ഗന്ധങ്ങളുടെ ആത്മകഥയില്‍നിന്നുള്ള ഭാഗം

സാധാരണ പൂച്ചയുടെ നാലിരട്ടി വരുന്ന കാട്ടുപൂച്ച. ചെറിയൊരു പുലി. ഒരിക്കല്‍ കൂട്ടില്‍ അകപ്പെട്ടു. വനംവകുപ്പുകാര്‍ വന്നു കൊണ്ടുപോയി. 
 ഗന്ധങ്ങളുടെ ആത്മകഥയില്‍നിന്നുള്ള ഭാഗം

കുട്ടിക്കാലം. കുടുംബക്കാവ്. നാലേക്കറോളം സ്ഥലത്ത് പടര്‍ന്നുകിടക്കുകയാണ്. കൊടുംകാടാണ്. കുളം, വന്‍മരങ്ങള്‍, സൂക്ഷ്മജീവികള്‍, വവ്വാലുകള്‍... വല്ലാത്ത ലോകം. വനദുര്‍ഗ്ഗയാണ് പ്രതിഷ്ഠ. എന്നുവെച്ചാല്‍ പ്രകൃതി തന്നെ. വനദേവത. അതിന്റെ പരിസരത്താണ് ഞാന്‍ താമസിക്കുന്നത്. അമ്മ വളര്‍ത്തുന്ന കോഴികളെ പിടിക്കാന്‍ കാവില്‍നിന്നു വള്ളിപ്പൂച്ച ഇറങ്ങിവരും. സാധാരണ പൂച്ചയുടെ നാലിരട്ടി വരുന്ന കാട്ടുപൂച്ച. ചെറിയൊരു പുലി. ഒരിക്കല്‍ കൂട്ടില്‍ അകപ്പെട്ടു. വനംവകുപ്പുകാര്‍ വന്നു കൊണ്ടുപോയി. 


എന്റെ ബാല്യകാലം ആ കാവിനുള്ളിലായിരുന്നുവെന്നു പറയാം. ഒരു ദിവസം ഞാനും അമ്മൂമ്മയും കൂടി കാവിലേയ്ക്ക് വരികയാണ്. അമ്മൂമ്മയുടെ ചുമതലയിലാണിപ്പോള്‍ കാവ്. ചുറ്റും നോക്കി അമ്മൂമ്മ ഒന്നു മൂക്കു വിടര്‍ത്തിയിട്ടു പറഞ്ഞു: മറ്റേ കള്ളന്‍ വന്നു പാര്‍ക്കുന്നുണ്ട്. 
ഞാന്‍ ചോദിച്ചു: എങ്ങനറിയാം. 
'ഓടല്‍വള്ളി ചതഞ്ഞ മണം കിട്ടുന്നുണ്ട്. അവന്‍ അതിന്റെ മെത്തയിലാണ് കിടക്കുന്നത്. ആകാശത്ത്.'
ഞാന്‍ മണം പിടിച്ചുനോക്കി. കിട്ടുന്നില്ല. പക്ഷേ, പല മാതിരി കാടിന്റെ ഗന്ധം കിട്ടുന്നുണ്ട്. 
അമ്മൂമ്മ ശ്രദ്ധിച്ചു: ശ്വാസം വലിക്കുമ്പോ ആ ശ്വാസമെങ്ങോട്ടു പോകുന്നെന്ന് ശ്രദ്ധിച്ചാല്‍ മതി. ഉള്ളീക്കേറുന്ന കാറ്റിന്റെ കൂടെ മനസ്സ് പോകണം. 
ഞാന്‍ കാറ്റുവലിച്ചെടുത്തു. അത് വയറിലേയ്ക്കല്ല. ചെവിയില്‍നിന്ന് തലയിലേയ്ക്കാണ് പോകുന്നത്. ഇപ്പോഴെനിക്ക് കിട്ടുന്നുണ്ട്. പല ചെടികള്‍ സംസാരിക്കുന്നു. അവ മൂക്കു പിഴിയുന്നു. കരയുന്നു. ചിരിക്കുന്നു. പച്ചഗന്ധം. പക്ഷേ, അതിലേതാണ് ഓടല്‍വള്ളിയുടേത്?
പറഞ്ഞുതീര്‍ന്നില്ല. കാവിനു മുന്നിലെ ചരല്‍ റോഡില്‍ ഉരഞ്ഞ് ഒരു ജീപ്പു വന്നുനിന്നു. രണ്ടു പൊലീസുകാര്‍ ഇറങ്ങിവന്നിട്ടു ചോദിച്ചു: 
ആ കള്ളനില്ലേ. ചെത്തുകാരന്‍. ഇവിടെങ്ങാനും കണ്ടാരുന്നോ അമ്മാ അവനെ? പലരും പറയുന്നത് ഇതിന്റകത്താ താമസമെന്നാ...
അമ്മൂമ്മ പറഞ്ഞു: ആ പറഞ്ഞവനെ ഇങ്ങു വിളിക്ക്. ഇതു ഞങ്ങളുടെ കാവാ. ഞാനാ ഇത് നോക്കുന്നത്. ഇവിടൊരുത്തനും കേറത്തില്ല.
പൊലീസുകാര്‍ മടങ്ങിപ്പോയി. 
അമ്മൂമ്മ എനിക്ക് ഓടല്‍വള്ളി കാണിച്ചുതന്നു. വലിയ പഴുത്ത ഇലഞ്ഞിക്കായ പോലിരിക്കുന്ന ഓടപ്പഴം. അമ്മൂമ്മ മൂന്നാലെണ്ണം പറിച്ചു തന്നു. പുളിമധുരം. പെട്ടെന്ന് പച്ചപ്പിന്റെ ആകാശമൊന്നു കുലുങ്ങി. ഓടല്‍വള്ളി ചതയുന്ന ഗന്ധം എനിക്ക് കിട്ടി; പിന്നെ ഒരിക്കലും മറന്നുപോകാത്ത തരത്തില്‍ സ്പഷ്ടമായി. ലക്ഷക്കണക്കിന് ഗന്ധത്തെ വേറിട്ട് ഗന്ധിക്കാനുള്ള മനസ്സിന്റെ ശക്തി ഭയങ്കരമാണ്. ഇന്നും ആ കാവിലെ, ഓടല്‍വള്ളിയൊന്ന് ഉലഞ്ഞാല്‍, ഒന്നു ചതഞ്ഞാല്‍ എനിക്കത് കിട്ടും. 
ഉലഞ്ഞ വള്ളിയില്‍നിന്നു കള്ളന്‍ ഇറങ്ങിവന്നു. ഇപ്പോള്‍ ഓടലിന്റേതല്ല ഗന്ധം. കള്ളും കുട്ടിക്യൂറ പൗഡറും ചേര്‍ന്ന ഒന്ന്. കള്ളന്‍ ഒന്നനങ്ങിയാല്‍ കള്ള്. ഒന്ന് ചരിയുമ്പോള്‍ പൗഡര്‍ മണം. 
കള്ളന്‍ ബീഡിക്കു തീ കൊളുത്തി. എല്ലാറ്റിനേയും വിഴുങ്ങി ആ ഗന്ധമായി. അമ്മൂമ്മ പറഞ്ഞു: കുറ്റി ഇവിടെങ്ങും ഇടരുത്. 
'അറിയാം അമ്മാ' എന്നു പറഞ്ഞ് അവന്‍ മടി തുറന്നുകാണിച്ചു. കുത്തിയണച്ച ആറേഴു ബീഡിത്തുണ്ടുകള്‍. ഓടല്‍വള്ളിയില്‍ കിടന്ന് കള്ളന്‍ വലിച്ചതാണ്. 
കള്ളന്‍ എന്നെ വാത്സല്യത്തോടെ നോക്കി. തലയില്‍ തടവാന്‍ നോക്കിയപ്പോ, ഞാന്‍ 
പേടിച്ച് പിന്നാക്കം മാറി. അയാള്‍ കടന്നുപോയി. 
മുതിര്‍ന്നു വരവേ അദ്ദേഹത്തിനെ പലപ്പോഴും കണ്ടു. ഞങ്ങളുടെ വീടുകള്‍ തമ്മില്‍ ഇരുനൂറ്റന്‍പത് മീറ്ററിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ഭയത്തിന്റെ അകല്‍ച്ച വലുതാണ്. 
ചെറുപ്പകാലത്ത് ചില മോഷണത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നേയുള്ളൂ. പിന്നെ വിട്ടു. എന്നിട്ടും പേരു വീണു. ഞാന്‍ ജീവചരിത്രമെഴുതിയ 'തസ്‌കരന്‍' അത് പറഞ്ഞിട്ടുണ്ട്. അവര്‍ ഒരുമിച്ച് പോയിട്ടുണ്ട്. പിന്നെ ചെത്തുകാരനായി മാറി അദ്ധ്വാനിച്ചു ജീവിക്കാന്‍ തുടങ്ങി. തന്റേടത്തിന് ഒരു കുറവുമില്ലായിരുന്നു. 
ഇടയ്ക്ക് ഷാപ്പ് മുതലാളിയുമായി അഭിപ്രായ വ്യത്യാസമുണ്ടായി. ഒറ്റ രാത്രി. കട്ട കെട്ടിയ ഷാപ്പ് ഒറ്റയ്ക്ക് ഇടിച്ചുനിരത്തിക്കളഞ്ഞു. മുതലാളി ക്വട്ടേഷന്‍ കൊടുത്തു; സഹചെത്തുകാര്‍ക്കു തന്നെ. അവര്‍ കാത്തുനിന്നു. ചെത്തുകത്തികൊണ്ട് ചുറ്റും നിന്നു വെട്ടിപ്പിരുത്തു. നടുറോഡില്‍, പട്ടാപ്പകല്‍. അണ്ണന്റെ കുടല്‍മാല മുഴുവന്‍ വെളിയിലായി. റോഡിലേയ്ക്ക് വീഴാതെ ഇടംകൈകൊണ്ട് അമര്‍ത്തിപ്പിടിച്ചു. വലംകൈ അറ്റ് ഒരു തൊലിയില്‍ ഞാന്ന് ആടുകയാണ്; വീഴണോ വേണ്ടയോ എന്ന മട്ടില്‍. 'എനിക്ക് ഒരു തോര്‍ത്തു തരാനെങ്കിലും ധൈര്യമുള്ള... ളികള്‍ ഇല്ലേടാ ഇക്കൂട്ടത്തില്‍' എന്നു അണ്ണന്‍ വിളിച്ചു ചോദിച്ചു. ഒരാള്‍ തോര്‍ത്തു കൊടുത്തു. അതു വാങ്ങി കുടലിനെ പൊതിഞ്ഞു. 'ഇതൊന്ന് വലിച്ചുമുറുക്കി കെട്ടാന്‍ ആരേലുമുണ്ടോടാ ആണുങ്ങളായി...' എന്നു ചോദിച്ചു. ഒരാള്‍ ചെയ്തു കൊടുത്തു. ശേഷം ഓട്ടോയില്‍ കയറി ചോരയില്‍ കുളിച്ച് ആശുപത്രിയിലേയ്ക്ക് പോയ ആളാണ്. 
പിന്നീട് ചലനമില്ലാതെ ചത്തുകിടക്കുന്ന വലംകയ്യുമായിട്ടാണ് അണ്ണനെ കണ്ടിട്ടുള്ളത്. പക്ഷേ, തലയെടുപ്പിന് ഒരു കുറവുമില്ലായിരുന്നു.
ഒരു തെങ്ങിന്‍ തോപ്പില്‍ ഞങ്ങള്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ പന്ത് കൊന്നത്തെങ്ങിന്റെ മണ്ടയില്‍ കുടുങ്ങി. ഒരു കൂട്ടുകാരന്‍ കയറി. പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അതാ നടന്നു വരുന്നു അണ്ണന്‍. കുട്ടികളെല്ലാം വിരണ്ടു. ചിലര്‍ ഓടി. അണ്ണന്‍ അലറി: ആരാടാ ചെത്തുതെങ്ങില്‍ കയറിയത്. 
അപ്പോഴാണ് ഞങ്ങളതു ശ്രദ്ധിക്കുന്നതു തന്നെ. ചെത്തുന്ന തെങ്ങായിരുന്നോ? ഇപ്പഴും ഒരു ചെത്തുകാരന്‍ അങ്ങേരുടെ ഉള്ളില്‍ കിടക്കുന്നു. 
ഞാന്‍ അറച്ചുവിറച്ചു പറഞ്ഞു: അണ്ണാ, അടിച്ചപ്പോ പന്തു തങ്ങിയതാ...
എന്നെ അറിയാം. ഒന്നു മൂളി. നടന്നുപോയി. 
കൂട്ടുകാര്‍ അദ്ഭുതത്തോടെ എന്നെ നോക്കി. പഴയ പരിചയം ഞാന്‍ പറഞ്ഞില്ല. 
അണ്ണനെ അന്നു വെട്ടിനുറുക്കിയതില്‍ ഒരാളെ എനിക്കറിയാം. ഞങ്ങളുടെ പുരയിടത്തിലെ തെങ്ങില്‍ ചെത്താന്‍ വരുന്ന ആളാണ്. കഥയുണ്ടാക്കാനുള്ള ത്വര അന്നേ ഉള്ളില്‍ കിടക്കുന്നതു കൊണ്ടാകും എന്നെങ്കിലും ഇവര്‍ തമ്മില്‍ കാണുമെന്നു ഞാന്‍ പ്രതീക്ഷിച്ചു. കാരണം ഈ റോഡ് ഇവര്‍ രണ്ടു പേരും ദിവസവും ഉപയോഗിക്കുന്നതാണല്ലോ. 
ഒരു ദിവസം എന്റെ ആശ ഫലിച്ചു. അതാ രണ്ടുപേരും നേര്‍ക്കു നേര്‍ നാലടി വീതിയുള്ള ചെങ്കല്‍റോഡിലൂടെ. അണ്ണന്‍ ഒന്നു നിന്നു. കത്തുന്നൊരു നോട്ടം. അരയില്‍ കത്തികളൊക്കെയായി ഔദ്യോഗികവേഷത്തിലാണ് ചെത്തുകാരന്‍. പക്ഷേ, അയാളൊന്ന് പമ്മിറോഡിന്റെ കോണിലേയ്ക്ക് ഒതുങ്ങി അണ്ണനെ കടന്നുപോയി. ഉഗ്രന്‍ സീനായിരുന്നു. 
പിന്നീട് ഉപജീവനത്തിന് അണ്ണന്‍ ചാരായം വാറ്റി വിറ്റു. വീട്ടില്‍ തന്നെയായിരുന്നു വാറ്റ്. എക്‌സൈസുകാര്‍ വരുമ്പോള്‍ ഉടുപ്പൂരും. കൂട്ടിപ്പിടിച്ചു തുന്നിയ വയറും അനക്കമില്ലാത്ത കയ്യും കണ്ട് എക്‌സൈസുകാര്‍ മടങ്ങിപ്പോകും. ശരീരപ്രശ്‌നങ്ങളും മറ്റു മനഃപ്രയാസങ്ങളും കാരണമാകും. അണ്ണന്‍ ഒരു ദിവസം വിഷം കുടിച്ചു. രക്ഷപ്പെട്ടില്ല. 
ഞാനെഴുതിയ 'തസ്‌കരന്‍' ജീവചരിത്രത്തിലെ ഒരു അധ്യായം ഈ അണ്ണനെ കുറിച്ചുള്ളതായിരുന്നു. ഞാന്‍ സ്ഥിരതാമസം, ജോലി എന്നിവയുമായി തിരുവനന്തപുരത്തായതു കൊണ്ട് കൊല്ലത്ത് വരുന്നത് കുറവായിരുന്നു. ഒരു ദിവസം വന്നപ്പോ അമ്മ പറഞ്ഞു: ടാ. മറ്റേ കള്ള... ന്റെ ഭാര്യ നിന്നെ തിരക്കി. 
'നീ വരാറുണ്ടോ എന്നു ചോദിച്ചു. വന്നാ ഒന്നു കാണണമെന്നു പറഞ്ഞു.'
അയ്യോ. ഞാന്‍ പുസ്തകത്തിലെഴുതിയതുമായി ബന്ധപ്പെട്ട ഇഷ്ടപ്പെടായ്ക വല്ലതുമാണോ?
അണ്ണന്‍ വെട്ടുകൊണ്ട ശേഷമുള്ള വയ്യാത്ത കാലത്ത് തന്റേടത്തോടെ കൂടെ നിന്ന സ്ത്രീയാണ്. നല്ല പൊക്കമുള്ള സുന്ദരിയായ സ്ത്രീയായിരുന്നു. അണ്ണന്റെ തന്റേടവും നെഞ്ചൂക്കും കാരണം ചെറുപ്രായത്തിലേ കൂടെ ഇറങ്ങിച്ചെന്നതാണ്. വീട്ടില്‍ കുടിക്കാന്‍ വരുന്നവരും അവരോടു മോശം പറയാന്‍ ധൈര്യപ്പെട്ടില്ല. രണ്ടു പെണ്‍മക്കളെ കഷ്ടപ്പെട്ടു വളര്‍ത്തി. 
പിന്നൊരു തവണ ഞാന്‍ നാട്ടില്‍ പോയി, വീട്ടിലേയ്ക്ക് കയറ്റാനായി കാര്‍ വളച്ചപ്പോ മുന്നില്‍ ചേച്ചി നില്‍ക്കുന്നു. ഞാനൊന്ന് ശങ്കിച്ചു. ഒപ്പം ഭാര്യയും മക്കളുമുണ്ട്. പ്രശ്‌നമാണോ? 
ചേച്ചി പറഞ്ഞു: നീ വണ്ടി ഇട്ടിട്ട് അമ്മേം കണ്ട് ഇച്ചിരി വര്‍ത്തമാനം പറഞ്ഞിട്ട് വന്നാ മതി. ഞാനിവിടെ കാത്തുനിന്നോളാം. 
രണ്ടു മിനിട്ട് കഴിഞ്ഞ് ഞാന്‍ ആശങ്കയോടെ റോഡിലേയ്ക്ക് ചെന്നു. കുട്ടിക്യൂറയുടെ മണം. ചേച്ചി പെട്ടെന്നു പറഞ്ഞു: നിനക്കിത്രേം ചുണയില്ലേടാ. വല്യ എഴുത്തുകാരനാണെന്നും പറഞ്ഞു നടക്കാന്‍...
'എന്താ ചേച്ചീ...?'
'നീ പുസ്തകത്തില്‍ എന്തിനാടാ അണ്ണന്റെ കള്ളപ്പേരെഴുതിവച്ചത്?'
സത്യമാണ്. ആ പുസ്തകത്തില്‍ അണ്ണന്റെ പേരിനോടു സാമ്യം വരുന്ന മറ്റൊരു പേരാണ് ഉപയോഗിച്ചത്. 
'ബന്ധുക്കള്‍ക്കും മക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാവണ്ടാന്ന് കരുതി...'
'എന്ത് ബുദ്ധിമുട്ട്... ഒരുത്തനേയും പേടിച്ചല്ലെടാ ചേച്ചീം അണ്ണനും ജീവിച്ചത്.'
ഞാന്‍ മിണ്ടാതെ നിന്നു. 
'ഞാന്‍ പറഞ്ഞുതരാം നിനക്ക് എന്റെ കഥ. പത്തു പുസ്തകമെഴുതാനുള്ള സാധനം അതിലുണ്ട്.'
ഞാന്‍ തലയാട്ടി. 
'കളി പറഞ്ഞതല്ല. കേക്കുമ്പോ നിനക്ക് മനസ്സിലാകും. ഞാന്‍ എപ്പോ വരണം.'
'ഞാന്‍ കുറച്ചു കഴിഞ്ഞങ്ങു പോകും ചേച്ചീ...'
'ഞാന്‍ തിരുവനന്തപുരത്തോട്ടു വരാം. നിന്റമ്മേടത്തു നിന്ന് അഡ്രസ് വാങ്ങിക്കാം. അല്ലെങ്കീ തന്നെ ചേച്ചിക്കെന്താടാ പേടി.'
എന്റെ മുഖം കണ്ടിട്ടു ചേച്ചി പറഞ്ഞു: പറഞ്ഞിട്ടേ വരൂ... 
ആറേഴു മാസം കഴിഞ്ഞു. വൈകുന്നേരം ഓഫിസില്‍ പത്രനിര്‍മ്മാണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഞാന്‍. ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞു: ടേയ്. നിന്റെ നാട്ടില്‍ നിന്നൊരു സ്‌റ്റോറി. കൊല്ലം ഇരവിപുരം റയില്‍വേപാളത്തില്‍ ഒരു ബോഡി. 
എവിടെയാണെന്ന് എനിക്കറിയാം. പണ്ടു മുതലേ അതൊരു ആത്മഹത്യാഇടമാണ്. കൂറ്റനൊരു പാലമരം നില്‍പ്പുണ്ട്. മരണത്തിന്റെ മുരിങ്ങക്കപോലെ അതില്‍നിന്നു വലിയ കായകള്‍ ഞാന്ന് നില്‍പ്പുണ്ടാകും. പണ്ട് വിജനമായിരുന്നു. ഇപ്പോഴങ്ങനെയല്ല. ഒറ്റപ്പാളം ഇരട്ടയായി. പരിസരത്തെ വയലുകള്‍ നികന്നു വീടായി. എന്നിട്ടും ജനം അവിടം തിരഞ്ഞെടുക്കുന്നതിന്റെ മാനസികാവസ്ഥ എന്താണെന്നു മനസ്സിലാകുന്നില്ല എന്നു ഞാന്‍ സഹപ്രവര്‍ത്തകനോട് വിവരിച്ചു. 
പിന്നെ സ്വയം പറഞ്ഞു: ആര്‍ക്കറിയാം. വല്ല പരിചയമുള്ളവരുമാണോന്ന്. 
സഹപ്രവര്‍ത്തകന്‍ പറഞ്ഞു: അതറിയാന്‍ നിവൃത്തിയില്ല. തല കിട്ടിയിട്ടില്ല. 
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു വാര്‍ത്ത. അത് തിരുവനന്തപുരത്തു നിന്നുതന്നെ. സെന്‍ട്രലില്‍ വന്നുചേര്‍ന്ന ഒരു ട്രെയിനിന്റെ മുന്നിലെ ഇരുമ്പുവലയില്‍ കുടുങ്ങി ഒരു സ്ത്രീയുടെ തല. 
അപ്പോഴും നേരത്തേയുള്ള വാര്‍ത്തയുമായി കൂട്ടിവായിക്കാന്‍ കഴിയുന്നില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞുകാണും. സഹപ്രവര്‍ത്തകന്‍ വന്നിട്ടു പറഞ്ഞു: ടേയ്. ആ ഇരവിപുരത്തെ ഉടലിന്റെ തലയാണ് ഇങ്ങു വന്നത്. 
അടുത്ത തവണ ഞാന്‍ കൊല്ലത്തു 
ചെന്നപ്പോ അമ്മ വിശദീകരിച്ചു: ചാകുന്നതിനു ഒരാഴ്ച മുന്‍പ് അവളു വന്നു. തിരുവനന്തപുരത്ത് നിന്റെ നമ്പറു വേണമെന്നു പറഞ്ഞു. ഞാന്‍ പറഞ്ഞു: അവന് തിരക്കാ എന്ന്. 
'എനിക്ക് പോയി കാണണം ചേച്ചീ. ആകെ പ്രശ്‌നമാ...' എന്നു പറഞ്ഞു തിരിച്ചുപോയി. 
ആ വരവായിരുന്നിരിക്കണം ചിലപ്പോ... 

ഈ കഥ കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com