രാഷ്ട്രീയം ഫാഷന്‍ പരേഡോ പി.ആര്‍. വര്‍ക്കോ അല്ല; മൂല്യങ്ങള്‍ നഷ്ടമായ കേരളത്തിലെ ഇടതുപക്ഷത്തെക്കുറിച്ച്...

രാഷ്ട്രീയം ഫാഷന്‍ പരേഡോ പി.ആര്‍. വര്‍ക്കോ അല്ല;  മൂല്യങ്ങള്‍ നഷ്ടമായ കേരളത്തിലെ ഇടതുപക്ഷത്തെക്കുറിച്ച്...
Updated on

ലയാളികളെ മാര്‍ക്സിസം പഠിപ്പിച്ച ബാലപാഠാവലി കെ. ദാമോദരന്‍ എഴുതിയതാണ്. 'പാട്ടബാക്കി'യും 'ഭാരതീയ ചിന്ത'യും എഴുതിയ ദാമോദരന്‍ പത്ത് ചെറിയ പുസ്തകങ്ങളിലൂടെയാണ് കമ്യൂണിസം പഠിപ്പിച്ചത്. ദാമോദരന്‍ 1965-ല്‍ 'ധാര്‍മ്മികമൂല്യങ്ങള്‍' എന്നൊരു പുസ്തകമെഴുതി. മൂര്‍ച്ചയേറിയ തിരിഞ്ഞുനോട്ടമായിരുന്നു അത്.

'ധാര്‍മ്മികമൂല്യങ്ങള്‍'ക്ക് ഇപ്പോള്‍ ആറുപതിറ്റാണ്ട് തികയുന്നു. പ്രായംകൊണ്ട് പുസ്തകം വയസ്സനായി. പുസ്തകത്തില്‍നിന്നുള്ള ഏതാനും ഉദ്ധരണികള്‍ താഴെ കൊടുക്കുന്നു. ദാമോദരന്റെ നിരീക്ഷണങ്ങള്‍ പരിശോധിക്കാം.

1. ''സോഷ്യലിസം വെറുമൊരു സാമ്പത്തികവ്യവസ്ഥ മാത്രമല്ല. മനുഷ്യസ്നേഹത്തിലടിയുറച്ച സാമൂഹ്യബന്ധങ്ങള്‍ കെട്ടിപ്പടുക്കാനുള്ള ഉപാധികൂടിയാണ്. സോഷ്യലിസത്തിലടങ്ങിയ മനുഷ്യസ്നേഹമാണ് ജനങ്ങളെ ആവേശഭരിതരും ക്രിയോന്മുഖരുമാക്കുന്നത്.''

2. ''പ്രസ്ഥാനത്തെ സംഘടിപ്പിക്കാനും നയിക്കാനും കെല്‍പ്പുള്ള പരിപക്വതയുള്ള പ്രതിനിധികളേയും നേതാക്കന്മാരേയും സൃഷ്ടിക്കാത്ത ഒറ്റ വര്‍ഗ്ഗമെങ്കിലും ചരിത്രത്തില്‍ ആധിപത്യം നേടിയിട്ടില്ല.''

3. ''തൊഴിലാളിവര്‍ഗ്ഗത്തോടും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുമുള്ള കൂറ്, അഗാധമായ താത്ത്വികജ്ഞാനം, ബഹുജനങ്ങളെ സംഘടിപ്പിക്കാനും അവരുടെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനുമുള്ള അസാമാന്യമായ കഴിവ്, ഊര്‍ജ്ജസ്വലമായ മനശ്ശക്തി എന്നിങ്ങനെ പല ഗുണങ്ങളുമുണ്ടായതുകൊണ്ടാണ് സ്റ്റാലിന്‍ അനിഷേധ്യനേതാവായത്. പക്ഷേ, ഈ ഗുണങ്ങളോടൊപ്പം തന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത, സഹപ്രവര്‍ത്തകരെക്കുറിച്ചുള്ള അനാരോഗ്യകരമായ ദുശ്ശങ്കകള്‍, ധാര്‍ഷ്ട്യം, നിര്‍ദ്ദയത, നേതൃത്വഭ്രമം എന്നിങ്ങനെയുള്ള ദുര്‍ഗുണങ്ങളുമുണ്ടായിരുന്നു. ആദ്യകാലത്ത് ഉപരിതലത്തിലേക്ക് പൊന്തിവരാന്‍ മടിച്ച ഈ ദുഃസ്വഭാവങ്ങള്‍ വ്യക്തിപൂജയുടെ അന്തരീക്ഷത്തില്‍ ഊക്കോടെ പുറത്തുചാടാന്‍ തുടങ്ങി. തല്‍ഫലമായി സോഷ്യലിസത്തിന്റെ പുരോഗതിക്കു വലിയ ഹാനി നേരിടുകയും ചെയ്തു.''

4. എല്ലായ്പ്പോഴും കാപട്യമുണ്ടായിക്കൊള്ളണമെന്നില്ല. തെരഞ്ഞെടുപ്പിനു നില്‍ക്കുമ്പോഴും, പ്രസംഗങ്ങള്‍ നടത്തുമ്പോഴും പൊതുജനങ്ങളില്‍നിന്ന് പണം പിരിച്ചെടുത്ത് സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുമ്പോഴും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാന്‍ വേണ്ടി കൈക്കൂലി വാങ്ങുമ്പോഴുമെല്ലാം താന്‍ ജനങ്ങള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് നേതാവ് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നുണ്ടാവാം. തന്റെ ആഗ്രഹാഭിലാഷങ്ങളാണ് ജനങ്ങളുടെ ആഗ്രഹങ്ങള്‍ എന്ന് അയാള്‍ കരുതുന്നുണ്ടാകാം. ക്രമത്തില്‍ അയാള്‍ തനിക്ക് ഇഷ്ടമില്ലാത്തതൊന്നും ജനങ്ങള്‍ ഇഷ്ടപ്പെട്ടുകൂടാ എന്ന നിലപാടിലെത്തിച്ചേരുന്നു. തന്റെ ചൊല്‍പ്പടിക്കു നില്‍ക്കാത്തവരെയെല്ലാം നശിപ്പിച്ചുകളയേണ്ടത് ഒഴിച്ചുകൂടാന്‍ പാടില്ലാത്ത കര്‍ത്തവ്യമാണെന്നുപോലും അയാള്‍ വിചാരിക്കാന്‍ തുടങ്ങുന്നു.''

5. ''ഒരുകാലത്ത് സമരധീരതയും ത്യാഗമനോഭാവവും പ്രകടിപ്പിച്ച അതേ വ്യക്തികള്‍ തന്നെ പുതിയ സാഹചര്യങ്ങളില്‍ അസാന്മാര്‍ഗ്ഗികതകളിലേക്ക് വഴുതിവീഴുന്നു. കായികവും മാനസികവുമായ എല്ലാത്തരം അധ്വാനങ്ങളോടുമുള്ള പുച്ഛം, പണിയെടുക്കാതെ മടിയന്മാരായി കഴിയാനും സുഖലോലുപരുമാകാനുള്ള വാസന, അമിതമായ കള്ളുകുടി, ലൈംഗികമായ അസാന്മാര്‍ഗ്ഗിക ബന്ധങ്ങള്‍, പൊതുജനങ്ങളില്‍നിന്ന് പിരിച്ചുണ്ടാക്കുന്ന പൊതുഫണ്ടുകളില്‍നിന്നോ സഹകരണസ്ഥാപനങ്ങള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളില്‍നിന്നോ പണം തട്ടിയെടുക്കല്‍, പാര്‍ട്ടിയുടെ പേരില്‍ പണം പിരിച്ച് സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കല്‍, സ്ഥാനമാനങ്ങള്‍ക്കുള്ള കൊതി, സഹപ്രവര്‍ത്തകരെ കാലുവാരല്‍, സ്വന്തം കുറ്റങ്ങള്‍ മറച്ചുപിടിക്കാന്‍ വേണ്ടി മറ്റുള്ളവരുടെ പേരില്‍ അപവാദങ്ങള്‍ പറഞ്ഞുപരത്തല്‍, ഉദ്യോഗസ്ഥമേധാവിത്വം, സ്വജനപക്ഷപാതം, കളവ്, കൈക്കൂലി, നേതൃസ്ഥാനങ്ങളെ സ്വന്തം കാര്യം നോക്കാനുള്ള ഏണിപ്പടികളാക്കല്‍, കപടനാട്യങ്ങള്‍, അസാന്മാര്‍ഗികതയോടുള്ള വിട്ടുവീഴ്ച, ലക്ഷ്യത്തോട് കൂറില്ലായ്മ, വ്യക്തിപ്രാഭവം, ആത്മപ്രശംസ, അച്ചടക്കരാഹിത്യം, മനുഷ്യത്വപരമായ പെരുമാറ്റങ്ങളിലും സൗഹാര്‍ദപരമായ പരസ്പരസഹായങ്ങളിലും നിഷ്‌കര്‍ഷയില്ലായ്മ, അരാജകത്വപരമായ സ്വകാര്യജീവിതം, സത്യസന്ധതയില്ലായ്മ, വിശ്വാസവഞ്ചന എന്നിങ്ങനെയുള്ള ദുഃസ്വഭാവങ്ങള്‍ക്കു വളരാന്‍ പറ്റിയ ഒരന്തരീക്ഷത്തിലേക്ക് അവര്‍ നീങ്ങുന്നു.''

6. ''മനുഷ്യന് ഭൗതികാവശ്യങ്ങളെന്നപോലെ ആത്മീയാവശ്യങ്ങളുമുണ്ട്. ഭൗതികനിലവാരത്തിന്റെ ഉയര്‍ച്ച ആത്മീയവും ധാര്‍മ്മികവുമായ നിലവാരത്തിന്റെ ഉയര്‍ച്ചയ്ക്ക് വഴിതെളിക്കണം. സാമ്പത്തികാഭിവൃദ്ധിയുടെ യാന്ത്രികമായ അഭിവൃദ്ധിയല്ല ധാര്‍മ്മികാഭിവൃദ്ധി. ജനങ്ങളുടെ ധാര്‍മ്മികനിലവാരം ഉയരണമെങ്കില്‍ അവരെ നയിക്കുന്ന നേതാക്കന്മാരുടെ ധാര്‍മ്മികനിലവാരം ഉയരണം.''

7. ''മാനുഷികഗുണങ്ങളുടെ വിളനിലമായ സമ്പൂര്‍ണ്ണമനുഷ്യനെ രൂപപ്പെടുത്തുക എന്നതാണ് കമ്യൂണിസത്തിന്റെ ഏറ്റവും പ്രധാനമായ ലക്ഷ്യം.''

8. ''ഉല്‍കൃഷ്ട മനുഷ്യര്‍ നിറഞ്ഞ ഉല്‍കൃഷ്ടസമൂഹം സൃഷ്ടിക്കണമെങ്കില്‍ അതിനു നേതൃത്വം നല്‍കുന്നവരും ഉല്‍കൃഷ്ടരായിരിക്കണം.''

9. ''സോഷ്യലിസത്തിനുവേണ്ടിയുള്ള സമരം എല്ലാത്തരം മൃഗീയതകള്‍ക്കുമെതിരായി മനുഷ്യത്വത്തെ ഊട്ടിയുറപ്പിക്കാനുള്ള സമരവുമായി അവിഭാജ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍ മനുഷ്യത്വമുള്ള ജനങ്ങള്‍ക്കേ മാനുഷികമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ. ചീത്തമനുഷ്യര്‍ക്ക് നല്ല സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കില്ല. നല്ല സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ മുതിരുന്നവര്‍ സ്വയം നല്ലവരായിരിക്കണം.

10. ''ഫ്യൂഡല്‍വ്യവസ്ഥയിലെ ചൂഷകവര്‍ഗ്ഗക്കാര്‍ക്ക് അധ്വാനത്തോട് പുച്ഛമായിരുന്നു. 'ജോലി സ്വസ്ഥം' എന്നായിരുന്നു ആഭിജാത്യത്തിന്റെ മുദ്രാവാക്യം. അതിന്റെ സ്ഥാനത്ത് ഇപ്പോള്‍ 'ജോലി രാഷ്ട്രീയം' എന്ന പുതിയൊരാഭിജാത്യം തലപൊക്കിയിരിക്കുകയാണ്. വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തക്കേട് അധാര്‍മ്മികതയുടെ ഉറവിടമായിത്തീരുന്നു.''

1965-ല്‍നിന്നും 2024-ല്‍ എത്തിയപ്പോഴും ഈ കണ്ടെത്തലുകള്‍ പ്രസക്തമാകുന്നെങ്കില്‍ മൂല്യച്ച്യുതി പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല. രാഷ്ട്രീയം ഒരു ഫാഷന്‍ പരേഡോ സ്റ്റേജ് ഷോയോ പി.ആര്‍. വര്‍ക്കോ അല്ല. അതിന് ധാര്‍മ്മികമായ ഒരു ആത്മാവ് ഉണ്ട്. എല്ലാം നേടിയിട്ടും ആത്മാവ് കൈമോശം വന്നാല്‍ പിന്നെന്തു കാര്യം എന്ന ബൈബിള്‍വചനം രാഷ്ട്രീയത്തിലേയും മൂല്യബോധമാണ്. ആ ആത്മാവാണ് ജന്മികളുടെ ഗുണ്ടകള്‍ ഇടിച്ചിട്ടും പൊലീസിന്റെ ബൂട്ടുകള്‍ ചവിട്ടിമെതിച്ചിട്ടും കുനിയാത്ത ശിരസ്സുകള്‍ കമ്യൂണിസ്റ്റുകാരന് നല്‍കിയത്. ആ ആത്മാവില്‍ നിന്നാണ് 'മനുഷ്യനാകണം' എന്ന പാട്ട് പിറന്നത്. അതെ ആത്മാവാണ് അന്യന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കുന്നത്. അതെ ആത്മാവിലാണ് നൂറു പൂക്കള്‍ വിരിയുന്നത്.

ലെനിന്‍
ലെനിന്‍
ഇടതുപക്ഷ രാഷ്ട്രീയം ഒരു ക്ഷണിക്കപ്പെട്ട സദസ്സായി മാറുന്നു. മൂല്യബോധത്തിന്റെ ഉരകല്ലില്‍ മേക്കപ്പ് സാമഗ്രികള്‍ ഉണക്കാനിട്ടിരിക്കുന്നു. തല മറന്ന് എണ്ണ തേയ്ക്കുകയല്ല ഇപ്പോള്‍, എണ്ണത്തോണിയില്‍ നീന്തിത്തുടിക്കുകയാണ്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ വ്യാകരണം മാറി. നഷ്ടപ്പെടാനില്ലാത്തവരുടെ ലോകമല്ല, നഷ്ടപ്പെടാന്‍ മാത്രമുള്ളവരുടെ ലോകമായി.

മനുഷ്യത്വം മറന്ന മാര്‍ക്‌സിസ്റ്റുകള്‍

രാഷ്ട്രീയ എതിരഭിപ്രായം പറഞ്ഞ ഒരു മനുഷ്യനെ ഇറച്ചിക്കടയില്‍ മാടിനെ വെട്ടിനുറുക്കിയ പോലെ 51 വെട്ടുകള്‍കൊണ്ട് കഷണങ്ങളാക്കിയത് ഏത് മാനവികതയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്? ഒരു വിദ്യാര്‍ത്ഥിയെ പട്ടിയെ എന്നപോലെ കെട്ടിയിട്ട് മൂന്നു ദിവസം ആര്‍ത്തട്ടഹസിച്ച് വളഞ്ഞിട്ട് തല്ലിയപ്പോള്‍ എത്ര പൂക്കളാണ് വിടര്‍ന്നത്? ക്ഷണിക്കാത്ത യോഗത്തിലേക്ക് ചെന്ന് ഒരു ജീവനക്കാരനെതിരെ വീറുറ്റ പ്രകടനം കാഴ്ചവെച്ച് മരണവാറന്റില്‍ ഒപ്പുവെച്ചപ്പോള്‍ ഏത് സംഗീതമാണ് ആസ്വദിച്ചത്? കേരളം പെട്ടെന്ന് മറക്കാത്ത മൂന്ന് മരണങ്ങളാണ് ഇത്. വിശേഷണങ്ങളുടെ പട്ടുകുപ്പായത്തില്‍ പ്രദര്‍ശനത്തിനിറങ്ങാത്ത വെറും മനുഷ്യന്റെ മനസ്സില്‍ നീറിനീറി കത്തുന്നുണ്ട് ഈ മൂന്ന് മൃതദേഹങ്ങള്‍ ഇപ്പോഴും. ആ ചിതയിലെ കനലുകള്‍ പാടുന്നുണ്ട് 'മനുഷ്യനാകണം' എന്ന്. ചെവിയുള്ളവര്‍ക്ക് അത് കേള്‍ക്കാം. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും വെറും മനുഷ്യര്‍ മാത്രമാണ്. സാങ്കേതിക വാക്കുകളുടെ കമ്പി വലിച്ചുകെട്ടി വാര്‍ത്തെടുത്ത പണ്ഡിതന്മാരുടെ സിമന്റ് രൂപങ്ങളല്ല. റെക്കോഡ് ചെയ്തത് മാത്രം ആവര്‍ത്തിക്കുന്ന സ്വനഗ്രാഹി യന്ത്രവുമല്ല.

ഇതാണോ മാര്‍ക്സ് പറഞ്ഞ മനുഷ്യത്വം? മാര്‍ക്സ് ഏറ്റവുമധികം ആവര്‍ത്തിച്ചത് 'വര്‍ക്ക് ഫോര്‍ ഹ്യുമാനിറ്റി' എന്ന വാചകമാണ്. പരിവര്‍ത്തനത്തിന്റെ കാഹളം മുഴക്കുമ്പോഴും സാമൂഹ്യചിന്തയില്‍ വരുത്തിയ ഈ ഗുണപരമായ മാറ്റമാണ് ചെഗുവേര മാര്‍ക്സിന്റെ ഏറ്റവും വലിയ സംഭാവനയായി കാണുന്നത്. വയലാര്‍ സമരത്തില്‍ വെടിവെച്ച പൊലീസുകാരന്റെ അടുത്തേക്ക് മുട്ടില്‍ ഇഴഞ്ഞുചെന്ന് കൈക്ക് പിടിച്ച് ''അരുത് സഖാക്കളെ, നിങ്ങള്‍ക്കും നിങ്ങള്‍ തന്‍ ധരണിക്കും വേണ്ടിയാണീസമരം'' എന്ന് പറഞ്ഞ് അന്ത്യശ്വാസം വലിച്ചവര്‍, കയ്യൂരിലെ കഴുമരത്തിലേക്ക് നടക്കുന്നതിനു മുന്‍പ് നിശ്ചയദാര്‍ഢ്യത്തിന്റെ മുഷ്ടി ചുരുട്ടി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.സി. ജോഷിക്ക് അഭിവാദ്യങ്ങള്‍ നേര്‍ന്നവര്‍ (അന്ന് രാത്രി ജോഷി ഡയറി എഴുതിയപ്പോള്‍ മഷിയായിരുന്നില്ല കണ്ണീരായിരുന്നു താളില്‍ പടര്‍ന്നത്), കേരളത്തിന്റെ ജയിലുകളില്‍ ഇടികൊണ്ട് ചോര തുപ്പിയവര്‍, നിവര്‍ത്തിപ്പിടിച്ച വാള്‍ത്തലപ്പിലേക്ക് സ്വന്തം തല വെച്ചുകൊടുത്തവര്‍, അവരാണ് കേരളത്തിന്റെ ആധാരശിലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേരെഴുതിയത്. അല്ലാതെ പ്രൊഫ. കെ.വി. തോമസും ഡോ. പി. സരിനും ചേര്‍ന്നല്ല.

നിന്ദിതരുടേയും പീഡിതരുടേയും ആശ്രയമാണ് ഇടതുപക്ഷം. അതിന്റെ തണല്‍മരങ്ങള്‍ അത് തന്നെ വെട്ടുകയാണ്. ഒരാള്‍ പാര്‍ട്ടിയംഗം ആകണമെങ്കില്‍ ആദ്യം താല്‍ക്കാലിക അഥവാ കാന്‍ഡിഡേറ്റ് അംഗത്വം. ഒരു വര്‍ഷത്തെ പരിശോധനയ്ക്ക് ശേഷം പൂര്‍ണ്ണ അംഗത്വം. ഇതാണ് രീതി. ഇപ്പോള്‍ വി.ഐ.പികള്‍ക്ക് വേറൊരു 'വിന്‍ഡോ' തുറന്നു. അതിലൂടെ അംഗത്വം അല്ലെങ്കില്‍ ഭരണത്തിന്റെ പദവികള്‍. ത്യാഗം, നിഷ്‌ക്കാമകര്‍മ്മം എന്നിവയൊക്കെ സാധാരണക്കാര്‍ക്കുള്ള അരിഷ്ടങ്ങള്‍. ഇടതുപക്ഷ രാഷ്ട്രീയം ഒരു ക്ഷണിക്കപ്പെട്ട സദസ്സായി മാറുന്നു. മൂല്യബോധത്തിന്റെ ഉരകല്ലില്‍ മേക്കപ്പ് സാമഗ്രികള്‍ ഉണക്കാനിട്ടിരിക്കുന്നു. തല മറന്ന് എണ്ണ തേയ്ക്കുകയല്ല ഇപ്പോള്‍, എണ്ണത്തോണിയില്‍ നീന്തിത്തുടിക്കുകയാണ്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ വ്യാകരണം മാറി. നഷ്ടപ്പെടാനില്ലാത്തവരുടെ ലോകമല്ല, നഷ്ടപ്പെടാന്‍ മാത്രമുള്ളവരുടെ ലോകമായി. അത് തുറന്ന പുസ്തകമല്ല, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്യേണ്ട കണക്കു പുസ്തകമായി മാറി. നിഗൂഢത സ്വേച്ഛാധിപത്യത്തിന്റെ തറക്കല്ലിടലാണ്.

സ്റ്റാലിന്‍
സ്റ്റാലിന്‍

രാഷ്ട്രീയത്തില്‍ 'വഞ്ചിക്കപ്പെട്ടു' എന്ന വാക്ക് നിരോധിച്ച നോട്ടാണ്. മനസ്സില്‍ ആദര്‍ശാത്മകമായ ഒരു ലോകം കൊണ്ടുനടക്കുന്നവര്‍ക്കുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് അത്. ആദര്‍ശത്തോട് താരതമ്യം ചെയ്യുമ്പോഴാണ് വഞ്ചന എന്ന വാക്ക് ഉണ്ടാകുന്നത്. രാഷ്ട്രീയം ആദര്‍ശത്തിന്റേതല്ല, കരുനീക്കങ്ങളുടേതാണ്. അവസരങ്ങളുടെ വിപണി. മറ്റൊരാള്‍ മാര്‍ക്കറ്റ് പിടിക്കുന്നതിനു മുന്‍പ് അവനവന്‍ മാര്‍ക്കറ്റ് പിടിക്കുക. വെട്ടുകൊള്ളുന്നതിന് മുന്‍പ് വെട്ടുക. ബോക്സിംഗ് റിങ്ങില്‍ പഞ്ച് ചെയ്യാന്‍ സെക്കന്റിന്റെ നൂറിലൊന്നു വൈകിയാല്‍ പ്രതിയോഗിയുടെ പഞ്ച് മുഖത്തിരിക്കും. കരുനീക്കത്തില്‍ വേണ്ടത് ധാര്‍മ്മികതയല്ല. ഒറ്റുകാരന്റെ മനസ്സും കൂട്ടിക്കൊടുപ്പുകാരന്റെ തലചൊറിയലുമാണ്. അവിടെ വേണ്ടത് റാസ്പുട്ടിനാണ്, സിദ്ധാര്‍ത്ഥരാജകുമാരനല്ല. ജനാധിപത്യത്തെക്കുറിച്ച് തുര്‍ക്കിയുടെ പ്രസിഡന്റ് എര്‍ദോഗന്‍ പറഞ്ഞത് ആദര്‍ശത്തിനും ഇണങ്ങും. ''ജനാധിപത്യം ഒരു വാടകവണ്ടിയാണ്. ലക്ഷ്യത്തിലെത്തിയാല്‍ ഉപേക്ഷിക്കാം.'' ഇതുതന്നെ ആദര്‍ശത്തെക്കുറിച്ചും പറയാം. ''ആദര്‍ശം വാടകവണ്ടിയാണ്. ലക്ഷ്യത്തിലെത്തിയാല്‍ ഉപേക്ഷിക്കാം.''

ജനങ്ങള്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ജനകീയ പ്രശ്നങ്ങളാണ് ഏറ്റുമുട്ടേണ്ടത്. പക്ഷേ, പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ നീലപ്പെട്ടിയുടെ 'സ്‌കിറ്റാ'ണ് അവതരിപ്പിച്ചത്. പിന്നെ രണ്ട് പത്രത്തില്‍ കൊടുത്ത പ്രത്യേക തരം പരസ്യവും. ഇതെല്ലാം ഏത് ധാര്‍മ്മികബോധത്തില്‍ നിന്നാണ് ജനിച്ചത്? പ്രണയവും യുദ്ധവും പോലെ മറ്റൊന്നാണോ തെരഞ്ഞെടുപ്പും. ജയിക്കാന്‍ എന്തുമാകാം എന്നാണോ അതിന്റെ നീതിശാസ്ത്രം? മുതലാളിത്തവ്യവസ്ഥയുടെ അടിത്തറ ലാഭമാണ്. ആ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തിന്റേയും അടിത്തറ ലാഭം തന്നെയാണോ? ''നാണം കെട്ടും പണം ഉണ്ടാക്കുക, നാണക്കേട് ആ പണം തീര്‍ക്കും'' എന്ന പഴഞ്ചൊല്ല് ഇടതുപക്ഷത്തിനും ഇണങ്ങിത്തുടങ്ങുന്നു. അച്ചടക്കമുള്ള അണിയും ചിട്ടയുള്ള സംഘടനാസംവിധാനവും അധാര്‍മ്മികതയുടെ പല്ലക്ക് ചുമക്കാനാണോ?''

ആത്മപീഡയുടെ കുരിശേന്തിയ ക്രിസ്തു ഒരിക്കല്‍ ചാട്ടവാറേന്തിയിട്ടുണ്ട്. യരുശലേം പള്ളി വാണിഭത്തിന്റെ കേന്ദ്രമാക്കിയതിനെതിരെയാണ് ക്രിസ്തു ചമ്മട്ടി വീശിയത്. ''എന്റെ പിതാവിന്റെ ആലയം വാണിഭശാല ആക്കരുത്'' എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വിശ്വാസങ്ങള്‍ക്ക് ഒരു മൂല്യമുണ്ട് എന്ന് ക്രിസ്തു ഓര്‍മ്മിപ്പിക്കുകയായിരുന്നു. 'ധാര്‍മ്മിക മൂല്യങ്ങളുടെ' മീതെ 'വ്യാപാരമൂല്യം' ആധിപത്യം സ്ഥാപിക്കുന്നതിനെയാണ് ക്രിസ്തു എതിര്‍ത്തത്. വ്യാപാരമൂല്യം അരങ്ങടച്ചു വാഴുന്ന കാലമാണ് ഇത്.

അന്നന്നത്തെ പിരിവെണ്ണുന്ന കൊള്ളപ്പലിശക്കാരന്റെ മനസ്സില്‍ എന്ത് ധാര്‍മ്മികത? എന്ത് നേടി എന്ന ചോദ്യത്തിന് അറിയില്ലെന്ന് ഉത്തരം പറഞ്ഞ പുതുതലമുറയോട് ''പക്ഷേ, എന്തു നഷ്ടപ്പെടാനുണ്ടെന്നറിഞ്ഞേ പറ്റൂ'' എന്ന് കവി ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. വിപ്ലവത്തിനുശേഷം റഷ്യയില്‍ പാര്‍ട്ടി വലുതായി. 1917-ല്‍ കാഴ്ചക്കാരായിരുന്നവര്‍ 1928-ല്‍ പാര്‍ട്ടിയിലേക്ക് ഇരച്ചുകയറി. പാര്‍ട്ടി അംഗത്വം 351000-ത്തില്‍നിന്ന് 591000 ആയി. ബോള്‍ഷെവിക് വിപ്ലവത്തിന്റെ യഥാര്‍ത്ഥ പോരാളികള്‍ വെറും എക്സറെ ചിത്രമായി മാറുകയും ചെയ്തു. ട്രോട്സ്‌കി, സിനോവീവ്, കമനേവ്, ബുഖാറിന്‍... അങ്ങനെ എത്രയോ പേര്‍! സമത്വസുന്ദരസ്വര്‍ഗ്ഗരാജ്യത്തെ കഴുമരം പിന്നെ വിശപ്പറിഞ്ഞില്ല. വിപ്ലവം അതിന്റെ കുഞ്ഞുങ്ങളെ ചുട്ടുതിന്നു. തല മറന്ന് എണ്ണതേക്കല്‍ സോവിയറ്റ് യൂണിയനില്‍നിന്നുതന്നെ തുടങ്ങി.

രോഗം അവിടെ തിരിച്ചറിയാതിരുന്നില്ല. പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ രോഗവും ലക്ഷണവും വിവരിച്ചു. പക്ഷേ, ചികിത്സ മാത്രം ഉണ്ടായില്ല. സോവിയറ്റ് യൂണിയനിലെ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ കണ്ടെത്തലാണ് താഴെ.

''ഭൂമിയില്‍നിന്ന് എത്രയോ അകലെ നില്‍ക്കുന്ന ചില നക്ഷത്രങ്ങള്‍ കെട്ടടങ്ങിയിട്ട് വളരെക്കഴിഞ്ഞാലും പ്രകാശിക്കുന്നതുപോലെത്തന്നെ തോന്നും. സാമൂഹ്യചക്രവാളത്തില്‍ നക്ഷത്രങ്ങളുടെ സ്ഥാനം വഹിക്കുന്ന ചില ആളുകള്‍ പുകഞ്ഞടങ്ങിയ കനല്‍ക്കട്ടകള്‍ മാത്രമായി അവശേഷിച്ചിട്ടും തങ്ങളിപ്പോഴും വെളിച്ചം വീശുന്നുണ്ടെന്ന് സ്വയം സങ്കല്പിക്കുന്നു. ഇതാണ് കുഴപ്പം. ഇതുതന്നെയാണ് ചില രാഷ്ട്രീയനേതാക്കള്‍ക്കും സംഭവിച്ചത്.''

രോഗം മനസ്സിലായി. ലക്ഷണങ്ങളും കണ്ടെത്തി. പക്ഷേ, പ്രതിവിധി മാത്രം ഉണ്ടായില്ല. പിന്നെ ആറ് പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ കൂടി മാത്രമെ അവിടെ ഉണ്ടായുള്ളു. നക്ഷത്രങ്ങള്‍ മാത്രമല്ല, സോവിയറ്റ് പ്രപഞ്ചം തന്നെ പുകഞ്ഞടങ്ങി. കെട്ടടങ്ങിയിട്ടും സ്വയം ജ്വലിക്കുന്നു എന്ന് തെറ്റിദ്ധരിക്കുന്ന മരിച്ച നക്ഷത്രങ്ങള്‍ ലോകത്തെ എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഉണ്ടായിട്ടുണ്ട്.

പിണറായി വിജയന്‍
പിണറായി വിജയന്‍Center-Center-Chennai
'കരുത്തനായ ഭരണാധികാരി' എന്നത് ഒരു പി.ആര്‍. വര്‍ക്കാണ്. കരുത്തനായ ഭരണാധികാരിയല്ല, ലേശം മയമുള്ള ഭരണാധികാരിയാണ് നാടിന് നല്ലത്. ഒരു രാജ്യത്തിന്റേയും ഭാവി അതിന്റെ ഭരണാധികാരിയുടെ നെഞ്ചിന്റെ അളവനുസരിച്ചല്ല തീരുമാനിക്കുന്നത്. ഭരണാധിപന്‍ ഗോദയിലേക്കിറങ്ങുന്ന ഗുസ്തിക്കാരനോ ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോഡ് തിരുത്താന്‍ ട്രാക്കിലിറങ്ങുന്ന കായികതാരമോ അല്ല. ഭരണാധികാരിക്കു വേണ്ടത് കരുണയാണ്, മനുഷ്യത്വമാണ്, യുക്തിബോധമാണ്, തെളിഞ്ഞ ചിന്തയാണ്, സുതാര്യതയാണ്, നീതിബോധമാണ്.

ഒരു ആശയത്തിന്റെ ശക്തി അതിന്റെ പിന്നില്‍ അണിനിരക്കുന്ന ജനങ്ങളാണ്. നേതാവിന്റെ കരുത്തല്ല അതിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നത്. 'കരുത്തനായ ഭരണാധികാരി' എന്നത് ഒരു പി.ആര്‍. വര്‍ക്കാണ്. കരുത്തനായ ഭരണാധികാരിയല്ല, ലേശം മയമുള്ള ഭരണാധികാരിയാണ് നാടിന് നല്ലത്. ഒരു രാജ്യത്തിന്റേയും ഭാവി അതിന്റെ ഭരണാധികാരിയുടെ നെഞ്ചിന്റെ അളവനുസരിച്ചല്ല തീരുമാനിക്കുന്നത്. ഭരണാധിപന്‍ ഗോദയിലേക്കിറങ്ങുന്ന ഗുസ്തിക്കാരനോ ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോഡ് തിരുത്താന്‍ ട്രാക്കിലിറങ്ങുന്ന കായികതാരമോ അല്ല. ഭരണാധികാരിക്കു വേണ്ടത് കരുണയാണ്, മനുഷ്യത്വമാണ്, യുക്തിബോധമാണ്, തെളിഞ്ഞ ചിന്തയാണ്, സുതാര്യതയാണ്, നീതിബോധമാണ്. വ്യക്തിപരമായ അനുഭവമില്ലാതെ, വ്യക്തമായ തെളിവില്ലാതെ ഒരാളെ ആരാധിക്കാന്‍ തുടങ്ങിയാല്‍ സ്വന്തം തലച്ചോറ് നേതാവിന്റെ പി.ആര്‍. വര്‍ക്ക് 'ഹാക്ക്' ചെയ്തു എന്ന് കരുതിയാല്‍ മതി. ഇന്ത്യക്കാരുടെ മനസ്സില്‍ ആരാധനയുടെ അംശം വളരെക്കൂടുതലാണെന്ന് ഡോ. അംബേദ്കര്‍ ഭരണഘടനാനിര്‍മ്മാണ സമിതിയില്‍ പ്രസംഗിച്ചിട്ടുണ്ട്.

''മനുഷ്യന് തെറ്റുപറ്റാം. മനുഷ്യര്‍ ഒന്നിച്ചിരിക്കുന്ന ഗവണ്‍മെന്റിനും തെറ്റുപറ്റാം. അതുകൊണ്ട് തെറ്റ് ചൂണ്ടിക്കാണിക്കാനുള്ള സംവിധാനം വേണം. തിരുത്തിക്കുന്നവര്‍ വേണം.'' ഇത് അമേരിക്കന്‍ പ്രസിഡന്റ് ജെയിംസ് മാഡിസണിന്റെ അഭിപ്രായമാണ്. ജനാധിപത്യത്തില്‍ തിരുത്തല്‍ശക്തികളുണ്ട്. ജനപ്രതിനിധിസഭ, സ്വതന്ത്ര മാധ്യമങ്ങള്‍, സ്വതന്ത്ര ജുഡീഷ്യറി എന്നിവ. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും കത്തോലിക്കാസഭയിലും തിരുത്തല്‍ശക്തികള്‍ ഉണ്ടായില്ല. മധ്യകാലയുഗത്തില്‍ സഭ രാഷ്ട്രീയ അധികാരം കയ്യാളിയപ്പോള്‍ സ്വതന്ത്ര ജുഡീഷ്യറി ഉണ്ടായില്ല. മതക്കോടതികളാണ് ഉണ്ടായത്. ജ്യോതിശാസ്ത്രജ്ഞരേയും സ്വതന്ത്ര ചിന്തകരേയും ചുട്ടുകരിക്കാന്‍ മതക്കോടതികള്‍ വിധിച്ചു. മതക്കോടതികളുടെ നിയമഗ്രന്ഥം വേദപുസ്തകമായിരുന്നു. ദൈവത്തിനു നിരക്കുന്നതു മാത്രമാണോ പ്രവൃത്തി എന്നാണ് അവര്‍ അന്വേഷിച്ചത്.

വ്യക്തികള്‍ക്ക് തിരുത്താന്‍ സഭയിലും പാര്‍ട്ടിയിലും ഒരു മെക്കാനിസമുണ്ട്. സഭയ്ക്ക് കുമ്പസാരം. പാര്‍ട്ടിക്ക് സ്വയംവിമര്‍ശനം. പാപം ചെയ്ത ആത്മാവുകള്‍ ഏറ്റുപറച്ചിലിലൂടെ ശുദ്ധീകരിക്കപ്പെടുന്നു. ഒന്ന് ദൈവം പൊറുക്കുന്നു, മറ്റൊന്ന് പാര്‍ട്ടി പൊറുക്കുന്നു. സഭയ്ക്ക് വേണ്ടി പൗരോഹിത്യം, പാര്‍ട്ടിക്കുവേണ്ടി നേതൃത്വം. രണ്ടിന്റേയും അടിസ്ഥാനം വിശ്വാസം

പാര്‍ട്ടിനയം നിയമഗ്രന്ഥമാകുമ്പോള്‍

കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ എത്തിയപ്പോള്‍ പാര്‍ട്ടിക്കോടതികള്‍ സ്ഥാപിച്ചു. പാര്‍ട്ടിനയം നിയമഗ്രന്ഥമായി. പ്രവൃത്തി പാര്‍ട്ടിക്കു നിരക്കുന്നതാണോ എന്നാണ് ആ കോടതികള്‍ അന്വേഷിച്ചത്.

1917-ല്‍ അധികാരത്തില്‍ വന്ന ഉടന്‍ തന്നെ ലെനിന്‍ ചെയ്തത് മറ്റു പാര്‍ട്ടികളെ നിരോധിക്കലാണ്. ''പ്രതിപക്ഷത്തോട് ചര്‍ച്ച ചെയ്യുന്നതിനു പകരം നമുക്ക് തോക്കുകളോട് ചര്‍ച്ച ചെയ്യാം'' എന്നായിരുന്നു ലെനിന്‍ പറഞ്ഞത്. 687 അംഗങ്ങളുണ്ട് വടക്കന്‍ കൊറിയയിലെ ജനപ്രതിനിധിസഭയില്‍. അഞ്ച് വര്‍ഷം കൂടുമ്പോള്‍ തെരഞ്ഞെടുപ്പും നടക്കാറുണ്ട്. എന്ത് ചര്‍ച്ചയാണ് അവിടെ നടക്കുന്നത്? ഏത് ബില്ലിലാണ് എതിര്‍പ്പും വോട്ടെടുപ്പും നടന്നത്? അവിടെ പ്രസിഡന്റ് പദവിപോലും പിതൃദാനമാണ്. കി ഇല്‍ സുങ് മകന്‍ കിം ജോങ് ഇല്ലിനെ പ്രസിഡന്റാക്കി. കിം ജോങ് ഇല്‍ മകന്‍ കിം ജോങ് ഉന്നിനു കൈമാറി. നിയമസഭയെ മാറ്റിവെക്കാം, ഏതെങ്കിലും കാലത്തെ പൊളിറ്റ്ബ്യൂറോ ഇവര്‍ക്കാര്‍ക്കെങ്കിലും എതിരെ ഒരു വിമര്‍ശനം ഉയര്‍ത്തിയതായി കേട്ടറിവുണ്ടോ? നന്ദിയുണ്ട് വടക്കന്‍ കൊറിയക്ക് ഇപ്പോഴും അവരുടെ ആദിപിതാവിനോട്. ആയിരം ദിവസം പിന്നിട്ട റഷ്യയുടെ യുക്രൈന്‍ ആക്രമണത്തെ പരസ്യമായി പിന്തുണച്ച ചുരുക്കം രാജ്യങ്ങളിലൊന്നാണ് വടക്കന്‍ കൊറിയ. പിന്തുണ വാക്കാല്‍ അറിയിക്കുക മാത്രമല്ല, ഒരു ലക്ഷം സൈനികരെ റഷ്യയ്ക്കു നല്‍കുകയും ചെയ്തു.

വ്യക്തിക്ക് തെറ്റുപറ്റാം പക്ഷേ, വ്യക്തികള്‍ കൂടിച്ചേര്‍ന്ന സഭയ്ക്ക് തെറ്റുപറ്റില്ലെന്ന് കത്തോലിക്ക സഭയും വ്യക്തിക്ക് തെറ്റുപറ്റാം പക്ഷേ, വ്യക്തികള്‍ കൂടിച്ചേര്‍ന്ന പാര്‍ട്ടിക്കു തെറ്റുപറ്റില്ലെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ശഠിക്കുന്നു. ഇരുകൂട്ടരും പിന്നെ തിരുത്തിയിട്ടുണ്ട്, കാലങ്ങള്‍ കഴിഞ്ഞ്. മരിച്ചവര്‍ക്കുവേണ്ടി വിദഗ്ദ്ധമായി എഴുതിയ ജാതകക്കുറിപ്പുകള്‍.

സ്റ്റാലിന്‍ മരിച്ച് മൂന്നുവര്‍ഷം കഴിഞ്ഞാണ് ക്രൂഷ്ച്ചേവ് സ്റ്റാലിനു തെറ്റി എന്ന് പറഞ്ഞത്. അതും ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിലെ ഒരു രഹസ്യയോഗത്തില്‍. അന്നുതന്നെ ഇസ്രയേലിന്റെ ചാരസംഘടനയ്ക്ക് ക്രൂഷ്ച്ചേവിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം കിട്ടി. അവര്‍ അത് വൈറ്റ് ഹൗസിന് കൈമാറി. വിവരം പുറംലോകത്തെ അറിയിക്കണോ എന്ന് വൈറ്റ്ഹൗസും സി.ഐ.എയും തമ്മില്‍ ചര്‍ച്ചയായി. ഒരു ദിവസം കഴിഞ്ഞ് തീരുമാനമായി. സി.ഐ.എ പ്രസംഗം 'ന്യൂയോര്‍ക്ക് ടൈംസി'ല്‍ എത്തിച്ചു.

സോവിയറ്റ് സിസ്റ്റം ശരിയായിരുന്നില്ല എന്ന് പറയാന്‍ പിന്നെയും മുപ്പത്തിയാറ് വര്‍ഷം വേണ്ടിവന്നു.

വ്യക്തികള്‍ക്ക് തിരുത്താന്‍ സഭയിലും പാര്‍ട്ടിയിലും ഒരു മെക്കാനിസമുണ്ട്. സഭയ്ക്ക് കുമ്പസാരം. പാര്‍ട്ടിക്ക് സ്വയംവിമര്‍ശനം. പാപം ചെയ്ത ആത്മാവുകള്‍ ഏറ്റുപറച്ചിലിലൂടെ ശുദ്ധീകരിക്കപ്പെടുന്നു. ഒന്ന് ദൈവം പൊറുക്കുന്നു, മറ്റൊന്ന് പാര്‍ട്ടി പൊറുക്കുന്നു. സഭയ്ക്ക് വേണ്ടി പൗരോഹിത്യം, പാര്‍ട്ടിക്കുവേണ്ടി നേതൃത്വം. രണ്ടിന്റേയും അടിസ്ഥാനം വിശ്വാസം. ഒന്ന് കാണാമറയത്തുള്ള സ്വര്‍ഗ്ഗത്തില്‍ വിശ്വസിക്കുന്നു. മറ്റൊന്ന് ഭൂമിയില്‍ തന്നെ സ്ഥാപിക്കാന്‍ കഴിയുന്ന സ്വര്‍ഗ്ഗത്തില്‍ വിശ്വസിക്കുന്നു.

എന്റെ ശരിയാണ് ഏറ്റവും ശരിയായ ശരി എന്ന് ഉറപ്പിച്ചാല്‍ പിന്നെ ജനിക്കുന്നത് ജനാധിപത്യമല്ല, മൗലികവാദമാണ്. ഇവിടെനിന്ന് ഒരു ചുവടുവെച്ചാല്‍ രക്തസാക്ഷിയാകാം, അല്ലെങ്കില്‍ കൊലയാളി ആകാം. ഒരു തീവ്രവാദി ജനവാസകേന്ദ്രത്തില്‍ ബോംബ് വെയ്ക്കുന്നത് അയാള്‍ വിശ്വസിക്കുന്ന ഏറ്റവും ശരിയായ ശരിക്കു വേണ്ടിയാണ്. ഒരാള്‍ക്ക് ആത്മഹത്യാബോംബായി പൊട്ടിത്തെറിക്കാനുള്ള ധൈര്യം നല്‍കുന്നത് സ്വന്തം ശരിയാണ്. അദ്ധ്യാപകന്റെ കൈവെട്ടിയതും സല്‍മാന്‍ റുഷ്ദിയെ പതിനഞ്ചു വട്ടം കുത്തിയതും ബീഫ് വാങ്ങുന്നവരുടെ കഴുത്തെടുക്കുന്നതും സ്വന്തം ശരിയുടെ ശരിക്കുവേണ്ടിയാണ്. 'ഞാനാണ് ശരി' എന്ന എന്റെ ബോധ്യം മറ്റുള്ളവരെ അവഗണിക്കാന്‍ എന്നെ പ്രാപ്തനാക്കുന്നു. മാനുഷിക വികാരങ്ങളുടെ നേരെ നിര്‍ദയം ചോര ചീറ്റിക്കുന്നു.

മരിച്ചവരാരും തിരിച്ചുവന്ന് ഇതുവരെ പറഞ്ഞിട്ടില്ല, അവര്‍ സ്വര്‍ഗ്ഗത്തിലുണ്ടെന്ന്. ഭൂമിയില്‍ സ്ഥാപിച്ച സമത്വസുന്ദര സ്വര്‍ഗ്ഗമാകട്ടെ, അത്ര ഭംഗിയുള്ളതുമായിരുന്നില്ല. എന്നിട്ടും വിശ്വസിച്ചുകൊണ്ടേയിരിക്കുന്നു. സത്യത്തെക്കാള്‍ ശക്തിയുള്ള വിശ്വാസം.

യൂറി ഗഗാറിനെക്കുറിച്ച് ഒരു കഥയുണ്ട്. ആദ്യത്തെ ബഹിരാകാശ സഞ്ചാരിയാണ് റഷ്യക്കാരനായ ഗഗാറിന്‍. സോവിയറ്റ് ഭരണാധികാരി ക്രൂഷ്ച്ചേവ് ഗഗാറിന് വിരുന്നു നല്‍കി.

വിരുന്നിനിടയില്‍ ക്രൂഷ്ച്ചേവ് ഗഗാറിനോട് രഹസ്യമായി ചോദിച്ചു:

''അവിടെ ദൈവത്തെ കണ്ടോ?''

ഗഗാറിന്‍ പറഞ്ഞു.

''കണ്ടു.''

''എനിക്കും അങ്ങനെ തോന്നിയിരുന്നു. ആരോടും പറയണ്ട. നമ്മുടെ മനസ്സിലിരുന്നാല്‍ മതി.''

കുറച്ചു ദിവസം കഴിഞ്ഞ് പോപ്പിന്റെ ക്ഷണപ്രകാരം ഗഗാറിന്‍ റോമിലെത്തി.

വിരുന്നിനിടയില്‍ പോപ്പും സ്വകാര്യമായി ചോദിച്ചു.

''ദൈവത്തെ കണ്ടോ?''

ഗഗാറിന്‍ പറഞ്ഞു.

''കണ്ടില്ല.''

''എനിക്കും അങ്ങനെ തോന്നിയിരുന്നു. ആരോടും പറയണ്ട. നമ്മുടെ മനസ്സില്‍ ഇരുന്നാല്‍ മതി.''

സത്യത്തില്‍, സത്യത്തിനെന്ത് കാര്യം? വിശ്വാസം തന്നെയാണ് പ്രധാനം, ഏത് രൂപത്തിലുള്ളതായാലും. വിശ്വാസം ഒരുപാട് മനുഷ്യരെ കണ്ണിചേര്‍ക്കുന്നു. ഒരു വിശ്വാസത്തിനകത്ത് ഒരാള്‍ അയാളുടെ സുരക്ഷിതത്വം കണ്ടെത്തും. അത് പൊട്ടിയാല്‍ അയാള്‍ വല്ലാതെ ഒറ്റപ്പെട്ട് പോകും. അതുകൊണ്ട് വിശ്വാസത്തെ മുറുകെപ്പിടിക്കും. ഒരു വിശ്വാസം ഒരാള്‍ക്ക് ആകര്‍ഷകമായാല്‍ അതിനകത്ത് സൂക്ഷിച്ചിരിക്കുന്ന ചങ്ങലകള്‍ കാണാതെ പോകും. അല്ലെങ്കില്‍ ശ്രദ്ധിക്കാതെ പോകും. അതുമല്ലെങ്കില്‍ കണ്ടിട്ടും കാണാത്തപോലെ പോകും. സുരക്ഷിതത്വം തന്നെയാണ് പ്രശ്നം. സ്വാതന്ത്ര്യമല്ല, സുരക്ഷിതത്വമാണ് പ്രധാനം എന്ന് റഷ്യന്‍ നോവലിസ്റ്റ് ദസ്തയേവ്സ്‌കി പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ പറഞ്ഞിട്ടുണ്ട്. ഒരു ചിന്താഗതി വേരൂന്നിയാല്‍ അതിന്റെ ബന്ധനത്തില്‍നിന്ന് എളുപ്പം മോചനമില്ല. അത് അതിന്റെ സിദ്ധാന്തങ്ങള്‍ നിരന്തരം പഠിപ്പിച്ചുകൊണ്ടേയിരിക്കും.

പാര്‍ട്ടിക്ക് തെറ്റുപറ്റില്ലെന്ന വിശ്വാസം സോവിയറ്റ് മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നതിന്റെ അന്വേഷണം കൂടിയാണ് ആര്‍തര്‍ കോയ്സലര്‍ എഴുതിയ 'നട്ടുച്ചക്കിരുട്ട്' എന്ന നോവല്‍. ഈ നോവലിലെ പ്രധാന കഥാപാത്രം റുബഷോവ് എന്ന പാര്‍ട്ടി പ്രവര്‍ത്തകനാണ്. നാസി ജര്‍മനിയിലെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായ റിച്ചാര്‍ഡിനെ ഒരു രഹസ്യകേന്ദ്രത്തില്‍ റുബഷോവ് കാണുന്നു.

റിച്ചാര്‍ഡ് വേദനയോടെ റുബഷോവിനോട് പറയുന്നു: ''നമ്മുടെ സഖാക്കള്‍ കൊല്ലപ്പെടുകയാണ്... ഞാന്‍ ഒളികേന്ദ്രത്തില്‍നിന്ന് ഒളികേന്ദ്രത്തിലേക്ക് മാറിത്താമസിക്കുന്നു... എന്തിനുവേണ്ടി? എനിക്ക് വിശ്വാസം നഷ്ടപ്പെടുന്നു...''

റുബഷോവ് പറയുന്ന മറുപടി ഇങ്ങനെയാണ്: ''റിച്ചാര്‍ഡ്... പാര്‍ട്ടിക്ക് ഒരിക്കലും തെറ്റില്ല. എനിക്കും നിനക്കും തെറ്റുപറ്റാം... പക്ഷേ, പാര്‍ട്ടിക്ക് അത് സംഭവിക്കില്ല.''

കോയ്സ്ലര്‍ ഈ കഥാപാത്രത്തെ സൃഷ്ടിച്ചത് റഷ്യയിലെത്തന്നെ അനുഭവത്തില്‍നിന്നാണ്. സിനോവീവിനേയും കമനേവിനേയും വധിക്കാന്‍ സ്റ്റാലിന്‍ തീരുമാനിച്ചു. ഇരുവരും പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍, റഷ്യന്‍ വിപ്ലവത്തിലെ വീരപോരാളികള്‍.

ഇരുവരേയും പാര്‍ട്ടിക്കോടതി വിചാരണ ചെയ്യുന്നുണ്ട്. സിനോവീവ് പറഞ്ഞ് അവസാനിപ്പിച്ചത് ഇങ്ങനെയാണ്: ''ഞാന്‍ ബോള്‍ഷെവിസം ഉള്‍ക്കൊണ്ട രീതി പിശകായിരുന്നു. അതുകൊണ്ട് ഞാന്‍ അവിടെനിന്ന് ഒരു ബോള്‍ഷെവിക് വിരുദ്ധനായി മാറി. ബോള്‍ഷെവിക് വിരുദ്ധതയില്‍നിന്ന് ട്രോട്സ്‌കിയിസ്റ്റായി. പിന്നെ ഫാസിസ്റ്റും.''

കമനേവിന്റെ അന്ത്യവാചകം ഇതായിരുന്നു: ''എന്റെ ശിക്ഷ എന്താണെന്നത് പ്രശ്നമല്ല. എന്തായാലും അത് നീതി തന്നെയായിരിക്കും എന്ന് ഞാന്‍ കരുതുന്നു. തിരിഞ്ഞുനോക്കരുത്, മുന്നോട്ട്. സ്റ്റാലിനെ പിന്തുടരുക.''

രണ്ടുപേരെയും കൊന്നു. കമനേവിന്റേയും സിനോവീവിന്റേയും 'ശരികള്‍'ക്ക് പിശകുകള്‍ സംഭവിച്ചു. പാര്‍ട്ടിയുടെ ശരിയായിരുന്നു ശരി. ആ ശരി അവരുടെ ചോരകൊടുത്ത് അവര്‍ കൂടുതല്‍ തെളിയിച്ചു! എന്തൊരു മനോഘടന!

യുവാല്‍ നോവ ഹരാരി എന്ന ചരിത്രകാരന്‍ അദ്ദേഹത്തിന്റെ 'നെക്സസ്' എന്ന പുസ്തകത്തില്‍ നോവലിസ്റ്റ് സോള്‍ഷെനിത്സെന്‍ പറഞ്ഞ ഒരു സംഭവം വിവരിക്കുന്നുണ്ട്. മോസ്‌കോ നഗരത്തിലെ പാര്‍ട്ടി സമ്മേളനമാണ് വേദി. സമ്മേളനത്തില്‍ സ്റ്റാലിനെ പ്രശംസിച്ച് ഒരു പ്രമേയം അവതരിപ്പിച്ചു. പ്രമേയം അംഗീകരിക്കാമെങ്കില്‍ കയ്യടിക്കാന്‍ പ്രസീഡിയം ആവശ്യപ്പെട്ടു. പ്രതിനിധികള്‍ എഴുന്നേറ്റുനിന്ന് കയ്യടിച്ചു. കയ്യടി തീരുന്നില്ല. ഒരു മിനിറ്റായി, രണ്ട് മിനിറ്റായി, അഞ്ചുമിനിറ്റായി. കൈകള്‍ തളര്‍ന്നിട്ടും അടി നിലച്ചില്ല. ഒടുവില്‍ പതിനൊന്ന് മിനിറ്റായപ്പോള്‍ ഒരു പ്രതിനിധി നിര്‍ത്തി. അതോടെ കയ്യടി അവസാനിച്ചു. കടലാസ് നിര്‍മ്മാണ ഫാക്ടറിയിലെ ഒരു മാനേജരാണ് ആദ്യം കയ്യടി നിര്‍ത്തിയത്. പിറ്റേന്ന് ഈ മാനേജരെ പൊലീസ് അറസ്റ്റുചെയ്തു. ജയിലിലാക്കി.

കയ്യടി നിര്‍ത്തുന്നത് ഒരു കൂറില്ലായ്മയാണ്. ഒരാള്‍ ഭക്തനാണെന്ന് ബോധ്യപ്പെടുന്നത് അയാള്‍ ആചാരങ്ങള്‍ അനുസരിക്കുമ്പോഴാണ്; അമ്പലത്തില്‍ പോകുമ്പോഴാണ്, പള്ളിയില്‍ പോകുമ്പോഴാണ്. ദേവാലയത്തില്‍ പോകുന്നതിനു പകരം ആരും കാണാതെ ഒരു പാറപ്പുറത്തിരുന്ന് പ്രാര്‍ത്ഥിച്ചാല്‍ അയാള്‍ ഭക്തനാണെന്ന് ഒരു മതവും സമ്മതിക്കില്ല. സമ്മതിയാണ് വേണ്ടതെങ്കില്‍ ആചാരക്രമങ്ങളിലൂടെ സഞ്ചരിച്ചേ പറ്റു. ആചാരങ്ങള്‍ അനുഷ്ഠിച്ചാല്‍ ഭക്തനല്ലെങ്കിലും ഭക്തനായി ജീവിക്കാം. എല്ലാ ഏകാധിപത്യവും അതിന്റെ ആചാരങ്ങള്‍ പിന്തുടരാന്‍ ആവശ്യപ്പെടുന്നു.

ഇറ്റലിയില്‍ ഒരാള്‍ ഫാസിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുമ്പോള്‍ എടുക്കുന്ന പ്രതിജ്ഞ ജീവന്‍ ത്യജിച്ചും മുസ്സോളിനിയെ സംരക്ഷിക്കും എന്നായിരുന്നു. മുസ്സോളിനി പിടിക്കപ്പെടുമ്പോള്‍ ഒരു ഫാസിസ്റ്റിന്റേയും ചെറുവിരല്‍പോലും അനങ്ങിയില്ല. സോവിയറ്റ് യൂണിയന്‍ കല്ലോട് കല്ല് അടര്‍ന്നുവീഴുമ്പോള്‍ ലോകത്തിലെ ഏറ്റവും വിശാലമായ ആ ഭൂപ്രദേശത്ത് പാര്‍ട്ടിക്കുവേണ്ടി ഒരു പോസ്റ്റര്‍ പോലും പതിച്ചില്ല. ഏകാധിപത്യം പണിയുന്നത് ഉറപ്പുള്ള കെട്ടിടങ്ങളല്ല, ചിതല്‍പ്പുറ്റുകളാണ്. അടയാളവാക്യങ്ങളിലൂടെയാണ് അത് സഞ്ചരിക്കുന്നത്.

ശുഭകരമല്ലാത്ത ഭൂതകാലം

കാണുമ്പോള്‍ 'സഖാവേ' എന്ന് വിളിച്ചാല്‍ മതി. കാഴ്ചയില്‍ മറഞ്ഞാല്‍ അയാളെ ഇല്ലാതാക്കേണ്ടതിന്റെ ഗൂഢപദ്ധതികളായിരിക്കും മനസ്സിലെ കണക്കുകൂട്ടല്‍. ഒരേ കമ്മിറ്റിയില്‍ ഇരിക്കുമ്പോള്‍ തന്നെ തൊട്ടപ്പുറത്തിരിക്കുന്നവനെ എങ്ങനെ ഗളഹസ്തം ചെയ്യാം എന്നായിരിക്കും ചിന്ത. എന്നിട്ടും 'കമ്യൂണിസ്റ്റ് സാഹോദര്യം' എന്നുതന്നെ ഓമനപ്പേരിട്ടു. സോവിയറ്റ് യൂണിയന്‍ ചെസ്സിന് പ്രാധാന്യം കൊടുത്തത് തന്ത്രപരമായി ചിന്തിക്കുന്ന ശീലം വളര്‍ത്താനായിരുന്നു എന്ന് ഒരു വ്യാഖ്യാനമുണ്ട്. സോവിയറ്റ് യൂണിയനില്‍ ചെസ് നിര്‍ബ്ബന്ധിത പാഠ്യവിഷയമായിരുന്നു. ആത്മകഥകള്‍കൊണ്ടും ജീവിതകഥകള്‍കൊണ്ടും പരസ്പരം പകരംവീട്ടുന്നുണ്ടല്ലൊ കേരളത്തില്‍ ഇപ്പോള്‍. കഴിഞ്ഞകാലമൊന്നും അത്ര ശുഭകരമായിരുന്നില്ലെന്ന് അവര്‍ പരസ്പരം സാക്ഷ്യം പറയുന്നു.

ചെക്കോസ്ലാവാക്യയിലെ ഒരു പച്ചക്കറിക്കടയുടെ മുന്നില്‍ 'സര്‍വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിന്‍' എന്ന ബോര്‍ഡ് വെച്ചതിനെക്കുറിച്ച് ചെക് പ്രസിഡന്റായ എഴുത്തുകാരന്‍ വക്ലവ് ഹാവേല്‍ പറഞ്ഞിട്ടുണ്ട്. ഇതോടെ ആ കടക്കാരന്‍ സുരക്ഷിതനായി. അയാളുടെ നിലപാടിലും പ്രതിബദ്ധതയിലും പാര്‍ട്ടിക്കു സംശയമില്ല. അയാള്‍ക്കാകട്ടെ, ഗവണ്‍മെന്റില്‍നിന്ന് ഒരു ഭീഷണിയും ഉണ്ടാവില്ല. ഒരുവിധ പരിശോധനയും നടത്തില്ല. ഇതാണ് മുന്‍കൂര്‍ അച്ചടക്കം. ആവശ്യപ്പെടുന്നതിനു മുന്‍പെ അത് കൊടുത്താല്‍ അധികൃതര്‍ സംശയിക്കില്ല.

ചെക്കോസ്ലാവാക്യയിലും കമ്യൂണിസ്റ്റ് ഭരണം പടുത്തുയര്‍ത്തിയത് ചിതല്‍പ്പുറ്റ് തന്നെയായിരുന്നു. അതും തകര്‍ന്നു.

1989 നവംബര്‍ 17 വൈകുന്നേരം. പ്രാഗിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പത്തോളജിയുടെ മുന്നില്‍ പതിനയ്യായിരത്തോളം കുട്ടികള്‍ ഒത്തുകൂടി. നാസികള്‍ കൊലപ്പെടുത്തിയ ഒരു വിദ്യാര്‍ത്ഥിയുടെ 50-ാം ചരമവാര്‍ഷികദിനം ആചരിക്കാനാണ് അവര്‍ ഒത്തുചേര്‍ന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനുമതിയോടെയാണ് ദിനാചരണം. പ്രസംഗകരുടെ പട്ടിക തയ്യാറാക്കിയത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജനസംഘടനയാണ്.

ചടങ്ങിനുശേഷം കുട്ടികള്‍ വിസിഹ്രാദിലെ കാരെല്‍ ഹൈനെക്ക് മച്ചയുടെ ശവകുടീരം സന്ദര്‍ശിക്കാന്‍ പോയി. പത്തൊന്‍പതാം നൂറ്റാണ്ടിലെ ചെക്ക് കവിയാണ് മച്ച. ഈ സന്ദര്‍ശനത്തിനും ഗവണ്‍മെന്റിന്റെ അനുമതി ഉണ്ടായിരുന്നു. മെഴുകുതിരികള്‍ കത്തിക്കും, പുഷ്പഹാരങ്ങള്‍ സമര്‍പ്പിക്കും, ദേശീയഗാനം ആലപിക്കും, പിരിയും. ഇതാണ് അധികൃതരുമായുണ്ടായ ധാരണ.

അങ്ങനെയല്ല സംഭവിച്ചത്.

വിസിഹ്രാദിലെ ശവകുടീരത്തില്‍നിന്ന് അവര്‍ പിരിഞ്ഞില്ല. മച്ചയുടെ ശവകുടീരത്തില്‍ മെഴുകുതിരികള്‍ കത്തിച്ചപ്പോള്‍ അവര്‍ക്കെന്തോ ധൈര്യം കിട്ടിയ പോലെ. അവര്‍ പ്രകടനമായി വെന്‍സെസ്ലാസ് സ്‌ക്വയറിലേക്ക് നീങ്ങി. പൊലീസ് തടഞ്ഞു. കുട്ടികള്‍ വഴങ്ങിയില്ല. പൊലീസ് ലാത്തി വീശി. കുട്ടികള്‍ കരഞ്ഞില്ല. അവര്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ''ഞങ്ങള്‍ നിരായുധരാണ്... ഞങ്ങള്‍ അക്രമത്തിനില്ല.'' പൊലീസ് ബൂട്ടുകള്‍ ഇരച്ചുകയറുന്ന ശബ്ദത്തിനു മീതെ കുട്ടികളുടെ ശബ്ദം പൊങ്ങി. അവര്‍ കൂസാതെ മുന്നോട്ടുനീങ്ങി. വഴിയരികില്‍ നിന്നവര്‍ കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു. പവിത്രമായൊരു തീര്‍ത്ഥയാത്രപോലെ അത് ഒഴുകി. വഴിയരികിലെ കോഫി ക്ലബ്ബുകള്‍ അടച്ച് അവര്‍ ഇതില്‍ ചേര്‍ന്നു. നാഷണല്‍ തിയേറ്ററിന്റെ മുന്നില്‍വെച്ച് നടീനടന്മാര്‍ ഇതിനൊപ്പം ചേര്‍ന്നു. ആദ്യമായി അവര്‍ സ്വാതന്ത്ര്യം അനുഭവിച്ചു. കൂടിച്ചേരലിന്റെ സുഗന്ധം നുകര്‍ന്നു. അവര്‍ വിളിച്ചുപറഞ്ഞു: ''ഞങ്ങള്‍ക്കൊപ്പം ചേരൂ.. ഈ രാജ്യത്തെ രക്ഷിക്കൂ.'' പതിറ്റാണ്ടുകളായി അനുഭവിക്കുന്ന അടിച്ചമര്‍ത്തലിനെ, രഹസ്യനിരീക്ഷണത്തിന്റെ ചാരക്കണ്ണുകളെ, സ്വേച്ഛാധികാരത്തെ, അവര്‍ ഉറച്ച കാലില്‍നിന്ന് ആദ്യമായി വെല്ലുവിളിച്ചു.

രാത്രി എട്ടു മണി. വെന്‍സെസ്ലാസ് സ്‌ക്വയറില്‍ സായുധസേന നിരന്നു. അങ്ങോട്ടേക്കുള്ള എല്ലാ പ്രവേശന കവാടവും അടച്ചു. ആരും പിരിഞ്ഞില്ല. ജനക്കൂട്ടം അവരുടെ മുഖത്തുനോക്കി പറഞ്ഞു: ''സ്വാതന്ത്ര്യം... സ്വാതന്ത്ര്യം...'' ചിലര്‍ താക്കോല്‍ കൂട്ടങ്ങള്‍ കിലുക്കി. വരിഞ്ഞുമുറുകി നില്‍ക്കുന്ന സേനാംഗങ്ങള്‍ക്കു നേരെ ചില സ്ത്രീകള്‍ പൂക്കള്‍ നീട്ടി. ആയിരക്കണക്കിന് മെഴുകുതിരികള്‍ അവര്‍ ഉയര്‍ത്തിപ്പിടിച്ചു.

''ഞങ്ങള്‍ നിരായുധരാണ്... ഞങ്ങളുടെ കൈകള്‍ ശൂന്യമാണ്... സ്വാതന്ത്ര്യം... സ്വാതന്ത്ര്യം...'' സേന വഴിമാറി. ഉരുകിയൊലിച്ച മെഴുകുതിരിയുടെ മഞ്ഞവെളിച്ചത്തില്‍ കമ്യൂണിസ്റ്റ് ഭരണം അന്ത്യയാത്രയ്‌ക്കൊരുങ്ങി. മനുഷ്യത്വത്തിന്റെ മഹാമുദ്ര പതിച്ച ഒരു പ്രത്യയശാസ്ത്രം അധികാരത്തിന്റെ പടവുകള്‍ കയറിയപ്പോള്‍ രൂപമാറ്റം വന്ന് ലൂസിഫറായി മാറി. പ്രഭാത നക്ഷത്രമാണ് ലൂസിഫര്‍. ''അരുണോദയത്തിന്റെ പുത്രാ... നീ എങ്ങനെ ആകാശത്തുനിന്നു വീണു? ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയില്‍ വെട്ടിവീഴ്ത്തി?'' എന്ന് ചോദിക്കുന്നുണ്ട് ബൈബിളിലെ പഴയനിയമത്തില്‍ ഏശയ്യാ പ്രവാചകന്‍.

ലോകത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സോവിയറ്റ് മാതൃക അനുകരിച്ചു. ഉയര്‍ന്ന ജനാധിപത്യബോധത്തിലേക്കല്ല, ഉയര്‍ന്ന അച്ചടക്കബോധത്തിലേക്ക് ജനങ്ങളെ നയിച്ചു. ജനാധിപത്യം അസുഖകരമായ ചോദ്യങ്ങള്‍ ഉണ്ടാക്കും. ഏകാധിപത്യം ചിട്ടയും ക്രമവും ഉണ്ടാക്കും. പോളിഷ് ചരിത്രകാരനായ ആദം മിച്നിക് ജനാധിപത്യത്തേയും ഏകാധിപത്യത്തേയും താരതമ്യം ചെയ്യുന്നുണ്ട്. പോളണ്ടില്‍ കമ്യൂണിസ്റ്റ് കുടുംബത്തിലാണ് മിച്നിക് വളര്‍ന്നത്. പിന്നെ അത് ഉപേക്ഷിച്ചു.

''ഏകാധിപത്യം ശാന്തമായ തെരുവുകള്‍ വാഗ്ദാനം ചെയ്യുന്നു. പക്ഷേ, ഉമ്മറപ്പടിയിലായിരിക്കും അശാന്തി. ജനാധിപത്യത്തില്‍ തെരുവുകള്‍ ശാന്തമായിരിക്കില്ല. ബഹളമായിരിക്കും. പക്ഷേ, അതിരാവിലെ വീട്ടിലെ കോളിംഗ് ബെല്ലടിക്കുന്നത് പാല്‍ക്കാരന്‍ തന്നെയായിരിക്കും.'' തോക്കിന്റെ കാഞ്ചിയില്‍ വിരല്‍വെച്ച് ഒരു പട്ടാളക്കാരനായിരിക്കില്ല.

കാണുന്നത് അവഗണിക്കുകയും കേള്‍ക്കുന്നത് വിശ്വസിക്കുകയും ചെയ്യുമ്പോള്‍ അത് സ്വേച്ഛാധിപത്യത്തിനു കീഴടങ്ങലാണ്. യാഥാര്‍ത്ഥ്യത്തെ അവഗണിക്കുക എളുപ്പമാണ്, സന്തോഷപ്രദവുമാണ്. അത് പക്ഷേ, വ്യക്തിത്വത്തിന്റെ ശവസംസ്‌ക്കാരമാണ്. വസ്തുതകളെ ഉപേക്ഷിക്കുന്നത് സ്വാതന്ത്ര്യബോധത്തെ നിഷേധിക്കലാണ്. യാഥാര്‍ത്ഥ്യം എന്ന ഒന്ന് ഇല്ലെങ്കില്‍ എങ്ങനെയാണ് അധികാരധാര്‍ഷ്ട്യങ്ങളുടെ നേരെ കൈചൂണ്ടാനാവുക? വിമര്‍ശനം പിറക്കുന്നത് യാഥാര്‍ത്ഥ്യം മനസ്സിലാകുമ്പോഴാണ്. യാഥാര്‍ത്ഥ്യം ഇല്ലെങ്കില്‍ പിന്നെ പ്രച്ഛന്നവേഷങ്ങള്‍ മാത്രമായിരിക്കും നിറയുക. സത്യം എന്നത് ഒരു കെട്ടുകാഴ്ച മാത്രമാകും. നുണകള്‍ മാത്രം കേള്‍ക്കേണ്ടിവരുന്ന ഒരാള്‍ നുണയില്‍ വിശ്വസിക്കും എന്നുള്ളതിനെക്കാള്‍ ആപത്ത് പിന്നെ ഒരുകാലത്തും ഒന്നിലും വിശ്വസിക്കില്ല എന്നതാണ്.

കേരളത്തിലെ തെരഞ്ഞെടുപ്പുഫലം വരുമ്പോള്‍ കേള്‍ക്കുന്ന സ്ഥിരം സൂത്രവാക്യമുണ്ട്. അത് പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചു. ജയിച്ചത് വര്‍ഗ്ഗീയതയുടെ ഒത്തുചേരല്‍! കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ മാനദണ്ഡം വര്‍ഗ്ഗീയതയാണ് എന്നതിന്റെ തെളിവെന്ത്? ഇങ്ങനെ തെരഞ്ഞെടുപ്പ് ഫലത്തെ തെളിവിന്റെ പിന്‍ബലമില്ലാതെ, ആത്മരക്ഷയ്ക്ക് വേണ്ടിയും താല്‍ക്കാലിക രാഷ്ട്രീയ മിനുക്കുപണിക്കുവേണ്ടിയും പറയുന്ന ന്യായത്തിലൂടെ ഫലത്തില്‍ വര്‍ഗ്ഗീയതയ്ക്ക് വേണ്ട കളമൊരുക്കുകയാണ്. അവരാണ് നിര്‍ണ്ണായകശക്തികള്‍ എന്ന് അവരോട് തന്നെ സമ്മതിക്കുകയാണ്. ഞങ്ങള്‍ ജയിച്ചാല്‍ അത് നിലപാടിന്റെ തിളക്കവും തോറ്റാല്‍ അത് ജനങ്ങളുടെ നിലപാടിന്റെ പിശകും എന്ന് പറയുന്നതില്‍ ഒരു ഏകാധിപത്യത്തിന്റെ ഹുങ്ക് ഒളിച്ചിരിപ്പുണ്ട്. പാലക്കാട് ആകെ വോട്ട് ചെയ്ത 1,38,120 പേരില്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്ത 37293 പേര്‍ മാത്രമെ മതനിരപേക്ഷതയെ സ്നേഹിക്കുന്നവരായുള്ളൂ? ബ്രിട്ടനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇതുവരെ 0.4 ശതമാനത്തില്‍ കൂടുതല്‍ വോട്ട് കിട്ടിയിട്ടില്ല. അവരും പറയുന്നത് ജനങ്ങളുടെ പിശക് തന്നെ എന്നാണ്. മാധ്യമപ്രചാരണത്തില്‍ കുടുങ്ങിക്കിടക്കുകയാണത്രെ! തോറ്റതിനെക്കുറിച്ച് പനമ്പിള്ളി ഗോവിന്ദമേനോന്‍ നടത്തിയപോലെ കൃത്യമായ പ്രതികരണം മറ്റാരും നടത്തിയിട്ടില്ല. 1957-ല്‍ പനമ്പിള്ളി ചാലക്കുടിയില്‍ തോറ്റു. അക്കാലത്തെ ഒന്നാന്തരം അട്ടിമറിയായിരുന്നു അത്.

''എനിക്ക് കിട്ടിയതിനെക്കാള്‍ കൂടുതല്‍ വോട്ട് എതിരാളിക്ക് കിട്ടി. ഞാന്‍ തോറ്റു'' ഇതായിരുന്നു പനമ്പിള്ളിയുടെ വിശദീകരണം. വിശദീകരണം സത്യത്തോട് അടുത്തുനില്‍ക്കുന്നതാണ് ജനങ്ങള്‍ക്ക് മനസ്സിലാകാന്‍ നല്ലത്. തെരഞ്ഞെടുപ്പ് ഫലം പണ്ട് പഠിച്ച വഴിക്കണക്കല്ല. ''രാമന്‍ 2000 രൂപ കൊടുത്ത് ഒരാടിനെ വാങ്ങി. 2500 രൂപയ്ക്ക് വിറ്റു. ലാഭമെത്ര?'' എന്ന മട്ടിലാണ് ഫലം വിലയിരുത്തുന്നത്. 2021-ല്‍ കിട്ടിയത് 36433 വോട്ട്. 2024-ല്‍ കിട്ടിയത് 37293. ലാഭമെത്ര? 860. ഉത്തരം ശരിയാണ്.

സത്യം നാല് രീതിയില്‍ മരിക്കാം. നാസിജര്‍മനിയില്‍ ജീവിച്ച് അതിന്റെ ദുരിതങ്ങള്‍ അനുഭവിച്ച എഴുത്തുകാരന്‍ വിക്ടര്‍ കെംപ്ലെറെറാണ് ഇത് പറഞ്ഞത്.

1. ബോധ്യമാകുന്ന യാഥാര്‍ത്ഥ്യങ്ങളുടെ സ്ഥാനത്ത് നുണകള്‍ വസ്തുതകളായി അവതരിപ്പിക്കും.

2. ദുര്‍ഭൂതങ്ങളെ ഓടിക്കുന്ന മന്ത്രവാദിയെപ്പോലെ ആവര്‍ത്തിക്കുന്ന മന്ത്രോച്ചാരണം. ചില വാക്കുകള്‍ അനന്തമായി ഉരുവിട്ടുകൊണ്ടേയിരിക്കും.

3. മായാജാല ചിന്തകള്‍. നികുതിഭാരം കുറയ്ക്കാം, ദേശീയ കടം ഇല്ലാതാക്കാം, എല്ലാവരുടേയും വരുമാനം കൂട്ടാം എന്ന് ഒരു ഭരണാധിപന്‍ വാഗ്ദാനം ചെയ്യുന്നതുപോലെയാണ് ഇത്. പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പോലും വാഗ്ദാനം ചെയ്യും. ഒരു കോഴിക്കൃഷിക്കാരനെ കെംപ്ലെറെര്‍ ഉദാഹരിക്കുന്നു. ഇയാള്‍ക്ക് ഒരു മുട്ട കിട്ടി. അയാള്‍ ഒരാളോട് പറയുന്നു: ''ഇത് ഞാന്‍ ഭാര്യയ്ക്ക് പുഴുങ്ങികൊടുക്കും.'' മറ്റ് ചിലരോട് പറയുന്നു: ''ഇത് പൊരിച്ച് മക്കള്‍ക്ക് കൊടുക്കും.'' വേറെ ചിലരോട് പറയുന്നു ''ഇത് വിരിയിച്ച് ഞാന്‍ പുതിയ കുഞ്ഞിനെ ഉണ്ടാക്കും.'' അവരവര്‍ കേട്ടത് അവരവര്‍ വിശ്വസിക്കുന്നു. ഹിറ്റ്ലര്‍ മരിച്ച് പത്തു വര്‍ഷം കഴിഞ്ഞ് കെംപ്ലെറെര്‍ ഒരു ജര്‍മന്‍ സൈനികനെ കാണാന്‍ ചെന്നു. രണ്ടാം ലോകയുദ്ധത്തില്‍ ഇയാളുടെ കൈകള്‍ അറ്റുപോയി. വര്‍ത്തമാനത്തിനിടയില്‍ അയാള്‍ പറഞ്ഞു: ''എന്തൊക്കെയായാലും ഹിറ്റ്ലര്‍ നുണപറയില്ലായിരുന്നു.''

4. സ്ഥാനം തെറ്റിയ വിശ്വാസം. ''എനിക്ക് മാത്രമെ ഇത് പരിഹരിക്കാനാകൂ'', ''ഞാന്‍ നിങ്ങളുടെ ശബ്ദമാണ്'' എന്നീ വാചകമടികളില്‍ വിശ്വസിച്ചുപോകുന്നു. റുമാനിയന്‍ നാടകകൃത്ത് യൂജീന്‍ അയനെസ്‌കോയുടെ 'കാണ്ടാമൃഗം' എന്ന നാടകം വാചകമടികളില്‍ വിശ്വസിച്ച് കാണ്ടാമൃഗങ്ങളായി മാറുന്നതാണ്. അയനെസ്‌കോവിന്റെ അനുഭവം തന്നെയാണ് ഇതിന്റെ ഇതിവൃത്തം. അദ്ദേഹത്തിന് പതിനഞ്ചുപേരടങ്ങിയ ഒരു സുഹൃത്സംഘമുണ്ടായിരുന്നു. അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ബുദ്ധിജീവികള്‍ അടങ്ങിയതാണ് ഇത്. എല്ലാവരും വൈകുന്നേരങ്ങളില്‍ ഒത്തുചേരും. അവരെല്ലാം കടുത്ത നാസിവിരുദ്ധരാണ്. ഒരിക്കല്‍ ഒരാള്‍ പറഞ്ഞു: ''ഞാന്‍ അവര്‍ പറയുന്നതൊന്നും അംഗീകരിക്കുന്നില്ല. എന്നാലും അവര്‍ പറയുന്നതിലും ചില ശരിയില്ലേ എന്ന് എനിക്ക് തോന്നുന്നു. പ്രത്യേകിച്ച് ഈ ജൂതന്മാരെക്കുറിച്ച് പറയുന്നതില്‍.'' അയാള്‍ പിന്നെ ഒരു നാസിയായി മാറി. കോഴിക്ക് വസന്തരോഗം ബാധിക്കുന്നതുപോലെയാണ് ഇത്. ഒന്നു തൂങ്ങിനിന്നാല്‍ ഉറപ്പിക്കാം രോഗം തുടങ്ങിയെന്ന്. ആസൂത്രിതവും സംഘടിതവുമായ പ്രചാരണത്തില്‍ ആരും കാണ്ടാമൃഗമായി മാറിയേക്കാം.

ബുദ്ധി എന്ന വാക്കിന്റെ ഏറ്റവും ലളിതമായ അര്‍ത്ഥം ശരിയായ തീരുമാനമെടുക്കാനുള്ള കഴിവ് എന്നാണ്. എന്നാല്‍ ഈ ശരി എങ്ങനെയാണ് നിര്‍ണ്ണയിക്കുന്നത്? ഓരോരുത്തര്‍ക്കും അവരവരുടേതായ ശരികളുണ്ടാകും. ശരി നിര്‍ണ്ണയിക്കുന്നതില്‍ സംസ്‌കാരം, വീക്ഷണം, ആശയം എന്നിവ സ്വാധീനിക്കും. ഒരാളുടെ ശരി അയാളുടെ മാത്രം ശരിയാണ്. അത് മറ്റൊരാളുടെ മുഖത്ത് ചവിട്ടാനുള്ളതല്ലെന്ന് നോവലിസ്റ്റ് ജോര്‍ജ് ഓര്‍വെല്‍. ന്യൂയോര്‍ക്കില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ആല്‍ബര്‍ട്ട് കാമു ലോകം ഭരിക്കുന്നത് അധികാരക്കൊതിയന്മാരാണെന്ന് തുറന്നടിച്ചു. ഫ്രെഞ്ച് തത്ത്വചിന്തകനും നോവലിസ്റ്റുമാണ് കാമു. 1946-ല്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു: ''യജമാനന്മാരും ഭൃത്യന്മാരുമായി മനുഷ്യനെ വേര്‍തിരിക്കുന്നു. മനുഷ്യവേദനയെ നിന്ദയോടെ കാണുന്ന കൊടുംഭീകരമായ കാപട്യം നിലനില്‍ക്കുന്നു. ഇത് മാറ്റണം. അടിമത്തത്തിനും അനീതിക്കും ഭീകരതയ്ക്കുമെതിരെയുള്ള പോരാട്ടമാണ് പ്രധാനം. എന്റേതാണ് ഏറ്റവും പരമമായ സത്യമെന്നും അത് ആരുടെ പുറത്തും അടിച്ചേല്പിക്കാന്‍ എനിക്ക് അധികാരവും സ്വാതന്ത്ര്യവുമുണ്ടെന്ന് ആര്‍ക്കും തോന്നാത്തതുമായ രാജ്യമാണ് സൃഷ്ടിക്കേണ്ടത്.''

സമ്പദ്ഘടനയില്‍ പണം എത്ര പ്രാധാന്യമുള്ളതാണോ അതുതന്നെയാണ് ജനാധിപത്യ വ്യവസ്ഥയില്‍ ജനം. ജനങ്ങളിലാണ് ജനാധിപത്യത്തിന്റെ ക്രയവിക്രയം. പക്ഷേ, അത് ആരുടേയും പണപ്പെട്ടിയില്‍ അട്ടിയിട്ടിരിക്കുന്ന നാണയമല്ല. നേതാക്കന്മാരുടെ തൊഴുത്തില്‍ പുല്ലും വൈക്കോലും തിന്ന് കഴിഞ്ഞുകൂടുന്ന കന്നുകാലിക്കൂട്ടമല്ല. നേതാക്കളുമായി കച്ചവടം ഉറപ്പിച്ചാല്‍ വേറെ തൊഴുത്തില്‍ മാറ്റിക്കെട്ടാവുന്ന നാല്‍ക്കാലികളല്ലല്ലോ ജനങ്ങള്‍. വാണിഭപ്പുരയിലെ കൈമാറ്റക്കരാറിലല്ല രാഷ്ട്രീയത്തിന്റെ ധാര്‍മ്മികമൂല്യങ്ങള്‍ എഴുതിയിരിക്കുന്നത്. എല്ലാവരും ജനങ്ങള്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കാനുള്ള അര്‍ഹതയും ഞങ്ങള്‍ക്കാണെന്ന് അവകാശപ്പെടുന്നു. എങ്ങനെയാണ് ഈ അര്‍ഹത നിര്‍ണ്ണയിക്കുന്നത്.

VishnuPrathap
സാംസ്‌കാരിക ലോകത്തെ പ്രതിനിധികള്‍ക്കും അതില്‍ പ്രവേശനമുണ്ടായി. വിനയമുള്ള ചോദ്യംകൊണ്ട് അവര്‍ പാദപൂജയും നടത്തി. കൂട്ടത്തില്‍ പൂര്‍വജന്മത്തിലെ ചില കലാപകാരികളും ഉണ്ടായിരുന്നു. എന്തായിരുന്നു നവകേരളയാത്രയുടെ ധാര്‍മ്മിക ബലം? എങ്ങനെ ഒരു സംഘടനയ്ക്ക് ഇങ്ങനെ ചിന്തിക്കാന്‍ കഴിഞ്ഞു? ഇത് സംഘടനാപരമായ തീരുമാനമാണെങ്കില്‍ ആ സംഘടനയുടെ തലച്ചോറില്‍ ധാര്‍മീകമൂല്യങ്ങളുടെ സ്ഥാനത്ത് വ്യാപാരമൂല്യം പിടിമുറുക്കി.

ജനാധിപത്യത്തിലെ ജനം

എല്ലാ ഏകാധിപതികളും ജനങ്ങളുടെ പേരിലാണ് ആണയിടുന്നത്. നാസികളുടെ മുദ്രാവാക്യം 'ഒരു ജനത, ഒരു രാജ്യം, ഒരു നേതാവ്' എന്നായിരുന്നു. വെനസ്വേലയില്‍ ഹ്യൂഗോ ഷാവേസ് പറഞ്ഞത് 'ഷാവേസാണ് ജനം' എന്നാണ്. എര്‍ദോഗന്റെ മുദ്രാവാക്യം ''ഞങ്ങളാണ് ജനങ്ങള്‍, നിങ്ങളോ?'' എന്നാണ്. വര്‍ഗ്ഗീയ വേര്‍തിരിവുകളില്‍ ഒരു മതത്തില്‍പ്പെട്ടവര്‍ മാത്രമാണ് ജനം. മ്യാന്‍മറില്‍ റോഹിന്‍ഗ്യകളെ 'പുഴുക്കള്‍' എന്നാണ് ബുദ്ധമതസന്ന്യാസികള്‍ വിളിച്ചത്. ബുദ്ധമതത്തില്‍ വിശ്വസിക്കാത്തവര്‍ മനുഷ്യര്‍പോലുമല്ലത്രെ. അഹിംസയുടേയും സഹനത്തിന്റേയും മതമാണ് ബുദ്ധന്റേത്!

എന്താണ് ജനം എന്നതിന് മനോഹരമായ നിര്‍വചനം ജെ.ബി. പ്രീസ്റ്റ്ലി നല്‍കിയിട്ടുണ്ട്. 1940-ല്‍ ഒരു റേഡിയോ പ്രക്ഷേപണത്തിലായിരുന്നു ഇത്. എഴൂത്തുകാരനായ പ്രീസ്റ്റ്ലിയുടെ റേഡിയോ പ്രഭാഷണത്തിന് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെക്കാള്‍ ശ്രോതാക്കളുണ്ടായി.

അദ്ദേഹം പറയുന്നു: ''ജനങ്ങള്‍ എന്നുപറഞ്ഞാല്‍ ശരിക്കും മനുഷ്യര്‍ തന്നെയാണ്. നുള്ളിയാല്‍ അവര്‍ക്കും വേദനിക്കും. അവര്‍ക്ക് അച്ഛനുണ്ട്, അമ്മയുണ്ട്, സഹോദരന്മാരുണ്ട്, സഹോദരിമാരുണ്ട്, കാമുകനുണ്ട്, കാമുകിയുണ്ട്, കുട്ടികളുണ്ട്. അവര്‍ക്കും പേടിയുണ്ട്, പ്രതീക്ഷയുണ്ട്. അവരും അസാധാരണമായ സ്വപ്നങ്ങള്‍ കാണാറുണ്ട്. അവര്‍ക്കും സന്തോഷിക്കാന്‍ കൊതിയുണ്ട്. അവര്‍ക്ക് ഓരോരുത്തര്‍ക്കും പേരുണ്ട്. സ്വന്തം മുഖമുണ്ട്. എന്തില്‍നിന്നോ മുറിച്ചെടുത്ത ഒരു വസ്തു അല്ല അത്.'' എവിടെനിന്ന് മുറിച്ചാലും ഒരേ രുചിയുള്ള അലുവക്കഷണമല്ല അത്. ചിലര്‍ക്ക് മനുഷ്യര്‍ അങ്ങനെയാണ്. സ്വിച്ചിട്ടാല്‍ കറങ്ങുകയും ഓഫ് ചെയ്താല്‍ നിലക്കുകയും ചെയ്യേണ്ട യന്ത്രം.

ഇറ്റലിയില്‍ ഇഗ്നാസിയോ സിലോണി എന്ന എഴുത്തുകാരനുണ്ടായിരുന്നു. അദ്ദേഹം ആദ്യം അവിടെ ഫാസിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. രാജിവെച്ചു. പിന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. രാജിവെച്ചു. എന്നിട്ട് അദ്ദേഹം എഴുതി: ''രാഷ്ട്രീയഭരണവ്യവസ്ഥകള്‍ വരും, പോകും. പക്ഷേ, ചീത്ത ശീലങ്ങള്‍ നിലനില്‍ക്കും.''

സത്യം പറയാന്‍ ധാര്‍മ്മികമായ കടപ്പാടുള്ളവര്‍ സാംസ്‌കാരിക നായകരാണ്. എന്തിനാണ് പണ്ഡിതന്മാര്‍ എന്ന ചോദ്യം ഫ്രെഞ്ച് ചിന്തകനായ ജൂലിയന്‍ ബെന്‍ഡ ഉന്നയിച്ചു. 1927-ല്‍ അദ്ദേഹം എഴുതിയ പുസ്തകമാണ് 'ബുദ്ധിജീവികളുടെ വഞ്ചന'. ഇടതുപക്ഷത്തിന്റെ പേരിലും വലതുപക്ഷത്തിന്റെ പേരിലും ലോകത്ത് ഏകാധിപത്യം പിടിമുറുക്കുന്നു എന്നതിന്റെ സൂചനയാണ് ഈ പുസ്തകത്തില്‍ ബെന്‍ഡ നല്‍കിയത്. സ്റ്റാലിന്റെ കൂട്ടക്കൊലകള്‍ക്ക് പത്തുവര്‍ഷം മുന്‍പും ഹിറ്റ്ലര്‍ അധികാരത്തില്‍ വരുന്നതിന് ആറു വര്‍ഷം മുന്‍പുമാണ് ബെന്‍ഡയുടെ ഈ നിരീക്ഷണം. ബുദ്ധിജീവികളുടെ കടമ സത്യം കണ്ടെത്തുക എന്നതാണ്. വര്‍ഗ്ഗവികാരം പറയുന്ന സോവിയറ്റ് മാതൃകയേയും ദേശീയവികാരം പറയുന്ന ഫാസിസത്തേയും ഇവര്‍ സൗകര്യപൂര്‍വം പിന്തുണയ്ക്കുന്നു. സത്യം രാഷ്ട്രീയ താല്പര്യംകൊണ്ട് മൂടിവെയ്ക്കുന്നു. അതുകൊണ്ട് ഇവരെ 'ക്ലര്‍ക്ക്മാര്‍' എന്നാണ് ബെന്‍ഡ വിളിച്ചത്. ക്ലര്‍ക്ക് എന്ന വാക്കിന്റെ ഉല്പത്തി 'ക്ലര്‍ജി' (പൗരോഹിത്യം) എന്ന വാക്കില്‍നിന്നാണ്.

ഗ്രീസില്‍ പണ്ട് സമ്പന്നന്മാരുടെ അത്താഴവിരുന്നുകളുണ്ടാകാറുണ്ട്. ഡയോജനിസ് എന്ന ചിന്തകന്‍ ക്ഷണിക്കാതെ അവിടെ ചെല്ലും. വിഭവങ്ങള്‍ നിരന്ന മേശപ്പുറത്ത് അദ്ദേഹം മൂത്രമൊഴിക്കും. വിവേചനത്തിനെതിരെ ഡയോജനിസിന്റെ പ്രതിഷേധം അങ്ങനെയായിരുന്നു.

കേരളത്തില്‍ ഇടതുപക്ഷം ഒരു വിവേചനം സൃഷ്ടിച്ചു. വര്‍ഗ്ഗരഹിത സമൂഹത്തില്‍ വിശ്വസിക്കുന്നവര്‍, സമത്വസുന്ദരലോകത്തിനുവേണ്ടി പൊരുതുന്നവര്‍, ജാതിയുടേയോ മതത്തിന്റേയോ നിറത്തിന്റേയോ സമ്പത്തിന്റേയോ പേരില്‍ മനുഷ്യനെ വേര്‍തിരിക്കാത്തവര്‍ സമൂഹത്തില്‍ പുതിയ ഉല്പന്നമുണ്ടാക്കി, പൗരപ്രമുഖര്‍. ആരാണ് പൗരപ്രമുഖര്‍? പണിയെടുത്ത് ജീവിക്കുന്ന ആരും അതിലില്ല. അത് 'പുതിയ സവര്‍ണ്ണര്‍' മാത്രം. സമത്വത്തിന്റെ സ്വപ്നത്തിലും അസ്പൃശ്യത. അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി. നവകേരള യാത്രയില്‍ പൗരപ്രമുഖന്മാര്‍ക്ക് പ്രാതല്‍ സല്‍ക്കാരം.

സാംസ്‌കാരിക ലോകത്തെ പ്രതിനിധികള്‍ക്കും അതില്‍ പ്രവേശനമുണ്ടായി. വിനയമുള്ള ചോദ്യംകൊണ്ട് അവര്‍ പാദപൂജയും നടത്തി. കൂട്ടത്തില്‍ പൂര്‍വജന്മത്തിലെ ചില കലാപകാരികളും ഉണ്ടായിരുന്നു. എന്തായിരുന്നു നവകേരളയാത്രയുടെ ധാര്‍മ്മിക ബലം? എങ്ങനെ ഒരു സംഘടനയ്ക്ക് ഇങ്ങനെ ചിന്തിക്കാന്‍ കഴിഞ്ഞു? ഇത് സംഘടനാപരമായ തീരുമാനമാണെങ്കില്‍ ആ സംഘടനയുടെ തലച്ചോറില്‍ ധാര്‍മീകമൂല്യങ്ങളുടെ സ്ഥാനത്ത് വ്യാപാരമൂല്യം പിടിമുറുക്കി. മനുഷ്യരേയും അവരുടെ വേദനകളേയും വളരെ ലളിതമായി തള്ളിക്കളഞ്ഞു. ഇനി അഥവാ ഒരു പി.ആര്‍. ഏജന്‍സിയുടെ ബുദ്ധിയാണെങ്കില്‍ പാവപ്പെട്ടവന്‍ അവന്റെ അടുപ്പ് ഇടിച്ചുനിരത്തി കിടക്കാന്‍ പായ വിരിച്ചുകൊടുത്ത ഒരു പൈതൃകം ഇനി ഓര്‍ക്കാനുള്ളതല്ലെന്ന് നിശ്ചയിച്ചു. കട്ടന്‍ ചായയും പരിപ്പുവടയും അപമാനിക്കപ്പെടുന്ന ഒരു കാലമാണല്ലൊ ഇത്. ഒരുകാലം കൈമാറിത്തന്ന തിരുശേഷിപ്പാണ് അത്. തിന്ന ചോറാണ്, അതില്‍ ചവിട്ടരുത്.

കാലം മാറുന്നത് ബാഹ്യമായാണ് ഉള്ളടക്കത്തില്‍ മാറ്റമില്ല. ഒന്നാം നൂറ്റാണ്ടിലെ വിശപ്പും ദാഹവും കാമവും തന്നെയാണ് 21-ാം നൂറ്റാണ്ടിലും. കാളവണ്ടിയില്‍ യാത്രചെയ്താലും ഇലോണ്‍ മസ്‌ക്കിന്റെ ബഹിരാകാശപേടകത്തിലിരുന്നാലും മനുഷ്യന്റെ മനസ്സില്‍ സ്നേഹവും കരുണയും അസൂയയും പകയും പ്രണയവും നിരാശയുമൊക്കെത്തന്നെയായിരിക്കും.

കമ്യൂണിസം എന്ന ആശയം 1930-കളില്‍ ലോകത്തെ വല്ലാതെ സ്പര്‍ശിച്ചു. പടിഞ്ഞാറന്‍ ലോകത്തെ കലാകാരന്മാര്‍, എഴുത്തുകാര്‍ ആവേശഭരിതരായി. ഒരു പുതുയുഗം പിറക്കും എന്നു തന്നെ അവര്‍ കരുതി. സ്റ്റാലിന്റെ കൊടുംചെയ്തികളെപ്പോലും ന്യായീകരിച്ചു. കൂട്ടുകൃഷി പരീക്ഷണത്തില്‍ 30 ലക്ഷം പേര്‍ പട്ടിണികൊണ്ട് മരിച്ചപ്പോഴും ഏറ്റവും നല്ല ന്യായീകരണം എഴുതിയത് പടിഞ്ഞാറന്‍ പത്രപ്രവര്‍ത്തകനാണ്. 'ടൈംസ്' പത്രത്തിന്റെ മോസ്‌കോ ലേഖകന്‍ വാള്‍ട്ടര്‍ ഡുറന്റ് എഴുതി: ''മുട്ട പൊട്ടിക്കാതെ ഓംലെറ്റ് ഉണ്ടാക്കാനാവില്ല.''

വര്‍ഷങ്ങള്‍ മാറുന്നു. മുട്ടകള്‍ പൊട്ടിക്കൊണ്ടിരിക്കുന്നു. ഓംലെറ്റാകട്ടെ, ഉണ്ടാകുന്നുമില്ല. ചിന്തകനായ ഐസായ് ബെര്‍ലിന്‍ ഈ ഉദാഹരണത്തിന് ഒരു ഭേദഗതി ഉണ്ടാക്കി. ''മുട്ടകള്‍ പൊട്ടിക്കുന്ന ഹരത്തില്‍ എന്തിനുവേണ്ടിയാണ് ഇത് പൊട്ടിക്കുന്നത് എന്നുപോലും മറന്നു പോയി.''

ലഹരിയില്‍ എല്ലാം മറക്കുന്നു! എല്ലാം കണ്ടും കേട്ടും ഇവിടെ കുറെ മനുഷ്യര്‍ ജീവിക്കുന്നുണ്ടെന്ന് എത്ര തിരക്കാണെങ്കിലും ഓര്‍ക്കുന്നത് നന്ന്.

രാഷ്ട്രീയം ഫാഷന്‍ പരേഡോ പി.ആര്‍. വര്‍ക്കോ അല്ല;  മൂല്യങ്ങള്‍ നഷ്ടമായ കേരളത്തിലെ ഇടതുപക്ഷത്തെക്കുറിച്ച്...
ദന്തഗോപുരങ്ങളുടെ മാനിഫെസ്റ്റോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com