പ്രേംചന്ദ് എഴുതുന്ന പംക്തി വെള്ളിത്തിരജീവിതം: പി.കെ. റോസിയുടെ തിരിച്ചുവരവ്
ചലച്ചിത്ര ചരിത്രം പേറുന്ന മൗനങ്ങള്‍ നിരവധിയാണ്. കെട്ടുപിണഞ്ഞു കിടക്കുന്ന മറവികളിലാണ് അതിന്റെ വേരുകള്‍ ആഴ്ന്നുകിടക്കുന്നത്. ഓര്‍മ്മകള്‍ വീണ്ടെടുക്കാനുള്ള യത്‌നത്തിന് അതുകൊണ്ടുതന്നെ അവസാനമില്ല. നിന്നാല്‍ തീര്‍ന്നു.
മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ കഥ കുറേയൊക്കെ ഇന്ന് നമുക്കറിയാം. ഡാനിയേലിന്റെ ചരിത്രം പലരും എഴുതിച്ചേര്‍ത്തു. സിനിമയിലെ ആയുഷ്‌കാല നേട്ടത്തിനു നല്‍കുന്ന ഏറ്റവും ഉന്നതമായ സംസ്ഥാന സര്‍ക്കാര്‍ ബഹുമതിയും ഡാനിയേലിന്റെ പേരിലായത് കാലാന്തരം ആ മനുഷ്യനു കിട്ടിയ ആദരവാണ്. അതിന്ന് കഥയും കവിതയും സിനിമയും ചരിത്രവുമൊക്കെയായി മാറിക്കഴിഞ്ഞു. ചലച്ചിത്ര ചരിത്രകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണനും ദളിത് ചരിത്രകാരനായ കുന്നുകുഴി മണിയും ഒക്കെയാണ് അതിന് അടിത്തറ പാകിയത്. നിശ്ചലഛായാഗ്രാഹകനും ഡോക്യുമെന്ററി സംവിധായകനുമായ ആര്‍. ഗോപാലകൃഷ്ണന്‍ ബാറ്റണ്‍ മുന്നോട്ടുകൊണ്ടുപോയി 2004ല്‍ അദ്ദേഹം ജെ.സി. ഡാനിയേലിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്തിട്ടുണ്ട്. 2021ല്‍ എഴുതിയ 'നഷ്ട സ്വപ്നങ്ങള്‍' എന്ന പുസ്തകം ഡാനിയേലിന്റെ കുടുംബത്തിലെ ഓരോ കണ്ണിയേയും രേഖപ്പെടുത്തുന്നു. എന്നാല്‍, ആദ്യ നായിക പി.കെ. റോസി ഇപ്പോഴും ഇരുട്ടിലാണ്. 1928ല്‍ സിനിമയില്‍ അഭിനയിക്കാനെത്തിയ ആദ്യത്തെ മലയാളി സ്ത്രീയായ രാജമ്മയെ കാത്തിരുന്നത് ദുരിതങ്ങളുടെ ഒരു പട്ടിക തന്നെയാണ്. പേരുമാറ്റത്തില്‍ തുടങ്ങുന്നു അത്. രാജമ്മയുടെ വെള്ളിത്തിര ജീവിതം ആദ്യ സിനിമയില്‍ തന്നെ അവസാനിച്ചു. അവരത് കണ്ടതുപോലുമില്ല. റോസി ഇനിയും പുന:സ്ഥാപിക്കപ്പെട്ടിട്ടില്ല.
2019 സെപ്റ്റംബര്‍ 12ന് പി.കെ. റോസിയുടെ സ്മരണയ്ക്ക് ഒരു ഫിലിം സൊസൈറ്റി രൂപീകരിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് 'വിമെന്‍ ഇന്‍ സിനിമ കളക്ടീവ്' (ഡബ്ല്യു.സി.സി.) റോസിയുടെ പേരിനെ കൂടെ നിര്‍ത്തി.
'മലയാളസിനിമയുടെ ആദ്യ അഭിനേത്രിയായ പി.കെ. റോസിയുടെ പേരില്‍ വിമെന്‍ ഇന്‍ സിനിമ കളക്ടീവ്, ഒരു ഫിലിം സൊസൈറ്റി ആരംഭിക്കുകയാണ്. 1928ല്‍ പുറത്തിറങ്ങിയ 'വിഗതകുമാരന്‍' എന്ന നിശ്ശബ്ദ ചിത്രത്തില്‍ അഭിനയിച്ചു എന്ന ഒരൊറ്റക്കാരണത്താല്‍ വേട്ടയാടപ്പെടുകയും സാമൂഹികമായ ഭ്രഷ്ട് കല്പിച്ച് നാടുകടത്തപ്പെടുകയും ചെയ്ത ദളിത് സ്ത്രീയാണ് പി.കെ. റോസി. പി.കെ. റോസിയുടെ പേരില്‍ ഒരു ഫിലിം സൊസൈറ്റി ആരംഭിക്കുക എന്നതിലൂടെ കൊണ്ടാടപ്പെടുന്ന സിനിമാചരിത്രത്തില്‍നിന്ന് ലിംഗ, ജാതി, മത, വംശ, സ്ഥല, വര്‍ണ സ്വത്വങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെട്ടവരോടൊപ്പം നില്‍ക്കാനും അതിനെക്കുറിച്ചു സംസാരിച്ച് തുടങ്ങാനുമുള്ള ഒരെളിയ ശ്രമമാണ് ഉദ്ദേശിക്കുന്നത്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിസൈനറായ സോയ റിയാസ് രൂപകല്പന ചെയ്ത നമ്മുടെ ലോഗോയും പി.കെ. റോസിയെ ദൃശ്യവല്‍കരിക്കുന്നതാണ്.
മിക്കപ്പോഴും ആണിടങ്ങളാവാറുള്ള ഇത്തരത്തിലുള്ള വ്യൂവിങ് സ്‌പെയ്‌സുകള്‍ക്കിടയില്‍ ഒരിടം സൃഷ്ടിക്കാനുള്ള ഞങ്ങളുടെ ശ്രമമാണ് പി.കെ. റോസി ഫിലിം സൊസൈറ്റി. സ്ത്രീകളായിട്ടുള്ള സംവിധായകരേയും ചലച്ചിത്രപ്രവര്‍ത്തകരേയും സ്ത്രീപക്ഷ ചലച്ചിത്ര സൗന്ദര്യശാസ്ത്രത്തേയും പ്രദര്‍ശിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ആഘോഷിക്കുകയുമാണ് പൂര്‍ണമായും സ്ത്രീ/ട്രാന്‍സ്‌സ്ത്രീകളാല്‍ നയിക്കപ്പെടുന്ന ഈ സൊസൈറ്റിയുടെ ലക്ഷ്യം. ഇതൊരു ജനാധിപത്യപരമായ ഇടമായിരിക്കുകയും ഇതിനു സമകാലീന ചലച്ചിത്ര കലാവിജ്ഞാനീയത്തിലേക്കും അത് സംബന്ധിച്ച ചര്‍ച്ചകളിലേക്കും സംഭാവനകള്‍ നല്‍കാന്‍ സാധിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
കാഴ്ചയുടെ ചരിത്രത്തിലെ ഒരിടപെടലായി കാണാം ഇതിനെ. 2019ലാണ് ഇത് സംഭവിച്ചത് എന്നോര്‍ക്കണം. റോസി ചരിത്രത്തില്‍നിന്നും അപ്രത്യക്ഷയായിട്ട് ഏകദേശം ഒന്‍പത് പതിറ്റാണ്ടിനു ശേഷം, എന്തൊരു മറവി. എത്ര വൈകിയാലും റോസിയുടെ പേരില്‍ മലയാള സിനിമയിലെ ആദ്യത്തെ പെണ്‍കൂട്ടായ്മയായ ഡബ്ല്യു.സി.സി ഒരു ഫിലിം സൊസൈറ്റിക്ക് തുടക്കമിട്ടതില്‍ ഒരു വലിയ തിരുത്തലുണ്ട്. എത്ര ആഴത്തില്‍ കുഴിവെട്ടി മൂടിയാലും സത്യം പുറത്തുവരികതന്നെ ചെയ്യും എന്ന ഓര്‍മ്മപ്പെടുത്തല്‍ ഈ തിരിച്ചുവരവിലുണ്ട്. ചരിത്രത്തിലെ ഏറ്റവും നീണ്ട കൂട്ടമറവിയാണ് ഈ തിരിച്ചുവരവിലൂടെ തിരുത്തപ്പെടുന്നത്. അതിന്നും പൂര്‍ണമല്ല. നീണ്ട തുടര്‍പോരാട്ടമാണിത്.
ഏറെ പറയപ്പെട്ട പുരാവൃത്തമനുസരിച്ച് ഒരു ദളിത് സ്ത്രീ ഒരു നായര്‍ സ്ത്രീയുടെ വേഷമണിഞ്ഞ കുറ്റത്തിന്റെ ശിക്ഷയായി വെള്ളിത്തിര കത്തിച്ചാണ് 'വിഗതകുമാര'ന്റെ ആദ്യ പ്രദര്‍ശനം ജാതികേരളം അവസാനിപ്പിച്ചത്. ആ രോഷം കര്‍ഷകത്തൊഴിലാളിയായ റോസിയുടെ കുടിലുകത്തിച്ച് ജന്മനാട്ടില്‍നിന്നുതന്നെ അവരെ തുരത്തിയോടിക്കുന്നതിലേക്കാണ് ചെന്നെത്തിയത്.
അങ്ങനെയൊക്കെ നടന്നോ എന്ന് സംശയിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. വഴിനടക്കാന്‍ ജാതിയുടെ അളവുകോലും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമൊക്കെ നാടുവാണ 19281930 കാലത്തെ ജാതികേരളത്തില്‍ രാജമ്മ എന്ന റോസിക്ക് നേരിടേണ്ടിവന്ന ജാതിവേട്ടയില്‍ അത്ഭുതപ്പെടാനൊന്നുമില്ല. 2013ല്‍ സ്ത്രീസുരക്ഷയ്ക്കുള്ള നിയമം വന്നിട്ടുപോലും തൊഴിലിടത്ത് സ്ത്രീ അദ്ധ്യക്ഷയായ പരാതി പരിഹാരസമിതി വേണം എന്ന നിയമം ചലച്ചിത്രകേരളം ചവറ്റുകൊട്ടയില്‍ തള്ളിയത് മറക്കാനാവില്ല. റോസി നേരിട്ടത് എത്ര ഭീകരമായ ജാതി അധികാരം മാത്രമാണെന്ന് ഈ നിയമവിരുദ്ധതയുടെ ആഘോഷം കാണുമ്പോള്‍ അറിയാനാകും.
ഞാന്‍ 'ചിത്രഭൂമി'യുടെ ചുമതല വഹിക്കുന്ന കാലത്താണ് മലയാള സിനിമയ്ക്ക് 75 വയസ്സ് തികയുന്നത്. 75 വര്‍ഷത്തെ മലയാള സിനിമയിലെ സ്ത്രീ പങ്കാളിത്തം എന്താണ് എന്ന് രേഖപ്പെടുത്താന്‍ ചികഞ്ഞപ്പോഴാണ് എഴുതപ്പെട്ട ചരിത്രം ഒരു വലിയ ശൂന്യതയായി മുന്നില്‍ വന്നുനിന്നത്. ചരിത്രത്തിനു സമര്‍പ്പിക്കാന്‍ ചിത്രഭൂമിയുടെ ഒരു പ്രത്യേക സ്ത്രീ പതിപ്പ് എന്ന ആലോചന അങ്ങനെയാണുണ്ടായത്. അതിനൊരു നിമിത്തമായി മാറിയത് റോസി എന്ന ആദ്യനായികയുടെ ദുരന്തജീവിതം മലയാള സിനിമ ഓര്‍മ്മിക്കേണ്ടതുണ്ട് എന്ന് ചൂണ്ടിക്കാട്ടി ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ ചിത്രഭൂമിയിലേക്ക് എഴുതിയ ഒരു കത്താണ്. റോസിയെക്കുറിച്ചുള്ള ഓര്‍മ്മകളുടെ തിരിച്ചുപിടുത്തത്തിന് തുടക്കമിട്ട കത്താണത്. എന്താകണം ചിത്രഭൂമി സ്ത്രീ പതിപ്പിന്റെ കവര്‍ സ്‌റ്റോറി എന്ന ചിന്ത ചെന്നു മുട്ടിയതും ആ കത്തില്‍ തന്നെയായിരുന്നു. വിസ്മൃത ചരിത്രത്തെ ഹൃദയംകൊണ്ട് തൊടുന്ന ഭാഷയില്‍ എഴുതിയ കത്തായിരുന്നു ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റേത്.
കവര്‍സ്‌റ്റോറിക്കൊപ്പം കൊടുക്കാന്‍ റോസിയുടെ ചിത്രം എവിടെയുമില്ല എന്ന യാഥാര്‍ത്ഥ്യം അഭിമുഖീകരിച്ചത് അപ്പോഴാണ്. മലയാള സിനിമയുടെ ബൃഹത് സ്മൃതിശേഖരം കാത്തുസൂക്ഷിക്കുന്ന ഛായാപട ചരിത്രകാരന്മാരില്‍ അഗാധമായ ഗവേഷണത്വരകൊണ്ട് വിസ്മയിപ്പിച്ച ആര്‍. ഗോപാലകൃഷ്ണന്റെ ശേഖരത്തിലും റോസിയുടെ ഒരു ചിത്രമില്ലായിരുന്നു. റോസി അപ്രത്യക്ഷയായ വഴികളും അടഞ്ഞുകിടപ്പായിരുന്നു.
അതൊരു നിമിത്തമാക്കി മാതൃഭൂമി പീരിയോഡിക്കല്‍സ് ആര്‍ട്ടിസ്റ്റ് പ്രദീപ് വരച്ച റോസിയുടെ ഒരു ഛായാപടം കവര്‍ ചിത്രമാക്കാന്‍ ഒരുങ്ങിയപ്പോഴാണ് മാര്‍ക്കറ്റിങ്ങിലെ സുഹൃത്തുക്കള്‍ ഒരാശങ്ക അറിയിച്ചത്: ആദ്യമായാണ് ചിത്രഭൂമിക്ക് ഒരു വര്‍ഷികപതിപ്പ് ഇറങ്ങുന്നത്.
വെള്ളിത്തിരയില്‍ അറിയപ്പെടാത്ത ആരുടെയെങ്കിലും ഛായാപടം കവറായി വന്നാല്‍ വിറ്റുപോകില്ല. അത് ബാധ്യത വരുത്തും. തുടര്‍ ലക്കങ്ങളേയും അത് ബാധിക്കും.
ഒരു ദളിത് നായിക മലയാള സിനിമയില്‍ എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്നതിന്റെ കമ്പോള യുക്തി ഇങ്ങനെയാണ് തീരുമാനങ്ങളില്‍ പണിയെടുക്കുന്നത്. ഏതായാലും അവസാന നിമിഷം വിറ്റുപോവുക എന്നതാണ് പ്രധാനം എന്ന തത്ത്വശാസ്ത്രം അംഗീകരിക്കപ്പെട്ടതോടെ കവര്‍ ചിത്രം റോസിയില്‍നിന്നും മഞ്ജു വാര്യരിലേക്ക് മാറി. മഞ്ജു അന്ന് സിനിമയിലില്ല. മഞ്ജുവിന്റെ ജമേഷ് കോട്ടക്കല്‍ ചെയ്ത ഒരു അപ്രകാശിത ഫോട്ടോ ഷൂട്ട് അങ്ങനെ പി.കെ. റോസിക്ക് വച്ച ഇടം കവര്‍ന്നു. വിവാഹത്തോടെ അപ്രത്യക്ഷമാകുന്ന നായികാജീവിതത്തിന്റെ പ്രതീകമായിരുന്നു മഞ്ജു അന്ന്.
പുറത്തിറങ്ങിയ സ്ത്രീ പതിപ്പില്‍ ഏറ്റവും ശ്രദ്ധപിടിച്ചു പറ്റിയതും ആദ്യനായിക ദുരന്ത നായിക എന്ന അതിലെ റോസി കവര്‍സ്‌റ്റോറി തന്നെയായിരുന്നു. തുടര്‍ന്ന് ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ ലേഖനത്തോട് പ്രതികരിച്ച് കുന്നുകുഴി മണി ദുരന്തനായികയുടെ ജീവിതത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശി. ആ ചര്‍ച്ചയെ പിന്തുടര്‍ന്ന് അവയോടുള്ള പ്രതികരണമെന്ന നിലയ്ക്ക് ചിത്രഭൂമിയുടെ സ്ഥിരം വായനക്കാരനല്ലെങ്കിലും അതില്‍ പ്രസിദ്ധീകരിക്കുവാന്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ 'നടിയുടെ രാത്രികള്‍' എന്ന കവിത അയച്ചുതന്നു. അതിനെത്തുടര്‍ന്ന് വീണ്ടും റോസി അപ്രത്യക്ഷയായ വഴികളിലൂടെ തന്നാലാവുംവിധം വീണ്ടും യാത്രചെയ്ത് കുന്നുകുഴി മണി വീണ്ടും ചിത്രഭൂമിയില്‍ വിശദമായി എഴുതി. റോസിയുടെ അദൃശ്യത എത്രമാത്രം വലിയ വിടവാണ് നമ്മുടെ ചലച്ചിത്ര ചരിത്രത്തിലും ഓര്‍മ്മയിലും സൃഷ്ടിച്ചത് എന്നതിന്റെ തെളിവുകളായിരുന്നു ഈ ആവിഷ്‌കാരങ്ങള്‍.
അന്വേഷണങ്ങള്‍ അവിടെയും അവസാനിപ്പിച്ചില്ല. കുന്നുകുഴിക്ക് കേരളം വിട്ട് യാത്ര ചെയ്യാനുള്ള പരിമിതികള്‍കൊണ്ടുതന്നെ അദ്ദേഹം തന്ന സൂചനകളിലൂടെ റോസി പിന്നിട്ട വഴികളിലൂടെ ചിത്രഭൂമി ലേഖകന്‍ ജി. ജ്യോതിലാല്‍ ചെന്നൈ വഴി ഒരു ദീര്‍ഘസഞ്ചാരം തന്നെ നടത്തി റോസിയുടെ കുടുംബത്തെ കണ്ടുപിടിച്ച് നിരവധി വിവരങ്ങളുമായി തിരിച്ചെത്തി. അതും ചിത്രഭൂമിയുടെ തുടര്‍ ലക്കങ്ങളില്‍ വലിയ വായനാസമൂഹത്തെ ആകര്‍ഷിച്ചു. വലിയ ചര്‍ച്ചാവിഷയമായി. വിവരം പറഞ്ഞുകേട്ട് ജെ.സി. ഡാനിയേലിന്റെ മകന്‍ ഹാരിസ് ഡാനിയേല്‍ വിളിച്ച് ചിത്രഭൂമി ലക്കം ആവശ്യപ്പെട്ട് കത്തെഴുതി.
നഷ്ടനായികയെ തേടിനടന്ന വഴികള്‍
റോസിയുടെ ചിത്രം തിരുവനന്തപുരത്ത് ഇല്ലാതായിപ്പോയ ഒരു സ്റ്റുഡിയോവില്‍ താന്‍ കണ്ടിട്ടുണ്ടെന്ന് കുന്നുകുഴി മണിയുടെ സാക്ഷ്യത്തിന്റെ ചുവടുപിടിച്ചാണ് റോസിയുടെ ഒരു ചിത്രത്തിനായി പിന്നീടുള്ള അന്വേഷണം തുടര്‍ന്നത്. എന്നാല്‍ ഒരു തുമ്പും കിട്ടിയില്ല. 2005ലെ ഐ.എഫ്.എഫ്.കെയില്‍ പി.കെ. റോസി അനുസ്മരണസമിതിയുടെ സാന്നിദ്ധ്യമുണ്ടായി. ആദ്യനായികയുടെ അദൃശ്യത ഫെസ്റ്റിവലിനെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കുരീപ്പുഴ ശ്രീകമാറിന്റെ 'നടിയുടെ രാത്രികള്‍' അവര്‍ പുന:പ്രസിദ്ധീകരിച്ചു. റോസിയുടെ വഴിതേടിപ്പോയി വിലപ്പെട്ട വിവരങ്ങള്‍ പുറത്തുകൊണ്ടുന്ന ജി. ജ്യോതിലാലിനെ റോസി സമിതി പുരസ്‌കാരം നല്‍കി ആദരിച്ചു.
അധികം വൈകാതെ റോസിയുടെ ജീവിതം വിഷയമാക്കി 2008ല്‍ വിനു എബ്രഹാം എഴുതിയ 'നഷ്ടനായിക' നോവല്‍ പുറത്തുവന്നു. അത് മലയാള സാഹിത്യത്തില്‍ റോസിക്കുള്ള ആദ്യസ്മാരകമായി. 2009ല്‍ സജിത മഠത്തില്‍ ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടറായിരിക്കുമ്പോള്‍, മലയാള സിനിമയിലെ സ്ത്രീ സാന്നിധ്യങ്ങളുടെ ചിത്രമുദ്രകള്‍ ഒരു ചരിത്രപ്രദര്‍ശനമായി ക്യൂറേറ്റ് ചെയ്യപ്പെട്ടപ്പോള്‍ അതില്‍ റോസിയുടെ ചിത്രമായി ഉപയോഗിച്ചത് ചിത്രഭൂമിക്കായി ആര്‍ട്ടിസ്റ്റ് പ്രദീപ് വരച്ച പെയിന്റിങ്ങായിരുന്നു. ആ പ്രദര്‍ശനത്തിന്റെ തുടക്കം തന്നെ റോസിയായിരുന്നു. മലയാള സിനിമയുടെ സ്ത്രീചരിത്രം തുടങ്ങുന്നത് റോസിയില്‍ നിന്നാണ് എന്നതിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു അത്.
ജെ.സി. ഡാനിയേലിന്റേതടക്കം ആദ്യകാല ചലച്ചിത്ര ചരിത്രം സ്വന്തം ചലച്ചിത്രാന്വേഷണങ്ങളാല്‍ രേഖപ്പെടുത്തിയ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ 2010ല്‍ കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ പുസ്തകശേഖരത്തിനകത്തു നിന്നാണ് റോസിയുടേതെന്നു് കരുതപ്പെടുന്ന ഒരു ഛായാപടം 2011 ജനുവരിയില്‍ അദ്ദേഹത്തിന്റെ മകന്‍ സാജു ചേലങ്ങാട് കണ്ടെത്തുന്നത്. മാതൃഭൂമിയുടെ ആലപ്പുഴ ലേഖകന്‍ ജോയ് വര്‍ഗീസിനാണത് കൈമാറുന്നത്. റോസിയുടെ ചിത്രം കണ്ടെത്തി എന്ന് പ്രസിദ്ധീകരിക്കാന്‍ ആദ്യം മാതൃഭൂമിക്കു ധൈര്യമില്ലായിരുന്നു. എന്നാല്‍, റോസിയുടെ ഫോട്ടോ തിരുവനന്തപുരത്ത് ഒരു സ്റ്റുഡിയോവില്‍ കണ്ടിട്ടുണ്ട് എന്ന് ഉറപ്പിച്ചു പറഞ്ഞിരുന്ന കുന്നുകുഴി മണിയുടെ ഓര്‍മ്മ ആശ്രയമായി. അദ്ദേഹം ആ ചിത്രം കണ്ട് അത് തിരുവനന്തപുരത്ത് ഇല്ലാതായിപ്പോയ സ്റ്റുഡിയോവില്‍ തൂക്കിയിട്ടിരുന്ന ചിത്രം അതുതന്നെ എന്നുറപ്പിച്ചു. ആ ഓര്‍മ്മ കൈമുതലായാണ് ഇന്ന് റോസിയുടേതെന്ന് ഉറപ്പിച്ച ചിത്രം മാതൃഭൂമി പത്രത്തിലും ചിത്രഭൂമിയിലും അച്ചടിച്ചു. പിന്നെയത് ചരിത്രത്തിലും റോസിയുടെ പ്രതിച്ഛായയായി മാറി. വലിയൊരു ശൂന്യതയെ നികത്തുകയായിരുന്നു ആ ചിത്രത്തിലൂടെ കാലം. ഒടുവില്‍ ഗൂഗിളും അതുതന്നെ ഏറ്റെടുത്ത് റോസിക്ക് ആദരവര്‍പ്പിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ ആ ചിത്രം പലരും നിറം പിടിപ്പിച്ചു. ഏതായാലും 2004ല്‍ ആര്‍ട്ടിസ്റ്റ് പ്രദീപ് സ്വന്തം ഭാവനയില്‍ വരച്ചതുമായി ഏറെ സാദൃശ്യമുണ്ട് കണ്ടെടുക്കപ്പെട്ട റോസിയുടെ ഛായാപടത്തിന് എന്നത് യാദൃച്ഛികമാവാം, ചിത്രകാരന്റെ ഭാവനയുടെ സ്പര്‍ശമാകാം, തോന്നലുമാകാം.
2013ല്‍ കമലിന്റെ 'സെല്ലുലോയ്ഡ്' എന്ന സിനിമയ്ക്കും ഈ ഓര്‍മ്മകള്‍ അസംസ്‌കൃത വസ്തുവായി. എന്നാല്‍, അവിടെ ഫോക്കസ്സ് റോസിക്കായിരുന്നില്ല, ജെ.സി. ഡാനിയേലായി വേഷമിട്ട താരനായകന്‍ പൃഥ്വിരാജിനായിരുന്നു. റോസിയുടെ കഥ ഓരങ്ങളിലേക്ക് മാറിനിന്നു. താരപദവിയുടെ തൂക്കംകൊണ്ട് അതിലെ പുതുമുഖ നായികയ്ക്ക് പൃഥ്വിരാജിനു നല്‍കുന്ന വെള്ളിത്തിര സമയം നല്‍കാനാവാത്തതുകൊണ്ടും റോസിയുടെ കഥാപാത്രം ഒരു വേദനയാകാതെ മുങ്ങിപ്പോയി. എങ്കിലും ആ ശ്രമം ഒരു ചരിത്രമാണ്.
ഇന്ന് ചിത്രഭൂമി ഇല്ല. അതിന്റെ ആയുസ്സിലെ മൂന്നു പതിറ്റാണ്ടില്‍ മൂന്നിലൊന്ന് കാലം വെള്ളിത്തിരയുടെ ചുമതല വഹിച്ചപ്പോള്‍ ചെയ്ത ജോലികളില്‍ എന്ന സംതൃപ്തി ഏറ്റവും നല്‍കിയത് താരാപഥത്തിലെ സ്ത്രീ എന്ന പെണ്‍പതിപ്പാണ്. കുഴിച്ചെടുക്കപ്പെടാന്‍ ഇനിയും ഏറെ ബാക്കിയാണ് എന്നത് കാലത്തെ ഓര്‍മ്മപ്പെടുത്തി. ചരിത്രം അത്രമേല്‍ ആണ്‍ചരിതമായി അര്‍ദ്ധ ജീവിതം തുടരുന്നതും ആ ഇരുട്ടിന്റെ പിന്‍ബലത്തിലാണ്. പില്‍കാലത്ത്, 2017ല്‍ മലയാള സിനിമ എന്ന തൊഴിലിടത്ത് നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടര്‍ന്ന് ഡബ്ല്യു.സി.സിയുടെ പിറവിയെടുത്തപ്പോള്‍ ഒരു പോരാളിയായി വന്ന മഞ്ജു വാര്യര്‍ ആയിരുന്നു ആ പെണ്‍പതിപ്പിന്റെ കവര്‍ചിത്രമായിരുന്നത് എന്നത് യാദൃച്ഛികമാണെങ്കിലും ഒരോര്‍മ്മപ്പെടുത്തലായി. മഞ്ജുവിന്റെ തിരിച്ചുവരവും ഒരു ചരിത്രമാണ്.
ആഗ്രഹിക്കുന്നതല്ല സിനിമ, നടക്കുന്നതെന്തോ അതാണ്. 20042008 കാലത്ത് റോസിയുടെ ജീവിതം പലര്‍ക്കും സ്വന്തം സൃഷ്ടികള്‍ക്ക് പ്രചോദനമായിട്ടുണ്ടാകും എന്നുറപ്പാണ്. എത്രയോ കഥകളും തിരക്കഥകളും നോവലുകളുമൊക്കെ ആഗ്രഹങ്ങളുടെ ഇരുട്ടില്‍ രചിക്കപ്പെട്ട് അതേ ഇരുട്ടില്‍ മണ്‍മറഞ്ഞുകാണും. ഒരു കഥ എനിക്കറിയാം. അത് അക്കാലത്ത് വെളളിത്തിരയ്ക്ക് അകത്തും പുറത്തുമുള്ള സ്ത്രീ എന്ന വിഷയത്തില്‍ നടത്തിവന്നിരുന്ന എന്റെ ജീവിതപങ്കാളിയായ ദീദിയുടെ ചലച്ചിത്ര ഗവേഷണമാണ്. അതാണ് ചിത്രഭൂമിക്ക് പെണ്‍പതിപ്പ് വേണം എന്നതിന് എനിക്ക് പ്രചോദനമായത്. ആ ഗവേഷണത്തിനായി ദീദി സ്വരൂപിച്ച വിവരങ്ങളും കാഴ്ചപ്പാടുകളുമാണ് പെണ്‍പതിപ്പില്‍ ഞാന്‍ ഉപയോഗിച്ചതും.
നായികയും ഗുല്‍മോഹറും
മലയാളത്തിന്റെ വെള്ളിത്തിര തീരുമാനമെടുക്കുന്ന ഇടങ്ങളില്‍ എങ്ങനെയൊക്കെ സ്ത്രീയുടെ അസാന്നിദ്ധ്യം പണിയുന്നു എന്നതിനെക്കുറിച്ചുള്ള വിചാരത്തിന്റെ പശ്ചാത്തലത്തിലാണ് ഒരു നായികാജീവിതത്തെ ആസ്പദമാക്കി ദീദി ഒരു തിരക്കഥ എഴുതുന്നത്. റോസി മുതല്‍ തുടങ്ങുന്ന നായികമാരുടെ അദൃശ്യരായിപ്പോകുന്ന ജീവിതം പ്രധാന ഓര്‍മ്മയായി ഒരു നായികാ ജീവിതത്തിന്റെ ഭൂതവും വര്‍ത്തമാനവും പറയുന്ന തിരക്കഥയായിരുന്നു അത്. മദിരാശിയില്‍ വെള്ളിത്തിരയിലെ ഭാഗ്യപരീക്ഷണത്തിന് ജീവിതം ഹോമിച്ച നിരവധി നായികമാരുടെ സ്മരണകളും അതിലേക്ക് ഇഴചേര്‍ക്കപ്പെട്ടു. സംവിധായകന്‍ ജയരാജാണ് അത് വെള്ളിത്തിരയിലാക്കാന്‍ ഏറ്റത്. 2007ലായിരുന്നു അത്.
'നായിക' സിനിമയില്‍ രണ്ടു കാലങ്ങള്‍ അഭിനയിക്കേണ്ട ഒരു നായികയെ തേടിയുള്ള മുംബൈ യാത്ര അതിന്റെ ആയുസ്സ് മാറ്റിമറിച്ചു. ജയരാജും ഛായാഗ്രാഹകനായ മധു അമ്പാട്ടും ചേര്‍ന്നാണ് ആ കഥ ബോളിവുഡ് നായിക മല്ലിക ഷെറാവത്തിനെ കേള്‍പ്പിക്കുന്നത്. കഥ ഇഷ്ടപ്പെട്ട മല്ലിക അങ്ങനെയൊരു സിനിമ മലയാളത്തില്‍ ചെയ്യുന്നതിനു പകരം ഹിന്ദിയിലോ ഇംഗ്ലീഷിലോ ആണെങ്കില്‍ താന്‍ ചെയ്യാം എന്നു പറഞ്ഞതോടെ പൊടുന്നനെ അത് തന്റെ ബോളിവുഡ് സ്വപ്നത്തിനായി ജയരാജ് മാറ്റിവച്ചു. മലയാളത്തില്‍ 'നായിക' ഷൂട്ട് ചെയ്യാന്‍ പറഞ്ഞുവച്ച തീയതിക്ക്, ഒരാഴ്ചക്കകം മറ്റൊരു സിനിമ എഴുതിക്കൊടുക്കാനാണ് സംവിധായകന്‍ ദീദിയോട് ആവശ്യപ്പെട്ടത്. കാരണം 'നായിക'ക്കായി പാട്ടുണ്ടാക്കുകയായിരുന്നു അപ്പോള്‍ ജോണ്‍സന്‍ മാഷും ഒ.എന്‍.വിയും. അത്ര പെട്ടെന്ന് ഒരു കഥ അസാധ്യമാണെന്ന് പറഞ്ഞപ്പോള്‍ നേരത്തെ എഴുതി വച്ച തിരക്കഥയായാലും മതി എന്നായി. അങ്ങനെയാണ് 'ഗുല്‍മോഹര്‍' ഒറ്റ രാത്രികൊണ്ട് സിനിമയാകാന്‍ തീരുമാനമാകുന്നത്. 'നായിക'യുടെ കഥാസന്ദര്‍ഭങ്ങള്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ട പാട്ടുകള്‍ 'ഗുല്‍മോഹറി'ന്റെ സന്ദര്‍ഭങ്ങളിലേക്ക് മാറ്റിപ്പണിയുകയായിരുന്നു പിന്നീട്. എല്ലാം മിന്നുന്ന വേഗത്തില്‍ നടന്നു. ആ ധൃതിയില്‍ 'ഗുല്‍മോഹര്‍' എന്ന തിരക്കഥയുടെ കാതല്‍ തന്നെ മാറ്റിമറിക്കപ്പെട്ടു. 'ജെന്റര്‍ എഡിറ്റിങ്ങ്' എന്ന് വിളിക്കാവുന്ന ഒരു മാറ്റിമറിക്കലായിരുന്നു അത്.
രാഷ്ട്രീയ കേരളത്തില്‍ ആണത്തംകൊണ്ട് തിളങ്ങിയ നായകന്‍ പരാജയത്തിന്റെ തീച്ചൂളയില്‍ ആ ആണത്തം ഉപേക്ഷിച്ച് ഒരു സ്ത്രീയായി ജീവിക്കാന്‍ തിരഞ്ഞെടുക്കുന്ന തിരക്കഥയിലെ നിര്‍ണായക കഥാസന്ദര്‍ഭം സിനിമയില്‍നിന്നും ഉന്മൂലനം ചെയ്യപ്പെട്ടിരുന്നു. സുരേഷ് ഗോപിയായിരുന്നു ഗുല്‍മോഹറില്‍ നായകനായി അഭിനയിക്കേണ്ടിയിരുന്നത്. എന്നാല്‍ അവസാന നിമിഷം അത് സംവിധായകന്‍ രഞ്ജിത്തിലേക്ക് വന്നു. രഞ്ജിത്ത് 'തിരക്കഥ'യുടെ പണിപ്പുരയിലായിരുന്നു അപ്പോള്‍.
'ഗുല്‍മോഹറി'ന്റെ എഡിറ്റ് ചെയ്ത ആദ്യരൂപം ദീദിയെ കാണിക്കാന്‍ കൊണ്ടുവന്ന ദിവസമാണ് അവളുടെ ജീവിതത്തിലേക്ക് അര്‍ബുദം കയറിവന്നതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അന്ന് പാലിയേറ്റീവ് ഡയറക്ടറായിരുന്ന സുഹൃത്ത് ഡോ. സുരേഷ്‌കുമാറും സംവിധായകന്‍ ജയരാജും അന്ന് ജയരാജിന്റെ അസിസ്റ്റന്റ് ആയിരുന്ന, 2011ല്‍ 'സെക്കന്റ് ഷോ' യിലൂടെ ദുല്‍ഖര്‍ സല്‍മാനെ സിനിമയില്‍ കൊണ്ടുവന്ന സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ എന്നിവരൊക്കെ ഒപ്പമുണ്ട്. അര്‍ബുദം എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കണ്ട് ദീദി കരഞ്ഞില്ല. എന്നാല്‍, 'ഗുല്‍മോഹര്‍' കണ്ട് 'ഞാന്‍ രണ്ടു മക്കളെയാണ് പ്രസവിച്ചത്, അതില്‍ ഒന്നിനെ നിങ്ങള്‍ കൊണ്ടുപോയി കൊന്നു' എന്ന് ജയരാജിനോട് പറഞ്ഞു. പിന്നീട് അര്‍ബുദ ചികിത്സയ്ക്കിടയില്‍ ദീദി സഹസംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും എഡിറ്റര്‍ വിജയ് ശങ്കറിനും ഒപ്പമിരുന്ന് അത് റീ എഡിറ്റ് ചെയ്താണ് ഇപ്പോള്‍ കാണുന്ന രൂപത്തിലെത്തിച്ചേര്‍ന്നത്.
ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച 'ഗുല്‍മോഹറി'ന്റെ ആമുഖത്തില്‍ ആ ചരിത്രം ദീദി തന്നെ എഴുതിയിട്ടുള്ളതുകൊണ്ട് അതിവിടെ ആവര്‍ത്തിക്കുന്നില്ല. അതിന്റെ തിരക്കഥ പ്രസിദ്ധീകരിക്കാന്‍ കാരണവും 'ജെന്റര്‍ എഡിറ്റിങ്ങ്' എന്തെന്ന് ലോകമറിയണം എന്ന വിചാരം കൊണ്ടായിരുന്നു. ഒരു സ്ത്രീ എഴുതിയ തിരക്കഥ മലയാളത്തില്‍ ആദ്യം പ്രസിദ്ധീകരിക്കുന്ന പുസ്തകമായിരുന്നു അത്. സംവിധായകന്‍ ജയരാജിനെക്കൊണ്ട് തന്നെയാണ് അത് പ്രകാശനം ചെയ്യിച്ചത്. അതായിരുന്നു ദീദിയുടെ പിഎച്ച്.ഡി. പ്രബന്ധം എന്നു പറയാം. കാരണം നീണ്ട അര്‍ബുദ ചികിത്സയോടെ ഗവേഷണം നിലച്ചിരുന്നു.
രോഗം അസാധാരണമായ സൗഹൃദങ്ങള്‍ സൃഷ്ടിക്കും. 'ഗുല്‍മോഹറി'ന് പാട്ടെഴുതിയ മഹാകവി ഒ.എന്‍.വി. കുറുപ്പും ഭാര്യയും ദീദിയുടെ രോഗവിവരം അറിഞ്ഞതു മുതല്‍ ഒരു കാവ്യ സാന്ത്വനമായി ഒപ്പം നിന്നു. ജോണ്‍സണ്‍ മാഷ് അതിലെ 'ഒരു നാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ' എന്ന പാട്ട് സ്വയം പാടി ആദ്യം അയച്ചുകൊടുത്തത് ദീദിക്കായിരുന്നു. എറണാകുളം അമൃത ഹോസ്പിറ്റലിലേക്കുള്ള റേഡിയേഷന്‍ ചികിത്സായാത്രയിലുടനീളം ആ പാട്ട് കൂടെ നിന്നു.
മദിരാശിയില്‍നിന്നും 'നായിക'യുടെ കഥ കേള്‍ക്കാന്‍ വന്ന ജോണ്‍സണ്‍ മാഷ് സിനിമയില്‍ താന്‍ നേരിട്ട തിരസ്‌കാരങ്ങളുടെ കഥ ആ ചര്‍ച്ചാവേളയില്‍ ഉടനീളം ദീദിയുമായി പങ്കുവച്ചിരുന്നു. കാരണം, മദിരാശിയില്‍ സിനിമയില്‍ ഭാഗ്യപരീക്ഷണത്തിനു പോയി തോല്‍ക്കുന്ന അതിലെ ഒരു സംഗീതസംവിധായകന്റെ കഥാപാത്രം ജോണ്‍സണ്‍ മാഷെ സ്പര്‍ശിച്ചിരുന്നു. ആരുടേയോ ഓര്‍മ്മകള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. സിനിമയില്‍ 'ഇപ്പം' മാത്രമേ ഉള്ളൂ എന്നത് മറക്കരുത് എന്ന പാഠം ജോണ്‍സണ്‍ മാഷ് പറഞ്ഞുതന്നത് ആ കഥപറച്ചിലിന്റെ സന്ദര്‍ഭത്തിലായിരുന്നു.
'ഗുല്‍മോഹര്‍' ഐ.എഫ്.എഫ്.ഐ ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991ന് ശേഷം ഞങ്ങള്‍ക്ക് പങ്കെടുക്കാന്‍ പറ്റാതെപോയ ഏക ഇഫി അതായിരുന്നു. കീമോതെറാപ്പി നടക്കുന്ന സമയമായിരുന്നതുകൊണ്ടാണ് യാത്ര ഒഴിവാക്കിയത്. ഗോവയില്‍നിന്നും ഇഫി വേദിയിലെ സമ്മാനവുമായി ജയരാജും രഞ്ജിത്തും ദീദിയെ കാണാന്‍ വീട്ടിലെത്തി. അര്‍ബുദബാധിതയായി സിനിമയില്‍നിന്നും അകന്നുപോകുന്ന നായികയായിരുന്നു രഞ്ജിത്തിന്റെ 'തിരക്കഥ'യിലും. മുടി മുഴുവന്‍ കൊഴിഞ്ഞുപോയ അവസ്ഥയില്‍ ഒരു സ്ത്രീ എങ്ങനെയുണ്ടാകും എന്ന് രഞ്ജിത്ത് അപ്പോള്‍ ആദ്യമായി കാണുകയായിരുന്നു. തന്റെ ജീവിതത്തില്‍ എറ്റവും സ്വാധീനം ചെലുത്തിയ മൂന്ന് സ്ത്രീ സൗഹൃദങ്ങളില്‍ ഒന്നായി ദീദിയെ പരാമര്‍ശിച്ച് പിന്നീട് രഞ്ജിത്ത് എഴുതി. ദീദിക്കുവേണ്ടി ജയരാജ് 'ഗുല്‍മോഹറി'ന്റെ പ്രിവ്യു കൊച്ചിയില്‍ ഗംഭീരമായി സംഘടിപ്പിച്ചു. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ സിനിമ കാണാനെത്തി. കോഴിക്കോടന്‍ സിനിമയുടെ തലസ്ഥാനമായ മഹാറാണിയില്‍വച്ച് സിനിമയുടെ ഇരുപത്തഞ്ചാം ദിവസം ആഘോഷിച്ചു. കോഴിക്കോട് ദേവഗിരി കോളേജിലും ക്രിസ്ത്യന്‍ കോളേജിലും വച്ച് ചര്‍ച്ചകള്‍ നടത്തി. 2008ല്‍ അര്‍ബുദ ചികിത്സ തുടങ്ങുന്ന വേളയില്‍ ആ ഗ്രേഡ് കാന്‍സര്‍ രോഗികളില്‍ അഞ്ചു ശതമാനമാണ് പത്തുവര്‍ഷം അതിജീവിക്കുക, മഹാഭൂരിപക്ഷവും കഷ്ടിച്ച് ഒരു വര്‍ഷം എന്ന ഒരു കണക്ക് മുന്നിലുണ്ടായിരുന്നു. എങ്കില്‍ ഞാനാ അഞ്ചു ശതമാനത്തില്‍ വന്നു നിന്നോളാം എന്നായിരുന്നു സ്വന്തം ലാപ്‌ടോപ്പില്‍നിന്നും ആ പട്ടിക അവതരിപ്പിച്ചപ്പോള്‍ ദീദി അവളുടെ ഡോക്ടര്‍ ജെയിം അബ്രഹാമിനോട് പറഞ്ഞത്.
മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം, 2011ല്‍ രഞ്ജിത്തിന്റെ 'തിരക്കഥ'യില്‍ വന്നുപോയ ഭാഗങ്ങള്‍ ഒഴിവാക്കി ജയരാജ് തന്നെ 'നായിക' ചെയ്തു. എന്നാല്‍, അതിലും താനറിയാതെ വരുത്തിയ മാറ്റങ്ങള്‍ കാരണം ഇന്നുവരെയും ദീദി ആ സിനിമ കണ്ടിട്ടില്ല. 'ഗുല്‍മോഹറി'ല്‍ സംഭവിച്ച അതേ ദുരന്തം നായികയിലും ആവര്‍ത്തിക്കാന്‍ സമ്മതിച്ചത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ; അതാണ് മലയാള സിനിമ എന്ന ആണിടം. അവിടെ ആണിന്റെ അജണ്ടയാണ് കഥയുടേയും തിരക്കഥയുടേയും ഭാവനയുടേയും സ്വപ്നങ്ങളുടേയും കത്രിക നിര്‍വ്വഹിക്കുന്നത്. ഒരാളുടെയല്ല, വെള്ളിത്തിരയുടെ ചരിത്രത്തില്‍ ഇടംപിടിക്കാന്‍ നോക്കിയ എത്രയോ എഴുത്തുകാരികളുടെ അനുഭവമായിരിക്കും ഇത്. റോസി നേരിട്ട അനുഭവത്തിന്റെ തുടര്‍ച്ചയാണിതും.
റോസിക്ക് അവകാശപ്പെട്ട മരണാനന്തര നീതി ഇനിയും ലഭിച്ചു എന്ന് പറയാനായിട്ടില്ല. അതിന് മലയാള സിനിമയുടെ തൊഴിലിടം എത്രയോ കാതം മുന്നോട്ടുപോകേണ്ടതുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നിശ്ചയിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഗതി എന്തായെന്ന് പൊതുസമൂഹം പോലും ഇപ്പോള്‍ മറന്നുകാണും. സ്വന്തം ജീവിതം തന്നെ പണയപ്പെടുത്തി സിനിമയില്‍ പണിയെടുക്കുന്ന എത്രയോ സ്ത്രീകള്‍ നല്‍കിയ മൊഴികളിന്മേല്‍ ഇനിയും തീരുമാനമാകാതെ അത് സര്‍ക്കാര്‍ ഇരുമ്പുമറയ്ക്കകത്ത് മരവിച്ചുകിടക്കുകയാണ്. റോസിയുടെ മരണാനന്തര പോരാട്ടങ്ങള്‍ തുടരും എന്നേ പറയാനാവൂ. കാരണം ഇന്ന് റോസി ഒരു വ്യക്തിയല്ല, ഒരു വംശമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ