യോണ്‍ ഫോസെയുടെ എഴുത്ത് വഴികള്‍

By ഡോ. പി.എം. സാക്കിര്‍  |   Published: 25th October 2023 12:59 PM  |  

Last Updated: 25th October 2023 12:59 PM  |   A+A-   |  

സ്‌കാന്‍ഡിനേവിയന്‍ നാടകപാരമ്പര്യത്തില്‍ ഓഗസ്റ്റ് സ്ട്രീന്‍ബര്‍ഗിനും ഹെന്‍ഡ്രിക് ഇബ്‌സണും ശേഷം ലോകശ്രദ്ധ നേടിയ, 2023ലെ നൊബേല്‍ സമ്മാനിതനായ നാടകകൃത്ത് യോണ്‍ ഫോസ്സെ മറ്റൊരു സ്‌കാന്‍ഡിനേവിയന്‍ എഴുത്തുകാരനായ ലാര്‍സ് നോറനൊപ്പം അടയാളപ്പെടുത്തപ്പെടുന്നത് മറ്റെന്തിനേക്കാളും 'പ്രോലിഫിക്' എന്ന വിശേഷണത്താലാണ്. ഫോസ്സെ നാല്‍പ്പതിലധികം നാടകങ്ങള്‍ രചിച്ചപ്പോള്‍ നോറന്‍ നൂറിലധികം നാടകങ്ങള്‍ രചിക്കുകയുണ്ടായി. വാക്കുകളോളം ഗാഢമായ നിശ്ശബ്ദതയുടെ ഇടവേളകളും ഭ്രമാത്മകതയുടെ നിഴലില്‍ സൃഷ്ടിക്കപ്പെടുന്ന അപരിചിത ബന്ധങ്ങളുടെ ഭീതികളും നാഗരികതയുടെ അതിര്‍ത്തികള്‍ എന്നു തോന്നിപ്പിക്കാവുന്ന ഒറ്റപ്പെട്ട നഗരസ്ഥലികളും ഭീതിദമായ സമുദ്രതീരങ്ങളും നാടകത്തിന്റെ ഇടങ്ങളാവുന്നതും സ്വപ്നങ്ങളും ഓര്‍മ്മകളും യാഥാര്‍ത്ഥ്യങ്ങളും ഇടകലരുന്ന രചനാസങ്കേതവും ഫോസ്സെയെ ലോകശ്രദ്ധ നേടിയ യൂറോപ്യന്‍ നാടകരചയിതാവാക്കി മാറ്റി.

കവിതയിലൂടെയും ഫിക്ഷനിലൂടെയുമാണ് യോണ്‍ ഫോസ്സെ നാടകരചനയിലേക്ക് വേഷപ്പകര്‍ച്ച നടത്തിയത്. തന്റെ കാലത്തെ നാടകസങ്കേതങ്ങളോടുള്ള അതൃപ്തി നാടകരചനയിലേക്ക് എളുപ്പം കൂടുമാറാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. ഓസ്ലോയിലെ നാഷണല്‍ നോര്‍വീജിയന്‍ തിയേറ്ററില്‍ വെച്ച് നോറന്റെ 'ദി ലാസ്റ്റ് സപ്പര്‍' എന്ന നാടകം കാണാനിടയായതാണ് അദ്ദേഹത്തെ നാടകത്തിലേക്ക് വഴി തിരിച്ചുവിട്ടത് എന്ന് ഫോസ്സെ സമ്മതിക്കുന്നുണ്ട്. 1994ല്‍ ബെര്‍ഗനിലെ നാഷണല്‍ തിയേറ്ററിനുവേണ്ടി 'സംബഡി ഈസ് ഗോയിങ് ടു കം' എന്ന നാടകമെഴുതിയെങ്കിലും അത് രംഗത്തെത്തിയില്ല. ഈ തിയേറ്ററില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഫോസ്സെ നാടകം 'ആന്റ് വീ വില്‍ നവര്‍ പാര്‍ട്ട്' ആയിരുന്നു. 1996ല്‍ മാത്രമാണ് ആദ്യ രചനയായ 'സംബഡി ഈസ് ഗോയിംഗ് ടു കം' അരങ്ങില്‍ അവതരിപ്പിക്കപ്പെടുന്നത്. അതേ വര്‍ഷം ഓസ്ലോയിലെ ഇബ്‌സണ്‍ തിയേറ്ററില്‍ തന്റെ 'ദി ചൈല്‍ഡ്' എന്ന നാടകവും അവതരിപ്പിക്കപ്പെട്ടു. അങ്ങനെ ആദ്യമായി നോര്‍വെയിലെ ഇബ്‌സണ്‍ നാടകോത്സവത്തില്‍ ഒരു സമകാലീന നാടകകൃത്തിന്റെ രചന അരങ്ങില്‍ അവതരിപ്പിക്കപ്പെട്ടു. യൂറോപ്യന്‍ നാടകകലയില്‍ നാടകകൃത്തുക്കളുടെ ദൃശ്യതയ്ക്ക് നിദാനമായി എടുത്തുപറയുന്നത് തിയേറ്ററുകളും നാടകോത്സവങ്ങളിലെ സാന്നിധ്യവും സാഹിത്യ പ്രസിദ്ധീകരണങ്ങളിലൂടെ ലഭിക്കുന്ന വിമര്‍ശകശ്രദ്ധയുമാണ്. ജര്‍മന്‍ ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന 'ഠവലമേൃല ഒലൗലേ' യോന്‍ ഫോസ്സെയ്ക്ക് പില്‍ക്കാലത്ത് ദൃശ്യത നല്‍കിയെങ്കിലും, വിമര്‍ശകര്‍ പക്ഷേ, തന്റെ ആദ്യകാല രചനകളെ വേണ്ടത്ര ഗൗരവത്തിലെടുത്തില്ല. വളരെ യഥാതഥമായ രീതിയില്‍ തന്റെ ആദ്യകാല രചനകള്‍ക്കു ദൃശ്യാവിഷ്‌കാരം നല്‍കിയ കയ് ജോണ്‍സണെ വിമര്‍ശിക്കാനും നിരൂപകര്‍ മറന്നില്ല. 1994ല്‍ ഫോസ്സെ രചിച്ച 'സംബഡി ഈസ് ഗോയിംഗ് ടു കം' എന്ന ആദ്യരചനയെ നിശിതമയി വിമര്‍ശിച്ച എലിസബത്ത് റിഗ് എന്ന വിമര്‍ശക അതേ രചനയെ 2001ല്‍ 'ഒരു ആധുനിക ക്ലാസിക്' എന്നാണ് വിശേഷിപ്പിച്ചത്. ഇതിനിടയ്ക്കുള്ള ഏഴ് വര്‍ഷങ്ങള്‍ ഫോസ്സെയുടെ നാടകജീവിതത്തെ മാറ്റിയെഴുതിയ വര്‍ഷങ്ങളായിരുന്നു. സ്വീഡനിലെ തന്റെ സമകാലീനനായ ലാര്‍സ് നോറനേക്കാള്‍ നാടകരചനയില്‍ ഫോസ്സെ ലബ്ധപ്രതിഷ്ഠ നേടിയെടുത്തതില്‍ തന്റെ രചനകള്‍ക്കു ദൃശ്യാവിഷ്‌കാരം നല്‍കിയ ജോണ്‍സനോടുള്ള കടപ്പാടുണ്ട്.

നോര്‍വേയുടെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതിചെയ്യുന്ന ഹോക്‌സുണ്ട് എന്ന പട്ടണത്തിനടുത്തുള്ള ഒരു വിദൂര ഗ്രാമത്തിലാണ് ഫോസ്സെ ജനിച്ചത്. ഈ ഗ്രാമത്തിന്റെ ഏകാന്തതയും വന്യമായ ഭൂപ്രകൃതിയും ഭീതി നിഴലിക്കുന്ന കടലുമൊക്കെ നാടകരചനയിലേക്ക് സന്നിവേശിപ്പിക്കാന്‍ ഫോസ്സെ ശ്രമിച്ചിട്ടുണ്ട്. കമ്യൂണിസത്തിലും അരാജകവാദത്തിലും ആദ്യകാലത്ത് ആകൃഷ്ടനായ ഫോസ്സെ പിന്നീട് കാത്തലിക് മതവിശ്വാസത്തിലേക്ക് തിരിച്ചുവന്നു. ബെര്‍ഗന്‍ സര്‍വ്വകലാശാലയില്‍നിന്നു താരതമ്യസാഹിത്യം പഠിച്ച ഫോസ്സെ, നിനോര്‍സ്‌ക് ഭാഷയിലാണ് തന്റെ രചനാജീവിതം ആരംഭിച്ചത്. 1994 മുതല്‍ 2017 വരെയായി നാല്‍പ്പതിലധികം നാടകങ്ങള്‍ ഫോസ്സെ രചിക്കുകയുണ്ടായി. നാടകരചനയിലേക്ക് പരകായപ്രവേശം നേടുന്നതിനു മുന്‍പുതന്നെ എഴുത്തുകാരന്‍ എന്ന പ്രശസ്തി ഫോസ്സെ നേടിയെടുത്തിരുന്നു. '21ാം നൂറ്റാണ്ടിന്റെ ബക്കറ്റ്' എന്നാണ് ഫോസ്സെയെ ഫ്രാന്‍സിലെ 'ലി മൊണ്ടെ' ദിനപത്രം വിശേഷിപ്പിച്ചത്. 20ാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ ദാര്‍ശനിക വ്യഥകളെ തന്റെ എഴുത്തിലൂടെ പ്രശ്‌നവല്‍ക്കരിച്ച ഐറിഷ് നാടകകൃത്താണ് സാമുവല്‍ ബക്കറ്റ്. സ്വകാര്യ ലോകത്തിന്റെ വൈകാരിക സംഘട്ടനങ്ങളെ തീവ്രമായി അവതരിപ്പിച്ച ഹെന്‍ട്രിക് ഇബ്‌സന്റെ നാടകങ്ങളുമായും ജീവിതത്തിന്റെ ഭീതിദമായ ആകസ്മികതകള്‍ക്ക് ദൃശ്യഭാഷ നല്‍കിയ ഹാരോള്‍ഡ് പിന്ററിന്റെ നാടകങ്ങളുമായും ഫോസ്സെനാടകങ്ങളെ താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. യൂറോപ്യന്‍ തീയേറ്ററില്‍ പുതുവഴികള്‍ വെട്ടിത്തുറന്ന സാറ കെയ്ന്‍, ബെര്‍ണാഡ് മേരി കോര്‍ട്‌സ്, റൊളാങ് ഷിമ്മര്‍ ഫെനിങ്, ലാര്‍സ് നോറന്‍ എന്നിവര്‍ക്കൊപ്പമാണ് വിമര്‍ശകര്‍ ഇപ്പോള്‍ ഫോസ്സെയെ ചേര്‍ത്തുനിര്‍ത്തുന്നത്.

വാക്കുകള്‍ക്കിടയിലെ നിശ്ശബ്ദതയ്ക്കും സംഭാഷണങ്ങള്‍ക്കിടയിലെ അര്‍ദ്ധവിരാമങ്ങള്‍ക്കും പേരുകേട്ട നാടകങ്ങളാണ് ഫോസ്സെയുടേത്. പാഠത്തിന്റെ താളമാകുന്ന ഈ മൗനങ്ങളാണ് തന്റെ രചനകളെ ഭാവദീപ്തമാക്കുന്നത്. പതിവു നാടകസങ്കേതങ്ങള്‍ക്കപ്പുറം പോവുന്നൊരു കാവ്യാത്മകത ഫോസ്സെയുടെ നാടകങ്ങള്‍ക്കുണ്ട്. അരങ്ങില്‍ അവതരിപ്പിക്കപ്പെടുന്നത് നാടകമോ കവിതയോ എന്ന സന്ദേഹം ദ്യോതിപ്പിക്കുന്ന രീതിയിലുള്ള ഒരു സങ്കലനം തന്റെ നാടകരചനയില്‍ സംഭവിക്കുന്നു. പാഠത്തിനകത്ത് പ്രവൃത്തികള്‍ നിറച്ചുവെക്കുന്നതിനു പകരം ഫോസ്സെ പകര്‍ത്തി വെക്കുന്ന ഭാഷയുടെ ദീപ്തമായ മൗനങ്ങള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളെ അഭിനേതാവും പ്രേക്ഷകനും ഒരുപോലെ ഏറ്റുവാങ്ങുന്നു. ഈ മൗനത്തിന്റെ വാല്മീകങ്ങളില്‍, പറയാതെ പോകുന്നതിന്റെ അനിശ്ചിതത്വവും പാഠനിര്‍മ്മിതിയുടെ അര്‍ത്ഥസന്ദേഹങ്ങളും ഉണ്ട്. സൂസന്ന ബോര്‍ഡര്‍മാന്‍ എന്ന വിമര്‍ശക ഫോസ്സെ നാടകങ്ങളെ വിലയിരുത്തുന്നത് ഇങ്ങനെയാണ്: 'ഫോസ്സെനാടകങ്ങളില്‍ വിവിധ തലങ്ങളിലായുള്ള ഗ്രഹണീയമായ ഒരു ആഖ്യാനമോ പ്രവൃത്തികളോ സമഗ്രമായ അര്‍ത്ഥതലങ്ങളോ മൂര്‍ത്തമായ കഥാപാത്രങ്ങളോ ചലനാത്മകമായ കഥയോ സംഘര്‍ഷങ്ങളോ കാണാനാവില്ല. പകരം ഈ നാടകങ്ങള്‍ പ്രേക്ഷകനു പകര്‍ന്നു നല്‍കുന്നത് അസ്ഥിരമായൊരു കാലഘടനയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും ശകലിതമായ ഭാഷാര്‍ത്ഥങ്ങളും വലിയൊരളവില്‍ നിശ്ശബ്ദതയുമാണ്.'

കാലത്തോട് ചേര്‍ത്തുവയ്ക്കാവുന്ന നേരുകള്‍

ഇതര യൂറോപ്യന്‍ നാടകകൃത്തുക്കളായ സാറാ കെയ്ന്‍, മാര്‍ട്ടിന്‍ ക്രിംപ്, മായന്‍ബെര്‍ഗ് തുടങ്ങിയവരെപ്പോലെ ഫോസ്സെയും 'പോസ്റ്റ് ഡ്രാമാറ്റിക്' എന്ന് വര്‍ഗ്ഗീകരിക്കപ്പെടുന്നുണ്ട്. നവ ഉദാരവല്‍ക്കരണം മുതല്‍ സ്വത്വാനന്തര രാഷ്ട്രീയം വരെയുള്ള വിവിധങ്ങളായ സാമൂഹിക പ്രശ്‌നങ്ങളെ അരങ്ങില്‍ പ്രശ്‌നവല്‍ക്കരിക്കുന്നതിലൂടെ, സമകാലീന യൂറോപ്പുമായി നിരന്തര സംവാദത്തിലേര്‍പ്പെടുന്നവരാണിവര്‍. രാഷ്ട്രങ്ങള്‍ക്കിടയിലെ സ്വതന്ത്രമായ അതിര്‍ത്തികള്‍ മാഞ്ഞില്ലാതാവുന്ന രാഷ്ട്രീയ പരിസരത്തില്‍ രാഷ്ട്രീയ ഹിംസകളും ചരിത്രപരമായ അനീതികളും ലിബറല്‍ ജനാധിപത്യത്തിന്റെ ബലക്ഷയവും സത്യാനന്തരകാലത്തിന്റെ സന്ദേഹങ്ങളും എഴുത്തിന്റെ ആകുലതകളായി ഈ നാടകകൃത്തുക്കള്‍ ആത്മാവില്‍ ഏറ്റുവാങ്ങുന്നു.

മറ്റു സാഹിത്യരൂപങ്ങളേക്കാള്‍ അസ്വതന്ത്രനാണ് നാടകസൃഷ്ടിയില്‍ രചയിതാവ് എന്ന തിരിച്ചറിവ് ഫോസ്സെക്കുണ്ടായതുകൊണ്ടാവണം അദ്ദേഹം തന്റെ രചനകളെ ഭാവദീപ്തമായും അയഞ്ഞതുമായ രീതിയിലും രംഗാവിഷ്‌കാരത്തെക്കുറിച്ച് കൃത്യമായ പാഠനിര്‍ദ്ദേശങ്ങള്‍ നല്‍കാതേയും മറ്റും രചന നിര്‍വ്വഹിച്ചത്. ഭാഷയുടെ ഉപയോഗത്തിലും രചനാസങ്കേതത്തിലും അസംബന്ധ നാടകവേദിയുടെ 'മിനിമലിസം' ഫോസ്സെയും പ്രയോഗവല്‍ക്കരിക്കുന്നുണ്ട്. ആവര്‍ത്തിക്കുന്ന ഭാഷാപ്രയോഗങ്ങള്‍, ധ്യാനാത്മകമാവുന്ന ദൃശ്യസ്ഥലികള്‍, ഒരായിരം അര്‍ത്ഥധ്വനികള്‍ സാധ്യമാകുന്ന ഭാഷയുടെ പാകപ്പെടുത്തല്‍, ജീവിക്കുന്ന ഓരോ നിമിഷത്തേയും കാവ്യവല്‍ക്കരിക്കാവുന്ന സംസാരഭാഷയുടെ ശില്പവൈഭവം, ഭാഷയിലെ മൗലികമായ അഴിച്ചു പണിയലുകള്‍, വാക്കുകള്‍ മാറ്റി പ്രതിഷ്ഠിച്ചും പുനരുപയോഗം നടത്തിയും നടപ്പുലോകത്തെ ദീപ്തമാക്കല്‍ എന്നിവ ഫോസ്സെനാടകങ്ങളുടെ ചില രചനാ സങ്കേതങ്ങളാണ്. പാത്രാവതരണത്തിലും ഫോസ്സെ ഒരു മിനിമലിസ്റ്റാണ്. പേരുകള്‍പോലും പലപ്പോഴും കഥാപാത്രങ്ങള്‍ക്കു നല്‍കാറില്ല. വായനക്കാര്‍ക്ക് ഗ്രഹിക്കാനാവാത്ത രീതിയില്‍ കഥാപാത്രങ്ങളെ ന്യൂനീകരിക്കുകയും ഒളിപ്പിച്ചുവെയ്ക്കപ്പെട്ട ഭൂതകാലം പേറുന്നവരായും അവര്‍ അവതരിപ്പിക്കപ്പെടുന്നു. ഭീതിദമായ ബാഹ്യലോകത്തില്‍നിന്നും സംരക്ഷണം തേടുന്നവരും തങ്ങളുടെ ഭൂതകാലത്തെ പിന്നിലുപേക്ഷിച്ച് സ്വയം നവീകരണം നടത്തുന്നവരുമാണവര്‍. 'സംബഡി ഈസ് ഗോയിംഗ് ടു കം' എന്ന നാടകത്തില്‍ വളരെ ദുര്‍ബ്ബലമായ മനുഷ്യബന്ധത്തെ പുറത്തുനിന്ന് ആരോ വന്നു തകര്‍ക്കുന്ന ഭീതിയുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. നഗരത്തില്‍നിന്നും വളരെ മാറി ഒരു കടല്‍ത്തീരത്ത് പഴയ ഒരു വീട്ടില്‍, തീവ്രമായ ആന്തരിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന ഒരു സ്ത്രീയും പുരുഷനും ഒറ്റപ്പെട്ട് താമസിക്കുന്നു. പുറത്തുനിന്ന് ആരോ വന്ന് അവരുടെ ഏകാന്തതയേയും ബന്ധങ്ങളേയും തകര്‍ക്കുമെന്ന് അവര്‍ ഭയക്കുന്നു. ഭ്രമാത്മകതയുടെ തലത്തിലേക്ക് നീങ്ങുന്ന ഈ രചന ലൈംഗികതയുടേയും ആസക്തിയുടേയും ആഖ്യാനമായി വിലയിരുത്തപ്പെടുന്നു. 'ദി ചൈല്‍ഡ്' എന്ന നാടകത്തിലും ഈ വിധം ഭീതിയുടേയും ഭ്രമാത്മകതയുടേയും അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നുണ്ട്. ദമ്പതികള്‍ താമസിക്കുന്ന ഫ്‌ലാറ്റിനു പുറത്ത് അവരെ നിരീക്ഷിച്ച് ബോട്ടിലുകള്‍ ശേഖരിക്കുന്ന ഒരു അപരിചിതന്‍ നില്‍ക്കുമ്പോള്‍ പുരോഹിതന്‍ ഇല്ലാത്ത ഒരു ചര്‍ച്ച് അവര്‍ക്ക് ആശ്വാസമേകുന്നതായി ഫോസ്സെ എഴുതിവെയ്ക്കുന്നു. 1999ല്‍ എഴുതിയ 'ഡ്രീം എബൗട്ട് ഓട്ടം' എന്ന നാടകം ക്രമം തെറ്റുന്ന കാലഘടനയെ അവതരിപ്പിക്കുമ്പോഴും ജീവിതവും മരണവും സ്വപ്നവും യാഥാര്‍ത്ഥ്യവും ഇടകലരുന്നതിന്റെ ആവിഷ്‌കാരവും കൂടിയാവുന്നു ഈ നാടകം. ജീവിതം ഒരു മ്യൂസിയമായും നാടകകാലത്തിനകത്ത് കഥാപാത്രങ്ങള്‍ പരിണാമപ്പെടുന്നതും പ്രായമാവുന്നതും മരണമടയുന്നതുമെല്ലാം സ്വപ്നതുല്യമായ ഒരു അന്തരീക്ഷത്തില്‍ ഈ നാടകം അവതരിപ്പിക്കുന്നുണ്ട്. സ്വപ്നവും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്നുവരുന്ന മറ്റൊരു നാടകമാണ് 'അയാം ദി വിന്‍ഡ്.' ഒരു ബോട്ടില്‍ യാത്ര ചെയ്യുന്ന രണ്ട് യുവാക്കളില്‍ ഒരാള്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്യുന്നതാണ് ഈ നാടകത്തിന്റെ കഥാതന്തു. ബക്കറ്റിന്റെ 'ഗോദോയെ കാത്ത്' എന്ന നാടകത്തെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഈ രചന. അര്‍ത്ഥശൂന്യമായ ജീവിതത്തെ പ്രതിനിധാനം ചെയ്യുന്ന 'ദി ഡെഡ് ഡോഗ്‌സ്' മാതാവിന്റെ ഫ്‌ലാറ്റില്‍ ഒറ്റപ്പെട്ടുപോയ യുവാവിന്റെ അസ്വസ്ഥകരമായ കഥ പറയുന്നു. ആദ്യം നോവലായും പിന്നീട് നാടകമായും ആവിഷ്‌കരിക്കപ്പെട്ട 'ട്രിലജി' എന്ന കൃതി 'സമ്മര്‍', 'ഓട്ടം', 'വിന്റെര്‍' എന്നീ നാടകങ്ങളുടെ സമാഹാരമാണ്. ഭര്‍ത്താവ് കടലില്‍ അപ്രത്യക്ഷമായതിനുശേഷം ജീവിതത്തെ ചേര്‍ത്തുവെയ്ക്കാന്‍ ഒരു യുവതി നടത്തുന്ന ശ്രമമാണ് 'സമ്മര്‍' പറയുന്നത് എങ്കില്‍, ഒരു ആയുഷ്‌കാലം പരിചയമുള്ള രണ്ട് 'അപരിചിതര്‍' ഒരു ശ്മശാനത്തില്‍ കണ്ടുമുട്ടുന്നതാണ് 'ഓട്ടം' അവതരിപ്പിക്കുന്നത്. ഒരു ലൈംഗികതൊഴിലാളിയും ബിസിനസ്സുകാരനും തമ്മിലുള്ള സമാഗമമാണ് 'വിന്റെര്‍' എന്ന നാടകത്തിന്റെ ഇതിവൃത്തം.

താന്‍ വിശ്വസിക്കുന്ന ദര്‍ശനങ്ങളെ എഴുത്തിലെ ഓരോ വരികളിലും ഫോസ്സെ ഗൂഢമായി നിക്ഷേപിക്കുന്നു. പരിമിതമായ സ്ഥലത്തിലും കാലത്തിലും ജീവിച്ചുതീര്‍ക്കുന്ന ഈ ജീവിതത്തെക്കുറിച്ചുള്ള ആഴമേറിയ ബോധ്യങ്ങളാണ് ഇതര സമകാലിക യൂറോപ്യന്‍ നാടകരചയിതാക്കളില്‍നിന്നും ഫോസ്സെയെ വ്യത്യസ്തനാക്കുന്നത്. തെരുവില്‍ കണ്ടുമുട്ടുന്ന പ്രണയിനിയുടേയോ അപരിചിതന്റേയോ നോട്ടങ്ങളിലോ അനന്തമായ കടല്‍ നോക്കിയിരിക്കുന്നതിലോ തിയേറ്ററില്‍ അഭിനേതാക്കള്‍ക്കും കാണികള്‍ക്കും ഇടയിലുള്ള ശ്വസനവേഗങ്ങളിലോ ജീവിതത്തിന്റെ ഗാഢമായ സ്പന്ദനങ്ങള്‍ ഫോസ്സെ അന്വേഷിക്കുന്നു. തന്റെ നാടകങ്ങളില്‍ ഗുപ്തമാക്കിവെച്ചിരിക്കുന്ന ദാര്‍ശനികതയെ അതില്‍ പങ്കുചേരുന്ന അഭിനേതാവും പ്രേക്ഷകനും ഒരുപോലെ ധ്യാനാത്മകമായി സ്വീകരിക്കുന്നു. പ്രേക്ഷകനെ ആത്മീയമായൊരു സംവേദനത്തിനു പാകപ്പെടുത്തുന്ന ദര്‍ശനിക മാനങ്ങളാണത്.

യന്ത്രങ്ങളാല്‍ അധിനിവേശം ചെയ്യപ്പെട്ട മനുഷ്യജീവിതത്തിന്റെ യഥാതഥമായ ചിത്രീകരണമാണ് ഫോസ്സെ നാടകങ്ങള്‍. ചാപല്യങ്ങള്‍ ഉണ്ടെങ്കിലും കഥാപാത്രങ്ങള്‍ പൂര്‍ണ്ണത കാംക്ഷിക്കുന്നു. ആഴമേറിയ സംഘര്‍ഷങ്ങള്‍ അനുഭവിക്കുമ്പോഴും ഉണ്മയുടെ പൊരുള്‍ അന്വേഷിക്കുന്ന ദാര്‍ശനികരാവുന്നു അവരെങ്കിലും, ആന്തരിക ലോകത്തിന്റെ വാങ്മയങ്ങള്‍ വിനിമയം ചെയ്യാന്‍ അവര്‍ അശക്തരാവുന്നു. അഗാധമായി പ്രണയിക്കുമ്പോഴും വൈരുദ്ധ്യങ്ങളാല്‍ അവര്‍ സ്വയം റദ്ദ് ചെയ്യപ്പെടുന്നു. ശിഥിലബന്ധങ്ങളും ആശയവിനിമയത്തിന്റെ പ്രതിസന്ധികളും പരിഹരിക്കാന്‍ കഠിനപ്രയത്‌നം നടത്തുമ്പോള്‍ മനുഷ്യര്‍ തമ്മിലുള്ള അകലങ്ങള്‍ അവര്‍ക്ക് ബോധ്യപ്പെടുകയും ആഴമേറിയ ഏകാന്തതകളിലേക്ക് തെന്നിവീഴുകയും ചെയ്യുന്നു.

മൗലികമായ സ്ഥലസങ്കല്പങ്ങള്‍വിശാലമായ സ്‌പേസിന്റെ അനന്ത സാധ്യതകളും മനുഷ്യരെ പരസ്പരം വേര്‍തിരിക്കുന്ന ഇടങ്ങളുംഫോസ്സെ രചനകളുടെ അടിപ്പടവായി പ്രവര്‍ത്തിക്കുന്നുണ്ട്. മരണത്തേയും മരണവും ജീവിതവും എന്ന ദ്വന്ദ്വത്തേയും അതിന്റെ സമ്മര്‍ദ്ദങ്ങളേയും മൗലികവും മൂര്‍ത്തവുമായ സ്ഥലസങ്കല്‍പ്പങ്ങളിലൂടെ ഫോസ്സെ അന്വേഷിക്കുന്നു. നാടകങ്ങളിലെ സ്ഥല സങ്കല്‍പ്പത്തെ ഫോസ്സെ സമീപിക്കുന്നത്, വാക്കുകള്‍ക്കിടയിലെ അകലം, മനുഷ്യര്‍ക്കിടയിലെ അകലം, നാടകം കാണുമ്പോള്‍ കാണിയെ ആവരണം ചെയ്യുന്ന സ്ഥലബോധം എന്നിങ്ങനെ പലവിധ വാങ്മയങ്ങളിലൂടെയാണ്. ഓരോ ഫോസ്സെനാടകവും പ്രേക്ഷകനോട് ആവശ്യപ്പെടുന്നത് നാടകത്തെ വളരെ സ്വകീയമായി സമീപിക്കുവാനാണ്. മനുഷ്യന്റെ അസ്തിത്വ വേദനകള്‍ക്കു ഉപരിതല സ്പര്‍ശിയായ ഉത്തരങ്ങള്‍ ഫോസ്സെ നല്‍കുന്നില്ല. നാടകങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സ്ഥലകാല സങ്കല്പങ്ങളിലൂടെയും രചനാസങ്കേതങ്ങളിലൂടെയും പ്രേക്ഷകനെ സ്വകീയമായൊരു അപഗ്രഥനത്തിനു വിധേയമാക്കുംവിധം കഥാപാത്രങ്ങളുടെ സ്വത്വത്തിലേക്കു നാടുകടത്തപ്പെടുന്നു. കഥാപാത്രങ്ങളുടേയും കാണികളുടേയും ഹൃദയസ്പന്ദനങ്ങള്‍ക്കിടയിലെ ഇടവേളകളുടെ സന്ദിഗ്ദ്ധതകള്‍ക്കിടയിലും വാക്കുകള്‍ക്കിടയിലെ ശ്വസനവേഗങ്ങള്‍ക്കിടയിലും വര്‍ത്തമാനകാലത്തിന്റെ അനിശ്ചിതത്വങ്ങളത്രയും ഫോസ്സെ കരുതിവെയ്ക്കുന്നു.

നിശ്ചിതമായ ഇടത്തില്‍ മനുഷ്യര്‍ക്കിടയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ഫോസ്സെ ചോദിക്കുന്നുണ്ട്. ഭീതിദമായതും ഒപ്പം സ്വതന്ത്രമാക്കപ്പെടുന്നതുമായ, സാധ്യതകളുടെ അനന്തത നല്‍കുന്ന ഒരു സ്‌പേസില്‍, വൈരുദ്ധ്യങ്ങളുടെ നാടകീയമായ പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോള്‍പോലും ആ തുറസ്സുകളില്‍ കണ്ടെത്തുന്നത് ഉണ്മയുടെ പൊരുള്‍ നല്‍കുന്ന ദാര്‍ശനിക പ്രതീക്ഷകള്‍ തന്നെയാണ്. നിരാശകള്‍ക്കിടയില്‍ ഫോസ്സെ ഇവ്വിധം പ്രതീക്ഷകള്‍ ഒളിപ്പിച്ചുവെയ്ക്കുന്നു. പുറമേയ്ക്ക് തീവ്രമായ നിരാശ ജനിപ്പിക്കുന്നതും ഇരുണ്ടതുമായി തോന്നിയേക്കാമെങ്കിലും ആന്തരികമായ പ്രതീക്ഷകള്‍ ഫോസ്സെനാടകങ്ങളുടെ ആരൂഢമാവുന്നു. അടുത്ത നിമിഷത്തിന്റെ സന്ദിഗ്ദ്ധത നല്‍കുന്ന പ്രതീക്ഷകളാണ് പ്ലോട്ടിനെ മുന്നോട്ട് ചലിപ്പിക്കുന്നത്. 'നൈറ്റ് സിങ്‌സ് ഇറ്റ്‌സ് സോങ്' എന്ന നാടകത്തിലെ യുവതിയായ കേന്ദ്ര കഥാപാത്രത്തിനു നാടകത്തിന്റെ ക്ലൈമാക്‌സിനെക്കുറിച്ച് വെളിപാടുണ്ടാവുന്നതുപോലെ. ഏകാന്തത അനിവാര്യമാണെന്ന് നമ്മെ പഠിപ്പിച്ചത് ഓസ്ട്രിയന്‍ കവി റില്‍ക്കെയാണ്. ആശയവിനിമയത്തിന്റെ യാന്ത്രികരീതികള്‍ പരിഷ്‌കരിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് വ്യക്തികള്‍ക്കിടയില്‍ കിനിഞ്ഞിറങ്ങുന്ന അപരിചിതത്വവും നിശ്ശബ്ദതയും കനപ്പെട്ടതാണ്. യാന്ത്രിക വിനിമയങ്ങള്‍ വ്യക്തികളെ നിശ്ശബ്ദരാക്കിയോ എന്ന് ഫോസ്സെ ചോദിക്കുന്നു.

വ്യക്തികള്‍ക്കിടയിലെ ആശയവിനിമയം എന്നും സങ്കീര്‍ണ്ണമായിരുന്നു. ഈ ലോകത്തിലെ ഓരോ മനുഷ്യനും ഏകാന്തതയുടെ ഒറ്റപ്പെട്ട തിരുത്തുകള്‍ ആണെന്നും 'ജീവിതം അങ്ങനെയൊക്കെത്തന്നെയാണ്' എന്നും 'ഡെത്വേരിയേഷന്‍' എന്ന നാടകത്തിലെ ചെറുപ്പക്കാരനായ കഥാപാത്രം ആശ്വസിക്കുമ്പോള്‍, ഫോസ്സെ നാടകങ്ങള്‍ ഒരു അനുഷ്ഠാനം പോലെ ഏറ്റുപറയുന്നത് മനുഷ്യന്റെ ഏകാന്തതയും തീവ്രവേദനകളുടെ ആഴമേറിയ പ്രതിസന്ധികളുമാണ്. നമ്മുടെ കാലത്തോട് ചേര്‍ത്തുവെയ്ക്കാവുന്ന നേരുകള്‍.

ഈ ലേഖനം കൂടി വായിക്കൂ

നൊബേല്‍ സമ്മാനം നേടിയ സ്ത്രീകള്‍