നൊബേല്‍ സമ്മാനം നേടിയ സ്ത്രീകള്‍ 

By മധുസൂദന്‍ വി  |   Published: 25th October 2023 11:26 AM  |  

Last Updated: 25th October 2023 11:28 AM  |   A+A-   |  

നാർസിസസ് എന്ന ഗ്രീക്ക് ലെജൻഡ് പ്രണയത്തിലായത് തന്റെ തന്നെ ശരീരത്തോടാണെങ്കിൽ ഇറാനിയൻ വനിത നാർഗേസ് പ്രണയിച്ചത് തന്റെ ബോധ്യങ്ങളെയാണ്, ചിന്തകളേയും. ചിന്താക്കുറ്റത്തിന് യാഥാർത്ഥ്യലോകത്ത് നാർഗേസിനു വിധിച്ചുകിട്ടിയത് 30 വർഷം തടവ്, 154 ചാട്ടയടിയും. അനുസരണയിലൂടെയല്ല ലോകം മുന്നേറിയത് അനുസാരികളിലൂടെയുമല്ല, ഏതു തരത്തിലുള്ള അടിമത്തത്തിൽനിന്നുള്ള വിമോചനത്തിന്റെ ചരിത്രവും അനുസരണക്കേടുകളുടെ ചരിത്രമാണ്, നിയമലംഘനങ്ങളുടെ ചരിത്രമാണ്. ഭരണകൂടങ്ങളുടെ കണ്ണിലെ കരടുകൾ പുരസ്‌കൃതരാവുമ്പോൾ അത് ഉറക്കം കെടുത്തുന്നത് ഭരണകൂടങ്ങളെയാണ്. ലോകത്തെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ കേവലം ഒരു സമ്മാനത്തിലൂടെ ഒരു അക്കാദമിക്ക് വിറപ്പിക്കാനാവുന്നു എങ്കിൽ ആ അക്കാദമി ലോകത്തിന്റെ ആദരവ് അർഹിക്കുന്നു. ലോകത്ത് ആദ്യ നൊബേൽ സമാധാന പുരസ്കാരം (2003) ലഭിച്ച മുസ്‌ലിം വനിതയും ഇറാൻ വനിതയുമാണ് അഭിഭാഷകയും എഴുത്താളും പ്രൊഫസറും മുൻ ജഡ്ജിയും ഇറാനിലെ ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്ററിന്റെ സ്ഥാപകയുമായ ഷിറിൻ എബാഡി. അവർ നേതൃത്വം വഹിക്കുന്ന ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്ററിന്റെ വൈസ് പ്രസിഡന്റു കൂടിയായ നാർഗസ് മുഹമ്മദിക്ക് സമാധാന നൊബേൽ ലഭിക്കുന്നത് കൃത്യം 20 വർഷത്തിനുശേഷമാണ്. ഇറാനിൽ ജനാധിപത്യത്തിനും സ്ത്രീകളുടേയും കുട്ടികളുടേയും അഭയാർത്ഥികളുടേയും അവകാശങ്ങൾക്കുമായി നിരന്തരമായി എബാഡി നടത്തിയ പോരാട്ടത്തിനുള്ള അംഗീകാരമായിരുന്നു 2003-ലെ നൊബേൽ സമാധാന സമ്മാനം. ജീവിതം നിരന്തരമായ പോരാട്ടമാക്കിയവർ നമുക്കായി ഒരുക്കുകയാണ് ഭാവിയുടെ പൂന്തോട്ടങ്ങൾ. ഗാന്ധിയൻ മാതൃകയിലെ സിവിൽ ഡിസ്ഒബീഡിയൻസ് ആയുധമാക്കിയാണ് നാർഗേസ് ഇറാനിലെ ഹിജാബിനെതിരായ, പുരുഷാധിപത്യ പാതിവ്രത്യ പരിപാടിക്കെതിരായും ബഹുജന ഫെമിനിസ്റ്റ് മുന്നേറ്റത്തെ നയിക്കുന്നത്, തടവറയിലിരുന്നും. നിർഭയയായ ആ വിമർശകയെയാണ് മതാധിപത്യ ഭരണകൂടം ഭയന്നതും തടവിലടച്ചതും ചാട്ടവാർ പ്രഹരത്തിനു വിധിച്ചതും.

നര്‍ഗേസ്

ആകെ ഒരു കോടി നാലുലക്ഷം ജനസംഖ്യയുള്ള, ഒരു ചെറിയ രാജ്യത്തെ ഒരു അക്കാദമി നല്‍കുന്ന പുരസ്കാരങ്ങൾ പിടിച്ചുലയ്ക്കുന്നത് ലോകത്തെ പ്രബലരായ ഭരണകൂടങ്ങളേയുമാണ് എന്നറിയണം. അപ്പോൾ എന്താവരുത് പുരസ്കാരം, എന്താവണം പുരസ്കാരം എന്നതിനുള്ള കൃത്യമായ ഉത്തരമാണ് സ്വീഡിഷ് അക്കാദമി. ക്ഷണിക്കപ്പെടുന്ന നൂറുകണക്കിനു പ്രതിഭകളും ലോകത്തെ ഒന്നാംകിട സ്ഥാപനങ്ങളും പുരസ്കാരാർഹരായി നോമിനേറ്റ് ചെയ്യുന്ന വ്യക്തികളിൽ 50 ശതമാനത്തിലേറെ വോട്ടുനേടുന്ന വ്യക്തിയാണ് നൊബേൽ നേടുന്നത്. നൊബേൽ സമാധാന സമ്മാനത്തെ ഒരു രാഷ്ട്രീയ അജണ്ടയായി കണ്ട് എതിർക്കുന്നവരുടെ ആദ്യന്തവാദം മഹാത്മാഗാന്ധിക്കു കിട്ടാത്ത നൊബേൽ സമ്മാനം എന്നതാണ്, ഇനിയത് ആർക്കു കിട്ടിയിട്ടെന്തു കാര്യം എന്ന മട്ടിലും. ഗാന്ധിയേയും ഗാന്ധിസത്തേയും കണ്ണിനു കണ്ടുകൂടാത്തവർക്കും നൊബേൽ ഗാന്ധിക്കു കിട്ടേണ്ടതായിരുന്നു എന്നതിൽ മാത്രം സംശയമുണ്ടാവാറില്ല എന്നത് നല്ല കാര്യമാണ്. ലീഡർഷിപ്പിന്റെ ഒരു അസാധാരണ മാതൃക തന്നെയായ ഗാന്ധിയുടെ പാതയിൽ സഞ്ചരിച്ച എത്ര പേർക്ക് നൊബേൽ കിട്ടിയെന്നിടത്താണ് ഗാന്ധിയുടെ പ്രഭാവം ഏറുന്നതും ഗാന്ധിക്കു മുന്നിൽ നൊബേൽ ചെറുതാവുന്നതും. 1989-ൽ ദലായ് ലാമ പുരസ്‌കൃതനായപ്പോൾ അവാർഡ് കമ്മിറ്റിയുടെ നിരീക്ഷണം മഹാത്മാഗാന്ധിയുടെ ഓർമ്മയ്ക്കുള്ള ശ്രദ്ധാഞ്ജലി എന്നുകൂടിയായിരുന്നു.

ഒരാൾക്കു ലഭിച്ചാൽ അത്തരം നൂറാൾ വേറെ, അതിലേറെ മികച്ചവർ വേറെ ഉണ്ടെന്നു കാണുക സ്വാഭാവികമാണ്. പുരസ്കരിക്കപ്പെട്ടവരെക്കാൾ പീഡിപ്പിക്കപ്പെട്ടവർ സത്യമായും വേറെയുണ്ടാവാം, ലോകം അറിയുകപോലും ചെയ്യാത്ത എത്രയോ പേർ ഉണ്ടാവാം. ചോയ്‌സുകളുടെ ആധിക്യമുള്ള ഒരു സൂപ്പർമാർക്കറ്റാണ് ലോകം. ഒരുപാട് ചോയ്‌സുകളിൽനിന്നും കൃത്യമായ ഒരു തെരഞ്ഞെടുപ്പ് അസാധ്യമാക്കുന്ന പാരഡോക്സസ് ഓഫ് ചോയ്‌സ് എന്നൊരു പ്രതിഭാസം കയറി മേഞ്ഞുകളയും. നമുക്കു വേണ്ടതിലേക്ക് എത്താനുള്ള സ്വാതന്ത്ര്യത്തെ സത്യത്തിൽ ഇല്ലാതാക്കിക്കളയുകയാണ് ചോയ്‌സുകളുടെ ആധിക്യം. ആധുനിക ലോകത്ത് വിവരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കുന്നത് ശ്രദ്ധയുടെ വേലിയിറക്കമാണ്. ഒക്കെയും സത്യമാവാം, പക്ഷേ, കേവലം ഒരു വ്യക്തിയിലൂടെ ലോകത്തിന്റെ സമ്പൂർണ്ണ ശ്രദ്ധ ആ വ്യക്തി ഉയർത്തിയ വിഷയത്തിലേക്കു പതിപ്പിക്കുകയാണ് പുരസ്കാരത്തിന്റെ മഹത്തായ ലക്ഷ്യം. ചെറിയൊരു വ്യക്തിയിലൂടെ വലിയൊരു ലക്ഷ്യത്തെ ലോകശ്രദ്ധയിലേക്ക് ഉയർത്തുകയാണ് നൊബേൽ സമാധാന സമ്മാനം. പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെ ആഗോളതലത്തിൽ ചർച്ചയാക്കി, മലാലയിലൂടെ അക്കാദമി. നാദിയയിലൂടെ ഭീകരവാഴ്ചകളിലെ പെൺദുരന്ത ജീവിതത്തെ ലോകസമക്ഷം ചർച്ചയാക്കി, ലിയു സിയാബോവിലൂടെ ചൈനയുടെ മനുഷ്യത്വരഹിതമായ സ്വേച്ഛാധിപത്യലോകത്തേയും അക്കാദമി ലോകത്തു ചർച്ചയാക്കി. അങ്ങനെ ലോകത്തെ നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും പിറകോട്ട് നടത്താൻ ശ്രമിക്കുന്ന മതങ്ങളുടേയും ഇസങ്ങളുടേയും മനസ്സമാധാനം കെടുത്തുക എന്ന സമാധാന സമ്മാനത്തിന്റെ ദൗത്യം അതു കൃത്യമായി നിർവ്വഹിക്കുന്നുണ്ട്.

ഷിറിന്‍ അബാദി

സാൻ - സെൻഡേഗി - ആസാദി ‘അഥവാ’ സ്ത്രീ - ജീവിതം - സ്വാതന്ത്ര്യം”

നോർവീജിയൻ നൊബേൽ കമ്മിറ്റി പത്രക്കുറിപ്പിൽനിന്നും

ഇറാനിലെ സ്ത്രീപീഡനത്തിനെതിരായ പോരാട്ടത്തെ, മനുഷ്യാവകാശ-സ്വാതന്ത്ര്യ സംരക്ഷണത്തിനുമായി നടത്തിയ പോരാട്ടങ്ങളേയും പുരസ്കരിച്ചാണ് നാർഗേസ് മുഹമ്മദിക്ക് 2023-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകാൻ നോർവീജിയൻ നൊബേൽ കമ്മിറ്റി തീരുമാനിച്ചത്. അവരുടെ ധീരമായ പോരാട്ടത്തിനു വ്യക്തിപരമായ സഹനം ഏറെയായിരുന്നു. 13 തവണയാണ് ഭരണകൂടം അവരെ അറസ്റ്റ് ചെയ്തത്, അഞ്ച് തവണ ശിക്ഷിക്കുകയും. 31 വർഷം തടവാണ് വിധിച്ചത്, 154 ചാട്ടവാറടിയും. ഞാൻ ഇവിടെ സംസാരിക്കുമ്പോഴും നാർഗേസ് തടവറയിലാണ്.

ഇറാനിയൻ സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്‌സ ജിന അമിനി എന്ന കുർദിഷ് യുവതി കൊല്ലപ്പെട്ടത് 2022 സെപ്റ്റംബറിലായിരുന്നു. 1979-ൽ അധികാരത്തിൽ വന്നതിനുശേഷം ഇറാന്റെ മതാധിപത്യ ഭരണകൂടത്തിനെതിരെ ഏറ്റവും വലിയ രാഷ്ട്രീയ പ്രകടനങ്ങൾക്കു കാരണമായി അമിനിയുടെ കൊലപാതകം. ‘സ്ത്രീ-ജീവിതം-സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യത്തിനു കീഴിൽ, ലക്ഷക്കണക്കിന് ഇറാനികളാണ് ഭരണകൂടത്തിന്റെ ക്രൂരതയ്ക്കും സ്ത്രീ പീഡനത്തിനുമെതിരെ സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുത്തത്. ഭരണകൂടം പ്രതിഷേധങ്ങളെ അതിഭീകരമായി അടിച്ചമർത്തി: 500-ലധികം പ്രകടനക്കാർ കൊല്ലപ്പെട്ടു. പൊലീസിന്റെ റബ്ബർ ബുള്ളറ്റുകൾ അന്ധരാക്കിയ നിരവധി പേർ ഉൾപ്പെടെ ആയിരക്കണക്കിനു പേർക്ക് ഗുരുതരമായി പരിക്കേറ്റു. കുറഞ്ഞത് 20,000 പേരെ ഭരണകൂടം അറസ്റ്റ് ചെയ്തു തടവറയിലിട്ടു.

പ്രകടനക്കാർ സ്വീകരിച്ച മുദ്രാവാക്യം - ‘സ്ത്രീ-ജീവിതം-സ്വാതന്ത്ര്യം’ - നാർഗേസ് മുഹമ്മദിയുടെ അർപ്പണബോധത്തിനും പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായിരുന്നു.

സ്ത്രീ. വ്യവസ്ഥാപിതമായ വിവേചനത്തിനും അടിച്ചമർത്തലിനും എതിരെ അവർ സ്ത്രീകൾക്കു വേണ്ടി പോരാടുന്നു.

ജീവിതം. പൂർണ്ണവും മാന്യവുമായ ജീവിതം നയിക്കാനുള്ള സ്ത്രീകളുടെ സമരത്തെ അവർ പിന്തുണയ്ക്കുന്നു. ഇറാനിലുടനീളമുള്ള ഈ പോരാട്ടം നിരവധി വേട്ടയാടലുകളും തടവും പീഡനവും മരണവും വരെ നേരിട്ടിട്ടുള്ളതാണ്.

സ്വാതന്ത്ര്യം. കാഴ്ചയിൽനിന്നു മാറിനിൽക്കാനും സ്ത്രീകൾ ശരീരം മറയ്ക്കാനും ആവശ്യപ്പെടുന്ന നിയമങ്ങൾക്കെതിരെ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായും വിമോചനത്തിനുവേണ്ടിയും അവർ പോരാടുന്നു, പ്രക്ഷോഭകരുടെ വിമോചനാവശ്യങ്ങൾ സ്ത്രീകൾക്കു മാത്രമായി ഒതുങ്ങുന്നില്ല, അതു മുഴുവൻ ജനതയ്ക്കും വേണ്ടിയുള്ളതാണ്.

ഒരു യുവ ഫിസിക്സ് വിദ്യാർത്ഥിയായി, 1990-കളിൽത്തന്നെ സമത്വത്തിന്റേയും സ്ത്രീകളുടെ അവകാശ പോരാട്ടങ്ങളുടേയും വക്താവായി നാർഗേസ് മുഹമ്മദി പ്രശസ്തയായിരുന്നു. പഠനാനന്തരം എന്‍ജിനീയറായും നവോത്ഥാന ചിന്തകൾ പുലർത്തുന്ന വിവിധ പത്രങ്ങളിൽ കോളമിസ്റ്റായും അവർ ജോലിചെയ്തു. 2003-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനജേതാവ് ഷിറിൻ എബാദി സ്ഥാപിച്ച ടെഹ്‌റാനിലെ ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്ററുമായി അവർ ബന്ധപ്പെട്ടു. തടവിലാക്കപ്പെട്ട പ്രവർത്തകരേയും അവരുടെ കുടുംബങ്ങളേയും സഹായിക്കാൻ ശ്രമിച്ചതിന് 2011-ൽ അവർ ആദ്യമായി അറസ്റ്റിലാവുകയും നിരവധി വർഷത്തെ തടവിനു ശിക്ഷിക്കപ്പെടുകയും ചെയ്തു.

രണ്ട് വർഷത്തെ തടവിനുശേഷം, ജാമ്യത്തിൽ ഇറങ്ങി അവർ രാജ്യത്തെ വധശിക്ഷയ്ക്ക് എതിരെയുള്ള പ്രചാരണത്തിൽ മുഴുകി. വർഷത്തിൽ ഏറ്റവും കൂടുതൽ സ്വന്തം ജനങ്ങളെ വധിക്കുന്ന രാജ്യങ്ങളിൽ ഒന്നായി ഇറാൻ ഉണ്ട്. 2022 ജനുവരി മുതൽ ഇറാനിൽ 860-ലധികം തടവുകാർക്കാണ് വധശിക്ഷ ലഭിച്ചത്.

വധശിക്ഷയ്ക്കെതിരായ ആക്ടിവിസം 2015-ൽ വീണ്ടും നാർഗേസിന്റെ അറസ്റ്റിലേക്കും ദീർഘകാല തടവിലേക്കും നയിച്ചു. ജയിലിൽ തിരിച്ചെത്തിയ ശേഷം, ഇറാനിയൻ ജയിലുകളിൽ രാഷ്ട്രീയ തടവുകാർക്കെതിരെ നടക്കുന്ന, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരെയുള്ള ഭരണകൂടത്തിന്റെ ആസൂത്രിത പീഡനങ്ങളേയും ലൈംഗിക അതിക്രമങ്ങളേയും നാർഗേസ് എതിർത്തു തുടങ്ങി.

കഴിഞ്ഞ വർഷം അലയടിച്ച പ്രതിഷേധത്തെപ്പറ്റിയുള്ള വിവരം ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിനുള്ളിൽ തടവിലാക്കപ്പെട്ട രാഷ്ട്രീയ തടവുകാർക്കു ലഭിച്ചിരുന്നു. നാർഗേസ് ഒരിക്കൽകൂടി അതിന്റെ നേതൃത്വം ഏറ്റെടുത്തു. ജയിലിൽനിന്നു പ്രകടനക്കാർക്ക് അവർ പിന്തുണ അറിയിക്കുകയും സഹതടവുകാർക്കിടയിൽ ഐക്യദാർഢ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. കൂടുതൽ കർശനമായ വ്യവസ്ഥകളുമായാണ് ജയിൽ അധികൃതർ പ്രതികരിച്ചത്. ഫോൺകോളുകൾക്കു വിലക്കേർപ്പെടുത്തി, സന്ദർശകരെ സ്വീകരിക്കുന്നതിൽനിന്നും അവർ നാർഗേസിനെ വിലക്കി. ഒക്കെയായിട്ടും മഹ്‌സ ജിന അമിനി കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷികത്തിൽ ന്യൂയോർക്ക് ടൈംസിനായി, ഒരു ലേഖനം ഒളിച്ചുകടത്തുന്നതിൽ നാർഗേസ് വിജയിച്ചു. സന്ദേശം ഇതായിരുന്നു: “അവർ നമ്മളെ എത്രകണ്ടു പൂട്ടുന്നുവോ അത്രമേൽ നമ്മൾ ശക്തരാകും.” തടവറകൾക്കു പ്രതിഷേധങ്ങളെ ഇല്ലാതാക്കുക സാധ്യമല്ലെന്ന് നാർഗേസ് തെളിയിക്കുകയായിരുന്നു.

ഒരു വനിതയും മനുഷ്യാവകാശ പ്രവർത്തകയും സ്വാതന്ത്ര്യസമര സേനാനിയുമാണ് നാർഗേസ് മുഹമ്മദി. ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം അവർക്കു നൽകുന്നതുവഴി, മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള ഇറാനിലെ അവരുടെ ധീരമായ പോരാട്ടത്തെയാണ് നോർവീജിയൻ നൊബേൽ കമ്മിറ്റി ആദരിക്കാൻ ആഗ്രഹിക്കുന്നത്. സ്ത്രീകളെ ലക്ഷ്യം വച്ച മതാധിപത്യ ഭരണകൂടത്തിന്റെ വിവേചനങ്ങൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ പ്രകടനം നടത്തിയ ലക്ഷക്കണക്കിന് ആളുകളേയും ഈ പുരസ്കാരത്തിലൂടെ ചേർത്തുപിടിക്കുകയാണ്. എല്ലാവർക്കും തുല്യ അവകാശങ്ങൾ എന്ന ബോധ്യത്തെ പുണരുന്നതിലൂടെ മാത്രമേ ആൽഫ്രഡ് നൊബേൽ വളർത്തിയെടുക്കാൻ ശ്രമിച്ച രാജ്യങ്ങൾ തമ്മിലുള്ള സാഹോദര്യം കൈവരിക്കാൻ ലോകത്തിനു കഴിയുകയുള്ളൂ.

സാമൂഹ്യനീതി, മനുഷ്യാവകാശം, ജനാധിപത്യം എന്നിവയുടെ പുരോഗതിക്കായി പ്രവർത്തിക്കുന്നവർക്കു സമാധാന സമ്മാനം നൽകുന്ന നോർവീജിയൻ നൊബേൽ കമ്മിറ്റിയുടെ ഒരു നീണ്ട പാരമ്പര്യത്തിന്റെ തുടർച്ചയാണ് നാർഗേസ് മുഹമ്മദിക്കുള്ള ഈ പുരസ്കാരം. ശാശ്വത സമാധാനത്തിനുള്ള സുപ്രധാന മുൻവ്യവസ്ഥകളാണിവ.”

സാറ

മൈ ലൈഫ് ആസ് എ ട്രെയ്റ്റർ, സാറാ ഗ്രഹ്‌റാമണിയുടെ ജീവിതം

ഒരർത്ഥത്തിൽ സാറാ ഗഹ്‌റാമണി ഭാഗ്യവതിയായിരുന്നു, അവളെ ഒരിക്കലും ഭയാനകമായ രഹസ്യമുറിയിലെ ഷായുടെ അതിവിദഗ്ദ്ധ പീഡകരുടെ അടുത്തേക്ക് അവളെ അവർ കൊണ്ടുപോയില്ല. ഒരിക്കൽ മാത്രമായിരുന്നു മാംസം തുളച്ചുകയറുന്ന ആണികൾ പിടിപ്പിച്ച ബെൽറ്റ് കൊണ്ടുള്ള തലങ്ങും വിലങ്ങുമുള്ള മർദ്ദനത്തിന് അവൾ വിധേയയായത്. തന്റെ മുൻപ്രണയിയും സുഹൃത്തുക്കളും ഭരണകൂടത്തിൽ ചെലുത്തിയ സമ്മർദ്ദം എന്നെന്നേക്കുമായ പരിക്കുകളില്ലാതെ അവളെ രക്ഷപ്പെടുത്തി, അവൾ ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല.

മാനസിക പീഡനം മറ്റൊരു കാര്യമാണ്, അതവൾ ശക്തമായി വിവരിക്കുന്നുണ്ട്. ഏകാന്തതയും അനിശ്ചിതത്വവും ആസിഡ് പോലെ അവളെ കാർന്നുതിന്നുന്നു. ഒരു അപരിചിതനായ ചോദ്യം ചെയ്യുന്നയാൾ അപരിചിതമായ ഒരു മുറിയിൽ ഒരു പെൺകുട്ടിയെ ഇരുത്തി, അവളുടെ കണ്ണുകെട്ടി, പിന്നെ അവളെ ഒരു കസാരയിൽ കെട്ടുന്നു പിന്നെ അവിടെ അവളെ മണിക്കൂറുകളോളം ഉപേക്ഷിക്കുന്നു. അനുഭവിക്കാനിരിക്കുന്ന അജ്ഞാതമായ, ഭീകരതയുടെ അതിരുകൾ മാറ്റിമാറ്റിവരക്കുന്ന പീഡനത്തിന്റെ തോന്നലുകൾ, ശരീരം ഒന്നനക്കാൻ പോലുമാവാത്ത അവസ്ഥ മതി ആരുടേയും ആത്മാവിനെത്തന്നെ തകർത്തുകളയാൻ. ഏകാന്തമായ ആ സെല്ലിലേക്ക് ഒരു പ്രാണിയെങ്കിലും മൂളിയെത്താൻ അവൾ കൊതിക്കുന്നുണ്ട്, വെറുതേ തന്റെ മസ്തിഷ്ക്കത്തിന് അതു തിരിച്ചറിയാൻ കഴിയുന്നുണ്ടോ എന്നറിയാൻ മാത്രമായി. എന്തുകൊണ്ടാവാം സാറായുടെ ജീവൻ ബാക്കിയായത് എന്നു ചോദിച്ചാൽ ന്യൂയോർക്ക് ടൈംസിന് അവൾ നല്‍കിയ അഭിമുഖത്തിന്റെ അവസാന ഭാഗത്ത് അതുണ്ട് - അവർ വിപ്ലവകാരികളായിരുന്നില്ല. “എനിക്ക് എന്റ പിങ്ക് ഷൂ വേണം!” എന്നതായിരുന്നു അവളുടെ പ്രതിഷേധ മുദ്രാവാക്യം. അവർക്ക് അതിലേറെ വലിയ ലക്ഷ്യങ്ങളൊന്നും ഇല്ലായിരുന്നു. ലോകത്തെ അതിമനോഹരമായ കാമ്പസുകളിൽ പഠനവും കളിയും ചിരിയും പ്രണയവുമായി ജീവിതം സുന്ദരമായി ആസ്വദിക്കുന്നത് കാണുന്ന ലോകത്തെ ഏതു കുട്ടികൾക്കും തോന്നാവുന്നതു മാത്രം. ആ ഭാവി വസന്തത്തെ തടയുവാൻ പൂവിറുത്തുകളയുന്നവരാണ് മുല്ലമാർ.

റബ്ബർബുള്ളറ്റു തൊടുത്തു കണ്ണു പൊട്ടിച്ചും പീഡിപ്പിച്ചും മതവാഴ്ചയ്ക്ക് രക്ഷാകവചം ഒരുക്കുന്ന ഇറാനിൽ 18 വർഷം മുന്നേ സമാനതകളില്ലാത്ത പീഡനം ഏറ്റുവാങ്ങി തലനാരിഴയ്ക്കു രക്ഷപ്പെട്ട് ആസ്‌ട്രേലിയയിലെത്തിയ സാറാ ഗ്രഹ്‌റാമണിയുടെ ജീവിതകഥയാണ് ‘മൈ ലൈഫ് ആസ് എ ട്രെയ്റ്റർ.’ അന്നു സാറാ എഴുതി-അതൊരു ഒരു നിരുപദ്രവകരമായ വിദ്യാര്‍ത്ഥി പ്രക്ഷോഭമായിരുന്നു. പക്ഷേ, ഏത് സ്വതന്ത്ര അഭിപ്രായപ്രകടനവും ഇറാനില്‍ ജയിലിലേക്കുള്ള മാര്‍ഗ്ഗമാണ്. സാറയും കഴിയേണ്ടിവന്നത് നാർഗേസ് തടവിലിരിക്കുന്ന അതേ ജയിലിലാണ് - കുപ്രസിദ്ധമായ എവിൻ പ്രിസൺ. മതവാഴ്ചയുടെ ലോകത്തെ പെൺജീവിതത്തിന്റെ നേർക്കാഴ്ചകളാണ് സാറായുടെ വാക്കുകളിൽ.

സാറയുടെ വാക്കുകളിലേക്ക് “കണ്ണുകെട്ടിയ തുണി മാറ്റിയപ്പോള്‍ മുന്നില്‍ കണ്ടത് ചോദ്യം ചെയ്യുന്ന ആ തടിയന്‍ ഇട്ടേച്ചുപോയ ഒരു തുണ്ട് കടലാസാണ്. ഞാന്‍ കയ്യൊപ്പു ചാര്‍ത്തേണ്ട കുറ്റസമ്മതങ്ങളുടെ ഒരു നീണ്ട ചാര്‍ത്ത്. കമ്യൂണിസ്റ്റു പാര്‍ട്ടി സെല്ലുകളും എന്റെ സുഹൃത്തുക്കളുമായുള്ള ‘വൃത്തികെട്ട ബന്ധ’ങ്ങളുടെ തെളിവുകള്‍. വിദേശ ശക്തികള്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ വഹിച്ച പങ്കിനെപ്പറ്റി എനിക്കറിയാം എന്നു രേഖകളില്‍. കൂടാതെ എന്റെ പ്രൊഫസറും നല്ല സുഹൃത്തുമായ ‘അറാഷ് ഹസ്താരി’ കമ്യൂണിസത്തെ പുല്‍കിയത്, പിന്നെ എനിക്ക് അദ്ദേഹവുമായുള്ള ‘ലൈംഗിക ബന്ധ’ത്തിന്റെ തെളിവുകള്‍.

ആ പ്രതിഷേധ സമരത്തിന്റെ നായകനായിരുന്നു അറാഷ്. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ കണ്ണിലെ കരടും.

ഈ ആരോപണങ്ങളൊക്കെ സത്യമാണെന്ന് ആരെങ്കിലും കരുതുമെന്ന് ഇതെല്ലാം എഴുതിക്കൂട്ടിയ ആ തടിയന്‍ കരുതുന്നുണ്ടാവുമോ? മറ്റൊരു മാതാഹരിയായി ചരിത്രം എന്നെ കാണുവാന്‍ ഈയൊരു കുറ്റസമ്മതം തന്നെ ധാരാളം - ഒരു പകുതി ഒറ്റുകാരിയും മറുപകുതി വേശ്യയും. ‘എന്നെ കുടുക്കിയതാണ്, ഞാനിതൊന്നുമല്ല’ എന്ന് ടെഹ്‌റാനിലെ മുഴുവനാളുകളോടുമായി വിളിച്ചുപറയണമെന്നുണ്ടായിരുന്നു എനിക്ക്. എന്തുചെയ്യാം, ഒഴിഞ്ഞ മുറിയിലെ ആ ചുമരുകളെ നോക്കി ഞാന്‍ അലറിക്കരഞ്ഞു, “ഇത് പച്ചക്കള്ളമാണ്. ഇല്ല ഞാനിതിലൊന്നും ഒപ്പുവെയ്ക്കുകയില്ല.”

അന്തിമമായി എന്നെ ചോദ്യചെയ്തവന്, കുറച്ചു വ്യത്യസ്തനായൊരാള്‍ കുറെ ഫോട്ടോഗ്രഫുകള്‍ കാണിച്ചു. ഒന്ന് ഞാനും അറാഷും ഒരു കഫേയില്‍ ഒരുമിച്ചിരുന്നു കാപ്പികുടിക്കുന്നത്. പിന്നൊന്ന് അറാഷിന്റെ വീട്ടിലേയ്ക്ക് ഞാന്‍ പോവുന്നതും മണിക്കൂറുകള്‍ക്കുശേഷം തിരിച്ചുവരുന്നതും (ഫോട്ടോയിലെ തീയതിയും സമയവും വെച്ച്). എന്റെ ലക്ഷ്യം അറാഷിന്റെ ലൈബ്രറി സന്ദര്‍ശനമായിരുന്നു എന്ന് അയാളോട് ഞാന്‍ വ്യക്തമാക്കിയതാണ്. ഭാഗ്യത്തിന് എന്റെ കയ്യില്‍ അവിടെനിന്നും ഞാന്‍ എടുത്ത പുസ്തകങ്ങളുണ്ടായിരുന്നു.

അറാഷുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന കുറ്റസമ്മതം മരണത്തിലേയ്ക്കുള്ള വഴിയാണ് - അതും എന്റെ മാത്രമല്ല. അറാഷിന്റെ ജീവനായിരുന്നു അവരുടെ ലക്ഷ്യം തിരിച്ചു മുറിയിലേക്കെത്തിയ ആ തടിയന്‍ ഓര്‍ക്കാപ്പുറത്ത് എന്റെ കവിളത്ത് ആഞ്ഞടിച്ചു. “നീയെന്താടീ കണ്ണുമറയ്ക്കാത്തത്?”

നിന്റെയീ അറപ്പുളവാക്കുന്ന മുഖം കാണാനായി” അയാളുടെ കൈകള്‍ എന്റെ ദേഹത്ത് ആഞ്ഞാഞ്ഞു പതിച്ചു. പിന്നെ അയാള്‍ എന്റെ കൈകള്‍ പിന്നോട്ടു വലിച്ച് ഏതോ ഒരു പരുക്കന്‍ സാധനംകൊണ്ട് റിസ്റ്റ് കൂട്ടിക്കെട്ടി. ആ വേദനയില്‍ അലറിക്കരയുമ്പോഴും ജയിലില്‍ ആരെങ്കിലും എന്റെ രക്ഷയ്ക്കെത്തുമെന്ന് ഞാന്‍ വൃഥാ കരുതി.

മുറി വിട്ടുപോയ തടിയന്‍ താമസിയാതെ ഒരു കത്രികയുമായി തിരിച്ചെത്തി. എന്റെ ശിരോവസ്ത്രം വലിച്ചൂരി. നീണ്ടുകിടന്ന എന്റെ മുടിയിഴകള്‍ അയാളുടെ കൈപ്പിടിയിലായി. എന്റെ നിലവിളിയെ അവഗണിച്ചുകൊണ്ട് അയാള്‍ മുടിമുഴുവന്‍ കത്രിച്ചിടാന്‍ തുടങ്ങി. പിന്നെ ഞാന്‍ കുതറിമാറാന്‍ ശ്രമിച്ചു. അഴകാര്‍ന്ന എന്റെ തലമുടിയെ രക്ഷിക്കാന്‍ തലവെട്ടിച്ചപ്പോഴെല്ലാം കത്രികയേറ്റ് തലനിറയെ മുറിവുകളായി. ഒടുവില്‍ ഒന്നിനും വയ്യാതെ ഞാന്‍ തളര്‍ന്നു. അപമാനഭാരത്താല്‍ ഞാനിരുന്നു കരഞ്ഞു.

മുടിയുടെ നീളം പോയപ്പോള്‍ കൈ കത്രികവിട്ട് അയാള്‍ ഇലക്ട്രിക് ഷിയേഴ്‌സിലേയ്ക്ക് മാറി. ആ വികൃതരൂപം ആസ്വദിക്കാനെന്നോണം ഒന്നു മാറിനിന്നു, അയാള്‍ എല്ലാം കഴിഞ്ഞപ്പോള്‍. ആ മുഖത്തേയ്ക്ക് ഒന്നു നോക്കാന്‍പോലുമുള്ള ധൈര്യം പിന്നീടെനിക്കുണ്ടായിരുന്നില്ല.

ഇത് എന്റെ മൂന്നാമത്തെ ചോദ്യം ചെയ്യല്‍? അതോ നാലാമത്തേതോ? എനിക്കിപ്പോള്‍ ദിനരാത്രങ്ങള്‍ തന്നെ അറിയാന്‍ കഴിയുന്നില്ല. ഒരാഴ്ചയായി ഞാനീ നരകത്തില്‍ എന്നു തോന്നുന്നു. ആദ്യ ചോദ്യം ചെയ്യലില്‍ അയാള്‍ എന്റെ കണ്ണുമൂടിയ തുണി അഴിച്ചുമാറ്റി. ഞാന്‍ അയാളെ ഒന്നു നോക്കി. ഏതാണ്ട് 50 വയസ്സുവരുന്ന, തലയില്‍ കഷണ്ടി കയറിയ ഒരു തടിയന്‍. മുഖത്ത് വൃത്തിഹീനമായ ഒരു താടി. അയാളെ എന്തോ നാറുകയും ചെയ്യുന്നു. അപ്പോള്‍ എന്നില്‍ അയാള്‍ക്കുള്ള അധികാരം അയാള്‍ നന്നായി ആസ്വദിക്കുന്നതായി തോന്നി. ഭരണകൂടത്തിനെതിരായി വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പങ്കാളിയായ ലാളിച്ചുവളര്‍ത്തപ്പെട്ട ഒരു മധ്യവര്‍ഗ്ഗ-അയാള്‍ക്ക് ഞാന്‍ അതുമാത്രമായിരുന്നു.

എന്റെ മാതാപിതാക്കള്‍ കുര്‍ദുകളായിരുന്നു എന്നതും എനിക്കു വിനയായി. പോരാത്തതിന് വിദ്യാസമ്പന്നരായ ലിബറലുകളും. അമ്മയാണെങ്കില്‍ സൗരാഷ്ട്രിയന്‍, ആ പൗരാണികമതം പിന്തുടരുവാനായിരുന്നു എന്നെ ശീലിപ്പിച്ചത്. ഷായുടെ കാലത്ത് പട്ടാളത്തില്‍ ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു എന്റെ അച്ഛന്‍. ഇപ്പോള്‍ ഒരു ഇലക്ട്രിക്കല്‍ കട നടത്തുന്നു. ഖുമൈനിയുടെ തിരിച്ചുവരവിനുശേഷമാണ് എന്റെ ജനനം. വളര്‍ച്ച അദ്ദേഹത്തിന്റെ വാഴ്ചക്കാലത്തും. ഷാ തന്നെയാണ് അധികാരത്തില്‍ എന്ന ചിന്തയിലായിരിക്കണം എന്നെ വളര്‍ത്തിയത്. പിന്നീട് മുതിര്‍ന്നപ്പോള്‍ ഇസ്‌ലാമിക ഭരണകൂടം അടിച്ചേല്പിച്ച മറ്റൊരു നിയമസംഹിതകൂടി അനുസരിക്കേണ്ടതായി വന്നു.

ഒരു വികൃതിക്കുട്ടിയായല്ല ഞാന്‍ വളര്‍ന്നതെങ്കിലും ജീവിതത്തിലെ തമാശകളും അതിന്റെ നിറഭേദങ്ങളും എന്നെ വല്ലാതാകര്‍ഷിച്ചു. ഞാനാഗ്രഹിച്ച നിറമുള്ള ലോകത്തിലേയ്ക്ക് എന്നെ നയിച്ച ആ ഷൂസുകള്‍, അച്ഛന്‍ എനിക്കു വാങ്ങിത്തന്ന ആദ്യ മാന്ത്രിക സാന്നിദ്ധ്യമായിരുന്നു ആ പിങ്ക് ഷൂസുകള്‍. എങ്കിലും താമസിയാതെ നഖശിഖാന്തം കറുപ്പില്‍ പൊതിഞ്ഞ് പുറത്തേക്കിറങ്ങേണ്ടിവന്ന ഒരു എട്ടു വയസ്സുകാരിയായി ഞാന്‍. സൂര്യകിരണങ്ങളില്‍ വെട്ടിത്തിളങ്ങുന്ന വസ്ത്രങ്ങളണിഞ്ഞ് നടക്കുവാനുള്ള എന്നെപ്പോലുള്ള പെണ്‍കുട്ടികളുടെ ആഗ്രഹങ്ങള്‍ ഡ്രസ്‌കോഡുകളില്‍ തട്ടി തരിപ്പണമായി.

ടെഹ്‌റാ‍ന്‍ സര്‍വ്വകലാശാലയില്‍ രണ്ടാം വര്‍ഷ സ്പാനിഷ് വിദ്യാര്‍ത്ഥിയായിരുന്ന വേളയില്‍ ഭരണകൂടത്തിന്റെ അപ്രീതിക്കു പാത്രമായ ഒരു പ്രൊഫസറെ പിരിച്ചുവിട്ടതിനെതിരായി ഒരു പ്രതിഷേധത്തില്‍ ഞാന്‍ പങ്കാളിയായി. ഒരു വലിയ വിഭാഗം ജനതയും നിര്‍ഭയമായ നിലപാടെടുത്ത ചില പത്രങ്ങളും ഞങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. 20 വര്‍ഷത്തോളം അധികാരം കയ്യാളിയ ഭരണകൂടം ക്ഷയോന്മുഖമായതായും ഒരു നവോത്ഥാനം ആവശ്യമാണെന്നും ഞങ്ങളെപ്പോലുള്ളവര്‍ക്കു തോന്നി. ഞങ്ങളെപ്പോലുള്ളവരുടെ വായ മൂടിക്കെട്ടാന്‍ ചില്ലറ ബലപ്രയോഗം മതിയാവുമോ അതോ ഉഗ്രപ്രഹരം തന്നെ വേണ്ടിവരുമോ എന്നു വിലയിരുത്താനായി അധികാരത്തിലുള്ളവര്‍ കരുതലോടെയിരുന്നു. ചില്ലറ ബലപ്രയോഗങ്ങള്‍ എവിടെയുമെത്താതെ വന്നപ്പോള്‍ ഭീകരമുറകള്‍ക്കായി അവര്‍ തയ്യാറെടുത്തു.

അന്നേ ദിവസം ഞാന്‍ സുഹൃത്തുക്കളോടൊത്ത് സല്ലപിച്ചുകൊണ്ടു വീട്ടിലേയ്ക്ക് നടക്കുകയായിരുന്നു. പെട്ടെന്നു മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ച ഒരു പൊലീസുകാരന്‍ എന്റെ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുകയും എന്നെ കാറിലേയ്ക്കെടുത്തെറിയുകയും ചെയ്തു. ടെഹ്‌റാനിലെ ഏതാണ്ട് ഒരു പട്ടണത്തോളം തന്നെ വിസ്തൃതിയുള്ള കുപ്രസിദ്ധമായ എവിന്‍ ജയിലിലേയ്ക്കാണ് എന്നെ കൊണ്ടുപോയത്.

ഏതാണ്ട് രണ്ടുമീറ്റര്‍ നീളം-ഒന്നരമീറ്റര്‍ വീതി വരുന്ന മൂന്നു ചെറിയ സ്റ്റെപ്പുകള്‍. ഉരുക്കുവാതില്‍. ജനാലകളില്ല. വെറുംതറയില്‍ ഒരു പുതപ്പുമാത്രം. ആ വാതില്‍പഴുതിലൂടെ കണ്ണുകെട്ടാനുള്ള തുണി ലഭിക്കും. കണ്ണുകെട്ടിവേണം സെല്ലിനു വെളിയിലിറങ്ങാന്‍. കക്കൂസിലേയ്ക്ക് പോവണമെങ്കില്‍ ഒരു പച്ച സ്ലിപ്പ് വെളിയിലേക്കിടണം. ഒരേ ഭക്ഷണം. ഒലീവും റൊട്ടിയും. വല്ലപ്പോഴും മത്സ്യ മാംസാദികളും. ഒന്നുകുളിച്ച് വസ്ത്രം മാറാന്‍ അവസരം കിട്ടുക ഒരാഴ്ചയ്ക്കുശേഷമാണ്.

എന്നെ രണ്ടാമത് ചോദ്യം ചെയ്ത ആ ആളെ ഞാന്‍ ആദ്യമായാണ് കാണുന്നത്. ഒരു ആഞ്ഞുതള്ളില്‍ അയാള്‍ എന്നെ ഒരു കസേരയില്‍ ഇരുത്തി. കുറെ സമയത്തേയ്ക്ക് വെറും നിശ്ശബ്ദത. ഒന്നുകില്‍ മുഖമടച്ച് ഒരടി, അല്ലെങ്കില്‍ ഇടി. ശാരീരികമായി ഇതിലേതെങ്കിലും ഒന്ന് സ്വീകരിക്കുവാന്‍ ഞാന്‍ ശരീരത്തെ സജ്ജമാക്കി. ശിക്ഷകളുടേതായ ഒരു ലിസ്റ്റ് തന്നെയുണ്ടോ? അസഭ്യവാക്കുകള്‍, ശാരീരികമായ ഉപദ്രവം, ലൈംഗിക പീഡനം?

അയാള്‍ ആവശ്യപ്പെടുന്ന എന്തും ചെയ്യാന്‍ എനിക്ക് സമ്മതമാണെന്നു പറയാന്‍ ഞാന്‍ തീരുമാനിച്ചു. അതിനായി സ്വയം തയ്യാറെടുത്തു. എന്തു പീഡനവും സഹിക്കാനുള്ള സഹനശേഷിയോ ദൃഢവിശ്വാസമോ ഒന്നും ഉള്ളവളല്ല ഞാന്‍.

ആ നിശ്ശബ്ദത ഭേദിച്ചുകൊണ്ട് അയാള്‍ ചോദിച്ചു: “എന്തൊരു പറഞ്ഞാല്‍ മനസ്സിലാവാത്ത അമ്മയാ നിന്റേത്? നിന്നെപ്പറ്റി ചോദിച്ചുകൊണ്ട് അവളെന്നും ഈ ഗേറ്റില്‍ വന്നുപോവുന്നു. ഞങ്ങള്‍ നിന്നെ കണ്ടിട്ടില്ല, നിന്നെപ്പറ്റി കേട്ടിട്ടുമില്ല” എന്നും ഞങ്ങള്‍ അവളോട് ഇതുതന്നെ പറയുന്നു.

ഞാനെന്തൊരു പൊട്ടിപ്പെണ്ണ്. എന്റെ അമ്മയുടെ വേദനകള്‍ കൂടി അവര്‍ക്ക് എന്നെ പീഡിപ്പിക്കാനുള്ള ഒരു ഉപകരണമാവും എന്നു ഞാന്‍ ആലോചിച്ചതേയില്ല. എനിക്ക് ഇനിയും അവരുടെ ദുരുദ്ദേശ്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയില്ലേ?”

മൃദുവായ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു: “അതേ, ഞാന്‍ ഇവിടെയാണെന്ന് എന്റെ അമ്മയ്ക്ക് അറിയാം.”

അയാള്‍ ഉച്ചത്തില്‍ ചിരിച്ചു. “പക്ഷേ, നീയിവിടെയല്ല... ആണോ? ആരും ഇവിടെയല്ല.” ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മീറ്റിംഗുകളെപ്പറ്റി അയാള്‍ ചോദിച്ചു.

ക്ലാസ്സുകള്‍ കാന്‍സലാക്കാന്‍ അയാള്‍ നിങ്ങളോടാവശ്യപ്പെട്ടുവോ?”

എന്റെ പ്രൊഫസറെയാണോ ഉദ്ദേശിക്കുന്നത് എന്നു ഞാന്‍ ആരാഞ്ഞു.

അതേ അവന്‍ തന്നെ നിങ്ങളെയെല്ലാം മസ്തിഷ്‌കപ്രക്ഷാളം ചെയ്ത ആ തെമ്മാടിതന്നെ...

ഇങ്ങനെ സംസാരിക്കുന്ന നീയാണ് തെമ്മാടി”, ഞാന്‍ തിരിച്ചടിച്ചു. എനിക്കു നിയന്ത്രിക്കാനാവും മുമ്പേ വാക്കുകള്‍ വാ വിട്ടുപോയി. പിന്നീട് കേട്ടത് അയാളുടെ കസാര നിരങ്ങുന്ന ശബ്ദമാണ്. പിറകില്‍നിന്നും അയാള്‍ എന്റെ കഴുത്തില്‍ പിടിമുറുക്കി. പിടിച്ചുകുലുക്കിയശേഷം മുന്നോട്ടേക്ക് ആഞ്ഞുതള്ളി. ഇരുന്ന കസാരയടക്കം ഞാൻ മുന്നോട്ടു മറിഞ്ഞു. ആ ശക്തിയായ വീഴ്ചയില്‍ എന്റെ താടി മേശയുടെ കോണില്‍ തട്ടി പിളര്‍ന്നു. തറയില്‍ വീണുകിടക്കുമ്പോള്‍ രക്തം ഒഴുകിപ്പോവുന്നത് ഞാന്‍ അറിഞ്ഞു. പതിയെ ഞാന്‍ മുട്ടുകുത്തിയിരുന്നു. പിന്നെ പതുക്കെ കസാരയിലേക്ക് മാറി.

ഒരുപാട് ചോദ്യങ്ങളായിരുന്നു പിന്നീട്. ചിലത് പുതിയത്, ചിലവ പഴയതിന്റെ ആവര്‍ത്തനങ്ങളും. എനിക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റിയില്ല. ബോധം മറയുന്നതുപോലെ തോന്നി. എല്ലാറ്റിനും എന്റെ മറുപടി ‘അതേ’ എന്നതിലൊതുങ്ങി.

എവിടെപ്പോയി എന്റെ ചങ്കുറപ്പ് എന്നു തോന്നി. എല്ലാറ്റിലുമുള്ള വിശ്വാസവും എനിക്കു നഷ്ടപ്പെട്ടുവോ? വേദനയുടെ ആ മൂടല്‍മഞ്ഞിനും ആത്മനിന്ദയ്ക്കും ഇടയില്‍ ഒരുതരം ഭയം എന്നെ കീഴടക്കി. എന്റെ താടിയിലെ ആഴമേറിയ മുറിവ് നാളെ പഴുത്തേക്കാം. മുഖത്തെ വൈരൂപ്യമായി, വൃത്തികേടായി അതു പരിണമിച്ചേക്കാം. നാളെ ആണ്‍കുട്ടികള്‍ എന്നെ ഒഴിവാക്കിയേക്കാം. എന്നിലെ ആ പേര്‍ഷ്യന്‍ സുന്ദരിയുടെ അന്ത്യം ഞാന്‍ കണ്മുന്നില്‍ കണ്ടു. എന്റെ ചിന്തകള്‍ എത്ര മാത്രം നിരര്‍ത്ഥകമായിപ്പോവുന്നു? എന്റെയീ ലോകം തന്നെ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുമ്പോഴും ചിന്തകള്‍ എന്റെ ചന്തമുള്ള മുഖത്തെ ചുറ്റിപ്പറ്റി മാത്രമായിപ്പോയി.”

ടോയ്‌ലറ്റിലേയ്ക്ക് പോവാനായി ഞാന്‍ ഒരു പച്ച പേപ്പര്‍ ചീള്‍ വാതിലിനടിയിലൂടെ തള്ളിവിട്ടു. തടവുകാര്‍ മറ്റുതടവുകാര്‍ക്ക് കൈമാറുന്ന സന്ദേശങ്ങള്‍ സൂക്ഷിക്കുക ടോയ്‌ലറ്റ് വാതിലിന്റെ പിന്നിലാണ്. അവിടെ എന്നെ സ്വാഗതം ചെയ്തത് അറാഷിന്റെ വരികളാണ്, പലപ്പോഴും പ്രസംഗം തുടങ്ങും മുന്‍പേ അദ്ദേഹം ചൊല്ലുന്ന ഒരു കവിതയിലെ വരികള്‍...

അതേ അറാഷ് ജയിലിലെത്തിയിരിക്കുന്നു.

സ്വന്തം കയ്യിലെ പറവയെ

മാനത്തേക്കു നീ പറഞ്ഞുവിടും

സ്നേഹത്തിന്റെ മറ്റൊരു കരം

വന്ന് നിന്റെ കൈകള്‍ പുണരും”

എന്താണ് അദ്ദേഹം അര്‍ത്ഥമാക്കുന്നത്? സത്യം പറഞ്ഞാല്‍ എനിക്കറിയണമെന്നില്ല... ഇപ്പോള്‍ സംഭവിച്ചതില്‍ പകുതിയും അദ്ദേഹം കാരണമാണ്. പകുതി ഞാന്‍ ഒരു സ്ത്രീയാണെന്നതുകൊണ്ടും...

എന്റെ പക്ഷിയുടെ ചിറകുകള്‍ ഒടിഞ്ഞുപോയിരിക്കുന്നു”... മറുപടിയായി ഞാന്‍ കുറിച്ചിട്ടു,

ഏതാണ്ട് മൂന്നാഴ്ചകളോളം നീണ്ടുനിന്ന എല്ലാത്തരം പീഡനങ്ങള്‍ക്കും ശേഷം ഒരു കോടതിമുറിയിലേക്കാണ് എന്നെ കൊണ്ടുപോയത്. സര്‍വ്വകലാശാലയിലെ പഠനാന്തരീക്ഷം തകിടം മറിച്ചതും നിയമവിരുദ്ധ അസാന്മാര്‍ഗ്ഗിക ബന്ധം പുലര്‍ത്തിയതുമടക്കം ആറു കുറ്റങ്ങളായിരുന്നു എന്റെ പേരില്‍. എനിക്ക് വിശ്വസിക്കാനേ പറ്റിയില്ല...

ആരായിരുന്നു ഈ ആരോപണങ്ങളുന്നയിച്ചവര്‍? ഞാനിതെല്ലാം ചെയ്തുവെന്ന് ആരാണ് പറഞ്ഞത്? പതയുന്ന രോഷം എന്റെ ശബ്ദത്തെപ്പോലും കീഴ്‌പെടുത്തി...

നിനക്കെതിരെ ആരോപണമുന്നയിച്ചത് വിപ്ലവ കോടതിയും പൊതുജനപ്രതിനിധികളുമാണ്. നിയമം അനുശാസിക്കുന്ന എല്ലാ നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് ഈ കണ്ടെത്തലുകളെല്ലാം”... ഒരു സ്യൂട്ടുധാരിയായ ഏതോ പ്രധാനപ്പെട്ട ആ ഉദ്യോഗസ്ഥന്റെ പ്രതികരണം അതായിരുന്നു.

എനിക്ക് ഒരു വക്കീലിനെ ലഭിക്കുമോ?

തീര്‍ച്ചയായും നിന്റെ വക്കീല്‍ നിന്റെ സഹകുറ്റവാളി അറാഷ് തന്നെയാണ്.”

30 ദിവസത്തെ തടവുശിക്ഷയാണ് ലഭിച്ചത്. ഇതുവരെ തടവില്‍ കഴിഞ്ഞ ദിനങ്ങളുടെ കുറവുണ്ട്. ഭാവിയില്‍ പഠനം തുടരുവാന്‍ പാടില്ല... പത്രസ്ഥാപനങ്ങളില്‍ ജോലി നോക്കുകയുമരുത്... എനിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നു ചോദിച്ചു.

എന്റെ കാര്യത്തില്‍ എല്ലാം ഏകപക്ഷീയമായി തീരുമാനിച്ചശേഷമായിരുന്നു നിരര്‍ത്ഥകമായ ആ ചോദ്യം. എന്റേതുപോലുള്ള ഏതു രാഷ്ട്രത്തിലേയും ഭരണകൂടത്തിനു കീഴില്‍ അല്ലലില്ലാതെ കഴിഞ്ഞുകൂടുവാന്‍ കഴിയുക വെറും ബുദ്ധിശൂന്യര്‍ക്കു മാത്രമായിരിക്കും...

നിന്റെ കുറ്റസമ്മതം യഥാസമയം ഞങ്ങള്‍ ബഹുജനസമക്ഷം കൊണ്ടുവന്നുകൊള്ളും”... അതായിരുന്നു ആ വാക്കുകള്‍.

ആറു ദിവസം കൂടി പിന്നിട്ട ശേഷം വീണ്ടും എന്നെ കണ്ണുകെട്ടി പുറത്തെ കാറിലേയ്ക്ക് നടത്തി. കാറിന്റെ പിന്നില്‍ കിടക്കാന്‍ പറഞ്ഞു. കോടതിയിലേയ്ക്ക് പോയ അതേ വഴിയിലല്ലായിരുന്നു സഞ്ചാരം എന്നെനിക്കു മനസ്സിലായി. വാഹനങ്ങളുടെ ശബ്ദഘോഷവും പ്രഭാതത്തില്‍ തെരുവുണരുന്നതിന്റെ ബഹളവുമെല്ലാം ഞാന്‍ തിരിച്ചറിഞ്ഞു. ഇപ്പോള്‍ കാറ് ഒരു ഹൈവേയിലൂടെ കുതിക്കുകയാണ്.

വാഹനങ്ങളുടെ ശബ്ദമൊന്നും വളരെ നേരമായി കേള്‍ക്കാതായി അധികം കഴിയും മുന്‍പ് കാര്‍ നിന്നു. എന്നോടു പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെട്ടു. മുഖത്ത് കാറ്റുവീശുന്നത് ഞാനറിഞ്ഞു. കൈകള്‍ കൂട്ടിക്കെട്ടിയ പ്ലാസ്റ്റിക് ചരടുകള്‍ മുറിഞ്ഞുവീണു. ഒപ്പം ഇരുകൈകളും ഇരുവശത്തേക്കും താഴ്ന്നുനിന്നു. എന്നെ അവിടെയിറക്കിയ കാര്‍ പറന്നുപോയി.

കുറെ നേരം ഞാനങ്ങനെ ചലനമറ്റുനിന്നുപോയി. കാര്‍ പൂര്‍ണ്ണമായും മറഞ്ഞു എന്നേതാണ്ടുറപ്പായശേഷം മാത്രം ഞാന്‍ കണ്ണുമൂടിയ തുണി അഴിച്ചുമാറ്റി. ചുറ്റും പരന്നുകിടക്കുന്ന ആ മരുപ്രദേശത്തിന്റെ വിസ്തൃതി കണ്ടു ഞാന്‍ വാ പൊളിച്ചുപോയി. ഒരു ഹൈവേ കുറച്ചകലെയായി കണ്ണില്‍പ്പെട്ടു. മാനത്തെ കറുത്തപാടുകള്‍ ടെഹ്‌റാനിലെ മൂടല്‍മഞ്ഞാണെന്നു തോന്നി. ഞാന്‍ നടക്കാന്‍ തുടങ്ങി. ടെഹ്‌റാന്റെ ഏറ്റവും വെളിയില്‍ കിടക്കുന്ന ഒരു പ്രാന്തപ്രദേശം ഏക്ബടന്‍ ആയിരുന്നു അത്. കുറച്ചുകൂടി നടന്നപ്പോഴേയ്ക്കും ഒരു ടെലിഫോണ്‍ ബൂത്ത് ശ്രദ്ധയില്‍പ്പെട്ടു.

അച്ഛനെ ഫോണ്‍ വിളിക്കാനായി അതുവഴി കടന്നുപോയ ഒരാളോട് എനിക്ക് കാശിനു യാചിച്ചു. അങ്ങോളമിങ്ങോളം മുറിവേറ്റ മൊട്ടത്തലയും വിണ്ടുപിളര്‍ന്ന താടിയും രക്തക്കറയുണങ്ങി പിടിച്ചിരിക്കുന്ന മുഖവും നെറ്റിത്തടവും ചീര്‍ത്ത കണ്ണുകളും പൊട്ടിയ ചുണ്ടുകളുമായി എന്നെ കണ്ട് അയാള്‍ ഭയന്നുപോവാതിരിക്കാനായി ഒന്നു നന്നായി ചിരിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു...

ഇതെന്തു പറ്റി കുട്ടീ, എങ്ങനെ നീയിവിടെയെത്തി?”

താങ്കള്‍ എനിക്ക് ഒരു നാണയം തരുമോ? എന്ന മറുചോദ്യമായിരുന്നു ഉത്തരം.

അയാള്‍ ഒരു കെട്ട് തുറന്ന് നാണയം എടുത്തുതന്നു...

കൈവശമുണ്ടായിരുന്ന റൊട്ടിക്കഷണങ്ങളില്‍ ചിലതുകൂടി അദ്ദേഹം എനിക്കു നല്‍കി. കൂടാതെ കുറെ സമയം വിശ്രമിച്ച് അതേവഴിയില്‍ സഞ്ചരിക്കാനും നിര്‍ദ്ദേശിച്ചു.

തിരക്കിട്ട് ഞാന്‍ ഫോണ്‍ബൂത്തിലെത്തി. മാനം കണ്ടിട്ട് ഏതാണ്ട് സമയം രാവിലെ എട്ട് മണിയായി കാണണം. അച്ഛന്‍ കടയിലേയ്ക്ക് പോവാനായിട്ടില്ല.

ഗഹ്‌റാമണി വീട്” ഫോണിലൂടെ അച്ഛന്റെ ശബ്ദം.

അച്ഛാ, ഇത് ഞാനാണ്... അച്ഛന്റെ സാറ.”

കവിളില്‍നിന്നും കണ്ണുനീര്‍ തുടച്ചുകൊണ്ട് മാതാപിതാക്കളേയും പ്രതീക്ഷിച്ച് ഞാനിരുന്നു, പിന്നീട് എന്റെ കണ്ണുകള്‍ ആ റൊട്ടിയിലുടക്കി. കരച്ചില്‍ അവസാനിപ്പിച്ച ഞാന്‍ വിശപ്പുസഹിക്കാന്‍ കഴിയാതെ അതകത്താക്കാന്‍ തുടങ്ങി. ഇതൊക്കെത്തന്നെയായിരിക്കും സ്വര്‍ഗ്ഗത്തിലായിരുന്നുവെങ്കിലും ഞാനാഗ്രഹിക്കുക. പുതിയ റൊട്ടി, സന്തോഷാശ്രുക്കള്‍, മാതാപിതാക്കളുടെ സാമീപ്യം...

ആ കണ്ണുകെട്ടിയിരുന്ന തുണി ഞാന്‍ മുറുകെപിടിച്ചു....

(സാറ 2005-ല്‍ ഇറാനില്‍നിന്നും രക്ഷപ്പെട്ടു. ഇപ്പോള്‍ ആസ്‌ട്രേലിയായില്‍, ഒരു കുടിയേറ്റ ഇറാന്‍കാരനെ വിവാഹം കഴിച്ചു. അറാഷ് ഹസ്‌റാതിക്ക് എന്തു സംഭവിച്ചു എന്നറിയാന്‍ സാറയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല).

തടവറയിൽ തീർന്ന ലിയു സിയാബോ

മഹാത്മാഗാന്ധിക്ക് കിട്ടാതെ പോയതിലും വലിയ സങ്കടമാണ് ലിയൂ സിയാബോക്ക് നൊബേല്‍ സമ്മാനം കിട്ടിയപ്പോള്‍ 2010-ൽ ചൈനയിലുണ്ടായത്. സമാധാനത്തിനുള്ള ഒരു നൊബേല്‍ സമ്മാനം ഒരു പ്രബല ഭരണകൂടത്തിന്റെ മനസ്സമാധാനം കെടുത്തിയ ചരിത്രമാണത്. ഒരു വ്യക്തിയും അയാളുടെ സ്വാതന്ത്ര്യ വാഞ്ഛയും ചരിത്രമായി മാറുന്ന അപൂര്‍വ്വം സന്ദര്‍ഭമായിരുന്നു അത്. ടിയാനെൻമെൻ സ്ക്വയറിലെ വിദ്യാർത്ഥി കൂട്ടക്കൊലയ്ക്കുശേഷം ലിയു തയ്യാറാക്കിയ ‘അഴിമതിവിരുദ്ധ നിർദ്ദേശങ്ങളും’ മറ്റു കത്തുകളും ഭരണകൂടത്തെ ചൊടിപ്പിച്ചു. പിന്നെ താമസിച്ചില്ല, കിംവദന്തികളും അപവാദങ്ങളും പ്രചരിപ്പിച്ചു, സാമൂഹിക ക്രമം അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മൂന്നു വർഷത്തെ പുനർവിദ്യാഭ്യാസത്തിലൂടെയുള്ള-തൊഴിൽ ശിക്ഷയായിരുന്നു 1996-ൽ ലിയുവിനു വിധിച്ചുകിട്ടിയത്.

ഏകപാര്‍ട്ടി സങ്കല്പത്തിന് എതിരായിരുന്നു ലിയു. ചൈനയിലെ വിദ്യാര്‍ത്ഥി സമരകാലത്ത് അവരെ അനുകൂലിച്ചു, അവര്‍ ടാങ്കിനടിയില്‍പ്പെട്ട് അരഞ്ഞുതീരാതിരിക്കാനായി ആവുന്നതു നോക്കിയെന്നതു ചില്ലറ കുറ്റമല്ല. ഏകാധിപതികളുടേതാവുമ്പോഴും ഏക പാര്‍ട്ടിയുടേതാവുമ്പോഴും എന്നും ശരിയാവുക ഭരണകൂടം മാത്രമാണ്. എതിര്‍ക്കുന്നവരുടെ നാവുപിഴുതെറിയും, കൊന്നുകൊലവിളിക്കും. ഒരു നൊബേല്‍ സമ്മാനജേതാവിനെക്കൂടി അയാള്‍ ആഗ്രഹിച്ച ചികിത്സ നിഷേധിച്ചു വൃത്തിയായി മരണത്തിലേക്കു തള്ളിവിട്ടുവെങ്കില്‍ പിന്നെ ചൈനയിലെ സാധാരണക്കാരുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ.

ലിയു

നൊബേല്‍ സമ്മാനം തനിക്കു ലഭിച്ച കാര്യം വിവരവിജ്ഞാന വിസ്‌ഫോടനത്തിന്റെ ഈ മഹായുഗത്തില്‍ ലിയു അറിഞ്ഞത്, തന്റെ ഭാര്യ ലിയു സിയയുടെ ഒരു ജയില്‍ സന്ദര്‍ശനവേളയില്‍ മാത്രമാണ്. വിവരമറിഞ്ഞ അദ്ദേഹം പൊട്ടിക്കരഞ്ഞുകൊണ്ട് ആ സമ്മാനം സമര്‍പ്പിച്ചത് 1989-ല്‍ ഭരണകൂട ഭീകരതയില്‍ പൊലിഞ്ഞുവീണ രക്തസാക്ഷികള്‍ക്കാണ്. അതിനുശേഷം ലിയൂവിന്റെ ഭാര്യ വീട്ടുതടങ്കലിലായി, പുറംലോകവുമായി ബന്ധപ്പെടാതിരിക്കാന്‍ മൊബൈല്‍ഫോണ്‍ കൂടി എടുത്തുമാറ്റപ്പെടുകയും ചെയ്തു. 2010-ൽ നൊബേൽ സമ്മാനിതനായ ലിയു സിയാബോ 2017-ൽ മതിയായ ചികിത്സകളെല്ലാം നിഷേധിക്കപ്പെട്ട് മരണത്തിനു കീഴടങ്ങി.

മനുഷ്യാവകാശധ്വംസനത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയലയുകയാണ് സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ എവിടെയും. സുതാര്യതയുടെ, ജനാധിപത്യത്തിന്റെ പുതുലോകക്രമത്തിൽ സ്വന്തം കുഴിവെട്ടുകയാണെന്നും പറയാം. വിവരസാങ്കേതികവിദ്യയുടേയും ആഗോളവല്‍ക്കരണത്തിന്റേയും അനന്തസാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുകയല്ലാതെ വേറെമാര്‍ഗ്ഗം മുന്നിലില്ലാത്തവര്‍ക്ക് എത്രനാള്‍ കൊട്ടിയടക്കാനാവും സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യത്തിന്റേയും വാതായനങ്ങള്‍? “ഞാന്‍ നിങ്ങളോടു വിയോജിക്കുന്നു. എന്നാല്‍ എന്നോടു വിയോജിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ബലികഴിക്കാനും ഞാന്‍ തയ്യാറാണ്” എന്നു വോള്‍ട്ടയര്‍ അല്ലെങ്കിൽ എൽവിൻ ബിയാട്രിസ് ഹാൾ. ഇതാണ് മനുഷ്യാവകാശത്തിന്റെ, സഹിഷ്ണുതയുടെ പ്രകടനപത്രിക. സഹിഷ്ണുതയുടേയും സമത്വത്തിന്റേയും ആയൊരു സുന്ദരലോകത്തേക്കുള്ള ചവിട്ടുപടിയാവട്ടെ, ഒരോ സമാധാന സമ്മാനവും അഹിഷ്ണുതയുടെ അപ്പോസ്തലൻമാർക്കുള്ള മുഖമടച്ച അടിയും.

 

ഈ ലേഖനം കൂടി വായിക്കാം
ദേശരാഷ്ട്രനിര്‍മിതിയുടെ നീക്കിബാക്കി