'സ്ത്രീ വിരുദ്ധത ഇല്ല, കഥാപാത്രങ്ങളെ കൂടു തുറന്നുവിടുന്നയാളാണ് ഞാന്‍'
By എസ്. ഹരീഷ്/ ലീമ വി.കെ | Published: 16th September 2023 01:23 PM |
Last Updated: 16th September 2023 02:46 PM | A+A A- |

1992 -'95 കാലത്ത് കോട്ടയം ബസേലിയസ് കോളേജില്‍ മലയാളം ബിരുദത്തിന് ഒന്നിച്ചു പഠിച്ചവരാണ് ഞങ്ങള്‍. എസ്. ഹരീഷിന്റെ എഴുത്തിന്റെ വളര്‍ച്ചയുടെ പടവുകളെ അത്ഭുതത്തോടെയും ആഹ്ലാദത്തോടെയും നോക്കിക്കാണുന്നവരില്‍ ഒരാള്‍. എഴുത്തുവഴികളെക്കുറിച്ച് സംസാരിച്ചു തുടങ്ങിയപ്പോള്‍ പഠനകാലം, പഴയകാല സൗഹൃദങ്ങള്‍, വായനാലോകം ഇവയെല്ലാം ഹരീഷ് ഓര്‍മ്മിച്ചെടുത്തു.
മൂന്നു വര്‍ഷം ഒന്നിച്ചു പഠിച്ചുവെങ്കിലും നാല്‍പതു ദിവസങ്ങള്‍പോലും ഹരീഷ് കാമ്പസിലോ ക്ലാസ്സിലോ ഉണ്ടായിരുന്നതായി എനിക്കു തോന്നുന്നില്ല. എവിടെയായിരുന്നു ഹരീഷ് അപ്പോള്‍?
മലയാളം ബിരുദത്തിനു ചേര്‍ന്നെങ്കിലും ഇതെനിക്കു പഠിക്കാനാവുമെന്നു ഞാന്‍ കരുതിയില്ല. മറ്റെന്തെങ്കിലും ജോലിക്കു പോകണമെന്നായിരുന്നു മനസ്സില്‍. എങ്കിലും വീട്ടില്‍നിന്നു കോളേജിലേയ്‌ക്കെന്നും പറഞ്ഞിറങ്ങും. മിക്കവാറും അതു ചെന്നെത്തുന്നത് കോട്ടയം പബ്ലിക് ലൈബ്രറിയിലാവും. അതല്ലെങ്കില്‍ സിനിമാ തിയേറ്ററില്‍. ക്ലാസ്സില്‍ വരാനിഷ്ടമല്ലെങ്കിലും വായന അന്നേ എനിക്കു ഹരമായിരുന്നു.
ക്ലാസ്സുകളില്‍ അധികമൊന്നും കയറാതിരുന്ന, ഒന്നും രണ്ടും വര്‍ഷത്തെ എല്ലാ പേപ്പറുകളും തോറ്റുപോയ ഹരീഷ്, അവസാന വര്‍ഷം റിസള്‍ട്ട് വന്നപ്പോള്‍ അതുവരെ ഒന്നാം സ്ഥാനത്തുനിന്ന എന്നെ തട്ടിമാറ്റി കോളേജ് ടോപ്പറായി. സത്യത്തില്‍ അന്നെനിക്കുണ്ടായ സങ്കടം മാറിയത് ഹരീഷ് വലിയ എഴുത്തുകാരനായപ്പോഴാണ്. മൂന്നു വര്‍ഷത്തെ പേപ്പറുകളെല്ലാം ഒന്നിച്ചെഴുതിയായിരുന്നു വിജയിച്ചത്?
ആദ്യ രണ്ടു വര്‍ഷങ്ങള്‍ പഠനത്തില്‍ രക്ഷപ്പെടില്ലെന്നു വിചാരിച്ച് മറ്റെന്തെങ്കിലും തൊഴിലു നോക്കാമെന്നായിരുന്നു വിചാരം. കുറച്ചു ദിവസം നീണ്ടൂരിലുള്ള കണ്ണനെന്ന സുഹൃത്തിന്റെ കൂടെ ഞാന്‍ പെയിന്റിംഗ് പണിക്കു പോയി. അപ്പോഴാണ് മനസ്സിലായത്, ഇത് അല്പം ആരോഗ്യം വേണ്ട ജോലിയാണെന്ന്. ലീമയ്ക്ക് എന്റെ അന്നത്തെ ആരോഗ്യാവസ്ഥയും ശരീരസ്ഥിതിയുമൊക്കെ അറിയാമല്ലോ. അപ്പോള്‍ പിന്നെ ഇനി മലയാളം പഠിക്കുകയല്ലാതെ മറ്റൊരു വഴിയില്ലെന്നു മനസ്സിലാക്കിയ ഞാന്‍ പഠനത്തിലേയ്ക്ക് എത്തിപ്പെടുകയായിരുന്നു.
അന്നു പഠിപ്പിച്ച അദ്ധ്യാപകര്‍?
ബസേലിയസിലെ അദ്ധ്യാപകര്‍ നല്ല സ്‌നേഹമുള്ളവരായിരുന്നു. പാഠപുസ്തകത്തിനപ്പുറത്തേയ്ക്ക് നയിച്ചിരുന്ന പ്രഫുലചന്ദ്രന്‍ സാറിന്റെ ക്ലാസ്സുകള്‍ പ്രത്യേകം ഓര്‍ക്കുന്നു.
ഒ.വി. വിജയന്റെ പുസ്തകങ്ങള്‍ക്കൊപ്പം കാഫ്ക, കമ്യു, കീര്‍ക്കേഗാര്‍, യൊനെസ്‌കോ തുടങ്ങി വിശാലമായ മറ്റൊരു ലോകത്തെത്തിക്കുന്നതായിരുന്നു സാറിന്റെ ക്ലാസ്സുകള്‍. ഭദ്രന്‍ സാറിന്റെ അയ്യപ്പന്റെ കവിതകളെക്കുറിച്ചുള്ള ക്ലാസ്സുകള്‍, മുരളിസാറിന്റെ കുമാരനാശാനും വ്യാകരണവും മേരി മാത്യു ടീച്ചറിന്റെ ചങ്ങമ്പുഴകവിതകള്‍ തുടങ്ങി എല്ലാവരും എന്റെ ഓര്‍മ്മയിലുണ്ട്.

ഹരീഷ് എങ്ങനെയാണ് വായനയുടെ ലോകത്ത് എത്തിപ്പെട്ടത്? ആരുടെയെങ്കിലും സ്വാധീനം?
നീണ്ടൂരിലെ ലൈബ്രറിയില്‍ ചെറുപ്പം മുതല്‍ തന്നെ പോകുമായിരുന്നു. പിന്നെ ഇവിടെയുള്ള സുഹൃത്തുക്കളുമായി വായനാചര്‍ച്ചകള്‍ അന്നേയുണ്ട്. പൂമ്പാറ്റ അമര്‍ ചിത്രകഥകളും ബാലസാഹിത്യവുമൊക്കെ വാങ്ങിച്ചുതരുമായിരുന്നു എന്നതൊഴിച്ചാല്‍ വീട്ടില്‍ വായനയുടെ വലിയ ലോകമൊന്നുമില്ല. എന്നാല്‍, നീണ്ടൂരില്‍ വായനക്കാരുടേയും രാഷ്ട്രീയബോധമുള്ളവരുടേയും നീണ്ടനിരതന്നെയുണ്ട്. അവരോടുള്ള ചങ്ങാത്തമാണ് എന്നെ വായനയിലേയ്ക്ക് എത്തിച്ചത്.
ബസേലിയസില്‍ പഠിക്കുമ്പോള്‍ എഴുത്തു തുടങ്ങിയിരുന്നോ?
ഡിഗ്രി പഠനസമയത്ത് എഴുത്തിനെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. എന്നാല്‍, നന്നായി വായിക്കുമായിരുന്നു. ചരിത്രവും പൊളിറ്റിക്‌സും ആയിരുന്നു വായിക്കാനിഷ്ടം. ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളേജില്‍ എം.എ മലയാളത്തിനു പഠിക്കുമ്പോള്‍ കോളേജ് മാഗസിനില്‍ ഞാന്‍ ഒരു ലേഖനമെഴുതിയിരുന്നു. കെ.ജി.എസ്സിന്റെ കവിതകളെക്കുറിച്ച്. അതിനുശേഷം കോട്ടയത്ത് ജേണലിസം പഠിക്കുമ്പോള്‍ 1998-ല്‍ മാതൃഭൂമി വിഷുപ്പതിപ്പ് കഥാമത്സരത്തിലേയ്ക്ക് ഞാന്‍ ഒരു കഥ അയച്ചു. 'ശാസ്ത്രസാഹിത്യ കരയോഗ ചിന്തകള്‍' എന്നായിരുന്നു പേര്. ആ കഥ കോട്ടയം പബ്ലിക് ലൈബ്രറിയില്‍ ഇരുന്നാണ് ഞാന്‍ എഴുതുന്നത്. ആ കഥയ്ക്ക് പ്രോത്സാഹന സമ്മാനം ലഭിച്ചു. ഷനോജ് ആര്‍. ചന്ദ്രനും ജിഷ്ണുവിനും എനിക്കുമായിരുന്നു ആ വര്‍ഷം പ്രോത്സാഹന സമ്മാനം.
ആ കഥയാണ് ആദ്യമായി പ്രസിദ്ധീകരിച്ചു വന്നത്. ഷനോജ് ഇപ്പോള്‍ നല്ല കഥകളുമായി എഴുത്തു തുടരുന്നുണ്ട്. ഈ കഥ എഴുതി കയ്യില്‍ ഇരിക്കുന്ന സമയത്ത് ഭാഷാപോഷിണിയുടെ ഒരു കഥാക്യാമ്പ് നടന്നതോര്‍ക്കുന്നു.
പുനത്തില്‍ കുഞ്ഞബ്ദുള്ളയാണ് ക്യാമ്പ് ഡയറക്ടര്‍. അദ്ദേഹത്തിന്റെ മുന്നില്‍ എല്ലാവരും കഥ അവതരിപ്പിക്കണം. എനിക്കാണെങ്കില്‍ ആകെ ചമ്മല്‍. അന്ന് എനിക്കുവേണ്ടി കഥ വായിച്ചത് പിന്നീട് ബ്രണ്ണന്‍ കോളേജ് അദ്ധ്യാപകനായിരുന്ന കെ.വി. സുധാകരനാണ്. അദ്ദേഹം ഒരു വാഹനാപകടത്തില്‍ മരിച്ചുപോയി. പുനത്തില്‍ ഒന്നു ചിരിച്ചതല്ലാതെ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. അതിനുശേഷം കുങ്കുമത്തില്‍ ഒരു കഥയെഴുതി. അത് എന്റെ കയ്യില്‍ ഇല്ല. സെബാസ്റ്റ്യന്‍ പോള്‍ എഡിറ്ററായിരുന്ന കേരള ടൈംസില്‍ കുറച്ചുനാള്‍ ഞാന്‍ ജേണലിസ്റ്റായിരുന്നു. എറണാകുളത്ത് മഹാരാജാസിന്റെ ഹോസ്റ്റലിലാണ് അന്നു താമസം. കോളേജ് ചെയര്‍മാന്‍ ഇ.ജി. രതീഷ് എന്റെ സുഹൃത്തായിരുന്നു. ലീമയുടേയും ഉറ്റ സുഹൃത്താണല്ലോ. ജയകുമാറിന്റേയും (അപ്പന്‍ സിനിമയുടെ തിരക്കഥാകൃത്ത്) ടി.ബി.
ലാലിന്റേയും (കഥാകൃത്ത്) മുറിയിലാണ് എന്റെ കിടപ്പ്. മറ്റൊരു സുഹൃത്ത് ഇന്ദുശേഖര്‍ അന്ന് മലയാളം വാരികയില്‍ കയറിയിരുന്നു. അങ്ങനെ ജയചന്ദ്രന്‍ സാറുമായി പരിചയമായി. ചില ലേഖനങ്ങള്‍ അന്ന് ജയചന്ദ്രന്‍ സാര്‍ പറഞ്ഞ് എഴുതിയിട്ടുണ്ട്. കെ. വേണുവിനെക്കുറിച്ച്, അദ്ദേഹത്തിന്റെ പുസ്തകങ്ങളെക്കുറിച്ച് പഠിച്ച് ഞാന്‍ ഒരു ലേഖനം തയ്യാറാക്കി. അദ്ദേഹത്തിനത് വളരെയധികം ഇഷ്ടമാവുകയും ചെയ്തു. ആ സമയത്ത് ഞാനും ഇ. സന്തോഷ് കുമാറും കെ.ജെ. ജോണിയും കെ. വേണുവിനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയതും മല്ലിപ്പൊടിയൊക്കെയിട്ട് അദ്ദേഹം ചിക്കന്‍ കറി ഉണ്ടാക്കിത്തന്നതുമൊക്കെ രസകരമായ ഓര്‍മ്മകളാണ്.
'രസവിദ്യയുടെ ചരിത്രം' ആ സമയത്ത് ഇന്ത്യാടുഡേയില്‍ വന്നു. ഇന്ത്യാടുഡേയില്‍നിന്ന് അന്നു കാര്യമായ പ്രതിഫലം ലഭിച്ചിരുന്നു. രണ്ടു മൂന്നു കഥകള്‍ ഇന്ത്യാടുഡേയില്‍ വന്നുവെന്നാണ് ഓര്‍മ്മ. ആ കഥയ്ക്ക് തോമസ്
മുണ്ടശ്ശേരി പുരസ്‌കാരം ലഭിച്ചു. അതിനെത്തുടര്‍ന്ന് തൃശൂര്‍ കറന്റ് ബുക്‌സ് 'രസവിദ്യയുടെ ചരിത്രം' സമാഹാരം പ്രസിദ്ധീകരിക്കാന്‍ തയ്യാറായി. അതാണ് ആദ്യ കഥാസമാഹാരം. പിന്നീട് കുറെ നാളത്തേയ്ക്ക് ഞാന്‍ ഒന്നും എഴുതിയില്ല. എഴുത്തു മാത്രമല്ല, വായനയും നിന്നു. ജോലിക്കു പോകുക വരിക, അത്രമാത്രം. വല്ലാത്തൊരു ഡിപ്രഷന്‍ എന്നെ പിടികൂടി.
എങ്ങനെയാണ് അതില്‍നിന്നു രക്ഷപ്പെട്ട് വീണ്ടും വായനയും എഴുത്തും തുടര്‍ന്നത്?
കമല്‍റാം സജീവ് മാതൃഭൂമിയില്‍ എഡിറ്ററായി ആ സമയത്ത് എത്തി. കെ. വേണുവിന്റെ പുതിയ പുസ്തകത്തിന്റെ റിവ്യു ഞാന്‍ എഴുതിയാല്‍ നന്നായിരുന്നുവെന്ന് അദ്ദേഹം തന്നെ പറഞ്ഞതിന്‍പ്രകാരം കമല്‍റാം എന്നെ വിളിക്കുന്നു. ആ ലേഖനം എഴുതിയതോടെ എഴുത്തുബ്ലോക്കും വായനാബ്ലോക്കും വിട്ടുമാറി ഞാന്‍ ഉഷാറായി.
ആദം, അപ്പന്‍ ഈ കഥാസമാഹാരങ്ങള്‍ക്കുശേഷം നോവല്‍ രചനയിലേയ്ക്ക് കടന്നതിനെക്കുറിച്ച്?
നോവല്‍ എഴുതണമെന്ന് ആദ്യമേ തന്നെ ആഗ്രഹിച്ചിരുന്നു. 'ആദ'വും 'അപ്പനും' നോവലായി എഴുതണമെന്ന് വിചാരിച്ചിരുന്നതാണ്. നോവലിന്റെ പ്ലോട്ടിലേയ്ക്ക് എങ്ങനെ എത്തിച്ചേരുമെന്ന് വല്ലാത്ത ആശങ്കയുണ്ടായിരുന്നു. അങ്ങനെ നോവലെഴുത്ത് പലപ്പോഴും കഥയായി പരിണമിച്ചു. ഒരിക്കല്‍ 12 അദ്ധ്യായങ്ങളുള്ള ഒരു നോവല്‍ ഞാനെഴുതി വളരെ സത്യസന്ധമായി അഭിപ്രായം പറയുന്ന രണ്ടു സുഹൃത്തുക്കള്‍ക്ക് വായിക്കാന്‍ കൊടുത്തു. ഒരാള്‍ നിശിതമായും മറ്റേയാള്‍ മനോഹരമായും ആ നോവലിനെ തള്ളിക്കളഞ്ഞു. ഒന്നുകൂടി നോക്കിയപ്പോള്‍ എനിക്കും അങ്ങനെ തന്നെ തോന്നി. നിശിതഘാതകന്‍ കെ.വി. അനൂപും മനോഹരഘാതകന്‍ ഇ. സന്തോഷ് കുമാറും ആണ്.
ആ നോവല്‍ ഇപ്പോള്‍ കയ്യിലുണ്ടോ?
ഇല്ല. അതു ഞാന്‍ കളഞ്ഞു. ഇതിവൃത്തത്തിന് 'മീശ'യുമായി ഏതാണ്ടൊരു സാമ്യമൊക്കെയുണ്ടായിരുന്നു. ഇന്നത്തേതുപോലെയേ അല്ല. മീശയുടെ എഴുത്തിലേയ്ക്ക് എത്തിയതെങ്ങനെയെന്നു പറയാം. മീശയിലെ വാവച്ചനെപ്പോലൊരാള്‍ നീണ്ടൂരുണ്ടായിരുന്നു. നാടകത്തില്‍ മീശ വെച്ചതിനുശേഷം മീശ വടിക്കാത്തയാള്‍. എന്റെ അച്ഛന്‍ റേഷന്‍ കട നടത്തുന്നയാളായിരുന്നു. അദ്ദേഹത്തോടൊപ്പം കടയില്‍നിന്ന ബേബിച്ചേട്ടനാണ് ഇയാളെക്കുറിച്ച് എന്നോടു പറയുന്നത്. ഈ ചേട്ടനാണ് 'ആദ'മടക്കം എന്റെ രണ്ടു മൂന്നു കഥകള്‍ക്കു കാരണക്കാരന്‍. മീശ വടിക്കാത്ത ആ നാടകക്കാരന്‍ ചേട്ടനിലൂടെയാണ് ഞാന്‍ വാവച്ചനിലേയ്ക്ക് എത്തിച്ചേരുന്നത്.
'മീശ'യില്‍ പലതരം പക്ഷികള്‍, മൃഗങ്ങള്‍, പാമ്പുകള്‍, മീനുകള്‍, സസ്യജാലങ്ങള്‍ ഒക്കെയുണ്ടല്ലോ? ഇതൊക്കെ, ഇതിന്റെയെല്ലാം പേരുകള്‍ ഹരീഷിന് എങ്ങനെ കിട്ടി?
ഈ വിവരങ്ങള്‍ അന്വേഷിച്ച് കൈനകരി, കാവാലം തുടങ്ങി ഈ ചുറ്റുവട്ടത്തിലെല്ലാം നാലഞ്ചു വര്‍ഷം ഞാന്‍ നടന്നിട്ടുണ്ട്. അതിനുമുന്‍പേ പാടത്തില്‍ കൃഷിയുണ്ടായിരുന്നപ്പോള്‍ ഒന്നുരണ്ടു വട്ടം കാവലു കിടക്കാന്‍ പോയിട്ടുണ്ട്. അങ്ങനെ കുറച്ചറിവുകളുണ്ടായിരുന്നു. പ്രായമായവരില്‍നിന്നും കുറേയധികം അറിവുകള്‍ ശേഖരിച്ചു. മീശ എഴുതുന്നതിനൊപ്പം എന്റെ ഈ അന്വേഷണവും നടക്കുന്നുണ്ട്. ഈ ശേഖരണമൊക്കെ ഒരുവിധമായ സമയത്ത് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ ഏതോ ഒരു പ്രോഗ്രാമിനു പോയപ്പോള്‍ അവിടുത്തെ സ്‌കൂള്‍ ഒഴിവ് എന്‍വയോണ്‍മെന്റ് സ്റ്റഡീസില്‍ കയറി. അവിടുത്തെ ജോലിക്കാരോട് സംസാരിച്ചപ്പോള്‍ ഞാന്‍ അന്വേഷിച്ചതും തേടിപ്പിടിച്ചതുമെല്ലാം അവിടെയുണ്ട്. കുട്ടനാട്ടിലെ എല്ലാം ചെടികളുടേയും ജീവികളുടേയും നാട്ടുപേരുകള്‍ അവിടുന്നു കിട്ടി. പക്ഷേ, പാടശേഖരങ്ങളുടെ പേരുകള്‍ യൂണിവേഴ്സിറ്റിയില്‍ ഇല്ലായിരുന്നു. നോവലിലെ ഈ ജൈവസമ്പത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ടുവെന്നു തോന്നുന്നു.
പക്ഷികളെക്കുറിച്ച് പറയുമ്പോള്‍ 'ചങ്ങനാശ്ശേരിപ്പിട', 'പുളിങ്കുന്ന് പൂവന്‍' ഇങ്ങനെ രണ്ടുപേരുകള്‍ പറയുന്നുണ്ടല്ലോ? അങ്ങനെയൊരു ഇനമുണ്ടോ?
നോവലില്‍ അതു താറാവിനെക്കുറിച്ചു പറയുന്നതാണ്. ചങ്ങനാശ്ശേരിപ്പെണ്ണുങ്ങള്‍ കേമികളാണെന്നും പുളിങ്കുന്ന് ആണുങ്ങള്‍ കേമന്മാരാണെന്നുമാണ് അതിന്റെ ആന്തരാര്‍ത്ഥം. ജയശ്രീ കളത്തില്‍ ഫുട്‌നോട്ടു പോലുമില്ലാതെ ഇതെല്ലാം വിവര്‍ത്തനം ചെയ്തിട്ടുണ്ടെന്നതാണ് വലിയ സന്തോഷം.
വിവര്‍ത്തനം വന്നപ്പോഴാണ് 'മീശ' കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് എന്നു തോന്നിയിട്ടുണ്ടോ?
വിവര്‍ത്തനം വന്നില്ലെങ്കില്‍ 'മീശ'യുടെ കാര്യം പരിതാപകരമായേനെ. അതുവരെ വിവാദത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂരിപക്ഷം പേരും നോവല്‍ വായിച്ചിരുന്നത്. നോവലിന്റെ സൗന്ദര്യാത്മക വായനയ്ക്കപ്പുറം വിവാദം വേണോ വേണ്ടയോ എന്നൊരു ചര്‍ച്ചയാണ് കൂടുതലും നടന്നത്.
ഹരീഷ് ഈശ്വരവിശ്വാസിയായിരുന്നോ എന്നെങ്കിലും?
അല്ല, വിശ്വസിക്കുമോ എന്നറിയില്ല, ഓര്‍മ്മവെച്ച കാലം മുതലേ ഈശ്വരവിശ്വാസം എനിക്കില്ല. പണ്ട് അത് ആലോചിച്ചെടുത്ത തീരുമാനമൊന്നുമായിരുന്നില്ല. ഈശ്വരവിശ്വാസം ഇല്ലായിരുന്നു. അത്രതന്നെ. അമ്പലത്തിലും പള്ളിയിലും ഉത്സവത്തിനും പെരുന്നാളിനും പരിപാടികള്‍ കാണാനൊക്കെ കുറച്ചൊക്കെ പോകും. പിന്നീട് വിവേകാനന്ദനേയും നിത്യചൈതന്യയതിയേയുമൊക്കെ വായിച്ചു. കുറച്ചൊക്കെ ഇന്ത്യന്‍ ഫിലോസഫി വായിച്ചു. ആത്മീയത ഉണ്ടോ എന്നൊക്കെയൊരു സംശയം അപ്പോള്‍ തോന്നിയിരുന്നു.
'മീശ'യെക്കുറിച്ചോ ഹരീഷിന്റെ മറ്റു പുസ്തകങ്ങളെക്കുറിച്ചോ നല്ല പഠനം നടന്നുവെന്നു വിചാരിക്കുന്നുണ്ടോ?
'മീശ'യെക്കുറിച്ചും 'ആദ'ത്തെക്കുറിച്ചുമൊക്കെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. അജീഷ് ജി. ദത്തന്‍ എഡിറ്റു ചെയ്ത പുസ്തകം 'മീശ പിരിച്ചു വായിക്കുമ്പോള്‍' ഇറങ്ങിയല്ലോ. ടി.ടി. ശ്രീകുമാറും പി.ജി. ജേക്കബും മികച്ച പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ലീമയും എഴുതിയിട്ടുണ്ടല്ലോ. രാജീവ് ശിവശങ്കരന്റെ 'മീശ മാഹാത്മ്യം' 'മീശ'യെക്കുറിച്ചുള്ള പഠനങ്ങളാണ്. അതൊക്കെത്തന്നെ ഭാഗ്യം. സത്യത്തില്‍ ഇപ്പോള്‍ ഏതു കൃതിയെക്കുറിച്ചാണ് ശരിക്കുമൊരു പഠനം നടക്കുന്നത്.
ഏതെങ്കിലുമൊരു പുസ്തകം ഇഷ്ടപ്പെട്ടാല്‍ അതിനെക്കുറിച്ച് എഴുതുന്നു എന്നല്ലാതെ ഇഷ്ടമില്ലാത്ത എഴുത്തിനെ വിമര്‍ശിക്കുന്നവര്‍ ഇപ്പോള്‍ ഇല്ലെന്നു പറയാം. വിമര്‍ശന സാഹിത്യം അങ്ങനെ മതിയോ? ഹരീഷിന് എന്തു തോന്നുന്നു?
വിമര്‍ശിക്കുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. എഴുത്തുകാരനെ ആദ്യം അതു വിഷമിപ്പിച്ചേക്കാമെങ്കിലും പിന്നീടുള്ള എഴുത്തിനെ വിമര്‍ശനം സഹായിക്കുമെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. 'മീശ'യെക്കുറിച്ചും ആഗസ്റ്റ് 17-നെക്കുറിച്ചും വി. വിജയകുമാറിന്റെ വിമര്‍ശനങ്ങള്‍ എനിക്കിഷ്ടപ്പെട്ടതാണ്.
'മീശ'യിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍കൊണ്ട് ഹരീഷിനെ എതിര്‍ക്കുന്നവരുണ്ട്. കഥാപാത്രങ്ങളാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെങ്കിലും അവരെ സൃഷ്ടിച്ച കഥാകാരനും അതില്‍ ഉത്തരവാദിത്വമുണ്ടെന്നാണ് അവരുടെ വാദം. ഇങ്ങനെ അഭിപ്രായമുള്ള ചില ഫെമിനിസ്റ്റുകളുമുണ്ട്. പൊളിറ്റിക്കല്‍ കറക്ട്‌നസ് അതിലില്ലായെന്ന അഭിപ്രായത്തെക്കുറിച്ച് ഹരീഷിന് എന്താണ് പറയാനുള്ളത്?
കൃതികളിലെ/കലകളിലെ പൊളിറ്റിക്കല്‍ കറക്ട്‌നസിനെക്കുറിച്ച് എനിക്ക് ഒരു യോജിപ്പുമില്ല. കഥാപാത്രങ്ങളെ എഴുത്തുകാരനാണ് സൃഷ്ടിക്കുന്നതെങ്കിലും എഴുതുന്ന ആളുടെ സ്വഭാവമാണ് എല്ലാ കഥാപാത്രങ്ങള്‍ക്കുമുള്ളതെങ്കില്‍ കഥ എങ്ങനെ മുന്നോട്ടു പോകും? ചില നോവലുകള്‍ ശ്രദ്ധിച്ചാല്‍ അറിയാം എല്ലാ കഥാപാത്രങ്ങള്‍ക്കും എഴുത്തുകാരന്റെ സ്വഭാവമാണ്. കഥാപാത്രങ്ങളെ കൂടു തുറന്നുവിടുന്നയാളാണ് ഞാന്‍. ഒരിക്കലും സ്ത്രീ വിരുദ്ധത എനിക്കില്ല.
വിവര്‍ത്തനം ചെയ്ത ഫെമിനിസ്റ്റായ ജയശ്രീക്ക് നോവലില്‍ സ്ത്രീ വിരുദ്ധത തോന്നിയിട്ടില്ല. നമ്മുടെ സമൂഹത്തില്‍ സ്ത്രീവിരുദ്ധതകളും ദളിത് വിരോധവും മുസ്ലിം വിരോധവുമൊക്കെയുണ്ട്. അപ്പോള്‍ അതൊക്കെയുള്ള കഥാപാത്രങ്ങള്‍ സ്വാഭാവികമായും കൃതികളില്‍ വന്നുചേരും. ഒരു കൃതിയുടെ ആകെയുള്ള ദര്‍ശനത്തില്‍ ഈ വിരോധമൊക്കെ കാണുന്നുവെങ്കിലേ എഴുത്തുകാരനെ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമുള്ളൂ.

ദളിത് വിരോധവും മീശയില്‍ ആരോപിക്കപ്പെട്ടിട്ടുണ്ടല്ലോ?
മീശയ്‌ക്കെതിരേ എതിര്‍പ്പുണ്ടായപ്പോള്‍ ഏറ്റവും കൂടുതല്‍ എന്നെ പിന്തുണച്ചത് ദളിതരാണ്. എന്നാല്‍, അവരും നോവലില്‍ ദളിത് വിരുദ്ധത ഉണ്ടെന്നു പറഞ്ഞിട്ടുണ്ട്. ഞാന്‍ അവതരിപ്പിച്ചത് ഇന്നത്തെക്കാലത്തെ ഒരു ദളിത് ജീവിതമല്ല. ദളിത് ജീവിതത്തിന്റെ പുറംകാഴ്ചകള്‍ മാത്രം കാണുന്ന എന്റെ സത്യസന്ധമായ ആവിഷ്‌കരണമായിരുന്നു വാവച്ചന്റെ ജീവിതം.
ഇനി മറ്റൊരു കാര്യം ചോദിക്കട്ടെ. ഹരീഷിന്റെ കഥകളിലോ നോവലുകളിലോ ഒന്നും പ്രണയം കാണാനില്ലല്ലോ?
ഉണ്ടല്ലോ. 'മാന്ത്രികവാല്‍' പ്രണയകഥയാണല്ലോ.
'ചാരായത്തില്‍ പഞ്ചസാരയിട്ടതുപോലെ'യാണല്ലോ അതിലെ ഭാഷ. ഞാന്‍ പറഞ്ഞത് 'മാന്ത്രികവാലി'ലോ 'മീശ'യിലെ വാവച്ചന് സീതയോടുള്ള പ്രണയത്തിലോ ഒന്നും പ്രണയഭാഷയുടെ സ്‌നിഗ്ദ്ധത കാണാന്‍ കഴിയുന്നില്ലെന്നാണ്. പറയാനാണെങ്കില്‍ 'മാന്ത്രികവാല്‍' അല്ലാതെ മറ്റൊരു കഥയില്ലതാനും. ഹരീഷ് ജീവിതത്തില്‍ പ്രണയിച്ചിട്ടുണ്ടോ?
ഉണ്ടല്ലോ. ഒരു ചെറിയ പ്രണയം. പറയാനാവാത്ത ദുരനുഭവമൊക്കെയുണ്ടായിട്ടുണ്ട്. അതേക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. അതു പോട്ടെ. പക്ഷേ, അങ്ങനെയൊരു ഭാഷ വരാത്തതിന്റെ കാരണം അതല്ല. പൊതുവെ കാല്പനികതയോട് എനിക്കു വലിയ പ്രിയമില്ല. ഒ.വി. വിജയന്റെ കാല്പനിക ഭാഷയും ഇഷ്ടമല്ല. എനിക്ക് ഇഷ്ടം തോന്നിയിട്ടുള്ളത് പുനത്തിലിന്റേയും സക്കറിയയുടേയും ഭാഷയോടാണ്.
ഹരീഷിന്റെ കഥകളിലോ നോവലുകളിലോ നല്ല ഒരു സ്ത്രീ കഥാപാത്രം ഇല്ലല്ലോ?
'മീശ'യിലെ സീത, 'ആഗസ്റ്റ് 17'ലെ അക്കാമ ചെറിയാന്‍ ഇവരെയൊന്നും ലീമയ്ക്കു പിടിച്ചില്ലേ?
എനിക്ക് സീതയെക്കാളുമിഷ്ടം കുട്ടത്തിയെയാണ്. ശരിയാണ് കുട്ടത്തി ശക്തയായ സ്ത്രീയാണ്. പൊതു പ്രവര്‍ത്തനത്തിനിറങ്ങിയ അക്കാമ ചെറിയാനൊക്കെ അതിഭീകരമായ അപവാദങ്ങള്‍ കേട്ടിരുന്നു. അവരെ കാണുന്ന പുരുഷകാഴ്ചയെ നോവലില്‍ ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഹരീഷ് വായിച്ച നോവലുകളില്‍ ഇഷ്ടപ്പെട്ട സ്ത്രീകഥാപാത്രം ഏതാണ്?
മാര്‍ക്വേസിന്റെ ഫെര്‍മിന, ഉര്‍സുല, യോസയുടെ ബാഡ് ഗേള്‍-ലെ പെണ്‍കുട്ടി ഇവരെയൊക്കെ എനിക്കിഷ്ടമാണ്. മലയാളത്തില്‍ ഉമ്മാച്ചു; അതുപോലെ എന്‍.എന്‍. പിള്ളയുടെ ആത്മകഥയില്‍ അദ്ദേഹത്തിന്റെ പങ്കാളി, വിജയരാഘവന്റെ അമ്മ അസാധ്യ കഥാപാത്രമെന്ന് എനിക്കു തോന്നിയിട്ടുണ്ട്. കഥാപാത്രമല്ല, നമ്മുടെയിവിടെ ജീവിച്ച സ്ത്രീ തന്നെ.
ചരിത്രത്തെ സി.വി. രാമന്‍പിള്ളയടക്കം പലരും മാറ്റിമറിച്ചിട്ടുണ്ട്. അതുപോലെയല്ല 'ആഗസ്റ്റ് 17'ല്‍. അതില്‍ ഇന്നു ജീവിച്ചിരിക്കുന്നവരെപ്പോലും വളച്ചൊടിച്ചിരിക്കുന്നു. ഇതു ശരിയാണോ?
അതിനെന്തു കുഴപ്പം. എല്ലാം ഫിക്ഷനായി വായിക്കാന്‍ വായനക്കാര്‍ക്കു കഴിയണം. വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യത്തിനു വലിയ അര്‍ത്ഥമൊന്നുമില്ല. അച്യുതാനന്ദന്‍ ചെറുപ്പത്തിലേ മരിച്ചുപോകുന്ന ആളായി നോവലില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. അതൊക്കെ എഴുത്തുകാരന്റെ സ്വാതന്ത്ര്യം. സുരേഷ് കുമാര്‍ എന്നൊരു എഴുത്തുകാരന്‍ എന്നെ ഫിക്ഷനായി ഉപയോഗിച്ച് കഥയെഴുതിയിട്ടുണ്ട്. അങ്ങനെ എഴുതുന്നതിന് എന്താണ് കുഴപ്പം?

ബഷീറിനെക്കുറിച്ച് പറഞ്ഞാലോ?
ബഷീര്‍ തലയോലപ്പറമ്പിലും എറണാകുളത്തും താമസിച്ചിരുന്നപ്പോഴാണ് നല്ല രസമുള്ള കൃതികളെഴുതിയത്. മാങ്കോസ്റ്റിന്റെ ചുവട്ടിലിരുന്നപ്പോഴല്ല. 'അനുരാഗത്തിന്റെ ദിന'ങ്ങളിലെ പ്രണയം ഫിക്ഷനായിരുന്നുവെന്നാണ് എനിക്കു തോന്നുന്നത്. 'ഭ്രാന്തന്റെ ഡയറി' എന്നായിരുന്നല്ലോ അതിന്റെ പേര്. എഴുത്തു കാല്പനികമെങ്കിലും സമീപനം ലൈംഗികത നിറഞ്ഞതായിരുന്നുവെന്നാണ് എനിക്കു തോന്നുന്നത്. അതിനു കുഴപ്പമുണ്ടെന്നല്ല.
സിനിമയിലേയ്ക്ക് വരാം. സഞ്ജു സുരേന്ദ്രന്റെ കൂടെ 'ഏദന്‍', ലിജോയുടെ കൂടെ 'ജെല്ലിക്കെട്ട്', 'ചുരുളി', 'നല്‍പകല്‍ നേരത്ത് മയക്കം'. വേറെയാരും സിനിമയ്ക്കായി സമീപിച്ചില്ലേ?
ഉണ്ട്. പുതിയ സിനിമയ്ക്ക് പ്ലാന്‍ ചെയ്തുകൊണ്ടിരിക്കുന്നു. ലിജോയുടെ കൂടെയല്ല.
'ചുരുളി'യിലെ തെറികള്‍ക്കു പകരം തെറി ഇഷ്ടംപോലെ കിട്ടിക്കാണുമല്ലോ?
സത്യത്തില്‍ അതു കിട്ടിയത് കൂടുതലും ജോജുവിനാണെന്നു തോന്നുന്നു. 'ചുരുളി' ഒ.ടി.ടിയിലാണ് വന്നതെങ്കിലും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വേണമായിരുന്നു. ഞാനും ലിജോയും കൂടെയാണ് സെന്‍സര്‍ ബോര്‍ഡില്‍ പോയത്. ആ രംഗമൊക്കെ വളരെ രസകരമാണ്. സ്ത്രീകളായിരുന്നു സെന്‍സര്‍ ബോര്‍ഡില്‍ കൂടുതല്‍. ഞങ്ങളെ വിളിക്കുന്നതിനു മുന്‍പ് അവര്‍ സിനിമ കണ്ട് തെറികളൊക്കെ എഴുതിവെച്ചിരുന്നു. അതോരോന്നും എന്നെക്കൊണ്ട് ബുക്കില്‍ കുറിച്ചെടുപ്പിച്ചു. ഓരോ തെറിവാക്കിനെക്കുറിച്ചും നല്ല ചര്‍ച്ചയായിരുന്നു. മാസ്‌ക് ഉണ്ടായിരുന്നതുകൊണ്ട് ഫ്രീയായി ചിരിക്കാന്‍ പറ്റി.
ഹരീഷിന്റെ സമകാലികരായവരില്‍ ആരുടെ എഴുത്തിനോടാണ് കൂടുതല്‍ പ്രിയം?
ഇ. സന്തോഷ് കുമാറിന്റെ എഴുത്ത് ഇഷ്ടമാണ്. രാജശ്രീയുടെ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' ഇഷ്ടപ്പെട്ട നോവലാണ്. വിനോയ് തോമസ്, കെ.എന്‍. പ്രശാന്ത് തുടങ്ങി പലരേയും ഇഷ്ടം തന്നെ. പഴയ എഴുത്തുകാരില്‍ സക്കറിയയും പുനത്തിലും തന്നെ.
സക്കറിയായുടെ സ്വാധീനം ഹരീഷിന്റെ എഴുത്തിലുമുണ്ടെന്നു തോന്നുന്നു. കഥകളുടെ അടിയൊഴുക്കായി കാണുന്ന ഹ്യൂമര്‍ പുതിയ കഥ 'ചൂണ്ടക്കാരനി'ല്‍ വരെ കാണാം?
സക്കറിയായുടെ സ്വാധീനം ഒരുപക്ഷേ, കണ്ടേയ്ക്കാം. എനിക്കു വളരെ സാധാരണ മനുഷ്യരോടാണ് കൂടുതല്‍ അടുപ്പം. കലുങ്കുകളിലൊക്കെയിരിക്കുന്ന മനുഷ്യരില്ലേ, അവരോട് ഞാന്‍ പെട്ടെന്ന് അടുക്കും. അവിടുന്നു കിട്ടുന്നതാവും ഈ ഹ്യൂമര്‍സെന്‍സ്.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് എന്തു പറയുന്നു?
കേന്ദ്രത്തില്‍ ബി.ജെ.പിയാണല്ലോ ഇപ്പോള്‍ ഭരിക്കുന്നത്. ഞാന്‍ വിചാരിക്കുന്നത് ഹിന്ദുത്വ ഐഡിയോളജി തകരുമെന്നുതന്നെയാണ്. പുതിയ തലമുറ വര്‍ഗ്ഗീയതയ്‌ക്കെതിരാണ്. അവര് തള്ളിക്കളയും. ശബരിമല വിഷയത്തില്‍കൂടിവന്ന വര്‍ഗ്ഗീയത പുതിയ തലമുറ തള്ളിക്കളഞ്ഞുവെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. പതിയെ പതിയെ വര്‍ഗ്ഗീയ ഭരണം ഇവിടെ ഇല്ലാതാകുമെന്നാണ് എന്റെ പ്രതീക്ഷ.
പിടിച്ചുനില്‍ക്കാനുള്ള നിരവധി തന്ത്രങ്ങള്‍ അവര്‍ കൊണ്ടുവരുന്നുണ്ടല്ലോ. ഏകീകൃത സിവില്‍ കോഡ് തന്നെ ഉദാഹരണം. യുവജനങ്ങള്‍ക്കു പെട്ടെന്നൊരു താല്പര്യം അതിനോട് തോന്നാന്‍ സാധ്യതയില്ലേ?
തന്ത്രങ്ങള്‍കൊണ്ട് ആര്‍ക്കും അധികനാള്‍ പിടിച്ചുനില്‍ക്കാനാവില്ല. നോക്കുമ്പോള്‍ സ്ത്രീകള്‍ക്കു തുല്യാവകാശം കിട്ടുന്നു. നല്ല കാര്യമാണെന്നു നമുക്കു തോന്നാം. കരടുനിയമം പോലും കൊണ്ടുവരാത്ത ബി.ജെ.പിയുടെ ഉദ്ദേശ്യം ഇവിടെ വളരെ വ്യക്തമല്ലേ. പുതിയ തലമുറ ആഗോള പൗരരാണ്. എനിക്കവരില്‍ വിശ്വാസമുണ്ട്. മതനിരപേക്ഷത, ജെന്‍ഡര്‍ ഇക്വാലിറ്റിയിലുമൊക്കെ പുതിയ തലമുറ പ്രതീക്ഷ പകരുന്നു.
ഈ ലേഖനം കൂടി വായിക്കൂ
ജീവിതത്തോടുള്ള അസാധാരണത്വമാണ് എം. സുധാകരന്റെ കഥകളുടെ മേന്മ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ