ഒരു തെരുവിന്റെ മിഠായിക്കഥ; രവി മേനോന്‍ എഴുതുന്നു

മിഠായിത്തെരുവിന്റെ സ്റ്റാര്‍ട്ടിംഗ് പോയിന്റായ കിഡ്സണ്‍ കോര്‍ണര്‍ മറ്റൊരു ഗൃഹാതുര സ്മൃതി. രാധയില്‍നിന്ന് മാറ്റിനി കണ്ട്, ആര്യഭവനിലെ ഉഴുന്നുവട കഴിച്ച്, മുന്നിലെ പുസ്തകക്കടയില്‍നിന്ന് സ്പോര്‍ട്‌സ് വീക്കിന്റെ പുതിയ ലക്കം വാങ്ങി കക്ഷത്തില്‍വെച്ച് കിഡ്‌സണ്‍ ടൂറിസ്റ്റ് ഹോമിന് മുന്നില്‍ നടന്നെത്തുമ്പോഴേക്കും നല്ലൊരു ആള്‍ക്കൂട്ടം രൂപപ്പെട്ടിരിക്കും അവിടെ. വന്‍കിട-ചെറുകിട എഴുത്തുകാര്‍, ബുദ്ധിജീവി സിനിമക്കാര്‍, മുന്‍ നക്സലൈറ്റുകള്‍, കോളേജ് കുമാരന്മാര്‍, പത്രപ്രവര്‍ത്തകര്‍, പാട്ടുകാര്‍, പൂവാലന്മാര്‍, സ്വവര്‍ഗസ്നേഹികള്‍, നാടകക്കാര്‍ എന്നിങ്ങനെ കോഴിക്കോടിന്റെ ഒരു ക്രോസ്സ് സെക്ഷന്‍.
SM Street,Calicut
മിഠായിത്തെരുവ് Manu R Mavelil
Updated on
5 min read

യനാട്ടില്‍നിന്നുള്ള പച്ചപ്പെയിന്റടിച്ച സി.ഡബ്ല്യു.എം.എസ് ബസില്‍ കോഴിക്കോട്ടെ പാളയം സ്റ്റാന്റില്‍ വന്നിറങ്ങി വലിയൊരു തുകല്‍ ബാഗും തൂക്കി എന്റെ കൈപിടിച്ച് എം.എം. അലി റോഡിലേക്ക് നടക്കവേ അച്ഛന്‍ പറഞ്ഞു: ''നെനക്ക് വെശക്കിണില്യേടോ? മ്മക്ക് മിഠായിത്തെരുവില്‍ച്ചെന്ന് ഊണ് കഴിച്ചാലോ?'' മിഠായിത്തെരുവ്. മധുരം കിനിയുന്ന ആ പേര് അഞ്ചാം ക്ലാസ്സുകാരന്റെ മനസ്സില്‍ പതിഞ്ഞത് അന്നാണ്. വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ മിഠായികള്‍ ആരോ ചുറ്റിലും വാരിവിതറിയപോലെ. റോഡിലും റോഡരികിലെ കടകളിലും അതിലെ പോകുന്ന വാഹനങ്ങളിലും നിറയെ മിഠായി. ഊണും മിഠായിമയമാകണേ എന്ന് പ്രാര്‍ത്ഥിച്ചു അവന്റെ മനസ്സ്: മിഠായിച്ചോറ്, മിഠായിക്കൂട്ടാന്‍, മിഠായിത്തോരന്‍, മിഠായിപ്പപ്പടം... ആനന്ദലബ്ധിക്കിനി എന്തുവേണം?

ഓട്ടോറിക്ഷ തലങ്ങും വിലങ്ങും ഓടുന്നുണ്ട്. എങ്കിലും അച്ഛന് നടന്നാണ് ശീലം. പൊരിവെയില്‍ വകവെയ്ക്കാതെ വിയര്‍ത്തൊലിച്ച് മൊയ്തീന്‍പള്ളി റോഡും കടന്ന് മിഠായിത്തെരുവിലെത്തുന്നു ഞങ്ങള്‍. വലത്തേക്ക് തിരിഞ്ഞു പാഴ്സികളുടെ അഞ്ജുമന്‍ ക്ഷേത്രവും ബ്യൂട്ടി സ്റ്റോറും ബട്ടണ്‍ ഹൗസും ബാറ്റയും കണ്ണൂര്‍ ഷോപ്പും പാറന്‍സ് പല്ലാശുപത്രിയും കടന്ന് നേരെ രാധ പിക്ച്ചര്‍ പാലസ് കോമ്പൗണ്ടിലേക്ക്. അവിടെയാണ് സസ്യാഹാരത്തിന് പേരുകേട്ട ആര്യഭവന്‍ ഹോട്ടല്‍.

SM STREET
രാധാ തീയറ്റര്‍

രാധ എന്ന പേര് റിലീസ് പടങ്ങളുടെ പത്രപ്പരസ്യത്തിലേ കണ്ടിട്ടുള്ളൂ അതുവരെ. ചുണ്ടേല്‍ റോഷന്‍ ടോക്കീസ് എന്ന ഓലക്കൊട്ടകയില്‍ എം.ജി.ആറിന്റെ വാള്‍പ്പയറ്റും ജയശങ്കറിന്റെ വെടിവെപ്പും കണ്ടാണല്ലോ ശീലം. പൂമുഖവും വിശാലമായ കവാടവുമൊക്കെയുള്ള ഇരുനില സിനിമാശാല കണ്‍മുന്നില്‍ കാണുന്നത് ആദ്യം. മാറ്റിനി ഷോ തുടങ്ങാനാകുന്നേയുള്ളു. എങ്ങനെയാകും തിയേറ്ററിന്റെ ഉള്‍ഭാഗം എന്നറിയാനുള്ള കൗതുകം ഉള്ളിലൊതുക്കി, രാധയുടെ മുന്‍പില്‍ പതിച്ചിരുന്ന 'ബോംബെ റ്റു ഗോവ' എന്ന ഹിന്ദി ചിത്രത്തിന്റെ കൂറ്റന്‍ പോസ്റ്റര്‍ നോക്കി അന്തംവിട്ടുനിന്നപ്പോള്‍ കൈ പിടിച്ചുവലിച്ച് അച്ഛന്‍ പറഞ്ഞു: ''മതിയെടോ നോക്കീത്. വേഗം ശാപ്പാട് കഴിച്ചു സ്ഥലം വിടാം മ്മക്ക്. വേറെയും ഉണ്ട് പണികള്‍...''

ഉത്സവത്തിനുള്ള ആളുണ്ടായിരുന്നു ആര്യഭവനില്‍. ആദ്യം കണ്ണില്‍പ്പെട്ടത് ചുമരില്‍ തൂക്കിയിട്ടിരുന്ന ക്ലോക്കാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ ഗതകാല പ്രൗഢിയുമായി ഭക്ഷണശാലയിലെ ജനക്കൂട്ടത്തെ ഗൗരവപൂര്‍വം വീക്ഷിച്ചുകൊണ്ടിരുന്ന ആംഗ്ലോ സ്വിസ്സ് വാച്ച് കമ്പനിയുടെ കൂറ്റന്‍ ഘടികാരം. അത്രയും വലുപ്പമുള്ള ഒരു ക്ലോക്ക് അതിനുമുന്‍പ് കണ്ടിട്ടില്ല. അധികം വൈകാതെ മാര്‍ബിള്‍ പോലെ മിനുമിനുത്ത മേശപ്പുറത്ത് വലിയ വലിയ സ്റ്റീല്‍ പാത്രങ്ങള്‍ നിരന്നു. അവയിലേക്ക് ചോറും കറികളും വാര്‍ന്നുവീണു.

ഊണുകഴിഞ്ഞു പുറത്തെ വെയിലിലേക്കിറങ്ങിയപ്പോള്‍ രാധയുടെ മുറ്റത്ത് വലിയൊരു ക്യൂ. ഹിന്ദി പടം കാണാനാവണം. ആള്‍ക്കൂട്ടത്തിനിടയിലൂടെ അച്ഛന്റെ കൈപിടിച്ച് തിരികെ റോഡിലേക്കിറങ്ങുമ്പോള്‍ മനസ്സിലോര്‍ത്തു: ''എന്നെങ്കിലും ഭാഗ്യമുണ്ടാകുമോ ഈ തിയേറ്ററില്‍ വന്ന് ഇതുപോലെ ക്യൂ നിന്ന് സിനിമ കാണാന്‍?''

അഞ്ചാറ് വര്‍ഷം കൂടിയേ കാത്തിരിക്കേണ്ടിവന്നുള്ളൂ ആ സ്വപ്നം സഫലമാകാന്‍. ദേവഗിരി കോളേജില്‍ പ്രീഡിഗ്രിക്കാരനായതോടെ രാധ മാത്രമല്ല, ഡേവിസണും അപ്സരയും സംഗവും കോറണേഷനും പുഷ്പയുമെല്ലാം തീര്‍ത്ഥാടനകേന്ദ്രങ്ങളായി മാറി അവന്. റിലീസ് ചെയ്ത ആദ്യദിനം തന്നെ ചെന്നു കണ്ട ഒരേയൊരു സിനിമയേ ഉള്ളൂ ഓര്‍മ്മയില്‍. എ.ബി. രാജിന്റെ 'ഇരുമ്പഴികള്‍.' പ്രേംനസീറും ജയനും ജയഭാരതിയും അഭിനയിച്ച ആ നാടന്‍ കൗബോയ് പടം കണ്ടത് രാധയില്‍ നിന്നാണ്. മാറ്റിനിക്ക് ടിക്കറ്റു കിട്ടാത്ത വാശിക്ക് ഫസ്റ്റ് ഷോ വരെ കാത്തുനിന്നു കണ്ട സിനിമ. ടിക്കറ്റെടുത്ത് അകത്തുകയറിയപ്പോഴേക്കും ഷര്‍ട്ട് കീറിയിരുന്നു.

SM STREET
മഴ നേരത്ത്് മിഠായിത്തെരുവ് TP SOORAJ.The New Indian Express KOZHIKODE.09744613052

ആര്യഭവനില്‍നിന്ന് തിരികെ നടക്കുമ്പോള്‍ വഴിയോരത്തെ കടകളിലായിരുന്നു കണ്ണുകള്‍. അത്രയും ഇടതൂര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങള്‍ മറ്റെങ്ങും കണ്ടിട്ടില്ല. എല്ലാ കടകളിലും സാമാന്യം നല്ല ആള്‍ക്കൂട്ടം. രാധയില്‍നിന്ന് കോര്‍ട്ട് റോഡിലേക്ക് തിരിയുന്ന ജങ്ക്ഷനില്‍ വൈറ്റ് ഷോപ്പുണ്ട്. അന്നത്തെ ഏറ്റവും തിരക്കുപിടിച്ച വസ്ത്രശാല. രാധയുടെ എതിര്‍വശത്താണ് റോഡില്‍നിന്ന് അല്പം ഉള്ളിലേക്ക് കയറിയുള്ള മോഡേണ്‍ ലഞ്ച് ഹോം. ഉച്ചയൂണിനും മസാലദോശയ്ക്കും പേരുകേട്ടയിടം.

മധുരമുള്ള ഓര്‍മ്മകള്‍

കോളേജ്കുമാരനായി കോഴിക്കോടിന്റെ ഭാഗമായ ശേഷമാണ് മിഠായിത്തെരുവുമായുള്ള പ്രണയം പൂത്തുലയുന്നത്. അന്നൊക്കെ അതൊരു സ്നേഹത്തണലായിരുന്നു എനിക്ക്. ഹോസ്റ്റലിലെ സഹവാസികള്‍ വാരാന്ത്യങ്ങളില്‍ വീട്ടിലേക്ക് യാത്രയാകുമ്പോള്‍, മടുപ്പിക്കുന്ന ഏകാന്തതയെ അകറ്റാന്‍ കാമുകിയെപ്പോലെ എന്നും കൂട്ടുവന്ന തെരുവ്. ക്രൗണില്‍നിന്നോ ഡേവിസണില്‍നിന്നോ മാറ്റിനി കണ്ട ശേഷം നേരെ മിഠായിത്തെരുവിലേക്ക് നടന്നുചെല്ലും വൈകുന്നേരങ്ങളില്‍. ഇന്നത്തെ അലക്കിത്തേച്ച സിന്തറ്റിക് എസ്.എം സ്ട്രീറ്റല്ല; മാനാഞ്ചിറയെ തഴുകിവരുന്ന കാറ്റേറ്റ് അലസമദാലസയായി മലര്‍ന്നുകിടന്ന ആ പഴയ അച്ചടക്കരഹിതയായ മിഠായിത്തെരുവ്. പരസ്പരം കൂട്ടിമുട്ടാതിരിക്കാന്‍ ബദ്ധപ്പെട്ടുകൊണ്ട് തലങ്ങും വിലങ്ങും നടന്നുപോകുന്ന ആളുകളെ നോക്കി കിഡ്സണ്‍ കോര്‍ണറിനടുത്തുള്ള സി.പി.എ സ്റ്റോഴ്സില്‍നിന്ന് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കോറണേഷന്‍ ലോഡ്ജ് വരെയുള്ള ദൂരം താണ്ടി തിരിച്ചുവരുമ്പോഴേക്കും ഒരു പുനര്‍ജനി എഫക്ട് കിട്ടിയിരിക്കും. ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന ഭാവങ്ങളിലൂടെ, വികാരങ്ങളിലൂടെ, രുചിക്കൂട്ടുകളിലൂടെ ഒരു ടൈം ട്രാവല്‍.

മധുരം കിനിയുന്ന ഓര്‍മ്മകളാണ്

നൂറ്റാണ്ട് പഴക്കമുള്ള കൃഷ്ണ മഹാരാജ് ഹല്‍വ സ്റ്റോറിന്റെ മുകളിലെ റെസ്റ്റോറന്റിലെ പഴംപൊരിയുടെ സ്വാദ് ഇന്നുമുണ്ട് നാവിന്‍തുമ്പത്ത്. വായിലിട്ടാല്‍ അലിഞ്ഞുപോകുന്ന പലഹാരം. പുറത്തുനിന്ന് നോക്കിയാല്‍ ശ്രദ്ധയില്‍ പെടില്ല ആ ഭക്ഷണശാല. അകത്തു കടന്നുചെന്ന് കുത്തനെയുള്ള മരഗോവണി കയറിവേണം മുകളിലെത്താന്‍. കൃഷ്ണ മഹാരാജിന്റെ തൊട്ടടുത്താണ് ബിരിയാണിക്ക് പേരുകേട്ട ലക്കി ഹോട്ടല്‍. തെരുവിന്റെ മറ്റേയറ്റത്ത് പുത്തന്‍ സസ്യേതര വിഭവങ്ങളുമായി ടോപ് ഫോം വരുന്നതുവരെ ബിരിയാണിയുടെ രാജധാനിയായിരുന്നു ലക്കി. പൊറോട്ടയ്ക്ക് പേരുകേട്ട ഷഹന്‍ഷാ ഹോട്ടലും കമാലിയയും കൂടി ചേര്‍ന്നാല്‍ മിഠായിത്തെരുവിന്റെ രുചിക്കൂട്ട് പൂര്‍ണ്ണം.

ബേക്കറികളില്‍ മലബാര്‍ ഹല്‍വാ സ്റ്റോറും ശങ്കരന്‍ ബേക്കറിയും മോഡേണ്‍ ബേക്കറിയും തന്നെ കേമന്മാര്‍. ഒരിക്കലും ചൂടാറാത്ത വറുത്തകായയാണ് ശങ്കരന്റെ ഹൈലൈറ്റ്. പല നിറങ്ങളിലുള്ള ഹലുവ കിട്ടും മലബാറില്‍. പുസ്തകക്കടകളില്‍ കെ.ആര്‍. ബ്രദേഴ്സും പി.കെ. ബ്രദേഴ്സും മുഖാമുഖം നിന്ന് മത്സരിക്കുന്നതു കാണാം. രണ്ടും നഗരത്തിലെ എഴുത്തുകാരുടെ സംഗമവേദികള്‍. സ്‌കൂളും കോളേജും വേനലവധി കഴിഞ്ഞു തുറക്കുന്ന സമയത്താണ് രണ്ടു ബുക്ക് സ്റ്റാളുകളിലും തിരക്ക്. എങ്കിലും തൊട്ടപ്പുറത്തെ കോര്‍ട്ട് റോഡില്‍ ബാലകൃഷ്ണമാരാരുടെ 'ടൂറിംഗ് ബുക്ക് സ്റ്റാള്‍' ജനപ്രിയമായിത്തുടങ്ങിയിരുന്നു അപ്പോഴേക്കും.

ബ്യൂട്ടി സ്റ്റോഴ്സും കണ്ണൂര്‍ ഷോപ്പും വിട്ടല്‍ റാവുവും ഫെയര്‍ ഡീലും പസിഫിക് സ്റ്റോഴ്സും പിന്നീട് വന്ന എറണാകുളം ടെക്സ്‌റ്റൈല്‍ സെന്ററുമാണ് വസ്ത്രം വാങ്ങാനെത്തുന്നവരുടെ അഭയകേന്ദ്രങ്ങള്‍. രാധ ജംങ്ക്ഷനിലെ പങ്കജ് വെറൈറ്റി ഹാളില്‍ ഉപ്പു തൊട്ട് കര്‍പ്പൂരം വരെ എന്തും കിട്ടും. ഇംഗ്ലീഷ് മരുന്ന് വാങ്ങാന്‍ കുട്ടന്‍ ബ്രദേഴ്സുണ്ട്. വാച്ചിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ആന്‍ഡ്രൂസ് വാച്ച് കമ്പനി. ബാറ്റും ബോളുമൊക്കെ വാങ്ങാന്‍ ലോഹി സ്പോര്‍ട്സ്. നല്ല കാപ്പിപ്പൊടിക്ക് സ്വാമിയുടെ കാപ്പിക്കട, കണ്ണടയ്ക്ക് സിറ്റി ഓപ്ടിക്കല്‍സ്. വൈറ്റ് ഷോപ്പിന് എതിരെയുള്ള കെട്ടിടത്തിലെ 'അള്‍ട്ര' എന്ന തുന്നല്‍ക്കടയില്‍നിന്ന് ഇരുപത്താറും മുപ്പത്തിരണ്ടും ഇഞ്ച് 'ബെല്ലു'ള്ള എത്രയോ ബെല്‍ബോട്ടം കാലുറകള്‍ തുന്നി വാങ്ങിയിരിക്കുന്നു. പാവാടയും പാന്റ്സും തമ്മിലുള്ള അതിര്‍രേഖകള്‍ നേര്‍ത്തു നേര്‍ത്ത് ഇല്ലാതായിക്കൊണ്ടിരുന്ന കാലമായിരുന്നല്ലോ അത്.

SM Street,Calicut
'ചിത്രയാണ് പാടുന്നത് എന്നറിഞ്ഞുകൊണ്ടു തന്നെയാണ് അന്നത് ചെയ്തത്, ഒരു എതിരാളി എന്ന നിലയില്‍ ഒരിക്കലും കണ്ടിട്ടേയില്ല'

നാഷണല്‍ സ്റ്റുഡിയോയും പീതാംബര്‍ സ്റ്റുഡിയോയുമാണ് മിഠായിത്തെരുവിലെ പടമെടുപ്പ് കേന്ദ്രങ്ങള്‍. പീതാംബര്‍ സ്റ്റുഡിയോയുടെ ചുമരില്‍ തൂങ്ങിക്കിടന്നിരുന്ന കൊമ്പന്‍ മീശക്കാരന്റേയും താടിക്കാരന്റേയും ചിത്രങ്ങള്‍ കൗതുകത്തോടെ കണ്ടുനില്‍ക്കാറുണ്ടായിരുന്നു അന്നൊക്കെ. പിന്നീടറിഞ്ഞു അത് ഫുട്ബോളിലെ പടക്കുതിരകളായ മഗന്‍ സിംഗും യൂസഫ് ഖാനുമാണെന്ന്. 1990-ല്‍ ഡല്‍ഹിയില്‍ നടന്ന ഒരു ഫുട്ബോള്‍ സെമിനാറില്‍വെച്ച് കണ്ടുമുട്ടിയപ്പോള്‍ യൂസഫ് ഖാന്‍ സാഹിബിന് ആദ്യമറിയേണ്ടിയിരുന്നത് പീതാംബര്‍ സ്റ്റുഡിയോയുടെ ചുമരില്‍ താന്‍ ഇപ്പോഴുമുണ്ടോ എന്നാണ്.

കാബറേക്കാലം

ക്വീന്‍സ് ഹോട്ടലിലേക്ക് കയറിപ്പോകുന്ന പടവുകള്‍ അത്ഭുതത്തോടെ കണ്ടുനിന്നിട്ടുണ്ട്. ഭക്ഷണമായിരുന്നില്ല മുഖ്യ ആകര്‍ഷണം. കാബറെ ആയിരുന്നു. കേരളത്തില്‍ തന്നെ കാബറെ എന്ന മാദകനൃത്തമുള്ള അപൂര്‍വം ഹോട്ടലുകളില്‍ ഒന്നായിരുന്നു 'തൊഴില്‍രഹിതരായ പോസ്റ്റ് ഗ്രാജുവേറ്റുകള്‍' ചേര്‍ന്ന് തുടക്കമിട്ട ക്വീന്‍സ്. മഹാറാണിയിലും കോണ്‍കോര്‍ഡിലും കാബറെ ഉണ്ടെങ്കിലും കൂടുതല്‍ ജനകീയം ക്വീന്‍സിലെ ഷോ തന്നെ. ഫസ്റ്റ് ഷോയും സെക്കന്റ് ഷോയുമുണ്ട് അന്ന് ക്വീന്‍സില്‍. 25 രൂപയാണ് ഫസ്റ്റ് ഷോയുടെ ചാര്‍ജ്ജ്. അല്പം കൂടി വീര്യം കൂടിയ സെക്കന്റ് ഷോയ്ക്ക് പത്തു രൂപ അധികം മുടക്കണം.

സിനിമയിലേ അതുവരെ കാബറെ കണ്ടിട്ടുള്ളൂ. വിജയലളിത, ജ്യോതിലക്ഷ്മി, ജയമാലിനി, ഹെലന്‍, പദ്മ ഖന്ന ഒക്കെ കളിക്കുന്ന കാബറെയല്ല ഇവിടത്തെ കാബറെ എന്ന് പറഞ്ഞുതന്നത് ഒപ്പം താമസിച്ചിരുന്ന വിജയനാണ്. വീട്ടില്‍നിന്ന് ആവശ്യത്തിലേറെ പോക്കറ്റ് മണി ലഭിച്ചിരുന്ന വിജയന്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും കാബറെ കാണും. ഒരിക്കല്‍ എന്നെയും ക്ഷണിച്ചതാണ്. പേടികൊണ്ട് പോയില്ല. ആയിടെ കാബറെ നടക്കുന്ന ഹോട്ടലുകളില്‍ പൊലീസ് കടന്നുചെന്ന് മാദക നര്‍ത്തകിമാരേയും 'കലാസ്നേഹിക'ളായ പ്രേക്ഷകരേയും പിടിച്ചുകൊണ്ടുപോയതായി വാര്‍ത്തയുണ്ടായിരുന്നു പത്രത്തില്‍. മാത്രമല്ല, പരിചയക്കാര്‍ ആരുടെയെങ്കിലും കണ്ണില്‍ പെട്ടാല്‍ മാനം പോകുന്ന കേസല്ലേ?

സകല ധൈര്യവും സംഭരിച്ച് ഒടുവില്‍ കാബറെ കണ്ടത് ക്വീന്‍സിന്റെ പിന്‍ഗാമിയായി ബാറ്റയുടെ എതിര്‍ഭാഗത്ത് പ്രത്യക്ഷപ്പെട്ട എസ്‌കിമോ എന്ന ഹോട്ടലില്‍നിന്നാണ്. ഹോട്ടലുടമകളിലൊരാളും കലാസ്നേഹിയും സിനിമാനടനുമായ സിദ്ദിഖിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു ആ സന്ദര്‍ശനം. കൂട്ടിന് മാധ്യമ സഹജീവികളുമുണ്ട്. കഷ്ടകാലത്തിന് അന്നുമുണ്ടായി പൊലീസ് റെയ്ഡ്. അന്നാണ് മിഠായിത്തെരുവിലൂടെ ആദ്യമായും അവസാനമായും സഹപ്രവര്‍ത്തകരോടൊപ്പം ആവേശകരമായ ഒരു 'നിശാമാരത്ത'ണില്‍ പങ്കെടുത്തത്. നടുക്കുന്ന ഓര്‍മ്മ.

SM STREET
മിഠായിത്തെരുവ് TP SOORAJ.The New Indian Express KOZHIKODE.09744613052

എസ്‌കിമോയുടെ ജീവാത്മാവും പരമാത്മാവുമായിരുന്ന സിദ്ദിഖിനെക്കുറിച്ച് പറയാതെ മിഠായിത്തെരുവോര്‍മ്മകള്‍ പൂര്‍ണ്ണമാകില്ല. ക്ലിന്റ് ഈസ്റ്റ് വുഡിന്റെ കടുത്ത ആരാധകനായിരുന്നു സിദ്ദിഖ്. ഈസ്റ്റ് വുഡിന്റെ 'ദി ഗുഡ് ദി ബാഡ് ആന്‍ഡ് ദി അഗ്ലി' എന്ന വിഖ്യാത വെസ്റ്റേണ്‍ ആക്ഷന്‍ ചിത്രം ക്രൗണ്‍ തിയേറ്ററില്‍നിന്ന് പലയാവര്‍ത്തി കണ്ട് ഹരംകൊണ്ടതിന്റെ ആവേശത്തില്‍ ഏതോ ജഡ്കക്കാരനില്‍നിന്ന് ഒരു വെള്ളക്കുതിരയെ വാടകക്കെടുത്ത് തിരക്കേറിയ കോഴിക്കോടന്‍ നഗരവീഥികളിലൂടെ കൗബോയ് സ്‌റ്റൈലില്‍ കുതിച്ചുപായാന്‍ ചങ്കൂറ്റം കാണിച്ച ചെറുപ്പക്കാരനെ നമ്മള്‍ എന്തു വിളിക്കും? അഹങ്കാരിയെന്നോ, അതോ കിറുക്കനെന്നോ?

പക്ഷേ, സിദ്ധിഖിന് ആ കിറുക്കും അഹങ്കാരവും ഒരു അലങ്കാരമായിരുന്നു. മിഠായിത്തെരുവിലെ ശ്വാസംമുട്ടിക്കുന്ന തിരക്കിലൂടെയാണ് ഒരു വൈകുന്നേരം കൗബോയ് തൊപ്പിയും അരയില്‍ ഗണ്‍ബെല്‍റ്റും വിശറിക്കോളറുള്ള കുപ്പായവും കഴുത്തിലൊരു ഉറുമാലുമായി സിദ്ധിഖ് തന്റെ അശ്വമേധം നടത്തിയത്. തൊട്ടടുത്തയാഴ്ചത്തെ കലാകൗമുദി ഫിലിം മാഗസിനില്‍ ആ വിചിത്ര വേഷം പടം സഹിതം വാര്‍ത്തയായി... 'കാരപ്പറമ്പിലെ കൗബോയ്' എന്ന പേരില്‍...

കിഡ്സണ്‍ കോര്‍ണര്‍

ആദ്യമായി ഒരു സിനിമാനടനുമായി 'കൂട്ടിമുട്ടി'യതും മിഠായിത്തെരുവില്‍ വെച്ചുതന്നെ. മുട്ടലിന്റെ ആഘാതത്തില്‍ തെറിച്ചുപോയ കുടയും ബാഗും നിലത്തുനിന്ന് വാരിയെടുത്ത് ക്ഷമാപണത്തോടെ തിരികെ ഏല്പിക്കുമ്പോഴാണ് ആ മുഖം ശ്രദ്ധിച്ചത്: കുഞ്ഞാണ്ടി! സിനിമയില്‍ ചെറുചെറു റോളുകളില്‍ വന്നുപോകുന്ന ആളായി മാറിയിരുന്നു അന്ന് ആണ്ടിയേട്ടന്‍. സായാഹ്ന യാത്രകള്‍ക്കിടയില്‍ പിന്നെയും കണ്ടു സെലിബ്രിറ്റികളെ. എഴുത്തുകാരും കളിക്കാരും നാടകക്കാരുമെല്ലാം ഉണ്ടായിരുന്നു അക്കൂട്ടത്തില്‍: തിക്കോടിയന്‍, കെ.ടി. മുഹമ്മദ്, എന്‍.പി. മുഹമ്മദ്, ജോണ്‍ എബ്രഹാം, ഒളിംപ്യന്‍ റഹ്മാന്‍, പ്രേംനാഥ് ഫിലിപ്പ്, എം.എന്‍. കാരശ്ശേരി, പി.എ. ബക്കര്‍, സുജനപാല്‍, പി.എ. മുഹമ്മദ് കോയ, ടി.വി. കൊച്ചുബാവ, നെല്ലിക്കോട് ഭാസ്‌കരന്‍, മധു മാസ്റ്റര്‍, ജോയ് മാത്യു...

SM STREET
നവീകരണത്തിന് മുന്‍പ് മിഠായിത്തെരുവ്

മിഠായിത്തെരുവിന്റെ സ്റ്റാര്‍ട്ടിംഗ് പോയിന്റായ കിഡ്സണ്‍ കോര്‍ണര്‍ മറ്റൊരു ഗൃഹാതുര സ്മൃതി. രാധയില്‍നിന്ന് മാറ്റിനി കണ്ട്, ആര്യഭവനിലെ ഉഴുന്നുവട കഴിച്ച്, മുന്നിലെ പുസ്തകക്കടയില്‍നിന്ന് സ്പോര്‍ട്‌സ് വീക്കിന്റെ പുതിയ ലക്കം വാങ്ങി കക്ഷത്തില്‍വെച്ച് കിഡ്‌സണ്‍ ടൂറിസ്റ്റ് ഹോമിന് മുന്നില്‍ നടന്നെത്തുമ്പോഴേക്കും നല്ലൊരു ആള്‍ക്കൂട്ടം രൂപപ്പെട്ടിരിക്കും അവിടെ. വന്‍കിട-ചെറുകിട എഴുത്തുകാര്‍, ബുദ്ധിജീവി സിനിമക്കാര്‍, മുന്‍ നക്സലൈറ്റുകള്‍, കോളേജ് കുമാരന്മാര്‍, പത്രപ്രവര്‍ത്തകര്‍, പാട്ടുകാര്‍, പൂവാലന്മാര്‍, സ്വവര്‍ഗസ്നേഹികള്‍, നാടകക്കാര്‍ എന്നിങ്ങനെ കോഴിക്കോടിന്റെ ഒരു ക്രോസ്സ് സെക്ഷന്‍.

പ്രതിമയായി മാറി എസ്.കെ. പൊറ്റെക്കാട് മിഠായിത്തെരുവിലേക്ക് നോക്കിനിന്നു തുടങ്ങിയിട്ടില്ല അന്ന്. കിഡ്‌സണ്‍ ടൂറിസ്റ്റ് ഹോം കെ.ടി.ഡി.സിയുടെ മലബാര്‍ മാന്‍ഷനായി വേഷം മാറിയിരുന്നുമില്ല. നല്ല ഊണും ദോശയും കിട്ടുന്ന റെസ്റ്റോറണ്ടായിരുന്നു കിഡ്‌സന്റെ മുഖ്യ ആകര്‍ഷണം. അതിനും മുന്‍പ് സത്രം ബില്‍ഡിംഗ് ആയിരുന്നത്രേ അത്.

പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ചുരുങ്ങിയ വാടകയ്ക്ക് തങ്ങാവുന്ന ഇടം. കിഡ്‌സണ്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ കെട്ടിടത്തിന് ഗ്ലാമര്‍ കൂടി. കോരപ്പറമ്പില്‍ ഇമ്പിച്ചി ദമയന്തി സണ്‍സ് എന്നത്രേ കിഡ്‌സണ്‍സിന്റെ (ഗകഉടഛചട) പൂര്‍ണ്ണരൂപം. യഥാര്‍ത്ഥ ഗ്ലാമര്‍ കിഡ്‌സണ്‍കാരുടെ ബ്രെഡ്ഡിനായിരുന്നു. ക്യൂ നിന്നാണ് അന്ന് ആള്‍ക്കാര്‍ കിഡ്‌സണ്‍സ് ബ്രെഡ്ഡ് വാങ്ങുക. കിഡ്‌സണും സൂപ്പര്‍ ബ്രെഡ്ഡുമാണ് അന്നത്തെ റൊട്ടിത്തമ്പ്രാക്കള്‍.

വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം ജേര്‍ണലിസ്റ്റ് ട്രെയിനിയായി കോഴിക്കോട്ട് തിരിച്ചെത്തിയപ്പോഴും മിഠായിത്തെരുവുണ്ടായിരുന്നു ഹൃദയപൂര്‍വം സ്വീകരിക്കാന്‍. പഴയ ക്ഷുഭിത യൗവ്വനങ്ങള്‍ പലരും മധ്യവയസ്‌കരും വൃദ്ധരും ക്ഷീണിതരുമായിക്കഴിഞ്ഞിരുന്നു എന്നൊരു വ്യത്യാസം മാത്രം. ജീവിതത്തോടുള്ള ആസക്തി നഷ്ടപ്പെട്ടപോലെ തോന്നി പലര്‍ക്കും. ചിലരാകട്ടെ, കൂടുതല്‍ ഊര്‍ജ്ജസ്വലരായി. അവരൊക്കെ പരസ്പരം സംസാരിക്കുന്നതും കലഹിക്കുന്നതും കേട്ടുനില്‍ക്കാന്‍ പോലുമുണ്ടായിരുന്നു ഒരു ഹരം. പരാധീനതകള്‍ നിറഞ്ഞ ട്രെയിനീ ജീവിതത്തെ ഒരു പരിധിവരെ ആസ്വാദ്യകരമാക്കിയത് സംഭവബഹുലമായ ആ സായാഹ്നക്കൂട്ടായ്മകള്‍ കൂടിയാണ്.

ഇന്നും ഇടക്കൊക്കെ കോഴിക്കോട്ട് വന്നിറങ്ങുമ്പോള്‍ കാലുകള്‍ ഞാനറിയാതെ തന്നെ മിഠായിത്തെരുവ് തേടിച്ചെല്ലും. പഴയ ടീനേജ് കാമുകന്‍ ഇപ്പോഴും ഉള്ളിലുണ്ടല്ലോ. പക്ഷേ, കാമുകി പാടേ മാറിപ്പോയി. പഴയ അലസമദാലസയുടെ സ്ഥാനത്ത് എല്ലാ അര്‍ത്ഥത്തിലും പ്രായോഗികമതിയായ ഒരു ന്യൂജെന്‍ സുന്ദരി. പാടിപ്പതിഞ്ഞ പഴയൊരു നാടന്‍പാട്ട് റീമിക്സ് ചെയ്ത് സ്റ്റേജില്‍ അവതരിപ്പിക്കുന്ന ഫീലാണ് ഇപ്പോള്‍ മിഠായിത്തെരുവിലെ ആള്‍ത്തിരക്കില്‍ ചെന്നുനിന്നാല്‍. ഈണവും താളവും പഴയതുതന്നെ. പക്ഷേ, ഓര്‍ക്കസ്ട്രേഷനും സൗണ്ടിംഗും അപ്പടി മാറി; ദൃശ്യങ്ങളും.

എങ്കിലെന്ത്? ഇഷ്ടഗാനത്തിന്റെ താളം ഇപ്പോഴുമുണ്ടല്ലോ അന്തരീക്ഷത്തില്‍... എനിക്കതു മതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com