരിഭാഷ സാദ്ധ്യമാകൂ. ഗാവോസിങ്ജിയാന്‍, മാര്‍ക്വേസ്, ഓര്‍ഹന്‍ പാമുക്ക്, റോബര്‍ട്ടോ കലാസോ എന്നിവരെ പരിഭാഷപ്പെടുത്തുമ്പോള്‍ വലിയ ശ്രമം ആവശ്യമായി വന്നു. തത്ത്വചിന്തയെ ഏറ്റവും ലളിതമായി പറയുവാനുള്ള പ്രയത്‌നം ജസ്റ്റിന്‍ ഗാര്‍ഡറെ പരിഭാഷപ്പെടുത്തുമ്പോള്‍ ആവശ്യമായിരുന്നു. ഒരു പര്‍വ്വത വഴിയിലൂടെയെന്ന വണ്ണം മാത്രമേ ശശി തരൂരിന്റെ ഇംഗ്ലീഷ് ഭാഷയിലൂടെ സഞ്ചരിക്കാനാവൂ. സുധീര്‍ കക്കര്‍, മിംലു സെന്‍, സാലിം അലി എന്നിവര്‍ വിഷയപരമായ പ്രത്യേകതകളാല്‍ നല്ല ഭാഷാജാഗ്രതയും പാഠശ്രദ്ധയും ആവശ്യപ്പെട്ടു. നീതിപൂര്‍വ്വവും ലാവണ്യാത്മകവുമായ വിവര്‍ത്തന പ്രകിയയാണ് പിന്തുടരാന്‍ ശ്രമിച്ചത്. 

ഗ്രിഗറി റെബാസ, Edith Grossman എന്നീ വിവര്‍ത്തകരാണ് മാര്‍ക്വേസിനെ പരിഭാഷപ്പെടുത്തി വിശ്വസാഹിത്യമണ്ഡലത്തില്‍ എത്തിക്കുന്നത്. വലിയ സാഹിത്യ സമ്മാനങ്ങള്‍ മൂലകൃതിയുടെ രചയിതാവിനും പരിഭാഷകനുമായി പങ്കുവയ്ക്കുന്നു. മലയാളത്തിലാവട്ടെ, പുസ്തകത്തിന്റെ മുന്‍കവറില്‍ പരിഭാഷകന്റെ പേര് വയ്ക്കാന്‍ പ്രസാധകര്‍ക്ക് മടിയാണ്. കൂലിയെഴുത്ത് എന്ന മട്ടില്‍ പരിഭാഷയെ കാണുന്ന രീതി നിലവിലുണ്ട്. 

റോബർട്ടോ കലാസോ
റോബർട്ടോ കലാസോ

കവിതയോട് ചേര്‍ന്നുനടക്കുന്ന നിരൂപണശ്രമങ്ങളും നിരവധി ലേഖനങ്ങളും പുസ്തകങ്ങളും അങ്ങയുടേതായി ഉണ്ടല്ലോ. നിരൂപണം/വിമര്‍ശനം നല്‍കുന്ന തെളിച്ചങ്ങളെപ്പറ്റി? 

എണ്‍പതുകളുടെ തുടക്കത്തില്‍ വായനയുടെ അനന്തജാലകങ്ങള്‍ തുറന്നു വരവേ, വിമര്‍ശനം വല്ലാതെ ആകര്‍ഷിച്ചു. മലയാളത്തില്‍ നവനിരൂപണത്തിന്റെ ധിഷണയും ലാവണ്യവും ജ്വലിതമായിക്കൊണ്ടിരുന്ന കാലങ്ങള്‍. മികച്ച വാരികകളില്‍ കവിതയ്ക്കും കഥയ്ക്കുമൊപ്പം ഒരുപക്ഷേ, അതിനേക്കാള്‍ പ്രാധാന്യത്തോടെ നിരൂപണ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന കാലം. വിമര്‍ശനത്തിന്റെ സര്‍ഗ്ഗാത്മകതയെക്കുറിച്ച് നവസംവാദങ്ങള്‍ രൂപപ്പെട്ടു. അതിന്റെ ഫലമായി ആദ്യകാല വിമര്‍ശകര്‍ മുതലുള്ളവര്‍ പുനര്‍വായിക്കപ്പെട്ടു. കുട്ടിക്കൃഷ്ണമാരാര്, എം.പി. ശങ്കുണ്ണി നായര്‍, ജി.എന്‍. പിള്ള, ഡോ. കെ. ഭാസ്‌കരന്‍ നായര്‍ എന്നിവരൊക്കെ പുതിയ രീതിയില്‍ വായിക്കപ്പെട്ടു. ഖസാക്ക് ഉള്‍പ്പെടെയുളള നോവലുകളിലേക്ക് നിരൂപണം പുതിയ ഉള്‍ക്കാഴ്ചകള്‍ തുറന്നു. സമാന്തര മാസികകള്‍ വിമര്‍ശനത്തിനു പ്രാധാന്യം നല്‍കി. സംക്രമണവും സമതാളവും ഉള്‍പ്പടെയുള്ളവ. സമതാളം മാസികയിലൂടെയാണ് വിമര്‍ശന ലേഖനങ്ങള്‍ ഞാനാദ്യം പ്രസിദ്ധീകരിക്കുന്നത്. കുഞ്ഞിരാമന്‍ നായരുടെ 'കളിയച്ഛന്‍' എന്ന കവിതയെക്കുറിച്ചായിരുന്നു ആദ്യ ലേഖനം. കുഞ്ഞിരാമന്‍ നായരേയും മറ്റും പുതിയ രീതിയില്‍ വായിക്കാന്‍ പ്രേരണ നല്‍കിയത് നവനിരൂപണമായിരുന്നു. കുട്ടിക്കൃഷ്ണമാരാരേയും ഭാസ്‌കരന്‍ നായരേയും പുനര്‍വായിക്കാന്‍ അവരെക്കുറിച്ചുള്ള കെ.പി. അപ്പന്റെ ലേഖനങ്ങള്‍ സഹായകമായി. പൊതുവില്‍ വിമര്‍ശകന്റെ നിലപാടുകള്‍, പ്രസക്തി എന്നിവയൊക്ക കൂടുതല്‍ സംവാദാത്മകമാക്കാന്‍ അപ്പന്‍ സാറിന്റെ നിരീക്ഷണങ്ങള്‍ക്കു കഴിഞ്ഞു. എങ്കിലും അതൊരു മൈനര്‍ ആര്‍ട്ടാണെന്ന വാദത്തോട് അപ്പന്‍ സാര്‍ ചേര്‍ന്നു നിന്നത് എന്തിനെന്നു വ്യക്തമായില്ല. അപ്പന്‍ സാറിന്റെ വിരുദ്ധോക്തിയാണോ അത്? ഏതായാലും അതു ശരിയായി തോന്നിയില്ല. എണ്‍പതുകളിലും തൊണ്ണൂറുകളിലും ആ വിമര്‍ശനസജീവതയുടെ ഭാഗമായി കുറേ ലേഖനങ്ങള്‍ എഴുതി. പിന്നീട് 'അതിജീവിക്കുന്ന വാക്ക്' എന്ന പുസ്തകവും. വിപുലമായ വായനയും സൂക്ഷ്മമായ മനനവും ആവശ്യമുള്ള പ്രവൃത്തിയാണ് നിരൂപണം. അതില്‍ യുക്തിയും യുക്ത്യാതീതവും ഇടകലരും. ഗദ്യരചനയുടെ ലാവണ്യം അതിനെ പ്രകാശമാനമാക്കും. അത് മൈനര്‍ ആര്‍ട്ടല്ല. കഥയും കവിതയും എഴുതി പരാജയപ്പെട്ടവരുടെ ഇടവുമല്ല. ആ വിധം ലളിതവല്‍ക്കരണങ്ങള്‍ നാമിനിയെങ്കിലും ഒഴിവാക്കണം. വിമര്‍ശകരെ 'എഴുത്തുകാര്‍' എന്നുപോലും പറയാത്ത ഒരു രീതി മലയാളത്തിലുണ്ട്. അതു നീതിയല്ല. സജീവമായ വിമര്‍ശനമേഖല സാഹിത്യത്തിന്റെ ആരോഗ്യത്തെയാണ് കാണിക്കുന്നത്. വിമര്‍ശകരെ പൊതുവേ തള്ളിപ്പറയുകയും എന്നാല്‍, സ്വകാര്യമായി തന്റെ കൃതികളില്‍ വിമര്‍ശകരുടെ ഇടപെടല്‍ ആഗ്രഹിക്കുകയും ചെയ്യുന്ന എഴുത്തുകാര്‍ ഇവിടെയുണ്ട്. നിരൂപണം മരിച്ചു എന്നു സ്ഥാപിച്ചാല്‍ അതൊരു വലിയ കാര്യമായി എന്നു വിചാരിക്കുന്നവരുമുണ്ട്. യഥാര്‍ത്ഥത്തില്‍ നിരൂപണം മരിച്ചാല്‍ സാഹിത്യത്തിന്റെ ലാവണ്യാത്മകമായ സംവാദമണ്ഡലമാണ് ഇല്ലാതെയാകുന്നത്. സാഹിത്യപാഠത്തിന്റെ അതിസൂക്ഷ്മമായ വായനയും ലാവണ്യാത്മക വിശകലനവും അതിന്റെ ദര്‍ശന പ്രഭാവങ്ങളും അവതരിപ്പിക്കുന്ന വി. രാജകൃഷ്ണന്‍ എന്ന സര്‍ഗ്ഗാത്മക വിമര്‍ശകനെപ്പോലും അര്‍ഹമായി വിലയിരുത്താന്‍ നമുക്കു കഴിഞ്ഞോ? മലയാളത്തിലെ മുതിര്‍ന്ന കഥ/നോവല്‍ രചയിതാക്കളോടൊപ്പം പരിഗണിക്കേണ്ട എഴുത്തുകാരനല്ലേ അദ്ദേഹം? വിമര്‍ശകന്റെ ശിരസ്സ് ഉയര്‍ന്നുനിന്ന ഒരുകാലത്തെ ഇല്ലാതാക്കിയത് ആരാണ്?
 

എൻവി കൃഷ്ണ വാര്യർ
എൻവി കൃഷ്ണ വാര്യർ

'എല്ലോറ' എന്ന പുസ്തകം താങ്കളുടെ രണ്ടാമത്തെ കവിതാസമാഹാരമാണ്. കവിയായിരിക്കുക എത്രമാത്രം എളുപ്പമാണ്, അല്ലെങ്കില്‍ ദുഷ്‌കരമാണ് മീഡിയാ വിപ്ലവത്തിന്റെ ഇക്കാലത്ത്? 

കവിതയെഴുത്ത് എളുപ്പമുള്ള കാര്യമല്ല. ഇക്കാലമത്രയും ശ്രമിച്ചിട്ടും അന്‍പതു കവിതയില്‍ കൂടുതല്‍ എഴുതാനായില്ല. സാഹിത്യ സംസ്‌കൃതിയുടെ അതിസൂക്ഷ്മങ്ങളായ ബലരേഖകള്‍ സംഗമിക്കുകയോ സമാന്തരപ്പെടുകയോ ചെയ്യുന്ന ഇടമാണ് കവിത. ഭാഷയുടെ, ചിന്തയുടെ വലിയൊരു ഫില്‍ട്ടറിങ്ങ്. മലയാളത്തില്‍ ഇന്ന് ഏറ്റവുമധികം എഴുതപ്പെടുന്നത് കവിതയാണ്. എന്നാല്‍, അത് സമകാലീന സംസ്‌കൃതിയില്‍ എന്തു മുദ്രയാണ് പതിപ്പിക്കുന്നത് എന്നതില്‍ എനിക്കു സംശയമുണ്ട്. മൂന്നരക്കോടിക്കുമേല്‍ ജനങ്ങള്‍ മലയാളം പറയുന്ന ഒരു ദേശത്ത്, കവിതയുടെ വലിയ ചരിത്ര പരിണാമങ്ങളില്‍കൂടി കടന്നുപോയ ഒരു ദേശത്ത്, ഒരു കവിതാ സമാഹാരം ഇരുന്നൂറോ മുന്നൂറോ കോപ്പികള്‍ മാത്രമേ അച്ചടിക്കപ്പെടുന്നുള്ളൂ എന്നത് നല്ല വിശേഷമല്ല. വിപുലമായ കവി മണ്ഡലം ഉള്ള സ്ഥലത്താണ് ഇതു സംഭവിക്കുന്നത്. മുന്‍പ് പറഞ്ഞ പ്രളയകാല സ്വഭാവം ഇന്ന് കവിതയിലുമുണ്ട്. എന്നാല്‍, ഈ പ്രളയം അവശേഷിപ്പിക്കുന്ന ചില ദൃഢമുദ്രകള്‍ നിശ്ചയമായും ഉണ്ട്. സൂക്ഷ്മമായ വായനയിലൂടെയേ കണ്ടെടുക്കാനാവൂ എന്നുമാത്രം. വൈചിത്ര്യത്തിനും വിഭ്രാന്തിക്കുമിടയിലൂടെ വായിച്ചു പോകണം. കവിതയുടെ ജനാധിപത്യവും പെരുപ്പവുമൊക്കെ കളിയാക്കപ്പെടുന്നതും ശരിയല്ല. കൂടുതല്‍ വരുമ്പോള്‍ അവശേഷിപ്പും കൂടാന്‍ സാദ്ധ്യതയുണ്ട്. നിശ്ചയമായും സമകാലീനതകൊണ്ട് മാത്രം നടത്തുന്ന അളവെടുപ്പുകള്‍ ശരിയാവണമെന്നില്ല. കവിതയിലെ കാലത്തെ നാം കുറേക്കൂടി വിശാലമായി കാണണം. യഥാര്‍ത്ഥത്തില്‍ പുതുകവിത എന്നൊക്കെ പറയുന്നതുതന്നെ സൂക്ഷിച്ചുവേണം. ഏറ്റവും ആധുനികമായ ബിംബകല്പനകളെ അതിശയിപ്പിക്കുന്ന കല്പനകള്‍ കണ്ണശ്ശ രാമായണത്തില്‍ കാണാം. താമരകള്‍ വിരിഞ്ഞുനില്‍ക്കുന്നതിനെ, 'തടാകജലോപരി തീയെരിയും പോല്‍' എന്നു പറയുന്നത് ശ്രദ്ധിക്കുക. അങ്ങനെയെത്രയെത്ര കല്പനകള്‍. കവിത മഹാപ്രവാഹമാണ്. അതിന്റെ കാലവും ആഴവും വഴക്കങ്ങളും രൂപബഹുലതയും ഭാവവൈവിധ്യവും കുറേക്കൂടി സമഗ്രതയോടെ മനസ്സിലാക്കേണ്ടതാണ്. ഈ ഭാഷ തന്നെ അസാധാരണമാംവിധം വഴക്കവും സാധ്യതയുമുള്ളതാണ് എന്നതാണ് വിവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ ബോധ്യം. അതിനാലാണ് ഖസാക്ക് പോലുള്ള ഒരു രചന സാദ്ധ്യമായത്. കണ്ണശ്ശന്മാരും എഴുത്തച്ഛനും നമ്പ്യാരും ഉണ്ണായിയും ആശാനും വൈലോപ്പിള്ളിയും കുഞ്ഞിരാമന്‍ നായരും സുഗതകുമാരിയും ആര്‍. രാമചന്ദ്രനും ഒക്കെ സംഭവിച്ചതും അതിനാല്‍ തന്നെ. പുതുകവിതയിലും അതിന്റെ പ്രകാശധാര തുടരുന്നു. കെ. രാജഗോപാലിനെപ്പോലെ ഒരു കവി പ്രകാശിപ്പിക്കുന്ന അടക്കവും സൂക്ഷ്മതയും കവിതാ ജാഗ്രതയും ശ്രദ്ധിക്കുക. അങ്ങനെ പലരും. ഗദ്യരൂപമാതൃക സ്വീകരിക്കുന്ന കവിതാരീതിക്കു തന്നെ മലയാളത്തില്‍ എട്ടു ദശാബ്ദങ്ങളുടെയെങ്കിലും ചരിത്രമുണ്ട്. തേവാടി നാരായണക്കുറുപ്പും വി.വി.കെ. വാലത്തും എത്രയോ മുന്‍പ് ആ രീതി അവതരിപ്പിച്ചു! 

'എല്ലോറ' സമകാലീനമായ കവിതാരീതികളുടെ മാര്‍ഗ്ഗത്തിലുളളതല്ലെന്ന് എനിക്ക് നന്നായറിയാം. അതേക്കുറിച്ച് കൂടുതല്‍ പറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. അതിന്റ പ്രസക്തി, അപ്രസക്തി എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ഞാന്‍ ആകുലപ്പെടുന്നില്ല. 

ഹിമാലയ യാത്രകള്‍ പലവുരു നടത്തിയല്ലോ. ഉത്തരാഖണ്ഡ് ആത്മീയമായ ദാഹം ശമിപ്പിക്കുന്ന ഒരിടം എന്ന വിവക്ഷയില്‍ ആണോ യാത്രാപഥമായി പലപ്പോഴും സ്വീകരിക്കുന്നത്? വായനയും എഴുത്തുമായി ഹിമസാനുക്കള്‍ എങ്ങനെയൊക്കെ അങ്ങയെ ബന്ധിപ്പിക്കുന്നു? 

ഹിമാലയം, പാരിസ്ഥിതികമായി ഭൂമിയില്‍ വളരെ പ്രാധാന്യമുള്ള സ്ഥലമാണ്. മൂന്നാം ധ്രുവം ആയി അതറിയപ്പെടുന്നു. അവിടെ സംഭവിക്കുന്ന കാലാവസ്ഥാവ്യതിയാനങ്ങള്‍ ഏഷ്യാ വന്‍കരയെത്തന്നെ ബാധിക്കുന്നു. ഉത്തര്‍ഖണ്ഡിന്റെ വൈവിധ്യമാണ് മറ്റൊരു ആകര്‍ഷണം. നിരവധി ഹിമാനികള്‍, സാന്ദ്രമായ വനങ്ങള്‍, പുല്‍മേടുകള്‍, ജനപദങ്ങള്‍, അസംഖ്യം അരുവികള്‍, സസ്യജാല വൈവിധ്യം, പുഷ്പവൈവിദ്ധ്യം എന്നിവയൊക്ക ഹിമാലയത്തെ അസമാനമാക്കുന്നു. ഈ ഭൂമിജാലം തന്നെയാണ് അതിനെ ധ്യാനഭൂമിയാക്കുന്നത്. ആത്മീയത പര്‍വ്വതബദ്ധമല്ല. ഏതു നഗരകവലകളിലും ആത്മീയമായ മനസ്സ് സൂക്ഷിക്കാം. എന്നാല്‍, ഹിമാലയത്തിലെ കാടുകളും മലകളും വലിയ പ്രേരണയാണ്. അതു സഞ്ചാരിയെ കൂടുതല്‍ ധ്യാനാത്മകതയില്‍ എത്തിച്ചേക്കാം. ഭൗതികേതരമായ ആത്മീയതയെ പരിഗണിക്കാത്ത ഗാന്ധി പോലും ഹിമാലയത്തെ ഇഷ്ടപ്പെട്ടു. അവിടെയിരുന്നു ഭഗവത് ഗീതയ്ക്ക് വ്യാഖ്യാനമെഴുതി. കൗസാനിയിലെ അനാസക്തി ആശ്രമത്തില്‍ 1929ല്‍ ഗാന്ധി താമസിച്ചു. ഉത്തരകാശിക്കടുത്തുള്ള നചികേത സരസ്സ്, ഗീതാഞ്ജലിയിലെ ചില ഖണ്ഡങ്ങള്‍ക്കു പ്രേരണയായി എന്നു കേട്ടിട്ടുണ്ട്. നെഹ്‌റു ഹിമാലയാരാധകനായിരുന്നു. റസ്‌കിന്‍ ബോണ്ട് ഇപ്പോഴും മുസ്സോറിയിലുണ്ട്. ഹിമഗിരിവിഹാരം രചിച്ച തപോവനസ്വാമികളെ ഓര്‍ക്കുന്നു. തുംഗനാഥിലെ രാവണശിലയില്‍ കൈലാസാഭിമുഖമായി ഇരുന്നാണ് രാവണന്‍ 'ജടാ കടാഹ സംഭ്രമഭ്രമനിലിമ്പനിര്‍ഝരി' എന്നു തുടങ്ങുന്ന ശിവസ്‌തോത്രം എഴുതിയത് എന്നത് ഗംഭീരമായ സങ്കല്പമാണ്. ആത്മീയ ബോധത്തിന്റെ ഭൂമിക എന്ന നിലയില്‍ ഹിമാലയം പലര്‍ക്കും പ്രേരണയാണ്. അപകടം നിറഞ്ഞ വഴികള്‍ക്കപ്പുറം ചില ശാന്തിമേഖലകള്‍ അതു സമ്മാനിക്കുന്നു. പര്‍വ്വതപഥങ്ങളിലൂടെയുള്ള സഞ്ചാരം അവനവനിലൂടെ ഉള്ള സഞ്ചാരം കൂടിയായി മാറുന്നു. രാജന്‍ കാക്കനാടന്റെ നടത്തം ഓര്‍മ്മിക്കുക. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ഉത്തര്‍ഖണ്ഡിലെ പല മേഖലകളിലൂടെ സഞ്ചരിക്കുന്നു. പര്‍വ്വതീയരുടെ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ക്കിടയിലൂടെ. നിശ്ചയമായും അവരുടെ ജീവിത ദുരിതങ്ങള്‍ക്കിടയിലൂടെയും. പര്‍വ്വത രജതശിരസ്സുകളും വനങ്ങളും ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നു. വീടിന്റെ ജനാല ബദരി നീലകണ്ഠ പര്‍വ്വതത്തിന്റെ ശൃംഗദീപ്തിയിലേക്ക് ചിലപ്പോള്‍ തുറക്കാന്‍ കഴിയുന്നു. ഹിമാലയത്തിലെ അഞ്ച് മഹാശിവസ്ഥാനങ്ങളാണ് പഞ്ചകേദാരങ്ങള്‍ എന്നറിയപ്പെടുന്നത്. ഋഷഭരൂപിയായ ശിവന്റെ അഞ്ച് ഭാഗങ്ങള്‍. മുഖം, കൈകള്‍, നാഭി, മുതുക്, ജട എന്നിങ്ങനെ. പഞ്ചകേദാര സ്ഥാനങ്ങളിലായി വിരാട് രൂപം കൊളളുന്ന മഹാ പ്രകൃതിഭാവം തന്നെ ശിവസങ്കല്പമായി മാറുകയാണിവിടെ. ജടാ സ്ഥാനമായ കല്‌പേശ്വറില്‍ മൂര്‍ത്തിയോ പൂജയോ ഇല്ല. വ്യോമകേശനാണ് ഇവിടെ ശിവന്‍. ആകാശവും വനങ്ങളും തന്നെ. ദൈവപ്രകൃതിയിലേക്കുള്ള തീര്‍ത്ഥാടകന്റെ ഉയര്‍ച്ചയാണ് ഇവിടെ സംഭവിക്കുന്നത്. മഹാപ്രകൃതിയിലേക്കുള്ള പ്രാര്‍ത്ഥനകള്‍. ഒപ്പം, അവനവനിലേക്കുള്ള ധ്യാനാത്മകമായ ഉണര്‍വ്വും. അതൊക്കെ സാമ്പ്രദായിക ആത്മീയതയില്‍ നിന്നും ഭിന്നമാണ്. ആരാധന ഒരുതരം പ്രകൃതിലയമാണ്. അതു നമ്മെ ദമം ശീലിപ്പിച്ചേക്കാം. അഹത്തില്‍നിന്നുള്ള മുക്തി ഉണ്ടാക്കിയേക്കാം. യാത്രയിലെ ഉള്‍ക്കാഴ്ചകളാണ് എഴുതാന്‍ ശ്രമിക്കാറ് . അത് കവിതയുമായി ചേര്‍ന്നുനില്‍ക്കുന്നു. ഉള്ളിലൂടെ ഒരു ഗംഗ.

മലയാളത്തിലെ പുതിയ കവിതയെ, സോഷ്യല്‍ മീഡിയകളുള്‍പ്പെടെ മുന്നോട്ടു വയ്ക്കുന്ന കാവ്യവിപ്ലവങ്ങളെ എങ്ങനെ വിലയിരുത്തുന്നു? കവിത രാഷ്ട്രീയമായ ആയുധമാക്കാന്‍ നമ്മുടെ എഴുത്തുകാര്‍ അശക്തരാണോ? പരിസ്ഥിതി, പ്രകൃതിവിനാശങ്ങള്‍ കവിതയില്‍ എത്രയൊക്കെ സംബോധന ചെയ്യപ്പെടുന്നുണ്ട്? 

സോഷ്യല്‍ മീഡിയയില്‍ മുഴുകാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ശ്രദ്ധിക്കാറുണ്ട്. അത് ഒരുപാട് സാധ്യതകള്‍ മുന്നോട്ടുവയ്ക്കുന്നു. പത്രാധിപത്യ സങ്കല്പങ്ങളെ അത് തകിടംമറിക്കുന്നു. പക്ഷേ, എഴുത്തിന്റെ ജാഗ്രതയും ശ്രദ്ധയും സൃഷ്ടിപരതയും ലാവണ്യവും തന്നെ പ്രധാനം. വാക്ക് സത്യസന്ധമായിരിക്കണം. ആത്മരതിയുടെ വിളയാട്ടങ്ങളില്‍ എന്തര്‍ത്ഥമാണുള്ളത്? സംവാദങ്ങളുടെ സര്‍ഗ്ഗാത്മകതയ്ക്ക് വലിയ സാധ്യത ഇവിടെയുണ്ട്. എന്നാല്‍, അതെത്രമേല്‍ ഗുണപരമായി ഉപയോഗിക്കപ്പെടുന്നു എന്നത് സംശയകരമാണ്.

​ഗായത്രി ചക്രവർത്തി സ്പിവാക്
​ഗായത്രി ചക്രവർത്തി സ്പിവാക്

കവിതയെന്നല്ല, ഏതു സാഹിത്യരൂപവും രാഷ്ട്രീയമായി ആയുധപ്പെടാം. എന്നാല്‍, പ്രകട രാഷ്ട്രീയത്തിന്റെ വഴി കവിതയില്‍ വിജയിക്കാറില്ല. സൂക്ഷ്മരാഷ്ട്രീയത്തിന്റെ സത്തകളുള്‍ക്കൊണ്ട കവിതകളേ മലയാളത്തില്‍ രാഷ്ട്രീയകവിതയെ നിര്‍ണ്ണയിക്കുന്നുള്ളൂ. പുരോഗമന സാഹിത്യവഴിയില്‍ നിര്‍മ്മിതമായ അസംഖ്യം കവിതകള്‍ പിന്‍മറഞ്ഞുപോയത് അതു കൊണ്ടാണ്. ഇടശ്ശേരി, വൈലോപ്പിള്ളി എന്നിവരൊക്കെ അവതരിപ്പിച്ച, സൂക്ഷ്മ രാഷ്ട്രീയത്തിന്റെ നീരൊഴുക്കുള്ള കവിതകള്‍ നിലനില്‍ക്കുന്നു. ഒളപ്പമണ്ണയിലും എന്‍.വിയിലും സുഗതകുമാരിയിലും വിഷ്ണുനാരായണനിലുമൊക്കെ അതുണ്ട്. ആധുനിക കവിത സൂക്ഷ്മമായും പ്രകടമായും രാഷ്ട്രീയം സംസാരിക്കുന്നു. ഏറ്റവും പുതിയ കവിത രാഷ്ട്രീയവും നൈതികതയും പാര്‍ശ്വവല്‍കൃതരുടെ പ്രശ്‌നങ്ങളും ലിംഗവിവേചനങ്ങളുമൊക്കെ പ്രമേയപരമായി മുന്നോട്ടുവയ്ക്കുന്നുണ്ട്. ചിന്തയിലെ സമാന്തരത കേരളത്തില്‍ ശക്തമാണ്. ഒപ്പം കലാസാഹിത്യ ദര്‍ശനങ്ങളുടെ, ചിത്രകലയുടെ, ശില്പകലയുടെ, സംഗീതത്തിന്റെ ഒക്കെ സമാന്തരത. പക്ഷേ, ജീര്‍ണ്ണമായ രാഷ്ട്രീയ ഉപരിബോധവും ശിഥിലമായ കലാധാരണകളും നമ്മുടെ പൊതുബോധത്തെ, സാമൂഹ്യധാരണകളെ ഭരിക്കുകയും ചെയ്യുന്നു. കേരളത്തെ സംബന്ധിച്ച് വല്ലാത്തൊരു വൈരുദ്ധ്യമാണിത്. ഏറ്റവും പുതിയ തലമുറ ഇതിനെ അതിജീവിച്ചേക്കാം. പക്ഷേ, അതില്‍ എഴുത്തുകാരുടെ ഇടപെടല്‍ കാര്യമായി ഉണ്ടാവണമെന്നില്ല. കാരണം എഴുത്ത് അത്രമേല്‍ സാമൂഹിക ശ്രദ്ധ ഇന്നു നേടുന്നില്ല. അത്രമേല്‍ ശ്രദ്ധിക്കപ്പെടേണ്ടവരായി എഴുത്തുകാരെ ഇന്ന് സമൂഹം പരിഗണിക്കുന്നില്ല. എഴുത്തിന്റെ സത്യസന്ധതയാലും ആഴത്താലും മാത്രമേ ഇന്നത് നിലനില്‍ക്കുന്നുള്ളൂ. അഞ്ഞൂറോളം പേര്‍ പുസ്തകത്തിന്റെ കവര്‍ പ്രകാശനത്തില്‍ പങ്കെടുക്കുകയും പുസ്തകം ഇരുന്നൂറ് കോപ്പി മാത്രം അച്ചടിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണിന്നുള്ളത്. കാവാലത്തിന്റെ 'അവനവന്‍ കടമ്പ'യില്‍ 'ഒന്ന് കൂടിക്കൊട് പാട്ടുപരിഷേ' എന്നു പറയുന്നതു പോലെ. 'ദാ പിടിച്ചോ ആട്ടപ്പണ്ടാരമേ' എന്ന മട്ടില്‍ ഒരു എഫ്.ബി. പ്രയോഗവും. അതേ, ഇതു പ്രളയകാലം തന്നെ. വാക്കിന്റെ നേരിനാലേ അതിജീവിക്കാന്‍ കഴിയൂ. വാക്കിന്റെ ജീവിത ലാവണ്യത്താലും.

സമകാലീന നോവല്‍, ചെറുകഥ എന്നിവ കേരളീയ സംസ്‌കാര ചരിത്രത്തേയും പ്രാദേശിക ജീവിതത്തേയും രാഷ്ട്രീയ ധാരകളേയും എങ്ങനെയൊക്ക അഭിസംബോധന ചെയ്യുന്നു? 

ധാരാളം നോവലുകള്‍ ഇറങ്ങുന്ന കാലമാണിത്. ഡിറ്റക്ടീവ് നോവലുകളും ധാരാളം. കേരളത്തിന്റെ ചരിത്രവും പ്രാദേശിക സംസ്‌കൃതികളും നോവലെഴുത്തില്‍ സജീവമായി കടന്നുവരുന്നു. ചരിത്രം അടിമുടി വിമര്‍ശകനാത്മകമായി അവതരിപ്പിക്കപ്പെടുന്നു. അതിനെ ഫിക്ഷന്‍ മാത്രമായി വായിക്കണമെന്നും പറയുന്നു. ചരിത്രത്തെ എങ്ങനെ ഫിക്ഷന്‍ ആക്കാമെന്നതിനു മാനദണ്ഡങ്ങള്‍ ഒന്നുമില്ല. ചരിത്രത്തിന്റെ അന്തര്‍ധാരകളിലെ സങ്കീര്‍ണ്ണതകളും രാഷ്ട്രീയവും ചിത്രീകരിക്കുമ്പോള്‍, തകിടം മറിക്കുക എന്നതല്ല, വൈരുദ്ധ്യങ്ങള്‍ കണ്ടെത്തുക എന്നതാണ് പ്രധാനമെന്നു തോന്നുന്നു. ജീവിച്ചിരുന്ന ഒരാള്‍ ജീവിച്ചിരുന്നില്ല എന്ന് ഫിക്ഷനലൈസ് ചെയ്യാം . അതു സ്വാതന്ത്ര്യവും ഭാവനയുമാണ്. അതു ചെയ്യുമ്പോള്‍ അതിനൊരു ലക്ഷ്യതലം വേണം. ചരിത്രത്തില്‍ അപ്രധാനമായവരെ, ഇല്ലാത്തവരെ വരെ സി.വി. രാമന്‍പിള്ള ആഖ്യായികയില്‍ കൊണ്ടുവന്നു. വലിയൊരു ഭാവനാശില്പത്തിലേക്കോ ചരിത്ര നിഗൂഢതയിലേക്കോ കാലദര്‍ശനത്തിലേക്കോ ആണ് സി.വി. അവരെ തുറന്നുവിട്ടത്. ചരിത്രത്തിന്റെ അനീതിയിലും ചോരയിലും ചവുട്ടിയാണ് ആനന്ദിന്റെ കഥാപാത്രങ്ങള്‍ സംവദിക്കുന്നത്  ഭ്രാതൃഹത്യകളുടെ ദുരന്തഭൂമിയിലൂടെ കസന്‍ ദ് സാക്കിസ് ദു:ഖഭരിതമായ കണ്ണുകളോടെ നടന്നുപോകുന്നത് ഓര്‍ക്കൂ. ചരിത്രമാകട്ടെ, പ്രാദേശികതയാകട്ടെ, നോവലില്‍ അവ സവിശേഷമായ കാലസഞ്ചാരം നേടിയിരിക്കണം. പ്രാദേശിക സംസ്‌കൃതികളുടെ പ്രഭാവം ഇന്ന് കേരളത്തില്‍ എവിടെയാണുള്ളത്? വലിയൊരു സൂപ്പര്‍ മാര്‍ക്കറ്റായ കേരളത്തില്‍? കേരളത്തിലെ കഴിഞ്ഞ രണ്ട് മൂന്ന് ദശകങ്ങളിലെ കക്ഷിരാഷ്ട്രീയം നമ്മുടെ നാടിനെ വലിയ ശൈഥില്യങ്ങളിലേക്ക് എത്തിച്ചിട്ടില്ലേ? എന്തുകൊണ്ട് അത് നോവലൊഴുക്കിന്റെ ഈ കാലത്ത് പ്രമേയമായി മാറാതിരിക്കുന്നു? നാം ഏറെക്കുറെ വിജയിച്ചിരിക്കുന്നത് ജാതി എന്ന കേരള സംസ്‌കൃതിയുടെ ആന്തരിക പ്രതിസന്ധിയെ ചൂണ്ടിക്കാട്ടുന്നതില്‍ മാത്രമാണ്. പക്ഷേ, നോവല്‍, ചൂണ്ടിക്കാട്ടല്‍ മാത്രമല്ല. അത് ലാവണ്യശില്പവും കൂടിയാണ്. ലാവണ്യം എന്നത് സൗന്ദര്യം എന്ന കേവലാര്‍ത്ഥത്തിലല്ല പറയുന്നത്. വ്യക്തിയും സമൂഹവും എല്ലാം ഉള്ളടങ്ങുന്ന, ദര്‍ശനസിത്തകൂടി ഉള്ളടങ്ങുന്ന, അകലോകങ്ങളുടെ ആവിഷ്‌കാരം എന്ന നിലയില്‍ കൂടിയാണ്. ജീവിതത്തിന്റെ ലവണാഭ നിറഞ്ഞത്. ഭാഷയുടെ സവിശേഷമായ ഉപയോഗം നമ്മുടെ എക്കാലത്തേയും മികച്ച കൃതികളിലുണ്ട്. ഭാഷയുടെ സര്‍ഗ്ഗാത്മകമായ ഉപയോഗം. ഏറ്റവും പുതിയ കാലത്തെ നോവലില്‍ ഭാഷയുടെ ജൈവകാന്തി വേണ്ടവിധം പ്രഭാവപ്പെടുന്നില്ല. 'സുന്ദരികളും സുന്ദരന്മാരും' എന്ന നോവലില്‍ സമൂഹവും ചരിത്രവും വ്യക്തിയുടെ അന്തച്ചോദനകളും എത്രമേല്‍ ജാഗ്രതയോടെ അവതരിപ്പിച്ചിരിക്കുന്നു എന്നു നോക്കൂ. നമ്മുടെ നോവലിന്റെ പ്രമേയഘടനകളിലെ വൈപുല്യം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ബുധിനിപോലുള്ള ഒരു രചനയുടെ പാന്‍ ഇന്ത്യന്‍ സ്വഭാവം ഓര്‍ത്തു നോക്കൂ. അതില്‍ കൃത്യമായ രാഷ്ട്രീയവും പാരിസ്ഥിതിക മാനവുമുണ്ട്. ബൈബിളും ഭാരതീയേതിഹാസങ്ങളുമൊക്കെ വ്യത്യസ്തമായി ഉപയോഗിക്കപ്പെടുന്ന നോവലുകള്‍. ബുദ്ധന്‍ പ്രമേയമായിവരുന്ന ശ്രദ്ധേയമായ നോവലുകള്‍ അടുത്തകാലത്തുണ്ടായി. ഗാന്ധിയുടെ ആത്മവിചിന്തനത്തിന്റെ രീതിയില്‍ നോവലുണ്ടായി. അവയൊക്കെത്തന്നെ ചരിത്രവും തത്ത്വചിന്തയുമായുള്ള അര്‍ത്ഥപൂര്‍ണ്ണമായ ആദാനപ്രദാനങ്ങളുടെ ഭാഗമാണ്. പലതിലേക്കും നമ്മുടെ ശ്രദ്ധ വേണ്ടത്ര കടന്നുചെല്ലുന്നില്ല. 

കുട്ടികൃഷ്ണമാരാര്
കുട്ടികൃഷ്ണമാരാര്

പുസ്തകനിരൂപണം അര്‍ത്ഥവത്തായും തീക്ഷ്ണമായും വരാത്തതിന്റെ കുഴപ്പമാണിത്. വാരികകള്‍ക്ക് അതില്‍ താല്പര്യമില്ല. ഒറ്റപ്പെട്ട നല്ല എഴുത്തുകളെ സോഷ്യല്‍ മീഡിയയും കാര്യമായി പരിഗണിക്കാറില്ല. നിശ്ചയമായും ഒരുപാട് സാധ്യതകള്‍ സമകാലീന നോവല്‍ മുന്നോട്ടുവയ്ക്കുന്നു. പക്ഷേ, എന്തെല്ലാം അഭാവങ്ങള്‍ ആ മേഖലയില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. സംഘകാലത്തെ കാലഭൂമികയിലുള്ള, നേര്‍മലയാള നോവല്‍ പോലും തമിഴ്‌നാട്ടില്‍ പരിഭാഷയിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു എന്നത് നാം ഓര്‍ക്കേണ്ടതാണ്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com