‘Nationalism is a disease’
-Tagore
ആധുനികതയുടെ കാലത്ത് രൂപംകൊണ്ട ദേശരാഷ്ട്രങ്ങളും ദേശീയത സങ്കല്പനങ്ങളും ചലച്ചിത്ര ശരീരത്തിൽ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. ദേശീയതാ സങ്കല്പനങ്ങളേയും അവയുടെ പ്രതിനിധാനങ്ങളേയും സിനിമകൾ മുൻനിറുത്തി പഠിക്കുന്നത് സമകാലിക ഭരണകൂട വ്യവഹാരങ്ങളെ തിരിച്ചറിയാൻ സഹായകമാകും. രാഷ്ട്രം അതിലെ ജനവിഭാഗങ്ങളെ പല വിധത്തിലാണ് കാണുന്നത്. ചിലരെ പ്രത്യേകമായി പരിഗണിക്കുകയും ചിലരെ അപരവല്‍ക്കരിക്കുന്നതായും നമുക്കു കാണാവുന്നതാണ്. കൊളോണിയൽ പാശ്ചാത്യ ആധുനികതയും ഇതിനെതിരെ പ്രവർത്തിക്കുന്ന കീഴാള ആധുനികതയും രാഷ്ട്രത്തിന്റേയും ദേശീയതയുടേയും കാലത്ത് സമൂഹത്തിലും കലാസാഹിത്യ സംസ്കാരത്തിലും കാണാവുന്നതാണ്. ഭരണകൂട ദേശീയതാവ്യവഹാരങ്ങളെ പ്രതിരോധിക്കുന്ന കീഴാളവും ജനകീയവുമായ ആധുനികതയും ഉപദേശീയതകളും സിനിമകളിൽ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. സിനിമയുടെ ആദ്യകാലം മുതലേ ദേശീയതാ വ്യവഹാരങ്ങൾ അഭ്രപാളികളിൽ പല രീതികളിൽ കടന്നുവന്നിട്ടുണ്ട്. ദാദാ സാഹേബ് ഫാൽക്കേയുടെ പുണ്യപുരാണ സിനിമകളിൽ അബോധതലത്തിൽ ദേശീയ പ്രശ്നങ്ങളും ദേശത്തെക്കുറിച്ചുള്ള ചിന്തകളും സൂക്ഷ്മമായി കാണാം. ഭക്തകുചേല, ഭക്തവിദുർ, കാളിയ മർദ്ദൻ, ലങ്കാദഹൻ തുടങ്ങിയ സിനിമകളിൽ കാളിയൻ, കംസൻ, രാവണൻ തുടങ്ങിയ കഥാപാത്രങ്ങൾ ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യത്തിനു തടസ്സം നിൽക്കുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തം തന്നെയാണ്. ദേശത്തെ ഭാവന ചെയ്യുന്ന ഇത്തരം സിനിമകളിൽ കാണുന്ന ഭാരതം സ്വാതന്ത്ര്യപൂർവ്വ ഇന്ത്യൻ ഭൂമിശാസ്ത്രമാണെന്നു പറയാം. ഇന്ത്യൻ ദേശീയതയും ആധുനികതയും കൊളോണിയൽ വിരുദ്ധ സമരങ്ങളിൽനിന്നുള്ള ആശയങ്ങളിൽനിന്നു രൂപപെട്ടവയാണെന്നതിന് ഇത്തരം പുണ്യപുരാണ ചലച്ചിത്രങ്ങൾ സാക്ഷ്യം വഹിക്കുന്നുണ്ട്.
“നിജവും നിഴലും കാമനയും കല്പനയുമൊക്ക കൂടിക്കലരുന്നതാണ് ചലച്ചിത്ര ദേശീയത. സ്വാതന്ത്ര്യപൂർവ്വ സന്ദർഭത്തിൽ ബ്രിട്ടീഷ് വിരുദ്ധതയായിരുന്നു ദേശീയതയുടെ ഉള്ളടക്കം. കല്പിതമായ ദേശരാഷ്ട്രത്തെയാണ് അക്കാലത്തെ സിനിമകൾ വിഭാവനം ചെയ്തിരുന്നത്. ദേശീയതകളിലെ ബഹുസ്വരതയെയല്ല; ഏകപക്ഷീയമായ സമാകലനത്തെയാണ് ചലച്ചിത്രാഖ്യാനം പ്രത്യാശിക്കുന്നത്. ദേശങ്ങൾക്കുള്ളിലെ പ്രദേശങ്ങളും അതിനുള്ളിൽ സജീവമാക്കുന്ന പ്രാദേശീയതകളും പലപ്പോഴും പരിഗണനയ്ക്കപ്പുറമാണ്. ഇത്തരത്തിൽ സൂക്ഷ്മത്തിലൂടെ നീങ്ങുന്ന വൈവിധ്യങ്ങളേയോ വൈരുധ്യങ്ങളേയാ സംബോധന ചെയ്യുന്നതിൽ ചലച്ചിത്ര മേഖല വിമുഖത കാട്ടിയിരുന്നു. സാമ്രാജ്യത്വവിമുക്തമായ ‘സ്വ’ദേശമാണ് പ്രതീക ഭാഷയിലും പ്രച്ഛന്ന ഭാഷയിലുമായി സിനിമ വിഭാവനം ചെയ്തത്. സ്വദേശീയമെന്നു സ്വയം നിർവ്വചിച്ചു പോന്ന ചലച്ചിത്ര മേഖല സ്വതന്ത്ര ഇന്ത്യയിലെ ആദ്യകാല വിനോദ-വ്യവസായ സംരംഭമായി ക്രമേണ അറിയപ്പെട്ടു. കാല്പനികമായ ദേശരാഷ്ട്രത്തെ നിർമ്മിക്കുകയും ദേശീയതയെ ഉപഭോഗത്തിനുള്ള ഉപകരണമായി വിളംബരപ്പെടുത്തുകയുമായിരുന്നു സിനിമ ചെയ്തതെന്ന്” പി.എസ്. രാധാകൃഷ്ണൻ നിരീക്ഷിക്കുന്നുണ്ട്.
(പി.എസ്. രാധാകൃഷ്ണൻ: 2021: 73.) ഈ ലേഖനത്തിൽ ഇന്ത്യൻ സിനിമയിൽ ദേശീയതയ്ക്കെതിരെ ദളിത് വിമർശനങ്ങൾ എപ്രകാരമൊക്കെ കാണുന്നതെന്നാണ് വിവരിക്കുന്നത്.
ദേശീയത ഒരു പ്രശ്നമായി തോന്നുന്നത് രാഷ്ട്രത്തിലെ എല്ലാ വിഭാഗങ്ങളേയും അത് ഒരേ പോലെ സ്വീകരിക്കാത്ത സന്ദർഭങ്ങളിലാണ്. ദേശീയതയെക്കുറിച്ച് ആലോചിക്കുമ്പോൾ, ആ വിഷ്‌കരിക്കുമ്പോൾ സവർണ്ണ മധ്യവർഗ്ഗ ദേശീയതാ ചിഹ്നങ്ങളാണ് നമ്മുടെ മുന്നിൽ തെളിഞ്ഞു വരുന്നത്. മുസ്‌ലിം ന്യൂനപക്ഷങ്ങളേയും ദളിതരേയുമെല്ലാം അപരരാക്കുന്ന സവർണ്ണ ഫാസിസ്റ്റ് നയങ്ങൾ ഇന്ത്യൻ സമൂഹത്തിൽ ഇന്നു കാണാം. ദേശത്തിന്റെ സൃഷ്ടിയും നിർമ്മിതിയും ദേശരാഷ്ട്രങ്ങളുടെ വളർച്ചയും ദേശീയതയുമെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഇന്ത്യൻ ജനതയുടെ ഐക്യമാണ് ഇന്ത്യൻ ദേശീയത. ഉപയോഗിക്കപ്പെടുന്നത്. ദേശത്തെ ജനതയെ പരസ്പരം ചേർത്തുവയ്ക്കുവാനാണ് ദേശീയത പ്രയോഗിക്കുന്നത്. വൈവിധ്യങ്ങളുടെ സ്വീകരണമായിരിക്കണം ദേശീയത. എന്നാൽ, സമകാലിക ഇന്ത്യയിൽ ദേശീയത ജനങ്ങളെ ഭിന്നിപ്പിക്കാനായിട്ടാണ്.
മതേതരത്വവും ആധുനിക ജനാധിപത്യ പൗരബോധവും പ്രസരിപ്പിക്കാൻ ശ്രമിക്കുന്ന സിനിമയാണ് പി. ഭാസ്‌കരൻ സംവിധാനം ചെയ്ത ‘രാരിച്ചൻ എന്ന പൗരൻ’ (1956). ജന്മിത്വത്തിന്റെ അക്രമണത്തോടെ എല്ലാം നഷ്ടമാകുന്ന രാരിച്ചൻ ചെന്നെത്തുന്നത് ഗ്രാമത്തിന്റേയും പട്ടണത്തിന്റേയും ഇടയിൽ സ്ഥിതിചെയ്യുന്ന ബീവാത്തുമ്മയുടെ ചായക്കടയിലാണ്. ഐക്യകേരളത്തിന്റെ സന്ദർഭത്തിലാണ് രാരിച്ചന്റെ അനാഥത്വം പ്രകടമായി വരുന്നത്. “തിരു-കൊച്ചി മലബാറുകളുടെ ഏകീകരണം സാർത്ഥകമായ സന്ദർഭമാണ് രാരിച്ചന്റെ പ്രദർശനകാലമെന്നത് ഇവിടെ കൂടുതൽ പ്രസക്തമാണ്. ഒരു നേരത്തെ വിശപ്പിനു തെരുവുനായ്ക്കളോട് മല്ലിടുന്ന രാരിച്ചനും കെട്ടിട പണിവിട്ട് ശവപ്പെട്ടി തീർത്ത് ഭൂതകാലത്തോട് കണക്കുതീർക്കുന്ന കറിയാച്ചനും ദാരിദ്ര്യത്താൽ വിവശനായപ്പോഴും അനാഥബാലനെ കൂടെകൂട്ടുന്ന ബീയാത്തുമ്മയുമൊക്കെ ദേശീയധാരയുടെ പുറമ്പോക്കുകളിലായ പ്രാദേശീയരാണ്. ഭൂനികുതിയും പാർപ്പിട നിയമവും ആരോപിച്ച് അവരെ ഇടമില്ലാത്തവരാക്കുന്ന ദേശീയാധുനികതയുടെ വിമർശനം കൂടിയാണ് രാരിച്ചന്റെ ആഖ്യാന”മെന്ന് ഡോ. പി.എസ്. രാധാകൃഷ്ണൻ അഭിപ്രായപ്പെടുന്നു. (രാധാകൃഷ്ണൻ പി.എസ്.: 2010: 112-113) ദേശീയതയുടെ മതേതരത്വ സ്വഭാവവും മറ്റു മതങ്ങളെ ഉൾക്കൊള്ളുന്ന, പ്രതിനിധാനം ചെയ്യുന്ന ഒരു ദേശ രാഷ്ട്രത്തേയുമാണ് ഈ സിനിമ വിഭാവനം ചെയ്യുന്നത്.
“ഇന്ത്യൻ ജനതയുടെ ആറിലൊന്നിലധികമുള്ള, ഏകദേശം 16 കോടി ജനങ്ങൾ ദളിത് അഥവാ കീഴാളർ എന്ന പദവി കാരണം സമൂഹത്തിൽ നിന്ദിക്കപ്പെടുകയും പൊതുശ്രേണിയിൽനിന്നും നിഷ്‌കാസിതരാകുകയും ചെയ്യുന്നു. അക്ഷരാർത്ഥത്തിൽ തന്നെ, ഇന്ത്യയുടെ ജാതി സമ്പ്രദായത്തിന്റെ ഏറ്റവും ക്രൂരമായ ഇരകളാണവർ. രാഷ്ട്രത്തിന്റെ ഏറ്റവും സംരക്ഷണം അനുഭവിക്കുന്ന പൊലീസിന്റേയും സവർണ്ണ വിഭാഗങ്ങളുടേയും കൈകളാൽ പീഡനമനുഭവിക്കേണ്ടിവരികയും നിലവാരമില്ലാത്ത തൊഴിലിടങ്ങൾ, സ്വത്തുസമ്പാദനം തടയുക തുടങ്ങി നിരവധി വിവേചനങ്ങൾ അവർ സമൂഹത്തിൽ നേരിടേണ്ടിവരുന്നു. ധാരാളം ഗ്രാമങ്ങൾ പൂർണ്ണമായും ഇത്തരത്തിൽ അയിത്തം കല്പിച്ച് മാറ്റിനിർത്തപ്പെടുന്നതിനെ ഇന്ത്യയുടെ അപ്പാർത്തീഡ് (വർണ്ണവിവേചനം) എന്നു വിളിക്കാം.” (രാം പുനിയാനി: 2018:7) ഇത്തരം ജാതിവിവേചനം കല്പിച്ച് മാറ്റിനിർത്തപ്പെടുന്ന ഗ്രാമങ്ങളുടെ കഥകൾ ഇന്ത്യൻ സിനിമയിൽ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്.
ഗോവിന്ദ് നിഹലാനി ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ച ആക്രോഷ് (1980) എന്ന സിനിമയിൽ ദരിദ്രനായ ഒരു ആദിവാസി തന്റെ ഭാര്യയെ കൊന്നുവെന്ന് ആരോപിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രതിഭാഗം അഭിഭാഷകൻ അന്വേഷിക്കാൻ പുറപ്പെടുന്നതും തുടർന്നു വെളിപ്പെടുന്ന ജാതിവിവേചനാവസ്ഥകളുമാണ് സിനിമ ചിത്രീകരിക്കുന്നത്. ആക്രോഷ് എന്ന സിനിമയിൽ ആദിവാസിയായ ലഹന്യ ഭിക്കുവിനെതിരായ (ഓം പുരി) കേസിന്റെ വിചാരണ സൂചിപ്പിക്കുന്നത് ഇന്ത്യയിലെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ചൂഷണത്തിനു പെട്ടെന്നുള്ള പരിഹാരവുമില്ലായെന്നാണ്. മഹാരാഷ്ട്രയിലെ ഒരു ജില്ലാ സെഷൻസ് കോടതിയും പരസ്പരം ബന്ധമുള്ള ഒരുപിടി മനുഷ്യർ ഭരിക്കാൻ തക്ക വലിപ്പമുള്ളതുമായ ഒരു പട്ടണവുമാണ് സിനിമയുടെ പശ്ചാത്തലം. ആദിവാസികൾ പ്രാദേശിക രാഷ്ട്രീയക്കാരന്റെ കൈത്താങ്ങുകൾക്കു കീഴിലാണ്, അവരുടെ ജീവിതത്തിനു കാര്യമായ നിയന്ത്രണമില്ല. മദ്യപാനത്തിലൂടെ പുരുഷന്മാരെ നിയന്ത്രിക്കുന്നു, സ്ത്രീകൾ എളുപ്പമുള്ള ഇരയാണ്.
ഭൂരിഭാഗം ഗോത്ര കഥാപാത്രങ്ങളും ഭാര്യ നാഗിയുടെ (സ്മിതാ പാട്ടീൽ) കൊലപാതകത്തിന് ഉത്തരവാദി ലഹന്യയാണോ എന്നതിനെക്കുറിച്ച് സംശയമുണ്ട്. അദ്ദേഹത്തിന്റെ പ്രതിഭാഗം അഭിഭാഷകനായ ഭാസ്‌കർ കുൽക്കർണിയെ (നസീറുദ്ദീൻ ഷാ) നിരാശപ്പെടുത്തുന്നത് ഭയാനകമായ ഒരു നിശ്ശബ്ദതയുടെ ലഹന്യയ്ക്ക് പിന്നിലുണ്ടെന്നാണ്. ലഹന്യയുടെ ചുണ്ടുകൾ എന്തൊക്കെയോ പറയുന്നുണ്ടെന്ന് വക്കീലിനു തോന്നുന്നുണ്ട്, പക്ഷേ, സിനിമയിലുടനീളം അദ്ദേഹം ഒരിക്കലും ഭാസ്‌കറുമായി ഒരു വാക്കുപോലും കൈമാറുന്നില്ല. അവസാനം ആദിവാസിയായ ലഹന്യയുടെ ആക്രോശം നാം കേൾക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. ദളിതനു ഭരണകൂടത്തിന്റെ മുമ്പിൽ തന്റെ അഭിപ്രായങ്ങൾ പറയാൻപോലും പറ്റാത്ത സാഹചര്യത്തെയാണ് ലഹന്യ ഭിക്കുവിന്റെ നിശ്ശബ്ദതയിലൂടെ സംവിധായകൻ ഇവിടെ ആവിഷ്‌കരിക്കുന്നത്. Can the sabatern Speak? എന്ന ഗായത്രി ചക്രവർത്തി സ്പിവാക്കിന്റെ പ്രബന്ധം ഈ സന്ദർഭത്തിൽ ഓർക്കാവുന്നതാണ്.
‘ആക്രോശ്’ (2010) എന്ന പ്രിയദർശൻ സംവിധാനം ചെയ്ത സിനിമ നൂറ്റാണ്ടുകൾ പഴക്കമുള്ള ജാതീയതയുടെ ചിത്രമാണ് സിനിമ വരച്ചിടുന്നത്. ഇന്ത്യയിൽ ജാതി അടിസ്ഥാനമാക്കിയുള്ള അതിക്രമം ഏറ്റവും മോശമായതും വിട്ടുമാറാത്തതും സഹസ്രാബ്ദങ്ങൾ പഴക്കമുള്ളതുമായ അനീതിയാണ്. ഇന്നും ഇന്ത്യൻ ഗ്രാമങ്ങളിൽ ഇത് നടന്നുകൊണ്ടിരിക്കുന്നു. ബിഹാറിലെ ഒരു ഗ്രാമത്തിൽനിന്ന് മൂന്ന് ദില്ലി മെഡിക്കൽ വിദ്യാർത്ഥികളെ കാണാതായതിനു ശേഷം, രണ്ട് സി.ബി.ഐ ഉദ്യോഗസ്ഥരായ സിദ്ധാന്തും (അക്ഷയ് ഖന്ന), പ്രതാപും (അജയ് ദേവ്ഗൺ) എന്നിവരെ അന്വേഷണത്തിനായി അയയ്ക്കുന്നു. അവർ നേരിടുന്നത് കാര്യക്ഷമതയില്ലാത്ത ഒരു പൊലീസ് സേനയെ മാത്രമല്ല, പ്രത്യക്ഷമായി ജനവിരുദ്ധമായ ഒരു പൊലീസിനെയാണ്. സത്യം പുറത്തുകൊണ്ടുവരാനുള്ള അവരുടെ ശ്രമങ്ങൾ അഴിമതിയുടേയും അവിഹിത അധികാരത്തിന്റേയും ക്രൂരമായ ജാതീയതയുടേയും കൊലപാതകങ്ങളുടേയും തട്ടിക്കൊണ്ടുപോകലുകളുടേയും സംഭവങ്ങളെ വെളിച്ചത്തുകൊണ്ടുവരുന്നു. ഒരേ ലക്ഷ്യത്തിനായി പോരാടുന്ന ഈ കഥാപാത്രങ്ങളിൽ ഒരാൾ ഒരു ഉയർന്ന വർഗ്ഗ ബ്രാഹ്മണനും മറ്റയാൾ താഴ്ന്ന ജാതി ദളിതനുമാണ്. പൊലീസ് സേനയ്ക്കകത്തെ ജാതിവിവേചനത്തെക്കൂടി ഈ സിനിമ പ്രശ്നവല്‍ക്കരിക്കുന്നു.
അനുഭവ് സിൻഹ സംവിധാനം ചെയ്ത ആർട്ടിക്കിൾ 15 (2019) എന്ന സിനിമ രാജ്യത്തെ ജാതി വ്യവസ്ഥയ്ക്ക് എതിരെയുള്ള നിലപാടാണ് വ്യക്തമാക്കുന്നത്. മതം, വംശം, ജാതി, ലിംഗം, ജന്മസ്ഥലം അല്ലെങ്കിൽ അവയിലേതെങ്കിലും അടിസ്ഥാനത്തിൽ മാത്രം ഒരു പൗരനോടും ഭരണകൂടം വിവേചനം കാണിക്കരുത് എന്നതാണ് ആർട്ടിക്കിൾ 15 അർത്ഥമാക്കുന്നത്. ഇന്ത്യയിലെ ഗ്രാമങ്ങളെക്കുറിച്ച് പുസ്തകങ്ങളിലൂടെ മാത്രം കേട്ടറിഞ്ഞ ഐ.പി.എസ് ഉദ്യോഗസ്ഥനായ അയൻ രഞ്ജൻ മനോഹരമായ നന്മനിറഞ്ഞ നാട്ടിൻപുറമെന്ന സ്വപ്നവുമായാണ് വരുന്നത്. ഉത്തർ പ്രദേശിലെ ലാൽഗാവിലെ പൊലീസ് സ്റ്റേഷന്റെ ചുമതലയുമായി എത്തുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. ജാതിമേൽക്കോയ്മ നിറഞ്ഞുനിൽക്കുന്ന നാട്ടിൽ ശ്വസിക്കുന്ന വായുവിൽപോലും ജാതി നിറഞ്ഞ് നിൽക്കുന്നതായി അയാൾക്കു തോന്നുന്നു. ഭരണഘടനയെ മനുസ്മൃതി മറികടക്കുന്ന ലാൽഗാവ് എന്ന സ്ഥലം ഒരു ഒറ്റപ്പെട്ട തുരുത്തല്ലെന്നും ഇന്ത്യയുടെ പരിച്ഛേദമാണെന്നും സമകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തിൽ സംവിധായകനായ അനുഭവ് സിൻഹ വ്യക്തമാക്കുന്നു. ജാതിവിവേചനത്തിന്റെ നിരവധി യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി, ആർട്ടിക്കിൾ 15 സാമൂഹിക നാടകത്തെ പൊലീസ് നടപടിക്രമങ്ങളുമായി സംയോജിപ്പിക്കുന്നു. രണ്ട് ദളിത് പെൺകുട്ടികളുടെ ബലാത്സംഗവും കൊലപാതകവും മൂന്നാമന്റെ തിരോധാനവും അന്വേഷിക്കുന്ന നായകനിലൂടെ ഇന്ത്യൻ ജാതി വ്യവസ്ഥയുടെ ഭീകരതകളാണ് സിനിമ അവതരിപ്പിക്കുന്നത്. ദളിത് പെൺകുട്ടികളെ മാനഭംഗം ചെയ്ത് കെട്ടിത്തൂക്കുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ഇന്നു കാണുന്നുണ്ട്. ദേശീയതയിൽ ദളിത് സ്ത്രീകൾ രണ്ടാം തരം പൗരരേക്കാൾ താഴെയാണെന്നാണ് ഇത് ഓർമ്മിപ്പിക്കുന്നത്.
“ഒരു രാഷ്ട്രം അതിന്റെ ജനങ്ങളെ ശത്രുക്കളായി കാണാൻ തുടങ്ങിയാൽ അത് ആ രാഷ്ട്രത്തിന്റെ തകർച്ചയുടെ തുടക്കമാണ്.” പ്രിയനന്ദനൻ സംവിധാനം ചെയ്ത പാതിരക്കാലം (2017) വർത്തമാനകാല കേരളീയ സമൂഹത്തിലെ ചില രാഷ്ട്രിയ സമസ്യകളെയാണ് ആവിഷ്‌കരിക്കുന്നത്. ദേശത്തിന്റേയും ദേശീയതയുടേയും അതിർത്തികളും സങ്കല്പങ്ങളും ഭരണകൂടം നിർണ്ണയിക്കുന്നതും നിയന്ത്രിക്കുന്നതുമായ സമകാലിക ഇന്ത്യയിൽ ഏതൊരു സാംസ്കാരിക പ്രവർത്തനവും സംശയത്തിന്റെ നിഴലിലാണെന്ന് ഈ സിനിമ ഓർമ്മപ്പെടുത്തുന്നു. സിനിമാതിയറ്ററിൽ ദേശീയഗാനം മുഴങ്ങുമ്പോൾ എല്ലാവരും എണീറ്റുനിന്ന് ആദരവ് കാണിച്ച് ദേശീയ പൗരന്മാരായി മാറണമെന്ന കാര്യവും ഇവിടെ ഓർക്കേണ്ടതാണ്. ബഹുസ്വരതയെ, വൈവിധ്യമായ മതസംസ്കാരങ്ങളെ, ആശയങ്ങളെ സ്വീകരിക്കാത്തവിധത്തിൽ രാഷ്ട്രം അധികാരത്തിന്റെ ദണ്ഡ് പ്രയോഗിക്കുകയാണെന്ന് ഈ സിനിമ പറയുന്നു. അംബേദ്കറുടെ ദേശീയതയെക്കുറിച്ചുള്ള വീക്ഷണങ്ങൾ-സാമ്രാജ്യത്വ വിരുദ്ധ ഭരണത്തോടുള്ള അവഗണനയിൽ നിന്ന് ഉയർന്നുവന്നതിനേക്കാൾ-നിലവിലുള്ള സാമൂഹിക-സാമ്പത്തിക ക്രമം പുനഃക്രമീകരിക്കേണ്ടതിന്റെ ആവശ്യകതയിൽനിന്നാണ് ഉടലെടുത്തത്.
‘മേൽവിലാസം’ (2011) എന്ന സിനിമ സൈന്യം പോലുള്ള ഇന്ത്യൻ അധികാര സ്ഥാപനങ്ങളിലെ ദളിത് പീഡനത്തിന്റെ ശക്തമായ ആവിഷ്‌കാരമാണ്. ഭരണകൂട അധികാരമേഖലകളിലും ജാതി ശ്രേണീകരണം എത്രമാത്രം ഭീകരമാണെന്ന് ഈ സിനിമ ഓർമ്മിപ്പിക്കുന്നു. ആഖ്യാനത്തിലും ചിത്രീകരണത്തിലും വ്യത്യസ്തത പുലർത്തിയ ‘മേൽവിലാസം’ ഒരു ദളിത് സിനിമയെന്ന നിലയിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ലായെന്നു കാണാം. പട്ടാളക്കോടതിയിലാണ് പൂർണ്ണമായും ഈ സിനിമ നടക്കുന്നത്. ഭരണക്കൂട സ്ഥാപനത്തിനകത്തു ജോലിചെയ്യുന്ന ഒരു ദളിത് പട്ടാളക്കാരനു നീതി നിഷേധിക്കുന്ന സവർണ്ണ ഭരണകൂട സ്ഥാപനമായി സൈന്യവ്യവസ്ഥ മാറുന്നുണ്ടെന്ന് ഈ ചിത്രം ഓർമ്മപ്പെടുത്തുന്നു. ദേശീയതയുടെ പ്രതീകമായ സൈനിക മേഖലയിൽ ദളിതർ എത്രമാത്രം ദൂരെയാണെന്ന് ഈ സിനിമ വ്യക്തമാക്കുന്നു. ഇന്ത്യൻ ഭരണകൂട സ്ഥാപനങ്ങളിലെ ജാതിവിവേചനം, തുല്യനീതി തുടങ്ങിയ കാര്യങ്ങളെ ‘മേൽവിലാസം’ വിമർശനവിധേയമാക്കുന്നു.
വൈദ്യുത മോഷണം, നിരോധിത പുസ്തകത്തിന്റെ വില്‍പന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ട നാല് വര്‍ഷം നീതി നിഷേധത്തിനിരയായ വീരസതീദാര്‍ ആയിരുന്നു ‘കോര്‍ട്ട്’ എന്ന സിനിമയുടെ ഉത്ഭവത്തിനു പ്രചോദനമായ ഒരാള്‍. ഇന്ത്യൻ നീതിന്യായ വ്യവസ്ഥ കീഴാളരോടും അധഃസ്ഥിതരോടും എങ്ങനെ പെരുമാറുന്നുവെന്നതാണ് ചൈതന്യ തംഹാനെ സംവിധാനം ചെയ്ത കോർട്ട് (2014) എന്ന സിനിമ ആവിഷ്‌കരിക്കുന്നത്. ഈ സിനിമയിലെ കൂടുതൽ ഭാഗവും കോടതിയിൽ നടക്കുന്ന രംഗങ്ങളാണ്. ഈ സിനിമയിലെ മുഖ്യ കഥാപാത്രമായ നാരായൺ കാംബ്ലെ എന്ന ദളിത് ഗായകനെ അവതരിപ്പിച്ചത് വീരസതീദാർ (വിജയ് രാംദാസ് വൈരഗഡെ) എന്ന ഇടത് അംബേദ്കറൈറ്റ് ആക്ടിവിസ്റ്റ് ആണ്. അധികാരികളുടെ അനാസ്ഥ മൂലം ഓടയിൽ വിഷവാതകം ശ്വസിച്ചു മരിച്ച തൊഴിലാളിയും അയാളെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചു എന്ന കള്ളക്കേസിന്റെ പേരിൽ പിടിക്കപ്പെടുന്ന നാടോടി ഗായകനും ദളിത് ജീവിതത്തിന്റെ സമകാലിക കാഴ്ചകളാണ്. ബ്രിട്ടീഷ് കൊളോണിയിലസത്തിന്റെ ഭാഗമായി ആരംഭിക്കുന്ന കോടതികൾ പിന്നീട് ഹിന്ദു ബ്രാഹ്മണിസത്തിന്റേയും മുതലാളിത്തത്തിന്റേയും പ്രത്യയശാസ്ത്ര വ്യവഹാരങ്ങൾ ഉൾക്കൊള്ളുന്ന ഇടമായി മാറിയതിനെതിരെയുള്ള വിമർശനം കൂടിയാണ് ഈ സിനിമ. ദേശീയതയുടെ വ്യവഹാരങ്ങളിൽനിന്ന് ദളിതൻ പുറന്തള്ളപ്പെടുന്നതിന്റെ ആഖ്യാനം കൂടിയാണ് ഈ ചിത്രം. വർത്തമാനകാല മുംബൈയിലെ നഗര കീഴ്‌ക്കോടതികളിൽ അരങ്ങേറിയ മനുഷ്യവിരുദ്ധമായ ബ്രാഹ്മണിക വിചാരണയാണ് ഈ സിനിമയിൽ കാണാനാകുന്നത്. ജാതി, കുലത്തൊഴിലായി സാധൂകരിക്കപ്പെടുന്ന തോട്ടിപ്പണിയെ ചോദ്യം ചെയ്യുന്ന പാട്ടുകൾ പാടിയതിനാണ് ദളിത് ഗായകനെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യുന്നത്. കാംബ്ലേയുടെ ഗാനപ്രചാരണം കേൾക്കാനിടയായ മുംബൈ മഹാനഗരത്തിലെ തോട്ടിപ്പണിക്കാരൻ (സീവേജ് വർക്കർ) ആത്മഹത്യ ചെയ്തു എന്ന കുറ്റത്തിനാണ് പൊലീസ് ഈ ഗായകനെ അറസ്റ്റ് ചെയ്ത് തടവിലാക്കുന്നതും കോടതി വിചാരണ ചെയ്യുന്നതും. തോട്ടിപ്പണിക്കാർ ആത്മഹത്യ ചെയ്യണം എന്ന പാട്ടു താൻ എഴുതിയോ എന്ന കോടതിയുടെ ചോദ്യത്തിന്, ഇനി താനെഴുതേണ്ടത് അത്തരം പാട്ടാണെന്നാണ് ആ വൃദ്ധഗായകന്റെ മറുപടി. മനുഷ്യൻ പണിയെടുക്കുന്ന തെരുവിലെ ഗായകനാണയാൾ. “ചിത്രം തുടങ്ങുന്നത് പൊതു ഇടത്തിൽ അരങ്ങേറുന്ന ഒരു അതിക്രമത്തിൽ നിന്നാണെങ്കിൽ (കാംബ്ലയുടെ അറസ്റ്റ്) ചിത്രം അവസാനിക്കുന്നത് സ്വകാര്യമെന്നോ പൊതുവെന്നോ വിശേഷിപ്പിക്കാവുന്ന ഒരു പാർക്കിൽ അരങ്ങേറുന്ന മറ്റൊരു ഹിംസയിലാണ്. ഏതോ വിനോദകേന്ദ്രത്തിൽ തന്റെ അവധിക്കാലം ചെലവഴിക്കുന്നതിനിടയിൽ രാവിലെ പാർക്കിലിരുന്ന് ഉറക്കം തൂങ്ങുന്ന നീതിപതിയെ കളിമ്പത്തിൽ ഒരു കുട്ടി ഉണർത്തുന്നു; ഞെട്ടിയുണർന്ന അയാൾ ആ കുട്ടിയുടെ ചെകിട്ടത്തടിക്കുന്നു. സിനിമയിൽ പ്രത്യക്ഷപ്പെടുന്ന ഒരൊറ്റ നാടകിയരംഗം ഇതൊന്നു മാത്രമാണ് എന്നതും യാദൃച്ഛികമല്ല. ഒരു പൊതു ഇടത്തിന്റെ തുറസ്സിൽനിന്നു തുടങ്ങി അർദ്ധമയക്കത്തിന്റെ സ്വകാര്യതയിലേക്കു നീളുന്ന ഹിംസയുടെ ബാഹ്യവും ആന്തരീകവും വ്യവസ്ഥാപിതവും വൈയക്തികവുമായ തലങ്ങൾ നമ്മൾ ജീവിക്കുന്ന ജീവിതത്തിൽ/ലോകത്തിൽ പുറത്തും അകത്തും തിരതല്ലുന്ന നൈതികശൂന്യതയെ തന്നെയാണ് നേർക്കുനേർ കൊണ്ടുവരുന്നതെന്ന്” സി.എസ്. വെങ്കിടേശ്വരൻ അഭിപ്രായപ്പെടുന്നുണ്ട് (9 മെയ് 2015 പുറം 15). ഇന്ത്യൻ ദേശീയതയിൽ ദളിതുകൾക്ക് ഇടമില്ലായെന്നുതന്നെയാണ് ഈ സിനിമ വെളിപ്പെടുത്തുന്നത്. ദേശീയതയുടെ പൊയ്‌മുഖമാണ് ഇവിടെ കോടതിയിൽ അഴിഞ്ഞുവീഴുന്നത്.
ഡോ. ബിജു സംവിധാനം ചെയ്ത ‘കാടു പൂക്കും നേരം’ എന്ന സിനിമ ആദിവാസികൾക്കിടയിലെ നക്സലൈറ്റായ ഒരു യുവതിയും അന്വേഷണത്തിനായി കാട്ടിലകപ്പെട്ട ഒരു പൊലീസുകാരനും തമ്മിലുള്ള ആശയസംഘർഷവും സംഘട്ടനവുമാണ് ആവിഷ്‌കരിക്കുന്നത്. കാടിനുള്ളിൽ മാവോയിസ്റ്റ് ഉണ്ടെന്ന അറിവിൽ സബ് ഇൻസ്‌പെക്ടറുടെയൊപ്പം ഒരുകൂട്ടം പൊലീസുകാരും വാഹനത്തിൽ കാട്ടിലേക്കു പോകുന്നു. മാവോയിസ്റ്റുകളെക്കുറിച്ച് കേട്ടറിവുള്ള ധാരാളം പൊലീസുകാരും അവരോടൊപ്പമുണ്ട്. വനപ്രദേശത്തുള്ള ആദിവാസികളുടെ വിദ്യാലയത്തിൽ കയ്യേറി പൊലീസ് ക്യാമ്പ് ചെയ്യുന്നു. രാത്രിയിൽ ക്യാമ്പിൽ പൊലീസുകാരുടെ കളിയും ചിരിയും വിനോദവും നടക്കുമ്പോൾ അവർക്കു നേരെ കല്ലേറുണ്ടാകുന്നു. ഇത്തരം പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ സാധ്യതയുള്ള ചോമനെന്ന ആദിവാസിയെ അന്വേഷിച്ച് പൊലീസ് ചെല്ലുന്നു, പലരേയും പിടിച്ച് അറസ്റ്റു ചെയ്യുന്നു.
‘ഉണ്ട’ എന്ന സിനിമയിൽ രാഷ്ട്രീയവും സാമ്പത്തികവുമായ പല കാരണങ്ങൾകൊണ്ട് സംഘർഷഭരിതമായ ഛത്തീസ്ഗഡിലെ ബസ്തറിൽ ഇലക്ഷൻ ഡ്യൂട്ടിക്കെത്തിയ പൊലീസ് സംഘത്തിലെ അംഗമായ ബിജുകുമാർ, ആദിവാസി എന്ന നിലയിൽ പൊലീസിനുള്ളിൽ തനിക്കു നേരിട്ട വിവേചനവും അവഹേളനവും തുറന്നുപറയുകയും താൻ നാട്ടിൽ തിരിച്ചുവന്നു ജോലി ഉപേക്ഷിക്കും എന്നും പറയുന്നതുമായ ഒരു രംഗം കാണാം. മലയാള സിനിമയിലെ വംശീയത, ജാതീയത എന്നീ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ഒരു നിമിഷമാണ് മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ഒരു പ്രദേശത്താണ് പൊലീസുകാർ എത്തുന്നത്. പുറത്ത് സംഘർഷം ഉള്ളതുപോലെ തന്നെ പൊലീസുകാർക്കിടയിൽ ഉള്ള അകത്തെ സംഘർഷവും സിനിമ പ്രമേയമാക്കുന്നു. ജാതി വിവേചനം ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും മറ്റും നിലനിൽക്കുന്ന ഒന്നാണെന്ന് എല്ലാവർക്കും അറിയാം. എങ്കിലും മലയാളി സമൂഹത്തിനകത്തെ ഉദ്യോഗസ്ഥ, ഭരണകൂട തലങ്ങളിൽ അത് നടക്കുന്നുണ്ട് എന്നുള്ളത് ഈ രംഗം ഓർമ്മപ്പെടുത്തുന്നു. സത്യത്തിൽ ഛത്തീസ്ഗഡിൽ ബസ്തറിലെ ആദിവാസി ജനതയോട് സഹാനുഭൂതിയോടുകൂടി സംസാരിക്കാൻ കഴിയുന്ന ഒരു വ്യക്തി ആദിവാസിയായ ബിജുകുമാർ തന്നെയാണ്. ബസ്തറിൽ കോർപറേറ്റുകളുടെ കടന്നുകയറ്റവും അവർ ആദിവാസികളുടെ ഭൂമിക്കുനേരെ കടന്നുകയറുന്നതും ഒക്കെ ഒക്കെയാണ് ആദിവാസികളുടെ ചെറുത്തുനിൽപ്പിന്റേയും മാവോയിസ്റ്റ് കലാപത്തിന്റേയും ഒരു കാരണം.
“ഭൂമി കേവലമൊരു വിഭവമല്ല, അധികാരമാണ്. ഒരാൾ ഭൂമിയുടെ അവകാശിയാണോ അല്ലയോ എന്നു തീരുമാനിക്കുന്നത് അവന്റെ/അവളുടെ ജാതിയാണ്. ജന്മം കൊണ്ടുതന്നെ ഒരാൾ അധികാരിയും മറ്റൊരാൾ അധികാര ഭ്രഷ്ടനും/ഭ്രഷ്ടയുമാക്കപ്പെടുന്ന ഇന്ത്യൻ സാഹചര്യത്തിൽ രാഷ്ട്രീയ അധികാരം പകുത്തുനൽകുന്നതുപോലെ ഭൂമിക്കു മേലുള്ള ഉടമസ്ഥാവകാശവും ദളിതർക്കും ആദിവാസികൾക്കും പകുത്തുനൽകാൻ ഭരണകൂടം ബാധ്യത കാണിക്കേണ്ടതായിരുന്നു. സാമൂഹ്യനീതിയിലധിഷ്ഠിതമായ ഒരു ഭൂനയം അതിന് ആവശ്യമായിരുന്നു. ഇന്നും രാജ്യം ഈ ബാധ്യത താത്ത്വികമായിപ്പോലും ഏറ്റെടുത്തിട്ടില്ല എന്നു മാത്രമല്ല, അതിനു വിമുഖത കാട്ടുകയും ചെയ്തു” (കെ.എം. സലിം കുമാർ : 20:143.) ദളിതർക്കും ആദിവാസികൾക്കും ഭൂമിയില്ലാതിരിക്കുന്നതും ഭൂമി നഷ്ടപ്പെടുന്നതും കോർപറേറ്റുകൾ ഭരണകൂട പിൻബലത്തോടെ ഭൂമി പിടിച്ചെടുക്കുന്നതും ഇന്ത്യയിൽ സർവ്വസാധാരണമാണ്. ദേശീയതയുടെ സങ്കല്പനത്തിൽ സാമൂഹ്യനീതിയും സാമ്പത്തിക സമത്വത്തിനും എത്രമാത്രം പ്രാധാന്യമുണ്ടെന്ന ചോദ്യം ഇത്തരം സിനിമകൾ ഉന്നയിക്കുന്നുണ്ട്.
മാവോയിസ്റ്റ് കലാപത്തെ അടിച്ചമർത്തുന്നതിനുവേണ്ടി ഭരണകൂടം സാൽവ ജൂതം പോലെയുള്ള പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരിക്കുന്നത് ഇന്ത്യയിൽ വളരെ ചർച്ച ചെയ്തതാണ്.
ഭരണകൂടത്തിനും മാവോയിസ്റ്റുകൾക്കും ഇടയിൽ ആദിവാസികളുടെ പ്രശ്നങ്ങൾ പലപ്പോഴും ചർച്ച ചെയ്യപ്പെടാറില്ല. ‘ഉണ്ട’ സിനിമയിൽ കുനാൽ ചന്ദ് എന്ന കഥാപാത്രത്തിലൂടെയാണ് പ്രധാനമായും അവിടുത്തെ ആദിവാസി ജീവിതത്തെക്കുറിച്ചുള്ള സൂചന തരുന്നത്. അയാളുടെ മകൻ മാവോയിസ്റ്റ് എന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് മരണപ്പെടുകയും ചെയ്യുന്നു. ഭരണകൂടത്തിനു കീഴിൽ അടിച്ചമർത്തപ്പെടുന്ന ആദിവാസി ജീവിതത്തെ ആവിഷ്‌കരിക്കാൻ ശ്രമിക്കുന്ന ചിത്രമായി ‘ഉണ്ട’ മാറുന്നുണ്ട്.
ലോകത്തിലേറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ നടത്തുന്ന തെരഞ്ഞെടുപ്പ് ആദിവാസി സമൂഹത്തിന് എന്തു നേട്ടമാണ് ഉണ്ടാക്കുന്നതെന്നുള്ള ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിൽ ഇലക്ഷൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതാണ്. അമിത് വി. മസുർകർ സംവിധാനം ചെയ്ത ന്യൂട്ടൻ (2017) എന്ന ഹിന്ദി സിനിമ കറുത്ത ഹാസ്യത്തിലൂടെ ഇത്തരമൊരു ചോദ്യത്തെയാണ് ആവിഷ്‌കരിക്കുന്നതെന്ന് വേണമെങ്കിൽ പറയാം. തങ്ങളെ ഭരിക്കുന്നവരെ എന്തിനാണ് തെരഞ്ഞെടുക്കുന്നത് എന്നുപോലും അവർക്കറിയില്ല. വനമധ്യത്തിലുള്ള മാവോയിസ്റ്റ് ഭീഷണിയുള്ള ഒരു ബൂത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി ന്യൂട്ടൻ കുമാർ നിയോഗിക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് നടത്താനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും അവിടത്തെ ഭീകരാവസ്ഥയെക്കുറിച്ചും ന്യൂട്ടനെ സൈനിക മേധാവിയായ ആത്മ സിംഗ് പറഞ്ഞു മനസ്സിലാക്കുന്നു. ന്യൂട്ടൻ തദ്ദേശവാസിയായ മാൽക്കോ എന്ന ആദിവാസിയുടെ സഹായത്തോടെ തെരെഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിൽ എത്തുന്നു. ആദിവാസികൾ വോട്ട് ചെയ്യാൻ വരുമോയെന്ന് മാൽകോയ്ക്കുപോലും സംശയമുണ്ട്. വോട്ട് ചെയ്താൽ തങ്ങളുടെ വനവിഭവങ്ങൾക്കു കൂടുതൽ വില കിട്ടുമോ എന്ന് അവർ ചോദിക്കുന്നു. ആദിവാസികൾ വോട്ട് ചെയ്ത് തെരഞ്ഞെടുക്കുന്നത് ആരെയാണെന്നും അയാൾ ഞങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യുമോ എന്ന കാര്യത്തിലും അവർക്കു സംശയമുണ്ട്. ഞങ്ങളുടെ മൂപ്പനെ തെരഞ്ഞെടുത്ത് ഡൽഹിയിലേക്ക് അയക്കാൻ അവർക്ക് അവസരമില്ല. ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിന്റെ വലിയ ചിഹ്നമായ തെരഞ്ഞെടുപ്പ് ആദിവാസികളുടെ വികസനത്തിനും അവരുടെ ജീവിതത്തിനും ഒരു ഗുണവും ചെയ്യുന്നില്ലയെന്ന ആശയം ‘ന്യൂട്ടൻ’ എന്ന സിനിമയിൽ കാണാം. ജനാധിപത്യ പ്രക്രിയയെക്കുറിച്ചുള്ള ആഴത്തിലുള്ള അവബോധം ആദിവാസി സമൂഹം കാലക്രമേണ നേടിയെടുക്കാമെന്ന ആലോചനയും സിനിമ നല്‍കുന്നുണ്ട്.
പ്രകാശ് ഝായുടെ മുന്‍ സിനിമകളായ രാജ്‌നീതി (2010), സത്യാഗ്രഹ (2011) തുടങ്ങിയ സിനിമകള്‍ മുന്നോട്ടുവെച്ച രാഷ്ട്രീയം തന്നെയാണ് ചക്രവ്യൂഹ (2012) യിലും കാണാനാകുന്നത്. അഴിമതി, കുത്തഴിഞ്ഞ ഭരണവ്യവസ്ഥ, പൊലീസ് രാജ് തുടങ്ങിയവ ഇതിൽ അവതരിപ്പിക്കപ്പെടുന്നു. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണിയായ മാവോയിസ്റ്റ്-നക്സലൈറ്റ് പ്രവര്‍ത്തനങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമ നക്സലിസത്തിനെ സപ്പോര്‍ട്ട് ചെയ്യുന്ന സിനിമയാണ് എന്ന രീതിയില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. അംബാനി, ടാറ്റ, ബിര്‍ള തുടങ്ങിയ കമ്പനികളെ അപഹസിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌ക്രീനില്‍ മുന്നറിയിപ്പ് വരെ എഴുതിച്ചേര്‍ക്കേണ്ടിവന്നു. 2004 മുതല്‍ ബീഹാറില്‍ ലോക്‌സഭാ ഇലക്ഷനില്‍ മത്സരിക്കുന്ന പ്രകാശ് ഝായ്ക്ക് 2014-ലെ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടിവന്നതും ഈ ‘അര്‍ബന്‍ മാവോയിസ്റ്റ്’ തത്ത്വങ്ങള്‍ മൂലമായിരുന്നു. ഒരു സോഷ്യോ-പൊളിറ്റിക്കല്‍, ത്രില്ലർ ചിത്രമാണ് ചക്രവ്യൂഹ. നന്ദിഘട്ടിലെ മാവോയിസ്റ്റ് ആക്രമണങ്ങളെ അമര്‍ച്ച ചെയ്യാന്‍ ബീഹാര്‍ സംസ്ഥാനം നിയമിക്കുന്ന എസ്.പി. ആദില് ഖാന്‍, ഇന്റലിജന്‍സ് ഉദ്യോഗസ്ഥയും പൊലീസുമായ ഭാര്യ റിയ, അവരുടെ കോമണ്‍ സുഹൃത്ത് കബീര്‍ എന്നിവരുടെ സൗഹൃദം, ഏറ്റവും അപകടകരമായ ഒരു ദൗത്യത്തിലേക്ക് നയിക്കുന്നു. കബീറിനെ ചാരനായി മാവോയിസ്റ്റുകളുടെ അടുത്തേക്ക് അയക്കുന്ന ആദിലിനു തെറ്റ് പറ്റുന്നു. ആദിവാസികളുടെ ശോചനീയാവസ്ഥയും ഭരണകൂടത്തിന്റെ കരാള രീതികളും ജൂഹിയോടുള്ള പ്രണയവും കബീറിനെ മാവോയിസ്റ്റ് ആക്കി മാറ്റുന്നു. ആദിവാസികളുടെ ജീവിത പ്രശ്‌നങ്ങളും ഭരണകൂടത്തിന്റെ ആദിവാസി വേട്ടയും അനീതിനിറഞ്ഞ ഒരു ഇന്ത്യയെയാണ് വരച്ചുകാട്ടുന്നത്. മാവോയിസം, അര്‍ബന്‍ മാവോയിസം, ഭരണകൂട ഭീകരത, സല്വാ ജുദൂം പോലുള്ള ഭീകരതകള്‍ തുടങ്ങിയവയെ വരച്ചുകാണിക്കുന്ന ഈ സിനിമ ബീഹാറിന്റെ വികസനത്തില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയ പ്രകാശ് ഝായുടെ തന്നെ ചില അനുഭവങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ്.
നക്സലിസത്തിന്റെ പേരിൽ ആദിവാസി ഗോത്രവിഭാഗങ്ങളെ നിയമത്തിന്റെ മുന്നിൽ കുറ്റവാളികളാക്കുന്ന നിരവധി സിനിമകൾ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. ‘കോസ’യെന്ന ഹിന്ദി സിനിമ ഈ വിഷയത്തെ വളരെ വ്യത്യസ്തമായി അവതരിപ്പിക്കുന്നുണ്ട്. നക്സൽ ഗ്രൂപ്പുകൾക്കും പൊലീസിനും ഇടയിലാണ് യഥാർത്ഥ മണ്ണിന്റെ അവകാശികൾ എന്ന യാഥാർത്ഥ്യം അവതരിപ്പിക്കുകയാണ് കോസ (2020) എന്ന സിനിമയിലൂടെ സംവിധായകൻ മോഹിത് പ്രിയദർശി. ഇന്ത്യയിലെ ഛത്തീസ്ഗഡിലാണ് കഥ നടക്കുന്നത്. ആടിനെ വിറ്റ് ആ പണം കൊണ്ട് കടം വീട്ടാമെന്ന വിശ്വാസത്തിൽ വീട്ടിൽനിന്നുമിറങ്ങുന്ന കോസ മുസാക്കി എന്ന ആദിവാസി ബാലനിൽ കൂടിയാണ് കഥ ആരംഭിക്കുന്നത്. എന്നാൽ, തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ കോസയെ പൊലീസ് പിടികൂടുന്നു. സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിനു കാരണക്കാരനായ മാവോയിസ്റ്റ് എന്നു ധരിച്ചാണ് പൊലീസ് കോസയെ കസ്റ്റഡിയിലെടുക്കുന്നത്. മാവോയിസ്റ്റ് എന്നു ധരിച്ച് ഒരുപാട് പേരെ ഇന്ത്യയിൽ കസ്റ്റഡിയിൽ എടുക്കുന്നത് നാം കാണാറുണ്ട്. പിടിക്കപ്പെട്ട കോസ യഥാർത്ഥത്തിൽ തങ്ങൾ തിരയുന്ന മാവോയിസ്റ്റ് ആണെന്നു വരുത്തിത്തീർക്കാൻ പൊലീസും നിയമസംവിധാനങ്ങളും കൈകോർക്കുന്നതാണ് പിന്നീട് കാണുന്നത്. ഭരണകൂടം നിരപരാധിയായ ആദിവാസിയെ കുറ്റവാളിയാക്കാൻ ശ്രമിക്കുന്നു. കോസയെ ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും കുറ്റസമ്മത മൊഴിയിൽ ഒപ്പിടീപ്പിക്കാൻ ശ്രമിക്കുന്നു. കോസ മുസാക്കിയെന്ന കൗമാരക്കാരൻ നേരിട്ട പീഡനങ്ങളെ, ഇരുട്ടിലൂടെയാണ് സംവിധായകൻ അവതരിപ്പിക്കുന്നത്.
ബോക്‌സൈറ്റ് ധാതുവിനാൽ സമ്പുഷ്ടമാണ് ഛത്തീസ്ഗഡിലെ ഗോത്ര മേഖലകൾ. വികസനത്തിന്റെ പേരിൽ തദ്ദേശീയർക്കു നഷ്ടമാകുന്ന മണ്ണും സ്വത്വവും ഇവിടെ ചർച്ച ചെയ്യേണ്ടതാണ്.
ഇരുണ്ട ഫ്രെയിമുകളിലൂടെ തദ്ദേശീയരുടെ ജീവിതവും ഭാവിയും ഇരുളടഞ്ഞിരിക്കുന്നതായി സംവിധായകൻ അവതരിപ്പിക്കുന്നു. മൊഹിത് പ്രിയദർശിയുടെ ‘കോസ’ (84 മിനിറ്റ്) ഇന്ത്യയിലെ മാവോവാദി തീവ്രവാദത്തിന്റെ പശ്ചാത്തലത്തിന്റെ കഥ പറയുന്ന സിനിമയാണ്. വ്യാജ ഏറ്റുമുട്ടൽ കൊലപാതകവും പൊലീസ് ചൂഷണവും നിലനിൽക്കുന്ന മാവോവാദി ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കോസമുച്ചാക്കി എന്ന 17 വയസ്സുകാരനായ ഗ്രാമീണബാലന് സംഭവിക്കുന്ന ദുരന്തം വ്യവസ്ഥിതിയുടെ ഭീകരത തുറന്നുകാട്ടുന്നതാണ്. ഭരണകൂട ഭീകരത മൂലം സാധാരണ മനുഷ്യർ മാവോയിസ്റ്റുകളായി ചിത്രീകരിക്കപ്പെടുകയാണ്. 17-കാരനായ കോസമുച്ചാക്കിയെ അതേ പേരിനോട് സാമ്യമുള്ള മറ്റൊരു 30 വയസ്സുകാരനായ മാവോവാദി നേതാവാണെന്നു തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയാണ്. തന്റെ ആടുകളിലൊന്നിനെ വിറ്റു തിരിച്ചുവരുമ്പോഴാണ് ബലമായി പൊലീസ് അവനെ തട്ടിക്കൊണ്ടുപോകുന്നത്. പിന്നീട് പൊലീസ് മുച്ചാക്കിയെ മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുന്നു. കോസയെ ജുവനൈൽ കോടതിയിൽ എത്തിച്ച് ജാമ്യം വാങ്ങിക്കൊടുക്കുന്ന വക്കീലും പത്രപ്രവർത്തകനായ കേശവും കഥാപാത്രങ്ങളാണ്. അവസാനം പൊലീസ് തന്നെ കൃത്യമായ ഏറ്റുമുട്ടൽ ഉണ്ടാക്കി കോസയെ കൊല്ലുന്നു. സാമൂഹ്യനീതി ലഭിക്കാത്ത ഇത്തരം വിഭാഗക്കാരുടെ മരണങ്ങൾ ദേശരാഷ്ട്രത്തിന്റെ ചർച്ചകളിൽ പോലും ഇടംപിടിക്കാത്ത വിധത്തിലാണ് സവർണ്ണ ദേശീയതയുടെ രാജ്യത്ത് മുന്നിട്ടു നിൽക്കുന്നത്. ദേശീയതയെന്നത് സവർണ്ണ മതാധിപത്യ-കോർപറേറ്റ് സങ്കല്പനമാകുകയും അതിൽ ദളിതരുടെ യാതൊരു അവകാശവും സാധിച്ചെടുക്കാൻ പറ്റാതെയാകുകയും ചെയ്യുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഉന്നത വിദ്യാഭ്യാസരംഗത്തുപോലും ജാതിവിവേചനം ശക്തമാണെന്ന് ഓർമ്മിപ്പിക്കുന്ന നിരവധി സംഭവങ്ങൾ ഇക്കാലത്ത് ഇന്ത്യയിലുണ്ടായിട്ടുണ്ട്. ഡൽഹിയിലെ ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു കേന്ദ്ര സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ ജാതിവിവേചനത്തെ ഒളിപ്പിച്ച് ദേശീയതയുടെ സങ്കല്പനത്തെ വളർത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പൊള്ളയായ ഒരു സങ്കല്പനമെന്ന രീതിയിൽ ഇതിനെതിരെയുള്ള സംവാദങ്ങളും സമൂഹത്തിൽ നടക്കുന്നുണ്ട്. 2011-ലെ ആക്ഷൻ എന്ന പ്രകാശ് ഝാ സംവിധാനം ചെയ്ത ചിത്രം ഇന്ത്യൻ സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിന്റെ വിവാദ നയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമയാണ്. 2008-ൽ എം.എസ്‌സി ടോപ്പറായ ദീപക് കുമാർ (സെയ്ഫ് അലിഖാൻ) ഒരു സമ്പന്ന സ്കൂളിൽ അദ്ധ്യാപക തസ്തികയിലേക്കുള്ള അഭിമുഖത്തിലാണ്. അവന്റെ താഴ്ന്ന ജാതി വേരുകൾ കണ്ടെത്തുമ്പോൾ അഭിമുഖം നടത്തുന്നവർ അവനെ നിരസിക്കുന്നു. ദീപക് തന്റെ ഉപദേശകനായ ഡോ. പ്രഭാകർ ആനന്ദിനോട് (അമിതാഭ് ബച്ചൻ) സംഭവം വിവരിക്കുന്നു. ദീപക് പഠിച്ച പ്രശസ്ത എസ്.ടി.എം കോളേജിലെ ഇതിഹാസ പ്രിൻസിപ്പൽ ഡോ ആനന്ദ്, ദീപക്കിന് എസ്.ടി.എമ്മിൽ അദ്ധ്യാപകനായി ഇടക്കാല ജോലി വാഗ്ദാനം ചെയ്യുന്നു. ദീപക്കിനെ അവന്റെ സുഹൃത്ത്, ഉയർന്ന ജാതിക്കാരനായ സുശാന്ത് (പ്രതീക് ബബ്ബർ), ഡോ. ആനന്ദിന്റെ മകളായ കാമുകി പൂർവി (ദീപിക പദുക്കോൺ) എന്നിവർ ആശ്വസിപ്പിക്കുന്നു.
സുപ്രീംകോടതി മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കു സംവരണം നൽകുന്നു. എസ്.ടി.എം വിദ്യാർത്ഥികളുടെ ഒരു വലിയ ജനക്കൂട്ടം, വിധി ആഹ്ലാദത്തോടെ ആഘോഷിക്കുന്നു, എസ്.ടി.എമ്മിന്റെ ഗേറ്റുകളിൽ എത്തി ബഹളം തുടങ്ങി. സുശാന്ത് ഉയർന്ന ജാതിക്കാരായ ഒരു കൂട്ടം ആൺകുട്ടികളെ കൂട്ടി ആഹ്ലാദിക്കുന്നവരെ ഓടിക്കാൻ ശ്രമിക്കുന്നു. ഡോ. ആനന്ദ് ദീപക്കിനേയും സുശാന്തിനേയും വലിച്ചിഴക്കുന്നു. പിന്നാക്ക വിഭാഗങ്ങൾ സംവരണത്തെ സ്വാഗതം ചെയ്യുന്നു, കാരണം അതു വിദ്യാഭ്യാസത്തിന് അധിക അവസരങ്ങൾ നൽകുന്നു. സംവരണ സമ്പ്രദായത്തിന്റെ ഫലപ്രാപ്തിയിൽ വിശ്വസിക്കാത്തതിനാൽ ഉയർന്ന വിഭാഗങ്ങൾ സംവരണത്തിന് എതിരാണ്. ഇത്തരത്തിൽ പാവപ്പെട്ട, ജാതിയിൽ താഴ്ന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള സംവരണത്തെ എതിർക്കാനുള്ള ശ്രമങ്ങളാണ് ഉയർന്ന വിഭാഗങ്ങളിൽനിന്നുണ്ടാകുന്നത്. ഇന്ത്യയിൽ മണ്ഡൽ കമ്മിഷനെതിരെ ഡൽഹിയിലെ സവർണ്ണ വിദ്യാർത്ഥികളിൽനിന്നുണ്ടായ സമരത്തേയും എതിർപ്പിനേയും നാം കണ്ടതാണ്.
‘ജീവ’ എന്ന തമിഴ് സിനിമയിൽ ജീവ, രൺജിത് എന്നീ പിന്നോക്ക വിഭാഗത്തിൽപെടുന്ന ക്രിക്കറ്റു കളിക്കാർക്ക് രഞ്ജി ട്രോഫി ടീമിൽ പ്രവേശനം ലഭിക്കുന്നെങ്കിലും മുന്നോക്ക വിഭാഗത്തിൽപ്പെട്ട ബോർഡംഗങ്ങൾ അവർക്കു കളിക്കാൻ അവസരം നൽകുന്നില്ല. പാർത്ഥസാരഥി എന്ന ബോർഡ് ചെയർമാനുമായി രഞ്ജിത് വഴക്കുണ്ടാക്കുന്നു. (പാർത്ഥസാരഥി എന്ന പേര്, അയാളുടെ വേഷം ഒക്കെ അയാൾ ബ്രാഹ്മണ വർഗ്ഗത്തിൽപെട്ടയാളാണെന്നതിനെ ധ്വനിപ്പിക്കുന്നു. തമിഴ്‌നാട്ടിൽനിന്ന് ഇൻഡ്യൻ ക്രിക്കറ്റ് ടീമിലെത്തിയ 14 പേരും പാർത്ഥസാരഥിയുടെ വിഭാഗത്തിൽപെട്ട ആളായതെങ്ങനെയെന്ന് രഞ്ജിത് ചോദിക്കുന്നുണ്ട്. പിന്നീട് നിരാശാബാധിതനായ രഞ്ജിത് ആത്മഹത്യ ചെയ്യുന്നു. ജീവ IPL-ലൂടെ ഇൻഡ്യൻ ക്രിക്കറ്റ് ടീമിലെത്തുന്നു. ഇന്ത്യൻ ദേശീയതയുടെ ചിഹ്നമായ ക്രിക്കറ്റ് എന്തുകൊണ്ടാണ് ദളിത് കളിക്കാരെ ഉൾക്കൊള്ളാത്തതെന്നാണ് ഈ സിനിമ വിമർശിക്കുന്നത്. കളിയിലും കീഴാളരെ ഒതുക്കുന്ന സമീപനങ്ങളാണ് ഇന്ത്യൻ കായികവിഭാഗ സ്ഥാപനങ്ങൾ പിന്തുടരുന്നതെന്നാണ് ഈ സിനിമ ഓർമ്മപ്പെടുത്തുന്നത്. ക്രിക്കറ്റ് എന്നത് ബഹുരാഷ്ട്ര മുതലാളിത്തത്തിന്റെ ഒരു ഉല്പന്നമാണ്. ദൃശ്യമാധ്യമങ്ങളിലൂടെ അവർക്കു വില്‍ക്കാൻ വേണ്ടത് ദളിതരായ കളിക്കാരെയല്ല, വെളുത്ത കളിക്കാരെയാണ്.
വെട്രിമാരന്റെ വിസാരണൈ ഡോക്യു ഡ്രാമ ക്രൈം ത്രില്ലർ ശൈലിയിൽ അന്യദേശ തൊഴിലാളികളുടെ മേലെയുള്ള ഭരണകൂട വയലൻസിനെ ചിത്രീകരിക്കുന്ന സിനിമയാണ്. ഭരണകൂടം കുറ്റവാളികളെ എളുപ്പത്തിൽ കണ്ടെത്തുന്നതെങ്ങനെയെന്ന് ഈ സിനിമ ചൂണ്ടി കാണിക്കുന്നു. പല മത-ജാതി വിഭാഗത്തിൽപെട്ട അസംഘടിതരായ നാലു തൊഴിലാളികൾ ആന്ധ്രപ്രദേശിലും പിന്നീട് തമിഴ്‌നാട്ടിലും (സ്വന്തം ദേശം) നേരിടുന്ന പൊലീസ് വേട്ടയാണ് സിനിമയിൽ ആവിഷ്‌കരിക്കപ്പെടുന്നത്. കീഴാളരായ ഈ ചെറുപ്പക്കാരെ ഭരണകൂടം കുറ്റവാളികളാക്കുന്നു. പൊലീസ് ഭരണകൂട സ്ഥാപനം അതിന്റെ തന്നെ നിലനിൽപ്പിനു (സത്യം മറച്ചുവെച്ചുകൊണ്ടുള്ള നെറികേടുകൾക്കുവേണ്ടി) അവരിലൊരാളെത്തന്നെ കൊന്നുതള്ളുന്നു എന്നിടത്താണ് ഈ സിനിമ നമ്മെ ഞെട്ടിക്കുന്നത്. ഭരണകൂട മർദ്ദനോപകരണ സ്ഥാപനങ്ങൾക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യത്വ സ്വഭാവങ്ങളെയാണ് വിസാരണൈ ഓർമ്മപ്പെടുത്തുന്നത്.
1983-ൽ ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ വഴിവക്കിൽ ഉറങ്ങിക്കിടന്നിരുന്ന ചന്ദ്രനെ (ഓട്ടോ ചന്ദ്രൻ) അവിടുത്തെ പൊലീസ് അറസ്റ്റുചെയ്ത് താൻ ചെയ്യാത്ത ഒരു കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ നിർബ്ബന്ധിച്ച് 13 ദിവസം ലോക്കപ്പിലിട്ട് പീഡിപ്പിച്ചു.
ഈ അനുഭവങ്ങളാണ് പിന്നീട് 2006-ൽ ‘ലോക്കപ്പ്: ഒരു സാധാരണക്കാരന്റെ കുറിപ്പുകൾ’ എന്ന പേരിൽ അദ്ദേഹം നോവലാക്കിയത്. കോയമ്പത്തൂരിലെ ഒരു ഓട്ടോ തൊഴിലാളി എഴുതിയ ഈ നോവലിനെ മനുഷ്യാവകാശം ഉയർത്തിപ്പിടിക്കുന്ന മികച്ച കൃതിയായി ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അദ്ധ്യക്ഷനായ സമിതി തെരഞ്ഞെടുക്കുകയുണ്ടായി. എല്ലാ കുറ്റകൃത്യങ്ങളിലും പ്രതിയായി ഇതരസംസ്ഥാന തൊഴിലാളിയെ ആദ്യം തെരയുന്ന പൊതുബോധത്തിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റുമാണ് വിസാരണൈ.
ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെക്കുറിച്ചും ദേശീയതയുടെ രൂപീകരണത്തെക്കുറിച്ചുമുളള ആഴത്തിലുളള പഠനമാണ് ജി. അലോഷ്യസിന്റെ nationalism without a nation in India അഥവാ ദേശമില്ലാത്ത ദേശീയതയെക്കുറിച്ചുളള പഠനം. പാടിപ്പതിഞ്ഞ് ചൊല്ലിപ്പഠിപ്പിച്ച ഏകാത്മക ദേശീയതാ വ്യവഹാരത്തോടുളള അക്കാദമിക വിമര്‍ശമാണ് ഈ ഗ്രന്ഥം. മേല്‍ജാതി മേല്‍ക്കോയ്മാവാദികളുടെ സാമൂഹിക സാമ്പത്തിക താല്പര്യങ്ങളാണ് ‘ഇന്ത്യന്‍ ദേശീയതയെ’ നിര്‍മ്മിച്ചെടുത്തതെന്ന് അലോഷ്യസ് വാദിക്കുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ അലോഷ്യസിന്റെ പുസ്തകം മുന്നോട്ടുവെയ്ക്കുന്ന ആശയം ഇവയാണ്. ഇന്ത്യയെന്നത് ഇനിയും ദേശം നിര്‍മ്മിക്കപ്പെട്ടിട്ടില്ലാത്ത ദേശീയതയാണ്. ദേശം എന്നത് തുല്യതയിലും നീതിയിലും അധിഷ്ഠിതമായ ആധുനികതയുടെ സാമൂഹിക സ്ഥാപനമാണ്. ഇന്ത്യയിലെ ദേശീയത എന്നത് ജാതീയപരമായ അടിച്ചമര്‍ത്തലുകളില്‍നിന്നും വിമോചനം ആവശ്യപ്പെട്ട് ബഹുജന മുസ്‌ലിങ്ങള്‍ നടത്തിയ പ്രക്ഷോഭങ്ങളെ ഇല്ലായ്മ ചെയ്യാന്‍ മേല്‍ജാതി ഹിന്ദുക്കള്‍ കണ്ടെത്തിയ ബൗദ്ധിക വ്യവഹാരമാണ്. സ്വാതന്ത്ര്യം എന്നത് കൊളോണിയല്‍ അധികാരികളുടെ കയ്യില്‍നിന്നും ആര്യ-ദ്വിജന്മാര്‍ക്കുള്ള അധികാര കൈമാറ്റം മാത്രമായിരുന്നു. നാനാത്വത്തില്‍ ഏകത്വം എന്നത് നാനാത്വത്തിന്റെ വൈവിധ്യങ്ങളെ ബ്രാഹ്മണിക ഏകാത്മക ദേശീയതയില്‍ ലയിപ്പിക്കുക എന്നതാണ്. ഇന്ത്യന്‍ ദേശീയബോധം ഇന്നും വരേണ്യ ഭാവനകളില്‍ ഒതുങ്ങിക്കൂടുന്നു. ഇത്തരം ബ്രാഹ്മണിക സാമൂഹിക വ്യവസ്ഥകളെ (brahmanic social order-BSO) എതിര്‍ക്കുന്നവര്‍ ദേശവിരുദ്ധരായി മുദ്രണം ചെയ്യപ്പെടുന്നു. രോഹിത് വെമുലയും അഫ്‌സല്‍ ഗുരുവും എസ്.എ.ആര്‍. ഗിലാനിയും ഉമര്‍ ഖാലിദും കശ്മീര്‍ ജനതയുമൊക്കെ ഇന്ത്യന്‍ ദേശത്തിന്റെ പവിത്രമായ, നിരന്തരം പുണ്യാഹം തളിക്കപ്പെടുന്ന സാമൂഹ്യക്രമത്തിനു പുറത്താകുന്നത് അതുകൊണ്ടാണ് (അഡ്വ. അബ്ദുൽ അഹദ്).
‘മിത്ത്‌സ് ഓഫ് ദി നാഷന്‍’ എന്ന പുസ്തകത്തില്‍ റുമിന സേത്തി, യാഥാര്‍ത്ഥ്യത്തെ വക്രീകരിക്കുന്ന കഥാസാഹിത്യ രചനകള്‍ ചരിത്രാഖ്യാനങ്ങളും ഓര്‍മ്മകളും നിര്‍മ്മിക്കുന്നതിനെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഇവിടെ ഗാന്ധി/മഹാത്മ നോവലുകള്‍ അംബേദ്കറെപ്പോലുള്ള അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ഉറച്ച, ഉയര്‍ന്ന ശബ്ദങ്ങള്‍ നിശ്ശബ്ദമാക്കുകവഴി വിഭിന്നമായ ഒരു നാടിന്റെ വിഭിന്നമായ സ്വാതന്ത്ര്യസമര ചരിത്രത്തെ ഒറ്റ ഏകജാതീയ ദേശീയവാദ ആഖ്യാനമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഈ പ്രസ്താവന വിരൽ ചൂണ്ടുന്നത് ദേശീയതയുടെ വിഗ്രഹഭഞ്ജനത്തിലേക്കും വിമർശനത്തിലേക്കുമാണ്. ദേശീയത എന്ന ഇല്ലാത്ത ഒന്നിനെ മിത്താക്കി സൃഷ്ടിച്ച് വിശ്വസിപ്പിക്കുന്ന ഭരണകൂട വ്യവഹാരങ്ങളെയാണ് ഇവർ വിമർശിക്കുന്നത്.
ഈ അടുത്ത സമയത്ത് ഉത്തർപ്രദേശിലെ പ്രയാഗ്രാജിലെ ‘മാഗ് മേള’യിലെ സന്ന്യാസിമാർ ഒരു ‘ധരം (മതം) സെൻസർ ബോർഡ്’ സ്ഥാപിച്ചു. അതു സ്ഥാപിക്കുന്നത് സിനിമകളിലും ഡോക്യുമെന്ററികളിലും വെബ് സീരീസുകളിലും മറ്റു വിനോദ മാധ്യമങ്ങളിലും ഹിന്ദു ദേവതകളേയും സംസ്കാരത്തേയും അപമാനിക്കുന്നത് പരിശോധിക്കാനാണ്. ഷാരൂഖ് ഖാന്റെ പത്താൻ സിനിമയുടെ വിവാദങ്ങൾക്കിടയിലാണ് ഇതെല്ലാം നടക്കുന്നത്. ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ അധ്യക്ഷതയിൽ 10 അംഗ സെൻസർ ബോർഡ് ഹിന്ദു ദൈവങ്ങളേയും ദേവതകളേയും സംസ്കാരത്തേയും അപമാനിക്കുന്ന വീഡിയോയോ ഓഡിയോയോ ചിത്രീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്നത് തടയാൻ ഈ ബോർഡ് ശ്രമിക്കുമെന്നും പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറിന്റെ സെൻസർ ബോർഡ് ഉള്ളപ്പോഴാണ് മതത്തിന്റെ ഇത്തരത്തിലുള്ള സെൻസർ ബോർഡുകൾ രൂപം കൊള്ളുന്നത്. ഇത് സമൂഹത്തെ വർഗ്ഗീയതയിലേക്കും മതാധിപത്യത്തിലേക്കും യുക്തി വെടിഞ്ഞ വിശ്വാസാചാരങ്ങളിലേക്കും നയിക്കും. വരേണ്യ ദേശീയതയുടെ ആവിഷ്‌കാരങ്ങളെയായിരിക്കും ഈ സെൻസർ ബോർഡ് അംഗീകരിക്കുക. ഇത്തരത്തിലുള്ള മതപരമായ സെൻസർ സ്ഥാപനങ്ങൾ ആത്യന്തികമായി ദളിത് പ്രമേയത്തേയും സംസ്കാരത്തേയും ആവിഷ്‌കരിക്കുന്ന സിനിമകളെയായിരിക്കും ആദ്യം തന്നെ സെൻസർ ചെയ്യുന്നത്. ജയൻ ചെറിയാൻ സംവിധാനം ചെയ്ത പാപ്പിലിയോ ബുദ്ധ എന്ന സിനിമയെ സെൻസർ ചെയ്ത് നിരവധി രംഗങ്ങൾ കട്ട് ചെയ്തു കളഞ്ഞു. അമ്പിളി സംവിധാനം ചെയ്ത് ചാമന്റെ കബനി എന്ന സിനിമയെ നിരവധി തവണ സെൻസർ ചെയ്ത അതിലെ രംഗങ്ങൾ മുറിച്ചുമാറ്റുകയുണ്ടായി. മുത്തങ്ങ സമരത്തിന്റെ പശ്ചാത്തലത്തിലുള്ള ആദിവാസികളുടെ ജീവിതമാണ് ഈ സിനിമയുടെ പ്രമേയം. പ്രേക്ഷകർക്കു കാണാൻ പറ്റാത്തവിധം ദാരുണമായിരുന്നു ഈ സിനിമയുടെ അന്ത്യം. ചുരുക്കത്തിൽ ഭരണകൂടത്തെ, സവർണ്ണ ബ്രാഹ്മണ്യതയെ വിമർശിക്കുന്ന ദളിത് സിനിമകളായിരിക്കും സെൻസറിങ്ങിനു ക്രൂരമായി വിധേയമാകുന്നത്. ഇവ സർക്കാറിന്, ജനാധിപത്യത്തിനു ഭീഷണിയായി ഇവ വളർന്നുവരികയും ചെയ്യും. സവർണ്ണ ദേശീയതയ്ക്കെതിരെയുള്ള ദളിത് വിമർശനങ്ങൾ വരുന്ന സിനിമകൾ സെൻസർ കുരുക്കിൽപെട്ട് ഇല്ലാതെയാകും. ദേശീയതയെ അഴിച്ചെടുക്കുമ്പോൾ ഇത്തരം സിനിമകൾ നമ്മെ ഓർമ്മിപ്പിക്കുന്നത് ഇന്ത്യയിലെ സാമൂഹ്യനീതിയിൽനിന്നും സാമ്പത്തിക സമത്വത്തിൽനിന്നും തെറിച്ചുപോയ, ഇടം കിട്ടാതെ പോയ ദളിതുകളുടേയും ആദിവാസികളുടേയും അവസ്ഥകളെക്കുറിച്ചാണ്.
ഗ്രന്ഥസൂചി:
അഡ്വ. അബ്ദുൽ അഹദ്, ക്യാപസ് ലൈവ്. നെറ്റ്, ദേശമില്ലാത്ത ദേശീയതയും ദേശീയതയില്ലാത്ത ദേശവും: ജി. അലോഷ്യസിന്റെ പുസ്തകത്തെക്കുറിച്ച്, 2016 ഫെബ്രുവരി 22.
രാം പുനിയാനി, 2018, ദളിതരും സാമൂഹികനീതിയും, മൈത്രി ബുക്സ്, തിരുവനന്തപുരം.
ഡോ. രാധാകൃഷ്ണൻ പി.എസ്., 2010, ചരിത്രവും ചലച്ചിത്രവും, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, പുറം-112-113.
രാജേഷ് എം.ആർ., 2019, സിനിമ-മുഖവും മുഖംമൂടിയും, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, പുറം-165.
എസ്. സഞ്ജയ്, എസ്. ഗോപു (എഡിറ്റർ), 2018, കാഴ്ചയുടെ പ്രതിമുഖങ്ങൾ-മലയാളത്തിലെ നവസമാന്തര സിനിമാപഠനം, ഫേബിയൻ ബുക്സ്, ആലപ്പുഴ.
വിഷ്ണു കോട്ടാങ്ങൽ, കോസ പറയുന്നു; മാവോയിസ്റ്റുകൾ ഉണ്ടാവുകയല്ല, ഭരണകൂടം സൃഷ്ടിക്കുകയാണ്, 13 Feb. 2021 മാതൃഭൂമി ഓൺലൈൻ.
കെ.എം. സലിം കുമാർ, നെഗ്രിറ്റിയൂഡ്, ഡി.സി ബുക്സ്, കോട്ടയം, പുറം-143.
നൗഷാദ് എസ്., 2019, സിനിമാപ്പടം-ജാതി, ശരീരം, ദേശീയത, മെലിൻഡ ബുക്സ്, തിരുവനന്തപുരം.
സി.എസ്. വെങ്കിടേശ്വരൻ, 9 മെയ് 2015, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെക്കുറിച്ചുള്ള വിചാരവും വിചാരണയും, ചന്ദ്രിക ആഴ്ചപ്പതിപ്പ്, പുറം-15.
Sethi, Rumina ‘Myths of the Nation, National Identity and Literary Representation’, Oxford University Press, 1999.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക