ഹസീനയുടെ പതനവും മതേതരത്വ തകര്‍ച്ചയും

സംവരണമല്ല, മറിച്ച് ഷേയ്ഖ് ഹസീനയുടെ ഗവണ്‍മെന്റിനെ താഴെയിറക്കുകയായിരുന്നു സമരക്കാരുടെ ഉദ്ദേശ്യം.
ഷെയ്ഖ് ഹസീന
ഷെയ്ഖ് ഹസീനChristophe Ena
Published on
Updated on

ഗസ്റ്റ് അഞ്ചിന്, ബംഗ്ലാദേശ് പ്രധാനമന്ത്രിയും ബംഗബന്ധു മുജീബുര്‍ റഹ്മാന്റെ മകളുമായ ഷെയ്ഖ് ഹസീന സ്ഥാനം രാജിവെച്ച് രാജ്യം വിട്ടു. രാജ്യം വിട്ടുപോകുമ്പോള്‍ സഹോദരി ഷെയ്ഖ് രഹനയും അവരെ അനുഗമിച്ചു. അന്നേദിവസം വൈകിട്ട് ഡല്‍ഹിക്കു പുറത്തുള്ള ഹിന്‍ഡണ്‍ എയര്‍ബേസിലാണ് അവര്‍ വിമാനമിറങ്ങിയത്. കൗതുകകരമായ ഒരു സംഗതി, അവര്‍ എങ്ങോട്ടാണ് പോകുന്നത് എന്നറിയാന്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരവധി പേര്‍ വിമാനത്തെ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു എന്നതാണ്. പക്ഷേ, ഇടയ്ക്കുവെച്ച് വിമാനം അവരുടെ കണ്ണില്‍നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. വിമാനത്തില്‍ ഘടിപ്പിച്ചിട്ടുള്ള ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന ഉപകരണം ബോധപൂര്‍വ്വം ഓഫ് ആക്കിയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നു റിപ്പോര്‍ട്ടുകളുണ്ടായി. ഹസീന രാജ്യം വിട്ടു എന്നു ബോധ്യമായതിനെത്തുടര്‍ന്നു പ്രതിഷേധക്കാര്‍ ധാക്കയിലുള്ള പ്രധാനമന്ത്രിയുടെ വസതി കൊള്ളയടിക്കുകയും സാധനങ്ങള്‍ മോഷ്ടിച്ചു കൊണ്ടുപോകുകയും ചെയ്തു.

ആസന്നമായിരുന്നു ഷേയ്ഖ് ഹസീനയുടെ പതനം. ബംഗ്ലാദേശ് വിമോചന പോരാളികളുടെ അനന്തരാവകാശികള്‍ക്കും സാമൂഹികമായി ദുര്‍ബ്ബലതയനുഭവിക്കുന്ന ഗോത്രവര്‍ഗ്ഗങ്ങളടക്കമുള്ള മറ്റു വിഭാഗങ്ങള്‍ക്കുമായി സര്‍ക്കാര്‍ ജോലികളില്‍ 56 ശതമാനം സംവരണം ചെയ്തതിനെതിരെ വലിയ സമരമാണ് ആഴ്ചകളായി ആ രാജ്യത്തു നടന്നുവന്നിരുന്നത്. അക്കാര്യത്തില്‍ ഒരു പിറകോട്ടു പോകല്‍ ഉണ്ടായെങ്കിലും സമരം ഷേയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ളതായി പിന്നീട്. ചുവരെഴുത്ത് വളരെ വ്യക്തമായിരുന്നു. സംവരണമല്ല, മറിച്ച് ഷേയ്ഖ് ഹസീനയുടെ ഗവണ്‍മെന്റിനെ താഴെയിറക്കുകയായിരുന്നു സമരക്കാരുടെ ഉദ്ദേശ്യം.

ഹസീന നാടുവിട്ടതിനെത്തുടര്‍ന്ന് കരസേനാമേധാവി ജനറല്‍ വക്കര്‍-ഉസ്-സമാന്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ ഏവരും ശാന്തരാകാനും സമാധാനം പാലിക്കാനും അഭ്യര്‍ത്ഥിക്കുകയും ചെയ്തു. രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് നിര്‍ണ്ണായകമായ പങ്കാണ് കരസേനാമേധാവിക്കു വഹിക്കാനുള്ളത് എന്നു രാജ്യത്തിന്റെ ചരിത്രമറിയുന്നവര്‍ക്ക് അവഗണിക്കാന്‍ കഴിയുന്ന വസ്തുതയല്ല. രാജ്യത്തെ അഭിസംബോധന ചെയ്യും മുന്‍പേ ജനറല്‍ വക്കര്‍ സൈനിക ആസ്ഥാനത്ത് ഒരു യോഗം വിളിച്ചുകൂട്ടിയിരുന്നു. ബംഗ്ലാദേശിലെ എല്ലാ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളും ബുദ്ധിജീവികളും ആ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു.

ശരിക്കും പറഞ്ഞാല്‍, സകല മേഖലയിലും സ്ഥിതിഗതികള്‍ ഏറെക്കാലമായി ശോചനീയമായിരുന്നു. രാഷ്ട്രീയമായ എതിര്‍പ്പുകളെ ജനാധിപത്യ മര്യാദയോടെ ഉള്‍ക്കൊള്ളാനോ അവയോടു സഹിഷ്ണുതയോടെ പ്രതികരിക്കാനോ ഹസീന തയ്യാറായിരുന്നില്ല എന്നതാണ് വാസ്തവം.
പ്രതിഷേധകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍
പ്രതിഷേധകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍Rajib Dhar

തകര്‍ച്ചയുടെ പരിണതി

2014-ലേയും 2018-ലേയും 2024-ലേയും തെരഞ്ഞെടുപ്പുകളില്‍ വലിയ കൃത്രിമം നടന്നതായി പ്രതിപക്ഷവും ഗവണ്‍മെന്റിന്റെ വിമര്‍ശകരും ആരോപിച്ചിരുന്നു. തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകള്‍ ഒന്നുകില്‍ പ്രതിപക്ഷം ബഹിഷ്‌കരിക്കുകയോ അല്ലെങ്കില്‍ അവ തെരഞ്ഞെടുപ്പു വിലക്കിനെ നേരിടുകയോ ചെയ്തു. ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗ് കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളില്‍ ആകെയുള്ള 300 സീറ്റില്‍ യഥാക്രമം 234, 257, 224 സീറ്റുകളാണ് നേടിയിരുന്നത്. ഈ വിജയങ്ങളത്രയും കൃത്രിമങ്ങളിലൂടെ നേടിയതാണെന്ന് പ്രതിപക്ഷവും ബുദ്ധിജീവികളും ആരോപിക്കുകയും ചെയ്തിരുന്നു.

ശരിക്കും പറഞ്ഞാല്‍, സകല മേഖലയിലും സ്ഥിതിഗതികള്‍ ഏറെക്കാലമായി ശോചനീയമായിരുന്നു. രാഷ്ട്രീയമായ എതിര്‍പ്പുകളെ ജനാധിപത്യ മര്യാദയോടെ ഉള്‍ക്കൊള്ളാനോ അവയോടു സഹിഷ്ണുതയോടെ പ്രതികരിക്കാനോ ഹസീന തയ്യാറായിരുന്നില്ല എന്നതാണ് വാസ്തവം. മ്യാന്‍മാറിലെ ഔങ്‌സാന്‍ സൂകിയോടു ഏറെ കാര്യങ്ങളില്‍ സാദൃശ്യമുണ്ട് ഹസീനയ്ക്ക്. രാജ്യം പിതൃപദവി നല്‍കി ആദരിക്കുന്ന ഒരു പിതാവിന്റെ മകളാണ് സൂകിയെപ്പോലെ ഹസീനയും. ഒരിക്കല്‍ ജനാധിപത്യത്തിന്റെ പ്രതീകമായിട്ട് ലോകം ദര്‍ശിച്ച ബംഗബന്ധു ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ മകള്‍ എന്ന വ്യക്തിപരമായ പദവി തന്നെ അവര്‍ക്കുള്ള പിന്തുണയേറ്റാന്‍ ഒരുകാലത്ത് ധാരാളമായിരുന്നു. എന്നാല്‍, മ്യാന്‍മാറില്‍ ഔങ്‌സാന്‍ സൂകിയെപ്പോലെ ക്രമേണയുള്ള പ്രതിച്ഛായാനഷ്ടത്തിന് ഹസീനയും വിധേയായി. അവര്‍ ഭരണത്തിലിരുന്ന കാലത്ത് പ്രദര്‍ശിപ്പിച്ച സ്വേച്ഛാധിപത്യ പ്രവണതകള്‍ ക്രമാനുഗതമായി വളരുന്ന കാഴ്ചയാണ് ലോകം ദര്‍ശിച്ചത്. അവരുടെ ഭരണകാലത്ത് രാഷ്ട്രീയ എതിരാളികളും ആക്ടിവിസ്റ്റുകളും എതിര്‍ശബ്ദമുയര്‍ത്തുന്നവരും കൂട്ടത്തോടെ അറസ്റ്റു ചെയ്യപ്പെട്ടു. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സംബന്ധിച്ച ആരോപണങ്ങള്‍ വ്യാപകമായി. മാദ്ധ്യമങ്ങളുടെ വായ്മൂടിക്കെട്ടപ്പെട്ടു. നൊബേല്‍ സമ്മാനജേതാവ് മുഹമ്മദ് യൂനുസ് ഉള്‍പ്പെടെയുള്ള വിമര്‍ശകരേയും എന്‍.ജി.ഒകളേയും ഗവണ്‍മെന്റ് അസഹിഷ്ണുതയോടെ നേരിടുകയും വിമതശബ്ദങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്തു. സൈന്യം ഭരണം കയ്യാളിയ ഒരുകാലത്ത് ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഹസീനക്കൊപ്പം നിന്ന ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ നേതാവും പില്‍ക്കാലത്ത് പ്രധാന എതിരാളിയുമായ മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയെ അഴിമതി ആരോപിച്ച് 2018-ല്‍ 17 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. എഴുപത്തിയെട്ടുകാരിയും രോഗിയുമായ ഖാലിദ ആശുപത്രിയിലാണ്. അവര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ ഉന്നത നേതാക്കളാകട്ടെ, ഇപ്പോള്‍ ജയിലിലും. ഖാലിദയുടെ മകനും രാഷ്ട്രീയ അവകാശിയുമായ താരിഖ് റഹ്മാന്‍ ബ്രിട്ടനില്‍ പ്രവാസിയായി കഴിയുകയും ചെയ്യുന്നു.

FATIMA TUJ JOHORA

ശോചനീയമായ സമ്പദ്‌വ്യവസ്ഥ

കൊവിഡിന്റെ പ്രഹരം ബംഗ്ലാദേശിന്റെ സമ്പദ്വ്യവസ്ഥയേയും സാരമായി ബാധിച്ചിരുന്നു. ലിബറല്‍, ക്ഷേമ തത്ത്വങ്ങളില്‍ വിശ്വസിച്ചുപോരുന്ന സാമ്പത്തിക ശാസ്ത്രജ്ഞരുടെ പ്രശംസയ്ക്കു പാത്രീഭൂതമായ ഒരു വളര്‍ച്ചാമാതൃകയുള്ള രാജ്യമായിരുന്നു ബംഗ്ലാദേശ്. എന്നാല്‍, ആ മാതൃകയുടെ മുന്നോട്ടു പോക്കിനെ കൊവിഡ് തടഞ്ഞുനിര്‍ത്തി. പുകള്‍പെറ്റതാണ് നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നേ ബംഗ്ലാദേശിന്റെ പേരുകേട്ട ധാക്കാമസ്‌ലിനൊക്കെ ഉല്പാദിപ്പിച്ചുപോന്ന ആ രാജ്യത്തെ വസ്ത്രനിര്‍മ്മാണ മേഖല. വിദേശത്ത് ഒരുകാലത്ത് നല്ല ആവശ്യക്കാരുണ്ടായിരുന്നു ബംഗ്ലാദേശിന്റെ ടെക്സ്‌റ്റൈല്‍, ഗാര്‍മെന്റ് ഉല്‍പ്പന്നങ്ങള്‍ക്ക്. എന്നാല്‍, കൊവിഡ് ഈ ഉല്‍പ്പന്നങ്ങളുടെ വിദേശവിപണിയെ ബാധിച്ചു. ഈ മേഖലയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു. ഇത് ബംഗ്ലാദേശിന്റെ ടെക്സ്‌റ്റൈല്‍, ഗാര്‍മെന്റ് വ്യവസായത്തെ തളര്‍ത്തുന്നതിലാണ് കലാശിച്ചത്. രാജ്യത്തിന്റെ ഉല്‍പ്പാദന മേഖലയുടെ വളര്‍ച്ചയുടെ എന്‍ജിന്‍ എന്നാണ് തുണിവ്യവസായത്തെ സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചിരുന്നത്. ഈ എന്‍ജിന്‍ തന്നെ തകരാറിലായി.

2022 മുതല്‍ ബംഗ്ലാദേശ് നാണയമായ ടാക്ക ഡോളറിനെതിരെ 40 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. വിദേശ കറന്‍സിയുടെ കരുതല്‍ പകുതിയിലധികം കുറഞ്ഞു. 2023-ല്‍ ബംഗ്ലാദേശ് ലോകബാങ്കില്‍നിന്നും 4.7 ബില്യണ്‍ ഡോളര്‍ വായ്പ എടുത്തു. രാജ്യത്തിന്റെ മൊത്തം വിദേശകടം വര്‍ഷാവസാനത്തോടെ 100 ബില്യണ്‍ ഡോളര്‍ കവിയുകയും ചെയ്തു. നിലവിലെ പണപ്പെരുപ്പ നിരക്ക് 10 ശതമാനത്തിനടുത്താണ് എന്നാണ് ധനകാര്യസ്ഥാപനങ്ങളെ ഉദ്ധരിച്ച് മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍.

ലോകത്തെ ജനസംഖ്യയേറിയ രാജ്യങ്ങളില്‍ എട്ടാംസ്ഥാനത്താണ് ബംഗ്ലാദേശ്. 170 ദശലക്ഷമാണ് ജനസംഖ്യ. ആകെ ജനസംഖ്യയില്‍ നാലിലൊന്ന് പേരും 15-നും 29-നും ഇടയില്‍ പ്രായമുള്ളവരാണ്. 1.8 ദശലക്ഷം മുതല്‍ 1.9 ദശലക്ഷം വരെ യുവാക്കള്‍ എല്ലാ വര്‍ഷവും തൊഴില്‍ കമ്പോളത്തിലെത്തുന്നു എന്നാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐ.എല്‍.ഒ) കണക്ക്. ബംഗ്ലാദേശ് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഡാറ്റ ഈ കണക്കു സ്ഥിരീകരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുടെയും രൂക്ഷമായ തൊഴില്‍ ദൗര്‍ലഭ്യത്തിന്റേയും ഈ പശ്ചാത്തലത്തില്‍, ബംഗ്ലാദേശ് വിമോചന പോരാളികള്‍ക്കും അവരുടെ സന്തതികള്‍ക്കുമായി സര്‍ക്കാര്‍ ജോലിയില്‍ 30 ശതമാനം സംവരണം ജൂണ്‍ അഞ്ചിനു ഹൈക്കോടതി പുനഃസ്ഥാപിച്ചത് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ പ്രതിഷേധമുയരാന്‍ കാരണമായി. ഈ പ്രതിഷേധം ആത്യന്തികമായി ഹസീനയെ അധികാരത്തില്‍നിന്നും പുറത്താക്കുകയും ചെയ്തു.

Rajib Dhar

തിരിച്ചുവരുന്ന ഇസ്‌ലാമിക തീവ്രവാദം

പുരോഗമന രാഷ്ട്രീയബോദ്ധ്യമുള്ളവരെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശിലെ സംഭവങ്ങള്‍ തീര്‍ച്ചയായും ശുഭോദര്‍ക്കമല്ല. ബംഗാളി സ്വത്വബോധവും മതനിരപേക്ഷ കാഴ്ചപ്പാടുകളും ഉയര്‍ത്തിവിട്ട പുരോഗമനചിന്തയാണ് പാകിസ്താനെന്ന മതരാഷ്ട്രത്തില്‍നിന്നും വേറിട്ടൊരു അസ്തിത്വത്തിലേയ്ക്ക് ബംഗ്ലാദേശ് ജനതയെ നയിച്ചതും ആ നാട് സ്വാതന്ത്ര്യത്തിലേയ്ക്കു കണ്ണുമിഴിച്ചുണരാന്‍ കാരണമായതും. വ്യാപകമായ രക്തച്ചൊരിച്ചിലിനും ആഴത്തിലുള്ള സാമൂഹിക വിള്ളലുകള്‍ക്കും ഇടയിലാണ് ബംഗ്ലാദേശ് എന്ന രാജ്യം പിറവിയെടുക്കുന്നത്. 1971-ല്‍ പാകിസ്താനെതിരായ വിമോചനയുദ്ധത്തെ പിന്തുണയ്ക്കാത്ത മതേതര ദേശീയവാദികള്‍ക്കും ഇസ്‌ലാമിക മതരാഷ്ട്രവാദികള്‍ക്കുമിടയില്‍ രാജ്യം തുടക്കം മുതല്‍ നെടുകേ പിളര്‍ക്കപ്പെട്ടിരുന്നു. അതില്‍ മതേതര ദേശീയവാദികളുടെ പക്ഷത്തെയാണ് ഹസീന പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടുതന്നെ, യഥാര്‍ത്ഥത്തില്‍ ഹസീനയുടെ പതനം പൂര്‍ണ്ണമായ ഓഗസ്റ്റ് അഞ്ച് പുരോഗമന ശക്തികളെ സംബന്ധിച്ച് ദുഃഖകരമായ ഒരു ദിനം തന്നെ. ഹസീന ഇസ്‌ലാമിക മതരാഷ്ട്രവാദികളേയും അവരുടെ ജീവശാസ്ത്രപരവും പ്രത്യയശാസ്ത്രപരവുമായ പിന്‍ഗാമികളേയും മുഷ്ടികൊണ്ടുതന്നെയാണ് എല്ലാക്കാലത്തും നേരിട്ടുപോന്നിട്ടുള്ളത്. ഈയിടെ, വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ക്കിടയില്‍ ജമാഅത്തെ ഇസ്‌ലാമിയുടേയും മറ്റ് ഇസ്‌ലാമിക മതമൗലികവാദ സംഘടനകളുടേയും കേഡറുകള്‍ നുഴഞ്ഞുകയറിയതായി അവര്‍ ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു. ബംഗ്ലാദേശ് വിമോചിപ്പിക്കപ്പെട്ടതിനു തൊട്ടുപിറകേയൊരു കാലത്ത് ഗുജറാത്തിലും മറ്റും നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭകര്‍ക്കിടയിലെ ആര്‍.എസ്.എസ് സ്വാധീനത്തെക്കുറിച്ച് ഇന്ദിര ചൂണ്ടിക്കാണിച്ചതിനെ അനുസ്മരിപ്പിക്കുന്നുണ്ട് ഈ സംഭവവികാസം. ഇന്ദിരയെപ്പോലെ ബംഗ്ലാദേശിലെ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി മതേതരവും ആധുനികവല്‍ക്കരിക്കപ്പെട്ടതുമായ ബംഗ്ലാ ദേശീയതയെയാണ് പ്രതിനിധീകരിച്ചിട്ടുള്ളത്. ആ രാജ്യത്തെ പിന്തിരിപ്പന്‍ ദിശയിലേയ്ക്ക് കൊണ്ടുപോകുന്നതിനൊപ്പം ഇന്ത്യയ്ക്ക് കാര്യമായ സുരക്ഷാവെല്ലുവിളികള്‍ സൃഷ്ടിക്കാനും സാദ്ധ്യതയുള്ള ഒന്നാണ് ബംഗ്ലാദേശിലെ ഇസ്‌ലാമിക തീവ്രവാദം. ഇസ്‌ലാമിക തീവ്രവാദത്തിനെതിരായ അവരുടെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയം ദീര്‍ഘകാലം ഇന്ത്യയുടെ ഒരു പ്രതിരോധദുര്‍ഗ്ഗം തീര്‍ത്തിരുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്.

എന്നിരുന്നാലും, അത്തരമൊരു ബംഗ്ലാദേശ് നിര്‍മ്മിച്ചെടുക്കാനുള്ള ഹസീനയുടെ അശ്രാന്ത പരിശ്രമം ആ രാജ്യത്തെ ആഭ്യന്തരവിമര്‍ശകരെ വകവെച്ചുകൊടുക്കാനുള്ള അവരുടെ ഇഷ്ടമില്ലായ്മ ഒന്നുകൊണ്ടുമാത്രം പരാജയപ്പെടുത്തപ്പെട്ടു എന്നത് ദു:ഖകരമായ ഒരു യാഥാര്‍ത്ഥ്യമാണ്.

തെരുവുകളില്‍ അരങ്ങേറിയ അക്രമസംഭവങ്ങളോടുള്ള ആദ്യ പ്രതികരണത്തില്‍, പ്രതിഷേധക്കാര്‍ സ്വാതന്ത്ര്യസമര സേനാനികളുടെ ക്വാട്ടയോട് നീരസം കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് ഹസീന ചോദിച്ചിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയവര്‍ക്കു പകരം ആനുകൂല്യങ്ങള്‍ 'റസാക്കരുടെ കൊച്ചുമക്കള്‍ക്ക്' നല്‍കണമെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടോയെന്നും ഹസീന ചോദിച്ചിരുന്നു. പ്രസക്തമായിരുന്നു ഹസീനയുടെ ആ ചോദ്യങ്ങള്‍. മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ അന്ന് പാക് സൈന്യത്തോടൊപ്പം തോളോടുതോള്‍ ചേര്‍ന്നു സ്വന്തം ജനതയ്‌ക്കെതിരെ യുദ്ധം ചെയ്തവരായിരുന്നു. ബംഗബന്ധുവിന്റെ നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ പാകിസ്താന്‍ രൂപം നല്‍കിയ രക്തദാഹികളും ക്രൂരന്മാരുമായ ഇസ്‌ലാമിസ്റ്റ് കൂലിപ്പടയാളികളുടെ പിന്‍തലമുറക്കാര്‍ക്ക് ഇപ്പോഴരങ്ങേറിയ സമരങ്ങളില്‍ വലിയ പങ്കുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ആ യാഥാര്‍ത്ഥ്യത്തിലേക്കാണ് ഹസീനയുടെ ചോദ്യങ്ങള്‍ വിരല്‍ചൂണ്ടിയത്. ഹസീനയ്‌ക്കെതിരെ ബി.എന്‍.പി ഉള്‍പ്പെടെയുള്ള പ്രതിപക്ഷം നടത്തിയ സമരം പലപ്പോഴും ആ രാജ്യത്തെ ഹിന്ദു ന്യൂനപക്ഷത്തിനെതിരെയുള്ള കലാപമായി രൂപം പ്രാപിക്കുകയുണ്ടായി എന്നും സ്മരണീയം. സമരത്തിനിടയില്‍ നിരവധി ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. ഹിന്ദുക്കളായ ജനപ്രതിനിധികള്‍ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. ഇന്ത്യയില്‍ ഹിന്ദുത്വവാദികള്‍ സ്വപ്നം കാണുന്നതുപോലെ, ന്യൂനപക്ഷങ്ങള്‍ക്ക് അവകാശം നിഷേധിക്കപ്പെടുന്ന ഒരു ഇസ്‌ലാമിസ്റ്റ് ബംഗ്ലാ രാഷ്ട്രമാണ് ജമാഅത്തെ ഇസ്‌ലാമി സ്വപ്നം കാണുന്നത്.

ഇതെല്ലാം വാസ്തവമാണെങ്കിലും ഷേയ്ഖ് ഹസീനയുടെ ഭരണത്തിന്റെ ജനാധിപത്യ വിരുദ്ധതയാണ് ആ രാജ്യത്ത് ഇസ്‌ലാമിസ്റ്റ്, ഹിന്ദുവിരുദ്ധ ന്യൂനപക്ഷ, പാകിസ്താന്‍ അനുകൂല രാഷ്ട്രീയത്തിന്റെ പുനരുജ്ജീവനത്തിനു വഴിയൊരുക്കിയത്. ഒരുകാലത്ത് ഇന്ദിര ചെയ്തതുപോലെ ഹസീനയും തന്നെ എതിര്‍ക്കുന്നവരുടെ പ്രതിലോമ രാഷ്ട്രീയം തന്റെ പിടിപ്പുകേടുകള്‍ക്കും സ്വേച്ഛാധിപത്യ സമീപനങ്ങള്‍ക്കും ന്യായീകരണമായി കണ്ടു. എന്തായാലും സമീപകാല സംഭവവികാസങ്ങള്‍ വിരല്‍ചൂണ്ടുന്നത് വിഭജനത്തിന്റെ രാഷ്ട്രീയം ബംഗ്ലാ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്നു എന്നുതന്നെയാണ്.

ഇതെല്ലാം വാസ്തവമാണെങ്കിലും ഷേയ്ഖ് ഹസീനയുടെ ഭരണത്തിന്റെ ജനാധിപത്യ വിരുദ്ധതയാണ് ആ രാജ്യത്ത് ഇസ്‌ലാമിസ്റ്റ്, ഹിന്ദുവിരുദ്ധ ന്യൂനപക്ഷ, പാകിസ്താന്‍ അനുകൂല രാഷ്ട്രീയത്തിന്റെ പുനരുജ്ജീവനത്തിനു വഴിയൊരുക്കിയത്.
വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം
വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭംRajib Dhar

നയതന്ത്ര വെല്ലുവിളി ഉയര്‍ത്തുന്ന ബംഗ്ലാ കലാപം

ഹസീന പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ബംഗ്ലാദേശിന്റെ മണ്ണില്‍ അവര്‍ അനുവദിച്ചിരുന്നില്ല. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ക്രമാനുഗതമായി മെച്ചപ്പെടുന്ന കാഴ്ചയും നാം കണ്ടു. ബംഗ്ലാദേശില്‍ സമീപകാലത്തുണ്ടായ പ്രതിസന്ധി ആ രാഷ്ട്രത്തിന്റെ ആഭ്യന്തര കാര്യമാണെന്നായിരുന്നു ഇന്ത്യയുടെ കാഴ്ചപ്പാട്.

ബംഗ്ലാദേശുമായി കൂടുതല്‍ സഹകരണവും ഭരണകൂടതലത്തിലുള്ള ബന്ധവും ഊട്ടിയുറപ്പിക്കുന്നതിന് ഹസീനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനിടയ്ക്ക് സമീപ വര്‍ഷങ്ങളില്‍ ഇന്ത്യ നേരിട്ട വലിയ വെല്ലുവിളി ഹസീനയുടെ സ്വേച്ഛാധിപത്യ പാപങ്ങള്‍ തീണ്ടാതെ അകന്നുനില്‍ക്കുക എന്നതായിരുന്നു. ഹസീനയുടെ ഭരണത്തിന്‍ കീഴില്‍ രണ്ടാമത്തേതില്‍ വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഹസീന എന്ന ഭരണാധികാരിയുമായുള്ള ബന്ധത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ശക്തിദൗര്‍ബ്ബല്യങ്ങള്‍ തിരിച്ചറിയുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു എന്നുതന്നെ പറയേണ്ടിവരും. അതിനു കനത്ത വിലയും ഇന്ത്യ നല്‍കേണ്ടിവരുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഹസീനയ്‌ക്കെതിരെയുള്ള കലാപത്തിനു പൊതുവേ ഒരു ഇന്ത്യാവിരുദ്ധ സ്വഭാവം ഉണ്ടായിരുന്നു. കലാപത്തില്‍ തകര്‍ക്കപ്പെട്ട മുജീബ് റഹ്മാന്റെ പ്രതിമയ്ക്കു പുറമേ തകര്‍ക്കപ്പെട്ട മറ്റൊരു സ്മാരകം ബംഗ്ലാ വിമോചനത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഇന്ദിരാഗാന്ധിയുടേതായിരുന്നു എന്നതുകൂടി ഇതോടു ചേര്‍ത്തുവായിക്കണം.

ഷെയ്ഖ് ഹസീന
ആഭ്യന്തര കലാപം: ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍താസയുടെ വീടിന് തീയിട്ട് പ്രക്ഷോഭകാരികള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com