കെ.എന്‍.രാജ്: വികസനചരിത്രത്തിലെ ഏകാന്തപഥികന്‍

നെഹ്റുവിയന്‍ ആശയത്തിന്റേയും സാമ്പത്തിക രാഷ്ട്രീയ ജീവിതത്തിന്റേയും മുഖമായിരുന്ന ഡോ. രാജിന്റെ ജന്മശതാബ്ദി വര്‍ഷമാണിത്.
കെ.എന്‍.രാജ്: വികസനചരിത്രത്തിലെ
ഏകാന്തപഥികന്‍
Published on
Updated on

ക്കാടന്‍ നന്ദനത്ത് രാജ് എന്ന ഡോ. കെ.എന്‍. രാജിനെ മലയാളി ഓര്‍മ്മിക്കുന്നുണ്ടോ ആവോ? മലയാളി എന്നും അങ്ങനെയായിരുന്നു. ഡോ. കെ.എന്‍. രാജ് നെഹ്റുവിയന്‍ കാലത്തിന്റെ ഓര്‍മ്മയാണ്. നെഹ്റു നമ്മുടെ ജീവിതത്തില്‍നിന്നു വളരെ വേഗത്തില്‍ അപ്രത്യക്ഷനായിക്കൊണ്ടിരിക്കവേ ഡോ. രാജിനെ നമ്മള്‍ എങ്ങനെയാവും ഇനി ഓര്‍മ്മയില്‍ സൂക്ഷിക്കുക. നെഹ്റുവിയന്‍ ആശയത്തിന്റേയും സാമ്പത്തിക രാഷ്ട്രീയ ജീവിതത്തിന്റേയും മുഖമായിരുന്ന ഡോ. രാജിന്റെ ജന്മശതാബ്ദി വര്‍ഷമാണിത്.

1924 മെയ് 13-ന് കോഴിക്കോട് എരിഞ്ഞപാലത്ത് ജനിച്ച കെ.എന്‍. രാജ് ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാശാലിയായ സാമ്പത്തിക ശാസ്ത്രജ്ഞരില്‍ ഒരാളായി വളര്‍ന്നത് സ്വാതന്ത്ര്യസമര കാലത്തിലൂടെയായിരുന്നു. മുതലാളിത്തവും കമ്യൂണിസവും ലോകത്തെ കീഴടക്കാന്‍ പരസ്പരം പോരടിച്ചുനിന്ന നാളുകളില്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍നിന്ന് ഡോക്ടറേറ്റ് നേടി, ഒരു ബദല്‍ സാമ്പത്തിക സിദ്ധാന്തത്തെക്കുറിച്ചുള്ള അന്വേഷണവുമായി ലണ്ടനില്‍ കഴിയവെയാണ് ഡോ. വി.കെ.ആര്‍.വി റാവു രാജിനെ കാണുന്നത്. ഡോ. രാജിനോട് അദ്ദേഹം ചോദിച്ചു: ''ഇന്ത്യ സ്വതന്ത്രമാകുന്ന ഈ സമയത്ത് നിങ്ങളെപ്പോലുള്ളവര്‍ ലണ്ടനില്‍ കഴിയാനാണോ ഭാവം...?'' ഡോ. റാവു ഇന്ത്യയിലേക്ക് ക്ഷണിക്കുന്ന, ഡല്‍ഹി യൂണിവേഴ്സിറ്റി തുടങ്ങിയ കാലം. ഡോ. റാവു അന്ന് ഇക്കണോമിക്സ് വകുപ്പ് മേധാവി. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് 1947 ജൂണ്‍ 2-ന് ഇന്ത്യയിലെത്തി. അന്നായിരുന്നു മൗണ്ട് ബാറ്റണ്‍ പ്രഖ്യാപിച്ചത്, ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നുവെന്ന്......

ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപകനാകാനെത്തിയ രാജ് പക്ഷേ, നിരാശനായി, ഡല്‍ഹിയില്‍ കൊടിയ കലാപങ്ങള്‍ നടക്കുന്ന സമയമായതുകൊണ്ട് സര്‍ക്കാര്‍ പുതിയ പോസ്റ്റുകള്‍ക്ക് അനുമതി നല്‍കിയില്ല, രാജ് പിന്നെ അസോസിയേറ്റ് ന്യൂസ് പേപ്പേഴ്സ് ഓഫ് സിലോണില്‍ അസിസ്റ്റന്റ് എഡിറ്ററായി, കേവലം എട്ടുമാസക്കാലം. കൊളംബോയില്‍ പണിയെടുത്ത ശേഷമാണ് രാജ് ഡല്‍ഹിയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിസര്‍ച്ച് ഡിപ്പാര്‍ട്ടുമെന്റില്‍ ചേരുന്നത്. അവിടെ ഏതാണ്ട് ഒന്നരക്കൊല്ലം. ദേശ്മുഖ് അന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. ആ കാലത്ത് ബാലന്‍സ് ഓഫ് പേയ്മെന്റ് എന്തെന്നോ എക്സ്ചേഞ്ച് റേറ്റ് എന്തെന്നോ ആര്‍ക്കും പിടിയുണ്ടായിരുന്നില്ല. ഇന്ത്യയുടെ ബാലന്‍സ് ഓഫ് പേയ്മെന്റ് കംപ്യൂട്ട് ചെയ്യുക എന്നതായിരുന്നു രാജിന്റെ പ്രധാന ജോലി. ആദ്യമായി ഇന്ത്യ-പാക് എക്സ്ചേഞ്ച് റേറ്റ് തിട്ടപ്പെടുത്തിയതും രാജായിരുന്നു.

നെഹ്റു
നെഹ്റു

റിസര്‍വ് ബാങ്കിലെ ആ ഉദ്യോഗകാലത്ത് ദേശ്മുഖുമായി അടുത്തു. ഗവര്‍ണറുടെ സ്പെഷ്യല്‍ അസിസ്റ്റന്റായി. പിന്നീട് ജോണ്‍ മത്തായി രാജിവെച്ച് ദേശ്മുഖ് ധനകാര്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ മുഖ്യ ഉപദേശകനായി. ആദ്യത്തെ പ്ലാനിങ് കമ്മിഷന്‍ രൂപീകൃതമാകുന്നു, 1950 ഏപ്രിലില്‍. നെഹ്റു ചെയര്‍മാനായ ആ കമ്മിഷന്‍ വളരെ ചെറിയ ഒരു യൂണിറ്റായിരുന്നു. പണ്ഡിറ്റ്ജി എല്ലാ മീറ്റിങ്ങുകള്‍ക്കും വരും. യാതൊരു ഔപചാരികതകളുമില്ലാത്ത തുറന്ന സമീപനങ്ങളും ചര്‍ച്ചകളും ഇന്ത്യയുടെ വികസന പദ്ധതി രൂപപ്പെടുകയാണ്. ആദ്യത്തെ പ്ലാനിങ്, അതൊരു സ്വപ്നത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യന്‍ ദേശീയ ജീവിതത്തിന്റെ സജീവധാരയില്‍ നിന്ന മനുഷ്യന് ആ പ്ലാനിങ് സൃഷ്ടിച്ച ആവേശം ഓര്‍മ്മയുണ്ടാകും. ഒരുപാട് വിമര്‍ശനങ്ങള്‍ക്കിടയില്‍ ഒരല്പം ഭീതിയോടെ, ഏതാണ്ടൊരുതരം സംഭ്രമത്തോടെ നെഹ്റു പ്ലാനിങ് ആരംഭിക്കുന്നു.

ആദ്യത്തെ കമ്മിഷനിലെ ആദ്യത്തെ ഇക്കോണമിസ്റ്റായിരുന്നു രാജ്. രാജിന് അന്ന് ഇരുപത്തിയാറ് വയസ്സ്. കെ.എന്‍. രാജും ജെ.ജെ. അന്‍ജാരിയയും ചേര്‍ന്നാണ് ഒന്നാം പദ്ധതി രേഖ എഴുതി തയ്യാറാക്കിയത്. ആ ഒന്നാം പദ്ധതിരേഖയുമായി നെഹ്റു ക്യാബിനറ്റിനു നടുവിലിരിക്കുന്നു. രാജിനേയും അന്‍ജാരിയയേയും ആ ക്യാബിനറ്റ് യോഗത്തിലേക്ക് പ്രത്യേകം ക്ഷണിച്ചിരുന്നു. ഇരുപത്തിയാറ് വയസ്സുള്ള ഒരു ചെറുപ്പക്കാരന്‍, നെഹ്റുവിന്റെ അടുത്തിരുന്ന് സ്വതന്ത്ര ഇന്ത്യയുടെ വിധിയുമായുള്ള സമാഗമത്തിലെ ആദ്യരംഗത്തിന്റെ തുടക്കം കാണുകയാണ്. വല്ലാത്തൊരു ഫീലിങ്ങോടെ രാജ് ആ രംഗം ഓര്‍ത്തു: ''ദാറ്റ് വാസ് എ ഹിലാരിയസ് മോമന്റ്...''

ലാറി ബേക്കറും കെ.എന്‍.രാജും
ലാറി ബേക്കറും കെ.എന്‍.രാജും

1989 ജൂലൈയിലാണ് ഞാന്‍ ആദ്യമായി ഡോ. രാജിനെ കാണുന്നതും പരിചയപ്പെടുന്നതും. രാജിന് അന്ന് 65 വയസ്സ്, ദീര്‍ഘമായി ഡോ. രാജ് എന്നോട് സംസാരിച്ചു. ബിരുദ ക്ലാസ്സില്‍ പി.പി. സ്‌കറിയയും കെ.കെ. ഡെവിറ്റും സുന്ദരവുമൊക്കെ എഴുതിയിട്ടുള്ള സാമ്പത്തികശാസ്ത്ര ഗൈഡുകള്‍ പരീക്ഷകള്‍ക്കുവേണ്ടി മറിച്ചുനോക്കിയിരുന്നുവെന്നതിനപ്പുറമുള്ള സാമ്പത്തിക ശാസ്ത്രമൊന്നും എനിക്ക് അറിവുണ്ടായിരുന്നില്ല. സാമുവല്‍സണ്‍ പോലും ഞാന്‍ വായിച്ചിരുന്നില്ല. ഞാന്‍ അതുകൊണ്ട് പത്രങ്ങളില്‍ വരുന്ന സാമ്പത്തികവും രാഷ്ട്രീയവും ഡോ. രാജിനോട് ചോദിച്ചു. സോവിയറ്റ് കമ്യൂണിസം തകര്‍ച്ചയുടെ വക്കിലായിരുന്നു അപ്പോള്‍, കിഴക്കന്‍ യൂറോപ്പാകെ കമ്യൂണിസത്തില്‍നിന്നു മോചനം നേടാനുള്ള കലാപങ്ങളിലും. ആ സംഭാഷണം അച്ചടിച്ചു വന്നപ്പോള്‍ ഇ.എം.എസ് ഡോ. രാജിനെ നിശിതമായി വിമര്‍ശിച്ചു. പക്ഷേ, കാലം തെളിയിച്ചത് രാജ് എത്ര പ്രോഫറ്റിക്കായിരുന്നുവെന്നാണ്.

കമ്യൂണിസത്തിന്റെ തകര്‍ച്ചയെക്കുറിച്ചുള്ള രാജിന്റെ നിഗമനങ്ങള്‍ അച്ചട്ടായി. ചൈനയേയും ആഗോളവല്‍കൃത മുതലാളിത്ത്വത്തെക്കുറിച്ചുള്ള നിഗമനങ്ങളും തെറ്റിയില്ല. ഇത്ര സൂക്ഷ്മമായി ചരിത്രത്തെ വായിക്കാനും കാലത്തിന്റെ മനസ്സ് രേഖപ്പെടുത്താനും മറ്റാര്‍ക്കാണ് കഴിഞ്ഞിട്ടുണ്ടാവുക? ആദ്യ അഭിമുഖം പ്രസിദ്ധീകരിച്ചു വന്നപ്പോള്‍, അത് വായിച്ച് പ്രസിദ്ധ മാധ്യമപ്രവര്‍ത്തകനായ ടി.ജെ.എസ്. ജോര്‍ജ് എനിക്ക് എഴുതി: ''നിങ്ങള്‍ ഈ സംഭാഷണം വലുതാക്കി ഒരു പുസ്തകമാക്കണം.'' അങ്ങനെയാണ് 'ഓര്‍മ്മയില്‍നിന്ന് ചില ഇതളുകള്‍' എഴുതുന്നത്, ടി.ജെ.എസ്സിന്റെ അവതാരികയോടെ. നിരവധി സായാഹ്നങ്ങളില്‍ ഞാന്‍ രാജിനു മുന്നിലിരുന്നു. അടുക്കുംചിട്ടയുമില്ലാത്ത സായാഹ്ന സഭാഷണങ്ങളില്‍ രാജിന്റെ ഭാര്യ സരസമ്മയും ഇളയ മകന്‍ ദീനുവും ഇടപെട്ടിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആദ്യ എം.ബി.ബി. എസ് ബാച്ചുകാരിയായിരുന്നു ഡോ. സരസമ്മ. മൂത്തമകന്‍ ഗോപാല്‍രാജ് ഹിന്ദു പത്രത്തില്‍ സയന്‍സ് എഡിറ്ററായിരുന്നു.

ഇരുപത്തിനാല് വര്‍ഷങ്ങള്‍ പഴക്കമുള്ള ആ പഴയ പുസ്തകം ഞാനെടുത്തു നിവര്‍ത്തുകയാണ്, ഡോ. രാജിന്റെ ഗാംഭീര്യമുള്ള മുഖചിത്രം. ആ ധൈഷണികതയ്ക്കു മുന്നില്‍ ഏതു സാധാരണക്കാരനും നെര്‍വസ്സാവും, അങ്ങനെയായിരുന്നു ഞാനും 1989 ജൂലൈയിലെ ഒരു സായാഹ്നത്തില്‍ രാജിനു മുന്നിലിരുന്നത്. തിരുവനന്തപുരത്ത് കുമാരപുരത്തെ ദളവാക്കുന്ന് എന്ന മനോഹരമായ കുന്നിന്റെ ഓരത്ത് ലാറിബേക്കര്‍ നിര്‍മ്മിച്ച നന്ദാവനം എന്ന വീടിന്റെ ബാല്‍കണിയില്‍ ഒരു ചാരുകസേരയില്‍ ഡോ. രാജ്, അരികില്‍ മിസിസ്സ് രാജും ദീനുവും. രാജ് അന്ന് ക്ഷീണിതനായിരുന്നു. സെറിബ്രല്‍ ത്രോംബേസിസ് വരുത്തിവച്ച വിനകളെപ്പറ്റി അദ്ദേഹം പറഞ്ഞു. സാധാരണ മൂന്ന് മിനിട്ട് ഹൃദയം നിശ്ചലമായാല്‍ കഥകഴിഞ്ഞു. എന്റെ ഹൃദയം മൂന്ന് മിനിട്ടിലധികം നിശ്ചലമായത്രേ... വളരെ മൃദുവായി രാജ് ചിരിച്ചു. വളരെ സാവകാശത്തില്‍ ഔപചാരികതകളും നാട്യങ്ങളുമില്ലാതെ സംസാരിച്ചു. ലോകം അറിയുന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് താനെന്ന ഭാവത്തിലല്ല, നമ്മുടെ നാട്ടിന്‍പുറങ്ങളിലെ സാധാരണക്കാരായ മനുഷ്യരെപ്പോലെ സംസാരിച്ചു. ഈ വീട്ടിലെത്തുന്ന ആരും ആദ്യം ചോദിക്കുന്നത് ഈ വീടിനെപ്പറ്റിത്തന്നെയാകും. ബേക്കറുടെ ഈ ശൈലി സുന്ദരമാണ്, പ്രകാശവും കാറ്റും ഇഴയിട്ട് വീര്‍പുമുട്ടലില്ലാതെ മുറികളിലൂടെ, ബാല്‍കണിയിലൂടെ ഒഴുകിപ്പോകുന്നു. പിന്നിലെ വിശാലമായ ബാല്‍കണിയിലിരുന്നാല്‍ കേരളം കാണാം, താഴ്വരയും വയലും വരമ്പും തോടും തെങ്ങിന്‍ തടങ്ങളും.

താങ്കള്‍ എങ്ങനെ സാമ്പത്തികശാസ്ത്രം പഠിക്കാനിടയായി എന്ന ലളിതമായ ചോദ്യത്തിനു നേര്‍ത്ത ചിരിയോടെ മറുപടി പറയുകയാണ്: ''അതിന് ഞാനെന്റെ അച്ഛനോട് കടപ്പെട്ടിരിക്കുന്നു.'' 1947-ലാണ് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ആദ്യമായി ഇക്കണോമിക്സ് കോഴ്സ് ആരംഭിക്കുന്നത്. ആ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയായി രാജ്. മദ്രാസ് ജുഡീഷ്യല്‍ സര്‍വീസിലായിരുന്ന അച്ഛന്‍ ഗോപാലന്‍ മകന് ഇഷ്ടമുള്ളത് പഠിക്കാനുള്ള പരിപൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. രാജിന്റെ അമ്മ കാര്‍ത്ത്യായനിയുടെ മൂത്ത സഹോദരീ ഭര്‍ത്താവായിരുന്നു സഹോദരന്‍ അയ്യപ്പന്‍. വീട്ടില്‍ സ്വാഭാവികമായും സ്വതന്ത്രമായ ധൈഷണിക പശ്ചാത്തലമുണ്ടായിരുന്നു. ഗാന്ധിയന്‍ മൂവ്മെന്റ് അതിശക്തമായി ചുറ്റുമുണ്ടായിരുന്നു. കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരുമായി നല്ല സൗഹൃദബന്ധങ്ങളുണ്ടായിരുന്നു. അച്ഛന്‍ നെഹ്റുവിന്റെ വലിയ ആരാധകനായിരുന്നു. നെഹ്റുവിന്റെ പുസ്തകങ്ങളൊക്കെ അദ്ദേഹം വാങ്ങിച്ചു. നെഹ്റുവിന്റെ രാഷ്ട്രീയത്തേയും പ്ലാനിങ്ങിനേയും പറ്റി അദ്ദേഹം എന്നോട് സംസാരിച്ചിരുന്നു. ഞാന്‍ ഓര്‍ക്കുകയാണ് ക്വിറ്റ് ഇന്ത്യയുടെ കാലം. ഞാന്‍ അപ്പോള്‍ ക്രിസ്ത്യന്‍ കോളേജില്‍. കമ്യൂണിസം എന്നെ വല്ലാതെ ആകര്‍ഷിച്ചുകൊണ്ടിരുന്ന കാലമായിരുന്നു. റഷ്യന്‍ പരീക്ഷണം എന്നെ കാര്യമായി സ്വാധീനിച്ചു. കമ്യൂണിസ്റ്റാകുമോ എന്ന ആശങ്കയുമുണ്ടായി.

പക്ഷേ, കമ്യൂണിസ്റ്റുകള്‍ അന്ന് വലിയ മണ്ടത്തരം കാണിച്ചു, അവര്‍ ക്വിറ്റ് ഇന്ത്യയെ എതിര്‍ത്തു, ദേശീയ ധാരയില്‍നിന്ന് ഒറ്റപ്പെട്ടു. ഞാനത് ശ്രദ്ധിച്ചു, മാത്രമല്ല അച്ഛന്‍ പറഞ്ഞു, ആദ്യം പഠിക്കുക, പിന്നെ രാഷ്ട്രീയക്കാരനാവുക. നെഹ്റുവായിരുന്നു അദ്ദേഹത്തിന്റെ ഉദാഹരണം. എന്നില്‍ അത് വലിയ സ്വാധീനമായി. ലണ്ടനിലെത്തും മുന്‍പുള്ള രാജിന്റെ വിദ്യാഭ്യാസം മുഴുവന്‍ മദ്രാസിലായിരുന്നു. ഒന്‍പതാം വയസ്സില്‍ രാജ് മദ്രാസിലെത്തി. അച്ഛന്റെ അനുജന്‍ അന്ന് മദ്രാസിലായിരുന്നു. ഞാന്‍ ഏക മകനായിരുന്നു. പക്ഷേ, ഏക മകനുണ്ടാകേണ്ട മോശത്തരങ്ങളൊന്നും എന്നെ ബാധിച്ചില്ലെന്നു തോന്നുന്നു. മദ്രാസില്‍ ഞങ്ങളുടേതായൊരു കൂട്ടുകുടുംബം ഉണ്ടായിരുന്നു. മദ്രാസ് ക്രിസ്ത്യന്‍ സ്‌കൂളില്‍ സെക്കന്‍ഡ് ഫോമില്‍ ആരംഭിച്ച വിദ്യാഭ്യാസം ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ഓണേഴ്സ് നേടുന്നതുവരെ തുടര്‍ന്നു.

സംഘര്‍ഷഭരിതമായ മുപ്പതുകളുടെ അവസാനത്തില്‍നിന്നാണ് കെ.എന്‍. രാജ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജനിക്കുന്നത്. മുപ്പതുകളിലെ ഗ്രേറ്റ് ഡിപ്രഷനു പിന്നാലെ ഒരു കൂട്ടം പുതിയ സാമ്പത്തിക വിദഗ്ദ്ധര്‍ രംഗത്തുവന്നു. യൂറോപ്പിലും അമേരിക്കയിലും ഡിപ്രഷനെ എങ്ങനെ മറികടക്കാം എന്നതായിരുന്നു പ്രശ്നം. മറുഭാഗത്ത് സോവിയറ്റ് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ശക്തിയേറ്റുവാങ്ങിവന്ന മാര്‍ക്സിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍. യാഥാസ്ഥിതിക സാമ്പത്തിക വിചാരങ്ങള്‍ക്കൊക്കെ ഡിപ്രഷനുണ്ടായ ആ കാലത്ത്, പുതിയതെന്തെന്നും പകരമെന്തെന്നും അറിയാതിരുന്ന ആ കാലത്ത്, സാമ്പത്തിക ശാസ്ത്രനിഘണ്ടുവില്‍ മൂന്നാം ലോകം എന്ന വാക്കുപോലും പ്രത്യക്ഷപ്പെടാതിരുന്ന ആ കാലത്ത് രാജ് സാമ്പത്തിക ശാസ്ത്രജ്ഞനായി.

ജഗദീഷ് ഭഗവതി
ജഗദീഷ് ഭഗവതി

കേംബ്രിഡ്ജിലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലുമൊക്കെ പഠിക്കുമ്പോള്‍ ചരിത്രത്തിലെ നിര്‍ണായകമായ ഒരു പ്രതിസന്ധിക്കുള്ളിലായിരുന്നു രാജ്. ഇംഗ്ലണ്ടില്‍ ചരിത്രത്തിനു സാക്ഷിയായി നിന്ന ആ കാലം രാജ് ഓര്‍ക്കുകയാണ്, യുദ്ധത്തിന്റെ അവസാനം ഇരമ്പിപ്പായുന്ന യൂദ്ധവിമാനങ്ങള്‍, ബോംബേറ്, നിലവിളികള്‍, ശൂന്യമായ തെരുവുകള്‍, അന്നാണ് ഞാന്‍ ഇംഗ്ലീഷുകാരന്റെ കരുത്ത് കണ്ടത്. ഇത്രയും അച്ചടക്കവുമുള്ള ഒരു ജനതയെ പിന്നെ ഞാന്‍ കണ്ടിട്ടില്ല. എന്റെ വിദ്യാഭ്യാസത്തിലെ ഏറ്റവും നല്ല കാലവും അതായിരുന്നു, 1944 മുതല്‍ 1947 വരെ. ആ കാലത്ത് കെയിന്‍സ് പ്രഭു ജീവിച്ചിരുന്നു. കേംബ്രിഡ്ജില്‍ കെയിന്‍സിന്റെ പ്രഭാഷണങ്ങള്‍ കേട്ടിരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ലാസ്‌കി ഉണ്ടായിരുന്നു. ജെ.ബി.എസ് ഹാല്‍ഡേയനും കൃഷ്ണ മേനോനും ഉണ്ടായിരുന്നു. മിസ്സിസ് ജോണ്‍ റോബിന്‍സനെപ്പോലെ ഒരുപാട് സുഹൃത്തുക്കളെ കിട്ടി. സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ് സ്റ്റഡീസ് തുടങ്ങിയശേഷം പല പ്രാവശ്യം മിസ്സിസ് റോബിന്‍സന്‍ കേരളത്തില്‍ വന്നിട്ടുണ്ട്; അറിയുമല്ലോ, അവര്‍ കെയിന്‍സിന്റെ സജീവ സഹായിയായിരുന്നു. അക്കാലത്തെ ലണ്ടന്‍ നഗരത്തെ ഓര്‍ക്കുമ്പോള്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലെ ഒരു ഗവേഷക വിദ്യാര്‍ത്ഥി സ്വാഭാവികമായും കൃഷ്ണമേനോനെ ഓര്‍ക്കും. ലാസ്‌കിയന്‍ ലിബറല്‍ സോഷ്യലിസവും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഒരു തിരിയുമായി ഇംഗ്ലണ്ടില്‍ ജീവിച്ച മേനോന്‍. ലണ്ടനിലെ ക്യാംഡന്‍ സ്‌ക്വയറില്‍ ഒരു പഴയ ഓവര്‍കോട്ട് ചുറ്റി, ഒരു മനുഷ്യനിരിക്കുന്നു. നീണ്ട മൂക്കും കൂര്‍ത്ത കണ്ണുകളും ഒട്ടിയ കവിളുകളുമുണ്ടായിരുന്ന പട്ടിണിക്കാരനായ ആ ധിക്കാരിയെക്കുറിച്ച് മറ്റൊരു കോഴിക്കോട്ടുകാരന്‍ ഓര്‍ക്കുന്നു: ''ഹിവാസ് എ ഫാസിനേറ്റിംഗ് മാന്‍...'' മേനോന്റെ ഇന്ത്യ ലീഗിനോട് രാജ് സഹകരിച്ചു. ട്രേഡ് യൂണിയന്‍ മീറ്റിങ്ങുകളില്‍ പങ്കെടുത്തു. പക്ഷേ, മേനോന്റെ മുന്‍കോപം വലിയ പ്രശ്നമായിരുന്നു. എങ്കിലും ഞങ്ങള്‍ എന്നും സുഹൃത്തുക്കളായിരുന്നു. മന്ത്രിയായിരിക്കുമ്പോഴും അല്ലാത്തപ്പോഴും എനിക്ക് എഴുതുമായിരുന്നു, വിളിക്കുമായിരുന്നു, ''ആന്‍ എക്സ്ട്രാ ഓര്‍ഡിനറിലി ബ്രില്ല്യന്റ് ഹുമന്‍ ബീയിങ്ങ്...''

എങ്കിലും ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ കാലത്ത് മനസ്സാകെ കണ്‍ഫ്യൂഷനായിരുന്നു. ചൈനയും റഷ്യയുമായിരുന്നു ചെറുപ്പക്കാരുടെ മനസ്സില്‍, അവിടങ്ങളില്‍ പുതിയ പരീക്ഷണം നടക്കുകയാണ്. റഷ്യയേയും ചൈനയേയും കൂടുതല്‍ പഠിക്കാന്‍ ശ്രമിച്ചു. ഇംഗ്ലണ്ടില്‍ എനിക്ക് ഒരു സുഹൃത്തിനെ കിട്ടി, ഐസക് ഡ്യൂഷര്‍. സ്റ്റാലിന്‍ എ പൊളിറ്റിക്കല്‍ ബയോഗ്രഫി എഴുതിയ ഐസക് ഡ്യൂഷര്‍. ട്രോട്‌സ്‌കിയുടെ ഇതിഹാസ സമാനമായ ജീവിതത്തെ അടിസ്ഥാനമാക്കി ഡ്യൂഷര്‍ രചിച്ച കൃതികളാണ് പ്രോഫറ്റ്, ആംഡ്, അണ്‍ആംഡ്, വാന്‍ക്വിഷ്ഡ് എന്നിവ. സ്റ്റാലിനെക്കുറിച്ചുള്ള ആദ്യ പുസ്തകമെഴുതിയ ഡ്യൂഷര്‍ എന്നില്‍ അമ്പരപ്പും ആദരവും സൃഷ്ടിച്ചു. കമ്യൂണിസ്റ്റുകാരെക്കുറിച്ചുള്ള ധാരണകള്‍ തെറ്റായിരുന്നുവെന്നു മനസ്സിലാക്കാന്‍ ഡ്യൂഷര്‍ എന്നെ സഹായിച്ചു. റഷ്യയെപ്പറ്റിയുണ്ടായിരുന്ന ധാരണകള്‍ മാറി, പക്ഷേ ഞാനെന്നും റഷ്യയോട് സ്നേഹത്തിലായിരുന്നു, ''ബട്ട് നോട്ട് അണ്‍ ക്രിട്ടിക്കലീ ഫ്രണ്ട്ലീ...''

''യാഥാസ്ഥിതിക സാമ്പത്തിക സിദ്ധാന്തങ്ങള്‍, മാര്‍ക്സിയന്‍ സാമ്പത്തിക സിദ്ധാന്തങ്ങള്‍- നാല്‍പതുകളില്‍ യുവാക്കളായിരുന്ന എന്നെപ്പോലുള്ളവരെ ചിന്തിപ്പിച്ച പ്രശ്നമാണ്, നമുക്കൊരു ആള്‍ട്ടര്‍നേറ്റീവ് പാത്ത് ഉണ്ടോ? ആ നാല്‍പതുകള്‍, ''ദാറ്റ് വാസ് എ വെരി ഫാസിനേറ്റിങ് പിരീഡ്,'' അന്ന് മൂന്നാം ലോക രാഷ്ട്രങ്ങള്‍, പൊളിറ്റിക്സ് ഓഫ് പോവര്‍ട്ടി ഇതൊന്നും എടുത്തുപയോഗിച്ചു തുടങ്ങിയിരുന്നില്ല. കമ്യൂണിസം പരീക്ഷണഘട്ടത്തിലായിരുന്നു. പോളണ്ടിലും വിയറ്റ്നാമിലുമൊക്കെ സഞ്ചരിച്ചപ്പോഴും കമ്യൂണിസ്റ്റ് പരീക്ഷണത്തെക്കുറിച്ച് സംശയമായി. പണിയെടുക്കുന്ന തൊഴിലാളി ചൈനയിലും വിയറ്റ്നാമിലും ദാരിദ്ര്യത്തില്‍ കഴിയുന്നതും അവര്‍ക്കു പുതിയ മേലാളന്മാര്‍ ഉണ്ടായതും ഞാന്‍ കണ്ടു. മുതലാളിത്ത വികസനത്തിനു ബദലായുള്ള കമ്യൂണിസ്റ്റ് വികസന സിദ്ധാന്തത്തിന്റെ പ്രായോഗികതയെക്കുറിച്ചായിരുന്നു എന്റെ സംശയം. എന്റെ സംശയങ്ങള്‍ ശരിയായിരുന്നുവെന്ന് പുതിയ ചൈനയും റഷ്യയും പോളണ്ടും ഹംഗറിയുമൊക്കെ തെളിയിച്ചു.

സി. അച്യുതമേനോന്‍
സി. അച്യുതമേനോന്‍

ഇന്ത്യന്‍ ഗ്രാമീണ-കാര്‍ഷിക മേഖലകളെക്കുറിച്ച് അസാധാരണമായ ഉള്‍ക്കാഴ്ചയോടെ പഠനങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് ഡോ. രാജ്. സാമ്പത്തികശാസ്ത്ര സിദ്ധാന്തങ്ങളിലും മാതൃകകളിലും മാത്രം ഒതുങ്ങിനില്‍ക്കാതെ സാമൂഹ്യ രാഷ്ട്രീയ അവസ്ഥകളുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന് സാമ്പത്തികാപഗ്രന്ഥനങ്ങള്‍ നടത്തിയ പൊളിറ്റിക്കല്‍ ഇക്കോണമിസ്റ്റാണ് രാജ്.

റിസര്‍വ് ബാങ്കിന്റെ ധനകാര്യ നയങ്ങളേയും ഇന്ത്യന്‍ ആസൂത്രണത്തേയും ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയേയുമൊക്കെക്കുറിച്ച് നിശിതമായ പഠനങ്ങളും അപഗ്രഥനങ്ങളും പ്രസിദ്ധീകരിച്ച് അന്താരാഷ്ട്ര ശ്രദ്ധനേടിയ അദ്ദേഹം തന്റെ മനസ്സില്‍ ഇന്ത്യന്‍ കാര്‍ഷിക ജീവിതത്തിനായിരുന്നു പ്രഥമ പരിഗണന നല്‍കിയിരുന്നത്. Investment in livestock in Agrarian Economics (1969), Essays on the Commercilisation of Indian Agriculture (1985) organisational issues in Indian Agriculture (1990) എന്നു തുടങ്ങിയ ഡോ. രാജിന്റെ പുസ്തകങ്ങള്‍ ഇന്ത്യയുടെ ഗ്രാമീണ കാര്‍ഷിക സമ്പദ്വ്യവസ്ഥയെ അതിസൂക്ഷ്മമായി വിലയിരുത്തുന്നവയാണ്.

ഗ്രാമീണ കാര്‍ഷിക ഇന്ത്യയെക്കുറിച്ച് പറയുമ്പോള്‍ രാജ് ഭൂപരിഷ്‌കരണത്തിനുവേണ്ടി നിലകൊണ്ടു; പക്ഷേ, നെഹ്റുവിന് ഇക്കാര്യത്തില്‍ വേണ്ടത്ര നല്ല ഉപദേശങ്ങള്‍ കിട്ടിയിരുന്നില്ല. വിദേശനയത്തിന്റെ കാര്യത്തില്‍ ഒരു കൃഷ്ണമേനോന്‍ ഉണ്ടായിരുന്നതുപോലെ ഭൂപരിഷ്‌കരണ കാര്യത്തില്‍ സഹായിക്കാനും ഉപദേശിക്കാനും ഒരാളുമുണ്ടായിരുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ തുടക്കം മുതല്‍ ഭൂപരിഷ്‌കരണത്തിനുവേണ്ടി നിലകൊണ്ടതു കാരണം കേരളത്തിനു ഭൂപരിഷ്‌കരണത്തില്‍ മുന്നോട്ടുപോകാനായി. എന്നാല്‍, കേരളത്തില്‍ നിലനിന്നിരുന്ന ജന്മി-നാടുവാഴിത്ത വ്യവസ്ഥകളുമായി താരമ്യപ്പെടുത്താനാവുന്നതായിരുന്നില്ല.

തമിഴ്നാട്ടിലും മറ്റു ദക്ഷിണ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നിലവിലുണ്ടായിരുന്ന രാഷ്ട്രീയാധികാരവും ഭൂവുടമാ സമ്പ്രദായങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന അവിടങ്ങളിലൊക്കെ ഭൂപരിഷ്‌കരണമെന്നത് അവിശ്വസനീയാംവണ്ണം മോശമാണ്. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ ഇരുവേലിപ്പെട്ട് എന്ന ഗ്രാമത്തിന്റെ കാര്‍ഷികാവസ്ഥകളെപ്പറ്റിയും ഭൂപരിഷ്‌കരണത്തിന്റെ അഭാവം സൃഷ്ടിച്ച പ്രതിസന്ധിയെക്കുറിച്ചും ഡോ. രാജ് നടത്തിയ പഠനങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതാണ് ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രാദേശിക പാര്‍ട്ടികള്‍ക്കും ഭൂവുടമാസമ്പ്രദായം പൊളിച്ചെഴുതണമെന്ന താല്പര്യം തന്നെയില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റുകള്‍, പ്രത്യേകിച്ച് അച്യുതമേനോന്റെ ഗവണ്‍മെന്റ് നടപ്പാക്കിയ ഭൂപരിഷ്‌കരണത്തിന്റെ പ്രസക്തി അതുകൊണ്ടാണ് ശ്രദ്ധേയമാകുന്നത്. എന്നാല്‍, ഭൂപരിഷ്‌കരണവും കാര്‍ഷിക വികസനവും എങ്ങനെ ഒന്നിപ്പിച്ചു മുന്നോട്ടുകൊണ്ടുപോകാമെന്നതിനെക്കുറിച്ച് കേരളം വേണ്ടത്ര ഗാഢമായി ചിന്തിച്ച് പദ്ധതികള്‍ രൂപപ്പെടുത്തിയില്ല. കേരളത്തിന്റെ കാര്‍ഷിക തകര്‍ച്ചയുടെ പ്രധാന കാരണം അതായിരുന്നു.

ഭൂപരിഷ്‌കരണം നടപ്പാക്കി കേരളമോഡല്‍ ആഘോഷിച്ച നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പക്ഷേ, കൃഷിയെ അവഗണിച്ചു. കേരളത്തിലെ ഗ്രാമങ്ങളിലേക്കു നോക്കുക. തരിശ്ശായി കാട് കയറി കിടക്കുന്ന വയലേലകള്‍. നരവീണ തെങ്ങുകള്‍. മലയാളികളെ അലസരാകാന്‍ പഠിപ്പിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവനയാണ് ഇതൊക്കെ. ഞാന്‍ ചൈനയില്‍ പോയി, എനിക്ക് അത്ഭുതം തോന്നി. പണി ചെയ്യാനുള്ള അവരുടെ ഉത്സാഹം. റെയില്‍വേ ട്രാക്കിന്റെ രണ്ട് വശങ്ങളിലും അവര്‍ കൃഷി ചെയ്തിരിക്കുന്നു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ഇന്ത്യയിലെ റെയില്‍ട്രാക്കുകളുടെ വശങ്ങളും ഞാന്‍ ഓര്‍ത്തുപോയി. ഇത്രയും ഭൂമിയില്‍ കാടുകയറ്റാനും വേണ്ടിയുള്ള സമ്പന്നത നമുക്കുണ്ടോ?

ജപ്പാനില്‍ മുറികളിലും ജാലകങ്ങളിലും അവര്‍ പച്ചക്കറി വളര്‍ത്തും. ഡോ. രാജ് ദളവാക്കുന്നിലെ തന്റെ വീടിന്റെ മുന്നില്‍ നിവര്‍ന്നുകിടക്കുന്ന തരിശു വയലേലകളെ നോക്കി വിഷാദം കൊണ്ട സായാഹ്നം ഈ ലേഖകന്‍ ഓര്‍ക്കുന്നു, 1989-ലായിരുന്നു അത്. ഇപ്പോള്‍ രാജിന്റെ വീടിനു ചുവട്ടിലാകെ റിയല്‍ എസ്റ്റേറ്റുകാര്‍ വന്‍കിട ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ കെട്ടി ഉയര്‍ത്തിയിരിക്കുന്നു. മലയാളനാട്ടിലെ വികസനത്തിന്റെ ഒരു ചിത്രമാണിത്. രാജ് അന്ന് ആശങ്കയോടെ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. തായ്ലാന്റിലും മലയായിലും പോയപ്പോള്‍ പലയിടത്തും പൂ കൃഷി കണ്ടു, പൂക്കച്ചവടവും. എന്തേ മലയാളികള്‍ മാത്രം ഇങ്ങനെ സ്വന്തം ഭൂമി തരിശിട്ട് തമിഴന്റെ പച്ചക്കറികള്‍ക്കായി കാത്തിരിക്കുന്നു. അത്തപ്പൂവിടാന്‍ തമിഴന്റെ പൂക്കള്‍ കാത്തിരിക്കുന്ന മലയാളിയെ നോക്കിയാണ് രാജ് ചോദിച്ചത്. വിഷുപുലരിയില്‍ ആരുടെ സമൃദ്ധിക്കുവേണ്ടിയാണ് മലയാളികള്‍ പ്രാര്‍ത്ഥിക്കുന്നത്.

തമിഴന്റെ നിലവിളക്ക്, നല്ലെണ്ണ, ചന്ദനവും ചന്ദനത്തിരിയും പഴവും പൂവും പൂക്കൂടയും. അരികിലെ വെള്ളരിക്കയും ഭിത്തിയിലെ ദേവന്‍പോലും ശിവകാശിയില്‍ നിന്നെത്തിയിരിക്കുന്ന പത്ത് മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് രാജ് പ്രകടിപ്പിച്ച കാഴ്ചകള്‍ അതേക്കാള്‍ തീവ്രമായി മാരകമായി ഇന്നും കടം കയറി മുടിയുന്ന കേരളത്തിലുണ്ട്. 'കേരള മോഡലിനെ'- വിദ്യാഭ്യാസ- സാക്ഷരതയിലും ആരോഗ്യമേഖലയിലുമുണ്ടായ മുന്നേറ്റങ്ങളെ- സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ് സ്റ്റഡീസ് എന്ന സാമ്പത്തിക ഗവേഷണ സ്ഥാനപത്തിലൂടെയും തന്റെ തന്നെ എഴുത്തിലും പ്രസംഗങ്ങളിലും യാത്രകളിലുമായി ലോകത്തെ പരിചയപ്പെടുത്തിയ ഡോ. രാജ് ആകുലതയോടെ കേരളത്തിന്റെ തകര്‍ച്ചയേയും വരച്ചിടുന്നുണ്ട്. എന്തുകൊണ്ട് കേരളം സാമ്പത്തികമായി തകരുന്നു എന്ന ചോദ്യത്തിന് ഉത്തരമറിയാന്‍ വലിയ സാമ്പത്തിക ശാസ്ത്രജ്ഞാനമൊന്നും വേണ്ട. മലയാളി മടിയനായി മാറി. കേരളത്തിലെ രാഷ്ട്രീയക്കാര്‍ മലയാളിയെ മടിയനാക്കി മാറ്റി. പണിയെടുക്കാതിരിക്കുക, നിരന്തരം സമരം ചെയ്തുകൊണ്ടേയിരിക്കുക- അതാണ് നല്ല തൊഴിലാളികളുടെ ലക്ഷണമെന്ന് അവനെ പഠിപ്പിച്ചു. പണ്ട് ഡല്‍ഹിയിലെ ഒരു സെമിനാറില്‍ ഇ.എം.എസ്സുമായുണ്ടായ തര്‍ക്കം ഞാന്‍ ഓര്‍ക്കുന്നു. ഞങ്ങള്‍ എന്നും നല്ല സുഹൃത്തുക്കളായിരുന്നു. പ്രൊഡക്ടിവിറ്റി (ഉല്പാദകക്ഷമത) എന്ന വാക്കായിരുന്നു തര്‍ക്ക കാരണം. പ്രൊഡക്ടിവിറ്റി എന്നത് വൃത്തികെട്ട വാക്കാണെന്ന് ഇ.എം.എസ് പറഞ്ഞു, തൊഴിലാളിയെ ചൂഷണം ചെയ്യാനുള്ള വിദ്യ. ഞാന്‍ പറഞ്ഞു, അത് നിങ്ങളുടെ സ്ട്രാറ്റജിയാണ്. മുതലാളിത്ത സംവിധാനം പൊളിക്കാന്‍ നിങ്ങള്‍ക്ക് തൊഴിലാളികളെ അങ്ങനെ പഠിപ്പിക്കേണ്ടിവരും. ഉല്പാദനം തകര്‍ത്തുകൊണ്ട് ക്യാപിറ്റലിസത്തെ തകര്‍ക്കുക എന്ന കമ്യൂണിസ്റ്റ് സ്ട്രാറ്റജി. പക്ഷേ, തൊഴിലാളിയെ നിങ്ങള്‍ ഈ സ്ട്രാറ്റജി പഠിപ്പിച്ചാല്‍ പിന്നെ മാറ്റിയെടുക്കാനാവില്ല. സോഷ്യലിസ്റ്റ് സംവിധാനത്തിലും തൊഴിലാളി പഠിച്ചതേ പാടൂ. ഇ.എം.എസ് അന്ന് യോജിച്ചില്ല. ഞാന്‍ പോളണ്ടില്‍ പോയി, ഒരു ദിവസം വഴിയോരത്തുനിന്ന് അരകിലോ പഴം വാങ്ങി. സംശയം തോന്നിയ ഞാന്‍ വേറൊരിടത്ത് അതു തൂക്കിനോക്കി, കാല്‍കിലോയേ ഉള്ളൂ. എന്താ ഇങ്ങനെ? ഒരു സോഷ്യലിസ്റ്റ് ഇക്കോണമിയില്‍. പോളിഷ് ഇക്കോണമിസ്റ്റുകള്‍ എന്റെ സംശയത്തിന് ഉത്തരം നല്‍കി. ഹിറ്റ്‌ലറെ തകര്‍ക്കാന്‍ ഞങ്ങള്‍ തൊഴിലാളികളെ പഠിപ്പിച്ചു. ഉല്പാദനം വര്‍ദ്ധിപ്പിക്കരുത്. കള്ളത്തരങ്ങള്‍ കാണിക്കണം, കഴിയുന്നതും പണി ചെയ്യരുത്. ഹിറ്റ്ലര്‍ പോയി ഞങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നു. ഹിറ്റ്ലര്‍ക്കെതിരെ ഉപയോഗിച്ച തൊഴില്‍രീതി തന്നെ കമ്യൂണിസത്തിലും അവര്‍ പിന്തുടര്‍ന്നു. അന്ധമായ ജാര്‍ഗണുകളിലും പ്രത്യയശാസ്ത്ര ശാഠ്യങ്ങളിലും കമ്യൂണിസ്റ്റുകാര്‍ പെട്ടുപോയി. സോവിയറ്റ് തകര്‍ച്ച പോലും പഠിക്കാന്‍ അവര്‍ തയ്യാറായില്ല.

പ്രിയപ്പെട്ട വായനക്കാരെ കടംകയറി മുടിഞ്ഞ ഇന്നത്തെ കേരളത്തിലേക്ക് നോക്കി ഡോ. രാജ് എത്ര പ്രൊഫറ്റിക്കായിരുന്നുവെന്ന് നമുക്ക് വായിച്ചെടുക്കാം. ആരാണ് കേരളത്തിന്റെ തകര്‍ച്ചയ്ക്ക് കാരണക്കാര്‍ എന്ന് സംശയലേശമെന്യേ നമുക്ക് ഇന്നറിയാം. കൃഷിയും വ്യവസായവും വിദ്യാഭ്യാസവും തകര്‍ത്തവര്‍ ആരാണെന്ന ചോദ്യം തന്നെ അപ്രസക്തമായിരിക്കുന്നു. മലയാളി അത്രയേറെ കാപട്യക്കാരനും മടിയനുമായി മാറി.

ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ 1973 ജൂലൈ ലക്കത്തില്‍ രാജിന്റെ വിവാദപരമായ ഒരു ലേഖനമുണ്ട്, 'The politics and economics of intermediate Regimes' എന്ന തലക്കെട്ടില്‍. ഇന്ത്യയിലെ കമ്യൂണിസ്റ്റ് ബുദ്ധിജീവികളെ ഒരുപാട് പ്രകോപിപ്പിച്ച ലേഖനമായിരുന്നു അത്. യാഥാസ്ഥിതിക കമ്യൂണിസ്റ്റ് അപഗ്രഥനങ്ങളെ കുടഞ്ഞുകൊണ്ട് മൈക്കേല്‍ കലസ്‌കിയുടെ നിഗമനങ്ങളെ അടിസ്ഥാനപ്പെടുത്തി എഴുതിയ ലേഖനത്തിനെതിരെ ഇ.എം.എസ് ഉള്‍പ്പെടെയുള്ളവര്‍ രോഷത്തോടെ പ്രതികരിച്ചു. ആ ലേഖനം മുന്നില്‍വച്ച് രാജ് പറയുകയാണ്. മാര്‍ക്സിസ്റ്റുകാര്‍ തൊഴിലാളിവര്‍ഗ്ഗത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അവര്‍ ആഗ്രഹിക്കുന്നതും ആശ്രയിക്കുന്നതും ലോവര്‍ മിഡില്‍ ക്ലാസ്സിനെയാണ്. ഈ ലോവര്‍ മിഡില്‍ ക്ലാസ്സ് മിച്ചം ഉണ്ടാക്കുന്നതില്‍ തല്പരരല്ല. മിച്ചത്തെ അവര്‍ ഏതെങ്കിലും രീതിയില്‍ ഉപയോഗിക്കുന്നു; മിച്ചമുണ്ടായാലേ ഏതു സാമ്പത്തിക സംവിധാനവും വികസിക്കൂ. നമ്മുടെ സാമ്പത്തിക സംവിധാനം വികസിക്കരുതെന്ന് മാര്‍ക്സിസ്റ്റുകാര്‍ ആഗ്രഹിക്കുന്നു. കാരണം അവരുടെ ഭാഷ്യത്തില്‍ ഇതൊരു മുതലാളിത്ത സമ്പദ് സംവിധാനമാണ്. അപ്പോള്‍ മിച്ചമുണ്ടാക്കാന്‍ താല്പര്യമില്ലാത്ത ഇടത്തരക്കാരനെ സംഘടിപ്പിച്ച് സംവിധാനത്തെ ദുര്‍ബ്ബലപ്പെടുത്തുക, ഇതാണ് സ്ട്രാറ്റജി.

ഇന്ത്യയെപ്പോലുള്ള അവികസിത സാമ്പത്തിക സംവിധാനങ്ങള്‍ക്ക് ഈ കമ്യൂണിസ്റ്റ് തന്ത്രം വിനാശകരമായിരിക്കും. കലസ്‌കി എന്റെ സുഹൃത്തായിരുന്നു. അദ്ദേഹം പോളിഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നു; പക്ഷേ, പാര്‍ട്ടി നയങ്ങളെ എതിര്‍ത്തപ്പോള്‍ പുറത്താക്കപ്പെട്ടു. കമ്യൂണിസ്റ്റുവിരുദ്ധനായി ചിത്രീകരിക്കപ്പെട്ടു. അദ്ദേഹം ഇന്ത്യയില്‍ വന്നു. നെഹ്റുവിയന്‍ സാമ്പത്തിക നയങ്ങളും ആസൂത്രണങ്ങളും അദ്ദേഹത്തെ ആകര്‍ഷിച്ചു. പോളണ്ട് കമ്യൂണിസ്റ്റ് റഷ്യയുടെ അടിമത്ത്വത്തില്‍ കഴിയുന്നതിനെ കലസ്‌കി ഇഷ്ടപ്പെട്ടില്ല. നെഹ്റുവിന്റെ സ്വതന്ത്രമായ മാര്‍ഗ്ഗമാണ് പോളണ്ടിനു നന്നെന്ന് അദ്ദേഹം കരുതി. കമ്യൂണിസത്തെക്കുറിച്ചുള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റ് നേതാക്കളുടെ ധാരണകള്‍ പലതും അബദ്ധജടിലമായിരുന്നു. ഇവരില്‍ ഭൂരിഭാഗത്തിനും പ്രത്യയശാസ്ത്രം മനസ്സിലായിരുന്നില്ല. മനസ്സിലാക്കിയവരാകട്ടെ, വെറും മൂന്നാംകിട രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായി അത് വളച്ചൊടിക്കുകയായിരുന്നു. നേതാക്കളുടെ അതാത് കാലത്തെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളായിരുന്നു പ്രസ്ഥാനത്തെ തകര്‍ത്തത്.

കമ്യൂണിസത്തെക്കുറിച്ചുള്ള രാജിന്റെ വിലയിരുത്തല്‍ ഇങ്ങനെയാണ്: ''കമ്യൂണിസമെന്നത് എന്റെ അഭിപ്രായത്തില്‍ പൂര്‍ണമായും അപ്രായോഗികവും മുഴുവനായും റൊമാന്റിക്കുമായ ഒരു ആശയമാണ്. മാര്‍ക്സ് പറഞ്ഞത് ഓരോരുത്തരില്‍നിന്നും അവരുടെ കഴിവനുസരിച്ചും ഓരോരുത്തര്‍ക്കും അവരവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചും എന്നാണ്. ഇന്നത്തെ തൊഴിലാളിയെ നോക്കൂ. അവന്റെ കഴിവ് എത്രയാണ് ഉല്പാദനത്തിനു സഹായകരമാകുന്നത്. അവന്റെ ആവശ്യങ്ങള്‍ക്ക് എത്രയാണ് പരിധി. ജന്മംകൊണ്ട് മാര്‍ക്സ് ഒരു ജൂതനായിരുന്നു. പൂര്‍ണ സമൂഹത്തെക്കുറിച്ചുള്ള ജൂതവിശ്വാസം ദൃഢമായി മാര്‍ക്സിന്റെ ഉട്ടോപ്യന്‍ ഐഡിയയുടെ അടിവേരായി നിലകൊണ്ടു. അതൊരു മതവിശ്വാസം പോലെയായി. ഒരു പൂര്‍ണ സമൂഹത്തിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കാന്‍ ഒരു മതത്തിനും ഐഡിയോളജിക്കും കഴിയില്ല. ഇന്നത്തേതില്‍നിന്നു മെച്ചമായ ഒരു സാമൂഹ്യ അവസ്ഥയിലേക്ക് ഉയര്‍ത്താനേ കഴിയൂ. അതിനും അപ്പുറമുള്ള ഏതുതരം പൂര്‍ണതയും റൊമാന്റിക്കാണ്. അത്തരത്തില്‍ മാര്‍ക്സിസവും റൊമാന്റിക്കായി. അതാണ് അതിന്റെ ധൈഷണിക ദൗര്‍ബ്ബല്യം...''

അമര്‍ത്യാസെന്‍
അമര്‍ത്യാസെന്‍Swapan Mahapatra

ഡല്‍ഹി സ്‌കൂളില്‍

രാജ് മൂന്ന് വര്‍ഷക്കാലമേ പ്ലാനിങ് കമ്മിഷനില്‍ ഉണ്ടായിരുന്നുള്ളൂ. പ്ലാനിങ് കമ്മിഷനില്‍ പണിയെടുക്കവെ ഒരു ദിവസം ഡോ. വി.കെ.ആര്‍.വി. റാവു ചോദിച്ചു, എന്താ നിങ്ങള്‍ ഇനി യൂണിവേഴ്സിറ്റിയിലേക്ക് വരാന്‍ താല്പര്യപ്പെടില്ലല്ലോ, ഒരു പ്രൊഫസര്‍ പോസ്റ്റുണ്ട്- പ്ലാനിങ് കമ്മിഷനിലെ വലിയ ജോലി ഉപേക്ഷിച്ച് അതിന്റെ പകുതി ശമ്പളവും പ്രത്യേകിച്ച് സ്റ്റാറ്റസൊന്നുമില്ലാത്ത പ്രൊഫസര്‍ ജോലിക്ക് രാജ് ചെല്ലുമെന്ന് ഡോ. റാവു കരുതിയിരുന്നില്ല. പക്ഷേ, രാജ് ഓഫര്‍ സ്വീകരിച്ചു. അന്ന് ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഡോ. റാവുവിനെ കൂടാതെ പ്രൊഫ. സി.എന്‍. ഗാംഗുലിയും ഉണ്ടായിരുന്നു. എന്തുകൊണ്ട് വലിയ പദവി ഉപേക്ഷിച്ച് പ്രൊഫസറായി എന്ന ചോദ്യത്തിന് രാജിന്റെ ഉത്തരം ഇങ്ങനെ: ''എനിക്ക് ഇണങ്ങുന്നത് അദ്ധ്യാപകജോലിയാണെന്ന് അന്നും ഇന്നും ഞാന്‍ കരുതുന്നു. എന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും നല്ലകാലം ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായിരുന്ന കാലമാണ്. എന്റെ ടെമ്പറമെന്റ് അത്തരത്തിലുള്ളതാണ്...''

ഡോ. റാവുവിനെത്തുടര്‍ന്ന് ഡോ. രാജ് ഡല്‍ഹി സ്‌കൂളിന്റെ മേധാവിയായി. അക്കാലത്ത് ഡല്‍ഹി സ്‌കൂള്‍ അന്താരാഷ്ട്ര പ്രശസ്തമായ സാമ്പത്തിക ശാസ്ത്രജ്ഞരുടെ ഒരു വേദിയായി രൂപപ്പെട്ടു. അമര്‍ത്യാസെന്നും സുഖ്മോയ് ചക്രവര്‍ത്തിയും മിഹിര്‍റഷിദിയും ജഗദീഷ് ഭഗവതിയുമൊക്കെ പല കാലങ്ങളില്‍ ഡല്‍ഹി സ്‌കൂളില്‍ അദ്ധ്യാപകരായെത്തിയവരാണ്. അമര്‍ത്യാസെന്നും ധരം നാരായണനുമൊക്കെ ഇന്ത്യയില്‍ പഠിച്ചു വളര്‍ന്ന് പ്രശസ്തരായവരാണ്. പത്തുവര്‍ഷം ഡല്‍ഹി സ്‌കൂളില്‍ അദ്ധ്യാപകരായിരുന്ന ശേഷമാണ് അമര്‍ത്യാസെന്‍ ലണ്ടന്‍ സ്‌കൂളിലേക്കും പിന്നീട് ഓക്സ്ഫോര്‍ഡിലേക്കും പോയത്. ഓക്സ്ഫോര്‍ഡില്‍നിന്ന് പിന്നെ സെന്‍ ഹാര്‍വാര്‍ഡിലേക്ക് പോയി. ഡല്‍ഹി സ്‌കൂളില്‍ ജഗദീഷ് ഭഗവതിയെ കൊണ്ടുവന്നതും ഡോ. രാജായിരുന്നു. ജഗദീഷ് ഭഗവതി ഓക്സ്ഫോര്‍ഡില്‍ ട്യൂട്ടറായി ജോലിനോക്കുന്ന കാലത്താണ് പ്രൊഫസര്‍ പോസ്റ്റ് ഒഴിവ് വരുന്നത്. ഭഗവതിക്ക് അന്ന് ഡോക്ടറേറ്റ് ഇല്ല. വി.കെ.ആര്‍.വി. റാവു ഡോക്ടറേറ്റില്ലാത്ത ഭഗവതിയെ നിയമിക്കുന്നതിനെ എതിര്‍ത്തു. രാജ് ഭഗവതിയുടെ പേരില്‍ ഉറച്ചുനിന്നു. ഇ.എ.ജി റോബിന്‍സണും ഭവതോഷ് ഗുപ്തയുമടങ്ങിയ സെലക്ഷന്‍ കമ്മിറ്റി രാജിന്റെ തീരുമാനത്തെ അംഗീകരിച്ചു. രാജിന്റെ വാദം ഇതായിരുന്നു - ഓക്സ്ഫോര്‍ഡ് റോയല്‍ സൊസൈറ്റിയുടെ ഇക്കണോമിക്സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഇന്ത്യയുടെ ഇന്റര്‍നാഷണല്‍ ട്രേഡിനെക്കുറിച്ചുള്ള ഭഗവതിയുടെ റിവ്യൂ ഏത് പിഎച്ച്.ഡിയെക്കാളും മഹത്തരമാണ്. ജഗദീഷ് ഭഗവതി പിന്നെ എം.ഐ.ടിയിലേക്കും കൊളമ്പിയാ സര്‍വ്വകലാശാലയിലേക്കും പോയി. കാര്‍ഷികരംഗത്തെ വിലമാറ്റങ്ങളെക്കുറിച്ച് പഠനം നടത്തിയ ധരം നാരായണനും ഡല്‍ഹി സ്‌കൂളിലുണ്ടായിരുന്നു.

പടിഞ്ഞാറന്‍ വിദ്യാഭ്യാസവുമായി എത്തിയവരാണ് അന്‍പതുകളിലേയും അറുപതുകളിലേയും സാമ്പത്തിക ശാസ്ത്രജ്ഞരില്‍ അധികവും. ഡോ. രാജ് ഉള്‍ക്കൊള്ളുന്ന ആ തലമുറ ഇന്ത്യന്‍ സാമ്പത്തിക നയങ്ങളുടെ ദിശ നിര്‍ണയിച്ചു. ഇന്ത്യന്‍ അവസ്ഥകളെ വിശകലനം ചെയ്യാന്‍ അവര്‍ ഉപയോഗിച്ചതാകട്ടെ, പടിഞ്ഞാറന്‍ മോഡലുകളും. ഇതൊരു പ്രതിസന്ധിയായിരുന്നോ? രാജിന്റെ ഉത്തരമിതാണ്. ഇക്കണോമിക്സ് ഒരു സയന്‍സാണ്, അത് എവിടെ എങ്ങനെ ഉപയോഗിക്കുന്നുവെന്നതാണ് പ്രധാനം. ഇന്ത്യയില്‍ അത് ഉപയോഗിക്കുവാന്‍ ഇന്ത്യയുടെ സാഹചര്യങ്ങളാണ് കണക്കിലെടുക്കുക. ഞങ്ങളുടെ ഡല്‍ഹി സ്‌കൂളില്‍ ഉണ്ടായിരുന്നവരെ ശ്രദ്ധിക്കുക. ഡോ. വി.കെ.ആര്‍.വി റാവു ഒരു ലിബറല്‍ സോഷ്യലിസ്റ്റായിരുന്നു; ഒരു ലാസ്‌കിയന്‍ ലിബറല്‍ സോഷ്യലിസ്റ്റ്. പില്‍കാലത്ത് അദ്ദേഹം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി. പി.എന്‍. ധര്‍ ഒരു കമ്യൂണിസ്റ്റായിരുന്നു. പക്ഷേ, നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റുകാരെ അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല.

ഗംഗുലി ഒരു നാഷണലിസ്റ്റായിരുന്നു. എന്നെ സംബന്ധിച്ചാണെങ്കില്‍ ഞാനൊരു ഇടതുപക്ഷക്കാരന്‍ (മാര്‍ക്സിസ്റ്റുകാര്‍ പറയും കെയിന്‍സിന്റെ ആളാണെന്ന്). ഞാന്‍ കെയിന്‍സിനേയും മാര്‍ക്സിനേയും ഒരുപോലെ ഉപയോഗിച്ചിട്ടുണ്ട്. കെയിന്‍സിന്റെ 'ജനറല്‍ തിയറി' പ്രസിദ്ധീകരിക്കുന്ന കാലത്ത് ഞാന്‍ ഇംഗ്ലണ്ടിലായിരുന്നു. ഡിപ്രഷന്‍ ബോണ്‍ ഇക്കോണമിസ്റ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന കെയിന്‍സുമായി അടുത്ത് ബന്ധപ്പെടാനൊന്നും എനിക്കു കഴിഞ്ഞിട്ടില്ല. എന്റെ പിഎച്ച്.ഡി പ്രബന്ധം കെയിനീഷ്യന്‍ മോണിറ്ററി തിയറി എങ്ങനെ ഇന്ത്യയില്‍ പ്രയോഗിക്കാമെന്നതായിരുന്നു.

കെയിന്‍സിന്റെ അടിസ്ഥാന ആശയങ്ങള്‍ ഉപയോഗിച്ച് ഇന്ത്യന്‍ സാഹചര്യങ്ങളെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചു. കെയിന്‍സ് മറ്റൊരു തരത്തിലും എന്നെ സ്വാധീനിച്ചിട്ടില്ല. ഓര്‍ഗനൈസേഷണല്‍ ഇഷ്യൂസ് ഇന്‍ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചര്‍ എന്ന പഠനം തയ്യാറാക്കുമ്പോഴും കെയിന്‍സിന്റെ ആശയങ്ങളെ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. മാര്‍ക്സിസ്റ്റ് മെത്തഡോളജിയും ഇതുപോലെ ഉപയോഗിച്ചിട്ടുണ്ട്. ഇതിനപ്പുറം ഞങ്ങളുടെ പടിഞ്ഞാറന്‍ വിദ്യാഭ്യാസം ഇന്ത്യന്‍ സാമ്പത്തിക നയങ്ങളെ സ്വാധീനിച്ചിട്ടില്ല.

ധര്‍മ്മകുമാറും ദിലീപ് മുഖര്‍ജിയും ചേര്‍ന്ന് എഡിറ്റ് ചെയ്ത ഒരു പുസ്തകമുണ്ട്: Reflictions on the Delhi school of Economics, 1995 ഓക്സ്ഫോര്‍ഡ് പ്രസിദ്ധീകരിച്ച പ്രസ്തുത പുസ്തകം ഡോ. രാജിനേയും ഡല്‍ഹി സ്‌കൂളിന്റെ അനുപമമായ പ്രവര്‍ത്തനങ്ങളേയും പ്രതിപാദിക്കുന്നതാണ്; അമര്‍ത്യാസെന്‍ ഉള്‍പ്പെടെയുള്ളവരുടെ ലേഖനങ്ങള്‍ അതിലുണ്ട്. സെന്‍ എഴുതുകയാണ്: 'I first visited the school in october 1957. I phoned K.N. Raj at this home, introduced myself.'' മിസ്സിസ് രാജ് തയ്യാറാക്കിയ മീന്‍കറി ഉള്‍പ്പെട്ട ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചും രാജുമായുള്ള ദീര്‍ഘസംഭാഷണവും സെന്‍ അനുസ്മരിക്കുന്നു: ''I felt that osoner or later I should try to get to the school... What Raj said about the school osunded fantastic and his own perosnal charm and academic involvements added much to the allure of the school...'' കേംബ്രിഡ്ജിലെ വളരെ പ്രശസ്തമായൊരു അക്കാഡമിക് പദവി ഉപേക്ഷിച്ചാണ് ഡോ. സെന്‍ ഡല്‍ഹി സ്‌കൂളിലെത്തിയത്, കാരണം ഡോ. രാജും ധരം നാരായനും ചേര്‍ന്നു നടത്തിയിരുന്ന കാര്‍ഷിക പഠനങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തി. അസാധാരണമായൊരു ധൈഷണിക സമൂഹത്തിന്റെ കൂട്ടുചേരലും ഉത്സവവുമായിരുന്നു ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ്. എം.എന്‍. ശ്രീനിവാസ്, ആന്ദ്രേ ബെറ്റില്ലേ, ഖലീക് നക്വി, ധരം നാരായന്‍, ശകുന്തളാ മെഹ്റാ, ദേവകി ജയിന്‍, എ.ബി. ഘോഷ്, എന്‍.സി. റേ, അരുണ്‍ബോസ്, എ.എം ഖുശ്റൂ... അങ്ങനെ അതിപ്രഗത്ഭരായവരുടെ നിര. ഡോ. രാജിന്റെ നേതൃത്വത്തില്‍ വളരെ വേഗത്തിലായിരുന്നു ഡല്‍ഹി സ്‌കൂള്‍ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയത്.

ഇന്ത്യയിലെ ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്ര ഗവേഷകസ്ഥാപനം എന്നതിനപ്പുറം ലോകത്തിന്റെ മുന്നില്‍ ഇന്ത്യയെ പ്രതിഷ്ഠിച്ച സ്ഥാപനം എന്ന നിലയിലേക്ക് ഡല്‍ഹി സ്‌കൂള്‍ വളര്‍ന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സും ഓക്സ്ഫോര്‍ഡും കേംബ്രിഡ്ജും ഹാര്‍വാര്‍ഡുമായൊക്കെ സഹകരിച്ച് ഒട്ടനവധി ഗവേഷകപ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായും നെഹ്റുവിയന്‍ സാമ്പത്തിക നയപഠനങ്ങളുടെ സിരാകേന്ദ്രവുമായി ഡല്‍ഹി സ്‌കൂള്‍ മാറി. ഇന്നും ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്രപഠന കേന്ദ്രമായി ഡല്‍ഹി സ്‌കൂള്‍ തുടരുകയാണ്.

തന്റെ ജീവിതത്തിലെ ഏറ്റവും സഫല ദിനങ്ങളായി ഡോ. രാജ് കരുതുന്നത് ഡല്‍ഹി സ്‌കൂളിലെ അദ്ധ്യാപനകാലമായിരുന്നു. അധികാര സ്ഥാപനങ്ങളുമായും സാമ്പത്തിക സംവിധാനങ്ങളുമായുള്ള ബന്ധം അത്രയൊന്നും പ്രസക്തമായി അദ്ദേഹം കരുതിയില്ല. ഡല്‍ഹി സ്‌കൂളിലെ ക്ലാസ്സ്റൂമുകള്‍ സജീവമായിരുന്നു; അതിനൊരു 'എലീറ്റ്' പരിവേഷമുണ്ടായിരുന്നു. വിദ്യാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും സിവില്‍ സര്‍വ്വീസ് മേഖലകളിലേക്കു ചേക്കേറി. അരുണ്‍ഷൂറിയെപ്പോലെ വളരെ കുറച്ചുപേരെ സജീവ ജീവിതത്തില്‍ നിലകൊണ്ടുള്ളൂ. ധരം നാരായണനേയും പ്രഭാത് പട്നായിക്കിനേയും ഉത്സ് പട്നായിക്കിനേയും പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞരുണ്ടായെങ്കിലും അവരുടെ എണ്ണം പരിമിതമായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്രവകുപ്പ് സംഘടിപ്പിച്ചതും ഡോ. രാജ് ആയിരുന്നു. പ്രഭാത് പട്നായിക്കും ഉത്സ് പട്‌നായിക്കും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളായിരുന്നു. ഡല്‍ഹി യൂണിവേഴ്സിറ്റിക്കു മുന്നില്‍ ജെ.എന്‍.യു പോലൊരു സംവിധാനം ആവശ്യമായിരുന്നുവോ? രാജിന്റെ ഉത്തരം: ''ജെ.എന്‍.യു ഒരു ഭ്രാന്തനായിരുന്നു. ഒരു വര്‍ഷക്കാലത്തെ ലീവെടുത്ത് ഞാന്‍ അമേരിക്കയില്‍ താമസിക്കുന്ന കാലം. എന്റെ മോന്‍ ദീനുവിന്റെ ചികിത്സയ്ക്കാണ് ഞാന്‍ അമേരിക്കയില്‍ പോയത്. ഡല്‍ഹിയില്‍ നിന്നൊരു ഓഫര്‍, ജെ.എന്‍.യുവിന്റെ ആദ്യ വൈസ്ചാന്‍സലര്‍ പദവി. നന്ദിയോടെ ഞാനത് നിരസിച്ചു. നെഹ്റുവിന്റെ സ്മാരകമായി ഒരു സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് എന്നതായിരുന്നു എന്റെ ആശയം.

യഥാര്‍ത്ഥത്തില്‍ ഡല്‍ഹി ഒരു അക്കാഡമിക് കള്‍ച്ചര്‍ ഉള്ള നഗരമല്ല. കേംബ്രിഡ്ജ് ഓക്സ്ഫോര്‍ഡ് എന്നൊക്കെ പറയുന്നതുപോലെ ബനാറസ്സിലും അലിഗഡിലും നിന്നാണ് ഞാനത് പ്രതീക്ഷിച്ചത്. ഒന്നും സംഭവിച്ചില്ല. നമ്മുടെ യൂണിവേഴ്സിറ്റി സംസ്‌കാരം വെറുമൊരു ബ്യൂറോക്രാറ്റിക് സംവിധാനമായി രാഷ്ട്രീയ ഇടപെടലുകള്‍ അതിനെ തകര്‍ത്തു. ഇടയ്ക്ക് വിട്ടുപോയതാണ് 1969-ല്‍ രാജ് ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ വൈസ്ചാന്‍സലറായ കാര്യം. ഏതാണ്ട് രണ്ടര വര്‍ഷക്കാലം, 1971-ല്‍ രാജിവച്ചു. വൈസ്ചാന്‍സലറെന്ന നിലയില്‍ തുടരാന്‍ തടസ്സങ്ങളൊന്നുമുണ്ടായിരുന്നില്ല. ഞാന്‍ ടീച്ചേഴ്സ് യൂണിയനില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ആളാണ്.

അക്കാലത്തെ പ്രൊഫസര്‍മാര്‍ യൂണിയന്‍ പ്രവര്‍ത്തനം മോശമാണെന്നു കരുതിയിരുന്നു. എനിക്ക് അങ്ങനെ തോന്നിയില്ല. സംഘടിതമായി നിന്നുകൊണ്ട് യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുക എന്നതായിരിന്നു അദ്ധ്യാപക സംഘടനകള്‍ ചെയ്യേണ്ടത്. പക്ഷേ, അങ്ങനെയല്ല സംഭവിച്ചത്. ജാതിയും മതവും രാഷ്ട്രീയവും അവരുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചപ്പോള്‍ ക്യാംപസ് കലാപകേന്ദ്രമായി. ജനസംഘത്തിന്റെ നേതൃത്വത്തില്‍ കുറെ പുതിയ കോളേജുകള്‍ കൂടി നിലവില്‍ വന്നതോടെ കാര്യങ്ങള്‍ മോശമായി. വിദ്യാര്‍ത്ഥി രാഷ്ട്രീയം തനി തോന്ന്യാസമായി മാറി. സ്ഥാനമാനങ്ങള്‍ മോഹിച്ച് അദ്ധ്യാപകര്‍ സ്വയം തരംതാണു. വൈസ്ചാന്‍സലറുടെ ജോലി യൂണിവേഴ്സിറ്റിക്കുള്ളില്‍ ക്രമസമാധാനം പാലിക്കുക എന്നതായി. ഞാന്‍ പറഞ്ഞു, ഈ വി.സി ജോലി വല്ല പൊലീസുകാരനേയും ഏല്പിക്കുക.

കേരളവും സി.ഡി.എസ്സും

1971-ല്‍ രാജ് കേരളത്തിലേക്ക് മടങ്ങിവന്നു, അച്യുതമേനോന്റെ ക്ഷണപ്രകാരം. തിരുവനന്തപുരത്തുവച്ച് മേനോന്‍ പറഞ്ഞു: ''കേരളത്തില്‍ യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിന്റെ നിലവാരം താഴ്ന്നതാണ്. യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റുകളിലെ പഠനപ്രവര്‍ത്തനങ്ങള്‍കൊണ്ട് കാര്യമായ ഫലങ്ങള്‍ ഉണ്ടാകുന്നില്ല. വികസനപ്രശ്നങ്ങള്‍ പഠിക്കാനും പരിഹാരം നിര്‍ദേശിക്കാനുമായി സ്വതന്ത്രമായ ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചുകൂടേ... സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ് സ്റ്റഡീസ് എന്ന ഐഡിയ അങ്ങനെയാണ് ഉണ്ടാകുന്നത്. 1971-ല്‍ സെന്റര്‍ ആരംഭിച്ചു. കേരളത്തിന്റെ വികസന പ്രശ്നങ്ങളില്‍ ഊന്നിയാണ് സെന്റര്‍ ഗവേഷണപഠനങ്ങള്‍ നടത്തിയത്. 1975-ല്‍ സെന്റര്‍ കേരളത്തിലെ വികസനപ്രശ്നങ്ങളെപ്പറ്റി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി പോവര്‍ട്ടി, അണ്‍എംപ്ലോയ്മെന്റ് ആന്‍ഡ് ഡവലപ്പ്മെന്റ് പോളിസി.

അച്യുതമേനോന്‍ വ്യക്തിപരമായ താല്പര്യമെടുത്ത് സെന്ററിനോട് സഹകരിച്ചു. കാര്‍ഷികരംഗത്തും ജലസേചനരംഗത്തും പല പരിഷ്‌കരണങ്ങളും നടപ്പിലാക്കാന്‍ അദ്ദേഹം താല്പര്യം കാട്ടി. കോഴിക്കോട്ട് വാട്ടര്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, പീച്ചിയില്‍ വനഗവേഷണകേന്ദ്രം, ആക്കുളത്ത് എര്‍ത്ത്സയന്‍സ് സ്റ്റഡീസ്. പക്ഷേ, വികസന ഗവേഷണ കാര്യങ്ങളില്‍ മേനോന് ഉണ്ടായിരുന്ന താല്പര്യം പിന്നാലെ വന്നവര്‍ക്കുണ്ടായില്ല. വികസന പഠനഫലങ്ങള്‍ പ്രയോഗിക്കാന്‍ ഗവണ്‍മെന്റിന് താല്പര്യം ഉണ്ടായാലേ ഇത്തരം സ്ഥാപനങ്ങളിലെ ഗവേഷണങ്ങള്‍ക്കും അര്‍ത്ഥമുള്ളൂ. അച്ചുതമേനോന്‍ ഒരു ടേംകൂടി മുഖ്യമന്ത്രിയായിരിക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തെപ്പോലെ ഒരാളെയെങ്കിലും രാഷ്ട്രീയ നേതൃത്വത്തില്‍ ഉണ്ടായിരിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ കേരളം വികസന കാര്യത്തില്‍ ഏറെ മുന്നോട്ടുപോയേനെ എന്നാണ് എന്റെ വിശ്വാസം. സി.പി.എമ്മിന് എന്നെ ഇഷ്ടമില്ല. ഞാന്‍ പരസ്യമായി നാടിന്റെ പ്രശ്നങ്ങള്‍ പറയും. അവര്‍ക്ക് വേണ്ടത് കേന്ദ്രവിരുദ്ധ സമീപനങ്ങളും നിലപാടുകളും മാത്രം സ്വന്തം കാര്യം മാറ്റിവെച്ച് കേന്ദ്രവിരുദ്ധം പറയുന്നതിലെ അന്തസ്സില്ലായ്മയോട് എനിക്ക് യോജിപ്പില്ല. കേരളത്തിന്റെ വികസനത്തിനുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങളൊന്നും സി.പി.എം നടത്തിയിട്ടില്ല. കേന്ദ്രത്തിനു വിരുദ്ധമായ ഒരു പൊളിറ്റിക്കല്‍ വോട്ട്ബാങ്ക് സൃഷ്ടിച്ച് അതു നിലനിറുത്തുക എന്നതാണ് അവരുടെ രാഷ്ട്രീയം.

1989 ജൂലൈയിലെ ഒരു സംഭാഷണത്തില്‍ രാജ് പറയുന്നത് ശ്രദ്ധിക്കുക: നമ്മുടെ വിഭവങ്ങളെപ്പറ്റി സാമ്പത്തികാവസ്ഥയെക്കുറിച്ചുള്ള സത്യസന്ധമായ വിലയിരുത്തലില്‍ അധിഷ്ഠിതമായിരിക്കണം ഭരണകൂടത്തിന്റെ സമീപനങ്ങള്‍. സര്‍ക്കാര്‍ ജീവനക്കാരനു തോന്നുംപടി ശമ്പളം കൂട്ടുന്നതും നാട്ടിലെ സര്‍വ്വ മനുഷ്യര്‍ക്കും പെന്‍ഷന്‍ നല്‍കുന്നതും വോട്ട് ബാങ്കുകള്‍ സൃഷ്ടിക്കാന്‍ തല്‍കാലം സഹായിക്കും. പക്ഷേ, വലിയ തിരിച്ചടികള്‍ സൃഷ്ടിക്കും. അണ്‍പോപ്പുലറായ തീരുമാനങ്ങള്‍ എടുക്കാനുള്ള തന്റേടമാണ് ഭരണകൂടത്തിന് ആവശ്യം. ഡോ. കെ.എന്‍. രാജിന്റെ എണ്‍പതുകളിലേയും തൊണ്ണൂറുകളിലേയും ഈ നിലപാട് പഴഞ്ചനാണെന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ എന്ന് മേനിനടിച്ച ഗീര്‍വാണക്കാര്‍ സെമിനാര്‍ ഹാളുകളിലും നിയമസഭാവേദികളിലും ആക്രോശിച്ചലറുന്നത് കേരളം കണ്ടു. ഉല്പാദനമേഖലകളെ നിര്‍ജ്ജീവമാക്കി നിര്‍ത്തിയശേഷം കടം വാങ്ങുക, അതിരുകളില്ലാതെ കടം വാങ്ങുക, അതാണത്രേ പുതിയ ധനകാര്യവും ഇടതുധനകാര്യവും. വെനിസ്വലയും ക്യൂബയും അര്‍ജന്റീനയുമൊക്കെ കടം കയറി മുടിഞ്ഞിട്ടും കേരളത്തിന് തൊട്ടടുത്ത് ശ്രീലങ്ക കടം കയറി തുലഞ്ഞിട്ടും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ധനകാര്യ കമ്മിറ്റിക്കാര്‍ക്ക് നേരം വെളുത്തില്ല. സര്‍ക്കാര്‍ ജീവനക്കാരന് എന്ന് ശമ്പളം കിട്ടുമെന്നത് ഇന്നൊരു അങ്കലാപ്പും വാര്‍ത്തയുമായിരിക്കുന്നു. ആരാണ് ഈ സ്ഥിതിയില്‍ കേരളത്തെ എത്തിച്ചത്. പിടിപ്പുകെട്ട ധനകാര്യ മാനേജ്മെന്റാണെന്ന് സുപ്രീംകോടതി വരെ പറഞ്ഞിട്ടും ഇടതുപക്ഷം നമ്മുടെ മുന്നില്‍നിന്ന് ഇളിക്കുകയാണ്.

കെ.എന്‍. രാജ് സി.ഡി.എസ്സിനെ അന്താരാഷ്ട്ര നിലവാരമുള്ള ഗവേഷണ സ്ഥാപനമായി വളര്‍ത്തിയെടുത്തു. ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനങ്ങളില്‍ ഒന്നായിരിക്കണം സി.ഡി.എസ് എന്നതായിരുന്നു സ്വപ്നം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള മികച്ച സ്‌കോളേഴ്സിനെ സി.ഡി.എസ്സില്‍ കൊണ്ടുവന്നു. ജോണ്‍ റോബിന്‍സണും കാല്‍ഡോറും ടിം ബര്‍ജനും തുടങ്ങി ഒട്ടനവധി വിദേശിയ സാമ്പത്തിക ശാസ്ത്രജ്ഞരും ധരം നാരായണനും മിഹിര്‍റഷീദിയും ഭവതോഷ്ഗുപ്തയും അമര്‍ത്യാസെന്നും തുടങ്ങിയ ഇന്ത്യന്‍ വിദഗ്ദ്ധരും ഒട്ടനവധി പ്രാവശ്യം സി.ഡി.എസ്സില്‍ ഗവേഷണപഠനങ്ങള്‍ക്ക് എത്തി. കേരളത്തിലെ കുഗ്രാമങ്ങളില്‍നിന്നും ഇന്ത്യയിലെ വലിയ നഗരങ്ങളില്‍നിന്നുമുള്ള മിടുക്കരായ വിദ്യാര്‍ത്ഥികള്‍ സി.ഡി.എസ്സില്‍ വന്നു. സി.ഡി.എസ് ലോകം അറിയുന്ന സാമ്പത്തിക ഗവേഷണ സ്ഥാപനമായി വളര്‍ന്നു.

തൊണ്ണൂറുകളുടെ ആരംഭം വരെ ഡോ. രാജ് സെന്ററില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രായത്തിന്റെ അവശതകളില്‍ അദ്ദേഹം മെല്ലെ പിന്‍വാങ്ങി, എങ്കിലും ജനകീയ ആസൂത്രണകാലത്തൊക്കെ വളരെ സജീവമായി പ്രവര്‍ത്തിച്ചു. പക്ഷേ, സെന്ററിന്റെ പില്‍കാല പതനം അദ്ദേഹത്തെ ദുഃഖിപ്പിച്ചു. സീനിയോരിറ്റിയിലും പ്രമോഷനിലും തൊഴിലാളിവര്‍ഗ്ഗബോധം എന്ന കാപട്യത്തിലും ഉടക്കിക്കിടക്കുന്ന മലയാളിയുടെ കരിയറിസ്റ്റ് മനോഭാവം സി.ഡി.എസ്സിനെ അപ്പാടെ വിഴുങ്ങി. എങ്കിലും മിടുക്കരായ ഒരുപാടുപേര്‍ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. കേരളത്തിന്റെ പ്രത്യേകമായ സോഷ്യോളജിയും രാഷ്ട്രീയവും സി.ഡി.എസ് എന്ന സ്വപ്നത്തേയും വിഴുങ്ങിക്കളഞ്ഞു എന്ന് വേദനയോടെ രാജ് പറഞ്ഞത് മരണത്തിനും ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. കേരളത്തിലെ ഗ്രന്ഥശാലകള്‍ പിടിച്ചടക്കിയതുപോലെ, സഹകരണ സ്ഥാപനങ്ങളും യൂണിവേഴ്സിറ്റികളും കയ്യടക്കിയതുപോലെ സി.ഡി.എസ് എന്ന മലയാളിയുടെ അഭിമാനത്തേയും പാര്‍ട്ടി വരുതിയിലാക്കി പുരോഗമനപരം എന്ന കാപട്യംകൊണ്ട് അതിനെ പുതപ്പിച്ചു. എത്ര വഷളായ രാഷ്ട്രീയമാണെന്നു നോക്കുക. ഇന്ന് സി.ഡി.എസ് വെറുമൊരു കേരള സ്ഥാപനം മാത്രമാണ്. യൂണിവേഴ്സിറ്റി വകുപ്പുകളിലേതുപോലെ എം.എയും പിഎച്ച്.ഡിയും നല്‍കുന്ന വെറുമൊരു അക്കാഡമിക് സ്ഥാപനം. ഡല്‍ഹിയിലേതിനെക്കാള്‍ വലിയൊരു ഇന്നിംഗ്സ് രാജിന് സി.ഡി.എസ്സില്‍ ഉണ്ടായിരുന്നു. പക്ഷേ, സി.ഡി.എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍, അവസാനകാലത്ത് രാജിനെ വേദനിപ്പിച്ചു.

രാജിന്റെ ജീവിതത്തിന്റെ ചെറിയൊരു പ്രൊഫൈല്‍ തയ്യാറാക്കുമ്പോഴും വിട്ടുപോകാന്‍ പാടില്ലാത്ത ഒരു കഥയുണ്ട്. ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ നിലനില്‍പിനു പിന്നിലെ രാജിന്റെ പ്രവര്‍ത്തനമാണത്. ഒരു സായാഹ്നത്തിലാണ് രാജ് എന്നോട് സച്ചിന്‍ബാബുവിന്റെ കഥ പറഞ്ഞത്. യാതൊരു ജാഡകളുമില്ലാത്ത ഒരു പാവം മനുഷ്യനായിരുന്നു സച്ചിന്‍ബാബു. രാജ് പഴയൊരു ആല്‍ബമെടുത്ത് എന്നെ കാണിച്ചു. തടിച്ച ഗ്ലാസുകള്‍ക്കുള്ളില്‍ കൂര്‍ത്ത കണ്ണുകളുമായിരിക്കുന്ന സച്ചിന്‍ ബാബുവിന്റെ ചിത്രം. ഒരു കസേരയില്‍ അദ്ദേഹം ചാരിക്കിടക്കുകയാണ്. തൊട്ടരികില്‍ ഒരു കൊച്ചുകുട്ടിയും. ഇത് ഗോപാലാണെന്ന് (രാജിന്റെ മൂത്തമകന്‍) രാജ് പറഞ്ഞു. കിഴക്കന്‍ ബംഗാളിലെ ദാരംഗ് എന്ന കൊച്ചുഗ്രാമത്തില്‍നിന്ന് കല്‍ക്കട്ടയിലേക്കും പിന്നെ ബോംബെയിലേക്കും അഭയാര്‍ത്ഥിയെപ്പോലെ സഞ്ചരിച്ച ആ സച്ചിന്‍ബാബുവാണ് പ്രസിദ്ധമായ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി ആരംഭിച്ചത്.

തെരുവ് വാണിഭക്കാരും പിമ്പുകളും നിറഞ്ഞ് ഒരു ബോംബെ തെരുവില്‍, നാല്‍പത്തിയഞ്ചാം വയസ്സില്‍ ഇക്കണോമിക്സ് വീക്കിലി ആരംഭിക്കുന്നത്. ഡാക്കയിലെ ഇക്കണോമിക്സ് അദ്ധ്യാപകജോലി വലിച്ചെറിഞ്ഞ്, കല്‍ക്കട്ടയിലെ ബസുമതി പത്രപ്പണിയും കളഞ്ഞ് ബോംബെത്തെരുവില്‍ എത്തിയപ്പോഴാണ്. ഇന്ത്യയുടെ ബാലന്‍സ് ഓഫ് പേമെന്റ് കമ്മ്യൂട്ടു ചെയ്യുന്ന ജോലിയുടെ ഭാഗമായി ഒരു സെമിനാര്‍ സംഘടിപ്പിച്ചപ്പോള്‍ കേള്‍വിക്കാരനായി സച്ചിന്‍ എത്തുന്നു, രാജിനെ പരിചയപ്പെടുന്നു. ജീവിതകാലം മുഴുവന്‍ നീണ്ടുനിന്ന ഒരു സൗഹൃദത്തിന്റെ തുടക്കം. ഒരു പഴയ കെട്ടിടത്തിന്റെ ഗോഡൗണില്‍ ഇക്കണോമിക് വീക്കിലികള്‍ക്കിടയില്‍ ജീവിച്ചിരുന്ന ആ മനുഷ്യന്‍ രാജിനെ അത്ഭുതപ്പെടുത്തി. രാജ് വീക്കിലിയില്‍ എഴുതാന്‍ തുടങ്ങി. സുഹൃത്തുക്കളായ ഇക്കോണമിസ്റ്റുകളെ വീക്കിലിയിലെഴുതാന്‍ പ്രേരിപ്പിച്ചു. ക്രമേണ ധനശാസ്ത്രജ്ഞന്മാരും രാഷ്ട്രീയക്കാരും വീക്കിലിയില്‍ എഴുതിയതോടെ അത് പ്രസിദ്ധമായി. ധനകാര്യമന്ത്രിമാര്‍ക്ക് വീക്കിലി പേടിസ്വപ്നമായി. അറുപതുകളുടെ മധ്യത്തില്‍ പക്ഷേ, കടംകയറി വീക്കിലി പൂട്ടിപ്പോകുമെന്ന അവസ്ഥയായി. എന്നോട് പറഞ്ഞു വീക്കിലി അടച്ചുപൂട്ടുന്നു, സച്ചിന്‍ ദുഃഖിതനായിരുന്നു ഒരുപാട് അസുഖങ്ങളും, എന്തുചെയ്യണം എന്ന് എന്നോട് ചോദിച്ചു. സുഹൃത്തുക്കള്‍ പറയുന്നതുപോലെ ചെയ്യൂ എന്ന എന്റെ മറുപടി സച്ചിനെ ദേഷ്യപ്പെടുത്തി. മുഖത്തടിക്കുംപോലെ സച്ചിന്‍ എന്നോട് ചോദിച്ചു. ദീനു (എന്റെ രണ്ടാമത്തെ മകന്‍) ആരോഗ്യമില്ലാത്തവനാണെന്ന് കരുതി നിങ്ങള്‍ അവനെ മരിക്കാന്‍ അനുവദിക്കുമോ? ഞാന്‍ പതറിപ്പോയി. സച്ചിന് വീക്കിലി ജീവന്റെ ഭാഗമായിരുന്നു, അഗാധമായ സാമൂഹ്യ ബോധമായിരുന്നു. കല്യണം കഴിക്കാന്‍ പോലും മറന്നുപോയിരുന്നു സച്ചിന്‍. ''ഞാന്‍ എന്തു ചെയ്യണം'' - ഞാന്‍ ചോദിച്ചു.

ഇ.പി.ഡബ്ല്യു
ഇ.പി.ഡബ്ല്യു

തഴഞ്ഞ ഇടതുപക്ഷം

നിങ്ങള്‍ ലീഡര്‍ഷിപ്പ് ഏറ്റെടുക്കണം. ഞാനും അശോകമിത്രയും ചേര്‍ന്ന് ഒരു പിരിവ് നടത്തി. ഞങ്ങളുടെ പ്രതീക്ഷകള്‍ക്കപ്പുറമുള്ള പ്രതികരണവുമുണ്ടായി, രണ്ട് ലക്ഷത്തി ഇരുപത്തയ്യായിരം രൂപ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്നു ലഭിച്ചു. സച്ചിന് സന്തോഷമായി വീക്കിലി പുനരാംരംഭിച്ചു. 'ഇക്കണോമിക് വീക്കിലി' എന്നത് 'ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി' എന്നാക്കി. ഇ.പി.ഡബ്ല്യൂ എന്നത് പിന്നെ ഒരു ഇന്ത്യന്‍ ധൈഷണിക ബ്രാന്റായി. പക്ഷേ, അതിന്റെ പിന്നില്‍നിന്ന സച്ചിന്‍ ബാബുവിന്റേയും ഡോ. രാജിന്റേയുമൊക്കെ അഗാധമായ സാമൂഹ്യബോധം നമുക്ക് ഓര്‍ക്കാവുന്നതിനമപ്പുറമായിരുന്നു. സച്ചിനു ശേഷം ഇ.പി.ഡബ്ല്യൂ എഡിറ്ററായി കൃഷ്ണരാജ് വന്നു. അതിനു നിമിത്തമായതും ഡോ. രാജായിരുന്നു. അത് മറ്റൊരു കഥ.

ഡോ. കെ.എന്‍. രാജ് ദന്തഗോപുരത്തില്‍ ജീവിച്ച ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നില്ല. ജനങ്ങള്‍ക്കിടയില്‍, പൊതുജീവിതത്തില്‍ നിറഞ്ഞുനിന്ന് ഒരു ആക്ടിവിസ്റ്റായി ജനന്മയ്ക്കുവേണ്ടി പൊരുതിയ ആളായിരുന്നു. കേംബ്രിഡ്ജിലോ ലണ്ടന്‍ സ്‌കൂളിലോ ഡല്‍ഹി സ്‌കൂളിലോ അദ്ദേഹത്തിന് അപ്രാപ്യമായ പദവികളുണ്ടായിരുന്നില്ല. അധികാര സ്ഥാപനങ്ങളോടുള്ള അടുപ്പം ഒരിക്കല്‍പോലും വ്യക്തിഗത നേട്ടത്തിന് ഉപയോഗിച്ചില്ല. അമര്‍ത്യാസെന്നിനെക്കാളും ജഗദീഷ് ഭഗവതിയേക്കാളും അന്താരാഷ്ട്രരംഗത്ത് പ്രകീര്‍ത്തിക്കപ്പെടേണ്ട ധനശാസ്ത്രജ്ഞനായിട്ടും അദ്ദേഹത്തെ അത്തരം പ്രശംസകളൊന്നും തെല്ലും സ്വാധീനിച്ചില്ല. അതുകൊണ്ടാണ് കേരളത്തിലേക്ക് മടങ്ങിവന്നത്. എണ്‍പതാം പിറന്നാള്‍ വേളയില്‍, രാജിനോട് ചോദിച്ചു കേരളത്തിലേക്ക് മടങ്ങിവന്നതില്‍ ഖേദിക്കുന്നുണ്ടോയെന്ന്? എന്റെ സാധാരണമായ ചോദ്യം കേട്ട് അദ്ദേഹം ചിരിച്ചു. ഒരു നിമിഷം കഴിഞ്ഞ് പറഞ്ഞു: 'I am happy, very happy...' 1999-ല്‍ രാഷ്ട്രം പത്മവിഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു. കേരളം രാജിന് അര്‍ഹമായ ബഹുമാനം നല്‍കിയോ? 2010 ഫെബ്രുവരി 10-ന് എണ്‍പത്തിയഞ്ചാം വയസ്സില്‍ രാജ് അന്തരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ് സ്റ്റഡീസിന് ഡോ. രാജിന്റെ പേര് നല്‍കണമെന്ന നിര്‍ദേശം പല കോണുകളില്‍നിന്ന് ഉയര്‍ന്നു.

പക്ഷേ, ഇടതുസര്‍ക്കാരിന് അത് അംഗീകരിക്കാനുള്ള വിശാല മനസ്സുണ്ടായില്ല. ഇടതുപക്ഷത്തിന്റെ മനസ്സ് അത്ര ഇടുങ്ങിയതായിരുന്നു. തങ്ങളെ വിമര്‍ശിക്കുന്നവര്‍ എത്ര ഉന്നതരായാലും അവര്‍ ഒരിക്കലും അംഗീകരിച്ച ചരിത്രമില്ലല്ലോ. പ്രസിദ്ധ നിയമപണ്ഡിതനും നാഷണല്‍ ലോ സ്‌കൂളുകളുടെ പിതാവും എന്ന് അറിയപ്പെടുന്ന പ്രൊഫ. എന്‍.ആര്‍. മാധവമേനോനോട് ഞാന്‍ ഇക്കാര്യം ചോദിച്ചു. രണ്ടു പ്രാവശ്യം അദ്ദേഹം സി.ഡി.എസ് ഗവേണിങ്ങ് ബോഡിയുടെ ചെയര്‍മാനും പിന്നെ അംഗവുമായിരുന്നു. മാത്രമല്ല, ഡല്‍ഹിയില്‍ ഏറെ നാള്‍ ഡോ. രാജിന്റെ ക്വാര്‍ട്ടേഴ്സിന് അരികില്‍ താമസിക്കുക മാത്രമല്ല, രാജിനോടും കുടുംബത്തോടും അഗാധമായ ആദരവും സ്നേഹവും മനസ്സില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. ഡോ. മാധവമേനോന്‍ എന്നോട് പറയുകയായിരുന്നു: ''എനിക്കും അങ്ങനെയൊരു അഭിപ്രായമായിരുന്നു. അതായിരുന്നു വേണ്ടിയിരുന്നതും. വിവാദമുണ്ടായപ്പോള്‍ അപ്പോഴത്തെ ചെയര്‍മാന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ബിമല്‍ ജലാന്‍ എന്നോട് പറയുകയും ചെയ്തു, നമ്മള്‍ രാജിന്റെ പേര് സി.ഡി.എസ്സിന് നല്‍കുന്നതല്ലേ ഭംഗി; പക്ഷേ, ഗവേണിങ് ബോഡിയില്‍ എതിര്‍പ്പ് ഉയര്‍ന്നു.'' ആരാണ് എതിര്‍പ്പ് ഉയര്‍ത്തിയവര്‍, ഇന്ന് നമുക്ക് അവരെ അറിയാം. ഇടതുപക്ഷത്തിന്റെ മനസ്സ് അത്രയും സങ്കുചിതവും ഇടുങ്ങിയതുമായിരുന്നു. അവസാനം രാജിനെ തഴഞ്ഞു എന്ന പേരുദോഷം ഒഴിവാക്കാനായി സി.ഡി.എസ് ലൈബ്രറിയുടെ പ്രവേശനകവാടത്തില്‍ അദ്ദേഹത്തിന്റെ ഒരു ചിത്രം വച്ചു, ലൈബ്രറിക്ക് രാജിന്റെ പേര് നല്‍കി! കേരളത്തിന്റെ വികൃതമായ ഈ ഇടതുപക്ഷ മനസ്സിനെ നമ്മള്‍ എങ്ങനെ വായിക്കണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.