ക്രിമിനല്‍ നിയമങ്ങള്‍മാറ്റിയെഴുതുമ്പോള്‍ക്രിമിനല്‍ നിയമങ്ങള്‍മാറ്റിയെഴുതുമ്പോള്‍

ക്രിമിനല്‍ നിയമങ്ങള്‍മാറ്റിയെഴുതുമ്പോള്‍ക്രിമിനല്‍ നിയമങ്ങള്‍മാറ്റിയെഴുതുമ്പോള്‍

പുതിയ ന്യായസംഹിതയിലെ മറ്റൊരു സുപ്രധാന മാറ്റം വ്യഭിചാരക്കുറ്റം ശിക്ഷാനിയമത്തിൽനിന്നും അപ്രത്യക്ഷമായിയെന്നതാണ്

തൊരു രാജ്യത്തിന്റേയും ക്രിമിനിൽ നീതിന്യായ വ്യവസ്ഥ അതാത് രാജ്യത്തിന്റെ സംസ്‌കാരത്തിന്റേയും നാഗരികതയുടേയും കണ്ണാടിയാണ്. അതേപോലെ ശിക്ഷാനിയമങ്ങളിൽ അതാത് രാജ്യത്തെ പ്രധാനമായും ഭരണവ്യവസ്ഥകൾ പ്രതിഫലിക്കപ്പെട്ടിരിക്കും. ഉദാഹരണമായി മതാധിഷ്ഠിത രാജ്യത്തെ ഏറ്റവും ഹീനമായ കുറ്റം മതനിന്ദയാണ്. അതേപോലെ ഒരു വാണിജ്യ രാജ്യത്തെ ശിക്ഷാനിയമത്തിൽ ഷെയർ മാർക്കറ്റ് തട്ടിപ്പ്, ബാങ്കിങ്ങ് തട്ടിപ്പ് തുടങ്ങിയ വാണിജ്യ ഇടപാടുമായി ബന്ധപ്പെട്ട കുറ്റകൃത്യമായിരിക്കും ഏറ്റവും ഗുരുതര കുറ്റം.

എന്നാൽ കാർഷിക രാജ്യത്ത് ഭൂമി കയ്യേറ്റം, ഭൂമിയുടെ വിനിയോഗം, വിപണനം സംബന്ധിച്ച നിയമലംഘനങ്ങൾ അതീവ ഗുരുതര കുറ്റങ്ങളായി പരിഗണിക്കുമ്പോൾ ജനാധിപത്യ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയും മനുഷ്യജീവനെ സംബന്ധിച്ചുമുള്ള നിയമലംഘനമായിരിക്കണം ഗുരുതര കുറ്റങ്ങളുടെ ഗണത്തിൽപ്പെടുത്തിയിരിക്കേണ്ടത്. പക്ഷേ, നമ്മുടെ രാജ്യം പരമാധികാര റിപ്പബ്ലിക്കായി മാറിയെങ്കിലും ഇന്ത്യൻ ശിക്ഷാനിയമം സ്വാതന്ത്ര്യാനന്തരം 37 തവണ ഭേദഗതി ചെയ്തതുൾപ്പെടെ 78 തവണ ഭേദഗതി ചെയ്‌തെങ്കിലും കൊളോണിയൽ അവശിഷ്ടങ്ങൾ നമ്മുടെ ശിക്ഷാനിയമത്തിൽ ഇന്നും നിലനിൽക്കുന്നുവെന്നതുകൊണ്ടാണല്ലോ സുപ്രീംകോടതി ശിക്ഷാനിയത്തിലെ 124(രാജ്യദ്രോഹ) കുറ്റം കഴിഞ്ഞ മെയ് മാസത്തിൽ മരവിപ്പിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്.

ബ്രിട്ടീഷ് ഭരണാധികാരികൾ തങ്ങളുടെ കൊളോണിയൽ താല്പര്യം സംരക്ഷിക്കുവാനും ഭരണം നിലനിർത്തുവാനും വേണ്ടിയുണ്ടാക്കിയതും ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ജനരോഷം അടിച്ചമർത്താനുമായി രൂപപ്പെടുത്തിയ ശിക്ഷാനിയമങ്ങളിലെ ജനവിരുദ്ധ വകുപ്പുകൾ കേന്ദ്രത്തിലേയും വിവിധ സംസ്ഥാന സർക്കാരുകൾ യഥേഷ്ടം ഉപയോഗിക്കുന്നുവെന്നതാണ് ഏറ്റവും ദൗർഭാഗ്യകരമായ വസ്തുത.

2020-ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചതും ഡൽഹി സർവ്വകലാശാലാ വൈസ്ചാൻസലർ ചെയർമാനായ ഒരു വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ട് സ്വീകരിച്ചുകൊണ്ടാണ് 1860-ലെ ശിക്ഷാനിയമവും 1872-ലെ തെളിവ് നിയമവും 1973-ലെ ക്രിമിനൽ നടപടി സംഹിതയും പാടെ പൊളിച്ചെഴുതിക്കൊണ്ടുള്ള 3 കരടുബില്ലുകൾ പാർലിമെന്റിനൽ ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ആഗസ്റ്റ് 12-ാം തിയ്യതി അവതരിപ്പിച്ചത്.

ക്രിമിനൽ നിയമപരിഷ്‌കരണത്തിനായി മുൻകാലങ്ങളിൽ രൂപീകരിക്കപ്പെട്ട കമ്മിറ്റികളുടെ ഘടന പലപ്പോഴും മുതിർന്ന മുൻ സുപ്രീംകോടതി ജഡ്ജിമാരുടെ നേതൃത്വത്തിലായിരുന്നു. മുൻ കീഴ്‌വഴക്കങ്ങൾക്കു വിരുദ്ധമായി ബി.ജെ.പി നേതാവും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ മഹേഷ് ജലാനിയൊഴിച്ചാൽ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ ഡൽഹിയിലെ മുൻ സെഷൻസ് ജഡ്ജി ജി.പി. തേരജയും മറ്റ് നിയമ സർവ്വകലാശാലകളിലെ മുതിർന്ന അദ്ധ്യാപകരാണ്. ഡൽഹി നിർഭയ സംഭവത്തെത്തുടർന്നാണ് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. വർമ്മ ചെയർമാനായ വിദഗ്ദ്ധസമിതിയുടെ ശുപാർശകളെത്തുടർന്ന് സ്ത്രീകൾക്കെതിരായ കുറ്റങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ട് ഇന്ത്യൻ ശിക്ഷാനിയമം 2013-ൽ സമഗ്രമായി ഭേദഗതി ചെയ്തിട്ടുണ്ടായിരുന്നത്.

നിർദ്ദിഷ്ട ഭേദഗതിയനുസരിച്ച് 1860-ലെ ഇന്ത്യൻ ശിക്ഷാനിയമത്തെ ഭാരതീയ ന്യായ സൻഹിത് എന്നും 1973-ലെ ക്രിമിനൽ നടപടി സംഹിതയെ ഭാരതീയ നാഗറിൽ സുരക്ഷാ സംഹിതയെന്നും 1872-ലെ തെളിവുനിയമത്തെ ഭാരതീയ സാക്ഷ്യ ബിൽ എന്നും പുനർനാമകരണം ചെയ്തിട്ടുള്ളതാണ്. നിലവിലുള്ള 22 വകുപ്പുകൾ റദ്ദ് ചെയ്തുകൊണ്ടും 175 വകുപ്പുകളിൽ ഭേദഗതികൾ നിർദ്ദേശിച്ചുകൊണ്ടും പുതുതായി 9 വകുപ്പുകൾ എഴുതിച്ചേർത്തുകൊണ്ട് മൊത്തം 356 വകുപ്പുകളുള്ള നിർദ്ദിഷ്ട ഭാരതീയ ന്യായസംഹിത കാലത്തിന്റെ മാറ്റത്തിനനുസരിച്ച് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സംഘടിത കുറ്റകൃത്യം, ഭീകരപ്രവർത്തനം, ആൾക്കൂട്ടകൊല, കളവായ വിവാഹ വാഗ്ദാനം നൽകി ചതിയിൽ കൂടിയുള്ള ലൈംഗിക സംഭോഗം, അതേപോലെ മോഷണക്കുറ്റത്തിന്റെ വിവിധതരം കുറ്റങ്ങൾ എന്നീ നൂതന കുറ്റകൃത്യങ്ങൾ വേർതിരിച്ച് ശിക്ഷ നിശ്ചയിച്ചിട്ടുള്ള നിർദ്ദിഷ്ട കരട് നിയമത്തിലെ വ്യവസ്ഥകളും ഏറെ പ്രകീർത്തിക്കപ്പെടുന്നെങ്കിലും നിലവിലെ നിയമത്തിലെ ‘രാജ്യദ്രോഹ’ കുറ്റം വാക്കുകളിൽ മാത്രം മാറ്റം വരുത്തി കൂടുതൽ കർശനമാക്കുവാൻ കരട് ബില്ലിലെ വ്യവസ്ഥകൾ കൂടുതൽ ദുരുപയോഗത്തിനു കാരണഹേതുമാവുവെന്ന ആശങ്ക നിലനിൽക്കുകയാണ്.

അതേപോലെ നിലവിലെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 21-ാം വകുപ്പിൽ വിവരിച്ചിരിക്കുന്ന ‘പൊതുസേവകരുടെ’ നിർവ്വചനം വളരെ പരിമിതമാണ്. 1988-ൽ അഴിമതി തടയൽ നിയമം സമഗ്രമായി പരിഷ്‌കരിച്ചപ്പോൾ ‘പൊതുസേവകരുടെ’ നിർവ്വചനം വിപുലീകരിക്കുകയും ഏതെങ്കിലും ഒരു പദവി വഹിച്ചുകൊണ്ട് സർക്കാരിനും പൊതുസമൂഹത്തിനും താല്പര്യമുള്ള പൊതുചുമതലകൾ നിർവ്വഹിക്കുന്നവരെല്ലാവരും പൊതുസേവകരുടെ നിർവ്വചനത്തിൽ ഉൾപ്പെടുത്തിയിരുന്നു. 1988-ലെ അഴിമിതി തടയൽ നിയമത്തിലെ പൊതുസേവകൻ എന്ന നിർവ്വചനത്തിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഉള്‍പ്പെടുകയും അപ്രകാരം തങ്ങളുടെ ചുമതലകളുടെ ഭാഗമായിട്ടുണ്ടാവുന്ന വീഴ്ചകൾക്കും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനും സ്വകാര്യ ആശുപത്രികളിലെ വിവിധ പദവികൾ വഹിക്കുന്ന ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ബാദ്ധ്യസ്ഥരാണ്.

എന്നാൽ, ഇന്ത്യൻ പീനൽ കോഡിലെ പൊതുസേവകരുടെ നിർവ്വചനത്തിൽ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും ആരോഗ്യപ്രവര്‍ത്തകരും ഉൾപ്പെടില്ലെന്ന കാരണത്താൽ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകന്മാർക്കും എതിരെയുണ്ടാവുന്ന ആക്രമണങ്ങളെ പൊതു സേവകർക്കെതിരെയുള്ള ആക്രമണങ്ങളെന്ന പരിരക്ഷ ലഭിക്കില്ല. അതുകൊണ്ട് നിർദ്ദിഷ്ട ഭാരതീയ ന്യായസംഹിതയിലെ 2(28)ാം വകുപ്പിലെ പൊതുസേവകരുടെ നിർവ്വചനത്തിൽ സ്വാകാര്യ ആശുപത്രികളിലെ ഡോക്ടർമാരേയും ആരോഗ്യപ്രവർത്തകരേയും ഉൾപ്പെടുത്തേണ്ടത് ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കുമെതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽനിന്നും പരിരക്ഷ ലഭിക്കുവാൻ ആവശ്യമാണ്. കരട് ബിൽ പാർലമെന്റിൽ ചർച്ചയ്ക്ക് വരുമ്പോൾ ഈ കാര്യം പാർലമെന്റ് മെമ്പർമാർ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതാണ്.

ഏറെ വിവാദമായതും ശിക്ഷാനിയമത്തിലെ ‘കൊളോണിയൽഭൂതം’ എന്ന് വിശേഷിപ്പിക്കുന്ന 124(രാജ്യദ്രോഹം) ഭാരതീയ ന്യായസംഹിതയിൽനിന്നും എടുത്തുമാറ്റിയെങ്കിലും, വ്യത്യസ്ത നാമത്തിൽ എഴുതിച്ചേർത്ത 15-ാം വകുപ്പിലെ അവ്യക്തത ദുരുപയോഗത്തിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്നതുറപ്പാണ്.

150-ാം വകുപ്പനുസരിച്ച് ആരെങ്കിലും അറിഞ്ഞുകൊണ്ട് പറയുകയോ എഴുതുകയോ ചെയ്യുന്ന വാക്കുകളാലോ ആംഗ്യങ്ങളാലോ ഇലക്ട്രോണിക് മാർഗ്ഗേനയോ സാമ്പത്തിക സ്രോതസ്സുപയോഗിച്ചോ മറ്റ് വിധത്തിൽ രാജ്യത്തെ ഇളക്കിമറിച്ചോ ഇളക്കിമറിക്കാൻ ശ്രമിച്ചുകൊണ്ടോ രാജ്യത്തെ വെട്ടിമാറ്റിക്കൊണ്ടോ സായുധസംഘട്ടനം വഴിയോ വിഘടനപ്രവർത്തനങ്ങൾ വഴിയോ വിഘടന വികാരം പ്രോത്സാഹിപ്പിക്കുകയോ രാജ്യത്തിന്റെ പരമാധികാരത്തേയോ ഐക്യത്തെയോ അഖണ്ഡതയെയോ അപകടപ്പെടുത്തും വിധം പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും ജീവപര്യന്തം തടവ് ശിക്ഷയോ നൽകാവുന്ന കുറ്റമാക്കി മാറ്റിയെഴുതിയിട്ടുണ്ട്.

കഠിനശിക്ഷ നൽകാവുന്ന കുറ്റത്തെ സംബന്ധിച്ച് അവ്യക്തതകൾ ദുരുപയോഗപ്പെടുത്തി ഭരണാധികാരികൾ തങ്ങൾക്കിഷ്ടമില്ലാത്തവരുടെ വിയോജന ശബ്ദങ്ങളെ രാജ്യത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തേയും അപകടപ്പെടുത്തും വിധമുള്ള പ്രവൃത്തികളായി ചിത്രീകരിച്ച് പൗരന്മാർക്ക് ഭരണഘടന ഉറപ്പുനൽകിയിട്ടുള്ള അവകാശങ്ങൾക്ക് കൂച്ചുവിലങ്ങിടുവാനുള്ള അവസരങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയുളവാകും വിധമാണ്. ഭാരതീയ ന്യായ സൻഹിതയിൽ രാജ്യദ്രോഹ കുറ്റം പേര് മാറ്റി എഴുതിച്ചേർത്തിട്ടുള്ളത്.

കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള ശിക്ഷാനിയമത്തിലെ മാറ്റമാണ് ഭാരതീയ ന്യായ സന്‍ഹിതയിൽ പ്രതിഫലിക്കുന്നതെന്ന് അവകാശപ്പെടുമ്പോൾ പല കുറ്റങ്ങൾക്കും പിഴ നിശ്ചയിച്ചതിൽ ഗുരുതരമായ തെറ്റുകുറ്റങ്ങൾ പ്രകടമാണ്. ഉദാഹരണമായി നിലവിലുള്ള നിയമമനുസരിച്ച് ശാരീരികമായി ദേഹോപദ്രവമേല്പിക്കുന്ന കുറ്റത്തിന് ഒരു വർഷം വരെ വെറും തടവോ ആയിരം രൂപ വരെയുള്ള സംഖ്യ പിഴയോ രണ്ടും കൂടിയതോ ആണ് ശിക്ഷ. അതേ കുറ്റത്തിന് ഭാരതീയ ന്യായസംഹിത 113(2) വകുപ്പനുസരിച്ച് തടവ് ശിക്ഷയ്ക്ക് പുറമേ പിഴശിക്ഷ വെറും പത്തായിരം രൂപയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

അതേപോലെ അശ്രദ്ധയാലുള്ള പ്രവൃത്തിമൂലം മനുഷ്യജീവന് വാഹനാപകടം തുടങ്ങിയ കൃത്യംകൊണ്ട് പരിക്കേല്പിച്ചാൽ നിലവിലെ നിയമം 337-ാം വകുപ്പനുസരിച്ച് ആറുമാസം വരെ വെറും തടവോ അഞ്ഞൂറ് രൂപ വരെ പിഴയോ രണ്ടും കൂടിയതോ ആണ് ശിക്ഷ. എന്നാൽ, അതേ കുറ്റത്തിന് ഭാരതീയ ന്യായസംഹിത 123-ാം വകുപ്പനുസരിച്ചുള്ള ശിക്ഷ 3 മാസം വരെ വെറും തടവോ രണ്ടായിരം രൂപ വരെ പിഴയോ രണ്ടും കൂടിയതോ ആണ്. 1860-ൽ നിശ്ചയിച്ച ആയിരം രൂപ 163 വർഷത്തിന് ശേഷം 2023-ൽ നാണ്യപെരുപ്പത്തിനനുസരിച്ച് രൂപയുടെ വിലയിടിവ് കണക്കിലെടുത്ത് ആനുപാതികമായി കൂടിയ തുക പരമാവധി ശിക്ഷയായി വ്യവസ്ഥ ചെയ്യേണ്ടതാണ്. ഭാരതീയ ന്യായസംഹിതയിൽ ഉടനീളം പിഴ ശിക്ഷിക്കുന്നതാക്കിയതിൽ ഇത്തരം ഗുരുതരമായ വീഴ്ച കാണാവുന്നതാണ്.

2013-ൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ വരുത്തിയ സമഗ്രമായ ഭേദഗതിയെത്തുടർന്നാണ് സ്ത്രീകൾക്കെതിരെയുള്ള ബലാത്സംഗം മാനഭംഗപ്പെടുത്താനുദ്ദേശിച്ചുകൊണ്ടുള്ള കയ്യേറ്റം തുടങ്ങിയ കുറ്റങ്ങൾ വേർതിരിച്ച് വിവിധ രീതിയിൽ നടക്കാനിടയുള്ള കുറ്റകൃത്യങ്ങളെന്ന നിലയിൽ വ്യത്യസ്ത ശിക്ഷ വ്യവസ്ഥ ചെയ്തുകൊണ്ട് ശിക്ഷാനിയമത്തിൽ ഭേദഗതി വരുത്തിയത്, ഭാരതീയ ന്യായസംഹിതയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കും ലൈംഗിക ചൂഷണങ്ങൾക്കും 63 മുതൽ 10 വരെയുള്ള വകുപ്പുകളിലായി വിവിധതരം ശിക്ഷകൾ വ്യവസ്ഥ ചെയ്‌തെങ്കിലും മണിപ്പൂരിൽ നടന്നതുപോലെ സ്ത്രീകളെ നഗ്നരാക്കി റോഡിൽക്കൂടി നടത്തിച്ച് പരസ്യമായി ബലാത്സംഗം ചെയ്യപ്പെടുന്ന പ്രാകൃത കുറ്റകൃത്യത്തെ ഹീനകുറ്റകൃത്യങ്ങളാക്കി നിർവ്വചിച്ച് അതിനനുസൃതമായി വധശിക്ഷയുൾപ്പെടെയുള്ള കഠിനമായ ശിക്ഷ വ്യവസ്ഥ ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നതും ന്യായസംഹിതയിൽ ഇടം പിടിച്ചില്ല.

ആശുപത്രികളിലെ അത്യാസന്ന വിഭാഗത്തിൽ കഴിയുന്ന രോഗികൾക്കെതിരെ ദേഹോപദ്രവം, ആക്രമണം, തട്ടിപ്പറി തുടങ്ങിയ കുറ്റങ്ങളെ വേർതിരിച്ച് ഉയർന്ന ശിക്ഷ നൽകുവാനുള്ള നിയമഭേദഗതിയും അത്യാവശ്യമാണ്. ആരോഗ്യമുള്ളവരെ ദേഹോപദ്രവമേല്പിക്കുന്നതും അത്യാസന്നനിലയിൽ രോഗവുമായി മല്ലിട്ട് ആശുപത്രിയിൽ കഴിയുന്ന രോഗികളേയും, ഡോക്ടർമാരേയും ആരോഗ്യപ്രവർത്തകരേയും ദേഹോപദ്രവമേല്പിക്കുന്നതും സാധാരണ ദേഹോപദ്രവമായി കണക്കാക്കില്ലെന്നും അത്തരം കുറ്റകൃത്യങ്ങളെ അതീവ ഗൗരവ കുറ്റമാക്കിക്കൊണ്ടുള്ള നിർവ്വചനം നൽകിക്കൊണ്ടുള്ള നിയമഭേദഗതിയാണ് ആവശ്യം.

18-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ബ്രിട്ടീഷ് ഭരണം കൊടികുത്തിവാഴുന്ന കാലത്തുണ്ടാക്കി നടപ്പിലാക്കിയ ഇന്ത്യൻ ശിക്ഷാനിയമം 304 വകുപ്പനുസരിച്ച് അശ്രദ്ധയാൽ വാഹനമോടിച്ചുണ്ടാകുന്ന മരണം സംഭവിച്ചാലുളള കുറ്റത്തിന് വെറും 2 വർഷത്തോളമാക്കാവുന്ന കാലത്തേക്കുള്ള തടവ്ശിക്ഷയോ പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയതോ ആയ പൊലീസിന് പ്രതിക്ക് ജാമ്യം നൽകാവുന്ന ചെറിയ ശിക്ഷയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.

ഇന്ത്യൻ ശിക്ഷാനിയമം നടപ്പിലാക്കിയിരുന്ന കാലത്ത് വാഹനങ്ങൾ ബഹുഭൂരിപക്ഷവും ബ്രട്ടീഷ്‌കാരുടെ ഉടമസ്ഥതയിലായിരുന്നു. അതുകൊണ്ടാണ് അശ്രദ്ധയിലുള്ള കൃത്യം ചെയ്ത് മരണം സംഭവിക്കുന്ന കുറ്റത്തിന് ശിക്ഷ കുറഞ്ഞതെന്നാണ് അനുമാനം. സമാന കുറ്റത്തിന് ഭാരതീയ ന്യായസംഹിത 104 (1) വകുപ്പനുസരിച്ച് 7 വർഷം വരെ തടവും പിഴയും കൂടിയ ശിക്ഷയായും അശ്രദ്ധയാലുള്ള പ്രവൃത്തിമൂലം നരഹത്യയല്ലാത്ത മരണം സംഭവിച്ച് പൊലീസിനെ അറിയിക്കാതെ രക്ഷപ്പെട്ടാൽ ന്യായസംഹിത 104(2) വകുപ്പനുസരിച്ച് പത്തു വർഷം വരെയാകാവുന്ന തടവും പിഴയും കൂടിയ ശിക്ഷയായി വ്യവസ്ഥ ചെയ്തതും കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള വർദ്ധിച്ച ശിക്ഷയായി കാണാവുന്നതാണ്.

ഭാരതീയ ന്യായസംഹിതയിലെ വളരെ സുപ്രധാന വകുപ്പുകൾ തട്ടികൊണ്ടുപോകൽ, സൈബർകുറ്റം, മോചനദ്രവ്യം ആവശ്യപ്പെടൽ, കവർച്ച, വാഹനമോഷണം, ഭൂമിതട്ടിയെടുക്കൽ, മനുഷ്യകടത്ത്, മയക്കുമരുന്ന്, നിയമവിരുദ്ധ ആയുധവും വസ്തുക്കളുടേയും കടത്ത് എന്നീ കുറ്റകൃത്യങ്ങൾ തുടർച്ചയായും സംഘടിത കുറ്റകൃത്യങ്ങളെ സംബന്ധിച്ചുള്ള 109-ാം വകുപ്പിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

സംഘടിത കുറ്റകൃത്യം വഴി ആർജ്ജിക്കുന്ന മോചനദ്രവ്യം തുടർച്ചയായുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നീ അതീവഗുരുതരമായ കുറ്റകൃത്യങ്ങൾ സംബന്ധിച്ചുളള അവ്യക്തത ദൂരീകരിക്കുവാൻ ന്യായസംഹിതയിലെ 109-ാം വകുപ്പിലെ വിശദീകരണകുറിപ്പ് വളരെ സഹായകമാണ്. സംഘടിത കുറ്റകൃത്യങ്ങളെ രണ്ടായി തരംതിരിച്ച് അതീവഗുരുതരമായ സംഘടിത കുറ്റകൃത്യങ്ങളെന്നും അപ്രധാന സംഘടിത കുറ്റകൃത്യങ്ങളെന്നും വേർതിരിച്ച് പ്രത്യേകം നിർവ്വചനം നൽകിയതും പുതിയ ന്യായസംഹിതയുടെ പ്രത്യേകതകളാണ്.

ജനങ്ങളിൽ പൊതുവായി അരക്ഷിത ബോധം ഉണ്ടാക്കുന്ന വാഹനമോഷണം, കൗശലമോഷണം, സംഘടിത പോക്കറ്റടി, തട്ടിപ്പറി, .ടി.എം വഴിയുള്ള മോഷണം, പബ്ലിക്ക് ട്രാൻസ് പോർട്ട് വഴിയുള്ള മോഷണം, നിയമവിരുദ്ധമായ രീതിയിലെ പബ്ലിക് ട്രാൻസ്‌പോർട്ട് ടിക്കറ്റ് വിൽപ്പന, പൊതു പരീക്ഷയുടെ ചോദ്യക്കടലാസ് വിൽപ്പന തുടങ്ങിയ ആധുനിക സമൂഹം നേരിടുന്ന നൂതനമായ കുറ്റകൃത്യങ്ങളേയും അവ ചെയ്യാനുള്ള ശ്രമങ്ങളേയും അപ്രധാനമായ സംഘടിത കുറ്റകൃത്യങ്ങളുടെ ഗണത്തിൽപ്പെടുത്തി ന്യായസംഹിത 110(2) വകുപ്പനുസരിച്ച് ഒരു വർഷത്തിൽ കുറയാത്തതും എന്നാൽ ഏഴു വർഷത്തിൽ കവിയാത്തതുമായ ശിക്ഷയും പിഴയും കൂടിയുള്ള ശിക്ഷ വ്യവസ്ഥ ചെയ്തതും ന്യായസംഹിതയിലെ സവിശേഷതയാണ്. ഭാരതീയ ന്യായസംഹിതയിലെ 48-ാം വകുപ്പനുസരിച്ച് ഇന്ത്യയ്ക്ക് പുറത്തുനിന്ന് ഏതെങ്കിലും വിദേശ രാജ്യത്തുനിന്നും ഇന്ത്യയ്ക്കകത്ത് കുറ്റകൃത്യം ചെയ്യാൻ വേണ്ടി ആരെങ്കിലും വല്ല ആഹ്വാനമോ പ്രേരണയോ നൽകിക്കൊണ്ടുള്ള കുറ്റകൃത്യം ഇന്ത്യയിൽ വിചാരണ ചെയ്യാവുന്ന കുറ്റമായി വ്യവസ്ഥ ചെയ്തത് ദാവൂദ് ഇബ്രാഹിമിനെപ്പോലെയുള്ള അന്താരാഷ്ട്ര ഭീകരവാദികൾ രാജ്യത്ത് പുറത്ത് നടത്തുന്ന ഭീകരപ്രവർത്തനങ്ങളെ തടയാൻ ലക്ഷ്യംവെച്ചുള്ളതാണ്.

നിലവിലെ ഇന്ത്യൻ പീനൽകോഡ് അനുസരിച്ച് വിവിധ ഇനം കുറ്റകൃത്യങ്ങൾക്ക് ആനുപാതികമായ ശിക്ഷ വ്യവസ്ഥ ചെയ്‌തെങ്കിലും കുറ്റവാളിയെ സമൂഹമായി ബഹിഷ്‌കരിക്കാൻ ഉതകുന്നവിധം പുതിയ ശിക്ഷ വ്യവസ്ഥകൾ ന്യായസംഹിതയിൽ എഴുതിച്ചേർത്തത് ഏറെ ശ്രദ്ധേയമാണ്. ഭാരതീയ സംഹിതയിലെ നാലാം വകുപ്പനുസരിച്ച് വധശിക്ഷ, ജീവപര്യന്തം തടവ്, വെറും തടവ്, വസ്തു കണ്ടുകെട്ടൽ, പിഴ എന്നിവയ്ക്കു പുറമെ പുതുതായി 4 (എഫ്) വകുപ്പനുസരിച്ച് കുറ്റക്കാരനെന്ന് കാണുന്നവർക്ക് ‘സാമൂഹ്യസേവനം’ കൂടി ശിക്ഷയായി വ്യവസ്ഥ ചെയ്തത് വിപ്ലവകരമായ മാറ്റം തന്നെയായി കാണാവുന്നതാണ്.

ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തി സ്വാതന്ത്ര്യത്തെ വിവരിക്കുന്ന 21-ാം അനുച്ഛേദത്തിലെ മൗലികാവകാശത്തെ സംബന്ധിക്കുന്ന അന്യായമായി തടങ്കലിൽവെയ്ക്കുന്ന കുറ്റത്തെ വേർതിരിച്ച് 3 ദിവസത്തിൽ കൂടുതൽ തടഞ്ഞുവെച്ചാൽ 3 വർഷം വരെ തടവും പത്തായിരം രൂപ പിഴയും പത്ത് ദിവസത്തിൽ കൂടുതൽ ദിവസം തടഞ്ഞുവെച്ചാൽ അഞ്ചു വർഷം വരെ പിഴയും ശിക്ഷ വ്യവസ്ഥചെയ്തുള്ള ഭാരതീയ ന്യായസംഹിത 125 (3), 125(4) വകുപ്പുകൾ തികച്ചും നൂതനമായ ശിക്ഷാരീതികളാണ്. ഏതെങ്കിലും ദിക്കിലേക്ക് നടന്നുപോകുന്നതിൽനിന്നും അന്യായമായി തടസ്സപ്പെടുത്തുന്നത് നിലവിലുള്ള നിയമം 341-ാം വകുപ്പനുസരിച്ച് ശിക്ഷാർഹമായ കുറ്റമാണെങ്കിലും ഉത്തമ വിശ്വാസത്തോടുകൂടി സ്വകാര്യവഴിയിൽ കൂടിയുള്ള നീക്കത്തെ നിയമപരമായി തടസ്സപ്പെടുത്തുന്നത് ന്യായസംഹിത 124(1) വകുപ്പനുസരിച്ച് കുറ്റകരമല്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

പുതിയ ന്യായസംഹിതയിലെ മറ്റൊരു സുപ്രധാന മാറ്റം വ്യഭിചാരക്കുറ്റം ശിക്ഷാനിയമത്തിൽനിന്നും അപ്രത്യക്ഷമായിയെന്നതാണ്. വ്യഭിചാരം ഇംഗ്ലണ്ടിൽ പോലും ശിക്ഷാർഹമല്ലാത്ത കുറ്റമായിരുന്ന കാലത്ത് പാസ്സാക്കി നടപ്പിലാക്കിയ 1860-ലെ ഇന്ത്യൻ ശിക്ഷാനിയമം 497-ാം വകുപ്പനുസരിച്ച് മറ്റൊരു പുരുഷന്റെ ഭാര്യയാണെന്ന് താൻ അറിയുകയോ തനിക്ക് വിശ്വസിക്കുവാൻ കാരണമുണ്ടായിരിക്കുകയും ചെയ്യുന്ന ഒരാളുമായി ആ പുരുഷന്റെ സമ്മതമോ മൗനാനുവാദമോ കൂടാതെ ബലാത്സംഗകുറ്റമാകാത്ത ലൈംഗികസംഗമം ചെയ്യുന്ന ഏതൊരാളും അഞ്ചു വർഷത്തോളമാക്കാവുന്ന തടവുശിക്ഷയോ പിഴയോ രണ്ടിലേതെങ്കിലും തരത്തിൽപ്പെട്ട തടവുശിക്ഷയോ പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകാവുന്ന കുറ്റമാണ്. രാജ്യത്തെ സാമൂഹ്യ സാംസ്‌കാരിക സാഹചര്യം പണ്ടത്തേതിൽനിന്നും കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിരിക്കുമ്പോൾ വ്യഭിചാരക്കുറ്റം എന്തുകൊണ്ടാണ് ശിക്ഷാനിയമത്തിൽനിന്നും ഒഴിവാക്കിയതെന്നത് ദുരൂഹമാണ്.

രാജ്യത്ത് നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങളെ തടയാനും അതുവഴി സാമൂഹ്യസുരക്ഷയും ശാശ്വത സമാധാനവും രാജ്യപുരോഗതിയും കൈവരിക്കുവാനും പര്യാപ്തമായ ശിക്ഷാനിയമങ്ങളാണ് നമുക്കാവശ്യം. നൂറ്റാണ്ടുകൾക്കു ശേഷം രാജ്യത്തെ ശിക്ഷാനിയമം പൊളിച്ചെഴുതുമ്പോൾ രാജ്യവ്യാപകമായ ചർച്ചയും പഠനവും ഗവേഷണവും അത്യന്താപേക്ഷിതമാണ്. പാർലമെന്ററി സ്റ്റാന്റിങ്ങ് കമ്മിറ്റിയുടെ പരിഗണയിലുള്ള കരട് ബില്ലുകൾ തല്പരകക്ഷികൾക്കിടയിലെ വിശദമായ പഠനം അനിവാര്യമാണ്. രാജ്യത്തെ മുഴുവൻ ജനവിഭാഗങ്ങളുടേയും ആഗ്രഹങ്ങളും വിശ്വാസവും പ്രതീക്ഷകളും ഉൾക്കൊണ്ടുള്ള സമഗ്രമായൊരു ശിക്ഷാനിയമമായി 2023-ലെ ഭാരതീയ ന്യായസംഹിതയാവട്ടെയന്ന് നമുക്ക് പ്രത്യാശിക്കാം.


സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com